This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ദിദെറോ, ദെനി (1713 - 84)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ദിദെറോ, ദെനി (1713 - 84)
Diderot,Denis
ഫ്രഞ്ച് സാഹിത്യകാരനും ദാര്‍ശനികനും വിജ്ഞാനകോശനിര്‍മാതാവും. ലാംഗേഴ്സില്‍ ഒരു കത്തിവില്പനക്കാരന്റെ മകനായി 1713 ഒ. 5-ന് ജനിച്ചു. ജെസ്യൂട്ട് പുരോഹിതന്മാരുടെ ശിക്ഷണത്തിലായിരുന്നു വിദ്യാഭ്യാസം. സാഹിത്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി മറ്റ് ഉദ്യോഗമേഖലകളില്‍നിന്നു വിട്ടുനിന്നു. കുറേക്കാലം അധ്യാപനവൃത്തിയില്‍ മുഴുകി. പ്രകൃതിശാസ്ത്രപഠനത്തിനുവേണ്ടിയും കുറേക്കാലം ചെലവഴിച്ചു. ഇത് ഇദ്ദേഹത്തിന്റെ ജീവിതദര്‍ശനം രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ഷാഫ്റ്റ്സ്ബെറിയുടെ ഇന്‍ക്വയറി കണ്‍സേണിങ് വെര്‍ച്യു ഓര് മെരിറ്റ് എന്ന കൃതിയുടെ സ്വതന്ത്ര വിവര്‍ത്തനമാണ് (1745) ആദ്യകാല പ്രസിദ്ധീകരണങ്ങളില്‍ പ്രധാനം.
ആങ്സിക്ളോപെദി എന്ന വിജ്ഞാനകോശത്തിന്റെ സംവിധാനമാണ് വൈജ്ഞാനികലോകത്തിന് ദിദെറോ നല്കിയ ഏറ്റവും വിലപ്പെട്ട സംഭാവനയായി കരുതപ്പെടുന്നത്. 1728-ല്‍ എഫ്രെം ചെയിംബേഴ്സ് പ്രസിദ്ധീകരിച്ച സൈക്ളോപീഡിയ ആണ് ഇതിനു പ്രചോദനം നല്‍കിയത്. പ്രസ്തുത ഗ്രന്ഥം ഫ്രഞ്ച് ഭാഷയിലേക്കു വിവര്ത്തനംചെയ്ത് പ്രസിദ്ധീകരിക്കുന്നതിനെപ്പറ്റി ല്ബ്രത്തോങ്, ബ്രയാസോങ് എന്നീ പ്രസാധകര് ദിദെറോയുടെ അഭിപ്രായം ആരാഞ്ഞു. ഇംഗ്ലീഷ് ദാര്‍ശനികനായ ഫ്രാന്‍സിസ് ബേക്കണിന്റെ മാതൃക പിന്തുടര്ന്ന് ലോകവിജ്ഞാനത്തെ വര്‍ഗീകരിച്ച് വിപുലമായ രീതിയില്‍ ഒരു നൂതന വിജ്ഞാനകോശം നിര്‍മിക്കുന്നതാണ് അഭികാമ്യമെന്നായിരുന്നു ദിദെറോയുടെ അഭിപ്രായം. 1746-ല്‍ അതിനുള്ള ലൈസന്‍സ് ലഭ്യമാവുകയും 1750-ല്‍ കരടുരേഖ തയ്യാറാക്കുകയും ചെയ്തു. 1751-നും 72-നുമിടയ്ക്ക് ലേഖനങ്ങളുടെ പതിനേഴ് വാല്യങ്ങളും ചിത്രങ്ങളുടെ പതിനൊന്ന് വാല്യങ്ങളും പുറത്തുവന്നു. 1776-80 കാലഘട്ടത്തില്‍ ഏഴ് വാല്യങ്ങള്‍കൂടി പ്രസിദ്ധീകരിച്ചെങ്കിലും ദിദെറോയ്ക്ക് അതില്‍ പങ്കുണ്ടായിരുന്നില്ല. 18-ാം ശ.-ത്തിന്റെ ദാര്‍ശനികചേതനയുടെയും പ്രപഞ്ചത്തിന് യുക്ത്യധിഷ്ഠിതമായ വ്യാഖ്യാനം നല്‍കാനുള്ള ശ്രമത്തിന്റെയും പ്രതിഫലനം ആങ്സിക്ളോപെദിയില്‍ കാണാം. മതമേധാവികള്‍ സ്വാഭാവികമായും ഇതിനെതിരെ തിരിയുകയും രണ്ടു തവണ (1752, 1759) സര്‍ക്കാര്‍ ഇതിന്റെ പ്രസിദ്ധീകരണം നിരോധിക്കുകയും ചെയ്തു. രാജാധികാരത്തെ ആങ്സിക്ളോപെദി ചോദ്യം ചെയ്തില്ലെങ്കിലും രാജാവ് നന്മയുടെയും നീതിയുടെയും പ്രതീകമായിരിക്കണമെന്ന് അത് നിഷ്കര്‍ഷിച്ചു.
ആങ്സിക്ലോപെദിയുടെ പ്രസിദ്ധീകരണം ദിദെറോയ്ക്ക് സാഹിത്യവൃത്തങ്ങളില്‍ അംഗീകാരം നേടിക്കൊടുത്തു. മതത്തെയും ദൈവത്തെയും സംശയദൃഷ്ടിയോടെ വീക്ഷിച്ചുകൊണ്ട് 1746-ല്‍ രചിച്ച പാങ്സെ ഫിലൊസോഫീക്സ് 17-ാം ശ.-ത്തിലെ ദാര്‍ശനികനായ ബ്ലെയ്സ് പാസ്ക്കലിന്റെ പാങ്സെയ്ക്കുള്ള മറുപടിയെന്ന നിലയില്‍ ഖ്യാതി നേടി. ഫ്രഞ്ച് നാടകത്തെക്കുറിച്ചുള്ള ചില വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു റൊമാന്‍സ് കൃതിയാണ് ലെ ബിഷു ആങ് ദിസ്ക്രെത് (1740). 1749-ല്‍ പ്രസിദ്ധീകരിച്ച ലെത്ര് സുര്‍ ലെ അവ്യൂഗിള്‍സ് എന്ന പ്രബന്ധത്തില്‍ നിരീശ്വരവാദമുണ്ടെന്നാരോപിച്ച് ദിദെറോയെ തടവിലാക്കുകയുണ്ടായി. എന്നാല്‍ മന്ത്രിയായിരുന്ന ദാര്‍ഗാങ്സോങ്ങിന്റെ പ്രേയസിയെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള ദിദെറോയുടെ പെരുമാറ്റമാണ് അറസ്റ്റിനുള്ള യഥാര്‍ഥ കാരണമെന്നു പറയപ്പെടുന്നു. സ്യുത് ദ് ലാപോളജി ദ് ലാബേ ദ് പ്രാദ് (1752), ലേത്റ് സുര്‍ ലെ സുര്‍ദ് എ ലെ മ്യുത് (1759), പാങ്സെ സുര്‍ ലാന്തെര്‍പ്രെതാസിയോങ് ദ് ലാ നേച്ചര്‍ (1754), എസ്സായ് സുര്‍ ലാ വീ ദ് സെനെക് ല്‍ ഫിലൊസോഫ് (1779) എന്നിവയാണ് ദിദെറോയുടെ മറ്റു മുഖ്യ ദാര്‍ശനിക പ്രസിദ്ധീകരണങ്ങള്‍.
ദിദെറോ രചിച്ച ലെ ദ്യൂസ് അമിദ് ബൂര്‍ബോങ് എന്ന പ്രബോധനാത്മകമായ കഥ 1773-ല്‍ പ്രസിദ്ധീകരിച്ചു. ലാ റെലിഷ്യു, ഴാക് ല്‍ ഫാതലിസ്ത, ല്‍ നെവുദ് റമ്യു തുടങ്ങിയ മറ്റു കഥകള്‍ ഇദ്ദേഹത്തിന്റെ മരണാനന്തരമേ വെളിച്ചം കണ്ടുള്ളൂ. ആഖ്യാതാവും ശ്രോതാവും തമ്മിലുള്ള സംഭാഷണത്തിന്റെ രൂപത്തില്‍ വികസിക്കുന്ന സെസി നെസ്ത് പാസ് ഉന്‍ കോന്ത് എന്ന കഥ ജനശ്രദ്ധ ആകര്‍ഷിക്കുകയുണ്ടായി. ദിദെറോയുടെ കത്തുകളും അദ്ദേഹത്തിന്റെ മരണശേഷമാണ് പ്രസിദ്ധീകൃതമായത്. ഇഷ്ടസുഹൃത്തും മനഃസാക്ഷി സൂക്ഷിപ്പുകാരിയുമായിരുന്ന സോഫി വൊലാങ്ങിന് ദിദെറോ എഴുതിയ കത്തുകളാണ് ഇക്കൂട്ടത്തില്‍ മികച്ചുനില്ക്കുന്നത്.
ദിദെറോ സ്വന്തമായ ഒരു നാടകസിദ്ധാന്തത്തിന് രൂപംനല്‍കിയിരുന്നു. ട്രാജഡിക്കും കോമഡിക്കും ഇടയ്ക്ക് ഒരു ഇടവേളയുണ്ടെന്നും മധ്യവര്‍ഗത്തിന്റെ ജീവിതപ്രശ്നങ്ങള്‍ ചിത്രീകരിക്കുന്ന ഗൌരവാവഹമായ നാടകങ്ങള്കൊണ്ടാണ് ഈ വിടവ് നികത്തേണ്ടതെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ വാദം. 'ദ്രെയ്മ്' (Drame) എന്ന് ഇത്തരം നാടകത്തെ ദിദെറോ വിശേഷിപ്പിച്ചു. ഇത്തരത്തിലുള്ള, ല്ഫിയ് നാത്തുറെല് (1757), ല്‍ പേര് ദ് ഫമിയ് (1758) എന്നീ രണ്ടുനാടകങ്ങള്‍ ഇദ്ദേഹം രചിക്കുകയുണ്ടായി. ഈ നാടകങ്ങള്ക്കെഴുതിയ മുഖവുരയില്‍ ദിദെറോ തന്റെ നാടകസിദ്ധാന്തം ചര്‍ച്ചചെയ്യുന്നുണ്ട്. ഫലിതത്തിന്റെ അംശം തീരെയില്ലാത്തതും അതിഭാവുകത നിറഞ്ഞതുമായ സാന്മാര്ഗിക പ്രബോധനങ്ങളായിരുന്നു ഇവ. റിഫ്ളെക്സിയോങ് സുര്‍ തെറാങ്, പാരദോക്സ് സുര്‍ ല്‍ കൊമെദിയാങ് എന്നീ കൃതികളിലും ദിദെറോ തന്റെ നാടകസിദ്ധാന്തം ചര്‍ച്ചചെയ്യുന്നുണ്ട്. എസ്ത്- ഇര്ബൊന്-എസ്ത്-ഇല് മെഷാങ് തുടങ്ങി മറ്റുചില നാടകങ്ങള്‍കൂടി ദിദെറോ രചിച്ചു.
ഫ്രാന്‍സിലെ കലാനിരൂപണത്തിന്റെ പിതാവ് എന്ന് ദിദെറോയെ വിശേഷിപ്പിക്കാറുണ്ട്. സമകാലിക കലാപ്രദര്ശനങ്ങളെക്കുറിച്ച് ഗ്രിമ്മിന്റെ കറസ്പോങ്ദാങ് ലിത്തെറേറിനു വേണ്ടി 1759-81 കാലഘട്ടത്തില്‍ എഴുതിയ കുറിപ്പുകളാണ് ഇദ്ദേഹത്തെ ഈ രംഗത്ത് ശ്രദ്ധേയനാക്കിയത്.
1784 ജൂല. 31-ന് പാരിസില്‍ ഇദ്ദേഹം അന്തരിച്ചു.