This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ദിഗംബരന്മാര്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ദിഗംബരന്മാര്‍
ജൈനമതസ്ഥരില്‍ ഒരു വിഭാഗം. മറുവിഭാഗത്തെ ശ്വേതാംബരന്മാര്‍ എന്നു വ്യവഹരിക്കുന്നു. തത്ത്വപരമായി ഇവര്‍ തമ്മില്‍ കാര്യമായ വ്യത്യാസമൊന്നുമില്ലെങ്കിലും, ദിഗംബരന്മാര്‍ കര്‍ശനബുദ്ധികളും നഗ്നരായി ജീവിക്കുന്നവരുമാണ്. ചര്യാക്രമങ്ങളില്‍ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും ഇക്കൂട്ടര്‍ തയ്യാറാകില്ല. സന്ന്യാസികള്‍ ഉടുവസ്ത്രമുള്‍പ്പെടെ സര്‍വവും ത്യജിക്കേണ്ടവരായതിനാല്‍ ഇവര്‍ വസ്ത്രം ധരിക്കാന്‍ കൂട്ടാക്കാറില്ല. ആധ്യാത്മിക പുരോഗതിയുടെ ഉത്തുംഗശ്രേണിയിലെത്തുന്നവര്‍ക്ക് ആഹാരംപോലും വര്‍ജ്യമാണ്. ഇവരില്‍ സ്ത്രീകള്‍ക്ക് മോക്ഷാധികാരമില്ല എന്നതും പ്രത്യേകതയാണ്.
കര്‍മഫലമാണ് ജന്മമെങ്കിലും മനുഷ്യജന്മത്തിന് ജൈനന്മാര്‍ വളരെയേറെ പ്രാധാന്യം കല്പിക്കുന്നു. കാരണം, മനുഷ്യര്‍ക്കു മാത്രമേ മോക്ഷം നേടാന്‍ സാധിക്കുകയുള്ളൂ. ഇവരുടെ വീക്ഷണത്തില്‍ മോക്ഷപ്രാപ്തിക്ക് പുരുഷജന്മം കൂടിയേ കഴിയൂ. ബദ്ധജീവന്മാരില്‍ മനുഷ്യനെ ഏറ്റവും ഉന്നതനായാണ് ഇവര്‍ കല്പിച്ചുപോരുന്നത്. പക്ഷേ, വ്രതാംഗമെന്ന നിലയില്‍ അല്പാല്പമായി ആഹാരനീഹാരാദികള്‍ കുറച്ച് 'സംലേഹന'മെന്ന പേരിലറിയപ്പെടുന്ന ശരീരത്യാഗം ഇവര്‍ അനുവദിച്ചിട്ടുണ്ട്.
സമ്യഗ്ദര്‍ശനം, സമ്യഗ്ജ്ഞാനം, സമ്യക്ചരിത്രം എന്നിവ മൂന്നും ഒന്നിനൊന്നു ബന്ധപ്പെട്ടവയാണെന്നും ഇവ മൂന്നും കൂടിച്ചേര്‍ന്നാലാണ് മുക്തിക്ക് നിദാനമായിത്തീരുന്നതെന്നുമാണ് ഇവരുടെ വിശ്വാസം. പുദ്ഗലബന്ധത്തില്‍നിന്ന് പൂര്‍ണമായി മുക്തനാകുമ്പോള്‍ ജീവന് സ്വതവേയുള്ള അനന്തജ്ഞാനം, അനന്തശ്രദ്ധ, അനന്തശക്തി, അനന്തസുഖം എന്നിവ അനുഭവവേദ്യമാകുമെന്നും ദിഗംബരന്മാര്‍ ഉറച്ചു വിശ്വസിച്ചുപോരുന്നു. ഭൌതിക വസ്തുസമൂഹത്തെയാണ് ജൈനന്മാര്‍ പുദ്ഗലം-പൂരയന്തി ഗളന്തിച (ചേര്‍ന്നുചേര്‍ന്ന് വര്‍ധമാനമാവുകയും, വേര്‍പെട്ടുവേര്‍പെട്ട് ക്ഷയോന്മുഖമാവുകയും ചെയ്യുന്നത്) എന്ന പേരില്‍ വ്യവഹരിക്കുന്നത്. സമ്പൂര്‍ണതയും അനന്തശക്ത്യാദികളും ജീവനില്‍ യഥാവിധി ഉണ്ടെങ്കിലും പുദ്ഗലവുമായുള്ള ജീവസംബന്ധം ഇവയെ മറയ്ക്കുന്നു. ഇവ മാറുമ്പോള്‍ ജീവന്‍ പ്രകാശിക്കുമെന്നാണ് ദിഗംബരന്മാരുടെ സിദ്ധാന്തം.
ശ്വേതാംബരന്മാരുടെ ആഗമഗ്രന്ഥങ്ങള്‍ ഇവര്‍ അംഗീകരിക്കുന്നില്ല. ജിനഭഗവാന്റെ അരുളപ്പാടായ ആഗമം നഷ്ടപ്പെട്ടതായാണ് ഇവര്‍ കരുതുന്നത്. എന്നാല്‍ വിഷ്ണു, നന്ദി, അപരാജിതന്‍, ഗോവര്‍ധനന്‍, ഭദ്രബാഹു എന്നീ അഞ്ച് ജീവന്മുക്തരെ ദിഗംബരന്മാര്‍ അംഗീകരിക്കുന്നുണ്ട്. ഭദ്രബാഹു രണ്ടുവിഭാഗക്കാര്‍ക്കും സ്വീകാര്യനാണ്. ഭദ്രബാഹുവിന്റെ കാലംവരെ രണ്ടുവിഭാഗക്കാരും വലിയ അഭിപ്രായവ്യത്യാസംകൂടാതെ കഴിഞ്ഞിരുന്നതായി അനുമാനിക്കാം. എ.ഡി. 83-ല്‍, അതായത് മഹാവീരന്റെ നിര്‍വാണം കഴിഞ്ഞ് 609 വര്‍ഷങ്ങള്‍ക്കുശേഷം, രഥവീപുരത്തില്‍ ശിവഭൂതി ബോടികമതം (ദിഗംബരമാര്‍ഗം) സ്ഥാപിച്ചതായാണ് ശ്വേതാംബരന്മാര്‍ പറയുന്നത്. കൗണ്ടിന്യന്‍, കോട്ടിവീരന്‍ എന്നിവരാണ് ശിവഭൂതിയുടെ പ്രധാന ശിഷ്യന്മാര്‍. മഥുരാ ശിലാഫലകങ്ങളിലെ ആലേഖനങ്ങളില്‍നിന്ന് എ.ഡി. 1-ാം ശ.-ത്തോട് അടുത്താണ് ദിഗംബരന്മാര്‍ എന്നും ശ്വേതാംബരന്മാര്‍ എന്നും ജൈനമതം രണ്ടായി പിരിഞ്ഞതെന്ന് അനുമാനിക്കുന്നു.