This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ദാന്തെ, അലിഘീറി (1265 - 1321)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ദാന്തെ, അലിഘീറി (1265 - 1321)
Dante,Alighieri
ഇറ്റാലിയന്‍ കവി. 1265-ല്‍ ജനിച്ചതായി കരുതപ്പെടുന്നു. ഡാന്റെ എന്നും ഡാന്റിയെന്നും ദാന്തെയെന്നും ഈ മഹാകവിയുടെ നാമം ഉച്ചരിക്കപ്പെടുന്നു. ദാന്തെ എന്ന പദത്തിന് 'ദാതാവ്' എന്നാണര്‍ഥം. ഫ്ളോറന്‍സിലെ ഒരു 'ഗ്വെള്ഫ്' കുടുംബത്തിലാണ് ദാന്തെയുടെ ജനനം. അലിഘീറി (അലിഗീറി) എന്നത് കുടുംബനാമമാണ്. 1283-ല്‍ ജെമ്മാ ഡൊണാറ്റിയെ വിവാഹം കഴിച്ചു. 1289-ല്‍ 'അറെസോ'യെക്ക് എതിരായി കബാള്ഡിനോ നടത്തിയ യുദ്ധത്തില്‍ അശ്വാരൂഢനായി മുന്നണിയില്‍ ഇദ്ദേഹം പടവെട്ടിയതായി രേഖകളില്‍ കാണുന്നു. ഇദ്ദേഹത്തിന്റെ കാമുകിയും ഡിവൈന്‍ കോമഡിയിലെ നായികയുമായ ബിയാട്രീസ് അന്തരിച്ചത് 1290 ജൂണ്‍ 8-നാണ്. ലാ വിറ്റാ നോവ ('നവ്യജീവിതം') എന്ന കൃതിയുടെ രചന 1293-ല്‍ പൂര്‍ത്തിയാക്കി. 1295-നടുത്ത് ദാന്തേ സജീവ രാഷ്ട്രീയപ്രവര്‍ത്തകനായി മാറി. 1300-ലാണ് ഡിവൈന്‍ കോമഡി എന്ന പ്രധാന കൃതിയിലെ കല്പിതമായ ത്രിമണ്ഡല യാത്ര ആരംഭിക്കുന്നത്. 1300 ജൂണ്‍ 15-ന് ദാന്തെ ഫ്ളോറന്‍സിലെ മജിസ്ട്രേറ്റുമാരില്‍ ഒരാളായി നിയമിക്കപ്പെട്ടു. 1302 മാര്‍ച്ചില്‍ രാഷ്ട്രീയകാരണങ്ങളാല്‍ നാടുകടത്തപ്പെട്ടു. 1304-നും 1307-നും ഇടയില്‍ ദ് വള്ഗാരി എലക്വന്റ്ഷ്യയും (De Valgari Eloquentia), കണ്വൈവ്യോയും (Convivio) രചിക്കപ്പെട്ടു. 1310-ലാണ് ഡി മോണാര്ക്കിയയുടെ രചന. 1314-ല്‍ ഡിവൈന്‍ കോമഡിയുടെ പ്രഥമ കാണ്ഡമായ 'ഇന്‍ഫെര്‍ണോ' വിരചിതമായി. കുറ്റസമ്മതം നടത്തിയാല്‍ തിരിച്ച് നാട്ടിലെത്താമെന്ന് 1315-ല്‍ അധികാരികള്‍ അറിയിച്ചുവെങ്കിലും ദാന്തെ അതിനു വഴങ്ങിയില്ല.
ഒമ്പതാം വയസ്സില്‍ കണ്ടുമുട്ടിയ ബിയാട്രീസ് പോര്ട്ടിനാരിയോട് ദാന്തെയ്ക്കു തോന്നിയ ഗാഢസ്നേഹം ഇദ്ദേഹത്തിന്റെ ജീവിതഗതിയുടെ വഴിത്തിരിവായി. ബിയാട്രീസിനും അന്ന് ഒമ്പതുവയസ്സായിരുന്നു. വല്ലപ്പോഴും ഒരിക്കല്‍ മാത്രമേ ദാന്തെയ്ക്കു ബിയാട്രീസിനെ കാണാന്‍ കഴിഞ്ഞിരുന്നുള്ളൂ. ബിയാട്രീസിനെ ഒരു പ്രഭു വിവാഹം കഴിച്ചു (സൈമണ്‍ ഡിബാര്ഡി). ഇരുപത്തിനാലാമത്തെ വയസ്സില്‍ ബിയാട്രീസ് അന്തരിച്ചു. ദാന്തെയ്ക്ക് പല കൃതികളുടെയും രചനയ്ക്കു പ്രചോദമനമരുളിയത് ബിയാട്രീസിനോടുണ്ടായിരുന്നു അഗാധ പ്രേമമായിരുന്നു. ബിയാട്രീസിന്റെ മരണത്തിനു മുമ്പുതന്നെ ദാന്തെ ജെമ്മാ ഡൊണാറ്റിയെ വിവാഹം കഴിച്ചിരുന്നു.
ഇരുപതാമത്തെ വയസ്സുമുതല്‍ ദാന്തെ ബിയാട്രീസിനെക്കുറിച്ച് കവിതകള്‍ എഴുതിത്തുടങ്ങി. ലാ വിറ്റാ നോവ (La Vita Nova-New Life) എന്ന കൃതിയില്‍ 31 പ്രതീകാത്മക കവിതകളാണുള്ളത്. പ്രേമവിഷയപരമായ ഉദാത്തവികാരം നിറഞ്ഞുനില്ക്കുന്ന കൃതിയാണിത്. ഓരോ കവിതയ്ക്കുമുള്ള വ്യാഖ്യാനമാണ് ഇതിലെ ഗദ്യഭാഗത്തിലുള്ളത്. ലാറ്റിന്‍ ഭാഷയില്‍ 'ബിയാറ്റ' എന്ന പദത്തിന് 'അനുഗൃഹിത' എന്നാണര്‍ഥം. സങ്കല്പം, ശൈലി, പ്രതിപാദ്യം എന്നിവയുടെ അടിസ്ഥാനത്തില്‍ ലാ വിറ്റാ നോവ മൗലിക കൃതിയാണ്. ആത്മകഥാപരമാണ് ഈ കൃതി.
പതിനെട്ടാമത്തെ വയസ്സു മുതല്‍ ദാന്തെ കവിതകള്‍ എഴുതിത്തുടങ്ങിയതായി കരുതപ്പെടുന്നു. ക്ലാസ്സിക് കൃതികളില്‍ ചെറുപ്പകാലത്തുതന്നെ ദാന്തെ അവഗാഹം നേടിയിരുന്നു. 'സത്യവേദപുസ്തക'വുമായി ഗാഢമായ ബന്ധംതന്നെയാണ് ഇദ്ദേഹത്തിനുണ്ടായിരുന്നത്.
ദാന്തെയുടെ റൈംസ് എന്ന കൃതിയില്‍ (ഇത് സമാഹരിച്ചത് ദാന്തെ അല്ല) ലാ വിറ്റാ നോവയില്‍ ഇടം കിട്ടാതെവന്ന ഭാവ കവിതകളാണ് ഉള് പ്പെടുത്തിയിരിക്കുന്നത്. ഈ ഭാവഗീതസമാഹാരത്തിന് കണ്സോണീറി (Consoniere)എന്ന മറ്റൊരു പേരുകൂടിയുണ്ട്. ദാന്തെയുടെ ആദ്യകാല കവിതകള്‍ പലതും ഈ സമാഹാരത്തില്‍ ഉള് പ്പെടുത്തിയിരിക്കുന്നു.
കണ്വൈവ്യോ (Convivio)യുടെ രണ്ടാംഭാഗം ദ് ബാങ്ക്വറ്റ് (The Banquet) എന്ന പേരില്‍ അറിയപ്പെടുന്നു. സാഹിത്യത്തെക്കുറിച്ച് ദാന്തെയ്ക്കു തോന്നിയ അഭിപ്രായങ്ങള്‍ പലതും ഈ ഗ്രന്ഥത്തില്‍ അടങ്ങിയിരിക്കുന്നു. ദാന്തെയുടെ പില്ക്കാല ഭാവഗീതങ്ങളെക്കുറിച്ചുള്ള വിശദീകരണങ്ങള്‍ ഈ കൃതിയിലുണ്ട്.
ദാന്തെയുടെ ദ് വള്ഗാരി എലക്വന്ഷിയ എന്ന ഗ്രന്ഥം ഇറ്റാലിയന്‍ ഭാഷയെ ഗൗരവപൂര്‍ണമായ സാഹിത്യ ഭാഷയായി കാണേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നു. ഭാഷാപരമായ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇറ്റാലിയന്‍ ഭാഷ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ ഈ ഗ്രന്ഥത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരിക്കുന്നു.
ഡിവൈന്‍ കോമഡി എഴുതിത്തുടങ്ങിയതിനുശേഷമാണ് ദാന്തെ ഡി മൊണാര്‍ക്കിയ എന്ന ഗ്രന്ഥം രചിക്കുന്നത്. 'രാജാധിപത്യത്തെപ്പറ്റി' എന്ന ഈ കൃതിയില്‍ ദാന്തെയുടെ രാഷ്ട്രീയമായ അഭിപ്രായങ്ങള്‍ പ്രകടമാകുന്നു. ഈ ഗ്രന്ഥം ലാറ്റിന്‍ ഭാഷയിലാണ് രചിക്കപ്പെട്ടിരിക്കുന്നത്. പള്ളിയും രാഷ്ട്രവും വേര്‍പെട്ടുതന്നെ നില്‍ക്കണമെന്ന ആശയത്തിന് ഈ ഗ്രന്ഥത്തില്‍ പ്രാധാന്യം നല്കിയിരിക്കുന്നു. ശക്തനായ പോപ്പും ശക്തനായ രാജാവും വേണമെന്ന് ദാന്തെ വാദിക്കുന്നു. എന്നാല്‍ മാത്രമേ അവര്‍ക്ക് പൊതുനന്മയ്ക്കുവേണ്ടി നിലകൊളളാന്‍ കഴിയുകയുള്ളൂ.
ദാന്തെയുടെ കൃതികളുടെ കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ സ്മരിക്കപ്പെടുന്നതും വാഴ്ത്തപ്പെടുന്നതും ഡിവൈന്‍ കോമഡിയാണ്. മൂന്ന് കാണ്ഡങ്ങളുള്ള ഈ കാവ്യത്തിന് നൂറ് സര്‍ഗങ്ങളാണുള്ളത്. ഒന്നാം കാണ്ഡം 'നരകം' (Inferno) എന്ന പേരിലും രണ്ടാം കാണ്ഡം 'ശുദ്ധീകരണ മണ്ഡലം' (Purgatory) എന്ന പേരിലും മൂന്നാം കാണ്ഡം 'സ്വര്‍ഗം' (Paradise)എന്ന പേരിലും അറിയപ്പെടുന്നു. പ്രഥമ കാണ്ഡത്തില്‍ 34 സര്‍ഗങ്ങളും തുടര്‍ന്നുള്ള രണ്ടു കാണ്ഡങ്ങളില്‍ 33 വീതം സര്ഗങ്ങളുമാണുള്ളത്. മൂന്ന് മണ്ഡലങ്ങളിലൂടെ ദാന്തെ നടത്തുന്ന യാത്രയാണ് ഈ മഹാകാവ്യത്തിന്റെ പ്രതിപാദ്യം. ബിയാട്രീസ് എന്നു പേരുള്ള സുന്ദരിയായ സമപ്രായക്കാരിയോട് ദാന്തെയ്ക്കു തോന്നിയ പ്രണയമാണ് ഈ കാവ്യം രചിക്കുന്നതിന് പ്രചോദകമായിത്തീര്ന്നത്. ഇരുപത്തിനാലാമത്തെ വയസ്സില്‍ അന്തരിച്ച ബിയാട്രീസിനെ നായികയാക്കിക്കൊണ്ട് താന്‍ ഒരു കാവ്യം രചിക്കുമെന്ന് ദാന്തെ പ്രതിജ്ഞ ചെയ്തിരുന്നു. രാഷ്ട്രീയ കാരണങ്ങളാല്‍ നാടുകടത്തപ്പെട്ട ഇദ്ദേഹം പരദേശത്തു വച്ചാണ് ഡിവൈന്‍ കോമഡിയുടെ രചന നിര്‍വഹിച്ചത്.
14-ാം ശ.-ത്തിന്റെ ആദ്യഘട്ടത്തില്‍ രചന പൂര്‍ത്തിയാക്കിയ ഈ കൃതിയുടെ ആദ്യ നാമം ലാ കൊമേദിയ എന്നായിരുന്നു. നൂറ്റാണ്ടുകള്‍ക്കുശേഷമാണ് ഡിവൈന്‍ കോമഡി എന്ന പേര് പ്രസിദ്ധമായത്. ദേശ ഭാഷയിലാണ് ഡിവൈന്‍ കോമഡി രചിക്കപ്പെട്ടത്. 'വിഷാദത്തില്‍നിന്ന് സന്തോഷത്തിലേക്കു നീങ്ങുന്ന കൃതി' എന്ന് ഇതിനെ വിശേഷിപ്പിച്ചിട്ടുണ്ട്. ദാന്തെ ഒരു ബഹുമുഖ പ്രതിഭയായി ആദരിക്കപ്പെടുന്നു. ഇദ്ദേഹം ഒരു വീരയോദ്ധാവും ധീര രാഷ്ട്രീയപ്രവര്‍ത്തകനും ആദര്‍ശങ്ങളില്‍ അടിയുറച്ച വിശ്വാസം പുലര്‍ത്തിയ സ്നേഹഗായകനും പൊതുക്കാര്യപ്രസക്തനും തത്ത്വചിന്തകനും ഭാവഗീത രചയിതാവും ചിത്രകാരനും ഒക്കെ ആയിരുന്നു.
1321-ല്‍ ദാന്തെ അന്തരിച്ചു. (പ്രൊഫ. കിളിമാനൂര്‍ രമാകാന്തന്)