This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഥേരീഗാഥ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഥേരീഗാഥ
പാലി ഭാഷയിലുള്ള ഗാഥാസമാഹാരം. ബി.സി. 5-ാം ശ.-ത്തിനും 1-ാം ശ.-ത്തിനും ഇടയ്ക്കാണ് ഈ ഗാഥകള്‍ രചിച്ചത്. ബുദ്ധഭിക്ഷുണികള്‍ ആത്മാംശപ്രധാനമായി എഴുതിയ ഭാവഗീതമാണ് ഓരോ ഗാഥയും. 73 ബുദ്ധഭിക്ഷുണികളുടേതായി 73 ഭാഗങ്ങളില്‍ 522 ഗാഥകള്‍ ഇതില്‍ ഉള്‍ ക്കൊള്ളിച്ചിരിക്കുന്നു. 73 ഭാഗങ്ങളില്‍ത്തന്നെ മറ്റു ബുദ്ധഭിക്ഷുണികളുടേതായി പരാമര്‍ശമുള്ള ഗാഥകള്‍ പ്രത്യേകം കണക്കാക്കിയാല്‍ നൂറോളം ഭാഗങ്ങളായി ഗ്രന്ഥത്തെ തിരിക്കാം.
ഗൗതമബുദ്ധന്റെ പിതാവായ ശുദ്ധോദന മഹാരാജാവിന്റെ നിര്യാണത്തോടെ രാജ്ഞി ബുദ്ധധര്‍മം സ്വീകരിച്ചു. രാജ്ഞിയോടൊപ്പം അഞ്ഞൂറില്‍പ്പരം സ്ത്രീകളും ബുദ്ധധര്‍മം സ്വീകരിച്ച് ഭിക്ഷുണികളായി. അല്പകാലത്തിനകം രണ്ടാമതൊരു സംഘം സ്ത്രീകളും ബുദ്ധധര്‍മം സ്വീകരിച്ചു. ഗൗതമബുദ്ധന്റെ ശിഷ്യരായി പരിവ്രാജികമാരായ ഇവരില്‍ പലരും രചിച്ച ഗാഥകളും ഈ കൃതിയില്‍ ഉള്‍പ്പെടുന്നതായി പ്രസ്താവമുണ്ട്.
തിപിടകത്തിന്റെ മൂന്ന് ഭാഗങ്ങളിലൊന്നായ സുത്തപിടകത്തിന് അഞ്ച് ഭാഗങ്ങളാണുള്ളത്. അതിലൊന്നാണ് ഖുദ്ദകനികായം. ഈ ഭാഗത്തില്‍പ്പെടുന്ന 15 ഗ്രന്ഥങ്ങളിലൊന്നാണ് ഥേരീഗാഥ. മറ്റൊരു ഗ്രന്ഥമാണ് ഥേരഗാഥ. ഥേരന്‍ എന്ന വാക്കിന് പരിവ്രാജകന്‍ എന്നും ഥേരി എന്ന പദത്തിന് പരിവ്രാജിക എന്നുമാണ് അര്‍ഥം. ഇവരുടെ കവിതകളാണ് യഥാക്രമം ഥേരഗാഥയിലും ഥേരീഗാഥയിലും സമാഹരിച്ചിരിക്കുന്നത്. ബുദ്ധധര്‍മം സ്വീകരിച്ച് പരിവ്രാജകരായശേഷം ഇവര്‍ക്കനുഭവപ്പെടുന്ന ശാന്തിയും സന്തോഷവും അതിനുമുമ്പ് അനുഭവിച്ച ജീവിതക്ലേശവും ഭോഗലാലസതയും ഇതില്‍ ഇവര്‍തന്നെ രേഖപ്പെടുത്തുന്നത് ഈ കൃതികളെ ആത്മാവിഷ്കാരപ്രധാനമായ ഭാവഗാനങ്ങളാക്കിത്തീര്‍ക്കുന്നു. ഥേരഗാഥയില്‍ പ്രകൃതിവര്‍ണനയ്ക്ക് പ്രധാന്യം നല്കിയിട്ടുണ്ട്. ഥേരീഗാഥയില്‍ മനസ്സിന്റെ വിവിധ ഭാവങ്ങളെ-ഭിക്ഷുണികളാകുന്നതിനു മുമ്പും അതിനുശേഷവുമുള്ള മാറ്റത്തെ-ചിത്രീകരിക്കുന്നതിനാണ് പ്രാധാന്യം നല്കിയിരിക്കുന്നത്.
ഥേരീഗാഥയ്ക്ക് 5-ാം ശ.-ത്തില്‍ ധര്‍മപാലന്‍ രചിച്ച ടീകയില്‍ ഓരോ ഖണ്ഡത്തിന്റെയും രചയിതാക്കളായ ഥേരിമാരുടെ പൂര്‍വാശ്രമത്തിലെ (ബൗദ്ധധര്‍മം സ്വീകരിക്കുന്നതിനു മുമ്പുള്ള ജീവിതകാലം) ജീവിതത്തിന്റെ ചിത്രീകരണവും ഇവരുടെ മാനസികപരിവര്‍ത്തനവും വിശദമായി പ്രതിപാദിക്കുന്നുണ്ട്. വ്യത്യസ്ത ജീവിതക്രമത്തില്‍നിന്നു വന്ന ഥേരിമാര്‍ ഗാഥകളില്‍ അവരുടെ മുന്‍ജീവിതചര്യയുടെ വിശദീകരണവും അന്നത്തെ സാമൂഹിക, കുടുംബ ബന്ധങ്ങളുടെ വിവരണവും നല്കുന്നു. വര്‍ണവ്യവസ്ഥയുടെ സ്ഥിതിയും രാജ്ഞി, രാജകുമാരി, പണ്ഡിതയായ ബ്രാഹ്മണസ്ത്രീ, ദാസി, നര്‍ത്തകി, വേടസ്ത്രീ, വേശ്യാസ്ത്രീ തുടങ്ങി സമൂഹത്തിലെ മിക്ക തലങ്ങളിലുമുള്ള സ്ത്രീകളുടെ ചിത്രീകരണവും ഗാഥകളിലുണ്ട്. ഇവര്‍ ബുദ്ധധര്‍മത്തിലേക്ക് ആകൃഷ്ടരാകുന്നതിന്റെ കാരണവും സന്ദര്‍ഭവും വിശദീകരിക്കുന്നു. ബൗദ്ധധര്‍മത്തിന്റെ തത്ത്വചിന്താപരമായ ഉത്തുംഗത ചിലരെ ഇതിലേക്ക് ആകര്‍ഷിക്കുമ്പോള്‍ കഷ്ടപ്പാടും സാമൂഹികമായ ഒറ്റപ്പെടലുമാണ് മറ്റു ചിലരെ ഇതിലേക്കടുപ്പിക്കുന്നത്. ധര്‍മപാലന്റെ പരമത്ഥദീപനി എന്ന വ്യാഖ്യാനത്തില്‍ ഓരോ ഥേരിയുടെയും കഥ പ്രത്യേകം വിശദീകരിക്കുന്നുണ്ട്. ഉദാഹരണമായി മുക്ത, പൂര്‍ണ തുടങ്ങിയ ഥേരികള്‍ ജ്ഞാനസമ്പാദനമെന്ന ലക്ഷ്യത്തോടെയാണ് പരിവ്രാജികമാരായത്. വീട്ടിലെ പ്രശ്നങ്ങളാണ് ഗുപ്ത, ശുഭ തുടങ്ങിയവരെ ബുദ്ധധര്‍മ സ്വീകരണത്തിനു പ്രേരിപ്പിച്ചത്. ഭര്‍തൃവിരഹം മൂലമാണ് ധമ്മഭിന്ന ഭിക്ഷുണിയായത്. ബുദ്ധഭക്തിയാണ് ധമ്മ, മൈത്രക, ദന്തിക തുടങ്ങിയവരുടെ പ്രേരകശക്തി. പ്രിയജനവിരഹംമൂലം ധര്‍മസ്വീകരണം നേടിയവരാണ് ശ്യാമ, ഉര്‍വരി, ചന്ദ തുടങ്ങിയവര്‍. അംബാലി പൂര്‍വജീവിതത്തില്‍ വേശ്യാവൃത്തി സ്വീകരിക്കേണ്ടിവന്നവളാണ്. ആ പശ്ചാത്താപമാണ് ബുദ്ധഭിക്ഷുണിയാകാന്‍ പ്രേരണ നല്കിയത്. ഇവരെല്ലാംതന്നെ ഈ ധര്‍മസ്വീകരണത്തോടെ ശാന്തിയും സന്തോഷവും നേടുന്നതായി വെളിപ്പെടുത്തുന്നു. പൂര്‍വജീവിതത്തിലനുഭവപ്പെടുന്ന ക്ലേശങ്ങളും ഭിക്ഷുണീചര്യയില്‍ ലഭിക്കുന്ന ആനന്ദവും ഇവര്‍ സ്വയം ചിത്രീകരിക്കുമ്പോള്‍ ജീവിതാനുഭവത്തിന്റെ പിന്‍ബലം ഈ ഗാഥകളിലെ ഭാവഗാനാത്മകതയ്ക്കു മാറ്റുകൂട്ടുന്നു.
'നിദാനം' എന്ന ബുദ്ധധര്‍മതത്ത്വത്തിന് ഥേരീഗാഥയില്‍ സവിശേഷ പ്രധാന്യം നല്കിക്കാണുന്നു. ആഗ്രഹങ്ങളില്‍നിന്ന് വിമുക്തി നേടുക എന്ന ഏറ്റവും പ്രധാന ബുദ്ധതത്ത്വത്തിനു സമാനമായ തത്ത്വമാണിത്. ഈ തത്ത്വം ഗ്രഹിക്കുമ്പോള്‍ മാത്രമേ ലൗകിക ക്ലേശങ്ങളില്‍നിന്ന് മുക്തി ലഭിക്കുകയുള്ളൂ. ഭാവഗീതി എന്ന സ്ഥാനമുള്ളപ്പോള്‍ത്തന്നെ ഥേരീഗാഥ ധര്‍മപ്രബോധന ഗ്രന്ഥം കൂടിയായി കണക്കാക്കുന്നത് ബുദ്ധധര്‍മതത്ത്വങ്ങളുടെ സരളമായ പര്യാലോചനകൂടി ഇത് ഉള്‍ ക്കൊള്ളുന്നതിനാലാണ്. ഥേരവാദം എന്ന ബുദ്ധധര്‍മ വിഭാഗത്തിന്റെ വ്യാഖ്യാനമായ അര്‍ഥകഥാ വിഭാഗത്തിലെ ഗ്രന്ഥങ്ങളായും ഥേരഗാഥയേയും ഥേരീഗാഥയേയും കണക്കാക്കാറുണ്ട്.
ഭാരതീയ സാഹിത്യത്തെ വിശകലനാത്മകമായി പഠിച്ച് ഇന്ത്യന്‍ ലിറ്ററേച്ചര്‍ എന്ന ഗ്രന്ഥം രചിച്ചിട്ടുള്ള വിന്റര്‍നിറ്റ്സ് ഋഗ്വേദസൂക്തങ്ങളിലെയും കാളിദാസന്റെയും അമരുകന്റെയും കാവ്യങ്ങളിലെയും കാവ്യചാരുതയ്ക്കു സമാനമാണ് ഥേരീഗാഥയിലെ ഭാവഗീതങ്ങള്‍ എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ബിജോയ് ചന്ദ്ര മജൂംദാര്‍ ഥേരീഗാഥയ്ക്ക് ബംഗാളിഭാഷയില്‍ പരിഭാഷ രചിച്ചിട്ടുണ്ട്. കെ.ഇ. ന്യൂമാന്‍ ജര്‍മന്‍ഭാഷയിലേക്ക് ഥേരീഗാഥ വിവര്‍ത്തനം ചെയ്തു. ശ്രീമതി റൈസ് ഡേവിഡ്സ് ഇംഗ്ലീഷില്‍ സാംസ് ഒഫ് ദ് സിസ്റ്റേഴ്സ് എന്ന പേരില്‍ രചിച്ച വിവര്‍ത്തനം ശ്രദ്ധേയമാണ്. ക്രിസ്തുധര്‍മ പ്രവര്‍ത്തകരായ കന്യാസ്ത്രീകളുടെ ചിന്താധാരയുമായി ഥേരീഗാഥയുടെ രചയിതാക്കളായ ഭിക്ഷുണികളുടെ ഗാഥയെ തുലനം ചെയ്യുന്നതിന് ഈ പരിഭാഷ പ്രേരകമാകുന്നു. ബുദ്ധധര്‍മഗ്രന്ഥങ്ങളിലൊന്നായ സംയുത്തനികായത്തിലെ ഭിക്ഖുനീസംയുത്ത എന്ന ഗ്രന്ഥത്തിലെ പ്രതിപാദ്യവും ചിത്രീകരണവും ഥേരീഗാഥയിലേതിനു സമാനമാണ്. ക്രിസ്ത്വബ്ദാരംഭത്തിനുമുമ്പ് ഭാരതത്തില്‍ നിലവിലിരുന്ന സാമൂഹികക്രമത്തെ മനസ്സിലാക്കുന്നതിന് ഥേരീഗാഥയിലെ ചിത്രീകരണങ്ങള്‍ സഹായകമാണ്. പ്രാചീന സാഹിത്യകൃതികള്‍ അധികവും രാജാവിനെയും ഭരണകര്‍ത്താക്കളെയും കഥാപാത്രങ്ങളാക്കിയിരുന്നതിനാല്‍ അതില്‍നിന്നു വ്യത്യസ്തമായി സമൂഹത്തിലെ എല്ലാ മേഖലകളിലുമുള്ള വ്യക്തികളുടെ-പ്രത്യേകിച്ചും സ്ത്രീകളുടെ-ദൈനംദിന ജീവിതപ്രശ്നങ്ങളും ക്ലേശങ്ങളും ചിത്രീകരിച്ചിട്ടുള്ള കൃതി എന്ന പ്രത്യേകത ഥേരീഗാഥയ്ക്കുണ്ട്.