This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തോംസണ്‍, എലിഹു (1853 - 1937)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:06, 16 ഫെബ്രുവരി 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

തോംസണ്‍, എലിഹു (1853 - 1937)

Thomson,Elihu

ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍. 1853 മാ. 29-ന് ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററില്‍ ജനിച്ചു. 1858-ല്‍ തോംസണ്‍കുടുംബം ഫിലാഡെല്‍ഫിയയിലേക്കു കുടിയേറിപ്പാര്‍ത്തതോടെ യു.എസ്സിലെ സ്ഥിരവാസിയായി. 1810-ല്‍ ബിരുദം നേടിയശേഷം അല്പകാലം ഒരു സ്വകാര്യ കമ്പനിയില്‍ കെമിക്കല്‍ അനലിസ്റ്റായും തുടര്‍ന്ന് താന്‍ പഠിച്ച സെന്‍ട്രല്‍ ഹൈസ്കൂളില്‍ രസതന്ത്ര-ബലതന്ത്ര അധ്യാപകനായും ജോലിനോക്കി. 1875-ല്‍ ബിരുദാനന്തര ബിരുദം നേടി. കണക്റ്റിക്കട്ടില്‍ അമേരിക്കന്‍ ഇലക്ട്രിക് കമ്പനി സ്ഥാപിതമായപ്പോള്‍ (1880) അവിടത്തെ ഇലക്ട്രിക്കല്‍ ചീഫ് എന്‍ജിനീയര്‍ പദവിയിലെത്തി. 1883-ല്‍ മസാച്യുസെറ്റ്സിനു സമീപത്തെ ലിന്‍ തുറമുഖത്ത് പ്രവര്‍ത്തനമാരംഭിച്ച തോംസണ്‍-ഹൂസ്റ്റണ്‍ ഇലക്ട്രിക് കമ്പനിയിലെ കണ്‍സള്‍ട്ടന്റ് എന്‍ജിനീയര്‍ ആയും സേവനമനുഷ്ഠിച്ചു. 1892-ല്‍ സ്ഥാപിതമായ ജനറല്‍ ഇലക്ട്രിക് കമ്പനിയിലെ ഗവേഷണച്ചുമതലയും ഉപദേഷ്ടാവിന്റെ പദവിയും ഏറ്റെടുത്തതോടെ വൈദ്യുത വ്യവസായത്തിന്റെ യു.എസ്സിലെ ആദ്യകാല ശില്പികളിലൊരാളായി. പ്രത്യാവര്‍ത്തി ധാരാ മോട്ടോര്‍, ഉച്ചാവൃത്തി ജനറേറ്റര്‍, ട്രാന്‍സ്ഫോര്‍മര്‍, ത്രിസര്‍പ്പില-ജനറേറ്റര്‍, താപദീപ്ത വൈദ്യുത വെല്‍ഡിങ് സംവിധാനം, വാട്ട്-അവര്‍ (watt-hour) മീറ്റര്‍ തുടങ്ങിയ പ്രധാന വൈദ്യുതോപകരണങ്ങളുടെ ഉപജ്ഞാതാവായ തോംസണ്‍ 696 പേറ്റന്റുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. വൈദ്യുതി മേഖലയിലെന്നപോലെ റേഡിയോളജി, സ്റ്റീരിയോസ്കോപ്പിക് എക്സ്റേ, ജ്യോതിശ്ശാസ്ത്രം തുടങ്ങിയ വിജ്ഞാനശാഖകളിലും ഗവേഷണ പഠനങ്ങള്‍ നടത്തി. തുരങ്കങ്ങളിലും കെയ്സണു(caisson)കളിലും ഓക്സിജന്‍-ഹീലിയം മിശ്രിതം കടത്തിവിട്ട്, അവയില്‍ പണിയെടുത്തിരുന്ന തൊഴിലാളികളെ ബാധിച്ചിരുന്ന കെയ്സണ്‍ രോഗത്തില്‍നിന്നു വിമുക്തരാക്കാന്‍ മുന്‍കൈ എടുത്തത് തോംസണ്‍ ആണ്.

ഫ്രാങ്ക്ളിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, അമേരിക്കന്‍ ഫിലോസഫിക്കല്‍ സൊസൈറ്റി എന്നിവയില്‍ അംഗമായിരുന്ന തോംസണ്‍ അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇലക്ട്രിക്കല്‍ എന്‍ജിനീയേഴ്സിന്റെ അധ്യക്ഷന്‍ (1889), ഇന്റര്‍നാഷണല്‍ ഇലക്ട്രോകെമിക്കല്‍ കമ്മിഷന്റെ തലവന്‍ (1908), മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയുടെ ആക്റ്റിങ് പ്രസിഡന്റ് (1920-23) എന്നീ സ്ഥാനങ്ങളും അലങ്കരിച്ചിട്ടുണ്ട്. നിരവധി ദേശീയ (യു.എസ്.), അന്താരാഷ്ട്ര ബഹുമതികള്‍ സ്വന്തമാക്കിയ ഇദ്ദേഹം മസാച്യുസെറ്റ്സിലെ സ്വാംപ്സ്കോട്ടില്‍ 1937 മാ. 13-ന് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍