This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡാര്‍ട്ടര്‍ മത്സ്യങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:30, 12 ഡിസംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഡാര്‍ട്ടര്‍ മത്സ്യങ്ങള്‍

Darter fishes

പെര്‍സിഡേ (Percidae) മത്സ്യ കുടുംബത്തിന്റെ ഉപകുടുംബമായ ഇത്തിയോസ്റ്റോമാറ്റിനേ (Etheostomatinae) യില്‍പ്പെടുന്ന മത്സ്യങ്ങളുടെ പൊതുനാമം. ശുദ്ധജല സ്രോതസ്സുകളായ അരുവികളിലും നദികളിലുമാണ് ഇവ പ്രധാനമായും കണ്ടുവരാറുള്ളത്. വ്യത്യസ്തങ്ങളായ പരിസ്ഥിതികളില്‍ ജീവിക്കുന്ന ഡാര്‍ട്ടര്‍ മത്സ്യങ്ങള്‍ പാറക്കെട്ടുകളും കല്ലുകളുമുള്ള ആഴം കുറഞ്ഞ പ്രദേശങ്ങളിലാണ് സാധാരണയായി കാണപ്പെടുന്നത്. നൂറിലധികം ഇനങ്ങളില്‍പ്പെട്ട ഈ ചെറു ശുദ്ധജല മത്സ്യങ്ങള്‍ വ.അമേരിക്കയുടെ കിഴക്കന്‍ പ്രദേശത്തുള്ള നദികളിലാണ് ധാരാളമായി കാണപ്പെടുന്നത്. ചുവപ്പ്, ഓറഞ്ച്, നീല, പച്ച എന്നീ വര്‍ണങ്ങളുള്ള മത്സ്യങ്ങള്‍ പ്രത്യുത്പാദനകാലം അടുക്കുന്നതോടുകൂടി നദികളുടെയും അരുവികളുടെയും ആഴം കുറഞ്ഞ ചരല്‍ പ്രദേശങ്ങളില്‍ കൂട്ടം കൂട്ടമായി പ്രത്യക്ഷപ്പെടാറുണ്ട്. ഇക്കാലത്ത് ആണ്‍ മത്സ്യങ്ങളുടെ ചിറകുകളില്‍ പ്രകടമാകുന്ന വര്‍ണഭംഗി ആകര്‍ഷകമാണ്.

ഒഴുക്കു വെള്ളം ഇഷ്ടപ്പെടുന്ന ഡാര്‍ട്ടര്‍ മത്സ്യങ്ങളുടെ പ്രധാന ആഹാരം ജീവനുള്ള വിരകളും ശലഭങ്ങളുമാകയാല്‍ ഇവയെ അക്വേറിയത്തില്‍ സാധാരണ വളര്‍ത്താറില്ല. ജലത്തിന്റെ അടിത്തട്ടുമായി ഇഴുകിച്ചേരുന്ന ഇരുനിറമുള്ള ചിലയിനം ഡാര്‍ട്ടര്‍ മത്സ്യങ്ങളെയും കണ്ടെത്തൊന്‍ കഴിഞ്ഞിട്ടുണ്ട്. പൂര്‍ണവളര്‍ച്ചയെത്തുന്ന ഡാര്‍ട്ടര്‍ മത്സ്യങ്ങളുടെ വലുപ്പം ഏതാണ്ട് 7-10 സെ.മീ വരെ ആയിരിക്കും. എന്നാല്‍ ഏറ്റവും ചെറിയ ഡാര്‍ട്ടര്‍ മത്സ്യമായ ഇത്തിയോസ്റ്റോമാ മൈക്രോപെര്‍ക്കയ്ക്ക്(Etheostoma microperca) പൂര്‍ണ വളര്‍ച്ചയെത്തുമ്പോള്‍ ഏതാണ്ട് 4 സെ. മീ. വലുപ്പമേ കാണാറുള്ളൂ. സാധാരണയായി കണ്ടുവരാറുള്ള 'ലോജ് പെര്‍ച്ച് '(Log Perch) 20 സെ. മീ. വരെ വളരാറുണ്ട്. 'റെയിന്‍ബോ ഡാര്‍ട്ടര്‍' എന്നറിയപ്പെടുന്ന ഇത്തിയോസ്റ്റോമ കെറുലിയം (Etheostoma caeruleum) പ്രധാനപ്പെട്ട ഒരിനം ഡാര്‍ട്ടര്‍ മത്സ്യമാണ്. ഇവയ്ക്ക് എട്ടു സെന്റിമീറ്ററോളം വലുപ്പം വരും. മധ്യ അമേരിക്കയിലെ നദികളില്‍ ധാരാളമായി കാണപ്പെടുന്ന ഈ ഇനത്തിലെ ആണ്‍ മത്സ്യങ്ങളുടെ ചിറകുകള്‍ നീല, ചുവപ്പ്, ഓറഞ്ച്, കറുപ്പ് എന്നീ നിറങ്ങളിലുള്ള വരകളാല്‍ അലംകൃതമാണ്.

താരതമ്യേന വലുപ്പം കൂടിയ ആണ്‍മത്സ്യങ്ങള്‍ ഒരു പ്രത്യേക പ്രദേശം അവയുടെ സ്വൈരവിഹാരരംഗമായി തിരഞ്ഞെടുക്കുന്നു. ഈ പ്രദേശത്തേക്കു കടക്കാന്‍ മറ്റ് ആണ്‍ മത്സ്യങ്ങള്‍ നടത്തുന്ന എല്ലാ ശ്രമങ്ങളെയും പരാജയപ്പെടുത്താന്‍ ഇവ ആവേശകരമായ ചെറുത്തുനില്‍പു നടത്താറുണ്ട്. എന്നാല്‍ ഈ പ്രദേശത്തേക്കു കടന്നു വരുന്ന പെണ്‍മത്സ്യങ്ങളെ ആട്ടിയോടിക്കാന്‍ ആണ്‍ മത്സ്യം ശ്രമിക്കാറില്ല; അവിടെ വസിക്കാന്‍ അവയെ അനുവദിക്കാറുമുണ്ട്. ഇത്തരത്തില്‍ കടന്നു വന്നു താമസിക്കുന്ന പെണ്‍ മത്സ്യങ്ങള്‍ നദിയുടെ അടിത്തട്ടില്‍ ചെറു പാത്രത്തിന്റെ ആകൃതിയിലുള്ള കൂടു നിര്‍മിക്കുന്നു. മുട്ടകള്‍ പുറത്തേക്കു വരുന്ന സമയത്തു ഇവ കൂടിനുള്ളില്‍ അമര്‍ന്നിരിക്കും. ആണ്‍ മത്സ്യങ്ങള്‍ ബീജദാനം നടത്തി മുട്ടകള്‍ വിരിയാന്‍ സഹായിക്കുന്നു. അതോടൊപ്പം തന്നെ പശപോലെയുള്ള ഒരു തരം ദ്രാവകത്താല്‍ ഇവ മുട്ടകളെ പൊതിയുന്നു. ഇത്തരത്തിലുള്ള ആവരണം ഉള്ളതിനാല്‍ മുട്ടകള്‍ കല്ലുകളില്‍ ഒട്ടിച്ചേര്‍ന്നും ചിലപ്പോള്‍ കല്ലുകളില്‍ നിന്നു തുക്കിയിട്ടപോലെയും കാണപ്പെടാറുണ്ട്. ഒഴുക്കില്‍പ്പെട്ട് മുട്ടകള്‍ ചിതറിപ്പോകാതിരിക്കാനും ഈ പ്രക്രിയ സഹായകമാണ്. എങ്കിലും നദിയിലെ പ്രതികൂല ഭൗതിക സാഹചര്യങ്ങളോടും മാംസഭോജികളായ ഇതര മത്സ്യങ്ങളോടും മല്ലടിച്ചാണ് ഇവ വളര്‍ച്ച പ്രാപിക്കുന്നത്. ഇത്തരം സാഹചര്യങ്ങള്‍ ഇവയുടെ നിലനില്പ്പിനെ ദോഷമായി ബാധിക്കുന്നതായി മത്സ്യഗവേഷകര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

(ഡോ. പി. മധൂസൂദനപിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍