This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡച്ചുകല
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഡച്ചുകല
ഹോളണ്ടില്‍ പ്രചാരത്തിലുള്ള കല. പതിനാറാം നൂറ്റാണ്ട് വരെ ഹോളണ്ട് നെതര്‍ലന്‍ഡ്സിന്റെ ഭാഗമായിരുന്നു. ഇപ്പോള്‍ ബെല്‍ജിയം എന്നറിയപ്പെടുന്ന പ്രദേശവും വടക്കന്‍ ഫ്രാന്‍സിന്റെ ഒരു ഭാഗവും അക്കാലത്ത് നെതര്‍ലന്‍ഡ്സില്‍ ഉള്‍പ്പെട്ടിരുന്നു. ഉത്തരഭാഗത്ത് ഡച്ച്കല പ്രചരിച്ചപ്പോള്‍ ദക്ഷിണഭാഗത്ത് ഫ്ളെമിഷ് കല വികസിച്ചുവന്നു.
പതിനാറാം നൂറ്റാണ്ടില്‍ നെതര്‍ലന്‍ഡ്സിന്റെ വടക്കന്‍ പ്രവിശ്യകള്‍ വേര്‍പെട്ടു പോയി. പ്രൊട്ടസ്റ്റന്റ്കാരായ ജനത വില്യം ദ സൈലന്റിന്റെ നേതൃത്വത്തില്‍ സ്വതന്ത്ര ഹോളണ്ടിന് രൂപം നല്കി. കാത്തോലിക്കരായ തെക്കന്‍ ജനത സ്പെയ്നിന്റെ ആധിപത്യത്തില്‍ തുടരുകയും ചെയ്തു. സ്വാതന്ത്ര്യം നേടിയ ഹോളണ്ടില്‍ കലയും സംസ്കാരവും വളരെവേഗം അഭിവൃദ്ധിപ്പെട്ടു. നവോത്ഥാന കാലത്ത് ഇറ്റലിയിലുണ്ടായ മുന്നേറ്റത്തിനു സമാനമായ പരിവര്‍ത്തനമാണ് ഡച്ചുകലയിലും ദൃശ്യമായത്. മറ്റേതു രാജ്യത്തെയും ചിത്രകാരന്മാരോട് കിടപിടിക്കുന്ന പ്രതിഭാശാലികള്‍ ഡച്ചു കലയെ പരിപോഷിപ്പിച്ചു. ശില്പകലയിലും വാസ്തുവിദ്യയിലും ഈ ഉണര്‍വ് പ്രകടമായി.
പതിനേഴാം നൂറ്റാണ്ടില്‍ പ്രതിഭാശാലികളായ അനേകം ചിത്രകാരന്മാര് യൂറോപ്പില്‍ ജീവിച്ചിരുന്നു. എങ്കിലും ഡച്ച് ചിത്രകാരന്മാര്ക്ക് ഇവരുമായി നാമമാത്രമായ സമ്പര്‍ക്കമേ ഉണ്ടായുള്ളൂ. നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഇറ്റലി സന്ദര്‍ശിച്ച ഏതാനും ചിത്രകാരന്മാരാണ് കാരവാഗിയോയുടെയും മറ്റും രചനാശൈലിക്ക് ഹോളണ്ടില്‍ പ്രചാരം നല്‍കിയത്. നിഴലും വെളിച്ചവും തമ്മിലുള്ള വൈരുധ്യം വ്യക്തമാക്കുന്ന ചിത്രങ്ങളായിരുന്നു ഇവര്‍ വരച്ചത്. എങ്കിലും പ്രസിദ്ധ ഡച്ച് ചിത്രകാരന്മാരായ റെംബ്രാന്‍ഡും, വെര്‍മീറും മറ്റും ഇറ്റാലിയന്‍ കലയുമായി വിദൂരബന്ധമേ പുലര്‍ത്തിയിരുന്നുള്ളൂ.
പ്രൊട്ടസ്റ്റന്റ്കാരുടെ നാടായ ഹോളണ്ടില്‍ കലകളെ പ്രോത്സാഹിപ്പിച്ചിരുന്നത് സമ്പന്നരായ വ്യാപാരികളാണെങ്കില്‍ ബഹുഭൂരിപക്ഷം കത്തോലിക്കര്‍ നിവസിക്കുന്ന മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍ കലകള്‍ക്കു പ്രോത്സാഹനം നല്‍കിയത് പള്ളിയും രാജസദസ്സുകളുമാണ്. പള്ളികളും കൊട്ടാരങ്ങളും അലങ്കരിക്കുവാനായി വിശാലമായ ക്യാന്‍വാസുകളിലും ചുവരുകളിലുമാണ് അവിടെ ചിത്രരചനകള്‍ നടന്നത്. ഹോളണ്ടില്‍ സമ്പന്നരായ വ്യാപാരികള്‍ക്കു വേണ്ടിയിരുന്നതു വ്യക്തിചിത്രങ്ങളും പ്രകൃതി ചിത്രങ്ങളും മറ്റുമായിരുന്നു. മതപരമായ ചിത്രങ്ങള്‍ക്ക് പ്രാമുഖ്യം കല്പിച്ചത് റെംബ്രാന്‍ഡ് മാത്രമാണ്.
ഒരു പ്രത്യേക വിഭാഗത്തില്‍പ്പെടുന്നവരുടെ പൂര്‍ണകായ ചിത്രങ്ങള്‍ അടങ്ങുന്ന പോര്‍ട്രെയ്റ്റുകള്‍ ഡച്ചു ചിത്രകാരന്മാരുടെ സവിശേഷ സംഭാവനയാണ്. ഡച്ചുകാരുടെ സ്വാതന്ത്യ്രബോധം വെളിവാക്കുന്ന ചിത്രങ്ങളാണ് ഇവയിലധികവും. റെംബ്രാന്‍ഡിന്റെ 'അനാട്ടമി ലെസ്സണ്‍' എന്ന പ്രസിദ്ധമായ ചിത്രം ഈ വിഭാഗത്തിലുള്‍പ്പെടുന്നു. ദൈനംദിന ജീവിതരംഗങ്ങളും ഗൃഹാന്തര്‍ഭാഗങ്ങളും മറ്റും ചിത്രീകരിക്കുന്നതിലാണ് മറ്റൊരു വിഭാഗം ഡച്ച് ചിത്രകാരന്മാര് ശ്രദ്ധ കേന്ദ്രീകരിച്ചത്. ജാന്സ്റ്റിനും, നിക്കൊളാസ്മെയ്സും മറ്റും ചിത്രീകരിച്ചതാവട്ടെ, സ്വന്തം ജോലിയില്‍ വ്യാപൃതരായിരിക്കുന്നവരെയാണ്. വെര്‍മീറും, ഡിഹൂച്ചും വെളിച്ചത്തിന്റെ വൈവിധ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ റ്റെര്ബോര്ച്ചും, മെത്സുവും വസ്ത്രങ്ങളുടെ വൈവിധ്യം ചിത്രീകരിക്കുന്നതിലാണ് താല്പര്യം പ്രദര്‍ശിപ്പിച്ചത്. ഇക്കൂട്ടരില്‍ ഏറെ ശ്രദ്ധേയനായത് വെര്‍മീര്‍ എന്ന ചിത്രകാരനാണ്. മനുഷ്യന്റെ മുഖം വരയ്ക്കുന്ന ശ്രദ്ധയോടെയാണ് അദ്ദേഹം മേശവിരിപോലും വരിച്ചിരുന്നത്. ചിത്രത്തിലെ വിവിധഘടകങ്ങളുടെ പരസ്പരബന്ധത്തില്‍ അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു,
ഡച്ച് ചിത്രകലയിലെ സവിശേഷമായ മറ്റൊരിനം പ്രകൃതിദൃശ്യ ചിത്രരചനയാണ്. പ്രൃകൃതി ദൃശ്യങ്ങള്‍ തികഞ്ഞ സ്വാഭാവികതയോടെ ആദ്യമായി വരച്ചുകാട്ടിയത് ഡച്ച് ചിത്രകാരന്മാരാണ്. മറ്റെന്തിന്റെയെങ്കിലും പശ്ചാത്തലമായല്ല അവര്‍ പ്രക്യതി ദൃശ്യചിത്രീകരണം നടത്തിയത്. ഒരു നാവികശക്തിയായിരുന്ന ഹോളണ്ടിലെ സമുദ്രതീരങ്ങളും യുദ്ധക്കപ്പലുകളും മത്സ്യബന്ധനബോട്ടുകളുമെല്ലാം അവരുടെ ചിത്രങ്ങളില്‍ അണിനിരന്നു. അതോടൊപ്പം തന്നെ പ്രകൃതിയില്‍ വരുന്ന മാറ്റങ്ങളും അവര്‍ ശ്രദ്ധയോടെ ക്യാന്‍വാസിലേക്കു പകര്‍ത്തി. ഇവരില്‍ പ്രമുഖനായ വാന്‍ഗോഗ് ഡച്ച് ചിത്രകലയ്ക്ക് മികച്ച സംഭാവനകള്‍ നല്കി.
ജേക്കബ് വാന്‍ റൂസ്ഡേല്, ആല്‍ബര്‍ട്ട് ക്വിപ് എന്നിവരാണ് പ്രകൃതിദൃശ്യവര്ണനയില് മുന്നിട്ടുനിന്ന മറ്റു രണ്ട് ചിത്രകാരന്മാര്. ഗ്രാമീണ ജീവിത രംഗങ്ങള്‍ ചിത്രീകരിച്ച ഹൊബ്ബീമ, നഗരജീവിതം പ്രമേയമാക്കിയ ഹേഡന്‍ എന്നിവരുടെ സംഭാവനകളും ശ്രദ്ധേയമാണ്.
പതിനേഴാം നൂറ്റാണ്ടിലെ ഡച്ച് മണ്പാത്രനിര്മാണകലയും യൂറോപ്പില്‍ പ്രചാരം നേടിയിരുന്നു. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത പാത്രങ്ങളെ അനുകരിച്ചാണ് ഡച്ചുകാര്‍ ഈ കലയില്‍ പ്രാവീണ്യം നേടിയത്. 18-ാം നൂറ്റാണ്ടില്‍ ഹോളണ്ടിന്റെ ശക്തി ക്ഷയിച്ചതോടെ ഡച്ചു കലയുടെ പ്രാധാന്യവും കുറഞ്ഞുവന്നു. തുടര്‍ന്നുവന്ന ഡച്ച് ചിത്രകാരന്മാരില് പ്രമുഖര്‍ വാന്‍ഗോഗും, മൊണ്ഡ്രെയിനുമാണ്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്താരാര്ധത്തില് ജീവിച്ചിരുന്ന വാന്‍ഗോഗ് പോസ്റ്റ് ഇംപ്രഷനിസ്റ്റ് ചിത്രകാരന്മാരില് പ്രമുഖനാണ്. മാനുഷികവികാരങ്ങള്‍ പ്രതിഫലിപ്പിക്കുന്നതിനായി അതിശയോക്തി കലര്‍ന്ന രചനാരീതി സ്വീകരിച്ച വാന്‍ഗോഗ് എക്സ്പ്രഷനിസത്തിന്റെ ഉപജ്ഞാതാവായും അറിയപ്പെടുന്നു. സ്വന്തം നാട്ടിലെ കര്‍ഷകരുടേയും തൊഴിലാളികളുടേയും ചിത്രങ്ങളാണ് ആദ്യകാലത്ത് വാന്‍ഗോഗ് വരച്ചത്. 'ദ പൊട്ടറ്റോ ഈറ്റേഴ്സ്' ഏറെ പ്രസിദ്ധി നേടി. പില്ക്കാലത്ത് വര്‍ണങ്ങളുടെ പ്രതീകാത്മകമൂല്യങ്ങള് ഉള്‍ക്കൊണ്ടാണ് ചിത്രങ്ങള്‍ രചിച്ചത്. 'നൈറ്റ് കഫെ' എന്ന ചിത്രത്തില്‍ ചുവപ്പും പച്ചയും നിറങ്ങള്‍ ഉപയോഗിച്ച് മനുഷ്യന്റെ വികാരതീവ്രത അവതരിപ്പിക്കാനാണ് ശ്രമിച്ചിരിക്കുന്നതെന്ന് വാന്‍ഗോഗ് തന്നെ ഒരിക്കല്‍ പറയുകയുണ്ടായി.
1888-ല്‍ ആള്‍സില്‍ താമസമുറപ്പിച്ച വാന്‍ഗോഗ് ഒന്നരവര്‍ഷക്കാലത്ത് ഇരുനൂറിലേറെ ചിത്രങ്ങള്‍ വരച്ച് ഡച്ച് ചിത്രകലയെ സമ്പന്നമാക്കി. ഇക്കാലത്ത് പ്രസിദ്ധ ഫ്രഞ്ച് ചിത്രകാരന് ഗോഗിനുമായുണ്ടായ കലഹത്തെ തുടര്‍ന്ന് സ്വന്തം ചെവിയുടെ ഒരു ഭാഗം മുറിക്കുകയും 'സെല്‍ഫ് പോര്‍ട്രെയ്റ്റ് വിത്ത് ബാന്ഡേജ്ഡ് ഇയര്‍' എന്നൊരു ചിത്രം വരയ്ക്കുകയും ചെയ്തു. തുടര്‍ന്ന് മാനസികരോഗ ചികിത്സയ്ക്കു വിധേയനായ വാന്‍ഗോഗ് വരച്ച 'കോണ്‍ഫീല്‍ഡ് വിത്ത് സൈപ്രസസ്', 'സ്റ്റാറിനൈറ്റ്' എന്നീ ചിത്രങ്ങള്‍ ഏറെ പ്രചാരം നേടി. സ്വന്തം സഹോദരനുമായി വാന്‍ഗോഗ് നടത്തിയ കത്തിടപാടുകള്‍ അദ്ദേഹത്തിന്റെ കലാപരമായ വീക്ഷണങ്ങള്‍ വെളിവാക്കുന്നു. എക്സ്പ്രഷനിസത്തേയും, ഫേവിസത്തേയും വളരെയേറെ സ്വാധീനിച്ച വാന്‍ഗോഗ് ഡച്ച് ചിത്രകലാരംഗത്തെ അതികായകനാണ്.
20-ാം ശ.-ത്തിന്റെ ആരംഭകാലത്ത് ചിത്രരചന നടത്തിയ മൊണ്ഡ്രെയ്നാണ് ആധുനിക ഡച്ച് കലയിലെ മറ്റൊരു പ്രമുഖന്. അബ്സ്ട്രാക്റ്റ് കലയെ പരിപോഷിപ്പിച്ച മൊണ്ഡ്രെയ്ന് ആദ്യകാലത്ത് പ്രകൃതി ദൃശ്യങ്ങളാണ് ചിത്രീകരിച്ചത്. 'ലാന്‍ഡ്സ്കേപ്പ് വിത്ത് മില്‍' ഇവയില്‍ പ്രാധാന്യമര്‍ഹിക്കുന്നു. പിന്നീട് പാരിസിലെത്തിയ മൊണ്ഡ്രെയ്ന് ക്യൂബിസത്തില്‍ ആകൃഷ്ടനാകുകയും 'ഫ്ളവറിങ്ങ് ആപ്പിള്‍ ട്രീ' എന്ന പ്രസിദ്ധരചന നടത്തുകയും ചെയ്തു. 'നിയോപ്ളാസ്റ്റിസിസം' എന്ന പുതിയ ഒരു സങ്കേതത്തിനു രൂപം നല്കിയ മൊണ്ഡ്രെയ്ന് 'കോംപൊസിഷന്‍ ഇന്‍ എല്ലോ ആന്റ് ബ്ളൂ' എന്ന പേരില്‍ ഒരു ജ്യോമട്രിന് അബ്സ്ട്രാക്റ്റ് ചിത്രരചന നടത്തി. നിയോപ്ളാസ്റ്റിസിസ്മേ എന്ന ഗ്രന്ഥം പാരീസില്‍ പ്രസിദ്ധീകരിച്ചു.
പ്രമുഖ ഡച്ച് ചിത്രകാരന്മാരായ വാന്‍ഗോഗിന്റേയും മൊണ്ഡ്രെയിനിന്റേയും മറ്റും രചനകള്‍ ആധുനിക ചിത്രകാരന്മാരെ ഇന്നും സ്വാധീനിച്ചുകൊണ്ടിരിക്കുന്നു.