This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡെക്കാണ്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഡെക്കാണ്‍
Deccan
ഇന്ത്യയിലെ ഉപദ്വീപീയ പീഠഭൂമി. എതാണ്ട് ത്രികോണാകൃതിയുള്ള ഈ പീഠഭൂമി കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്നു. തെക്ക് എന്നര്‍ഥമുള്ള 'ദക്ഷിണ' എന്ന സംസ്കൃത പദത്തിന്റെ ആംഗല രൂപമാണ് ഡെക്കാണ്‍. ഉര്‍ദുവിലെ 'ദക്ഖിനി'യില്‍ നിന്നു നിഷ്പന്നമായതുമാകാം. വിന്ധ്യ-സത്പുര, മഹാദേവ് (Mahadeo) കുന്നുകള്‍ക്കു തെക്കായി വരുന്ന ഉപദ്വീപീയ പ്രദേശത്തെയാണ് പൊതുവേ ഡെക്കാണ്‍ (ഡക്കാണ്‍) എന്ന് വിളിക്കുന്നതെങ്കിലും നിയതാര്‍ഥത്തില്‍ നര്‍മദ-കൃഷ്ണ നദികള്‍ക്കിടയില്‍ വരുന്ന പൊക്കം കൂടിയ പീഠഭൂപ്രദേശമാണിത്.
ഡെക്കാണ്‍ പീഠഭൂമിയുടെ പ. ഉം വ. പ. ഉം ഭാഗങ്ങള്‍ യഥാക്രമം ഗുജറാത്തിലെ കച്ച് വരെയും, രാജസ്ഥാനിലെ ആരവല്ലി നിരകള്‍ വരെയും വ്യാപിച്ചിരിക്കുന്നു. ഇതിന്റെ വടക്കനതിര്‍ത്തി ഗംഗ-യമുനാ നദികള്‍ക്ക് 80 കി. മീ. തെ. മാറി അവയുടെ ദിശയ്ക്ക് സമാന്തരമായി സ്ഥിതി ചെയ്യുന്നു. പീഠഭുമിയുടെ പ. ഉം കി. ഉം ഭാഗങ്ങള്‍ തീരദേശ മലനിരകളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. പ. പശ്ചിമഘട്ടം അഥവാ സഹ്യാദ്രി, കി. പൂര്‍വഘട്ടം, തെ. നീലഗിരികുന്നുകള്‍, വ. ആരവല്ലി, ഛോട്ടാ-നാഗ്പ്പൂര്‍ കുന്നുകള്‍ എന്നിവയാണ് അതിരുകള്‍. പശ്ചിമഘട്ട-പൂര്‍വഘട്ട മലനിരകള്‍ സന്ധിക്കുന്ന ഭാഗത്താണ് നീലഗിരി, ഏലഗിരി കുന്നുകളടെ (cardamom hills) സ്ഥാനം.
ഭൂമിശാസ്ത്രപരമായി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഏറ്റവും പഴക്കമേറിയ ഭൂഭാഗമാണ് ഡെക്കാണ്‍. ഒട്ടനവധി ചെറു പീഠഭൂമികള്‍ ചേര്‍ന്നാണ് ഇത് രൂപം കൊണ്ടിരിക്കുന്നത്. പീഠഭൂമിയുടെ പകുതിയിലധികം ഭാഗത്തും പൂര്‍വകാമ്പ്രിയന്‍ മുതല്‍ക്കുള്ള നീസ്, ഷിസ്റ്റ് തുടങ്ങിയ ശിലകള്‍ കാണപ്പെടുന്നു. ടെര്‍ഷ്യറിയുടെ ആരംഭത്തിലും ക്രിട്ടേഷ്യസിന്റെ അവസാനത്തിലും ഉണ്ടായ അഗ്നിപര്‍വതസ്ഫോടനങ്ങളുടെ പരിണിതഫലമാണ് ഈ പീഠഭൂമി എന്നാണ് ഭൗമശാസ്ത്രജ്ഞരുടെ അനുമാനം. പീഠഭൂമിയുടെ ചില ഭാഗങ്ങളില്‍ കനമേറിയ ലാവാ നിക്ഷേപം കാണപ്പെടുന്നുണ്ട്. ഇതിന്റെ വ.-പ. ഭാഗങ്ങളിലെ ലാവാ പാളിക്ക് 300 മീ. യിലേറെ കനമുണ്ട്. സമാന്തര ലാവാ പാളികളാല്‍ ആവൃതമായ ഈ ഭാഗം 'ഡെക്കാണ്‍ ട്രാപ്' എന്ന പേരിലറിയപ്പെടുന്നു. അഗ്നിപര്‍വത വിസ്ഫോടനാനന്തരം ഉണ്ടായ ഭ്രംശന പ്രക്രിയയാണ് പശ്ചിമഘട്ടനിരകളുടെ ഉദ്ഭവത്തിന് കാരണമായതെന്നാണ് അനുമാനം.
നദികളുടെ അപരദന പ്രക്രിയമൂലം സമതലങ്ങളായി മാറിയ പ്രദേശങ്ങളും (Peneplain), ചെറുകുന്നുകളും അവശിഷ്ട ഖണ്ഡങ്ങളും (residual blocks) നിറഞ്ഞതാണ് ഡെക്കാണ്‍ പ്രദേശം. 606 മീ. ആണ് ഡെക്കാണിന്റെ ശ. ശ. ഉയരം. എന്നാല്‍ ചില പ്രദേശങ്ങള്‍ക്ക് 750 മീ. -ലധികം ഉയരം കാണുന്നുണ്ട്. പൊതുവേ കിഴക്കോട്ടാണ് ഡെക്കാണ്‍ പ്രദേശത്തിന്റെ ചായ്മാനം. അറേബ്യന്‍ തീരത്ത് നിന്നും ഏകദേശം 80 കി. മീ. അകലെ നിന്നുദ്ഭവിക്കുന്ന നദികള്‍ പീഠഭൂമിയെ മുറിച്ച് കടന്ന് ബംഗാള്‍ ഉള്‍ക്കടലില്‍ ചെന്നു പതിക്കുന്നു. 480 മുതല്‍ 960 കി. മീ. വരെ ദൈര്‍ഘ്യമുള്ള ഇവിടത്തെ നദികള്‍ പൊതുവേ കിഴക്കന്‍ ദിശയിലേക്കാണ് ഒഴുകുന്നത്. ഗോദാവരി, കൃഷ്ണ, കവേരി എന്നിവയാണ് ഡെക്കാണിലെ മുഖ്യനദികള്‍. ആഴക്കുറവും വര്‍ധിച്ച വീതിയും ഡെക്കാണ്‍ നദികളുടെ പ്രത്യേകതയാകുന്നു. മഴയെ മാത്രം ആശ്രയിക്കുന്ന നദികള്‍ വേനല്‍ക്കാലത്ത് വറ്റിപ്പോകുന്നതിനാല്‍ ജലസേചനത്തിന് പൂര്‍ണമായും ഇവയെ ആശ്രയിക്കുവാന്‍ കഴിയുന്നില്ല. പീഠഭൂമിയുടെ ഉത്തര-മധ്യഭാഗങ്ങള്‍ വടക്കോട്ട് ചരിഞ്ഞിറങ്ങുന്ന അവസ്ഥയിലാണ് കാണപ്പെടുന്നത്. തത്ഫലമായി. ഇവിടത്തെ നദികള്‍ ഗംഗാതടത്തിലേക്കൊഴുകുന്നു. സോണ്‍, ചമ്പല്‍ എന്നിവയാണ് ഈ മേഖലയിലെ മുഖ്യനദികള്‍.
പീഠഭൂമിയുടെ പൊതുദിശക്കെതിരായി ഒഴുകുന്ന രണ്ട് പ്രധാന നദികളാണ് നര്‍മദ, തപ്തി എന്നിവ. കി. പ. ദിശയില്‍ പീഠഭൂമിയെ മുറിച്ചു കടക്കുന്ന ആഴമേറിയ ഭ്രംശതാഴ്വരയിലൂടെയാണ് ഇവ ഒഴുകുന്നത് എന്നാണ് പ്രബലമതം. ഭൌമശാസ്ത്രജ്ഞരെ പ്രതിസന്ധിയിലാക്കുന്ന ഒരു പ്രശ്നമാണ് ഈ നദികളുടെ ഉദ്ഭവവും പ്രവാഹദിശയും. ഹിമാലയന്‍ വലന (Himalayan folding) കാലഘട്ടത്തിലുണ്ടായ സമ്മര്‍ദം മൂലം ഭ്രംശനം സംഭവിക്കുകയും തത്ഫലമായുണ്ടായ താഴ്വാരങ്ങളിലൂടെ നദികള്‍ ഒഴുകുകയും ചെയ്തതുകൊണ്ടാവാം ഇവയ്ക്ക് വ്യത്യസ്തമായൊരു ദിശ ലഭിച്ചതെന്നാണ് പഠനങ്ങളില്‍ നിന്നുമുരുത്തിരിഞ്ഞ ഏറ്റവും ഫലപ്രദമായ അനുമാനം. കാംബെ ഉള്‍ക്കടലില്‍ നിന്നാരംഭിക്കുന്ന നര്‍മദാജലപാത പശ്ചിമതീരത്തെ ഗംഗാ സമതലത്തിലുള്ള വാരാണസി വരെ ചെന്നെത്തുന്നു.
പീഠഭൂമിയിലെ നദികളുടെ അപരദനം മൂലം രൂപം കൊണ്ടിരിക്കുന്ന ഉപദ്വീപീയ തീരസമതലങ്ങള്‍ മിക്കവാറും തുടര്‍ച്ചയായ രീതിയിലാണ് കാണപ്പെടുന്നത്. പശ്ചിമ തീരത്തെ അപേക്ഷിച്ച് പൂര്‍വതീരം വീതിയേറിയതാകുന്നു. ജനസാന്ദ്രത വളരെ കൂടുതലുള്ള ഈ പ്രദേശത്തെ മുഖ്യവിള നെല്ലാണ്. ചൂടുകുറഞ്ഞതും ഊര്‍ജദായകവുമായ കാലാവസ്ഥയാണ് ഡെക്കാണ്‍ പീഠഭൂമിയിലേത്. ജലസേചന സൗകര്യത്തിന്റെ അപര്യാപ്തത ഈ പ്രദേശത്തെ കാര്‍ഷിക മേഖലയുടെ വികസനത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നു. എന്നാല്‍ അടുത്തകാലത്ത് പ്രാബല്യത്തില്‍ വന്ന ബൃഹത്തായ ജലസേചന പദ്ധതികള്‍ മുമ്പുണ്ടായ അനിശ്ചിതത്വത്തിന് ഒരു പരിധിവരെ പരിഹാരം കാണാന്‍ സഹായിച്ചിട്ടുണ്ട്.
ധാതു നിക്ഷേപങ്ങളാല്‍ സമ്പന്നമാണ് ഡെക്കാണ്‍. പുരാതന കാലം മുതല്‍ ഇവിടെ ഖനികളുണ്ടായിരുന്നു. ഇന്ത്യയില്‍ ലഭ്യമായ ധാതുവിഭവങ്ങളില്‍ ഭൂരിഭാഗത്തിന്റേയും ഉറവിടം ഡെക്കാണ്‍ പീഠഭൂമിയായിരുന്നു. പീഠഭൂമിയുടെ ഉത്തര പൂര്‍വഭാഗങ്ങളാണ് (ഛോട്ടാ നാഗ്പ്പൂര്‍ പ്രദേശം) ഏറെ ധാതു സമ്പന്നം. ധാരാളം കല്‍ക്കരിപ്പാടങ്ങള്‍ ഇവിടെ കാണാം. മഹാനദീ താഴ്വര, ആന്ധ്രപ്രദേശിന്റെ വടക്കന്‍ ഭാഗങ്ങള്‍ തുടങ്ങിയ പ്രദേശങ്ങളാണ് മറ്റു പ്രധാന ധാതു വിഭവകേന്ദ്രങ്ങള്‍. അഭ്രം, ഇരുമ്പയിര്, മാങ്ഗനീസ്, സ്വര്‍ണം മുതലായവയും ഡെക്കാണ്‍ പീഠഭൂമിയില്‍ നിന്ന് ഖനനം ചെയ്യപ്പെടുന്നുണ്ട്.
ഡെക്കാണ്‍ പ്രദേശത്തെ നദീ താഴ്വരകളിലാണ് ജനസാന്ദ്രത വര്‍ധിച്ചു കാണുന്നത്. വര പ്രദേശങ്ങളില്‍ ജനസാന്ദ്രത താരതമ്യേന കുറവാണ്. പീഠഭൂമിയുടെ വടക്കുഭാഗങ്ങളില്‍ കാണപ്പെടുന്ന അഗ്നിപര്‍വത ജന്യമണ്ണ്, പരുത്തിക്കൃഷിക്ക് അനുയോജ്യമാണ്. നാണ്യവിളകളായ ചാമ, എണ്ണക്കുരുക്കള്‍ തുടങ്ങി യവയ്ക്കു പുറമേ ഗോതമ്പും ഇവിടെ കൃഷിചെയ്യുന്നുണ്ട്. തെക്കു ഭാഗങ്ങില്‍ തേയില കൃഷിക്കാണ് പ്രാമുഖ്യം. പൂനാ, ഹൈദരാബാദ്, ബാംഗ്ലൂര്‍ എന്നിവയാണ് ഡെക്കാണിലെ പ്രമുഖ നഗരങ്ങള്‍.
ഡെക്കാണ്‍ പീഠഭൂമിയെ സൗകര്യാര്‍ഥം മഹാരാഷ്ട്ര പീഠഭൂമി, ആന്ധ്ര പീഠഭൂമി, കര്‍ണാടക പീഠഭൂമി, തമിഴ്നാട് പീഠഭൂമി എന്നിങ്ങനെ നാലായി വിഭജിക്കാം. മഹാരാഷ്ട്ര പീഠഭൂമി പ്രദേശത്തെ മുഖ്യ ഭാഷ മറാത്തിയാണ്. ലാവ ഘനീഭവിച്ചുണ്ടായ ശിലകളാല്‍ ആവൃതമായ ഈ ഭാഗത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളും പശ്ചിമഘട്ട നിരകളുടെ മഴനിഴല്‍ പ്രദേശത്തായി വ്യാപിച്ചു കിടക്കുന്നു. 600 മുതല്‍ 1000 വരെ മീ. ശ. ശ. ഉയരമുള്ള ഈ പ്രദേശത്തിന്റെ പ. പശ്ചിമഘട്ടവും, കി. അതിര്‍ത്തിയില്‍ വെയ് ന്‍ ഗംഗാ (wainganga) തടവും സ്ഥിതിചെയ്യുന്നു. ഗോദാവരി, കൃഷ്ണ, തപ്തി എന്നിവയാണ് ഈ മേഖലയിലൂടെ ഒഴുകുന്ന പ്രധാന നദികള്‍. നദീതടങ്ങളിലെ വളക്കൂറുള്ള മണ്ണ് കൃഷിക്ക് അനുയോജ്യമാണ്. കാര്‍ഷികോത്പാദനവും ജനസാന്ദ്രതയും മണ്ണിനത്തിന്റെ സ്വഭാവത്തിനും മഴയുടെ ലഭ്യതയ്ക്കും അനുസൃതമായി വ്യത്യാസപ്പെട്ടിരിക്കുന്നു. വാര്‍ഷിക വര്‍ഷപാതത്തിന്റെ ശ.ശ. 5-100 സെ.മീ.. ഈ മേഖലയുടെ 60 ശ. മാ. ഭാഗങ്ങളും കൃഷിക്കുപയുക്തമാണ്. കൃഷിയിടങ്ങളുടെ മൂന്നിലൊന്നു ഭാഗത്തും കരിമ്പ് കൃഷിചെയ്യപ്പെടുന്നു. ചാമ, പയറുവര്‍ഗങ്ങള്‍ തുടങ്ങിയവയാണ് മറ്റു പ്രധാന വിളകള്‍. പരുത്തിയാണ് മുഖ്യ നാണ്യവിള. വ്യാവസായികമായി മുന്നോക്കം നില്‍ക്കുന്ന ഒരു പ്രദേശമാണ് മഹാരാഷ്ട്ര പീഠഭൂമി. എന്‍ജിനിയറിങ് ഉത്പന്നങ്ങള്‍, രാസവസ്തുക്കള്‍, വൈദ്യുത സാമഗ്രികള്‍, പരുത്തി ഉത്പന്നങ്ങള്‍, പഞ്ചസാര മുതലായവ ഇവിടെ ഉത്പാദിപ്പിക്കുന്നു. പൂനയാണ് മുഖ്യനഗരം. മറ്റൊരു പ്രസിദ്ധമായ പട്ടണം നാഗപ്പൂര്‍ ആകുന്നു.
തെലുങ്കാണ് ആന്ധ്ര പീഠഭൂമി പ്രദേശത്തെ ജനങ്ങളുടെ മുഖ്യഭാഷ. വിസ്തൃതി. 182,139 ച.കി. മീ.. താരതമ്യേന കുറഞ്ഞ ജനസാന്ദ്രത ഇവിടത്തെ പ്രത്യേകതയാണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഒരു പ്രദേശമാണിത്. കരിമ്പ്, പയറുവര്‍ഗങ്ങള്‍, എണ്ണക്കുരുക്കള്‍ തുടങ്ങിയവ ഇവിടത്തെ മുഖ്യ വിളകളില്‍പ്പെടുന്നു. നെല്ല്, കരിമ്പ്, പരുത്തി, പച്ചക്കറികള്‍ തുടങ്ങിയവും ഇവിടെ കൃഷിചെയ്യപ്പെടുന്നുണ്ട്. ആസ്ബസ്റ്റോസാണ് മുഖ്യ ഖനിജം. പ്രതിരോധാവശ്യങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍, ഘന വൈദ്യുതസാമഗ്രികള്‍, വ്യോമോപകരണങ്ങള്‍, യന്ത്രസാമഗ്രികള്‍, പുകയില ഉത്പന്നങ്ങള്‍, പരുത്തി വസ്തുക്കള്‍, ആസ്ബസ്റ്റോസ്, സിമെന്റ് തുടങ്ങിയവയാണ് ഈ പ്രദേശത്തെ മുഖ്യ വ്യാവസായികോത്പന്നങ്ങള്‍. ഹൈദരാബാദാണ് പ്രധാന നഗരം; തിരുപ്പതി പ്രധാനപട്ടണവും.
കര്‍ണാടക പീഠഭൂമി പ്രദേശത്തെ മുഖ്യഭാഷ കന്നഡയാണ്. ഇവിടെ ജനസാന്ദ്രത താരതമ്യേന കുറവാണ്. പ്രാദേശികമായി 'മലനാട്' എന്നറിയപ്പെടുന്ന പശ്ചിമഘട്ടനിരകള്‍ ഈ പീഠഭൂമിയുടെ പ. അതിര്‍ത്തിയാകുന്നു. കര്‍ണാടക പീഠഭൂമിയുടെ തെക്കന്‍ഭാഗം 'ദക്ഷിണ മൈതാന്‍' എന്നും വടക്കന്‍ ഭാഗം 'ഉത്തര മൈതാന്‍' എന്നും അറിയപ്പെടുന്നു. ഗ്രാനൈറ്റാണ് ദക്ഷിണ മൈതാനിലെ മുഖ്യശില; ബസാള്‍ട്ട് ഉത്തര മൈതാനിലേതും. ചാമയാണ് ദക്ഷിണ മൈതാനിലെ മുഖ്യവിള. കരിമ്പ്, പുകയില, നിലക്കടല എന്നിവയാണ് മറ്റു പ്രധാന വിളകള്‍. കരിമ്പ് ഉത്തര മൈതാനിലെ മുഖ്യവിളയാകുന്നു. പരുത്തിയാണ് പ്രധാന നാണ്യവിള. ഗോതമ്പും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. 'മലനാടി'ല്‍ നെല്ലിനും സുഗന്ധവ്യഞ്ജനങ്ങള്‍ക്കുമാണ് പ്രാമുഖ്യം. പീഠഭൂമിയുടെ മറ്റു ഭാഗങ്ങില്‍നിന്നും ചാമ, കരിമ്പ്, സുഗന്ധവ്യഞ്ജനങ്ങള്‍, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ മുതലായവ ഉത്പാദിപ്പിക്കുന്നു. കൂര്‍ഗ് പ്രദേശത്ത് ആധുനിക കാപ്പിത്തോട്ടങ്ങള്‍ കാണാം. ഒരു സുഖവാസകേന്ദ്രം കൂടിയാണ് ഇവിടം.
ഇരുമ്പ്, മാങ്ഗനീസ് എന്നിവയുടെ അയിരുകള്‍ കര്‍ണാടക പീഠഭൂമിയില്‍ ധാരാളമായി കാണപ്പെടുന്നു. പ്രസിദ്ധമായ കോലാര്‍ സ്വര്‍ണഖനി ഇവിടെയാണ്. വ്യാവസായികമായി മുന്നോക്കം നില്‍ക്കുന്ന ഒരു പ്രദേശമാണിത്. ബാംഗ്ളൂര്‍ ഇവിടത്തെ മുഖ്യനഗരമാകുന്നു. ദക്ഷിണേന്ത്യയിലെ വ്യാവസായിക വിദ്യാഭ്യാസ-കായിക വിനോദ-ഭരണകേന്ദ്രമെന്ന നിലയില്‍ ഈ നഗരം ഏറെ പ്രസിദ്ധിയാര്‍ജിച്ചിട്ടുണ്ട്. ഒട്ടനവധി വ്യവസായ ശാലകള്‍ ഈ നഗരത്തിലുണ്ട്. എന്‍ജിനീയറിങ് ഉത്പന്നങ്ങള്‍, യന്ത്രസാമഗ്രികള്‍, വ്യോമയാനങ്ങള്‍ (aircraft), ടെലിഫോണ്‍, വാച്ചുകള്‍, പരുത്തി വസ്ത്രങ്ങള്‍ എന്നിവയുടെ ഉത്പാദനവും പഴസംസ്കരണവുമാണ് ഇവിടത്തെ മുഖ്യ വ്യവസായങ്ങള്‍. വിനോദസഞ്ചാര മേഖലയിലും ഏറെ പ്രാധാന്യം കൈവരിക്കാന്‍ ഈ നഗരത്തിനു കഴിഞ്ഞിട്ടുണ്ട്. ഈ മേഖലയിലെ മറ്റൊരു പ്രധാന നഗരമായ മൈസൂര്‍ സില്‍ക്ക്തുണിത്തരങ്ങള്‍ക്ക് പ്രസിദ്ധമാണ്. വൃന്ദാവന്‍ ഉദ്യാനം ഇവിടത്തെ പ്രധാന ആകര്‍ഷണ കേന്ദ്രമാകുന്നു.
തമിഴ്നാട് പീഠഭൂമിയിലെ ഭൂരിഭാഗം ജനങ്ങളുടെയും ഭാഷ തമിഴാണ്. ജനസാന്ദ്രത താരതമ്യേന കൂടുതലുള്ള ഒരു ഭൂപ്രദേശമാണിത്. ചാമ, കരിമ്പ്, എന്നിവയാണ് പ്രധാന ഭക്ഷ്യവിളകള്‍. നാണ്യവിളകളില്‍ മുഖ്യസ്ഥാനം പരുത്തി, നിലക്കടല, പച്ചക്കറികള്‍ തുടങ്ങിയവയ്ക്കാണ്. നീലഗിരിക്കുന്നുകളില്‍ കാപ്പിയും തേയിലയും വ്യാപകമായി കൃഷിചെയ്യുന്നു. കോയമ്പത്തൂര്‍ കേന്ദ്രമായി ഉള്ളി, മധുരക്കിഴങ്ങ്, മഞ്ഞള്‍, മുളക്, പച്ചക്കറികള്‍ തുടങ്ങിയവയുത്പാദിപ്പിക്കപ്പെടുന്നു. കോയമ്പത്തൂരാണ് തമിഴ്നാട് പീഠഭൂമിയിലെ പ്രമുഖ നഗരം; മധുര, സേലം, തുടങ്ങിയവ പ്രധാന പട്ടണങ്ങളും. ഊട്ടിയും കൊടൈക്കനാലും ഈ പ്രദേശത്തുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. സേലത്തുനിന്നും ഇരുമ്പയിര്, ലിഗ്നൈറ്റ്, ബോക്സൈറ്റ്, ചുണ്ണാമ്പുകല്ല് എന്നിവ ലഭിക്കുന്നു. ഡെക്കാണ്‍ പീഠഭൂമിക്ക് വടക്കുള്ള സത്പുര കുന്നുകളിലെ ഏറ്റവും ഉയരം കൂടിയ മലനിരയാണ് മഹാദേവ് കുന്നുകള്‍. കിഴക്കോട്ട് വ്യാപിക്കുന്ന ഈ മലനിരകള്‍ ഛോട്ടാ നാഗ്പ്പൂര്‍ പീഠഭൂമിയിലെ അമര്‍ ഖണ്ഡക് കുന്നുകള്‍ വരെ വ്യാപിച്ചിരിക്കുന്നു. സത്പുര കുന്നുകള്‍ മുമ്പ് വളരെ ശക്തിയേറിയ ഭ്രംശന പ്രക്രിയയ്ക്കു വിധേയമായിട്ടുണ്ടെന്ന് ഇവിടത്തെ ആഴമേറിയ നദീ താഴ്വരകള്‍ സൂചിപ്പിക്കുന്നു. പൊക്കമുള്ള പീഠഭൂമി പ്രദേശത്തു നിന്നു താഴേക്കൊഴുകുന്ന ഇവിടത്തെ നദികളില്‍ ജലപാതങ്ങള്‍ സാധാരണമാണ്. നദീ സമതലങ്ങളില്‍ റീഗര്‍ അഥവാ ലാവാമണ്ണ് എന്ന പേരില്‍ അറിയപ്പെടുന്ന പ്രത്യേകയിനം അഗ്നിപര്‍വതജന്യമണ്ണ് കാണപ്പെടുന്നു. ഡെക്കാണ്‍ പീഠഭൂമിയുടെ പ. ഭാഗത്ത് പശ്ചിമഘട്ടനിരകള്‍ സ്ഥിതി ചെയ്യുന്നു. ഇവയുടെ ഒരു ഭാഗം 'സഹ്യാദ്രി' എന്ന പേരിലാണറിയപ്പെടുന്നത്. ഇവയില്‍ ചില കുന്നുകള്‍ക്ക് 914 മീ.-ഓളം ഉയരമുണ്ട്. കടലിനഭിമുഖമായി വര്‍ത്തിക്കുന്ന മലനിരകളുടെ ഭാഗങ്ങള്‍ കുത്തനെ ഉയര്‍ന്നു നില്‍ക്കുന്നു. തെ. വ. ദിശയില്‍ തുടര്‍ച്ചയായി കാണപ്പെടുന്ന പശ്ചിമഘട്ട നിരകളെ നിരവധി ചുരങ്ങള്‍ മുറിച്ചു കടക്കുന്നുണ്ട്.
ഡെക്കാണ്‍ ഭൂപ്രദേശത്തിന്റെ കിഴക്കനതിരായി വര്‍ത്തിക്കുന്ന പൂര്‍വഘട്ട നിരകള്‍ക്ക് പശ്ചിമ ഘട്ടത്തിനോളം ഉയരമില്ല. 456 മീ. ആണ് ഇവയുടെ പരമാവധി ഉയരം. ഒറ്റപ്പെട്ടു സ്ഥിതിചെയ്യുന്ന ഇവ തെ. ഭാഗത്ത് എത്തുന്നതോടെയാണ് നിരനിരയായി കാണപ്പെടുന്നത്. വ. കി. ഛോട്ടാ നാഗ്പ്പൂര്‍ പീഠഭൂമിയുമായി ചേരുന്ന പൂര്‍വഘട്ട നിരകള്‍ക്ക് ഛോട്ടാ നാഗ്പ്പൂര്‍ കുന്നുകള്‍ വഴി സത്പുരാനിരകളുമായും ബന്ധമുണ്ട്.
ചരിത്രം. പുരാതനകാലത്ത് ഈ പ്രദേശം 'ദക്ഷിണാപഥം' എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. ദക്ഷിണാപഥം എന്ന സംസ്കൃതപദം പ്രാദേശികമായ ഉച്ചാരണഭേദമനുസരിച്ച് രൂപാന്തരപ്പെടുകയും 'ദക്ഖിനി' എന്ന ഹിന്ദുസ്ഥാനി ഉച്ചാരണം കൂടുതല്‍ വ്യാപകമായിത്തീരുകയും ചെയ്തു. 'ദക്ഖിനി'യുടെ ആംഗല രൂപമാണ് ഡെക്കാണ്‍.
ഡെക്കാണിന്റെ പ്രാചീന ചരിത്രം അവ്യക്തമാണ്. ദ്രാവിഡരുടേയും മറ്റു പ്രാചീന വര്‍ഗങ്ങളുടേയും സംസ്കാരങ്ങളുമായി സാത്മ്യം പ്രാപിച്ചുകിടക്കുന്ന പ്രാചീന ചരിത്രം ഡെക്കാണിനു സ്വന്തമായുണ്ടായിരുന്നു എന്ന് ഗവേഷകര്‍ സംശയാതീതമായി വിശ്വസിക്കുന്നു. ചരിത്രാതീതകാലം മുതല്‍ വളര്‍ന്നുവന്നിരുന്ന മികച്ച ഒരു നാഗരികതയുടെ ഭഗ്നാവശിഷ്ടങ്ങള്‍ തെക്കേ ഇന്ത്യയുടെ പല ഭാഗങ്ങളിലും കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടുണ്ട്. ആര്യാവര്‍ത്തത്തിന്റേതില്‍നിന്നും ഭിന്നവും സ്വതന്ത്രവുമായ നാഗരികതയാണ് വിന്ധ്യാപര്‍വത നിരകള്‍ക്കു തെക്കുള്ള പ്രദേശങ്ങളില്‍ വളര്‍ന്നു വന്നിരുന്നതെന്ന വസ്തുതയ്ക്ക് സാര്‍വത്രികമായ അംഗീകാരം ലഭിച്ചിട്ടുണ്ട്.
ഡെക്കാണിന്റെ അറിയപ്പെട്ട ചരിത്രം ആരംഭിക്കുന്നത് ആര്യന്മാരുടെ ദ്രാവിഡാധിനിവേശകാലത്തോടെയാണെന്ന് ചരിത്രവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ക്രിസ്തുവിനുമുമ്പുള്ള ശതകങ്ങളില്‍ ആര്യഗോത്രങ്ങളില്‍പ്പെട്ട അശ്മകരും വിദര്‍ഭരും മറ്റുചില ജനവിഭാഗങ്ങളും ദക്ഷിണാപഥത്തിലേക്ക് കുടിയേറുകയും, ക്രമേണ ആര്യന്‍ ആധിപത്യം സ്ഥാപിച്ചെടുക്കുകയും ചെയ്തു എന്നാണ് ചരിത്രരേഖകള്‍ വ്യക്തമാക്കുന്നത്. ഡെക്കാണിലെ ആദ്യത്തെ ആര്യന്‍ അധിനിവേശ പ്രദേശം ബീറാര്‍ ആയിരുന്നു എന്നു കരുതാം. ആദിമഗോത്രക്കാരില്‍ വലിയൊരു വിഭാഗം ആര്യന്മാരുടെ അധിനിവേശ പ്രവാഹത്തെ ചെറുക്കുവാന്‍ തയ്യാറാവുകയും പരാജയപ്പെടുമെന്നു കണ്ടപ്പോള്‍ ഡെക്കാണിലെ മലനിരകളിലേക്ക് പലായനം നടത്തുകയും ചെയ്തു. ശേഷിച്ചവര്‍ ആര്യസംസ്കാരവുമായി സമന്വയം പൂണ്ട് പുതിയൊരു ജീവിതം നയിക്കുവാന്‍ സന്നദ്ധരായി. കാലാന്തരത്തില്‍ ഉത്തരേന്ത്യന്‍ രാജാക്കന്മാര്‍ക്ക് ഡെക്കാണ്‍ ആകൃഷ്ട കേന്ദ്രമായി മാറി.
ഡെക്കാണിലെ വലിയൊരു ഭൂവിഭാഗം ബി.സി. 4-ാം ശ. -ത്തോടെ ഭരണം നടത്തിയിരുന്ന മഗധയിലെ നന്ദവംശ രാജാക്കന്മാരുടെ അധീനതയിലായിരുന്നു എന്നതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. കര്‍ണാടകയിലെ ഷിമോഗ ജില്ലയില്‍ നിന്നു കണ്ടെടുത്ത ഏതാനും ശിലാലിഖിതങ്ങളില്‍ നന്ദരാജാക്കന്മാരുടെ ഭരണത്തെക്കുറിച്ച് പരാമര്‍ശിച്ചു കാണുന്നു. മഗധയില്‍ നിന്നും നന്ദന്‍മാരെ നിഷ്ക്കാസനം ചെയ്തുകൊണ്ട് മൗര്യന്മാര്‍ ബി.സി. 4-ാം ശ. -ത്തില്‍ അധികാരം പിടിച്ചെടുത്തപ്പോള്‍ ഡെക്കാണിലെ നന്ദാധിപത്യം മൗര്യന്മാരുടെ ഭരണത്തിന്‍ കീഴിലമര്‍ന്നു. മൗര്യ ചക്രവര്‍ത്തിയായ അശോകന്റെ പല രാജകീയ ശാസനങ്ങളും ആന്ധ്രാ, കര്‍ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ കത്തിയതില്‍നിന്നും ഈ ഡെക്കാണ്‍ പ്രദേശങ്ങള്‍ മൗര്യ സാമ്രാജ്യത്തിന്റെ ഭാഗങ്ങളായിരുന്നു എന്നു കരുതേണ്ടിയിരിക്കുന്നു. ഇവിടെ ബുദ്ധമതവും ജൈനമതവും സമാന്തരമായിത്തന്നെ പ്രചരിച്ചിരുന്നു എന്നതിനും തെളിവുകളുണ്ട്.
മൗര്യ സാമ്രാജ്യം ശിഥിലമായതിനെത്തുടര്‍ന്ന് ഡെക്കാണ്‍ പ്രദേശത്തുനിന്നുതന്നെ ജന്മമെടുത്ത ശതവാഹനര്‍ (ശാതവാഹനര്‍, സാതവാഹനര്‍ എന്നും ഉച്ചാരണ ഭേദം കാണുന്നു) എന്ന സ്വതന്ത്രരാജവംശം അധികാരത്തില്‍വന്നു. ആന്ധ്രക്കാര്‍ എന്ന പേരില്‍ പരാമൃഷ്ടരായിട്ടുള്ള ശതവാഹനവംശം സ്ഥാപിച്ചത് സിമുകന്‍ (ശിമുകന്‍, ശ്രീമുഖന്‍, സുമുഖന്‍) എന്ന രാജാവാണെന്ന് ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. ഈ വംശത്തിന്റെ ഭരണം തുടങ്ങിയത് ബി. സി. 1-ാം ശ. -ത്തിലാണെന്നും 3-ാം ശ. -ത്തിലാണെന്നും വ്യത്യസ്താഭിപ്രായങ്ങള്‍ ചരിത്രകാരന്മാര്‍ പ്രകടിപ്പിച്ചുകാണുന്നു. ഈ വംശപരമ്പരയിലെ ആദ്യകാല രാജാക്കന്മാര്‍ മൗര്യന്മാരുടെ പിന്‍ഗാമികളും കണ്വവംശജരുമായ രാജാക്കന്മാരെ ഉന്മൂലനം ചെയ്തതായും പരാമര്‍ശങ്ങള്‍ കാണുന്നു. ക്രിസ്ത്വബ്ദത്തിന്റെ ആരംഭത്തോടുകൂടി ശതവാഹനരുടെ അധികാരശക്തി സുസ്ഥാപിതമായിക്കഴിഞ്ഞിരുന്നു. എ. ഡി. 3-ാം ശ. വരെ ഡെക്കാണില്‍ ഭരണം നടത്തിയ ശതവാഹന രാജാക്കന്മാര്‍ പല യുദ്ധങ്ങളിലൂടെ രാജ്യാതിര്‍ത്തി വിപുലീകരിക്കുന്നതില്‍ ശ്രദ്ധ പതിപ്പിച്ചിരുന്നു. മഹാരാഷ്ട്ര, ഉത്തര കൊങ്കണം, കത്തിയവാഡ്, മാള്‍വ എന്നീ പ്രദേശങ്ങള്‍ ശതവാഹന സാമ്രാജ്യത്തില്‍ ഉള്‍പ്പെടുത്തുവാന്‍ അവര്‍ക്കു കഴിഞ്ഞു. തെക്ക് കാഞ്ചീപുരം വരെ ഈ സാമ്രാജ്യം വ്യാപിച്ചിരുന്നു. ഈ വംശത്തില്‍ പ്രഗല്ഭരായ പല രാജാക്കന്മാരുമുണ്ടായിരുന്നു. ആദ്യകാല രാജാക്കന്മാരായിരുന്ന ശ്രീ ശാതകര്‍ണി ഒന്നാമന്‍, ശാതകര്‍ണി രാമന്‍ എന്നിവര്‍ ഉത്തരേന്ത്യയിലെ സുംഗവംശ രാജാക്കന്മാരുമായി യുദ്ധം ചെയ്ത് വിജയം വരിച്ചു.
ഉത്തരേന്ത്യയില്‍ ആധിപത്യം സ്ഥാപിച്ച വിദേശ ശക്തികളായ ശകന്‍മാരുടെ നിരന്തരമായ ആക്രമണം മൂലം ക്രിസ്ത്വബ്ദത്തിന്റെ ആദ്യകാലങ്ങളില്‍ ശതവാഹനരുടെ ശക്തി ശിഥിലമാകുവാന്‍ തുടങ്ങി. എങ്കിലും, ഗൗതമീപുത്ര ശാതകര്‍ണി എന്ന ശതവാഹനരാജാവിന്, പല പ്രദേശങ്ങളും പിടിച്ചടക്കി ശതവാഹനശക്തി പുനഃസ്ഥാപിക്കുവാന്‍ കഴിഞ്ഞുവെന്നത് ശ്രദ്ധേയമാണ്. ശതവാഹന പരമ്പരയില്‍പ്പെടുന്ന ഏറ്റവും പ്രഗല്ഭനായ രാജാവായിരുന്നു ഇദ്ദേഹം. തുടര്‍ന്ന് രുദ്രദാമന്‍ എന്ന ശകരാജാവ് ശതവാഹനരുടെ പല പ്രദേശങ്ങളും പിടിച്ചടക്കുകയുണ്ടായി. പിന്നീട് യജ്ഞശ്രീ ശാതകര്‍ണിക്ക് ശകന്മാരില്‍ നിന്നും ഈ പ്രദേശങ്ങള്‍ തിരിച്ചുപിടിക്കാനും ശതവാഹനശക്തി ദൃഢീകരിക്കാനും സാധിച്ചു. പില്ക്കാല ശതവാഹന രാജാക്കന്മാര്‍ ദുര്‍ബലരായിരുന്നതിനാല്‍ ഡെക്കാണിന്റെ കേന്ദ്ര രാഷ്ട്രീയ ശക്തിക്കു ക്ഷതമേറ്റു. ശതവാഹനരുടെ കാലത്ത് ഡെക്കാണ്‍ സാമ്പത്തിക രംഗത്ത് ഗണ്യമായ പുരോഗതി നേടി. റോമാ സാമ്രാജ്യം ഉള്‍പ്പെടെയുള്ള പല വിദേശ രാജ്യങ്ങളുമായും വാണിജ്യബന്ധം ശക്തിപ്പെടുത്തുവാനും അവര്‍ക്ക് അവസരമുണ്ടായി. ഇക്കാലത്ത് ഡെക്കാണില്‍ സുശക്തമായ വ്യവസ്ഥാപിത ഭരണകൂടം നിലനിന്നിരുന്നതായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു. ഇവര്‍ സാഹിത്യത്തിന്റേയും കലകളുടേയും വളര്‍ച്ചയ്ക്കു പ്രോത്സാഹനം നല്‍കി. ശതവാഹനരുടെ ഭരണത്തിന്‍കീഴില്‍ ഹിന്ദുമതവും ബുദ്ധമതവും ഒരുപോലെ വികസിച്ചുകൊണ്ടിരുന്നതായും ചരിത്രപണ്ഡിതന്മാര്‍ ചൂണ്ടിക്കാണിക്കുന്നു.
ശതവാഹനരെത്തുടര്‍ന്ന് എ.ഡി. 3-ാം ശ.-ത്തില്‍ ഡെക്കാണില്‍ നിരവധി സ്വതന്ത്ര രാജ്യങ്ങള്‍ നിലവില്‍വന്നു. അവയില്‍ പ്രമുഖമായത് വാകാടക രാജവംശമായിരുന്നു. ഉത്തരേന്ത്യയിലെ ഗുപ്തരാജാവായ ചന്ദ്രഗുപ്തന്‍ രാമന്‍ ഡെക്കാണിലെ ഈ പ്രബല ശക്തിയുമായി രാഷ്ട്രീയ സഖ്യത്തിനു സന്നദ്ധനായി. തന്റെ പുത്രിയായ പ്രഭാവതിയെ വാകാടക രാജാവ് രുദ്രസേനന്‍ രാമനു വിവാഹം ചെയ്തുകൊടുക്കുക വഴി ഈ സഖ്യം ദൃഢീകൃതമായി. തുടര്‍ന്ന് ഡെക്കാണില്‍ ഇവരുടെ പിന്‍ഗാമികളുടെ ഭരണമായിരുന്നു നടന്നുവന്നത്.
ഡെക്കാണ്‍ പ്രദേശത്തിന്റെ ആധിപത്യം നേടുവാന്‍ വേണ്ടി മത്സരിച്ചിരുന്ന പല്ലവന്മാരും ചാലൂക്യന്മാരും നിരന്തരമായ യുദ്ധങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്നു. 6-ാം ശ.-ത്തില്‍ വാതാപിയിലെ ചാലൂക്യന്മാര്‍ ഡെക്കാണിലെ പ്രബലശക്തിയായി തലയുയര്‍ത്തി നിന്നു. ചാലൂക്യരുടെ വരവോടെ ഡെക്കാണില്‍ വീണ്ടും ഒരു ഏകീകൃത ഭരണം നിലവില്‍ വരാന്‍ വഴിതെളിഞ്ഞു. വാതാപിയിലെ പ്രധാന രാജശാഖയ്ക്കു പുറമേ വെംഗിയും കല്യാണിയും ആസ്ഥാനമാക്കി മറ്റു രു ശാഖകള്‍ കൂടി ചാലൂക്യവംശത്തിനുണ്ടായിരുന്നു. വാതാപിയിലെ പുലകേശി ഒന്നാമനും പുലകേശി രാമനും ചാലൂക്യ വംശത്തിലെ പ്രബലരാജാക്കന്മാരുടെ ഗണത്തില്‍പ്പെടുന്നു. നര്‍മദാനദിക്കു തെക്കു ഭാഗത്തേക്ക് ശക്തിവ്യാപിപ്പിക്കുവാന്‍ മുന്നോട്ടുവന്ന, ഉത്തരേന്ത്യയിലെ ഭരണാധികാരിയായ കനൌജിലെ ഹര്‍ഷവര്‍ധന രാജാവിനെ പരാജയപ്പെടുത്തുവാന്‍ പുലകേശി രാമന് ഇക്കാലത്തു സാധിച്ചത് വമ്പിച്ച നേട്ടമായി ചരിത്രകാരന്മാര്‍ വിലയിരുത്തുന്നു. ഡെക്കാണ്‍ പ്രദേശത്തെ പൂര്‍ണമായും തന്റെ അധികാര പരിധിക്കുള്ളിലൊതുക്കുവാന്‍ സാധിച്ച സമര്‍ഥനായ ഈ ചാലൂക്യരാജാവിന്റെ പ്രശസ്തി ഇന്ത്യക്കു പുറത്തും വ്യാപിച്ചിരുന്നതായി രേഖപ്പെടുത്തിക്കാണുന്നു. പേര്‍ഷ്യയിലെ രാജാവ് ഇദ്ദേഹവുമായി നയതന്ത്രബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നതായും കരുതപ്പെടുന്നുണ്ട്. പുലകേശിയുടെ പിന്‍ഗാമികളെ പരാജയപ്പെടുത്തിക്കൊണ്ട് 8-ാം ശ.-ത്തില്‍ രാഷ്ട്രകൂടരാജാക്കന്മാര്‍ ഡെക്കാണില്‍ ആധിപത്യമുറപ്പിച്ചു.
തികഞ്ഞ ഇച്ഛാശക്തിയും ലക്ഷ്യബോധവും പ്രകടിപ്പിച്ച രാഷ്ട്രകൂടര്‍ തങ്ങളുടെ സൈനിക മുന്നേറ്റത്തിലൂടെ തെക്കും വടക്കുമുള്ള അയല്‍രാജ്യങ്ങളെ കീഴടക്കി രാജ്യവിസ്തൃതി വരുത്തി. ഗംഗാ സമതലത്തിലെ ശക്തമായ പ്രതിഹാര രാജ്യത്തെപ്പോലും പ്രകമ്പനം കൊള്ളിക്കാന്‍ ഇവര്‍ക്കു പ്രാപ്തിയുണ്ടായി. ഗോവിന്ദന്‍ മൂന്നാമന്‍ എന്ന രാഷ്ട്രകൂടരാജാവ് മികച്ച സൈനിക വിജയങ്ങള്‍ കൈവരിച്ചു. വടക്ക് ദക്ഷിണ ഗുജറാത്ത് മുതല്‍ തെക്ക് തഞ്ചാവൂര്‍ വരെയുള്ള ഭൂപ്രദേശങ്ങള്‍ ഇദ്ദേഹത്തിന്റെ അധികാര മേഖലയ്ക്കുള്ളില്‍പ്പെടുകയുണ്ടായി. അക്കാലത്ത് ഡെക്കാണ്‍ സന്ദര്‍ശിച്ച സുലൈമാന്‍ എന്ന അറബി വ്യാപാരി രാഷ്ട്രകൂട രാജാവായ അമോഘവര്‍ഷനെ വിശ്വോത്തര ചക്രവര്‍ത്തിമാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി പ്രശംസിച്ചിട്ടുണ്ട്. കൃഷ്ണന്‍ മൂന്നാമനു ശേഷം അധികാരത്തില്‍ വന്ന രാജാക്കന്മാര്‍ അപ്രാപ്തരായതോടെ രാഷ്ട്രകൂടശക്തി ക്ഷയോന്മുഖമായിത്തുടങ്ങി.
രാഷ്ട്രകൂടരെ പുറന്തള്ളിക്കൊണ്ട് 973-ല്‍ കല്യാണിയിലെ ചാലൂക്യന്മാര്‍ ഡെക്കാണില്‍ ആധിപത്യം സ്ഥാപിച്ചു. ഇരുനൂറോളം വര്‍ഷക്കാലം ഇവര്‍ ഡെക്കാണില്‍ ഭരണം തുടര്‍ന്നു. ഈ വിഭാഗത്തിലെ ഏറ്റവും ശക്തനായ രാജാവ് വിക്രമാദിത്യന്‍ ആറാമന്റെ (1076-1126) ഭരണകാലത്ത് ഡെക്കാണില്‍ സമാധാനം നിലനില്‍ക്കുകയും കലയും സാഹിത്യവും അഭിവൃദ്ധി പ്രാപിക്കുകയുമുണ്ടായി. ഇദ്ദേഹത്തിന്റെ കാലശേഷം ചാലൂക്യ ശക്തി ക്രമേണ ക്ഷയിക്കുവാന്‍ തുടങ്ങി. ഒടുവില്‍ (സു. 1190) പല സ്വതന്ത്രരാജ്യങ്ങളും ഡെക്കാണില്‍ ജന്മമെടുത്തു. ദേവഗിരിയിലെ യാദവന്മാര്‍, ദ്വാരസമുദ്രത്തിലെ (ദൊരൈസമുദ്രം) ഹൊയ്സാലന്മാര്‍, മധ്യ ഡെക്കാണിലെ വാറംഗലിലുള്ള കാകതീയന്മാര്‍ (കാകതേയന്മാര്‍) എന്നിവരായിരുന്നു അക്കൂട്ടത്തില്‍ പ്രാധാന്യമര്‍ഹിക്കന്നവര്‍. ഇവരില്‍ ദേവഗിരിയിലെ യാദവന്മാര്‍ പ്രബലരും പ്രഗല്ഭരുമായിരുന്നു.
ഡെക്കാണിലെ യാദവരെ പരാജയപ്പെടുത്തിക്കൊണ്ട് ഡല്‍ഹിയിലെ കില്‍ജിവംശ സുല്‍ത്താനായ അലാവുദ്ദീന്‍ കില്‍ജി ഇവിടെ മുസ്ലിം അധീശത്വം സ്ഥാപിച്ചു. അലാവുദ്ദീന്‍ മുമ്പ് ഔധില്‍ പ്രാദേശിക ഭരണാധികാരിയായിരിക്കവേ ദേവഗിരി കൊള്ളയടിച്ചുകിട്ടിയ വമ്പിച്ച സമ്പത്തിന്റെ ആകര്‍ഷണീയത വീണ്ടും ഡെക്കാണിലേക്കു നീങ്ങുവാന്‍ സുല്‍ത്താന് പ്രചോദനം നല്‍കി. ഡെക്കാണിലേക്കുള്ള അലാവുദ്ദീന്റെ സൈനിക പര്യടനത്തിനു നേതൃത്വം നല്‍കിയത് ഇദ്ദേഹത്തിന്റെ സേനയുടെ ജനറലായ മാലിക് കാഫൂര്‍ ആയിരുന്നു. മാലിക് കാഫൂറിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി സേന 1308-നും 1312-നും ഇടയ്ക്ക് ഡെക്കാണിലെ രാജാക്കന്മാരായ ദേവഗിരിയിലെ യാദവരേയും വാറംഗലിലെ കാകതീയരേയും ദ്വാരസമുദ്രത്തിലെ ഹൊയ്സാലരേയും തോല്പിച്ചത്തിനെത്തുടര്‍ന്ന് അവരെല്ലാം ഡല്‍ഹി സുല്‍ത്താന്റെ മേല്‍ക്കോയ്മ സ്വീകരിക്കുവാന്‍ നിര്‍ബന്ധിതരായിത്തീര്‍ന്നു. ഡല്‍ഹിയില്‍ പിന്നീട് അധികാരത്തില്‍വന്ന സുല്‍ത്താന്‍ മുഹമ്മദ് ബിന്‍ തുഗ്ലക്കിന്റെ ഭരണകാലത്ത് (1325-51) വിന്ധ്യാപര്‍വതത്തിനു തെക്കുള്ള പ്രദേശങ്ങളെല്ലാം ഡല്‍ഹി സുല്‍ത്താന്‍ സാമ്രാജ്യത്തിനു നഷ്ടമാവുകയും ആ സ്ഥാനത്ത് മറ്റു രണ്ട് പുതിയ ഭരണകൂടങ്ങള്‍ ഉദയം ചെയ്യുകയുമുണ്ടായി. ഡെക്കാണിലെ മുസ്ലിം ആധിപത്യത്തിനെതിരായുണ്ടായ രാഷ്ട്രീയ ധ്രുവീകരണത്തിന്റെ ഫലമായി കൃഷ്ണാനദീതടത്തിനു സമീപം സ്ഥാപിതമായ (1336) വിജയനഗരസാമ്രാജ്യമായിരുന്നു ഇതില്‍ പ്രമുഖം. സുല്‍ത്താനെതിരെ കലാപത്തിന് മുതിര്‍ന്ന ഹസ്സന്‍ എന്ന ഉദ്യോഗസ്ഥന്‍ സ്ഥാപിച്ച ബാഹ്മനി എന്ന സ്വതന്ത്രമുസ്ലിം രാജ്യമായിരുന്നു രാമത്തേത്. ബാഹ്മനി രാജ്യം ഉടലെടുത്തതു മുതല്‍ (1347) വിജയനഗര സാമ്രാജ്യവുമായി നിരന്തര യുദ്ധം നടത്തിപ്പോന്നു. അന്തഃഛിദ്രം മൂര്‍ഛിച്ച് 16-ാം ശ.-ത്തിന്റെ രു ദശാബ്ദങ്ങളായപ്പോഴേക്കും ശിഥിലമായിത്തീര്‍ന്ന ബാഹ്മനി രാജ്യം ബീജാപ്പൂര്‍, ഗോല്‍ക്കൊ, അഹമ്മദ് നഗരം, ബീദാര്‍, ബീറാര്‍ എന്നീ അഞ്ചു മുസ്ലിം രാജ്യങ്ങളായി വിഭജിതമാകാനുള്ള രാഷ്ട്രീയ സാഹചര്യമുണ്ടായി. അപ്പോഴും വിജയനഗരത്തോടുള്ള ഇവരുടെ നയത്തില്‍ കാര്യമായ മാറ്റമുണ്ടായില്ല. 1565-ലെ തളിക്കോട്ട യുദ്ധത്തില്‍ ഈ മുസ്ലിം സുല്‍ത്താന്‍മാര്‍ ഒറ്റക്കെട്ടായി അണിനിരന്നുകൊണ്ട് വിജയനഗര രാജ്യത്തെ പരാജയപ്പെടുത്തി നിശ്ശേഷം ശിഥിലമാക്കി. വിജയനഗരത്തിനെതിരായി ഇവര്‍ താല്‍ക്കാലികമായ ഐക്യം പ്രകടിപ്പിച്ചെങ്കിലും ഡെക്കാണില്‍ ആധിപത്യം സ്ഥാപിക്കുന്നതിനുവേണ്ടിയുള്ള കിടമത്സരം ഇവരെ ഭിന്നിപ്പിച്ചു നിര്‍ത്തുകതന്നെ ചെയ്തു. ഈ മുസ്ലിം സുല്‍ത്താന്‍രാജ്യങ്ങള്‍ക്കു പുറമേ ഏതാനും ചെറിയ ഹിന്ദുരാജ്യങ്ങള്‍കൂടി ഉള്‍പ്പെട്ട പ്രദേശമായിരുന്നു ഇക്കാലത്ത് ഡെക്കാണ്‍.
വടക്കേ ഇന്ത്യയിലെ മുഗള്‍ ഭരണം ഇക്കാലത്ത് ഡെക്കാണിലേക്കു വ്യാപിപ്പിക്കാനുള്ള സന്നാഹങ്ങളുണ്ടായി. അഖിലേന്ത്യാ ശക്തിയാകണമെങ്കില്‍ ഡെക്കാണ്‍ പ്രദേശം കൂടി തങ്ങളുടെ അധീനതയിലാകേത് അനിവാര്യമാണെന്ന് ഡല്‍ഹിയിലെ മുഗള്‍ ഭരണകൂടത്തിനു തോന്നി. മുഗള്‍ മേല്‍ക്കോയ്മ അംഗീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാ അക്ബര്‍ ചക്രവര്‍ത്തി ഡെക്കാണ്‍ രാജ്യങ്ങളിലേക്ക് 1591-ല്‍ നടത്തിയ നയതന്ത്രദൗത്യം പരാജയത്തില്‍ കലാശിച്ചു. തുടര്‍ന്ന് സൈനിക നടപടികളിലൂടെ അക്ബര്‍ ഡെക്കാണിലെ അഹമ്മദ്നഗര്‍ രാജ്യത്തിന്റെ ഉത്തരഭാഗങ്ങള്‍ പിടിച്ചെടുത്തു (1600). പിന്നീട് അധികാരത്തിലേറിയ മുഗള്‍ ചക്രവര്‍ത്തിമാര്‍ ഡെക്കാണിലെ മുസ്ലിം രാജ്യങ്ങള്‍ ഒന്നൊന്നായി ആക്രമിച്ചു കൈവശപ്പെടുത്തി. ഔറംഗസീബ് ചക്രവര്‍ത്തിയുടെ കാലത്ത് 1687-ഓടെ ഈ പ്രക്രിയ പൂര്‍ത്തിയായി.
ഈ ഘട്ടത്തിലാണ് ഛത്രപതി ശിവാജിയുടെ രംഗപ്രവേശം. ശിവാജിയുടെ നേതൃത്വത്തില്‍ ഉത്തര-പശ്ചിമ ഡെക്കാണില്‍ വളര്‍ന്നുവന്ന മഹാരാഷ്ട്രശക്തി ഡെക്കാണിലെ മുഗള്‍ഭരണത്തിനു ഭീഷണിയായ ചരിത്രമാണ് പിന്നീടു നാം കാണുന്നത്. ഡെക്കാണിന്റെ ആധിപത്യം സ്വായത്തമാക്കുന്നതിനായി ശിവാജിയും മുഗളരും തമ്മില്‍ ഏറ്റുമുട്ടി. 1674-ല്‍ ഒരു സ്വതന്ത്രരാജ്യം സ്ഥാപിക്കുവാന്‍ ശിവാജിക്കു സാധിച്ചു. ശിവാജിയുടെ മരണ(1680)ശേഷം പിന്തുടര്‍ച്ചക്കാര്‍ മുഗളരുമായുള്ള ഏറ്റുമുട്ടല്‍ തുടര്‍ന്നു. ഔറംഗസീബ് ചക്രവര്‍ത്തിയുടെ മരണത്തോടുകൂടി (1707) മഹാരാഷ്ട്രര്‍ ഡെക്കാണിലെ പ്രബലശക്തിയായി വളര്‍ന്നു കഴിഞ്ഞിരുന്നു. ഡെക്കാണിലെ മുഗള്‍ ഉദ്യോഗസ്ഥന്‍ ആയിരുന്ന നിസാം-ഉല്‍-മുല്‍ക് ആസഫ് ഝാ ഡെക്കാണില്‍ സ്വതന്ത്ര മുസ്ലിം രാജ്യം സ്ഥാപിച്ചു (1724-28). ഇപ്രകാരം 18-ാം ശ.-ത്തില്‍ മഹാരാഷ്ട്രരുടെ രാജ്യവും നിസാമിന്റെ ഹൈദരാബാദും ഡെക്കാണിലെ രു പ്രബലരാജ്യങ്ങളായി നിലവില്‍വന്നു. മഹാരാഷ്ട്രയില്‍ ക്രമേണ, ശിവാജിയുടെ വംശക്കാരുടെ പേഷ്വാമാരിലേക്ക് (പ്രധാനമന്ത്രി) അധികാരം വഴുതിക്കൊണ്ടിരുന്നു. പേഷ്വാമാരുടെ നേതൃത്വത്തില്‍ 18-ാം ശ.-ത്തിന്റെ മധ്യത്തോടെ മറാത്താശക്തി ഇന്ത്യയുടെ തെക്കും വടക്കും ഭാഗങ്ങളില്‍പ്പെട്ട കൂടുതല്‍ സ്ഥലങ്ങളിലേക്കു വ്യാപിച്ചു. എന്നാല്‍ 1761-ലെ മൂന്നാം പാനിപ്പത്ത് യുദ്ധത്തില്‍ മറാത്തര്‍ ദയനീയമായി പരാജയപ്പെട്ടതോടെ അവരുടെ ശക്തിയും രാജ്യവും പുനഃസൃഷ്ടിക്കാനാവാത്തവിധം ശിഥിലമായി. ഈ ഘട്ടത്തില്‍ കച്ചവടകാര്യങ്ങള്‍ക്കായി ഇന്ത്യയില്‍ എത്തിയ യൂറോപ്യന്മാര്‍ ഡെക്കാണ്‍ പ്രദേശങ്ങളില്‍ ഫാക്ടറികള്‍ സ്ഥാപിച്ചു തുടങ്ങിയിരുന്നു.
ഹൈദരാബാദിലെ നിസാം 1748-ല്‍ അന്തരിച്ചു. തദവസരത്തില്‍ ഹൈദരാബാദിന്റെ ഭരണത്തിനുവേണ്ടി കടുത്ത മത്സരം പൊട്ടിപ്പുറപ്പെട്ടു. ഡെക്കാണിലെ രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടാന്‍ യൂറോപ്യന്‍ കച്ചവടക്കമ്പനികള്‍ക്കു ലഭിച്ച ഈ അവസരം അവര്‍ തന്ത്രപൂര്‍വം പ്രയോജനപ്പെടുത്തി. ഫ്രഞ്ചുകാരും ബ്രിട്ടിഷുകാരും ഹൈദരാബാദിലെ അധികാര മത്സരത്തില്‍ ഏര്‍പ്പെട്ടിരുന്ന ഓരോ വിഭാഗത്തേയും പിന്തുണയ്ക്കുന്നു എന്ന വ്യാജേന രംഗത്തുവന്നു. നിര്‍ണായകമായ കര്‍ണാട്ടിക് യുദ്ധങ്ങളുടെ ഫലമായി ഡെക്കാണില്‍ അന്നുണ്ടായിരുന്ന ഫ്രഞ്ചുശക്തി നിഷ്ക്കാസിതമായി. ഡെക്കാണില്‍ തുടര്‍ന്നിരുന്ന ഇംഗ്ലീഷുകാരോട് പില്ക്കാലത്ത് ഹൈദരാബാദിലെ നിസാം അനുകൂല നിലപാടെടുത്തു.
1761-ല്‍ ഹൈദരലി മൈസൂറിന്റെ ഭരണം ഹിന്ദു രാജവംശത്തില്‍ നിന്ന് പിടിച്ചെടുക്കുകയും രാജ്യവിസ്തൃതി വര്‍ധിപ്പിക്കാനുള്ള യുദ്ധങ്ങള്‍ നടത്തുകയും ചെയ്തു. ഇതോടൊപ്പം ഹൈദരാബാദും മറാത്തയും ഡെക്കാണ്‍ ഭൂപ്രദേശത്ത് സാമ്രാജ്യവിസ്തൃതി ലാക്കാക്കി ഏറ്റുമുട്ടുന്ന അവസ്ഥയും സംജാതമായി. വിദേശശക്തിയായ ഇംഗ്ലീഷുകാരെ പുറത്താക്കുന്നതിന് ഒത്തുചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഇവര്‍ക്കു കഴിയാതെ പോയി. ഹൈദരുടെ മരണശേഷം പുത്രനായ ടിപ്പുസുല്‍ത്താന്‍ മൈസൂറില്‍ അധികാരത്തിലേറി. തുടര്‍ച്ചയായി ബ്രിട്ടിഷുകാരോട് ഏറ്റുമുട്ടിയ ടിപ്പു അകാലചരമത്തിനിരയായി. ഡെക്കാണിലെ രാജ്യങ്ങളുടെ പരസ്പര ശത്രുത മുതലെടുത്തുകൊണ്ട് ബ്രിട്ടിഷ് മേധാവിത്വം ഡെക്കാണിലും സമീപത്തുള്ള കൂടുതല്‍ പ്രദേശങ്ങളിലും വ്യാപിക്കുവാന്‍ ഇടയായി. തുടര്‍ന്ന്, ഇന്ത്യ മുഴുവനും ബ്രിട്ടിഷ് അധീനതയിലായി.
സ്വാതന്ത്ര്യലബ്ധിക്കു ശേഷം, ഹൈദരാബാദിനെ ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ക്കാതെ പ്രത്യേക രാജ്യമായി നിലനിര്‍ത്തുവാന്‍ നിസാം പദ്ധതിയുണ്ടാക്കി. എന്നാല്‍ ഇന്ത്യാ ഗവണ്‍മെന്റ് 1948-ല്‍ എടുത്ത സുദൃഢ നടപടികളുടെ ഫലമായി ഹൈദരാബാദ് ഇന്ത്യന്‍ യൂണിയന്റെ ഭാഗമായിത്തീര്‍ന്നു. പീന്നീടു നടന്ന സംസ്ഥാന പുനഃസംഘടനയനുസരിച്ച് ഡെക്കാണ്‍ പ്രദേശം ആന്ധ്ര, കര്‍ണാടകം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളുടെ ഭാഗമായി രൂപാന്തരപ്പെട്ടു.