This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡെങ്ഗിപ്പനി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഉള്ളടക്കം |
ഡെങ്ഗിപ്പനി
Dengue Fever
കൊതുകുകള്‍ പരത്തുന്ന ഒരു വൈറസ് രോഗം. ആര്‍ബോവൈറസ് ഗ്രൂപ്പ് 'ബി'യില്‍പ്പെടുന്ന ഫ്ളാവി വൈറസുകളാണ് ഡെങ്ഗിപ്പനി ഉണ്ടാക്കുന്നത്. ഉഷ്ണ, മിതോഷ്ണ പ്രദേശങ്ങളില്‍ ഈ രോഗം കൂടുതലായി കണ്ടുവരുന്നു. എ. ഡി. 992-ല്‍ ചൈനയില്‍നിന്നും ഡെങ്ഗിപ്പനിയുടെ ലക്ഷണങ്ങളോട് ഏറെ സാമ്യമുള്ള രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും, 1635-ല്‍ ഫ്രഞ്ച് വെസ്റ്റ് ഇന്‍ഡിസില്‍ പൊട്ടിപ്പുറപ്പെട്ട പകര്‍ച്ചവ്യാധിയാണ് ആദ്യമായി രേഖപ്പെടുത്തിയ ഡെങ്ഗിപ്പനി. 1779-ല്‍ അല്‍ ജബാര്‍റ്റി, കെയ്റോയിലും അതേവര്‍ഷം തന്നെ ഡേവിഡ് ബയ്ലോണ്‍, ബറ്റാവിയ (ജക്കാര്‍ത്ത)യിലും 1780-ല്‍ ബഞ്ചമിന്‍ റുഷ്, ഫിലാഡെല്‍ഫിയയിലും ഈ രോഗത്തെ സംബന്ധിച്ച് നടത്തിയ പഠനങ്ങള്‍ ഏറെ ശ്രദ്ധേയങ്ങളാണ്. തുടര്‍ന്ന് ലോകത്തിന്റെ ഇതരഭാഗങ്ങളില്‍ നിന്നും ഡെങ്ഗിപ്പനിയുടെ ലക്ഷണങ്ങളോട് ഏറെ സാമ്യം പുലര്‍ത്തുന്ന രോഗങ്ങള്‍ പകര്‍ച്ചവ്യാധിയുടെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്18-ാം ശ.-ത്തില്‍ കരീബിയയിലെ സ്പാനിഷ് സംസാരിക്കുന്ന ജനവിഭാഗങ്ങളില്‍ ഈ പകര്‍ച്ചവ്യാധി ഇടയ്ക്കിടെ പൊട്ടിപ്പുറപ്പെട്ടിരുന്നു. രോഗികള്‍ കാലുകള്‍ക്ക് വേദനയനുഭവപ്പെടാത്തവിധത്തില്‍ അടിവച്ചു നടക്കാന്‍ ശ്രദ്ധിക്കുന്നതുകൊണ്ടാണ് ആ അര്‍ഥം വരുന്ന 'ഡെങ്ഗി' എന്ന സ്പാനിഷ് പദം രോഗത്തിനു നല്‍കിയത്. ഇംഗ്ലീഷില്‍ ഡാന്‍ഡി ഫീവര്‍ എന്നും പറയുന്നു. ബ്രേക്ക് ബോണ്‍ ഫീവര്‍, ഡെംഗ (Denga), ഡുംഗ (Dunga), സെവന്‍ ഡെ ഫീവര്‍, അഥവാ ഏഴുദിനപ്പനി, ബൊനോന്‍, ചാപ്പന്‍ നൊനാഡ (Chapennonada), ഹോമ ഗു (Homa Mguu) എന്നീ വിവിധ പേരുകളില്‍ ഈ രോഗം വിവിധ പ്രദേശങ്ങളില്‍ അറിയപ്പെടുന്നു.
രോഗാണുക്കള്‍.
ഫ്ളാവിവൈറിഡെ (Flaviviridae) കുടുംബത്തില്‍പ്പെട്ട ഫ്ളാവിവൈറസുകളാണ് രോഗാണുക്കളായി വര്‍ത്തിക്കുന്നത്. ഇവയുടെ 4 സീറോ ടൈപ്പുകളെ (ഡെങ്ഗി 1, ഡെങ്ഗി 2, ഡെങ്ഗി 3, ഡെങ്ഗി 4) കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 50 നാനോമീറ്റര്‍ മാത്രം വലുപ്പമുള്ള ഏകശ്രേണിയില്‍ റൈബോന്യൂക്ലിക് അമ്ലം അടങ്ങിയിട്ടുള്ള അതിസൂക്ഷ്മവൈറസുകളാണ് ഇവ. ഫ്ളാവിവൈറസ് ജനുസ്സില്‍ത്തന്നെ ജൈവപരമായ സവിശേഷതകള്‍ കൊണ്ട് ഏറെ പ്രത്യേകത പുലര്‍ത്തുന്നവയാണ് ഡെങ്ഗിവൈറസുകള്‍. രോഗം ബാധിച്ച മനുഷ്യര്‍, രോഗാണുവാഹകരായ കൊതുകുകള്‍ എന്നിവയ്ക്കുപുറമേ ചിലയിനം കുരങ്ങുകളിലും ഇത്തരം വൈറസുകളെ കണ്ടെത്തിയിട്ടുണ്ട്. ഡെങ്ഗിവൈറസുകളുടെ ഒരു സീറോടൈപ്പു മൂലം ഉണ്ടാകുന്ന രോഗബാധ മനുഷ്യരില്‍ ആ സീറോടൈപ്പിന് ആജീവനാന്ത പ്രതിരോധശക്തി സംജാതമാക്കുന്നു. എന്നാല്‍ ഇത് മറ്റു സീറോടൈപ്പുകള്‍ക്കെതിരേ സംരക്ഷണമായി വര്‍ത്തിക്കുന്നില്ല.
ഡെങ്ഗിപ്പനി മൂന്നുതരം രോഗലക്ഷണങ്ങള്‍ ഉണ്ടാക്കാറുണ്ട്. സാധാരണ ഡെങ്ഗിപ്പനി (ക്ലാസിക് ഡെങ്ഗി ഫീവര്‍), രക്തസ്രാവത്തോടെയുള്ള ഡെങ്ഗിപ്പനി (ഡെങ്ഗി ഹെമറേജിക് ഫീവര്‍), ആഘാതാവസ്ഥയോടുകൂടിയ ഡെങ്ഗിപ്പനി (ഡെങ്ഗി ഷോക്ക് സിന്‍ഡ്രോം) എന്നിങ്ങനെയാണ് ഡെങ്ഗിപ്പനിയെ തരംതിരിച്ചിട്ടുള്ളത്.
ഡെങ്ഗിപ്പനി ബാധിച്ച രോഗിയില്‍നിന്നും ഈഡിസ് ഇനത്തില്‍പ്പെട്ട പെണ്‍കൊതുകുകള്‍ രക്തം കുടിക്കുന്നതോടെ രോഗാണുക്കളായ വൈറസുകള്‍ കൊതുകിനുള്ളില്‍ കടക്കുന്നു. 8-10 ദിവസങ്ങള്‍ക്കുള്ളില്‍ വൈറസുകള്‍ കൊതുകിന്റെ ഉമിനീര്‍ ഗ്രന്ഥിയില്‍ പ്രവേശിക്കുന്നു. ഈ കൊതുകുകള്‍ ആരോഗ്യമുള്ള ഒരാളിന്റെ രക്തം കുടിക്കുന്നതോടൊപ്പം രോഗാണുക്കളെ മുറിവിലൂടെ ശരീരത്തിനുള്ളില്‍ പ്രവേശിപ്പിക്കുകയും ചെയ്യുന്നു. രോഗാണുക്കള്‍ മനുഷ്യശരീരത്തില്‍ എത്തി 3-14 ദിവസം കഴിയുമ്പോള്‍ (ശരാശരി 3-4 ദിവസം) രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നു.
പെട്ടെന്നുള്ള കഠിനമായ പനി, അസഹ്യമായ തലവേദന, നേത്രഗോളങ്ങളുടെ പിന്നിലെ വേദന, സന്ധികളിലും മാംസപേശികളിലും വേദന, വിശപ്പില്ലായ്മ, രുചിയില്ലായ്മ, മനംപുരട്ടലും ഛര്‍ദിയും എന്നിവ സാധാരണ ഡെങ്ഗിപ്പനിയുടെ ലക്ഷണങ്ങളാണ്. 'എല്ലു നുറുങ്ങുന്ന വേദന' അനുഭവപ്പെടുന്നതുകൊണ്ട് ഈ രോഗം 'ബ്രേക്ക് ബോണ്‍ ഫീവര്‍' എന്ന പേരിലും അറിയപ്പെടുന്നു. മൂന്നുനാല് ദിവസത്തെ ശക്തമായ പനിക്കുശേഷം ഏതാനും നാള്‍ രോഗലക്ഷണങ്ങള്‍ ഒന്നുംതന്നെ ഇല്ലാതിരിക്കുകയും വീണ്ടും പനി പ്രത്യക്ഷപ്പെടുകയും ചെയ്യുക ഈ രോഗത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ഇക്കാരണത്താല്‍ ഈ രോഗത്തിനു 'സാഡില്‍ ബാഗ് സിന്‍ഡ്രോം' എന്നും പേരുണ്ട്
ഏതെങ്കിലും ഒരിനം ഡെങ്ഗിവൈറസ് ബാധിക്കുന്നവര്‍ക്കാണ് സാധാരണ ഡെങ്ഗിപ്പനി ഉണ്ടാകുന്നത്. ഒന്നിലധികം ഇനം ഡെങ്ഗിവൈറസുകള്‍ ഒരേ വ്യക്തിയെ ആക്രമിക്കുമ്പോഴാണ് രക്തസ്രാവത്തോടെയുള്ള ഡെങ്ഗിപ്പനി ഉണ്ടാവുന്നത്. വളരെ മാരകമായിട്ടുള്ള ഡെങ്ഗിപ്പനിയുടെ അവസ്ഥയാണിത്. സാധാരണ ഡെങ്ഗിപ്പനിക്കുള്ള ലക്ഷണങ്ങളെക്കൂടാതെ മൂക്ക്, വായ്, മോണ എന്നിവയില്‍ നിന്നുള്ള രക്തസ്രാവം, കൂടെക്കൂടെ രക്തത്തോടെയോ അല്ലാതെയോ ഉള്ള ഛര്‍ദി, അസ്വസ്ഥത, ഉറക്കമില്ലായ്മ, അമിതമായ ദാഹം, നാഡിമിടിപ്പ് കുറയല്‍, ശ്വാസോച്ഛ്വാസത്തിനു വൈഷമ്യം, ത്വക്കില്‍ രക്തപ്പാടുകള്‍ തുടങ്ങിയ ലക്ഷണങ്ങള്‍ ഈ ഘട്ടത്തില്‍ കാണുന്നു. രക്തത്തിലെ പ്ലേറ്റ്ലറ്റ് കണങ്ങള്‍ കുറഞ്ഞുപോകുന്നതാണ് പെട്ടെന്നുള്ള രക്തസ്രാവത്തിന് കാരണം.
ആഘാതാവസ്ഥയോടു കൂടിയ ഡെങ്ഗിപ്പനിയില്‍ രോഗിയുടെ രക്തസമ്മര്‍ദം വളരെ കുറയുകയും നാഡിമിടിപ്പ് തകരാറിലാകുകയും ചെയ്യുന്നു. ശരീരത്തില്‍ നിന്ന് പ്ലാസ്മയും രക്തവും നഷ്ടപ്പെടുന്നതുമൂലം മരണം സംഭവിക്കുന്നു. ഒരിക്കല്‍ ഡെങ്ഗിപ്പനി ബാധിച്ച ആള്‍ക്ക് വീണ്ടും രോഗബാധയുണ്ടാകുകയാണെങ്കില്‍ രക്തസ്രാവത്തോടുകൂടിയ ഡെങ്ഗിപ്പനി, ആഘാതാവസ്ഥയോടുകൂടിയ ഡെങ്ഗിപ്പനി എന്നിവ ആയിത്തീരാനുള്ള സാധ്യത വളരെയധികമാണ്.
ഡെങ്ഗിപ്പനിക്ക് ഫലപ്രദമായ വാക്സിന്‍ നിലവിലില്ല. രോഗലക്ഷണങ്ങള്‍ മനസ്സിലാക്കി ചികിത്സ നല്‍കുകയാണ് പതിവ്. ശരീരത്തിലെ ദ്രാവകനഷ്ടം നികത്തല്‍, രക്തമോ പ്ളേറ്റ്ലറ്റോ നല്‍കല്‍ എന്നിവ രോഗതീവ്രത കുറയ്ക്കുന്നതിനും മരണം സംഭവിക്കുന്നത് തടയുവാനുമായി സ്വീകരിച്ചുവരുന്ന മാര്‍ഗങ്ങളാണ്. രക്തം കട്ടയാവാതിരിക്കുവാനായി ഹൃദ്രോഗികള്‍ക്കും മറ്റും നല്‍കിവരുന്ന ആസ്പിരിന്‍ പോലെയുള്ള ഔഷധങ്ങള്‍ രോഗബാധിതര്‍ ഉപയോഗിക്കാന്‍ പാടില്ല. ഇവ രക്തസ്രാവത്തിനുള്ള സാധ്യത കൂട്ടുന്നു എന്നതാണ് കാരണം. ഡെങ്ഗിപ്പനി ബാധിക്കുന്ന പ്രദേശങ്ങളില്‍ കാലക്രമേണ കൂടുതല്‍ രക്തസ്രാവത്തോടുകൂടിയ ഡെങ്ഗിപ്പനി കേസുകള്‍ ഉണ്ടായിക്കൊണ്ടിരിക്കും. അതിനാല്‍ വരുംവര്‍ഷങ്ങളില്‍ പൊതുജനാരോഗ്യ സംവിധാനം കൂടുതല്‍ ജാഗരൂകമാക്കേതുണ്ട്
രോഗാണുവാഹകരായ കൊതുകുകള്‍
പുലി കൊതുകുകള്‍ (ടൈഗര്‍ മസ്ക്വിറ്റോസ്) എന്ന് പൊതുവേ അറിയപ്പെടുന്ന 'ഈഡിസ് ഈജിപ്റ്റി' (അലറല അലഴ്യുശേ) കൊതുകുകളാണ് ഡെങ്ഗിപ്പനിയുടെ പ്രധാന രോഗാണുവാഹകര്‍. 'ഈഡിസ് ആല്‍ബോപ്പിക്റ്റ്സ്' എന്നയിനം കൊതുകുകളും രോഗവ്യാപനത്തിനു പ്രധാനപ്പെട്ട പങ്കുവഹിക്കുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. 'ഈഡിസ് നിവിയസ്' ഇനം കൊതുകുകള്‍ മലേഷ്യയിലും വിയറ്റ്നാമിലും ഡെങ്ഗിപ്പനി വ്യാപിപ്പിക്കുന്നു. 'ഈഡിസ് സമോയന്‍സ്', 'ഈഡിസ് ഫിജിയന്‍സിസ്' എന്നീ കൊതുകുകള്‍ സമോവ, ഫിജി എന്നിവിടങ്ങളില്‍ രോഗം പരത്തുന്നതായി സംശയിക്കപ്പെടുന്നു. 'ഈഡിസ് പോളിനേസിയന്‍സ്', 'ഈഡിസ് സ്ക്കൂട്ടല്ലാരിസ്' എന്നീ കൊതുകുകള്‍ പസിഫിക് ദ്വീപുകളില്‍ ഈ രോഗം പരത്തുന്നതായി തെളിഞ്ഞിട്ട്ു. 'ഈഡിസ് റൊട്ടുമെ', 'ഈഡിസ് ഹൈബ്രിഡിയുസ്', 'ഈഡിസ് ഒബെ', 'ഈഡിസ് കുക്കി', 'ഈഡിസ് സ്യൂഡോസ്ക്കൂട്ടല്ലാരിസ്', 'ഈഡിസ് ഹാക്കന്‍സോണി' എന്നീ ഇനങ്ങളിലുള്ള കൊതുകുകള്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ഈ രോഗം വ്യാപിപ്പിക്കുന്നതായി കരുതുന്നു. ഇന്ത്യയില്‍ പൊതുവേ ഈഡിസ് ഈജിപ്റ്റി കൊതുകുകളാണ് ഡെങ്ഗിപ്പനി പരത്തുന്നതില്‍ മുഖ്യപങ്കുവഹിക്കുന്നത്. 1998 മുതല്‍ 2002 വരെ കേരളത്തിലെ വിവിധ ജില്ലകളില്‍ നടത്തിയ പഠനങ്ങളിലൂടെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ ഈഡിസ് ഈജിപ്റ്റി കൊതുകുകള്‍ പ്രജനനം നടത്തുന്നതായി കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ 14 ജില്ലകളും ഈഡിസ് ആല്‍ബോപിക്റ്റസ് കൊതുകുകളുടെ ഈറ്റില്ലങ്ങളാണെന്ന് പറയാം. മഴക്കാലമാകുന്നതോടെ (ഇടവിട്ടുള്ള മഴ) ഈയിനം കൊതുകുകളുടെ എണ്ണത്തിലുള്ള വര്‍ധനവിനും രോഗവ്യാപനത്തിനും ആക്കം കൂടുന്നു. ഗൃഹ/ഗൃഹ പരിസര സൂചിക (House/premises index), കൂത്താടികള്‍ ഉള്‍ക്കൊള്ളുന്ന സ്രോതസ്സ് സൂചിക (container index), സ്രോതസ്സ് - ഗൃഹ അനുപാത സൂചിക അഥവാ ബ്രീട്ടി സൂചിക (Breteau index) എന്നിവ അടിസ്ഥാനമാക്കിയാണ് ഒരു പ്രദേശത്ത് രോഗവ്യാപനത്തിന്റെ സാധ്യത മനസ്സിലാക്കുന്നത്. ഒരു പ്രദേശത്തെ ഈഡിസ് കൊതുകുകളുടെ സാന്ദ്രത തിട്ടപ്പെടുത്താനും രോഗവ്യപനത്തിനുള്ള സാധ്യത മുന്‍കൂട്ടി മനസ്സിലാക്കാനും കൊതുകു നിയന്ത്രണത്തിനും അതുവഴി രോഗനിര്‍മാര്‍ജനത്തിനും വേണ്ട സത്വര നടപടികള്‍ കൈക്കൊള്ളുന്നതിനും ഈ സൂചികകള്‍ സഹായകമാണ്. 1999 മുതല്‍ 2002 വരെ ആലപ്പുഴ ജില്ലയില്‍ ഈഡിസ് ഇനത്തില്‍പ്പെട്ട കൊതുകുകളെ സംബന്ധിച്ചു നടത്തിയ പഠനത്തില്‍ നിന്ന് ഈഡിസ് ആല്‍ബോപിക്റ്റസ് കൊതുകുകളാണ് ഇവിടെ മുഖ്യമായും പ്രജനനം നടത്തുന്നതെന്നു കണ്ടെത്തിയിട്ടുണ്ട്. ഈഡിസ് ഈജിപ്റ്റി ഇനത്തില്‍പ്പെട്ട കൊതുകുകള്‍ ഇവിടെ പ്രജനനം നടത്തുന്നില്ല. ഈഡിസ് ആല്‍ബോപിക്റ്റസ് കൊതുകുകള്‍ ഇവിടെ മുഖ്യരോഗാണുവാഹകരായി വര്‍ത്തിക്കുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. കേരളത്തിലാകമാനം കൂടുതല്‍ പേര്‍ക്ക് രോഗം ബാധിക്കുന്നതും മരണസംഖ്യയില്‍ വര്‍ധനവുണ്ടാകുന്നതും ഈഡിസ് ആല്‍ബോപിക്റ്റസ് കൊതുകുകള്‍ രോഗവ്യാപനത്തില്‍ മുഖ്യ പങ്കുവഹിക്കുന്നതുമൂലമാണെന്ന് കരുതേണ്ടിയിരിക്കുന്നു.
പകല്‍സമയം രക്തപാനം നടത്തുന്ന ഈഡിസ് കൊതുകുകള്‍ രാത്രികാലങ്ങളിലാണ് മുട്ടയിടാന്‍ ഇഷ്ടപ്പെടുന്നത്. ഇവ ജലോപരിതലത്തില്‍ മുട്ടയിടുന്നതിനുപകരം ജലപ്പരപ്പിനു മുകളിലുള്ള നനഞ്ഞ തലങ്ങളിലാണ് മുട്ടയിടുക പതിവ്. ഈയിനം കൊതുകുകളുടെ മുട്ടകള്‍ വെള്ളത്തിന്റെ അസാന്നിധ്യത്തിലും മാസങ്ങളോളം യാതൊരു കുഴപ്പവുമില്ലാതെ നിലനില്‍ക്കും. ഒരു പ്രാവശ്യമിടുന്ന മുട്ടകള്‍ ജലത്തിന്റെ ലഭ്യത അനുസരിച്ച് വിരിയുന്ന സ്വഭാവം ഇത്തരം കൊതുകുകളുടെ പ്രത്യേകതയാണ്. വരണ്ട കാലാവസ്ഥയെ അതിജീവിച്ച മുട്ടകള്‍ ഇടയ്ക്കിടെ വെള്ളത്തില്‍ മുങ്ങിയിരിക്കുന്നത് വിരിയാനുള്ള പ്രചോദനം നല്‍കും. വീട്ടിനുള്ളിലോ സമീപത്തോ വിശ്രമിക്കുന്ന ഇത്തരം കൊതുകുകള്‍ ശുദ്ധജലത്തിലാണ് മുട്ടയിടുന്നത്. നമ്മുടെ പരിസരത്തുള്ള പാത്രം, കുപ്പി, ചിരട്ട, ടയര്‍, വീപ്പ, വാട്ടര്‍ ടാങ്ക്, മണ്‍ചട്ടി, ആട്ടുകല്ല്, പൂച്ചട്ടി, വാട്ടര്‍ കൂളര്‍, റബര്‍ എടുക്കാന്‍ മരത്തില്‍ പിടിപ്പിച്ചിരിക്കുന്ന ചിരട്ട/പാത്രം എന്നിവയില്‍ ശേഖരിക്കപ്പെടുന്ന ജലത്തില്‍ ഇവ മുട്ടയിട്ട് പെരുകുന്നു. വാഴയുടെ കഷ്യങ്ങള്‍, സിമെന്റു മേല്‍ക്കൂര, മതിലിനുമുകളില്‍ പിടിപ്പിച്ചിട്ടുള്ള കുപ്പിച്ചീളുകള്‍, ഉപയോഗിക്കാത്ത സിമെന്റ് കട്ടകളിലെ കുഴികള്‍, സിമന്റ് ടാങ്കുകള്‍, ആഴം കുറഞ്ഞ കിണറുകള്‍, മരപ്പൊത്തുകള്‍ എന്നിവയിലുള്ള വെള്ളത്തിലും ഈയിനം കൊതുകുകള്‍ മുട്ടയിടുന്നു. രോഗാണുവാഹകരായ കൊതുകുകള്‍ ജീവിതകാലം മുഴുവന്‍ മനുഷ്യന് രോഗം പകര്‍ത്തുന്നു. 'ട്രാന്‍സ്ഒവേറിയന്‍ ട്രാന്‍സ്മിഷന്‍' എന്ന പ്രക്രിയയിലൂടെ തലമുറകളോളം രോഗാണുവാഹകശേഷി നിലനിര്‍ത്തുവാന്‍ ഇവയ്ക്കു കഴിയും. അതിനാല്‍ രോഗബാധിതരുടെ രക്തം കുടിക്കാതെ തന്നെ ഇവയ്ക്ക് രോഗാണുവാഹകരായി മാറാന്‍ കഴിയുന്നു. കൊതുകുകളുടെ എണ്ണം, അവയുടെ ആയുസ്സ്, ശരീരത്തിലെ രോഗാണുക്കളുടെ എണ്ണം എന്നിവയാണ് ഒരു പ്രദേശത്തെ ഈഡിസ് കൊതുകുകളുടെ രോഗവ്യാപനശേഷിയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍. ഈഡിസ് കൊതുകുകള്‍ക്ക് ഒരു സെക്കന്റില്‍ 50 സെ. മീ. ദൂരം പറക്കാന്‍ കഴിയും. വീടുകളും മറ്റ് കെട്ടിടങ്ങളും തിങ്ങിഞെരുങ്ങിയ നഗരപ്രദേശങ്ങളില്‍ ഇവയുടെ സഞ്ചാരം 100-400 മീ. വരെയാണ്. എന്നാല്‍ ഗതാഗതസൗകര്യങ്ങള്‍ വികസിച്ചതോടെ വിമാനങ്ങള്‍, കപ്പലുകള്‍, ട്രെയിനുകള്‍, മറ്റ് വാഹനങ്ങള്‍ എന്നിവയിലൂടെ സഞ്ചരിച്ച് വിദൂരദേശങ്ങളിലെത്തി ഈയിനം കൊതുകുകള്‍ രോഗവ്യാപനം നടത്തുന്നതായി വ്യക്തമായിട്ടുണ്ട്
ഉഷ്ണമേഖലാ രാജ്യങ്ങളിലെ ഇടവിട്ടുള്ള മഴ, 20-32° വരെയുള്ള അന്തരീക്ഷ താപനില എന്നിവ ഈഡിസ് കൊതുകുകളുടെ വളര്‍ച്ചയ്ക്കും നിലനില്‍പ്പിനും അനുകൂലമാണ്. അതേസമയം അന്തരീക്ഷ താപനില 10°-ല്‍ താഴെയായിരിക്കുമ്പോള്‍ പോലും രോഗസംക്രമണം നടത്താന്‍ വ. അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ ഈഡിസ് ആല്‍ബോപിക്റ്റസ് കൊതുകുകള്‍ ശേഷി ആര്‍ജിച്ചതായി കുവരുന്നു.
രോഗവ്യാപനം
ആഗോളതലത്തില്‍. 1827 മുതല്‍ കരീബിയന്‍-ഗള്‍ഫ് അത്ലാന്തിക് പ്രദേശങ്ങളില്‍ ഇത്തരം പകര്‍ച്ചവ്യാധി ഇടയ്ക്കിടെ പൊട്ടിപ്പുറപ്പെട്ടിരുന്നെങ്കിലും 1941-42 ല്‍ പനാമയില്‍ പ്രത്യക്ഷപ്പെട്ട പകര്‍ച്ചവ്യാധിയെ സംബന്ധിച്ച പഠനത്തിലൂടെയാണ് രോഗത്തിനാധാരമായ വൈറസുകളെ കണ്ടെത്തിയത്.
1897-ല്‍ നോര്‍ത്ത് ക്യൂന്‍സ്ലാന്‍ഡില്‍ (ആസ്റ്റ്രേലിയ) രക്തസ്രാവത്തോടുകൂടിയതും, ഡെങ്ഗിപ്പനിയോട് ഏറെ സാമ്യമുള്ളതുമായ ഒരു പകര്‍ച്ചവ്യാധി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സമാനലക്ഷണങ്ങളോടു കൂടിയ രക്തസ്രാവരോഗം 1903-ല്‍ ഹവായിയിലും 1928-ല്‍ ഗ്രീസിലും 1931-ല്‍ തായ്വാനിലും രേഖപ്പെടുത്തിയിട്ടുള്ളതായറിയാം.
ഏകദേശം നാല്പത് വര്‍ഷങ്ങള്‍ക്കുമുമ്പ് തന്നെ കരീബിയയിലും തെ. അമേരിക്കയുടെ വടക്കന്‍ പ്രദേശങ്ങളിലും ഡെങ്ഗിപ്പനി വ്യാപിച്ചിരുന്നതായി റിപ്പോര്‍ട്ടുകളില്‍ കാണുന്നു. അരൂബ, ബാര്‍ബദോസ്, ബ്രസീല്‍, കൊളംബിയ, ഡൊമിനിക്കന്‍ റിപ്പബ്ലിക്, എല്‍ സാല്‍വഡോര്‍, ഫ്രഞ്ച് ഗയാന, ഗ്വാട്ടിമാല, ഗ്വാട്ടിലൂപ്പ്, ഗൊണൂറസ്, ട്രിനിഡാഡ്, ജമേക്ക, മെക്സിക്കൊ, നികരാഗ്വ, ക്യൂബ, വെനിസ്വെല എന്നിവ ഡെങ്ഗിപ്പനി ഭീഷണി നേരിടുന്ന സ്ഥലങ്ങളാണ്.
ഉഷ്ണമേഖലാ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന വടക്കന്‍ ആഫ്രിക്കയും കിഴക്കന്‍ മെഡിറ്ററേനിയന്‍ പ്രദേശങ്ങളും ഡെങ്ഗിപ്പനിയുടെ ആക്രമണത്തിനു വിധേയമാകുന്ന സ്ഥലങ്ങളാണ്. അങ്ഗോള, ബുര്‍കിനഫാസോ, കൊമറോസ്, ജിബൂട്ടി, എത്യോപ്യ, ഗയാന, ഗീനിയ, കെനിയ, മഡഗാസ്കര്‍, മൗറീഷ്യസ്, മൊസാമ്പിക്, നൈജീരിയ, പാകിസ്താന്‍, സൌദി അറേബ്യ, സെനഗല്‍, സേഷെല്‍സ്, സൊമാലിയ, സുഡാന്‍, യുണൈറ്റഡ് റിപ്പബ്ളിക് ഒഫ് താന്‍സാനിയ എന്നിവിടങ്ങളില്‍ 1967 മുതല്‍ ഡെങ്ഗിപ്പനി വന്‍ദുരിതം വിതച്ചുകൊണ്ടിരിക്കുന്നു.
സിംഗപ്പൂര്‍, കംബോഡിയ, ചൈന, ലാവോസ്, മലേഷ്യ, ന്യൂ കാലഡോണിയ, പാലൊ, ഫിലിപ്പീന്‍സ്, തഹീതീ, വിയറ്റ്നാം, ഫിജി തുടങ്ങിയ പടിഞ്ഞാറന്‍ പസിഫിക് രാജ്യങ്ങളും ഇന്ത്യ, ഇന്തോനേഷ്യ, മാലിദ്വീപുകള്‍, മ്യാന്‍മാര്‍, ശ്രീലങ്ക, തായ്ലന്‍ഡ് തുടങ്ങിയ തെക്ക്-കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളും ഡെങ്ഗിപ്പനി ഭീഷണി നേരിടുന്ന പ്രദേശങ്ങളാണ്.
ഡെങ്ഗിപ്പനി ഇന്ന് ഒരു അന്തര്‍ദേശീയ പൊതുജനാരോഗ്യ പ്രശ്നമായി മാറിയിരിക്കുന്നു. രാം ലോക യുദ്ധത്തിനുശേഷം തെ.-കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഡെങ്ഗിപ്പനിയുടെ തീവ്രത വര്‍ഷംതോറും ഏറിവരുന്നതായി സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ മുപ്പത് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ രോഗം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിച്ച് രോഗാതുരതയിലും മരണനിരക്കിലും മറ്റെല്ലാ കൊതുകുജന്യരോഗങ്ങളെയും പിന്നിലാക്കി. ഇന്ന് ഈ രോഗം നൂറിലേറെ രാജ്യങ്ങളില്‍ വന്‍ദുരിതം വിതച്ചു കൊണ്ടിരിക്കുന്നു. ലോകജനസംഖ്യയുടെ ഏകദേശം 40 ശ.മാ. (250-300 കോടി) ഡെങ്ഗിപ്പനി ഭീഷണി നേരിടുന്നു. പ്രതിവര്‍ഷം ഏകദേശം 10 കോടി ആളുകള്‍ രോഗബാധിതരാകുന്നു. ഇതില്‍ അഞ്ച് ലക്ഷത്തോളം പേര്‍ രക്തസ്രാവത്തോട് കൂടിയ ഡെങ്ഗിപ്പനിക്ക് അടിപ്പെടുന്നു. ഡെങ്ഗിപ്പനി ബാധിക്കുന്നവരില്‍ 95 ശ.മാ.-ത്തിലേറെയും പതിനഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികളാണെന്ന് ആഗോളതലത്തിലുള്ള പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഡെങ്ഗിപ്പനി മൂലമുള്ള മരണനിരക്ക് ശരാശരി 5 ശ.മാ. ആണെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
രോഗവ്യാപനം ഇന്ത്യയില്‍
ഇന്ത്യയില്‍ 1813-ല്‍ ഡെങ്ഗിപ്പനിയുടെ ലക്ഷണങ്ങളോട് ഏറെ സാമ്യം പുലര്‍ത്തുന്ന പകര്‍ച്ചവ്യാധി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും, ഡാബിന്‍ എന്ന വൈദ്യശാസ്ത്രഗവേഷകന്‍ 1945-ല്‍ കൊല്‍ക്കത്തയില്‍ രോഗബാധിതരായ പട്ടാളക്കാരില്‍ നിന്നും രോഗത്തിനാധാരമായ വൈറസുകളെ വേര്‍തിരിച്ചെടുത്തതോടെയാണ് ഈ രോഗം ഇന്ത്യയില്‍ ആദ്യമായി സ്ഥിരീകരിക്കപ്പെട്ടത്. 1960-നുശേഷം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഈ രോഗം ഒരു പകര്‍ച്ചവ്യാധിയുടെ രൂപത്തില്‍ പ്രത്യക്ഷപ്പെടുകയും അനേകം ജീവന്‍ അപഹരിക്കുകയുമുണ്ടായി. 1996-ല്‍ ഡല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട ഡെങ്ഗിപ്പനി, 10,252 പേരെ ബാധിക്കുകയും 423 പേരുടെ മരണത്തിനു കാരണമാകുകയും ചെയ്തു.
ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ഡെങ്ഗിപ്പനി/രക്തസ്രാവത്തോടുകൂടിയ ഡെങ്ഗിപ്പനി ബാധിതരുടെ എണ്ണവും മരണനിരക്കും പട്ടിക ക-ല്‍ കൊടുത്തിരിക്കുന്നു.
കേരളം, കര്‍ണാടകം, തമിഴ്നാട്. ഒറീസ, ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാണ, ഡല്‍ഹി, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലും ഡെങ്ഗിപ്പനിയുടെ ഭീഷണി സര്‍വസാധാരണമാണ്.
രോഗവ്യാപനം കേരളത്തില്‍.
പൂന ആസ്ഥാനമായുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയിലെ ഗവേഷകര്‍ കേരളത്തില്‍ ഡെങ്ഗി വൈറസുകള്‍ ഉള്‍പ്പെടെയുള്ള ആര്‍ബോവൈറസുകളുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് (1973). തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ 1974-ല്‍ ഈ രോഗം ഒരു പകര്‍ച്ചവ്യാധിയുടെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടതും രോഗാണുക്കളായ ഡെങ്ഗി-2 വൈറസുകളെ വേര്‍തിരിച്ചെടുക്കാന്‍ സാധിച്ചതും എടുത്തു പറയേ വസ്തുതകളാണ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഇത്തരം വൈറസുകളെ സംബന്ധിച്ച പഠനങ്ങള്‍ ധാരാളം നടന്നിട്ടുണ്ടെങ്കിലും, കേരളത്തില്‍ നാമമാത്രമായി മാത്രമേ ഇത്തരം പഠനങ്ങള്‍ക്ക് അവസരമുണ്ടായിട്ടുള്ളൂ. തിരുവനന്തപുരം ആസ്ഥാനമായുള്ള ശ്രീചിത്തിര തിരുനാള്‍ മെഡിക്കല്‍ സെന്ററിലെ ഗവേഷകര്‍ തെക്കന്‍ കേരളത്തില്‍ ഡെങ്ഗി വൈറസുകളെ സംബന്ധിച്ച് നടത്തിയ നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാണ്. ഈ പഠനത്തില്‍ ജപ്പാന്‍ മസ്തിഷ്ക്കജ്വരം, വെസ്റ്റ് നൈല്‍, ചിക്കന്‍ ഗുനിയ, ഡെങ്ഗി-2 എന്നീ വൈറസുകള്‍ മനുഷ്യരില്‍നിന്നും വേര്‍തിരിച്ചെടുത്തതായി രേഖപ്പെടുത്തിയിട്ടുണ്ട്
കേരളത്തില്‍ മലമ്പനി ഉള്‍പ്പെടെയുള്ള കൊതുകുജന്യരോഗങ്ങള്‍ അനേകം പേരുടെ മരണത്തിന് ഇടയാക്കിയിട്ടുങ്കിെലും ഡെങ്ഗിപ്പനി അടുത്ത കാലം വരെ ഒരു വലിയ ഭീഷണിയായിരുന്നില്ല. 1997-ല്‍ കോട്ടയം ജില്ലയില്‍ 14 പേര്‍ക്ക് ഡെങ്ഗിപ്പനി ബാധിച്ചതും 4 പേര്‍ മരിക്കാനിടയായതും ഈ രോഗം കേരളത്തില്‍ ചുവടുറപ്പിച്ചതിന്റെ തെളിവാണ്. 1998-ല്‍ കോട്ടയം ജില്ലയില്‍, കഠിനമായ പനി, അസഹ്യമായ തലവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച രോഗികളുടെ രക്തം ശേഖരിച്ച് പൂനയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയില്‍ പരിശോധിച്ചപ്പോള്‍ ഇവരില്‍ 57.2 ശ.മാ. പേര്‍ക്ക് ഡെങ്ഗിപ്പനിയാണെന്ന് സ്ഥിരീകരിക്കുവാന്‍ കഴിഞ്ഞു. രോഗാണുവാഹകരായ കൊതുകുകളും രോഗാണുക്കളായ വൈറസുകളും 1997 വരെ കേരളത്തില്‍ നിശ്ശബ്ദമായി മറ്റൊരു പടയൊരുക്കത്തിനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്ന് വേണം കരുതാന്‍. ഏറ്റവും അനുയോജ്യമായ സാഹചര്യം സംജാതമായതോടെ 2003-ല്‍ ഈ രോഗം കേരളത്തിലെ എല്ലാ ജില്ലകളിലും വ്യാപിക്കുകയും 1560 പേരെ രോഗബാധിതരാക്കുകയും 35 പേരുടെ മരണത്തിന് ഇടയാക്കുകയും ചെയ്തു (2003 ജൂല. 21 വരെ ലഭിച്ച റിപ്പോര്‍ട്ട്). കേരളത്തില്‍ 1997 മുതല്‍ പ്രത്യക്ഷപ്പെട്ട ഈ രോഗത്തെ സംബന്ധിച്ച വിവരം പട്ടിക II-ല്‍ കൊടുത്തിരിക്കുന്നു.
ഢക. രോഗവ്യാപനം തടയാനുള്ള മാര്‍ഗങ്ങള്‍. രോഗം ബാധിച്ചവരെ കൊതുകു വലയ്ക്കുള്ളില്‍ കിടത്തി ചികിത്സിക്കുകയാണ് അഭികാമ്യം. ഇവരില്‍ നിന്നും രക്തപാനം നടത്തി കൊതുകുകള്‍ രോഗാണുവാഹകരായി മാറുന്നത് തടയുവാന്‍ ഇത് ഉപകരിക്കും. കൊതുകുവല, കൊതുകുകടക്കാത്ത സ്ക്രീനുകള്‍, മനുഷ്യര്‍ക്ക് ഹാനികരമല്ലാത്ത കൊതുകുതിരികള്‍ തുടങ്ങിയവ വ്യക്തിഗതസംരക്ഷണ മാര്‍ഗങ്ങളാണ്. സമഗ്രമായ കൊതുകുനശീകരണവും കൊതുകുകളുടെ പ്രജനനസ്ഥലങ്ങള്‍ ഇല്ലാതാക്കുകയും ആണ് ഡെങ്ഗിപ്പനി നിയന്ത്രണത്തിനുള്ള ഏകപോംവഴി. ഉപയോഗശൂന്യമായി വെളിയില്‍ കളയുന്ന പ്ളാസ്റ്റിക് പാത്രങ്ങള്‍, ടിന്നുകള്‍, ചിരട്ടകള്‍ തുടങ്ങിയവയിലും മരപ്പൊത്തുകളിലും പാത്രക്കഷണങ്ങളിലും മറ്റും കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ പെരുകുവാന്‍ ഇഷ്ടപ്പെടുന്ന ഈയിനം കൊതുകുകളെ നിര്‍മാര്‍ജനം ചെയ്യുന്നതിന് ഇത്തരം സ്രോതസ്സുകള്‍ നശിപ്പിക്കുകയാണ് ഫലപ്രദമായ മാര്‍ഗം. കീടനാശിനിയുടെ പ്രയോഗം, ധൂപനം (ളീഴഴശിഴ), ജൈവിക നിയന്ത്രണങ്ങള്‍ എന്നിവ കൂത്താടി നശിപ്പിക്കുന്നതിന് പ്രയോജനപ്രദമാണ്. ബോധവത്ക്കരണത്തിന് പ്രാധാന്യം നല്‍കി ആരോഗ്യവകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സന്നദ്ധസംഘടനകളും പൊതുജനാരോഗ്യപ്രവര്‍ത്തകരും സഹകരിച്ച് നടപ്പിലാക്കുന്ന പ്രായോഗിക പ്രതിരോധ നടപടികള്‍ രോഗനിയന്ത്രണത്തിന് മുതല്‍ക്കൂട്ടായിരിക്കും. (ഡോ. ആര്‍. രാജേന്ദ്രന്‍, സ.പ.)