This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഗാദിര്‍ പ്രതിസന്ധി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:18, 7 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

അഗാദിര്‍ പ്രതിസന്ധി

മൊറോക്കോയില്‍ അത്ലാന്തിക് തീരത്തു സ്ഥിതിചെയ്യുന്ന തുറമുഖമായ അഗാദിറില്‍ വച്ചുണ്ടായ ഒരു അന്താരാഷ്ട്ര പ്രതിസന്ധി. മൊറോക്കോയില്‍ ഫ്രാന്‍സിന്റെയും ജര്‍മനിയുടെയും താത്പര്യങ്ങള്‍ തമ്മിലുണ്ടായ സംഘട്ടനമാണ് അഗാദിര്‍ പ്രതിസന്ധിക്ക് നിദാനം.

അല്‍ജിസിറാസ് സമ്മേളന (Conference of Algeciras,1906) ത്തിനുശേഷവും ഫ്രാന്‍സ് മൊറോക്കോയിലെ അധിനിവേശപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. ഇത് തങ്ങളുടെ താത്പര്യങ്ങള്‍ക്ക് ഹാനികരമാണെന്ന് ജര്‍മനി വിശ്വസിച്ചു. ജര്‍മനിയുടെ ആശങ്കകള്‍ ദൂരീകരിക്കാനുതകുന്ന തരത്തില്‍ ഫ്രാന്‍സും ജര്‍മനിയും തമ്മില്‍ മൊറോക്കോയെ സംബന്ധിച്ച് 1909-ല്‍ ഒരു കരാറില്‍ ഒപ്പുവച്ചു. പക്ഷേ ഈ കരാര്‍വ്യവസ്ഥകള്‍ പിന്നീടു ലംഘിക്കപ്പെട്ടു.

1911-ല്‍ മൊറോക്കോയില്‍ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ടു. അതിനെതുടര്‍ന്ന് സുല്‍ത്താന്‍ (മൌലേ അബ്ദുല്‍ ഹാഫിസ്) ഫ്രാന്‍സിന്റെ സഹായം തേടി. അതിന്റെ ഫലമായി മൊറോക്കോയുടെ തലസ്ഥാനമായ ഫെസ്സിലേക്ക് ഫ്രഞ്ചുപട്ടാളം നീങ്ങി. അതില്‍ പ്രതിഷേധിച്ച് ജര്‍മനി തങ്ങളുടെ 'പാന്തര്‍' (Panther) എന്ന ആയുധക്കപ്പല്‍ അഗാദിര്‍ തുറമുഖത്തേക്ക് വിട്ടു (1911 ജൂല.). ജര്‍മന്‍ വംശജരേയും ജര്‍മന്‍ താത്പര്യങ്ങളേയും സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടൊപ്പം ഫ്രാന്‍സിനൊരു താക്കീതുകൂടിയായിരുന്നു ഈ നടപടി. ജര്‍മനിയുടെ ഈ നീക്കം ഇംഗ്ളീഷുകാരെയും ആശങ്കാഭരിതരാക്കി. മൊറോക്കോതീരത്ത് ഒരു ജര്‍മന്‍ നാവികത്താവളമുണ്ടാകുന്നത് - പ്രത്യേകിച്ച് ബ്രിട്ടിഷ് നാവികത്താവളമായ ജിബ്രാള്‍ട്ടറിനു സമീപം - ബ്രിട്ടിഷ് താത്പര്യങ്ങള്‍ക്ക് ഹാനികരമായതിനാല്‍ ജര്‍മനിയുടെ ശ്രമത്തെ തങ്ങള്‍ ചെറുക്കുമെന്ന് ബ്രിട്ടന്‍, ജര്‍മനിക്ക് താക്കീതു നല്കി. ഈ പ്രതിസന്ധി ഒരു യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് കരുതി ജര്‍മനി ഫ്രാന്‍സുമായി ചര്‍ച്ചകള്‍ ആരംഭിച്ചു. അതിന്റെ ഫലമായി 1911 ന. 4-ന് മറ്റൊരു ഫ്രാങ്കോ-ജര്‍മന്‍ കരാര്‍ ഒപ്പുവയ്ക്കപ്പെട്ടു. ഈ കരാറനുസരിച്ച് മൊറോക്കോയില്‍ ഫ്രാന്‍സിന്റെ അധീശത്വം ജര്‍മനി അംഗീകരിച്ചു. അതിനുപകരം ഫ്രാന്‍സ് ഫ്രഞ്ച്-കോംഗോയിലെ 259,000 ച.കി.മീ. പ്രദേശം ജര്‍മനിക്ക് നല്കി. മൊറോക്കോയുമായി വ്യാപാരബന്ധങ്ങളിലേര്‍പ്പെടാന്‍ എല്ലാ രാഷ്ട്രങ്ങള്‍ക്കും 'തുല്യവും സ്വതന്ത്രവു'മായ അവകാശമുണ്ടായിരിക്കണമെന്ന ജര്‍മന്‍വാദവും അംഗീകരിക്കപ്പെട്ടു. ഇതിനെതുടര്‍ന്ന് ജര്‍മന്‍ നാവികസേന അഗാദിറില്‍നിന്നും പിന്‍വലിക്കപ്പെട്ടു. നോ: അല്‍ജിസിറാസ്, മൊറോക്കോ

(ഡോ. എ.കെ. ബേബി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍