This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡിജിറ്റല്‍ ഗണിത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:36, 2 ജനുവരി 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഡിജിറ്റല്‍ ഗണിത്രം

Digital counter

നിവേശത്തില്‍ (input) ലഭിക്കുന്ന പള്‍സുകളുടെ എണ്ണത്തിനനുസൃതമായി നിര്‍ഗമ (output) പള്‍സുകള്‍ നല്‍കുന്ന ഒരു ഡിജിറ്റല്‍ ഉപകരണം. നിരവധിയിനം ഇലക്ട്രോണിക് ഡിസ് പ്ലേ ഉപകരണങ്ങളില്‍ ഇവ ഇന്നുപയോഗിക്കപ്പെടുന്നു. ആവൃത്തി ഗണിത്രം (frequency counter), ഡിജിറ്റല്‍ വോള്‍ട്ട്മീറ്റര്‍ ഡിസ് പ്ലേ, ഡിജിറ്റല്‍ കംപ്യൂട്ടറിലെ പ്രോഗ്രാം ചെയ്യാവുന്ന ഇടവേളാ സമയസൂചകം (interval timer) എന്നിവ ഇതിനുള്ള ഉദാഹരണങ്ങളാണ്. അതേസമയം ഒന്നിലേറെ ഗണിത്രങ്ങള്‍ പ്രയോജനപ്പെടുത്തുന്ന സംവിധാനമാണ് ഡിജിറ്റല്‍ വാച്ച്; ഇതില്‍ സെക്കണ്ട്, മിനിറ്റ്, മണിക്കൂര്‍, ദിവസം, മാസം എന്നിവയ്ക്കെല്ലാം പ്രത്യേകം ഗണിത്രങ്ങള്‍ ഉപയോഗിക്കുന്നു.

ഇലക്ട്രോണിക് രീതിയില്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്ന സംഖ്യകള്‍ ദ്വയാംഗ സംഖ്യകള്‍ (binary numbers) ആയതിനാല്‍ മിക്ക ഡിജിറ്റല്‍ ഗണിത്രങ്ങളും ദ്വയാംഗ സംഖ്യാ രീതിയെ ആശ്രയിച്ചു പ്രവര്‍ത്തിക്കുന്നവയായിരിക്കും.

ചിത്രം 1. നാല് ബിറ്റ് ദ്വയാംഗ ഗണിതം

0 മുതല്‍ 15 വരെ എണ്ണാവുന്ന ഒരു നാലു-ബിറ്റ് ദ്വയാംഗ ഗണിത്രമാണ് ചിത്രം 1(a)-ല്‍ കൊടുത്തിട്ടുള്ളത്. 'പൂജ്യം' അവസ്ഥയില്‍ നിന്നാരംഭിച്ച് 16-ാമത്തെ പള്‍സ് ലഭിച്ചാലുടന്‍ ഗണിത്രത്തിന്റെ നിര്‍ഗമം 'പൂജ്യം' അവസ്ഥയില്‍ തിരിച്ചെത്തുന്നു. ഇതോടൊപ്പം ഒരു ക്യാരി പള്‍സ് (carry pulse) സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. ഈ ഗണിത്രത്തില്‍ നാല് ട്രിഗര്‍ ഫ്ലിപ്-ഫ്ലോപ്പുകള്‍ (T-flip-flops) ഉപയോഗിക്കുന്നു. ഇവയുടെ നിര്‍ഗമങ്ങള്‍ യഥാക്രമം മൂല്യം കൂടിയ സ്ഥാനത്തിലെ അക്കത്തെ സൂചിപ്പിക്കുന്ന എംഎസ്ബി (മോസ്റ്റ് സിഗ്നിഫിക്കന്റ് ബിറ്റ്), ബിറ്റ് 2, ബിറ്റ് 3, ഏറ്റവും മൂല്യം കുറഞ്ഞ സ്ഥാനത്തിലെ സംഖ്യയെ സൂചിപ്പിക്കുന്ന എല്‍എസ്ബി (ലീസ്റ്റ് സിഗ്നിഫിക്കന്റ് ബിറ്റ്) എന്നിവ ലഭ്യമാക്കുന്നു. മൂര്‍ മെഷീന്‍ എന്ന പേരിലും അറിയപ്പെടുന്ന ഈ മാപാങ്കം-16 (modulus 16) ഗണിത്രത്തിന്റെ അവസ്ഥാ ആരേഖം (state flow diagram), വ്യത്യസ്ത സംഖ്യാ രീതികളിലുള്ള നിര്‍ഗമങ്ങള്‍, ഖണ്ഡക പരിപഥം (block diagram), നിര്‍ഗമ തരംഗ രൂപം എന്നിവ ചിത്രം 1-ല്‍ സൂചിപ്പിച്ചിരിക്കുന്നു. ഗണിത്രം സൂചിപ്പിക്കുന്ന സംഖ്യയെയാണ്, അതിന്റെ അവസ്ഥ (state) എന്നതു കൊണ്ടുദ്ദേശിക്കുന്നത്. നാല് ടി ഫ്ളിപ്-ഫ്ളോപ്പുകള്‍ക്കു പകരം നാല് എസ്ആര്‍ (SR) ഫ്ളിപ്-ഫ്ളോപ്പുകളും, മറ്റൊരു AND ഗേറ്റും ഉപയോഗിച്ച് ഡിജിറ്റല്‍ ഗണിത്രത്തെ

ചിത്രം 2. ദശാംശ ഗണിതം

പരിഷ്കരിച്ചാല്‍ പത്താമത്തെ പള്‍സ് ലഭിക്കുമ്പോള്‍ ഗണിത്രം പൂജ്യം അവസ്ഥയിലേക്ക് തിരിച്ചു വരും. ഇത് ഡിജിറ്റല്‍ ഗണിത്രത്തെ ഒരു ദശാംശ ഗണിത്രമായി മാറ്റുന്നു. ഇത്തരത്തിലൊരെണ്ണത്തിന്റെ ഖണ്ഡക ചിത്രം, അവസ്ഥാ ആരേഖം, നിര്‍ഗമ തരംഗ രൂപം എന്നിവ ചിത്രം 2-ല്‍ കൊടുത്തിരിക്കുന്നു.

ഇസിഎല്‍ (എമിറ്റര്‍ കപ്പിള്‍ഡ് ലോജിക്), ടിടിഎല്‍ (ട്രാന്‍സിസ്റ്റര്‍ ട്രാന്‍സിസ്റ്റര്‍ ലോജിക്), സിമോസ് (കോംപ്ലിമെന്ററി മെറ്റല്‍ ഓക്സൈഡ് സെമികണ്ടക്റ്റര്‍), ജോസെഫെന്‍ ജംഗ്ഷന്‍ എന്നിവയില്‍ ഏതെങ്കിലും ഒരു രീതി പ്രയോജനപ്പെടുത്തി ഒരു ഐസി ചിപ്പില്‍ തന്നെ ഗണിത്രം തയ്യാറാക്കാനാകും. ഇവയില്‍ ഏറ്റവും വേഗതയേറിയ പ്രവര്‍ത്തനം 'ജോസെഫെന്‍' ഇനത്തിനായിരിക്കും.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍