This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡിംഗ്ളര്‍, ഹ്യൂഗോ (1881 - 1954)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഡിംഗ്ളര്‍, ഹ്യൂഗോ (1881 - 1954)
Dingler, Hugo
ജര്‍മന്‍ തത്ത്വചിന്തകന്. കോണ്ടിനെന്റല് ഓപ്പറേഷനിസ (Continental Operationism)ത്തിന്റെ പ്രധാന വക്താവ്. 'ഗ്രുണ്ട് ലാഗന്‍ ഫോര്ഷുങ്ങ്' (Grund lagen forsehung)ല്‍ അഥവാ ശാസ്ത്രങ്ങളുടെ അടിത്തറ പാകുവാനുള്ള ഗവേഷണത്തില്‍ ഡിംഗ്ളര്‍ പ്രധാന പങ്കുവഹിച്ചു. എര്ലാങ്ഗന് (Erlangen), മ്യൂണിച്ച് (Munich), ഗ്യോട്ടിങ്ഗന് (Gottingen) എന്നീ സര്‍വകലാശാലകളിലായി ഡേവിഡ് ഹില്‍ബര്‍ട്ട് (David Hilbert), എഡ്മണ്ട് ഹസ്സള്‍ (Edmund Husserl), ഫെലിക്സ് ക്ലൈന്‍ (Felix Klein), ഹെര്‍മന്‍ മിന്കൊവ്സ്കി (Herman Minkowski), വില്‍ഹെം റോയെന്റ്ജന് (Wilhelm Roentgen), വോള്‍ഡെമര്‍ ഫോയ്ഗ്റ്റ് (Woldemar Voigt) എന്നീ പ്രസിദ്ധ ചിന്തകന്മാരുടെ കീഴില്‍ ഇദ്ദേഹം പഠനം നടത്തിയിരുന്നു. 1906-ല്‍ ഇദ്ദേഹത്തിന് ഗണിതശാസ്ത്രം, ഭൌതികശാസ്ത്രം, ജ്യോതിശ്ശാസ്ത്രം എന്നിവയെ സമന്വയിപ്പിച്ചുനടത്തിയ ഗവേഷണത്തെ ആസ്പദമാക്കി പിഎച്ച്. ഡി. ബിരുദം ലഭിച്ചു. 1920-ല്‍ മ്യൂണിച്ച് സര്‍വകലാശാലയില്‍ പ്രൊഫസര്‍ ആയി നിയമിക്കപ്പെട്ടു. 1932-ല്‍ ഡാംസ്റ്റഡ് (Darmstadt)ലെ സാങ്കേതിക വിദ്യാലയത്തില്‍ പ്രൊഫസര്‍ പദവി ലഭിച്ചു. 1934-ല്‍ ഇദ്ദേഹം പ്രസ്തുത പദവികളില്‍ നിന്നും നിഷ്കാസിതനായി. യഹുദരോട് അനുകൂലമനോഭാവം പുലര്‍ത്തി എന്നതായിരുന്നു ഇദ്ദേഹത്തിന്റെ പേരിലുണ്ടായ പ്രധാന ആരോപണം. ചെറിയൊരു ഇടവേളയ്ക്കുശേഷം ഇദ്ദേഹം അധ്യാപനം പുനരാരംഭിച്ചുവെങ്കിലും വീണ്ടും രാഷ്ട്രീയ അരാജകത്വത്തെ എതിര്‍ക്കുവാന്‍ സന്നദ്ധനായി. അതിനാല്‍ ഇദ്ദേഹം സ്ഥിരമായി ഒരു ഗെസ്റ്റപൊ (gestapo) ഏജന്റിന്റെ നിരീക്ഷണത്തിലായിരുന്നു. പോസിറ്റീവിസം, നവകാന്റിയനിസം തുടങ്ങിയ തത്ത്വചിന്താ വിഭാഗങ്ങളില്‍ നിന്നും വേറിട്ടു നില്ക്കുന്ന വീക്ഷണങ്ങളായിരുന്നു ഹ്യൂഗോയുടേത്.
ഒരു യഥാര്‍ഥശാസ്ത്രം ഉണ്ടാകുന്നതെങ്ങനെ എന്നതായിരുന്നു ഹ്യൂഗോയുടെ മനസ്സിനെ മഥിച്ച ചോദ്യം. ഗണിതശാസ്ത്രത്തേയും ജ്യാമിതിയേയും മെക്കാനിക്സിനേയും മറ്റും യഥാര്‍ഥ ശാസ്ത്രങ്ങളായാണ് ഇദ്ദേഹം കണ്ടത്.
ഓരോ ശാസ്ത്രത്തിന്റെയും സിദ്ധാന്തത്തിന്റെയും രൂപീകരണം ആരംഭിക്കേണ്ടത് ശൂന്യതയില്‍ നിന്നായിരിക്കണം എന്ന് ഇദ്ദേഹം അഭിപ്രായപ്പെട്ടു. ഈ ശൂന്യതയെ ഇദ്ദേഹം 'ഉണ്ബെറ്യൂര്ട്ടെ' (റമ ഡിയലൃൌവൃലേ) അഥവാ 'അവികലവും സ്പര്‍ശമേല്‍ക്കാത്തതും' എന്നു വിശേഷിപ്പിച്ചു. ഈ ശൂന്യതയില്‍ നിന്നും ആശയങ്ങളുന്നയിച്ച് പടിപ്പടിയായി ശാസ്ത്രങ്ങള്‍ രൂപംകൊള്ളുന്നു എന്നാണ് ഹ്യൂഗോയുടെ നിഗമനം.
ഫിലൊസഫി ഡെര്‍ ലോജിക് ഉണ്ട് അരിത്ത്മെറ്റിക് (Philosophie der logik und Arithmetik), ദി ഗ്രുണ്ട്ലാഗന് ഡെര്‍ ജ്യോമിട്രീ (Die Grundlagen der Geometrie), ദി മെത്താഡ് ഡെര്‍ ഫിസിക് (Die Methode der Physik), ലെഹ്ര്ബുക് ഡെര്‍ എക്സാക്റ്റെന് നാച്വര്വിസ്സന്ഷാഫ്റ്റന് (Lehrbuch der exakten Naturwissen schaften) എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാനകൃതികള്‍.