This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടെലിഫോണ്‍ സര്‍വീസ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ടെലിഫോണ്‍ സര്‍വീസ്
Telephone service
ടെലിഫോണ്‍ വരിക്കാര്‍ക്ക് പ്രസ്തുത വകുപ്പില്‍നിന്നു കിട്ടുന്ന സേവനങ്ങള്‍. ദൃശ്യ, ശ്രാവ്യ ഡിജിറ്റല്‍ വിവരങ്ങള്‍ (ഡേറ്റ) ലഭ്യമാക്കുന്ന പ്രാദേശിക, ദീര്‍ഘദൂര, വിദേശ ഫോണ്‍ കോളുകള്‍, ആവശ്യക്കാര്‍ക്ക് ആലേഖനം ചെയ്യപ്പെട്ട മറുപടികള്‍ നല്‍കുന്ന ആന്‍സെറിങ് സര്‍വീസ്, ചുരുക്ക ഡയലിങ് (പൂര്‍ണ നമ്പരിനു പകരം ചെറിയ നമ്പര്‍ ഉപയോഗിച്ച് ഡയല്‍ ചെയ്യുന്ന രീതി), ഓട്ടോമാറ്റിക് ഉണര്‍ത്തല്‍ അലാറം, കോള്‍ വെയിറ്റിങ്, കോള്‍ ട്രാന്‍സ്ഫെര്‍, ഹോട്ട് ലൈന്‍, ഡൈനാമിക് ലോക്കിങ്, ഏതു ഫോണില്‍ നിന്നാണ് കോള്‍ വരുന്നതെന്നു വ്യക്തമാക്കുന്ന കോളര്‍ ഐഡി (ഐഡെന്റിഫിക്കേഷന്‍) അഥവാ കോളര്‍ ലൈന്‍ ഐഡെന്റിഫിക്കേഷന്‍ പ്രൊട്ടൊകൊള്‍ (CLIP), തുടങ്ങി ഫോണിനോടൊപ്പം ലഭ്യമാകുന്ന (ഫോണ്‍ പ്ല സ്) സേവനങ്ങള്‍ എല്ലാം ഇവയില്‍ ഉള്‍പ്പെടുന്നു.
സേവനങ്ങളെല്ലാം ലഭ്യമാക്കാന്‍ ടെലിഫോണ്‍, ഡേറ്റ പ്രേഷണം ചെയ്യുന്ന ട്രാന്‍സ്മിഷന്‍ ലൈന്‍, ടെലിഫോണുകളെ പരസ്പരം ബന്ധിപ്പിക്കുന്ന സ്വിച്ചിങ് സംവിധാനം എന്നീ മൂന്നു ഘടകങ്ങള്‍ മാത്രമേ ഉപയോഗിക്കുന്നുള്ളൂ. ടെലിഫോണിനെ പ്രേഷണ സംവിധാനവുമായി ബന്ധിപ്പിക്കുന്ന ലൈനാണ് ലൂപ്പ്; അതേ സമയം രണ്ട് സ്വിച്ചിങ് സിസ്റ്റങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നത് ട്രങ്ക് ലൈനുകളാണ്.
ടിലെഫെണി സംവിധാനം
ടെലിഫോണ്‍ സെറ്റുകള്‍, പ്രൈവറ്റ് ബ്രാഞ്ച് എക്സ്ചേഞ്ചുകള്‍, ലോക്കല്‍ ലൂപ്പുകള്‍, ടെലിഫോണ്‍ കേന്ദ്ര ഓഫീസുകള്‍, ടാന്‍ഡം സ്വിച്ചുകള്‍, വിവിധ തരം ട്രങ്ക് ലൈനുകള്‍ എന്നിവയാണിതിലെ പ്രധാന സംവിധാനങ്ങള്‍.
ടെലിഫോണ്‍ സെറ്റ്
മൗത്ത്പീസിലെ (ഫോണില്‍ സംസാരിക്കുന്ന ആളിന്റെ ശബ്ദം ആദ്യം പതിക്കുന്ന ഭാഗം) നാദവികാസിനി (മൈക്രോഫോണ്‍) സംസാരത്തിന്റെ ശബ്ദ വീചികളെ വൈദ്യുത തരംഗങ്ങളാക്കി മാറ്റുന്നു. ഇതിന്റെ നേര്‍ വിപരീത രീതിയിലുള്ള പ്രവര്‍ത്തനമാണ് ഈയര്‍സെറ്റിന്റേത് (സംസാരിക്കുന്ന ആള്‍ ചെവിയോട് ചേര്‍ത്തു പിടിക്കുന്ന ഭാഗം).
ഡയലു ചെയ്യാനായി ഫോണിന്റെ ഹാന്‍ഡ്സെറ്റ് ഉയര്‍ത്തുന്നതോടെ ലോക്കല്‍ ലൂപ്പിലേക്ക് ഒരു വൈദ്യുത തരംഗം പ്രവഹിച്ചു തുടങ്ങുന്നു. ഇത് ലോക്കല്‍ സ്വിച്ചിങ് സംവിധാനത്തിലെത്തുന്നതോടെ ഒരു ഫോണ്‍ കോളിന്റെ തുടക്കമായി എന്ന് സിസ്റ്റം മനസ്സിലാക്കുന്നു. കറങ്ങുന്ന ഡയല്‍ ഉപയോഗിച്ചും പുഷ്ബട്ടണ്‍ ഉപയോഗിച്ചും ഫോണ്‍ വിളിക്കുന്ന ആളിന് ആവശ്യമുള്ള നമ്പര്‍ ഡയല്‍ ചെയ്യാം. ലോക്കല്‍ എക്സ്ചേഞ്ചില്‍ ഈ നമ്പര്‍ എത്തിയാലുടന്‍ ആ നമ്പരിന്റെ വരിക്കാരന്റെ ലോക്കല്‍ ടെലിഫോണ്‍ ലൂപ്പിലേക്ക് ബന്ധം സൃഷ്ടിക്കപ്പെടുന്നു. ഏതു നമ്പരിലേക്കാണോ വിളിച്ചത് ആ വരിക്കാരന്റെ ടെലിഫോണില്‍ 'ബെല്‍ മുഴങ്ങുന്നു'; ഇതിന്റെ ഉറവിടം കേന്ദ്ര എക്സ്ചേഞ്ചു തന്നെ. രണ്ടാമത്തെ വരിക്കാരന്‍ ഹാന്‍ഡ്സെറ്റ് ഉയര്‍ത്തുന്നതോടെ രണ്ടുവ്യക്തികളും തമ്മില്‍ ബന്ധപ്പെട്ടു കഴിയുന്നു. ഈ സന്ദര്‍ഭത്തില്‍ രണ്ടു ലോക്കല്‍ ലൂപ്പുകളില്‍ക്കൂടി പ്രവഹിക്കുന്ന വൈദ്യുതിയുടെ അളവ് ആ രണ്ടു പേരുടേയും സംസാരത്തിന്റെ ശബ്ദ തീവ്രതക്കനുസരിച്ച് മാറിക്കൊണ്ടിരിക്കും. ഈ ശബ്ദ സിഗ്നല്‍ ഓരോ ടെലിഫോണിലേയും ഹൈബ്രിഡ് ട്രാന്‍സ്ഫോ (ര്‍)മര്‍ പരിപഥത്തിലൂടെ കടന്നുപോകുന്നതോടെ റിസീവറിലെ ഈയര്‍സെറ്റിലൂടെ മറുഭാഗത്തു നിന്നു വരുന്ന ശബ്ദം മാത്രമേ കേള്‍ക്കുകയുള്ളൂ.
പ്രൈവറ്റ് ബ്രാഞ്ച് എക്സ്ചേഞ്ച് (പിബിഎക്സ്)
ഉപഭോക്താവിന്റെ ഗൃഹപരിസരത്തിലുള്ള ടെലിക്കമ്യൂണിക്കേഷന്‍ സ്വിച്ചിങ് സിസ്റ്റം. ഫോണ്‍ ഉപയോഗിക്കുന്നവര്‍ തമ്മിലുള്ള സ്റ്റേഷന്‍ ടു-സ്റ്റേഷന്‍ വാര്‍ത്താവിനിമയം സാധ്യമാക്കുന്നതോടൊപ്പം ആ പ്രദേശത്തെ കേന്ദ്ര ടെലിഫോണ്‍ സംവിധാനവുമായിട്ടുള്ള ട്രങ്ക് ബന്ധവും പിബിഎക്സ് ഉറപ്പാക്കുന്നു.
ആദ്യകാലത്ത് (1900-30) കോളുകളെ ബന്ധപ്പെടുത്തുന്നത് പിബിഎക്സിലെ ഓപ്പറേറ്റര്‍മാരായിരുന്നു. പിന്നീട് ഇതിനായി ഇലക്ട്രോമെക്കാനിക്കല്‍ സ്വിച്ചിങ് സംവിധാനം ഏര്‍പ്പെടുത്തി. 1970-കളുടെ മധ്യത്തോടെ മൈക്രോപ്രോസസ്സര്‍ നിയന്ത്രണ രീതി നിലവില്‍വന്നു. മൈക്രോപ്രോസസ്സറുകള്‍ സ്റ്റോര്‍ഡ് പ്രോഗ്രാം വഴിയാണ് പ്രവര്‍ത്തിക്കുന്നത്. സിസ്റ്റം നിയന്ത്രിക്കുന്നത് സോഫ്റ്റ്വെയെര്‍ മൂലമാകയാല്‍ സാങ്കേതിക വിദ്യ മെച്ചപ്പെടുമ്പോള്‍ സോഫ്റ്റ്വെയെര്‍ മാത്രം മാറ്റിയാല്‍ മതിയാകും. തന്മൂലം, സിസ്റ്റത്തിന്റെ മൊത്തത്തിലുള്ള അഴിച്ചുപണി ഒഴിവാക്കാനാകുന്നു.
ഇന്നത്തെ പിബിഎക്സിന് 'കോള്‍ ഫോര്‍വേഡിങ്', ലീസ്റ്റ് കോസ്റ്റ് റൂട്ടിങ് (ചെലവു കുറഞ്ഞ വിനിമയ പാതയുടെ തിരഞ്ഞെടുപ്പ്), SMDR (സ്റ്റേഷന്‍ മെസേജ് ഡീറ്റെയില്‍ റിക്കോഡിങ്), കോണ്‍ഫറന്‍സിങ്, ഹണ്ടിങ് (hunting), ടെലിമാനേജ്മെന്റ്, വോയ്സ് മെയില്‍, വോയ്സ് മെസേജിങ്, ടെലിഫോണ്‍ ആന്‍സെറിങ് തുടങ്ങിയ സംവിധാനങ്ങള്‍ ലഭ്യമാക്കാനാകുന്നു.
വരിക്കാരുടെ ലോക്കല്‍ പരിപഥം-ലോക്കല്‍ ലൂപ്പ് (subscriber loop)
വരിക്കാരുടെ ടെലിഫോണിനെ ലോക്കല്‍ സ്വിച്ചുമായി ബന്ധിപ്പിക്കുന്ന വൈദ്യുത ലൈനാണിത്. എല്ലാ കണക്ഷനും നല്‍കുന്നത് ഒരു ജോടി ചെമ്പു കമ്പിയുപയോഗിച്ചാണ്. പൊതുവേ ഇരട്ട വയര്‍ ചുറ്റി വരിഞ്ഞ (twisted pair) രീതിയിലായിരിക്കും ഇത് നല്‍കുക. ഇരട്ട കമ്പികളില്‍ ഒരെണ്ണത്തിന് കേട് പറ്റിയാല്‍ കേബിള്‍ മാറ്റാതെ തന്നെ ഫോണ്‍ ബന്ധം നിലനിറുത്താനാണ് ഇത്തരത്തില്‍ ജോടികളായി ചെമ്പു കമ്പികളുപയോഗിക്കുന്നത്. സുരക്ഷിതമായി കൈകാര്യം ചെയ്യാനുള്ള സൌകര്യാര്‍ഥം ഇത്തരത്തിലുള്ള നിരവധി ജോടികളെ ഒന്നിച്ചു പൊതിഞ്ഞ് വലിയ കേബിളുകളാക്കുന്നു. പൊതുവേ കേബിളുകളില്‍ 10-ഓ, 25-ഓ, 50-ഓ, 100-ഓ ജോടി കമ്പികള്‍ കാണും. കനം കുറഞ്ഞ കേബിള്‍ കമ്പിയിലൂടെ വൈദ്യുതി പ്രവഹിക്കുമ്പോള്‍, കമ്പിയുടെ പ്രതിരോധം മൂലം വൈദ്യുത പ്രവാഹത്തിന്റെ അളവ് ടെലിഫോണ്‍ സെറ്റിന്റെ പ്രവര്‍ത്തനത്തിനാവശ്യമുള്ളതിലും കുറവായി മാറുന്നുവെങ്കില്‍, കനം കൂടിയ കമ്പിയുപയോഗിക്കുന്നു; അല്ലെങ്കില്‍ ഇടയ് ക്കിടയ്ക്ക് ഇലക്ട്രോണിക് പ്രവര്‍ധകങ്ങള്‍ (amplifire) സ്ഥാപിച്ച് ധാരാ പ്രവാഹത്തിന്റെ ശക്തി വര്‍ധിപ്പിക്കുന്നു.
കേന്ദ്ര ഓഫീസ്
എല്ലാ വരിക്കാരുടേയും ലോക്കല്‍ ലൂപ്പുകള്‍ ഒന്നിച്ചു ചേരുന്നതിവിടെയാണ്. വ്യത്യസ്ത കേന്ദ്ര ഓഫീസുകള്‍ തമ്മില്‍ ബന്ധപ്പെടുന്നത് ട്രങ്ക് ലൈനുകളിലൂടെയാണ് (ചിത്രം 1).
വിവിധ ലോക്കല്‍ സ്വിച്ചുകളില്‍ നിന്നുള്ള ദീര്‍ഘ ദൂര കോളുകളെ ഏകോപിപ്പിക്കുന്നതിനുള്ള സംവിധാനമാണ് 'ടാന്‍ഡം സ്വിച്ച്'. ലോക്കല്‍ സ്വിച്ചുകള്‍ തമ്മില്‍ നേരിട്ടുള്ള ട്രങ്ക് ബന്ധം സാധ്യമാകാത്ത വേളകളില്‍ ട്രങ്കുകളെ ദിശ മാറ്റി തിരിച്ചു വിടാനും ടാന്‍ഡം സ്വിച്ച് ഉപയോഗിക്കാറുണ്ട്. ഉദാഹരണമായി ചിത്രം-2-ല്‍ A,B,C,D എന്നീ നാലു കേന്ദ്ര ഓഫീസുകള്‍ തമ്മില്‍ ബന്ധപ്പെടുത്തിയതായി കാണിച്ചിട്ടുണ്ട്. ഒരു വ്യക്തി Aയില്‍ നിന്ന് Dയിലേക്ക് വിളിച്ചാല്‍ A-D ആണ് നേരിട്ടുള്ള പാത എന്നതിനാല്‍ ആദ്യമായി സിസ്റ്റം A-D മാര്‍ഗം ലഭ്യമാണോ എന്നു പരിശോധിക്കുന്നു. ഇത് ലഭ്യമല്ലാത്തപ്പോള്‍ സിസ്റ്റം തന്നെ ടാന്‍ഡം സ്വിച്ചിങ് സംവിധാനത്തിലൂടെ ലക്ഷ്യത്തിലേക്കുള്ള, ദൈര്‍ഘ്യം കുറഞ്ഞ, പാത കണ്ടെത്തുന്നു. അതായത് ആദ്യം A-C-D പിന്നീട് A-B-C-D പാതകള്‍. ഇതാണ് ഇതര പാതകള്‍ കണ്ടെത്തല്‍ (ആള്‍ട്രനേറ്റ് റൂട്ടിങ്). ഒന്നില്‍ കൂടുതല്‍ പാതകളുള്ളപ്പോള്‍ പരമാവധി ദീര്‍ഘമായ പാത ഏറ്റവും ഒടുവിലേ തിരഞ്ഞെടുക്കുകയുള്ളൂ.
വ്യത്യസ്ത ട്രങ്ക് ലൈനുകള്‍ വിവിധ സാങ്കേതിക സംവിധാനങ്ങളാണ് പ്രേഷണത്തിനായി ഉപയോഗിക്കുന്നത്. ആദ്യകാലങ്ങളില്‍ ഒരു ട്രങ്ക് ബന്ധത്തിനുതന്നെ 2/4/8 കമ്പികള്‍ വേണ്ടിവന്നിരുന്നു. എന്നാല്‍, ക്രമേണ കമ്പികളുടെ എണ്ണം കുറയ്ക്കാന്‍ കഴിഞ്ഞു. ഒരു കമ്പിയില്‍ കൂടിത്തന്നെ നൂറു കണക്കിന് വ്യത്യസ്ത സ്വഭാവമുള്ള സന്ദേശങ്ങള്‍ (ഇരു ദിശയിലേക്കും) അയയ്ക്കാനുള്ള ഇലക്ട്രോണിക് സംവിധാനം ഇന്ന് ലഭ്യമാണ്. അതുപോലെ ആയിരക്കണക്കിനു ട്രങ്കുകള്‍ കടത്തിവിടാന്‍ ഒരു ജോടി ഫൈബെര്‍ ഓപ്റ്റിക് കേബിള്‍ മതിയാകും. മൈക്രോവേവ് റേഡിയൊ പ്രേഷണം, സബ്മറൈന്‍ കേബിളുകള്‍, വാര്‍ത്താവിനിമയ ഉപഗ്രഹങ്ങള്‍, AM (ആംപ്ലിറ്റ്യൂഡ് മോഡുലേഷന്‍), എങ (ഫ്രീക്വന്‍സി മോഡുലേഷന്‍), FM (ഫേസ് മോഡുലേഷന്‍), TCM (ടൈം - കംപ്രഷന്‍ മള്‍ട്ടിപ്ലക്സ്) എന്നീ സാങ്കേതികവിദ്യകള്‍ ഇന്ന് ടെലിഫോണ്‍ സ്വിച്ചിങില്‍ പ്രയോഗത്തിലുണ്ട്.
ഫോണ്‍ പ്ലസ് സര്‍വീസുകള്‍
മൂന്നംഗ കോണ്‍ഫറന്‍സ് (three-party conference)
രണ്ട് വ്യത്യസ്ത ഉപയോക്താക്കളുമായി ഒരേ സമയം ഒരു ഉപയോക്താവിന് ടെലിഫോണ്‍ ബന്ധം സ്ഥാപിക്കാനുള്ള സംവിധാനമാണ് മൂന്നംഗ കോണ്‍ഫറന്‍സ്. ആദ്യത്തെ ആള്‍ രണ്ടാമത്തെ ആളുമായി ടെലിഫോണ്‍ ബന്ധം സ്ഥാപിച്ച ശേഷം അയാളെ താത്ക്കാലികമായി 'ഹോള്‍ഡ് ചെയ്തു കൊണ്ട്', വീണ്ടും ഡയല്‍ ചെയ്ത് മൂന്നാമത്തെ വ്യക്തിയുമായി ബന്ധപ്പെടുന്നു. ഇതിനു ശേഷം ആദ്യത്തെ ലൈന്‍ കൂടി 'ലൈവ്' ആക്കുന്നതോടെ ഒരേ സമയം ഇവര്‍ മൂന്നു പേര്‍ക്കും പരസ്പരം ബന്ധപ്പെടാനാകുന്നു. ഇതിനുള്ള പ്രത്യേക ഉപകരണങ്ങള്‍ ഉപയോക്താക്കളുടെ ടെലിഫോണിലും ലോക്കല്‍ എക്സ്ചേഞ്ചുകളിലും ഘടിപ്പിച്ചിരിക്കും.
കോള്‍ ഫോര്‍വേഡിങ്/ട്രാന്‍സ്ഫെര്‍
ഒരു ടെലിഫോണിലേക്കു വരുന്ന കോളുകള്‍ മറ്റൊരു ടെലിഫോണിലേക്കു തിരിച്ചുവിടുന്ന സമ്പ്രദായമാണ് 'കോള്‍ ഫോര്‍വേഡിങ്'. ഒരു കോഡ് നമ്പര്‍ ഡയല്‍ ചെയ്തശേഷം കോളുകള്‍ തിരിച്ചുവിടേണ്ട നമ്പര്‍ കൂടി ഉപയോക്താവ് ഡയല്‍ ചെയ്തു വയ്ക്കുന്നു. ഇത് സിസ്റ്റം സ്വീകരിക്കുമ്പോള്‍ അക്സപ്റ്റന്‍സ് ടോണ്‍ ലഭിക്കും. റിസീവര്‍ തിരിച്ചുവയ്ക്കുന്നതോടെ ആ ഫോണ്‍ 'കോള്‍ ഫോര്‍വേഡിങിന്' സജ്ജമാകുന്നു. അപ്പോള്‍ പ്രസ്തുത ഫോണിലേക്കു വരുന്ന എല്ലാ കോളുകളും നിര്‍ദേശിക്കപ്പെട്ട ടെലിഫോണിലേക്കു പൊയ്ക്കൊള്ളും. ആവശ്യം കഴിഞ്ഞശേഷം മറ്റൊരു കോഡ് നമ്പര്‍ ഡയല്‍ ചെയ്തു ഉപയോക്താവിനു തന്നെ ഈ സേവനം വേണ്ടെന്നു വയ്ക്കാനും കഴിയും.
ഹോട്ട് ലൈന്‍
റിസീവര്‍ എടുത്താലുടന്‍, ഡയല്‍ ചെയ്യാതെ തന്നെ, ഒരു നിശ്ചിത നമ്പരിലേക്ക്, എപ്പോഴും ബന്ധം ലഭിക്കാനുള്ള സംവിധാനമാണ് 'ഹോട്ട് ലൈന്‍'. ഡയല്‍ ചെയ്യാനറിയാത്ത ചെറിയ കുട്ടികള്‍ക്ക് തങ്ങളുടെ രക്ഷിതാക്കളുമായി അടിയന്തരമായി ബന്ധപ്പെടാനോ, അത്യാസന്ന ഘട്ടങ്ങളില്‍ ആവശ്യമായ സഹായം തേടാനോ, പ്രസിഡന്റ്, ഗവര്‍ണര്‍, സൈന്യ മേധാവികള്‍ തുടങ്ങിയവര്‍ക്ക് നിശ്ചിത നമ്പരുകളുമായി അടിയന്തിരമായി ബന്ധപ്പെടാനോ ഉപയോഗപ്പെടുത്തുന്നതാണ് ഹോട്ട് ലൈന്‍.
കോള്‍ വെയിറ്റിങ്
ടെലിഫോണ്‍ എന്‍ഗേജ്ഡ് ആയിരിക്കുമ്പോള്‍ അതിലേക്ക് വെറൊരാള്‍ വിളിച്ചാല്‍ പ്രസ്തുത ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുന്ന ആള്‍ക്ക് വേറൊരു കോള്‍ വരുന്നു എന്നറിയാനുള്ള സംവിധാനമാണ് 'കോള്‍ വെയിറ്റിങ്'. ഒരു കോഡ് നമ്പര്‍ ഡയല്‍ ചെയ്തുവച്ചാല്‍ ഇലക്ട്രോണിക് എക്സ്ചേഞ്ചില്‍ ഉള്‍പ്പെട്ടിട്ടുള്ള ഏതു ഫോണിനും ഈ സൌകര്യം ലഭ്യമാകും. വേറൊരു കോഡ് ഡയല്‍ ചെയ്ത് ഇത് നിഷ്ക്രിയമാക്കാനും കഴിയും.
ഒരു ഉദാഹരണം കൊണ്ട് ഇത് വ്യക്തമാക്കാം. കോള്‍ വെയിറ്റിങ് സംവിധാനം ഉള്ള ഫോണിലൂടെ A എന്ന ആള്‍ B എന്ന ആളുമായി സംസാരിക്കുകയാണ്. ഇപ്പോള്‍ C എന്ന ആള്‍ Aയുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുന്നു. ഈ ഘട്ടത്തില്‍ C എന്‍ഗേജ്ഡ് ശബ്ദത്തിനു (ബിസി ടോണ്‍) പകരം, റിങ് ബാക്ക് ടോണ്‍ ആണ്, കേള്‍ക്കുക. ഇതേ സമയം A, Bയുടെ സംസാരത്തോടൊപ്പം, ഒരു ബീപ് (ബുസിങ്) ശബ്ദം കേള്‍ക്കുന്നു. താനുമായി ഫോണില്‍ ബന്ധപ്പെടാന്‍ മറ്റൊരാള്‍ ശ്രമിക്കുന്നു എന്ന് ഇതുമൂലം A മനസ്സിലാക്കുന്നു. ഇത് കേട്ട് ഒരു നിശ്ചിത ഹ്രസ്വ സമയത്തിനുള്ളില്‍ A ഫോണിലെ ഹുക്ക് സ്വിച്ചോ ഫ്ളാഷ് സ്വിച്ചോ ഒന്നമര്‍ത്തുന്നു. ഇതോടെ Bയ്ക്കു ബിസി ടോണ്‍ ലഭിക്കുന്നു. തുടര്‍ന്ന് ഒരു നിശ്ചിത അക്കം ഡയല്‍ ചെയ്ത് A, Cയുമായി, ഫോണ്‍ സംസാരം തുടങ്ങുന്നു. ഈ ഘട്ടത്തില്‍ ആ ഫോണ്‍ ഡിസ്കണക്റ്റു ചെയ്യാതിരുന്നാല്‍ A യ്ക്ക് അയാളുമായി വീണ്ടും സംസാരിക്കാനാവും. അതിനായി A ഹുക്ക് സ്വിച്ച് അമര്‍ത്തി വീണ്ടും നിശ്ചിത അക്കം ഡയല്‍ ചെയ്യണം. ഈ സമയത്ത് ഇയ്ക്ക് ബിസി ടോണാവും ലഭിക്കുക. Bയും Cയും ഫോണ്‍ ഡിസ്കണക്റ്റ് ചെയ്യാതിരുന്നാല്‍ അയ്ക്ക് അവര്‍ രണ്ടു പേരുമായും ഇത്തരത്തില്‍ ഇടവിട്ട് സംസാരിക്കാന്‍ കഴിയും.
ചുരുക്ക ഡയലിങ് (abbreviated dialling)
ഒരു നമ്പര്‍ മുഴുവനുമായി ഡയല്‍ ചെയ്യാതെ ഒന്നോ രണ്ടോ അക്കങ്ങള്‍ മാത്രം ഉപയോഗിച്ച് ഫോണില്‍ സംസാരിക്കാന്‍ ആവശ്യമായ ക്രമീകരണം. ആദ്യം ഉപയോക്താവ് ചുരുക്കത്തില്‍ വിളിക്കാനുള്ള നമ്പരുകള്‍ ഒരു കോഡുപയോഗിച്ച് തന്റെ ഫോണില്‍ 'രജിസ്റ്റര്‍' ചെയ്യുന്നു. പിന്നീട് മറ്റൊരു കോഡ് ഉപയോഗിച്ച് ആ നമ്പരുകളില്‍ വിളിക്കാം.
അലാറം
വരിക്കാരനെ ഒരു നിശ്ചിത സമയത്ത് ഉണര്‍ത്താനോ ഓര്‍മപ്പെടുത്താനോ ഉപയോഗിക്കാവുന്നതാണീ സൗകര്യം. ഇതിന് ഓപ്പറേറ്റര്‍മാരുടെ സഹായം ആവശ്യമില്ല. ഇതെല്ലാം തന്നത്താനേ പ്രവര്‍ത്തിക്കുന്ന (automatic) സംവിധാനമാണ്. ഒരു നിശ്ചിത കോഡ് ഡയല്‍ ചെയ്ത ശേഷം മണിക്കൂറിനേയും മിനിറ്റിനേയും സൂചിപ്പിക്കുന്ന ഈരണ്ട് അക്കങ്ങള്‍ വീതം ഡയല്‍ ചെയ്ത് സിസ്റ്റത്തില്‍ നിന്ന് 'അക്സപ്റ്റന്‍സ്' ടോണ്‍ ഉറപ്പാക്കുക. പിന്നീട് ആ സമയമാകുമ്പോള്‍ വരിക്കാരന്റെ ഫോണില്‍ ബെല്‍ ശബ്ദം കേള്‍ക്കുന്നു. ചില അവസരങ്ങളില്‍ വരിക്കാരന്‍ ഒരു നിശ്ചിത സമയത്തേക്ക് അലാറം സെറ്റ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ അക്സപ്റ്റന്‍സ് ടോണിനു പകരം 'എന്‍ഗേജ്ഡ് ടോണ്‍' ആയിരിക്കും ലഭിക്കുന്നത്. ഇതിനര്‍ഥം എക്സ്ചേഞ്ചില്‍ വരിക്കാരന്‍ ഡയല്‍ ചെയ്ത സമയത്തിന് അനുവദിക്കപ്പെട്ടിട്ടുള്ള കോളുകളത്രയും ബുക്ക് ചെയ്യപ്പെട്ടിരിക്കുന്നു എന്നാണ്. ഇത്തരം അവസരങ്ങളില്‍ വരിക്കാരന് തന്റെ അലാറ സമയം ഏതാനും മിനിറ്റു നേരത്തേക്ക് മുന്നോട്ടോ പിന്നോട്ടോ ആക്കി സെറ്റ് ചെയ്യേണ്ടിവരും.
ഡൈനാമിക് ലോക്കിങ്
ഇലക്ട്രോണിക് എക്സ്ചേഞ്ചിലെ എല്ലാ വരിക്കാര്‍ക്കും സ്വന്തമായി ചെയ്യാവുന്ന ഒരു സംവിധാനമാണിത്. വരിക്കാരന്‍ ആദ്യമായി ഒരു രഹസ്യ കോഡ് തിരഞ്ഞെടുക്കുന്നു. പിന്നീട്, ഒരു നിശ്ചിത കോഡ് + രഹസ്യ കോഡ്+ രഹസ്യ കോഡ് എന്ന രീതിയില്‍ ഡയല്‍ ചെയ്ത് അക്സപ്റ്റന്‍സ് ടോണ്‍ ഉറപ്പാക്കി രഹസ്യ കോഡ് രജിസ്റ്റര്‍ ചെയ്യുന്നു. അതിനുശേഷം എസ്റ്റിഡിയോ, ഐഎസ്ഡിയോ, അതു രണ്ടുമോ, അല്ലെങ്കില്‍ ലോക്കല്‍ ഉള്‍പ്പെടെ എല്ലാ കോളുകളുമോ ലോക്ക് ചെയ്യാനും ആവശ്യമുള്ളപ്പോള്‍ തുറക്കാനും കഴിയും; മറ്റൊരു കോഡുപയോഗിച്ച് രഹസ്യ കോഡ് മാറ്റുകയുമാവാം.
വോയ്സ് മെയില്‍ബോക്സ്
ടെലിഫോണ്‍ ആന്‍സറിങ് മെഷീനുപകരമായുള്ള സംവിധാനം. ടെലിഫോണ്‍ കണക്ഷന്‍ നല്‍കുന്ന കമ്പനി അവരുടെ ലോക്കല്‍ കേന്ദ്ര ഓഫീസില്‍ ഒരു 'വോയ്സ് മെയില്‍ സിസ്റ്റം' സ്ഥാപിക്കുന്നു. ഈ സര്‍വീസ് ആവശ്യപ്പെടുന്ന ഓരോ വരിക്കാരനും കമ്പനി ഒരു 'വോയ്സ് മെയില്‍ബോക്സ്' നല്‍കുന്നു. വരിക്കാരന്റെ ഫോണ്‍ 'ബിസി' ആകുമ്പോഴും ഫോണ്‍ ആരും എടുക്കാത്ത അവസരങ്ങളിലും വരിക്കാരന്റെ ഫോണിലേക്കു വരുന്ന കോളുകള്‍ അയാളുടെ മെയില്‍ബോക്സിലേക്ക് തിരിച്ചുവിടപ്പെടുന്നു. ഇനി വരിക്കാരന്‍ ഒരു കോള്‍ ചെയ്യാന്‍ തന്റെ ഫോണിലെ റിസീവര്‍ എടുക്കുമ്പോള്‍ സാധാരണ ഡയല്‍ ടോണിനുപകരം ഒരു പ്രത്യേകതരം ഡയല്‍ ടോണ്‍-സ്റ്റട്ടര്‍ ഡയല്‍ ടോണ്‍ - അയാള്‍ക്കു ലഭിക്കും. ഇതിനര്‍ഥം മെയില്‍ബോക്സില്‍ അയാള്‍ക്കായി സന്ദേശങ്ങള്‍ കിടപ്പുണ്ടെന്നാണ്. ഒരു നിശ്ചിത കോഡ് ഡയല്‍ ചെയ്ത അയാള്‍ക്ക് മെയില്‍ബോക്സിലുള്ള സന്ദേശങ്ങള്‍ കേള്‍ക്കാന്‍ സാധിക്കും.
ഇനി തന്റെ മെയില്‍ബോക്സ് വേറൊരു ഫോണില്‍ നിന്ന് തുറക്കുക, മെയില്‍ബോക്സില്‍ സന്ദേശം വന്നാലുടന്‍ സിസ്റ്റം തന്നെ ഒരു നിശ്ചിത ടെലിഫോണിലേക്ക് / പേജറിലേക്ക് / ഒരു ഔട്ട്കോള്‍ നല്‍കുന്ന രീതിയില്‍ സിസ്റ്റത്തെ ക്രമീകരിക്കുക എന്നിവയ്ക്കുള്ള സൗകര്യങ്ങളും ലഭ്യമാണ്.
CLIP (കോളര്‍ ലൈന്‍ ഐഡെന്റിഫിക്കേഷന്‍ പ്രോട്ടൊകോള്‍)
വരിക്കാരന്റെ ഫോണിലേക്ക് ഏതു നമ്പരില്‍ നിന്ന് വിളിക്കുന്നു എന്നു തിരിച്ചറിയാനുള്ള സംവിധാനമാണിത്. പൊതുവേ ഫോണ്‍ കോളിന്റെ കൂടെ ഒരു പ്രത്യേക പള്‍സ് കൂടി പുറത്തു പോകുന്നു. സന്ദേശമെത്തുന്ന ഫോണിലെ ഇഘകജ സംവിധാനം ഈ പള്‍സിനെ പിടിച്ചെടുക്കുന്നു. ഇതുവഴി ആ ഫോണിന്റെ ഉടമയ്ക്കു ഏതു നമ്പരില്‍ നിന്നാണ് കോള്‍ വന്നതെന്ന് അറിയാന്‍ കഴിയും. എന്നാല്‍, നമ്പര്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന പ്രസ്തുത പള്‍സിനെ ഒഴിവാക്കിക്കൊണ്ട് ഡയല്‍ ചെയ്യാനുള്ള സംവിധാനം ഉള്ള ഒരു ഫോണില്‍ നിന്നു വരുന്ന കോളുകളെ തിരിച്ചറിയാന്‍ CLIPന് കഴിയില്ല.
ഡയറക്ടറി സഹായം
ലോക്കല്‍ നമ്പര്‍/എസ്റ്റിഡി നമ്പര്‍ എന്നിവയെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്ക് തദ്ദേശവാസികള്‍ക്കും ദൂരെയുള്ളവര്‍ക്കും അവര്‍ ആവശ്യപ്പെടുന്നതനുസരിച്ച് ലഭ്യമാക്കുന്നു. ട്രങ്ക് വിവരങ്ങള്‍ക്ക് വേറൊരു നമ്പരിലൂടെയും സഹായം നല്‍കുന്നു.
മറ്റുള്ളവ
വിവിധ ഭാഷകളില്‍ സമയം നല്‍കുക, ഒരു നമ്പര്‍ മാറിയാല്‍ അല്പ ദിവസത്തേക്ക് മാറിയ നമ്പരിനുപകരമായിട്ടുള്ള പുതിയ നമ്പര്‍ പറയുക, ഫോണ്‍ കേടായ വിവരം വിളിച്ചറിയിക്കാനുള്ള ഫാള്‍ട്ട് റിപ്പോര്‍ട്ടിങ്, ടെലിഗ്രാമുകള്‍ ബുക്കു ചെയ്യാനുള്ള ഫോണോഗ്രാം സേവനം, ദൂരസ്ഥലങ്ങള്‍ തമ്മിലുള്ള എസ്റ്റിഡി, ട്രങ്ക്, ഐഎസ്ഡി സൌകര്യം, ലോക്കല്‍, എസ്റ്റിഡി എന്നിവയ്ക്കുള്ള 'വെര്‍ച്വല്‍ കാര്‍ഡുക'ള്‍, കപ്പലിലേക്കുള്ള ഷോര്‍ട്ട് / ലോങ് റേഞ്ച് 'ഷിപ്പ് ഷോര്‍' റേഡിയൊ ടെലിഫോണ്‍ സര്‍വീസ്, പേജിങ് സര്‍വീസ്, ഇന്റര്‍നെറ്റ് ബന്ധം, ഇന്റര്‍നെറ്റ് ടിലെഫെണി എന്നിവയും ടെലിഫോണ്‍ കമ്പനികള്‍ നല്‍കാറുണ്ട്.
ബില്ലിങ്
ഫോണ്‍ കമ്പനി ഫോണിന് വാടകയും അനുവദിക്കപ്പെട്ട സൌജന്യ കോളുകളെക്കാള്‍ കൂടുതല്‍ ചെയ്യുന്ന കോളുകള്‍ക്ക് ചാര്‍ജും ഈടാക്കുന്നു. ഈ നിരക്കുകള്‍ നഗര, ഗ്രാമ എക്സ്ചേഞ്ചുകളുടെ ശേഷി (വരിക്കാരുടെ എണ്ണം) അനുസരിച്ച് വ്യത്യസ്തമായിരിക്കും. ഈ തുകകള്‍ നിര്‍ദിഷ്ട സ്ഥാപനങ്ങള്‍, ഇന്റര്‍നെറ്റ് എന്നിവ വഴി അടയ്ക്കാവുന്നതാണ്. ബില്ലിങ് വിവരങ്ങളെക്കുറിച്ച് ഉപയോക്താവിന് ഇന്റര്‍നെറ്റിലൂടെ നേരിട്ട് പരിശോധിക്കാനും ഇന്ന് അവസരം ലഭിക്കുന്നുണ്ട്.
ഇന്റര്‍നെറ്റ് ടിലെഫെണി
ശബ്ദം, ഫാക്സ് എന്നിവ ഇന്റര്‍നെറ്റ് വഴി പ്രേഷണം ചെയ്യാനുള്ള സംവിധാനം. രണ്ട് രീതിയില്‍ ഇത്തരം 'ടെലിഫോണ്‍ കോളുകള്‍' വിളിക്കാം. ഒന്ന്, ഒരു പേഴ്സണ്‍ കംപ്യൂട്ടറില്‍ (പിസി) നിന്ന് മറ്റൊന്നിലേക്ക്; രണ്ട് ഒരു ടെലിഫോണില്‍ നിന്ന് മറ്റൊരു ടെലിഫോണിലേക്ക്. അനലോഗ് രൂപത്തിലുള്ളവയാണ് ശബ്ദ/ഫാക്സ് ഡേറ്റ; ഇവയെ പരിവര്‍ത്തനം ചെയ്താണ് പ്രേഷണം ചെയ്യുക.
പിസി-ടു-പിസി സംവിധാനത്തില്‍ ഇന്റര്‍നെറ്റ് പ്രോട്ടൊകോള്‍ (ഐപി) അഡ്രസ്സുള്ള ഒരു പിസിയിലെ പ്രത്യേക തരം സോഫ്റ്റ്വെയെര്‍, ഹാര്‍ഡ്വെയെര്‍ എന്നിവ പ്രയോജനപ്പെടുത്തി അനലോഗ് ഡേറ്റയെ ചുരുക്കി ബൈനെറി ബിറ്റുകളാക്കി ഒരു ഫയല്‍ തയ്യാറാക്കുന്നു. തുടര്‍ന്ന് ഫയലിനെ നിരവധി പാക്കറ്റുകളാക്കി വിഭജിച്ച് സന്ദേശം ലഭിക്കേണ്ട ഐപി അഡ്രസ്സുള്ള പിസിയിലേക്ക് ഇന്റര്‍നെറ്റിലൂടെ പ്രേഷണം ചെയ്യുന്നു. ലക്ഷ്യത്തില്‍ എത്തിച്ചേരുന്നതോടെ എല്ലാ പാക്കറ്റുകളേയും ക്രമത്തില്‍ അടുക്കി അവയെ വീണ്ടും അനലോഗ് ഡേറ്റയായി മാറ്റിയെടുക്കുന്നു. രണ്ട് ടിലെഫെണി രീതികളില്‍ ഏറ്റവും ചെലവു കുറഞ്ഞ സംവിധാനം ഇതുതന്നെയാണ്. പിസികള്‍ തമ്മിലുള്ള അകലം ഇവിടെ പ്രസക്തമേ അല്ല. ബ്രൗസിങ്, ഇ-മെയില്‍ എന്നിവയ്ക്കായി ഡയലപ്പ് രീതിയില്‍ ഇന്റര്‍നെറ്റുമായി ബന്ധം സ്ഥാപിക്കുന്നതുപോലെ പിസിയും, ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്ന ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡെറും (ഐഎസ്പി), തമ്മില്‍ ബന്ധപ്പെടുവാനുള്ള ലോക്കല്‍ കോളിന്റെ ചെലവു മാത്രമേ ഇവിടെ വരുന്നുള്ളൂ. പക്ഷേ, ഇരുകൂട്ടര്‍ക്കും ഐപി അഡ്രസുകളുള്ള പിസികള്‍ വേണം, രണ്ടിടത്തും ഒരുപോലെയുള്ള ഹാര്‍ഡ്വെയെറും സോഫ്റ്റ്വെയെറും ഉപയോഗിക്കണം, എന്നിവ പരിമിതികളാണ്. സന്ദേശത്തിലെ വിവിധ പാക്കറ്റുകള്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്നതില്‍ വരുന്ന കാലവിളംബം, സ്രോതസ്സില്‍ നിന്ന് പ്രേഷണം ചെയ്യുന്ന അതേ മുറയ്ക്ക് / ക്രമത്തില്‍ ലക്ഷ്യത്തില്‍ പാക്കറ്റുകള്‍ എത്തിച്ചേരാതിരിക്കുമ്പോള്‍ അവയെ ക്രമീകരിക്കാന്‍ വേണ്ടിവരുന്ന സമയ നഷ്ടം, മുതലായവ സേവന ക്ഷമത കുറയ്ക്കുന്നു (ക്വാളിറ്റി ഒഫ് സര്‍വീസ്-ക്യുഒഎസ്). ഉയര്‍ന്ന ബാന്‍ഡ്വിഡ്ത് സൌകര്യം ലഭ്യമാകുന്നതോടെ ക്യുഒഎസ് മെച്ചപ്പെടുത്താനാകും. പക്ഷേ മേല്‍ സൂചിപ്പിച്ച സോഫ്റ്റ്വെയെര്‍/ഹാര്‍ഡ്വെയെര്‍ നിര്‍മാണത്തില്‍ ഏകീകൃത മാനദണ്ഡങ്ങള്‍ വ്യാപകമാകും വരെ എല്ലാവര്‍ക്കും ഈ സംവിധാനം ഉപയോഗിക്കാനാവില്ല. മറിച്ച്, ഇത്തരം കാര്യങ്ങള്‍ എളുപ്പത്തില്‍ ചെയ്യാനാവുന്ന വന്‍കിട വ്യവസായ സ്ഥാപനങ്ങളുടെ സ്വകാര്യ നെറ്റ്വര്‍ക്കുകളില്‍ മാത്രമേ, അതുവരെ ഈ സൗകര്യം ലഭ്യമാകുകയുള്ളൂ.
ടെലിഫോണ്‍ കോളുകളെ പൊതു ടെലിഫോണ്‍ നെറ്റ് വര്‍ക്കിലൂടെ (പിഎസ്ടിഎന്‍ - പബ്ളിക് സ്വിച്ച്ഡ് ടെലിഫോണ്‍ നെറ്റ് വര്‍ക്) പ്രേഷണം ചെയ്യുന്നതിനു പകരം ഇന്റര്‍നെറ്റിലൂടെ കടത്തിവിടുന്നതാണ് ടെലിഫോണ്‍ - ടു - ടെലിഫോണ്‍ സംവിധാനം. കോളുകളെ ഐപി പാക്കറ്റുകളാക്കി ഇന്റര്‍നെറ്റിലൂടെ ലക്ഷ്യസ്ഥാനത്ത് എത്തിച്ച് അവയെ വീണ്ടും ഡിജിറ്റല്‍ രൂപത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നു. സേവനത്തിന്റെ മികവ് ആദ്യത്തേതിലേതു പോലെ ഇതിലും ബാന്‍ഡ്വിഡ്ത് ബന്ധമാണ്. പക്ഷേ, ടെലിഫോണ്‍ നിര്‍മാണം വളരെ ഏകീകൃതമായതിനാല്‍ ഒരേ സ്വഭാവവിശേഷം ഉള്ള ടെലിഫോണ്‍ ഇരുകൂട്ടര്‍ക്കും എളുപ്പത്തില്‍ ക്രമീകരിക്കാനാകുന്നു. പൊതു ടെലിഫോണ്‍ നെറ്റ്വര്‍ക്കിനെ ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കുന്നത് ഐപി-ടു-പിഎസ്ടിഎന്‍ ഗേറ്റ്വേയിലൂടെയാണ്. ഇത്തരം ഗേറ്റ്വേകള്‍ രൂപപ്പെടുത്താന്‍ ടെലിഫോണ്‍ കമ്പനികള്‍ ഇന്നും വേണ്ടത്ര ശുഷ്കാന്തി പ്രകടിപ്പിക്കാതിരിക്കുന്നതിനാല്‍ ഈ സംവിധാനത്തിന് വ്യാപകമായ പ്രചാരം ഇനിയും ലഭിച്ചിട്ടില്ല.
നാളത്തെ സാങ്കേതികവിദ്യ
ടെലിഫോണ്‍ സംവിധാനത്തിന് കടുത്ത വെല്ലുവിളി നേരിടേണ്ടിവരുന്നത് ഇന്റര്‍നെറ്റ്, കേബിള്‍ ടിവി, ഡിജിറ്റല്‍ സബ്സ്ക്രൈബെര്‍ ലൈന്‍ (ഡിഎസ്എല്‍) എന്നിവയില്‍ നിന്നാണ്. ഈ മേഖലകളിലെ സാങ്കേതിക മുന്നേറ്റം പഴയ രീതിയിലുള്ള ടെലിഫോണ്‍ സമ്പ്രദായത്തെ നിഷ്പ്രഭമാക്കുന്നു. കേന്ദ്രീകൃതമായ, ഇന്നത്തെ ടെലിഫോണ്‍ സംവിധാനത്തില്‍, വരിക്കാര്‍, വെറും ഉപയോക്താക്കള്‍ മാത്രമാണ്. പക്ഷേ, ഇതില്‍ നിന്ന് തികച്ചും വിഭിന്നമായി, ഉപയോക്താക്കള്‍ക്കു കൂടുതല്‍ പങ്കാളിത്തം നല്‍കിക്കൊണ്ട്, വികേന്ദ്രീയ രീതിയില്‍ പ്രവര്‍ത്തിക്കുന്നവയാണ് കംപ്യൂട്ടര്‍ ശൃംഖലകള്‍. മുന്‍കാലങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രേഷണം ചെയ്യപ്പെട്ടിരുന്നത് ശബ്ദ ഡേറ്റ (വിവരം) അഥവാ വോയ്സ് ആയിരുന്നു. എന്നാല്‍ പാക്കറ്റ് (ഡിജിറ്റല്‍ ബിറ്റു രൂപത്തിലാക്കി ക്രമീകരിച്ച വിവര ഡേറ്റ) വാര്‍ത്താവിനിമയം (1964, പോള്‍ ബരന്‍) അര്‍പനെറ്റ് (1969), ഈതെര്‍നെറ്റ് (1973, ബോബ് മെറ്റ്കാഫ്) മുതലായവ രൂപപ്പെട്ടതോടെ വോയ്സ് ഡേറ്റയെ അപേക്ഷിച്ച് ഇതര രീതിയിലുള്ള ഡേറ്റയുടെ (ഓഡിയൊ-വിഡിയൊ മുതലായവ) പ്രേഷണത്തിന്റെ അളവില്‍ ഗണ്യമായ വര്‍ധന ഉണ്ടായി. ഇന്റര്‍നെറ്റ് വ്യാപകമായതോടെ കംപ്യൂട്ടര്‍, സോഫ്റ്റ്വെയെര്‍, പ്രോട്ടൊകോള്‍ എന്നിവ ശബ്ദ പ്രേഷണത്തിന് ഉപയോഗപ്പെടുത്താം എന്ന നില വന്നു. മുകളില്‍ സൂചിപ്പിച്ച വികേന്ദ്രീകൃത-കേന്ദ്രീകൃത സമീപനങ്ങളുടെ സമന്വയമാണ് നെക്സ്റ്റ് ജെനറേഷന്‍ നെറ്റ് വര്‍ക് (NGN). ഇതില്‍ ശബ്ദം ഉള്‍പ്പെടെ എല്ലാ വിധത്തിലുമുള്ള ഡേറ്റയും പാക്കറ്റ് രൂപത്തിലാണ് പ്രേഷണം ചെയ്യപ്പെടുന്നത്. ഓരോ തരം ഡേറ്റ പ്രേഷണത്തിന്റേയും ഗുണനിലവാരം മെച്ചപ്പെടുത്താന്‍ അതിന് അനുയോജ്യമായ ക്രമീകരണങ്ങള്‍ ആവശ്യമാണ്. ഇന്റര്‍നെറ്റ് വഴിയുള്ള ടെലിഫോണ്‍ സംഭാഷണത്തിന്റെ അപര്യാപ്തത ശബ്ദ പ്രേഷണത്തിന്റെ ക്യുഒഎസ്-ന്റെ കുറവു മാത്രമാണ്. ഉയര്‍ന്ന ബാന്‍ഡ്വിഡ്ത്, മള്‍ട്ടി പ്രോട്ടൊകോള്‍ ലേബെല്‍ സ്വിച്ചിങ് (MPLS), മീഡിയ ഗേറ്റ്വെ കണ്‍ട്രോള്‍ പ്രോട്ടൊകോള്‍ (MEGACO), സെഷെന്‍ ഇന്‍ഷിയേഷെന്‍ പ്രോട്ടൊകോള്‍ (SIP), ഡിഫ്രെന്‍ഷിയേറ്റഡ് സര്‍വീസെസ് (DiffServ) എന്നിവ നിലവില്‍ വരുന്നതോടെ ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും.
ഡിജിറ്റല്‍ സബ്സ്ക്രൈബെര്‍ ലൈന്‍ ഉപഗ്രഹ വാര്‍ത്താവിനിമയം, കേബിള്‍ ടിവി മുതലായ മേഖലകളിലെ സാങ്കേതിക മുന്നേറ്റങ്ങളും ടെലിഫോണ്‍ സംവിധാനത്തില്‍ കാര്യമായ വ്യതിയാനങ്ങള്‍ സൃഷ്ടിക്കും. നൂതന സ്വിച്ചിങ് രീതികള്‍ക്ക് ഹൈ-സ്പീഡ് ഇലക്ട്രോണിക്സിലെ കണ്ടുപിടിത്തങ്ങള്‍ വഴിയൊരുക്കും. നെറ്റ് വര്‍ക്ക് ആര്‍ക്കിടെക്ച്ചെര്‍ സാങ്കേതികവിദ്യയിലെ മാറ്റങ്ങള്‍ ഓപ്പ്റ്റിക്കല്‍ നെറ്റ്വര്‍ക്കിങിനെ കൂടുതല്‍ ആകര്‍ഷകമാക്കും. വിവരം സംഭരിക്കുന്നതിനും അവയില്‍ നിന്ന് ആവശ്യമായതിനെ തിരഞ്ഞെടുക്കുന്നതിനും ഓപ്റ്റിക്കല്‍ സംവിധാനങ്ങള്‍ (optical method) പ്രയോജനപ്പെടുത്തുന്നതോടെ ഓള്‍ ഓപ്പ്റ്റിക്കല്‍ പാക്കറ്റ് സ്വിച്ചിങ് (all optical packet switching) വ്യാപകമായിത്തീരാം. ഇന്ന് ഏറ്റവും കൂടുതല്‍ വികസന സാധ്യത കാണുന്നത് ഓപ്പ്റ്റിക്കല്‍ നെറ്റ്വര്‍ക്കിങ്ങിനാണ്. ങജഘട, ഉശളളടല്ൃ എന്നിവയുടെ സഹായത്തോടെ, ഒരു സോഫ്റ്റ്വെയെര്‍ നിയന്ത്രിത ഐപി റൂട്ടിങ് പ്രോസസറുടെ മേല്‍നോട്ടത്തില്‍, ഇലക്ട്രോണിക് രീതിയില്‍, ദ്രുതവേഗത്തില്‍ പ്രവര്‍ത്തിക്കുന്ന ഓപ്പ്റ്റിക്കല്‍ ട്രാന്‍സ്പോര്‍ട്ട് സംവിധാനം രൂപപ്പെടുന്നതോടെ, നെറ്റ്വര്‍ക്കിന്റെ പ്രേഷണ രീതി, അനുനേയത(flexibility), സംയോജനീയത (adaptability) മുതലായവ മെച്ചപ്പെടുന്നതാണ്.
2000-ന്റെ ആരംഭത്തില്‍ വളരെ അധികം ശ്രദ്ധ പിടിച്ചുപറ്റിയ ഈ സാങ്കേതിക രീതികള്‍ക്ക് ആ വര്‍ഷം ഉണ്ടായ ആഗോള സാമ്പത്തിക തകര്‍ച്ചയും (economic downtown), 2001 സെപ്. 11-ല്‍ ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന ഭീകരരുടെ ആക്രമണവും കനത്ത ആഘാതമാണ് ഏല്‍പ്പിച്ചത്. യു.എസ്. സാമ്പത്തിക മേഖല കരുത്താര്‍ജിക്കുന്നതോടെ ടെലിഫോണ്‍ രംഗം പൂര്‍ണമായും ഇന്റര്‍നെറ്റ് മേഖലയുടെ കൈപ്പിടിയിലൊതുങ്ങും എന്ന് കരുതപ്പെടുന്നു. ടെലിഫോണ്‍ മേഖലയില്‍ ആറു തരത്തിലുള്ള മാറ്റങ്ങള്‍ ഭാവിയില്‍ ഉണ്ടാവാം എന്നാണ് അഭിജ്ഞമതം. ബിസിനസ് - അസ്-യൂഷ്വെല്‍, ടെല്‍കൊ ടേക്ക് ഓവെര്‍, ടോപ്പ് ഡൗണ്‍, ഇന്‍സൈഡ് ഔട്ട്, പെര്‍ഫെക്റ്റ് ടുഗെതെര്‍, ഡാര്‍ക് ഹോഴ്സെസ് എന്നിവയാണിവ. പബ്ളിക് സ്വിച്ചിങ് ടെലിഫോണ്‍ നെറ്റ് വര്‍ക്കും (PSTN) ഇന്റര്‍നെറ്റും ഒരുപോലെ സജീവമായിരിക്കുന്നതാണ് പ്രഥമ രീതി. ഐപി നെറ്റ്വര്‍ക്കുകള്‍ വഴി, ദീര്‍ഘദൂര ശബ്ദ വാര്‍ത്താവിനിമയം, ലോക്കല്‍ എക്സ്ചേഞ്ച് കാര്യെര്‍ (LEC) നല്‍കുന്നതാണ് രണ്ടാമത്തേത്. ഇതോടെ ഇന്റര്‍നെറ്റില്‍ ഡേറ്റു സര്‍വീസുകള്‍ക്ക് പ്രാമുഖ്യം നേടാനാവും. DSL, കേബിള്‍ ടിവി നെറ്റ്വര്‍ക്ക് എന്നിവയിലൂടെ ഉപയോക്താക്കളുമായി ബന്ധം സ്ഥാപിച്ച് പ്രാദേശിക സേവനങ്ങള്‍ ഇന്റര്‍ എക്സ്ചേഞ്ച് കാര്യെറുകള്‍ (IXC) ലഭ്യമാക്കുന്നതാണ് ടോപ്പ് ഡൗണ്‍ സംവിധാനം. കേബിള്‍ മോഡം, DSL മുതലായവയിലൂടെ ഇന്റര്‍നെറ്റ് സേവനം നല്‍കുന്നവര്‍ (ISP), അവരുടെ സേവനങ്ങളുടെ ഭാഗമായി ടെലിഫോണ്‍ സര്‍വീസുകൂടി തരുന്ന രീതിയാണ്, ഇന്‍സൈഡ് ഔട്ട്. PSTN ഉം ഇന്റര്‍നെറ്റും തമ്മിലുള്ള ഇന്റര്‍നെറ്റ്വര്‍ക്കിങ് വഴി പോര്‍ട്ടല്‍, കണ്ടെന്റ്, ദാദാക്കല്‍ ടെലിഫോണ്‍ സേവനം ലഭ്യമാക്കുന്നതാണ് പെര്‍ഫെക്റ്റ് ടുഗെതെര്‍. തങ്ങളുടെ കനത്ത ആസ്തി പ്രയോജനപ്പെടുത്തിക്കൊണ്ട് ഉപഗ്രഹ, വിദ്യുത് ഊര്‍ജ (power) മേഖലകളിലെ വമ്പന്‍ കമ്പനികള്‍ ടെലിഫോണ്‍ സേവനം ലഭ്യമാക്കുന്നതാണ് ഡാര്‍ക് ഹോഴ്സെസ് രീതി.
ഓരോ രംഗത്തേയും കര്‍മോന്മുഖമാക്കുന്നത് വിവിധ ലക്ഷ്യങ്ങളാണ്. PSTNന്റെ ശേഷിക്കുറവ്, ഇന്റര്‍നെറ്റിന്റെ വര്‍ധിച്ചു വരുന്ന ബാന്‍ഡ്വിഡ്ത് സൗകര്യം, ഉപഗ്രഹങ്ങള്‍ വഴി ടെലിവിഷന്‍ സംപ്രേഷണം നടത്തുന്ന DTS കമ്പനിക്കാര്‍ ലഭ്യമാക്കുന്ന സെറ്റ് ടോപ്പ് ബോക്സിനു കിട്ടുന്ന വമ്പിച്ച സ്വീകരണം എന്നിവയ്ക്കെല്ലാം ടിലെഫെണി സംവിധാനത്തെ വളരെയധികം സ്വാധീനിക്കാന്‍ കഴിയും. സേവനത്തിനു നല്‍കേണ്ടിവരുന്ന തുകയെക്കാള്‍ സേവനത്തിന്റെ വൈശിഷ്ട്യത്തിനാണ് ഉപയോക്താക്കള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുക. തന്മൂലം പരമാവധി സേവനങ്ങള്‍ ലഭ്യമാക്കാന്‍ കഴിവുള്ള സാങ്കേതികവിദ്യയ്ക്കാവും ആത്യന്തികമായ അംഗീകാരം ലഭിക്കുക.