This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അമിതാഭന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:28, 23 ഫെബ്രുവരി 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 116.68.64.48 (സംവാദം)

അഅമിതാഭന്‍

ജിനന്‍മാര്‍ എന്നറിയപ്പെടുന്ന അഞ്ചു ധ്യാനിബുദ്ധന്മാരില്‍ ഒരാള്‍; അസ്തമയസൂര്യന്റെ ചൈതന്യമുള്ള ബുദ്ധന്‍; അമേയപ്രകാശത്തിന്റെ അധിദേവന്‍; ജപ്പാന്‍കാരുടെ പ്രധാന ബുദ്ധന്‍. തന്റെ പരിനിര്‍വാണത്തിനു മുന്‍പും പിന്‍പുമായി അനേകം ബുദ്ധന്മാരുള്ളതായി ഗൌതമബുദ്ധന്‍ പ്രസ്താവിച്ചു. അവരുടെ സംഖ്യ കൃത്യമായി പറഞ്ഞിട്ടില്ല. എന്നാല്‍ ശ്രീബുദ്ധനു മുന്‍പായി 24 ബുദ്ധന്മാര്‍ ഉണ്ടായിരുന്നതായി ബി.സി. 243-ല്‍, പാടലിപുത്രത്തില്‍ അശോകന്‍ വിളിച്ചുകൂട്ടിയ മൂന്നാം ബുദ്ധമതസമ്മേളനം പ്രഖ്യാപിച്ചു. പാലിശാസനങ്ങളില്‍ ഇതേക്കുറിച്ചു പ്രസ്താവമുണ്ട്. മഹായാനസങ്കല്പമനുസരിച്ച് ബുദ്ധന്മാര്‍ അസംഖ്യമാണ്. അവരില്‍ ധ്യാനിബുദ്ധന്മാര്‍ എന്നു വിളിക്കപ്പെടുന്ന വൈരോചനന്‍, അക്ഷോഭ്യന്‍, രത്നസംഭവന്‍, അമിതാഭന്‍, അമോഘസിദ്ധന്‍ എന്നിവര്‍ക്കാണ് പ്രാധാന്യം. അവരുടെ ക്ഷേത്രമാണ് ചൈത്യം. അവരെ സംബോധന ചെയ്തുകൊണ്ട് പ്രാര്‍ഥന നടത്താറില്ല. ഗൌതമബുദ്ധനായി മഹാമായയുടെ ഗര്‍ഭത്തില്‍ ജനിക്കുന്നതിനു മുന്‍പ് ശ്രീബുദ്ധനെ ബോധിസത്വനായി മഹായാനക്കാര്‍ പരിഗണിക്കുന്നു. ഒരു മാനുഷബുദ്ധനു ശേഷം അടുത്ത ബുദ്ധന്‍ അവതരിക്കുന്നതിന്റെ അന്തരാളത്തില്‍ മതസംരക്ഷണത്തിനു ചുമതലപ്പെട്ട അനവധി ബോധിസത്വന്മാരുണ്ടെന്നാണ് മഹായാനസങ്കല്പം (മൈത്രേയി എന്ന ഒരേയൊരു ബോധിസത്വനെ മാത്രമേ ഹീനയാനം അംഗീകരിക്കുന്നുള്ളു.) അവരില്‍ യഥാക്രമം അഞ്ചു ധ്യാനിബുദ്ധന്മാരുടെ പുത്രന്‍മാര്‍ അഥവാ അവതാരങ്ങള്‍ ആയ സമന്തഭദ്രന്‍, വജ്രാപാണി, രത്നപാണി, പദ്മപാണി, വിശ്വപാണി എന്നിവരാണ് പ്രമാണികര്‍. അങ്ങനെ ധ്യാനിബുദ്ധന്‍, ബോധിസത്വന്‍, മനുഷ്യബുദ്ധന്‍ എന്നീ മൂര്‍ത്തിത്രയത്തെ ഉള്‍ക്കൊള്ളുന്ന അഞ്ചു ത്രിതയം ബുദ്ധമതത്തിനുണ്ട്. ഇവയില്‍ അമിതാഭന്‍, പദ്മപാണി, ഗൌതമബുദ്ധന്‍ ഇവരുള്‍പ്പെടുന്ന ത്രിതയത്തിനാണ് പ്രാധാന്യം. പദ്മപാണിതന്നെയാണ് ചൈനാക്കാര്‍ ആരാധിക്കുന്ന കാരുണ്യദേവതയായ കുവാന്‍-യീന്‍.


ഭൌതികപ്രപഞ്ചത്തിന്റെ സ്രഷ്ടാക്കളാണ് ധ്യാനിബുദ്ധന്മാര്‍. അവര്‍ സൃഷ്ടിക്കുന്ന ലോകം നശ്വരമാണ്. അത്തരം മൂന്നു ലോകങ്ങളുടെ അസ്തിത്വമവസാനിച്ചപ്പോള്‍, നാലാം ബോധിസത്വനായ അവലോകിതേശ്വരന്‍, ധ്യാനനിരതമായ ഒരു പ്രപഞ്ചത്തെ സൃഷ്ടിച്ചു. ദുരുപദിഷ്ടമായ ലക്ഷ്യമൊന്നും ആ ലോകത്തെ സ്പര്‍ശിക്കുന്നില്ല. സാധാരണ മനുഷ്യന്‍ ആരാധിക്കുന്ന ദൈവങ്ങള്‍ക്കു തുല്യരാണ് അവിടത്തെ മനുഷ്യര്‍. അതൊരു 'സുഖലോകം' അത്രെ; അതിന്റെ രക്ഷകന്‍ അമിതാഭനാണ്.


'അമിതാഭര്‍' എന്ന പേരില്‍ ഒരു ദേവഗണമുണ്ട്. രൈവതമന്വന്തരത്തിലെ ദേവന്മാരെ 'അമിതാഭര്‍' എന്നു വിളിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍