This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടുണീഷ്യ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:52, 1 നവംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ടുണീഷ്യ

Tunisia

ഉത്തരാഫ്രിക്കയിലെ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രം. ഔദ്യോഗികനാമം: റിപ്പബ്ലിക് ഒഫ് ടുണീഷ്യ; പൗരാണിക നാമം ഇഫ്രിക്വിയാഹ് (Ifriqiyah). ടൂണിസ്സ് എന്ന തലസ്ഥാനനഗനാമത്തിന്റെ തദ്ഭവമാണ് ടുണീഷ്യ. 1883 മുതല്‍ ഫ്രാന്‍സിന്റെ സാമന്ത ഭരണവ്യവസ്ഥയിന്‍ കീഴിലായിരുന്ന ടുണീഷ്യ, 1956 മാ. 20-ന് സ്വാതന്ത്ര്യം നേടി. 1956 മാ. 25-ന് നിലവില്‍ വന്ന ഭരണഘടനാ നിര്‍മാണസഭ രാജവാഴ്ച അവസാനിപ്പിച്ചു. 1957 ജൂല. 25-ന് റിപ്പബ്ലിക് രൂപീകൃതമായി. ആഫ്രിക്കന്‍ വന്‍കരയുടെ വടക്കേയറ്റത്ത്, മെഡിറ്ററേനിയന്‍ തീരത്തായി ലിബിയയ്ക്കും അല്‍ജീരിയയ്ക്കും മധ്യേ സ്ഥിതിചെയ്യുന്ന ടുണീഷ്യയുടെ വിസ്തൃതി 163,610 ച. കി. മീ. ആണ്. ഏറ്റവും കൂടിയ നീളം: തെ. - വ; 781 കി.മീ.; കി.-പ.-378 കി.മീ.; തീരദേശ ദൈര്‍ഘ്യം, 1028 കി.മീ. അതിരുകള്‍: വ. മെഡിറ്ററേനിയന്‍ കടല്‍; കി. മെഡിറ്ററേനിയന്‍ കടല്‍, ലിബിയ; തെ. ലിബിയ; പ. അല്‍ജീരിയ. തലസ്ഥാനം: ടൂണിസ്സ്; ജനസംഖ്യ: 8605,000 (1994); ഔദ്യോഗിക ഭാഷ, അറബി; ഔദ്യോഗിക മതം: ഇസ്ലാം.

ഭൂപ്രകൃതിയും കാലാവസ്ഥയും

ടോപോഗ്രഫി അനുസരിച്ച് അള്‍ജീരിയയുടെ ഭാഗമാണ് ടുണീഷ്യ. രണ്ടു രാജ്യങ്ങളെയും പരസ്പരം വേര്‍തിരിക്കുന്ന നൈസര്‍ഗിക അതിരുകള്‍ ഇല്ല എന്നതാണ് ഇതിന് കാരണം. അള്‍ജീരിയയുടെ ഭൂപ്രകൃതിക്കു സമാനമായി ടുണീഷ്യയുടെ വടക്കന്‍ തീരപ്രദേശം കിഴുക്കാംതൂക്കായ പാറക്കെട്ടുകള്‍കൊണ്ടമൂടപ്പെട്ടിരിക്കുന്നു. അള്‍ജീരിയയില്‍നിന്നും ടുണീഷ്യയിലേക്കു വ്യാപിക്കുന്ന അറ്റ്ലസ് പര്‍വതം ടുണീഷ്യയെ പ്രധാനപ്പെട്ട രണ്ട് നൈസര്‍ഗിക മേഖലകളായി വിഭജിക്കുന്നു; മിതമായ തോതില്‍ മഴ ലഭിക്കുന്ന വടക്കന്‍മേഖലയും, വരണ്ട തെക്കന്‍ മേഖലയും. ടെല്‍ (Tell), സാഹെല്‍ (Sahel), സ്റ്റെപ്സ്' (steppes) എന്നു വിശേഷിപ്പിക്കുന്ന ഉള്‍നാടന്‍ പീഠഭൂമികള്‍ എന്നീ വ്യത്യസ്ത ഭൂമേഖലകള്‍ വടക്കന്‍മേഖലയില്‍ ഉള്‍പ്പെടുന്നു. അള്‍ജീരിയയില്‍നിന്ന് ആരംഭിക്കുന്ന ടെല്‍, അറ്റ്ലസ് പര്‍വതങ്ങള്‍ ടൂണീഷ്യ കേന്ദ്രീകരിച്ച് ഒരു പര്‍വത ശൃംഖലയ്ക്കു രൂപം നല്‍കുന്നുണ്ട്. ആഴമേറിയ നിരവധി താഴ്വരകളുടെയും വലനപര്‍വതങ്ങളുടെയും സംയോജനമാണ് ടെല്‍ പര്‍വതനിരകള്‍. വര്‍ഷത്തില്‍ 61 സെ.മീ. വരെ മഴ ലഭിക്കുന്ന ഈ ഭൂപ്രദേശത്തെ വളക്കൂറുള്ള മണ്ണ് കൃഷിക്ക് ഏറെ അനുയോജ്യമാണ്. വിവിധയിനം ഓക്കുകള്‍, പൈന്‍ തുടങ്ങിയ വൃക്ഷങ്ങളാല്‍ സമ്പുഷ്ടമായ നിരവധി നിബിഢവനങ്ങള്‍ ടെല്‍ പര്‍വതനിരകളില്‍ കാണാം. 'മെഡ്ജെര്‍ഡ' (Medjerda) ആണ് ഇവിടെത്തെ മുഖ്യനദി. എക്കല്‍ മണ്ണിനാല്‍ സമ്പുഷ്ടമായ മെഡ്ജെര്‍ഡയുടെ തീരപ്രദേശം ടുണീഷ്യയിലെ ഒരു പ്രധാന കാര്‍ഷികോത്പാദന കേന്ദ്രമാണ്.

മെഡിറ്ററേനിയന് തീരത്ത് നിന്ന് കക്കയും മറ്റും ശേഖരിക്കുന്ന ടൂണിഷ്യന് സ്ത്രീകള്

ടുണീഷ്യയുടെ വടക്കുകിഴക്കന്‍ മേഖലയില്‍വച്ച് സാഹെല്‍, ടെല്ലുമായി സന്ധിച്ചതിനുശേഷം സഫക്സ്' (Safax) നദീതീരത്തുകൂടി തെക്കോട്ട് വ്യാപിക്കുന്നു. 50 സെ. മീ. വരെ വാര്‍ഷിക വര്‍ഷപാതം ലഭിക്കുന്ന സാഹെലിന്റെ വടക്കന്‍മേഖല കൃഷിക്കേറെ ഉപയുക്തമാണ്. ഉത്തര സാഹെല്‍ പ്രദേശങ്ങളിലെ കാലാവസ്ഥയും കാര്‍ഷികോത്പാദനത്തിന് അനുകൂലമാണ്. പ്രതിവര്‍ഷം 303 മി. മീ. മുതല്‍ 254 മി. മീ. വരെ മാത്രം മഴ ലഭിക്കുന്നതും, പൊതുവേ വരണ്ട കാലാവസ്ഥ അനുഭവപ്പെടുന്നതുമായ ദക്ഷിണ സാഹെലിനെ 'യഥാര്‍ഥ സാഹെല്‍' എന്നു വിശേഷിപ്പിക്കുന്നു. ഒലീവാണ് ഇവിടത്തെ മുഖ്യ കാര്‍ഷികവിള.

ടെല്ലിന് തെക്കും, സാഹെലിനു പടിഞ്ഞാറുമായി വ്യാപിച്ചുകിടക്കുന്ന താരതമ്യേന ഉയരം കൂടിയ ഭൂപ്രദേശമാണ് സ്റ്റെപ്സ്' അഥവാ ഉള്‍നാടന്‍ പീഠഭൂമികള്‍. കുന്നുകളും പാറക്കെട്ടുകളും ഊഷരമായ സമതലങ്ങളും നിറഞ്ഞ സ്റ്റെപ്സില്‍ വരണ്ട കാലാവസ്ഥ അനുഭവപ്പെടുന്നു. മഴയുടെ അളവ് ഇവിടെ വളരെ കുറവാണെങ്കിലും കുന്നിന്‍ പ്രദേശങ്ങളില്‍ ഭൂരിഭാഗവും പുല്‍മേടുകള്‍കൊണ്ട് മൂടപ്പെട്ടിരിക്കുന്നു. ഇവയ്ക്ക് ടുണീഷ്യയിലെ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രങ്ങളില്‍ നിര്‍ണായക സ്ഥാനമാണുള്ളത്.

ദക്ഷിണ ടുണീഷ്യന്‍ ഭൂപ്രകൃതിയുടെ സവിശേഷതയാണ് മരുപ്രദേശം. ഈ ഭൂപ്രദേശത്തിന്റെ വടക്കന്‍ മേഖലയില്‍ ഷോട്ട്സ്' (Shotts) എന്നു വിളിക്കുന്ന നിരവധി ചതുപ്പുനിലങ്ങളുണ്ട്. ഉയര്‍ന്ന ലവണാംശം ഇവയുടെ പ്രത്യേകതയാണ്. വാര്‍ഷിക വര്‍ഷപാതം, 127 മി. മീ. ഈന്തപ്പനയാണ് മുഖ്യകൃഷി.

ജനങ്ങളും ജീവിതരീതിയും

ജനസംഖ്യയില്‍ ഭൂരിഭാഗവും അറബ്, ബെര്‍ബെര്‍ വംശപരമ്പരയില്‍ ഉള്‍പ്പെടുന്നു. ജൂതരും ക്രിസ്ത്യാനികളുമാണ് മുഖ്യ ന്യൂനപക്ഷങ്ങള്‍. ജീവിതരീതിയിലെ ഏകസമാനത ടുണീഷ്യന്‍ ജനജീവിതത്തെ വ്യതിരിക്തമാക്കുന്നു. ഏകഭാഷയും മതവുമാണ് ഈ ഏകസമാനതയ്ക്ക് അടിസ്ഥാനം. ടുണീഷ്യന്‍ സാംസ്കാരിക ജീവിതത്തിന്റെ മുഖമുദ്ര ഫ്രഞ്ച് പാരമ്പര്യത്തിന്റെ സ്വാധീനമാണ്. ആഹാരരീതി ഉള്‍പ്പെടെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഫ്രഞ്ച് സ്വാധീനം ദര്‍ശിക്കാം. ജനസംഖ്യയില്‍ ഭൂരിഭാഗവും ഫ്രഞ്ച് ഉപഭാഷയായി ഉപയോഗിക്കുന്നു.

  ജനനനിരക്കില്‍ മുന്നില്‍ നില്‍ക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഒന്നാണ് ടുണീഷ്യ. ഉയര്‍ന്ന ജനനനിരക്കും കുറഞ്ഞ മരണനിരക്കും ടുണീഷ്യന്‍ ജനസംഖ്യയുടെ സവിശേഷതയാണ്. ജനസംഖ്യ പ്രതിവര്‍ഷം രണ്ട് ശ.മാ. എന്ന തോതില്‍ വര്‍ധനവ് രേഖപ്പെടുത്തുന്നു. ജനസംഖ്യയുടെ 30 ശ. മാ. നഗരങ്ങളില്‍ അധിവസിക്കുന്നു. ജനസാന്ദ്രത കൂടിയ രാജ്യത്തിന്റെ വ. കിഴക്കന്‍ മേഖലകളില്‍ 70 ശ. മാ-ത്തോളം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നു. 20-ാം ശ.-ത്തിന്റെ മധ്യത്തോടെ നഗര ജനസംഖ്യ ഗണ്യമായി വര്‍ധിച്ചു. ടുണീഷ്യയിലെ മിക്ക നഗരങ്ങള്‍ക്കും പുരാതനം, ആധുനികം എന്നിങ്ങനെ രണ്ടു ഭാഗങ്ങള്‍ ഉണ്ട്. ഇടുങ്ങിയ തെരുവുകളും മൂടിക്കെട്ടിയ ചന്തകളും പുരാതന നഗരഭാഗങ്ങളെ തിരിച്ചറിയാന്‍ സഹായിക്കുന്നു. പാശ്ചാത്യ വാസ്തുശില്പ മാതൃകയില്‍ നിര്‍മിച്ച കെട്ടിടങ്ങളാണ് ആധുനിക നഗരപ്രാന്തപ്രദേശങ്ങളുടെ പ്രത്യേകത. 
  അള്‍ജീരിയന്‍, മൊറോക്കോവിയന്‍ വംശീയ വിഭാഗങ്ങളോടു ബന്ധമുള്ള ടുണീഷ്യന്‍സ് കാക്കസോയിഡ് വര്‍ഗത്തിന്റെ ഉപവിഭാഗമായ മെഡിറ്ററേനിയന്റെയും ദക്ഷിണാഫ്രിക്കന്‍ കറുത്ത വര്‍ഗക്കാരുടെയും സമ്മിശ്രിതവിഭാഗമാണ്. ബെര്‍ബെര്‍സ്, ഫിനീഷ്യന്‍സ്, ഹീബ്രു, ഗ്രീക്ക്, റോമന്‍, വാന്‍ഡല്‍സ്, ബൈസാന്തിയന്‍, അറബ്, സ്പാനിഷ്, മൂര്‍ എന്നീ വംശീയ വിഭാഗങ്ങളുടെ സങ്കരവര്‍ഗങ്ങളും ടുണീഷ്യയിലുണ്ട്. 
  കൃഷിഭൂമിയോടു ചേര്‍ത്തുണ്ടാക്കിയ കുടിലുകള്‍ പോലുള്ള വാസസ്ഥലങ്ങളിലും ചെറിയ പട്ടണങ്ങളിലുമാണ് ജനങ്ങള്‍ താമസിക്കുന്നത്. ഗ്രാമീണ വീടുകള്‍ അധികവും കല്ലും മണ്ണുംകൊണ്ടു നിര്‍മിച്ചിരിക്കുന്നു. പ്രത്യേക രീതിയില്‍ നിര്‍മിച്ച കൂടാരങ്ങളിലും ജനങ്ങള്‍ താമസിക്കുന്നുണ്ട്. ഇഷ്ടികയും സിമന്റും ഉപയോഗിച്ച് നിര്‍മിച്ചവയാണ് പട്ടണങ്ങളിലെ കെട്ടിടങ്ങള്‍ അധികവും. പരമ്പരാഗതരീതിയിലുള്ള വസ്ത്രധാരണം ഗ്രാമീണജീവിതത്തിന്റെ 

പ്രത്യേകതയാണ്.

  പരമ്പരാഗത സ്വതന്ത്ര അറബ് രാജ്യങ്ങളില്‍ ഒന്നാണ് ടുണീഷ്യ. 1956-ലെ ‘പേര്‍സണല്‍ സ്റ്റാറ്റസ് കോഡ്’ സ്ത്രീകള്‍ക്കു കൂടുതല്‍ അവകാശങ്ങള്‍ നല്‍കി. 1960-ല്‍ ഏര്‍പ്പെടുത്തിയ കുടുംബാസൂത്രണ പദ്ധതി ജനസംഖ്യാ പെരുപ്പം ഗണ്യമായി നിയന്ത്രിക്കാന്‍ സഹായകമായി. പ്രതിവര്‍ഷ ജനസംഖ്യാ വര്‍ധന: 1600. മൊത്തം തൊഴിലാളികളുടെ 25 ശ. മാ.-വും, വ്യാവസായിക മേഖലയിലെ തൊഴിലാളികളുടെ 30 ശ. മാ.-വും സ്ത്രീകളാണ്. ആധുനിക കാലഘട്ടത്തില്‍ സ്ത്രീകളുടെ കമ്പനി ഉടമസ്ഥാവകാശം ഗണ്യമായി വര്‍ധിച്ചിട്ടുണ്ടെങ്കിലും രാഷ്ട്രീയ രംഗം പുരുഷമേല്‍ക്കോയ്മയ്ക്ക് അധീനംതന്നെ. 1990-കളില്‍ ഉടലെടുത്ത ഇസ്ളാമിക മതമൌലികവാദപ്രസ്ഥാനം സ്ത്രീകളുടെ അമിതസ്വാതന്ത്യ്രത്തിനെതിരെ ഭീഷണി മുഴക്കുന്നു. പാശ്ചാത്യ രാജ്യങ്ങളുമായി വാണിജ്യബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ- വാണിജ്യപ്രമുഖരും മതമൌലികവാദികളുടെ വെല്ലുവിളി നേരിടുകയാണ്. ഇസ്ളാമിക പ്രസ്ഥാനങ്ങള്‍ക്കു നേരെയുള്ള ബെന്‍ അലി ഭരണകൂടത്തിന്റെ സമീപനം, പ്രത്യേകിച്ചും അല്‍നഹ്ദാ പാര്‍ട്ടിയുടെ നിരോധനം, ടുണീഷ്യന്‍ രാഷ്ട്രീയരംഗത്ത് ഏറെ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. അല്‍നഹ്ദയുടെ വനിതാ പ്രവര്‍ത്തകര്‍ക്കുനേരെ ഭരണകൂടം നടത്തിയ അതിക്രമങ്ങളെപ്പറ്റി ആംനസ്റ്റി ഇന്റര്‍നാഷണല്‍ നിരവധി റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

കകക വിദ്യാഭ്യാസം. പരമ്പരാഗത ഇസ്ളാമിക മതവിദ്യാഭ്യാസ സമ്പ്രദായം നിലനിന്നിരുന്ന രാജ്യമാണ് ടുണീഷ്യ. പൌരാണിക ടുണീഷ്യയിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ മുസ്ളീം പള്ളികളോടു ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്ന ഖുറാനിക് സ്കൂളുകള്‍ മാത്രമായിരുന്നു. മുഖ്യപാഠ്യ വിഷയമായ ഖുറാനു പുറമേ ഗണിതവും എഴുത്തുവിദ്യയും ഇവിടെ അഭ്യസിപ്പിച്ചിരുന്നു. മതം ആയിരുന്നു മറ്റൊരു പാഠ്യവിഷയം. മതത്തില്‍ ഉപരിപഠനം നടത്താന്‍ ഒരു സര്‍വകലാശാലയും (സിറ്റൌന സര്‍വകലാശാല) പൌരാണിക ടുണീഷ്യയില്‍ പ്രവര്‍ത്തിച്ചിരുന്നു. ഫ്രാന്‍സിന്റെ ആധിപത്യ കാലഘട്ടത്തിലാണ് ടുണീഷ്യയില്‍ ആധുനിക വിദ്യാഭ്യാസസമ്പ്രദായം ആരംഭിക്കുന്നത്. 1807-ല്‍ നിരവധി കോളജുകള്‍ സ്ഥാപിക്കപ്പെട്ടു. 1950-കളില്‍ ബജറ്റിന്റെ 1/5 ഭാഗം വിദ്യാഭ്യാസ പുരോഗതിക്കുവേണ്ടി നീക്കിവച്ചു. പ്രാഥമികതലം മുതല്‍ സര്‍വകലാശാലാതലം വരെ വിദ്യാഭ്യാസം സൌജന്യമാണ്. 4,286 പ്രൈമറി സ്കൂളുകളില്‍ 1,472,844 വിദ്യാര്‍ഥികളും, 712 സെക്കന്‍ഡറി സ്കൂളുകളില്‍ 662,222 വിദ്യാര്‍ഥികളും പഠിക്കുന്നു (1994). ഉന്നതവിദ്യാഭ്യാസത്തിനുവേണ്ടി 6 സര്‍വകലാശാലകളും ടുണീഷ്യയില്‍ സേവനം അനുഷ്ഠിക്കുന്നുണ്ട്. 1997-ലെ കണക്കനുസരിച്ച് 67 ശതമാനമാണ് ടുണീഷ്യയുടെ സാക്ഷരത.

കഢ മതം. ടുണീഷ്യന്‍ ഭരണഘടനയനുസരിച്ച് ഇസ്ളാമാണ് ടുണീഷ്യയുടെ ഔദ്യോഗികമതം. സുന്നികള്‍ക്കാണ് പ്രാമുഖ്യം (8.5 മി.). സു. 20,000 റോമന്‍ കത്തോലിക്കരും ടുണീഷ്യയിലുണ്ട്. 7-ാം ശ.-ത്തിലെ അറബികളുടെ ആഗമനത്തോടെയാണ് ടുണീഷ്യയില്‍ ഇസ്ളാംമതം സന്നിവേശിക്കുന്നത്. ഭൂരിഭാഗവും മാലിക്കിറ്റ് (ങമഹശസശലേ) തത്ത്വസംഹിതയില്‍ വിശ്വസിക്കുന്നു. ടര്‍ക്കിഷ് വംശജരുടെ പിന്‍ഗാമികള്‍ പൊതുവേ ഹനഫി (ഒമിശളശലേ) വിശ്വാസികളാണ്. ഭരണഘടന ഇസ്ളാമിനെ ദേശീയമതമായി പ്രഖ്യാപിക്കുന്നുണ്ടെങ്കിലും മറ്റു മതവിഭാഗങ്ങള്‍ക്കും ടുണീഷ്യയില്‍ മതസ്വാതന്ത്യ്രം അനുവദിക്കപ്പെട്ടിട്ടുണ്ട്. ചെറി

യൊരു ശതമാനം ജൂതരും ടുണീഷ്യയിലുണ്ട്. 1950-ല്‍ 57792 ആയിരുന്നജൂതജനസംഖ്യ 1964-ല്‍ 30,000 ആയി കുറഞ്ഞു.

ഢ സമ്പദ്വ്യവസ്ഥ. പ്രധാനമായും ഒരു കാര്‍ഷികരാജ്യമാണ് ടുണീഷ്യ. ജനസംഖ്യയില്‍ 23 ശ.മാ. കാര്‍ഷികമേഖലയില്‍ ജോലി ചെയ്യുന്നു.

മൊത്തം ഗാര്‍ഹിക ഉത്പാദനത്തിന്റെ 13 ശ.മാ. കൃഷിയില്‍

നിന്നാണ് ലഭിക്കുന്നത്. ജലസേചനത്തിന്റെ അപര്യാപ്തത കൃഷിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കൃഷിക്കനുയോജ്യമായ മൊത്തം ഭൂമിയുടെ 3 ശ.മാ. പ്രദേശത്തു മാത്രമേ ഫലപ്രദമായ രീതിയില്‍ ജലസേചനസൌകര്യം ഏര്‍പ്പെടുത്തുവാന്‍ കഴിഞ്ഞിട്ടുള്ളു. രാജ്യത്തെ 5 പ്രധാന കാര്‍ഷിക മേഖലകളായി വിഭജിച്ചിട്ടുണ്ട്; (1) പര്‍വതങ്ങളും വളക്കൂറുള്ള താഴ്വരകളും ഉള്‍പ്പെട്ട വടക്കന്‍ മേഖല. (2) ക്യാപ്ബോണ്‍ ഉപദ്വീപ് ഉള്‍പ്പെടുന്ന വടക്കു-കിഴക്കന്‍ മേഖല (3) സാഹെല്‍ പ്രവിശ്യ (4) മധ്യ മേഖല (5) തെക്കന്‍ മരുപ്രദേശം. ഓറഞ്ചും നാരങ്ങയുമാണ് വടക്കുകിഴക്കന്‍ മേഖലയിലെ മുഖ്യവിളകള്‍. മരുപ്രദേശത്ത് ഈന്തപ്പന സമൃദ്ധിയായി വളരുന്നു. തീരപ്രദേശത്ത് ഗോതമ്പ്, ബാര്‍ലി, ചോളം, ഓട്സ്, ഉരുളക്കിഴങ്ങ്, തക്കാളി, മുന്തിരി തുടങ്ങിയവ കൃഷിചെയ്യുന്നു. ഒലീവ് എണ്ണയുടെ ഉത്പാദനത്തിലും വിപണനത്തിലും മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ് ടുണീഷ്യ. കാര്‍ഷിക വരുമാനത്തിന്റെ 25 ശ. മാ. ഒലീവ് കൃഷിയില്‍നിന്നാണ് ലഭിക്കുന്നത്. സാഹെല്‍ പ്രവിശ്യയിലും മരുപ്രദേശത്തിന്റെ വടക്കന്‍ മേഖലയിലും വ്യാവസായികാടിസ്ഥാനത്തില്‍ ഒലീവ് കൃഷി ചെയ്യുന്നു.

  ടുണീഷ്യന്‍ കാര്‍ഷികോത്പാദനരംഗം പരമ്പരാഗതവും ആധുനികവുമായ കൃഷി സമ്പ്രദായങ്ങള്‍ പിന്തുടരുന്നുണ്ട്. ഉത്തരമേഖലയിലെ ധാന്യവിളത്തോട്ടങ്ങള്‍ക്കു പുറത്ത് വസിക്കുന്ന കര്‍ഷകരാണ് പരമ്പരാഗത രീതി ഉപയോഗിച്ച് കൃഷി ചെയ്യുന്നത്. 

5 ലക്ഷത്തിലധികം കര്‍ഷകര്‍ ഈ സമ്പ്രദായം പിന്‍തുടരുന്നതായി കണക്കാക്കപ്പെടുന്നു. ഗോതമ്പും ഈന്തപ്പനയുമാണ് ഇതില്‍ പ്രധാനം. ഇവരുടെ മറ്റൊരു പ്രധാന വരുമാനമാര്‍ഗം കന്നുകാലി വളര്‍ത്തലാണ്.

  ഭക്ഷ്യ-ധാന്യോത്പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഉത്തര 

ടുണീഷ്യയിലും സാഹെല്‍ പ്രവിശ്യയിലുമാണ് യന്ത്രവല്‍ക്കരണത്തെ അടിസ്ഥാനമാക്കിയുള്ള ആധുനിക കൃഷിസമ്പ്രദായം ഏറെ പുരോഗമിച്ചിട്ടുള്ളത്. ഫ്രാന്‍സാണ് ടുണീഷ്യയില്‍ ആധുനിക കൃഷിസമ്പ്രദായവും യന്ത്രവല്‍ക്കരണവും ഉപയോഗിച്ചുള്ള കാര്‍ഷികോത്പാദനത്തിന് തുടക്കം കുറിച്ചത്. 1964-ല്‍ കൃഷിഭൂമി ദേശസാല്‍ക്കരിക്കപ്പെട്ടു. സ്റ്റേറ്റിന്റെ നിയന്ത്രണത്തിലുള്ള കൃഷിഭൂമിയില്‍ സ്ഥിരം തൊഴിലാളികളും ദിവസക്കൂലിക്ക് ജോലിചെയ്യുന്നവരും ഉണ്ട്. സ്വകാര്യ ഉടമസ്ഥതയിലുള്ള തുണ്ടു കൃഷി

ഭൂമികളും ടുണീഷ്യയില്‍ കാണാം. ഭൂരിപക്ഷം കര്‍ഷകരും തങ്ങളുടെ കൃഷിഭൂമികള്‍ പാട്ടത്തിന് നല്‍കുന്നു. വിവിധ രീതിയിലുള്ള കുടിയായ്മ വ്യവസ്ഥകളും ഇവിടെ നിലവിലുണ്ട്. കാര്‍ഷിക മേഖലയുടെ വികസനത്തിനുവേണ്ടി ഗവണ്‍മെന്റ് നിരവധി പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കിവരുന്നു. കന്നുകാലി വളര്‍ത്തലും പ്രധാനംതന്നെ. രാജ്യത്തിന്റെ വ., വ.- പടിഞ്ഞാറന്‍ മേഖലകളിലാണ് കന്നുകാലി വളര്‍ത്തല്‍ കാര്യമായി പുരോഗമിച്ചിട്ടുള്ളത്. സ്ത്രീകളും പുരുഷന്മാരും ഒരുപോലെ കന്നുകാലി വളര്‍ത്തലില്‍ വ്യാപൃതരായിരിക്കുന്നു. മത്സ്യബന്ധനമാണ് ജനങ്ങളുടെ മറ്റൊരു പ്രധാന ഉപജീവനമാര്‍ഗം. ഇത് ഒരു കുടില്‍ വ്യവസായമായി വികസിച്ചിട്ടുമുണ്ട്. സമുദ്ര മത്സ്യങ്ങളുടെ സംസ്കരണത്തിനും വിപണനത്തിനും പുറമേ പരമ്പരാഗത രീതി ഉപയോഗിച്ച് മത്സ്യം വളര്‍ത്തുന്ന സമ്പ്രദായവും വ്യാപകമാണ്. ആധുനിക രീതി ഉപയോഗിച്ചുള്ള മത്സ്യബന്ധനം സമീപകാലത്ത് ഏറെ പുരോഗമിച്ചിട്ടുണ്ട്. പ്രതിവര്‍ഷം 40,000 ടണ്‍ മത്സ്യം സംസ്കരിക്കപ്പെടുന്നതായി സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഢക ഖനനവും ഉത്പാദനവും. 1970-കളോടെ ടുണീഷ്യ ദ്രുതഗതിയിലുള്ള വ്യാവസായിക വിപ്ളവത്തിന് വിധേയമായി. സ്വതന്ത്ര ടുണീഷ്യയുടെ വികസനപദ്ധതികളില്‍ വ്യാവസായിക വികസനത്തിനാണ് പ്രത്യേക ഊന്നല്‍ നല്‍കിയിട്ടുള്ളത്. പരമ്പരാഗത കൈത്തൊഴിലുകളും ഉത്പാദനസംവിധാനങ്ങളും നിലനിര്‍ത്തി ക്കൊണ്ടാണ് ടുണീഷ്യ ഉത്പാദനവ്യവസായത്തിന് മുന്‍ഗണന നല്‍കുന്നത്.

  ടുണീഷ്യന്‍ സമ്പദ്വ്യവസ്ഥയില്‍ നിര്‍ണായക സ്ഥാനമാണ് ഖനനവ്യവസായത്തിനുള്ളത്. വിദേശനാണ്യത്തിന്റെ പകുതിയും ഖനിജങ്ങളുടെ കയറ്റുമതിയില്‍നിന്നു ലഭിക്കുന്നു. ഫോസ്ഫേറ്റ്, പെട്രോളിയം എന്നിവയാണ് പ്രധാന കയറ്റുമതി ഉത്പന്നങ്ങള്‍. ലോകത്തിലെ പ്രധാന ഫോസ്ഫേറ്റ് ഉത്പാദകരാജ്യങ്ങളില്‍ ഒന്നാണ് ടുണീഷ്യ. ലോക ഫോസ്ഫേറ്റ് ഉപഭോഗത്തിന്റെ പത്തിലൊന്ന് ടുണീഷ്യ ഉത്പാദിപ്പിക്കുന്നു. പ്രതിവര്‍ഷം മുപ്പതുലക്ഷം മെ. ടണ്‍ ഫോസ്ഫേറ്റ് ടുണീഷ്യ കയറ്റുമതി ചെയ്യുന്നുണ്ട്. രാജ്യത്തുടനീളം ഫോസ്ഫേറ്റ് നിക്ഷേപത്തിന്റെ വന്‍ശേഖരം കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇതിലെ ട്രൈകാല്‍സ്യത്തിന്റെ കലര്‍പ്പ്, ടുണീഷ്യന്‍ ഫോസ്ഫേറ്റിന്റെ ഗുണനിലവാരം കുറയ്ക്കുന്നു. ഖനനം ചെയ്യുന്ന അസംസ്കൃത ഫോസ്ഫേറ്റ് സഫെക്സിലും, ടൂണിസ്സിലും സംസ്കരിക്കുന്നു. ഗാബെസിലും ഗഫ്സയിലും ഗുണമേന്മ കുറഞ്ഞ ഫോസ്ഫേറ്റ് ശിലയെ വളമാക്കി മാറ്റുന്നുണ്ട്. ഇരുമ്പ്, ലെഡ്, സിങ്ക് എന്നിവയാണ് വ്യാവസായികാടിസ്ഥാനത്തില്‍ ഖനനം ചെയ്യപ്പെടുന്ന മറ്റു ഖനിജങ്ങള്‍. അള്‍ജീരിയന്‍ അതിര്‍ത്തിക്ക് സമീപത്തുനിന്ന് പ്രതിവര്‍ഷം ഒരു ദശലക്ഷം മെ. ടണ്‍ ഇരുമ്പയിര് ഖനനം ചെയ്യുന്നു. ബിസെര്‍ടെയിലിലും ഇരുമ്പയിര് നിക്ഷേപം കണ്ടെത്തിയിട്ടുണ്ട്. ടുണീഷ്യയുടെ വടക്കന്‍മേഖലകളില്‍നിന്ന് ലെഡും സിങ്കും ഖനനം ചെയ്യുന്നു. അള്‍ജീരിയന്‍ അതിര്‍ത്തിയില്‍നിന്ന് പെട്രോളിയവും കേപ്ബോണിനു സമീപത്തുനിന്ന് പ്രകൃതിവാതകവും ലഭിക്കുന്നു.
  ടൂണീഷ്യന്‍ വ്യാവസായിക - വാണിജ്യ - ഗതാഗത ശൃംഖലകളുടെ ആസ്ഥാനമാണ് തലസ്ഥാനനഗരമായ ടൂണിസ്സ്. രാജ്യത്തെ മുഖ്യ വ്യാവസായികനഗരം കൂടിയാണിത്. ഉത്പാദന വ്യവസായത്തിന്റെ പകുതിയിലധികവും ടൂണിസ്സില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. ആയിരത്തിലധികം തുണിമില്ലുകള്‍ക്കു പുറമേ, പേപ്പര്‍, തടി വ്യവസായ ശാലകളും, യന്ത്രസാമഗ്രികള്‍, ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാണ ഫാക്ടറികളും ടൂണിസ്സില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. (നോ: ടുണിസ്സ്.)
  കാര്‍പ്പെറ്റ് നെയ്ത്ത്, കളിമണ്‍പാത്രനിര്‍മാണം, ചെമ്പ്- ബ്രാസ് കൊത്തുപണി, ആഭരണ നിര്‍മാണം, കരകൌശല വസ്തുക്കളുടെ നിര്‍മാണം, തുകല്‍ വ്യവസായം തുടങ്ങിയവയാണ് ടുണീഷ്യയിലെ പരമ്പരാഗത ചെറുകിട കൈത്തൊഴില്‍ വ്യവസായങ്ങള്‍. അഞ്ചു ലക്ഷത്തിലധികം തൊഴിലാളികള്‍ ഈ മേഖലയില്‍ 

തൊഴില്‍ ചെയ്യുന്നുണ്ട്.

  ഫോസ്ഫേറ്റ്, അസംസ്കൃത പെട്രോളിയം, തുണിത്തരങ്ങള്‍, ഒലീവ് എണ്ണ, വളങ്ങള്‍, ലെഡ്, എസ്പോര്‍ട്ടോഗ്രാസ്, വീഞ്ഞ്, നാരകഫലങ്ങള്‍, ഈന്തപ്പഴം, തുകല്‍ ഉത്പന്നങ്ങള്‍, സംസ്കരിച്ച മത്സ്യ ഉത്പന്നങ്ങള്‍, യന്ത്രസാമഗ്രികള്‍ എന്നിവയാണ് ടുണീഷ്യ മുഖ്യമായും കയറ്റുമതി ചെയ്യുന്നത്. എണ്ണ, അനുബന്ധ ഉത്പന്നങ്ങള്‍, പ്രകൃതിവാതകം, സസ്യ എണ്ണ, കാപ്പി, തേയില, സുഗന്ധദ്രവ്യങ്ങള്‍ തുടങ്ങിയവ പ്രധാനമായും ഇറക്കുമതി ചെയ്യുന്നു. ടുണീഷ്യയുമായി വ്യാപാരബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രധാന രാജ്യങ്ങള്‍ ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി എന്നിവയാണ്. 1989-ല്‍ അള്‍ജീരിയ, ലിബിയ,  മൌറിറ്റാനിയ, മൊറോക്കോ എന്നീ രാജ്യങ്ങളുമായി ടുണീഷ്യ ഒരു സാമ്പത്തിക സഹകരണ കരാറില്‍ ഒപ്പുവച്ചു. സ്വാതന്ത്യ്രാനന്തരം യുഗോസ്ളേവിയ, പോളണ്ട്, ചൈന, റഷ്യ, ചെക്ക്, സ്ളോവാക്യ, ബള്‍ഗേറിയ തുടങ്ങിയ രാജ്യങ്ങളുമായി ടുണീഷ്യ വ്യാപാരബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. 

ഢകക ഗതാഗതവും വാര്‍ത്താവിനിമയവും. ഫ്രഞ്ച് കൊളോണിയലിസത്തിന്റെ കാലഘട്ടത്തിലാണ് ടൂണിഷ്യയുടെ ഗതാഗത-വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ വികസിച്ചത്. റോഡ്- റെയില്‍വേ ഗതാഗത സൌകര്യങ്ങള്‍ അതിവേഗം പുരോഗമിച്ചു. 1980-കളില്‍ ടൂണിസ്സിനെയും അതിന്റെ പ്രാന്തപ്രദേശങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്ന ‘അര്‍ബന്‍ മാസ്ട്രാന്‍സിസ്റ്റ് റെയില്‍വേ' സ്ഥാപിക്കപ്പെട്ടു. ഗവണ്‍മെന്റിന്റെ അധീനതയിലുള്ള ടുണീഷ്യന്‍ നാഷണല്‍ റെയില്‍വേക്ക് 1900 കി.മീ. ദൈര്‍ഘ്യമുണ്ട്. രാജ്യത്തിന്റെ ഉള്‍നാടന്‍ പ്രദേശത്തുകൂടി കടന്നുപോകുന്ന ഒരു സൂപ്പര്‍ഹൈവേ ടൂണിസ്സിനെയും സാഹെലിനെയും പരസ്പരം ബന്ധിപ്പിക്കുന്നു. 7200 കി.മീ. ദൈര്‍ഘ്യമുള്ള ടുണീഷ്യന്‍ നാഷണല്‍ ഹൈവേ ടൂണിസ്സിനെ അള്‍ജീരിയയുമായും, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളുമായും യോജിപ്പിക്കുന്നു. ടുണിസ്സിലെ എല്‍-ഐ ഔന (ലഹഅശീൌിമ) അന്താരാഷ്ട്ര വിമാനത്താവളത്തിനു പുറമേ രാജ്യത്തുടനീളം നിരവധി ചെറിയ വിമാനത്താവളങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ടൂണിസ് ലാ, ഗൌലെറ്റേ (ഴീൌഹലലേേ), ബിസെര്‍ടെ (ആശ്വലൃലേ), സൌസ്സെ (ടീൌലൈ), സാഫക്സ് എന്നിവയാണ് മുഖ്യതുറമുഖങ്ങള്‍.

  1997-ലെ കണക്കനുസരിച്ച് 654,200 പ്രധാന ടെലിഫോണ്‍ ലൈനുകള്‍ ടുണീഷ്യയിലുണ്ട്: പി.സി.  80,000, ഫാക്സ് യന്ത്രങ്ങള്‍: 31000. 110000-ല്‍ അധികം ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ ടുണീഷ്യയിലുണ്ട് (2000). റേഡിയോയും ടെലിവിഷനും ഗവണ്‍മെന്റ് നിയന്ത്രണത്തിലാണ്. ഫ്രഞ്ചിലും ഇറ്റാലിയനിലും പ്രക്ഷേപണം നടത്തുന്ന ഒരു അന്താരാഷ്ട്ര റേഡിയോ സര്‍വീസിനു പുറമേ അറബിയിലും ഫ്രഞ്ചിലും സംപ്രേഷണമുള്ള ടെലിവിഷന്‍ ശൃംഖലയും ടുണീഷ്യയുടെ വാര്‍ത്താ വിനിമയ രംഗത്ത് സേവനം അനുഷ്ഠിക്കുന്നു. ഏഴ് ദിനപത്രങ്ങള്‍ ടുണീഷ്യയില്‍ പ്രസിദ്ധീകരിച്ചുവരുന്നു (1997). പത്രസ്വാതന്ത്യ്രം ടുണീഷ്യയില്‍ പരിമിതമാണ്.

ഢകകക ചരിത്രം. ടുണീഷ്യയെ അധിവസിച്ചിരുന്നതായി അറിയപ്പെടുന്ന ആദ്യകാല ജനവിഭാഗം ബെര്‍ബറുകള്‍ ആണ്. ബി.സി. 12-ാം ശ. മുതല്‍ ടുണീഷ്യന്‍ തീരത്ത് ഫിനിഷ്യര്‍ അധിവാസം തുടങ്ങിയതായി വിശ്വസിക്കപ്പെടുന്നു. ബി.സി. 10-ാം ശ. -ത്തിനും 9-ാം ശ. -ത്തിനും ഇടയ്ക്ക് ഇവര്‍ ഈ പ്രദേശത്ത് തങ്ങളുടെ കോളനി സ്ഥാപിക്കുകയും വാണിജ്യബന്ധങ്ങള്‍ വിപുലപ്പെടുത്തുകയും ചെയ്തു. ഇതില്‍നിന്നും ബി.സി. 6-ാം ശ. -ത്തോടെ കാര്‍ത്തേജ് എന്ന ശക്തമായ സാമ്രാജ്യം ഉടലെടുത്തു. സാമ്പത്തികമായും സാംസ്കാരികമായും കാര്‍ത്തേജ് മുന്നിലായിരുന്നു. ബി.സി. 3-ാം ശ. വരെ മെഡിറ്ററേനിയന്‍ പ്രദേശത്തെ നാവികശക്തിയും വാണിജ്യശക്തിയുമായിരുന്നു ഇത്. ആദ്യകാലങ്ങളില്‍ റോമുമായി സൌഹൃദത്തിലായിരുന്നു കാര്‍ത്തേജ്. ഈ പ്രദേശത്ത് ഇരു രാജ്യങ്ങളുടെയും താത്പര്യങ്ങളിലുണ്ടായ സംഘര്‍ഷം ബി.സി. 264 മുതല്‍ കാര്‍ത്തേജും റോമും തമ്മില്‍ നിരന്തരയുദ്ധങ്ങള്‍ക്കു വഴിതെളിച്ചു. പ്യൂണിക് യുദ്ധങ്ങള്‍ എന്ന പേരില്‍ ഇവ അറിയപ്പെടുന്നു. രണ്ടാം പ്യൂണിക് യുദ്ധത്തില്‍ ഹാനിബാള്‍ (ബി.സി. 247-183) എന്ന ജനറല്‍ നായകത്വം വഹിച്ചിരുന്നു. മൂന്നാം പ്യൂണിക് യുദ്ധത്തില്‍ (ബി.സി. 149-146) കാര്‍ത്തേജ് പരാജയപ്പെടുകയും റോമന്‍ സാമ്രാജ്യത്തില്‍ ഈ പ്രദേശം ലയിക്കുകയും ചെയ്തു.

  എ.ഡി. 40-ഓടെ ടുണീഷ്യയെ പ്രോകോണ്‍സുലര്‍ ആഫ്രിക്ക, ബൈസാസീനിയ എന്നീ റോമന്‍ പ്രവിശ്യകളായി വിഭജിച്ചു. റോമന്‍ ഭരണത്തില്‍ ടുണീഷ്യ അഭിവൃദ്ധിപ്പെടുകയും ധാരാളം കുടിയേറ്റക്കാര്‍ ഇവിടെ വന്നെത്തുകയും ചെയ്തു. ഇതോടെ നഗരങ്ങള്‍ വികസിക്കാനും തുടങ്ങി. കൃഷിയെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക വ്യവസ്ഥിതി നിലവില്‍വന്നു. റോമാക്കാരാണ് ഇവിടെ ക്രിസ്തുമതം പ്രചരിപ്പിച്ചത്. അക്കാലത്തെ റോമന്‍ നിര്‍മിതികളുടെ (പ്രത്യേകിച്ച് കൊളോസിയം) അവശിഷ്ടങ്ങള്‍ ഇപ്പോഴും ഇവിടെയുണ്ട്. പില്‍ക്കാലത്ത് റോമന്‍ ഭരണത്തിന് ആഭ്യന്തരമായി എതിര്‍പ്പു നേരിടേണ്ടിവന്നു. തുടര്‍ന്ന് വാന്‍ഡല്‍ വര്‍ഗക്കാര്‍ ഇവിടെ ആധിപത്യം സ്ഥാപിച്ചു. ഇവരുടെ ആധിപത്യത്തില്‍ നിന്നും 533-ല്‍ ബെലിസേറിയസ് ടുണീഷ്യയെ മോചിപ്പിച്ച് ബൈസാന്തിയന്‍ സാമ്രാജ്യത്തിന്റെ ഭാഗമാക്കി. ഇക്കാലങ്ങളില്‍ ഇവിടത്തെ തനതു ജനതയായ ബെര്‍ബര്‍ ഗോത്രങ്ങള്‍ പലപ്പോഴും കലാപമുണ്ടാക്കിയിരുന്നു.
  7-ാം ശ. മുതല്‍ ഇവിടെ അറബികളുടെ ആക്രമണം 

ഉണ്ടായിക്കൊണ്ടിരുന്നു. 8-ാം ശ.-ത്തിന്റെ തുടക്കത്തില്‍ ടുണീഷ്യ പൂര്‍ണമായും അറബികളുടെ കൈവശമാവുകയും ചെയ്തു.

ഈ അധിനിവേശം 16-ാം ശ. വരെ നീണ്ടുനിന്നു. ഇവിടെ ഇസ്ളാം മതം പ്രചരിപ്പിച്ചത് അറബികളായിരുന്നു. തുടര്‍ന്ന് പല മുസ്ളീം രാജവംശങ്ങളും ഇവിടെ ഭരണം നടത്തുകയുണ്ടായി. ദമാസ്ക്കസ്സിലെ ഉമായിദ് ഖലീഫയുടെയും ബാഗ്ദാദിലെ അബ്ബാസിദ് ഖലീഫയുടെയും ഭരണവും ഇവിടെ നിലനിന്നിരുന്നു. അറബികളുടെ അധിനിവേശത്തെത്തുടര്‍ന്നുള്ള യുദ്ധങ്ങളും രാഷ്ട്രീയ കുഴപ്പങ്ങളും 9-ാം ശ.-ത്തില്‍ അഗ്ലാബിദ് വംശം (800-909) അധികാരത്തിലെത്തുന്നതുവരെ നിലനിന്നു. ഇവരുടെ ഭരണകാലത്താണ് ടുണീഷ്യയില്‍ രാഷ്ട്രീയസ്ഥിരതയും പുരോഗതിയും ഉണ്ടായത്. ഇവരെക്കൂടാതെ സിറിദുകളും (10-ാം ശ.) ഫാത്തിമിദുകളും (10-ാം ശ. മുതല്‍) ഇവിടെ ഭരണം നടത്തുകയുണ്ടായി. ഫാത്തിമിദുകളുടെ ഭരണം കുറെക്കാലം നീണ്ടുനില്‍ക്കുകയും ചെയ്തു. 11-ാം ശ.-ല്‍, ടുണീഷ്യയില്‍ റീജന്‍സി അധികാരം നല്‍കപ്പെട്ടിരുന്ന ബെര്‍ബര്‍ രാജാവ് കെയ്റോയിലെ ഫാത്തിമിദ് മേധാവിയുമായി കലഹിക്കുകയുണ്ടായി. ഇതിനു പ്രതികാരമായി, ഫാത്തിമിദുകള്‍ ഈജിപ്തില്‍ വാസമുറപ്പിച്ചിരുന്ന അറേബ്യന്‍ ബദൂയിനുകളെ ടൂണീഷ്യയില്‍ കുഴപ്പമുണ്ടാക്കാനായി എത്തിച്ചു. ഇത് ഒരു നൂറ്റാണ്ടിലേറെക്കാലം ടുണീഷ്യയില്‍ അരാജകത്വത്തിനു കാരണമായി. 12-ാം ശ.-ന്റെ മധ്യത്തോടടുപ്പിച്ച് ഏതാനും വര്‍ഷക്കാലം നോര്‍മന്‍കാര്‍ ടുണീഷ്യയിലെ പല തീരദേശ നഗരങ്ങളും കയ്യടക്കിയിരുന്നു. നോര്‍മന്‍കാരെ തോല്പിച്ച് മൊറോക്കോയിലെ അല്‍മോഹദ് ഖലീഫമാര്‍ 1159-ഓടെ ടുണീഷ്യ പൂര്‍ണമായും കയ്യടക്കി. ഇവരെത്തുടര്‍ന്ന് 1230 മുതല്‍ 1574 വരെ ബെര്‍ബര്‍ ഹാഫ്സിദുകളുടെ ഭരണമായിരുന്നു ടുണീഷ്യയില്‍ നടന്നത്. ഇവരുടെ കാലത്ത് ടുണീഷ്യ അഭിവൃദ്ധിപ്പെട്ടിരുന്നു. കല, സംസ്കാരം, സാഹിത്യം, ശാസ്ത്രം എന്നീ രംഗങ്ങളില്‍ പുരോഗതി ഉണ്ടാവുകയും ചെയ്തു. 1500-കളുടെ തുടക്കം മുതല്‍ ഹാഫ്സിദുകളുടെ ശക്തി ക്ഷയിച്ചുതുടങ്ങുകയും സ്പെയിന്‍കാരും തുര്‍ക്കികളും ഇവിടെ ആധിപത്യത്തിനു ശ്രമിക്കുകയുമുണ്ടായി. അതിനുശേഷം സ്പെയിന്‍കാര്‍ ടുണീഷ്യയിലെ പല തീരദേശ നഗരങ്ങളും ചുരുങ്ങിയ കാലത്തേക്ക് പിടിച്ചടക്കിയിരുന്നു. സ്പെയിന്‍കാരെ തോല്പിച്ച് തുര്‍ക്കികള്‍ 1574-ഓടെ ടുണീഷ്യ അധീനതയിലാക്കി. തുര്‍ക്കി ഗവര്‍ണര്‍മാരുടെ കീഴില്‍ ടുണീഷ്യയ്ക്ക് സ്വയംഭരണം നല്‍കിയിരുന്നു. 1600-കളുടെ മധ്യം മുതല്‍ തുര്‍ക്കി സുല്‍ത്താനേറ്റിന്റെ ഏജന്റ് (ബേ) ഭരിക്കുന്ന പ്രദേശമായി ടുണീഷ്യ മാറി. 16-ാം ശ.-ല്‍ ടുണീഷ്യന്‍ തീരം കടല്‍ക്കൊള്ളക്കാരുടെ കേന്ദ്രമായിരുന്നു. 1705 മുതല്‍ ഹുസൈന്‍ രാജവംശം ടുണീഷ്യയില്‍ ഭരണം നടത്തി. 19-ാം ശ.-ത്തിന്റെ തുടക്കം മുതല്‍ യൂറോപ്യന്‍ശക്തികള്‍ ടുണീഷ്യയില്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. 1839-ഓടെ ടുണീഷ്യയിലെ പരിഷ്കൃതവാദികള്‍ പാശ്ചാത്യവത്ക്കരണം എന്ന ആവശ്യം ഉന്നയിച്ചു. 19-ാം ശ.-ത്തിലെ ടുണീഷ്യയിലെ സാമ്പത്തികക്കുഴപ്പം ഇവിടെ യൂറോപ്യന്‍ ശക്തികളുടെ ഇടപെടലിന് വഴിയൊരുക്കി. 1869-ഓടെ ഫ്രാന്‍സും ഗ്രേറ്റ് ബ്രിട്ടനും ഇറ്റലിയും ടുണീഷ്യയുടെ സാമ്പത്തിക കാര്യങ്ങളില്‍ കൈകടത്താനും തുടങ്ങി. ആഭ്യന്തരക്കുഴപ്പങ്ങളും അയല്‍രാജ്യമായ അല്‍ജീരിയയിലെ 1830 മുതലുള്ള ഫ്രഞ്ച് സാന്നിധ്യവും ആണ് ടുണീഷ്യയില്‍ ഫ്രഞ്ച് ആക്രമണത്തിന് വഴിയൊരുക്കിയത്. ബാര്‍ദോ (1881) മെഴ്സാ (1883) ഉടമ്പടികള്‍ പ്രകാരം ടുണീഷ്യ ഫ്രഞ്ച് സംരക്ഷിത പ്രദേശമായി മാറി. ഫ്രഞ്ച് റസിഡന്റ് ജനറല്‍ ആയിരുന്നു ഭരണാധികാരി. 20-ാം ശ.-ത്തിന്റെ തുടക്കം മുതല്‍ ഫ്രഞ്ചു ഗവണ്‍മെന്റിനെതിരായി ടുണീഷ്യയില്‍ ദേശീയ മുന്നേറ്റം ആരംഭിച്ചിരുന്നു (യംഗ് ടുണീഷ്യന്‍സ്). ഒന്നാം ലോകയുദ്ധാനന്തരം ദേശീയ മുന്നേറ്റം ശക്തിപ്പെട്ടു. ടുണീഷ്യയില്‍ ഷേഖ് അബ്ദ് അല്‍-അസീസ് നാന്‍ബി മുന്‍കൈയെടുത്ത് 1920-ല്‍ ദസ്തര്‍ പാര്‍ട്ടി രൂപവത്ക്കരിച്ചു. ടുണീഷ്യര്‍ക്കു സ്വയം തീരുമാനമെടുക്കുന്നതിനു സഹായമേകുന്ന വിധത്തിലുള്ള ഭരണഘടനാനുസൃതമായ ഭരണത്തിനും നിയമനിര്‍മാണസഭയ്ക്കും വേണ്ടി ഇവര്‍ ആവശ്യമുന്നയിച്ചു. ഫ്രാന്‍സ് ചെറിയ ഇളവുകള്‍ അനുവദിച്ചെങ്കിലും അത് ദസ്തര്‍ പാര്‍ട്ടിക്ക് തൃപ്തികരമായിരുന്നില്ല. 1925-ല്‍ പാര്‍ട്ടിക്കു വിലക്കുണ്ടായി. പിന്നീട് 1934-ല്‍ ഹബീബ് ബോര്‍ഗ്വിബയുടെ നേതൃത്വത്തില്‍ നിയോ - ദസ്തര്‍ പാര്‍ട്ടി നിലവില്‍ വരികയും ആ പാര്‍ട്ടി വമ്പിച്ച ജനപിന്തുണ നേടിയെടുക്കുകയും ചെയ്തു. രണ്ടാം ലോകയുദ്ധത്തില്‍ ഉത്തര ആഫ്രിക്കയിലെ പല യുദ്ധങ്ങളും ടുണീഷ്യന്‍ പ്രദേശത്താണ് നടന്നിരുന്നത്. യുദ്ധാനന്തരം ദേശീയ മുന്നേറ്റം വീണ്ടും ശക്തിപ്പെട്ടു. ഫ്രാന്‍സ് 1950-ല്‍ ടുണീഷ്യയ്ക്ക് നിയന്ത്രിത സ്വയംഭരണം അനുവദിച്ചു. എങ്കിലും ബോര്‍ഗ്വിബയുടെ നേതൃത്വത്തില്‍ കൂടുതല്‍ ഫ്രഞ്ച് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുകയും ഇതേത്തുടര്‍ന്ന് ബോര്‍ഗ്വിബ അറസ്റ്റിലാവുകയും ചെയ്തു. 1954-ല്‍ ടുണീഷ്യയ്ക്ക് ആഭ്യന്തര കാര്യങ്ങളില്‍ സ്വയം ഭരണം അനുവദിക്കപ്പെട്ടു. തുടര്‍ന്ന് 1956 മാ. 20-ന് ടുണീഷ്യ പൂര്‍ണ സ്വാതന്ത്യ്രം നേടുകയും ചെയ്തു. ബോര്‍ഗ്വിബയാണ് പ്രധാനമന്ത്രിയായി അധികാരമേറ്റത്. 1705 മുതല്‍ ഭരണം നടത്തിക്കൊണ്ടിരുന്ന ഹുസൈനിദ് വംശത്തിലെ അവസാന രാജാവിനെ പുറത്താക്കിക്കൊണ്ട് ടുണീഷ്യ 1957 ജൂല. 25-ന് ഒരു റിപ്പബ്ളിക് ആയി. ബോര്‍ഗ്വിബ പ്രസിഡന്റായി സ്ഥാനമേറ്റു. 1959 ജൂണ്‍ 1-ന് ഭരണഘടന നിലവില്‍വന്നു. ഇസ്ളാം മതം ഔദ്യോഗിക മതവും, അറബി ഭാഷ ഔദ്യോഗിക ഭാഷയും, ദിനാര്‍ ഔദ്യോഗിക നാണയവും, അല്‍ഖലാദി ദേശീയഗാനവുമായി അംഗീകരിക്കപ്പെട്ടു.

  ഫ്രാന്‍സും ടുണീഷ്യയുമായി 1961-ല്‍ യുദ്ധമുണ്ടായി. എങ്കിലും 1963-ലെ ഉടമ്പടിക്കുശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സൌഹൃദപരമായിത്തീര്‍ന്നു.
  പാശ്ചാത്യ അനുകൂല വിദേശ നയമാണ് ടുണിഷ്യ പുലര്‍ത്തിയിരുന്നത്. ആഭ്യന്തരമായി ആധുനികവത്കരണവും സാമ്പത്തിക പുരോഗതിക്കാവശ്യമായ പദ്ധതികളും ബോര്‍ഗ്വിബ ആസൂത്രണം ചെയ്തിരുന്നു. 1960-കളുടെ ഒടുവില്‍ ദസ്തര്‍ പാര്‍ട്ടിക്കുള്ളില്‍ കലാപമുണ്ടായി. തുടര്‍ന്ന് ബോര്‍ഗ്വിബ ഭരണരംഗത്ത് കര്‍ക്കശ നിലപാടു സ്വീകരിച്ചു. 1974-ല്‍ ഭരണഘടന ഭേദഗതി വരുത്തി ബോര്‍ഗ്വിബ ആജീവനാന്ത പ്രസിഡന്റായി. 1977-ഓടെ രാജ്യത്ത് തൊഴില്‍ കുഴപ്പങ്ങള്‍ വര്‍ധിക്കുകയും പ്രതിപക്ഷം ശക്തിയാര്‍ജിക്കുകയും ചെയ്തു. 1970-കളുടെ ഒടുവില്‍ തുടങ്ങിയ ആഭ്യന്തര പ്രശ്നങ്ങള്‍ 1980കളില്‍ രൂക്ഷമാവുകയും ഗവണ്‍മെന്റു വിരുദ്ധ കലാപങ്ങള്‍ക്ക് ആക്കം കൂടുകയും ചെയ്തു. 1987-ല്‍ ബോര്‍ഗ്വിബ അധികാരത്തില്‍നിന്നും പുറത്തായതിനെത്തുടര്‍ന്ന് പ്രധാനമന്ത്രിയായിരുന്ന സെയ്ന്‍ അല്‍ ആബിദീന്‍ ബെന്‍ അലി പ്രസിഡന്റായി അധികാരത്തിലേറി. 1988-ല്‍ ഭരണഘടന പുതുക്കുകയും ആജീവനാന്ത പ്രസിഡന്‍സി ഇല്ലാതാക്കുകയും ചെയ്തു. 1988 ഫെ.-യില്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ പേരുമാറ്റി, റാസ്സെംബിള്‍മെന്റ് കോണ്‍സ്റ്റിറ്റ്യൂഷണല്‍ ഡെമോക്രാറ്റിക് (ഞഇഉ) എന്ന്. ബഹുകക്ഷി സമ്പ്രദായം നിലവില്‍ വന്നു. 1989-ലെയും 94-ലെയും 99-ലെയും തെരഞ്ഞെടുപ്പുകളില്‍ ഇദ്ദേഹം വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

കത. ഭരണകൂടം. ടുണീഷ്യയില്‍ 1959 ജൂണ്‍ 1-ന് ഭരണഘടന നിലവില്‍ വന്നു. ഇത് 1988-ല്‍ പുതക്കുകയുണ്ടായി. ടൂണിഷ്യന്‍ ഭരണഘടനയ്ക്ക് രണ്ട് ഭാഗങ്ങളുണ്ട്. പ്രഥമ ഭാഗം റിപ്പബ്ളിക്കിന്റെ അടിസ്ഥാന സ്വഭാവം, പൌരന്റെ മൌലികാവകാശങ്ങള്‍ എന്നിവ എന്തൊക്കെയെന്നു വിവരിക്കുമ്പോള്‍ രണ്ടാം ഭാഗം നിയമനിര്‍മാണം, ഭരണനിര്‍വഹണം, നീതിന്യായം എന്നിവയെപ്പറ്റി പ്രതിപാദിക്കുന്നു. പ്രസിഡന്റ് എല്ലായ്പ്പോഴും ഒരു മുസ്ളിം ആയിരിക്കണമെന്ന് ഭരണഘടന നിഷ്കര്‍ഷിക്കുന്നു. പ്രസിഡന്റ് തലവനായുള്ള ഒരു റിപ്പബ്ളിക്കാണ് ടുണീഷ്യ. പ്രസിഡന്റിനെ 5 വര്‍ഷത്തേക്കു തെരഞ്ഞെടുക്കുന്നു. പ്രായപൂര്‍ത്തി വോട്ടവകാശമനുസരിച്ചാണ് ഈ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പു നടക്കുന്നത്. ഭരണ നടത്തിപ്പിന്റെ നേതൃത്വം പ്രസിഡന്റില്‍ നിക്ഷിപ്തമായിരിക്കുന്നു. ഭരണകാര്യങ്ങളില്‍ ഇദ്ദേഹത്തെ സഹായിക്കുവാന്‍ പ്രധാനമന്ത്രി തലവനായുള്ള ഒരു മന്ത്രിസഭയുണ്ട്. മന്ത്രിസഭയെ പ്രസിഡന്റ് നിയമിക്കുന്നു. ഇത് പ്രസിഡന്റിനോടാണ് ഉത്തരവാദപ്പെട്ടിരിക്കുന്നത്.

  അഞ്ചു വര്‍ഷക്കാലാവധിയും 163 അംഗങ്ങളുമുള്ള നാഷണല്‍ അസംബ്ളിയാണ് ടുണീഷ്യയിലെ നിയമനിര്‍മാണസഭ. പ്രായ പൂര്‍ത്തി വോട്ടവകാശമനുസരിച്ച് ഇതിലേക്കുള്ള തെരഞ്ഞെടുപ്പു നടത്തുന്നു. ഇരുപതു വയസ്സു തികഞ്ഞവര്‍ക്ക് വോട്ടവകാശമുണ്ട്. ആദ്യകാലത്ത് ഒരു രാഷ്ട്രീയപാര്‍ട്ടി മാത്രമുണ്ടായിരുന്ന ടുണീഷ്യയില്‍ പിന്നീട് നിരവധി രാഷ്ട്രീയ പാര്‍ട്ടികള്‍ നിലവില്‍ വന്നു. ഭരണസൌകര്യത്തിനായി ടുണീഷ്യയെ പല പ്രവിശ്യകളായി വിഭജിച്ചിരിക്കുന്നു. ഗവണ്‍മെന്റാണ് പ്രവിശ്യാഭരണാധിപന്‍. ഈ ഉദ്യോഗസ്ഥനെ പ്രസിഡന്റ് നിയമി ക്കുന്നു. ഗവര്‍ണര്‍ക്കു കീഴില്‍ പ്രാദേശിക ഭരണ നടത്തിപ്പിനായി പല തലങ്ങളിലായി മറ്റുദ്യോഗസ്ഥന്മാരുണ്ട്.
  ഹയര്‍ ജുഡീഷ്യല്‍ കൌണ്‍സിലിന്റെ ശുപാര്‍ശയനുസരിച്ച് പ്രസിഡന്റ് ടുണീഷ്യയില്‍ ജുഡീഷ്യറിയെ നിയമിക്കുന്നു. 51 പ്രാദേശിക കോടതികള്‍ക്കുപുറമേ നിരവധി അപ്പീല്‍ കോടതികളും സുപ്രീം കോടതിയുമുണ്ട്. സുപ്രീം കോടതിയുടെ ആസ്ഥാനം ടൂണിസ് ആണ്.
   (ഡോ. എ. പസ്ലിത്തില്‍, സ.പ.)
"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9F%E0%B5%81%E0%B4%A3%E0%B5%80%E0%B4%B7%E0%B5%8D%E0%B4%AF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍