This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടാഗൂര്‍, ഗഗനേന്ദ്രനാഥ് (1867 - 1938)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:58, 17 ഡിസംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ടാഗൂര്‍, ഗഗനേന്ദ്രനാഥ് (1867 - 1938)

ബംഗാളി ചിത്രകാരന്‍. 1867 സെപ്. 18-ന് കൊല്‍ ക്കത്തയില്‍ ജനിച്ചു. വിഖ്യാത കലോപാസകനായ ഗുണേന്ദ്രനാഥ ടാഗൂര്‍ ആണ് പിതാവ്. അദ്ദേഹത്തിന്റെ മരണത്തോടെ (1881) ഗഗനേന്ദ്രന്റെ വിദ്യാഭ്യാസം നിലച്ചു. നാടകാഭിനയവും പുസ്തക പാരായണവുമായി കഴിഞ്ഞ ഇദ്ദേഹം ഇളയസഹോദരന്‍ അബനീന്ദ്രനാഥ ടാഗൂര്‍ ചിത്രകാരനെന്ന നിലയില്‍ പ്രശസ്തനായശേഷമാണ് ആ രംഗത്തേയ്ക്കു കടന്നുചെന്നത്. സ്വദേശിവാദത്തില്‍ അടിയുറച്ചു വിശ്വസിച്ചിരുന്ന ഇദ്ദേഹം ഭാരതീയമായ ചിത്രകലാശൈലിയുടെ ആരാധകനും പ്രയോക്താവുമാകാനാണ് ആഗ്രഹിച്ചത്. ഹരിനാരായണ്‍ ബാനര്‍ജിയില്‍ നിന്ന് പാശ്ചാത്യ ജലച്ചായ ചിത്രരചനാരീതി വശമാക്കി. 1905 മുതല്‍ ജലച്ചായത്തില്‍ ഇദ്ദേഹം വരച്ച ബംഗാള്‍ പ്രകൃതിദൃശ്യങ്ങള്‍ ജനശ്രദ്ധ പിടിച്ചുപറ്റി.

ഗഗനേന്ദ്രനാഥ് ടാഗൂര്

ഒകാകുറ, തയ്ക്ക്വാന്‍ തുടങ്ങിയ ജാപ്പനീസ് ചിത്രകാരന്മാരുമായുണ്ടായ ചങ്ങാത്തം പിന്നീട് ഇദ്ദേഹത്തെ 'സ്വദേശിശൈലി'യില്‍ നിന്നു വഴിമാറുന്നതിനു പ്രേരിപ്പിച്ചു. രബീന്ദ്രനാഥ ടാഗൂറിന്റെ ജീബന്‍സ്മൃതി (1912)യ്ക്കുവേണ്ടി ഇദ്ദേഹം വരച്ച ചിത്രങ്ങള്‍ ഇതിനുദാഹരണമാണ്. 1910 മുതല്‍ 21 വരെയുള്ള ഇദ്ദേഹത്തിന്റെ സംഭാവനകളില്‍ മികച്ചവ ഹിമാലയന്‍ സ്കെച്ചുകള്‍ ആണ്. ഈ ചിത്രങ്ങളുടെ പരമ്പര അദ്ഭുത് ലോക് (1915), വിരൂപ് വജ്ര (1917) നയാ ഹുല്ലോഡ് ഓര്‍ റിഫോം സ്ക്രീംസ് (1921) എന്നിങ്ങനെ മൂന്നു ഭാഗങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാര്‍ട്ടൂണ്‍ രചനയിലും ഗഗനേന്ദ്രനാഥ് പ്രശസ്തനായിരുന്നു. 1920-നുശേഷം ഇദ്ദേഹത്തിന്റെ രചനകളില്‍ ഫ്രഞ്ച് ക്യൂബിസത്തിന്റെ സ്വാധീനമുണ്ടായി. ക്യൂബിസത്തെ അനുകരിക്കുകയായിരുന്നില്ല, സ്വാംശീകരിക്കുകയായിരുന്നു ഇദ്ദേഹം. അപ്പോഴും റിയലിസത്തോട് പൂര്‍ണമായി വിട പറഞ്ഞിരുന്നില്ല എന്നതാണ് മറ്റൊരു സവിശേഷത. ജീവിതാന്ത്യത്തില്‍ മരണത്തെക്കുറിച്ചും, അഭൗമജീവിതത്തെക്കുറിച്ചുമുള്ള ഏതാനും രചനകളും ഇദ്ദേഹം നിര്‍വഹിച്ചിട്ടുണ്ട്.

ഔര്‍ ഇന്നര്‍ ഗാര്‍ഡന്‍, കാഞ്ചന്‍ ജംഗ. പദ്മ, പുരി ടെംപിള്‍, ഗാര്‍ഡന്‍ പാര്‍ട്ടി അറ്റ് ആന്‍ ഇന്‍ഡ്യന്‍ ഹൗസ്, കൂലീസ് ഫ്യൂണെറല്‍, സ്ലീപ്പി ഓള്‍ഡ് മാന്‍ പണ്ഡിറ്റ്സ്, ചൈതന്യാസ് ഇനിഷിയേഷന്‍, പാലസ് ഒഫ് സ്നോ, ഫെയറി ലാന്‍ഡ് തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ വിഖ്യാതചിത്രങ്ങള്‍.

ഛായാചിത്രങ്ങള്‍, നാടോടി ചിത്രങ്ങള്‍ എന്നിവ രചിക്കുന്നതിലും ഭാരതീയ ശൈലിയിലുള്ള ഗൃഹോപകരണങ്ങള്‍ രൂപകല്പന ചെയ്യുന്നതിലും ഗഗനേന്ദ്രനാഥ് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 1916-ല്‍ സ്ഥാപിച്ച ബംഗാള്‍ ഹോം ഇന്‍ഡസ്ട്രീസിന്റെ സെക്രട്ടറിയായി ഇദ്ദേഹം സേവനമനുഷ്ഠിച്ചു. ഇന്ത്യന്‍ സൊസൈറ്റി ഒഫ് ഓറിയന്റല്‍ ആര്‍ട്ടിലെ എല്ലാ ഉപകരണങ്ങളും രൂപകല്പന ചെയ്തത് ഇദ്ദേഹമാണ്. നാടക സംവിധായകന്‍, നടന്‍ എന്നീ നിലകളില്‍ക്കൂടി ഇദ്ദേഹത്തിന്റെ കലാസപര്യ വ്യാപിച്ചുകിടക്കുന്നു. രബീന്ദ്രനാഥ ടാഗോറിന്റെ ഫാല്‍ഗുനി അവതരിപ്പിക്കുക മാത്രമല്ല, അതില്‍ രാജാവിന്റെ വേഷം അഭിനയിക്കുകയും ചെയ്തു.

പാരീസ്, ലണ്ടന്‍, ഹാംബര്‍ഗ്, ബര്‍ലിന്‍ എന്നിവിടങ്ങളിലും ഏതാനും ദക്ഷിണാമേരിക്കന്‍ നഗരങ്ങളിലും 1914-നും 27-നുമിടെ ഇദ്ദേഹത്തിന്റെ ചിത്രപ്രദര്‍ശനങ്ങള്‍ നടന്നിട്ടുണ്ട്. 1938-ല്‍ ഗഗനേന്ദ്രനാഥ് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍