This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടാട്ടര്‍സ്താന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:56, 17 ഒക്ടോബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ടാട്ടര്‍സ്താന്‍

Tatarstan

മുന്‍ റഷ്യന്‍ ഫെഡറേഷനിലുള്‍പ്പെട്ടിരുന്ന 21 റിപ്പബ്ലിക്കുകളില്‍ ഒന്ന്. മുമ്പ് യു. എസ്. എസ്. ആറിലുണ്ടായിരുന്ന ജനവര്‍ഗാടിസ്ഥാന-രാഷ്ട്രീയ ഭൂവിഭാഗമായിരുന്നു ഇത് (ethnic political division). വംശീയാടിസ്ഥാനത്തില്‍ സോവിയറ്റ് യൂണിയനില്‍ രൂപം കൊണ്ട ആദ്യ സ്വയംഭരണ പ്രദേശങ്ങളിലൊന്നാണ് ടാട്ടര്‍സ്താന്‍. വിസ്തീര്‍ണം: 68,000 ച. കി. മീ.; ജനസംഖ്യ: 37,55,000 (1995 ജനു.); തലസ്ഥാനം: കസന്‍; തലസ്ഥാന ജനസംഖ്യ: 11 ലക്ഷം.

ഭൂമിശാസ്ത്രപരമായി ഒരു നിമ്നതടത്തിലാണ് ടാട്ടര്‍സ്താന്റെ സ്ഥാനം. വോള്‍ഗാനദിയുടെ മധ്യഭാഗവും (Middle Volga), കാമാനദിയുടെ അവസാനഭാഗവും (Lower Kama) ഇതിനെ മുറിച്ചു കടക്കുന്നു. മൂന്നു നൈസര്‍ഗിക ഭൂഭാഗങ്ങളാണ് ടാട്ടര്‍ പ്രദേശത്തുള്ളത്. ഇതിലാദ്യത്തേത് വോള്‍ഗയുടെ പടിഞ്ഞാറന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന ഉന്നത തടങ്ങളാണ്. ചെറുനദികളുണ്ടാക്കുന്ന ഉയര്‍ന്ന തോതിലുള്ള ചാലുകീറല്‍ അപരദനം (gully erosin), കരിമണ്ണ്, ഇല പൊഴിയും കാടുകള്‍ എന്നിവ ഈ ഭൂഭാഗത്തിന്റെ പ്രത്യേകതകളാണ്. കാമാ നദിയുടെ ഉത്തരതീരത്തെ നിമ്നതടമാണ് രണ്ടാമത്തേത്. 'പോഡ്-സോളിക്' മണ്ണും, സ്തൂപികാഗ്രിത വനങ്ങളും, ചതുപ്പു നിലങ്ങളുമാണ് ഈ പ്രദേശത്തിന്റെ പ്രത്യേകതകള്‍. മൂന്നാമത്തെ ഭൂഭാഗം കാമാനദിയുടെ തെക്കേ തീരത്തു സ്ഥിതി ചെയ്യുന്നു. സ്റ്റെപ്പി പുല്‍മേടുകള്‍ നിറഞ്ഞ ഈ നിമ്ന ഭൂഭാഗം കരിമണ്ണിനാല്‍ സമ്പുഷ്ടമാണ്. ടാട്ടര്‍സ്താന്റെ ഉത്തരഭാഗങ്ങളില്‍ ഇല പൊഴിയും വനങ്ങളും ദക്ഷിണ ഭാഗങ്ങളില്‍ സ്റ്റെപ്പി സസ്യജാലവും കാണപ്പെടുന്നു.

ഈര്‍പ്പം നിറഞ്ഞ വ. പടിഞ്ഞാറന്‍ മേഖലയിലെ കൃഷിയിടങ്ങളില്‍ കാലിത്തീറ്റ വിളകള്‍ക്കും, ഉരുളക്കിഴങ്ങ്, ചണച്ചെടി, കരിമ്പ് എന്നീ വിളകള്‍ക്കുമാണ് മുന്‍തൂക്കം. കോഴി-കന്നുകാലി-പന്നിവളര്‍ത്തലും മുഖ്യ ഉപജീവന മാര്‍ഗങ്ങള്‍ തന്നെ. വരണ്ട വ. കിഴക്കന്‍ മേഖലകളില്‍ ഗോതമ്പ്, സൂര്യകാന്തി എന്നിവയുടെ കൃഷിക്കും ഇറച്ചിക്കാവശ്യമായ കന്നുകാലി വളര്‍ത്തലിനുമാണ് പ്രാമുഖ്യം.

രാഷ്ട്ര തലസ്ഥാനമായ കസനു (Kazan) ചുറ്റുമായാണ് ഉല്പ്പാദന പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. രാസ വസ്തുക്കള്‍, തുകല്‍, രോമചര്‍മ്മ വസ്ത്രങ്ങള്‍, യന്ത്രസാമഗ്രികള്‍ എന്നിവയാണ് ഇവിടെത്തെ പ്രധാന ഉത്പ്പന്നങ്ങള്‍. സെലനോഡോള്‍സ്കില്‍ (Zelenodolsk), തടിയുത്പന്നങ്ങള്‍, സ്ഫടികം തുടങ്ങിയവയുടെ വ്യവസായവും ചിസ്റ്റോപോളില്‍ (chistopol) ക്ലോക്കുകള്‍, വാച്ചുകള്‍ എന്നിവയുടെ ഉത്പ്പാദനവും കേന്ദ്രീകരിച്ചിരിക്കുന്നു. ഇവിടെത്തെ സുലഭമായ എണ്ണ നിക്ഷേപങ്ങള്‍ എണ്ണ ശുദ്ധീകരണ വ്യവസായശാലകളുടെ വളര്‍ച്ചയ്ക്കു കാരണമായിട്ടുണ്ട്. എന്‍ജിനീയറിങ് വ്യവസായവും ടാട്ടര്‍സ്താനില്‍ നിര്‍ണായകമായ വളര്‍ച്ച നേടിയിരിക്കുന്നു.

റഷ്യയിലെ ഏറ്റവും വലിയ ട്രക്ക് നിര്‍മാണകേന്ദ്രങ്ങളില്‍ ഒന്നാണ് ടാട്ടര്‍സ്താന്‍. കാമാ നദീതീരത്തെ പുതിയ ജലവൈദ്യുതോല്പ്പാദന കേന്ദ്രത്തിനടുത്താണ് ട്രക്കു വ്യവസായം കേന്ദ്രീകരിച്ചിട്ടുള്ളത്. എണ്ണ നിക്ഷേപങ്ങള്‍ കണ്ടെത്തിയതോടെ, 1950-കളില്‍ സോവിയറ്റ് യൂണിയനിലെ ഏറ്റവും പ്രമുഖ എണ്ണ ഉത്പ്പാദകരാജ്യമായി ടാട്ടര്‍ മാറി. ഇവിടത്തെ ആല്‍മേറ്റിവ്സ്ക് (Almetievsk) നഗരത്തിനു ചുറ്റുമുള്ള എണ്ണപ്പാടങ്ങളില്‍ നിന്ന് മറ്റ് അയല്‍രാജ്യങ്ങളിലേക്ക് എണ്ണ കയറ്റുമതി ചെയ്യുന്നുണ്ട്. ടാട്ടര്‍സ്താനിലെ എണ്ണ വ്യവസായം നിഷ്നെകാംസ്ക് (Nizhnekamsk) നഗരത്തെ ഒരു പെട്രോകെമിക്കല്‍ കേന്ദ്രമായി വികസിപ്പിച്ചിരിക്കുന്നു. കാമാ നദിക്കരയില്‍ ആല്‍മേറ്റിവ്സ്കിനു വടക്കാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്.

തലസ്ഥാന നഗരമായ കസന്‍ കഴിഞ്ഞാല്‍ ചിസ്റ്റോപോള്‍ (Chistopol), നാബെറീഷ്നിയെ (Naberezhniye), ചെല്‍നി (Chelny), അല്‍മേറ്റൈവ്സ്ക് (Almetyevsk), ബഗുല്‍മെ (Bugulme) എന്നിവയാണ് ടാട്ടര്‍സ്താനിലെ മറ്റു പ്രധാന നഗരങ്ങള്‍. 1989-ലെ സെന്‍സസു പ്രകാരം ജനസംഖ്യയുടെ 48.5 ശ. മാ. ടാട്ടര്‍ വംശജരാകുന്നു. റഷ്യര്‍ (43.3 ശ. മാ.), ചൂവാഷ് (3.7 ശ. മാ.), ഉക്രേനിയര്‍ (0.9 ശ. മാ.), മൊര്‍ഡോവിയര്‍ (0.8 ശ. മാ.) എന്നിവരാണ് ഇതര ജനവിഭാഗങ്ങള്‍.

10-ാം ശ. മുതല്‍ 13-ാം ശ. വരെ മംഗോള്‍ അധീനതയിലുള്ള വോള്‍ഗാ-കാമാ-ബള്‍ഗാര്‍ സ്റ്റേറ്റിന്റെ കീഴിലുള്ള ഒരു പ്രദേശമായിരുന്നു ടാട്ടര്‍സ്താന്‍. 15-ാം ശ. -ത്തില്‍ മംഗോള്‍ സാമ്രാജ്യത്തിന്റെ പതനത്തെ തുടര്‍ന്ന് ഇതു കസന്‍ (ടാട്ടര്‍) ഖാന്‍മാരുടെ ആസ്ഥാനമായി. 1552-ല്‍ വീണ്ടും റഷ്യന്‍ അധീനതയിലായ ഈ പ്രദേശം 1920-ല്‍ ഒരു സ്വയംഭരണ റിപ്പബ്ലിക്കായിത്തീര്‍ന്നു. 1991-ലെ സുപ്രീം സോവിയറ്റ് സ്വാതന്ത്ര്യ പ്രഖ്യാപനത്തെ തുടര്‍ന്ന് 1992 മാ. -ല്‍ ഇവിടെ നടന്ന ജനഹിത പരിശോധനയില്‍ 61.4 ശ. മാ. ജനങ്ങളും ടാട്ടര്‍സ്താന്റെ സ്വയംഭരണത്തിന് അനുകൂലമായി വോട്ടു ചെയ്തു. തുടര്‍ന്ന് 1992 ഏ. പുതിയ ഭരണഘടന നിലവില്‍ വന്നു. ഇതിന്‍ പ്രകാരം ടാട്ടര്‍സ്താന്‍ ഒരു പരമാധികാര രാഷ്ട്രമായി. 1994 ഒ. -ല്‍ റഷ്യയുടെയും ടാട്ടര്‍സ്താന്റെയും പ്രസിഡന്റുമാര്‍ ടാട്ടര്‍സ്താന്‍ റഷ്യയോടു ചേര്‍ന്നുള്ള ഒരു സംസ്ഥാനമായി പ്രഖ്യാപിക്കുന്ന ഉടമ്പടിയില്‍ ഒപ്പുവച്ചെങ്കിലും റഷ്യന്‍ പാര്‍ലമെന്റ് ഇതുവരെയും ഇതിനെ സാധുവാക്കിയിട്ടില്ല.

യു. എസ്. എസ്. ആര്‍. അക്കാദമി ഒഫ് സയന്‍സിന്റെ ഒരു ശാഖ ടാട്ടര്‍സ്താനിലുണ്ട്. അഞ്ചു സ്ഥാപനങ്ങള്‍ ഇതിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍