This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടയര്‍ വ്യവസായം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ടയര്‍ വ്യവസായം
പ്രധാനപ്പെട്ട ഒരു റബര്‍ ഉല്‍പന്നനിര്‍മാണ വ്യവസായം. മോട്ടോര്‍ വാഹന വ്യവസായവുമായി അഭേദ്യമായി ബന്ധപ്പെട്ട ഒരു ഇടത്തരം ഉത്്പന്നമാണ് ഓട്ടോമേറ്റീവ് ടയര്‍. അതിനാല്‍ ബാഹ്യഘടകങ്ങളുടെ സ്വാധീനത്തിനു വിധേയമാണ് മിക്കപ്പോഴും ടയര്‍ നിര്‍മാണവ്യവസായം. ഉദാഹരണമായി, ഇംഗ്ളണ്ടില്‍ നടപ്പിലാക്കിയ വേഗനിയന്ത്രണചട്ടങ്ങള്‍ ടയര്‍ വ്യവസായത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരം നിയന്ത്രണങ്ങളുടെ അഭാവം ഫ്രാന്‍സിലെ ടയര്‍ വ്യവസായം വന്‍തോതില്‍ വളരുന്നതിന് സഹായകമായി. ന്യൂമാറ്റിക് ടയറുകള്‍ (pneumatic tyres, വായു നിറച്ച ടയറുകള്‍) കണ്ടുപിടിച്ചത് ബ്രിട്ടിഷുകാരാണെങ്കിലും, അവിടത്തെ ആദ്യത്തെ കാറുകള്‍ക്ക് ഫ്രഞ്ചുനിര്‍മിത ടയറുകളാണ് ഉപയോഗിച്ചിരുന്നത്. 1848-ല്‍ ആര്‍. ഡബ്ലിയു. തോം സണും 1888-ല്‍ ജെ. ബി. ഡണ്‍ലപ്പും വായുനിറച്ച ടയറുകള്‍ കണ്ടുപിടിച്ചിരുന്നു. ബൈസൈക്കിളിന്റെ കണ്ടുപിടുത്തം ഡണ്‍ലപ്പിനെ വളരെയേറെ സഹായിക്കുകയുണ്ടായി. ആധുനിക യന്ത്രവാഹനങ്ങളുടെ വരവോടെ, ന്യൂമാറ്റിക് ടയറുകളുടെ പ്രയോജനം പതിന്മടങ്ങ് വര്‍ധിച്ചു. 1900-ല്‍ ഡണ്‍ലപ് ന്യൂമാറ്റിക് ടയര്‍ കമ്പനി, ടയര്‍ നിര്‍മാണം ആരംഭിച്ചു. എന്നാല്‍ കുറെ കാലത്തേക്ക് ലോക ടയര്‍നിര്‍മാണ വ്യവസായരംഗത്ത് ഫ്രഞ്ച് ആധിപത്യം നിലനിന്നു. ടയര്‍ വ്യവസായ രംഗത്തെ പല നൂതന കണ്ടുപിടുത്തങ്ങളും നടത്തിയത് ഫ്രഞ്ചുകാരാണ്.
സ്വാഭാവിക റബര്‍, തുണി, ചില രാസപദാര്‍ഥങ്ങള്‍ എന്നിവയുടെ മിശ്രിതത്തിലൂടെയാണ് ഓട്ടോമേറ്റീവ് ടയര്‍ നിര്‍മിക്കുന്നത്. ടയര്‍ നിര്‍മാണരംഗത്ത് മൌലികമായ പരിഷ്കാരങ്ങളുണ്ടായത് ഒന്നാം ലോകയുദ്ധത്തിനു തൊട്ടുമുമ്പുള്ള ദശകത്തിലാണ്. രൂപ മാതൃകയിലും നിര്‍മാണത്തിലും ആദ്യമായി പരിഷ്കാരങ്ങള്‍ ആവിഷ്ക്കരിച്ചത് ഇംഗ്ലണ്ടിലാണെങ്കിലും അത് വാണിജ്യാടിസ്ഥാ നത്തില്‍ പ്രയോഗത്തില്‍ വന്നത് അമേരിക്കയിലാണ്. ചതുരാകൃതിയില്‍ നെയ്ത പരുത്തിത്തുണിക്കു പകരം കോര്‍ഡ് (അടുക്കിനെയ്ത പരുത്തി ഇഴകള്‍) ഉപയോഗിച്ചു തുടങ്ങി. കോര്‍ഡിന്റെ പ്രത്യേകത അത് റബറിന്റെ ശക്തി വര്‍ധിപ്പിക്കുന്നു എന്നതാണ്. ടയറിന് രൂപം, വലുപ്പം, ഉറപ്പ്, ആഘാതരോധം (bruise resistance), തേയ്മാനരോധം (fatigue resistance), ഭാരോദ്വഹനശേഷി എന്നീ സവിശേഷതകള്‍ നല്‍കുന്നത് അതിലെ തുണിയുടെ അളവാണ്. പരുത്തി ഇഴകളുടെ അടുക്ക് ടയറിന്റെ കാലദൈര്‍ഘ്യവും സ്ഥിതിപുനഃസ്ഥാപകത്വവും വര്‍ധിപ്പിക്കുന്നു. ഇത്തരം പരിഷ്കാരങ്ങള്‍ ടയര്‍ വ്യവസായരംഗത്ത് വാണിജ്യാടിസ്ഥാനത്തില്‍ പ്രയോഗത്തില്‍ വരുന്നത് 1920-കളിലാണ്. ദീര്‍ഘകാല ഗവേഷണത്തിന്റെ ഫലമായി 1938-ല്‍ പരുത്തിയേക്കാള്‍ ഉറപ്പുള്ളതും ഫലപ്രദവുമാണ് റയോണ്‍ എന്നു കണ്ടെത്തി. പ്രകൃതിദത്തമായ പരുത്തിനാരുകള്‍ക്ക് ചില പരിമിതികളുണ്ട്. എന്നാല്‍ യന്ത്രനിര്‍മിതമായ റയോണിന് ഇത്തരം പരിമിതികളില്ല. വലിഞ്ഞു നില്‍ക്കാനുള്ള ശേഷി, ആഘാതരോധശേഷി എന്നിവ റയോണിന്റെ മേന്‍മകളാണ്. റയോണ്‍ ടയറുകള്‍ പരുത്തിനൂല്‍ ടയറുകളെ അപേക്ഷിച്ച് കൂടുതല്‍ കാലം ഉപയോഗിക്കാവുന്നതുമാണ്. ചിത്രം:Pno14.png പരുത്തിനൂലിന്റെ ഇറക്കുമതിയിലുള്ള നികുതി വളരെ കൂടുതലായതിനാല്‍ ഇതര തുണി ഉപയോഗത്തെക്കുറിച്ച് കൂടുതല്‍ ഗവേഷണം നടത്താന്‍ യു. എസ്. എ. നിര്‍ബന്ധിതമായി. എങ്കിലും കോര്‍ടാള്‍ഡ്സ് ലിമിറ്റഡ് (Cortaulds Ltd.) എന്ന ബ്രിട്ടിഷ് കമ്പനിയാണ് 1938-ല്‍ ഉയര്‍ന്ന ആഘാതരോധശേഷിയുള്ള ഇഴ നിര്‍മിക്കുന്ന പ്രക്രിയ ആദ്യമായി വികസിപ്പിച്ചെടുത്തത്. 1950-കളോടെ റയോണ്‍ നിര്‍മിക്കുന്നത് ചെലവു കുറഞ്ഞതായിത്തീരുകയും ചെയ്തു. അതോടുകൂടിയാണ് കാറുകളില്‍ റയോണ്‍ ടയറുകള്‍ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങുന്നത്. ഗവേഷണപ്രവര്‍ ത്തനങ്ങളുടെ ഫലമായി മറ്റു പല കൃത്രിമത്തുണിത്തരങ്ങളും കണ്ടുപിടിക്കപ്പെട്ടു. 1947-ല്‍ നൈലോണ്‍, 1962-ല്‍ പോളിസ്റ്റര്‍, 1967-ല്‍ ഫൈബര്‍ഗ്ലാസ് എന്നിവ പ്രചാരത്തില്‍വന്നു.
ഭാരക്കുറവ്, ഉയര്‍ന്ന ആഘാതപ്രതിരോധശേഷി, ഉയര്‍ന്ന തേയ്മാനരോധം, ഈര്‍പ്പരോധം, വലിഞ്ഞുമുറുകി നില്‍ക്കാനുള്ള ശേഷി എന്നീ അനുകൂല ഘടകങ്ങള്‍ നിമിത്തം നൈ ലോണ്‍ വന്‍തോതിലുള്ള പ്രചാരം ആര്‍ജിച്ചു. കാര്‍, ട്രക്ക് ടയറുകള്‍ക്കു പുറമേ വിമാന ടയറുകളുടെ നിര്‍മാണത്തിലും നൈ ലോണ്‍ ഉപയോഗിച്ചുതുടങ്ങി. ഗുഡ് ഇയര്‍, ഫയര്‍സ്റ്റോണ്‍ എന്നീ അമേരിക്കന്‍ കമ്പനികളാണ് ഇത്തരം ട്രക്ക്-കാര്‍ ടയറുകള്‍ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിച്ച് വിപണിയിലിറക്കിയത്. ഡ്യൂപോണ്ട് കമ്പനിയാണ് പോളിസ്റ്റര്‍ കണ്ടുപിടിച്ചത്. എങ്കിലും സാങ്കേതികമായ ചില കാരണങ്ങളാല്‍ ഇതിന്റെ പ്രചാരം കുറെ കാലത്തേക്ക് തടസ്സപ്പെട്ടിരുന്നു. എന്നാല്‍ സാങ്കേതികമായ ന്യൂനതകള്‍ പരിഹരിച്ചുകൊണ്ട് 1962-ല്‍ ഗുഡ് ഇയര്‍ കമ്പനി പോളിസ്റ്റര്‍ ടയറുകളുടെ നിര്‍മാണം ആരംഭിച്ചു. ചുരുക്കത്തില്‍ പ്രബലിത തുണിയുടെ രംഗത്തുണ്ടായ സാങ്കേതിക പുരോഗതി, ടയര്‍ നിര്‍മാണ വ്യവസായത്തില്‍ വന്‍തോതിലുള്ള പരിവര്‍ത്തനങ്ങള്‍ക്കു കാരണമായി.
ട്യൂബ് രഹിത ടയറിന്റെ കണ്ടുപിടുത്തമാണ് ഈ രംഗത്തെ മറ്റൊരു നേട്ടം. 'റണ്‍-ഫ്ളാറ്റ് ടയേഴ്സ്' എന്ന പേരിലറിയപ്പെടുന്ന ഇത്തരം ടയറിന്റെ പ്രത്യേകത, പഞ്ചറായാലും കുറെ ദൂരം ഓടാന്‍ കഴിയുമെന്നതാണ്. വാഹനത്തില്‍ സ്പെയര്‍ ടയര്‍ സൂക്ഷിക്കേണ്ട തിന്റെ ആവശ്യകത ഇത് ഇല്ലാതാക്കുന്നു. ഫയര്‍സ്റ്റോണ്‍ എന്ന കമ്പനിയാണ് ഇത്തരം ടയറുകള്‍ വികസിപ്പിച്ചത്. ഡണ്‍ലപ് കമ്പനി 1972-ല്‍ 'പൂര്‍ണ ചലനാത്മകത' അഥവാ 'ഡി നോവാ' (De novo) എന്ന പേരിലും ഇത്തരം ടയറുകള്‍ വിപണിയിലിറക്കുകയുണ്ടായി. ഉയര്‍ന്ന നിക്ഷേപം ആവശ്യമായതിനാല്‍ ഇപ്പോഴും ഇത്തരം ടയറുകള്‍ വിപണിയില്‍ വ്യാപകമായിട്ടില്ല.
റേഡിയല്‍ ടയറുകളുടെ കണ്ടുപിടുത്തത്തെ ടയര്‍ വ്യവസായരംഗത്ത് ഉണ്ടായ വലിയ മുന്നേറ്റമായി വിശേഷിപ്പിക്കാവുന്നതാണ്. ടയര്‍ നിര്‍മാണത്തില്‍ പരുത്തി ഇഴകള്‍ അടുക്കുന്ന രീതിയാണ് റേഡിയല്‍ ടയറിന്റെ ഏറ്റവും പ്രധാന സവിശേഷത. ഒരു റേഡി യല്‍ ടയറിന്റെ വൃത്തപരിധിയില്‍ 79° ചരിഞ്ഞാണ് ഇഴകള്‍ വിന്യസിച്ചിരിക്കുന്നത്. പ്രബലിതമാക്കാനുപയോഗിക്കുന്ന സാമഗ്രി കളിലും വ്യത്യാസമുണ്ട്. റയോണും നൈലോണുമാണ് മുഖ്യമായും ക്രോസ് പ്ലൈ ടയറുകളില്‍ ഉപയോഗിക്കുന്നത്. എന്നാല്‍ റേഡിയല്‍ ടയറില്‍ ഉപയോഗിക്കുന്നത് പോളിസ്റ്റര്‍, ഉരുക്ക്, ഫൈബര്‍ ഗ്ലാസ് എന്നിവയാണ്. ട്രെഡിന്റെ തേയ്മാനം, ഇന്ധനക്ഷമത, ട്രാക്ഷന്‍, വേഗരോധം എന്നീ കാര്യങ്ങളില്‍ റേഡിയല്‍ ടയറുകള്‍ ക്രോസ് പ്ളൈ ടയറുകളേക്കാള്‍ മെച്ചപ്പെട്ടതാണ്. എന്നാല്‍ ഉയര്‍ന്ന ഉത്പാദനച്ചെലവും കൂടുതല്‍ തവണ റീട്രെഡ് ചെയ്യാന്‍ കഴിയില്ല എന്നതും റേഡിയല്‍ ടയറുകളെ അനാകര്‍ഷകമാക്കുന്ന ഘടകങ്ങളാണ്. എങ്കിലും മറ്റേതൊരു ടയറിനെക്കാളും പ്രായോഗികമായും സാങ്കേതികമായും മുന്നിട്ടുനില്‍ക്കുന്നത് റേഡിയല്‍ ടയറുകള്‍ തന്നെയാണ്. സാമ്പത്തികമായി നോക്കിയാല്‍ എത്രദൂരം ഓടുന്നു എന്നതാണ് ഒരു ടയറിന്റെ ഗുണമേന്മ നിര്‍ണയിക്കുന്ന സുപ്രധാനഘടകം. റേഡിയല്‍ ടയറിന്റെ ഉപയോഗദൈര്‍ഘ്യം ഇതര ടയറുകളുടേതിനെക്കാള്‍ 50 മുതല്‍ 100 വരെ ശ. മാ. കൂടുതലാണ്. അതുപോലെ തന്നെ ടയര്‍ കറങ്ങുമ്പോഴുള്ള ഘര്‍ഷണക്കുറവ് (rolling resistance) ഈ ടയറുകളുടെ ഊര്‍ജ ഉപഭോഗം കുറയ്ക്കുകയും സാമ്പത്തികമായി കൂടുതല്‍ ആകര്‍ഷകമാക്കുകയും ചെയ്യുന്നു. മിഷെലിന്‍ (Michelin) എന്ന ഫ്രഞ്ചുകമ്പനി 1948-ലാണ് റേഡിയല്‍ ടയറുകള്‍ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കാനാരംഭിച്ചത്. എങ്കിലും റേഡിയല്‍ ടയറുകള്‍ വന്‍തോതില്‍ പ്രചാരം നേടുന്നത് 1960-കളിലാണ്. അമേരിക്കയില്‍ റേഡിയല്‍ ടയറുകളുടെ നിര്‍മാണം ആരംഭിക്കുന്നത് 1970-കളിലാണ്.
ടയര്‍ വ്യവസായത്തില്‍ അസംസ്കൃത പദാര്‍ഥങ്ങളുടെയും യന്ത്രസാമഗ്രികളുടെയും രംഗത്തുണ്ടായ ഏറ്റവും വലിയ മുന്നേറ്റം കൃത്രിമ റബറിന്റെ കണ്ടുപിടിത്തമാണ്. 1950-കളില്‍ത്തന്നെ ടയര്‍ നിര്‍മാണത്തിന് കൃത്രിമ റബര്‍ വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയിരുന്നു. ഇരുപതാം ശ. -ത്തിന്റെ ആരംഭത്തില്‍ ടയര്‍ നിര്‍മാണരംഗത്ത് കൃത്രിമ റബറിന്റെ ഉപയോഗം പൂജ്യമായിരുന്നെങ്കില്‍ 1988-ല്‍ അത് 67.38 ശ. മാ. ആയി വര്‍ധിച്ചു. രണ്ടാം ലോകയുദ്ധത്തെത്തുടര്‍ന്നുള്ള കാലഘട്ടത്തില്‍ സ്വാഭാവിക റബറിന്റെ ഉപയോഗത്തെക്കാള്‍ കൃത്രിമ റബറിന്റേത് വര്‍ധിക്കുകയാണുണ്ടായത്. സവിശേഷമായ തന്‍മാത്രാഘടന കാരണം കൃത്രിമ റബറിന്റെ നിര്‍മാണപ്രക്രിയ വളരെയേറെ ദുഷ്ക്കരമാണ്. എന്നാല്‍ കുറഞ്ഞ താപനിലയിലുള്ള പോളിമറീകരണവിദ്യ, എണ്ണവ്യാപനവിദ്യ, കാര്‍ ബണ്‍ ബ്ലാക് ഫില്‍ട്ടറുകള്‍ എന്നിവ യുടെ വികാസത്തോടെ കൃത്രിമ റബറിന്റെ നിര്‍മാണപ്രക്രിയ വളരെയേറെ ലളിതമായിട്ടുണ്ട്. കൃത്രിമ റബറിന്റെ സിംഹഭാഗവും ഉത്പാദിപ്പിക്കുന്നത് ഫയര്‍സ്റ്റോണ്‍ കമ്പനിയാണ്.
ലോക ടയര്‍വ്യവസായത്തെ നിയന്ത്രിക്കുന്നത് ഏതാനും വന്‍കിട ബഹുരാഷ്ട്രകുത്തകക്കമ്പനികളാണ്. ടയര്‍വ്യവസായ മേഖലയിലെ മിക്ക സാങ്കേതിക പരിഷ്ക്കാരങ്ങളും വന്‍കിട കമ്പനികളുടെ സംഭാവനയുമാണ്. അതേസമയം തന്നെ, തങ്ങളുടെ ദീര്‍ഘകാല വ്യാപാര താത്പര്യങ്ങള്‍ക്കെതിരാകാനിടയുള്ള സാങ്കേതിക പരിവര്‍ത്തനങ്ങളെ വന്‍കിട കമ്പനികള്‍ അട്ടിമറിക്കാനും ശ്രമിച്ചിട്ടുണ്ട്.
മിക്ക മുതലാളിത്ത രാജ്യങ്ങളിലെയും ടയര്‍ വ്യവസായത്തിന്റെ ഘടന കേന്ദ്രീകൃതമാണ്. യു. എസ്., ഇംഗ്ലണ്ട്, ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലെ ടയര്‍ വിപണിയുടെ സിംഹഭാഗവും നിയന്ത്രിക്കുന്നത് വന്‍കിട കമ്പനികളാണ്.
ഇന്ത്യയിലെ ടയര്‍ വ്യവസായം. ഇന്ത്യന്‍ ടയര്‍ വ്യവസായത്തിന്റെ ആരംഭം ഒന്നാം ലോകയുദ്ധത്തെത്തുടര്‍ന്നുള്ള കാലയളവിലാണ്. 1920-ലാണ് ഇന്ത്യയിലെ ആദ്യത്തെ റബര്‍കമ്പനി സ്ഥാപിതമായത്. ടയറിതര ജലരോധ വസ്തുക്കളായിരുന്നു തുടക്കത്തില്‍ ഈ ഫാക്ടറി നിര്‍മിച്ചിരുന്നത്. 1930-കളുടെ രണ്ടാം പകുതിയിലാണ് ടയറിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള നിര്‍മാണം ആരംഭിച്ചത്. സ്വാഭാവിക റബറിന്റെ ലഭ്യതയാണ് ഇന്ത്യന്‍ ടയര്‍ വ്യവസായത്തിന് ഏറ്റവുമധികം പ്രേരകമായ ഘടകം. അന്താരാഷ്ട്ര റബര്‍ റെഗുലേഷന്‍ ഉടമ്പടി, ഇന്ത്യന്‍ ടയര്‍ വ്യവസായത്തിന്റെ വികാസത്തെ വളരെയേറെ സഹായിച്ചിട്ടുണ്ട്. ഈ ഉടമ്പടിയില്‍ ഇന്ത്യയും അംഗമായിരുന്നു.
ഇന്ത്യന്‍ ടയര്‍ വ്യവസായത്തിന്റെ പ്രത്യേകത, ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന മിക്കവാറും എല്ലാ കമ്പനികളും ഏതെങ്കിലുമൊരു ഘട്ടത്തില്‍ വിദേശകമ്പനികളുമായി സാങ്കേതിക സഹകരണത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട് എന്നതാണ്. വാസ്തവത്തില്‍, മിക്ക കമ്പനികളും സാങ്കേതികജ്ഞാനത്തിന്റെ കാര്യത്തില്‍ വിദേശകമ്പനികളെ ഇപ്പോഴും ആശ്രയിക്കുന്നുണ്ട്. ചിത്രം:Pno15tablea.png ചിത്രം:Pno15tableb.png ഇന്ത്യയില്‍ വാണിജ്യാടിസ്ഥാനത്തില്‍ ടയറുത്പാദനം ആരംഭിക്കുന്നത് 1930-കളുടെ അവസാനവര്‍ഷങ്ങളിലാണ്. ഡണ്‍ലപ്പും ഫയര്‍സ്റ്റോണും വിദേശ ബഹുരാഷ്ട്രകമ്പനികളുടെ സബ്സി ഡിയറികളായിട്ടാണ് ഇവിടെ പ്രവര്‍ത്തനമാരംഭിച്ചത്. ഇന്ത്യന്‍ ടയര്‍വ്യവസായരംഗത്ത് ഏറ്റവുമധികം പരിവര്‍ത്തനങ്ങള്‍ക്കു നേതൃത്വം വഹിച്ചത് ഡണ്‍ലപ്പ് കമ്പനിയാണ്. 1954-ല്‍ ഡണ്‍ലപ്പ് കമ്പനി കാറുകളില്‍ ഉപയോഗിക്കുന്ന ട്യൂബ്രഹിത ടയറുകള്‍ വിപണിയിലിറക്കിയെങ്കിലും വേണ്ടത്ര വിജയിക്കുകയുണ്ടായില്ല. 1961-ലാണ് റയോണ്‍ ടയര്‍ നൂലിന്റെ ഉത്പാദനമാരംഭിച്ചത്. സെഞ്ചുറി റയോണ്‍, നാഷണല്‍ റയോണ്‍ കോര്‍പ്പറേഷന്‍, ശ്രീറാം റയോണ്‍ എന്നീ കമ്പനികളാണ് ഇന്ത്യയില്‍ റയോണ്‍ ടയര്‍ നൂല്‍ നിര്‍മിക്കുന്നത്. 1970-കളുടെ അവസാനമായപ്പോഴേക്കും കോട്ടണ്‍ ടയര്‍ കോര്‍ഡിന്റെ ഉപയോഗം നാമമാത്രമായിത്തീര്‍ന്നു. നൈലോണ്‍ ടയറുകളുടെ പ്രചാരം വര്‍ധിച്ചതോടെ, റയോണ്‍ ടയറിന്റെ ഉപയോഗത്തിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. 1971-ല്‍ എം. ആര്‍. എഫ്. കമ്പനിയാണ് ആദ്യമായി നൈലോണ്‍ ടയറുകള്‍ വിപണിയിലിറക്കിയത്.
1977-ല്‍ ജെ. കെ. ഇന്‍ഡസ്ട്രീസ് അമേരിക്കന്‍ കമ്പനിയായ ജനറല്‍ ടയേഴ്സുമായുള്ള സാങ്കേതിക സഹകരണത്തോടെ റേഡിയല്‍ ടയറുകളുടെ വാണിജ്യോല്പാദനം ആരംഭിച്ചു. 1981-ല്‍ അപ്പോളോയും ഡണ്‍ലപ്പും പാസഞ്ചര്‍ കാറുകള്‍ക്കുവേണ്ടി റേഡിയല്‍ ടയറുകള്‍ നിര്‍മിച്ചു. എങ്കിലും, മൊത്തം ടയറുത്പാദനത്തില്‍ റേഡിയല്‍ ടയറുകളുടെ പങ്ക് വളരെ പരിമിതമാണ്. 1984-നുശേഷം കോണ്‍ടെസ്സ, പ്രീമിയര്‍ 118 എന്‍. ഇ., സ്റ്റാന്‍ഡേര്‍ഡ് 2000, മാരുതി തുടങ്ങിയ കാറുകള്‍ വിപണിയിലിറങ്ങിയതോടെ, റേഡിയല്‍ ടയറുകളുടെ പ്രചാരം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. കാരണം ഈ കാറു കളുടെ സസ്പെന്‍ഷന്‍ സംവിധാനം റേഡിയല്‍ ടയറുകള്‍ക്ക് വളരെ അനുയോജ്യമായതാണ്. അല്പം വൈകിയിട്ടാണെങ്കിലും, പാശ്ചാത്യ ടയര്‍ വ്യവസായരംഗത്തുണ്ടാകുന്ന സാങ്കേതിക പരിവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ ടയര്‍ വ്യവസായം ഉള്‍ക്കൊണ്ടു തുടങ്ങിയിട്ടുണ്ട്. അതിനാല്‍ ലോക ടയര്‍ വ്യവസായവുമായി താരതമ്യം ചെയ്യുമ്പോള്‍, ഇന്ത്യന്‍ ടയര്‍ വ്യവസായരംഗം തികച്ചും പിന്നോക്കമാണെന്നു പറയാനാവില്ല. വികസിത രാജ്യങ്ങളിലേക്കുള്ള ഇന്ത്യന്‍ ടയര്‍ കയറ്റുമതി ഇതിനു തെളിവാണ്.
ഇന്ത്യയില്‍ നിന്ന് കയറ്റുമതി നടത്തുന്ന മൊത്തം ടയറുകളില്‍ 95 ശ.മാ.-വും ട്രക്ക് ടയറുകളാണ്. സിംഹഭാഗവും കയറ്റുമതി ചെയ്യുന്നത് യു. എസ്സിലേക്കുമാണ്. 1400 തരത്തിലുള്ള ടയറുകള്‍ ഇന്ത്യയില്‍ നിര്‍മിക്കപ്പെടുന്നുവെന്നാണ് കണക്കാക്കപ്പെടുന്നത്. ചിത്രം:Pno16a.png സ്വാഭാവിക റബര്‍, കൃത്രിമ റബര്‍, കാര്‍ബണ്‍ ബ്ലായ്ക്ക്, റബര്‍ രാസവസ്തുക്കള്‍ എന്നിവയാണ് ടയറിന്റെ പ്രധാന അസംസ്കൃതവസ്തുക്കള്‍. ഇന്ത്യന്‍ ടയറുകളില്‍ സ്വാഭാവിക റബര്‍ കൂടുതലുപയോഗിക്കുന്നു. ടയറിന്റെ വലുപ്പം കൂടുന്നതനുസരിച്ച്, സ്വാഭാവിക റബറിന്റെ അളവും കൂടുതലായിരിക്കും. ചെറുകിട കര്‍ഷകര്‍ക്ക് മുന്‍തൂക്കമുള്ള പ്ളാന്റേഷന്‍ മേഖല പുഷ്ടിപ്പെടുത്തുന്നതിനുവേണ്ടി, സ്വാഭാവിക റബറിന്റെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കൃത്രിമ റബറിന്റെ ഉയര്‍ന്ന വില, സ്വാഭാവിക റബര്‍ ഉപയോഗത്തിന് അനുകൂലമാണ്. മാത്രവുമല്ല, കൃത്രിമ റബര്‍ ഉത്പാദനം നിയന്ത്രിക്കുന്നത് കുത്തകകമ്പനികളായതിനാല്‍ ഈ രംഗത്ത് കാര്യമായ സാങ്കേതിക പരിവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടില്ല.
ഇന്ത്യന്‍ ടയര്‍ വ്യവസായത്തിന്റെ ഒരു പ്രധാന സവിശേഷത സാങ്കേതികവിദ്യയുടെ രംഗത്ത് വൈദേശിക വ്യവസായത്തോടുള്ള ആശ്രിതത്വമാണ്. വിദേശസാങ്കേതികവിദ്യയെ ആശ്രയിക്കാത്ത കമ്പനികള്‍ ഇല്ലെന്നു തന്നെ പറയാം. പ്രീമിയര്‍ ടയേഴ്സ് എന്ന കമ്പനി മാത്രമാണ് ഇതിനപവാദമായിട്ടുള്ളത്. താരതമ്യേന കുറഞ്ഞ നിരക്കില്‍ വിദേശസാങ്കേതിക വിദ്യ ലഭിച്ചിരുന്നതിനാല്‍, സ്വന്തമായ ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന തിലും സാങ്കേതിക മികവ് ആര്‍ജിക്കുന്നതിലും ഇന്ത്യന്‍ കമ്പനികള്‍ വേണ്ടത്ര ശുഷ്കാന്തി കാണിച്ചിട്ടില്ല. മിക്ക കമ്പനികളും 1980-കളില്‍ മാത്രമാണ് സ്വന്തമായ ഗവേഷണ-വികസന വിഭാഗങ്ങള്‍ രൂപീകരിച്ചതുതന്നെ. എം. ആര്‍. എഫ്. കമ്പനി 1973 മുതല്‍ ആഭ്യന്തര ഗവേഷണ-വികസനവിഭാഗം രൂപീകരിച്ചിരുന്നു. ബഹുരാഷ്ട്ര കമ്പനികളുടെ സബ്സിഡിയറികളായി പ്രവര്‍ത്തിക്കുന്ന കമ്പനികളേക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സ്ഥാപനമാണ് എം. ആര്‍. എഫ്.
ഇന്ത്യയിലെ മൊത്തം ടയര്‍ ഉത്പന്നത്തിന്റെ സിംഹഭാഗവും വലിയ ടയറുകളാണ്. സമീപകാലത്ത് പുതിയതരം വാഹനങ്ങള്‍ വിപണിയില്‍ ധാരാളമായതിനെത്തുടര്‍ന്നാണ്, ചെറിയ ഇടത്തരം ടയറിന്റെ നിര്‍മാണത്തിലേക്ക് ഗണ്യമായ മാറ്റം ഉണ്ടായത്. മറ്റൊരു പ്രത്യേകത, ശക്തമായ സര്‍ക്കാര്‍ ഇടപെടലാണ്. അടുത്തകാലം വരെ അസംഘടിതമായിരുന്ന ടയര്‍ റീട്രെഡിംഗ് വ്യവസായം സംഘടിതമേഖലയായി വികസിച്ചു എന്നത് ഇന്ത്യന്‍ ടയര്‍ വ്യവസായരംഗത്തുണ്ടായ ശ്രദ്ധേയമായ സംഭവവികാസമാണ്. സമീപകാല സാങ്കേതിക മുന്നേറ്റങ്ങളാണ് ഘടനാപരമായ ഈ പരിവര്‍ത്തനം സാധ്യമാക്കിത്തീര്‍ത്തത്. 1960-കളുടെ മധ്യത്തില്‍ ടയര്‍ വ്യവസായത്തില്‍ മാന്ദ്യം ഉണ്ടായി. ഇന്ത്യന്‍ വ്യവസായരംഗത്ത് പൊതുവിലുണ്ടായ മാന്ദ്യത്തിന്റെ പ്രതിഫലനമായിരുന്നു ഇത്. എന്നാല്‍ 1970-കളുടെ മധ്യത്തില്‍ വ്യവസായവളര്‍ച്ച ത്വരിതമായതിനെത്തുടര്‍ന്ന് ടയര്‍ നിര്‍മാണരംഗത്തും ഗണ്യമായ പുരോഗതി ഉണ്ടായി. ട്രക്ക്, ബസ്, പാസഞ്ചര്‍ കാര്‍, വിമാനങ്ങള്‍ എന്നിവയ്ക്കുള്ള ടയറുകളുടെ ഉത്പാദനത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. 1970-കളുടെ മധ്യത്തിനുശേഷം ഇരുചക്രവാഹനങ്ങളുടെ ഉത്പാദനം വളരെയേറെ ഉയര്‍ ന്നിട്ടും ഇരുചക്ര ടയറുകളുടെ ഉത്പാദനത്തില്‍ കാര്യമായ വര്‍ധനയുണ്ടായിട്ടില്ല. ടയര്‍ വ്യവസായ മാന്ദ്യത്തിനു മറ്റൊരു കാരണം തുടര്‍ച്ചയായുണ്ടാവുന്ന വില വര്‍ധനയാണ്. ഉയര്‍ന്ന വില കാരണം വാഹന ഉടമകള്‍ മിക്കപ്പോഴും റീട്രെഡിങ്ങിനെയാണ് ആശ്രയിക്കുന്നത്. 1980-കളില്‍ ഇരുചക്ര ടയറുകളുടെ ഉത്പാദനത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായിട്ടുണ്ട്.
പാശ്ചാത്യരാജ്യങ്ങളിലെ ടയര്‍ വ്യവസായത്തിന്റെ പ്രത്യേകത, മൊത്തം ഉത്പാദനത്തിന്റെ 80 ശ. മാ. വും കാര്‍ ടയറുകളാണ് എന്നതാകുന്നു. എന്നാല്‍ ഇന്ത്യയിലാകട്ടെ, മൊത്തം ഉത്പാദനത്തിന്റെ 90 ശ. മാ. വും ട്രക്ക്, ബസ് ടയറുകളാണ്. ഇന്ത്യയിലെ വാഹനസംഖ്യയിലെ അനുപാതത്തിന്റെ ഒരു പ്രത്യേകതയിലേക്ക് ഇതു വിരല്‍ചൂണ്ടുന്നു. ഇന്ത്യയിലെ മൊത്തം വാഹനങ്ങളില്‍ അധി കവും ട്രക്കുകളും ബസുകളുമാണ്. പാശ്ചാത്യരാജ്യങ്ങളില്‍ മിക്ക സാങ്കേതിക പരിഷ്കാരങ്ങളും നടന്നിട്ടുള്ളത് കാര്‍ ടയറുകളുടെ രംഗത്താണ്. എന്നാല്‍ ഇന്ത്യന്‍ വ്യവസായ ഘടനയുടെ പ്രത്യേകത കാരണം സാങ്കേതികവിദ്യ കൈമാറ്റം ചെയ്യപ്പെടുന്നതില്‍ വളരെയേറെ കാലവിളംബം അനുഭവപ്പെടുന്നു. 1980- കളിലെ സാമ്പത്തിക ഉദാരവത്ക്കരണനയങ്ങളുടെ ഫലമായി ഇരുചക്ര വാഹനനിര്‍മാണത്തില്‍ വമ്പിച്ച കുതിച്ചുചാട്ടം ഉണ്ടാവുകയും അതിന്റെ ഫലമായി ഇരുചക്ര ടയറുത്പാദനം കാര്യമായ വര്‍ധന രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
1960-നും 1988-നുമിടയില്‍ ഇന്ത്യന്‍ ടയര്‍ കമ്പനികളുടെ സ്ഥാപിതശേഷിയില്‍ ശ. ശ. 9 ശ. മാ. വാര്‍ഷികവളര്‍ച്ചാ നിരക്ക് ഉണ്ടായിട്ടുണ്ട്. നിലവിലുള്ള യൂണിറ്റുകളുടെ വികാസത്തിലൂടെയും പുതിയ യൂണിറ്റുകളുടെ സ്ഥാപനത്തിലൂടെയുമാണ് ഈ വളര്‍ച്ച കൈവരിച്ചത്.
ഇന്ത്യന്‍ ടയര്‍ വിപണി വികസിത മുതലാളിത്ത രാജ്യങ്ങളുടേതിനെക്കാള്‍ വളരെ ചെറുതാണ്. അമിതമായ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഇന്ത്യന്‍ ടയര്‍ വ്യവസായത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
ടയര്‍ വിലയിലുണ്ടായിട്ടുള്ള ക്രമാതീതമായ വര്‍ധനവ് റീട്രെഡിംഗ് വ്യവസായത്തിന്റെ വളര്‍ച്ചയ്ക്ക് സഹായകമായിത്തീര്‍ന്നു. പുതിയ ട്രെഡ് ഉപയോഗിച്ചു പൊതിഞ്ഞുകൊണ്ട്, പഴകിത്തേഞ്ഞ ടയര്‍ പുനരുപയോഗത്തിനു സജ്ജമാക്കുന്ന പ്രക്രിയയാണ് റീട്രെഡിംഗ് എന്നറിയപ്പെടുന്നത്. പ്രധാനമായും രണ്ടുരീതികള്‍ റീട്രെഡിംഗിന് ഉപയോഗിച്ചുവരുന്നു: (1) പരമ്പരാഗതമായ ഹോട്ട്ക്യാപ് രീതി (2) കോള്‍ഡ് പ്രോസ്സസ് പ്രെക്യൂവേര്‍ഡ് ട്രെഡ് രീതി. 1984-85-ലാണ് ഈ രീതി ഇന്ത്യയില്‍ പ്രയോഗത്തില്‍ വന്നത്. ഈ രീതിക്ക് രണ്ടുഘട്ടങ്ങളുണ്ട്. (1) റീട്രെഡിങ്ങിനുള്ള അസംസ്കൃത വസ്തുക്കളുണ്ടാക്കുന്ന ഘട്ടം (2) അവസാന റീട്രെഡിങ് നിര്‍വഹിക്കുന്ന ഘട്ടം.
ഹോട്ട്ക്യാപ് രീതി പ്രയോഗിക്കുന്ന യൂണിറ്റുകള്‍ അസംഘടിത മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, കോള്‍ഡ് പ്രോസ്സസ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത് സംഘടിത വന്‍കിട മേഖലയി ലാണ്. കോള്‍ഡ് പ്രൊസ്സസ് രീതി ടയറിന്റെ ആയുര്‍ദൈര്‍ഘ്യം 75 മുതല്‍ 80 വരെ ശ. മാ. വര്‍ധിപ്പിക്കുമ്പോള്‍, പരമ്പരാഗത ഹോട്ട് ക്യാപ് രീതിക്ക് 45 ശ. മാ. വര്‍ധനയുണ്ടാക്കാനേ കഴിയുന്നുള്ളു. അതിനാല്‍ കൂടുതല്‍ ലാഭകരം കോള്‍ഡ് പ്രോസ്സസ് രീതിയാണ്. ചുരുക്കത്തില്‍, റീട്രെഡിംഗ് വ്യവസായരംഗത്തുണ്ടാകുന്ന സാങ്കേ തികവളര്‍ച്ചയുടെ പുരോഗതി, ടയര്‍വിലയുടെ വര്‍ധന തടയുന്നതിന് വളരെയേറെ സഹായകമാണ്.