This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെയ്നിയോഡോണ്ട

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:57, 5 നവംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ടെയ്നിയോഡോണ്ട

Taeniodonta

കരജീവികളായ വിലുപ്തനാല്ക്കാലി സസ്തനികളുടെ ഗോത്രം. വ. അമേരിക്ക, ഏഷ്യ എന്നിവിടങ്ങളില്‍ നിന്നും ലഭ്യമായ സീനോസോയിക് നിക്ഷേപങ്ങളില്‍ ഇവയുടെ ജീവാശ്മങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ആദിമപാലിയോസീന്‍ യുഗത്തില്‍ ജീവിച്ച സ്റ്റൈലിനോഡോണ്‍റ്റീന്‍ (Stylinodontine), അന്ത്യ ഇയോസീന്‍ യുഗത്തില്‍ ജീവിച്ച സ്റ്റൈലിനോഡോണ്‍ (Stylinodon) എന്നീ ടെയ്നിയോഡോണ്ടകള്‍ പരിണാമപരമായി ആധുനിക തേവാങ്കുമായി അനുകൂലന അഭിസരണം പ്രകടമാക്കുന്നു. സ്റ്റൈലിനോഡോണ്‍റ്റീനുകള്‍ക്ക് പശുവിനോളം വലുപ്പമുണ്ടായിരുന്നു. കനംകൂടിയ ഉറച്ച കീഴ്ത്താടി, ഇരുതാടികളിലും വളര്‍ച്ച പ്രാപിച്ച കുറ്റിപോലുള്ള പല്ലുകള്‍, വലിയ പരന്ന താടിയെല്ലുകള്‍ എന്നിവ ഇവയുടെ പ്രത്യേകതകളായിരുന്നു. ഇവയുടെ പല്ലുകളില്‍ പാര്‍ശ്വപട്ടകളുടെ രൂപത്തില്‍ മാത്രമാണ് ഇനാമല്‍ കാണപ്പെട്ടിരുന്നത്. നീണ്ടുവളഞ്ഞതും കുത്തിക്കീറാന്‍ പറ്റിയതുമായ നായപ്പല്ലുകള്‍ക്ക് കരണ്ടുതീനികളുടെ ഉളിപ്പല്ലുകളോട് സാമ്യമുണ്ടായിരുന്നു.

ചുങ്ക്ചിയേനിയ (Chungchienia-ഇയോസീന്‍ യുഗം, ചൈന) ബസാലിന (Basalina-ഇയോസീന്‍യുഗം, പാക്കിസ്ഥാന്‍) എന്നിവയുടെ ഭാഗിക പരിരക്ഷണം ലഭിച്ച താടിയെല്ലുകള്‍ മാത്രമേ കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടുള്ളു. ഇവ രണ്ടും മുഖ്യപരിണാമധാരയില്‍നിന്നുള്ള അപഭ്രംശ രൂപങ്ങളാണെന്നു കരുതപ്പെടുന്നു.

ആദ്യകാല പാലിയോസീന്‍ കല്പത്തില്‍ കാണപ്പെട്ടിരുന്ന ഒണൈക്കോഡെക്റ്റസ് (Onychodectes) മധ്യപാലിയോസീന്‍ കല്പത്തില്‍ കണ്ടിരുന്ന കോണോറിക്റ്റെസ് (Conoryctes) എന്നിവയ്ക്ക് പൂച്ചയുടേതുമുതല്‍ ആടിന്റേതുവരെ വലുപ്പമുള്ളവയായിരുന്നു. ഇവ അസ്ഥിഘടനയിലും ദന്തവിന്യാസത്തിലും സവിശേഷവല്‍ക്കരണം തീരെ കുറഞ്ഞ ജീവികളായിരുന്നു. കോണോറിക്റ്റെസുകള്‍ക്കു വലുപ്പംകൂടിയ നായപ്പല്ലുകള്‍ ഉണ്ടായിരുന്നുവെങ്കിലും താടിയെല്ല് സവിശേഷവല്‍ക്കരണമില്ലാത്തതും കവിള്‍പ്പല്ലുകള്‍ സരളഘടനയോടുകൂടിയതുമായിരുന്നു.

ടെയ്നിയോഡോണ്ടകള്‍ സസ്തനികളുടെ വികാസപരിണാമത്തിലെ ഒരു സുപ്രധാന ഘട്ടത്തെ പ്രതിനിധാനം ചെയ്യുന്നു. ക്രിട്ടേഷ്യസ് യുഗത്തില്‍ ജീവിച്ചിരുന്ന മുഖ്യ സസ്തനിവംശമായ യൂത്തീരിയ ഉപവര്‍ഗത്തില്‍നിന്നും പരിണമിച്ചു വേറിട്ടുപോയതാണ് ടെയ്നിയോഡോണ്ടകള്‍ എന്നു കരുതപ്പെടുന്നു.

(ഡോ. എ.എന്‍.പി. ഉമ്മര്‍കുട്ടി, സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍