This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിറ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:58, 4 ജൂലൈ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

തിറ

ഉത്തര കേരളത്തിലെ അനുഷ്ഠാന നര്‍ത്തന കലകളില്‍ പ്രാമുഖ്യമര്‍ഹിക്കുന്ന ഒരിനം. കോഴിക്കോട് ജില്ലയിലാണ് തിറയാട്ടത്തിന് കൂടുതല്‍ പ്രചാരം സിദ്ധിച്ചിട്ടുളളത്. പഴയ 'സ്വരൂപ'ങ്ങളില്‍ നെടിയിരിപ്പു സ്വരൂപം തിറയാട്ടത്തിന് പ്രശസ്തി നേടിയിട്ടുണ്ട്. നെടിയിരിപ്പു സ്വരൂപത്തില്‍ (സാമൂതിരിയുടെ) ഭരണാധികാരത്തില്‍പ്പെട്ട സ്ഥലങ്ങളിലാണ് തിറയാട്ടം സാര്‍വത്രികമായി കാണുന്നത്. മലപ്പുറം ജില്ലയിലെ ചില പ്രദേശങ്ങളിലും വയനാട്ടിലും കണ്ണൂര്‍ ജില്ലയുടെ തെക്കേയറ്റത്തും തിറയ്ക്ക് പ്രചാരമുണ്ട്. കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലേക്കും ചില 'തിറ'കള്‍ കടന്നുവന്നിട്ടുണ്ട്.


തിറ-പദനിഷ്പത്തി.

'തിറ' എന്ന പദത്തിന്റെ നിഷ്പത്തിയെ സംബന്ധിച്ച് ഏകാഭിപ്രയമല്ല ഉള്ളത്. മരപ്പലകകൊണ്ട് നിര്‍മിച്ച ഒരു സാധനമാണ് 'തിറ'യെന്നും അത് തലയില്‍ ധരിച്ച് ആടുന്നതുകൊണ്ടാണ് ഈ അനുഷ്ഠാനകലയ്ക്ക് 'തിറ'എന്ന് പറയുന്നതെന്നും കേരളത്തിലെ കാളിസേവ എന്ന ഗ്രന്ഥത്തില്‍ ഡോ.സി.അച്യുതമേനോന്‍ അഭിപ്രായപ്പെടുന്നു. പാലക്കാട് ജില്ലയിലും സമീപപ്രദേശങ്ങളിലും നിലവിലുള്ള 'പൂതനും തിറയും' നിരീക്ഷിച്ചുകൊണ്ടുള്ള അഭിപ്രായമാണിതെന്ന് കരുതപ്പെടുന്നു. പീലികളും തകിടുകളും പട്ടുകളും കൊണ്ട് അലങ്കരിച്ച ഒരു തരം മുടി അതിന് ഉപയോഗിക്കാറുണ്ട്. അര്‍ധവൃത്താകൃതിയിലുളള നേരിയ പലക അതിന്റെ ഭാഗമാണ്. ആ മരപ്പലകയ്ക്ക് 'തിറ' എന്നു പേരുണ്ടത്രെ. കാവുകളിലെ ഉത്സവത്തിന്റെ മുന്നോടിയായി ഭവനംതോറും ചെന്ന് നര്‍ത്തനം ചെയ്യുന്ന ആ കലാപ്രകടനത്തിന് തിറയാട്ടവുമായി ബന്ധമുണ്ടെന്ന് കരുതേണ്ടതില്ല. 'തിറ' എന്നതിന് 'ദൈവദര്‍ശനം' എന്ന അര്‍ഥമുണ്ടെന്നാണ് മറ്റൊരു പക്ഷം (കേരളത്തിലെ നാടോടി നാടകങ്ങള്‍ - ഡോ. എസ്.കെ.നായര്‍). ഡോ.ഗുണ്ടര്‍ട്ട് 'അര്‍പ്പണം' (an offering) എന്ന അര്‍ഥം നല്കിക്കാണുന്നു. കൊയിലാണ്ടി താലൂക്കിലെ ചില ഭാഗങ്ങളില്‍ 'നട്ടത്തിറ' എന്ന ഒരു വ്യവഹാരമുണ്ട്. നൃത്തം എന്നാണ് 'നട്ടം' എന്ന പദത്തിന് അര്‍ഥം. ഈ വ്യവഹാരം കണക്കിലെടുക്കുകയാണെങ്കില്‍ നൃത്തരൂപത്തിലുള്ള അര്‍പ്പണമാണ് തിറയാട്ടമെന്നു വരും. തമിഴില്‍ 'തിറ' എന്ന പദത്തിന് 'വെളിപ്പെടല്‍' എന്നുകൂടി അര്‍ഥമുണ്ട്. ഇവയെല്ലാം വച്ചു നോക്കുമ്പോള്‍ ദൈവികമായ ആവിഷ്കാരമെന്നോ ദേവതാ ദര്‍ശനമെന്നോ ദൈവികമായ അര്‍പ്പണമെന്നോ 'തിറ'യ്ക്ക് അര്‍ഥം കല്പിക്കാം.

സാമുദായിക കാര്യങ്ങള്‍ ആലോചിക്കുവാനുളള സങ്കേതങ്ങളായിരുന്നു 'തറ'(തറക്കൂട്ടം)കള്‍. അവ തറവാട്ടു കാരണവന്മാര്‍ സമ്മേളിക്കുന്ന ആരാധനാ സ്ഥാനങ്ങളായിത്തീര്‍ന്നു. ഇത്തരം 'തറ'(സങ്കേതം)കളില്‍ തിറയാട്ടം നടത്തി വരുന്നുണ്ട്. 'തറ'യും 'തിറ'യുമായുളള ബന്ധമാണ് 'തിറ'യെന്ന പദത്തിന്റെ ഉത്പത്തിക്കു കാരണമെന്ന് കരുതുന്നവരുണ്ട്.

കെട്ടിയാട്ടക്കാര്‍. പാണന്‍, മുന്നൂറ്റാന്‍, അഞ്ഞൂറ്റാന്‍, പെരുമണ്ണന്‍, പുലയന്‍, കളനാടി എന്നിവരാണ് മുഖ്യമായും തിറ കെട്ടിയാടുന്നത്. അടിയാന്മാര്‍, പറയന്‍ എന്നിവര്‍ക്കിടയിലും തിറയാട്ടമുണ്ട്. കോഴിക്കോട് ജില്ലയിലെ പാണന്മാര്‍ മറ്റു പ്രദേശങ്ങളിലുള്ള പാണന്മാരില്‍ നിന്ന് പല കാര്യത്തിലും ഭിന്നരാണ്. അത്യുത്തര കേരളത്തിലെ മലയരുമായിട്ടാണ് ഇവര്‍ക്ക് കൂടുതല്‍ അടുപ്പം കാണുന്നത്. മലയരെപ്പോലെ പാണന്മാരും സംഗീതത്തിലും മന്ത്രവാദത്തിലും വിദഗ്ധരാണ്. ഉച്ചബലി, നിണബലി തുടങ്ങിയ കര്‍മങ്ങള്‍ ഇരു വിഭാഗക്കാരും നടത്താറുണ്ട്. ഭൈരവന്‍, കുട്ടിച്ചാത്തന്‍, പൊട്ടന്‍, ഗുളികന്‍, ഉച്ചിട്ട, കരിങ്കാളി, കരുവാള്, നാഗഭഗവതി, ഭദ്രകാളി, വിഷ്ണുമൂര്‍ത്തി ശ്രീപോര്‍ക്കൊലി, കൊടുങ്കാളി എന്നീ തിറകള്‍ പാണന്മാര്‍ കെട്ടിയാടി വരുന്ന കോലങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.

മുന്നൂറ്റാന്‍, അഞ്ഞൂറ്റാന്‍ എന്നീ വിഭാഗക്കാര്‍ തങ്ങള്‍ വേലരാണെന്നും വേലന്‍ മുന്നൂറ്റാന്‍, വേലന്‍ അഞ്ഞൂറ്റാന്‍ എന്നിങ്ങനെയാണ് തങ്ങളുടെ സമുദായപ്പേരെന്നും പറയുന്നു. തലശ്ശേരി, വടകര, കൊയിലാണ്ടി എന്നീ താലൂക്കുകളിലാണ് മുന്നൂറ്റാന്മാര്‍ കൂടുതല്‍ വസിക്കുന്നത്. കുട്ടിച്ചാത്തന്‍, കരുവാള്‍, വസൂരിമാല, നാഗക്കാളി, ഉച്ചിട്ട, വേട്ടയ്ക്കൊരുമകന്‍, തലച്ചില്‍, കരിയാത്തന്‍, അങ്കക്കാരന്‍, പൂതാടി, ധര്‍മഭഗവതി, ചോരക്കളത്തില്‍ ഭഗവതി, തൂവക്കാളി, ഗന്ധര്‍വന്‍, ഉണ്ടിയന്‍, കൊലമകന്‍, പാമ്പൂരി കരുമകന്‍ തുടങ്ങിയ തിറകളാണ് മുന്നൂറ്റാന്മാര്‍ കെട്ടിവരുന്നത്. അഞ്ഞൂറ്റാന്മാര്‍ വലിയ ഭഗവതി, പുതിയ ഭഗവതി തുടങ്ങിയ കോലങ്ങള്‍ കെട്ടിയാടും.

പണ്ടത്തെ നെടിയിരിപ്പു സ്വരൂപത്തില്‍പ്പെട്ട പ്രദേശങ്ങളിലാണ് പെരുവണ്ണാന്മാര്‍ തിറയാട്ടം നടത്തിവരുന്നത്. കരിങ്കുട്ടിച്ചാത്തന്‍, പൂങ്കുട്ടിച്ചാത്തന്‍, പറക്കുട്ടി, ഭൈരവന്‍, തലച്ചിലവന്‍, കരിയാത്തന്‍, കരുവാള്‍, കരിവില്ലി, പൂവില്ലി, പൊട്ടന്‍, കള്ളാടിക്കുട്ടി, കാളി, ഭദ്രകാളി തുടങ്ങിയ തിറകളാണ് പെരുവണ്ണാന്മാരുടെ തിറകളില്‍ എടുത്തു പറയാവുന്നവ.

വയനാടന്‍ പ്രദേശങ്ങളില്‍ തിറകെട്ടുന്നവരാണ് കളനാടികള്‍, പുല്‍പ്പള്ളി, ചീയമ്പം, ആപ്പാട്ട്, തേലാപ്പറ്റ തുടങ്ങിയ പ്രദേശങ്ങളില്‍ ഇവരെ കൂടുതല്‍ കാണാം. 'കഴക'ങ്ങളില്‍ ആടുന്നവരായതുകൊണ്ടാണ് 'കളനാടികള്‍' എന്ന സമുദായപ്പേര് തങ്ങള്‍ക്കുണ്ടായതെന്ന് അവരില്‍ ചിലര്‍ അവകാശപ്പെടുന്നു. കനലാട്ടക്കാരാണ് ഇവര്‍ എന്ന അഭിപ്രായം തെറ്റാണ്. ഇവരില്‍ മന്ത്രവാദികളുണ്ട്. സീതാദേവിയമ്മ, മുരിക്കന്മാര്‍, പാക്കാന്‍ തെയ്യം, പൂതാടി, മലയക്കരിങ്കാളി, പുള്ളിക്കളി, പൂവില്ലി എന്നിവ കളനാടികള്‍ കെട്ടിവരുന്ന തിറകളില്‍ മുഖ്യങ്ങളാണ്. മറ്റു സമുദായക്കാര്‍ക്കുള്ളതുപോലെ സുദീര്‍ഘമായ തോറ്റം പാട്ടുകള്‍ ഇവര്‍ക്കില്ല. തുടിയാണ് ഇവരുടെ വാദ്യം.

പുലയര്‍ക്കിടയിലും തിറയാട്ടം പതിവുണ്ട്. ഓരോ പ്രദേശത്തുമുള്ള പുലയ സമുദായത്തിന് കുരിക്കളോ, കാരണവരോ (പൊലിഞ്ഞുപോയ മുത്തന്‍) ആരാധ്യ ദേവതയായിട്ടുണ്ടാകും. കോഴിക്കോട് ജില്ലയില്‍ പുലയര്‍ക്കിടയില്‍ കൂളികെട്ടുന്ന പതിവുണ്ട്. ഒരാള്‍ മരിച്ചാല്‍ ഒരു വര്‍ഷത്തിനകം അയാളുടെ കോലം (തിറ) കെട്ടിയാടണം. പുലയരുടെ മുഖ്യ വാദ്യോപകരണം തുടിയാണ്. വടകര ഭാഗത്തുള്ള പുലയരുടെ മുഖ്യമായൊരു തിറയാണ് തേവര് വെള്ളയല്‍. വാഴയില്‍ വലിയ മുത്തച്ഛന്‍, കിള്ള വയലില്‍ കുരിക്കല്‍, വാഴയില്‍ ഭഗവതി, ധര്‍മദൈവം, ഗുളികന്‍, കുട്ടിച്ചാത്തന്‍ തുടങ്ങി മറ്റു തിറകളും എടുത്തു പറയേണ്ടവ തന്നെ.

പറയര്‍ക്കിടയില്‍ തിറയാട്ടമുണ്ട്. അവരുടെ സങ്കേതങ്ങളില്‍ വച്ച് അവര്‍ തിറയാട്ടവും കൂളിക്കെട്ടും തെയ്യാട്ടും നടത്തും. കുട്ടിച്ചാത്തന്‍, കരുവാള്, പറകാളി, പറമൂര്‍ത്തി, ഭഗവതി, വെള്ളാട്ട് എന്നീ കോലങ്ങള്‍ അവര്‍ കെട്ടിയാടി വരുന്നു. പറയര്‍ വലിയ മാന്ത്രികരാണ്. വടക്കെ വയനാട്ടില്‍ മാനന്തവാടി താലൂക്കിലും തെക്കേ വയനാട്ടില്‍ പുല്‍പ്പള്ളിയിലും വസിച്ചു വരുന്ന അടിയാന്മാര്‍ക്കിടയില്‍ വെള്ളാട്ടും തിറയും നിലവിലുണ്ട്. സ്ത്രീദേവതകള്‍ക്ക് വെള്ളാട്ടും പുരുഷദേവതകള്‍ക്ക് തിറയുമാണ് അവര്‍ നടത്തുന്നത്. വള്ളിയൂരമ്മ, കുട്ടത്തുകാളി, ചേര്‍ക്കല്‍ ഭഗവതി, തുത്തോട്ടു ഭഗവതി തുടങ്ങിയ ഭഗവതിമാരാണ് അവരുടെ വെള്ളാട്ടില്‍ പ്രത്യക്ഷപ്പെടുന്നത്. തിറകളില്‍ ഗുളികന്‍ പ്രധാനമാണ്.

തിറയാട്ടസ്ഥാനങ്ങള്‍. തിറകള്‍ കെട്ടിയാടുന്നത് ദേവതാ സങ്കേതങ്ങളിലാണ്. കാവുകളോ മണ്ടകങ്ങളോ സ്ഥാനങ്ങളോ തറവാടുകളോ ദേവതാ സങ്കേതങ്ങളാകാം. ഗൃഹങ്ങളില്‍ പ്രത്യേക മുറിയില്‍ ദേവതകളെ കുടിയിരുത്തി ആരാധിക്കുന്നവരുണ്ട്. ഇത്തരം സ്ഥാനങ്ങളില്‍ ആണ്ടുതോറും നിശ്ചിത നാളുകളില്‍ തിറയാട്ടം നടത്തും. അതതു കാലത്ത് തിറയാട്ടത്തിനുള്ള തീയതി നിശ്ചയിക്കുന്ന പതിവും ഉണ്ട്.

ചമയങ്ങള്‍. തിറകള്‍ക്ക് രൂപവൈവിധ്യമുണ്ടാക്കിത്തീര്‍ക്കുന്നത് ചമയങ്ങളും മുഖാലങ്കാരങ്ങളുമാണ്. മുഖത്തെഴുത്ത് പല പ്രകാരമുണ്ട്. മാന്‍കണ്ണിട്ടെഴുത്ത്, വട്ടക്കണ്ണിട്ടെഴുത്ത്, കാളക്കണ്ണിട്ടെഴുത്ത്, ശംഖിരിയിട്ടെഴുത്ത്, കഞ്ചുമാലയിട്ടെഴുത്ത് എന്നിങ്ങനെ കലാകാരന്മാര്‍ക്കിടയില്‍ അവയ്ക്ക് പ്രത്യേകം പേരുകളുണ്ട്. മനയോലയില്‍ ചായില്യവും മഷികളും അരിച്ചാന്തും മറ്റുമാണ് മുഖത്തെഴുതുവാന്‍ ഉപയോഗിക്കുന്നത്. തിറകള്‍ അണിയുന്ന മുടികള്‍ക്കും പ്രത്യേക പേരുകളുണ്ട്. വട്ടമുടി, പീലിമുടി, തൊണ്ടന്‍മുടി, നീളമുടി, ചട്ടമുടി എന്നിങ്ങനെയാണ് അവയുടെ പേരുകള്‍. കമ്പുകള്‍, പട്ട്, കുരുത്തോല മുതലായവ കൊണ്ട് താത്കാലികമായി കെട്ടിയുണ്ടാക്കുന്ന മുടികളുമുണ്ട്. മുടികളുടേയും മെയ്യാഭരണങ്ങളുടേയും സംവിധാനത്തില്‍ ചെക്കി (തെച്ചി) പൂവിനു പ്രാധാന്യം കാണാം.

തിറകളുടെ രൂപ വൈവിധ്യത്തിന് അരച്ചമയങ്ങളും സഹായിക്കുന്നു. സവിശേഷമായ വസ്ത്രാലങ്കാരങ്ങളാണ് പലതിനുമുള്ളത്. ഓടകളും മറ്റും കൊണ്ട് കെട്ടിയുണ്ടാക്കി വിവിധനിറങ്ങളുള്ള തുണികള്‍കൊണ്ട് അലങ്കരിച്ച ഓടകളും ഞൊറിവെച്ചുള്ള ഉടുപ്പുകളും കുരുത്തോല കൊണ്ടുള്ള ഉടുപ്പുകളും സാധാരണമാണ്. പടിയരഞ്ഞാണം, ഒഡ്യാണം തുടങ്ങിയ ചമയങ്ങളും അരയില്‍ ധരിക്കും. തലച്ചാളി, താതില, തോട, ചെണ്ടെടത്താങ്ങി, ചെന്നിപ്പത്തി തുടങ്ങിയ തലച്ചമയങ്ങളും ചൂഡകം, കടകം, പുത്തങ്ങ തുടങ്ങിയ കൈച്ചമയങ്ങളും,ചിലമ്പ്, കച്ചമണി തുടങ്ങിയ കാല്‍ച്ചമയങ്ങളും മാര്‍വട്ടം തുടങ്ങിയ മാര്‍ച്ചമയങ്ങളും പ്രധാനങ്ങളാണ്.

ചടങ്ങുകള്‍. തിറയാട്ടത്തിന് നിരവധി ചടങ്ങുകളും അനുഷ്ഠാനങ്ങളുമുണ്ട്. കോലംധരിക്കുന്നവര്‍ എത്തിയാല്‍ അണിയറയില്‍ വിളക്കുവച്ച് വന്ദിക്കും. ചില സ്ഥാനങ്ങളില്‍ ആദ്യം ഒറ്റച്ചെണ്ടുമുട്ടിത്തോറ്റം ചൊല്ലും. കുരുതി തര്‍പ്പണം തിറയുമായി ബന്ധപ്പെട്ട ഒരനുഷ്ഠാന കര്‍മമാണ്. കോഴിയറവും നടക്കും. തിറയാട്ടമെന്ന അനുഷ്ഠാന കലയുടെ നിര്‍വഹണത്തില്‍ വെള്ളാട്ട്, വെള്ളകെട്ട്, തിറ എന്നീ മൂന്ന് ഘട്ടങ്ങളുണ്ട്. വെള്ളകെട്ട് വേണമെന്ന് നിര്‍ബന്ധമില്ല. ദേവതയുടെ സങ്കല്പത്തില്‍ ഉറഞ്ഞുതുള്ളുന്ന വെള്ളാട്ടിന് വേഷവിധാനം ചെറിയ തോതിലായിരിക്കും. ദേവതാ-ചൈതന്യം വെളിവാക്കുന്ന ആട്ടം തന്നെയാണത്.

വെള്ളാട്ടിനുശേഷം വെള്ളകെട്ട്. ഇതിന് ചമയങ്ങളേറെയില്ല. വെള്ളാട്ടിലെ ചടങ്ങുകള്‍ ഇതിലും കാണുന്നു. ദേവതാ സ്ഥാനത്തുനിന്ന് നല്കുന്ന വെളുത്തൊരു കോടിവസ്ത്രം ഉറയലിനുശേഷം തലയ്ക്കുമേലെ വീശിക്കൊണ്ട് നര്‍ത്തനം ചെയ്യുകയും ഒടുവില്‍ അത് തലയില്‍ കെട്ടുകയും ചെയ്യും.

ദേവതകളുടെ പൂര്‍ണരൂപമാണ് 'തിറ'യില്‍ പ്രത്യക്ഷമാകുന്നത്. ചില തിറകള്‍ക്ക് സമാപന ഘട്ടത്തില്‍ ചാന്ത് അണിയുക എന്നൊരു ചടങ്ങുണ്ട്. ഉണക്കലരിയും പനിനീരും ഇളനീരും പൂവന്‍ പഴവും ശര്‍ക്കരയും മറ്റും ചേര്‍ത്ത് തയ്യാറാക്കുന്നതാണ് ആ ചാന്ത്. തിറയാട്ടത്തില്‍ ഭക്തജനങ്ങള്‍ക്ക് കുറികൊടുത്ത് അനുഗ്രഹിക്കുകയും അരുളപ്പാടുകള്‍ നടത്തുകയും പതിവുണ്ട്.

തോറ്റവും അഞ്ചടിയും. തിറകള്‍ക്ക് തോറ്റം പാട്ടുകള്‍ പാടാറുണ്ട്. ചില കോലങ്ങള്‍ക്ക് സുദീര്‍ഘമായ തോറ്റങ്ങളാണുള്ളത്. ഭൈരവന്‍, കുട്ടിച്ചാത്തന്‍, ഭദ്രകാളി തുടങ്ങിയ തിറകള്‍ക്ക് പാടുന്ന തോറ്റങ്ങള്‍ ദീര്‍ഘങ്ങളാണ്. എന്നാല്‍, മറ്റു പല തിറകള്‍ക്കും നാതിദീര്‍ഘങ്ങളായ തോറ്റങ്ങളേ ഉള്ളൂ. തിറകള്‍ക്ക് പാടുന്ന പാട്ടുകളില്‍ അഞ്ചടിക്ക് വളരെ പ്രാധാന്യമുണ്ട്. ദേവതകളുടെ സങ്കല്പവും ചരിതങ്ങളും സംക്ഷിപ്തമായി ആഖ്യാനം ചെയ്യുന്നവയാണ് അഞ്ചടികള്‍. തോറ്റങ്ങളിലെന്നപോലെ ദേവതകളുടെ പുരാവൃത്തങ്ങള്‍ പൂര്‍ണമായി അവയില്‍ ആഖ്യാനം ചെയ്യുന്നില്ല.

'ആദിനായകന്‍ ശിവനരുളിച്ചെയ്ത നേര-

മാദരവോടെ ദേവിയതിമോദാല്‍

അരിയ കുന്നിമാല ധരിച്ച മാര്‍വിടത്തി-

ലഴകും നോക്കിക്കൊണ്ടവള്‍ പിന്നെ

കൊട്ടയുമെടുത്തിട്ട് കോലവുമായി ഹരന്‍ മുമ്പില്‍

പുഷ്ടമോദേന നില്ക്കുന്നതു കണ്ടു

നീലകണ്ഠനും ചിരിച്ചരുളിച്ചെയ്തനേരം

ലീലയെന്നൊരു നാമമരുള്‍ ചെയ്തു

ബാലമേദിനി ദേവിപോലന്നു ധരയിങ്കല്‍

ലീലകള്‍ കാട്ടി കാട്ടില്‍ നടക്കുമ്പോള്‍

മാരസായകമേറ്റു മങ്കയെപ്പുണര്‍ന്നപ്പോള്‍

മാരനു സമനായ മകനുണ്ടായ്

പാരിതില്‍ ബാലുശ്ശേരിക്കോട്ടയില്‍ മരുവീടും

പരദൈവമേ നിത്യം വണങ്ങുന്നേന്‍'

എന്ന ഭാഗം തിറയുടെ കെട്ടിയാട്ടത്തിന് പാടുന്ന ഒരഞ്ചടിയാണ്.

തോറ്റം പാട്ടുകളും അഞ്ചടികളും ദേവതകളുടെ പുരാവൃത്തങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ്. അദ്ഭുതാവഹമായ ദിവ്യപരാക്രമങ്ങള്‍ കാട്ടുന്ന ദേവതയാണ് തിറയാട്ടത്തിലെ കുട്ടിച്ചാത്തന്‍.

'മൂര്‍ത്തിയില്‍ പൂവുണ്ടിവന്ന് മൂന്നാം തൃക്കണ്ണും

മഞ്ചാടിക്കുരുപോലെ ചുകന്ന കണ്ണുമേ

ആലവട്ടം പൂപോലത്തെ താടിച്ചറെഴകും

കറുത്തുരുണ്ടു വാഴന്നിതോരു തിരുമേനിക്കുവേ

വെള്ളിത്തൈറൊന്‍ പതിനാറ് വളര്‍പുള്ളിയും

വട്ടമുടിയും നല്ല വളര്‍ജടയും

വലത്തെ കൈയില്‍ നല്ല കാഞ്ഞരച്ചൊന്തി

ഇടത്തെ കൈയില്‍ തീയും കൊട്ടയും'

എന്നിങ്ങനെയാണ് പാണന്മാരുടെ തോറ്റത്തില്‍ കുട്ടിച്ചാത്തനെ വര്‍ണിക്കുന്നത്. ശിവാംശഭൂതമായ ദേവതയാണ് പാണന്മാരുടെ കുട്ടിച്ചാത്തന്‍ തിറ. എന്നാല്‍, മുന്നൂറ്റാന്മാരുടെ തോറ്റത്തില്‍ വിഷ്ണുമായയില്‍ ജനിച്ച ദൈവമാണെന്നു പറയുന്നു. ഭൈരവന്‍ തിറയുടെ പുരാവൃത്തത്തിന് തമിഴിലെ 'പെരിയ പുരാണ'ത്തിലെ 'ചെറുത്തുണ്ടര്‍ കഥ'യുമായി ബന്ധമുള്ളതായിക്കാണാം. പാണന്മാരുടെ ഭദ്രകാളിത്തിറയുടെ തോറ്റത്തില്‍ ഭദ്രകാളിയെ വീരനായികയായി അവതരിപ്പിക്കുന്നു. പാര്‍വതീപരമേശ്വരന്മാര്‍ വേട വേഷം ധരിച്ച് വനത്തില്‍ ചെന്ന് അര്‍ജുനനുമായി കലഹിച്ചപ്പോള്‍, ശിവന്റെ തലയില്‍ അടിയേല്ക്കുകയും അപ്പോള്‍ ഒരു പൈതല്‍ ജനിക്കുകയും ചെയ്തു. ആ കുട്ടിയാണ് തലച്ചില്‍ എന്ന് മുന്നൂറ്റാന്മാരുടെ ഒരു അഞ്ചടിയില്‍ പ്രസ്താവിക്കുന്നു. ശിവാംശഭൂതമായ ദേവതയായിട്ടാണ് ഗുളികനെ സങ്കല്പിക്കാറുള്ളതെങ്കിലും മുന്നൂറ്റാന്മാരുടെ ഗുളികന്‍ തിറ വിഷ്ണുമായയാണ്. പരേതാരാധന തെയ്യാട്ടത്തിലെന്നപോലെ തിറയാട്ടത്തിലുമുണ്ട്. പുലിച്ചാമുണ്ഡി എന്ന തിറ അതിന് ദൃഷ്ടാന്തമാണ്. തുളുത്തിമാതു എന്ന സ്ത്രീയുടെ സ്മരണക്കായി കെട്ടിയാടുന്ന തിറയാണിത്. താളി പറിക്കുവാന്‍ പോയ മാതു പുലിയാല്‍ വധിക്കപ്പെട്ടതുകൊണ്ടാണ് 'പുലിച്ചാമുണ്ഡി' എന്ന പേരില്‍ കെട്ടിയാടുന്നത്.

കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ കെട്ടിയാടിക്കുന്ന തെയ്യങ്ങളില്‍ ചില 'തിറ'കളുണ്ട്. വേട്ടയ്ക്കൊരുമകന്‍, ഊര്‍പ്പഴച്ചി, ക്ഷേത്രപാലന്‍, വൈരജാതന്‍ തുടങ്ങിയവരെ 'തിറ' എന്നാണ് പറയാറുള്ളത്. ഇത്തരം ദേവതകള്‍ തിറയാട്ട പ്രദേശങ്ങളില്‍ നിന്ന് വന്നു ചേര്‍ന്നവരാണെന്ന് അവരുടെ പുരാവൃത്തം സൂചിപ്പിക്കുന്നു. ബാലുശ്ശേരി കോട്ടയില്‍ നിന്നാണ് വേട്ടയ്ക്കൊരുമകന്‍ അള്ളടം നാട്ടിലെത്തിയത്. വേട്ടയ്ക്കൊരുമകന്റെ ഉറ്റ ചങ്ങാതിയാണ് ഊര്‍പ്പഴച്ചിദൈവം. ക്ഷേത്രപാലന്‍ നെടിയിരിപ്പു സ്വരൂപത്തില്‍ നിന്നാണ് പുറപ്പെട്ടത്. നടുവനാട്ടുകീഴുരായിരുന്നു വൈരജാതന്റെ ആസ്ഥാനം.

അനുഷ്ഠാന ബദ്ധമായ 'ഒരു നര്‍ത്തന കലയാണ്'തിറയാട്ടം. ഉറഞ്ഞു തുള്ളുക, തിരുമുറ്റത്ത് നര്‍ത്തനം ചെയ്യുക, ദേവതാ സ്ഥാപനത്തിനു ചുറ്റും നൃത്തം ചവുട്ടി പ്രദക്ഷിണം ചെയ്യുക, കലാശം ചവിട്ടുക, ലാസ്യം ആടിക്കൊണ്ട് നീങ്ങുക എന്നിങ്ങനെ പലവിധ നര്‍ത്തന രീതികള്‍ തിറയാട്ടത്തില്‍ കാണുവാന്‍ കഴിയും. വാള്, പരിച, ശൂലം, അമ്പും വില്ലും തുടങ്ങിയ ആയുധങ്ങള്‍ ധരിച്ചുകൊണ്ടാണ് തിറകളില്‍ പലതും ആടുന്നത്. പാണന്‍, മുന്നൂറ്റാന്‍, പെരുവണ്ണാന്‍ എന്നീ സമുദായക്കാരുടെ വാദ്യങ്ങളില്‍ ചെണ്ടയും വീക്കന്‍ ചെണ്ടയും ഇലത്താളവും മുഖ്യമാണ്. കളനാടികളും അടിയാന്മാരും പുലയരും മറ്റും തുടിയാണ് പ്രധാനമായും ഉപയോഗിക്കുന്നത്.

(ഡോ. എം.വി. വിഷ്ണു നമ്പൂതിരി)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B4%BF%E0%B4%B1" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍