This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അപ്പോകാലിപ്സ് സാഹിത്യം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അപ്പോകാലിപ്സ് സാഹിത്യം
Apocalyptic Literature
നന്മയുടെ നിറകുടമായ ഈശ്വരന്, തിന്മയുടെ മൂര്‍ത്തിയായ സാത്താന് എന്നീ രണ്ടു വിരുദ്ധശക്തികള്‍ ഈ ലോകത്തില്‍ വ്യാപരിക്കുന്നുണ്ടെന്നും നല്ലവരെ പീഡിപ്പിക്കുന്ന സാത്താനെ നശിപ്പിച്ച് നിത്യവും പൂര്‍ണവുമായ ദൈവരാജ്യം സ്ഥാപിക്കപ്പെടുമെന്നും മറ്റുമുള്ള ചിന്താഗതികളെ കേന്ദ്രീകരിച്ചുകൊണ്ട് എഴുതപ്പെട്ട മതപരമായ സാഹിത്യം. 'അനാവരണം ചെയ്യുക', 'വെളിപ്പെടുത്തുക' എന്നെല്ലാം അര്‍ഥം വരുന്ന അപ്പോകാലുപ്പ്സിസ് എന്ന ഗ്രീക് പദത്തില്‍നിന്നാണ് അപ്പോകാലിപ്സ് എന്ന പേരിന്റെ ഉദ്ഭവം.
നീതിമാന്മാര് കഷ്ടപ്പെടുന്നതും നന്മയ്ക്ക് തക്ക പ്രതിഫലം ഉടനെ ലഭിക്കാതിരിക്കുന്നതും കണ്ടപ്പോഴുള്ള നിരാശയില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ദൈവശക്തിയും സത്യവും ജയിക്കുമെന്നും ദൈവരാജ്യം അന്ത്യനാളുകളില്‍ സ്ഥാപിക്കപ്പെടുമെന്നും, അപ്പോള്‍ ഓരോരുത്തനും അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം അംഗീകാരമോ ശിക്ഷയോ ലഭിക്കുമെന്നും മറ്റും മതവിശ്വാസികള്‍ക്ക് പ്രചരിപ്പിക്കേണ്ടതായി വന്നു. ഈ പശ്ചാത്തലത്തില്‍ എഴുതപ്പെട്ടതാണ് അപ്പോകാലിപ്സ് സാഹിത്യകൃതികള്‍ എന്നു പറയപ്പെടുന്നു. ബി.സി. 200-നും എ.ഡി. 100-നും ഇടയിലുള്ള കാലഘട്ടത്തിലെ ജൂതമതസാഹിത്യത്തില്‍ അപ്പോകാലിപ്സ് ചിന്തകള്‍ ധാരാളം കാണുന്നുണ്ട്. മക്കാബിയന്‍ വിപ്ളവകാലത്ത് ജൂതരുടെ സ്വത്തിനും ജീവനും രക്ഷയില്ലാതെ ഇരുന്ന സന്ദര്‍ഭത്തില്‍ ലഘുലേഖകള്‍പോലെ ഇത്തരം കൃതികള്‍ പുറത്തുവന്നുകൊണ്ടിരുന്നു. അന്നു നിലവിലിരുന്ന പുരാണങ്ങളിലെ ആശയങ്ങള്‍ ഇവയില്‍ സ്വാധീനത ചെലുത്തിയിട്ടുണ്ട്. ജൂതമതത്തില്‍നിന്നും ക്രൈസ്തവ മതസാഹിത്യത്തിലേക്ക് ഈ ചിന്താഗതികള്‍ വ്യാപിച്ചു എന്നു കരുതപ്പെടുന്നു.
ദൈവത്തില്‍നിന്ന് നേരിട്ടു ലഭിച്ച സുദീര്‍ഘമായ 'വെളിപ്പാടു'കളായി എഴുതപ്പെട്ടിരിക്കുന്ന ഈ കൃതികള്‍ യഥാര്‍ഥ ഗ്രന്ഥകാരന്മാരുടെ പേരിലല്ല അറിയപ്പെടുന്നത്. ഇതില്‍ പ്രതീകാത്മകമായ രീതി പലയിടത്തും പ്രയോഗിച്ചുകാണുന്നു. ഉദാഹരണമായി ദാനിയേലിന്റെ പുസ്തകത്തില്‍ മൃഗത്തിന്റെ കൊമ്പിനെ രാജാവിന്റെയും, ചെറിയ കൊമ്പിനെ അന്ത്യോഖ്യന്‍ എപ്പീഫാനസിന്റെയും പ്രതീകങ്ങളായി പ്രയോഗിച്ചിരിക്കുന്നു.
ബൈബിളിലെ പഴയനിയമത്തിലും പുതിയനിയമത്തിലും അപ്പോകാലിപ്സ്-ആശയങ്ങള്‍ വ്യക്തമായി കാണുന്നുണ്ട്. ഉദാ. പഴയനിയമം: (1) ദാനിയേലിന്റെ പുസ്തകം; (2) യെശയ്യാവ്, അധ്യാ. 24, 27; (3) യെഹെസ്കേല്‍, അധ്യാ. 38, 39; (4) യോവേല്‍, അധ്യാ. 2, 3; (5) സെഖര്യാവ്, അധ്യാ. 12, 14; പുതിയനിയമം: (1) മര്‍ക്കോസ്, അധ്യാ. 13; (2) തെസ്സലോനിക്കര്‍ക്ക് എഴുതിയ ലേഖനം, അധ്യാ. 2; (3) വെളിപ്പാടുപുസ്തകം. ഇവ കൂടാതെ കാനോനികമല്ലാത്ത, മോശെയുടെ സ്വര്‍ഗാരോഹണം, എസ്രാ, പത്രോസിന്റെ അപ്പോകാലിപ്സ്, യോഹന്നാന്റെയും പൌലോസിന്റെയും അപ്പോകാലിപ്സ് തുടങ്ങിയ പുസ്തകങ്ങളും അപ്പോകാലിപ്സ് സാഹിത്യത്തിന് ഉദാഹരണങ്ങളാണ്.