This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

താതിരി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:10, 26 ജൂണ്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

താതിരി

Fire-flame bush

താതിരി സസ്യത്തിന്റെ പുഷ്പങ്ങളോടുകൂടിയ ശാഖ

ഔഷധ സസ്യം. ലിത്രേസി (Lythraceae) സസ്യകുടുംബത്തില്‍പ്പെടുന്നു. ശാ.നാ. വുഡ്ഫോര്‍ഡിയ ഫ്രൂട്ടിക്കോസ (Woodfordia fruticosa). മുന്‍കാലങ്ങളില്‍ വുഡ്ഫോര്‍ഡിയ ഫ്ളോറിബന്‍ഡ (Woodfordia floribunda) എന്ന പേരിലാണ് ഇത് അറിയപ്പെട്ടിരുന്നത്. സംസ്കൃതത്തില്‍ ധാതകി, ധാഉതി, ധാതുപുഷ്ടി എന്നീ പേരുകളുണ്ട്. മിക്ക സ്ഥലങ്ങളിലും ഇതു വളരുന്നുണ്ട്. വ.ഇന്ത്യയിലെ 1600 മീ. വരെ ഉയരമുള്ള സ്ഥലങ്ങളില്‍ ഇവ ധാരാളമായി കാണപ്പെടുന്നു.

ധാരാളം ശാഖോപശാഖകളോടെ 3-7 മീ. വരെ ഉയരത്തില്‍ വളരുന്ന ഇലകൊഴിയും സസ്യമാണിത്. ഇലകള്‍ക്ക് സമ്മുഖ വിന്യാസമാണ്. ഇലകളുടെ അടിവശത്ത് ഗ്രന്ഥികളുടെ കറുത്ത പൊട്ടുപോലെയുള്ള അടയാളങ്ങള്‍ കാണാം. തളിരിലകളുടെ മധ്യസിരയ്ക്ക് ചുവപ്പു നിറമാണ്.

ഇലയുടെ കക്ഷ്യങ്ങളില്‍ നിന്ന് സൈമോസോ പാനിക്കിളോ പുഷ്പമഞ്ജരിയായിട്ടാണ് പുഷ്പങ്ങളുണ്ടാകുന്നത്. പുഷ്പങ്ങള്‍ക്ക് കടും ചുവപ്പു നിറമാണ്. ഒരു പുഷ്പമഞ്ജരിയില്‍ 1-15 പുഷ്പങ്ങള്‍ വരെ ഉണ്ടായിരിക്കും. ബാഹ്യദളം കുഴല്‍പോലെ ഇടുങ്ങി നേര്‍ത്തതാണ്. ആറ് ദളങ്ങളും 12 കേസരങ്ങളുമുണ്ട്. കായ ഒരു സെ.മീ. നീളം വരുന്ന സംപുട(capsule)മാണ്. കായ്ക്കുള്ളില്‍ തവിട്ടു നിറത്തിലുള്ള വളരെ ചെറിയ വിത്തുകളാണുള്ളത്.

താതിരിയുടെ മരത്തൊലിയില്‍ 22 ശ.മാ.വും പുഷ്പങ്ങളില്‍ 20 ശ.മാ.വും ടാനില്‍ അടങ്ങിയിരിക്കുന്നു. ഇത് തുകല്‍ വ്യവസായ ങ്ങള്‍ക്കുപയോഗിച്ചുവരുന്നു. ആയുര്‍വേദത്തില്‍ ആസവം, അരിഷ്ടം തുടങ്ങിയവ തയ്യാറാക്കുമ്പോള്‍ അവയില്‍ ആല്‍ക്കഹോളിന്റെ അളവു വര്‍ധിച്ച് പുളിക്കാനും ഔഷധവീര്യം കൂട്ടാനും താതിരിപ്പൂവ് ചേര്‍ക്കാറുണ്ട്. ഔഷധങ്ങള്‍ കേടുവരാതെ സൂക്ഷിക്കാനും താതിരിപ്പൂവ് ഉപയോഗിക്കുന്നു.

പുഷ്പങ്ങള്‍ കഫപിത്താദികളെ ശമിപ്പിക്കുകയും ശരീര താപത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു. താതിരിപ്പൂവ് അരച്ചോ പൊടിച്ചോ എള്ളെണ്ണയില്‍ കുഴച്ച് പൊള്ളലേറ്റ ഭാഗത്തിട്ടാല്‍ ശമനമുണ്ടാകും. അതിസാരം ശമിക്കുന്നതിന് താതിരിപ്പൂവിന്റെ പൊടി തേനിലോ തൈരിലോ കുഴച്ച് കഴിക്കാറുണ്ട്. ശ്വേതപ്രദരം, രക്താര്‍ശസ്സ് എന്നിവയ്ക്ക് താതിരിപ്പൂവിന്റെ പൊടി തേനില്‍ കുഴച്ച് നിത്യവും കഴിച്ചാല്‍ ശമനമുണ്ടാകും. പുഷ്പത്തിലുള്ള വര്‍ണവസ്തു വസ്ത്രങ്ങള്‍ക്ക് നിറം കൊടുക്കാനുപയോഗിക്കുന്നു. താതിരിയുടെ കാണ്ഡത്തില്‍ βസിറ്റോസ്റ്റിറോള്‍ അടങ്ങിയിട്ടുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B4%BE%E0%B4%A4%E0%B4%BF%E0%B4%B0%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍