This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തലചുറ്റല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:39, 24 ജൂണ്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

തലചുറ്റല്‍

Dizziness

തലയും കണ്ണില്‍പ്പെടുന്ന എല്ലാ വസ്തുക്കളും കറങ്ങുന്നതായി തോന്നുന്ന അവസ്ഥ. തലചുറ്റല്‍ ഉണ്ടാകുമ്പോള്‍ ശരീരത്തിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെട്ട് വീഴുകയോ വീണുപോകുമെന്ന് തോന്നുകയോ ചെയ്യുന്നു. ചില രോഗങ്ങളുടെ ലക്ഷണമായും ക്ഷീണം മൂലവും തലചുറ്റല്‍ അനുഭവപ്പെടാം. നിമിഷനേരത്തേക്ക് തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുകയും തലച്ചോറില്‍ ഓക്സിജന്‍ ലഭ്യമല്ലാതാവുകയും ചെയ്യുന്നതുമൂലം തലചുറ്റല്‍ അനുഭവപ്പെടാറുണ്ട്. ഉദാ. കിടക്കുകയോ ഇരിക്കുകയോ ചെയ്യുന്ന അവസ്ഥയില്‍ നിന്ന് പെട്ടെന്ന് ചാടി എഴുന്നേല്‍ക്കുമ്പോള്‍ നൈമിഷികമായി തലചുറ്റല്‍ അനുഭവപ്പെടാറുണ്ട്. സ്ഥാനികമായ താഴ്ന്ന രക്തസമ്മര്‍ദമാ(postural hypotension)ണിതിനു കാരണം. പ്രായമേറിയവരിലും ഉയര്‍ന്ന രക്തസമ്മര്‍ദത്തിനുള്ള ഔഷധങ്ങള്‍ സേവിക്കുന്നവരിലും ആണ് ഇത് സാധാരണയായി ഉണ്ടാകുന്നത്. തലച്ചോറിലേക്കുള്ള ധമനികളില്‍ താത്ക്കാലികവും ഭാഗികവുമായി തടസ്സം ഉണ്ടാകുന്ന ക്ഷണിക രക്തക്കുറവും (transient ischaemic attack) തലചുറ്റലിനു കാരണമാകാറുണ്ട്. ആയാസം, ക്ഷീണം, പനി, വിളര്‍ച്ച, ഹൃദയപേശികളുടെ തകരാറുകള്‍, ഹൈപോഗ്ളൈസീമിയ (രക്തത്തില്‍ പഞ്ചസാരയുടെ അളവു കുറയുക), മസ്തിഷ്ക രക്തസ്രാവം എന്നിവയാണ് മറ്റു കാരണങ്ങള്‍.

ആന്തരികകര്‍ണത്തിന്റേയോ ശ്രവണനാഡിയുടേയോ, മസ്തിഷ്ക കാണ്ഡത്തിന്റേയോ തകരാറുകള്‍ മൂലമുണ്ടാകുന്ന തലചുറ്റലാണ് വെര്‍ട്ടിഗോ (vertigo). ശരീരത്തിന്റെ സന്തുലിതാവസ്ഥ നിലനിറുത്തുന്ന ആന്തരികകര്‍ണ ഭാഗങ്ങള്‍ക്കുണ്ടാകുന്ന തകരാറുകളായ ലാബ്രിന്തൈറ്റിസ് (Labrynthitis), മെനിയേഴ്സ് രോഗം (Meniere's disease) എന്നിവ തലചുറ്റലിനും മനംപിരട്ടല്‍, ഛര്‍ദ്ദി എന്നിവയ്ക്കും കാരണമാകാറുണ്ട്. വൈറല്‍ബാധമൂലം ചര്‍മ്മലാബ്രിന്തിന് ഉണ്ടാകുന്ന വീക്കമാണ് ലാബ്രിന്തൈറ്റിസ്. പ്രായമേ റുമ്പോള്‍ ആന്തരകര്‍ണ ഭാഗങ്ങള്‍ക്കുണ്ടാകുന്ന സ്വാഭാവിക അപ ചയമാണ് മെനിയേഴ്സ് രോഗത്തിനു കാരണം. ശ്രവണനാഡിക്കുണ്ടാവുന്ന വീക്കം (acoustic neuroma), മസ്തിഷ്ക ചര്‍മ വീക്കം (meningites) എന്നീ ശ്രവണനാഡി രോഗങ്ങള്‍ തലചുറ്റലുണ്ടാക്കാ റുണ്ട്. ചെന്നിക്കുത്ത് (migraine), മസ്തിഷ്ക കാണ്ഡത്തില്‍ സമ്മര്‍ദം ചെലുത്തുന്ന മസ്തിഷ്ക ട്യൂമറുകള്‍, കഴുത്തിനും സുഷുമ്നയ്ക്കും ഉണ്ടാകുന്ന വാതം (cervical osteo arthritis), മസ്തിഷ്ക കാണ്ഡത്തിലേക്കുള്ള രക്തയോട്ടക്കുറവ് (vertebro basilar insufficiency) എന്നിവമൂലം തലയും കഴുത്തും അനക്കുമ്പോള്‍ വേദനയും തലചുറ്റലും ഉണ്ടാകാറുണ്ട്.

ക്ഷണനേരത്തേക്ക് ചെറുതായി തലചുറ്റുന്നതായി തോന്നുന്ന തും മറ്റും പ്രത്യേക ചികിത്സയൊന്നും കൂടാതെ സ്വയം പരിഹൃതമാകാറുണ്ട്. ദീര്‍ഘമായി ശ്വാസം വലിക്കുകയും വിശ്രമിക്കുകയും ചെയ്യുന്നത് നല്ലതാണ്. ഇടയ്ക്കിടെ തീവ്രമായും ദീര്‍ഘ സമയത്തേക്കും തലചുറ്റലനുഭവപ്പെട്ടാല്‍ ചികിത്സ ആവശ്യമാണ്. തലചുറ്റലുണ്ടാകാനുള്ള അടിസ്ഥാന കാരണം കണ്ടെത്തി അനുയോജ്യമായ ചികിത്സ നല്കേണ്ടതാണ്. ഉദാ. വെര്‍ട്ടിഗോ മൂലമുള്ള തലചുറ്റലിന് പ്രതിവമനകാരകങ്ങളും ആന്റിഹിസ്റ്റാമിനുകളും ആണ് നല്കാറുള്ളത്. തലകറക്കത്തോടൊപ്പം ഉണ്ടാകുന്ന മറ്റു ലക്ഷണങ്ങളില്‍ നിന്ന് രോഗകാരണം പലപ്പോഴും നിര്‍ണയിക്കാന്‍ സാധിക്കും. ലക്ഷണങ്ങളും അടിസ്ഥാന രോഗവും പട്ടികയില്‍ കൊടുത്തിരിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍