This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തര്‍സീ, മഹ്മൂദ് (1868 - 1935)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:06, 24 ജൂണ്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തര്‍സീ, മഹ്മൂദ് (1868 - 1935)

Tarzi,Mahmud

അഫ്ഗാന്‍ രാഷ്ട്രതന്ത്രജ്ഞനും സാമൂഹ്യപരിഷ്കര്‍ത്താവും ദാരി (പേര്‍ഷ്യന്‍) സാഹിത്യകാരനും. 1868-ല്‍ ഗസ്നിയില്‍ ജനിച്ചു. പ്രശസ്ത കവിയായ തര്‍സീ അഫ്ഗാനാണ് പിതാവ്. 1888-ല്‍ അദ്ദേഹം തടവിലാക്കപ്പെട്ടു. തുടര്‍ന്ന് സകുടുംബം സ്വരാജ്യം വിട്ടുപോകാന്‍ നിര്‍ബന്ധിതനായ ഇദ്ദേഹത്തോടൊപ്പം പുത്രനായ മഹ്മൂദും സിറിയയിലേക്കു താമസം മാറ്റി. 1904-ല്‍ അമീര്‍ ഹബീബുല്ല മഹ്മൂദ് തര്‍സിയെ അഫ്ഗാനിലേക്കു മടക്കിവിളിച്ചു. മാതൃരാജ്യത്ത് തിരിച്ചെത്തിയ ഇദ്ദേഹം യങ് അഫ്ഗാന്‍ മൂവ്മെന്റിന്റെ മുന്‍നിര നേതാക്കളിലൊരാളായി. അമാനുല്ല രാജാവിന്റെ കാലത്ത് (1919-29) ഇദ്ദേഹം വിദേശകാര്യമന്ത്രിയായും പാരിസില്‍ നയതന്ത്ര പ്രതിനിധിയായും സേവനം അനുഷ്ഠിച്ചു. അമാനുല്ല രാജസ്ഥാനം ഏറ്റെടുക്കുന്നതിനുമുമ്പുതന്നെ അദ്ദേഹത്തിന്റെ മേല്‍ മഹ്മൂദ് തര്‍സീക്കു സ്വാധീനം ഉണ്ടായിരുന്നു. എന്നാല്‍ 1928-ല്‍ അഫ്ഗാനിസ്ഥാന്‍ വിട്ടുപോകേണ്ടിവന്ന ഇദ്ദേഹം തുര്‍ക്കിയില്‍ പാര്‍പ്പുറപ്പിക്കുകയും സാഹിത്യരചനയിലേക്കു ശ്രദ്ധ തിരിക്കുകയും ചെയ്തു.

പത്രപ്രവര്‍ത്തനത്തിലും തത്പരനായിരുന്ന മഹ്മൂദ് തര്‍സീ യങ് അഫ്ഗാന്‍ മൂവ്മെന്റില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് സിറാജ്-ഉല്‍-അക്ബര്‍ എന്നൊരു ദിനപത്രത്തിനു തുടക്കമിട്ടു. 1911 മുതല്‍ 18 വരെയുള്ള കാലയളവില്‍ ഇത് പ്രസിദ്ധീകരിച്ചുവന്നു. വനിതാ വിമോചനത്തിനുവേണ്ടി നിലകൊണ്ട ഇദ്ദേഹം സ്ത്രീകള്‍ക്കായുള്ള ആദ്യത്തെ പത്രത്തിനും ജന്മം കൊടുത്തു. സമ്പൂര്‍ണ സ്വാതന്ത്ര്യമുള്ള അഫ്ഗാനിസ്ഥാനായിരുന്നു ഇദ്ദേഹത്തിന്റെ ലക്ഷ്യം. അതിനായി സ്വന്തം പത്രത്തിലൂടെ ആഹ്വാനം നടത്തി. വിദ്യാലയങ്ങളില്‍ നവീന പാഠ്യപദ്ധതികള്‍ നടപ്പില്‍ വരുത്തുന്നതിന് എല്ലാ പ്രോത്സാഹനവുമേകി. ഗോത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള വിഭജനവാദത്തിനെതിരായും ഇദ്ദേഹം ശബ്ദം മുഴക്കി.

മഹ്മൂദ് തര്‍സിയുടെ വിമര്‍ശനകൃതികളും വിമര്‍ശനേതര രചനകളും അഫ്ഗാനിസ്ഥാനിലെ സാഹിത്യരംഗത്തും തത്ത്വചിന്താമേഖലയിലും സമൂലവും വിപ്ളവകരവുമായ മാറ്റങ്ങള്‍ക്കു വഴിതെളിച്ചു. അതുവരെ ആരും കവിതകള്‍ക്കിതിവൃത്തമാക്കിയിട്ടില്ലാത്ത വിഷയങ്ങള്‍ ഇദ്ദേഹം അവതരിപ്പിച്ചു. ശാസ്ത്രം, കല്ക്കരി, ടെലിഗ്രാഫ് വഴിയുള്ള ആശയവിനിമയസമ്പ്രദായം, റോഡുകള്‍ തുടങ്ങിയവയെ ആധാരമാക്കിയുള്ള അനേകം ഗസലുകള്‍ക്ക് ഇദ്ദേഹം രൂപംനല്കിയിട്ടുണ്ട്. അദബ് വ ഫാന്‍ (സാഹിത്യവും ശാസ്ത്രവും) എന്ന ശീര്‍ഷകത്തില്‍ 1915-ല്‍ ഇദ്ദേഹത്തിന്റെ കാവ്യസമാഹാരം പ്രസിദ്ധീകൃതമായി. പരകാന്‍ദാ മറ്റൊരു കാവ്യ കൃതിയാണ്. സാമ്രാജ്യശക്തികളെ പത്രപ്രവര്‍ത്തകന്‍, രാഷ്ട്രതന്ത്രജ്ഞന്‍ എന്നീ നിലകളില്‍ എതിര്‍ത്തിരുന്ന തര്‍സീ അതേ മനോഭാവം പുലര്‍ത്തുന്ന കവിതകളും എഴുതിവന്നു. ജപ്പാന്റെ മഞ്ചൂറിയന്‍ അധിനിവേശത്തെ വിമര്‍ശിച്ചുകൊണ്ട് എഴുതിയ കവിത (1933) ഒരു ഉദാഹരണം മാത്രം.

ഗദ്യസാഹിത്യരംഗത്തും നവീനശൈലി അവതരിപ്പിക്കുവാന്‍ മഹ്മൂദ് തര്‍സിക്കു കഴിഞ്ഞു. യൂള്‍സ് വേണിന്റെ (1828-1905) നോവലുകള്‍ക്ക് ഇദ്ദേഹം തയ്യാറാക്കിയ വിവര്‍ത്തനങ്ങള്‍ ഗദ്യരംഗത്തെ മികവ് വിളിച്ചോതുന്നു. റൗസായി ഹൈക്കമില്‍ ('ജ്ഞാനത്തിന്റെ ഉദ്യാനം') രാഷ്ട്രീയവും സാഹിത്യപരവുമായ വിഷയങ്ങളെ അധികരിച്ചുള്ള ഇദ്ദേഹത്തിന്റെ ഉപന്യാസങ്ങള്‍ സമാഹരിച്ചിട്ടുണ്ട്.

തത്ത്വചിന്താരംഗത്തും മൗലികമായ സംഭാവനകള്‍ തര്‍സീ നല്കി. ഇദ്ദേഹത്തിന്റെ ഇല്‍മ് വ ഇസ്ലാമിയാത്, വത്തന്‍ തുടങ്ങിയ രചനകള്‍ ഇതിനു സാക്ഷ്യം വഹിക്കുന്നു. 1935-ല്‍ ഇസ്താംബുളിലായിരുന്നു തര്‍സീ മഹ്മൂദിന്റെ അന്ത്യം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍