This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തജികിസ്താന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഉള്ളടക്കം |
തജികിസ്താന്‍
Republic of Tajikistan
മധ്യേഷ്യയിലെ ഒരു റിപ്പബ്ലിക്. മുന്‍ സോവിയറ്റ് യൂണിയനില്‍ അംഗമായിരുന്നു തജികിസ്താന്‍. 1990-ല്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയെ തുടര്‍ന്ന് 1991-ല്‍ തജികിസ്താന്‍ എന്ന പേരില്‍ സ്വതന്ത്ര റിപ്പബ്ലിക്കായി. ഔദ്യോഗിക ഭാഷയായ തജിക്കില്‍ ജമറി തജിക്സ്തന്‍ (Jumhurri Tajikistan) എന്നറിയപ്പെടുന്ന തജികിസ്താന്റെ ഔദ്യോഗിക നാമം റിപ്പബ്ലിക് ഒഫ് തജികിസ്താന്‍ എന്നാണ്. തജികിസ്താന് 'തജിക്കുകളുടെ നാട്' എന്നാണ് അര്‍ഥം. ബൊഖാര (Bokhara), തുര്‍ക്ക്സ്താന്‍ (Turkestan ) എന്നിവിടങ്ങളിലെ തജിക്ക് (Tajiks) ഭൂരിപക്ഷ പ്രദേശങ്ങള്‍ സംയോജിപ്പിച്ചാണ് മുന്‍ തജികിസ്താന്‍ രൂപംകൊണ്ടത്. അഫ്ഗാനിസ്താന്‍, ഉത്തര ഇറാന്‍, പശ്ചിമ ചൈന എന്നീ പ്രദേശങ്ങളിലും നിവാസമുറപ്പിച്ചിട്ടുള്ള ഒരു വിഭാഗം ഇറാനിയന്‍ വംശജരാണ് തജിക്കുകള്‍. അതിരുകള്‍: വ. ഉസ്ബെകിസ്താന്‍, കിര്‍ഗിസ്താന്‍, കി.ചൈന, തെ.അഫ്ഗാനിസ്താന്‍, പ.ഉസ്ബെകിസ്താന്‍. വിസ്തീര്‍ണം: സു.1,43,100 ച.കി.മീ.; ഏറ്റവും കൂടിയ നീളം: തെ.-വ. 485 കി.മീ.; കി.-പ. 685 കി.മീ.. സു. 7,495 മീ. ഉയരമുള്ള കമ്യൂണിസം പീക് ആണ് രാജ്യത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടി. ജനസംഖ്യ: 61,27,000(2000); തലസ്ഥാനം ദുഷാന്‍ബെ (Dushanbe); ഔദ്യോഗിക ഭാഷ: തജിക് (Tajik); നാണയം: തജിക് റൂബിള്‍.
ഭൂപ്രകൃതി
പര്‍വത നിബിഡമാണ് തജികിസ്താന്‍. മൊത്തം ഭൂവിസ്തൃതിയുടെ 90 ശ.മാ.-ത്തിലേറെ പര്‍വത പ്രദേശമാണ്. ഉയരം കൂടിയ ഭാഗങ്ങള്‍ വര്‍ഷം മുഴുവന്‍ മഞ്ഞുമൂടിക്കിടക്കുന്നു. തെ.കി. ഭാഗത്ത് സ്ഥിതിചെയ്യുന്ന പാമിര്‍, അലായ് (Alai), ട്യന്‍ ഷാന്‍ എന്നിവയാണ് പ്രധാന പര്‍വതനിരകള്‍. പര്‍വതങ്ങളിലുടനീളം ഹിമാനികള്‍ കാണാം. ലോകത്തെ നീളം കൂടിയ ഹിമാനികളില്‍ ഒന്നായ ഫെഡ് ചെങ്കോ (Fed chenko, സു. 77 കി.മീ.) പാമിറിലാണ് രൂപം കൊണ്ടിട്ടുള്ളത്. മുന്‍ സോവിയറ്റ് യൂണിയനിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ കമ്യൂണിസം പീക് വ.കിഴക്കേ തജികിസ്താനില്‍ സ്ഥിതിചെയ്യുന്നു. 3,000 മീറ്ററിലധികം ഉയരമുള്ള നിരവധി കൊടുമുടികള്‍ തജികിസ്താനിലുണ്ട്. സമുദ്ര സാമീപ്യമില്ലാത്ത ഈ രാജ്യം മിക്കപ്പോഴും ഭൂചലനങ്ങള്‍ക്കു വിധേയമാകാറുണ്ട്.
മധ്യേഷ്യയിലെ രണ്ട് പ്രധാന നദീവ്യൂഹങ്ങളായ ആമുദരിയ (Amu Darya), സിര്‍ദരിയ (Syr Darya) എന്നിവ തജികിസ്താനിലൂടെ ഒഴുകുന്നു. വഖ്ഷ് (Vakhsh), കാഫിര്‍ നിഗാന്‍ (Kafir nigan), സെറേവ്ഷാന്‍ (Zerevshan) എന്നിവയാണ് മറ്റു പ്രധാന നദികള്‍. പര്‍വത പ്രദേശങ്ങളിലെ ഹിമാനികളിലാണ് മിക്ക നദികളുടേയും പ്രഭവം. പൊതുവേ ശീഘ്രഗതിയിലൊഴുകുന്ന ഇവിടത്തെ നദികള്‍ പലതിലും ജലവൈദ്യുത പദ്ധതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ക്വാറോകുല്‍ (Qarokul) ആണ് മുഖ്യ തടാകം.
കാലാവസ്ഥ
തികച്ചും വൈവിധ്യമാര്‍ന്നതാണ് തജികിസ്താന്‍ കാലാവസ്ഥ. താഴ്വര പ്രദേശങ്ങളില്‍ പൊതുവേ ചൂടു കൂടിയതും ദൈര്‍ഘ്യമേറിയതുമായ വന്‍കരാകാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. പര്‍വത പ്രദേശങ്ങളില്‍ ശൈത്യം കഠിനവും ദൈര്‍ഘ്യമേറിയതുമാണ്. ജനു.-ല്‍-20ºC-ഉം ജൂല.-യില്‍ 22ºC-ഉം ആണ് ഉന്നത തടങ്ങളിലെ ശ.ശ. താപനില. 2ºC ആണ് താഴ്വര പ്രദേശത്തെ ഏറ്റവും കുറഞ്ഞ ശ.ശ. താപനില; കൂടിയത് 30ºC (ജൂല.). പാമിര്‍ പര്‍വത നിരയുടെ കിഴക്കന്‍ ഭാഗങ്ങളില്‍-50ºCവരെ കുറഞ്ഞ താപനില രേഖപ്പെടുത്താറുണ്ട്. എന്നാല്‍ താഴ്വര പ്രദേശങ്ങളില്‍ വിരളമായി മാത്രമേ താപനിലയില്‍ കുറവ് അനുഭവപ്പെടാറുള്ളൂ. മഴയുടെ തോതും ഇവിടെ കുറവാണ്. വാര്‍ഷിക വര്‍ഷപാതത്തിന്റെ ശ.ശ. 20 സെ.മീ.
ജനങ്ങളും ജീവിതരീതിയും
2000-ത്തിലെ സെന്‍സസ് പ്രകാരം 61,27,000 ആയിരുന്നു തജികിസ്താനിലെ ജനസംഖ്യ. ഇതില്‍ 80 ശ.മാ. തജിക്കുകളും 15 ശ.മാ. ഉസ്ബെക്കുകളും ഒരു ശ.മാ. റഷ്യക്കാരും ഉള്‍പ്പെട്ടിരുന്നു. തലസ്ഥാനവും ഏറ്റവും വലിയ നഗരവുമായ ദുഷാന്‍ബെയിലെ ജനസംഖ്യ 5,23,000 (1999) ആണ്. കൊദ്ഷന്‍ഡ് (Khodzhent), കുര്‍ഗന്‍-യൂബ (Kurgen-Tybe), കുല്‍യാബ് (Kulyab) തുടങ്ങിയവയാണ് ജനസംഖ്യയില്‍ മുന്നില്‍ നില്ക്കുന്ന മറ്റു നഗരങ്ങള്‍. ഫര്‍ഗാനാ താഴ്വരയാണ് രാജ്യത്തെ ഏറ്റവും ജനസാന്ദ്രത കൂടിയ പ്രദേശം; ഏറ്റവും കുറവ് പാമിറിലും. ജനസംഖ്യയുടെ 2/3 ഭാഗവും ഗ്രാമവാസികളാണ്. ജനസംഖ്യയുടെ 80 ശ.മാ.-ഉം സുന്നി മുസ്ലീം മതവിശ്വാസികളാണ്. ശേഷിക്കുന്നവരില്‍ ഷിയാ മുസ്ലീംങ്ങള്‍ (5 ശ.മാ.), റഷ്യന്‍ ഓര്‍ത്തഡോക്സ്, ജൂതര്‍ എന്നീ വിഭാഗങ്ങള്‍ ഉള്‍പ്പെടുന്നു. സോവിയറ്റ് യൂണിയന്റെ കീഴില്‍ മതസ്വാതന്ത്ര്യം നിരോധിക്കപ്പെട്ടിരുന്നു. ഗ്രാമീണരിലധികവും മണ്ണുകൊണ്ടുണ്ടാക്കിയ വീടുകളിലും നഗരവാസികള്‍ ആധുനിക രീതിയിലുള്ള ഭവനങ്ങളിലുമാണ് വസിക്കുന്നത്. പാരമ്പര്യ-പാശ്ചാത്യ രീതികളിലുള്ള വസ്ത്രധാരണം ഇവിടെ പ്രചാരത്തിലുണ്ട്.
അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് തജികിസ്താനിലെ വിദ്യാഭ്യാസ മേഖല. 1994-ല്‍ നിലവില്‍ വന്ന പുതിയ ഭരണ ഘടന 6-17 വയസ്സുവരെ പ്രായമുള്ളവര്‍ക്ക് സാര്‍വത്രിക വിദ്യാഭ്യാസം അനുശാസിക്കുന്നു. ഏഴായിരത്തിലധികം വിദ്യാര്‍ഥികള്‍ക്ക് പഠന സൗകര്യമുള്ള ഒരു സര്‍വകലാശാലയ്ക്കു പുറമേ, നിരവധി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.
സമ്പദ്ഘടന
കൃഷിയാണ് തജികിസ്താന്‍ സമ്പദ്ഘടനയുടെ അടിത്തറ. രാജ്യത്തെ മൊത്തം ഉത്പാദനത്തിന്റെ ഭാഗവും കാര്‍ഷിക മേഖലയില്‍ നിന്നാണ്. മുഖ്യ വിളയായ പരുത്തിക്കു പുറമേ പീച്ച്, ആപ്രിക്കോട്ട്, ആപ്പിള്‍, മാതളം, ബദാം, പച്ചക്കറികള്‍, ധാന്യങ്ങള്‍ തുടങ്ങിയവ വന്‍തോതില്‍ ഉത്പാദിപ്പിക്കപ്പെടുന്നു. രാജ്യത്തിന്റെ തെ.പ, വ.ഭാഗങ്ങളിലാണ് കൃഷിയിടങ്ങളില്‍ ഭൂരിഭാഗവും കാണപ്പെടുന്നത്. കാര്‍ഷികമേഖലയില്‍ കന്നുകാലി വളര്‍ത്തലിനും കോഴി വളര്‍ത്തലിനും ശ്രദ്ധേയമായ സ്ഥാനമുണ്ട്. കുതിര, കാരാകുള്‍ (Karakul), ചെമ്മരിയാട്, യാക്ക് എന്നീ മൃഗങ്ങളേയും ഇവിടെ വളര്‍ത്തുന്നു. ധാതുസമ്പന്നമാണ് തജികിസ്താന്‍; അറുപതിലധികം ധാതുക്കള്‍ ഖനനം ചെയ്യപ്പെടുന്നു. ഈയം, സിങ്ക്, ഇരുമ്പ്, ആന്റിമണി, പെട്രോളിയം, പ്രകൃതിവാതകം, കല്‍ക്കരി എന്നിവയാണ് പ്രധാനപ്പെട്ടവ. ഇവയില്‍ കല്‍ക്കരി ഉത്പാദനം മാത്രമേ ഗണ്യമായ വികസനം കൈവരിച്ചിട്ടുള്ളു.
വ്യാവസായിക മേഖലയില്‍ ഭക്ഷ്യസംസ്കരണം, ജലവൈദ്യുതോത്പാദനം, ഖനനം, വസ്ത്രനിര്‍മാണം എന്നിവയ്ക്ക് നിര്‍ണായക സ്ഥാനമാണുള്ളത്. പരുത്തി-സില്‍ക്ക് വസ്ത്രങ്ങള്‍, വളം, പാദരക്ഷകള്‍, വീഞ്ഞ്, കാര്‍പെറ്റുകള്‍ തുടങ്ങിയവ രാജ്യത്തെ മുഖ്യ വ്യാവസായികോത്പന്നങ്ങളില്‍പ്പെടുന്നു. ദുഷാന്‍ബെ, കൊദ്ഷന്‍ഡ് എന്നിവ ഇവിടത്തെ പ്രധാന വ്യാവസായിക കേന്ദ്രങ്ങളാണ്.
ഗതാഗതവും വാര്‍ത്താവിനിമയവും
അവികസിതവും നന്നേ പരിമിതവുമാണ് തജികിസ്താനിലെ ഗതാഗത മേഖല. ഏതാനും ഹൈവേകളും റെയില്‍പാതകളും മാത്രമേ നിലവിലുള്ളൂ. പാമിര്‍ പ്രദേശത്തെ മിക്ക റോഡുകളും ആണ്ടില്‍ പകുതിക്കാലത്തും മഞ്ഞുമൂടി ഗതാഗതയോഗ്യമല്ലാതാകുന്നു: 1990-ലെ കണക്കനുസരിച്ച് 28,500 കി.മീ. റോഡുകളും 480 കി.മീ. റെയില്‍ പാതയുമാണ് ഉണ്ടായിരുന്നത്. തലസ്ഥാനനഗരമായ ദുഷാന്‍ബെയില്‍ ഒരു അന്താരാഷ്ട്ര വിമാനത്താവളവും റേഡിയോ-ടി.വി. നിലയങ്ങളും പ്രവര്‍ത്തിക്കുന്നു. വിവിധ ഭാഷകളിലേതായി നിരവധി പത്രങ്ങളും മാസികകളും ഇവിടെ നിന്നു പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്.
ഭരണകൂടം
1994-ല്‍ തജികിസ്താന് പുതിയൊരു ഭരണ ഘടനയുണ്ടാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ രാജ്യഭരണം നടന്നു വരുന്നു. പ്രസിഡന്റ് രാഷ്ട്രത്തലവനായുള്ള സംവിധാനത്തില്‍ അധിഷ്ഠിതമാണ് തജികിസ്താന്‍ റിപ്പബ്ലിക്കിന്റെ ഭരണവ്യവസ്ഥിതി. പ്രസിഡന്റ് ജനകീയ തെരഞ്ഞെടുപ്പിലൂടെ നിയുക്തനാകുന്നു. പ്രായപൂര്‍ത്തി വോട്ടവകാശമാണ് ജനങ്ങള്‍ക്ക് വോട്ടിങ്ങിനു കല്പിച്ചിട്ടുള്ള മാനദണ്ഡം. പ്രസിഡന്റിനെ അഞ്ച് വര്‍ഷക്കാലാ വധിയിലേക്ക് തെരഞ്ഞെടുക്കുന്നു. ഭരണ നിര്‍വഹണത്തിനായി പ്രധാനമന്ത്രിയും മറ്റു മന്ത്രിമാരുമടങ്ങുന്ന മന്ത്രിസഭ തജികിസ്താനിലുണ്ട്. പ്രധാനമന്ത്രിയെ പ്രസിഡന്റാണ് നിയമിക്കുന്നത്. സുപ്രീം കൗണ്‍സില്‍ ആണ് തജികിസ്താനിലെ പാര്‍ലമെന്റ്. പാര്‍ലമെന്റിന് ഒരു സഭ മാത്രമേയുള്ളൂ. ഇതില്‍ 181 അംഗങ്ങളാണുള്ളത്. പാര്‍ലമെന്റിന്റെ കാലാവധി അഞ്ചുവര്‍ഷമാണ്. കക്ഷി രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ പാര്‍ലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പു നടക്കുന്നു. പത്തോളം രാഷ്ട്രീയ കക്ഷികള്‍ തജികിസ്താനിലുണ്ട്. ഭരണസൌകര്യത്തിനായി രാജ്യത്തെ മൂന്ന് മേഖലകളായി തിരിച്ചിരിക്കുന്നു. ഓരോ മേഖലയേയും ജില്ലകളായും ടൌണുകളായും വീണ്ടും വിഭജിച്ചിട്ടുണ്ട്.
ചരിത്രം
പ്രാചീന കാലത്ത് പേര്‍ഷ്യ, ഗ്രീസ് എന്നീ സാമ്രാജ്യങ്ങളുടെ ഭാഗമായിരുന്നു തജികിസ്താന്‍. എ.ഡി. 100-നും 400-നുമിടയ്ക്ക് കുശാനന്മാരുടെ അധീനതയിലായിരുന്ന ഈ പ്രദേശം എ.ഡി. 5-ാം ശ.-ത്തില്‍ മധ്യേഷ്യയില്‍ നിന്നുള്ള നിരവധി തുര്‍ക്കി ഗോത്രങ്ങളുടെ കടന്നാക്രമണങ്ങള്‍ക്കു സാക്ഷ്യം വഹിച്ചു. തജികിസ്താന്റെ തുടര്‍ന്നുള്ള ചരിത്രം അറബികള്‍, മാംഗോളിയര്‍, റഷ്യക്കാര്‍ എന്നിവരുമായി ബന്ധപ്പെട്ടു കിടക്കുന്നു.
ഉമയാദ് ഖലീഫമാരുടെ നേതൃത്വത്തിലുള്ള അറബികളുടെ സൈനിക മുന്നേറ്റത്തിന് തജികിസ്താന്‍ ഉള്‍പ്പെട്ട മധ്യേഷ്യ വിധേയമായി (7-ാം ശ.). പുതിയ ജനതയുടേയും പുതിയ മതത്തിന്റേയും കടന്നാക്രമണത്തെ തുടര്‍ന്ന് ഇസ്ലാം ആധിപത്യമുള്ള ഒരു പ്രദേശമായി ഇതു മാറി. 13-ാം ശ.-ത്തില്‍ ചെങ്കിസ്ഖാന്റെ മംഗോളിയന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന തജികിസ്താന്‍ 1500-നും 1800-നുമിടയ്ക്ക് ഉസ്ബക്കുകള്‍ എന്നറിയപ്പെടുന്ന തുര്‍ക്കികളുടെ ആധിപത്യത്തിന്‍ കീഴിലായി.
18-ാം ശ.-ത്തിന്റെ മധ്യത്തോടെ തജികിസ്താന്‍ ഉള്‍പ്പെട്ട മധ്യേഷ്യയില്‍ നിരവധി നാട്ടുരാജ്യങ്ങള്‍ (ഖാനേറ്റുകള്‍) നിലവില്‍വന്നു. ഇവയിലൊന്നായാ ബൊഖാര ഖാനേറ്റിന്റെ കീഴിലായിരുന്നു ഇക്കാലത്ത് തജികിസ്താന്റെ മിക്ക പ്രദേശങ്ങളും.
19-ാം ശ.-ത്തില്‍ മധ്യേഷ്യയിലേക്ക് കടന്നുകയറിയ റഷ്യന്‍ സേന തജികിസ്താന്റെ ശേഷിച്ച ഭാഗങ്ങള്‍ പിടിച്ചെടുത്തു. തങ്ങള്‍ കീഴടക്കിയ മധ്യേഷ്യന്‍ പ്രദേശങ്ങളെ റഷ്യയിലെ സാര്‍ ഭരണകൂടം ഒരു ഗവര്‍ണര്‍ ജനറലിന്റെ കീഴിലാക്കി. 1868-ല്‍ ബൊഖാരയും ഒരു റഷ്യന്‍ സംരക്ഷിത രാജ്യമായി മാറി.
1917-ലെ റഷ്യന്‍ വിപ്ലവത്തെത്തുടര്‍ന്ന് റഷ്യന്‍ ഗവര്‍ണര്‍ഷിപ്പിനു കീഴിലുള്ള പ്രദേശം തുര്‍ക്കിസ്താന്‍ ഓട്ടോണമസ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായും പഴയ ഖാനേറ്റായ ബുക്കാറ സ്വതന്ത്ര സോവിയറ്റ് റിപ്പബ്ലിക്കായും നിലവില്‍ വന്നു. ഈ രണ്ട് റിപ്പബ്ലിക്കുകളിലേയും തജിക്കുകള്‍ ഭൂരിപക്ഷമുള്ള പ്രദേശങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു പ്രത്യേക തജിക് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിന് 1929-ല്‍ കമ്യൂണിസ്റ്റുകാര്‍ രൂപം നല്കി.
1991-ല്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയെ തുടര്‍ന്നാണ് തജികിസ്താന്‍ സ്വതന്ത്ര രാജ്യമായി മാറിയത്. മുന്‍ സോവിയറ്റ് റിപ്പബ്ലിക്കുകള്‍ ചേര്‍ന്ന് 1991-ല്‍ രൂപീകരിച്ച 'കോമണ്‍വെല്‍ത്ത് ഒഫ് ഇന്‍ഡിപെന്‍ഡന്റ് സ്റ്റേറ്റ്സ്' (CIS) എന്ന സംഘടനയിലെ ഒരംഗമാണ് ഇന്ന് തജികിസ്താന്.