This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തെക്കന്‍പാട്ടുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(New page: തെക്കന്‍പാട്ടുകള്‍ കേരളത്തിലെ നാടോടി ഗാനങ്ങളില്‍ ഒരു വിഭാഗം. തെക്ക...)
അടുത്ത വ്യത്യാസം →

05:33, 7 ജൂണ്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

തെക്കന്‍പാട്ടുകള്‍

കേരളത്തിലെ നാടോടി ഗാനങ്ങളില്‍ ഒരു വിഭാഗം. തെക്കന്‍ കേരളത്തില്‍ പ്രാചീനകാലത്ത് സാധാരണക്കാര്‍ക്കിടയില്‍ നിലവിലിരുന്ന പാടിപ്പതിഞ്ഞ ഗാനങ്ങളും കഥാകാവ്യങ്ങളും ക്ഷേത്രകലകളുമായി ബന്ധപ്പെട്ട പാട്ടുകളും ഇതില്‍പെടുന്നു. കന്നടിയന്‍പോര്, പുരുഷാദേവിയമ്മപ്പാട്ട്, അഞ്ചുതമ്പുരാന്‍ പാട്ട്, ഇരവിക്കുട്ടിപ്പിള്ളപ്പോര്, പഞ്ചവന്‍കാട്ടുനീലിപ്പാട്ട്, രാമകഥപ്പാട്ട്, ചെങ്ങന്നൂര്‍ കുഞ്ഞാതി, ഞാറുനടീല്‍പാട്ടുകള്‍, ഗിരിവര്‍ഗപ്പാട്ടുകള്‍, പാക്കനാര്‍ തുള്ളല്‍പാട്ട് തുടങ്ങി ഒട്ടേറെ പാട്ടുകളും കഥകളും തെക്കന്‍പാട്ടു ശേഖരത്തില്‍ ഉണ്ട്. ഇവയില്‍ പലതും ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചു നടത്തുന്ന വില്ലടിച്ചാന്‍പാട്ട് (വില്ലുകൊട്ടിപ്പാട്ട് അഥവാ വില്‍പ്പാട്ട്) എന്ന കലയ്ക്കുവേണ്ടി പാടാന്‍ ഉപയോഗിച്ചുവന്നവയാണ്.

 പ്രാചീന വിശ്വാസങ്ങളുടേയും മിത്തുകളുടേയും അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ കഥാഗാനങ്ങളാണ് ഇവയിലധികവും. ധീരോദാത്തന്മാരായ രാജാക്കന്മാര്‍, രാജഭക്തന്മാരായ സേനാനായകന്മാര്‍, പതിവ്രതമാര്‍ തുടങ്ങിയവര്‍ അപമൃത്യുവിന് ഇരയായിത്തീരുകയാണെങ്കില്‍ അവര്‍ മാടന്‍, മറുത, അറുകൊല, യക്ഷി, ചാത്തന്‍ തുടങ്ങിയ ദുര്‍ദേവതകളായി മാറുമെന്നും അവരെ പാടിപ്പാടി പ്രീതിപ്പെടുത്തിയില്ലെങ്കില്‍ നാട് പലവിധത്തിലുള്ള കഷ്ടപ്പാടുകള്‍ക്കും നാശങ്ങള്‍ക്കും വിധേയമായിത്തീരുമെന്നും ഉള്ള വിശ്വാസത്തില്‍നിന്നാണ് വില്‍പ്പാട്ടുകള്‍ രൂപം കൊണ്ടത്. അക്കാലത്തു നിലവിലിരുന്ന വ്യവഹാരഭാഷയിലാണ് മിക്കവാറും പാട്ടുകള്‍ ഉണ്ടായിട്ടുളളത്. പഴയ തമിഴുകലര്‍ന്ന മലയാളമാണ് പലതിലും കാണപ്പെടുന്നത്. അതുപോലെ ദേവതാപ്രീണനത്തിനു വേണ്ടി നടത്തുന്ന ചില അനുഷ്ഠാനങ്ങള്‍ക്കു വേണ്ടിയുള്ള പാട്ടുകളും ഉണ്ട്. പന്തല്‍പരം, പൂപ്പട, കുടിയിരുത്ത് തുടങ്ങിയവ ഇത്തരത്തിലുള്ളവയാണ്.
 കന്നടിയന്‍പോര്. കന്നടിയന്‍പോര് ഒരു ദുരന്തഗാനമാണ്. വള്ളിയൂരില്‍ ക്ഷേത്രവും കോട്ടയും സ്ഥാപിച്ച് ഭരണം നടത്തിയ പാണ്ഡ്യവംശജനായ കുലശേഖരനെ കാഞ്ചീപൂരത്തിനു വടക്കുള്ള കന്നടിയന്‍ എന്ന വടുകരാജാവിന്റെ പുത്രി ചിത്രദര്‍ശനം വഴി പ്രേമിച്ചു. ജാതിയില്‍ താഴ്ന്നവളാകയാല്‍ അവളുടെ ആഗ്രഹം നിരസിക്കപ്പെട്ടു. പുത്രിയുടെ ആഗ്രഹം നിറവേറ്റാനായി കന്നടിയന്‍ കുലശേഖരനോട് യുദ്ധം ചെയ്ത് അദ്ദേഹത്തെ ബന്ദിയാക്കി. എന്നാല്‍ ആ ക്ഷത്രിയവീരന്‍ തന്റെ ഉടവാള്‍കൊണ്ട് സ്വയം കഴുത്തറുത്തു മരിച്ചു. കന്നടിയന്റെ ദുഃഖിതയും പതിവ്രതയുമായ പുത്രി കാമുകന്റെ ചിതാഗ്നിയില്‍ ചാടി ജീവന്‍ ത്യജിച്ചു. അവള്‍ ചെമ്പകക്കുട്ടി എന്ന ദുര്‍ദേവതയായി പുനരുത്ഥാനം ചെയ്തു. കന്നടിയന്‍ അവള്‍ക്കും പ്രാണനാഥനും വേണ്ടി ഓരോ അമ്പലം പണിതു. ആ അമ്പലങ്ങളിരിക്കുന്ന മലയാണ് 'വടുകച്ചിമല' എന്നാണ് പാട്ടിലുള്ളത്. പാട്ടിന്റെ മാതൃക:
 'പഴുതറവേ മാലയിട്ടു പടിയരുളാതിരുന്തിടുകില്‍
 അഴുത കണ്ണീരാറാമല്‍ അക്കിനിയില്‍ നാന്‍ വീഴ്വേന്‍
 വീഴ്വതുതാന്‍ നിച്ചയമേ, വെണ്‍കനലില്‍ നാന്‍വിഴുവേന്‍
 വാഴ്വതില്ലൈയൊരുവരോടേ മന്നവരൈത്താനൊഴിയേ'
 ഉലകുടപെരുമാള്‍പാട്ട്. തമ്പുരാന്‍ പാട്ട് എന്ന പേരില്‍ പ്രശസ്തി നേടിയ ഉലകുടപെരുമാള്‍പാട്ടും ക്ഷേത്രത്തില്‍ പാടിവന്ന ഗാനമാണ്. പാണ്ഡ്യരാജാവിന്റെ ബന്ധുക്കളായ അഞ്ച് രാജാക്കന്മാര്‍ വൈകക്കര എന്ന സ്ഥലത്ത് താമസിച്ചിരുന്നു. പാണ്ഡ്യരാജാവ് യുദ്ധത്തില്‍ അവരെ വെട്ടിക്കൊന്നു. അവരുടെ സഹോദരിയായ മാലയമ്മയെ തമ്പുപ്പെരുമാള്‍ എന്നൊരു രാജാവ് വിവാഹം ചെയ്തു. അവരുടെ പുത്രനാണ് കഥാനായകന്‍. ഈ കഥയില്‍ പള്ളിക്കെട്ടുകഥ, തിരുപ്പൂത്തുകഥ, ഭജനമിരുന്ന കഥ, ഗര്‍ഭമുണ്ടായ  കഥ, ബാലന്‍ ജനിച്ച കഥ, വിദ്യാഭ്യാസ കഥ, മുടിവച്ച കഥ, വാളുവാങ്ങിയ കഥ എന്നിങ്ങനെ ഒട്ടേറെ സംഭവങ്ങളെ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. പാട്ടിന്റെ മാതൃക താഴെ ചേര്‍ക്കുന്നു:
 'അമ്പിനൊടുവൈകൈതന്നിലേ മന്നവരൈവര്‍
 അവര്‍ പടൈ വെട്ടിയൊരു രാച്ചിയവുമാണ്ടു.
 ഇമ്പമുടനാനൈ കുതിരൈത്തിരളുകെട്ടി
 ഇന്തിരനിലും പവനിയായവര്‍ നടത്തി.'
 ഇരവിക്കുട്ടിപ്പിള്ളപ്പോര്. തെക്കന്‍പാട്ടുകളില്‍ പ്രമുഖവും ഏറെ പ്രശസ്തി നേടിയതുമായ പാട്ടാണ് ഇരവിക്കുട്ടിപ്പിളളപ്പോര് അഥവാ കണിയാംകുളത്തുപോര്. മധുര രാജാവായ തിരുമല നായിക്കര്‍ കൊ.വ. 810-ാമാണ്ട് തിരുവിതാംകൂര്‍ വാണിരുന്ന രവിവര്‍മകുലശേഖരനെ ആക്രമിക്കുവാന്‍ ഒരു വലിയ സൈന്യത്തെ നിയോഗിച്ചു. ആദ്യഘട്ടത്തില്‍ മധുരപ്പട തോറ്റതോടെ രാമപ്പയ്യന്റെ നേതൃത്വത്തില്‍ കുറേക്കൂടി ശക്തമായ യുദ്ധം അരങ്ങേറി. തിരുവിതാംകൂര്‍ രാജാവിന്റെ സേനാനായകനായ ഇരവിക്കുട്ടിപ്പിള്ളയും സൈന്യവും കണിയാംകുളത്തുവച്ച് മധുരപ്പടയോട് ഏറ്റുമുട്ടി. ഇരവിക്കുട്ടിപ്പിള്ളയെ രാമപ്പയ്യന്‍ ചതിപ്രയോഗത്തിലൂടെ കൊന്നു. തല തിരുമല നായിക്കനു കാഴ്ചവയ്ക്കാന്‍ കൊണ്ടുപോയി. ഇരവിക്കുട്ടിപ്പിള്ളയുടെ ശിഷ്യനായ കാളുനായര്‍ ധീരതയോടെ മധുരയില്‍ ചെന്ന് സ്വാമിയുടെ തല തിരിച്ചു കൊണ്ടുവന്നു. ഇതാണ് ഈ പാട്ടിലെ ഇതിവൃത്തം. തമിഴ്പ്രാമുഖ്യമുള്ള ഈ കൃതിയില്‍ നിന്ന് ചില വരികള്‍ താഴെ ചേര്‍ക്കുന്നു:
 'അയ്യോ! ഇന്തത്തുരൈയൈപ്പോലെ
 അവനിതന്നില്‍പ്പാര്‍ത്താലൊരുവരുണ്ടോ?
 നാടുതന്നിലിന്ത ഇരവിയൈപ്പോല്‍
 നല്ല മന്തിരി മാര്‍കളുണ്ടോ?
 ഓടുതന്നിലിരുന്തുണ്ട അയ്യന്‍
 ഉലകില്‍ പടൈത്താനോ ഇരവിയൈത്താന്‍?'
 രാമകഥപ്പാട്ട്. വിഷ്ണു ക്ഷേത്രങ്ങളില്‍ 'ചന്ദ്രവളയം' എന്ന ഒറ്റവാദ്യം വായിച്ച് പാടുന്ന 'രാമകഥപ്പാട്ടാ'ണ് തെക്കന്‍പാട്ടുകളില്‍ ബൃഹത്തായ ഗാനകാവ്യം. ചില ക്ഷേത്രങ്ങളില്‍ വില്‍പ്പാട്ടായും രാമകഥപ്പാട്ട് അവതരിപ്പിക്കാറുണ്ട്. കോവളത്തിനടുത്തുളള ആവാടുതുറ (ഔവാടുതുറ) എന്ന സ്ഥലത്തു ജീവിച്ചിരുന്ന അയ്യിപ്പിളള ആശാനാണ് രാമകഥപ്പാട്ടിന്റെ കര്‍ത്താവ്. മലയാംതമിഴിലാണ് പ്രസ്തുത കാവ്യം നിര്‍മിച്ചിട്ടുളളത്. രാമായണകഥയാണ് രാമകഥയ്ക്ക് ആസ്പദം. രാമകഥപ്പാട്ടിന്റെ മുഖവുരയില്‍,
 'അയന്‍ പൊരുളാല്‍ നാരതരും പുറ്റിനോടു-
 മരുള്‍ മുനിവന്‍ വാഴ്ത്തി യുരൈത്തതാക
 പരന്‍ കതയൈ കമ്പര്‍ പന്തീരായിരത്താല്‍
 പകര്‍ന്തകതൈ കണ്ണശ്ശനില്‍ പാതിയാം'

എന്നിങ്ങനെ പാടിയിരിക്കുന്നതില്‍ നിന്ന് കണ്ണശ്ശനുശേഷം ജീവിച്ച കവിയായിരുന്നു അയ്യിപ്പിള്ള ആശാനെന്നുമനസ്സിലാക്കാം. എന്നാല്‍ കണ്ണശ്ശ കൃതികള്‍ തമിഴില്‍നിന്ന് വളരെ അകന്ന് മലയാളവുമായി നന്നേ അടുത്തെത്തിയിരിക്കുന്നവയാണ്. രാമകഥപ്പാട്ടാകട്ടെ തമിഴിന്റെ പിടിയില്‍ത്തന്നെയാണ് നിലകൊള്ളുന്നത്. അതിനാല്‍ തമിഴ് പരക്കെ സംസാരിച്ചിരുന്ന കന്യാകുമാരി ജില്ലയിലേയും അതിനോടടുത്ത തിരുവനന്തപുരം ഭാഗങ്ങളിലേയും ഭാഷയിലാണ് ഈ കൃതി രചിച്ചിട്ടുള്ളതെന്ന് കാണാവുന്നതാണ്.

 മറ്റു ചില പാട്ടുകള്‍. നെയ്യാറ്റിന്‍കരയിലുള്‍പ്പെട്ട പെണ്ണരശുനാട്ടിലെ തമ്പുരാട്ടിയുടെ മകളായി പിറന്ന പുരുഷാദേവിയുടെ ആയുധാഭ്യാസത്തിന്റേയും വീരോചിതമായി അടരാടി വീരസ്വര്‍ഗം പൂകിയതിന്റേയും കഥയാണ് പുരുഷാദേവിയമ്മപ്പാട്ട്. കൊല്ലം 8-ാം ശ.-ത്തില്‍ ജീവിച്ചിരുന്ന തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങള്‍ തമ്മിലുള്ള അന്തഃഛിദ്രത്തെപ്പറ്റിയുള്ള പാട്ടാണ് അഞ്ചുതമ്പുരാന്‍പാട്ട്. ചീരാട്ടു പോര്, മാടമ്പുകഥ, പെരുങ്കുളത്തുപോര്, ഏര്‍പാടിപ്പോര് എന്നിങ്ങനെയുള്ള നാല് ഭാഗങ്ങളായാണ് ഈ പാട്ട് രചിച്ചിരിക്കുന്നത്. തെക്കന്‍ തിരുവിതാംകൂറിലെ കള്ളിയങ്കാട്ടു നീലി എന്ന യക്ഷിയെപ്പറ്റിയുള്ള പാട്ട് തെക്കന്‍പാട്ടുകളില്‍ വളരെ പ്രാധാന്യമുള്ള ഒന്നാണ്. അഗസ്തീശ്വരം താലൂക്കില്‍ പെട്ട കള്ളിയങ്കാട്ടില്‍വച്ച് വധിക്കപ്പെട്ട ഒരു ദാസി യക്ഷിയായി മാറി എന്ന ഇതിവൃത്തത്തെ ആസ്പദമാക്കിയാണ് ഈ പാട്ട് രചിക്കപ്പെട്ടത്. യക്ഷിയെ കുടിയിരുത്തിയിരിക്കുന്ന ഒരു ക്ഷേത്രം ഇന്നും അവിടെയുണ്ട്.
 ഇവയ്ക്കു പുറമേ താഴ്ന്ന ജാതിക്കാരെന്നു മുദ്രകുത്തപ്പെട്ടിരുന്നവര്‍ വാമൊഴിയായി പാടിവന്നിരുന്ന പല പാട്ടുകളും തെക്കന്‍ പാട്ടുവിഭാഗത്തില്‍ ഉള്‍പ്പെടുന്നു. അവയിലൊന്നാണ് 'ചെങ്ങന്നൂര്‍ കുഞ്ഞ്' പാട്ടിന്റെ മാതൃക:
 'ആയി പൂയി കളിച്ചിരിക്കുന്നു ചെങ്ങന്നൂര്‍ കുഞ്ഞ്
 തെക്കുന്നു വന്നൊരു പച്ചിപ്പിരാവ്
 വടക്കുന്നു വന്നൊരു പച്ചിപ്പിരാവ്
 കരുവാച്ചന്‍ പച്ചിയെ കിഴുവെള്ളൂര്‍ റാഞ്ചി
 പെപ്പടാ പെടപെടാ തായെവീണു
 ഒരുകണ്ണേല്‍ക്കാണുന്നു ചെങ്ങന്നൂക്കുഞ്ഞ്
 ഓടിച്ചെന്നെടുക്കുന്നു ചെങ്ങന്നൂക്കുഞ്ഞ്.'
 പറയവര്‍ഗത്തില്‍ ജനിച്ച ചെങ്ങന്നൂര്‍ കുഞ്ഞിനെപറ്റി മറ്റനേകം പാട്ടുകള്‍ തെക്കന്‍ കേരളത്തില്‍ പ്രചരിച്ചിട്ടുണ്ട്. അതുപോലെ പാണ്ടുവനാദി എന്ന ധീരയോദ്ധാവിന്റെ കഥയും പാട്ടുകളായി നാട്ടുമ്പുറങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ പ്രചരിച്ചിട്ടുണ്ട്. മാരനും പങ്ങിയാളും അഥവാ 'പൂപ്പടതുള്ളല്‍' എന്ന കഥാഗാനം അതിമനോഹരവും വികാരജനകവുമായ ഒരു പ്രേമകഥയെയാണ് അവതരിപ്പിക്കുന്നത്.
 ഞാറുനടുമ്പോള്‍ അതിന്റെ താളത്തിനു പാടുന്ന പാട്ടുകളിലും പല കഥകളുമുണ്ട്. തമ്പ്രാന്റെ കണ്ടത്തില്‍ ഞാറുനടുന്ന കറുത്തമ്മയുടെ കഥ അവയിലൊന്നാണ്. അതുപോലെ ഞാറുനടാറുള്ളവര്‍ പാടുന്ന മറ്റൊരു പ്രേമകഥയാണ് ചക്കീ കണ്ടന്‍ കഥ.
 മലമ്പ്രദേശങ്ങളില്‍ താമസിക്കുന്ന പല ജാതിക്കാരായ ആദിവാസികള്‍ക്കിടയിലും ധാരാളം നാടോടിഗാനങ്ങള്‍ പ്രചരിച്ചിട്ടുണ്ട്. വേടന്മാര്‍, മറവന്മാര്‍, കാണിക്കാര്‍, പളിയന്മാര്‍, മലമ്പണ്ടാരങ്ങള്‍ തുടങ്ങിയവരാണ് തെക്കന്‍ കേരളത്തിലെ ആദിവാസികള്‍. വേടക്കളി, മാന്‍കളി, കീരിക്കളി, അയിരക്കളി, പരുന്തുകളി തുടങ്ങിയവയെല്ലാം മനോഹരമായ പാട്ടുകളുടെ അകമ്പടിയോടെയാണ് അവര്‍ കളിക്കുന്നത്. അതുപോലെ വാദ്യോപകരണങ്ങളുടെ സഹായത്തോടെ നടത്തുന്ന പാക്കനാര്‍ തുള്ളലിനും ശ്രദ്ധേയമായ ഒരു ഗാനധാര പശ്ചാത്തലമായുണ്ട്.
 ചരിത്രപരമായ പാട്ടുകളും മറ്റും. വലിയ തമ്പി കുഞ്ചു തമ്പിക്കഥ, ധര്‍മരാജാവിന്റെ രാമേശ്വരയാത്ര, ദിവാന്‍ വെറ്റി എന്നിവ ചരിത്രപരമായ തെക്കന്‍പാട്ടുകളാണ്. തിരുവിതാംകൂറിലെ വീരമാര്‍ത്താണ്ഡവര്‍മ മഹാരാജാവിനും അദ്ദേഹത്തിന്റെ മാതുലനായ രാമവര്‍മമഹാരാജാവിന്റെ മക്കളായ വലിയ തമ്പി, കുഞ്ചുതമ്പി എന്നിവര്‍ക്കും പരസ്പരമുണ്ടായ വിരോധവും കലഹവുമാണ് ആദ്യത്തെ പാട്ടിന്റെ പ്രതിപാദ്യം. ധര്‍മരാജാവ് തീര്‍ഥാടനത്തിനായി രാമേശ്വരത്തുപോയ കഥയാണ് രണ്ടാമത്തെ പാട്ടില്‍ പറയുന്നത്. രാമവര്‍മ മഹാരാജാവിന്റേയും രാജാകേശവദാസന്റേയും മഹിമകളെ പുകഴ്ത്തുന്നതാണ് ദിവാന്‍ വെറ്റി എന്ന പാട്ട്.
 ശാസ്താവിനേയും സര്‍പ്പങ്ങളേയും പ്രീതിപ്പെടുത്തുന്ന ഗാനങ്ങളും ഗണപതിപ്പാട്ടുകളും പാണ്ഡവന്മാരെപറ്റിയുള്ള പാട്ടുകളും പ്രാദേശിക ക്ഷേത്രങ്ങളിലെ ദേവീദേവന്മാരെ പുകഴ്ത്തുന്ന പാട്ടുകളും കമ്പടിപ്പാട്ടു (കോല്‍ക്കളി)കളും തെക്കന്‍ കേരളത്തില്‍ പ്രചരിച്ചിരുന്നു.
 വടക്കന്‍ പാട്ടുകളെപ്പോലെ തന്നെ പ്രാധാന്യം കല്പിക്കാവുന്ന ധാരാളം നാടോടിപ്പാട്ടുകള്‍ തെക്കന്‍ കേരളത്തിലുണ്ടായിരുന്നു എന്നു കാണാവുന്നതാണ്.

(ഡോ. ബി. ഭാനുമതി അമ്മ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍