This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
താലി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(New page: =താലി= വിവാഹസമയത്ത് വധുവിന്റെ കഴുത്തില്‍ അണിയിക്കുന്ന പ്രധാന ആഭരണമാ...)
അടുത്ത വ്യത്യാസം →
07:15, 4 ജൂണ്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
താലി
വിവാഹസമയത്ത് വധുവിന്റെ കഴുത്തില്‍ അണിയിക്കുന്ന പ്രധാന ആഭരണമായ മംഗല്യസൂത്രം. മംഗല്യത്തിന്റെ ശാശ്വതമായ ഭവ്യ പ്രതീകമാണിത്. ഇസ്ളാം ഒഴികെ കേരളത്തിലെ എല്ലാ മതക്കാരുടെയിടയിലും വിവാഹചടങ്ങുകളിലെ പ്രധാന ചടങ്ങ് താലികെട്ടാണ്. ഭര്‍ത്തൃമതികള്‍ മാത്രമേ താലി ധരിക്കാവൂ എന്നാണ് വിശ്വാസം. ഭര്‍ത്താവ് മരിച്ചു കഴിഞ്ഞാല്‍ ഭാര്യ താലി ധരിക്കാന്‍ പാടില്ലെന്ന വിശ്വാസം മിക്ക സമുദായങ്ങളിലുമുണ്ട്. ഭര്‍ത്താവിന്റെ ചിതയില്‍ താലി സമര്‍പ്പിക്കുന്ന ചടങ്ങ് നമ്പൂതിരി സമുദായത്തില്‍ നിലവിലുണ്ട്.
പത്ത് വയസ്സിന് മുമ്പ് പെണ്‍കുട്ടികള്‍ക്ക് താലികെട്ട് കല്യാണം നടത്തുന്ന ആചാരം നായര്‍, ഈഴവര്‍ തുടങ്ങിയ ജാതിക്കാരുടെ ഇടയില്‍ നിലവിലുണ്ടായിരുന്നു. വിവാഹവുമായി കാര്യമായ ബന്ധമില്ലാത്ത ഈ അനാചാരം 1911-ല്‍ ശ്രീനാരായണഗുരു കരിംകുളത്ത് വച്ച് നിറുത്തലാക്കിക്കൊണ്ട് നടത്തിയ പ്രഖ്യാപനം ഒരു അലിഖിത നിയമമായി അംഗീകരിക്കപ്പെടുകയുണ്ടായി.
സ്ഥലകാല, ജാതിമത വ്യത്യാസമനുസരിച്ച് താലിയുടെ ആകൃതിക്കും പ്രകൃതത്തിനും താലികെട്ട് ചടങ്ങിനും വിഭിന്നത കാണപ്പെടുന്നു. സാധാരണയായി സ്വര്‍ണനിര്‍മിതമാണ് താലി. ഇത് സ്വര്‍ണമാലയിലോ മഞ്ഞച്ചരടിലോ കോര്‍ത്താണ് വധുവിന്റെ കഴുത്തില്‍ കെട്ടുന്നത്. സ്വര്‍ണമല്ലാതെ മറ്റു ലോഹങ്ങളും ചില സമുദായക്കാര്‍ താലിക്കുപയോഗിച്ചു കാണുന്നുണ്ട്.
ഓരോ സമുദായവും പ്രത്യേകതരം താലിയാണുപയോഗിച്ചു വരുന്നത്. നമ്പൂതിരി സ്ത്രീകള്‍ ധരിക്കുന്നത് 'ചെറുതാലി'ആണ്. നാഗപടത്താലിയും, ഐന്തലത്താലിയും നായര്‍ സ്ത്രീകളും മിന്ന് ഈഴവ സ്ത്രീകളും പണ്ട് ധരിച്ചിരുന്നു. പിന്നീടിതിനു മാറ്റമുണ്ടാവുകയും നായരീഴവ സ്ത്രീകള്‍ ഒരേ രീതിയിലുള്ള താലിധരിക്കുന്ന രീതി സാര്‍വത്രികമാവുകയും ചെയ്തു. പഴയകാലത്ത് പലവിധ താലികള്‍ നിലനിന്നിരുന്നതായി സംഘകാല കൃതികള്‍ വെളിപ്പെടുത്തുന്നു. അക്കാലത്തെ ചില താലികളുടെ പേരുകള്‍ ഇങ്ങനെയാണ്: പുലിപ്പല്‍ത്താലി (പുറനാനൂറ്), ഐമ്പടൈത്താലി (മണിമേഖല), പരിപെണ്‍താലി (ഐങ്കുറുനൂറ്), പിന്‍മണിത്താലി (പെരുങ്കതൈ) ആമൈത്താലി (തിരുമൊഴി), മംഗളനൂല്‍ത്താലി (പെരിയപുരാണം), മംഗളഞാല്‍-മംഗളത്താലി (കമ്പരാമായണം). ജീവകചിന്താമണിയില്‍ മാണിക്യത്താലിയെപ്പറ്റി പ്രസ്താവമുണ്ട്. കേരളത്തില്‍ മുമ്പ് നിലവിലിരുന്ന മറ്റു ചില താലികള്‍ കുമ്പളത്താലി, ഇളക്കത്താലി, പൂത്താലി, വനംപൂത്താലി, മാത്ര, ഉന്തുമിന്ന്, പുളിയിലമിന്ന്, കവണത്താലി, മലത്തിത്താലി, കമുത്തിത്താലി, പപ്പടത്താലി, പൊക്കന്‍താലി എന്നിവയാണ്. താലി കെട്ടുന്ന വിധവും വിഭിന്ന സമുദായങ്ങളുടെ ആചാരാനുഷ്ഠാനങ്ങളനുസരിച്ച് മാറിക്കൊണ്ടിരിക്കുന്നതു കാണാം. മിക്ക സമുദായങ്ങളിലും വരന്‍ തന്നെയാണ് വധുവിന് താലി കെട്ടി കൊടുക്കുന്നത്. കന്യകയുടെ അമ്മാവനോ പിതാവോ വരന്റെ സഹോദരിയോ താലി കെട്ടി കന്യകയെ വരന് ദാനം ചെയ്യുന്ന രീതിയും നിലവിലുണ്ട്.
'മിന്നും പ്രാചീവധൂടിക്കഴകിലുടനണി-
ഞ്ഞോരു പൊല്‍ത്താലിപോലെ
നന്നായ്മേളം കലര്‍ന്നൈന്ദവമുദയ ഗിരൌ
മണ്ഡലം പ്രാദുരാസീത്'
എന്ന് ഭാഷാരാമായണചമ്പുവിലും
'താലിക്കു മീതെയിത്താവടം ചേര്‍ത്തതു
ചാലപ്പൊരുന്നുന്നു പിന്നെപ്പിന്നെ
എന്ന് കൃഷ്ണഗാഥയിലും, 'പെണ്ണുംകളെ താലികെട്ടിവാറ ആരിയരൈയും തവിര്‍ത്തു ഇന്നാള്‍ മുതല്‍' എന്ന് റ്റി.എ.എസ്. വാല്യം നാലിലും താലിയെപ്പറ്റിയുള്ള വ്യക്തമായ പരാമര്‍ശങ്ങള്‍ കാണുന്നുണ്ട്.
ഭഗവതിക്ഷേത്രങ്ങളിലും മറ്റും വഴിപാടായി താലിചാര്‍ത്തുന്ന ചടങ്ങുകളും നിലവിലുണ്ട്. താലിയറുക എന്ന പ്രയോഗത്തിന് വൈധവ്യം വന്നുചേരുക എന്നാണ് അര്‍ഥം.
താലിക്ക് കീഴാനെല്ലി, കുടപ്പന, നിലപ്പന, താമ്രവല്ലി, ശിവന്‍, താക്കോല്‍ എന്നീ അര്‍ഥങ്ങളും താലി (സ്ഥാലി) എന്നതിന് പാത്രം എന്ന അര്‍ഥവും സംസ്കൃത ഭാഷയില്‍ കാണുന്നു.