This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
താരസപ്തക്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(New page: =താരസപ്തക്= ആധുനിക പ്രവണതകള്‍ പ്രതിഫലിപ്പിക്കുന്ന ഹിന്ദി കാവ്യ സമാഹ...)
അടുത്ത വ്യത്യാസം →
06:56, 4 ജൂണ്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
താരസപ്തക്
ആധുനിക പ്രവണതകള്‍ പ്രതിഫലിപ്പിക്കുന്ന ഹിന്ദി കാവ്യ സമാഹാരം. പുതിയ ഏഴ് കവികളുടെ കവിതകള്‍ സമാഹരിച്ചുകൊണ്ട് താരസപ്തക് 1943-ല്‍ പ്രസിദ്ധീകരിക്കപ്പെട്ടു. ഈ പരമ്പരയിലുള്ള നാല് കാവ്യ സമാഹാരങ്ങളും എഡിറ്റു ചെയ്തത് 'പ്രയോഗവാദി' കവിയായ സച്ചിദാനന്ദഹീരാനന്ദ് വാത്സ്യായന്‍ 'അജ്ഞേയ്'
(1911-87) ആണ്. ഹിന്ദി കവിതയിലെ പരീക്ഷണ പ്രവണതയുടെ സൂത്രധാരന്‍ എന്ന് ഇദ്ദേഹം അറിയപ്പെടുന്നു. അജ്ഞേയ്, ഗജാനന്‍ മാധവ് മുക്തി ബോധ്, നേമീ ചന്ദ്ര ജൈന്‍, ഭാരത ഭൂഷണ്‍ അഗ്രവാള്‍, ഗിരിജാകുമാര്‍ മാഥൂര്‍, രാംവിലാസ് ശര്‍മ, പ്രഭാകര്‍ മാച്വേ എന്നിവരാണ് ഒന്നാം സപ്തകത്തിലെ കവികള്‍. താരസപ്തക് പ്രസിദ്ധീകരിച്ചതോടെയാണ് ഹിന്ദിയില്‍ 'പ്രയോഗവാദ്' (ഋഃുലൃശാലിമേഹശാ) എന്ന കാവ്യ പ്രസ്ഥാനം ആരംഭിക്കുന്നത്. ഹിന്ദിയില്‍ പ്രയോഗ് എന്ന വാക്കിനര്‍ഥം പരീക്ഷണം എന്നാണ്.
താരസപ്തകത്തിന്റെ ആമുഖം ചരിത്രപ്രാധാന്യമുള്ളതാണ്, ഏഴ് കവികള്‍ ഒന്നിച്ചു ചേരുവാനുണ്ടായ സാഹചര്യത്തെക്കുറിച്ചും ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ചും അജ്ഞേയ് അതില്‍ വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം പറയുന്നു "ഞങ്ങള്‍ ഒന്നിച്ചു ചേരുവാനുള്ള കാരണം ഏതെങ്കിലും ഒരു സ്കൂളിന്റെ വക്താക്കളായതല്ല, ഞങ്ങള്‍ ഏതെങ്കിലും ലക്ഷ്യത്തിലെത്തിയവരുമല്ല, ഇപ്പോഴും വഴിപോക്കരാണ്, വഴിപോക്കര്‍ മാത്രമല്ല, വഴിതേടുന്നവര്‍. അതായത് കാവ്യപരമായ അന്വേഷണത്വരയും പുത്തന്‍ കാഴ്ചപ്പാടുമാണ് അവരെ ഒരേ ചരടില്‍ കോര്‍ത്തത്. സമൂഹനന്മയ്ക്ക് വിപ്ളവം എന്നപോലെ കവിതയുടെ ഹിതത്തിന് 'പ്രയോഗം' ആവശ്യമാണെന്ന് ഈ കവികള്‍ കരുതി 'പ്രയോഗം' മാര്‍ഗമാക്കിയ ഇവര്‍ ആധുനികഭാവുകത്വത്തേയും ആധുനിക സംവേദനത്തേയും സ്വാംശീകരിക്കാന്‍ ആഗ്രഹിച്ചു.
അജ്ഞേയന്റെ അഭിപ്രായത്തില്‍ "എല്ലാ കാലത്തെ കവികളും 'പ്രയോഗം' നടത്തിയിട്ടുണ്ട്. ഓരോ കാലത്തും പ്രത്യേക ദിശകളിലേക്ക് 'പ്രയോഗം' നടത്താനുള്ള പ്രവണത സ്വാഭാവികം മാത്രമാണെങ്കില്‍ക്കൂടി ഏതൊക്കെ മേഖലകളിലാണോ 'പ്രയോഗം' നടന്നത് അതില്‍ നിന്നും മുന്നോട്ടുപോയി ഇന്നുവരെ ആരും സ്പര്‍ശിക്കാത്ത അല്ലെങ്കില്‍ ആര്‍ക്കും എത്തിപ്പെടാന്‍ കഴിയാത്തതെന്നു കരുതിയ മേഖലകളിലേക്ക് അന്വേഷണം നടത്തേണ്ടത് ആവശ്യമാണെന്ന് കവികള്‍ മനസ്സിലാക്കി.
ഈ പുതിയ കവികളുടെ മുന്നില്‍ വര്‍ത്തമാന കാലത്തിന്റെ സങ്കീര്‍ണമായ ആസ്വാദനമാനങ്ങള്‍ ഉണ്ടെന്നു കാണാന്‍ കഴിയും. ജീവിതവും സാഹചര്യങ്ങളും അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. യാന്ത്രിക സംസ്കാരത്തില്‍ പുലര്‍ന്നു വരുന്ന സമൂഹം പഴയതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ്. പുതിയ ശാസ്ത്രയുഗത്തില്‍ മാനുഷിക ബന്ധങ്ങള്‍, ജീവിത മൂല്യങ്ങള്‍ എന്നിവ കൂടുതല്‍ സങ്കീര്‍ണവും ജടിലവുമാകുന്നതായും ഛിന്നഭിന്നമാകുന്നതായും കാണാം. സാമ്പത്തിക ഞെരുക്കങ്ങള്‍, രാഷ്ട്രീയ സംഘര്‍ഷങ്ങള്‍, ശാസ്ത്ര സാങ്കേതിക രംഗത്തുള്ള കുതിച്ചുചാട്ടം എന്നിവ സമൂഹത്തെ മാറ്റിമറിച്ചുകൊണ്ടിരിക്കുകയാണ്. കാലഘട്ടത്തിലെ പുത്തന്‍ സാഹചര്യങ്ങളുടെ ജടിലതകളെ ആവിഷ്കരിക്കുവാന്‍, പുത്തന്‍ പ്രമേയങ്ങളെ സുശക്തമായി പ്രതിപാദിപ്പിക്കുവാന്‍, വ്യക്തിയുടെ അനുഭവ സത്യങ്ങളെ സമൂഹ മധ്യത്തില്‍ എത്തിക്കുവാന്‍ പുതിയ 'പരീക്ഷണങ്ങള്‍' ആവശ്യമായി വന്നു. ഭാഷ, അലങ്കാരം, ഉപമ, ബിംബം, പ്രതീകം, ശൈലി എന്നിവയിലെല്ലാം പുതിയ പ്രയോഗത്തിന്റെ ആവശ്യകത കവികള്‍ മനസ്സിലാക്കി. ഇതിനുമുമ്പുണ്ടായിരുന്ന 'പ്രഗതിവാദ്' അഥവാ പുരോഗമന സാഹിത്യ പ്രസ്ഥാനത്തോടുള്ള മടുപ്പും ഈ പുതിയ കാവ്യ പ്രസ്ഥാനം ഉദയം ചെയ്യുന്നതിനു കാരണമായി. കവിതയുടെ സംവേദനീയത തീര്‍ത്തും അഭിധാത്മകമായിത്തീരുകയും ആസ്വാദന രസാദികള്‍ ഇല്ലാതാവുകയും രാഗാത്മകമായ അനുഭൂതികള്‍ ശോഷിക്കുകയും ചെയ്ത ഒരു സാഹചര്യത്തിലും പശ്ചാത്തലത്തിലുമാണ് 'താരസപ്തകും' 'പ്രയോഗവാദ്'കാവ്യപ്രസ്ഥാനവും ഉടലെടുക്കുന്നത്.
'പ്രയോഗവാദി'കളായ കവികള്‍ രൂഢികള്‍ ഉപേക്ഷിച്ചുകൊണ്ട് ജീവിതത്തിലെ പുതിയ രാഗാത്മക ബന്ധങ്ങളേയും തലങ്ങളേയും അന്വേഷിക്കുകയാണ് ചെയ്തത്. അറിയുന്നതില്‍ നിന്ന് അറിയാത്തതിലേക്കുള്ള ഒരു ബൌദ്ധിക പ്രയാണമാണ് ഇതിന്റെ പ്രത്യേകത. എന്തിനോടെങ്കിലുമുള്ള ജാഗരൂകത വ്യക്തി സത്യത്തിനും വ്യക്തിയുടെ അനുഭൂതിക്കും കൂടുതല്‍ പ്രാധാന്യവും അര്‍ഥചാരുതയും പ്രദാനം ചെയ്യുന്നു. കാവ്യാനുഭൂതിയില്‍ വ്യക്തിയുടെ അനുഭൂതിയെ സമൂഹത്തിന്റെ അനുഭൂതിയാക്കി മാറ്റുവാനും കഴിയുന്നു. അതുവരെ എത്തുവാനുള്ള പ്രയത്നവും ഇതില്‍ ദര്‍ശിക്കാന്‍ സാധിക്കും. വ്യക്തി സത്യത്തെയെന്ന പോലെ വ്യക്തിയുടെ സ്വാതന്ത്യ്രത്തേയും പ്രയോഗവാദികള്‍ അംഗീകരിക്കുന്നു. പ്രത്യേകിച്ച് ഒരു ശൈലിയേയും ഇവര്‍ പിന്താങ്ങുന്നില്ല. അതുവഴി കാവ്യത്തിന്റെ യഥാര്‍ഥ രൂപം നഷ്ടപ്പെടുവാന്‍ പാടില്ല. യാഥാര്‍ഥ്യത്തേയും മൂല്യങ്ങളേയും പുതിയ പരിപ്രേക്ഷ്യത്തില്‍ അവതരിപ്പിക്കുക, കാവ്യാനുഭൂതിയില്‍ ബുദ്ധിപരതയെ വേറിട്ട് കാണാതെ അതിന്റെ ഭാഗമായി തന്നെ കാണുക. സ്വന്തം അനുഭൂതിയോട് ആത്മാര്‍ഥതയും സജീവതയും പുലര്‍ത്തുക എന്നിങ്ങനെയുള്ള തത്ത്വങ്ങള്‍ ഇവര്‍ സ്വീകരിക്കുന്നു. പ്രയോഗവാദികള്‍ പാരമ്പര്യത്തേയും സംസ്കാരത്തേയും പൂര്‍ണമായി നിക്ഷേധിക്കുന്നില്ല. പൂര്‍ണമായി അംഗീകരിക്കുന്നുമില്ല. പക്ഷേ, അതിലെ നിര്‍ജീവ തത്ത്വങ്ങളുടെ സ്ഥാനത്ത് പുതിയ സജീവ തത്ത്വങ്ങള്‍ അന്വേഷിക്കുന്നതിന് പ്രാധാന്യം നല്കുന്നു. ദേശകാലങ്ങള്‍ക്കനുസരിച്ച് ഓരോ പാരമ്പര്യവും അതിന്റെ പ്രയോഗ രൂപത്തില്‍ വികസിക്കേണ്ടതാണ്.
യുഗാവബോധം, വ്യക്തി തത്ത്വത്തിന് പ്രാധാന്യം, കാഴ്ചപ്പാടിലും കാവ്യശില്പങ്ങളിലും നവീനതയും മൌലികതയും, പാരമ്പര്യത്തിന്റെ പുനരവലോകനം, പുത്തന്‍ ജീവിത മൂല്യങ്ങളുടെ തിരിച്ചറിവ്, സമഗ്ര ജീവിത വീക്ഷണം, അനുഭൂതിയുടെ പ്രാധാന്യം, ആശയങ്ങളുടെ പുനഃസൃഷ്ടി, രൂഢീവിരോധം, ബൌദ്ധികതയോടുള്ള ആസക്തി, അഭിജാത വര്‍ഗത്തോട് രോഷം, അഭിധാത്മക ഭാഷയോടുള്ള എതിര്‍പ്പ്, വാക്കുകളുടെ മിതവ്യയം, നവീനത എന്നിവ ഈ കാവ്യപ്രസ്ഥാനത്തിന്റെ പ്രത്യേകതകളാണ്.
1951-ല്‍ അജ്ഞേയ് ദൂസരാ സപ്തക് എന്ന കാവ്യസമാഹാരം പുറത്തിറക്കി. ഇതില്‍ ഏഴ് കവികളുടെ കവിതകളായിരുന്നു. ഭവാനീ പ്രസാദ് മിശ്ര, ശകുന്തളാ മാഥൂര്‍, ഹരിനാരായണ്‍ വ്യാസ്, ശംശേര്‍ ബഹാദൂര്‍ സിംഹ്, നരേശ് കുമാര്‍ മേഹ്ത്ത, രഘുവീര്‍ സഹായ്, ധര്‍മവീര്‍ ഭാരതി എന്നിവരാണിവര്‍. 1952-ല്‍ പാട്ന ആകാശവാണിയിലെ ഒരു അഭിമുഖത്തില്‍ അജ്ഞേയ് 'നയീകവിത' എന്ന പേര് പ്രഖ്യാപിച്ചതോടെ 'പ്രയോഗവാദ്' എന്ന പ്രസ്ഥാനം 'നയീകവിത'യായി രൂപന്താരപ്പെട്ടു. ഈ പരിണാമ പ്രക്രിയയില്‍ 1947-ല്‍ അജ്ഞേയ് തുടങ്ങിയ പ്രതീക് മാസികയ്ക്ക് പ്രമുഖ പങ്കുവഹിക്കാന്‍ സാധിച്ചിട്ടുണ്ട്. 1954-ല്‍ ഹിന്ദി കവി ജഗദീശ് ഗുപ്ത നയീകവിത എന്ന പേരില്‍ മാസിക തുടങ്ങിയതോടെ ഈ പേരു തന്നെ സ്ഥായിയായി.
ദൂസരാ സപ്തകിന്റെ ആമുഖത്തില്‍ അജ്ഞേയ് പ്രയോഗവാദ് എന്ന പദത്തെ തന്നെ എതിര്‍ക്കുന്നുമുണ്ട്. "പ്രയോഗത്തിന്റെതായ ഒരു വാദം ഇല്ല. ഞങ്ങള്‍ 'വാദികളായിരുന്നില്ല,പ്രയോഗം' സ്വയം ലക്ഷ്യമോ ഉദ്ദേശ്യമോ അല്ല. കവിതയ്ക്ക് ഒരു വാദം ഇല്ലാത്തതു പോലെ, കവിത സ്വയം ലക്ഷ്യമോ ഉദ്ദേശ്യമോ അല്ല. അതുകൊണ്ട് പ്രയോഗവാദികളെന്നു പറയുന്നത് ഞങ്ങളെ കവിതാവാദികളെന്നു വിളിക്കുന്നതുപോലെതന്നെ സാര്‍ഥകമോ നിരര്‍ഥകമോ ആണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ "പ്രയോഗം സ്വയം ലക്ഷ്യമല്ല, മാര്‍ഗമാണ്; ഇരട്ട മാര്‍ഗം. ഒന്നാമതായി കവി സംവേദനം ചെയ്യുന്ന സത്യത്തെ അറിയാനുള്ള മാര്‍ഗം, രണ്ടാമത് ആ സംപ്രേഷണ ക്രിയയേയും അതിന്റെ മാര്‍ഗങ്ങളേയും അറിയാനുള്ള മാര്‍ഗം. അതായത് 'പ്രയോഗം' വഴി കവിക്ക് സ്വത്വത്തെ ശരിക്കും അറിയാന്‍ കഴിയുന്നു, കൂടാതെ നല്ലവണ്ണം പ്രകടിപ്പിക്കുവാനും സാധിക്കുന്നു.
നയീകവിത വാദങ്ങളില്‍ നിന്നും മുക്തമാണ്. ജീവിതത്തിന്റെ പുത്തന്‍ ആശ, ആസ്ഥ, ആകാംക്ഷ, അനാസ്ഥ, അനിശ്ചയം, പ്രതീക്ഷ, ഉണര്‍വ്, ഉത്സാഹം, ദൃഢനിശ്ചയം, നിരാശ, ഭയം, ഇരുട്ട്, സംശയം, പുതുമയോടുള്ള അഭിവാഞ്ഛ എന്നിവ ഇതില്‍ കാണാം.ആശയങ്ങളുടെ സംവേദനക്ഷമത ഇതില്‍ പ്രകടമാണ്. പാരമ്പര്യത്തെ മാറ്റത്തോടെയും അല്ലാതെയും അവര്‍ സ്വീകരിച്ചു. കാവ്യശില്പത്തില്‍ നവീനത, ഫാന്റസി, അലിഗറി, പ്രതീകം, ബിംബം, ആക്ഷേപഹാസ്യം എന്നിവയ്ക്കു പ്രാധാന്യം നല്കി. ഭാഷ സംസാരഭാഷയുടെ അടുത്തു നില്ക്കുന്നു. മര്‍മ സ്പര്‍ശിയായ ഭാവാനുഭൂതി പ്രകൃതിയുടെ പുത്തന്‍ഛായ കലര്‍ത്തി ആവിഷ്കരിച്ചു. കവികള്‍ ഗ്രാമ ചാരുതയിലും ആകൃഷ്ടരായിരുന്നു. സ്വതന്ത്ര ഭാരതത്തിലെ സാമ്പത്തിക സാമൂഹിക നയത്തിന്റെ പരിണാമം ഇതില്‍ പ്രതിഫലിക്കുന്നതായി കാണാന്‍ കഴിയും.
'സപ്തക്' പരമ്പരയില്‍ 1959-ല്‍ തീസരാ സപ്തക്, 1979-ല്‍ ചൌഥാ സപ്ത്ക് എന്നിവ അജ്ഞേയ് എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ചു. തീസരാ സപ്തകില്‍ കുംവര്‍ നാരായണ്‍, കേദാര്‍ നാഥ് സിംഹ്, കീര്‍ത്തി ചൌധരി, വിജയ്ദേവ് നാരായണ്‍ സാഹി, പ്രയാഗ് നാരായണ്‍ ത്രിപാഠി, സര്‍വേശ്വര്‍ ദയാല്‍ സക്സേന, മദന്‍ വാത്സ്യായന്‍ എന്നീ കവികള്‍ ഉള്‍പ്പെടുന്നു. ചൌഥാ സപ്തകില്‍ അവധേശ് കുമാര്‍, രാജ് കുമാര്‍കുംഭജ്, സ്വദേശ് ഭാരതി, നന്ദകിശോര്‍ ആചാര്യ, സുമന്‍ രാജ്, ശ്രീരാം വര്‍മ, രാജേന്ദ്ര കിശോര്‍ എന്നിവരാണുള്ളത്. ഇവരില്‍ പലരും ആധുനിക ഹിന്ദിയിലെ ഒന്നാംനിര കവികളായില്ലെങ്കിലും സാഹിത്യ ചരിത്രത്തില്‍ സ്ഥാനം നേടി. ജീവിതത്തിന്റെ സങ്കീര്‍ണതയും മോഹവും മോഹഭംഗങ്ങളും നിരാശയും ഉദാസീനതയും ഇതില്‍ പല കവികളുടേയും രചനകളില്‍ കാണാന്‍ സാധിക്കും. ഇവരുടെ കവിതകള്‍ ഏറിയകൂറും 'സാഠോത്തരി' 'സത്തറോത്തരി' - അറുപതുകള്‍ക്കു ശേഷമുള്ളത്, എഴുപതുകള്‍ക്ക് ശേഷമുള്ളത് - എന്ന പേരില്‍ അറിയപ്പെട്ടു.
(ഡോ. പ്രമോദ് കൊവ്വപ്രത്ത്)