This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അന്തര്‍ജനം, ലളിതാംബിക
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
116.68.67.59 (സംവാദം)
(New page: = അന്തര്‍ജനം, ലളിതാംബിക (1909 - 87) = മലയാള സാഹിത്യകാരി. കവിതാരംഗത്തും കഥാരംഗ...)
അടുത്ത വ്യത്യാസം →
10:24, 5 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം
അന്തര്‍ജനം, ലളിതാംബിക (1909 - 87)
മലയാള സാഹിത്യകാരി. കവിതാരംഗത്തും കഥാരംഗത്തും ഒന്നുപോലെ പ്രസിദ്ധിയാര്‍ജിച്ചു. 1909 മാ. 30-ന് കൊട്ടാരക്കര താലൂക്കില്‍ കോട്ടവട്ടത്ത് തെങ്ങുന്നത്തു മഠത്തില്‍ ദാമോദരന്‍ പോറ്റിയുടെ പുത്രിയായി ജനിച്ചു. പിതാവ് പ്രജാസഭാമെമ്പറും പണ്ഡിതനും സമുദായ പരിഷ്കര്‍ത്താവും ആയിരുന്നു; മാതാവ് ചെങ്ങാരപ്പള്ളി നങ്ങയ്യ അന്തര്‍ജനം. പാലാ രാമപുരത്ത് അമനകര ഇല്ലത്ത് നാരായണന്‍ നമ്പൂതിരിയെ വിവാഹം കഴിച്ചു. പ്രമുഖകഥാകൃത്തായിരുന്ന എന്‍. മോഹനന്‍ ഇവരുടെ രണ്ടാമത്തെ പുത്രനാണ്. വിദ്യാഭ്യാസം സ്വഗൃഹത്തില്‍വച്ചു നടത്തി. മലയാളം, സംസ്കൃതം, ഇംഗ്ളീഷ്, ഹിന്ദി എന്നീ ഭാഷകള്‍ വശമാക്കി. കവിതയിലൂടെ സാഹിത്യജീവിതം ആരംഭിച്ചു അചിരേണ കഥാരചനയില്‍ ഏര്‍പ്പെട്ടു പേരെടുത്തു. "നാലുകെട്ടുകള്‍ക്കുള്ളില്‍ മൂടുപടങ്ങളിലും മറക്കുടകളിലും മൂടി നെടുവീര്‍പ്പിട്ടു കണ്ണുനീര്‍വാര്‍ത്തു കഴിഞ്ഞ ആത്തോല്‍ സമൂഹത്തിന്റെ ദുരന്ത ചരിതത്തിന് നാവും നാമവും കൊടുക്കാന്‍ അവരുടെയിടയില്‍നിന്നുതന്നെ ഉയര്‍ന്നുവന്ന പ്രതിഭാസമാണ് അന്തര്‍ജനം. എന്നാണ് ലളിതാംബിക അന്തര്‍ജനത്തെക്കുറിച്ച് നിരൂപകര്‍ വിലയിരുത്തുന്നത്. ജന്‍മനാ കവിയായ അവരുടെ കവിത്വത്തിന്റെ അഭിരാമത, കവിതയിലെന്നപോലെ കഥകളിലും കാണാന്‍ കഴിയും.
കുഞ്ഞോമന എന്ന ബാലസാഹിത്യകൃതിക്കു കല്യാണീ കൃഷ്ണമേനോന്‍ പുരസ്ക്കാരവും, ഗോസായി പറഞ്ഞ കഥയ്ക്കു കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു. അഗ്നിസാക്ഷിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും വയലാര്‍ അവാര്‍ഡും ലഭിക്കുകയുണ്ടായി. സോഷ്യല്‍ വെല്‍ഫയര്‍ ബോര്‍ഡ്, സാഹിത്യ അക്കാദമി, സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം ഡയറക്ടര്‍ ബോര്‍ഡ്, പാഠപുസ്തകക്കമ്മിറ്റി എന്നിവയില്‍ അംഗമായിരുന്നിട്ടുണ്ട്. കൃതികളില്‍ ആദ്യത്തെ കഥകള്‍, മൂടുപടം, തകര്‍ന്ന തലമുറ, കിളിവാതിലിലൂടെ, കൊടുങ്കാറ്റില്‍നിന്ന്, കാലത്തിന്റെ ഏടുകള്‍, അഗ്നിപുഷ്പങ്ങള്‍, തിരഞ്ഞെടുത്ത കഥകള്‍, സത്യത്തിന്റെ സ്വരം, മറക്കാനാവാത്ത മനുഷ്യന്‍ എന്നീ കഥാസമാഹാരങ്ങളും ലളിതാഞ്ജലി, ഓണക്കാഴ്ച, ശരണമഞ്ജരി, ഭാവദീപ്തി, നിശ്ശബ്ദസംഗീതം, ഒരു പൊട്ടിച്ചിരി, ആയിരത്തിരി എന്നീ കവിതാ സമാഹാരങ്ങളും അഗ്നിസാക്ഷി എന്ന നോവലും ഗ്രാമബാലിക എന്ന ലഘുനോവലും പുനര്‍ജന്‍മം, വീരസംഗീതം എന്നീ നാടകങ്ങളും കുഞ്ഞോമന, ഗോസായി പറഞ്ഞ കഥ എന്നീ ബാലസാഹിത്യകൃതികളും സീത മുതല്‍ സത്യവതി വരെ (നിരൂപണം)യും ഉള്‍പ്പെടുന്നു. 1987 ഫെ. 6-ന് ലളിതാംബിക അന്തര്‍ജനം അന്തരിച്ചു.