This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തുകല്‍ വ്യവസായം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(New page: =തുകല്‍ വ്യവസായം= മൃഗങ്ങളുടെ തോല്‍ അസംസ്കൃത പദാര്‍ഥമായി ഉപയോഗിക്കുന...)
അടുത്ത വ്യത്യാസം →

06:01, 4 ജൂണ്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

തുകല്‍ വ്യവസായം

മൃഗങ്ങളുടെ തോല്‍ അസംസ്കൃത പദാര്‍ഥമായി ഉപയോഗിക്കുന്ന വ്യവസായം. പാദരക്ഷകള്‍, ബാഗുകള്‍, കോട്ടുകള്‍ എന്നിങ്ങനെ പല വസ്തുക്കളും തുകല്‍ സംസ്കരിച്ച് നിര്‍മിക്കാറുണ്ട്.

ഹിമയുഗത്തില്‍ വസിച്ചിരുന്ന അതിപ്രാചീന മനുഷ്യര്‍ തങ്ങളുടെ ശരീര സംരക്ഷണത്തിനുവേണ്ടി മൃഗങ്ങളുടെ തോല്‍ ഉപയോഗിച്ചിരുന്നതായി പുരാവസ്തു പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്. പ്രാചീന മനുഷ്യര്‍ മൃഗങ്ങളെ വേട്ടയാടിയിരുന്നത് പ്രധാനമായും ആഹാരത്തിനു വേണ്ടിയായിരുന്നു. മാംസം ഭക്ഷിച്ചതിനുശേഷം അവശേഷിക്കുന്ന തോല്‍ വൃത്തിയാക്കിയെടുത്ത് ഒരു കോട്ടുപോലെ ഉപയോഗിച്ചിരുന്നു. ഇതേ മൃഗത്തോലില്‍ നിന്നുതന്നെ അവര്‍ പാദരക്ഷകള്‍പോലെയുള്ള വസ്തുക്കളും ഉണ്ടാക്കിയിരുന്നു. അസംസ്കൃതമായ തോല്‍ വലിച്ചുനീട്ടുകയും വെയിലത്ത് ഉണക്കിയെടുക്കുകയും ചെയ്താല്‍, അത് കൂടുതല്‍ ദൃഢമാകുമെങ്കിലും ദീര്‍ഘകാലം നിലനില്ക്കുമെന്ന് അവര്‍ കണ്ടെത്തി. ഇങ്ങനെ ഉണക്കിയെടുക്കുന്ന തോലിനുമേല്‍ ചിലതരം എണ്ണ പുരട്ടിയാല്‍ അതിനെ കൂടുതല്‍ മൃദുലമാക്കാമെന്നും അവര്‍ മനസ്സിലാക്കി. പില്ക്കാലത്ത്, ചില വൃക്ഷങ്ങളുടെ തൊലിയില്‍ അടങ്ങിയിട്ടുള്ള റ്റാനിന്‍ എന്ന വസ്തുവിന് അസംസ്കൃത തോലിനെ സംസ്കരിച്ചെടുക്കാനുള്ള രാസശക്തിയുണ്ടെന്ന് കണ്ടെത്തുകയുണ്ടായി. ഇങ്ങനെ സംസ്കരിച്ചെടുക്കുന്ന തോലിനെയാണ് തുകല്‍ എന്നു പറയുന്നത്. റ്റാനിന്‍ അഥവാ റ്റാനിക് ആസിഡ് ഉപയോഗിച്ച് തോല്‍ സംസ്കരിക്കുന്ന സാങ്കേതികവിദ്യ, തോല്‍ ഊറയ്ക്കിടുകയെന്നാണറിയപ്പെടുന്നത്. ബി.സി. 5000-ത്തോടടുപ്പിച്ച് ഇറ്റലിയിലാണ് ഈ സാങ്കേതിക വിദ്യ കണ്ടുപിടിച്ചത്. അമേരിക്കയിലെ ആദിമനിവാസികളും ഇതിനോടു സമാനമായ സാങ്കേതികവിദ്യ ഉപയോഗിച്ചിരുന്നു. ഇവര്‍ വെള്ളത്തില്‍ ചാരം കലക്കി ഉണ്ടാക്കുന്ന ലായനിയില്‍ തോല്‍ മുക്കിവയ്ക്കുകയാണു ചെയ്തിരുന്നത്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ മാംസഭാഗങ്ങളും രോമവും പൂര്‍ണമായും തോലില്‍നിന്ന് വേര്‍പെടുന്നു. തോല്‍ ഊറയ്ക്കിടുന്നതിന് അമേരിക്കന്‍ ആദിമനിവാസികള്‍ ഉപയോഗിച്ചിരുന്നത് ഹെംലോക്ക് എന്ന ചെടിയും ഓക്കുമരത്തിന്റെ തൊലിയും ചേര്‍ത്ത് ചതച്ചുണ്ടാക്കുന്ന ഒരു മിശ്രിതമായിരുന്നു. ഏതാണ്ട് മൂന്നുമാസംകൊണ്ട്, ഈ സാങ്കേതികവിദ്യയിലൂടെ തോലിനെ സംസ്കരിച്ച തുകലാക്കി മാറ്റാന്‍ കഴിഞ്ഞിരുന്നു.

തുകല്‍ വ്യവസായത്തിന്റെ ചരിത്രം. തോല്‍ ഊറയ്ക്കിട്ട് സംസ്കരിക്കുന്ന സാങ്കേതിക വിദ്യ പല പ്രദേശങ്ങളിലുള്ള ആള്‍ക്കാര്‍ വികസിപ്പിച്ചെടുക്കുകയുണ്ടായി. ഊറയ്ക്കിടുന്നതിലെ വ്യത്യാസമനുസരിച്ച്, തുകലിന്റെ ഗുണനിലവാരവും മാര്‍ദവവും വ്യത്യാസപ്പെട്ടിരിക്കും. പാദരക്ഷ, വസ്ത്രങ്ങള്‍ എന്നിവയ്ക്കു പുറമേ, മറ്റുപല വസ്തുക്കള്‍ നിര്‍മിക്കുന്നതിനും തുകല്‍ അസംസ്കൃതപദാര്‍ഥമായി ഉപയോഗിക്കാമെന്ന് അവര്‍ മനസ്സിലാക്കിയിരുന്നു. ക്രമേണ തുകലിന്റെ ഉപയോഗങ്ങളും വ്യാവസായിക പ്രാധാന്യവും വര്‍ധിക്കുകയുണ്ടായി. വെള്ളത്തിന്റെ ശുദ്ധിയും താപനിലയും നിലനിര്‍ത്തുന്നതിന് തുകല്‍സഞ്ചി ഉപയോഗിക്കാം. തുകല്‍സഞ്ചിയില്‍ സൂക്ഷിച്ചാല്‍ വെള്ളത്തിന്റെ തണുപ്പ് നഷ്ടപ്പെടാതെയിരിക്കും. കൂടാരം, കിടക്ക, കമ്പിളി, പരവതാനി, പടച്ചട്ട എന്നിവ തോല്‍ ഉപയോഗിച്ച് നിര്‍മിക്കാവുന്ന വസ്തുക്കളാണ്. പ്രാചീനകാലത്തെ ഏറ്റവും വികസിച്ച നാഗരികതകളിലൊന്നായിരുന്ന ഈജിപ്തില്‍ തുകല്‍ വ്യാപാരത്തിന് സുപ്രധാന സ്ഥാനമുണ്ടായിരുന്നു. തുകല്‍ ഉപയോഗിച്ചുകൊണ്ടുള്ള ചെരുപ്പ്, ബെല്‍റ്റ്, ബാഗ്, കവചം, പടച്ചട്ട, ഇരിപ്പിടങ്ങളുടെ പുറംചട്ട എന്നീ വസ്തുക്കള്‍ ഈജിപ്തുകാര്‍ നിര്‍മിച്ചു വിപണനം ചെയ്തിരുന്നു. പലതരത്തിലുള്ള ചെരുപ്പുകള്‍, ബൂട്ടുകള്‍, ഷൂസുകള്‍ എന്നിവ നിര്‍മിക്കുന്നതിന് ഗ്രീക്കുകാരും റോമാക്കാരും തുകല്‍ ഉപയോഗിച്ചിരുന്നു. യുദ്ധങ്ങളില്‍ റോമന്‍ പടയാളികള്‍ ദൃഢമായ തുകല്‍കൊണ്ടുള്ള പടച്ചട്ടകളും തൊപ്പികളും ഉപയോഗിച്ചിരുന്നു. 18-ാം ശതകത്തിന്റെ ആരംഭംവരെ സാധാരണ സൈനികര്‍ ഉപയോഗിച്ചിരുന്ന കവചങ്ങള്‍ തുകല്‍കൊണ്ടു നിര്‍മിച്ചവയായിരുന്നു. പ്രാചീന ഗ്രീസിലെ കരകൌശലവിദഗ്ധരില്‍, ഷൂ നിര്‍മാതാക്കള്‍ അഥവാ ചെരുപ്പുകുത്തികള്‍ക്കും തോല്‍ ഊറയ്ക്കിടുന്നവര്‍ക്കും സവിശേഷസ്ഥാനമുണ്ടായിരുന്നു. തോല്‍ ഊറയ്ക്കിടല്‍ ഒരു കുടില്‍ വ്യവസായമായിട്ടാണ് ഗ്രീസില്‍ തുടങ്ങിയതെങ്കിലും, പില്ക്കാലത്ത് ഇത് വിശേഷാവഗാഹം ആവശ്യമായ ഒരു തൊഴില്‍ ആയി വികസിക്കുകയുണ്ടായി. പല തരത്തിലുള്ള വൃക്ഷങ്ങളുടേയും ചെടികളുടേയും തോല്‍, ഊറയ്ക്കിടുന്നതിന് ഉപയോഗിക്കുന്നുണ്ട്. ഗ്രീക്കുകാര്‍ മീനെണ്ണയും ഇതിനായി ഉപയോഗിച്ചിരുന്നു. ഊറയ്ക്കിടുന്നതിനുപയോഗിക്കുന്ന വസ്തുക്കളുടെ വ്യത്യാസമനുസരിച്ച്, സംസ്കരിച്ച തുകലിന്റെ ഗുണനിലവാരവും ഭിന്നമായിരിക്കും. 1873-ല്‍ ഗ്രീസിലെ പോംപേയില്‍ നടന്ന ഖനനത്തില്‍ തോല്‍ ഊറയ്ക്കിടുന്ന സ്ഥാപനം അഥവാ റ്റാനറിയുടെ അവശിഷ്ടങ്ങള്‍ കണ്ടെടുക്കുകയുണ്ടായി.

മധ്യകാലഘട്ടമായപ്പോഴേക്കും തുകല്‍ ഉത്പന്നങ്ങളുടെ പ്രചാരം വര്‍ധിച്ചു. ഈ കാലഘട്ടത്തിലെ ഏറ്റവും വിദഗ്ധരായ തുകല്‍ ഉത്പന്ന നിര്‍മാതാക്കള്‍ അറബികളായിരുന്നു. ഇക്കാലത്ത്, ആട്ടിന്‍ തോല്‍ ഉപയോഗിച്ചുണ്ടാക്കുന്ന ഉത്പന്നങ്ങള്‍ വളരെ പ്രസിദ്ധമായിരുന്നു. ഇത് മൊറോക്കോ തുകല്‍ എന്നാണറിയപ്പെട്ടിരുന്നത്. ഇപ്പോഴും, മോറോക്കോയില്‍ ഉത്പാദിപ്പിക്കുന്ന തുകല്‍ ഉത്പന്നങ്ങള്‍ക്ക് ലോകവിപണിയില്‍ വലിയ പ്രിയമുണ്ട്. മധ്യകാല ഇംഗ്ളണ്ടില്‍, മിക്ക വ്യവസായങ്ങളും നടത്തിയിരുന്നത് കരകൌശല വിദഗ്ധരുടെ ഗില്‍ഡുകളായിരുന്നു. തുകല്‍ വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരുന്ന കോര്‍ഡ്വെയ്നേഴ്സ്, കോറിയേഴ്സ്, ഫ്ളെച്ചേഴ്സ്, ഗ്ളോവേഴ്സ്, സാഡ്ലേഴ്സ് എന്നീ ഗില്‍ഡുകള്‍ പ്രസിദ്ധമാണ്. വാളുറകള്‍, പെട്ടികളുടെ പുറംചട്ടകള്‍, ജലം നിറച്ചു സൂക്ഷിക്കാനുള്ള സഞ്ചികള്‍ എന്നിങ്ങനെ പലതരം വസ്തുക്കള്‍ ഈ ഗില്‍ഡുകളില്‍ നിര്‍മിച്ചിരുന്നു. അലങ്കാരപ്പണികള്‍ക്കും മോടിപിടിപ്പിക്കുന്നതിനുള്ള മാധ്യമമായും തുകല്‍ ഉപയോഗിക്കുന്നു. പുസ്തകങ്ങളുടെ പുറംചട്ടയായും തുകല്‍ ഉപയോഗിക്കുന്നുണ്ട്.

19-ാം ശ.-ത്തിന്റെ അന്ത്യംവരെയും തുകല്‍ നിര്‍മാണത്തിന്റെ സാങ്കേതിക വിദ്യയില്‍ മൌലികമായ പരിവര്‍ത്തനങ്ങള്‍ സംഭവിക്കുകയുണ്ടായില്ല. ഏറ്റവും ആദിമവും അടിസ്ഥാനപരവുമായ നിര്‍മാണവിദ്യകളിലൊന്നായ ഊറയ്ക്കിടലിന്റെ രംഗത്ത് വ്യാവസായികവിപ്ളവ കാലത്തുപോലും കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചില്ല. 20-ാം ശ.-ത്തില്‍ തുകല്‍ വ്യവസായരംഗത്ത് വമ്പിച്ച മാറ്റങ്ങളാണുണ്ടായത്. ഊറയ്ക്കിടുന്ന പ്രക്രിയയുടെ സാങ്കേതികവിദ്യ തന്നെ അടിസ്ഥാനപരമായ പരിവര്‍ത്തനങ്ങള്‍ക്കു വിധേയമായിട്ടുണ്ട്. പലതരം കൃത്രിമ നിറങ്ങള്‍, സിന്തറ്റിക്ക് റ്റാനിങ്കാരകങ്ങള്‍, എണ്ണകള്‍ എന്നിവയൊക്കെ വികസിപ്പിച്ചെടുത്തു. ആധുനികവും സൂക്ഷ്മവുമായ യന്ത്രസാമഗ്രികളുടെ സഹായത്തോടെ, തുകല്‍ വ്യവസായം ഇന്നൊരു ആധുനിക നിര്‍മാണ വ്യവസായമായി വികസിച്ചിട്ടുണ്ട്.

തുകല്‍ വ്യവസായം ഇന്ത്യയില്‍. തൊഴില്‍ ലഭ്യത, വളര്‍ച്ച, കയറ്റുമതി എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ തുകല്‍ വ്യവസായത്തിന് ഇന്ത്യന്‍ സമ്പദ്ഘടനയില്‍ സുപ്രധാന സ്ഥാനമുണ്ട്. ഏറ്റവും ആധുനികമായ സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ട് തുകല്‍ വ്യവസായ മേഖലയെ ആസൂത്രിതമായി വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍, ഈ മേഖലയുടെ മുഖച്ഛായ തന്നെ മാറ്റിയിട്ടുണ്ട്. തുകല്‍ച്ചെരുപ്പുകള്‍, ഷൂ അപ്പര്‍, സോള്‍, തുകല്‍ വസ്ത്രങ്ങള്‍, തുകല്‍ കൈയുറകള്‍, അസംസ്കൃത തുകല്‍ എന്നിവയാണ് ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്യുന്ന പ്രധാന തുകല്‍ ഉത്പന്നങ്ങള്‍.

ഇന്ത്യയില്‍ പ്രതിവര്‍ഷം ഉത്പാദിപ്പിക്കുന്ന ഉണക്കത്തോലിന്റേയും പച്ചത്തോലിന്റേയും എണ്ണം യഥാക്രമം 65 ദശലക്ഷവും 170 ദശലക്ഷവുമാണ്. 776 ദശലക്ഷം ജോഡി തുകല്‍ ചെരുപ്പുകള്‍ നിര്‍മിക്കുന്നു. 112 ദശലക്ഷം ജോഡി ഷൂ അപ്പറുകളാണ് നിര്‍മിക്കുന്നത്. തുകല്‍ വസ്ത്രങ്ങളുടെ എണ്ണം പ്രതിവര്‍ഷം 18 ദശലക്ഷമാണ്. 52 ദശലക്ഷം ജോഡി തുകല്‍ കൈയുറകള്‍ ഉത്പാദിപ്പിക്കുന്നുണ്ട്.

നേരിട്ടും അല്ലാതെയും ഏതാണ്ട് 25 ലക്ഷം പേര്‍ തുകല്‍ വ്യവസായമേഖലയില്‍ ജോലിയെടുക്കുന്നുണ്ട്. മൊത്തം ഉത്പാദനത്തിന്റെ 60-65 ശതമാനവും നിര്‍വഹിക്കുന്നത് ചെറുകിട-കുടില്‍ മേഖലയാണ്. തുകല്‍ വ്യവസായ ഉത്പന്നങ്ങളുടെ മൊത്തം കയറ്റുമതി മൂല്യം ഏതാണ്ട് 200 കോടി അമേരിക്കന്‍ ഡോളറാണ്. ഇന്ത്യയില്‍ ഏറ്റവുമധികം കയറ്റുമതി വരുമാനം നേടുന്ന 8 വ്യവസായങ്ങളില്‍ ഒന്നാണ് തുകല്‍വ്യവസായം. ഇന്ത്യയില്‍ തുകല്‍ വ്യവസായത്തെ പ്രധാനമായും മൂന്നു മേഖലകളായി വിഭജിക്കാവുന്നതാണ്.

1. സംഘടിത മേഖല. കേന്ദ്ര ഗവണ്‍മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡയറക്ടറേറ്റ് ജനറല്‍ ഒഫ് ടെക്നിക്കല്‍ ഡവലപ്മെന്റ് എന്ന സ്ഥാപനമാണ്, സംഘടിത മേഖലയിലെ തുകല്‍ വ്യവസായ യൂണിറ്റുകള്‍ക്ക് ആവശ്യമായ സാങ്കേതിക മാര്‍ഗ നിര്‍ദേശങ്ങള്‍ നല്കുന്നത്.

2. ചെറുകിട മേഖല. ചെറുകിട മേഖലയിലെ സ്ഥാപനങ്ങള്‍ സംസ്ഥാന ഗവണ്‍മെന്റുകളുടെ വ്യവസായ ഡയറക്ടറേറ്റുകളിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

3. അസംഘടിത മേഖല. ഈ മേഖലയിലെ മിക്ക തുകല്‍ വ്യവസായ സ്ഥാപനങ്ങളും ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യാത്തവയും കുടില്‍ വ്യവസായങ്ങളായി പ്രവര്‍ത്തിക്കുന്നവയുമാണ്.

തുകല്‍ വ്യവസായരംഗത്തെ ഏറ്റവും പ്രമുഖമേഖല, ചെരുപ്പുത്പാദന സ്ഥാപനങ്ങളുടേതാണ്. ചെരുപ്പുത്പാദനമേഖല മുഖ്യമായും ചെറുകിട-കുടില്‍ വ്യവസായ സ്ഥാപനങ്ങളായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. തൊഴില്‍ സാന്ദ്രതയും വിദേശനാണയസാധ്യതയും വളരെയേറെയുള്ള ഒരു രംഗമായതിനാല്‍, തുകല്‍ വ്യവസായത്തിന്റെ സമഗ്രപുരോഗതി ലക്ഷ്യമിട്ടുകൊണ്ട് 1992-ല്‍ കേന്ദ്രഗവണ്‍മെന്റ് 'ഒരു ദേശിയ തുകല്‍ വികസന പദ്ധതി' (ചമശീിേമഹ ഘലമവേലൃ ഉല്ലഹീുാലി ജൃീഴൃമാാല ചഘഉജ)ക്കു രൂപം നല്കുകയുണ്ടായി. ഈ പദ്ധതിയ്ക്ക് ഐക്യരാഷ്ട്രസഭയുടെ വികസന ഏജന്‍സിയായ യു.എന്‍.ഡി.പി.(ഡചഉജ) 15.05 ദശലക്ഷം യു.എസ്.ഡോളര്‍ സഹായമായി നല്കുകയും ചെയ്തിരുന്നു. മനുഷ്യവിഭവ വികസനം, ചെരുപ്പുനിര്‍മാണ മേഖലയുടെ നവീകരണം, ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കല്‍, മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ ആവിഷ്കരിക്കല്‍, സംയുക്തസംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കല്‍, കയറ്റുമതി സാധ്യതകള്‍ വര്‍ധിപ്പിക്കല്‍, ആധുനിക വിപണന തന്ത്രങ്ങള്‍ക്കു രൂപം നല്കല്‍ എന്നിവയാണ് ദേശീയ തുകല്‍ വികസന പദ്ധതി വിഭാവന ചെയ്തിട്ടുള്ളത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍