This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തുയിലുണര്‍ത്തു പാട്ട്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(New page: =തുയിലുണര്‍ത്തു പാട്ട് = ഒരു കേരളീയ നാടോടിഗാനം. നിദ്രയില്‍ നിന്ന് ദൈവ...)
അടുത്ത വ്യത്യാസം →

10:13, 3 ജൂണ്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

തുയിലുണര്‍ത്തു പാട്ട്

ഒരു കേരളീയ നാടോടിഗാനം. നിദ്രയില്‍ നിന്ന് ദൈവത്തെയോ മാലോകരെയോ ഉണര്‍ത്തുന്നതിന് പാടുന്നതാണ് തുയിലുണര്‍ത്തുപാട്ട്. 'തുയില്‍' പഴയൊരു മലയാള പദമാണ്. 'ഓതയില്‍ തുയിലുമണ്ണന്‍' എന്ന രാമചരിത പ്രയോഗം കാണുക. തുയില്‍ = ഉറക്കം. തുകല്‍, തുകില്‍ എന്നൊക്കെ അതിനു ദേശ്യഭേദങ്ങളുണ്ട്.

'അസുരകുല വൈരിയായ്

മരുവുമൊരു മാധവന്‍

അരികളെ വധിക്കുമൊരു

അമല കമലാക്ഷണന്‍

അഴകിനൊടു വന്നുടനെ

തരമൊഴിക സന്തതം

ശ്രീ ഗരുഡ വാഹനന്‍

ശ്രീ ഗോപ നന്ദനന്‍

ശ്രീ പാല്‍ക്കടല്‍ പള്ളി-

കൊള്ളും നാരായണന്‍

ശ്രീയോടുകൂടി വാണീടുന്ന മംഗലന്‍

ശ്രീകീര്‍ത്തി വല്ലഭന്‍

തുയിലൊഴിക സന്തതം

പുണ്ഡരീകാക്ഷന്‍ വിണ്ണവര്‍ നായകന്‍

ദണ്ഡമൊഴിച്ചീടുവാന്‍ തുകലൊഴിക സന്തതം

പത്തു പതിനാറായിരത്തെട്ടു

ഭാര്യമാരോടു രമിച്ചീടുമവന്‍

പാരിച്ചതേര്‍പ്പെട്ടു കന്മഷദോഷങ്ങള്‍

ദൂരെയകറ്റുവാന്‍ തുകിലൊഴിക സന്തതം'

(മലബാറിലെ പാണപ്പാട്ടുകള്‍ : ജി. ഭാര്‍ഗവന്‍ പിള്ള)

ഇവിടെ ഉദ്ധരിച്ച പാണപ്പാട്ടില്‍ തുയില്‍, തുകല്‍, തുകില്‍, എന്നീ പദങ്ങളെല്ലാം 'ഉറക്കം' എന്ന അര്‍ഥത്തിലാണ്. ഇഷ്ടദൈവത്തെ പള്ളിയുണര്‍ത്തുന്ന പാട്ടാണിത്. മനുഷ്യരാശിയുടെ കന്മഷ ദോഷങ്ങള്‍ ഭഗവാന്റെ പള്ളിയുണരലോടുകൂടി അറ്റുപോകട്ടെ എന്നാണ് പാട്ടില്‍ ആശംസിക്കുന്നത്. രാജാവിന്റെയോ ദേവന്റെയോ ഉറക്കറക്കട്ടിലാണ് പള്ളിക്കട്ടില്‍. ദേവസംബന്ധിയും രാജസംബന്ധിയുമാണ് പ്രാകൃതത്തിലെ 'പള്ളി' എന്ന പദം. അവരുടേത് പള്ളിയുറക്കമാണ്. പള്ളിയുറക്കത്തില്‍ നിന്ന് അവരെ ഉണര്‍ത്തി ലോകകാര്യങ്ങളില്‍ വ്യാപൃതരാക്കാനാണ് തുയിലുണര്‍ത്തുപാട്ട് പാടുന്നത്.

കേരളത്തിലെ പാണന്‍മാരാണ് തുയിലുണര്‍ത്തുപാട്ടുകാര്‍. പാണന്‍മാരെപ്പറ്റി സംഘസാഹിത്യത്തില്‍ ഏറെ വിവരങ്ങളുണ്ട്. സംഘസാഹിത്യത്തിലെ പത്തുപ്പാട്ടില്‍ പാണന്‍മാരുടെ ജീവിതത്തേയും അവരുടെ കുലവൃത്തികളേയും പറ്റി പ്രതിപാദിക്കുന്നു. 'പൊരുമ്പാണാറ്റുപടൈ', 'ചെറുപാണാറ്റുപടൈ' എന്നീ ഭാഗങ്ങള്‍ കാണുക. ഇശൈപ്പാണന്‍, യാള്‍പ്പാണന്‍, മുണ്ടൈപ്പാണന്‍ എന്ന് മൂന്നുതരം പാണരെപ്പറ്റി പറയുന്നുണ്ട്. വയലിന്‍ പോലുള്ള ഒരു തരം സംഗീതോപകരണം ഉപയോഗിച്ചു പാടുന്നവര്‍ ഇശൈപ്പാണര്‍. വീണപോലുളള വാദ്യോപകരണം ഉപയോഗിച്ച് പാടുന്നവര്‍ യാള്‍പ്പാണര്‍. യാള്‍പ്പാണന്‍മാരുടെ കൂട്ടത്തില്‍ രണ്ട് തരക്കാര്‍ ഉണ്ട്. ചെറുവാദ്യം പ്രയോഗിക്കുന്ന ചെറുപാണര്‍; വലിയസംഗീതോപകരണം പ്രയോഗിക്കുന്ന പെരുമ്പാണര്‍. അലഞ്ഞു നടന്ന് പാട്ടുപാടി ഉപജീവനം കഴിക്കുന്നവരാണ് മുണ്ടൈപ്പാണര്‍. പ്രമുഖരായ പാണന്‍മാരുടെ സംഘം കൊട്ടാരങ്ങളിലും ആഢ്യഗൃഹങ്ങളിലും ചെന്ന് പാടുന്നു. ശത്രുക്കളെ നിഗ്രഹിച്ച വീരന്‍മാരെക്കുറിച്ചുള്ള ഗാഥകളാണ് അവര്‍ പാടുക. രാജ്യത്ത് ശത്രുനിഗ്രഹത്തിനായി നടക്കുന്ന യുദ്ധങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ നാടുനീളെ അറിയുന്നത് ഇവരുടെ പാട്ടുകളിലൂടെയാണ്. പാട്ടുകാര്‍ക്ക് മികച്ച സമ്മാനങ്ങള്‍ കിട്ടും. സംഘകാല കവിയായ പരണര്‍ പ്രമുഖനായ പാണനായിരുന്നു. കാക്കൈപ്പാടിനിയാര്‍ കേരളീയ കവയിത്രിയാണ്. അവരും പാണജാതിക്കാരിയായിരിക്കാമെന്നാണ് ഇളംകുളം പറയുന്നത് (കേരളം അഞ്ചും ആറും നൂറ്റാണ്ടുകളില്‍).

വീരകഥാഗാനാലാപനത്തിനു പുറമേ പാണന്‍മാര്‍ ഏറ്റെടുത്തിരുന്ന ഒരു തൊഴിലാണ് പള്ളിയുണര്‍ത്തല്‍. രാജകൊട്ടാരത്തിലും ആഢ്യഗൃഹങ്ങളിലും പുലര്‍കാലത്ത് ചെന്നെത്തി പാട്ടുപാടിയുണര്‍ത്തുക എന്നത് അവരുടെ കുലത്തൊഴിലായിത്തീര്‍ന്നു. തുയിലുണര്‍ത്തുപാട്ടില്‍ അവിടെ വാണിരുന്ന പൂര്‍വികന്മാരുടേയും ജീവിച്ചിരിക്കുന്നവരുടേയും വീരാപദാനങ്ങളും ഉണ്ടായിരുന്നു. ഇങ്ങനെയുള്ള പള്ളിയുണര്‍ത്തു പാട്ടിനെയാണ് 'തുയിലുണര്‍ത്തുപാട്ട്' എന്നു പറയുന്നത് 'തുയിലെടൈ മംഗലം' എന്ന തമിഴ് വാക്കില്‍ നിന്നാണ് പ്രസ്തുത സംജ്ഞ മലയാളത്തില്‍ രൂപപ്പെട്ടത്.

തുയിലുണര്‍ത്തുപാട്ടിന് ഒരു പുരാവൃത്തമുണ്ട്. അതിന് പാഠഭേദങ്ങളുമുണ്ട്. പരമശിവന്‍, പാര്‍വതി, തിരുവരങ്കത്തെ പാണനാര്‍ എന്നിവരാണ് അതിലെ ആദിരൂപങ്ങള്‍. അതിങ്ങനെയത്രെ:

വട്ടമണിയമ്പലത്തില്‍ ചൂതുകളിച്ചുകൊണ്ടിരിക്കയാണ് പാര്‍വതിയും പരമേശ്വരനും. ആ വഴി വന്ന തിരുവരങ്കന്‍ അവരുടെ കളികണ്ടു രസിച്ചു നില്‍പ്പായി. ശിവന്‍ പാര്‍വതിയോടു ചൂതുകളിയില്‍ തോറ്റു. രസികനായ പാണന്‍ അതുകണ്ട് കൈകൊട്ടിച്ചിരിച്ച് ശിവനോടു ചോദിച്ചു: 'പെണ്ണിനോടു തോറ്റ ശിവന്‍ ഇനി ആരോടു ജയിക്കാനാണ്?'

'കണ്ടുനിന്ന തിരുവരങ്കന്‍

കൈയടിച്ചു ചിരി തുടങ്ങി

സ്ത്രീ ജനത്തോടു തോറ്റ സാമി

യിനിയാരോടെ ജയിക്കുമെന്ന്.'

ഇതു കേട്ട് കലികയറിയ ശിവന്‍ ചൂതെല്ലാം വാരിവലിച്ച് നിലത്തെറിഞ്ഞു. തെറിച്ചുയര്‍ന്ന മണ്ണിന്റെ ശക്തിയില്‍ തിരുവരങ്കത്തെ പാണനാര്‍ വീണുപോയി. അവന്‍ ശിവനെ ശപിച്ചു; 'അടിയനെ എറിഞ്ഞ അങ്ങ് ഇനിയാരേയുമേ എറിയാതാക'. പാണന്‍ തിരുവണ്ണാമലയ്ക്കുപോയി. ശിവനാകട്ടെ ശാപം തട്ടി ആലസ്യപ്പെട്ടു കിടപ്പായി. കന്നിപ്പെണ്ണുങ്ങളുടെ വായ്ക്കുരവ കേട്ടിട്ടും ഏറെ പള്ളിശ്ശംഖുകള്‍ ഒന്നിച്ച് ഊതി വിളിച്ചിട്ടും ശിവന്‍ ഉണര്‍ന്നില്ല. കുറവേലനെ വരുത്തി 'പാറവെച്ചോതിച്ചുനോക്കി'. തിരുവരങ്കരന്റെ ശാപമാണ് ശിവാലസ്യത്തിനു കാരണമെന്നു കണ്ട്, അവനെ കൊണ്ടുവരാനായി ദൂതനെ അയയ്ക്കുന്നു. തിരുവരങ്കന്‍ വന്നെത്തി ഏഴോളം വട്ടം സ്തുതിച്ചപ്പോഴേക്കും ഭഗവാന്‍ ആലസ്യം വിട്ടുണര്‍ന്നു.

'പൊന്നിനെന്ന പീഠമിട്ട്

ഭഗവാനേ അരശിരുത്തി

വെള്ളിയെന്ന തടുക്കുമിട്ട്

ശ്രീപാര്‍വതി കുടിയിരുന്ന്

ഒന്നാകുമേ നാമഗീതമേ

പാടിമെല്ലെ സ്തുതി തുടങ്ങി

രണ്ടോളമേ പാടിയപ്പോള്‍

ശിവശക്തിയേ തെളിവതായി

മൂന്നോളമേ പാടിയപ്പോള്‍

മുമ്മൂര്‍ത്തി മൂവരുമായ്

നാലോളമേ പാടിയപ്പോള്‍

നാരായണ ശക്തിതോന്നി

അഞ്ചോളമേ പാടിയപ്പോള്‍

പഞ്ചഭൂതമേ തെളിഞ്ഞു വന്നു

ആറോളമേ പാടിയപ്പോള്‍

അറിവുള്ള മഹാജനങ്ങള്‍

ഏഴോളമേ പാടിയപ്പോള്‍

എഴുന്നള്ളിയിരുന്നു ഭഗവാന്‍'

പ്രതിഫലമായി എന്തു ധനം വേണം, വരം വേണം എന്ന് പരമശിവന്‍ ചോദിച്ചു:

'നന്നുനന്നേ തിരുവരങ്കാ

ഇത്രനാളുമേ പോകരുത്

പണ്ടു ഞാനോ നിന്നെ തോറ്റി

ഇപ്പം നീയോ നമ്മെയുണര്‍ത്തി

നമ്മെയെതാനുണര്‍ത്തിയവന്

എന്തുതന്നെ വരം കൊടുപ്പാന്‍ ?'

തിരുവരങ്കന്‍ പറഞ്ഞു:

'വലിയോരു തമ്പുരാനേ

ചെറിയോരു വരം തരണേ'.

ശിവന്‍ അവനെ അനുഗ്രഹിച്ചു:

'ഏതുമൊന്നുമേ ഇല്ലാത്തന്ന്

ഏഴുവീടേ തുയിലുണര്

ഞാന്‍ തോറ്റീട്ടുണ്ടിതെടാ

മലനാട്ടിലെ മഹാജനങ്ങളെ

എന്നെയെന്നേ നിനപ്പവര്

വിളക്കുടനെ കൊളുത്തുമെടാ,

അറിയാത്ത പാപികള്

പടിയടച്ച് വിലക്കുമെടാ

വിലക്കും വീട്ടില്‍ മറന്നിട്ടുമേ

എന്റെ നാമമേ സ്തുതിക്കരുത്

ഈ വരമേ തന്നിതെടാ

നിനക്കും നിന്റെ സന്തതിക്കുമേ'

ഇങ്ങനെ ഒരു തുയിലുണര്‍ത്തു പാട്ടില്‍ത്തന്നെ ആ ആലാപനാനുഷ്ഠാനത്തിനാസ്പദമായ പുരാവൃത്തം നിബന്ധിച്ചിട്ടുള്ളതു കാണാം. പാഠഭേദങ്ങളുളള ഈ തുയിലുണര്‍ത്തു പാട്ടിന്റെ ഫലശ്രുതി ഇങ്ങനെയാകുന്നു:

'സന്തതിയേ വര്‍ധിക്കണേ

തറവാടേ രക്ഷ ചെയ്ക

മൂശേട്ടാ പുറത്തു പോക

മഹാലക്ഷ്മിയേ കുടികൊള്ളണേ

ഈശ്വരന്റെ പിണിതീര്‍ന്നപോല്‍

ഇവര്‍ക്കുറ്റം പിണി തീരുക

പാപമായ ദോഷമെല്ലാം

പാടി ഞങ്ങള്‍ പിണി തീര്‍ക്കുമേ.'

ഇങ്ങനെ പാടി നടക്കാന്‍ പാണന്‍മാര്‍ക്ക് സാധിക്കുന്നത് പരമേശ്വരന്റെ വരം കൊണ്ടാണെന്ന് ഈ പുരാവൃത്തം പറയുന്നു. ചില പാട്ടുകളില്‍ ഈ വരം കൊടുക്കുന്നത് വിഷ്ണുവാണ്. എന്നാല്‍ ദേവനാമത്തിലുള്ള മാറ്റമേയുള്ളൂ; കഥ ഒന്നു തന്നെയാണ്. ശ്രീരംഗത്തുകാരന്‍, രാജസദസ്യന്‍ എന്നീ അര്‍ഥങ്ങളിലാണ് തിരുവരങ്കന്‍ എന്ന പേരില്‍ പാണനെ വാഴ്ത്തുന്നത്.

'ഏതുമൊന്നുമേ ഇല്ലാത്ത' കര്‍ക്കടകമാസത്തില്‍ ദുരിതത്തിന്റേയും ക്ഷാമത്തിന്റേയും ദുര്‍ദേവതയായ 'പൊട്ടി' (ചേട്ട-ജ്യേഷ്ഠ)യെ പുറത്താക്കാനും വീടുകളില്‍ ഐശ്വര്യദേവിയായ ശീവോതി (ശ്രീഭഗവതി)യെ കുടിയിരുത്താനുമായി തുയിലുണര്‍ത്തുപാട്ടിനെ ഉച്ചാടന ഗീതമായി പാണന്‍മാര്‍ ഉപയോഗിക്കുന്നു. കര്‍ക്കടകത്തിലെ സംക്രാന്തിനാളുകളില്‍ ഇവര്‍ മധ്യകേരളത്തിലും മലബാറിലുമുള്ള ഗൃഹങ്ങളിലെത്തി തുയിലുണര്‍ത്തുന്നു. 'മൂന്നാഴിയരിക്കും മുമ്മുളം മുണ്ടിനും മുട്ടില്ലാ' തിരിക്കാനാണ് അവര്‍ പാടി നടക്കുന്നത്. പേരാറിന്റേയും പെരിയാറിന്റേയും കരകളിലെ ഗ്രാമങ്ങളില്‍ ഓണക്കാലത്ത് പ്രത്യേകിച്ച്, ഉത്രാടരാത്രിയില്‍ പാണന്‍മാരും പാണത്തികളും സംഘമായി പാടാനിറങ്ങുന്നു. തുടികൊട്ടും പാട്ടും നേരം വെളുക്കുവോളം തുടരും. പാണന്‍മാരുടെ ഈവിധമായ ഓണക്കാലപ്പാട്ടുകളും തുയിലുണര്‍ത്തല്‍ പാട്ടുകളാണ്.

'ഉത്രാടം അന്തിതൊട്ട്

തിരുവോണം പുലര്‍ച്ചെകണ്ട്

എന്നെ നീ കൊട്ടിപ്പാടി

സ്തുതിച്ചു നടന്നോടാ

അറിവുള്ളവരെല്ലാം

വിളക്കുവെച്ച് പാട്ടുകേള്‍ക്കും

അഞ്ചരിയും കറിവെയ്ക്കാന്‍

തരുമെടാ തിരുവരങ്കാ'

പരമശിവന്‍ പാണര്‍ക്കു നല്‍കിയ വരത്തെയാണ് ഈ ഓണപ്പാട്ടിലും സൂചിപ്പിക്കുന്നത്. പുലര്‍കാലപ്പാട്ട് എന്നാണ് ഇതിനെ സി.പി. ഗോവിന്ദപിള്ള വിളിക്കുന്നത് (മലയാളത്തിലെ പഴയ പാട്ടുകള്‍).

കേരളസാഹിത്യചരിത്രം ഒന്നാം വാള്യത്തില്‍ ഉള്ളൂര്‍ ഇതിനെ പാണര്‍ പാട്ടെന്നു വിളിക്കുന്നു. ആര്‍. നാരായണപ്പണിക്കര്‍ കേരള ഭാഷാസാഹിത്യചരിത്രത്തില്‍ തുകിലുണര്‍ത്തല്‍ പാട്ടെന്നാണ് പറയുന്നത്. കേരള സര്‍വകലാശാല മാനുസ്ക്രിപ്റ്റ്സ് ലൈബ്രറിയിലെ തുകിലുണര്‍ത്തല്‍ പാട്ടു ഗ്രന്ഥങ്ങളില്‍ 'രാപ്പാട്ട്'

എന്നും കാണാനുണ്ട്. ഈ നാമകരണങ്ങളെല്ലാം പരസ്പര പൂരകവുമാണ്.

കൃഷ്ണലീല, പൂതനാമോക്ഷം, അഹല്യാമോക്ഷം, നാരായണം പിറവി എന്നിങ്ങനെ പുരാണ സംബന്ധിയായ നാടോടി വഴക്കത്തിലുള്ള ഏറെ പാണപ്പാട്ടുകള്‍ ഉണ്ട്. അക്കൂട്ടത്തില്‍ വിശേഷപ്പെട്ട ഒന്നാണ് തുയിലുണര്‍ത്തല്‍ പാട്ടുകള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍