This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
താന്‍സന്‍ (16-ാം ശ.)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(New page: =താന്‍സന്‍ (16-ാം ശ.)= ഠമിലിെ ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍. ഇദ്ദേഹത്തിന്റെ ജ...)
അടുത്ത വ്യത്യാസം →
08:08, 3 ജൂണ്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
താന്‍സന്‍ (16-ാം ശ.)
ഠമിലിെ
ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍. ഇദ്ദേഹത്തിന്റെ ജനനത്തെപ്പറ്റിയും ബാല്യകാലജീവിതത്തെപ്പറ്റിയും വസ്തുതകളെക്കാളേറെ ഐതിഹ്യങ്ങളാണുള്ളത്. ഗ്വാളിയറിനടുത്തുള്ള ബേഹത് എന്ന ഗ്രാമത്തിലാണ് ജനിച്ചതെന്ന് ചരിത്രകാരന്മാര്‍ അംഗീകരിച്ചിട്ടുണ്ട്. 1506-ലാണ് ജനനം എന്നും അതല്ല, 1531-32-ലാണെന്നും അഭിപ്രായമുണ്ട്. പിതാവ് മകരന്ദപാണ്ഡേ. ഗൌഡസാരസ്വതബ്രാഹ്മണനായ അദ്ദേഹത്തിന് സന്താനദുഃഖം ഏറിയപ്പോള്‍ മുഹമ്മദ് ഖൌസ് എന്ന സൂഫിയുടെ ദിവ്യാനുഗ്രഹത്താലാണ് താന്‍സന്‍ ജനിച്ചതെന്ന് ഒരൈതിഹ്യമുണ്ട്. മിയാന്‍ താന്‍സന്‍ എന്നതാണ് പൂര്‍ണ നാമധേയം.
രാജാ മാന്‍സിങ് തൊമര്‍ സ്ഥാപിച്ച ഗ്വാളിയര്‍ സ്കൂള്‍ ഒഫ് മ്യൂസിക്കിലായിരുന്നു താന്‍സന്‍ ആദ്യകാലത്ത് സംഗീതപഠനം നടത്തിയിരുന്നത്. പിന്നീട് വൃന്ദാവനത്തിലെ യതിവര്യനും സംഗീതാചാര്യനുമായ സ്വാമി ഹരിദാസിന്റെ ശിഷ്യത്വം സ്വീകരിച്ചു. കൌമാരത്തില്‍ത്തന്നെ താന്‍സന്‍ അസാമാന്യമായ ആലാപനപാടവം പ്രദര്‍ശിപ്പിച്ചുകൊണ്ട്, ഏറെ പ്രസിദ്ധനായി. ജന്മസിദ്ധമായ ആ ആലാപനവൈഭവത്തെപ്പറ്റിയും ഐതിഹ്യങ്ങള്‍ ധാരാളമുണ്ട്. പക്ഷിമൃഗാദികളുടെ ശബ്ദം തനിമയോടെ അവതരിപ്പിക്കുക ബാലനായ താന്‍സന്റെ വിനോദങ്ങളില്‍ ഒന്നായിരുന്നു എന്നാണ് അത്തരം കഥകളിലൊന്ന്.
ചെറുപ്പത്തില്‍ത്തന്നെ താന്‍സന്‍, രേവയിലെ മഹാരാജാവായ രാജാ രാമചന്ദ്രബാംഖേലിന്റെ കൊട്ടാരം ഗായകന്മാരിലൊരാളായി. ആ രാജാവാണത്രെ 'താന്‍സന്‍'എന്ന പേരിട്ടത്. ഗ്വാളിയര്‍ രാജാവായ മാന്‍സിങ് തൊമറിന്റെ സദസ്സിനെയാണ് താന്‍സന്‍ പിന്നീടലങ്കരിച്ചത്. അവിടെ വച്ച് രാജപത്നിയും സംഗീത വിദുഷിയുമായ മൃഗനയിനിയുമായി താന്‍സന്‍ അടുപ്പത്തിലായി. വൈകാതെ മൃഗനയിനിയുടെ തോഴി ഹുസൈനിയും അദ്ദേഹത്തിന്റെ പ്രേമപാത്രമായി. ആ പ്രണയസാക്ഷാത്കാരത്തിനായാണ് താന്‍സന്‍ ഇസ്ളാംമതം സ്വീകരിച്ചത് എന്ന ഐതിഹ്യത്തിനാണ് ഏറെ പ്രചാരം.
1562-ല്‍ താന്‍സന്റെ പ്രശസ്തി മുഗള്‍ചക്രവര്‍ത്തിയായ അക് ബറുടെ ചെവിയിലുമെത്തി. അക്ബര്‍ താന്‍സനെ തന്റെ ആസ്ഥാനസംഗീതജ്ഞരില്‍ ഒരാളാക്കി. അപ്പോള്‍ അക്ബറുടെ സദസ്സില്‍ പ്രസിദ്ധരായ 35 സംഗീതജ്ഞര്‍ ഉണ്ടായിരുന്നു. 27 വര്‍ഷക്കാലം അക്ബറുടെ സദസ്സിനെ അലങ്കരിച്ച താന്‍സന്‍ അവിടത്തെ 'നവര ത്ന'ങ്ങളില്‍ ഒരാളായും അറിയപ്പെട്ടു. താന്‍സനെ അക്ബര്‍ തന്റെ ആസ്ഥാനഗായകനാക്കുന്നതിനു കാരണമായി പ്രചാരം നേടിയിട്ടുള്ള ഐതിഹ്യങ്ങള്‍ പലതും അതിശയോക്തി കലര്‍ന്നവയാണ് - അവയില്‍ താന്‍സന്‍ പാട്ടുപാടി മഴപെയ്യിച്ചതായും പാട്ടുപാടി വിളക്കു കത്തിച്ചതായും ഉള്ള കഥകളുണ്ട്. അക്ബര്‍ താന്‍സന് 'സര്‍' എന്നതിനു സമാനമായ 'മിയാ'എന്ന പദവിയും നല്കിയിരുന്നു.
ആലാപനത്തിലെന്നപോലെ സംഗീതരചനയിലും താന്‍സന്‍ ഒരിതിഹാസപുരുഷനായിരുന്നു. ഇദ്ദേഹം രചിച്ചിട്ടുള്ള ധ്രുപദ് കൃതികളിലൂടെയാണ് ധ്രുപദസംഗീതവും ഹിന്ദുസ്ഥാനി സംഗീതമാകെത്തന്നെയും നവോത്ഥാനശോഭയാര്‍ജിച്ചത്. ഇസ്ളാം മതാനുയായി ആയിയെങ്കിലും താന്‍സന്റെ ധ്രുപദരചനകളില്‍ ഏറെയും ഹൈന്ദവാരാധനാമൂര്‍ത്തികളുമായി ബന്ധപ്പെട്ടവ ആയിരുന്നു. സാത്വികമായ ഭക്തിഭാവം ഓരോ വരിയിലും മുഴക്കിക്കേള്‍പ്പിച്ച ആ കൃതികളില്‍ രാധാകൃഷ്ണന്മാരുടേയും ശിവപാര്‍വതിമാരുടേയും ഒക്കെ സന്തതസാന്നിധ്യം ഉണ്ടായിരുന്നു. ചില രാഗങ്ങള്‍ക്ക് പേര്‍ഷ്യന്‍ സംഗീതഭാവങ്ങളുടെ സ്വാംശീകരണത്തിലൂടെ രൂപമാറ്റം വരുത്തി എന്ന കാരണത്താല്‍ താന്‍സനെ എതിര്‍ത്ത യാഥാസ്ഥിതിക ഹിന്ദുക്കള്‍ പോലും ഇദ്ദേഹത്തെ ധ്രുപദകൃതികളുടെ പേരില്‍ അംഗീകരിക്കുകയുണ്ടായി. ആഢ്യക്ഷത്രിയനായ ഹുശായ് മഹാരാജാവ് വല്ലഭപതി ക്ഷേത്രത്തില്‍ ഗാനാരാധന നടത്താന്‍ അഹിന്ദുവായ താന്‍സന് അനുമതി നല്കിയ സംഭവം ഇതിനുദാഹരണമാണ്. ഹൈന്ദവ പശ്ചാത്തലത്തിലുള്ള രചനകള്‍ക്കു പുറമേ മുസ്ളിം സൂഫിമാരെക്കുറിച്ചുള്ള നിരവധി രചനകളും താന്‍സന്‍ നടത്തിയിട്ടുണ്ട്. തന്റെ സംരക്ഷകരായ അക്ബര്‍, രാജാരാമചന്ദ്ര തുടങ്ങിയ രാജാക്കന്മാരുടെ അപദാനകീര്‍ത്തനങ്ങളാണ് താന്‍സന്റെ ധ്രുപദരചനകളില്‍ മറ്റുള്ളവ. ധ്രുപദസംഗീതം പരിപക്വമായത് താന്‍സനിലൂടെയാണ് എന്നനുമാനമുണ്ട്.
വ്രജഭാഷയിലാണ് ഇദ്ദേഹം തന്റെ രചനകള്‍ നിര്‍വഹിച്ചത്. ഭാവത്തിലും സാഹിത്യഭംഗിയിലും അവ ഒരുപോലെ മികവു പുലര്‍ത്തിയിരുന്നു. കൃതികള്‍ക്കൊപ്പം ഏതാനും രാഗങ്ങളും താന്‍സന്‍ സൃഷ്ടിക്കുകയുണ്ടായി-മിയാന്‍ കി തോഡി, മിയാന്‍ കി സാരംഗ്, മിയാന്‍ കി മല്‍ഹാര്‍, ദര്‍ബാരി കാനഡ തുടങ്ങിയവ ഉദാഹരണങ്ങളാണ്. ഇതിനുപുറമേ, നിലവിലുള്ള മറ്റനവധി രാഗങ്ങളില്‍ ചെറിയ വ്യതിയാനം വരുത്തുകയും ചെയ്തിട്ടുണ്ട്. ആകെ 12 രാഗങ്ങളാണ് താന്‍സന്‍ ഹിന്ദുസ്ഥാനി സംഗീതലോകത്തിന് സംഭാവന ചെയ്തിട്ടുള്ളത്.
ഇദ്ദേഹം രചിച്ച സംഗീതശാസ്ത്രസംബന്ധിയായ ഗ്രന്ഥങ്ങളാണ് സംഗീതസാരവും രാഗമാലയും. ധ്രുപദസംഗീതത്തിനെന്ന പോലെ ദീപക് എന്ന സംഗീതശാഖയ്ക്കും താന്‍സന്‍ വിലപ്പെട്ട സംഭാവനകള്‍ നല്കുകയുണ്ടായി. 'സേനിയ ഘരാന'യുടെ പ്രാരംഭകന്‍ എന്ന നിലയില്‍ ഇദ്ദേഹം ഹിന്ദുസ്ഥാനി സംഗീതത്തിനു നല്കിയ സേവനം ആദരണീയമാണ്.
1589 ഏ. 26-ന് താന്‍സന്‍ ദിവംഗതനായി. അവസാന നിമിഷത്തില്‍ അക്ബറും ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ലാഹോ റില്‍ വച്ചായിരുന്നു അന്ത്യം. ലാഹോറില്‍ രാജകീയ ബഹുമതിക ളോടെയായിരുന്നു താന്‍സന്റെ അന്ത്യകര്‍മങ്ങള്‍ നടന്നത്. കുറേ ക്കാലം കഴിഞ്ഞ് താന്‍സന്റെ ഭൌതികശരീരം ലാഹോറില്‍ നിന്ന് ഗ്വാളിയറിലേക്കു കൊണ്ടുവന്ന് അടക്കം ചെയ്തു. ഗ്വാളിയറിലെ ആകര്‍ഷകമായ ആ കബറിടം സംഗീത തീര്‍ഥാടകരുടെ പുണ്യ സ്ഥാനങ്ങളിലൊന്നാണ്. അതിനടുത്തു നില്ക്കുന്ന പുളിമരത്തിന്റെ ഇല തൊണ്ടയില്‍ നിന്ന് നല്ല നാദം പുറപ്പെടുന്നതിനുള്ള ദിവ്യൌഷധമായി കരുതപ്പെടുന്നു. ഇവിടത്തെ ശവകുടീരത്തിനരികെ എല്ലാവര്‍ഷവും മഞ്ഞുകാലത്ത് സംഗീതാരാധന നടത്തുന്ന പതിവുണ്ടായിരുന്നു. ഇത് ഇപ്പോള്‍ 'ഗ്വാളിയര്‍ താന്‍സന്‍ സംഗീത് സമാരോഹ്' എന്ന സംഗീതമഹോത്സവമായി മാറിയിരിക്കുന്നു. പണ്ഡിത് ഭാട്ട് ഖണ്ഡേയാണ് ഈ സംഗീതോത്സവത്തിനു തുടക്കം കുറിച്ചത്.
താന്‍സന്റെ മരണം ഹിന്ദുസ്ഥാനി സംഗീതത്തിന് പുതിയൊരു രാഗം കൂടെ സമ്മാനിച്ചു. ഇദ്ദേഹത്തിന്റെ ചരമശുശ്രൂഷയ്ക്കായി മകന്‍ ബിലാസ്ഖാന്‍ ചിട്ടപ്പെടുത്തിയ രാഗം ഇന്ന് 'ബിലാസ്ഖാനി തോഡി' എന്നറിയപ്പെടുന്നു.
ഹിന്ദുസ്ഥാനിസംഗീതം താന്‍സനെ 'സംഗീതസമ്രാട്ട്' എന്നാണ് വിശേഷിപ്പിച്ചുപോരുന്നത്.