This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
താജ്, പി.എം. (1956 - 90)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(New page: =താജ്, പി.എം. (1956 - 90)= മലയാള നാടകകൃത്ത്. പി.എം.ആലിക്കോയയുടേയും കെ.ടി.ആസ്യയുട...)
അടുത്ത വ്യത്യാസം →
07:04, 3 ജൂണ്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
താജ്, പി.എം. (1956 - 90)
മലയാള നാടകകൃത്ത്. പി.എം.ആലിക്കോയയുടേയും കെ.ടി.ആസ്യയുടേയും പുത്രനായി 1956 ജനു. 3-ന് കോഴിക്കോട്ട് ജനിച്ചു. ഗുജറാത്തി ഹൈസ്കൂളിലും ഗുരുവായൂരപ്പന്‍ കോളജിലുമായിരുന്നു വിദ്യാഭ്യാസം. അമ്മാവന്‍ പ്രശസ്ത നാടകകൃത്തായ കെ.ടി.മുഹമ്മദാണ്. എന്നാല്‍ അദ്ദേഹത്തിന്റേതില്‍ നിന്ന് വ്യത്യസ്തമായ ഒരു നാടക സങ്കല്പമാണ് താജിന് കൌമാരം തൊട്ടുതന്നെ ഉണ്ടായിരുന്നത്. താജിനെ ഏറെ ശ്രദ്ധേയനാക്കിയ നാടകം അടിയന്തരാവസ്ഥയെത്തുടര്‍ന്നെഴുതിയ പെരുമ്പറ(1977)യാണ്. ഇരുപതാം വയസ്സിലെഴുതിയ ആ നാടകം അടിസ്ഥാന ജനവര്‍ഗത്തിന്റെ ആകുലതകളുടേയും പ്രതിഷേധത്തിന്റേയും ശക്തമായ വിളംബരമായിരുന്നു. കൊട്ടിയറിയിക്കാന്‍ പെരുമ്പറ കാണാഞ്ഞ് സ്വന്തം നെഞ്ചത്ത് കൊട്ടി നാടകത്തിനു തുടക്കം കുറിക്കുന്ന സൂത്രധാരനില്‍ തുടങ്ങി ഒട്ടേറെ ധീരനൂതനപരീക്ഷണങ്ങള്‍ ഈ കന്നി നാടകത്തിലുണ്ടായിരുന്നു. തുടര്‍ന്ന് കനലാട്ടം എന്ന നാടകമെഴുതി. ബ്രെഹ്തിന്റേയും ഗ്രോട്ടോവ്സ്കിയുടേയും നാടകസങ്കേതങ്ങളോട് ആത്മബന്ധം പുലര്‍ത്തുന്ന അതിശക്തനായൊരു നാടകകൃത്തിനെയാണ് കനലാട്ടം മലയാളത്തിന് സമ്മാനിച്ചത്. പെരുമ്പറയും കനലാട്ടവും സംവിധാനം ചെയ്തത് കെ.ആര്‍.മോഹന്‍ ദാസ് ആയിരുന്നു. രാവുണ്ണി, കുടുക്ക അഥവാ വിശക്കുന്നവന്റെ വേദാന്തം, പാവത്താന്‍ നാട് എന്നിവയാണ് തുടര്‍ന്നുവന്ന അതിശക്തമായ താജ് നാടകങ്ങള്‍. തലസ്ഥാനത്തുനിന്ന് ഒരു വാര്‍ത്തയുമില്ല, മേരിലോറന്‍സ്, കുടിപ്പക, കണ്‍കെട്ട്, സ്വകാര്യം എന്നിവയും താജിന്റെ ശ്രദ്ധേയമായ രചനകളാണ്. രാവുണ്ണി കടക്കെണിയില്‍ കുടുങ്ങി നരകിക്കുന്നവന്റെ കഥയാണ്. മലയാളത്തിലെ കരുത്തുറ്റ രാഷ്ട്രീയ നാടകങ്ങളിലൊന്നാണിത്. പട്ടിണിയാണ് ജീവിതത്തിന്റെ അടിസ്ഥാന പ്രശ്നങ്ങളിലൊന്ന് എന്നാണ് കുടുക്ക വിളംബരം ചെയ്യുന്നത്.
ഒരു ഭാഗത്ത് പ്രൊഫഷണല്‍ നാടകങ്ങളും മറുഭാഗത്ത് സാമാന്യ ജനതയില്‍ നിന്നകന്നുനിന്ന തനതു പരീക്ഷണങ്ങളും ശക്തിപ്രാപിച്ചുനിന്ന ഒരു ഘട്ടത്തിലാണ് താജ് മൌലികവും കലാപരമായി ഔന്നത്യം പുലര്‍ത്തുന്നതുമായ നാടകങ്ങളുമായി രംഗത്തുവന്നത്. തെരുവു നാടക പ്രസ്ഥാനത്തിന്റെ ശക്തിയും സൌന്ദര്യവും മലയാള നാടകത്തില്‍ ഓജസ്സോടെ പകര്‍ത്തിയ താജിനെ നാടക വിമര്‍ശകര്‍ 'കേരളത്തിലെ സഫ്ദര്‍ഹശ്മി' എന്ന് വിശേഷിപ്പിച്ചട്ടുണ്ട്. സഫ്ദര്‍ഹശ്മിയുടെ ഒട്ടേറെ തെരുവുനാടകങ്ങള്‍ കേരളത്തില്‍ അവതരിപ്പിക്കുന്നതിന് നേതൃത്വം കൊടുത്തിട്ടുള്ളത് താജ് ആണ്. പില്ക്കാലത്ത് കച്ചവട നാടകങ്ങളിലേക്കും സിനിമയിലേക്കും തിരിഞ്ഞു. ഏഴോളം പ്രൊഫഷണല്‍ നാടകങ്ങളും എഴുതി. സിനിമകള്‍ക്ക് തിരക്കഥയും രചിച്ചിട്ടുണ്ട്. കെ.ടി.മുഹമ്മദിന്റെ സൃഷ്ടി, ഇതു ഭൂമിയാണ് എന്നീ നാടകങ്ങളിലൂടെ നടന്‍ എന്ന നിലയിലും താജ് തന്റെ കഴിവ് പ്രകടിപ്പിച്ചു. ഉറക്കം, ഓര്‍ക്കുന്നുവോ നമ്മള്‍, ഒഴിഞ്ഞ ചട്ടിയില്‍ ഉണരുന്ന പക തുടങ്ങിയ ചില കവിതകളും ഇദ്ദേഹം രചിച്ചു. ആഹ്വാനം, യുവധാര എന്നീ മാസികകളുടെ വര്‍ക്കിങ് എഡിറ്ററുമായിരുന്നു.
കേരളത്തിലെ തെരുവു നാടക പ്രസ്ഥാനത്തിലെ കരുത്തനായ എഴുത്തുകാരനും ദേശാഭിമാനി സ്റ്റഡി സര്‍ക്കിളിന്റേയും പുരോഗമന കലാസാഹിത്യസംഘത്തിന്റേയും സജീവ പ്രവര്‍ത്തകനുമായിരുന്നു. കനലാട്ടം എന്ന നാടകം ഇദ്ദേഹത്തിന് കേരള സംഗീത നാടക അക്കാദമി പുരസ്ക്കാരം (1979) നേടിക്കൊടുത്തു. കുടുക്കയ്ക്ക് 1983-ലെ ചെറുകാട് ശക്തി സ്മാരക അവാര്‍ഡ് ലഭിച്ചു. താജ് 1990 ജൂല. 29-ന് 34-ാമത്തെ വയസ്സില്‍ അന്തരിച്ചു.