This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തളം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(New page: =തളം= ഔഷധ ദ്രവ്യങ്ങള്‍ അരച്ചുരുട്ടി ആവശ്യമുള്ള അളവില്‍ വൃത്താകൃതിയി...)
അടുത്ത വ്യത്യാസം →
06:28, 3 ജൂണ്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
തളം
ഔഷധ ദ്രവ്യങ്ങള്‍ അരച്ചുരുട്ടി ആവശ്യമുള്ള അളവില്‍ വൃത്താകൃതിയിലാക്കി തലയില്‍ വയ്ക്കുന്ന ആയുര്‍വേദ ചികിത്സാരീതി. മസ്തിഷ്കത്തിനും പഞ്ചേന്ദ്രിയങ്ങള്‍ക്കും ഉണര്‍വുണ്ടാകുന്നതിന് തളം സഹായകമാണ്. ശിരോരോഗചികിത്സയിലും പിഴിച്ചില്‍, ഞവരക്കിഴി തുടങ്ങിയ ചികിത്സാ സമ്പ്രദായങ്ങളിലും നിറുകയില്‍ തളം വയ്ക്കാറുണ്ട്. രോഗത്തിനും രോഗിയുടെ ശരീരപ്രകൃതിക്കുമനുസരിച്ച് തളം വയ്ക്കാന്‍ ഉപയോഗിക്കുന്ന ദ്രവ്യങ്ങള്‍ വ്യത്യസ്തമായിരിക്കും. ബാഹ്യമായി സ്നേഹം ഉപയോഗിക്കുന്നതില്‍ ഏറ്റവും വിശിഷ്ടമായ പ്രയോഗം ശിരോവസ്തിയാണ്. ശിരോവസ്തിയുടെ അത്ര പ്രാധാന്യമില്ലെങ്കിലും മൂര്‍ധതൈലങ്ങളില്‍ ഗുണകരമായ ഒരു സമ്പ്രദായമാണ് തളം. ശിരോവസ്തിക്കു സമാനമായാണ് രോഗിയെ ചികിത്സയ്ക്കു തയ്യാറാക്കുന്നത്. തുടര്‍ന്ന് കാറ്റിന്റെ ശല്യമില്ലാത്ത ഒരു സ്ഥലത്ത് കിഴക്കോട്ടു തിരിച്ചിരുത്തി തളം വയ്ക്കുന്നു. ദോഷ കോപം നോക്കി രോഗത്തിന് അനുകൂലമായ വിധത്തില്‍ സംസ്കരിച്ച ദ്രവ്യങ്ങള്‍കൊണ്ട് തളം വയ്ക്കുന്നത് ഫലം ചെയ്യും എന്ന് ആയുര്‍വേദം അനുശാസിക്കുന്നു. ഏറ്റവും വിശേഷപ്പെട്ട തളങ്ങളാണ് നെല്ലിക്കാത്തളവും വെണ്ണത്തളവും.
നെല്ലിക്കാത്തളം. ഒരു കൊല്ലം പഴക്കം ചെന്ന നെല്ലിക്കാത്തോട് മൂന്നു പലം, ചന്ദനപ്പൊടി മൂന്നു കഴഞ്ച്, ഇരുവേലി, രാമച്ചം, മുത്തങ്ങാക്കിഴങ്ങ്, പുളിഞരമ്പ്, കൊട്ടം, കരിഞ്ചീരകം, ഇരട്ടിമധുരം, ആവണക്കിന്‍കുരുപരിപ്പ്, കടുകുരോഹിണി എന്നിവ മുക്കാല്‍ കഴഞ്ചു വീതം-എല്ലാംകൂടി വെള്ളം ചേര്‍ക്കാത്ത മുന്നാഴി മോരില്‍ പുഴുങ്ങി വറ്റിച്ചുവച്ച് പിറ്റേന്നു രാവിലെ അരച്ചുരുട്ടി വേണ്ടത്ര വലുപ്പത്തില്‍ പരത്തി നിറുകയില്‍ വയ്ക്കുന്നതാണ് നെല്ലിക്കാത്തളം.
വെണ്ണത്തളം. പശുവിന്‍വെണ്ണ ഒരു പുതിയ മണ്‍ചട്ടിയില്‍ പരത്തി നീരുവറ്റിച്ചെടുത്ത് അതില്‍ സമം കുറുന്തോട്ടിപ്പൊടി ചേര്‍ത്തു യോജിപ്പിച്ച് പരത്തിയാണ് വെണ്ണത്തളം തയ്യാറാക്കുന്നത്.
ഉന്മാദരോഗങ്ങള്‍, വാതരോഗങ്ങള്‍, കാസം, പീനസം, സന്നിപാതജ്വരം എന്നിവയ്ക്ക് യഥാവിധി തളം വച്ചാല്‍ രോഗശാന്തി ഉണ്ടാകുന്നതാണ്.
ഉന്മാദരോഗത്തിനുളള തളം. കാഞ്ഞിരപ്പഴത്തിന്റെ തോട് ഗോമൂത്രം ചേര്‍ത്ത് നന്നായരച്ച് മാതളം കുരുകളഞ്ഞതും ചേര്‍ത്ത് ഒന്നുകൂടി അരച്ചു മുറുക്കിയെടുത്ത് മൂര്‍ധാവില്‍ കനമായി കുഴമ്പിടുക. ഒരു മണിക്കൂര്‍ കഴിഞ്ഞ് ഇത് എടുത്തുകളയാം. ഇപ്രകാരം 14 ദിവസം ആവര്‍ത്തിക്കുന്നത് എല്ലാവിധ ഉന്മാദത്തിനും ഫലപ്രദമാണ്. താമരക്കിഴങ്ങ് അരച്ചുണക്കി പൊടിച്ചതും ജലം വറ്റിച്ച് എടുത്ത വെണ്ണയും കൂട്ടി മര്‍ദിച്ചു നിറുകയില്‍ കനത്തില്‍ തളം ഇടുന്നതും ചന്ദനം മുലപ്പാലില്‍ അരച്ച് പച്ചക്കര്‍പ്പൂരം ചേര്‍ത്ത് നിറുകയില്‍ തളം ഇടുന്നതും ഉന്മാദഹരമാണ്. ഉന്മാദത്തിന് മറ്റു തളങ്ങളും പ്രയോഗത്തിലുണ്ട്.
വാതരോഗത്തിനുളള തളം. തൃണപഞ്ചമൂലം, ദശമൂലം ഇവ കഷായം വച്ച് പാല് ചേര്‍ത്തു കാച്ചി ഉറ വീഴ്ത്തി കടഞ്ഞെടുത്ത വെണ്ണ, നീര്‍ വറ്റിച്ച കുറിന്തോട്ടിപ്പൊടി, അമുക്കിരപ്പൊടി, സഹസ്രവേധിപ്പൊടി എന്നിവയും മുലപ്പാലും ചേര്‍ത്ത് കൂട്ടി തളം വയ്ക്കുന്നത് മിക്കവാറുമുള്ള എല്ലാ വാതരോഗങ്ങള്‍ക്കും ഫലപ്രദമാണെന്ന് ആയുര്‍വേദം അനുശാസിക്കുന്നു.
കാസത്തിനുളള തളം. ബാലകാസം ശമിക്കുന്നതിന് കരളകത്തിലയും കാര്‍ത്തോട്ടി ഇലയും അരച്ച് ആവണക്കെണ്ണയില്‍ ചേര്‍ത്ത് നിറുകയില്‍ തളം വയ്ക്കുന്നത് നല്ലതാണ്.
പീനസത്തിനുളള തളം. ജീരകം, മുത്തങ്ങ, അരത്ത ഇവ സമം പൊടിച്ച് ചതകുപ്പ പൊടിച്ചിട്ട് മൂപ്പിച്ച ആവണക്കെണ്ണയില്‍ ചാലിച്ച് തളം വയ്ക്കണം. ഈ തളം രാത്രിയില്‍ വച്ച് വെളുപ്പിന് തുടച്ചു കളയണം. ചതകുപ്പയ്ക്കു പകരം കടുക്കത്തോട്, ദേവതാരം, തകരം എന്നിവ പൊടിച്ചിട്ട് മുറുക്കിയ ആവണക്കെണ്ണയും തളത്തിന് ഉപയോഗിക്കാം.
സന്നിപാത ജ്വരത്തിന്റെ ചികിത്സയ്ക്കുള്ള തളം. ജ്വരമുള്ളപ്പോള്‍ തലവേദന ശക്തമായി ഉണ്ടായിരിക്കാമെന്നുള്ളതുകൊണ്ട് ഉചിതമായ തളം നിറുകയില്‍ വയ്ക്കുന്നത് നല്ലതാണ്. അത് മസ്തിഷ്കത്തിനും പഞ്ചേന്ദ്രിയങ്ങള്‍ക്കും ഉണര്‍വുണ്ടാകുന്നതിന് ഉപകരിക്കും. ബൃഹത്കചോലാദി ചൂര്‍ണമോ രാസ്നാദിചൂര്‍ണമോ ചെറുനാരങ്ങാനീരില്‍ കലക്കി കുറുക്കി ആറിച്ച ശേഷം തളം വയ്ക്കാവുന്നതാണ്. അബോധാവസ്ഥയോ സന്നിയോ ഉണ്ടായാല്‍ കോഴിത്തളം ആണ് ഉപയോഗിക്കുന്നത്. ചെന്നിനായകം, പൂതിയുണര്‍ത്തി, ചന്ദനം, ഇരട്ടിമധുരം, അയമോദകം, കാവിമണ്ണ്, കരിഞ്ചീരകം എന്നിവ സമാംശം പൊടിച്ച് കോഴിച്ചോരയും മുലപ്പാലും ചേര്‍ത്തരച്ച് ഉണക്കിപ്പൊടിച്ച് സൂക്ഷിക്കാവുന്നതാണ്. ഇതില്‍ നിന്നും കുറേശ്ശേ പൊടിയെടുത്ത് വേപ്പെണ്ണയില്‍ ചാലിച്ചു ചൂടാക്കി ആറിയ ശേഷം തളം വയ്ക്കുന്നതാണ് ചികിത്സ.