This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തലാക്ക്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(New page: =തലാക്ക്= ഇസ്ളാംമത നിയമപ്രകാരം പുരുഷന്‍ നടത്തുന്ന വിവാഹമോചനം. തലാക്ക...)
അടുത്ത വ്യത്യാസം →
10:03, 2 ജൂണ്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
തലാക്ക്
ഇസ്ളാംമത നിയമപ്രകാരം പുരുഷന്‍ നടത്തുന്ന വിവാഹമോചനം. തലാക്ക് എന്ന അറബിപദത്തിന്റെ അര്‍ഥം കെട്ടഴിക്കുക എന്നതാണ്. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ ഒരുവിധത്തിലും യോജിക്കുവാന്‍ നിവൃത്തിയില്ലാതാവുകയും തന്റെ ജീവിതം നശിപ്പിക്കുന്നതും എത്ര ഉപദേശിച്ചാലും മറ്റു നടപടികളിലൂടെയും ഭാര്യയെ നേര്‍വഴിക്കു കൊണ്ടുവരാന്‍ സാധിക്കാതെ വരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇസ്ളാം തലാക്കിന് അനുവദിക്കുന്നത്.
സംയോഗത്തില്‍ താത്പര്യമില്ലാതിരിക്കുക, ഭാര്യയോടുള്ള കട മകള്‍ നിര്‍വഹിക്കാന്‍ സാധ്യമല്ലാത്തവനാവുക, അവളോടു സ്നേഹക്കുറവു തോന്നുക, അവള്‍ സദാചാരനിഷ്ഠയില്ലാത്തവളായിരിക്കുക തുടങ്ങിയ കാരണങ്ങളാല്‍ പുരുഷന് സ്ത്രീയെ തലാക്കു ചെയ്യാമെന്നതാണ് നിയമം. ദുര്‍ബല ഹൃദയനായ മനുഷ്യന് ചില സാഹചര്യങ്ങളില്‍ ജീവിതപങ്കാളിയുമായി സഹകരിച്ചു പോകുന്നതിനു കഴിഞ്ഞില്ലെന്നു വരാം. ആ സാഹചര്യത്തില്‍ പ്രസ്തുത ബന്ധത്തെക്കുറിച്ച് പുനരാലോചനയ്ക്കുള്ള മാര്‍ഗം ഇസ്ളാം തുറന്നിടുന്നു. അതത്രെ തലാക്ക് അഥവാ വിവാഹമോചനം. എന്നാല്‍ തീരുമാനത്തിനുമുമ്പ് ഏതെങ്കിലും നടപടികളിലൂടെ ബന്ധം നന്നാക്കിയെടുക്കാന്‍ ശ്രമിക്കണമെന്ന് ഖുര്‍ആന്‍ നിര്‍ദേശിക്കുന്നുണ്ട്.
ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ഭിന്നതകള്‍ എപ്പോഴും നല്ല നിലയില്‍ അവസാനിക്കണമെന്നില്ല. ഇസ്ളാമിക ദൃഷ്ടിയില്‍ ദൈവത്തിന്റേയും ദൈവദൂതന്റേയും ആജ്ഞകള്‍ക്കെതിരല്ലാത്ത എല്ലാ കാര്യങ്ങളിലും ഭര്‍ത്താവിനെ അനുസരിക്കുകയെന്നത് ഭാര്യയുടെ കടമയാണ്. മനുഷ്യസഹജമായ ദൌര്‍ബല്യങ്ങളാല്‍ അവള്‍ അനുസരണക്കേട് കാണിക്കുകയും ഭര്‍ത്താവിനെ വേദനിപ്പിക്കുകയും ചെയ്തെന്നു വരാം. ഈ സന്ദര്‍ഭത്തില്‍ മൂന്ന്തരത്തിലുള്ള പരിഹാരമാര്‍ഗങ്ങള്‍ അവലംബിച്ചുകൊണ്ട് അവരെ നല്ലനിലയില്‍ കൊണ്ടുവരാനാണ് ഇസ്ളാം കല്പിക്കുന്നത്. 'അനുസരണക്കേട് കാണിക്കുന്നതിനെക്കുറിച്ച് നിങ്ങള്‍ക്കു ഭയമുള്ള ഭാര്യമാരാണെങ്കില്‍ അവരെ ഉപദേശിക്കുക; ശയന മുറിയില്‍ അവരില്‍ നിന്നും വിട്ടുനില്‍ക്കുക; അവരെ അടിക്കുക' (വി.ഖു.4:34).
ഈ മൂന്ന് പരിഹാരമാര്‍ഗങ്ങള്‍ പരീക്ഷിച്ചിട്ടും ഫലപ്രദമല്ലെ ങ്കില്‍ നാലാമതൊരു മാര്‍ഗവും വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നു. 'അവര്‍ക്കിടയിലുള്ള ഭിന്നത നിങ്ങള്‍ ഭയപ്പെടുന്നുവെങ്കില്‍ അവന്റെ കുടുംബത്തില്‍ നിന്നും അവളുടെ കുടുംബത്തില്‍ നിന്നും ഓരോ വിധികര്‍ത്താവിനെ നിയോഗിക്കുക. രണ്ടുകൂട്ടരും അനുരഞ്ജനമാണുദ്ദേശിക്കുന്നതെങ്കില്‍ അവര്‍ക്കിടയില്‍ ദൈവം യോജിപ്പിനു വഴിയൊരുക്കുന്നതാണ്. നിശ്ചയം, ദൈവം സര്‍വജ്ഞനും സൂക്ഷ്മജ്ഞനുമാണ്' (വി.ഖു.435). മധ്യസ്ഥശ്രമത്തിന് പുരുഷന്റെ ഭാഗത്തുനിന്നും സ്ത്രീയുടെ ഭാഗത്തുനിന്നും അനുയോജ്യരായ ഓരോരുത്തരെ ഇടപെടുത്തി പ്രശ്നപരിഹാരത്തിനു ശ്രമിക്കണമെന്നു ചുരുക്കം. ഈ മാര്‍ഗങ്ങളിലൂടെയൊന്നും യോജിപ്പിനു സാധ്യതയില്ലാതെ വരുന്ന പക്ഷം മാത്രമാണ് വിവാഹമോചനം അഥവാ തലാക്ക് നിയമപരമായി പ്രയോഗിക്കാവുന്നത്.
വിവാഹമോചനത്തെ ഒരു നിലയ്ക്കും ഇസ്ളാം പ്രോത്സാഹിപ്പി ക്കുന്നില്ല. പ്രവാചകന്റെ വചനങ്ങളില്‍ അനുവദിക്കപ്പെട്ട കാര്യങ്ങളില്‍ ദൈവത്തിന് ഏറ്റവുമധികം കോപമുണ്ടാക്കുന്നത് വിവാഹമോചനമാണ്.'നിങ്ങള്‍ വിവാഹം ചെയ്യുക, വിവാഹമോചനം നടത്താതിരിക്കുക, ഇണകളെ മാറി മാറി രുചിച്ചു നോക്കുന്ന പുരുഷനേയും സ്ത്രീയേയും ദൈവം ഇഷ്ടപ്പെടുകയില്ല.'നിങ്ങള്‍ വിവാഹിതരാകുക, വിവാഹമോചനം അരുത്. എന്തുകൊണ്ടെന്നാല്‍ വിവാഹമോചനം നടക്കുമ്പോള്‍ അരിഷ്(ദൈവസിംഹാസനം) വിറയ്ക്കുന്നതാണ്' എന്നീ ഹദീസുകള്‍ ഇതിനുദാഹരണമാണ്.
മറ്റുള്ളവരുടെ പ്രേരണമൂലമോ ഭീഷണിമൂലമോ ലഹരിബാധ യാലോ ചെയ്യുന്നതൊന്നും ഇസ്ളാമിക ദൃഷ്ടിയില്‍ ശരിയായ തലാക്ക് അല്ല. സ്വബോധത്തോടും സ്വമനസ്സോടെയും ചെയ്യുന്നവയ്ക്കു മാത്രമാണ് നിയമസാധുതയുള്ളത്.
ഞാന്‍ നിന്നെ വിവാഹബന്ധം മുറിച്ചിരിക്കുന്നു എന്ന് മൂന്നു തവണ പറയുമ്പോഴാണ് ഒരു തലാക്കിന് സാധുതയാകുന്നത്. ഓരോ പ്രാവശ്യവും അനുസരിക്കേണ്ട ചില നിയമങ്ങളും നിര്‍ദേശങ്ങളും ഇസ്ളാം കര്‍ശനമായി പറയുന്നുണ്ട്. ഓരോ ചൊല്ലിനുമിടയില്‍ സ്ത്രീക്ക് 'ഇദ്ദ' കാലം നിര്‍ണയിച്ചിട്ടുണ്ട്. മൂന്ന് ആര്‍ത്തവം പൂര്‍ത്തിയാക്കാന്‍ വേണ്ട കാലയളവാണ് ഒരു 'ഇദ്ദ'. എന്തെങ്കിലും കാരണത്താല്‍ ആര്‍ത്തവം ഉണ്ടാകാത്തവര്‍ ഇത്രയും സമയം ഇദ്ദയായി കണക്കാക്കണം. ഗര്‍ഭിണികളുടെ 'ഇദ്ദ' പ്രസവം വരെയാണ്. തലാക്ക് ചൊല്ലപ്പെടുന്ന സ്ത്രീയെ 'ഇദ്ദ' സമയത്ത് അവള്‍ അതുവരെ താമസിച്ചിരുന്ന വീട്ടില്‍ (ഭര്‍ത്തൃഗൃഹത്തിലാണെങ്കില്‍ അവിടെ) തന്നെ താമസിപ്പിക്കണം.
ഈ സമയം അവളുടെ എല്ലാ സംരക്ഷണ ബാധ്യതകളും തലാക്ക് ചൊല്ലിയ ഭര്‍ത്താവിനാണ്. വിവാഹമോചനം നടത്തുമ്പോള്‍ സ്ത്രീ ഗര്‍ഭിണിയെങ്കില്‍ പ്രസവിക്കുന്നതുവരെയുള്ള സംരക്ഷണ ചുമതലകള്‍ പുരുഷന്‍ ഏല്ക്കണം. ഇസ്ളാമിക ശാസ്ത്രവിധി പ്രകാരം ആ കുട്ടിക്കു മുലപ്പാല്‍ നല്‍കേണ്ട ബാധ്യതപോലും സ്ത്രീക്കില്ല. ഇക്കാര്യത്തില്‍ സ്ത്രീക്ക് അഭിപ്രായഭിന്നതയുണ്ടെങ്കില്‍ അതായത് മുലകൊടുക്കുവാന്‍ സന്നദ്ധതയില്ലെങ്കില്‍ മറ്റൊരു സ്ത്രീയെക്കൊണ്ട് കുട്ടിക്ക് മുലയൂട്ടണം. ഇത് പുരുഷന്റെ ബാധ്യതയത്രേ.
മൂന്ന് തലാക്ക് ഒരുമിച്ച് പറയുന്ന രീതിയെ (മുത്തലാക്ക്) ഇസ്ളാം നിരുത്സാഹപ്പെടുത്തുന്നു. ഒന്നിച്ചു പറയാതിരിക്കാന്‍ ഭര്‍ത്താവിനോടും, നിര്‍ദിഷ്ടകാലം ഭര്‍ത്താവിന്റെ താമസസ്ഥലത്തുതന്നെ 'ഇദ്ദ'യിരിക്കണമെന്നു ഭാര്യയോടും കല്പിക്കുക വഴി അവരെ വീണ്ടും യോജിപ്പിക്കാനുള്ള ഒരവസാനശ്രമം കൂടി ഇസ്ളാം നടത്തുകയാണ്. ഇത്തരത്തില്‍ ഒന്നോ രണ്ടോ തലാക്ക് മാത്രമേ ചെയ്തിട്ടുള്ളൂവെങ്കില്‍ ഇരുവരും ആഗ്രഹിക്കുന്ന പക്ഷം വീണ്ടും യോജിപ്പിലെത്താവുന്നതാണ്. എന്നാല്‍ മൂന്നുപ്രാവശ്യവും ചൊല്ലിക്കഴിഞ്ഞാല്‍ പിന്നെ സ്ത്രീയെ തിരിച്ചെടുക്കല്‍ സാധാരണ രീതിയില്‍ സാധ്യമല്ല.
വീണ്ടും യോജിപ്പിലെത്തുന്നതിന് വളരെ കര്‍ശനമായ മറ്റു ചില നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. മൂന്ന് തലാക്കും കഴിഞ്ഞ് സ്ത്രീയുടെ 'ഇദ്ദ'കാലം കഴിഞ്ഞതിനു ശേഷം അവളെ മറ്റൊരാള്‍ വിവാഹം ചെയ്യണം. അവര്‍ തമ്മില്‍ ശാരീരിക ബന്ധം നടത്തണം. അതിനുശേഷം ആ ഭര്‍ത്താവ് സ്വന്തം ഇഷ്ടത്താല്‍ അവളെ തലാക്ക് ചൊല്ലണം. അതിന്റെ 'ഇദ്ദ' കഴിയുകയോ ഗര്‍ഭിണിയാണെങ്കില്‍ പ്രസവിക്കുകയോ വേണം. എന്നാല്‍ മാത്രമേ ആദ്യ ഭര്‍ത്താവിന് അവളെ പുനര്‍വിവാഹം നടത്താന്‍ ഇസ്ളാം അനുവദിക്കുന്നുള്ളൂ.