This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തലശ്ശേരി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(New page: =തലശ്ശേരി= കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി താലൂക്കില്‍ ഉള്‍പ്പെടുന്ന മു...)
അടുത്ത വ്യത്യാസം →
10:01, 2 ജൂണ്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
തലശ്ശേരി
കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി താലൂക്കില്‍ ഉള്‍പ്പെടുന്ന മുനിസിപ്പല്‍ പട്ടണം. തലശ്ശേരി, തിരുവാങ്ങാട് എന്നീ വില്ലേജുകളില്‍ 32 വാര്‍ഡുകളായി വിഭജിച്ചുകിടക്കുന്ന തലശ്ശേരി നഗരസഭയ്ക്ക് 15.35 ച.കി.മീ. വിസ്തൃതിയുണ്ട്. അതിരുകള്‍: വ.ധര്‍മടംപുഴ, തെ.ന്യൂമാഹി, കോടിയേരി പഞ്ചായത്തുകള്‍, കി.എരഞ്ഞോളി, കോടിയേരി പഞ്ചായത്തുകള്‍, പ. അറബിക്കടല്‍. കേരളത്തിന്റെ പശ്ചിമതീരത്തെ പ്രധാന പട്ടണങ്ങളില്‍പെടുന്ന തലശ്ശേരി, കോഴിക്കോടിന് 68 കി.മീ. വടക്കും, കണ്ണൂര്‍ നഗരത്തില്‍ നിന്ന് 22 കി.മീ. തെക്കുമായാണ് സ്ഥിതിചെയ്യുന്നത്. 1865-ലെ 10-ാം ആക്റ്റനുസരിച്ച്, 1866 ന. 1-ന് നിലവില്‍ വന്ന മലബാറിലെ ആദ്യത്തെ നഗരസഭയാണ് തലശ്ശേരി. 1880-ല്‍ നഗരസഭയുടെ അതിരുകള്‍ വിപുലപ്പെടുത്തി; 1941-ല്‍ 'തലായ്'ദേശം കൂടി ഉള്‍പ്പെടുത്തുകയും ചെയ്തു. 1961-ല്‍ വിസ്തൃതി 15.35 ച.കി.മീ. ആയി വര്‍ധിപ്പിച്ചു.
തലശ്ശേരി എന്ന പേരിന്റെ നിഷ്പത്തിയെപ്പറ്റി നിരവധി നിഗമനങ്ങള്‍ നിലവിലുണ്ട്. ചേരികളുടെ കേന്ദ്രമെന്നനിലയില്‍ 'തലച്ചേരി' എന്ന് അറിയപ്പെട്ടിരുന്ന പ്രദേശം പില്ക്കാലത്ത് 'തലശ്ശേരി' യായി മാറിയെന്നാണ് കരുതിപ്പോരുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കേന്ദ്രീകൃതമായി 'തലക്കച്ചേരി' എന്നറിയപ്പെട്ടിരുന്ന പ്രദേശമാണ് കാലാന്തരത്തില്‍ തലശ്ശേരിയായതെന്നും, അതല്ല തളിയില്‍ ചേരിയാണ് തലശ്ശേരിയായതെന്നും വിഭിന്നാഭിപ്രായങ്ങളും നിലവിലുണ്ട്.
കുന്നുകളും പുഴകളും കണ്ടല്‍ക്കാടുകളും നിറഞ്ഞതാണ് തലശ്ശേരിയുടെ ഭൂപ്രകൃതി. ധര്‍മടംപുഴ, കണിച്ചിറത്തോട്, അഞ്ചരക്കണ്ടിപുഴ, എരഞ്ഞോളിപുഴ എന്നിവ തലശ്ശേരിയെ ജലസമൃദ്ധമാക്കുന്നു. പുഴയോരങ്ങളിലെ കണ്ടല്‍ക്കാടുകള്‍ തലശ്ശേരിയുടെ ജൈവസമ്പത്തിന് മാറ്റുകൂട്ടുന്നു. കണ്ടല്‍ക്കാടുകള്‍ക്കിടയിലെ എന്റെ ജീവിതം എന്ന ആത്മകഥയിലൂടെ പൊക്കൂടന്‍ എന്ന കര്‍ഷകത്തൊഴിലാളി തലശ്ശേരിയിലെ കണ്ടല്‍ സമ്പന്നത അവിസ്മരണീയമാക്കിയിട്ടുണ്ട്. തെങ്ങുകൃഷിക്ക് മുന്തിയ സ്ഥാനമുള്ള ഇവിടെ മാവ്, പ്ളാവ്, പച്ചക്കറി, നേന്ത്രവാഴ, മരിച്ചീനി എന്നിവയും കൃഷിചെയ്യുന്നുണ്ട്. തെള്ളിച്ചേരി ബാര്‍ക്ക് ഓയില്‍ എന്ന പേരില്‍ കയറ്റുമതി ചെയ്തിരുന്ന കറപ്പ്തൈലത്തിന്റെ ഉത്പാദന വിപണന കേന്ദ്രം കൂടിയായിരുന്നു തലശ്ശേരി. ഇതിന്റെ ഉത്പാദനത്തിനുവേണ്ടി യൂറോപ്യന്മാര്‍ അഞ്ചരക്കണ്ടിയില്‍ ഒരു ഇലവര്‍ഗത്തോട്ടം തന്നെ വികസിപ്പിച്ചിരുന്നു. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ അധീനതയിലായിരുന്ന പള്ളിക്കുന്നിലെ സസ്യസമ്പത്ത് ഇപ്പോഴും സംരക്ഷിതമാണ്. ചിറക്കാവ് പ്രദേശമാണ് തലശ്ശേരിയിലെ മറ്റൊരു ഹരിത മേഖല.
മലബാറില്‍ ബ്രിട്ടീഷുകാരുടെ ആദ്യത്തെ ആസ്ഥാനവും തുറമുഖവുമായിരുന്ന തലശ്ശേരി, പഴയ കോട്ടയം താലൂക്കിന്റെ ആസ്ഥാനം കൂടിയായിരുന്നു. കിഴക്കന്‍ മലയോരങ്ങളില്‍ സമൃദ്ധമായി ഉത്പാദിച്ചിരുന്ന കുരുമുളകിന്റേയും മറ്റു സുഗന്ധദ്രവ്യങ്ങളുടേയും സംഭരണവും കയറ്റുമതിയും ലക്ഷ്യമാക്കി ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി 1683-ല്‍ തലശ്ശേരിയില്‍ ഒരു പണ്ടകശാലയും 1703-ല്‍ ഒരു കോട്ടയും നിര്‍മിച്ചു. ഈ കോട്ട കമ്പനിയുടെ ആയുധപ്പുരയും തടങ്കല്‍ പാളയവും സൈനിക കേന്ദ്രവുമായിരുന്നു. ഇപ്പോള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഈ കോട്ടയിലെ കേടുവന്ന ദീപസ്തംഭവും 1910-ല്‍ നിര്‍മിച്ച കടല്‍പ്പാലവും ബ്രിട്ടിഷ് അധിനിവേശത്തിന്റെ സ്മാരകങ്ങളായി സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. 1752-ല്‍ ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിച്ച ഒരു പീരങ്കിയും തലശ്ശേരിയില്‍ കാണാം. പഴശ്ശി രാജാവ് കേരളവര്‍മയും ബ്രിട്ടീഷുകാരും തമ്മില്‍ നടന്ന സന്ധി സംഭാഷണങ്ങളുടെ വേദി തലശ്ശേരി ആയിരുന്നുവെന്ന് 'തെള്ളിശ്ശേരി രേഖകള്‍'എന്ന പേരില്‍ ബ്രിട്ടീഷുകാര്‍ സമാഹരിച്ച ചരിത്ര രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു.
വില്യം ലോഗന്‍ 'ബ്രാസ്പഗോഡ' എന്നു വിശേഷിപ്പിച്ച തിരുവാങ്ങാട് ശ്രീരാമക്ഷേത്രം, നൂറ്റാണ്ടുകള്‍ പഴക്കമുള്ള ജൂമാമസ്ജിദ്, 1869-ല്‍ നിര്‍മിതമായ സെയ്ന്റ് ജോണ്‍സ് പള്ളി, 1839-ല്‍ ബാസല്‍ മിഷന്‍ സ്ഥാപിച്ച സി.എസ്.ഐ.പള്ളി തുടങ്ങി പ്രസിദ്ധമായ നിരവധി ആരാധാനാലയങ്ങള്‍ തലശ്ശേരിയിലുണ്ട്. ശ്രീനാരായണ ഗുരുവിന്റെ സന്ദര്‍ശനവും ജഗന്നാഥക്ഷേത്ര പ്രതിഷ്ഠയും തലശ്ശേരിയുടെ സാമൂഹികരംഗത്ത് കനത്ത ചലനങ്ങള്‍ സൃഷ്ടിച്ചു. തെയ്യംതിറ കെട്ടിയാടുന്ന നിരവധി കാവുകളും തലശ്ശേരിയില്‍ കാണാം. വിനോദസഞ്ചാര പ്രാധാന്യം ഏറെയുള്ളതാണ് തലശ്ശേരിക്കോട്ട.
പരമ്പരാഗത-കുടില്‍ വ്യവസായങ്ങള്‍ക്കാണ് തലശ്ശേരിയില്‍ പ്രാമുഖ്യം. ഫര്‍ണിച്ചര്‍ നിര്‍മാണം, തുണിനെയ്ത്ത്, ബീഡിനിര്‍മാണം എന്നിവയാണ് മുന്തിനില്ക്കുന്നത്. തലശ്ശേരിയുടെ 6മ്മ കി.മീ. നീളത്തിലുള്ള കടലോരത്ത് ആയിരക്കണക്കിന് കുടുംബങ്ങള്‍ മത്സ്യബന്ധനത്തിലേര്‍പ്പെട്ട് ജീവിതം പുലര്‍ത്തുന്നു. എരിഞ്ഞോളി - കുയ്യാലിപ്പുഴകള്‍ കേന്ദ്രീകരിച്ച് ഉള്‍നാടന്‍ മത്സ്യബന്ധനവും വികസിച്ചിട്ടുണ്ട്.
തലശ്ശേരിയുടെ കിഴക്കുഭാഗത്തുള്ള നെട്ടൂര്‍ എന്ന സ്ഥലത്ത് 1839-ല്‍ ആദ്യത്തെ ബാസല്‍ മിഷന്‍ കേന്ദ്രം സ്ഥാപിക്കപ്പെട്ടു. ബാസല്‍ മിഷന്റെ പ്രര്‍ത്തനങ്ങള്‍ തലശ്ശേരിയില്‍ ആധുനിക ഇംഗ്ളീഷ് വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചു. ഇവര്‍ സ്ഥാപിച്ച ആദ്യത്തെ ഇംഗ്ളീഷ് വിദ്യാലയമാണ് ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ സ്കൂള്‍. മിഷന്റെ മുഖ്യ പ്രചാരകനായി തലശ്ശേരിയില്‍ എത്തിയ പ്രശസ്ത പണ്ഡിതനും നിഘണ്ടുകാരനുമായ ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട് ഈ സ്കൂളിലെ അധ്യാപകനും മലബാറിലെ ഇംഗ്ളീഷ് വിദ്യാലയങ്ങളുടെ ഇന്‍സ്പെക്ടറുമായി പ്രവര്‍ത്തിച്ചിരുന്നു. ഇദ്ദേഹത്തിന്റെ വാസഗേഹമായിരുന്ന ഇല്ലിക്കുന്നത്ത് ബംഗ്ളാവ് ഇപ്പോള്‍ സംരക്ഷിത സ്മാരകമാണ്. ജാതിമതഭേദമെന്യേ എല്ലാവര്‍ക്കും ഇംഗ്ളീഷ് വിദ്യാഭ്യാസം സാധ്യമാക്കുക എന്ന എഡ്വേര്‍ഡ് ബ്രണ്ണന്റെ നിയോഗപ്രകാരം അദ്ദേഹത്തിന്റെ സമ്പാദ്യം ഉപയോഗിച്ച് സ്ഥാപിച്ച ബ്രണ്ണന്‍ ഹൈസ്കൂള്‍ 1862-ല്‍ ബ്രണ്ണന്‍ കോളജായി വികസിച്ചു. ഒരു ഗവ. ട്രെയിനിങ് കോളജും ചെറുതും വലുതുമായ 45 സ്കൂളുകളും തലശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 1864-ല്‍ കേരളത്തിലെ ആദ്യത്തെ അറബി മലയാളം അച്ചുകൂടം ഇവിടെ നിലവില്‍വന്നു. മലയാളത്തിലെ ആദ്യ പത്രങ്ങളായ രാജസമാചാരം, ചന്ദ്രിക എന്നിവ പ്രസിദ്ധീകരണം ആരംഭിച്ചത് തലശ്ശേരിയില്‍ നിന്നായിരുന്നു.
20-ാം ശ.-ത്തിന്റെ ആദ്യപാദത്തില്‍ തലശ്ശേരിക്ക് കണ്ണൂരിനെ അപേക്ഷിച്ച് വാണിജ്യപ്രാധാന്യം ഉണ്ടായിരുന്നു. കടലോരത്തിന് 3 കി.മീറ്ററോളം അകലെയായി, കാലവര്‍ഷക്കാലത്തുള്‍പ്പെടെ ചെറു കപ്പലുകള്‍ നങ്കൂരമിടുന്നതും കാപ്പി, കുരുമുളക് കൊപ്ര, ചന്ദനം, തേയില എന്നീ ഉത്പന്നങ്ങള്‍ കയറ്റിക്കൊണ്ടു പോകുന്നതും പതിവായിരുന്നു. 1922-23 വര്‍ഷത്തില്‍ 101 സ്റ്റീമറുകളിലായി 3,19,748 ടണ്‍ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്തതായി രേഖയുണ്ട്. വെട്ടുകല്ലും (ഹമലൃേശലേ) സിമന്റും ഉപയോഗിച്ചു നിര്‍മിച്ച 1195 അടി നീളത്തിലുള്ള കടല്‍ഭിത്തിയും 560 അടി ദൈര്‍ഘ്യമുള്ള കടല്‍പ്പാലവും അഞ്ച് ക്രെയിനുകളും ഉള്‍പ്പെടുന്ന തുറമുഖസൌകര്യവും തലശ്ശേരിയില്‍ ഒരുക്കിയിരുന്നു. മലബാര്‍ പ്രവിശ്യയിലെ കസ്റ്റംസ് കളക്റ്റര്‍, പോര്‍ട്ട് ഓഫീസര്‍ എന്നീ ഉദ്യേഗസ്ഥരുടെ ആസ്ഥാനം ഈ പട്ടണത്തിലായിരുന്നു.
സഞ്ജയന്‍(എം.ആര്‍. നായര്‍), ഒയ്യാരത്ത് ചന്തുമേനോന്‍, മൂര്‍ക്കോത്ത് കുമാരന്‍, ശേഷഗിരിപ്രഭു, അറബി മലയാളം രചനയില്‍ പ്രാവീണ്യം നേടിയ ഒ.അബു, മുസ്ളിം പെണ്‍കുട്ടികളുടെ ഇംഗ്ളീഷ് വിദ്യാഭ്യാസത്തിനുവേണ്ടി യത്നിച്ച മാളിയേക്കല്‍ വി.സി. കുഞ്ഞിമ്മായന്‍ സാഹിബ്, ജര്‍മനിയില്‍ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ ജനറലും പില്‍ക്കാലത്ത് അംബാസഡറുമായ പി.സി. നമ്പ്യാര്‍, സിങ്കപ്പൂര്‍ പ്രസിഡന്റായിരുന്ന സി. ദേവന്‍നായര്‍, ഭരണനിര്‍വഹണരംഗത്ത് പ്രഗല്ഭനായ മൂക്കോര്‍ത്ത് രാവുണ്ണി തുടങ്ങിയവര്‍ തലശ്ശേരി സ്വദേശികളായിരുന്നു. 1933-ല്‍ ബീഗം ടി.സി. കുഞ്ഞാച്ചുമ്മ സാഹിബായുടെ നേതൃത്വത്തില്‍ ഇവിടെ പ്രവര്‍ത്തനം ആരംഭിച്ച മുസ്ളിം മഹിളാസമാജം മുസ്ളിം സ്ത്രീകളുടെ ഉന്നമനത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. വാഗ്ഭടാനന്ദന്റെ ആത്മവിദ്യാസംഘവും തിയോസൊഫിക്കല്‍ സൊസൈറ്റിയും തലശ്ശേരിയുടെ സാംസ്കാരികരംഗത്ത് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ പ്രസ്ഥാനങ്ങളാണ്. 1934-ലെ ഗാന്ധിജിയുടെ തലശ്ശേരി സന്ദര്‍ശനം ഇവിടെ ദേശീയപ്രസ്ഥാനത്തിന് ശക്തി പകര്‍ന്നു. രാഷ്ട്രീയ നേതാക്കളായിരുന്ന എ.കെ.ജി., പി.കൃഷ്ണപിള്ള, സി.എച്ച്. കണാരന്‍, എന്‍.ഇ. ബലറാം എന്നിവരുടെ ആദ്യകാല പ്രവര്‍ത്തനങ്ങള്‍ തലശ്ശേരി കേന്ദ്രീകരിച്ചായിരുന്നു. നിരവധി സ്വാതന്ത്യ്രസമരസേനാനികള്‍ക്കും രക്തസാക്ഷികള്‍ക്കും തലശ്ശേരി ജന്മം നല്‍കിയിട്ടുണ്ട്. 1940 സെപ്. 15-ന് ജവാഹര്‍ഘട്ടില്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റുകാര്‍ നിരോധനം ലംഘിച്ച് ചേര്‍ന്ന യോഗം പിരിച്ചുവിടാന്‍ ബ്രിട്ടിഷ് പൊലീസ് നടത്തിയ വെടിവെയ്പില്‍ അബു, ചാത്തുക്കുട്ടി എന്നിവര്‍ രക്തസാക്ഷികളായ സംഭവം സ്വാതന്ത്യ്രസമരചരിത്രത്തില്‍ തലശ്ശേരിയുടെ സ്ഥാനം സുസ്ഥിരപ്പെടുത്തി. കേരളത്തിന്റെ രാഷ്ട്രീയാന്തരീക്ഷത്തില്‍ ആകസ്മിക വിസ്ഫോടനത്തിനു വഴിതെളിച്ച ആദ്യത്തെ നക്സല്‍ കലാപം (1968) അരങ്ങേറിയതും തലശ്ശേരിയിലായിരുന്നു.
കലാ-കായിക രംഗങ്ങളിലും തലശ്ശേരി ശ്രദ്ധേയമായ സംഭാ വനകള്‍ നല്‍കിയിട്ടുണ്ട്. ക്രിക്കറ്റ്, ഫുട്ബോള്‍, ഹോക്കി, ബാസ്ക്കറ്റ്ബോള്‍, ടെന്നീസ് എന്നീ കായികവിനോദങ്ങള്‍ ഒരിക്കല്‍ തലശ്ശേരിയില്‍ സജീവമായിരുന്നു. കേരളവര്‍മ പഴശ്ശിരാജാവിനെതിരായി പട നയിച്ച വെല്ലസ്ളി പ്രഭുവാണ് തലശ്ശേരിയില്‍ ക്രിക്കറ്റു കളി പ്രചരിപ്പിച്ചത്. 1860-ല്‍ കേരളത്തിലെ ആദ്യത്തെ ക്രിക്കറ്റ് ക്ളബ് ഇവിടെ നിലവില്‍വന്നു. 1933-ല്‍ സി.വി. ബാലന്‍ കേരള സ്കൂള്‍ ഒഫ് ആര്‍ട്സ് തലശ്ശേരിയില്‍ സ്ഥാപിച്ചു.
ബ്രിട്ടിഷ് ഭരണകാലത്ത് പ.തീരത്തെ ഏറ്റവും പ്രമുഖ നീതി ന്യായകേന്ദ്രമായിരുന്ന വെസ്റ്റേണ്‍ പ്രൊവിന്‍ഷ്യല്‍ കോടതിയുടെ ആസ്ഥാനം തലശ്ശേരിയായിരുന്നു. ഇപ്പോള്‍ കണ്ണൂര്‍ ജില്ലാ കോടതിയുടെ ആസ്ഥാനമാണ്. മുന്‍ സുപ്രീംകോടതി ജഡ്ജി വി.ആര്‍. കൃഷ്ണയ്യരുടെ ജന്മദേശവും തലശ്ശേരിയാണ്.
ചരിത്രം. ചരിത്രാതീതകാലം മുതല്‍ക്കുള്ള ജനവാസം സംബന്ധിച്ച തെളിവുകള്‍ തലശ്ശേരിയുടെ പ്രാന്തപ്രദേശങ്ങളില്‍നിന്നു ലഭിച്ചിട്ടുണ്ട്. പ്രാചീന കോലത്തുനാട്ടിലെ ഒരു തുറമുഖവുമായിരുന്ന തലശ്ശേരി, കോട്ടയം, വയനാട് തുടങ്ങിയ മലയോര പ്രദേശങ്ങളില്‍ നിന്നും കൊണ്ടുവരുന്ന ഏലം, കുരുമുളക്, മഞ്ഞള്‍, ചുക്ക് തുടങ്ങിയ സുഗന്ധവസ്തുക്കളുടെ ഒരു വിപണനകേന്ദ്രമായി മദ്ധ്യകാലഘട്ടത്തില്‍തന്നെ പ്രശസ്തി ആര്‍ജിച്ചിരുന്നു.
ഇംഗ്ളീഷുകാരുടെ ആഗമനത്തോടെ തലശ്ശേരി രാഷ്ട്രീയ വാണിജ്യബന്ധങ്ങളില്‍ ഒരു പ്രധാന കേന്ദ്രമായി വളര്‍ന്നു. ഇതൊരു തുറമുഖപട്ടണം എന്ന നിലയിലും ഒരു കാലത്ത് പ്രസിദ്ധമായിരുന്നു. ഈസ്റ്റിന്ത്യാകമ്പനി രേഖകളില്‍ ടെലിച്ചറി ഫാക്റ്ററിഎന്നു പരാമര്‍ശിച്ചിട്ടുള്ള ഈ അധിനിവേശകേന്ദ്രം 1683-ല്‍ ആരംഭിച്ചതായി കാണുന്നു. അതിനുമുമ്പ് ഇവിടെ ഒരു ഫ്രഞ്ച് ഫാക്റ്ററി നിലവിലുണ്ടായിരുന്നു. അതിന്റെ 'ഫാക്റ്റര്‍'മാര്‍ 'പ്രസിഡന്റ്' എന്ന കപ്പലില്‍ തങ്ങളുടെ സാധനസാമഗ്രികളുമായി 1682-ല്‍ ഇവിടെ നിന്നും ഒഴിഞ്ഞുപോയപ്പോള്‍ ധര്‍മടത്ത് വാണിജ്യത്തിലേര്‍പ്പെട്ടിരുന്ന ഇംഗ്ളീഷുകാരായ ചെയ്സും, മിറ്റ്ച്ചലും കോലത്തിരിയുടെ അനുവാദത്തോടെ ഒഴിഞ്ഞ ഫാക്റ്ററിയില്‍ കയറി വാസമുറപ്പിച്ചു. ഏലം ഒരു കണ്ടിക്ക് നാലു രൂപയും കുരുമുളകിനു രണ്ടു രൂപയും ചുങ്കം തീരുവ കോലത്തിരിക്കു വാഗ്ദാനം നല്കുകയും ചെയ്തു. ഇതിനിടയ്ക്ക് കണ്ണൂരിലെ ഡച്ചുകാര്‍ കോലത്തിരിയെ പ്രലോഭിപ്പിക്കുകയും തങ്ങള്‍ കച്ചവടം നടത്തുന്ന പ്രദേശങ്ങളില്‍പ്പെട്ട തലശ്ശേരിയില്‍ നിന്ന് ഇംഗ്ളീഷുകാരെ പുറത്താക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഡച്ചുകാരുടെ ആഗ്രഹം നടന്നില്ല. മത്സരവാണിജ്യത്തിന് ഇംഗ്ളീഷുകാര്‍ ആവശ്യമാണെന്ന് കോലത്തിരി തീരുമാനിച്ചു.
സൂറത്തിലെ ഫ്രഞ്ച് അധികാരികള്‍ ഇംഗ്ളീഷുകാരുടെ തലശ്ശേ രിയിലെ സാന്നിധ്യത്തില്‍ പ്രതിഷേധിച്ച് ഇംഗ്ളീഷ് അധികാരികള്‍ക്കു കത്തുകളയച്ചു. തങ്ങളുടെ വാണിജ്യത്തിന് തലശ്ശേരി അനിവാര്യമെന്ന് മനസ്സിലാക്കി ഇംഗ്ളീഷുകാര്‍ മൂന്ന് ചെറു തോക്കുകള്‍ കോലത്തിരിക്കു നല്‍കി അദ്ദേഹത്തെ പ്രീണിപ്പിക്കാന്‍ ശ്രമിച്ചു. ഈ കേന്ദ്രത്തിന്റെ പ്രാധാന്യം ഒന്നര നൂറ്റാണ്ടു മുമ്പുതന്നെ പോര്‍ച്ചുഗീസ് ഫാക്റ്റര്‍ ഡ്വര്‍ത്തെ ബാര്‍ബോസ മനസ്സിലാക്കുകയും ഇവിടെ നല്ല കുരുമുളകും ഏലവും ലഭിക്കുമെന്ന് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
തലശ്ശേരി ഫാക്റ്ററിയെ ഒരു പ്രധാന ഭരണകേന്ദ്രമാക്കിയതും നാടുവാഴികളുടെ എതിര്‍പ്പ് നേരിട്ട് അതിനെ ശക്തമാക്കിയതും ചീഫ് ഫാക്റ്ററായി വിരമിച്ച റോബര്‍ട്ട് ആഡംസ് ആയിരുന്നു. വള്ളൂര്‍ തങ്ങളില്‍ നിന്ന് തുരുവളപ്പന്‍കുന്നും, പൊനത്തില്‍ പൊതുവാളില്‍ നിന്ന് ഒരു വീടിനുള്ള സ്ഥലവും വിലയ്ക്കു വാങ്ങിക്കൊണ്ടാണ് കമ്പനി ഇവിടെ കോട്ടയും കെട്ടിടങ്ങളും പൂര്‍ത്തിയാക്കിയത്.
സ്ഥലത്തെ നാടുവാഴിയായ കുറുങ്ങോട്ട് നായര്‍ ഫാക്റ്ററിക്കെ തിരായി ആക്രമണം നടത്തുകയാല്‍ കോലത്തിരി തലശ്ശേരിയില്‍ കോട്ടകെട്ടാന്‍ അനുവദിക്കുകയും 1708 ആഗസ്റ്റ് 20-ന് ഭരണാധി കാരി ഒരു കരാറോടുകൂടി അതു കൈമാറ്റം ചെയ്യുകയും ചെയ്തു. ഒരു ചെറിയ കുന്നില്‍ രണ്ട് നിലവറയോടുകൂടിയാണ്് കോട്ടയുടെ നിര്‍മാണം നടത്തിയത്. മയ്യഴി അഥവാ മാഹിയിലെ ഫ്രഞ്ചുകാര്‍ 1702 മേയ് 18-ന് കുറുങ്ങോട്ടു നായര്‍ കണ്ണന്‍ കുട്ടിയോട് അനുവാദം വാങ്ങിക്കൊണ്ട് തലശ്ശേരിക്കു തെക്കുള്ള പുന്നോലില്‍ ഒരു കോട്ടയ്ക്കു സ്ഥലം വാങ്ങിയിരുന്നു. ആഡംസ് പുന്നോലിലെ ഫ്രഞ്ചുകാര്‍ക്കെതിരായി പല നീക്കങ്ങളും നടത്തി. ഉണിത്തിരി, കേളപ്പന്‍ എന്നീ പുന്നോല്‍ നാടുവാഴികള്‍ക്കെതിരായി 1714-ല്‍ ഇംഗ്ളീഷുകാര്‍ ആക്രമണത്തിലേര്‍പ്പെട്ടു. ഇന്ത്യയില്‍ ആദ്യമായി ഇംഗ്ളീഷുകാര്‍ പീരങ്കിപ്പട ഉപയോഗിച്ചത് ഈ ആക്രമണത്തിലാണെന്ന് ഇ.എച്ച്. നൊളാന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തലശ്ശേരി ഫാക്റ്ററിയുടെ പ്രശ്നങ്ങള്‍ പഠിച്ചു റിപ്പോര്‍ട്ടു ചെയ്യാന്‍ കമ്പനി 1714-15-ല്‍ സ്റ്റ്രട്ട്സ് കമ്മിഷനെ നിയമിച്ചു. അന്ന് തലശ്ശേരിയില്‍ 71 യൂറോപ്യന്‍ സൈനികരും 60 തുപ്പാക്കികളും ഉണ്ടെന്നും യൂറോപ്യന്മാര്‍ ബോംബെയിലാണ് കൂടുതല്‍ ആവശ്യമെന്നും കമ്മിഷന്‍ റിപ്പോര്‍ട്ടു ചെയ്തു.
തന്റെ കലാപങ്ങള്‍കൊണ്ട് ഗുണമില്ലെന്നു മനസ്സിലാക്കിയ കുറുങ്ങോട്ടു നായര്‍ 1719 സെപ്. 29-ന് കമ്പനിയുമായി കരാറിലെത്തുകയും മൊയ്ലാന്‍കുന്നില്‍ കോട്ട കെട്ടുവാന്‍ ഇംഗ്ളീഷുകാരെ അനുവദിക്കുകയും ചെയ്തു. ഇത് ആഡംസിന്റെ വന്‍വിജയമായിരുന്നു. അദ്ദേഹത്തിന്റെ സഹോദരീപുത്രനും തിരുവിതാംകൂറിലെ അഞ്ചുതെങ്ങു ഫാക്റ്ററിയില്‍ ജനിക്കുകയും ചെയ്ത റോബര്‍ട്ട് ഓം കമ്പനിയുടെ സൈനികനീക്കങ്ങളുടെ ആധികാരിക ചരിത്രകാരനായി (ഇന്ത്യന്‍ തുസിഡൈഡിസ്) അറിയപ്പെടുകയും ചെയ്തിരുന്നു. തലശ്ശേരിക്കും മയ്യഴിക്കുമിടയില്‍ മൊയ്ലാന്‍കോട്ട വളരെ തന്ത്രപ്രധാന്യമുള്ളതായി മാറി.
ഇക്കാലത്ത് യൂറോപ്പില്‍ ഇംഗ്ളീഷുകാരും ഫ്രഞ്ചുകാരും നട ത്തിയ യുദ്ധങ്ങളുടെ പ്രതിഫലനമെന്നോണം മലബാറിലും ഈ ശക്തികളെ സംഘട്ടനത്തിലെത്തിച്ചു. ഇതില്‍ ഏറ്റവും ശക്തമായത് 1757-ല്‍ ആരംഭിക്കുകയും 1763-ല്‍ അവസാനിക്കുകയും ചെയ്ത സപ്തവത്സരയുദ്ധമായിരുന്നു. ഈ യുദ്ധങ്ങളില്‍ നിര്‍ണായകമായ നേതൃത്വമായിരുന്നു ബോംബെ പ്രസിഡന്‍സിക്കുവേണ്ടി തലശ്ശേരി വഹിച്ചിരുന്നത്. പള്ളിക്കുന്ന്, ആണ്ടോളമല, മോറക്കുന്ന്, മയിലാന്‍കുന്ന് എന്നിവിടങ്ങളില്‍ ഫാക്റ്ററി സൈനികപോസ്റ്റുകള്‍ സ്ഥാപിച്ചിരുന്നു.
അഞ്ചരക്കണ്ടിപ്പുഴയാല്‍ ചുറ്റപ്പെട്ട് ഒരു തുരുത്തായി സ്ഥിതി ചെയ്ത ധര്‍മപട്ടണം കര്‍ണ്ണാടക സൈന്യത്തിന്റെ കൈകളില്‍ പെടാതിരിക്കുവാന്‍ കണ്ണൂരിലെ ആലി രാജാവുമായും കോട്ടയം രാജാവുമായും കര്‍ണാടക സൈന്യവുമായും ഇംഗ്ളീഷുകാര്‍ കരാറിലേര്‍പ്പെട്ടു. നൂറോളം യൂറോപ്യന്മാരടങ്ങിയ സൈന്യമാണ് ഫാക്റ്ററിക്ക് സംരക്ഷണം നല്കിയിരുന്നത്.
സൈന്യത്തിനും ഫാക്റ്ററിക്കും ആവശ്യമായ സാധന സാമഗ്രികള്‍ എത്തിച്ചുകൊടുക്കുന്ന കരാറുകാരായ ഒരു വണിക് വിഭാഗം ഇവിടെ വളര്‍ന്നുവന്നു. കുരുമുളക് തുടങ്ങിയ കയറ്റുമതി സാമഗ്രികള്‍ എത്തിക്കുക അവരുടെ പ്രധാന കര്‍ത്തവ്യമായി. അവര്‍ക്ക് കമ്പനി മുന്‍കൂര്‍ പണം നല്കി. ചൊവ്വക്കാരന്‍ ബപ്പന്‍ ഈ കച്ചവടക്കാരില്‍ പ്രധാനിയായിരുന്നു. ഇത്തരത്തിലുള്ള വേറെയും മുതലാളിമാര്‍ വര്‍ധിച്ചുകൊണ്ടിരുന്നു.
ഫാക്റ്ററിക്ക് ഒരു ചീഫ് അഥവാ 'ചീഫ് ഫാക്റ്റര്‍', സീനിയര്‍-ജൂനിയര്‍ മര്‍ച്ചന്റുമാര്‍, റൈറ്റര്‍, ദ്വിഭാഷി (ലിംഗ്വിസ്റ്റ്) തുടങ്ങിയ ഉദ്യോഗസ്ഥന്മാരുമുണ്ടായിരുന്നു. അവര്‍ കമ്മിറ്റിയായി ഒന്നിച്ചിരുന്നാണ് പ്രധാന തീരുമാനങ്ങളും നയങ്ങളും ആവിഷ്ക്കരിച്ചത്. സൈനികകാര്യങ്ങള്‍ പോലും അത്തരത്തിലാണ് തീരുമാനിച്ചിരു ന്നത്. ബ്രിട്ടീഷിന്ത്യയിലെ ഭരണനയങ്ങള്‍ പില്ക്കാലത്ത് ബോര്‍ഡു കളുടെ തീരുമാനങ്ങളായി രൂപാന്തരപ്പെട്ട പശ്ചാത്തലം ഈ ഫാക്റ്ററി ഭരണത്തില്‍നിന്നായിരുന്നു. മൈസൂര്‍ സുല്‍ത്താനായ ഹൈദരാലി 1766-ല്‍ മലബാര്‍ ആക്രമിച്ചു. മലബാര്‍ സ്വന്തം ഭരണത്തില്‍ കൊണ്ടുവരുകയും നേരിട്ടുള്ള ഒരു വാണിജ്യനയം നടപ്പില്‍ വരുത്തുകയും ചെയ്തു. ഇത് തലശ്ശേരി ഫാക്റ്ററിയുടെ വാണിജ്യത്തെ ഗണ്യമായി കുറച്ചു. ആ നിലയില്‍ 1776 മുതല്‍ 1784 വരെ അത് ഒരു റസിഡന്‍സിയായി തരംതാഴ്ത്തപ്പെട്ടു. രണ്ടാം ആംഗ്ളോ-മൈസൂര്‍ യുദ്ധത്തില്‍ കതിരൂര്‍ കേന്ദ്രമാക്കി സര്‍ദാര്‍ ഖാന്‍ ഈ ഫാക്റ്ററി ഉപരോധിക്കുകയുണ്ടായി. ഇക്കാലത്ത് ബംഗാളില്‍നിന്ന് കടല്‍ വഴി ഭക്ഷ്യസാമഗ്രികളും സൈന്യങ്ങളും എത്തിച്ചാണ് ഫാക്റ്ററിയെ സംരക്ഷിച്ചത്. യുദ്ധം അവസാനിച്ചപ്പോള്‍ മലബാര്‍ വീണ്ടും മൈസൂര്‍ ഭരണത്തില്‍ തുടര്‍ന്നു. മൂന്നാം ആംഗ്ളോ-മൈസൂര്‍ യുദ്ധത്തില്‍ ഫാക്റ്ററി ചീഫായ റോബര്‍ട്ട് ടെയ്ലര്‍ മലബാര്‍ രാജാക്കന്മാരെ കമ്പനിപക്ഷത്തു കൊണ്ടുവന്നു. ശ്രീരംഗപട്ടണത്തുവച്ച് ടിപ്പുസുല്‍ത്താനുമായി നടത്തിയ 1792-ലെ കരാര്‍ പ്രകാരം മലബാര്‍ കമ്പനിക്കു തിരിച്ചുകിട്ടി. ഇതോടെ ഏറ്റവും ഫലഭൂയിഷ്ഠമായ മലബാര്‍ ബ്രിട്ടിഷ് കോളനി ഭരണത്തിന്‍കീഴിലായി.
ഈ യുദ്ധത്തിലും ഭരണമാറ്റത്തിലുമെല്ലാം സുപ്രധാനമായ പങ്കുവഹിച്ച തലശ്ശേരി ഫാക്റ്ററി ഒരു പ്രധാന രാഷ്ട്രീയ കേന്ദ്ര മായി മാറി. മലബാര്‍ ഭരണം പിന്നീട് ഏറ്റെടുത്ത ജോയിന്റ് കമ്മീഷണര്‍മാര്‍ ഫാക്റ്ററി ഭരണം അവസാനിപ്പിക്കുവാന്‍ ശുപാര്‍ശ ചെയ്തു. ഗവര്‍ണര്‍ ജനറല്‍ സര്‍ ജോണ്‍ ഷോര്‍ ഈ ശുപാര്‍ശ അംഗീകരിക്കുകയും തുടര്‍ന്ന് 1794 ജൂലായ് 27-നു തലശ്ശേരി ഫാക്റ്ററി നിറുത്തലാക്കുകയും ചെയ്തു.
തലശ്ശേരി പിന്നീടും വടക്കന്‍ പ്രവിശ്യയുടെ ഭരണകേന്ദ്രമായി മാറി. അവിടെ 1803 മുതല്‍ ജില്ലാക്കോടതി തുടങ്ങിയ ഭരണസ്ഥാപനങ്ങള്‍ ഉയര്‍ന്നുവന്നു. കോട്ടയം, വയനാട് എന്നീ പ്രദേശങ്ങളിലെ പഴശ്ശിസമരങ്ങള്‍ അടിച്ചമര്‍ത്തുന്നതില്‍ തലശ്ശേരി വലിയ പങ്കു വഹിച്ചു. സബ് കളക്ടര്‍ ടി.എച്ച്.ബാബര്‍ വയനാടന്‍ കാട്ടിലെ ഒരേറ്റുമുട്ടലില്‍ പഴശ്ശിയെ വധിക്കുവാനിടയായി. ശവസംസ്ക്കാരം മാനന്തവാടിയില്‍ നടത്തിക്കുകയും ചെയ്തു. അദ്ദേഹം 1814-ല്‍ നിര്‍മിച്ച പള്ളിക്കുന്നു ബംഗ്ളാവ് ഇന്നും നിലനില്ക്കുന്നു. ഫാക്റ്ററിയുടെ സമീപം സ്ഥാപിക്കപ്പെട്ട ആംഗ്ളിക്കന്‍ ചര്‍ച്ചിന്റെ തറക്കല്ലിടല്‍ 1869-ല്‍ എറ്റ്രിക്കിലെ നാപിയര്‍ പ്രഭു നിര്‍വഹിച്ചു. റോമന്‍ കത്തോലിക്കരുടേയും ബാസല്‍ മിഷന്‍കാരുടേയും മറ്റും പള്ളികള്‍ ഇവിടെ കാണാവുന്നതാണ്.
സ്ത്രീ വിദ്യാഭ്യാസ പ്രചാരണത്തില്‍ മിഷനറിമാര്‍ തലശ്ശേരിയില്‍ വലിയ പങ്കുവഹിച്ചു. അന്ന് വിദ്യാഭ്യാസം നേടിയ തിയ്യ കുടുംബങ്ങളില്‍ പലരും ബ്രിട്ടിഷ് ബ്യൂറോക്രസിയുടെ ഭാഗമായി പ്രവര്‍ത്തിച്ചു. അവരില്‍ പ്രമുഖരാണ് ചൂര്യയില്‍ കണാരന്‍, ഉപ്പോട്ട് കണ്ണന്‍ എന്നിവര്‍. പണ്ഡിതനും എഴുത്തുകാരനുമായ മൂര്‍ക്കോത്തു കുമാരനും അത്തരത്തില്‍പ്പെടുന്ന പ്രമുഖ വ്യക്തിയാണ്. തലശ്ശേരി ബാറില്‍ വക്കീല്‍ ജോലി സ്വീകരിച്ച മറ്റൊരു എഴുത്തുകാരകനായിരുന്നു കെ.ടി. ചന്തുനമ്പ്യാര്‍.
ചൊവ്വക്കാരന്‍ മൂസ്സ സ്ഥാപിച്ച ചെമ്പടിച്ച ഓടത്തില്‍ പള്ളി ഒരു പ്രമുഖ മുസ്ളിം പള്ളിയാണ്. മുനിസിപ്പാലിറ്റി നിയമം നടപ്പിലാക്കിയപ്പോള്‍ തന്നെ 1864-ല്‍ ഇവിടെ മുനിസിപ്പല്‍ ഭരണം നിലവില്‍ വന്നു. മലബാര്‍ കളക്റ്ററും മലബാര്‍ മാന്വല്‍ കര്‍ത്താവുമായ വില്യം ലോഗന്റെ പേരില്‍ ഇവിടെ ഒരു റോഡുണ്ട്. ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ പ്രതിമയും ഇവിടെ കാണാവുന്നതാണ്. പഴശ്ശിസമരങ്ങള്‍ അടിച്ചമര്‍ത്താന്‍ നിയോഗിക്കപ്പെട്ട ഡ്യൂക്ക് ഒഫ് വെല്ലിംങ്ങ്ടണ്‍ ഇവിടെ 1800-കളുടെ ആദ്യം ക്രിക്കറ്റ് കളിക്കുകയും അത് നഗരത്തിന്റെ കളിയായി പെട്ടെന്നു വളരുകയും ചെയ്ത കാര്യം രേഖപ്പെടുത്തിക്കാണുന്നു. സര്‍ക്കസ്കല തഴച്ചുവളര്‍ന്ന നാടാണ് തലശ്ശേരി. ആദ്യത്തെ സര്‍ക്കസ് കളരി 1901-ല്‍ തലശ്ശേരിയില്‍ സ്ഥാപിതമായി. ഇന്ത്യന്‍ സര്‍ക്കസ് കലയുടെ പിതാവായ കീലേരി കുഞ്ഞിക്കണ്ണന്‍ ഗുരുക്കള്‍ തലശ്ശേരിക്കാരനായിരുന്നു. ഇന്ത്യയിലെ മിക്ക സര്‍ക്കസ് കമ്പനികളിലേയും പ്രമുഖ അഭ്യാസികള്‍ സര്‍ക്കസ്സിന്റെ ഈറ്റില്ലമായ തലശ്ശേരിയില്‍ നിന്നുള്ളവരാണ്.
വോള്‍ക്കാര്‍ട്ട് ബ്രദേര്‍സ് തുടങ്ങിയ വിദേശ യൂറോപ്യന്‍ കമ്പനികള്‍ ഇവിടെ ആസ്ഥാനമുറപ്പിച്ചു. പിയേര്‍സ് ലസ്ളി എന്ന കമ്പനിയും ഇവിടെ വ്യാപാരകേന്ദ്രം സ്ഥാപിച്ചിരുന്നു. ഇംഗ്ളീഷുകാരുമായുള്ള ബന്ധത്താല്‍ ഇവിടെ ബംഗ്ളാവ് രീതിയില്‍ നിരവധി കെട്ടിടങ്ങള്‍ നിര്‍മിക്കപ്പെട്ടു. ഒരു കൊളോണിയല്‍ സംസ്കാര കേന്ദ്രമെന്ന നിലയില്‍ തലശ്ശേരി പെട്ടെന്ന് വളര്‍ന്ന് ഖ്യാതിനേടി. പാര്‍സി സ്ത്രീകളില്‍ നിന്ന് അനുകരിച്ച സാരി, പുരുഷന്മാരുടെ യൂറോപ്യന്‍ വസ്ത്രധാരണരീതി എന്നിവ ഇവിടെ പെട്ടെന്ന് പ്രചരിച്ചു. സോപ്പ്, പൌഡര്‍, സ്ത്രീകളുടെ ബ്ളൌസ്, അലോപ്പതി മരുന്നുകള്‍, ബ്രഡ്ഡ് തുടങ്ങിയ ബേക്കറി ഭക്ഷ്യസാമഗ്രികള്‍ എന്നിവയും ഇത്തരത്തില്‍ പ്രചാരം നേടി. കേരളത്തില്‍ ബേക്കറി വ്യവസായത്തിന് അടിത്തറയിട്ടത് തലശ്ശേരിക്കാരാണ്. പുതിയ വണിക് വിഭാഗവും ഉദ്യോഗസ്ഥവര്‍ഗവും ഇവിടെ വളര്‍ന്നുവന്നു. ഈ വിഭാഗക്കാര്‍ ശ്രീ ജ്ഞാനോദയയോഗം എന്ന സഭ 1906 ജൂലായില്‍ ആരംഭിക്കുകയും അതിന്റെ നേതൃത്വത്തില്‍ ആരാധനാകേന്ദ്രമായ ജഗന്നാഥക്ഷേത്രം സ്ഥാപിക്കുകയും ചെയ്തു. ഈ ക്ഷേത്രത്തിന്റെ പ്രതിഷ്ഠ നിര്‍വഹിച്ചത് 1908 ഫെബ്രുവരി 13-ന് ശ്രീനാരായണ ഗുരുവായിരുന്നു. ഇവിടെ വര്‍ഷം തോറും മാര്‍ച്ചു മാസത്തില്‍ ഉത്സവം നടത്തി വരുന്നു. ഗുരുവിന്റെ പ്രതിമ ക്ഷേത്രപരിസരത്തു കാണാം.
പഴമയും പുതുമയും സമ്മേളിക്കുന്ന ഒരു സാംസ്കാരിക കേന്ദ്ര മായി തലശ്ശേരി അറിയപ്പെടുന്നു. ഫാക്റ്ററിയുടെ പ്രാധാന്യം കൊണ്ട് അതിന്റെ എണ്ണച്ചായ ചിത്രം കോര്‍ട്ട് ഒഫ് ഡയറക്റ്റേര്‍സിന്റെ ലണ്ടന്‍ ആസ്ഥാനത്ത് കമാന്‍ഡര്‍ ഇന്‍ ചീഫിന്റെ മുറിയില്‍ അലങ്കരിച്ചിരുന്നു. ആധുനികമായ സഹകരണ ആശുപത്രികളും കാലിക്കറ്റ് സര്‍വകലാശാലയോട് അഫിലിയേറ്റു ചെയ്ത ഡിഗ്രി നഴ്സിങ് കോളജും മറ്റും ഈ നഗരത്തിന്റെ വളര്‍ച്ചയുടേയും വികാസത്തിന്റേയും പ്രതീകമായി നിലകൊള്ളുന്നു.
(ഡോ. കെ.കെ.എന്‍. കുറുപ്പ്, സ.പ.)