This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തര്‍ക്കപരിഹാര ഫോറങ്ങള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(New page: =തര്‍ക്കപരിഹാര ഫോറങ്ങള്‍= തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള നിയമസ...)
അടുത്ത വ്യത്യാസം →
08:51, 2 ജൂണ്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
തര്‍ക്കപരിഹാര ഫോറങ്ങള്‍
തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള നിയമസമിതികള്‍, സംഘങ്ങള്‍, ഏജന്‍സികള്‍, കോടതികള്‍ എന്നിവ. മുന്‍കാലങ്ങളില്‍ നിലനിന്നിരുന്ന രാജഭരണകാര്യങ്ങളിലും മറ്റു സാമൂഹിക പ്രശ്നങ്ങളിലും നിയമവും നീതിയും സമാധാനവും നിലനിര്‍ത്തിയിരുന്നതും ജനങ്ങളുടെ തര്‍ക്കങ്ങള്‍ പരിഹരിച്ചിരുന്നതും രാജാവും ഉയര്‍ന്ന ഭരണാധികാരികളുമായിരുന്നു. രാജാക്കന്മാര്‍ നേരിട്ടും മന്ത്രിമാരോട് ആലോചിച്ചും രാജസദസ്സിലുള്ള അംഗങ്ങളുടെ അഭിപ്രായമനുസരിച്ചും ജനങ്ങളുടെ തര്‍ക്കങ്ങള്‍ക്കു പരിഹാരം കണ്ടെത്തിയിരുന്നു. ഒരു കുഞ്ഞിന്റെ മാതൃത്വത്തിന് രണ്ട് സ്ത്രീകള്‍ അവകാശവാദം ഉന്നയിച്ചപ്പോള്‍ അതിന് സോളമന്‍ ചക്രവര്‍ത്തി പരിഹാരം കണ്ടെത്തിയ കഥ സുവിദിതമാണ്. ജഹാംഗീര്‍ ചക്രവര്‍ത്തി അലക്കുകാരിയുടെ പരാതി പരിഹരിച്ച കാര്യവും പ്രസിദ്ധമാണ്. ചോളരാജാവ് നീതിനിര്‍വഹണത്തിനായി സ്വന്തം പുത്രന്റെ കഴുത്തില്‍ക്കൂടി രഥം ഓടിച്ച സംഭവം പുകഴ്പെറ്റതാണ്. അങ്ങനെ രാജാക്കന്മാരും രാജസദസ്സുകളും പുരാതന തര്‍ക്കപരിഹാരവേദികളായി വര്‍ത്തിച്ചിരുന്നു.
രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പുരാതന കാലത്ത് യുദ്ധം ചെയ്ത് തീര്‍പ്പുകല്പിച്ചിരുന്നു. ലീഗ് ഒഫ് നേഷന്‍സും ഐക്യരാഷ്ട്രസംഘടനയും ആവിര്‍ഭവിച്ചതോടുകൂടി ലോകരാഷ്ട്രങ്ങളുടെ ഇടയില്‍ ഉള്ള തര്‍ക്കങ്ങള്‍ കൂടിയാലോചനകള്‍ വഴി സമാധാന പരമായി പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ തെളിഞ്ഞു.
തര്‍ക്കപരിഹാരത്തിനായി പല ഏജന്‍സികളും നിലവിലുണ്ട്. ഓരോ വിധത്തിലുള്ള തര്‍ക്കം പരിഹരിക്കുന്നതിനു ഓരോ രീതി യിലുള്ള തര്‍ക്കപരിഹാര ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നു. ക്രിമി നല്‍ കുറ്റങ്ങളും രാജ്യദ്രോഹ കുറ്റങ്ങളും ഉള്‍പ്പെട്ട തര്‍ക്കങ്ങളില്‍ വാദി ഗവണ്‍മെന്റും പ്രതി കുറ്റം ചെയ്തതായി കരുതുകയോ സംശയിക്കുകയോ ചെയ്യുന്ന വ്യക്തിയുമാണ്. ഇങ്ങനെയുണ്ടാകുന്ന കുറ്റങ്ങള്‍ വിചാരണ നടത്തി കുറ്റക്കാര്‍ക്ക് ശിക്ഷയും പിഴയും നല്കുന്നതിനുള്ള തര്‍ക്കപരിഹാരഫോറം ക്രിമിനല്‍ കോടതികളാണ്. മറ്റൊരാളെ ഉപദ്രവിക്കുക, അയാളുടെ വസ്തുവകകള്‍ മോഷ്ടിക്കുക, വിശ്വാസവഞ്ചന, ചതിവ് എന്നിങ്ങനെയുള്ള മാര്‍ഗങ്ങളില്‍ക്കൂടി മറ്റാളുകള്‍ക്ക് നഷ്ടം സംഭവിപ്പിക്കുക, കൊലപാതകം നടത്തുക മുതലായ കുറ്റങ്ങളെ ഗവണ്‍മെന്റ് വാദിയായി നടത്തുകയാണ് പതിവ്. അത്തരം കേസുകളും ക്രിമിനല്‍ കോടതികളാണ് കൈകാര്യം ചെയ്യുന്നത്. മജിസ്ട്രേട്ടു കോടതി, സെഷന്‍സ് കോടതി, ഹൈക്കോടതി, സുപ്രീം കോടതി ഇവയെല്ലാം ഇങ്ങനെയുള്ള കേസ്സുകള്‍ കൈകാര്യം ചെയ്യുന്നു. സംസ്ഥാനതലത്തിലും ദേശീയതലത്തിലും മനുഷ്യാവകാശ കമ്മിഷനുകള്‍ പൊതുജനങ്ങളുടെ മനുഷ്യാവകാശ പ്രശ്നങ്ങള്‍ പരിഹരിക്കുന്നുണ്ട്.
വ്യക്തികള്‍ തമ്മിലുള്ള വസ്തുതര്‍ക്കം, പണസംബന്ധമായ തര്‍ക്കങ്ങള്‍, അവകാശത്തര്‍ക്കങ്ങള്‍ മുതലായവയെല്ലാം സിവില്‍ കോടതികളാണ് കൈകാര്യം ചെയ്യുന്നത്. അതില്‍ വാദിയും പ്രതിയും വ്യക്തികള്‍ തന്നെയാണ്. സിവില്‍ സ്വഭാവത്തിലുള്ള കേസുകള്‍ മുന്‍സിഫ് കോടതി, ജില്ലാ കോടതി, ഹൈക്കോടതി സുപ്രീം കോടതി എന്നീ കോടതികള്‍ കൈകാര്യം ചെയ്യുന്നു. ഇവ കൂടാതെ അസിസ്റ്റന്റ് സെഷന്‍സ് കോടതിയും സബ് കോടതിയുമുണ്ട്. മിക്കവാറും ഒരേ ജഡ്ജി തന്നെ രണ്ടു കോടതിയിലും നീതി നിര്‍വഹണം നടത്തുന്നു. യഥാക്രമം ക്രിമിനല്‍, സിവില്‍ കോടതികള്‍ മുകളില്‍ സൂചിപ്പിച്ച കേസുകള്‍ കേള്‍ക്കുന്നു. ക്രിമിനല്‍ കോടതികള്‍ക്കും സിവില്‍ കോടതികള്‍ക്കും അധികാരപരിധിയും കൈകാര്യം ചെയ്യാവുന്ന കേസുകളുടെ ഗുരുത്വവും തര്‍ക്കങ്ങളില്‍ ഉള്‍പ്പെടുന്ന വസ്തുവകകളുടേയും പണത്തിന്റേയും പരിധിയും നിശ്ചയിച്ചിട്ടുണ്ട്.
തൊഴിലാളികളും തൊഴില്‍ ഉടമകളും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി വര്‍ക്കേഴ്സ് കമ്മിറ്റി, കണ്‍സിലിയേഷന്‍, ആര്‍ബിട്രേഷന്‍, ലേബര്‍ കോടതി, ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ എന്നിങ്ങനെയുള്ള തര്‍ക്കപരിഹാരഫോറങ്ങള്‍ നിലവിലുണ്ട്. ഗവ ണ്‍മെന്റ് ഉദ്യോഗസ്ഥന്മാരുടെ സര്‍വീസ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി അഡ്മിനിസ്റ്റ്രേറ്റിവ് ട്രൈബ്യൂണല്‍ എന്ന തര്‍ക്ക പരിഹാരഫോറം പ്രവര്‍ത്തിച്ചുവരുന്നു. ഔദ്യോഗിക തലത്തില്‍ നടക്കുന്ന അഴിമതിയും മറ്റും പരിശോധിക്കുന്നതിനും അഴിമതി ക്കാരെ പ്രോസിക്യൂട്ടു ചെയ്യുന്നതിനുമായി വിജിലന്‍സ് കോടതികള്‍ എന്ന പേരിലുള്ള തര്‍ക്കപരിഹാര ഫോറം പ്രവര്‍ത്തിക്കുന്നു. സ്റ്റേറ്റുകള്‍ക്കും കേന്ദ്രത്തിനും പ്രത്യേകം കോടതികള്‍ നിശ്ചയിച്ചിട്ടുണ്ട്. സെയില്‍സ്ടാക്സ്, ഇന്‍കംടാക്സ് കുറ്റങ്ങള്‍ തീര്‍ക്കുന്നതിന് ട്രൈബ്യൂണലുകളാണ് നിലകൊള്ളുന്നത്. വിദേശ നാണയച്ചട്ടങ്ങളും മറ്റും ലംഘിച്ചാല്‍ അത് പരിശോധിച്ച് തീര്‍പ്പു കല്പിക്കുന്നതിനുള്ള പ്രത്യേക ഉദ്യോഗസ്ഥന്മാരുണ്ട്. അവര്‍ കോടതികളെപ്പോലെ തെളിവെടുത്ത് തീരുമാനിക്കുന്നു. വനംകൊള്ള തടയുന്നതിന് ഫോറസ്റ്റ് ട്രൈബ്യൂണല്‍ എന്ന പേരില്‍ തര്‍ക്കപരിഹാര ഫോറം പ്രവര്‍ത്തിച്ചുവരുന്നു. മയക്കുമരുന്ന് കൈവശം വയ്ക്കുക, വില്പന നടത്തുക, ഉണ്ടാക്കുക തുടങ്ങിയ കുറ്റകരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും പട്ടികജാതി-വര്‍ഗദ്രോഹ നിരോധന നിയമമനുസരിച്ചു നടപടികള്‍ നടത്തുന്നതിനും പ്രത്യേകം കോടതികള്‍ നിലവിലുണ്ട്.
ഉപഭോക്താവിന്റെ പരാതികള്‍ പരിഹരിക്കുന്നതിനായി ജില്ല, സംസ്ഥാന, ദേശീയ തലങ്ങളില്‍ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറങ്ങള്‍ ചുമതല വഹിക്കുന്നു. അഡ്ജൂഡിക്കേഷന്‍, കണ്‍ സിലിയേഷന്‍ എന്നിവയും തര്‍ക്കപരിഹാരമാര്‍ഗങ്ങളാണ്. സ്റ്റേറ്റുകള്‍ തമ്മിലും കേന്ദ്രവും സ്റ്റേറ്റും തമ്മിലും ഉള്ള നദീജലത്തര്‍ക്കം മുതലായ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ട്രൈബ്യൂണലുകള്‍ രൂപീകരിക്കാറുണ്ട്. കര്‍ണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങള്‍ തമ്മില്‍ കാവേരി നദീജലത്തെക്കുറിച്ച് തര്‍ക്കമുണ്ടായപ്പോള്‍ കാവേരി ട്രൈബ്യൂണല്‍ എന്ന പേരില്‍ ഒരു നദീജലതര്‍ക്ക പരിഹാരഫോറം രൂപീകരിക്കുകയുണ്ടായി. ട്രെയിനുകളില്‍ ടിക്കറ്റ് എടുക്കാതെ യാത്രചെയ്യുന്നവരുടേയും ബന്ധപ്പെട്ട ചെറിയ കുറ്റങ്ങള്‍ ചെയ്യുന്നവരുടേയും പേരില്‍ റെയില്‍വേ മജിസ്റ്റ്രേറ്റു കോടതികള്‍ നടപടിയെടുക്കുന്നു. വലിയ കുറ്റങ്ങള്‍ അധികാരപരിധിയിലുള്ള സാധാരണകോടതി കൈകാര്യം ചെയ്യുന്നു. മോട്ടോര്‍ വാഹനാപകടങ്ങള്‍ സംബന്ധിച്ച കേസുകള്‍ക്ക് തീരുമാനമുണ്ടാക്കാന്‍ മോട്ടോര്‍ വാഹന നഷ്ടപരിഹാര ട്രൈബ്യൂണല്‍ പ്രവര്‍ത്തിക്കുന്നു. അച്ചടക്ക ലംഘനം, ഒളിച്ചോട്ടം മുതലായവ കൈകാര്യം ചെയ്യാന്‍ സൈനിക വിഭാഗങ്ങള്‍ക്ക് പ്രത്യേക സംവിധാനമുണ്ട്. പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍ മുതലായ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു സംബന്ധമായ കേസുകള്‍ സിവില്‍ കോടതികള്‍ പരിശോധിച്ച് പരിഹാരം കണ്ടെത്തുന്നു. എക്സിക്യൂട്ടിവ് മജിസ്റ്റ്രേറ്റ് കോടതികളും തര്‍ക്ക പരിഹാര ഫോറങ്ങളാണ്. അസംബ്ളി, പാര്‍ലമെന്റ് തെരഞ്ഞെടുപ്പു കേസുകള്‍ കേള്‍ക്കാനും അന്തിമ തീരുമാനമെടുക്കാനും ഹൈക്കോടതിക്കും സുപ്രീം കോടതിക്കുമാണ് അധികാരം. അസംബ്ളിയിലും പാര്‍ലമെന്റിലും ഉണ്ടാകുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് അസംബ്ളിയിലും പാര്‍ലമെന്റിലും പ്രത്യേക സംവിധാനമേര്‍പ്പെടുത്തിയിരിക്കുന്നു. അസംബ്ളിക്കകത്തു നടക്കുന്ന കാര്യങ്ങളില്‍ (ക്രിമിനല്‍ കുറ്റങ്ങള്‍ ഒഴികെ) വെളിയിലുള്ള ഏജന്‍സികള്‍ക്ക് ഇടപെടാന്‍ അധികാരമില്ല. സ്പീക്കര്‍മാരുടെ നിര്‍ദേശം അനുസരിച്ചാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ തീരുമാനമുണ്ടാകുന്നത്.
ബാങ്കുകളുമായുള്ള തര്‍ക്കപരിഹാരത്തിന് 'ഓംബുഡ്സ്മാന്‍' എന്ന തര്‍ക്കപരിഹാരഫോറം റിസര്‍വ് ബാങ്കിനോടനുബന്ധിച്ച് പ്രവര്‍ത്തിച്ചുവരുന്നു. സ്റ്റേറ്റുകള്‍ തമ്മിലും കേന്ദ്രവുമായുള്ളതുമായ തര്‍ക്കങ്ങളും ഭരണഘടനാപരമായ പ്രശ്നങ്ങളും സംബന്ധിച്ച തീരുമാനമെടുക്കുന്നത് സുപ്രീം കോടതിയാണ്. ചില കാര്യങ്ങളില്‍ കമ്മിഷനുകളും ഇടപെടാറുണ്ട്. കേരളത്തില്‍ ഇപ്പോള്‍ പഞ്ചായത്തുകളും മറ്റു സ്വയംഭരണ സ്ഥാപനങ്ങളും തമ്മിലും, പൊതുജനങ്ങളുമായും ഗവണ്‍മെന്റ് ഉള്‍പ്പെടുന്നതും അല്ലാത്തതുമായ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി സംസ്ഥാനതലത്തില്‍ 'ഓംബുഡ്സ്മാന്‍'എന്ന തര്‍ക്കപരിഹാരഫോറം രൂപീകരിച്ചിട്ടുണ്ട്. അതിന്റെ ആസ്ഥാനം തിരുവനന്തപുരത്താണ്. തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ ഓംബുഡ്സ്മാന്‍ കേസുകള്‍ കേള്‍ക്കാറുണ്ട്. ഓംബുഡ്സ്മാന്റെ വിധിക്കു മുകളില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ കൊടുക്കാനും വ്യവസ്ഥയുണ്ട്.
ഭരണരംഗത്തുള്ള അഴിമതി, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യല്‍, കൃത്യവിലോപം, അനീതി, പക്ഷപാതപരമായ തീരുമാനം എന്നിവ മൂലം ഉയര്‍ന്നുവരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ലോകായുക്ത എന്ന പേരില്‍ ഒരു കോടതി രീപീകരിച്ചിട്ടുണ്ട്. ഒരു ലോകായുക്തയും ഒന്നില്‍ അധികം ഉപലോകായുക്തമാരും അംഗങ്ങളായ കോടതി സിംഗിള്‍ ബഞ്ച് ആയും ഡിവിഷന്‍ ബഞ്ചായും ഫുള്‍ബഞ്ച് ആയും കേസുകള്‍ കേട്ട് തീരുമാനിക്കുന്നു. തിരുവനന്തപുരം ആസ്ഥാനമായ ലോകായുക്തയില്‍ ജഡ്ജിമാരെ നിയമിക്കുന്നത് ഹൈക്കോടതി ജഡ്ജിമാരില്‍ നിന്നോ പെന്‍ഷന്‍ പറ്റിയ ജഡ്ജിമാരില്‍ നിന്നോ ആണ്. നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് ആര്‍ബിട്രേറ്റര്‍മാരേയും അന്വേഷണകമ്മിഷനേയും നിയമിച്ച് തര്‍ക്കപരിഹാരം നടത്തുന്ന രീതിയും നിലവിലിരിക്കുന്നു. അവയും തര്‍ക്കപരിഹാര ഫോറങ്ങള്‍ തന്നെയാണ്.
ഇപ്പോള്‍ കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും കുടുംബ സംബന്ധമായ കേസുകള്‍ കേട്ട് തീരുമാനമെടുക്കുന്നതിന് കുടും ബകോടതികളെയാണ് നിയോഗിച്ചിരിക്കുന്നത്. ഓരോ ജില്ലയ്ക്കും ഓരോ കോടതി എന്നതാണ് ലക്ഷ്യം. എന്നാല്‍ ഒന്നിലധികം ജില്ല കള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന കോടതികളുമുണ്ട്. ഭാര്യാഭര്‍ത്തൃ ബന്ധം പുനഃസ്ഥാപിക്കുക, വിവാഹമോചനം, ജീവനാംശം നല്‍കല്‍, കുട്ടികളുടെ കൈവശാവകാശം, ഭാര്യയുടേയും ഭര്‍ത്താവിന്റേയും സ്വത്തുതര്‍ക്കം എന്നിവയെല്ലാം കുടുംബകോടതി കൈകാര്യം ചെയ്യുന്നു. കുടുംബകോടതി ജഡ്ജിക്ക് എതിരായി അപ്പീല്‍ സ്വീകരിക്കാന്‍ ഹൈക്കോടതിക്കധികാരമുണ്ട്.
സഹകരണബാങ്കുകള്‍, സഹകരണപ്രസ്ഥാനം എന്നിവയുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് ആര്‍ബിട്രേറ്ററന്‍മാരും സഹകരണ ട്രൈബ്യൂണലുകളും നിലവിലുണ്ട്. ജില്ലാ ജഡ്ജിയുടെ പദവിയുള്ള സഹകരണ ട്രൈബ്യൂണലിന്റെ വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീലിനു പോകാന്‍ വ്യവസ്ഥയുണ്ട്. യൂണിവേഴ്സിറ്റിയില്‍ ജീവനക്കാര്‍ തമ്മിലുള്ള കാര്യങ്ങളും പൊതുജനങ്ങള്‍ക്ക് താത്പര്യമുള്ള കാര്യങ്ങളുും കൈകാര്യം ചെയ്യാന്‍ യൂണിവേഴ്സിറ്റി ട്രൈബ്യൂണല്‍ എന്ന തര്‍ക്കപരിഹാര ഫോറം പ്രവര്‍ത്തിക്കുന്നു. ജില്ലാ ജഡ്ജിയുടെ പദവിയിലുള്ള യൂണിവേഴ്സിറ്റി ട്രൈബ്യൂണലും ഹൈക്കോടതിയുടെ അപ്പീല്‍ അധികാര പരിധിയിലാണ്.
ഭൂപരിഷ്കരണ നിയമമനുസരിച്ച് കേരളത്തില്‍ വസ്തു കൈവ ശക്കാര്‍, പാട്ടക്കാര്‍, കുടികിടപ്പുകാര്‍, കൃഷിക്കാര്‍ എന്നിവരുടെ തര്‍ക്കങ്ങള്‍ പരിഹരിക്കുവാന്‍ ലാന്‍ഡ് ട്രൈബ്യൂണലുകളും അപ്പ ല്ലേറ്റ് ട്രൈബ്യൂണലുകളും പ്രവര്‍ത്തിച്ചു വരുന്നുണ്ട്. റവന്യൂ വകു പ്പില്‍ പോക്കുവരവ്, പട്ടയം കൊടുക്കല്‍ മുതലായ കാര്യങ്ങള്‍ തീര്‍ക്കുന്നതിന് തഹസീല്‍ദാര്‍, റവന്യൂ ഡിവിഷണല്‍ ആഫീസറ ന്മാര്‍, കളക്റ്റര്‍ എന്നിവര്‍ തര്‍ക്കപരിഹാര ഫോറങ്ങളായി പ്രവര്‍ ത്തിക്കുന്നു.
ഇവയ്ക്കു പുറമേ, ഐക്യരാഷ്ട്രസഭയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ കോര്‍ട്ട് ഒഫ് ജസ്റ്റിസ്, ഇന്റര്‍നാഷണല്‍ ലേബര്‍ കോര്‍ട്ട് എന്നീ ഏജന്‍സികളും രക്ഷാസമിതിയും ഐക്യരാഷ്ട്രസഭയും അന്തര്‍ദേശീയ തര്‍ക്കങ്ങളും രാഷ്ട്രങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളും പരിഹരിക്കുന്നതിനുള്ള തര്‍ക്കപരിഹാരഫോറങ്ങളായി പ്രവര്‍ത്തിച്ചുവരുന്നു. രാഷ്ട്രങ്ങള്‍ തമ്മിലും രാഷ്ട്രങ്ങളും അവിടെയുള്ള വിഘടിത പ്രസ്ഥാനങ്ങളും തമ്മിലും ഉണ്ടാകുന്ന തര്‍ക്കങ്ങളും പ്രശ്നങ്ങളും മറ്റു രാഷ്ട്രങ്ങളുടെ മധ്യസ്ഥതയില്‍ ഒതുക്കിത്തീര്‍ക്കുന്ന തര്‍ക്കപരിഹാര ഫോറങ്ങളുമുണ്ട്. അനൌപചാരിക തര്‍ക്കപരിഹാരവേദികളായ അദാലത്തുകള്‍ പുതിയ സംരംഭമായി വിവിധ മേഖലകളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്കിവരുന്നതും പ്രസ്താവ്യമാണ്.
(എന്‍.ടി. ഗോപാലന്‍)