This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തമ്പി, ശങ്കരനാരായണന്‍ (1911 - 89)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(New page: =തമ്പി, ശങ്കരനാരായണന്‍ (1911 - 89)= കേരള നിയമസഭയുടെ ആദ്യത്തെ സ്പീക്കര്‍. സ്വ...)
അടുത്ത വ്യത്യാസം →
07:16, 2 ജൂണ്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
തമ്പി, ശങ്കരനാരായണന്‍ (1911 - 89)
കേരള നിയമസഭയുടെ ആദ്യത്തെ സ്പീക്കര്‍. സ്വാതന്ത്യ്ര സമര സേനാനിയും വിപ്ളവകാരിയും കമ്യൂണിസ്റ്റു നേതാവുമായിരുന്നു. ചെങ്ങന്നൂര്‍ താലൂക്കിന്റെ പടിഞ്ഞാറു ഭാഗത്തുള്ള എണ്ണയ്ക്കാട് എന്ന ഗ്രാമത്തില്‍, എണ്ണയ്ക്കാട്ടു കൊട്ടാരത്തിലെ മൂലം തിരുനാള്‍ രാമവര്‍മ തമ്പുരാന്റെ പത്തു മക്കളില്‍ രണ്ടാമനായി 1911 സെപ്. 30-ന് ജനിച്ചു. പല്ലന പാണ്ഡവത്തു കുടുംബാംഗമായ തങ്കമ്മയാണ് മാതാവ്. നാടുവാഴി പ്രഭുത്വത്തിന്റേതായ പൈതൃകമുള്ള കുടുംബ പശ്ചാത്തലമാണുണ്ടായിരുന്നതെങ്കിലും ദേശീയതയുടേയും മാനവികതയുടേയും മൂല്യങ്ങളെ ഊട്ടിവളര്‍ത്താനാണ് ഇദ്ദേഹം ബദ്ധശ്രദ്ധനായത്. എണ്ണയ്ക്കാട് പ്രൈമറി സ്കൂളിലെ പഠനശേഷം മാന്നാര്‍ നായര്‍ സമാജം ഹൈസ്കൂളിലായിരുന്നു വിദ്യാഭ്യാസം തുടര്‍ന്നത്. 1929-ല്‍ തിരുവനന്തപുരം ആര്‍ട്സ് കോളജില്‍ ഇന്റര്‍മീഡിയറ്റിനു പഠിച്ചു. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ പൊതുപ്രവര്‍ത്തനവുമായി ഇദ്ദേഹം ബന്ധപ്പെട്ടിരുന്നു. ഇക്കാലത്ത് കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനങ്ങളിലും ദേശീയ സമരത്തിലും തമ്പി ആകൃഷ്ടനായി. ഇന്റര്‍മീഡിയറ്റ് പഠനം കഴിഞ്ഞ് ഒരു ഇടവേളയ്ക്കുശേഷം തിരുവനന്തപുരത്ത് ബി.എ.യ്ക്കു പഠിച്ചു. 1938-ല്‍ തിരുവനന്തപുരം ലോ കോളജില്‍ നിയമ പഠനം പൂര്‍ത്തിയാക്കി. മാവേലിക്കരയിലും ആലപ്പുഴയിലും അഭിഭാഷകവൃത്തിയിലേര്‍പ്പെട്ടു.
കേരളത്തില്‍ പുരോഗമന ചിന്താഗതിക്കാരായ യുവാക്കള്‍ കോണ്‍ഗ്രസ്സിനു സമാന്തരമായി ഉണ്ടാക്കിയ യൂത്ത് ലീഗ് എന്ന പ്രസ്ഥാനത്തില്‍ ചേര്‍ന്ന് ശങ്കരനാരായണന്‍ തമ്പി സജീവമായി പ്രവര്‍ത്തിച്ചു തുടങ്ങി. കോണ്‍ഗ്രസ്സുകാരനും യൂത്ത് ലീഗ് പ്രവര്‍ത്തകനുമായിരുന്നെങ്കിലും പുരോഗമനവാദികളുടെ വിഭാഗത്തിലായിരുന്നു തമ്പി നിലകൊണ്ടത്. ചെങ്ങന്നൂര്‍, തിരുവനന്തപുരം എന്നീ പ്രദേശങ്ങളില്‍ യൂത്ത് ലീഗിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇദ്ദേഹം ഏര്‍പ്പെടുകയുണ്ടായി. യൂത്ത് ലീഗിന്റെ തിരുവനന്ത പുരത്തെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് 1938-ല്‍ അറസ്റ്റിലാവുകയും ഏതാനും മാസക്കാലം തടവുശിക്ഷ അനുഭവിക്കുകയും ചെയ്തു. മോചിതനായ ശേഷം രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ തുടര്‍ന്നും വ്യാപൃതനായി. കോണ്‍ഗ്രസ് സോഷ്യലിസ്റ്റു പാര്‍ട്ടിയുമായും തമ്പി സഹകരിച്ചു. കമ്യൂണിസ്റ്റു പ്രവര്‍ത്തനങ്ങളിലും ഉത്സുകത കാണിച്ചു. മലബാറിലെ രാഷ്ട്രീയ യോഗങ്ങളിലും ക്യാമ്പുകളിലും തമ്പി പങ്കെടുത്തു. 1942-ല്‍ ഇദ്ദേഹം വിവാഹിതനായി. എടത്വായിലെ പൂവക്കാട് തറവാട്ടംഗമായ തങ്കമ്മയായിരുന്നു ഭാര്യ. മൂന്നാണും രണ്ടു പെണ്ണുമായി അഞ്ചു മക്കളാണുള്ളത്.
തിരുവിതാംകൂറില്‍ ശ്രീമൂലം അസംബ്ളിയിലേക്ക് 1943-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കരുനാഗപ്പള്ളി-കാര്‍ത്തികപ്പള്ളി നിയോജകമണ്ഡലത്തില്‍ നിന്നു മത്സരിച്ച് ഇദ്ദേഹം നിയമസഭാംഗമായി. 1947 വരെ ഈ സ്ഥാനത്തു പ്രവര്‍ത്തിച്ചു. കമ്യൂണിസ്റ്റു പാര്‍ട്ടിയുമായുള്ള ബന്ധം മൂലം 1946-ല്‍ രാജ്യദ്രോഹകുറ്റം ചുമത്തി തമ്പിയെ അറസ്റ്റു ചെയ്തു. 1947-ല്‍ മോചിതനായതിനുശേഷം കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായി മാറി. മധ്യതിരുവിതാംകൂറിലെ കര്‍ഷകത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനുള്ള യത്നങ്ങള്‍ക്ക് ഇദ്ദേഹം നേതൃത്വം കൊടുത്തു. ഇക്കാലത്ത് ഒളിവിലിരുന്നാണ് തമ്പി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയത്. മധ്യതിരുവിതാംകൂറില്‍ കമ്യൂണിസ്റ്റു പാര്‍ട്ടി ഘടകങ്ങള്‍ പടുത്തുയര്‍ത്താനുള്ള സംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കു ശക്തി നല്കി. 1948 കാലത്ത് പാര്‍ട്ടിയുടെ കായംകുളം ഡി.സി. സെക്രട്ടറിയായി. 1954-ല്‍ മാവേലിക്കര നിന്ന് തെരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ചതിനുശേഷം തമ്പി ഒളിവില്‍ നിന്നു പുറത്തു വന്നു. 1956 വരെ ഇദ്ദേഹം തിരു-കൊച്ചി നിയമസഭയില്‍ അംഗമായിരുന്നു. 1957-ല്‍ ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട തമ്പി കേരള നിയമസഭയുടെ പ്രഥമ സ്പീക്കറായി. 1959 വരെ ഈ സ്ഥാനത്തു തുടര്‍ന്നു. സ്പീക്കര്‍ സ്ഥാനത്തു നിന്നു വിരമിച്ചതിനു ശേഷം മാവേലിക്കരയിലും ആലപ്പുഴയിലും ഇദ്ദേഹം അഭിഭാഷകനായി പ്രവര്‍ത്തിച്ചു. കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ പിളര്‍പ്പിനുശേഷം ഇദ്ദേഹം സി.പി.ഐ.യിലേക്കു മാറി. എന്നാല്‍ പിന്നീട് സജീവ രാഷ്ട്രീയത്തില്‍ നിന്നു പിന്മാറുകയാണുണ്ടായത്. 1969 മുതല്‍ തിരുവനന്തപുരം കേന്ദ്രീകരിച്ചായിരുന്നു പൊതുപ്രവര്‍ത്തനം നടത്തിപ്പോന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ സേവന വ്യവസ്ഥകള്‍ പരിഷ്കരിക്കുന്നതിനുള്ള കമ്മിറ്റിയുടെ അധ്യക്ഷനായി 1969 ന.-ല്‍ നിയമിതനായി. പിന്നീട് കുറേക്കാലം വൈദ്യുതി ബോര്‍ഡിനു വേണ്ടി ആര്‍ബിട്രേഷന്‍ കേസുകള്‍ വാദിച്ചു. പലവിധ സാമൂഹിക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുകഴിഞ്ഞ തമ്പി 1989 ന. 2-ന് തിരുവനന്തപുരത്ത് നിര്യാതനായി.