This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തമിഴ് മാനില കോണ്‍ഗ്രസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(New page: =തമിഴ് മാനില കോണ്‍ഗ്രസ്= തമിഴ്നാട്ടില്‍ 1996 മുതല്‍ 2002 വരെയുള്ള ചുരുങ്ങി...)
അടുത്ത വ്യത്യാസം →

07:03, 2 ജൂണ്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

തമിഴ് മാനില കോണ്‍ഗ്രസ്

തമിഴ്നാട്ടില്‍ 1996 മുതല്‍ 2002 വരെയുള്ള ചുരുങ്ങിയ കാലയളവില്‍ പ്രാബല്യത്തിലിരുന്ന ഒരു പ്രാദേശിക രാഷ്ട്രീയപ്പാര്‍ട്ടി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ തമിഴ്നാട് ഘടകത്തില്‍ 1996 മാര്‍ച്ചില്‍ ഉണ്ടായ പിളര്‍പ്പിനെത്തുടര്‍ന്നാണ് ഈ പാര്‍ട്ടി രൂപവത്കൃതമായത്. തദവസരത്തില്‍ നടന്ന പാര്‍ലമെന്റ്-നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മെച്ചപ്പെട്ട വിജയം കരസ്ഥമാക്കാനായെങ്കിലും ഈ പാര്‍ട്ടി പിന്നീട് ദുര്‍ബലമായിത്തീര്‍ന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വം തമിഴ്നാട്ടില്‍ ഉണ്ടാക്കിയ തെരഞ്ഞെടുപ്പു സഖ്യത്തോടുള്ള എതിര്‍പ്പിനെത്തുടര്‍ന്ന് തമിഴ്നാട്ടിലെ കോണ്‍ഗ്രസ് നേതാവായിരുന്ന ജി.കെ. മൂപ്പനാര്‍ പാര്‍ട്ടിബന്ധം വിച്ഛേദിച്ചുകൊണ്ട് രൂപവത്ക്കരിച്ചതാണ് ഈ പുതിയ രാഷ്ട്രീയപ്പാര്‍ട്ടി. സംസ്ഥാനത്ത് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ നേതൃത്വത്തിലുള്ള ആള്‍ ഇന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം എന്ന പാര്‍ട്ടിയും കോണ്‍ഗ്രസ്സുമായി അസ്വാരസ്യം നിലനിന്നിരുന്നു. 1996 മാര്‍ച്ചില്‍ പതിനൊന്നാം ലോക്സഭയിലേക്കും തമിഴ്നാട് ഉള്‍പ്പെടെയുള്ള ചില സംസ്ഥാന നിയമസഭകളിലേക്കും തെരഞ്ഞെടുപ്പു നടത്താന്‍ വിജ്ഞാപനമുണ്ടായി. തെരഞ്ഞെടുപ്പില്‍ ജയലളിതയുടെ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുവാന്‍ കോണ്‍ഗ്രസ് നേതൃത്വം കൈക്കൊണ്ട തീരുമാനത്തോടു യോജിക്കുവാന്‍ മൂപ്പനാരും അനുയായികളും തയ്യാറായില്ല. ഇതോടെ കോണ്‍ഗ്രസ്സിന്റെ തമിഴ്നാട് ഘടകത്തില്‍ പിളര്‍പ്പുണ്ടായി. ഈ രാഷ്ട്രീയ സാഹചര്യമാണ് തമിഴ് മാനില കോണ്‍ഗ്രസ് എന്ന പുതിയ രാഷ്ട്രീയപ്പാര്‍ട്ടി സ്ഥാപിതമാകുന്നതിനു കളമൊരുക്കിയത്. മൂപ്പനാരും അനുയായികളും 1996 മാര്‍ച്ച് അവസാനത്തോടെ കോണ്‍ഗ്രസ്സിനോടു വിടപറഞ്ഞു. പി.വി. നരസിംഹറാവു പ്രധാനമന്ത്രിയായുള്ള കേന്ദ്ര കോണ്‍ഗ്രസ് മന്ത്രിസഭയില്‍ തമിഴ്നാട്ടില്‍ നിന്നുമുള്ള മന്ത്രിമാരായിരുന്ന പി. ചിദംബരവും എം.അരുണാചലവും ഈ സഖ്യത്തില്‍ പ്രതിഷേധിച്ച് മന്ത്രിസ്ഥാനം രാജിവച്ച് മൂപ്പനാരോടൊപ്പം ചേര്‍ന്നു. ഇവരുടെ സംയുക്ത ചിന്താഫലമായി, മൂപ്പനാരുടെ നേതൃത്വത്തില്‍ 1996 ഏപ്രില്‍ ആദ്യവാരം തമിഴ് മാനില കോണ്‍ഗ്രസ് എന്ന പുതിയ പാര്‍ട്ടി സ്ഥാപിതമായി.

തമിഴ്നാട്ടില്‍ ജയലളിതയുടെ പാര്‍ട്ടിയെ എതിര്‍ക്കുന്ന കക്ഷി യായ, കരുണാനിധിയുടെ നേതൃത്വത്തിലുള്ള ദ്രാവിഡ മുന്നേറ്റ കഴകം എന്ന പാര്‍ട്ടിയുമായി കോണ്‍ഗ്രസ് വിരുദ്ധ കൂട്ടുകെട്ടുണ്ടാ ക്കിയാണ് തമിഴ് മാനില കോണ്‍ഗ്രസ് 1996 ഏപ്രില്‍-മേയ്-ലെ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഈ സഖ്യത്തിന് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള കൂട്ടുകെട്ടിനെതിരായി ആഞ്ഞടിക്കാന്‍ സാധിച്ചു. സംസ്ഥാന അസംബ്ളിയിലേക്കും ലോക്സഭയിലേക്കുമുള്ള തെരഞ്ഞെടുപ്പില്‍ ഇത് പ്രകടമായി. സംസ്ഥാനത്ത് കോണ്‍ഗ്രസ്സിനു ലഭ്യമായതിനേക്കാള്‍ കൂടുതല്‍ പാര്‍ലമെന്റ് സീറ്റ് നേടാന്‍ തമിഴ് മാനില കോണ്‍ഗ്രസ്സിനു കഴിഞ്ഞുവെന്നത് പാര്‍ട്ടിക്ക് സംസ്ഥാന രാഷ്ട്രീയത്തില്‍ ഉണ്ടായ സ്വാധീനം വ്യക്തമാക്കുന്നു. ലോക്സഭയിലേക്ക് തമിഴ് മാനില കോണ്‍ഗ്രസ്സിന്റെ 20 അംഗങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു. നിയമസഭയിലേക്ക് മാനിലയില്‍പ്പെട്ട 39 അംഗങ്ങള്‍ വിജയികളായി.

തെരഞ്ഞെടുപ്പിനുശേഷം ഭാരതീയ ജനതാ പാര്‍ട്ടി(ബി.ജെ. പി.)യുടെ ഗവണ്മെന്റ് കേന്ദ്രത്തില്‍ വരുന്നതു തടയാന്‍ തമിഴ് മാനില കോണ്‍ഗ്രസ് കൂടി ഉള്‍പ്പെട്ട പതിമൂന്ന് കക്ഷികളുടേതായ മൂന്നാം മുന്നണി നിലവില്‍വന്നു. മൂന്നാം മുന്നണിയുടെ പേര് പിന്നീട് ഐക്യമുന്നണി എന്നാക്കി. തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് 1996-ല്‍ കുറച്ചു ദിവസം മാത്രം അധികാരത്തിലിരുന്ന വാജ്പേയ് ഗവണ്മെന്റിന്റെ (ബി.ജെ.പി.) പതനശേഷം മറ്റൊരു ഗവണ്മെന്റു ണ്ടാക്കുവാന്‍ ഈ ഐക്യമുന്നണിക്കു സാധിച്ചു. അങ്ങനെ എച്ച്. ഡി. ദേവഗൌഡ പ്രധാനമന്ത്രിയായുള്ള ഗവണ്മെന്റുണ്ടായി. 1997 ഏപ്രിലില്‍ അധികാരത്തില്‍വന്ന ഐ.കെ. ഗുജ്റാള്‍ മന്ത്രിസഭ യേയും തമിഴ് മാനില കോണ്‍ഗ്രസ് പിന്തുണച്ചിരുന്നു. പാര്‍ട്ടിയുടെ പ്രമുഖ നേതാവായിരുന്ന പി. ചിദംബരം ഉള്‍പ്പെടെയുള്ളവരെ കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ പ്രാരംഭ ദശയിലുള്ള ഈ പ്രാദേശികപ്പാര്‍ട്ടിക്ക് കഴിഞ്ഞുവെന്നത് ശ്രദ്ധേയമായ കാര്യമാണ്. പി.വി. നരസിംഹറാവുവിനുശേഷം കോണ്‍ഗ്രസ് പ്രസിഡന്റായി സീതാറാം കേസരി അധികാരത്തില്‍ വന്നപ്പോള്‍ തമിഴ് മാനില കോണ്‍ഗ്രസ്സിനെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലേക്കു മടക്കിക്കൊണ്ടുവരാന്‍ ശ്രമം നടന്നുവെങ്കിലും അത് ഫലവത്തായില്ല.

തുടക്കത്തില്‍ ലഭ്യമായ ശക്തി പാര്‍ട്ടിക്ക് ഏറെക്കാലം നില നിര്‍ത്താന്‍ കഴിഞ്ഞില്ല. ലോക്സഭയിലേക്ക് തൊട്ടടുത്തു നടന്ന രണ്ട് തെരഞ്ഞെടുപ്പുകള്‍ ഇക്കാര്യമാണു വ്യക്തമാക്കുന്നത്. 1998-ല്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിളക്കമാര്‍ന്ന വിജയം ആവര്‍ത്തിക്കാനായില്ല. 1999-ലെ തെരഞ്ഞെടുപ്പില്‍ മാനില പാര്‍ട്ടിക്ക് ലോക്സഭയില്‍ ഒരു സീറ്റുപോലും ലഭിച്ചില്ല. ജയലളിതയുടെ കക്ഷിയുമായി ശത്രുത വെടിഞ്ഞ് 2001-ലെ തമിഴ്നാട് അസംബ്ളി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സഖ്യമുണ്ടാക്കി. ഇതില്‍ പ്രകോപിതനായ പ്രമുഖ നേതാവ് പി. ചിദംബരം പാര്‍ട്ടി വിട്ടുപോയി. 2001 ആഗസ്റ്റില്‍ പാര്‍ട്ടിയുടെ ഉന്നത നേതാവായ മൂപ്പനാര്‍ ആകസ്മികമായി അന്തരിച്ചു. ഇതൊക്കെയും പാര്‍ട്ടിയെ തളര്‍ത്തിയ സംഭവങ്ങളായിരുന്നു. പാര്‍ട്ടിയെ കോണ്‍ഗ്രസ്സിലേക്കു തിരിച്ചെത്തിക്കാന്‍ പല ശ്രമങ്ങളും നടന്നു. ഒടുവില്‍ 2002-ല്‍ തമിഴ് മാനില കോണ്‍ഗ്രസ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ ലയിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍