This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തമിഴ്നാട്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(New page: തമിഴ്നാട് ഠമാശഹ ചമറൌ ഇന്ത്യയുടെ തെക്കേയറ്റത്ത് സ്ഥിതിചെയ്യുന്ന സംസ...)
അടുത്ത വ്യത്യാസം →
05:39, 2 ജൂണ്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
തമിഴ്നാട്
ഠമാശഹ ചമറൌ
ഇന്ത്യയുടെ തെക്കേയറ്റത്ത് സ്ഥിതിചെയ്യുന്ന സംസ്ഥാനം. ഇന്ത്യന്‍ ഉപദ്വീപിന്റെ തെ.കി. പശ്ചിമഘട്ട നിരകള്‍ക്കും ബംഗാള്‍ ഉള്‍ക്കടലിനും മധ്യേ സ്ഥിതിചെയ്യുന്ന തമിഴ്നാട്ടിലെ മുഖ്യ വ്യവഹാരഭാഷ തമിഴാണ്. 1956-ലെ സംസ്ഥാന പുനഃസംഘടന പ്രകാരം രൂപംകൊണ്ട തമിഴ്നാട് 'മദ്രാസ് സംസ്ഥാനം' എന്നാണറിയപ്പെട്ടിരുന്നത്. 1968-ല്‍ 'തമിഴ്നാട്' എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു. ഇന്ത്യയുടെ മൊത്തം വിസ്തൃതിയുടെ 4 ശ.മാ. ഉള്‍ക്കൊള്ളുന്ന തമിഴ്നാട് വലുപ്പത്തില്‍ 11-ാം സ്ഥാനത്ത് നില്ക്കുന്നു. 30 ജില്ലകളായി വിഭജിക്കപ്പെട്ടിരിക്കുന്ന തമിഴ്നാടിന്റെ വിസ്തീര്‍ണം: 1,30,058 ച.കി.മീ. ആണ്. ജനസംഖ്യ: 6,21,10,839(2001), പുരു.-3,12,68,654, സ്ത്രീ-3,08,42,185; ജനസാന്ദ്രത: 478/ച.കി.മീ.(2001); സാക്ഷരതാനിരക്ക്: 73.47 ശ.മാ. (2001), (പു.-82.33, സ്ത്രീ-64.55); ജനസംഖ്യാ വര്‍ധനനിരക്ക്: 11.19(1991-2001); സ്ത്രീ-പുരുഷാനുപാതം: 986(2001); അതിരുകള്‍: വ.കര്‍ണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങള്‍, കി.ബംഗാള്‍ ഉള്‍ക്കടല്‍, തെ.ഇന്ത്യന്‍ സമുദ്രം, പ.കേരളം; ഔദ്യോഗിക ഭാഷ: തമിഴ്; തലസ്ഥാനം: ചെന്നൈ.
ലേഖനസംവിധാനം
ക. ഭൂപ്രകൃതിയും കാലാവസ്ഥയും
1. ജലസമ്പത്ത്
2. സസ്യ-ജന്തുജാലം
കക. ജനങ്ങളും ജീവിതരീതിയും
1. ആരോഗ്യം
2. വിദ്യാഭ്യാസം
3. സാംസ്കാരിക പൈതൃകം
കകക. സമ്പദ്ഘടന
1. കൃഷി
2. വ്യവസായം
3. ഗതാഗതവും വാര്‍ത്താവിനിമയവും
കഢ. ഭരണ സംവിധാനം
ഢ. ചരിത്രം
ക. ഭൂപ്രകൃതിയും കാലാവസ്ഥയും. ഭൂപ്രകൃതിയനുസരിച്ച് തമിഴ്നാട് പ്രധാനമായും രണ്ട് ഭൂവിഭാഗങ്ങളെ പ്രതിനിധാനം ചെയ്യുന്നു. മലനിരകളും പീഠഭൂമികളും ഉള്‍പ്പെടുന്ന പ്രദേശമാണ് ആദ്യത്തേത്. തീരദേശ-സമതല പ്രദേശങ്ങള്‍ രണ്ടാമത്തേതും. പ.ഭാഗത്തെ മുഖ്യസവിശേഷതയായ പശ്ചിമഘട്ടനിരകള്‍ വ.നീലഗിരിക്കുന്നുകളേയും തെ.പളനി, ഏലഗിരി, അണ്ണാമലൈ എന്നീ മലകളേയും ഉള്‍ക്കൊള്ളുന്നു. 25 കി.മീ. വീതിയുള്ള പാലക്കാട് ചുരമാണ് ഈ പര്‍വതനിരയിലെ ഏക വിടവ്. ചുരത്തിന്റെ തെ.ആനമലയും കി.പഴനിമലയും സ്ഥിതിചെയ്യുന്നു. 2,500 മീ.ലേറെ ശ.ശ. ഉയരമുള്ള നീലഗിരിക്കുന്നുകള്‍ ഏകദേശം 2,500 ച.കി.മീ. പ്രദേശത്തായി വ്യാപിച്ചിരിക്കുന്നു; ദശലക്ഷക്കണക്കിനു വര്‍ഷം പഴക്കമുള്ള ശിലാസമൂഹത്താല്‍ രൂപം കൊണ്ടിരുന്ന ഈ മലനിരകളുടെ ഏതാണ്ട് മധ്യഭാഗത്താണ് പ്രസിദ്ധ വിനോദസഞ്ചാരകേന്ദ്രമായ ഉദകമണ്ഡലം (ഊട്ടി) സ്ഥിതിചെയ്യുന്നത്. നീലഗിരിക്കുന്നുകളുടെ കിഴക്കായി സ്ഥിതിചെയ്യുന്ന വിശാലമായ സമതടത്തിന്റെ ഉത്തരഭാഗത്ത് 1500 മീറ്ററിലധികം ഉയരമുള്ള ഷെവറോയ്, ജവാദി തുടങ്ങിയ ഒറ്റപ്പെട്ട കുന്നുകള്‍ സ്ഥിതിചെയ്യുന്നു. പാലാര്‍, കാവേരി നദികള്‍ക്ക് മധ്യേ പൂര്‍വ ഘട്ടനിരകളുടെ തുടര്‍ച്ചയായി കാണപ്പെടുന്ന ഈ കുന്നുകള്‍ തെക്കോട്ടു നീണ്ട് മധുര ജില്ലയില്‍ വച്ച് ഏലഗിരിയുമായി സന്ധിക്കുന്നു. തമിഴ്നാടിന്റെ തീരദേശസമതലം നദീജന്യ എക്കല്‍ നിക്ഷേപത്താല്‍ രൂപംകൊണ്ടതാണെന്നാണ് അനുമാനം. സംസ്ഥാനത്തെ പ്രധാന നദിയായ കാവേരിയും മറ്റു നദികളും ഇവിടെ ഡെല്‍റ്റകള്‍ക്കു രൂപം നല്കിയിട്ടുണ്ട്. നെല്‍ക്കൃഷിക്കു പ്രസിദ്ധമായ ഈ ഡെല്‍റ്റാ പ്രദേശത്ത് നിരവധി രാജവംശങ്ങള്‍ നിലനിന്നിരുന്നു. സംസ്ഥാനത്തിന്റെ തെ.മധുര, രാമനാഥപുരം ജില്ലകളില്‍ ഏതാനും ഊഷരസമതലങ്ങളും കാണാം. ഇന്ത്യന്‍ ഉപദ്വീപിന്റെ ദക്ഷിണാഗ്രമായ കന്യാകുമാരി സ്ഥിതിചെയ്യുന്നത് തമിഴ്നാട്ടിലാണ്. ബംഗാള്‍ ഉള്‍ക്കടല്‍, അറബിക്കടല്‍, ഇന്ത്യാസമുദ്രം എന്നിവയുടെ സംഗമസ്ഥാനമായ കന്യാകുമാരി ദക്ഷിണേന്ത്യയിലെ പ്രധാന തീര്‍ഥാടന-വിനോദസഞ്ചാര കേന്ദ്രമാണ്.
ഉഷ്ണമേഖലാ കാലാവസ്ഥയാണ് തമിഴ്നാട്ടിലേത്. താപനില യില്‍ അധികം ഏറ്റക്കുറച്ചില്‍ അനുഭവപ്പെടാറില്ല; പരമാവധി 43ബ്ബഇ-ല്‍ കൂടാറുമില്ല. കുറഞ്ഞ താപനില അനുഭവപ്പെടുന്നത് ചുരുക്കം ദിവസങ്ങളില്‍ മാത്രമാണ്. സമതലപ്രദേശങ്ങളില്‍ വര്‍ഷം മുഴുവന്‍ പൊതുവേ ഉയര്‍ന്ന താപനിലയാണ് അനുഭവപ്പെടാറുള്ളത്. ഉച്ചാവചമാണ് താപവ്യതിയാനത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകം. ഉദാഹരണത്തിന് സമുദ്രനിരപ്പില്‍ നിന്നും 2500 മീ.-ല്‍ അധികം ഉയരത്തില്‍ സ്ഥിതിചെയ്യുന്ന കൊടൈക്കനാല്‍ പ്രദേശത്ത് ചെന്നൈയിലേതിനേക്കാള്‍ 15ബ്ബ കുറഞ്ഞ താപനിലയാണ് സാധാരണ അനുഭവപ്പെടുന്നത്. മഞ്ഞുകാല രാത്രികളില്‍ ഇവിടെ കൊടുംതണുപ്പ് അനുഭവപ്പെടുന്നതും സാധാരണമാണ്. തലസ്ഥാനനഗരമായ ചെന്നൈയിലെ ശ.ശ. താപനില ജനു.-ല്‍ 24.4ബ്ബഇ-ഉം ജൂലായില്‍ 30.6ബ്ബഇ-ഉം ആണ്; വാര്‍ഷികവര്‍ഷപാതം 1270 മി.മീറ്ററും.
പ്രധാനമായും മൂന്നിനം മണ്ണാണ് തമിഴ്നാട്ടില്‍ ഗണ്യമായ തോതില്‍ കാണപ്പെടുന്നത്: ചെമ്മണ്ണ്, കരിമണ്ണ്, എക്കല്‍മണ്ണ്. ഇക്കൂട്ട ത്തില്‍ ഏറ്റവും വ്യാപകമായുള്ളത് ചെമ്മണ്ണാണ്. കാവേരിയുടെ ഡെല്‍റ്റാ പ്രദേശവും നദീതീരങ്ങളും എക്കല്‍ സമ്പുഷ്ടമാണ്.
തെ.പ. മണ്‍സൂണ്‍ വാതങ്ങളില്‍ നിന്നും വ.കി. മണ്‍സൂണ്‍ വാതങ്ങളില്‍ നിന്നുമാണ് തമിഴ്നാട്ടില്‍ മഴ ലഭിക്കുന്നത്. ജൂണില്‍ ആരംഭിക്കുന്ന തെ.പ. മണ്‍സൂണ്‍ സെപ്. വരെ നീളുന്നു. വ.കി. മണ്‍സൂണിനാണ് തമിഴ്നാട്ടില്‍ കൂടുതല്‍ പ്രഭാവം. ചെങ്കല്‍പെട്ട്, ദക്ഷിണആര്‍ക്കാട്, തഞ്ചാവൂര്‍, മധുര, രാമനാഥപുരം, തിരുനെല്‍ വേലി, കന്യാകുമാരി എന്നീ ജില്ലകളില്‍ വ.കി. മണ്‍സൂണ്‍കാല ത്താണ് മഴ ലഭിക്കുന്നത്. ഒ.-ല്‍ ആരംഭിച്ച് ഡി.-ല്‍ അവസാനി ക്കുന്ന വ.കി. മണ്‍സൂണ്‍കാലത്ത് രൂപംകൊള്ളുന്ന അതിശക്ത മായ ഉഷ്ണമേഖലാ സൈക്ളോണുകള്‍ തമിഴ്നാടിന്റെ തീരപ്രദേശത്ത് വിനാശകരങ്ങളായ ചുഴലിക്കൊടുങ്കാറ്റുകള്‍ക്കും കടലാക്രമണത്തിനും കാരണമാകാറുണ്ട്. തീരദേശത്ത് വാര്‍ഷിക വര്‍ഷപാതം സാമാന്യമായ അളവില്‍ കൂടുതലാണെങ്കിലും ഉള്‍നാടന്‍ പ്രദേശങ്ങളില്‍ കാര്‍ഷികാവശ്യത്തിനുവേണ്ട തോതില്‍പോലും മഴ ലഭിക്കാറില്ല.
1. ജലസമ്പത്ത്. നദികളാണ് തമിഴ്നാട്ടിലെ പ്രധാന ജലസ്രോതസ്സുകള്‍. സംസ്ഥാനത്തെ മിക്ക നദികളും പ.-കി. ദിശയിലൊഴുകി ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്നു. എന്നാല്‍ കൊടൈയാര്‍, പഴയാര്‍ എന്നീ നദികള്‍ വിപരീതദിശയിലാണ് ഒഴുകുന്നത്. പ്രധാന നദിയായ കാവേരിയും പൊന്നൈയാര്‍, പാലാര്‍ എന്നിവയും അന്തര്‍സംസ്ഥാന നദികളാണ്. വൈഗ, താമ്രപര്‍ണി, അരണിയാര്‍, കുത്താലിയാര്‍, കൂവം, ഗഡിലം, ഗോമുഖി, മണിമുത്താര്‍, നോര്‍ത്ത് വെള്ളാര്‍, അഗ്നിയാര്‍, സൌത്ത് വെള്ളാര്‍, സൌത്ത് പാലാര്‍, വൈപ്പാര്‍, ചിറ്റാര്‍ എന്നിവയാണ് മറ്റു നദികള്‍. ലോവര്‍ ഭവാനി, അമരാവതി, വൈഗ, പറമ്പിക്കുളം- ആലിയാര്‍, കൃഷ്ണഗിരി, സാത്തന്നൂര്‍, പുല്ലംബായികാട്ടലായി, ഹൈലെവല്‍ കനാല്‍, ചിറ്റൂര്‍ പട്ടനാമയ്ക്കല്‍, ഗോമുഖി തുടങ്ങിയവ സംസ്ഥാനത്തെ പ്രധാന ജലസേചന പദ്ധതികളാണ്. സംസ്ഥാനത്ത് 18 ജലവൈദ്യുതപദ്ധതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കാവേരിയാണ് തമിഴ്നാട്ടിലെ ഏറ്റവും വലിയ നദി (760 കി.മീ.). കര്‍ണാടകത്തിലെ ബ്രഹ്മഗിരിയില്‍ നിന്നുദ്ഭവിക്കുന്ന കാവേരി, ശിവസമുദ്രം ജലപാതത്തിന് താഴെവച്ച് തമിഴ്നാട്ടില്‍ പ്രവേശിക്കുന്നു. തിരുച്ചിറപ്പള്ളി ജില്ലയെ ജലസേചിതമാക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്ന കാവേരി, തിരുച്ചിറപ്പള്ളിക്ക് 14 കി.മീ. പ. വച്ച് രണ്ട് ശാഖകളായി പിരിഞ്ഞൊഴുകി ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്നു. തമിഴ് സാഹിത്യകൃതികളിലും ഹൈന്ദവവിശ്വാസങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും സ്ഥാനം നേടിയിട്ടുള്ള ഈ നദി തമിഴ്നാട്-കര്‍ണാടക സംസ്ഥാനങ്ങളെ ജലസിക്തമാക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നു.
2. സസ്യ-ജന്തുജാലം. വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയും ഉഷ്ണമേഖലാ കാലാവസ്ഥയും ഉള്ള തമിഴ്നാട്ടിന് തനതും വ്യതിരിക്തവുമായ ജൈവസമ്പത്തുണ്ട്. പൊതുവേ മഴയെ ആശ്രയിച്ചു വളരുന്ന സസ്യസമൂഹമാണുള്ളത്. പടിഞ്ഞാറന്‍ മലനിരകളില്‍ ഇടതൂര്‍ന്ന ഹരിതവനങ്ങളാണ്. മഴ കുറവുള്ള തെക്കന്‍ ജില്ലകളിലും ഉള്‍നാടന്‍ സമതലങ്ങളിലും കടുത്ത വരള്‍ച്ചയെപ്പോലും അതിജീവിക്കാന്‍ കെല്പുള്ള പന, മുള്‍ച്ചെടികള്‍, കുറ്റിച്ചെടികള്‍ എന്നിവയാണ് നൈസര്‍ഗിക സസ്യങ്ങള്‍. തിരുനെല്‍വേലി, കോയമ്പത്തൂര്‍, നീലഗിരി ജില്ലകളിലെ വനങ്ങളില്‍ തേക്ക്, വെണ്‍തേക്ക്, ചന്ദനം, മുള തുടങ്ങിയവ സമൃദ്ധമായി വളരുന്നു. സമതലങ്ങളിലും നിമ്നോന്നതങ്ങളായ കുന്നിന്‍മേടുകളിലും മുള്‍ക്കാടുകള്‍ കാണപ്പെടുന്നു. വനനശീകരണം രൂക്ഷമായിരുന്ന മിക്കയിടങ്ങളിലും ഇപ്പോള്‍ വനവത്ക്കരണം ആരംഭിച്ചിട്ടുണ്ട്. പളനി, നീലഗിരി, ഷെവറോയ്, ആനമലൈ എന്നിവിടങ്ങളിലാണ് ഈ പദ്ധതി നടപ്പാക്കിവരുന്നത്.
വിവിധതരം വന്യമൃഗങ്ങള്‍, പക്ഷികള്‍, ഷഡ്പദങ്ങള്‍ തുട ങ്ങിയവയെ തമിഴ്നാട്ടില്‍ കാണാം. സമതലത്തിലെ മുള്‍ക്കാടു കളില്‍ മാന്‍, പുള്ളിപ്പുലി, ചെന്നായ, കഴുതപ്പുലി തുടങ്ങിയവയേയും വൃക്ഷനിബിഡങ്ങളായ മലഞ്ചരിവുകളിലും അടിവാരങ്ങളിലും കടുവ, പുള്ളിപ്പുലി, കരടി, പുള്ളിമാന്‍, കാട്ടുപന്നി, മാനുകള്‍, കുരങ്ങുകള്‍ തുടങ്ങിയ മൃഗങ്ങളേയും കാണാം. ആനമലൈ ഉള്‍പ്പെടെയുള്ള പശ്ചിമഘട്ടനിരകളില്‍ കാട്ടുപോത്തും ആനകളും ധാരാളമായുണ്ട്.
തമിഴ്നാടിന്റെ ജൈവസമ്പത്തില്‍ പക്ഷികള്‍ക്ക് പ്രധാന സ്ഥാനമാണുള്ളത്. ഉയരത്തില്‍ പറക്കുന്നവ, രാത്രി കാലങ്ങളില്‍ മാത്രം കാണപ്പെടുന്നവ, രാവും പകലും ഇരതേടുന്നവ എന്നിങ്ങനെ നിരവധിയിനം പക്ഷികളെ സംസ്ഥാനത്ത് കണ്ടെത്തിയിട്ടുണ്ട്. വിവിധയിനം ദേശാടനപ്പക്ഷികളുടെ അധിവാസ കേന്ദ്രം കൂടിയാണ് തമിഴ്നാട്. നിരവധി വന്യമൃഗസംരക്ഷണ കേന്ദ്രങ്ങളും പക്ഷിസങ്കേതങ്ങളും സംസ്ഥാനത്തുണ്ട്. ജൈവവൈവിധ്യത്തിന്റെ അപൂര്‍വ കലവറകളാണിവ. ഇഴജന്തുക്കള്‍, ഉഭയ ജീവികള്‍, മത്സ്യങ്ങള്‍ തുടങ്ങിയവയുടെ വിതരണത്തിലും വൈവിധ്യം ദര്‍ശിക്കാം. കടല്‍-ശുദ്ധജലമത്സ്യങ്ങള്‍ക്കു പുറമേ മുത്ത്, ശംഖ് തുടങ്ങിയ ഒട്ടേറെ സമുദ്രോത്പന്നങ്ങളും സംസ്ഥാനത്തിന്റെ ധനാഗമമാര്‍ഗത്തില്‍ പ്രധാന പങ്കു വഹിക്കുന്നു.
കക. ജനങ്ങളും ജീവിതരീതിയും. പ്രധാന വ്യവഹാര ഭാഷ തമിഴ് ആണ്. സംസ്ഥാനത്തെ ജനങ്ങളില്‍ ബഹുഭൂരിപക്ഷവും ദ്രാവിഡവര്‍ഗക്കാരാണ്. സംസ്ഥാനത്തിന്റെ ഉത്തരഭാഗങ്ങളില്‍, പ്രത്യേകിച്ചും ചെന്നൈക്ക് സമീപമുള്ള ചില പ്രദേശങ്ങളില്‍ തെലുഗു ഭാഷ വ്യാപകമായി ഉപയോഗത്തിലുണ്ട്. ജനങ്ങളില്‍ ഭൂരിഭാഗവും ഹൈന്ദവരാണ്. ക്രൈസ്തവരും മുസ്ളിങ്ങളുമാണ് മറ്റു പ്രധാന മത വിഭാഗങ്ങള്‍. ചെറിയൊരു ശ.മാ. ജൈന-പാഴ്സി മതസ്ഥരും തമിഴ്നാട്ടിലുണ്ട്. നീലഗിരി കുന്നുകളില്‍ നിരവധി ആദിവാസി വിഭാഗങ്ങളെ കാണാം. തോഡഗോത്രത്തിനാണ് ഇവര്‍ക്കിടയില്‍ പ്രാബല്യം.
1. ആരോഗ്യം. വിദഗ്ധ ചികിത്സാരംഗത്ത് പ്രവര്‍ത്തിക്കുന്ന അനവധി സ്ഥാപനങ്ങള്‍ തമിഴ്നാട്ടിലുണ്ട്. വെല്ലൂര്‍ മെഡിക്കല്‍ മിഷന്‍, അരബിന്ദോ നേത്രചികിത്സാകേന്ദ്രം, അപ്പോളോ, വിജയ, മലര്‍ എന്നീ ആശുപത്രികള്‍ പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. ഇവകൂടാതെ മറ്റനവധി പൊതു-സ്വകാര്യ ആശുപത്രികളും സംസ്ഥാന ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.