This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തമിഴകം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(New page: തമിഴകം ചേര, ചോള, പാണ്ഡ്യ രാജ്യങ്ങള്‍ ഉള്‍പ്പെട്ട ദ്രാവിഡ ദേശത്തിന് പ്...)
അടുത്ത വ്യത്യാസം →
05:27, 2 ജൂണ്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
തമിഴകം
ചേര, ചോള, പാണ്ഡ്യ രാജ്യങ്ങള്‍ ഉള്‍പ്പെട്ട ദ്രാവിഡ ദേശത്തിന് പ്രാചീന കാലത്തുണ്ടായിരുന്ന പൊതുനാമം. തമിഴ് ഭാഷ സംസാ രിക്കുന്ന പ്രദേശം എന്ന് അര്‍ഥമുള്ള പ്രാചീന പദമാണ് തമിഴകം. തമിഴ് ഭാഷ എന്നു പറയുമ്പോള്‍ ഇന്നത്തെ തമിഴ്നാട്ടിലെ ഭാഷയെ മാത്രമല്ല ഇവിടെ വിവക്ഷിക്കുന്നത്. 2000-ല്‍പ്പരം കൊല്ലങ്ങള്‍ക്കു മുമ്പ് അന്നത്തെ തമിഴിന്റെ ഏതെല്ലാം രൂപങ്ങള്‍ പ്രചാരത്തിലിരുന്നുവോ അവയെല്ലാം ചേര്‍ന്ന പുരാതന തമിഴ് സംസാരിച്ചിരുന്ന പ്രദേശത്തെ ഈ പദം കുറിക്കുന്നു.
'വടവേങ്കടം തെന്‍കുമരി ആയിടൈ
തമിഴ്കൂറും നല്ലുലകം'
എന്ന് ചിലപ്പതികാരം എന്ന കാവ്യത്തില്‍ ഇതിനെ നിര്‍വചിച്ചിരിക്കുന്നു. വടക്ക് വേങ്കടമല, തെക്ക് കുമരിയാറ് എന്നിവ അതിരുകളായുള്ള പ്രദേശം എന്നാണ് ഈ പദ്യത്തിന്റെ അര്‍ഥം. കാലാന്തരത്തില്‍ 12 ചെന്തമിഴ് നാടുകളായി ഇത് വേര്‍പിരിഞ്ഞു എന്ന് കരുതപ്പെടുന്നു. തെന്‍പാണ്ടിനാട്, കുട്ടനാട്, കുടനാട്, കര്‍ക്കനാട്, വേണാട്, പൂഴിനാട്, വടക്കുനാട്, പന്റിനാട്, അരുവാനാട്, ചിതനാട്, മലനാട്, പുതല്‍നാട് എന്നിവയാണ് ഈ പന്ത്രണ്ട് നാടുകള്‍. കുറേക്കാലം കഴിഞ്ഞപ്പോള്‍ തമിഴ് ഭാഷ രാജ്യാന്തരങ്ങളിലേക്കു വ്യാപിക്കുകയും സിലോണ്‍, സിംഗപ്പൂര്‍, മലയ, ബര്‍മ, ചൈന എന്നിവയും വടക്ക് കലിംഗനാടും തമിഴകത്തിന്റെ ഭാഗമായിത്തീരുകയും ചെയ്തു. ഇന്ന് അതിന്റെ വ്യാപ്തി ചുരുങ്ങി തമിഴ്നാട് എന്ന സംസ്ഥാനം മാത്രമായി മാറിയിട്ടുണ്ട്.
തമിഴ്ഭാഷ വളരെ വിസ്തൃതമായ പ്രദേശത്ത് വ്യാപിച്ചിരുന്ന കാലത്ത് അതിന്റെ തലസ്ഥാനം ആദ്യം ലമൂദിയ എന്ന സ്ഥലവും രണ്ടാമത്തെ കാലഘട്ടത്തില്‍ കപാടപുരവും മൂന്നാം ഘട്ടത്തില്‍ മധുരയുമായിരുന്നു. ആദ്യത്തെ ഘട്ടത്തെ 'മുതല്‍ ചങ്കം' (ആദ്യത്തെ സംഘം) കാലഘട്ടമെന്നും രണ്ടാമത്തെ കാലഘട്ടത്തെ 'ഇടൈ ചങ്ക' ഘട്ടമെന്നും (മധ്യകാല സംഘം) മൂന്നാമത്തേതിന് 'കടൈ ചങ്ക' ഘട്ടം (അവസാനത്തെ സംഘം) എന്നും പേരു പറഞ്ഞുവരുന്നു. ഏതൊരു പ്രദേശത്തിന്റേയും ആദ്യകാല ചരിത്രം രേഖപ്പെടുത്തുന്നത് അതിന്റെ വ്യാപ്തിയും ചരിത്രവും സൂചിപ്പിക്കുന്ന സാഹിത്യം, ശിലാലിഖിതങ്ങള്‍, ചരിത്രരേഖകള്‍, ഭൂഖനനത്തിലൂടെ ലഭ്യമാകുന്ന വിവരങ്ങള്‍, വിദേശികളുടെ അഭിപ്രായ പ്രകടനങ്ങള്‍ തുടങ്ങിയവയെ ആസ്പദമാക്കിയാണ്. തമിഴകത്തിന്റെ ചരിത്രത്തെ സംബന്ധിച്ചിടത്തോളം മുതല്‍ ചങ്കത്തേയും ഇടൈ ചങ്കത്തേയും കുറിച്ച് യാതൊരു വിവരവും ലഭ്യമല്ല. ഈ രണ്ട് സംഘങ്ങളും സ്ഥിതിചെയ്തിരുന്ന സ്ഥലങ്ങള്‍ കടല്‍വെള്ളം കയറി നശിച്ചു പോയി എന്നാണ് ഐതിഹ്യം പറയുന്നത്. മൂന്നാമത്തേതായ കടൈ ചങ്കത്തിന്റെ കാലഘട്ടത്തിലെ തമിഴകത്ത് ചോളനാട്, പാണ്ടിനാട്, ചേരനാട് എന്നിങ്ങനെ മൂന്ന് പ്രദേശങ്ങള്‍ ഉള്‍പ്പെട്ടിരുന്നു. അവിടെ ജനങ്ങള്‍ ഉപയോഗിച്ചിരുന്ന തമിഴ്ഭാഷയ്ക്ക് ഇയല്‍ തമിഴ്, ഇശൈ തമിഴ്, നാടകത്തമിഴ് എന്നിങ്ങനെ മൂന്ന് രൂപങ്ങളുണ്ടായിരുന്നു. കടൈ ചങ്ക കാലഘട്ടത്തിലെ സാഹിത്യകൃതികളെന്ന നിലയില്‍ ലഭ്യമായിട്ടുള്ള പത്തുപ്പാട്ട്, എട്ടുത്തൊകൈ എന്നീ പദ്യകൃതികളുടെ രചനാകാലക്രമം അറിയാന്‍ മാര്‍ഗമില്ല. അതിനാല്‍ അക്കാലത്തെ തമിഴകത്തിന്റെ ചരിത്രം കാലക്രമാടിസ്ഥാനത്തില്‍ തയ്യാറാക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ കൃതികളില്‍പ്പെടുന്ന ചില പാട്ടുകള്‍ ഭരണാധികാരികള്‍ തന്നെ തങ്ങളെപ്പറ്റി രചിച്ചവയും മറ്റുള്ളവ അവരെപ്പറ്റി ഇതര കവികള്‍ രചിച്ചവയുമാണ്. ബി.സി. 3-ാം ശ. മുതല്‍ എ.ഡി. 3-ാം ശ. വരെയുള്ള 600 വര്‍ഷങ്ങള്‍ക്കിടയിലായിരിക്കണം അവ എഴുതപ്പെട്ടത്. എട്ടുത്തൊകൈയില്‍പ്പെട്ട പുറനാന്നൂറ് എന്ന സമാഹാരത്തില്‍ പലതരം വിഷയങ്ങളേയും കുറിച്ചുള്ള പ്രതിപാദനം ഇടകലര്‍ന്നു കാണപ്പെടുന്നു. ചേരന്‍ നരങ്കിള്ളി, കോച്ചങ്കണാന്‍, പാണ്ഡ്യന്‍ നെടുഞ്ചേഴിയന്‍, കപിലര്‍, പരണന്‍, ഔവ്വയാര്‍ എന്നിവര്‍ സംഘകാല കാവ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ഏതാനും ചില പ്രമുഖ വ്യക്തികള്‍ ആണ്. പതിറ്റുപ്പത്ത് എന്ന കവിതാസമാഹാരത്തില്‍ പത്ത് ചേരവംശജരുടെ അപദാനങ്ങള്‍ വര്‍ണിച്ചിരിക്കുന്നു. ഓരോ ചേരവംശജനെക്കുറിച്ചും പത്ത് പാട്ടുകള്‍ എന്ന അടിസ്ഥാനത്തില്‍ പത്തു പേരെക്കുറിച്ചുള്ള നൂറ് പാട്ടുകളാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. എന്നാല്‍ ഈ നൂറ് പാട്ടുകളും ഇപ്പോള്‍ പൂര്‍ണമായി ലഭ്യമല്ല. ആദ്യത്തേയും ഒടുവിലത്തേയും കൃതികള്‍ നഷ്ടപ്പെട്ടുപോയിരിക്കുന്നു. 80 പാട്ടുകളാണ് ഇവയില്‍ ഇന്നും അവശേഷിക്കുന്നവ. പതിറ്റുപ്പത്തില്‍ ചിത്രീകരിക്കപ്പെടുന്ന രാജാക്കന്മാരില്‍ പ്രമുഖന്‍ ചേരന്‍ ചെങ്കുട്ടുവന്‍ ആണ്.
തമിഴരുടെ ജീവിതരീതി പ്രകൃതിയോട് ഗാഢമായി ബന്ധപ്പെട്ടതായിരുന്നു. ഇപ്രകാരമുള്ള അഞ്ച് ശൈലികളെ കുറിക്കുന്നവയാണ് മുല്ലൈ, കുറിഞ്ചി, മരുതം, നെയ്തല്‍, പാലൈ എന്നിവ. മുല്ലൈ എന്ന പദം കാടിനേയും കുറിഞ്ചി എന്ന പദം മലയേയും മരുതം വയലിനേയും നെയ്തല്‍ കടലിനേയും പാലൈ മരുഭൂമിയേയും കുറിക്കുന്നു. ഈ അഞ്ച് പ്രദേശങ്ങളുടേയും സ്വഭാവവും അവിടത്തെ ജീവിതരീതികളും പ്രതിഫലിപ്പിക്കുന്ന കാവ്യപ്രമേയങ്ങളെക്കൂടി സൂചിപ്പിക്കുന്നവയാണ് ഈ തിണൈകള്‍. ഈ തിണൈകളേയും വിവിധ കാലാവസ്ഥകളേയും ചേര്‍ത്ത് 'മുതര്‍ പ്പൊരുള്‍' എന്നു പറയുന്നു. ഓരോ പ്രദേശത്തും കാണപ്പെടുന്ന വസ്തുക്കളെ കരുപ്പൊരുള്‍ എന്നു വിശേഷിപ്പിച്ചുവരുന്നു. ഓരോ സ്ഥലത്തും ജീവിക്കുന്ന ആളുകളുടെ പ്രകൃതത്തെ 'ഉരിപ്പൊരുള്‍' എന്നും പറയുന്നു.
മേല്പറഞ്ഞ കാലഘട്ടത്തെത്തുടര്‍ന്ന് നിലവില്‍വന്ന ഘട്ടം ചേരന്‍ ചെങ്കുട്ടുവന്റെ ഭരണകാലമായിരുന്നു. ചെങ്കുട്ടുവന്റെ അനുജനായ ഇളങ്കോവടികള്‍ രചിച്ച ചിലപ്പതികാരം എന്ന മഹാകാവ്യം അക്കാലത്തെ തമിഴ്നാട്ടിലെ ഭരണത്തെ പ്രതിഫലിപ്പിക്കുന്നു. അന്നത്തെ രാജാവിനെ സഹായിക്കാന്‍ ഐബെരുങ്കുഴു എന്നു പേരായ സമിതികള്‍ നിലവിലിരുന്നു. അക്കാലത്ത് രാജാവുതന്നെയാണ് ന്യായാധിപനായിട്ടും പ്രവര്‍ത്തിച്ചിരുന്നത്. ചിലപ്പതികാരത്തിലെ കഥാനായകനായ കോവലനെ വധശിക്ഷയ്ക്കു വിധിക്കുന്നത് പാണ്ഡ്യരാജാവാണ്. ആ കാലത്തെ ഭരണകൂടം ഹിന്ദുമതം, ബുദ്ധമതം, ജൈനമതം തുടങ്ങിയ എല്ലാ മതങ്ങള്‍ക്കും തുല്യമായ അംഗീകാരവും പ്രോത്സാഹനവും നല്കിവന്നു. ചിലപ്പതികാരം എന്ന കാവ്യത്തില്‍ ജൈനമത വിശ്വാസവും മണിമേഖല എന്നതില്‍ ബുദ്ധമത വിശ്വാസവും പ്രതിഫലിക്കുന്നു. ആരെങ്കിലും മരിച്ച് ശവസംസ്കാരം നടത്തുമ്പോള്‍ ആ വ്യക്തിയെ സൂചിപ്പിക്കാന്‍ ഒരു നടുകല്‍ സ്ഥാപിക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നു. ഇന്നത്തെപ്പോലെ അക്കാലത്തും സ്ത്രീകള്‍ താലി അണിയുന്ന പതിവും നിലവിലിരുന്നു. സംഘകാലത്തെ കാവ്യങ്ങളില്‍ മുഖ്യമായും ചിത്രീകരിച്ചിരുന്ന വിഷയങ്ങളില്‍ ഒന്ന് പ്രണയവും രണ്ടാമത്തേത് യുദ്ധവും ആയിരുന്നു. അക്കാലത്തെ ജനങ്ങള്‍ പൊതുവേ മധുപാനം ചെയ്തുവന്നു. 'മധു' എന്ന പദം സാധാരണ മദ്യത്തെയല്ല, തെളിച്ചെടുത്ത തേനിനെയാണ് കുറിച്ചിരുന്നത്. പുരുഷന്മാരുടെ പരസ്ത്രീസംഗമം ഒരു അപരാധമായി കണക്കാക്കിയിരുന്നില്ല. യുവതീയുവാക്കന്മാര്‍ പ്രേമബദ്ധരാവുകയും അവര്‍ വിവാഹിതരാകുന്നതിന് മാതാപിതാക്കള്‍ അനുവാദം നല്കാതിരിക്കുകയും ചെയ്യുമ്പോള്‍ അവര്‍ വീടു വിട്ടുപോയി സ്വയം വിവാഹിതരാകുന്ന പതിവും ഉണ്ടായിരുന്നു. ഈ സമ്പ്രദായത്തിന് 'ഉടല്‍പോക്ക' എന്നായിരുന്നു പേര്. അക്കാലത്തെ സാഹചര്യങ്ങളില്‍ പല കാരണങ്ങളാലും പുരുഷന്മാര്‍ കുടുംബംവിട്ട് അകലെ പോവുക സാധാരണമായിരുന്നു. പഠനത്തിനുവേണ്ടിയും രാജ്യസംരക്ഷണത്തിനുവേണ്ടിയും ദൌത്യ നിര്‍വഹണത്തിനുവേണ്ടിയും ഇപ്രകാരമുള്ള യാത്രകള്‍ പുരുഷന്മാര്‍ നടത്തിവന്നു.
വിദേശ രാജ്യങ്ങളില്‍നിന്ന് തമിഴകത്തേക്കും ഇവിടെ നിന്ന് മറു നാടുകളിലേക്കുമുള്ള ഇറക്കുമതിയും കയറ്റുമതിയും അക്കാലത്ത് ധാരാളം നടന്നിരുന്നു. ഭൂമി ഖനനം ചെയ്തെടുത്തിരുന്ന സ്വര്‍ണവും രാജാക്കന്മാര്‍ ആക്രമണം വഴി നേടിയിരുന്ന സ്വര്‍ണവും അന്യ നാടുകളില്‍ നിന്ന് ഇറക്കുമതി ചെയ്ത സ്വര്‍ണവും നാട്ടില്‍ ധാരാളം ഉപയോഗിച്ചുവന്നു. കൊട്ടാരങ്ങളുടേയും വീടുകളുടേയും പണിയും വലിയ തോതിലാണ് നടന്നത്. ജനാലയ്ക്ക് 'ചാളരം' എന്ന പേരു നല്കിയിരുന്നു. കതക് ഭദ്രമായി അടയ്ക്കുന്നതിന് അതിന്റെ പിന്നില്‍ ഘടിപ്പിച്ചിരുന്ന തടിക്ക് കണയമരം എന്നായിരുന്നു പേര്. ആധുനിക കാലത്തെന്നപോലെ അക്കാലത്തും സമ്പന്ന നഗരങ്ങള്‍ ഉണ്ടായിരുന്നു എന്നതിന് പുംപുഹാര്‍ എന്ന പ്രസിദ്ധ നഗരത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ സാക്ഷ്യം വഹിക്കുന്നു. സംഗീതവും നാടകാഭിനയവും നൃത്തവും സര്‍വസാധാരണമായി നടന്നിരുന്നു. കപ്പല്‍ വാണിഭം അന്ന് വികാസം പ്രാപിച്ചു. രാജാവിനെ ഭരണ കാര്യങ്ങളില്‍ സഹായിച്ചിരുന്ന സമിതികളില്‍ പുരോഹിതന്മാര്‍, സേനാധിപന്മാര്‍, രാജദൂതന്മാര്‍, ഒറ്റുകാര്‍ എന്നിവരും മന്ത്രിമാരും ഉള്‍പ്പെട്ടിരുന്നു.
എ.ഡി. 3-ാം ശ.-ത്തിനു ശേഷം 6-ാം ശ. വരെയുള്ള കാലഘട്ടം ചരിത്രപരമായി ഇരുണ്ട കാലഘട്ടമായിരുന്നു. രാജ്യം ആക്രമിച്ച് കീഴടക്കിയ വിദേശികളായ കളമ്പ്രന്മാരുടെ ഭരണമായിരുന്നു ഇക്കാലത്ത് നിലവിലിരുന്നത്. എങ്കിലും അതിനെത്തുടര്‍ന്നു വന്ന പല്ലവന്മാരുടെ ഭരണകാലം തമിഴകത്തിന്റെ അഭ്യുന്നതിക്കു കാരണമായി. പല്ലവ രാജാക്കന്മാരില്‍ പ്രധാനി മഹേന്ദ്രവര്‍മ ആയിരുന്നു. പല്ലവന്മാരുടെ കാലഘട്ടത്തില്‍ ചിത്രകലയും, ശില്പകലയും അഭിവൃദ്ധി പ്രാപിച്ചു. മഹാബലിപുരത്തില്‍ ഇന്നും അവശേഷിക്കുന്ന കലാസൃഷ്ടികളെ ഇതിനു ദൃഷ്ടാന്തങ്ങളായി ചൂണ്ടിക്കാണിക്കാം. പുതുക്കോട്ടയ്ക്കടുത്തുള്ള 'ചിറ്റന്തവാസല്‍' പല്ലവന്മാരുടെ ശില്പചിത്രകലകളുടെ മറ്റൊരു പ്രധാനപ്പെട്ട കേന്ദ്രമായിരുന്നു.
എ.ഡി. 7-ാം ശ.-ത്തോടുകൂടി പാണ്ഡ്യ രാജവംശം തമിഴകത്തിന്റെ ഭരണ സാരഥ്യം ഏറ്റെടുത്തു. അവരുടെ കാലം 10-ാം ശ. വരെ നീണ്ടുനിന്നു. നെടുംചടയന്‍, മാരവര്‍മന്‍, കുലശേഖരന്‍ എന്നിവരായിരുന്നു പ്രമുഖ പാണ്ഡ്യരാജാക്കന്മാര്‍. നെടുംചടയന്റെ കാലഘട്ടത്തിലുള്ള രണ്ട് പ്രധാനപ്പെട്ട ചരിത്ര രേഖകളാണ് വേള്‍വിക്കുടി, ചിന്തമന്നൂര്‍ എന്നിവിടങ്ങളിലെ താമ്രലിഖിതങ്ങള്‍. അവ ഇപ്പോഴും മദ്രാസ് മ്യൂസിയത്തില്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഇവയില്‍നിന്ന് പാണ്ഡ്യരാജാക്കന്മാരുടെ ഭരണ രീതിയെപ്പറ്റി മനസ്സിലാക്കാന്‍ കഴിയുന്നു.
ഹിന്ദു മതത്തിന്റെ രണ്ട് ശാഖകളായി ശൈവം, വൈഷ്ണവം എന്നീ മതവിഭാഗങ്ങള്‍ ഇക്കാലത്ത് ആവിര്‍ഭവിച്ചു. ഇവരില്‍ ശൈവമതാചാര്യന്മാരെ നായന്മാരെന്നും വൈഷ്ണവാചാര്യന്മാരെ ആഴ്വാരന്മാരെന്നും പറഞ്ഞുവന്നു. ഈ രണ്ടുതരം ആചാര്യന്മാരും ഭക്തിനിര്‍ഭരങ്ങളായ കാവ്യങ്ങളും പാട്ടുകളും രചിച്ചിട്ടുണ്ട്. അപ്പര്‍, സംബന്ധര്‍, സുന്ദരര്‍ എന്നീ ശൈവാചാര്യന്മാരുടെ കൃതികള്‍ 'തേവാരം'എന്ന പേരിലാണ് അറിയപ്പെടുന്നത്. മാണിക്യവാചകര്‍ രചിച്ച കൃതികള്‍ തിരുവാചകം, തിരുക്കോവൈയ്യാര്‍ എന്നിവയത്രേ. 12 ആഴ്വാരന്മാരുടേയും ഭക്തികാവ്യങ്ങള്‍ ഉള്‍പ്പെടുന്ന കാവ്യസഞ്ചയത്തെ'നാലായിര ദിവ്യപ്രബന്ധം' എന്നു വിശേഷിപ്പിച്ചുവരുന്നു.
എ.ഡി. 9-ാം ശ. മുതല്‍ 12-ാം ശ. വരെ ചോള രാജാക്കന്മാരുടെ പ്രഭാവം തമിഴകത്തില്‍ വ്യാപിച്ചു. ഈ കാലഘട്ടത്തെ തമിഴകത്തിന്റെ സുവര്‍ണകാലമായി കണക്കാക്കിവരുന്നു. രാജരാജ ചോളന്‍, രാജേന്ദ്ര ചോളന്‍, കുലോത്തുംഗചോളന്‍, വിജയാലയ ചോളന്‍ എന്നിവരാണ് ഈ രാജവംശത്തിലെ പ്രധാന ഭരണാധികാരികള്‍. തമിഴ്നാട്ടിലെ സാമൂഹ്യ ജീവിതത്തിലും സാഹിത്യത്തിലും കലകളിലുമെല്ലാം ഒരുപോലെ വമ്പിച്ച വികാസം ഉണ്ടായ കാലഘട്ടമായിരുന്നു ഇവരുടേത്. ഈ ചോള രാജാക്കന്മാരുടെ ഭരണകാലത്ത് തെക്കേ ഇന്ത്യയിലെ സൈനികവും സാഹിത്യപരവും കലാപരവുമായ മേല്‍ക്കോയ്മയ്ക്ക് പല തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളും വിധേയമായി.
സൈന്യത്തെ പല വിഭാഗങ്ങളായി സംഘടിപ്പിച്ച് വിവിധ സ്ഥലങ്ങളില്‍ നിര്‍ത്തി രാജ്യത്തിന്റെ ഭദ്രതയും സമാധാനവും അഭംഗുരമായി നിലനിര്‍ത്താന്‍ ഭരണാധികാരികള്‍ക്കു കഴിഞ്ഞു. ഈ സൈനിക വ്യൂഹങ്ങളില്‍ ഒന്നിന്റെ പേര് 'മുന്റുകൈ മഹാസേന' എന്നായിരുന്നു. പൊതു തലവനായ രാജാവ് വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് അതതിടത്തെ ജനസാമാന്യത്തിന്റെ ക്ഷേമത്തെപ്പറ്റി ആരാഞ്ഞറിഞ്ഞുവന്നു. അങ്ങനെ സന്ദര്‍ശനം നടത്തുന്ന വേളയില്‍ രാജാവ് വാചികമായി പുറപ്പെടുവിച്ചിരുന്ന ഉത്തരവുകളെ 'തിരുവായ്ക്കേഴ്വി' എന്നാണു പറഞ്ഞിരുന്നത്. ആദ്യത്തെ രാജരാജചോളന്‍ ഇപ്രകാരം പുറപ്പെടുവിച്ച ഒരു ഉത്തരവ് അടങ്ങുന്ന താമ്രഫലകം യൂറോപ്പിലെ 'വീടല്‍' എന്ന സ്ഥലത്തെ മ്യൂസിയത്തില്‍ സംരക്ഷിച്ചിട്ടുണ്ട്.
കുറ്റവാളികള്‍ക്ക് അതികഠിനമായ ശിക്ഷ നല്കുന്ന സമ്പ്രദായം ചോളന്മാരുടെ കീഴില്‍ ഉണ്ടായിരുന്നില്ല. ചെറിയ കുറ്റങ്ങള്‍ക്ക് പിഴയായി ക്ഷേത്രങ്ങള്‍ക്ക് ദാനം നല്കാനാണ് രാജാവ് വിധിക്കാറുണ്ടായിരുന്നത്. ആധുനിക കാലത്ത് ബ്രിട്ടിഷ് ഭരണത്തിന്‍ കീഴില്‍ നിലവിലുള്ളതിനു തുല്യമായ ഭരണ വിഭാഗങ്ങളായി ചോളന്മാരുടെ രാജ്യം വിഭജിക്കപ്പെട്ടു. ഏറ്റവും ചെറിയ പ്രദേശ വിഭാഗം ഗ്രാമം ആയിരുന്നു. ഏതാനും ഗ്രാമങ്ങള്‍ ചേര്‍ന്നത് കോട്ടം. ഏതാനും കോട്ടങ്ങളുടെ സഞ്ചയം 'വളനാട്' എന്ന പേരിലറിയപ്പെട്ടിരുന്നു. ഏതാനും വളനാടുകള്‍ ഉള്‍പ്പെട്ട പ്രദേശം മണ്ഡലം. പ്രാദേശികമായ കുറ്റവിചാരണ സ്ഥലത്തെ 'ഊര്‍സഭൈ' എന്നാണു പറഞ്ഞുവന്നിരുന്നത്. കുറ്റവിചാരണയ്ക്ക് പരിഗണിച്ചിരുന്ന മൂന്ന് കാര്യങ്ങള്‍ ആള്‍ച്ചി (കീഴ്വഴക്കം), ആവണം (രേഖ), കാട്ചി (സാക്ഷി) എന്നിവയാണ്. വസ്തുവകകള്‍ കണ്ടുകെട്ടുക എന്നതായിരുന്നു ഏറ്റവും വലിയ ശിക്ഷ. മോഷണം, വ്യാജരേഖ ചമയ്ക്കല്‍, വ്യഭിചാരം എന്നിവയെല്ലാം ഗൌരവമേറിയ കുറ്റകൃത്യങ്ങളായി കണക്കാക്കിയിരുന്നു. കുറ്റവിചാരണയില്‍ ശിക്ഷിക്കപ്പെടുന്ന ആളുകള്‍ക്ക് ഗ്രാമസഭയില്‍ അംഗങ്ങളായിരിക്കാനുള്ള അര്‍ഹത നഷ്ടപ്പെടുമായിരുന്നു. ഇപ്രകാരമുള്ള ഗ്രാമഭരണകാര്യങ്ങള്‍ക്കായിരുന്നു സാമൂഹ്യജീവിതത്തില്‍ മുഖ്യസ്ഥാനം. ഗ്രാമസഭയില്‍ അംഗങ്ങളാകാന്‍ ആഗ്രഹിക്കുന്നവര്‍ തെരഞ്ഞടുപ്പില്‍ മത്സരിക്കണം എന്നായിരുന്നു വ്യവസ്ഥ. കുടത്തിന്റെ ആകൃതിയിലുള്ള ഒരു ഉപകരണം തെരഞ്ഞടുപ്പിന് ഉപയോഗിച്ചുവന്നു. അതില്‍ ഓലപോലെയുള്ള ഏതെങ്കിലും രേഖ നിക്ഷേപിച്ചാണ് വോട്ട് രേഖപ്പെടുത്തിവന്നത്. ഇതിനെ 'കുടഓലൈ' എന്നു പേരു പറഞ്ഞുവന്നു. ഉത്തരമേലൂര്‍ ശിലാലിഖിതത്തില്‍നിന്നാണ് മേല്പറഞ്ഞ ഭരണപരമായ ഏര്‍പ്പാടുകളെപ്പറ്റി നാം മനസ്സിലാക്കുന്നത്. വോട്ടു ചെയ്യാന്‍ അവകാശം ഉണ്ടായിരുന്നത് സ്വന്തമായ പറമ്പും വീടും 'കാല്‍വേലി' പറമ്പും ഉള്ളവര്‍ക്കാണ്. തെരെഞ്ഞടുക്കപ്പെടുന്നവര്‍ 20-നും 35-നുമിടയ്ക്ക് പ്രായമുള്ളവര്‍ ആയിരിക്കണം. വേദം, ആഗമം എന്നിവ അഭ്യസിച്ചിരിക്കണം എന്നും വ്യവസ്ഥ ഉണ്ടായിരുന്നു. ഒരു അംഗത്തിന്റെ കാലാവധി മൂന്ന് വര്‍ഷം ആയിരിക്കും. പുറമ്പോക്കുനിലങ്ങള്‍ ഗ്രാമസഭയുടെ വകയായിരിക്കും.
രാജരാജചോളന്‍ ക്ഷേത്രനിര്‍മാണത്തിലും ശ്രദ്ധപതിപ്പിച്ചിരുന്നു. അദ്ദേഹം നിര്‍മിച്ച പ്രധാനപ്പെട്ട ദേവാലയം തഞ്ചാവൂരിലെ ക്ഷേത്രമാണ്. ചേക്കിഴാര്‍ രചിച്ച പെരിയപുരാണം, കമ്പര്‍ രചിച്ച കമ്പരാമായണം എന്നിവ ചോള ഭരണകാലത്തെ പ്രധാനപ്പെട്ട കാവ്യങ്ങളാണ്.
നെടുഞ്ചടയന്‍, പരാന്തകന്‍ എന്നിവരാണ്് പാണ്ഡ്യരാജാക്കന്മാരില്‍ പ്രമുഖര്‍. നെടുഞ്ചടയന്റെ കാലഘട്ടത്തിലെ 'വേള്‍വിക്കുടി' ശിലാശാസനങ്ങള്‍ പാണ്ഡ്യരാജ്യഭരണത്തെപ്പറ്റി വിശദമായ അറിവു നല്‍കുന്നു. പാണ്ഡ്യരാജവംശത്തില്‍ ഉള്‍പ്പോരുകള്‍ ഉണ്ടായിരുന്നതിനാല്‍ അവരുടെ ഭരണം ചോളഭരണത്തെ അപേക്ഷിച്ച് ദുര്‍ബലമായിരുന്നു. മാരവര്‍മന്‍ കുലശേഖരന് രണ്ട് പത്നിമാരില്‍ ജനിച്ച സുന്ദരപാണ്ഡ്യന്‍, വീരപാണ്ഡ്യന്‍ എന്നിവര്‍ തമ്മിലുണ്ടായിരുന്ന ശത്രുത ഇതിനു തെളിവാണ്. ഇതിനു പുറമേ ഈ കാലഘട്ടത്തില്‍ മാലിക്കാഫൂര്‍ എന്ന മുകിലസേനാനി പാണ്ഡ്യരാജ്യത്തെ ആക്രമിക്കാന്‍ വമ്പിച്ച സൈന്യത്തോടൊപ്പം വന്നെത്തുകയുണ്ടായി. അതിനെത്തുടര്‍ന്ന് മധുരയില്‍ മുസ്ളിം സുല്‍ത്താന്‍മാരുടെ ഭരണം ആരംഭിച്ചു. മറ്റൊരു വശത്ത് പ്രബലമായ വിജയനഗര സാമ്രാജ്യവും സ്ഥാപിതമായി. വിജയനഗര സാമ്രാജ്യത്തിലെ മുഖ്യരാജാവ് 1509 മുതല്‍ 1529 വരെ ഭരണം നടത്തിയ കൃഷ്ണദേവരായര്‍ ആയിരുന്നു. കൃഷ്ണദേവരായരുടെ കാലത്ത് ക്രിസ്ത്യന്‍ മിഷണറിമാര്‍ പ്രബലരാവുകയും ജനങ്ങളില്‍ വലിയൊരുവിഭാഗം ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുപ്പെടുകയും ചെയ്തു. വേലൂര്‍, സാഞ്ചി, തഞ്ചാവൂര്‍, മധുര എന്നീ സ്ഥലങ്ങള്‍ നായിക്കന്മാരുടെ ഭരണത്തിന്‍കീഴിലായി. ഇവരുടെ കൂട്ടത്തില്‍ത്തന്നെ പ്രധാനി മധുര കേന്ദ്രമാക്കി ഭരണം നടത്തിയിരുന്ന (1625-59) തിരുമലനായ്ക്കന്‍ ആയിരുന്നു.
13 മുതല്‍ 18 വരെ ശ.-ങ്ങളില്‍ തമിഴകം ഭരിച്ചിരുന്ന രാജാക്കന്മാരെല്ലാംതന്നെ വിദേശത്തുനിന്ന് വന്നവരായിരുന്നതിനാല്‍ അവരുടെ ഭരണം സാംസ്കാരിക പുരോഗതിക്ക് സഹായകമായില്ല. അതിനു പുറമേ, ഈ വിദേശ ഭരണാധികാരികള്‍ തമിഴകത്തിലെ വിവിധ ജനവിഭാഗങ്ങള്‍ തമ്മില്‍ കലഹം വളര്‍ത്തുകയും ചെയ്തു. വണിക്കുകളായ ചെട്ടികളും മുസ്ളിങ്ങളും തമ്മിലുള്ള ശത്രുത ഇതിനു തെളിവാണ്. ഈ കാലഘട്ടത്തില്‍ ക്ഷേത്രജോലികള്‍ നിര്‍വഹിച്ചിരുന്ന ആളുകളെ 'തേവരടിയാര്‍കള്‍' എന്നാണ് പറഞ്ഞുവന്നത്. ക്ഷേത്രങ്ങളില്‍ മൃഗബലി നടത്തുന്ന പതിവും ഉണ്ടായിരുന്നു. ഇപ്രകാരമുള്ള ചരിത്രപരങ്ങളും സാമുദായികങ്ങളുമായ വസ്തുതകളെ ക്രിസ്ത്യന്‍ മിഷണറിമാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
മുക്കൂടല്‍പള്ള്, തേമ്പാവണി എന്നിവ ഈ കാലഘട്ടത്തില്‍ ആവിര്‍ഭവിച്ച സാഹിത്യവിഭാഗങ്ങളാണ്. ഫ്രഞ്ചുകാര്‍ പോണ്ടിച്ചേ രിയില്‍ വന്ന് അധികാരം സ്ഥാപിച്ചതും ഈ കാലയളവിലാണ്. ഫ്രഞ്ചുഗവര്‍ണറായ ഡ്യൂപ്ളേയുടെ ഗാഢസുഹൃത്തായിരുന്നു ആനന്ദരംഗന്‍പിള്ള എന്ന തമിഴ്പ്രഭു. ആനന്ദരംഗന്‍പിള്ളയ്ക്ക് തമിഴ്, ഫ്രഞ്ച്, തെലുഗു, മലയാളം എന്നീ ഭാഷകളിലെല്ലാം പ്രാവീണ്യം ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഡയറി ഈ വസ്തുത വ്യക്തമാക്കുന്നു.
ഇതേ കാലഘട്ടത്തില്‍ത്തന്നെയാണ് പ്രശസ്ത സംഗീതജ്ഞനായ ത്യാഗരാജസ്വാമികള്‍ തിരുവൈയ്യാറിലിരുന്ന് തന്റെ സംഗീത കൃതികള്‍ രചിക്കുകയും ആലപിക്കുകയും ചെയ്തത്.
തെക്കേ ഇന്ത്യയില്‍ പോര്‍ച്ചുഗീസുകാരും ഫ്രഞ്ചുകാരും അവരവരുടെ ആസ്ഥാനങ്ങള്‍ ഉറപ്പിച്ചതിനെത്തുടര്‍ന്ന് ഇംഗ്ളീഷ് ഈസ്റ്റ് ഇന്ത്യാകമ്പനിയും ഈ പ്രദേശത്തേക്കു കടന്നുവന്നു -1600 ഡി. 31-ന്. അവര്‍ ആദ്യം കച്ചവടത്തില്‍ മാത്രമാണ് തത്പരരായിരുന്നത്. എന്നാല്‍ അവര്‍ വന്നുകഴിഞ്ഞ് 5 കൊല്ലത്തിനുള്ളില്‍ മദ്രാസില്‍ സെയ്ന്റ്ജോര്‍ജ് കോട്ട നിര്‍മിച്ചു. ഈസ്റ്റ് ഇന്ത്യാകമ്പനിയുടെ പ്രതിനിധികളായി ആള്‍ക്കാരെ അയച്ച് പലയിടങ്ങളിലും അവര്‍ സ്വന്തം ആസ്ഥാനം സ്ഥാപിച്ചു. നാട്ടുരാജാക്കന്‍മാര്‍ തമ്മിലുള്ള തര്‍ക്കങ്ങളില്‍ ഇടപെട്ട് അവരെ തങ്ങളുടെ നിയന്ത്രണത്തിന്‍ കീഴിലാക്കാന്‍ കമ്പനിക്കു സാധിച്ചു. ആ രാജ്യങ്ങളിലേക്കെല്ലാം തങ്ങളുടെ റസിഡന്റുമാരെ നിയോഗിക്കുകയും അവരില്‍നിന്ന് കപ്പം വാങ്ങുകയും ചെയ്ത കമ്പനി അചിരേണ പല നാട്ടുരാജ്യങ്ങളിലേയും ഭരണം സ്വയം ഏറ്റെടുത്തു. കാലാന്തരത്തില്‍ തെക്കേ ഇന്ത്യയില്‍ ഭൂരിഭാഗവും ബ്രിട്ടിഷ് സാമ്രാജ്യത്തിന്റെ ഭാഗമായിത്തീര്‍ന്നു. മുഗള്‍ ഭരണാധികാരികളുമായുള്ള ബന്ധം ബ്രിട്ടീഷുകാര്‍ക്ക് തെക്കേ ഇന്ത്യയില്‍ തങ്ങളുടെ ശക്തി ഉറപ്പിക്കാന്‍ സഹായകമായിത്തീര്‍ന്നു. മൈസൂരിലെ മുസ്ളിം ഭരണാധികാരികളായ ഹൈദരാലി, ടിപ്പുസുല്‍ത്താന്‍ എന്നിവരെ പരാജയപ്പെടുത്തിയതോടെ ബ്രിട്ടീഷുകാര്‍ തമിഴകത്തില്‍ ഒരു പ്രബലശക്തിയായി മാറി. ഇതിനു സമാന്തരമായി ഇന്ത്യയുടെ വടക്കും കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിലും മഹാരാഷ്ട്രയിലും തങ്ങളുടെ ശക്തി ഉറപ്പിക്കാന്‍ ഈസ്റ്റ് ഇന്ത്യാകമ്പനിക്കു കഴിഞ്ഞതോടുകൂടി ഇന്ത്യയെ മുഴുവനുംതന്നെ നിയന്ത്രിക്കാനുള്ള കഴിവ് ബ്രിട്ടീഷുകാര്‍ക്ക് ഉണ്ടായി.
തെക്കേ ഇന്ത്യയില്‍ തങ്ങളുടെ മുഖ്യ ആസ്ഥാനമായിരുന്ന മദ്രാസ് നഗരത്തെ വളരെയധികം വികസിപ്പിക്കാന്‍ സാധിച്ചത് ബ്രിട്ടീഷുകാരുടെ അധികാരവ്യാപനത്തിന് ഉപകരിച്ചു. മദ്രാസ് നഗരത്തില്‍ അവര്‍ സുപ്രീംകോടതി വരെ സ്ഥാപിക്കുകയും ചെയ്തു. ക്രിസ്തുമതപ്രചരണത്തിലും പാശ്ചാത്യരീതിയിലുള്ള വിദ്യാഭ്യാസത്തിന്റെ വികസനത്തിലും ബ്രിട്ടീഷുകാര്‍ ചെലുത്തിയ ശ്രദ്ധ തെക്കേ ഇന്ത്യയിലെ സാംസ്കാരിക ജീവിതത്തെ നിര്‍ണായകമായി സ്വാധീനിക്കാന്‍ ഇടയായി.
എന്നാല്‍ 19-ാം ശ.-ത്തില്‍ ഇന്ത്യയുടെ മറ്റുഭാഗങ്ങളിലെന്നപോലെ തമിഴ്നാട്ടിലും സ്വാതന്ത്യ്രബോധം വളരുകയും അതിന്റെ നേതൃത്വം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഏറ്റെടുക്കുകയും ചെയ്തു. ഇന്ത്യ ബ്രിട്ടീഷുകാരില്‍ നിന്ന് സ്വതന്ത്രമായപ്പോള്‍ തമിഴ്നാട്ടിലും കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള സ്വതന്ത്രഭരണകൂടം നിലവില്‍വന്നു. ഇതിന്റെ പിന്നാലെ ഹിന്ദി ഭാഷയുടെ ആധിപത്യത്തിനെതിരായ വികാരം 1960-ഓടുകൂടി തെക്കേ ഇന്ത്യയില്‍ ശക്തി ആര്‍ജിച്ചു. ഹിന്ദി ഭാഷയ്ക്ക് എതിരായ ഈ വികാരം തമിഴ്നാട്ടിലെ കോണ്‍ഗ്രസ് ഭരണകൂടത്തിന്റെ വീഴ്ചയ്ക്കും ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ അധികാര സംസ്ഥാപനത്തിനും വഴിതെളിച്ചു. ഇങ്ങനെ രാഷ്ട്രീയമായ പല പ്രശ്നങ്ങളും മാറ്റങ്ങളും ഉണ്ടായെങ്കിലും വിദ്യാഭ്യാസരംഗത്തും വ്യവസായരംഗത്തും മറ്റും വമ്പിച്ച പുരോഗതി തമിഴ്നാട്ടില്‍ ഉണ്ടായിട്ടുണ്ടെന്നുള്ളത് അനിഷേധ്യമായ കാര്യമാണ്. നോ: തമിഴ്നാട്
(പ്രൊഫ. കെ.എസ്. നാരായണപിള്ള)