This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തച്ചോളിപ്പാട്ടുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(New page: =തച്ചോളിപ്പാട്ടുകള്‍= വടക്കന്‍ പാട്ടുകളുടെ ഒരു പ്രധാന വിഭാഗം നാടന്‍...)
അടുത്ത വ്യത്യാസം →

04:27, 29 മേയ് 2008-നു നിലവിലുണ്ടായിരുന്ന രൂപം

തച്ചോളിപ്പാട്ടുകള്‍

വടക്കന്‍ പാട്ടുകളുടെ ഒരു പ്രധാന വിഭാഗം നാടന്‍പാട്ടുകള്‍. ദേശ ത്തെ ആധാരമാക്കിയുള്ള സംജ്ഞയാണ് 'വടക്കന്‍ പാട്ടുകള്‍' എന്നത്. ഡോ.ഗുണ്ടര്‍ട്ട് പ്രസിദ്ധപ്പെടുത്തിയ നിഘണ്ടുവില്‍ (1872) ഈ പദം 'തച്ചോളിപ്പാട്ട്' എന്ന അര്‍ഥത്തില്‍ ചേര്‍ത്തിട്ടുണ്ട്. മലബാര്‍ മാനുവലില്‍ വില്യം ലോഗന്‍ തച്ചോളിപ്പാട്ടിനെപ്പറ്റി പരാമര്‍ശിക്കുന്നുണ്ടെങ്കിലും വടക്കന്‍പാട്ട് എന്ന പദം പ്രയോഗിച്ചിട്ടില്ല. ഉദയനന്‍ 'പൊന്നിയന്‍ പട'യ്ക്കു പോയതിനെപ്പറ്റിയുള്ള ഭാഗം ഇംഗ്ളീഷില്‍ പരിഭാഷപ്പെടുത്തി ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ജനകീയ ഭാഷയില്‍ രൂപപ്പെട്ട പാട്ടുകളില്‍ ഏറ്റവും സാധാരണവും ജനകീയവുമായി അനുഭവപ്പെടുന്നത് തച്ചോളിപ്പാട്ടുകളാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. പി.ഗോവിന്ദപ്പിള്ള (മലയാള ഭാഷാ ചരിത്രം), ആര്‍. നാരായണപ്പണിക്കര്‍ (കേരള ഭാഷാസാഹിത്യ ചരിത്രം) എന്നിവരും തച്ചോളിപ്പാട്ടുകളെയാണ് വടക്കന്‍പാട്ട് എന്ന സംജ്ഞകൊണ്ടുദ്ദേശിക്കുന്നത്. തച്ചോളി മേപ്പയില്‍ കുഞ്ഞിഉദയനന്‍ പ്രദര്‍ശിപ്പിച്ച ശൌര്യപരാക്രമങ്ങളേയും നേരിടുന്ന ആപത്തുകളേയും കുറിച്ചു വര്‍ണിക്കുന്നതാണ് ഇക്കൂട്ടത്തിലെ ആദ്യത്തെ കവിത. അതുകൊണ്ടാണ് തച്ചോളിപ്പാട്ടുകള്‍ക്ക് പ്രാമുഖ്യമുണ്ടായതെന്നും പി.ഗോവിന്ദപ്പിള്ള പറയുന്നു. ഉള്ളൂര്‍ ഇങ്ങനെ അഭിപ്രായപ്പെടുന്നു: "വടക്കേ മലയാളത്തില്‍ പുരാതന കാലങ്ങളില്‍ വീര്യശൌര്യങ്ങള്‍ക്ക് വിളനിലങ്ങളായിരുന്ന ചില പുരുഷകേസരികളുടേയും വനിതാ രത്നങ്ങളുടേയും അപദാനങ്ങള്‍ പ്രകീര്‍ത്തനം ചെയ്യുന്ന നാടോടിപ്പാട്ടുകള്‍ ആണ് വടക്കന്‍ പാട്ടുകള്‍. തച്ചോളിപ്പാട്ടുകളേയും പുത്തൂരം പാട്ടുകളേയും വടക്കന്‍പാട്ടുകളായാണ് ഉള്ളൂര്‍ പരിഗണിച്ചിട്ടുള്ളത്. മദിരാശി സര്‍വകലാശാല മലയാള വിഭാഗം പ്രകാശിപ്പിച്ച ബാലഡ്സ് ഒഫ് നോര്‍ത്ത് മലബാര്‍ എന്ന ഗ്രന്ഥത്തില്‍ (രണ്ട്, മൂന്ന് വാല്യങ്ങള്‍) തച്ചോളിപ്പാട്ടിന്റെ മാതൃകയിലുള്ള മറ്റു പാട്ടുകളേയും 'തച്ചോളിപ്പാട്ട്' എന്നാണ് പറഞ്ഞിട്ടുള്ളത്.


പഴയ ചില പുസ്തകശാലക്കാരിറക്കിയ 'വടക്കന്‍ പാട്ടു'കളില്‍ തച്ചോളിച്ചന്തുവിനെക്കുറിച്ചൊരു പാട്ടുണ്ട്. സന്ന്യാസിവേഷധാരിയായി ചന്തു കണ്ടര്‍മേനോനെ വടക്കന്‍പാട്ടു ചൊല്ലിക്കേള്‍പ്പിച്ചു എന്നാണെഴുതിയിട്ടുള്ളത്. ഈ പാഠത്തിന് അത്രയേറെ പഴക്കം കല്പിക്കാനാവില്ലെന്നാണ് പണ്ഡിതമതം . വടക്കന്‍പ്രദേശങ്ങളില്‍ രൂപപ്പെട്ടതുകൊണ്ടോ വടക്കന്‍ഭാഗങ്ങളെ കേന്ദ്രീകരിച്ചതുകൊണ്ടോ ആകാം 'വടക്കന്‍പാട്ടുകള്‍' എന്ന പേരുവന്നത്. എന്നാല്‍ വടക്കന്‍ കേരളത്തിലുണ്ടായ എല്ലാ പാട്ടുകഥകളും അഥവാ കഥാഗാനങ്ങളും 'വടക്കന്‍പാട്ട്' എന്ന വിഭാഗത്തില്‍ ചേര്‍ക്കാവുന്നതുമല്ല.


കടത്തനാട്ടില്‍ പുതുപ്പണം എന്ന ദേശത്താണ് മേപ്പയില്‍ എന്ന പ്രദേശം. അവിടത്തെ തച്ചോളിമാണിക്കോത്ത് തറവാട്ടിലെ മൂന്ന് തലമുറക്കാരുടെ കഥകളാണ് 'തച്ചോളിപ്പാട്ടു'കളില്‍ പ്രതിപാദിച്ചിരിക്കുന്നത്. തച്ചോളിമാണിക്കോത്തെ പന്ത്രണ്ടു സഹോദരന്മാരുടെ കഥയ്ക്കാണ് പ്രാമുഖ്യം. കുമ്പയുടെ ദത്ത്, കോരന്റെ മരണം, കുമ്പയുടെ വിവാഹം എന്നിവ ആദ്യകാലത്തെ പാട്ടുകളില്‍ വര്‍ണിച്ചിരിക്കുന്നു. തച്ചോളിപ്പാട്ടുകളിലായാലും വടക്കന്‍പാട്ടുകളിലായാലും ഏറെ പ്രകീര്‍ത്തിക്കപ്പെടുന്നത് ഉദയന ജീവിതമാണ്. കോമപ്പന്‍, ചിരുതേയി, ചാപ്പന്‍ മുതലായവരെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ ഉദയനന്റെ ജീവിതചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. പിണ്ടന്‍, കുങ്കന്‍, അനന്തന്‍ചെട്ടി, ചീരു, മയ്യയി കോളേത്ത് കുഞ്ഞിക്കുങ്കി, കൊടുമല കുങ്കി, മണിയൂരിടത്തില്‍ കുഞ്ഞിക്കുങ്കി, കോയിക്കലിടത്തില്‍ കുഞ്ഞിമാക്കം, കുമ്പളത്തു കുഞ്ഞിക്കന്നി, പൂമിമലങ്കര കുഞ്ഞിക്കന്നി, കദളീവനം കോട്ട കുഞ്ഞിക്കന്നി, കേളുവണ്ണാത്താന്‍, പെരുമലയന്‍, ഇരിക്കൂര്‍ത്തറകന്നി, ഇരുവിനാടോന്‍ കുങ്കന്‍, കണ്ടോപ്പന്‍, തമ്പാടന്‍മാര്‍, വെള്ളക്കാര്‍, മേലെമഠം രാജകന്നി, ഉണിച്ചാറ, പൊന്‍മലക്കോട്ട കുഞ്ഞിക്കന്നി, ഒതയോത്തു കുഞ്ഞിച്ചീരു, പുറമേരി തമ്പുരാന്‍, പുറമലനമ്പി, കോടേരി ഉപ്പാട്ടി, മനങ്കാപുരം വാണിയത്തി, കണ്ടോത്തിടത്തില്‍ മാതു, അരുണാതിരിക്കോട്ട കുഞ്ഞിക്കന്നി-ഇങ്ങനെ ഏറെ കഥാപാത്രങ്ങളുണ്ട് ഉദയനനെക്കുറിച്ചുള്ള പാട്ടുകളില്‍.


ഒതേനന്റെ അനിയത്തിയായ ചീരുവിന് കുഞ്ഞിച്ചന്തു, കുഞ്ഞിക്കേളു, കുഞ്ഞിക്കുമ്പ എന്നീ വീരസന്താനങ്ങളുണ്ടായി. തച്ചോളിക്കുഞ്ഞിച്ചന്തുവിനെക്കുറിച്ച് ഏതാനും പാട്ടുകഥകളുണ്ട്. അമ്മാവനായ തച്ചോളിഉദയനന്റെ മെയ്വഴക്കവും അഭ്യാസപാടവവും അനന്തരവനും കിട്ടിയിട്ടുണ്ട്. പാലൂര്‍ മഠത്തിലെ കുഞ്ഞിക്കന്നി, കണ്ടര്‍മേനോന്‍ മുതലായവര്‍ക്ക് ചന്തുവിനെക്കുറിച്ചുള്ള കഥാഗാനങ്ങളില്‍ സ്ഥാനമുണ്ട്. തച്ചോളിക്കുഞ്ഞിക്കേളുവിനെക്കുറിച്ച് ചില പാട്ടുകഥകളുണ്ടായിട്ടുണ്ട്.


തച്ചോളിഒതേനന്റേയും കാവില്‍ചാത്തോത്ത് കുങ്കിയുടേയും മകനായി കുഞ്ഞമ്പാടി പിറന്നു. പത്തിലേറെ പാട്ടുകഥകളിലായി ഈ വീരന്റെ ജീവിതത്തെ പ്രകീര്‍ത്തിക്കുന്നുണ്ട്. ഉണ്ണിയമ്മ, ഉദിന്നൂര് കുമ്പ, ഇല്ലിക്കല്‍ കുഞ്ഞാക്കം, ചെങ്ങലോട്ടിടം കുങ്കി, കുഞ്ഞിച്ചീരു മുതലായവര്‍ക്ക് ഈ പാട്ടുകളില്‍ സ്ഥാനം കിട്ടിയിട്ടുണ്ട്. ഒതേനന്റെ മകനായ അമ്പാടിയെപ്പറ്റിയുള്ള 'തച്ചോളിപ്പാട്ടുകള്‍' ഏറെ പ്രസിദ്ധമാണ്.


പതിനെട്ടു നാടിനെപ്പറ്റിയും ശേഷിക്കുന്ന പതിനെട്ടു നാടകങ്ങളെപ്പറ്റിയുമുള്ള ഈ തച്ചോളിപ്പാട്ടുകള്‍ കയ്യൂക്കിന്റെ കാലത്തെ പ്രകീര്‍ത്തിക്കുന്നു. ഇവയുണ്ടായ കാലഘട്ടത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. ആരോമല്‍ചേകവരുടെ കാലം മുതല്‍ യുദ്ധം നടത്തുന്നതിന്റെ അധികാരാവകാശങ്ങള്‍ ചേകവന്‍മാര്‍ക്കായിരുന്നു. ഒതേനന്റെ കാലമായപ്പോഴേക്കും ആ സ്ഥാനം നായന്‍മാര്‍ക്കു കിട്ടി. കളരികള്‍ സ്ഥാപിക്കപ്പെട്ടു. നായന്മാര്‍ക്ക് മെയ്യഭ്യാസ പരിശീലനം കിട്ടിത്തുടങ്ങി. മറ്റു സമുദായക്കാരും അഭ്യാസ പരിശീലനം നേടിയിരുന്നെങ്കിലും യുദ്ധം ചെയ്യുന്നതിന്റെ നേതൃത്വം നായന്മാര്‍ക്കായിരുന്നുവെന്ന് അക്കാലത്തെ പാട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. സ്വരക്ഷയ്ക്കും കുടുംബരക്ഷയ്ക്കും മെയ്യഭ്യാസ പരിചയം അന്ന് അത്യാവശ്യമായിരുന്നു.അമ്മമാര്‍ മക്കളെ കളരിയഭ്യസിപ്പിക്കുന്നതില്‍ ജാഗരൂകരായിരുന്നുവെന്ന്

 'അഞ്ചുവയസ്സിലും കാതുകുത്തി
 ഏഴുവയസ്സിനെഴുത്തിനാക്കി
 തുളുനാട്ടില്‍ നല്ല തുളുഗുരുക്കള്‍
 ഗുരുക്കളെത്തന്നെ വരുത്തിയമ്മ'”

എന്ന വരികളില്‍ വ്യക്തമാകുന്നുണ്ട്. പ്രഭുക്കന്മാരുടെ ആധിപത്യത്തിനായി നിലകൊണ്ട ചില നായര്‍യോദ്ധാക്കള്‍ നാടുവാഴികളെക്കൂടി നിയന്ത്രിക്കുവാന്‍ പോന്ന അധികാരം കൈയടക്കിയവരായി. തച്ചോളിഒതേനന്‍ ഇത്തരമൊരു നായര്‍ വീരനാണ്. "എവിടെ അക്രമം കണ്ടാലും അതിനെ അമര്‍ച്ച ചെയ്യുക, ഏതു ബലഹീനന്മാരെയും സര്‍വശക്തിയും ഉപയോഗിച്ച് സഹായിക്കുക, തന്റെ പിന്‍തുണ ആവശ്യപ്പെടുന്ന രാജാക്കന്മാരുടേയും പ്രഭുക്കന്മാരുടേയും അധികാരങ്ങള്‍ താഴ്ചവീഴ്ചകൂടാതെ പരിപാലിക്കുക ഇങ്ങനെ പല ഗുണങ്ങള്‍ക്കും അദ്ദേഹം അനര്‍ഘമായ ഒരാകരമായിരുന്നു. ഇത്ര അകുതോഭയന്‍മാരായി, ദേവീഭക്തരായി, ദേശാഭിമാനികളായി, അധികം പേര്‍ കേരളത്തില്‍ ജീവിച്ചിരുന്നിട്ടുണ്ടോ എന്ന് സംശയമാണ്- ഉള്ളൂര്‍ ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നു.

 അമ്പാടിയായ കുങ്കനെപ്പറ്റിയുള്ള തച്ചോളിപ്പാട്ടുകളുടെ പ്രത്യേകതകള്‍ നോക്കാം:
 'രണ്ടുകയിക്കെട്ടകുങ്കന്‍വള
 ചെറുവള്ളിക്കൊത്ത മണിക്കൊരണ്ട്
 പത്തുവിരല്‍ക്കെട്ടു പൊന്‍മോതിരം
 മാലയും മാലക്കൊളുന്തും വേണം 
 കോവയും കോവച്ചരടും വേണം 
 ആറാട്ടുതാലിയും കോമണിയും
 കുഞ്ഞിഅരക്കൊത്ത പൊന്തുടര്
 കുഞ്ഞിക്കാക്കൊത്തൊരരിപൊന്തണ്ടയും'
 		                (ചീരുവും പൊന്‍മകനും)
 തച്ചോളിക്കാലത്തെ നായര്‍ത്തറവാടുകളിലെ സ്ത്രീകള്‍ അണിയാറുള്ള ആഭരണങ്ങളെപ്പറ്റിയത്രെ ഇവിടെ പറഞ്ഞിട്ടുള്ളത്. 
 'പോരുന്നല്ലോമനകുഞ്ഞിക്കന്നി
 കുങ്കന്‍ ചമയം ചമഞ്ഞവത്
 ആളുപോകും നാട്ടിലെല്ലാളയച്ചു
 ഓലപോകും നാട്ടിലെല്ലോലയച്ചു
 ....
 സദ്യകൊടുക്കുകയും കൊടുപ്പിക്കയും
 മുഹൂര്‍ത്തം നോക്കിക്കണിയാനുണ്ടു
 നെയ്യാട്ടം വെച്ചോണ്ട വാര്യരുണ്ടു
 രണ്ടും ഒരുരാശിഒരു മുഹൂര്‍ത്തം
 ....
 പട്ടും വളകൊടുക്ക്വാന്‍രാശികണ്ട്
 പൊന്നാമരിക്കോട്ടേലെ കുഞ്ഞിക്കന്നി'

എന്നീ കല്യാണനിശ്ചയവും മറ്റും ഇതില്‍ മനോഹരമായി വര്‍ണിച്ചിട്ടുണ്ട്. പെണ്ണിനെ തിരഞ്ഞെടുക്കാന്‍ ആണിനുള്ള സ്വാതന്ത്യ്രവും അക്കാലത്തെ വിവാഹ സമ്പ്രദായങ്ങളും ഇതില്‍ നിന്നു മനസ്സിലാക്കാം.

 ഒതേനന്റെ മരണശേഷമാണ് 'അമ്പാടിയും പാലായിക്കോട്ടയിലെ രാജാവും' എന്ന പാട്ടുകഥ നടക്കുന്നത്. പാട്ടില്‍ അപ്പോഴത്തെ അമ്പാടിയുടെ വയസ്സിനെപ്പറ്റിയുള്ള സൂചന ഇങ്ങനെയാണ്:
 'ഏഴു വയസ്സുള്ള കുഞ്ഞ്യമ്പാടി
  കുരുത്തം കുറഞ്ഞ്യോനാ കുഞ്ഞമ്പാടി'

ഈ ഇളംപ്രായം പാട്ടിലെ യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നില്ല. പാടിപ്പാടി പല കാലങ്ങള്‍ കടന്നപ്പോള്‍ വന്ന മാറ്റമായിരിക്കാം ഇത്.

 'മഞ്ഞുകൊണ്ടെന്റെ തല കനത്ത് 
 വെയില് കൊണ്ടന്റെ പൊറം കറത്ത് 
 ഇരുന്നിറ്റയ്യൂണെനിക്കില്ലമ്പാടി 
 കെടന്നിറ്റൊറ്റക്കെനക്കില്ലമ്പാടി'

എന്നീ ഭാഗങ്ങള്‍ ഏറെ ഭാവഭംഗി നിറഞ്ഞതാണ്. നാട്ടുമൊഴിക്കൂറ് ഇവയില്‍ മുന്നിട്ടുനില്ക്കുന്നു. ഭാഷണ താളത്തിലുള്ള കെട്ടുമുറയും ശ്രദ്ധേയമാണ്.

 'അമ്പാടിയും വെളളൂരെടത്തില്‍ ചിരതേയിയും' എന്ന പാട്ടുകഥയില്‍ ബഹുഭാര്യാത്വം മൂലമുണ്ടായ പ്രയാസങ്ങളും പ്രശ്നങ്ങളുമാണ് പ്രധാനം.
 'കാവിലും ചാത്തോത്തല്ലമ്പാടിക്ക് തിരുവെഴുത്തോലകൊണ്ട് പോണം.' തമ്പുരാന്റെ 'അത്തൂരം വാക്കോല് കേക്കുന്നേരം' ഓല തയ്യാറാക്കുകയായി.
 'മുറ്റത്തിളം പനതണ്ട്മ്മന്ന്
  കൂമ്പുന്നൊരോല മുറിച്ചെടുത്ത്
 കുറുവം കൊണ്ടോലമുറിച്ചടുത്ത്
 വെയിലത്തിട്ടോല നിറം വരുത്തി
 തൃക്കയ്യിക്കൊണ്ട കൊടുക്കുന്നല്ലോ'

എഴുത്തോലയെപ്പറ്റിയുള്ള ഈ ഭാഗം എഴുത്തിന്റെ ചരിത്രത്തിലേക്കും വെളിച്ചം വീശുന്നു.

 'തോലുവെളുത്തൊരു പെണ്ണുകണ്ടാലും
 തൂളിവലിയൊരു മീന്‍ കണ്ടാലും'

വശപ്പെടുത്താന്‍ കഴിഞ്ഞിരുന്നു, തച്ചോളിഒതേനന്; മകന്‍ അമ്പാടിയും അതേ പ്രകൃതക്കാരനായിരുന്നു. അമ്പാടിയുടെ ഒരു ഭാര്യ ചിരുതേയിയും മറ്റൊരു ഭാര്യ കുഞ്ഞിരുതയിയുമാണ്.

 'വെള്ളൂരെടത്തിലെ കുഞ്ഞിരുതയിക്ക്
 കഞ്ഞികുടിക്കാത്ത തളര്‍ച്ചകൊണ്ട്
 ക്ഷീണം പെരുത്തുണ്ടെ പെറ്റോരമ്മേ
 ആലസ്യകഞ്ഞി കൊടുക്കട്ടെ ഞാന്‍....'
 'വെള്ളൂരെടത്തിലെ കുഞ്ഞിരുതയി
 അങ്ങിനെ പറഞ്ഞും മരിച്ചവള്
 വെള്ളൂരെടത്തിലോളാങ്ങളാദ്
 തമ്പോളം കെട്ടാടവീണു പോയി'

എന്നീ ഭാഗങ്ങള്‍ ശോകാത്മകമാണ്.

അമ്പാടി എന്ന കുങ്കനെപ്പറ്റി വേറെയും പാട്ടുകള്‍ പ്രചരിച്ചുവരുന്നുണ്ട്. അദ്ദേഹത്തിനു ശേഷം അത്രയും വീര്യവും മഹത്വവു മുള്ള വീരന്മാര്‍ തച്ചോളിത്തറവാട്ടിലുണ്ടായില്ല. പില്കാലത്ത് തച്ചോളിത്തറവാട്ടിന് സമൂഹത്തിലെ മേധാവിത്വം ക്ഷയിച്ചിരിക്കാം. പുത്തൂരം പാട്ടുകള്‍ക്കും തച്ചോളികള്‍ക്കും ഭാഷാരീതിയിലോ കെട്ടുമുറയിലോ വ്യത്യാസം തീരെയില്ലെന്നു പറയാം. അതതു തറവാടുമായി ബന്ധപ്പെട്ടതെന്ന അര്‍ഥത്തില്‍ മാത്രമാണ് ഈ വ്യവഛേദം. പദാവര്‍ത്തനം, പാദാവര്‍ത്തനം, സംഭവാവര്‍ത്തനം, ഭാഷണരീതികള്‍, ആഖ്യാനത്തുടര്‍ച്ച മുതലായ കാര്യങ്ങളിലെല്ലാം വടക്കന്‍പാട്ടുകളുടെ സാമാന്യധര്‍മങ്ങള്‍ തന്നെയാണ് 'തച്ചോളിപ്പാട്ടുകള്‍'ക്കുമുളളത്.

(ദേശമംഗലം രാമകൃഷ്ണന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍