This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തച്ചോളി ചന്തു
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(New page: =തച്ചോളി ചന്തു= വടക്കന്‍ പാട്ടിലെ ഒരു കഥാപാത്രം. തച്ചോളി ഒതേനന്റെ മരു...)
അടുത്ത വ്യത്യാസം →
04:22, 29 മേയ് 2008-നു നിലവിലുണ്ടായിരുന്ന രൂപം
തച്ചോളി ചന്തു
വടക്കന്‍ പാട്ടിലെ ഒരു കഥാപാത്രം. തച്ചോളി ഒതേനന്റെ മരുമക നാണ് ചന്തു. ചന്തുവിന്റെ വീരസാഹസിക കഥകള്‍ വിവരിക്കുന്ന ഏതാനും പാട്ടുകള്‍ തച്ചോളിപ്പാട്ടുകളിലുണ്ട്.
ചീരുവിന്റെ പുത്രനായി ജനിച്ച ചന്തു വിധിപ്രകാരമുള്ള കളരി പഠനം ബാല്യത്തിലേ ആരംഭിച്ചു. 18-ാം വയസ്സുമുതല്‍ ചന്തുവിന്റെ പടപ്പുറപ്പാടുകളുടെ കഥ തുടങ്ങുന്നു. ആദ്യം അമ്പു ചെട്ടിക്കു വേണ്ടി പൊന്നു തിരിച്ചുവാങ്ങാനായി വയനാട്ടിലേക്കു പോകുന്ന ദൌത്യമാണ് ഏറ്റെടുത്തത്. വയനാടന്‍ മൂപ്പന്റെ കോട്ട ലക്ഷ്യം വച്ചു നീങ്ങിയ ചന്തുവിന് കോട്ടയിലേക്ക് അത്ര എളുപ്പം പ്രവേശിക്കാനാകില്ലെന്നു മനസ്സിലായി. അതുകൊണ്ട് ചന്തു ഒരു തന്ത്രം പ്രയോഗിച്ചു. സന്ന്യാസിവേഷം ധരിച്ചാണ് പിന്നീട് യാത്ര തുടര്‍ന്നത്. യാത്രയ്ക്കിടെ കൊയിലേരിയിടത്ത് കുഞ്ഞിക്കുങ്കിയുടെ വീട്ടില്‍ ഒരു നാള്‍ ചന്തു അന്തിയുറങ്ങി. പോകാന്‍ നേരത്ത് അവള്‍ ചന്തുവിന് ഒരു പച്ചമരുന്നു നല്കി. ആ മരുന്നിന്റെ ശക്തിയാല്‍ കോട്ടവാതിലുകള്‍ തനിയെ തുറന്നു. അകത്തു കടന്ന് ചന്തു വയനാടന്‍ മൂപ്പനുമായി അങ്കം വെട്ടി. നൂറു കണക്കിന് പടയാളികളോട് ചന്തുവിന് ഒറ്റയ്ക്കു പിടിച്ചു നില്ക്കാനാകില്ലെന്നു കണ്ടപ്പോള്‍ കൊയിലേരി കുഞ്ഞിക്കുങ്കിയുടെ ആങ്ങളമാര്‍ തുണയ്ക്കെത്തി. അവര്‍ പിന്തിരിയുന്ന അവസ്ഥയില്‍ പോരാട്ടം രൂക്ഷമായി. ഒടുവില്‍ ഒതേനന്‍ തന്നെ അവിടെയെത്തി കേളുമൂപ്പന്റെ കഥ കഴിച്ചു. മടക്കത്തില്‍ ചന്തു കൊയിലേരി കുഞ്ഞിക്കുങ്കിയെ തച്ചോളിത്തറവാട്ടിലേക്കു കൊണ്ടുപോന്നു.
ചന്തുവിന്റെ മറ്റൊരു ഭാര്യയാണ് പാലൂര്‍ മഠത്തില്‍ കുഞ്ഞി ക്കന്നി. ഈ കഥ പാലൂര്‍ മഠത്തില്‍ കുഞ്ഞിക്കന്നി എന്ന പാട്ടുകഥ യിലുണ്ട്.
ചന്തുവിന്റെ വീരസാഹസിക കഥകളില്‍ രസകരമായ ഒന്നാണ് വടകര ബപ്പനെ ഒരു പാഠം പഠിപ്പിക്കാന്‍ പോയ കഥ. അതിങ്ങനെ യാണ്.
ഒരു ദിവസം തച്ചോളിത്തറവാട്ടില്‍ ചന്തു പകലൂണും കഴിഞ്ഞി രിക്കുകയായിരുന്നു. അപ്പോഴാണ് തന്റെ അമ്മാവന്റെ കാലശേഷം വടകരനാട്ടില്‍ നിന്ന് പാട്ടവും പണവുമൊന്നും കിട്ടിയില്ലെന്നോര്‍മ വന്നത്. ചന്തു ചെമ്പോലയെടുത്ത് കണക്കുകള്‍ നോക്കി. അപ്പോള്‍ മറ്റൊന്നു കൂടി വ്യക്തമായി. വടകരയില്‍ രാജാവിനെപ്പോലെ വാഴുന്ന ബപ്പന്‍ പന്തീരായിരം പൊന്‍പണവും പന്തീരായിരം പറ നെല്ലും അമ്മാവനില്‍ നിന്ന് കടമായി വാങ്ങിയിട്ടുമുണ്ട്.
ചന്തു ഉടന്‍ തന്നെ ചാപ്പനെ വിളിച്ചു പറഞ്ഞു, "നമുക്ക് വടകര വരെ പോകണം. ഇപ്പൊ തച്ചോളിത്തറവാട്ടിലെ വരവെല്ലാം മുടങ്ങി യിരിക്കുകയാണല്ലോ.
ഉടന്‍ തന്നെ ചന്തുവും ചാപ്പനും അങ്കച്ചമയങ്ങളണിഞ്ഞു. ചന്തു തൊപ്പിയും ധരിച്ച് ഉറുമിയുമെടുത്തു. ആ പുറപ്പാട് കണ്ടയുടന്‍ എവിടേക്കാണെന്ന് അമ്മ ചോദിച്ചു. കാര്യം പറഞ്ഞ് അവരിരുവരുമിറങ്ങി.
കണ്ണന്‍പുഴ കടന്ന് ചന്തുവും ചാപ്പനും വടകരയിലെത്തി. അവിടെ ഒരു ആല്‍ത്തറയിലിരുന്ന് വെറ്റിലമുറുക്കുമ്പോള്‍ ജോനകര്‍ ആയുധങ്ങളുമായെത്തി അവരെ ചോദ്യം ചെയ്തു. ചന്തുവിനെ തിരിച്ചറിഞ്ഞപ്പോള്‍ അവര്‍ മാപ്പു പറഞ്ഞു. ദുഷ്ടനായ ബപ്പനെ ഒന്നടക്കി നിറുത്തണമെന്ന് അവര്‍ ചന്തുവിനോട് ആവശ്യപ്പെടുകയും ചെയ്തു.
ചന്തുവും ചാപ്പനും കൂടി ബപ്പന്റെ മാളികയിലെത്തി. ബപ്പന്റെ ഗര്‍വമടക്കാന്‍ ചന്തുവിന് ആയുധമെടുക്കേണ്ടിവന്നില്ല. ഭയന്ന ബപ്പന്‍ ചന്തുവിനെ പൊന്‍കസേരയിലിരുത്തി. തുടര്‍ന്ന് ഇടപാടുകളെല്ലാം തീര്‍ത്തു.
അവിടെ നിന്നിറങ്ങാന്‍ നേരത്ത് അതിസുന്ദരിയായ ഒരു പെണ്‍ കിടാവിനെ ചന്തു കണ്ടു. അപ്പോള്‍ ചന്തു ഇങ്ങനെ ഓര്‍ത്തു:
'മാനത്തുന്നെങ്ങാനും പൊട്ടിവീണോ
ഭൂമിയീന്നെങ്ങാനും മുളച്ചുവന്നോ
എന്തു നിറമെന്നു ചൊല്ലേണ്ടു ഞാന്‍
കുന്നത്തെ കൊന്നയും പൂത്തപോലെ
ആദിത്യചന്ദ്രനെ കണ്ടപോലെ
പൊന്‍പാളം തട്ട്യങ്ങു നീട്ട്യപോലെ
വയനാടന്‍ മഞ്ഞള്‍ മുറിച്ചപോലെ'.
മൂന്നുവര്‍ഷം തപസ്സുചെയ്ത് ഭദ്രകാളിയില്‍ നിന്ന് ശ്രീഭദ്രവാള്‍ നേടിയെടുത്ത കൊടുമല കുഞ്ഞിക്കുങ്കിയാണതെന്ന് ബപ്പന്‍ പറഞ്ഞു. മദിരാശിപ്പട്ടാളത്തെ അടവുകള്‍ പഠിപ്പിക്കുന്ന കുഞ്ഞിക്കുങ്ക നാണ് അവളുടെ ആങ്ങളയെന്നും തുളുനാടന്‍ കണ്ണന്‍ എന്ന വീര നാണ് അവളുടെ ഭര്‍ത്താവെന്നും ബപ്പന്‍ കൂട്ടിച്ചേര്‍ത്തു.
ബപ്പന്റെ വീട്ടില്‍ നിന്ന് എണ്ണയും തേച്ച് ചന്തു കുളക്കടവിലെ ത്തിയപ്പോള്‍ കുങ്കി താളി തേയ്ക്കുകയായിരുന്നു. ചന്തു അവളോട് താളി ചോദിച്ചു. അവള്‍ നല്കിയില്ല. ചന്തു ഉറുമിയെടുത്ത് ചുഴറ്റി, അവളെ തന്നോടൊപ്പം കൂട്ടി.
'ഇതാ അമ്മയ്ക്കൊരു മരുമകളെ'ന്നു പറഞ്ഞ് ചന്തു കുങ്കിയെ തച്ചോളിത്തറവാട്ടിലെത്തിച്ചു. അമ്മ ഭയന്നു. കൊടുമല കുങ്കനും തുളുനാടന്‍ കണ്ണനും ഇതറിഞ്ഞാല്‍ എന്താകുമെന്നവര്‍ ചോദിച്ചു. ചന്തു ഒന്നും പറഞ്ഞില്ല.
കുങ്കനും കണ്ണനും മദിരാശിപ്പട്ടാളവുമായി തച്ചോളിത്തറവാട്ടി ലെത്തി. അപ്പോള്‍,
'പടകലി കൊണ്ടങ്ങു ചെന്നു ചന്തു
നേരിട്ടു ചെന്നങ്ങു നിന്നവനും
അതുതാനേ കാണുന്ന കണ്ണനല്ലോ
അപ്പോള്‍പ്പറയുന്നു കണ്ണനാണെ
പെണ്ണിനെക്കട്ടൊരു കണ്ണാ നീയ്
എന്നുടെ പെണ്ണിനെ കട്ട കള്ളാ...'
അതോടെ യുദ്ധം ആരംഭിക്കുകയായി. ആ വന്‍പടയ്ക്കു നേരെ ചന്തു,
'ഉറുമി പരിശ എടുത്തവനും
ഈറ്റപ്പുലിപോലെ ചാടി പിന്നെ
കണ്ണന്റെ മുന്നിലും ചെന്നു നിന്നു
ചന്തൂനെക്കണ്ടവന്‍ കണ്ണനല്ലോ
സരസ്വതിയങ്കം പിടിച്ചവര്
ഗണപതിയങ്കവും തരം താഴ്ത്തി'.
അങ്ങനെ തുടങ്ങിയ പോരാട്ടത്തിനൊടുവില്‍ ചന്തു തളര്‍ന്നു. പക്ഷേ കുങ്കി ആണ്‍വേഷം ധരിച്ച് ചന്തുവിന്റെ മുന്നില്‍ നിന്ന്, തന്റെ ആങ്ങളയോടും ഭര്‍ത്താവിനോടും പടവെട്ടി, ചന്തുവിനെ രക്ഷിച്ചു. തുടര്‍ന്ന് ചന്തുവും കുങ്കിയും തച്ചോളിത്തറവാട്ടില്‍ സസുഖം വാണു.
ചന്തുവിന് നാലു ഭാര്യമാരുണ്ടായിരുന്നതായി കാണുന്നു. നാലാമത്തെ ഭാര്യ താഴത്തുമഠത്തില്‍ മാതുക്കുട്ടിയാണ്. ഒരിക്കല്‍ ഓമല്ലൂര്‍ക്കാവില്‍ കുളിച്ചുതൊഴാന്‍ പോയ മാതുവിനെ തുളുനാടന്‍ കോട്ടയുടെ അധിപനായ കണ്ടര്‍മേനോന്‍ ബലം പ്രയോഗിച്ച് കട ത്തിക്കൊണ്ടു പോയി. ചന്തു സന്ന്യാസിവേഷം ധരിച്ച് കോട്ടയി ലെത്തി കണ്ടര്‍മേനോന്റെ കഥകഴിച്ച് മാതുവിനെ സ്വതന്ത്രയാക്കി.
വീരസാഹസികനായ തച്ചോളിച്ചന്തുവിന്റെ കഥയ്ക്ക് കുഞ്ചാക്കോ ചലച്ചിത്രഭാഷ്യം ചമച്ചിട്ടുണ്ട്.