This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(New page: =തങ്ങള്‍= ഇസ്ളാം മത പ്രവാചകനായ മുഹമ്മദിന്റെ സന്താന പരമ്പരയില്‍പ്പെട...)
അടുത്ത വ്യത്യാസം →

07:08, 27 മേയ് 2008-നു നിലവിലുണ്ടായിരുന്ന രൂപം

തങ്ങള്‍

ഇസ്ളാം മത പ്രവാചകനായ മുഹമ്മദിന്റെ സന്താന പരമ്പരയില്‍പ്പെട്ടവരെ സൂചിപ്പിക്കുന്ന പദം. 'അഹ്ലുബൈത്ത്' എന്നാണ് നബിയുടെ കുടുംബത്തിന് അറബിഭാഷയില്‍ പറയുന്ന പേര്. അഹ്ലുബൈത്ത് എന്ന വാക്കിന് വീട്ടുകാര്‍ എന്നാണ് ഭാഷാര്‍ഥം. ഖുര്‍ ആനിലും ഹദീസുകളിലും ഈ പ്രയോഗം വന്നിട്ടുണ്ട്. ആലുബൈത്ത്, ആലുന്നബി, ആലുമുഹമ്മദ്, ആലുയാസീന്‍ എന്നീ വാക്കുകളും ഇതേ അര്‍ഥത്തില്‍ ഉപയോഗിക്കപ്പെടുന്നു. 'സാദാത്തു'കള്‍ എന്നും 'സയ്യിദു'കള്‍ എന്നും ഇവര്‍ അറിയപ്പെടുന്നുണ്ട്. മാന്യര്‍, മിസ്റ്റര്‍ എന്നീ അര്‍ഥത്തില്‍ സയ്യിദ് എന്ന അറബി വാക്ക് ഉപയോഗിക്കാറുണ്ട്. എങ്കിലും അഹ്ലുബൈത്തില്‍പ്പെട്ടവരെ ഇന്നും പൊതുവേ സയ്യിദ് അഥവാ സാദാത്ത് എന്നുതന്നെയാണ് സംബോധന ചെയ്തുവരുന്നത്; കേരളത്തില്‍ തങ്ങള്‍ എന്നും.

ദക്ഷിണയമന് ഇന്ത്യയും, പ്രത്യേകിച്ച് കേരളവുമായി ഇസ്ളാമിനു മുമ്പു തന്നെ വ്യാപാര ബന്ധമുണ്ടായിരുന്നതായി ചരിത്ര രേഖകളില്‍ കാണുന്നു. ഹളര്‍മൌത്തില്‍ നിന്ന് പല ഗോത്രങ്ങളും കിഴക്കനാഫ്രിക്കന്‍ രാജ്യങ്ങളിലും ഇന്തോനേഷ്യ, ഇന്ത്യ എന്നീ രാജ്യങ്ങളിലും കുടിയേറിയിട്ടുണ്ട്. ഇതില്‍ ഇന്ത്യയിലെത്തിയവര്‍ മലബാര്‍, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് വാസമുറപ്പിച്ചത്. ഹളര്‍മൌത്ത്, ഹിജാസ്, ഇറാക്ക് എന്നിവിടങ്ങളില്‍ നിന്ന് അഹ്ലുബൈത്തിലെ പ്രമുഖരുടെ മലബാറിലേക്കുള്ള പലായനം ആരംഭിച്ചത് ഹിജ്റ 500-നു ശേഷമാണെന്നാണ് അനുമാനം. ഇമാം മുഹമ്മദ് (സാഹിബ് അല്‍-മര്‍ബാത്ത്) ബിന്‍ അലിഖാലി അല്‍-കസമിന്റെ (ഹി. 556) പുത്രന്മാരുടെ കാലത്താണ് അന്യനാടുകളിലേക്ക് കുടിയേറ്റം ആരംഭിച്ചതും ഓരോ പിതാവിന്റേയും പേരില്‍ ഗോത്രശാഖകളായി അറിയപ്പെടാനിടയായതും.

150-ല്‍പ്പരം അഹ്ലുബൈത്ത് ഗോത്രശാഖകള്‍ ഇസ്ളാമിക പ്രബോധനത്തിനായി അക്കാലത്ത് പല നാടുകളിലേക്കു പുറപ്പെട്ടു. ഇങ്ങനെ കേരളത്തിലെത്തിയവരാണ് തങ്ങള്‍മാര്‍ എന്ന സ്ഥാനപ്പേരിലറിയപ്പെട്ടത്. കേരളത്തിലെത്തിയ അഹ്ലുബൈത്ത് ഗോത്രശാഖകളുടെ ഉദ്ഭവം മുഹമ്മദിന്റെ (സാഹിബ് അല്‍-മര്‍ബാത്ത്) പുത്രന്മാരായ അലവിയുടേയും അലിയുടേയും സന്താനങ്ങളില്‍ നിന്നാണ്.

കോഴിക്കോടന്‍ രാജാക്കന്മാരുടെ സംശുദ്ധമായ ഹൈന്ദവ ജീവിതരീതിയും സംസ്കാരവും തീര്‍ത്തും നവീനമായ ഇസ്ളാമിക ജീവിതക്രമങ്ങളും തമ്മില്‍ അങ്ങേയറ്റം സമരസപ്പെടുന്ന ഹൃദ്യമായ ഒരു മത സൌഹാര്‍ദ ചിത്രമാണ് ഉത്തര മലബാറിന്റെ ചരിത്രം. അവിടെയുണ്ടായിരുന്ന ചില ഗ്രാമാധികാരികളേയും ബ്രാഹ്മണരേയും ആശാന്മാരേയും തങ്ങള്‍മാര്‍ എന്നു വിളിച്ചിരുന്നു. രാജാധികാരങ്ങളുമായി നേരിട്ടു ബന്ധം പുലര്‍ത്തിയിരുന്ന ഇത്തരം ഉന്നത കുലജാതരുമായി രാജാവിന്റെ അതിഥികള്‍ക്ക് ബന്ധമുണ്ടാവുക സ്വാഭാവികമാണ്. സമൂഹത്തിലെ താഴേതട്ടിലെ ജനസാമാന്യവുമായുള്ള ഇടപെടലുകള്‍ക്കെല്ലാം മുന്‍പ് വൈവാഹികവും വ്യക്തിപരവുമായ ബന്ധങ്ങള്‍ അറബികള്‍ക്ക് ഇത്തരക്കാര്‍ക്കിടയിലാവും സംഭവിച്ചിട്ടുണ്ടാവുക. അങ്ങനെ ഇസ്ളാംമതം സ്വീകരിക്കപ്പെട്ട 'തങ്ങള്‍' സ്ഥാനികളും അവര്‍ക്ക് അറബികളുമായുള്ള വിവാഹബന്ധങ്ങളിലുണ്ടായ പുതിയ തലമുറയും അതേ സ്ഥാനപ്പേരുതന്നെ നിലനിര്‍ത്തിയതായും കരുതുന്നവരുണ്ട്.

കണ്ണൂര്‍, കോഴിക്കോട്, പൊന്നാനി, കൊയിലാണ്ടി, കൊച്ചി തീരങ്ങളില്‍ കപ്പലിറങ്ങിയവര്‍ മമ്പുറം, തിരൂരങ്ങാടി, മലപ്പുറം, വളപട്ടണം എന്നിവിടങ്ങളില്‍ താമസമാക്കുകയും സാദാത്തുകളുടേയും ശിഷ്യന്മാരുടേയും കുടുംബങ്ങളുമായി വിവാഹ ബന്ധത്തിലേര്‍പ്പെടുകയും ചെയ്തു. കൊയിലാണ്ടിയിലാണ് അഹ്ലുബൈത്ത് ഗോത്രങ്ങള്‍ കൂടുതലായി വസിക്കുന്നത്. ഇവിടെ ദേശീയപാതയ്ക്കു പടിഞ്ഞാറായി 14 ഗോത്രശാഖകളില്‍പ്പെട്ടവര്‍ താമസിക്കുന്നുണ്ട്. വടക്കന്‍ കേരളത്തിലാണ് തങ്ങള്‍മാര്‍ അധികമായുള്ളത്. തെക്കന്‍ കേരളത്തിലും പലയിടങ്ങളിലായി അവരുടെ ശാഖകളില്‍പ്പെട്ടവര്‍ താമസിക്കുന്നുണ്ട്.

കേരളത്തിലെത്തിയ അഹ്ലുബൈത്ത് സാദാത്തുകളില്‍ പലരും പണ്ഡിതന്മാരും ഗ്രന്ഥകാരന്മാരുമായിരുന്നു. പ്രവാചക കീര്‍ത്തനങ്ങളും ക്ഷണികമായ ഐഹിക ജീവിതത്തിന്റെ നിഷ്ഫലത വെളിപ്പെടുത്തുന്ന 'സൂഫി' ശൈലിയിലുള്ള പ്രാര്‍ഥനകളും അധ്യാത്മ ചിന്തകളുമാണ് അവരുടെ രചനകളിലെ പ്രതിപാദ്യം. പ്രസിദ്ധീകരണ വിധേയമായിട്ടില്ലാത്ത ഇത്തരം കൃതികളുടെ കൈയെഴുത്തു പ്രതികള്‍ ഇന്ന് പല പണ്ഡിതന്മാരുടേയും ഗ്രന്ഥശേഖരത്തില്‍ അപൂര്‍വ നിധികളായി സൂക്ഷിച്ചിട്ടുള്ളതായി അറിയുന്നു.

നബികുടുംബത്തിന് ഇസ്ളാം സവിശേഷമായ സ്ഥാനം കല്പിച്ചിട്ടുണ്ട്. നബിക്കും കുടുംബത്തിനുംവേണ്ടി അനുഗ്രഹ പ്രാര്‍ഥന ചൊല്ലുന്നത് 'സുന്നത്താ'യി (പുണ്യം) ഇസ്ളാം നിശ്ചയിച്ചിരിക്കുന്നതില്‍നിന്ന് അവര്‍ക്കു നല്കിയ മഹത്ത്വം സ്പഷ്ടമാണ്. നബിയുടെ കാലത്തും തുടര്‍ന്നും 'സഹാബികള്‍' അഹ്ലുബൈത്തിനോട് സ്നേഹപൂര്‍വമാണ് വര്‍ത്തിച്ചിരുന്നത്. അഹ്ലുബൈത്തിനെ സ്നേഹിക്കുന്നത് പുണ്യമായി മുസ്ളിങ്ങള്‍ കരുതുന്നു.

(എം.എ. സിദ്ദീഖ്, സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍