This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഢോലാ മാരു രാ ദൂഹാ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(New page: = ഢോലാ മാരു രാ ദൂഹാ= രാജസ്ഥാനി ഭാഷയിലെ പ്രശസ്തമായ നാടോടി കാല്പനിക കാവ്...)
അടുത്ത വ്യത്യാസം →

05:57, 27 മേയ് 2008-നു നിലവിലുണ്ടായിരുന്ന രൂപം

ഢോലാ മാരു രാ ദൂഹാ

രാജസ്ഥാനി ഭാഷയിലെ പ്രശസ്തമായ നാടോടി കാല്പനിക കാവ്യം. രചനാകാലം 15-ാം ശതകം. ജീവിതത്തിലെ പല അവസ്ഥകളിലൂടെ കടന്നു പോകുന്ന ഢോലാ-മാരു ദമ്പതികളുടെ പ്രേമകഥയാണ് ഈ കാവ്യം. ഇതൊരു ശൃംഗാര കാവ്യം കൂടിയാണ്. വിരഹികളായി കഴിയേണ്ടിവരുന്ന ദമ്പതികളുടെ വ്യഥകളും കാല്പനിക മോഹങ്ങളും പ്രകൃതിയുടെ അവസ്ഥകളുമായി താരതമ്യം ചെയ്യുന്ന ഒരു കൃതി എന്ന നിലയിലും ഢോലാ മാരു രാ ദൂഹായ്ക്ക് സമകാലിക പ്രസക്തിയുണ്ട്.

ഢോലാ നര്‍വറിലെ രാജാവായ നളന്റെ പുത്രനാണ്. പൂഗല്‍ രാജ്യത്ത് ക്ഷാമമുണ്ടായപ്പോള്‍ അവിടത്തെ രാജാവ് പിംഗല്‍ നര്‍വറിലേക്ക് താത്കാലികമായി താമസം മാറ്റി. അങ്ങനെയിരിക്കെ പിംഗലിന്റെ മകള്‍ മാര്‍വനി(മാരു)യെ ഢോലായെക്കൊണ്ട് അന്നത്തെ ആചാരമനുസരിച്ച് വിവാഹം ചെയ്യിച്ചു. അപ്പോള്‍ ഢോലായ്ക്ക് മൂന്നും മാരുവിന് ഒന്നരയും വയസ്സായിരുന്നു പ്രായം. ക്ഷാമം തീര്‍ന്നപ്പോള്‍ രാജാവും പുത്രിയും പൂഗിലേക്ക് മടങ്ങി.

മാരു യൌവനയുക്തയായപ്പോള്‍ ഢോലായുടെ സാന്നിധ്യം കൊതിച്ചു. രാജാവ് നര്‍വറിലേക്ക് പലരേയും അയച്ചെങ്കിലും ഒന്നിനും ഫലമുണ്ടായില്ല. ഇതിനിടയ്ക്ക് ഢോലായുടെ വിവാഹം മാള്‍വയിലെ മാള്‍വനി രാജകുമാരിയുമായി നടന്നിരുന്നു. തന്റെ ശൈശവവിവാഹത്തെക്കുറിച്ച് ഢോലായ്ക്ക് ഒന്നും അറിയില്ലായിരുന്നു. പക്ഷേ ഇക്കാര്യം മാള്‍വനി അറിഞ്ഞു. ഒടുവില്‍ പിംഗല്‍ രാജാവിന്റെ സന്ദേശവാഹകര്‍ അലഞ്ഞുതിരിയുന്ന ഗായക കവികളായി അഭിനയിച്ച് നര്‍വറില്‍ വന്നുചേര്‍ന്നു. അവര്‍ രാജകൊട്ടാരത്തിന്റെ കവാടത്തിനടുത്ത് രാത്രി മുഴുവന്‍ മാരുവിന്റെ സന്ദേശം ഗാനരൂപത്തില്‍ ആലപിച്ചു. ഢോലാ അവരെ വിളിപ്പിച്ച് ഉപഹാരങ്ങള്‍ നല്കി ബഹുമാനിച്ചു. ഢോലായ്ക്ക് മാരുവിനെ കാണാന്‍ തിടുക്കമായി. മാള്‍വനിയാകട്ടെ പല അടവുകളും പ്രയോഗിച്ച് ഢോലായെ പിന്തിരിപ്പിച്ചുകൊണ്ടിരുന്നു. ഒരു ദിവസം മാള്‍വനി ഉറക്കമായപ്പോള്‍ ഢോലാ കുതിരപ്പുറത്തു കയറി പൂഗിലേക്ക് പോകുകതന്നെ ചെയ്തു. വിരഹാര്‍ത്തയായ മാള്‍വനി തത്തയെ സന്ദേശവാഹകയായി അയച്ചെങ്കിലും ഫലിച്ചില്ല. ആരവല്ലി കടന്നപ്പോള്‍തന്നെ ഢോലാ മാരുവിന്റെ വിവരങ്ങള്‍ അറിഞ്ഞിരുന്നു. അവരുടെ സമാഗമം ഇരുവര്‍ക്കും സംതൃപ്തി നല്കി. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ അവര്‍ നര്‍വറിലേക്കു മടങ്ങി. മടക്കയാത്രയില്‍ മരുഭൂമിയില്‍ രാത്രി തങ്ങിയപ്പോള്‍ വിഷപ്പാമ്പിന്റെ ദംശനമേറ്റ് മാരു മരിച്ചു. അത്യധികം ദുഃഖിതനായ ഢോലാ തീയില്‍ച്ചാടി മരിക്കാന്‍ ഒരുമ്പെടുമ്പോള്‍ സന്ന്യാസി ദമ്പതികള്‍ അവിടെ പ്രത്യക്ഷപ്പെട്ടു. സന്ന്യാസിനിയുടെ അഭ്യര്‍ഥന പ്രകാരം സന്ന്യാസി മാരുവിനെ ജീവിപ്പിച്ചു. സന്തുഷ്ടരായി ഇരുവരും നര്‍വറിലേക്കു മടങ്ങി. പിന്നെയും ഒരു ആപത്തുണ്ടായി. ഉമര്‍ സുമ്ര എന്നൊരാള്‍ ഢോലായെ ചതിച്ചുകൊന്ന് മാരുവിനെ സ്വന്തമാക്കാന്‍ ആഗ്രഹിച്ചു. ഢോലായ്ക്ക് മദ്യം കൊടുത്ത് മയക്കാനായിരുന്നു ഉദ്ദേശ്യം. സൂചനകള്‍ മനസ്സിലാക്കി അവിടെ നിന്ന് രക്ഷപ്പെട്ട് ഢോലായും മാരുവും നര്‍വറിലെത്തി. മാള്‍വനി സ്ത്രീസഹജമായ അസൂയമൂലം ചിലപ്പോഴൊക്കെ ഇടഞ്ഞെങ്കിലും രാജാവിന്റേയും രാജ്ഞിമാരുടേയും ജീവിതം സന്തോഷപ്രദമായിരുന്നു. ഈ കഥ ഋജുവും ലളിതവുമാണ്.

ഢോലാ മാരു രാ ദൂഹാ ഗദ്യത്തിലും പദ്യത്തിലും ലഭ്യമാണ്. ഗദ്യവും പദ്യവും ഇടകലര്‍ന്ന പാഠവും ഉണ്ട്. കുശാല്‍ ലാഭ്് എന്ന ജൈനകവി 1617-ലാണ് ഇതു രചിച്ചതെന്ന് ഒരു അഭിപ്രായം പ്രാബല്യത്തിലുണ്ട്.പക്ഷേ, ഈ കൃതിയുടെ പേര് ഢോലാ മാള്‍വനി ചൌപ്പായി എന്നാണ്. കല്ലോല്‍, ലൂണ്‍കരണ്‍, ഹേമചന്ദ്ര് തുടങ്ങിയ കവികളും ഢോലാ മാരു രാ ദൂഹായിലെ ചില ദോഹകള്‍ രചിച്ചവരാണ്. ചുരുക്കത്തില്‍, പല ഭാഷകളിലും പല രൂപത്തിലും പല ഗ്രന്ഥകര്‍ത്താക്കളുടേതായി പ്രചരിച്ച കാവ്യമാണിത്. 1473-ല്‍ നിലവിലുണ്ടായിരുന്ന പാഠമാണ് കാശിനാഗരി പ്രചാരിണിസഭ പില്ക്കാലത്ത് പുറത്തിറക്കിയത്. അതാകാം യഥാര്‍ഥ ഢോലാ മാരു രാ ദൂഹാ.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍