This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡോബ്രൂജ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(New page: =ഡോബ്രൂജ= ഉീയൃൌറഷമ തെക്കു കിഴക്കന്‍ യൂറോപ്പില്‍, ഡാന്യൂബ് നദീമുഖത്തി...)
അടുത്ത വ്യത്യാസം →
09:44, 26 മേയ് 2008-നു നിലവിലുണ്ടായിരുന്ന രൂപം
ഡോബ്രൂജ
ഉീയൃൌറഷമ
തെക്കു കിഴക്കന്‍ യൂറോപ്പില്‍, ഡാന്യൂബ് നദീമുഖത്തിനും കരിങ്കടലിനും ഇടയ്ക്ക് സ്ഥിതിചെയ്യുന്ന ഒരു പ്രദേശം. 23,260 ച.കി.മീ. വിസ്തീര്‍ണമുള്ള ഈ പ്രദേശത്തിന്റെ ഉത്തര-മധ്യപ്രദേശങ്ങള്‍ റുമാനിയയിലും ബാക്കിഭാഗങ്ങള്‍ ബള്‍ഗേറിയയിലുമായി വ്യാപിച്ചുകിടക്കുന്നു. പൊതുവേ വരണ്ട കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്. ഇവിടത്തെ മണ്ണ് വളരെ വളക്കൂറുള്ളതാണ്. ധാന്യങ്ങള്‍, മുന്തിരി, മള്‍ബറി, പുകയില എന്നിവയാണ് ഇവിടത്തെ മുഖ്യ വിളകള്‍. റുമാനിയന്‍ ഡോബ്രൂജ റുമാനിയയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമാണ്. ജലകായികവിനോദത്തിനുള്ള ഇവിടത്തെ വിപുലമായ സന്നാഹങ്ങള്‍ വന്‍തോതില്‍ വിനോദ സഞ്ചാരികളെ ഇവിടത്തേക്ക് ആകര്‍ഷിക്കുന്നുണ്ട്. റുമാനിയന്‍ ഡോബ്രൂജയിലെ ഏറ്റവും വലിയ തുറമുഖ പട്ടണമാണ് കോണ്‍സ്റ്റാന്റ. സിലിസ്ത്ര, തോല്‍ബുക്കിന്‍ എന്നിവയാണ് ബള്‍ഗേറിയന്‍ ഡോബ്രൂജയിലെ പ്രധാനപ്പെട്ട നഗരങ്ങള്‍. ഡാഷിയന്‍ ഗോത്രക്കാരായിരുന്നു ഡോബ്രൂജയിലെ ആദിമ നിവാസികള്‍. നിരവധി സംസ്കാരങ്ങള്‍ ഈ പ്രദേശത്തിന്റെ ഗതിവിഗതികളെ സ്വാധീനിച്ചിട്ടുള്ളതായി ചരിത്ര രേഖകളുണ്ട്. ബി.സി. 6-ാം ശ.-ത്തില്‍ ഗ്രീക്കുകാര്‍ ഡോബ്രൂജയുടെ തീരത്ത് നിരവധി ജനവാസ കേന്ദ്രങ്ങള്‍ സ്ഥാപിച്ചിരുന്നു. ടോമി, ഹിസ്ട്രിയ, കലാട്ടീസ് എന്നിവ അവയില്‍ പ്രാധാന്യമര്‍ഹിക്കുന്നു. ഹിസ്ട്രിയ ആധുനിക ഡോബ്രൂജയിലെ പുരാവസ്തു പ്രാധാന്യമുള്ള ഒരു പ്രദേശമാണ്. ബി.സി. 5-ാം ശ.-ത്തില്‍ സിഥിയന്മാര്‍ ഡോബ്രൂജ അധീനപ്പെടുത്തിയെങ്കിലുംബി.സി. 1-ാം ശ.മായപ്പോഴേക്കും ഈ പ്രദേശം റോമാക്കാരുടെ കീഴിലായി. എ.ഡി. 4-ാം ശ. വരെ ഡോബ്രൂജ റോമാ സാമ്രാജ്യത്തിന്റെ ഭാഗമായി തുടര്‍ന്നു. എ.ഡി. 4-ാം ശ.-ത്തില്‍ റോമാ സാമ്രാജ്യം വിഭജിക്കപ്പെട്ടതോടുകൂടി ഇത് ബൈസാന്തിയന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിത്തീര്‍ന്നു.
മധ്യ ഏഷ്യയില്‍ നിന്നുള്ള ബള്‍ഗാറുകള്‍ എന്ന തുര്‍ക്കി ഗിരിവര്‍ഗസംഘം ഡാന്യൂബിലെ ബൈസാന്തിയന്‍ പ്രവിശ്യകളെ നിരന്തരം ആക്രമിച്ച് അശാന്തി വളര്‍ത്തിക്കൊണ്ടിരുന്ന സാഹചര്യത്തില്‍ ഡോബ്രൂജ ഉള്‍പ്പെട്ട ബാള്‍ക്കണ്‍-ഡാന്യൂബന്‍ പ്രവിശ്യകളെ ബള്‍ഗാറുകള്‍ക്കു വിട്ടുകൊടുക്കാന്‍ ബൈസാന്തിയന്‍ ചക്രവര്‍ത്തി നിര്‍ബന്ധിതനായിത്തീര്‍ന്നു. 681-ല്‍ തദ്ദേശീയരായ സ്ളാവ് ജനതയുടെ സഹകരണത്തോടെ ബള്‍ഗാറുകള്‍ ഇവിടെ സ്വന്തമായൊരു സാമ്രാജ്യം സ്ഥാപിച്ചു. 11-ാം ശ. വരെ ഡോബ്രൂജ ഈ ഒന്നാം ബള്‍ഗേറിയന്‍ സാമ്രാജ്യത്തിന്റെ ഭാഗമായി വര്‍ത്തിച്ചു. 1018-ല്‍ ബൈസാന്തിയന്‍ ചക്രവര്‍ത്തിയായ ബാസില്‍ കക ബള്‍ഗേറിയന്‍ സാമ്രാജ്യത്തില്‍ നിന്ന് ഡോബ്രൂജയെ മോചിപ്പിച്ചു. തുടര്‍ന്ന് ഡോബ്രൂജ ഉള്‍പ്പെട്ട ബള്‍ഗേറിയന്‍ പ്രദേശം വീണ്ടും ബൈസാന്തിയരുടെ അധീനതയിലായി. 12-ാം ശ.-ത്തില്‍ ബൈസാന്തിയന്‍ ഭരണത്തില്‍ നിന്നും ബള്‍ഗേറിയക്കാര്‍ സ്വാതന്ത്യ്രം നേടിയതിനുശേഷം രൂപവത്കൃതമായ രണ്ടാം ബള്‍ഗേറിയന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു പിന്നീട് ഡോബ്രൂജ. 14-ാം ശ.-ത്തില്‍ ഈ സാമ്രാജ്യം ശിഥിലമായതിനെത്തുടര്‍ന്ന് വലേചിയന്‍ (ണമഹഹമരവശമി) രാജാവായ ഡൊബ്രോറ്റിഷ് ഡോബ്രൂജയില്‍ ഒരു നാട്ടുരാജ്യം സ്ഥാപിച്ചു. ഡോബ്രൂജ എന്ന സ്ഥലനാമത്തിന്റെ അടിസ്ഥാനമിതായിരിക്കാം എന്ന് ചരിത്രകാരന്മാര്‍ കരുതുന്നു. വലേചിയക്കാരെ പരാജയപ്പെടുത്തിക്കൊണ്ട് 1411-ല്‍ ഡോബ്രൂജയില്‍ അടിത്തറയുറപ്പിച്ച തുര്‍ക്കി ഭരണം 400 വര്‍ഷം നീണ്ടു നിന്നു. കിരാതമായ ഭരണരീതികളും അമിത നികുതികളും നിമിത്തം ജനജീവിതത്തെ ദുസ്സഹമാക്കിത്തീര്‍ത്ത ഈ കാലഘട്ടം ഡോബ്രൂജയുടെ ചരിത്രത്തിലെ ഇരുണ്ട അധ്യായമായി കരുതപ്പെടുന്നു.
1877-ല്‍ തുര്‍ക്കിയും റഷ്യയും തമ്മിലുള്ള യുദ്ധമുന്നണികളില്‍ ഒന്നായിരുന്നു ഡോബ്രൂജ. സാന്‍സ്റ്റഫാനോ കരാര്‍ പ്രകാരം യുദ്ധം അവസാനിച്ചപ്പോള്‍ ജേതാവായ റഷ്യയ്ക്ക് ഡോബ്രൂജയ്ക്കുമേല്‍ ഭാഗികമായ അവകാശം ലഭിച്ചു. ഈ കരാര്‍ റഷ്യയുടെ താത്പര്യങ്ങള്‍ക്കാണ് മുന്‍തൂക്കം നല്കിയിട്ടുള്ളത് എന്ന ആക്ഷേപങ്ങളുണ്ടായതിനെത്തുടര്‍ന്ന്, ബര്‍ലിനില്‍ സമ്മേളിച്ച യൂറോപ്യന്‍ രാജ്യങ്ങള്‍ റഷ്യയുടെ അധീനതയിലുള്ള ഡോബ്രൂജയുടെ ഭാഗങ്ങള്‍കൂടി വീണ്ടെടുക്കുകയും ഡോബ്രൂജയെ റുമാനിയയ്ക്കും ബള്‍ഗേറിയയ്ക്കുമായി പുനര്‍വിഭജിച്ചു കൊടുക്കുകയും ചെയ്തു. ഇതനുസരിച്ച ് വടക്കന്‍ ഭാഗങ്ങള്‍ റുമാനിയയ്ക്കും തെക്കന്‍ ഭാഗങ്ങള്‍ ബള്‍ഗേറിയയ്ക്കും അവകാശപ്പെട്ടതായി. ഡോബ്രൂജയുടെ അതിര്‍ത്തികള്‍ വീണ്ടും പലതവണ മാറ്റിമറിക്കപ്പെട്ടു. 20-ാം ശ.-ത്തിലെ മൂന്ന് പ്രധാന യുദ്ധങ്ങള്‍ - രണ്ടാം ബാള്‍ക്കണ്‍ യുദ്ധം, ഒന്നാം ലോകയുദ്ധം, രണ്ടാം ലോകയുദ്ധം എന്നിവ ഇതില്‍ നിര്‍ണായകമായിരുന്നു.
ഒന്നാം ലോകയുദ്ധാനന്തരം ഡോബ്രൂജ പൂര്‍ണമായും റുമാനിയയുടെ ഭാഗമായി മാറി. 1940-ല്‍ ക്രയോവ ഉടമ്പടി പ്രകാരം ഡോബ്രൂജയുടെ തെക്കന്‍ ഭാഗങ്ങള്‍ റുമാനിയ ബള്‍ഗേറിയയ്ക്ക് തിരിച്ചു നല്കി. രണ്ടാം ലോകയുദ്ധാനന്തരമുണ്ടായ മറ്റ് ഉടമ്പടികളും ഈ തീരുമാനത്തെ സാധൂകരിക്കുകയാണ് ഉണ്ടായത്. ഇന്ന് ഡോബ്രൂജ ബള്‍ഗേറിയയുടേയും റുമാനിയയുടേയും ഭാഗമായാണ് നിലനില്‍ക്കുന്നത്.