This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അഭിജ്ഞാനശാകുന്തളം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
വരി 95: | വരി 95: | ||
(പ്രൊഫ. പി.വി. കൃഷ്ണന്‍നായര്‍, സ.പ.) | (പ്രൊഫ. പി.വി. കൃഷ്ണന്‍നായര്‍, സ.പ.) | ||
- | [[Category:സാഹിത്യം - | + | [[Category:സാഹിത്യം - കൃതി]] |
09:13, 9 ഏപ്രില്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
ഉള്ളടക്കം |
അഭിജ്ഞാനശാകുന്തളം
മഹാഭാരതം ആദിപര്‍വത്തിന്റെ ഒരു ഉപവിഭാഗമായ സംഭവപര്‍വത്തില്‍ പ്രതിപാദിതമായ ശുകുന്തളോപാഖ്യാനത്തിലെ ഇതിവൃത്തത്തെ ആധാരമാക്കി കാളിദാസന് രചിച്ച സംസ്കൃതനാടകം. സംഭവപര്‍വത്തിലെ 68 മുതല്‍ 74 വരെയുള്ള ഏഴധ്യായങ്ങളില്‍ 326 ശ്ളോകങ്ങളിലായാണ് വ്യാസന് ശകുന്തളാ-ദുഷ്യന്ത കഥ വിവരിച്ചിട്ടുള്ളത്. പദ്മപുരാണത്തിലും ഈ കഥ കാണുന്നുണ്ട്. അഭിജ്ഞാനശാകുന്തളത്തിലും പദ്മപുരാണത്തിലുമുള്ള കഥാഘടന ഏതാണ്ട് സമാനരീതിയില്‍ ആയിരിക്കുന്നതിനാല്‍, കാളിദാസന് ഈ സംവിധാനം പുരാണത്തില്‍ നിന്ന് സ്വീകരിച്ചോ, അതോ പുരാണം കാളിദാസനെ അനുകരിക്കയായിരുന്നോ എന്ന കാര്യത്തില്‍ പണ്ഡിതന്മാര് ചില സംശയങ്ങള്‍ വച്ചുപുലര്‍ത്തുന്നു (രഘുവംശാന്തര്ഗതമായ ശ്രീരാമകഥയ്ക്കും പദ്മപുരാണത്തിലെ രാമായണാഖ്യാനത്തിനും പ്രകടമായ ചില സാമ്യങ്ങളുണ്ട്). ഇതിന്റെ പരമാര്‍ഥം എങ്ങനെയിരുന്നാലും വ്യാസപ്രണീതമായ ബൃഹത്തായ ഇതിഹാസത്തില്‍, കേവലം അസംസ്കൃത ലോഹമായി കിടന്ന ഈ പ്രാചീനേതിവൃത്തം കാളിദാസന്റെ ഊര്‍ജസ്വലമായ കല്പനാമൂശയില്ക്കൂടി പുടപാകം ചെയ്യപ്പെട്ട് പുറത്തുവന്നപ്പോള്‍ കാന്തിയും മൂല്യവുമിയന്ന മികച്ച ഒരു കനകശലാകയായിത്തീര്ന്നു.
ഭാരതകഥ
ശകുന്തളാ-ദുഷ്യന്തന്മാരുടെ പുത്രനായ ഭരതന്മൂലം രാജ്യത്തിന് 'ഭാരതം' എന്ന പേരു കിട്ടിയതും, 'മേലും കീഴുമെഴും ഭൂപര്‍ ഭാരതന്മാര്' എന്നറിയപ്പെടാന്‍ ഇടയായതും ആയ പൂര്‍വകഥ വൈശമ്പായനന്‍ ജനമേജയന് വിവരിച്ചുകൊടുക്കുന്ന രീതിയിലാണ് വ്യാസഭാരതത്തില്‍ ഈ ആഖ്യാനത്തിന്റെ സംവിധാനം. പൌരവന്‍മാരുടെ വംശകരനും വീരനുമായ ദുഷ്യന്തമന്നവന്‍ 'പാരാവാരം ചൂഴുവോരു പാരാകെ' കാത്തകാലത്താണ് ഈ കഥ നടന്നതെന്നല്ലാതെ, അന്ന് ഈ രാജ്യത്തിന് 'ഭാരതവര്‍ഷം' എന്ന പേരുണ്ടായിരുന്നില്ല എന്ന് ഈ ആമുഖ പ്രസ്താവനയില്‍ നിന്ന് വ്യക്തമാണ്.
ദുഷ്യന്തരാജാവ് ഒരിക്കല്‍ ആനപ്പുറത്തു കയറി നായാട്ടിനായി തിരിക്കുകയും പൈദാഹശ്രമമാര്ന്ന് ഒരു പുണ്യാശ്രമസ്ഥലത്തെത്തിച്ചേരുകയും ചെയ്യുന്നു. അവിടെ കാശ്യപാശ്രമമാണെന്നു കണ്ട് അദ്ദേഹം സേനകളെ പുറകില്‍ നിര്‍ത്തി, തനിയെ ഉടജാങ്കണത്തില് പ്രവേശിച്ചപ്പോള്‍ മുനി അവിടെ ഇല്ലായിരുന്നു; പക്ഷേ, 'പൊല്ത്താര്മാതൊത്ത' ഒരു കന്യക അവിടെ എത്തി രാജകീയാതിഥിയെ അര്‍ഘ്യപാദ്യാദികള്‍കൊണ്ടു സല്‍ക്കരിച്ച് സ്വീകരിച്ചു. താതകണ്വന്, കായ്കനികള്‍ ശേഖരിക്കാന്‍ പുറത്തു പോയിരിക്കുകയാണെന്ന് അവള് രാജാവിനെ അറിയിച്ചപ്പോള്‍ ഊര്‍ധ്വരേതസ്സായ (നൈഷ്ഠിക ബ്രഹ്മചാരിയായ) കണ്വമുനിക്ക് പുത്രി ഉണ്ടോ എന്നറിയാനുള്ള കൌതുകം രാജാവിനുണ്ടായി. വിശ്വാമിത്രമഹര്‍ഷിയുടെ തപോഭംഗത്തിന് നിയുക്തയായ മേനകയ്ക്ക് അദ്ദേഹത്തില്‍ ജനിച്ച പുത്രിയാണ് താനെന്നും, മാതാപിതാക്കള്‍ ഉപേക്ഷിച്ചു പോയതിനെത്തുടര്‍ന്ന് 'വിജനാടവിയില്‍ ചുറ്റും ശകുന്തങ്ങള്‍' കാത്തതുകൊണ്ട് തനിക്ക് 'ശകുന്തള' എന്നു പേരുകിട്ടിയെന്നും ഉള്ള വസ്തുത ആ ആശ്രമകന്യക രാജാവിനെ അറിയിച്ചു 'സിംഹവ്യാഘ്രാകുലമായ മഹാവന'ത്തില്‍ നിന്നും തന്നെ കണ്വന് കണ്ടെടുത്തു വളര്‍ത്തുകയാല്‍ താന്‍ അദ്ദേഹത്തെ അച്ഛനായി കരുതിവരികയാണെന്നും അവള് തുടര്‍ന്നു പറഞ്ഞു.
പ്രഥമദര്‍ശനത്തില്‍തന്നെ ശകുന്തളയില്‍ പ്രേമാധീനനായ ദുഷ്യന്തന്, അവളെ ഗാന്ധര്‍വവിവാഹം ചെയ്യുകയും അവളോടൊത്ത് ഏതാനും നാള് ആശ്രമത്തില്‍ കഴിച്ചുകൂട്ടുകയും ചെയ്തു. എന്നാല്‍ തനിക്കുണ്ടാകുന്ന പുത്രനെ ദുഷ്യന്തനുശേഷം രാജാവായി വാഴിക്കാമെന്ന് ഒരു വാഗ്ദാനം അദ്ദേഹത്തില്‍നിന്ന് വാങ്ങിയതിനുശേഷമേ ശകുന്തള അദ്ദേഹത്തിനു വിധേയയായുളളു. താന്‍ തിരിച്ചുചെന്ന്, അവളെ രാജധാനിയിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ ചതുരംഗപ്പടയെ അയ്ക്കാമെന്ന് ഏറ്റതിനുശേഷം, മഹര്‍ഷി ഈ കഥകളറിയുമ്പോള്‍ എന്തുവിചാരിക്കുമോ എന്ന ആശങ്കപൂണ്ട്, ദുഷ്യന്തന് നാട്ടിലേക്കു മടങ്ങി.
ആശ്രമത്തില്‍ തിരിച്ചെത്തി വിവരങ്ങളെല്ലാം ഗ്രഹിച്ച കണ്വമുനി, പുത്രിയെ അനുഗ്രഹിച്ചതേയുള്ളു. ഇതിനകം ഗര്ഭിണിയായിത്തീര്ന്നിരുന്ന ശകുന്തള യഥാകാലം ഒരു ആണ്‍കുട്ടിയെ പ്രസവിച്ചു. ശിശുവായിരിക്കുമ്പോള്‍ തന്നെ വന്യമൃഗങ്ങളെ പിടിച്ചിണക്കുന്നതില് അസാധാരണ വിക്രമം കാണിച്ച ആ കുമാരന് നല്കപ്പെട്ട പേര് സര്വദമനന് എന്നായിരുന്നു. കുട്ടിക്ക് ആറു വയസ്സാകുംവരെ ആശ്രമത്തില്‍ തന്നെ വളര്‍ന്നു. രാജാവിന്റെ പക്കല്‍ നിന്ന് വിവരങ്ങളൊന്നും കിട്ടാഞ്ഞതിനാല്‍ പുത്രിയേയും ദൌഹിത്രനേയും ദുഷ്യന്തസന്നിധിയിലേക്കയയ്ക്കാന് മഹര്‍ഷി തീരുമാനിച്ചു. യൌവരാജാഭിഷേകത്തിന് കുട്ടിക്ക് കാലമായി എന്നറിഞ്ഞ് കണ്വന് ഏതാനും ശിഷ്യന്മാരുടെ അകമ്പടിയോടുകൂടി അമ്മയേയും മകനേയും രാജധാനിയിലേക്കയച്ചു. അവരെ അവിടെ വിട്ടിട്ട് മുനികുമാരന്മാര് ആശ്രമത്തിലേക്കു തിരിച്ചുപോന്നു.
നേരത്തെ തന്നോടു ചെയ്തിരുന്ന പ്രതിജ്ഞ ഓര്‍മിപ്പിച്ചുകൊണ്ട്, പുത്രനെ ദുഷ്യന്തന്റെ മുന്നില്‍ ശകുന്തള സമര്‍പ്പിച്ചു. ദുഷ്യന്തനാകട്ടെ, പഴയ സ്മരണകളെ മറച്ചുവച്ചുകൊണ്ട്, 'ദുഷ്ടതാപസി' എന്നു വിളിച്ച് അവളെയും കുട്ടിയേയും ആട്ടിപ്പായിക്കാനാണ് ഒരുമ്പെട്ടത്. 'നാണവും ദുഃഖവുംകൊണ്ട് ചൊടിച്ച്, കണ്ണുചുവന്ന്, ചൊടിയും വിറച്ച് ചഞ്ചലചിത്തയായിനിന്ന് അവള് പല പരുഷവാക്കുകളും അവിടെവച്ചു പറഞ്ഞു. പക്ഷേ, 'അറിയുന്നീല ഞാന്‍ നിന്നില്‍ പുത്രോത്പത്തി, ശകുന്തളേ' എന്നു പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറിയതേയുള്ളു. ശകുന്തള മാത്രമല്ല, അവളുടെ അമ്മയായ മേനകയും വ്യഭിചാരിണിയാണെന്ന് ഭര്‍ത്സിച്ചുകൊണ്ട് അവളെ പുറത്താക്കാന്‍ ഒരുങ്ങിയ ദുഷ്യന്തന്റെ നേര്‍ക്ക് ആ മുനികന്യക ക്രുദ്ധയായി; 'നീ കൈവിട്ടാലും ആഴിചുറ്റിയ ഈ ഊഴിയെ എന്റെ മകന് കാത്തുകൊള്ളും' എന്ന് ആക്രോശിച്ചുകൊണ്ട് സ്ഥലംവിടാന്‍ തീരുമാനിച്ച് അവര്‍ പുറത്തേക്ക് നീങ്ങി.
ശകുന്തള അകളങ്കയും പരിശുദ്ധയുമാണെന്നു പ്രഖ്യാപിച്ചുകൊണ്ടുള്ള ഒരു അശരീരിവാക്യം, ഉടന്‍തന്നെ ആകാശത്തില്‍ മുഴങ്ങിക്കേട്ടു. സര്വദമനന് ദുഷ്യന്തപുത്രനാണെന്നും അവനെ സ്വീകരിച്ച് യുവരാജാവാക്കണമെന്നും അവന് ഭരതനെന്ന പേരില്‍ പ്രസിദ്ധന്‍ ആകുമെന്നും ഉള്ള ദിവ്യോക്തികേട്ട പൌരവന്‍ അതനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സന്നദ്ധനാകുന്നതിനുമുമ്പ്, തന്റെ പെരുമാറ്റത്തെ ഇങ്ങനെ നീതികരിച്ചു: 'ഇവന് എന്റെ പുത്രനാണെന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു; ശകുന്തള പത്നിയാണെന്നും; പക്ഷേ, ഇക്കാര്യം അപരിചിതയായ ഒരു സ്ത്രീവന്ന് പരസ്യമായി രാജസഭയില്‍ പ്രസ്താവിക്കുന്ന ഉടനെ ഞാന്‍ ഇവരെ സ്വീകരിച്ചാല്‍ ജനങ്ങള്‍ക്ക് വല്ലാത്ത സംശയം ഉണ്ടാകും; ഇവന് ശുദ്ധി കുറയുകയും ചെയ്യും.'
ഭരതനെ ദുഷ്യന്തന് യൌവരാജാഭിഷേകം ചെയ്യുന്നതോടുകൂടി മഹാഭാരത്തിലെ ശകുന്തളോപാഖ്യാനം അവസാനിക്കുന്നു.
അഭിജ്ഞാനശാകുന്തള സംവിധാനം
ഏഴങ്കങ്ങളിലായി കാളിദാസന് നാടകരൂപത്തില്‍ പുനഃസൃഷ്ടിച്ചിരിക്കുന്ന ശകുന്തളാ-ദുഷ്യന്ത കഥയെ അതിന്റെ അനുക്രമമായ അനാവരണത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നു ഘട്ടങ്ങളായി വിഭജിക്കാം. കണ്വാശ്രമം പശ്ചാത്തലമാക്കിയ ആദ്യത്തെ നാലങ്കങ്ങള്; രാജധാനിയില്‍ നടക്കുന്ന സംഭവങ്ങളടങ്ങിയ അഞ്ചും ആറും അങ്കങ്ങള്‍: കാശ്യപാശ്രമം സ്ഥിതി ചെയ്യുന്ന യക്ഷകിന്നരകിംപുരുഷാവാസമായ ഹേമകുടത്തില്‍ വച്ചുളള സുഖപര്യവസാനം വിവരിക്കുന്ന ഏഴാമങ്കം. ടാഗോര്‍ പറയുന്നതുപോലെ കാളിദാസ ശാകുന്തളത്തില്‍ രണ്ടു പ്രിയ സമാഗമങ്ങളുണ്ട്: ചേതോഹരമായ നവതാരുണ്യങ്ങളുടെ പ്രേമോദ്ദീപ്തമായ ആദ്യസംയോഗം കണ്വാശ്രമത്തില്‍; വിരഹത്തിനുശേഷം കാശ്യപാശ്രമത്തിലെ അഭൌമാന്തരീക്ഷത്തില് വച്ചുള്ള വിധുരപുനസ്സമാഗമം രണ്ടാമത്തേത്. ഭൂമിയേയും സ്വര്‍ഗത്തേയും കൂട്ടിയിണക്കുന്ന പവിത്രമായ ഒരു കണ്ണിയാണ് ശാകുന്തളമെന്ന് ഗൊയ്ഥേ പറഞ്ഞതിന്റെ പ്രസക്തി രമണീയമായ ഈ കഥാഗുംഫനത്തില്‍ കാണാം.
നാടകത്തിലെ അങ്കംപ്രതിയുള്ള സംഭവഘടനയെ ഇങ്ങനെ സംക്ഷേപിക്കാം:
(1) കണ്വാശ്രമം. ശകുന്തളാ-ദുഷ്യന്തന്മാരുടെ പ്രഥമ ദര്‍ശനവും പ്രേമോദയവും; (2) രാജാവും മാഢവ്യ (വിദൂഷക)നും. രാജധാനിയില്‍നിന്ന് അറിയിപ്പ് കിട്ടിയതനുസരിച്ച് ദുഷ്യന്തന് മാഢവ്യനെ നാട്ടിലേക്ക് തിരിച്ചയയ്ക്കുന്നു; (3) ദുഷ്യന്തനും ശകുന്തളയും സ്വൈരമായി കണ്ട് കൂടുതല്‍ അടുക്കുന്നു; (4) ദുര്‍വാസശാപം. ഇതറിയാത്ത ശകുന്തളയെ കണ്വന് പരിവാരങ്ങളോടുകൂടി രാജധാനിയിലേക്കയയ്ക്കുന്നു; (5) ദുഷ്യന്തന്റെ ശകുന്തളാനിരാസം; (6) ശകുന്തളയ്ക്ക് നഷ്ടപ്പെട്ട അഭിജ്ഞാനാംഗുലീയകം ദുഷ്യന്തന് തിരിച്ചുകിട്ടുന്നു. പൂര്‍വസ്മരണകളില്‍ മുഴുകിയ രാജാവിന്റെ വിലാപം; മാതലി വന്ന് അദ്ദേഹത്തെ ശത്രുനിഗ്രഹാര്ഥം സ്വര്‍ലോകത്തേക്ക് കൊണ്ടുപോകുന്നു; (7) സ്വര്‍ഗത്തില്‍ നിന്നും മടങ്ങുന്ന ദുഷ്യന്തന് ഹേമകൂടത്തില്വച്ച് ശകുന്തളയുമായി-പുത്രനുമായും-പുനസ്സമാഗമം ഉണ്ടാകുന്നു.
മൂലകഥയില്‍ നിന്നുമുള്ള വ്യതിയാനങ്ങള്‍
സാധാരണരീതിയിലുള്ള ഒരു പുരാണേതിവൃത്തത്തില് നിന്നും സാമാന്യബുദ്ധിക്കും ലോകമര്യാദയ്ക്കും നിരക്കുന്ന ഒരു ഉത്കൃഷ്ടപ്രേമനാടകം മെനഞ്ഞെടുക്കുന്നതില്‍ കാളിദാസന് പ്രകടിപ്പിച്ച കവിധര്മമര്മജ്ഞതയും ത്യാജ്യഗ്രാഹ്യ വിവേകവും സകല സാഹിത്യരസികന്മാരുടേയും ശ്ളാഘ ആര്‍ജിച്ചിട്ടുണ്ട്. ഇതിഹാസത്തിലെ വാചാലയെങ്കിലും ഋജുബുദ്ധിയായ ആ തപോവനകന്യക ലജ്ജാവതിയെങ്കിലും അന്തസ്സുറ്റ ഒരു പ്രൌഢനായികയായി പുനര്ജന്മം കൊള്ളുന്ന ചിത്രം അത്യന്തം നാടകീയതയോടും മനഃശാസ്ത്രാവബോധത്തോടുംകൂടി അഭിജ്ഞാനശാകുന്തളത്തില്‍ ആലേഖനം ചെയ്തിരിക്കുന്നു. പരിണീതയായ സ്വന്തം പ്രിയതമയെ തിരിച്ചറിയാന്‍, നയതന്ത്രപരമായ സമ്മര്‍ദംകൊണ്ട് മനഃപൂര്‍വം വിസമ്മതിക്കുന്ന നായകന്റെ സ്വാര്ഥപ്രവൃത്തിയെ കാളിദാസന് ദുര്വാസശാപകഥകൊണ്ടു ലഘൂകരിക്കാന്‍ ശ്രമിച്ച് അദ്ദേഹത്തെ ആരോപണാതീതനായി ഉയര്‍ത്തുകയും ചെയ്യുന്നു. ബാഹ്യാവലോകനത്തില് ശുഷ്കമെന്നു തോന്നുന്ന ഒരു പുരാണകഥയെ വിവിധ രസഭാവാകലിതമായ ഒരു നാടകമായി രൂപാന്തരപ്പെടുത്തുന്ന പ്രക്രിയയില്‍ വിശദാംശങ്ങളില്‍ പല വ്യതിയാനങ്ങളും വന്നുപോവുക സ്വാഭാവികമാണ്. എന്നാല്‍, അതിന്റെ ജീവനില്‍ത്തന്നെ വരുത്തിയ ഏറ്റവും ശക്തമായ പ്രകാരഭേദമാണ് ദുര്‍വാസാവ് മഹര്‍ഷിയുടെ സന്ദര്‍ഭോചിതമായ സന്നിവേശം. തന്നില്‍ പൂര്‍ണവിശ്വാസം അര്‍പ്പിച്ച ദിവ്യമായ നിരപരാധിത്വത്തെ ക്രൂരമായി കുരുതി കൊടുക്കാനുള്ള നായകന്റെ ഉദ്യമം ഗുരുതരമായ കൃത്യവിലോപാരോപണത്തിന് ഇടകൊടുക്കാത്ത ദുരന്തമായ ഒരു വീഴ്ചയായി കാട്ടി, നായകസങ്കല്പത്തെ അന്യൂനമായി നിലനിര്‍ത്തുകയാണ് കാളിദാസന് ഈ മുനിശാപംകൊണ്ട് ചെയ്തിട്ടുള്ളത്.
ഈ ശാപകഥയാകുന്ന തീക്ഷ്ണമഹസ്സിന്റെ ഉപഗ്രഹസ്ഥാനങ്ങളില് ചില ലഘു വ്യതിയാനങ്ങള്‍ ശാകുന്തളത്തിന്റെ നാടകീയാവിഷ്കരണത്തില്‍ യഥാസ്ഥാനം അനൌചിത്യസ്പര്ശംകൂടാതെ കവി തുന്നിച്ചേര്‍ത്തിട്ടുണ്ട്. ശാപത്തിനും ശാപമോക്ഷത്തിനുമെല്ലാം പശ്ചാത്തലമായി വര്‍ത്തിക്കുന്ന അഭിജ്ഞാനാംഗുലീയകം ശാകുന്തളത്തിലെ വെറുമൊരു അചേതന പദാര്ഥമല്ലതന്നെ. അഭിജ്ഞാന ശാകുന്തളം എന്ന പേരില്‍ക്കൂടി ശകുന്തളാകഥയ്ക്ക് താന്‍ നല്കിയ പുതിയ പരിവേഷത്തെക്കുറിച്ച് കാളിദാസന് അനുവാചകരെ ഓര്‍മിപ്പിക്കുന്നു. അഭിജ്ഞാനത്തിന്-അടയാളം, തിരിച്ചറിവ്, ഓര്മ തുടങ്ങിയ അര്‍ഥങ്ങളെല്ലാം ഇതിന് യോജിക്കും-ആധാരമായ അംഗുലീയകമാണ് നാടകത്തിലെ പ്രതിസന്ധികള്‍ക്കും സംഘട്ടനങ്ങള്‍ക്കും നിര്വഹണത്തിനുമൊക്കെ വഴിതെളിക്കുന്നത്. കാളിദാസ ശാകുന്തളത്തിന്റെ മാറ്റുരച്ചു കാണിക്കുന്നതും ഈ മുദ്രാമോതിരംതന്നെയാണ്. ശക്രാവതാരതീര്ഥത്തില്വച്ച് ശകുന്തളയ്ക്ക് അതു നഷ്ടപ്പെടുന്നതും, ഒരു മത്സ്യത്തിന്റെ ഉള്ളില്‍ ഒരു മുക്കുവന് അത് കണ്ടെടുക്കുന്നതും, ഒടുവില്‍ അത്, വിസ്മൃതിവശഗനായ രാജാവിന്റെ അന്തരംഗത്തില്‍ പൂര്വസ്മരണകളുടെ കൊള്ളിമീന്‍ പായിക്കാനിടയാക്കുന്നതുമെല്ലാം അനുപമനാടക കലാസിദ്ധികളുടെ ഉത്തമ നിദര്‍ശങ്ങളാണ്.
മഹാഭാരതത്തില്‍ യൌവരാജ്യാവകാശിയായ പുത്രനോടുകൂടിയാണ് ശകുന്തള ഭര്‍ത്തൃഗൃഹത്തിലേക്ക് പോകുന്നതെങ്കില്‍, അഭിജ്ഞാനശാകുന്തളത്തില്‍ ഗര്‍ഭിണിയായ ഒരു ശാലീനതരുണിയാണ് താതകണ്വന്റെ അനുഗ്രഹാശിസ്സുകളും വാങ്ങിക്കൊണ്ട് ഹസ്തിനപുരത്തിലേക്ക് പുറപ്പെടുന്നത്. വിവാഹത്തിനുശേഷം ഏറെനാള്‍ ഒരു യുവതിയെ പിതൃഗൃഹത്തില്‍ പിടിച്ചുനിര്‍ത്തേണ്ട എന്നു കരുതിയായാലും അല്ലെങ്കിലും ഗര്ഭഭാരക്ളിന്നയായ നായികയെ, ഭാവസ്ഥിരങ്ങളായ ജനനാന്തരസൌഹൃദങ്ങളെ അബോധപൂര്‍വം സ്മരിച്ചുകൊണ്ടിരിക്കുന്ന നായകന്റെ മുമ്പിലേക്ക് ആനയിക്കുന്നതിലുള്ള ഔചിത്യം അനന്യദൃശ്യമാണ്.
ഒടുവില്‍ ദാനവഗണങ്ങളെ അമര്‍ച്ച ചെയ്യാന്‍ ഇന്ദ്രസാരഥിയായ മാതലി വന്ന് ദുഷ്യന്തനെ സ്വര്‍ഗലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നതും മടക്കയാത്രയില്‍ മന്ദാരവൃക്ഷങ്ങള്‍ നിറഞ്ഞ പ്രാജാപത്യാശ്രമത്തില്വച്ച് അത്യന്തം വികാരോഷ്മളമായ പശ്ചാത്തലത്തില്‍ നായികാനായക പുനസ്സമാഗമം കൈവരുത്തുന്നതും നാടകീയതയെ ഒന്നിനൊന്ന് വര്‍ധിപ്പിച്ചുകൊണ്ട് കാളിദാസന് നിബന്ധിച്ചിരിക്കുന്നു.
ചുരുക്കത്തില്‍, മഹാഭാരതം വരച്ചുകാട്ടുന്ന ശകുന്തളാകഥ വലിയ വ്യത്യാസമൊന്നും കൂടാതെ നാടകത്തില്‍ പ്രതിബിംബിക്കുന്നത് ഒന്നും അഞ്ചും ഏഴും (ചില ഭാഗങ്ങള്‍ മാത്രം) അങ്കങ്ങളില്‍ മാത്രമാണ്; രണ്ടും മൂന്നും നാലും അങ്കങ്ങളും ഏഴിന്റെ മിക്കഭാഗവും കാളിദാസസൃഷ്ടമാണ്. ദുഷ്യന്തനും ശകുന്തളയും കണ്വനും അണിയറയില്‍ മാത്രമുള്ള സര്വദമനകുമാരനും മാത്രമാണ് വ്യാസന്റെ കഥാപാത്രങ്ങള്‍; കാളിദാസനാകട്ടെ, മറ്റു നിരവധി സ്ത്രീപുരുഷപാത്രങ്ങളോടൊപ്പം ദീര്ഘാപാംഗന് എന്ന മാന്‍കിടാവിനേയും വനജ്യോത്സന എന്ന മുല്ലവള്ളിയേയും സഹകാരതരുവിനെയും മാലിനീതീരത്തേയും വള്ളിക്കുടിലുകളേയും മറ്റു സചേതനാചേതനപദാര്ഥങ്ങളേയും കൂടി ഉള്‍പ്പെടുത്തി അവയ്ക്കെല്ലാം മാനുഷിക വികാരങ്ങള്‍ നല്കി നിത്യഭാസുരവും ചലനോജ്ജ്വലവുമായ ഒരു പ്രേമനാടകം നെയ്തെടുത്തിരിക്കുന്നു.
കാവ്യശില്പം
'കവിതാകാളിദാസസ്യ തത്രശാകുന്തളം മതം' എന്ന സര്‍വസാധാരണമായ ആഭാണകം മുതല്‍ ഈ പ്രകൃഷ്ട കൃതിക്ക് ലോകത്തിന്റെ എല്ലാ കോണുകളിലും നിന്ന് ലഭിച്ചിട്ടുള്ള പ്രശംസയ്ക്ക് അതിരില്ല. ഇന്ത്യയിലെ വിവിധ പ്രാദേശികഭാഷകളിലെന്നല്ല വിദേശഭാഷകളില്പോലും ഇത്രമേല്‍ പ്രചരിച്ചിട്ടുള്ള മറ്റൊരു സാഹിത്യസൃഷ്ടി ഇല്ല. പ്രാചീനഭാരതത്തില്‍ രാജാക്കന്മാരുടെ ഇടയില്‍ നിലനിന്നുവന്ന വിവിധ വിവാഹസമ്പ്രദായങ്ങളെയും, സാമാന്യജനങ്ങള്‍ അനുവര്‍ത്തിച്ചുവന്ന സമകാലിക പിന്തുടര്ച്ചാക്രമങ്ങളേയും, മോഷ്ടാവിനുള്ള ശിക്ഷാവിധിയേയും മറ്റും പറ്റി കാളിദാസന് തരുന്ന സൂചനകള്‍ അന്നത്തെ സാമൂഹികസ്ഥിതികളുടെ പ്രതിഫലനം എന്ന നിലയിലും വിലപ്പെട്ടവതന്നെ. പക്ഷേ, അഭിജ്ഞാനശാകുന്തളത്തിന്റെ ശാശ്വതമൂല്യം, അതൊരു മാനുഷിക നാടകമാണെന്നുള്ളതാണ്. 'നവവത്സരാരംഭത്തിലെ പുഷ്പമഞ്ജരികളേയും വര്ഷാപചയകാലത്തെ ഫലങ്ങളേയും' ശാകുന്തളം സമന്വയിപ്പിക്കുന്നു എന്നും, 'സ്വര്‍ഗത്തേയും ഭൂമിയേയും കൂട്ടിയിണക്കുകയാണ്' അത് ചെയ്യുന്നതെന്നും ജര്‍മന്‍ സാഹിത്യവല്ലഭനും ദാര്‍ശനികനുമായ ഗൊയ്ഥേയും, 'ഉദ്ഭ്രാന്തവികാരങ്ങളുടെ ആഗ്നേയജ്വാലകളെ, പശ്ചാത്താപവിവശയായ ഹൃദയബാഷ്പകണങ്ങള്കൊണ്ട് ഈ നാടകത്തില്‍ കാളിദാസന് കെടുത്തുന്നു' എന്ന് ടാഗോറും പറഞ്ഞതില്‍ ശാകുന്തളത്തിലെ പ്രതിക്ഷണ നവീനങ്ങളായ സകല ഭാവങ്ങളും അടങ്ങിയിരിക്കുന്നു. ഏതുകാലത്തും ഏതുദേശത്തും സാധുവായി വര്‍ത്തിക്കുന്ന നാടകീയമൂല്യങ്ങളും, ഉദാത്തവും ബഹിരന്തഃസ്ഫുരദ്രസവുമായ കാവ്യചൈതന്യവും ഓരോ വാക്കിലും വരിയിലും ഇണങ്ങിക്കാണുന്നു എന്നതാണ് അഭിജ്ഞാനശാകുന്തളത്തിന്റെ മേന്മ. കവികളുടെ ഗണനാപ്രസംഗത്തില്‍ കാളിദാസന് കനിഷ്ഠികാധിഷ്ഠിതത്വം നല്കിയതും ബ്രഹ്മാസ്വാദസഹോദരമായ ഈ അഭൌമകാവ്യശില്പം തന്നെ.
പാഠഭേദങ്ങള്‍
വാക്യങ്ങളിലും അവയുടെ ഘടനയിലും പദ്യങ്ങളുടെ സംഖ്യയിലും അല്പാല്പം വ്യത്യാസങ്ങളുള്ള നാല് പാഠഭേദങ്ങളോടുകൂടി അഭിജ്ഞാനശാകുന്തളം ഇന്ന് ലഭ്യമാണ്.
ദേവനാഗരി
രാഘവഭട്ടന്റെ വ്യാഖ്യാനത്തോടുകൂടിയ ഈ പാഠം എന്‍.ബി. ഗോഡ് ബോഡേ, കെ.പി. പരാമ്പ് എന്നിവര്‍ പ്രസാധനം ചെയ്ത് ആദ്യമായി 1833-ല്‍ ബോംബെ നിര്ണയസാഗരം മുദ്രണാലയത്തില്‍ അച്ചടിച്ച് പ്രകാശിപ്പിച്ചു. ഇതേ പാഠമാണ് ബോണില്‍ (ജര്‍മനി) ഓ. ബോട്ലിങ്കും (1842) ഓക്സ്ഫോഡില്‍ മോണിയര്‍ വില്യംസും (1853) പ്രസാധനം ചെയ്ത് പുനഃപ്രസിദ്ധീകരിച്ചത്.
ബംഗാളി
ഇത് 1877-ല്‍ കീലില്‍ (ജര്‍മനി) ആര്. പിശ്ചല് പ്രസിദ്ധീകരിച്ചു. ഇതിന്റെ രണ്ടാംപതിപ്പ് ഹാര്‍വാഡ് ഓറിയന്റല്‍ സീരീസില്‍ മാസാചുസെറ്റ്സിലെ (യു.എസ്.) കേംബ്രിഡ്ജില്‍ സി. കാപ്പെല്ലര്‍ മുദ്രണം ചെയ്തു (1922).
കാശ്മീരി
1884-ല്‍ വീനില്‍ (ആസ്റ്റ്രിയന്‍ തലസ്ഥാനമായ വിയന്നയ്ക്ക് ജര്‍മന്‍ ഭാഷയിലുള്ള പേര്) ഈ പാഠം ആദ്യമായി എസ്. ബുര്ഖ്ഹാര്ഡ് എന്ന പണ്ഡിതന് അച്ചടിപ്പിച്ചു.
ദാക്ഷിണാത്യം
അഭിരാമന്റെ വ്യാഖ്യാനത്തോടുകൂടിയ ഈ പാഠം ശ്രീരംഗത്തെ വാണീവിലാസം പ്രസ്സില്‍ 1917-ലാണ് ആദ്യമായി പ്രകാശനം ചെയ്യപ്പെട്ടത് (മലയാളത്തിലുണ്ടായിട്ടുള്ള ശാകുന്തള തര്‍ജുമകള്‍ ഏറിയകൂറും ഈ പാഠത്തെയാണ് അവലംബമാക്കിയിട്ടുള്ളത്).
വ്യാഖ്യാനങ്ങളും വിവര്‍ത്തനങ്ങളും
ശാകുന്തളത്തിന്റെ ആദ്യത്തെ മുദ്രിതപ്രസാധനം (ബംഗാളിപാഠം) 1830-ല്‍ പാരിസിലായിരുന്നു. എ.എല്‍. ഷെസി എന്ന ഫ്രഞ്ച് പണ്ഡിതനാണ് ഇതിന്റെ സമ്പാദകന്‍.
സംസ്കൃതത്തിലെ വിവിധ പാഠങ്ങള്‍ക്ക് സംസ്കൃതത്തില്‍തന്നെ നിരവധി വ്യാഖ്യാനങ്ങളും ഭാഷ്യങ്ങളും ടീകകളും ലഭ്യമാണ്. അഭിരാമഭട്ടന്, കാതയവേമന് (കുമാര ഗിരിരാജീയം), കൃഷ്ണനാഥപഞ്ചാനന്, ചന്ദ്രശേഖരന്, ഢമരുവല്ലഭന്, നാരായണഭട്ടന്‍ (പ്രാകൃതവിവൃതി), രാഘവഭട്ടന് (അര്ഥദ്യോതനികം), രാമഭദ്രന്, ശങ്കരന് (രസചന്ദ്രിക), ശ്രീനിവാസഭട്ടന് തുടങ്ങിയവരാണ് ഇതിന്റെ മുഖ്യ സംസ്കൃത ഭാഷ്യകാരന്മാര്. യൂറോപ്യന്‍ ഭാഷകളിലും ശാകുന്തളത്തിന് വിവര്‍ത്തനങ്ങളോടൊപ്പം ധാരാളം വിവൃതികളും ഉണ്ടായിട്ടുണ്ട്. ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ആവിര്‍ഭാവത്തോടുകൂടി അഭിജ്ഞാനശാകുന്തളം (മൂലവും വിവര്‍ത്തനങ്ങളും) വിവിധ കലാലയങ്ങളില്‍ പാഠ്യപുസ്തകം ആയതിനുശേഷം അതിനുണ്ടായിട്ടുള്ള വ്യാഖ്യാനങ്ങളുടേയും 'പഠനസഹായി'കളുടേയും വിമര്ശനാസ്വാദനങ്ങളുടെയും എണ്ണത്തിന് കണക്കില്ല. മറ്റ് മിക്ക കാളിദാസകൃതികള്ക്കുമെന്നവണ്ണം മലയാളത്തില്‍ കെ.എം. കുട്ടികൃഷ്ണമാരാര് അഭിജ്ഞാനശാകുന്തളത്തിനു രചിച്ചിട്ടുള്ള വ്യാഖ്യാനം വിലപ്പെട്ടതാണ്.
ഈ ഉത്കൃഷ്ട സാഹിത്യസൃഷ്ടിക്ക് ആദ്യമായുണ്ടായ വിദേശഭാഷാ വിവര്‍ത്തനം 1870-ലാണ്. പ്രമുഖ പൌരസ്ത്യ ശാസ്ത്രവിജ്ഞാനിയായ സര് വില്യം ജോണ്‍സ് ഇതാദ്യമായി ഇംഗ്ളീഷിലേക്ക് വിവര്‍ത്തനം ചെയ്ത് അക്കൊല്ലംതന്നെ ലണ്ടനില്‍ പ്രസിദ്ധീകരിച്ചു. ഇതിനെത്തുടര്‍ന്ന് ജര്‍മന്‍, ഫ്രഞ്ച് തുടങ്ങിയ യൂറോപ്യന്‍ ഭാഷകളില്‍ ശാകുന്തളത്തിന് നിരവധി ഭാഷാന്തരങ്ങളുണ്ടായി. താഴെപറയുന്നവ അക്കൂട്ടത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നു.
(1) റൂക്കര്ടിന്റേയും (1876) പിശ്ചലിന്റേയും (1877) ജര്‍മന്‍ വിവര്‍ത്തനങ്ങള്‍; (2) ഏ.എല്‍. ഷെസിയുടെ ഫ്രഞ്ച് പരിഭാഷ (1830);
(3) സി. വൈഹ്നിസിന്റെ ചെക്ക് തര്‍ജുമ (1873); (4) കെ. ബല്മോണ്ട റഷ്യനില്‍ തയ്യാറാക്കിയ പരിഭാഷ.
ഭാരതീയ ഭാഷകളെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചിട്ടുള്ളത് കാളിദാസ സാഹിത്യമാണെങ്കില്‍, അഭിജ്ഞാനശാകുന്തളമാണ് ഏറ്റവും വൈചിത്യ്രമാര്‍ന്ന രൂപാന്തരങ്ങളോടുകൂടി അവയില്‍ മിക്ക ശാഖകളിലും കോയ്മ സ്ഥാപിച്ചിട്ടുള്ളത്. ഭാഷാ വിവര്ത്തനങ്ങളെന്നപോലെ നാടകം, നൃത്തം, ചലച്ചിത്രം തുടങ്ങിയ വിവിധ കലാരൂപങ്ങളിലും കാളിദാസശാകുന്തളം ഇന്ത്യയുടെ സകല പ്രദേശങ്ങളിലും പുനര്ജന്മം കൊണ്ടിട്ടുളളതിന് കണക്കില്ല.
ശാകുന്തളം കേരളത്തില്‍
പുരാണേതിഹാസങ്ങളിലും കാളിദാസകൃതിയിലുമുള്ള ശകുന്തളാ-ദുഷ്യന്തകഥ പലതരം സാഹിത്യപ്രസ്ഥാനങ്ങളിലൂടെ കേരളത്തില്‍ പുനരവതരിച്ചിട്ടുണ്ട്. വളരെ പഴയ കാലം മുതല്‍ കേരളത്തിലെ (സംസ്കൃത) നാടകകൃത്തുക്കളെ ശാകുന്തളം സ്വാധീനിച്ചിട്ടുണ്ടെന്നതിന് കുലശേഖരവര്‍മയുടെ (എ.ഡി. 9, 10 ശ.-ങ്ങള്) സുഭദ്രാധനഞ്ജയം, തപതീസംവരണം തുടങ്ങിയ രൂപകങ്ങള്‍ തെളിവാണ് (കുലശേഖരന് തന്റെ സുഭദ്രാധനഞ്ജയനാടകം സദസ്യരെ വായിച്ചു കേള്‍പ്പിച്ചുകൊണ്ടിരുന്നപ്പോള്‍ തോലകവി എന്ന ആക്ഷേപഹാസരസികന് ഒരു വെളിച്ചപ്പാടിന്റെ വേഷത്തില്‍ പച്ചിലതൂപ്പുകളും കൈയിലേന്തി തുള്ളിക്കൊണ്ടുവരികയും, 'അയ്യോ, എനിക്കിതു സഹിക്കാന്‍ വയ്യ; ഞാന്‍ ശാകുന്തളം നാടകമാണ്, കുലശേഖര പെരുമാള്‍ എന്നെ മാന്തിപ്പൊളിക്കുന്നു' എന്നിങ്ങനെ വിലപിക്കുകയും ചെയ്തുവെന്നുള്ള ഐതിഹ്യം ധനഞ്ജയകര്ത്താവ് കാളിദാസകൃതിയെ എത്രമാത്രം അനുകരിക്കുകയും ഒരുവേള അപഹരിക്കുകയും ചെയ്തു എന്ന് സൂചിപ്പിക്കുന്നു).
തുഞ്ചത്തെഴുത്തച്ഛന്റെ മഹാഭാരത വിവര്‍ത്തനത്തിലൂടെ ശകുന്തളാകഥ ആദ്യമായി മലയാളികളുടെ മുന്നില്‍ ആവിര്‍ഭവിച്ചതിനുശേഷം അത് ഏറ്റവുമധികം രൂപഭേദം കൊണ്ടത് ആട്ടക്കഥകളിലും കൈകൊട്ടി (തിരുവാതിര)ക്കളി പാട്ടുകളിലും കൂടിയാണ്. കുഞ്ചന്‍ നമ്പ്യാര്‍, കൊച്ചി വീരകേരളവര്‍മ രാജാവ്, നല്ലേപ്പള്ളി സുബ്രഹ്മണ്യശാസ്ത്രി, മാവേലിക്കര പുത്തന്‍കൊട്ടാരത്തില്‍ ഉദയവര്‍മ, ആറ്റുപുരത്ത് ദാമോദരന്‍ ഭട്ടതിരി, കലാമണ്ഡലം കേശവന് തുടങ്ങി പലരും ശാകുന്തളം ആട്ടക്കഥകളുടെ കര്‍ത്താക്കളാണ്. ഹരിപ്പാട് കൊച്ചുഗോവിന്ദവാരിയരും മച്ചാട്ട് നാരായണനിളയതും ശാകുന്തളത്തെ ഉപജീവിച്ചെഴുതിയ കൈകൊട്ടിക്കളിപ്പാട്ടുകള്ക്ക് നല്ല പ്രചാരമുണ്ട്. മലയാളികളുടെ ഇടയില്‍ പ്രസിദ്ധമായ, 'ഓടും മൃഗങ്ങളെത്തേടി നരപതി' എന്നും, 'കല്യാണീ കളവാണീ ചൊല്ലു നീയാരെന്നതും' എന്നും മറ്റുമുള്ള പല ഗാനങ്ങളും ഇളയതിന്റെ ശാകുന്തളത്തിലുള്ളവയാണ്. മണി കൃഷ്ണന് എളേടം എന്ന കവി, മഹാകാവ്യരൂപത്തിലും ഇലത്തൂര്‍ രാമസ്വാമി ശാസ്ത്രികള്‍ ചമ്പുവായും ശാകുന്തളകഥ പ്രതിപാദിച്ചിട്ടുള്ളതായി കാണുന്നു. പണ്ഡിറ്റ് കെ.പി. കറുപ്പന് ശാകുന്തളം സംഗീതനാടകമായി പരാവര്‍ത്തനം ചെയ്തിട്ടുള്ളതിന് പുറമേ ഒരു ശാകുന്തളം വഞ്ചിപ്പാട്ടും കഥാസന്ദര്‍ഭത്തെ ആധാരമാക്കി നിരാകൃതയായ നായിക, അഥവാ ശകുന്തള എന്നൊരു ഖണ്ഡകൃതിയും രചിച്ചിട്ടുണ്ട്. മഹാകാവ്യശാഖയില് കൃഷ്ണകവി എന്നുപേരുള്ള ഒരാളുടെ ശാകുന്തളവും ഉണ്ട്. ശകുന്തളാകഥയിലെ മര്‍മസ്പൃക്കായ ചില ഘട്ടങ്ങളെ വികസിപ്പിച്ചെഴുതിയിട്ടുള്ളവയില് വള്ളത്തോള്‍ നാരായണമേനോന്റെ അച്ഛനും മകളും ആപാദരമണീയമായിട്ടുണ്ട്. ഇക്കൂട്ടത്തില്‍ പറയാനുള്ള മറ്റൊരു കൃതി ആര്.സി. ശര്‍മയുടെ ഭര്‍ത്തൃപരിത്യക്തയായ ശകുന്തളയാണ്.
കാളിദാസശാകുന്തളത്തിന് ചില കേരളീയ പണ്ഡിതന്മാരും വ്യാഖ്യാനങ്ങളും ടീകകളും നിര്‍മിച്ചതായി കാണുന്നു. അവയില്‍ ഏറ്റവും മികച്ചത് 'പൂര്‍ണ സരസ്വതി' എന്ന തൂലികാനാമം സ്വീകരിച്ച ഒരു കാട്ടുമാടസ്സ് നമ്പൂതിരി എഴുതിയ ശാകുന്തളം ടീകയാണ്. കെ. രാമപ്പിഷാരടിയും ഒരു ശാകുന്തള വ്യാഖ്യാനം രചിച്ചിട്ടുണ്ട്. കേരളവര്‍മ വലിയ കോയിത്തമ്പുരാന്‍ തയ്യാറാക്കിയ ശാകുന്തള പാരമ്യം സവിസ്തൃതമായ ഒരാസ്വാദനമാണ്; ഇതിന് പുന്നശ്ശേരി നമ്പി നീലകണ്ഠശര്‍മ ഒരു ഭാഷ്യവും ചമയിച്ചിട്ടുണ്ട്. തിരുവിതാംകൂറിലെ ആയില്യംതിരുനാള് രാമവര്‍മ മഹാരാജാവ് കാളിദാസ കൃതിക്ക് നല്കിയ ഗദ്യപരാവര്‍ത്തനം ഭാഷാശാകുന്തളം എന്ന പേരില്‍ അറിയപ്പെടുന്നു.
കാളിദാസന്റെ അഭിജ്ഞാനശാകുന്തളം കൂടുതല്‍ ആഹാര്യമോടിയോടുകൂടിയെങ്കിലും അതേ രൂപത്തില്‍ ആദ്യമായി മലയാളത്തില്‍ അവതരിപ്പിച്ചത് കേരളവര്‍മ വലിയകോയിത്തമ്പുരാനാണ്. ആധുനിക കേരളീയ സാഹിത്യത്തില്‍ ഭാഷാനാടകപ്രസ്ഥാനത്തിന് അത് അടിക്കല്ലിട്ടു; തത്കര്ത്താവിന് 'കേരള കാളിദാസന്' എന്ന വിശേഷണം കിട്ടാനുള്ള ഒരു മുഖ്യഘടകമായി അത് പരിണമിക്കുകയും ചെയ്തു. 1881-82-ല്‍ കേരളീയ ഭാഷാശാകുന്തളം എന്ന പേരില്‍ കേരളവര്‍മ പ്രസിദ്ധീകരിച്ച ഈ വിവര്‍ത്തനം സംസ്കൃതപദശൈലി ബഹുലമായിപ്പോയതിനാല്, അദ്ദേഹത്തിന്റെ ഭാഗിനേയനായ എ.ആര്. രാജരാജവര്‍മ ചില വ്യത്യാസങ്ങളൊക്കെ വരുത്തി അദ്ദേഹത്തെക്കൊണ്ടുതന്നെ വീണ്ടും ഒരു പതിപ്പു കൂടി തയ്യാറാക്കിച്ചു. കേരളവര്‍മ അത്ര തൃപ്തിയോടുകൂടിയല്ല ഈ പരിവര്‍ത്തനത്തിനു മുതിര്ന്നതെന്നുള്ളത്, അദ്ദേഹം പുതിയ ചില ഭേദഗതികളോടുകൂടി തന്റെ കൃതി മണിപ്രവാളശാകുന്തളം എന്ന പേരില്‍ 1912-ല്‍ പുനഃപ്രസാധനം ചെയ്തു എന്ന വസ്തുത തെളിയിക്കുന്നു. ഇതിലും മണി(മലയാളം)യെക്കാള്‍ പ്രവാളം (സംസ്കൃതം) ആണ് അധികം ഉള്ളതെന്ന ആക്ഷേപം ഉയര്‍ന്നുവന്ന പശ്ചാത്തലത്തിലാണ്, സ്വന്തം പേരില്‍ പില്ക്കാലത്ത് അറിയപ്പെടാനിടവന്ന 'രാജരാജവര്‍മ പ്രസ്ഥാന'ത്തിന്റെ രൂപരേഖയെ പ്രതിഫലിപ്പിച്ചുകൊണ്ട്, രാജരാജവര്‍മ തന്റെ മലയാളശാകുന്തളം പ്രകാശിപ്പിച്ചത് (1913). 20-ാം ശ.-ത്തിന്റെ ആദ്യദശകങ്ങളില്‍ വളരെയേറെ അനുകരിക്കപ്പെട്ട രണ്ടു മുഖ്യശൈലീധാരകള്ക്ക് മാതുലഭാഗിനേയന്മാരുടെ ഈ ശാകുന്തളാനുവാദങ്ങള് വഴിതെളിച്ചു.
തുടര്‍ന്ന് നിരവധി ഭാഷാന്തരങ്ങള്‍ ഈ കൃതിക്ക് മലയാളത്തില്‍ ഉണ്ടായി. ലബ്ധപ്രതിഷ്ഠന്മാരും അല്ലാത്തവരുമായ പല മലയാളകവികളും ഈ പ്രസ്ഥാനത്തിലൂടെ മുന്നോട്ടു വന്നുതുടങ്ങി. എ. ഗോവിന്ദപ്പിള്ള, കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്, കരുവാ എം കൃഷ്ണനാശാന്‍, പി.ജി. രാമയ്യര്, ആറ്റൂര്‍ കൃഷ്ണപ്പിഷാരടി, കുറ്റിപ്പുറത്ത് കേശവന്നായര്, വള്ളത്തോള്‍ നാരായണമേനോന്, ചെറുളിയില്‍ കുഞ്ഞുണ്ണിനമ്പീശന്‍, കാലടി രാമന് നമ്പ്യാര്‍, വെളുത്താട്ട് രാമന് നമ്പൂതിരി, മഠം പരമേശ്വരന് നമ്പൂതിരി, നല്ലമുട്ടം പദ്മനാഭപിള്ള, കണക്കനാടന് വറുഗീസ് തുടങ്ങിയവരുടെ വിവര്‍ത്തനങ്ങള്‍ ഇക്കൂട്ടത്തില്‍ എടുത്തു പറയേണ്ടവയാണ്. ശാകുന്തളം തമിഴ്പാട്ടായും കേരളവര്‍മ വലിയകോയിത്തമ്പുരാന് രചിച്ചിട്ടുണ്ട്.
സംസ്കൃതസാഹിത്യവും അതില്‍ പ്രതിബിംബിക്കുന്ന ഭാരതീയ സംസ്കാരവും ലോകത്തിന് നല്‍കിയിട്ടുള്ള ഏറ്റവും അമൂല്യവും പ്രഫുല്ലവും ആയ ഉപഹാരമാണ് കാളിദാസന്റെ അഭിജ്ഞാനശാകുന്തളം. നോ: കാളിദാസന്; സംസ്കൃതനാടകങ്ങള്‍
(പ്രൊഫ. പി.വി. കൃഷ്ണന്‍നായര്‍, സ.പ.)