This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കൊച്ചി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(→വിനോദസഞ്ചാരം) |
(→വിനോദസഞ്ചാരം) |
||
വരി 175: | വരി 175: | ||
ചിത്രം:St.Francis-Church.png |സെന്റ് ഫ്രാന്‍സിസ് പള്ളി | ചിത്രം:St.Francis-Church.png |സെന്റ് ഫ്രാന്‍സിസ് പള്ളി | ||
ചിത്രം:Karnivel.png|കൊച്ചി കാര്‍ണിവലിലെ ഒരു ദൃശ്യം | ചിത്രം:Karnivel.png|കൊച്ചി കാര്‍ണിവലിലെ ഒരു ദൃശ്യം | ||
+ | |||
+ | ചിത്രം:Pallippuram-fort.jpg|പള്ളിപ്പുറം കോട്ട | ||
</gallery> | </gallery> | ||
Current revision as of 15:41, 24 ഏപ്രില്‍ 2016
കൊച്ചി
ഏറണാകുളം ജില്ലയിലെ പ്രമുഖ മെട്രോ നഗരം. പഴയ നാട്ടുരാജ്യമായിരുന്ന കൊച്ചിയുടെ തലസ്ഥാനവും വാണിജ്യകേന്ദ്രവുമായിരുന്നു കൊച്ചി നഗരം. കൊച്ചിയും തിരുവിതാംകൂറും തമ്മില്‍ 1949-ല്‍ നടന്ന സംയോജനത്തിന്റെ ഫലമായി കൊച്ചി രാജ്യം തിരു-കൊച്ചി ആയി രൂപാന്തരപ്പെടുകയും തുടര്‍ന്ന് 1956-ല്‍ കേരളസംസ്ഥാനം ഉടലെടുത്തതോടെ കേരളത്തിന്റെ ഒരു ഭാഗമായിത്തീരുകയും ചെയ്ത കൊച്ചി ഇന്ന് കേരളത്തിന്റെ വ്യവസായ തലസ്ഥാനം എന്നതിലുപരി രാജ്യാന്തരപ്രശസ്തിയാര്‍ജിച്ച നഗരമായി അറിയപ്പെടുന്നു.
സ്ഥലനാമം
'ബാലാപുരി' എന്നൊരു പട്ടണത്തെപ്പറ്റി ചില വര്‍ണനകള്‍ പഴയ ചില സാഹിത്യഗ്രന്ഥങ്ങളിലും കേരളമാഹാത്മ്യത്തിലും കാണുന്നത് കൊച്ചിയെക്കുറിച്ചായിരിക്കുമെന്ന് വിശ്വസിക്കപ്പെടുന്നതുകൊണ്ട് 14-ാം ശതകത്തിനുമുമ്പ് കൊച്ചി എന്നൊരു രാജ്യം ഉണ്ടായിരുന്നില്ലെന്നു തീര്‍ത്തുപറയുന്നത് യുക്തിസഹമല്ല എന്നാണ് പുത്തേഴത്തു രാമന്‍മേനോന്‍ അഭിപ്രായപ്പെടുന്നത്. വൈശ്രവണന്റെ പുത്രിയായ ബാല തന്റെ പേരിലൊരു ദേശമുണ്ടാക്കിയാല്‍ താന്‍ അവിടെ വസിച്ചുകൊള്ളാമെന്ന് പരശുരാമനോട് പറഞ്ഞുവെന്നും അതനുസരിച്ച് പരശുരാമന്‍ സമുദ്രക്കരയില്‍ ഒരു ദേശമുണ്ടാക്കി കൊച്ചി എന്നു പേരിട്ടു എന്നുമാണ് കേരളമാഹാത്മ്യത്തില്‍ പറയുന്നത്. പക്ഷേ ബാലയുടെ പുരിയായ ബാലാപുരിക്ക് കൊച്ചി എന്ന പേര് നല്കിയെന്നുള്ള ഈ ഐതിഹ്യത്തിന്റെ സത്യാവസ്ഥയറിയാന്‍ തെളിവുകളൊന്നും തന്നെയില്ല. കൊച്ചി ഒരു ചെറിയ പുഴയുടെ വക്കത്ത് സ്ഥിതി ചെയ്തിരുന്ന പട്ടണമായിരുന്നുവെന്നും അവിടെയുണ്ടായിരുന്ന ഒരു 'കൊച്ചു' അഴിയില്‍ നിന്നാണ് 'കൊച്ചി' എന്ന പേരുണ്ടായതെന്നും, 1341-ല്‍ പെരിയാറിലുണ്ടായ വെള്ളപ്പൊക്കത്തില്‍ അഴിമുഖം വിസ്തൃതമായതാണ് പിന്നീട് തുറമുഖമായി മാറിയതെന്നും ഒരഭിപ്രായമുണ്ട്.
കൊച്ചിക്ക് ഗോശ്രീ എന്നും മാടഭൂമി എന്നും പേരുണ്ട്. 'ഗോ' എന്ന വാക്കിന് 'മാട്' എന്നര്‍ഥമുണ്ട്. മാടഭൂമി സംസ്കൃതീകരിച്ചാണ് ഗോശ്രീ എന്ന വാക്കുണ്ടായത്. ഗോശ്രീവര്‍ണനം എന്ന പേരില്‍ ഒരു സംസ്കൃതഗദ്യകാവ്യമുണ്ട്. മേല്പുത്തൂര്‍ നാരായണഭട്ടതിരിയാണ് അതിന്റെ കര്‍ത്താവ്.
ഭൂപ്രകൃതി
തിരുവിതാംകൂറുമായി സംയോജിപ്പിക്കുന്നതിനുമുമ്പ് കൊച്ചിയുടെ വിസ്തീര്‍ണം 3,465.5 ച.കി.മീ. ആയിരുന്നു. അതില്‍ 1,514.56 ച.കി.മീ. വനപ്രദേശങ്ങളും ഉള്‍പ്പെട്ടിരുന്നു. ഇദംപ്രഥമായി 1878-ല്‍ നടന്ന ജനസംഖ്യാക്കണക്കനുസരിച്ച് ഇത് 6,61,144 മാത്രമായിരുന്നത് 1941-ല്‍ 1,422,875 ആയും 70 വര്‍ഷംകൊണ്ട് 601,574 (2011) ആയും വര്‍ധിച്ചിരിക്കുന്നു.
കൊച്ചിരാജ്യം തിരുവിതാംകൂറുമായി സംയോജിപ്പിക്കുന്നതിനുമുമ്പ് രാജ്യത്തിന്റെ അതിര്‍ത്തികള്‍ വടക്കു ഭാരതപ്പുഴയും തെക്ക് തിരുവിതാംകൂറിലെ വൈക്കം-ചേര്‍ത്തല താലൂക്കുകളുടെ വടക്കുഭാഗവും കിഴക്ക് തിരുവിതാംകൂര്‍ രാജ്യത്തില്‍പ്പെട്ട മൂവാറ്റുപുഴ, കുന്നത്തുനാട്, പറവൂര്‍ എന്നീ താലൂക്കുകളും മദ്രാസ് സംസ്ഥാനത്തില്‍പ്പെട്ട കോയമ്പത്തൂര്‍ ജില്ലയും പടിഞ്ഞാറ് അറബിക്കടലുമായിരുന്നു. എന്നാല്‍ ഈ അതിരുകള്‍ക്കുള്ളില്‍ അവിടവിടെയായി ബ്രിട്ടീഷും തിരുവിതാംകൂറും വക സ്ഥലമുണ്ടായിരുന്നു. കൂടാതെ കൊച്ചിവക ചിറ്റൂര്‍ താലൂക്ക് മദ്രാസ് സംസ്ഥാനത്തിന്റെ തെക്കേ അതിര്‍ത്തിക്കുള്ളിലായിരുന്നു. അതുപോലെ മലബാറിന്റെ ഭാഗമായിത്തീര്‍ന്ന വന്തേരിനാടും മുമ്പു കൊച്ചിയുടെ ഭാഗമായിരുന്നു. ഇതുകൂടാതെ പുറക്കാട്, വടക്കുംകൂര്‍, മങ്ങാട്, പറവൂര്‍ എന്നീ പ്രദേശങ്ങള്‍ ഒരു കാലത്ത് മാടഭൂപതിയുടെ സാമന്തരാജ്യങ്ങളായിരുന്നു. 1949-ലെ തിരു-കൊച്ചി സംയോജനത്തിനുമുമ്പുള്ള കൊച്ചിരാജ്യം ചിറ്റൂര്‍, തലപ്പിള്ളി, തൃശൂര്‍, കൊടുങ്ങല്ലൂര്‍, മുകുന്ദപുരം, കൊച്ചി-കണയന്നൂര്‍ എന്നിങ്ങനെ ആറു താലൂക്കുകളായി വിഭജിക്കപ്പെട്ടിരുന്നു.
പ്രകൃതിസൗന്ദര്യവും പ്രകൃതിസമ്പത്തും കൊണ്ട് സമൃദ്ധമായ നാടാണ് കൊച്ചി. പടിഞ്ഞാറ് ഒരറ്റം മുതല്‍ മറ്റേ അറ്റംവരെ സമുദ്രതീരത്തെ ആലിംഗനം ചെയ്തുകൊണ്ടു കിടക്കുന്ന കായലുകള്‍; കിഴക്കു പശ്ചിമഘട്ടങ്ങളില്‍ നിന്ന് ഉദ്ഭവിച്ച് കീഴ്പ്പോട്ടൊഴുകി കായലുകള്‍ വഴി പല അഴിമുഖങ്ങളില്‍ക്കൂടി കടലില്‍ ചെന്നുചേരുന്ന ചെറുപുഴകള്‍; കായലുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന തോടുകള്‍; സമുദ്രതീരത്ത് അണിനിരന്നു നില്ക്കുന്ന വലിയ തെങ്ങിന്‍തോപ്പുകളും മലകളില്‍ തേക്ക്, വീട്ടി മുതലായ പലതരം വൃക്ഷങ്ങളും കാപ്പി, തേയില എന്നിവയുടെയും റബ്ബര്‍മരങ്ങളുടെയും തോട്ടങ്ങള്‍, മലവാരങ്ങളില്‍ സമൃദ്ധിയായി ഉണ്ടാകുന്ന ഏലക്കായ്, കറുകപ്പട്ട, കുരുമുളക്, ഇഞ്ചി, മഞ്ഞള്‍ മുതലായ വിലപിടിച്ച വിഭവങ്ങള്‍; ഇടനാടുകളിലെ നെല്‍പ്പാടങ്ങള്‍, പ്ലാവ്, മാവ്, കവുങ്ങ് മുതലായ ഫലവൃക്ഷങ്ങള്‍ എന്നിവയെക്കൊണ്ട് സമ്പന്നമായിരുന്നു കൊച്ചി പ്രദേശം.
കൊച്ചിയില്‍ സമുദ്രതീരത്ത് കപ്പല്‍വഴിയുള്ള കച്ചവടത്തിന് സൌകര്യമുള്ള പല തുറമുഖങ്ങളുമുണ്ട്. അവയില്‍ പ്രധാനമായ കൊച്ചിതുറമുഖം 'അറബിക്കടലിന്റെ റാണി' എന്ന പേരില്‍ പ്രസിദ്ധമാണ്. ഇത് ഇന്ത്യയിലെ പ്രമുഖ തുറമുഖങ്ങളിലൊന്നായി വികസിച്ചിരിക്കുന്നു. കൊച്ചി രാജ്യാതിര്‍ത്തിയില്‍പ്പെട്ട തുറമുഖമായിരുന്നു കൊടുങ്ങല്ലൂര്‍. മൂവായിരം കൊല്ലങ്ങള്‍ക്കുമുമ്പുതന്നെ ഇവിടം പശ്ചിമരാജ്യങ്ങളുമായി വാണിജ്യബന്ധം പുലര്‍ത്തിയിരുന്നു. ക്രിസ്തുവര്‍ഷത്തിന് ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ഇസ്രയേല്‍ ഭരിച്ചിരുന്ന സോളമന്‍ ചക്രവര്‍ത്തി അയച്ച കപ്പലുകളില്‍ കയറ്റിക്കൊണ്ടുചെന്ന വിശേഷസാധനങ്ങള്‍ മുസിരിസ് (കൊടുങ്ങല്ലൂര്‍) തുറമുഖത്തുനിന്നു കൊണ്ടുചെന്നതാണെന്ന് വിശ്വസിക്കപ്പെടുന്നു. 1341-ല്‍ ഉണ്ടായ അതിവര്‍ഷത്തിന്റെ ശക്തികൊണ്ട് പെരിയാറ്റിലുണ്ടായ ജലപ്രവാഹത്തെ താങ്ങാന്‍ സമുദ്രത്തിനും കായലിനുമിടയ്ക്കുള്ള മണല്‍പ്പുറങ്ങള്‍ക്ക് ശക്തിപോരാതെ വന്നതിനാല്‍ കൊച്ചിക്കുനേരെയുള്ള അഴിമുഖം മുറിഞ്ഞ് കാലക്രമത്തില്‍ അവിടെ അതിവിശേഷമായ ഒരു തുറമുഖം രൂപമെടുക്കുകയായിരുന്നു.
കൊച്ചിരാജ്യം
കൊച്ചിരാജ്യം ആദ്യകാലങ്ങളില്‍ പെരുമ്പടപ്പുനാട് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്; കൊച്ചിരാജകുടുംബം പെരുമ്പടപ്പുസ്വരൂപം എന്ന പേരിലും. 'കൊച്ചി' എന്ന നാമം ആദ്യം പ്രസ്തുതനാമത്തിലുള്ള പട്ടണത്തിനു നല്കിയ പേരാണ്. കൊച്ചിപട്ടണ പ്രദേശം 1341-ലെ വെള്ളപ്പൊക്കത്തിന്റെ ഫലമായി രൂപംകൊണ്ട കൊച്ചി തുറമുഖത്തിനുശേഷം ഉടലെടുത്തതാണെന്ന് പറയപ്പെടുന്നു. ആദ്യം പട്ടണത്തിനു നല്കിയ പേര് പിന്നീട് ചുറ്റുപാടുമുള്ള പ്രദേശങ്ങള്‍ക്കും ഒടുവില്‍ കൊച്ചിരാജാവ് ഭരിച്ചിരുന്ന പ്രദേശങ്ങള്‍ക്ക് ഒട്ടാകെയും നല്കപ്പെട്ടു. പുരാതനകാലത്ത് കേരളത്തെപ്പറ്റി പരാമര്‍ശിച്ചിട്ടുള്ള വിദേശീയരുടെ രേഖകളില്‍ ഒന്നിലും 'കൊച്ചി' എന്ന നാമധേയം കാണുന്നില്ല. കൊച്ചിരാജ്യത്തെ രാജാവിനെയും അവിടത്തെ നിവാസികളെയും കുറിച്ച് ലഭിച്ചിട്ടുള്ള ആദ്യ വിവരണം മാഹുവാന്‍ (Mahuvan) എന്ന ചീനാക്കാരനായ മുഹമ്മദീയനില്‍നിന്നാണെന്ന് കെ.പി. പദ്മനാഭമേനോന്‍ പറയുന്നു. ഇറ്റലിക്കാരനായ നിക്കോളോ കോണ്‍ടി എന്ന സഞ്ചാരി 1419 മുതല്‍ 54 വരെ നടത്തിയ വിദേശസഞ്ചാരത്തിനിടയില്‍ കൊച്ചിയും സന്ദര്‍ശിച്ചതായും ഇദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. അക്കാലത്ത് കൊച്ചിനഗരത്തിന്റെ വിസ്തീര്‍ണം ഏഴു കി.മീ. ആയിരുന്നുവെന്ന് നിക്കോളോ കോണ്ടി രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം പോര്‍ച്ചുഗീസുകാരുടെ ആഗമനത്തിന് മുമ്പുള്ള കൊച്ചിരാജ്യചരിത്രം അറിയാനുതകുന്ന ചരിത്രരേഖകളോ മറ്റു ലക്ഷ്യങ്ങളോ കാര്യമായി ഒന്നുംതന്നെ ഇല്ല.
പെരുമ്പടപ്പു സ്വരൂപം
കൊച്ചി രാജവംശത്തെ പെരുമ്പടപ്പുസ്വരൂപമെന്നും രാജാക്കന്മാരെ 'മാടഭൂപതിമാര്‍' എന്നും പറഞ്ഞിരുന്നു. രാജാക്കന്മാര്‍ക്ക് 'ഗംഗാധരതിരുകോവിലധികാരികള്‍' എന്ന അപരനാമധേയവുമുണ്ടായിരുന്നു. കൊല്ലും കൊലയും നടത്താന്‍ അധികാരമുള്ള ഒരു രാജാവ് ഭരിക്കുന്ന സ്വതന്ത്രരാഷ്ട്രമെന്നാണ് 'സ്വരൂപ'ത്തിന് അന്ന് അര്‍ഥം നല്കിയിരുന്നത്. പെരുമ്പടപ്പ് പൊന്നാനി താലൂക്കിലെ ഒരു ചെറുഗ്രാമമാണ്. പണ്ട് അത് വന്തേരിനാടിന്റെ ഒരു ഭാഗമായിരുന്നു. ഒരു നമ്പൂതിരിയായിരുന്നു അതിന്റെ അധിപതി. പെരുമ്പടപ്പുസ്വരൂപത്തിന് കൊച്ചിരാജ്യത്തില്‍ ആധിപത്യം സിദ്ധിച്ചത് എന്നുമുതലാണെന്നു വ്യക്തമാക്കുന്ന തെളിവുകളൊന്നുംതന്നെ ലഭ്യമല്ല. ചേരസാമ്രാജ്യം ശിഥിലമായതോടുകൂടി അതിന്റെ തലസ്ഥാനമായ മഹോദയപുരം (കൊടുങ്ങല്ലൂര്‍) പെരുമ്പടപ്പുസ്വരൂപത്തിന്റെ (കൊച്ചിരാജ്യത്തിന്റെ) തലസ്ഥാനമായിത്തീര്‍ന്നു എന്ന സിദ്ധാന്തം അടിസ്ഥാനരഹിതമാണെന്നു പറഞ്ഞുകൂടാ. 15-ാം ശതകത്തിന്റെ ആരംഭം വരെ മഹോദയപുരം പെരുമ്പടപ്പുസ്വരൂപത്തിന്റെ ആസ്ഥാനമായിരുന്നു. കൊച്ചിരാജ്യത്തിന്റെ ഏറ്റവും പുരാതനമായ പേര് പെരുമ്പടപ്പ് എന്നാണെന്നും ചേരമാന്‍ പെരുമാളുടെ സഹോദരിയും പെരുമ്പടപ്പ് നമ്പൂതിരിയുമായി നടന്ന വിവാഹബന്ധത്തിലുണ്ടായ ഏറ്റവും മൂത്ത പുത്രന്റെ കീഴില്‍ വന്ന കേരളത്തിലെ ഭൂവിഭാഗമാണ് കൊച്ചി എന്നും ചേരമാന്‍ പെരുമാളുടെ അനന്തരാവകാശികള്‍ എന്ന നിലയില്‍ പെരുമ്പടപ്പുസ്വരൂപികള്‍ കൊച്ചിരാജ്യം ഭരിച്ചുപോന്നു എന്നും 1901-ലെ കൊച്ചി സംസ്ഥാന സെന്‍സസ് റിപ്പോര്‍ട്ടില്‍ പറയുന്നു. മഹോദയപുരം തലസ്ഥാനമായി ഭരിച്ച കുലശേഖരചക്രവര്‍ത്തിയുടെ പുത്രന്‍ കുലശേഖരപ്പെരുമാള്‍ എന്ന നിലയില്‍ വേണാട്ടധിപനായും ഭാഗിനേയന്‍ കോവിലധികാരികള്‍ എന്ന നിലയില്‍ കൊച്ചി രാജ്യാധിപനായും തീര്‍ന്നുവത്രെ. പെരുമ്പടപ്പു സ്വരൂപത്തിന്റെ തലസ്ഥാനത്തിന് പല ഘട്ടങ്ങളിലും മാറ്റമുണ്ടായിട്ടുണ്ട്. ഒരു ഘട്ടത്തില്‍ വന്തേരി തലസ്ഥാനമായിരുന്നുവെന്നത് നിസ്തര്‍ക്കമാണ്. അവിടെ പെരുമ്പടപ്പുഗ്രാമത്തില്‍ 'ചിത്രകൂടം' എന്ന കൊട്ടാരത്തിലായിരുന്നു പെരുമ്പടപ്പുമൂപ്പില്‍ 13-ാം ശതകത്തിന്റെ അവസാനംവരെ വാണിരുന്നത്. അവിടെനിന്ന് തലസ്ഥാനം തിരുവഞ്ചിക്കുളത്തേക്ക് (മഹോദയപുരത്തേക്ക്) മാറ്റിയത് എന്നാണെന്നറിവില്ല. 13-ാം ശതകത്തിന്റെ ഉത്തരാര്‍ധത്തില്‍ കോഴിക്കോട്ടു സാമൂതിരി വള്ളുവനാട് ആക്രമിച്ചപ്പോള്‍ ചിത്രകൂടം ഉപേക്ഷിച്ച് പെരുമ്പടപ്പ് സ്വരൂപം മഹോദയപുരം സ്ഥിരമായ തലസ്ഥാനമാക്കിയെന്നു പറയപ്പെടുന്നു. 1341-ലെ അതിവര്‍ഷവും ജലപ്രളയവും നിമിത്തം കൊടുങ്ങല്ലൂര്‍ തുറമുഖം മണ്ണൊലിച്ചുകൂടി ഉപയോഗശൂന്യമായിത്തീരുകയും അതേ സമയത്ത് കൊച്ചിതുറമുഖം പ്രാധാന്യം പ്രാപിക്കുകയും ചെയ്തത് തലസ്ഥാനം കൊച്ചിയിലേക്കു മാറ്റുന്നതിന് ഒരു പ്രധാനകാരണമായിരുന്നിരിക്കാം. അതിനും പുറമേ സാമൂതിരിയുടെ വടക്കു നിന്നുള്ള ആക്രമണങ്ങള്‍ നിമിത്തം കൊടുങ്ങല്ലൂരിന്റെ സുരക്ഷിതത്വത്തിന് ഹാനി സംഭവിച്ചു. സാമൂതിരിയുടെ ആക്രമണപരമായ പുറപ്പാട് പെരുമ്പടപ്പുസ്വരൂപത്തിന് ഭീഷണിയായിത്തീരുകയാല്‍ തലസ്ഥാനം സാമൂതിരിയുടെ പടയ്ക്ക് എളുപ്പമെത്താന്‍ കഴിയാത്ത കൊച്ചിയിലേക്കു മാറ്റാന്‍ പ്രേരകമായിരിക്കണം. ഈ തലസ്ഥാനമാറ്റം നടന്നത് 1405-ലാണെന്ന് ഊഹിക്കപ്പെടുന്നു. അതിനുശേഷം തലസ്ഥാനം പല ഘട്ടങ്ങളില്‍ ഞാറയ്ക്കല്‍, ഉദയംപേരൂര്‍, പള്ളുരുത്തി, വെള്ളാരപ്പള്ളി, തൃപ്പൂണിത്തുറ എന്നീ സ്ഥലങ്ങളിലേക്കു മാറ്റിയിട്ടുണ്ട്.
പോര്‍ച്ചുഗീസുകാരുടെ ആഗമനം
കൊച്ചിരാജ്യചരിത്രത്തെപ്പറ്റി വ്യക്തമായ തെളിവ് 1500-ല്‍ പോര്‍ച്ചുഗീസുകാരുടെ ആഗമനത്തോടുകൂടിയാണ് ലഭിക്കുന്നത്. 1500 ഡി. 24-ന് പോര്‍ച്ചുഗീസ് കപ്പിത്താനായ കബ്രാളിന്റെ കപ്പല്‍സംഘം കൊച്ചിയില്‍ എത്തി നങ്കൂരമിട്ടത് കേരളചരിത്രത്തിലും പ്രത്യേകിച്ച് കൊച്ചി രാജ്യചരിത്രത്തിലും ദൂരവ്യാപകമായ ഫലങ്ങള്‍ ഉളവാക്കിയ ഒരു സംഭവമായിരുന്നു. കേരളത്തിലെ കോയ്മകള്‍ തമ്മില്‍ കലഹിച്ചുകൊണ്ടിരുന്ന പരിതഃസ്ഥിതിയെ ചൂഷണംചെയ്ത വിദേശിയര്‍ കച്ചവടവും ഭരണാധികാരവും പിടിച്ചെടുത്ത് കേരളീയരെ പാരതന്ത്യ്രത്തിലാഴ്ത്തിയ ദുരന്തകഥയുടെ നാന്ദിയാണ് ഈ സംഭവം കുറിക്കുന്നത്. കബ്രാള്‍ കോഴിക്കോട് സാമൂതിരിയില്‍നിന്നും വേണ്ടവിധം കച്ചവടാനുകൂല്യങ്ങള്‍ ലഭിക്കായ്കയാല്‍ കൊച്ചിയിലേക്കു നീങ്ങുകയാണ് ചെയ്തത്. സാമൂതിരിയുടെ ശത്രുവായ കൊച്ചിരാജാവ് ഉണ്ണിരാമക്കോയില്‍ തിരുമുല്‍പ്പാട് കബ്രാളിനെ സന്തോഷപൂര്‍വം സ്വീകരിച്ചു പോര്‍ച്ചുഗീസുകാര്‍ക്ക് ഒരു വ്യാപാരശാല നിര്‍മിക്കാന്‍ അനുവാദം കൊടുത്തുകൊണ്ടും കൊച്ചിയില്‍ കച്ചവടം നടത്തുവാനുള്ള എല്ലാ സൌകര്യങ്ങളും നല്കിക്കൊണ്ടും ഒരുടമ്പടിയില്‍ ഏര്‍പ്പെട്ടു. ഇതിന് പ്രത്യുപകാരമായി കൊച്ചിരാജാവിനെ കേരളരാജ്യത്തിന്റെ കോയ്മയായി അവരോധിച്ചുകൊള്ളാമെന്നു പോര്‍ച്ചുഗീസുകാര്‍ വാഗ്ദാനം ചെയ്തു. കൊച്ചി രാജ്യത്ത് വിദേശശക്തികളുടെ നുഴഞ്ഞുകയറ്റത്തിന്റെ പ്രാരംഭമായിരുന്നു ഇത്. പോര്‍ച്ചുഗീസുകാരും കൊച്ചിരാജാവും തമ്മിലുള്ള സഖ്യത്തിന്റെ പ്രത്യാഘാതമായി സാമൂതിരി കൊച്ചിരാജാവുമായി യുദ്ധത്തിനു പുറപ്പെട്ടു. 1503 മാ. 31-ന് സാമൂതിരി കൊച്ചിയിലേക്കു നീങ്ങി. കൊച്ചി രാജാവിനോടു വിരോധമുള്ള സാമന്തന്മാരും സാമൂതിരിയുടെ പക്ഷത്തുചേര്‍ന്നു. പോര്‍ച്ചുഗീസുകാര്‍ കൊച്ചിരാജാവിനെ സഹായിച്ചുവെങ്കിലും ഒടുവില്‍ സാമൂതിരിതന്നെ യുദ്ധത്തില്‍ വിജയിച്ചു. കൊച്ചിരാജാവിനും പോര്‍ച്ചുഗീസുകാര്‍ക്കും എളങ്കുന്നപ്പുഴ ക്ഷേത്രസങ്കേതത്തില്‍ അഭയം പ്രാപിക്കേണ്ടിവന്നു. കൊച്ചിരാജ്യം മുഴുവനും സാമൂതിരിയുടെ അധീനതയിലായി. അതിനുശേഷം സാമൂതിരിയും സൈന്യവും കോഴിക്കോട്ടേക്ക് തിരിച്ചുപോയി. ഇതിനിടയില്‍ ഫ്രാന്‍സിസ്കോ ഡി അല്‍ബുക്കര്‍ക്കിന്റെയും സഹോദരന്‍ അല്‍ഫോന്‍സോ ഡി അല്‍ബുക്കര്‍ക്കിന്റെയും നേതൃത്വത്തില്‍ ഒരു പോര്‍ച്ചുഗീസ് കപ്പല്‍പ്പട കൊച്ചിയിലെത്തി സാമൂതിരിയുടെ സൈന്യത്തെ കൊച്ചിയില്‍നിന്നും തോല്പിച്ചോടിച്ചു. അവര്‍ കൊച്ചിയില്‍ 'മാനുവല്‍ കോട്ട' എന്ന ഒരു കോട്ട നിര്‍മിച്ചു. കൊച്ചിക്കോട്ട സംരക്ഷിക്കാന്‍ ഒരു ചെറിയ സൈന്യത്തോടുകൂടി പച്ചിക്കോ എന്ന കപ്പിത്താനെ ചുമതലപ്പെടുത്തിയ ശേഷം അല്‍ബുക്കര്‍ക്ക്സഹോദരന്മാര്‍ തിരിച്ചുപോയി. കൊച്ചിയെ കീഴ്പ്പെടുത്താന്‍ സാമൂതിരി നടത്തിയ ഉദ്യമം പച്ചിക്കോവിന്റെ സാമര്‍ഥ്യംമൂലം വിഫലമായി. 1504-ല്‍ പോര്‍ച്ചുഗീസുകാര്‍ കൊടുങ്ങല്ലൂര്‍ കൈവശമാക്കി; അതിനുചുറ്റും കോട്ടമതില്‍ കെട്ടി. കൊടുങ്ങല്ലൂര്‍ രാജാവ് സാമൂതിരിയുമായുള്ള ബന്ധം ഉപേക്ഷിച്ച് പോര്‍ച്ചുഗീസുകാരുടെ സംരക്ഷണം സ്വീകരിച്ചു. 1505-ല്‍ ഇന്ത്യയില്‍ ആദ്യമായി എത്തിയ പോര്‍ച്ചുഗീസ് വൈസ്രോയി ഫ്രാന്‍സിസ്കോ ഡി അല്‍മേഡാ പോര്‍ച്ചുഗീസുകാര്‍ക്ക് ചെയ്ത ഉപകാരങ്ങളുടെ സ്മരണയ്ക്കായി അക്കാലത്ത് കൊച്ചിരാജാവായിരുന്ന ഉണ്ണിരാമക്കോയില്‍ രണ്ടാമന് ഒരു രത്നഖചിതകിരീടം സമ്മാനിച്ചു. ഇതിന് പ്രത്യുപകാരമായി കോട്ട ബലപ്പെടുത്താനും നീട്ടിപ്പണിയാനും പോര്‍ച്ചുഗീസുകാര്‍ക്ക് രാജാവ് അനുവാദം നല്കി; കോഴിക്കോട് ആക്രമിക്കാന്‍ പോര്‍ച്ചുഗീസ് സഹായത്തോടുകൂടി, 1521-ല്‍ ഒരു വിഫലശ്രമവും നടത്തി.
പോര്‍ച്ചുഗീസുകാലഘട്ടത്തില്‍ ഉണ്ണിരാമക്കോയില്‍ രണ്ടാമന്‍ 1513 മുതല്‍ 37 വരെ ഭരിച്ചു. ഇദ്ദേഹത്തിന്റെ കാലത്താണ് കൊച്ചി ഒരു പ്രബലരാഷ്ട്രമായിത്തീര്‍ന്നത്. ഇദ്ദേഹത്തിന്റെ പിന്‍ഗാമി വീരകേരളവര്‍മ 1537 മുതല്‍ 65 വരെ ഭരിച്ചു. 1549-ല്‍ കൊച്ചിരാജാവും പോര്‍ച്ചുഗീസുകാരും തമ്മിലുള്ള മമതാബന്ധത്തിന് ഭംഗം വന്നു. അക്കൊല്ലം പള്ളുരുത്തിയില്‍ രാജാവിന്റെ ഭക്തിക്കും ആരാധനയ്ക്കും പാത്രമായിരുന്ന ഒരു ക്ഷേത്രം പോര്‍ച്ചുഗീസുകാര്‍ കൊള്ളചെയ്തു. ഇത് രാജാവിന്റെ അപ്രീതിക്ക് കാരണമായി. 1555-ല്‍ പോര്‍ച്ചുഗീസുകാര്‍ മട്ടാഞ്ചേരി കൊട്ടാരം പണിതത് വീരകേരളവര്‍മ രാജാവിന്റെ ഭരണകാലത്താണ്. പോര്‍ച്ചുഗീസുകാരുടെ സമ്മര്‍ദത്തിനു വഴങ്ങി ഇദ്ദേഹം 1560-ല്‍ കൊച്ചിരാജ്യത്തില്‍ ക്രിസ്തുമതത്തിലേക്കുള്ള പരിവര്‍ത്തനം നിരോധിച്ചുകൊണ്ടുള്ള നിയമം റദ്ദുചെയ്തു. പോര്‍ച്ചുഗീസുകാലഘട്ടത്തിലെ ഏറ്റവും വിശ്രുതനായ കൊച്ചി രാജാവ് 1565 മുതല്‍ 1601 വരെ 36 വര്‍ഷം രാജ്യം ഭരിച്ച കേശവരാമവര്‍മയായിരുന്നു. 1565-ല്‍ കൊടുങ്ങല്ലൂരില്‍ നിന്ന് പോര്‍ച്ചുഗീസുകാരുടെ പീഡനം മൂലം ജൂതന്മാര്‍ കൂട്ടത്തോടെ കൊച്ചിയിലും എറണാകുളത്തും അഭയം പ്രാപിച്ച് അവിടെ സ്ഥിരതാമസമാക്കി. 1567-ല്‍ അവര്‍ മട്ടാഞ്ചേരിയില്‍ ജൂ ടൗണ്‍ (ജൂതപട്ടണം) സ്ഥാപിച്ചു. സുപ്രസിദ്ധമായ ഉദയംപേരൂര്‍ സുന്നഹദോസ് നടന്നത് ഇദ്ദേഹത്തിന്റെ കാലത്താണ്. ഇദ്ദേഹത്തിന്റെ പിന്തുടര്‍ച്ചക്കാരായി 1601 മുതല്‍ 37 വരെ ഭരിച്ച രാജാക്കന്മാര്‍ അപ്രശസ്തരായിരുന്നു. 1646-ല്‍ വീരരായിരവര്‍മന്‍ കാലധര്‍മം പ്രാപിച്ചപ്പോള്‍ കൊച്ചി രാജവംശത്തിനുള്ളില്‍ ആഭ്യന്തരകലഹം പൊട്ടിപ്പുറപ്പെട്ടു. പോര്‍ച്ചുഗീസുകാരുടെ ആനുകൂല്യത്തോടുകൂടി 1646 മുതല്‍ 55 വരെ ഭരിച്ച വീരകേരളവര്‍മരാജാവിന്റെ കാലത്താണ് മട്ടാഞ്ചേരിയിലെ കൊങ്കണികള്‍ക്ക് തിരുമലദേവസ്വം സങ്കേതം അനുവദിച്ചുകൊടുത്തത്. പിന്നത്തെ രാജാവ് 1656-ല്‍ അന്തരിച്ചപ്പോള്‍ റാണി ഗംഗാധരലക്ഷ്മി റീജന്റായി 1658 വരെ ഭരണം നടത്തി. കൊച്ചി രാജവംശത്തില്‍ ഭരണം നടത്തിയ ഏകവനിത ഇവരാണ്.
ഡച്ച് കാലഘട്ടം
റീജന്റ് റാണി ഗംഗാധര ലക്ഷ്മിയുടെ പിന്‍ഗാമി രാമവര്‍മയുടെ ഭരണകാലത്താണ് ഡച്ചുകാര്‍ കൊച്ചിയില്‍ രംഗപ്രവേശം ചെയ്തത്. 1662 ഫെബ്രുവരിയില്‍ അവര്‍ മട്ടാഞ്ചേരിക്കൊട്ടാരം ആക്രമിച്ച് കൈവശപ്പെടുത്തുകയും രാജാവിനെ വധിക്കുകയും റാണി ഗംഗാധരലക്ഷ്മിയെ തടവിലാക്കുകയും ചെയ്തു. 1662 മുതല്‍ 63 വരെ ഭരിച്ച രാമവര്‍മരാജാവിന്റെ കാലത്താണ് കൊച്ചിക്കോട്ട ഡച്ചുകാര്‍ക്കു കീഴടങ്ങിയത്. കൊച്ചിക്കോട്ട ഡച്ചുകാര്‍ക്ക് കീഴടങ്ങിയ 1663 മുതല്‍ അവര്‍ കോട്ട ഇംഗ്ലീഷുകാര്‍ക്ക് ഒഴിഞ്ഞുകൊടുത്ത 1795 വരെയുള്ള കാലഘട്ടം കൊച്ചി രാജ്യചരിത്രത്തിലെ ഡച്ചുകാലഘട്ടം എന്നു പറയാം.
കൊച്ചിയിലെ ആഭ്യന്തരകലഹം അവിടെ ഡച്ചുകാര്‍ക്ക് നുഴഞ്ഞുകയറാന്‍ സൌകര്യം നല്കി. 1663-ല്‍ അവര്‍ പോര്‍ച്ചുഗീസുകാരില്‍ നിന്നും കൊച്ചിക്കോട്ട പിടിച്ചെടുത്തതു മുതല്‍ അടുത്ത 132 വര്‍ഷക്കാലത്തേക്ക് കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഡച്ച് ആസ്ഥാനം അവിടെയായിരുന്നു. ഈ കാലഘട്ടത്തില്‍ കൊച്ചി രാജാവുമായുണ്ടായ കരാറനുസരിച്ച്, മുമ്പ് പോര്‍ച്ചുഗീസുകാരുടെ അധീനതയിലുണ്ടായിരുന്ന ഭൂമി മുഴുവന്‍ ഡച്ചുകാര്‍ക്ക് ലഭിച്ചു. കൊച്ചിരാജാവ് ഡച്ചുകാരുടെ സംരക്ഷണം സ്വീകരിക്കുകയും രാജ്യത്തിന്റെമേല്‍ അവര്‍ക്കുള്ള കോയ്മാവകാശം അംഗീകരിക്കുകയും ചെയ്തു. അതിനുപകരം ഡച്ചുകാര്‍ ശത്രുക്കളുടെ ആക്രമണത്തില്‍ നിന്ന് കൊച്ചിരാജ്യത്തെ രക്ഷിക്കാമെന്ന് ഉറപ്പുനല്കുകയും ചെയ്തു. ഡച്ചുകാര്‍ കൊച്ചിപ്പട്ടണത്തിലും തീരപ്രദേശങ്ങളിലും താമസിക്കുന്ന എല്ലാ ക്രിസ്ത്യാനികളും ഡച്ചുകമ്പനിയുടെ സംരക്ഷണത്തിലും അധികാരസീമയിലും ആയിരിക്കണമെന്നു നിശ്ചയിച്ചു. എല്ലാ ജസ്യൂട്ട് പാതിരിമാരെയും മറ്റു യൂറോപ്യന്‍ പാതിരിമാരെയും കൊച്ചിയില്‍ നിന്ന് പുറത്താക്കണമെന്നും കമ്പനിയുടെ മുന്‍കൂട്ടിയുള്ള അനുവാദം കൂടാതെ കൊച്ചിരാജാവ് യാതൊരു കത്തോലിക്കാ പുരോഹിതനെയും കൊച്ചിയില്‍ പ്രവേശിക്കാന്‍ പാടില്ലെന്നും നിശ്ചയം ചെയ്തു. ഡച്ചുകാരുമായുള്ള സഖ്യംകൊണ്ട് ശക്തിയാര്‍ജിച്ച രാജാവിനോട് സൗഹാര്‍ദബന്ധം പുലര്‍ത്താന്‍ പല സ്വരൂപികളും മുന്നോട്ടുവന്നു. പുറക്കാട്, വടക്കുംകൂര്‍, ആലങ്ങാട് (മങ്ങാട്) മുതലായ സ്വരൂപികള്‍ ഡച്ചുകമ്പനിയുടെ സംരക്ഷണം അംഗീകരിച്ചുകൊണ്ടും കൊച്ചിരാജാവുമായി സ്നേഹബന്ധം വാഗ്ദാനം ചെയ്തുകൊണ്ടും കരാറുകളില്‍ ഏര്‍പ്പെട്ടു. 1674 ഡി. 3-ന് ഡച്ചുകാര്‍ കൊച്ചിയിലെ മിക്ക ഇടപ്രഭുക്കന്മാരുമായി ഉടമ്പടിയുണ്ടാക്കിയതോടുകൂടി കൊച്ചി പരിപൂര്‍ണമായും ഡച്ചുകാരുടെ ചൊല്‍പ്പടിയിലായി. 1678 മേയ് 1-ന് കൊച്ചിരാജാവും ഡച്ചുകാരും തമ്മില്‍ ഒരു പുതിയ കരാറുണ്ടായി. അതനുസരിച്ച് രാജാവിന് പ്രധാനമന്ത്രിയെ നിയമിക്കാനുള്ള അധികാരം പോലും ഡച്ചുകാരുടെ അനുമതിയോടുകൂടിയേ വിനിയോഗിക്കാന്‍ പാടുള്ളൂ എന്നായി. ഈ ഉടമ്പടിയോടുകൂടി കൊച്ചിരാജാവ് ഡച്ചുകാരുടെ വെറുമൊരു പാവയായിത്തീര്‍ന്നു.
കൊച്ചി യുദ്ധം
1701-ല്‍ കോഴിക്കോട് സാമൂതിരി കൊച്ചിയോടു യുദ്ധം പ്രഖ്യാപിച്ചു. ഒമ്പതുകൊല്ലം നീണ്ടുനിന്ന ഈ യുദ്ധത്തില്‍ ഡച്ചുകാര്‍ കൊച്ചിയുടെ പക്ഷത്തുനിന്ന് സാമൂതിരിയുമായി യുദ്ധം ചെയ്തു. ഈ യുദ്ധം 1710-ലുണ്ടായ ഉടമ്പടിമൂലമാണ് അവസാനിച്ചത്.
കൊച്ചി രാജാക്കന്മാര്‍
ഉണ്ണി രാമന്‍ കോയില്‍ II (1503-37). ഇദ്ദേഹത്തിന്റെ കാലത്താണ് പോര്‍ച്ചുഗീസുകാര്‍ കൊച്ചിയില്‍ അവരുടെ ആധിപത്യത്തിനു അടിത്തറപാകിയത്. 1505-ല്‍ പോര്‍ച്ചുഗീസ് വൈസ്രോയി ഫ്രാന്‍സിസ് ഡി അല്‍മൈഡ കൊച്ചിയില്‍ എത്തി. കിരീടാവകാശം ഇളയ താവഴിയില്‍പ്പെട്ട വ്യക്തികള്‍ക്കാണ് എന്ന വ്യവസ്ഥ ഉണ്ണിരാമന്‍ കോയില്‍ 11-ന്റെ കാലത്താണ് നിലവില്‍ വന്നത്.
വീര കേരള വര്‍മ (1537-65). ഗംഗാധര വീര കേരളന്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന രാജാവായിരുന്നു വീരകേരളവര്‍മ. 1542-ല്‍ ഇദ്ദേഹത്തിന്റെ കാലത്താണ് സെന്റ് സേവ്യര്‍ കേരളത്തില്‍ (കൊച്ചിയില്‍!) എത്തിയത്. 1549ല്‍ പോര്‍ച്ചുഗീസ് ഗവര്‍ണര്‍ പള്ളുരുത്തി ക്ഷേത്രം കൊള്ളയടിച്ചു. 1555ല്‍ വീര കേരളവര്‍മ മഹാരാജാവിന്റെ കാലത്താണ് പോര്‍ച്ചുഗീസുകാര്‍ മട്ടാഞ്ചേരി കൊട്ടാരം പണിതത്. ഡച്ചുകാര്‍ പിന്നീടത് പുതുക്കി പണിതതുകൊണ്ടാണ് മട്ടാഞ്ചേരി പാലസ് എന്ന പേരിലറിയപ്പെടുന്നത്. 1565 ഫെബ്രുവരിയില്‍ അദ്ദേഹം കൊല്ലപ്പെട്ടു.
കേശവ രാമവര്‍മ (1565-1601). പോര്‍ച്ചുഗീസ് ഭരണ കാലഘട്ടത്തിലെ പ്രശസ്തനായ ഭരണാധികാരിയായിരുന്നു കേശവ രാമവര്‍മ. 1567-ല്‍ ഇദ്ദേഹത്തിന്റെ കാലത്താണ് കൊച്ചിയില്‍ ജൂതന്മാര്‍ താമസമുറപ്പിച്ചത്. മട്ടാഞ്ചേരി പാലസിനരികെ ഒരു ജൂതത്തെരുവും ഉണ്ടാക്കി. തിരുമല ദേവസ്വം തുടങ്ങാനായി മട്ടാഞ്ചേരിയില്‍ കൊങ്കിണികള്‍ക്ക് സ്ഥലവും അനുവദിച്ചു.
വീര കേരളവര്‍മ (1601-15). 1609-ല്‍ വീര കേരളവര്‍മ രാജാവിന്റെ ഭരണകാലത്താണ് ആദ്യത്തെ ബ്രിട്ടീഷ് കപ്പല്‍ കൊച്ചിയിലെത്തിയത്. ഇട്ടികുമാര മേനോനെ വധിച്ച് മതിലകം പിടിച്ചടക്കിയത് ഇദ്ദേഹമാണ്.
രവിവര്‍മ (1615-24). 1615 മുതല്‍ 24 വരെ ഭരിച്ചിരുന്ന രവിവര്‍മ രാജാവിന്റെ ഭരണകാലം പ്രത്യേകതകള്‍ ഒന്നുമില്ലാത്ത ഒരു കാലഘട്ടമായിരുന്നു. 1624-ല്‍ രവിവര്‍മ രാജാവ് ഇഹലോകവാസം വെടിഞ്ഞു.
വീര കേരളവര്‍മ (1624-37). മതിലകം അങ്ങാടി പിടിച്ചെടുത്തതാണ് ഇദ്ദേഹത്തിന്റെ കാലത്തെ ഒരു പ്രധാന സംഭവം. 1937 ജൂലാ. 11-ന് അദ്ദേഹം അന്തരിച്ചു.
ഗോദവര്‍മ (1637-45). ഇദ്ദേഹത്തിന്റെ കാലത്ത് മുരിങ്ങൂര്‍ താവഴി ഇളയ താവഴിയുമായി കൂടിച്ചേര്‍ന്നു. മൂത്ത താവഴിയില്‍ നിന്നും പള്ളുരുത്തി താവഴിയില്‍ നിന്നും ഇളയ താവഴിയിലേക്ക് ദത്തെടുത്തിരുന്നു. വീര കേരളവര്‍മയുടെ ഇളയ സഹോദരനാണ് ഗോദവര്‍മ രാജാവ്.
വീര രായിരവര്‍മ (1645-46). വീര കേരളവര്‍മയുടേയും ഗോദവര്‍മയുടേയും സഹോദരനായിരുന്നു വീര രായിരവര്‍മ. ഇദ്ദേഹത്തിന്റെ മരണത്തോടെ ഇളയ താവഴിയില്‍ ആണ്‍ സന്തതികള്‍ ഇല്ലാതായി.
വീര കേരളവര്‍മ്മ (1645-50). ഇളയ താവഴിയില്‍ ആണ്‍ സന്തതികള്‍ ഇല്ലാതായപ്പോള്‍ പള്ളുരുത്തി താവഴിയില്‍ നിന്നും ഗോദവര്‍മ രാജാവിന്റെ കാലത്ത് ദത്തെടുത്തതാണ് വീര കേരളവര്‍മ രാജാവിനെ.
രാമവര്‍മ (1650-56). ചാഴിയൂരില്‍ നിന്നും ദത്തെടുത്ത രാമവര്‍മയാണ് 1650 മുതല്‍ 1656 വരെ കൊച്ചി ഭരിച്ചത്. 1656-ല്‍ അദ്ദേഹം അന്തരിച്ചു.
റാണി ഗംഗാധര ലക്ഷ്മി (1656-58). രാമവര്‍മയുടെ മരണ ശേഷം വലിയമ്മ തമ്പുരാന്‍ റീജന്റ് ആയി ഭരണം ഏറ്റെടുത്തു. റാണി ഗംഗാധര ലക്ഷ്മിയാണ് കൊച്ചി രാജ്യം ഭരിച്ച ഏക വനിത. വെട്ടത്തുനാട്ടില്‍ നിന്നും അയിരൂരില്‍ നിന്നും അഞ്ച് ആണ്‍കുട്ടികളെ അവര്‍ ദത്തെടുത്തു. അതില്‍ ഏറ്റവും പ്രായമുള്ള ഉണ്ണി രാമവര്‍മ 1658-ല്‍ മഹാരാജാവായി സ്ഥാനമേറ്റു.
രാമവര്‍മ (1658-62). വെട്ടത്തുനാട്ടില്‍ നിന്നും റാണി ഗംഗാധര ലക്ഷ്മി ദത്തെടുത്ത ആണ്‍കുട്ടികളില്‍ ഏറ്റവും മുതിര്‍ന്ന ആളാണ് രാമവര്‍മ. രാജ്യഭരണം നിഷേധിച്ചതിനാല്‍ മൂത്ത താവഴിയിലെ വീര കേരളവര്‍മ രാജ്യം വിട്ടു. രാജ്യഭരണം നേടിയെടുക്കാനുള്ള (ഏറ്റുമുട്ടലിനിടയില്‍) മത്സരങ്ങള്‍ക്കിടയില്‍ രാമവര്‍മ മഹാരാജാവും ചാഴിയൂര്‍ രാജ്യത്തില്‍ നിന്നു ദത്തെടുത്ത വീര കേരളവര്‍മയും മട്ടാഞ്ചേരി പാലസിനടുത്തു വച്ച് കൊല്ലപ്പെട്ടു.
ഗോദവര്‍മ (1662-63). രാമവര്‍മ കൊല്ലപ്പെട്ടതിനു ശേഷം ഗോദവര്‍മ കൊച്ചി രാജാവായി. 1663 ജനുവരിയില്‍ ഡച്ചുകാര്‍ കൊച്ചി കൊട്ടാരം പിടിച്ചെടുത്തു. ഗോദവര്‍മ ഡച്ചുകാര്‍ക്കു കീഴടങ്ങുകയും ചെയ്തു. രാമവര്‍മ മഹാരാജാവിന്റെ കീഴടങ്ങലോടെ കൊച്ചിയിലെ പോര്‍ച്ചുഗീസുകാരുടെ ആധിപത്യം അവസാനിച്ചു.
ഈ കാലഘട്ടത്തില്‍ സാമൂതിരിയുമായും തിരുവിതാംകൂറുമായും പല യുദ്ധങ്ങള്‍ നടന്നു. ഡച്ചുകാരും തിരുവിതാംകൂര്‍ മഹാരാജാവുമായി നടന്ന യുദ്ധത്തില്‍ അവസാനം ഡച്ചുകാര്‍ പരാജയപ്പെട്ടതോടുകൂടി 1753 ആഗ. 15-ന് ഡച്ചുകാരും തിരുവിതാംകൂറും തമ്മില്‍ നടന്ന ഉടമ്പടി നിമിത്തം ഡച്ചുകാര്‍ക്ക് കേരളത്തിലുണ്ടായിരുന്ന മേല്‍ക്കോയ്മ അവസാനിച്ചു. അങ്ങനെയാണ് കൊച്ചിരാജ്യം ഡച്ചുമേധാവിത്വത്തില്‍നിന്ന് വിമോചിതമായത്. 1761 ഡിസംബറില്‍ തിരുവിതാംകൂറും കൊച്ചിയും തമ്മില്‍ ഒരു ഉടമ്പടിയുണ്ടായി. അതനുസരിച്ച് കൊച്ചിയും തിരുവിതാംകൂറുമായി ശാശ്വതസ്നേഹത്തില്‍ കഴിയാമെന്നും തിരുവിതാംകൂര്‍ പിടിച്ചടക്കിയ രാജ്യങ്ങളിന്മേല്‍ കൊച്ചി, മേലില്‍ യാതൊരവകാശവും ഉന്നയിക്കുകയില്ല എന്നും പുറക്കാട്, തെക്കുംകൂര്‍, വടക്കുംകൂര്‍ എന്നീ സ്വരൂപങ്ങളിലെ മുന്‍നാടുവാഴികളുമായി യാതൊരു ബന്ധവും ഉണ്ടായിരിക്കുകയില്ലെന്നും കൊച്ചി ഉറപ്പുനല്കി. ഈ സന്ധിയിലെ വ്യവസ്ഥകള്‍ അനുസരിച്ച് തിരുവിതാംകൂര്‍ സൈന്യം കൊച്ചിയില്‍ കൈയേറ്റം നടത്തിയിരുന്ന സാമൂതിരിയുടെ നേര്‍ക്ക് യുദ്ധത്തിനു പുറപ്പെടുകയും എട്ടുമാസം നീണ്ടുനിന്ന ഈ യുദ്ധത്തില്‍ സാമൂതിരിയുടെ സൈന്യത്തെ കൊച്ചിയുടെ വടക്കേ അതിര്‍ത്തിയില്‍നിന്ന് തുരത്തുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് സാമൂതിരിയും തിരുവിതാംകൂറും തമ്മില്‍നടന്ന ഉടമ്പടിയുടെ ഫലമായി കൊച്ചിയും കോഴിക്കോടും തമ്മില്‍ നടന്നിരുന്ന നീണ്ട സമരത്തിന് അന്ത്യവിരാമമിട്ടു. 1814-ല്‍ പാരിസില്‍ വച്ചുണ്ടായ തത്കാല ഉടമ്പടിയനുസരിച്ച് ഡച്ച് ഈസ്റ്റിന്ത്യാക്കമ്പനി വകയായ കൊച്ചിക്കോട്ടയും അതിന്റെ 'കിഴേടങ്ങളും' ഡച്ചുകാര്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിന് വിട്ടുകൊടുത്തതോടുകൂടി കൊച്ചിയുടെ മേല്‍ക്കോയ്മാവകാശം മുഴുവനും ബ്രിട്ടീഷുകാര്‍ക്കു സിദ്ധിച്ചു. അതുമുതല്‍ കൊച്ചിരാജ്യം ബ്രിട്ടീഷ് ഗവണ്‍മെന്റിനു കീഴടങ്ങി. 1782-ല്‍ ഹൈദരാലിയുടെ പിന്‍ഗാമിയായി മൈസൂര്‍ ഭരണാധികാരം നേടിയ അദ്ദേഹത്തിന്റെ പുത്രന്‍ ടിപ്പുസുല്‍ത്താന്‍ ആദ്യഘട്ടത്തില്‍ കൊച്ചിയെ ഉപദ്രവിച്ചില്ല. എന്നാല്‍ തിരുവിതാംകൂര്‍ പിടിച്ചടക്കാനുള്ള തന്റെ ഉന്നം സാധിക്കുന്നതിന് കൊച്ചി ഒരു കരുവായിത്തീരാന്‍ വിസമ്മതിച്ചതിനാല്‍ കൊച്ചിയോട് ടിപ്പുവിനു കടുത്ത വിദ്വേഷമുണ്ടായി. 1789 ഒക്ടോബറില്‍ ഇദ്ദേഹം ഒരു വമ്പിച്ച പടയോട്ടം നടത്തി. മാര്‍ഗമധ്യേ തൃശൂരില്‍ തങ്ങി വടക്കുന്നാഥക്ഷേത്രത്തില്‍ ടിപ്പുവിന്റെ സൈന്യം താവളമടിച്ചുവെങ്കിലും മൈസൂരിലുണ്ടായ ആക്രമണങ്ങളെത്തുടര്‍ന്ന് ഇവര്‍ക്ക് തിരികെ പോകേണ്ടിവന്നു.
ശക്തന്‍തമ്പുരാന്റെ ഭരണകാലം. കൊച്ചി രാജ്യചരിത്രത്തിലെ ആധുനിക കാലഘട്ടത്തിന്റെ സ്രഷ്ടാവ് 1790 മുതല്‍ 1805 വരെ രാജ്യം ഭരിച്ച രാമവര്‍മ ശക്തന്‍ തമ്പുരാനാണെന്നു പറയാം. അദ്ദേഹം എല്ലാംകൊണ്ടും ശക്തനായ ഒരു രാജാവായിരുന്നു. ഇരുപതുകൊല്ലത്തോളം മുന്‍രാജാക്കന്മാരുടെ പ്രതിപുരുഷനായും പതിനാറു കൊല്ലത്തോളം മഹാരാജാവായും ഇദ്ദേഹം കൊച്ചിരാജ്യത്തിന്റെ ഭാഗധേയങ്ങള്‍ നിര്‍ണയിച്ചിരുന്നു. ഇദ്ദേഹത്തിന് ബാഹ്യമായും ആഭ്യന്തരമായും പല പ്രശ്നങ്ങളെയും അഭിമുഖീകരിക്കേണ്ടിവന്നു. നാടുവാഴി പ്രഭുത്വം രാജാധികാരത്തെ വിഗണിച്ചും രാജനീതിയെ വെല്ലുവിളിച്ചും നാടാകെ അരാജകത്വം സൃഷ്ടിച്ചിരുന്നു. ബാഹ്യമായി ഹൈദരാലിയുടെയും ടിപ്പുസുല്‍ത്താന്റെയും ആക്രമണഭീഷണിയെ ഇദ്ദേഹത്തിന് നേരിടേണ്ടിവന്നു. അയല്‍രാജ്യമായ തിരുവിതാംകൂറിന്റെ വര്‍ധിച്ചുവരുന്ന ശക്തിയും ഒരു ഭീഷണിയായിരുന്നു. സര്‍ക്കാരിന്റെ സാമ്പത്തികസ്ഥിതി അത്യന്തം ശോചനീയമായിരുന്നു. ഈ പ്രശ്നങ്ങളെല്ലാം ഇദ്ദേഹം ഭരണനൈപുണ്യവും അനിതരസാധാരണമായ ധൈര്യവും കൊണ്ട് പരിഹരിച്ച് നാശഗര്‍ത്തത്തിലേക്കു താണുപൊയ്ക്കൊണ്ടിരുന്ന രാജ്യത്തെ സമുദ്ധരിച്ച് ആധുനിക കൊച്ചിയുടെ വിധാതാവെന്ന അനശ്വരകീര്‍ത്തിക്കു തികച്ചും അര്‍ഹനായിത്തീര്‍ന്നു. ടിപ്പുസുല്‍ത്താന്റെ ഭീഷണിയെ നേരിടാന്‍ 1791 ജനു. 6-ന് ഇംഗ്ളീഷ് ഈസ്റ്റിന്ത്യാക്കമ്പനിയുമായി ഏര്‍പ്പെട്ട കരാറനുസരിച്ച് ബ്രിട്ടീഷ് മേല്‍ക്കോയ്മയെ അംഗീകരിക്കാനും കൊല്ലന്തോറും കപ്പം കൊടുക്കാനും സമ്മതിക്കേണ്ടിവന്നു. രാജ്യത്തിന്റെ സുരക്ഷിതത്വത്തിന് ഈ കരാറ് അനുപേക്ഷണീയമായിരുന്നു.
ശക്തന്‍ തമ്പുരാന്‍ നിര്‍ഭയമായും പലപ്പോഴും നിര്‍ദയമായും ഭരണം നടത്തി. രാജ്യഭരണരീതിയെ അദ്ദേഹം സമൂലമായി പരിഷ്കരിച്ചു. 'കൊച്ചിയിലെ മാര്‍ത്താണ്ഡവര്‍മ' എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന ശക്തന്‍ തമ്പുരാന്‍ കൊച്ചിയിലെ ഫ്യൂഡലിസ്റ്റ് മാടമ്പിമാരുടെ മേധാവിത്വം അവസാനിപ്പിച്ച് സുശക്തമായ ഒരു ഏകീകൃത കേന്ദ്രഭരണം സ്ഥാപിച്ചു. ഇദ്ദേഹത്തിന്റെ ഭരണം തികച്ചും ഒരു പ്രബുദ്ധ സ്വേച്ഛാധിപത്യമായിരുന്നു. ഇദ്ദേഹത്തെപ്പോലെ വ്യക്തിമുദ്രപതിപ്പിച്ച ഒരു രാജാവ് കൊച്ചി രാജ്യചരിത്രത്തില്‍ വേറെ ഉണ്ടായിട്ടില്ല. 1805 മുതല്‍ 64 വരെ രാജ്യം ഭരിച്ച രാജാക്കന്മാരെല്ലാം മാധ്വ മതക്കാരായിരുന്നു. ശക്തന്‍ തമ്പുരാന്‍ പുറത്താക്കിയിരുന്ന പാലിയത്തച്ചന്മാര്‍ അദ്ദേഹത്തിന്റെ കാലശേഷം വീണ്ടും മന്ത്രിസ്ഥാനത്ത് അവരോധിതരായി. ബ്രിട്ടീഷുകാര്‍ക്കെതിരായുള്ള സ്വാതന്ത്യ്രസമരത്തില്‍ തിരുവിതാംകൂറിലെ വേലുത്തമ്പിദളവയ്ക്ക് കൂട്ടുനിന്ന പാലിയത്തച്ചന് അവസാനം കീഴടങ്ങേണ്ടിവന്നു. 1809 ഫെ. 27-ന് ബ്രിട്ടീഷുകാര്‍ക്ക് കീഴടങ്ങിയ പാലിയത്തച്ചനെ മദ്രാസിലേക്ക് നാടുകടത്തിയ ശേഷം 1812-ല്‍ ബ്രിട്ടീഷുകാരനായ കേണല്‍ മണ്‍റോ കൊച്ചിയിലെ 'ദിവാന്‍' പദം ഏറ്റെടുത്തു.
ബ്രിട്ടീഷ് ഭരണകാലം
1741-ല്‍ കുളച്ചല്‍ യുദ്ധത്തോടെ ഡച്ചുകാരുടെ ആധിപത്യം ഇളകി. തിരുവിതാംകൂര്‍ സൈന്യത്തോട് ഡച്ചുസൈന്യം പരാജയപ്പെട്ടു. പിന്നീട് സാമൂതിരിയില്‍ നിന്നും ഹൈദരാലിയില്‍ നിന്നും പരാജയം ഏറ്റുവാങ്ങിയ ഡച്ചുകാരുടെ പ്രതാപം അവസാനിച്ചു. 1795-ല്‍ കൊച്ചിയിലെ ഡച്ചുകോട്ട ഇംഗ്ലീഷുകാര്‍ കീഴടക്കി. 1791-ല്‍ ബ്രിട്ടീഷും കൊച്ചിയും തമ്മിലുണ്ടായ ഒരു ഉടമ്പടിയിലൂടെയാണ് ബ്രിട്ടീഷ് അധിനിവേശത്തിനു തുടക്കമായത്. ആശുപത്രികള്‍, ഇംഗ്ലീഷ് സ്കൂളുകള്‍, റെയില്‍വേ, തുറമുഖ വികസനം എന്നിങ്ങനെ ഇംഗ്ലീഷുകാര്‍ കൊച്ചിക്കു നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്. ഫോര്‍ട്ടുകൊച്ചിയില്‍ മുനിസിപ്പാലിറ്റിയുണ്ടാക്കി സ്വയംഭരണത്തിന് തുടക്കമിട്ടത് ഇംഗ്ലീഷുകാരാണ്. നിരവധി ബാങ്കുകളും അവരുടെ സംഭാവനയായുണ്ട്.
കൊച്ചി ഭരിച്ച ദിവാന്മാര്‍
മണ്‍റോവിന്റെ ഭരണകാലം കൊച്ചി രാജ്യചരിത്രത്തില്‍ ഒരു പുതുയുഗപ്പിറവിയായിരുന്നു. കൊച്ചിയിലെ ആദ്യത്തെ 'ദിവാന്‍' ആയ (അതിനു മുമ്പുള്ള ഉദ്യോഗപ്പേര്‍ 'വലിയ സര്‍വാധികാര്യക്കാര്‍' എന്നായിരുന്നു.) മണ്‍റോ 1812 മുതല്‍ 18 വരെ ആ സ്ഥാനത്തില്‍ തുടര്‍ന്നു. ഈ കാലഘട്ടത്തില്‍ ഇദ്ദേഹം പല പരിഷ്കാരങ്ങളും വരുത്തി. രാജ്യത്തുടനീളം നടമാടിയിരുന്ന അരാജകത്വം അവസാനിപ്പിച്ചു. ജനങ്ങള്‍ക്ക് ഉപദ്രവകരമായ പല നികുതികളും നിര്‍ത്തലാക്കി, ഭരണസംവിധാനത്തില്‍ പല മാറ്റങ്ങളും വരുത്തി. 1818 മുതല്‍ 25 വരെ ദിവാനായിരുന്ന നഞ്ചപ്പ കേണല്‍ മണ്‍റോ തുറന്ന പന്ഥാവില്‍ക്കൂടി സഞ്ചരിച്ചു. ജനോപകാരപ്രദമായ പല പരിഷ്കാരങ്ങളും നടപ്പിലാക്കി. ഇദ്ദേഹം സമര്‍ഥനും ജനസമ്മതനുമായ ഒരു ദിവാനായിരുന്നു. 1825 മുതല്‍ 30 വരെ ദിവാനായിരുന്ന വെങ്കിടസുബ്ബയ്യര്‍ രാജ്യഭരണസമ്പ്രദായം ബ്രിട്ടീഷ് മാതൃകയില്‍ ഉടച്ചുവാര്‍ത്തു. 1840 മുതല്‍ 56 വരെ കൊച്ചി ദിവാനായിരുന്ന ശങ്കരവാര്യരുടെ ഭരണകാലം കൊച്ചി രാജ്യചരിത്രത്തില്‍ ഉജ്ജ്വലമായ ഒരു അധ്യായമായിരുന്നു. ജനങ്ങള്‍ക്ക് ഉപകാരപ്രദമായ പല മരാമത്തുപണികളും ഇദ്ദേഹത്തിന്റെ കാലത്തുനടന്നു. ഇദ്ദേഹം 1854-ല്‍ പുലയര്‍, പറയര്‍ മുതലായ വര്‍ഗത്തെ അടിമകളായി വ്യാപരിച്ചുപോന്ന അടിമസമ്പ്രദായം നിശ്ശേഷം നിര്‍ത്തലാക്കി. 1845-ല്‍ എറണാകുളത്ത് ഒരു ഇംഗ്ലീഷ് സ്കൂള്‍ സ്ഥാപിച്ചു. അതാണ് പിന്നീട് മഹാരാജാസ് കോളജായി വളര്‍ന്നത്. ഇദ്ദേഹം എറണാകുളത്ത് സ്ഥാപിച്ച ധര്‍മാശുപത്രി പിന്നീട് എറണാകുളം ജനറല്‍ ആശുപത്രിയായി വളര്‍ന്നു. ദിവാന്‍ ശങ്കരവാര്യരുടെ പുത്രനായ തോട്ടക്കാട്ടു ശങ്കുണ്ണിമേനോന്‍ 1860 മുതല്‍ 19 വര്‍ഷത്തോളം കൊച്ചി ദിവാനായി രാജ്യം ഭരിച്ചു. ഈ കാലഘട്ടത്തില്‍ രാജ്യത്തിന് സര്‍വതോന്മുഖമായ അഭിവൃദ്ധിയുണ്ടായി. ഇദ്ദേഹം ജനങ്ങള്‍ക്ക് ഗുണകരമായ പല പരിഷ്കാരങ്ങളും വരുത്തി. അതില്‍ പ്രത്യേകം എടുത്തുപറയേണ്ടതാണ് മതിയായ പ്രതിഫലം കൊടുക്കാതെ ജോലി ചെയ്യിക്കുന്ന 'ഊഴിയം' എന്ന ഏര്‍പ്പാടു നിര്‍ത്തലാക്കിയതും അതു ശിക്ഷാര്‍ഹമാക്കിയതും അടിമവ്യാപാരം കുറ്റകരമാക്കിയതും. 1879 മുതല്‍ 89 വരെ ദിവാനായിരുന്ന തോട്ടക്കാട്ടു ഗോവിന്ദമേനോന്‍ ജ്യേഷ്ഠനായ ശങ്കുണ്ണിമേനോന്റെ മാര്‍ഗത്തില്‍ക്കൂടി സഞ്ചരിച്ച ശക്തനായ ഒരു ദിവാനായിരുന്നു. ഇദ്ദേഹത്തിന്റെ ഭരണകാലത്ത് മുഖ്യമായി നടന്നത് തിരുവിതാംകൂറും കൊച്ചിയും തമ്മില്‍ അനേകകാലം നിലനിന്നിരുന്ന അതിര്‍ത്തിത്തര്‍ക്കം അവസാനിപ്പിച്ചതാണ്. ഇരിങ്ങാലക്കുട, എളങ്കുന്നപ്പുഴ, പെരുവനം എന്നീ ക്ഷേത്രങ്ങളുടെ ഭരണത്തെ സംബന്ധിച്ച് തിരുവിതാംകൂറുമായുണ്ടായിരുന്ന തര്‍ക്കങ്ങള്‍ അവസാനിപ്പിച്ചതും ഇദ്ദേഹമാണ്. 1895 മുതല്‍ 1914 വരെ കൊച്ചി രാജാവായിരുന്ന രാമവര്‍മയുടെ ഭരണകാലത്ത് ഭരണസാരഥ്യം വഹിക്കാന്‍ സമര്‍ഥന്മാരായ പലരും ദിവാന്മാരായിരുന്നിട്ടുണ്ട്. 1896 മുതല്‍ 1901 വരെ പി. രാജഗോപാലാചാരി ദിവാനായി. അദ്ദേഹം പുരോഗമനോന്മുഖമായ പല പരിഷ്കാരങ്ങളും നടപ്പിലാക്കി. 1902 മുതല്‍ 07 വരെ ദിവാനായ പട്ടാഭിരാമറാവുവിനെത്തുടര്‍ന്ന് 1907 മുതല്‍ 14 വരെ സമര്‍ഥനായ എ.ആര്‍. ബാനര്‍ജി ദിവാനായിരുന്നു. ഇദ്ദേഹം പല ഭരണപരിഷ്കാരങ്ങളും വരുത്തി. ബാനര്‍ജി ടൗണ്‍ കൗണ്‍സിലുകള്‍ സംഘടിപ്പിച്ച് തദ്ദേശസ്വയംഭരണത്തിന്റെ പ്രാരംഭം കുറിച്ചു. അദ്ദേഹത്തിന്റെ പിന്‍ഗാമി ജെ. ഡബ്ള്യു. ഭോര്‍ ആയിരുന്നു. 1914-ല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റുമായുള്ള അഭിപ്രായവ്യത്യാസം നിമിത്തം രാമവര്‍മ രാജാവ് സ്ഥാനത്യാഗം ചെയ്തു. ഇദ്ദേഹത്തിന്റെ രാജവാഴ്ചക്കാലത്ത് രാജ്യത്തിന് സര്‍വതോന്മുഖമായ അഭിവൃദ്ധിയുണ്ടായി. 1919 മുതല്‍ 22 വരെ ടി. രാഘവയ്യ ദിവാനായിരുന്നു. ഇദ്ദേഹം പുരോഗമനപരമായ പല പരിഷ്കാരങ്ങളുടെയും കര്‍ത്താവായിരുന്നു. അധഃസ്ഥിതരുടെ ഉദ്ധാരണത്തിന് വ്യക്തമായ ഒരു നയം ആവിഷ്കരിച്ചത് ഇദ്ദേഹമാണ്. ഇദ്ദേഹത്തിനു ശേഷം 1925 മുതല്‍ 30 വരെ ദിവാന്‍ സ്ഥാനം വഹിച്ച ടി.എസ്. നാരായണയ്യരുടെ ഭരണകാലത്താണ് അനുദ്യോഗസ്ഥ ഭൂരിപക്ഷമുള്ള ഒരു നിയമസഭ ഉദ്ഘാടനം ചെയ്യപ്പെട്ടത്. 1930 മുതല്‍ 35 വരെ സി.ജി. ഹെര്‍ബര്‍ട്ട് ദിവാനായിരുന്നു. ഇദ്ദേഹത്തിന്റെ കാലത്ത് കൊച്ചിതുറമുഖത്തിന്റെ മൂന്നാംഘട്ടം പണി പൂര്‍ത്തിയാക്കി. ധാര്‍മിക ചക്രവര്‍ത്തി എന്ന പേരില്‍ അറിയപ്പെടുന്ന രാമവര്‍മ(1932-41) രാജാവിന്റെ ഭരണകാലത്തെ ഉജ്ജ്വലമാക്കിയത് സര്‍ ഷണ്‍മുഖം ചെട്ടിയുടെ ദിവാന്‍ ഭരണമാണ്. ഇദ്ദേഹം 1935 മുതല്‍ 41 വരെ കൊച്ചി ദിവാനായിരുന്നു. ഇദ്ദേഹത്തിന്റെ ഭരണം കൊച്ചി രാജ്യത്തിന്റെ മുഖച്ഛായ തന്നെ മാറ്റി. സാമ്പത്തികമായും സാമൂഹികമായും ഭരണഘടനാപരമായും എന്നുവേണ്ട എല്ലാ വിധത്തിലും അഭൂതപൂര്‍വമായ പുരോഗതിയുടെ കാലഘട്ടമായിരുന്നു അത്. ഉദ്യോഗനിയമനങ്ങളില്‍ പിന്നോക്ക സമുദായങ്ങള്‍ക്കു പ്രാതിനിധ്യം വ്യവസ്ഥ ചെയ്തുകൊണ്ട് സ്റ്റാഫ് സെലക്ഷന്‍ ബോര്‍ഡിന്റെ സ്ഥാപനം ദൂരവ്യാപകമായ ഫലമുളവാക്കിയ വിപ്ലവകരമായ ഒരു പരിഷ്കാരമായിരുന്നു. കൊച്ചിയിലെ ഉത്തരവാദഭരണത്തിന്റെ പുരോഗതിയില്‍ സുപ്രധാനമായ ഒരു നാഴികക്കല്ലാണ്, ഏതാനും വകുപ്പുകള്‍ ഒരു ജനകീയമന്ത്രിയുടെ കീഴിലാക്കിയ ദ്വിഭരണസമ്പ്രദായം (Dyarchy) നടപ്പിലാക്കിക്കൊണ്ട് ഭരണഘടനാപരമായി വരുത്തിയ പരിഷ്കാരം. 1941 ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ കോമാട്ടില്‍ അച്യുതമേനോന്‍ ദിവാനായിരുന്നു. 1941 ഒക്ടോബര്‍ മുതല്‍ 43 നവംബര്‍ വരെ എ.എഫ്.ഡബ്ലിയു . നിക്സണ്‍ ദിവാന്‍ സ്ഥാനം വഹിച്ചു. ഇതു രണ്ടാം ലോകയുദ്ധത്തിന്റെ കാലമായിരുന്നതിനാല്‍ ദിവാന്റെ ശ്രദ്ധ മുഖ്യമായും യുദ്ധപരിശ്രമങ്ങളിലായിരുന്നു. 1941 മുതല്‍ 46 വരെ രാജാവായിരുന്ന കേരളവര്‍മ 'മിടുക്കന്‍ തമ്പുരാന്‍' എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. 1943 നവംബര്‍ മുതല്‍ 44 ആഗസ്റ്റുവരെ സര്‍ ജോര്‍ജ് ബോഗാണ് ദിവാനായിരുന്നത്. അദ്ദേഹത്തിന്റെ പിന്‍ഗാമിയായി ദിവാന്‍സ്ഥാനമേറ്റത് സി.പി. കരുണാകരമേനോനാണ്. കൊച്ചിരാജ്യത്തിലെ ഏറ്റവും ഒടുവിലത്തെ ദിവാനായിരുന്നു അദ്ദേഹം. 1946 മുതല്‍ 48 വരെ കൊച്ചിരാജ്യത്തെ രാജാവ് കേരളവര്‍മയായിരുന്നു. 1947 ഏപ്രിലില്‍ തൃശൂരില്‍ വച്ചുനടന്ന ഐക്യസമ്മേളനത്തില്‍ കേരളവര്‍മ രാജാവ് സന്നിഹിതനായിരുന്നു. ഐക്യകേരള സ്ഥാപനത്തിന് അനുകൂലമായി അദ്ദേഹം പ്രസംഗിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഭരണകാലത്ത് സുപ്രധാനമായ ഭരണഘടനാമാറ്റങ്ങള്‍ ഉണ്ടായി. ഇന്ത്യയ്ക്കു സ്വാതന്ത്യ്രം ലഭിക്കുമ്പോള്‍ ഇദ്ദേഹമായിരുന്നു കൊച്ചി രാജാവ്.
കൊച്ചിയും ഇന്ത്യന്‍ സ്വാതന്ത്ര്യസമരവും
കൊച്ചി രാജ്യത്തെ ആദ്യകാല രാഷ്ട്രീയപ്രവര്‍ത്തനങ്ങളുടെ കേന്ദ്രം തൃശൂരായിരുന്നു. മിതവാദിയായ ഗോപാലകൃഷ്ണഗോഖലെയുടെ മരണശേഷം ഗോഖലെ സ്മാരകസംഘം എന്നൊരു സംഘടന അവിടെ രൂപീകരിക്കപ്പെടുകയുണ്ടായി. ഒന്നാം ലോകയുദ്ധകാലത്ത് ആനിബസന്റിന്റെ ഹോംറൂള്‍ ലീഗിന്റെ ഒരു ശാഖയും അവിടെ പ്രവര്‍ത്തിച്ചുതുടങ്ങിയിരുന്നു. സമകാലീന രാഷ്ട്രീയപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനായി സി.പി. അച്യുതമേനോന്റെയും ടി.ആര്‍. രാമചന്ദ്രയ്യരുടെയും നേതൃത്വത്തില്‍ കൊച്ചി മഹാജനസഭയെന്ന മറ്റൊരു സംഘടനയും അവിടെ നിലവില്‍ വന്നു. അവര്‍ രാജ്യഭരണത്തില്‍ ജനങ്ങള്‍ക്ക് കൂടുതല്‍ പങ്കാളിത്തം വേണമെന്ന ആവശ്യം ഉന്നയിച്ചു. 1919-ല്‍ കോണ്‍ഗ്രസ് കമ്മിറ്റികള്‍ തൃശൂരും എറണാകുളത്തും പ്രവര്‍ത്തിച്ചുതുടങ്ങി. ഇക്കണ്ടവാര്യര്‍, നാരായണമേനോന്‍, പാലിയത്ത് ചെറിയ കുഞ്ഞുണ്ണി അച്ചന്‍ എന്നിവരായിരുന്നു പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍. 1920-ലെ നാഗ്പൂര്‍ കോണ്‍ഗ്രസിനു ശേഷമാണ് കെ.പി.സി.സി. രൂപീകൃതമായത്. മൂത്തേടത്ത് നാരായണമേനോനായിരുന്നു കൊച്ചി കമ്മിറ്റിയുടെ സെക്രട്ടറി. 1925-ല്‍ കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട് പ്രസിഡന്റായി. നിസ്സഹകരണ പ്രസ്ഥാനത്തിനും ഖിലാഫത്തിനും കൊച്ചിയില്‍ നേരിയ ചലനമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നു. സ്വരാജിനു വേണ്ടിയുള്ള പ്രസ്ഥാനത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ ക്ലാസുകള്‍ ബഹിഷ്കരിച്ചു. മലബാറില്‍ യാക്കൂബ് ഹസ്സനെയും മറ്റു കോണ്‍ഗ്രസ് നേതാക്കളെയും അറസ്റ്റു ചെയ്തതിനെതിരെ തൃശൂരില്‍ പ്രതിഷേധയോഗങ്ങള്‍ ചേര്‍ന്നു. കൊച്ചി സര്‍ക്കാര്‍ പൊതുയോഗങ്ങള്‍ നിരോധിക്കുകയും കുറൂരിനെയും നാരായണമേനോനെയും അറസ്റ്റു ചെയ്യുകയും ചെയ്തു. നിരോധനം ലംഘിച്ചതിന് അവരെ ആറുമാസത്തേക്ക് ശിക്ഷിച്ചു.
നിരോധനകാലത്ത് കോണ്‍ഗ്രസുകാര്‍ ഗാന്ധിജിയുടെ ദേശീയ പുനരുദ്ധാരണ പരിപാടികളില്‍ മുഴുകി. ഖാദി പ്രചരിപ്പിക്കുകയും ഹിന്ദിപാഠം പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമെന്ന നിലയില്‍ നൂല്‍നൂല്‍പ്പും നെയ്ത്തും പ്രചരിപ്പിച്ചു. നാട്ടിലുടനീളം ഹിന്ദിവിദ്യാലയങ്ങള്‍ തുറന്നു. പിന്നാക്ക സമുദായങ്ങളുടെ ദുരവസ്ഥ പരിഹരിക്കുന്നതിന് ഹരിജന്‍ സേവാസംഘം ഒട്ടേറെ നടപടികള്‍ സ്വീകരിക്കുകയും തൊട്ടുകൂടായ്മക്കെതിരെ പ്രചാരണം തുടങ്ങുകയും ചെയ്തു.
സൈമണ്‍ കമ്മിഷന്റെ സന്ദര്‍ശനത്തിനെതിരെ ബഹുജനറാലികള്‍ നടന്നു. സമരത്തില്‍ വിദ്യാര്‍ഥികളും തൊഴിലാളികളും സജീവമായി പങ്കെടുത്തു. 1928-ല്‍ എറണാകുളത്തു നടന്ന ജനകീയ സമ്മേളനത്തില്‍ പഞ്ചാബ് സിംഹമെന്ന് അറിയപ്പെട്ടിരുന്ന ലാലാ ലജ്പത്റായ് ആയിരുന്നു വിശിഷ്ടാതിഥി. മഹാത്മാ ഗാന്ധിയുടെയും ജവാഹര്‍ലാല്‍ നെഹ്റുവിന്റെയും സന്ദര്‍ശനം ജനങ്ങളുടെ മനോവീര്യവും ആത്മവിശ്വാസവും ഉയര്‍ത്തി. കൊച്ചിയില്‍ ഉത്തരവാദഭരണവും ഇന്ത്യയില്‍ പൂര്‍ണസ്വരാജും വേണമെന്ന ആവശ്യം നാട്ടിലെമ്പാടും അലയടിച്ചു. ഐക്യകേരള കുടിയാന്‍ സംഘത്തിന്റെ സമ്മേളനം എറണാകുളത്തു ചേര്‍ന്നു. കുടികിടപ്പവകാശവും ന്യായമായ പാട്ടവും ആവശ്യപ്പെടുന്ന പ്രമേയങ്ങള്‍ സമ്മേളനം പാസ്സാക്കി. കര്‍ഷകത്തൊഴിലാളികളും സ്വന്തം സംഘടനയുണ്ടാക്കി മെച്ചമായ വേതനം ആവശ്യപ്പെട്ടു.
നിസ്സഹകരണ പ്രസ്ഥാനത്തിനും കൊച്ചിരാജ്യത്തില്‍ സ്വാധീനമുളവാക്കാന്‍ കഴിഞ്ഞിരുന്നു. വിദ്യാര്‍ഥികളായിരുന്നു പ്രക്ഷോഭണത്തിന്റെ മുന്‍നിരയില്‍. ഉപ്പുനിയമം ലംഘിക്കുന്നതിന് കോണ്‍ഗ്രസ് സന്നദ്ധഭടന്മാര്‍ കൊച്ചിയില്‍ നിന്ന് പയ്യന്നൂരേക്കും കോഴിക്കോട്ടേക്കും പോയി. നിയമം ലംഘിച്ചതിന് അവരെ ജയിലിലടച്ചു. ഈ കാലത്ത് വിദേശവസ്ത്രം ബഹിഷ്കരിക്കുകയും മദ്യഷാപ്പുകള്‍ പിക്കറ്റു ചെയ്യുകയുമുണ്ടായി. സാമ്പത്തിക തകര്‍ച്ച കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും രൂക്ഷമായി ബാധിച്ചു. കെ.എം. ഇബ്രാഹിമും മത്തായി മാഞ്ഞൂരാനും കുടിയാന്മാരെയും തൊഴിലാളികളെയും സംഘടിപ്പിക്കുകയും കടാശ്വാസ നടപടികള്‍ ആവശ്യപ്പെടുകയും ചെയ്തു. കൊച്ചി രാജ്യത്തിലെ കടാശ്വാസനിയമം ജനങ്ങളെ തകര്‍ച്ചയില്‍നിന്നും രക്ഷിക്കുകയുണ്ടായില്ല. ട്രേഡ് യൂണിയനുകളെ നിരോധിച്ചു. വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി വിദ്യാര്‍ഥികളുടെ ഫീസും മറ്റും സര്‍ക്കാര്‍ ഉയര്‍ത്തി. അത് വിദ്യാര്‍ഥിസമരത്തിലേക്കു നയിച്ചു. വിദ്യാര്‍ഥി നേതാവായ കെ. വേലായുധമേനോനെ നാടുകടത്തി.
1936-ലെ വൈദ്യുതിസമരം ക്രിസ്ത്യാനികളെ ദേശീയ പ്രസ്ഥാനത്തില്‍ തിരികെ കൊണ്ടുവന്നു. തൃശൂര്‍ പട്ടണത്തിലെ വൈദ്യുതിവിതരണം സ്വകാര്യകമ്പനിയെ ഏല്പിക്കാനുള്ള തീരുമാനത്തിനെതിരെയായിരുന്നു ആ സമരം. ദിവാന്‍ ആര്‍.കെ. ഷണ്‍മുഖം ചെട്ടിയുടെ ബന്ധുക്കളുടെ മദ്രാസ് ആസ്ഥാനമായ ചന്ദ്രി കമ്പനിയെയാണ് അതിന് ചുമതലപ്പെടുത്തിയത്. ഇത് ജനങ്ങളില്‍ അമര്‍ഷം ഉളവാക്കി. 'വിദേശകമ്പനി'യുടെ ചൂഷണം ഭയന്ന് തൃശൂരിലെ ജനങ്ങള്‍ തൃശൂര്‍ വൈദ്യുത കോര്‍പ്പറേഷന്‍ എന്നൊരു കമ്പനിക്കു രൂപംകൊടുത്തു. ഈ കമ്പനിക്ക് വൈദ്യുതി വിതരണത്തിനുള്ള അനുവാദം നല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ദിവാന്‍ അത് നിരാകരിച്ചു. ചന്ദ്രി കമ്പനിക്കുതന്നെ വൈദ്യുതിവിതരണം കൊടുത്തതിന്റെ പേരില്‍ ജനങ്ങള്‍ പ്രക്ഷോഭം തുടങ്ങി. സി.ആര്‍. ഇയ്യുണ്ണി, ഡോ. എ.ആര്‍. മേനോന്‍, ഇ. ഇക്കണ്ടവാര്യര്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റു ചെയ്തു. അതോടെ സമരം കലാപമായി മാറി. മഹാരാജാവിന്റെയും ദിവാന്റെയും ദുര്‍ഭരണത്തിനെതിരെ ജനവികാരവും ഉത്തരവാദഭരണത്തിനുവേണ്ടിയുള്ള ആവേശവും ആളിക്കത്തി. താമസിയാതെ ചന്ദ്രിക്കമ്പനി തൃശൂര്‍ വിട്ടുപോയി. വൈദ്യുതിവിതരണം സര്‍ക്കാര്‍ തൃശൂര്‍ മുനിസിപ്പാലിറ്റിയെ ഏല്പിക്കുകയും ചെയ്തു. യഥാര്‍ഥ ആവശ്യങ്ങള്‍ക്കു വേണ്ടിയുള്ള ജനങ്ങളുടെ കലാപത്തെ ചെറുത്തുനില്‍ക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന് ഇത് വീണ്ടും സംശയാതീതമായി തെളിയിച്ചു. 1937 നവംബറില്‍ അഖിലേന്ത്യാ നാട്ടുരാജ്യ ജനകോണ്‍ഫറന്‍സിന്റെ പ്രസിഡന്റായ പട്ടാഭി സീതാരാമയ്യ രാഷ്ട്രീയ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനായി കൊച്ചിയിലെത്തി. കൊച്ചി രാജ്യത്തില്‍ ഉത്തരവാദഭരണം ആവശ്യപ്പെടുന്ന പ്രമേയം സമ്മേളനം പാസ്സാക്കി. തുടര്‍ന്ന് കൊച്ചി രാജ്യപ്രജാമണ്ഡലം, കൊച്ചി സ്റ്റേറ്റ് കോണ്‍ഗ്രസ്, കൊച്ചിന്‍ കോണ്‍ഗ്രസ് എന്നിവയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യസമരത്തിന്റെ ആവേശപ്പോരാട്ടം മുന്നോട്ടുനീങ്ങി. നോ. കൊച്ചി രാജ്യപ്രജാ മണ്ഡലം, കൊച്ചി സ്റ്റേറ്റ് കോണ്‍ഗ്രസ്
തിരു-കൊച്ചി
സംസ്കൃതപണ്ഡിതനായ രാമവര്‍മ പരീക്ഷിത്തു തമ്പുരാന്റെ കാലത്താണ് തിരുവിതാംകൂര്‍ സംയോജനം നടന്ന് കൊച്ചി തിരു-കൊച്ചിയായത് (1949 ജൂല.1). അതോടുകൂടി ഒരു പ്രത്യേക സംസ്ഥാനം എന്ന നിലയില്‍ കൊച്ചിയുടെ നിലനില്‍പ്പ് അവസാനിച്ചു. 1956 ന. 1-ന് കേരളസംസ്ഥാനം സംജാതമായപ്പോള്‍ ഭൂമിശാസ്ത്രപരമായി കൊച്ചിരാജ്യം ഭൂപടത്തില്‍നിന്നു അപ്രത്യക്ഷമായി.
കൊച്ചിരാജ്യചരിത്രത്തിന്റെ ഒരു സംക്ഷിപ്തചരിത്രമാണിത്. തികച്ചും സ്വതന്ത്രമായ ഒരു രാഷ്ട്രം എന്ന നിലയില്‍ കൊച്ചിരാജ്യത്തിന് എന്നെങ്കിലും നിലനില്‍ക്കാന്‍ സാധിച്ചിട്ടുണ്ടോ എന്നത് സംശയമാണ്. രാജ്യത്തിനകത്തുള്ള അനൈക്യവും ഫ്യൂഡല്‍ മാടമ്പിമാരുടെ അധികാരമോഹവും ഭരണാധികാരികളുടെ അതിരുകവിഞ്ഞ സ്വാര്‍ഥതയും പൊതുശത്രുക്കളെ ഫലപ്രദമായി നേരിടാന്‍ കഴിയാത്തവിധം രാജ്യത്തെ ദുര്‍ബലമാക്കിയിരുന്നു.
കൊച്ചി നഗരം
തുറമുഖനഗരമായ കൊച്ചിമഹാനഗരത്തിന്റെ ആകെ വിസ്തീര്‍ണം 73.13 ച.കി.മീ. ആണ്. ഇതില്‍ 9.488 ച.കി.മീ. മാത്രമാണ് നഗരസഭാതിര്‍ത്തിക്കുള്ളില്‍ പെട്ടിട്ടുള്ളത്.
കൊച്ചി പ്രദേശത്തെ നഗരാധിവാസം ആദ്യമായി ആരംഭിച്ചത് മട്ടാഞ്ചേരിയിലായിരുന്നു. പുരാതനകാലം മുതല്‍ക്കുതന്നെ ചീനന്മാരും അറബികളും മട്ടാഞ്ചേരിയുമായി വാണിജ്യബന്ധം പുലര്‍ത്തിയിരുന്നതിനു രേഖകളുണ്ട്. 16-ാം ശതകത്തോടെ യൂറോപ്യന്‍ അധിനിവേശക്കാര്‍ ഈ പട്ടണത്തില്‍ താത്പര്യം കാണിച്ചുതുടങ്ങി. ആദ്യമായി കുടിയേറിയ പോര്‍ച്ചുഗീസുകാര്‍ ഫോര്‍ട്ട്കൊച്ചിയില്‍ കോട്ടയും പണ്ടകശാലകളും സ്ഥാപിച്ചതു കൂടാതെ മതപരവും ഭരണാധികാരപരവുമായ മേല്‍ക്കോയ്മയ്ക്കും ശ്രമിക്കുകയുണ്ടായി. 1663-ല്‍ ഡച്ചുകാര്‍ ഈ പ്രദേശം കൈയടക്കി; മലബാര്‍തീരത്തെ കുരുമുളക് കയറ്റുമതിയുടെ കുത്തക കൈയടക്കുകയായിരുന്നു ലന്തക്കാരുടെ പ്രധാനലക്ഷ്യം. ഈ ലക്ഷ്യപ്രാപ്തിക്കായുള്ള മത്സരം ബ്രിട്ടീഷുകാര്‍, ഫ്രഞ്ചുകാര്‍ എന്നിവരുമായുള്ള തുറന്ന സംഘട്ടനങ്ങള്‍ക്കു കളമൊരുക്കി. 1795-ല്‍ ഈ നഗരത്തിന്റെ ആധിപത്യം ഡച്ചുകാരില്‍നിന്നും ബ്രിട്ടീഷുകാര്‍ കൈക്കലാക്കി. 1866-ല്‍ ഒരു മുനിസിപ്പല്‍ നഗരമായി മാറുകയും ചെയ്തു. ഫോര്‍ട്ടുകൊച്ചി ബ്രിട്ടീഷ് കൊച്ചിയായി മാറിയതിനിടയില്‍ മട്ടാഞ്ചേരി ഒരു വാണിജ്യകേന്ദ്രമായി വളര്‍ന്നുകഴിഞ്ഞിരുന്നു. 1840-ല്‍ മട്ടാഞ്ചേരിയിലെ ജനബാഹുല്യം കണക്കിലെടുത്ത് കൊച്ചി രാജാക്കന്മാര്‍ തങ്ങളുടെ ആസ്ഥാനം എറണാകുളത്തേക്കു മാറ്റുകയും തുടര്‍ന്ന് നഗരാധിവാസം കായലിന്റെ കിഴക്കേതീരത്തുകൂടി വ്യാപിപ്പിക്കുകയും ചെയ്തു. രാജാധിപത്യത്തിന്റെ ചിഹ്നങ്ങളായി നിരവധി വാസ്തുശില്പങ്ങളും പൊതുമന്ദിരങ്ങളും വിദ്യാലയങ്ങളും എറണാകുളം ഭാഗത്ത് ഉയര്‍ന്നുവന്നു. 1905-ല്‍ റെയില്‍ സൗകര്യം എറണാകുളം വരെ നീട്ടുകയുണ്ടായി. 1912-ല്‍ മട്ടാഞ്ചേരിയും 1913-ല്‍ എറണാകുളവും മുനിസിപ്പാലിറ്റികളായി മാറി.
1967-ല്‍ കൊച്ചിനഗരം കോര്‍പ്പറേഷന്റെ പദവി നേടി. കേരളത്തിന്റെ മൂന്ന് നഗരസഭകളില്‍ ഏറ്റവും വലുതാണ് കൊച്ചി. എറണാകുളം, മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി എന്നീ മൂന്നു മുനിസിപ്പാലിറ്റികളും പള്ളുരുത്തി, വെണ്ണല, വൈറ്റില, ഇടപ്പള്ളി എന്നീ പഞ്ചായത്തുകളും ഏകീകരിച്ചാണ് കൊച്ചി നഗരസഭ രൂപവത്കരിച്ചത്.
നഗരപ്രാന്തത്തിലുള്ള കടലും അഴിമുഖവും വൈവിധ്യമാര്‍ന്ന മത്സ്യസമ്പത്തിന്റെ കലവറയാണ്. സസ്യപ്ലവകത്തിന്റെ ആധിക്യംമൂലം വലുതും ചെറുതുമായ നിരവധിയിനം മത്സ്യങ്ങള്‍ ഈ മേഖലയില്‍ നിവസിക്കുന്നു. തുറമുഖസൗകര്യം പ്രകൃതിദത്തമായിട്ടുള്ള കൊച്ചി, സ്വാഭാവികമായും ഒന്നാംകിട മത്സ്യബന്ധനകേന്ദ്രമായി വളര്‍ന്നിരിക്കുന്നു. മീന്‍പിടിത്തം വികസിച്ചതിനെത്തുടര്‍ന്ന് മത്സ്യസംഭരണത്തിനും സംസ്കരണത്തിനുമുള്ള ആധുനികസംവിധാനങ്ങളും ശാലകളും ധാരാളമായി വളര്‍ന്നിട്ടുണ്ട്. സമുദ്രോത്പന്നങ്ങളുടെ കയറ്റുമതിയിലും ഈ തുറമുഖം മുന്‍പന്തിയിലാണ്. വിപണനം ലക്ഷ്യമാക്കി ചെമ്മീനും ഇതരമത്സ്യങ്ങളും ശാസ്ത്രീയമായി വളര്‍ത്തുന്ന നിരവധി കേന്ദ്രങ്ങള്‍ കൊച്ചിയിലും സമീപമേഖലകളിലും വളര്‍ന്നിട്ടുണ്ട്. മത്സ്യം കയറ്റുമതിയില്‍ ഭാരതത്തിലെ ഒന്നാംസ്ഥാനം കൊച്ചിതുറമുഖത്തിനാണ്. സ്വാഭാവികമായും തുറമുഖം കൊച്ചിനഗരത്തിന്റെ മര്‍മസ്ഥാനമായി മാറിയിരിക്കുന്നു. തുറമുഖത്തെ ആശ്രയിച്ച് ചെറുതും വലുതുമായ നിരവധി വ്യവസായങ്ങള്‍ കൊച്ചിമേഖലയില്‍ സ്ഥാപിതമായിട്ടുണ്ട്. തുറമുഖവികസനത്തിന് സമകാലികമായി പള്ളിവാസല്‍ ജലവൈദ്യുതപദ്ധതി പൂര്‍ത്തീകരിക്കപ്പെട്ടത് വ്യവസായങ്ങളുടെ വളര്‍ച്ചയ്ക്ക് ആക്കംകൂട്ടിയ ഘടകമാണ്. നഗരത്തിന്റെ ഉത്തരോത്തരമായ അഭിവൃദ്ധിമൂലം കൊച്ചിയുടെ പ്രാന്തത്തിലുള്ള ചെറുകിട പട്ടണങ്ങളില്‍ മിക്കവയും വ്യവസായകേന്ദ്രങ്ങളും ജനബഹുലങ്ങളുമായി മാറിക്കഴിഞ്ഞിരിക്കുന്നു.
കൊച്ചി നഗരം വളര്‍ന്നിട്ടുള്ളത് വേമ്പനാട്ടുകായലിന്റെ അഴിമുഖത്തിനുചുറ്റുമായാണ്. ഈ പ്രദേശങ്ങളില്‍ ഏറിയഭാഗവും തലങ്ങുംവിലങ്ങുമായുള്ള ചാലുകളും തുരുത്തുകളും ചതുപ്പുകളും ഉള്‍ക്കൊണ്ട താണ നിലങ്ങളായിരുന്നു. സാമാന്യേന ആഴംകൂടിയ ചാലുകള്‍ മുന്‍കാലത്ത് തുറമുഖത്തിലേക്കും തിരികെ ഉള്‍നാട്ടിലേക്കും ചരക്കുകള്‍ നീക്കുന്നതിനുള്ള ജലമാര്‍ഗങ്ങളായി വര്‍ത്തിച്ചു. നിരന്തരമായ മണ്ണിടിച്ചിലിലൂടെ ചതുപ്പുകള്‍ ക്രമേണ നികന്നിട്ടുണ്ട്. ചാലുകള്‍ ആഴം കുറഞ്ഞ് ഉപയോഗശൂന്യമാകുകയും ചെയ്തു. റെയില്‍മാര്‍ഗവും റോഡുമാര്‍ഗവുമുള്ള ഗതാഗതസൗകര്യങ്ങള്‍ വര്‍ധിച്ചതോടെ ജലമാര്‍ഗമുള്ള ചരക്കുനീക്കം ഗണ്യമായി കുറഞ്ഞു. ജനപ്പെരുപ്പംമൂലം പഴയ ചതുപ്പുകളും നിലങ്ങളും ഭവനനിര്‍മാണത്തിനും മറ്റിനം ആവശ്യങ്ങള്‍ക്കുമായി നികത്തിയെടുക്കുന്ന സമ്പ്രദായം വ്യാപകമായി നിലവില്‍ വന്നിരിക്കുന്നു. സമുദ്രനിരപ്പില്‍നിന്നു കേവലം ഒരു മീ. മുതല്‍ 7.5 മീ. വരെ ഉയരത്തിലാണ് നഗരത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും സ്ഥിതിചെയ്യുന്നത്. കടല്‍നിരപ്പില്‍ നിന്നും താണയിടങ്ങളും വിരളമല്ല. പഴയ ചാലുകളില്‍ പ്രധാനപ്പെട്ടവയെ സംരക്ഷിച്ചു കനാലുകളായി ഉപയോഗിച്ചുവരുന്നു. മണ്‍സൂണ്‍കാലത്തെ പ്രളയ ജലത്തെ നിയന്ത്രിക്കുന്നതിന് ഉപകരിക്കുന്ന രണ്ടാംകിട കനാലുകള്‍ മണ്ണടിച്ചില്‍മൂലവും മാലിന്യങ്ങളും വിസര്‍ജ്യങ്ങളും അടിഞ്ഞുകൂടുന്നതു നിമിത്തവും തികച്ചും ശോഷിച്ചുകൊണ്ടിരിക്കുന്നു. ആഴംകുറഞ്ഞ കായല്‍ ഭാഗങ്ങളും ചതുപ്പുകളും അശാസ്ത്രീയമായി നികത്തിയിട്ടുള്ളത് പ്രശ്നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. വര്‍ഷകാലത്ത് ഈ പ്രദേശങ്ങളില്‍ പ്രളയബാധ ഉണ്ടാകുക പതിവാണ്. മത്സ്യപാലനത്തിനായി തിട്ടുകള്‍ സൃഷ്ടിച്ച് വേര്‍തിരിച്ചെടുത്തിട്ടുള്ള ജലാശയങ്ങളും സുരക്ഷിതങ്ങളല്ല. ഇക്കാരണങ്ങളാല്‍ നഗരത്തിലെ ജലനിര്‍ഗമനവ്യവസ്ഥ തുലോം ശോചനീയമാണ്. മലിനജലം ഒഴുക്കിക്കളയല്‍, പ്രത്യേകിച്ച് നഗരത്തിന്റെ മധ്യഭാഗത്ത്, രൂക്ഷമായ പ്രശ്നമായിട്ടുണ്ട്. താണയിടങ്ങളില്‍ സംഭൃതമാവുന്ന മലിനജലം പമ്പുചെയ്ത് കായലുകളിലെത്തിക്കുന്ന രീതിയാണ് ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ളത്. വ്യവസായശാലകളില്‍ നിന്നുള്ള മാലിന്യങ്ങളോടൊപ്പം നഗരത്തിലെ മലിനജലവും ഉള്‍ക്കൊള്ളേണ്ടിവരുന്നതിനാല്‍ കായലുകള്‍ തികച്ചും ദൂഷിതമായ അവസ്ഥയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ഇത് മത്സ്യസമ്പത്തിനെ പ്രതികൂലമായി ബാധിക്കുന്നതിനോടൊപ്പം പൊതുജനാരോഗ്യത്തെ ഹനിക്കുന്ന നിരവധി ഘടകങ്ങള്‍ക്കു കാരണമായിത്തീരുകയും ചെയ്തിരിക്കുന്നു.
ഉയര്‍ന്ന താപനിലയും സാമാന്യമായ തോതില്‍ മഴയുമുള്ള ഉഷ്ണകാലാവസ്ഥയാണ് കൊച്ചിയില്‍ അനുഭവപ്പെടുന്നത്. താപനില 20.6ബ്ബഇ മുതല്‍ 33.2°C വരെയാണ്. ശരാശരി വര്‍ഷപാതം 300 സെ.മീ. മഴ പെയ്യുന്നത് മണ്‍സൂണ്‍ കാലത്ത് മാത്രമായി ചുരുങ്ങിയിരിക്കുന്നു. എന്നാല്‍ സമുദ്രസാമീപ്യംമൂലം ആര്‍ദ്രത എല്ലാ മാസങ്ങളിലും ഉയര്‍ന്ന തോതിലാണ്. മഴക്കാലത്ത് താണയിടങ്ങളിലൊക്കെ വെള്ളം കെട്ടുന്നത് ഇനിയും ഒഴിവായിട്ടില്ല. കായല്‍ ഭാഗങ്ങളില്‍ മണ്ണടിച്ചിലിലൂടെ പുതിയ തിട്ടുകളും തുരുത്തുകളും സൃഷ്ടിക്കപ്പെടുന്നതു പതിവായിത്തീര്‍ന്നിരിക്കുന്നു.
നഗരത്തിന്റെ പടിഞ്ഞാറേ പകുതിയില്‍ പൊതുവേ എക്കല്‍മണ്ണാണുള്ളത്; കിഴക്കേ പകുതിയില്‍ ലാറ്ററൈറ്റും. നിലം ഉറപ്പിച്ചെടുക്കുന്നതിനായി വന്‍തോതില്‍ ചെമ്മണ്ണിറക്കുന്ന സമ്പ്രദായം ഇപ്പോള്‍ കടല്‍ത്തീരംവരേക്കും വ്യാപകമായിരിക്കുന്നു. കെട്ടിടനിര്‍മാണത്തെ സംബന്ധിച്ചിടത്തോളം ഭൂമിയുടെ വഹനക്ഷമത മിക്കയിടത്തും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു.
ജനനിബിഡതയെ സംബന്ധിച്ചിടത്തോളം മറ്റു നഗരങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒരു സ്ഥിതിയാണ് കൊച്ചിമേഖലയില്‍ കാണപ്പെടുന്നത്. 1971-81 ദശകത്തില്‍ കൊച്ചിനഗരസഭാതിര്‍ത്തിക്കുള്ളിലുണ്ടായ വര്‍ധനവിനെ (16.86 ശ.മാ.) അപേക്ഷിച്ച് കൂടിയ നിരക്കിലാണ് നഗരത്തിനു ചുറ്റുമുള്ള പ്രദേശങ്ങളില്‍ ജനപ്പെരുപ്പമുണ്ടായത്. 1981-ലെ സെന്‍സസ് പ്രകാരം നഗരസഭാതിര്‍ത്തിക്കുള്ളില്‍പ്പെട്ട ഞാറയ്ക്കല്‍ പട്ടണം 'ഗ്രാമ' (ൃൌൃമഹ) മായി തരംതാഴ്ത്തപ്പെട്ടപ്പോള്‍ അതിര്‍ത്തിക്കു പുറത്തുള്ള മുളവുകാട്, മരട് എന്നീ പ്രദേശങ്ങള്‍ പട്ടണങ്ങളായി പ്രഖ്യാപിക്കപ്പെട്ടു. നഗരത്തിനുള്ളില്‍ പാര്‍പ്പിടസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതില്‍ പ്രകൃത്യാ ലുള്ള പ്രാതികൂല്യം കണക്കിലെടുത്ത്, കൊച്ചിയുമായി ദൈനംദിനബന്ധം പുലര്‍ത്തുന്ന ജനങ്ങള്‍ നഗരാതിര്‍ത്തിക്കു വെളിയില്‍ പാര്‍പ്പുറപ്പിക്കുന്നതും ഇവിടങ്ങളിലെ അനുകൂല സാഹചര്യങ്ങള്‍ കണക്കിലെടുത്ത് വ്യവസായങ്ങള്‍ വികേന്ദ്രീകരിക്കുന്നതും മേല്പറഞ്ഞ പ്രതിഭാസത്തിന് കാരണമായിട്ടുണ്ടെന്നും പറയാം. ഇതിന്റെ വെളിച്ചത്തില്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി കൊച്ചി നഗരസഭാപ്രദേശങ്ങളോട് തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയെയും ഏലൂര്‍, കളമശ്ശേരി, തൃക്കാക്കര എന്നീ പട്ടണങ്ങളെയും സംയോജിപ്പിച്ച് കൊച്ചി മഹാനഗരം ആവിഷ്കരിച്ചിരിക്കുന്നു.
കൊച്ചി മെട്രോ നഗരപ്രദേശങ്ങള്‍. ആലങ്ങാട്, ആലുവ, ആമ്പല്ലൂര്‍, അങ്കമാലി, ചേലമറ്റം, ചേന്ദമംഗലം, ചെങ്ങമനാട്, ചേരാനെല്ലൂര്‍, ചെറിയകടവ് (ഭാഗികം), ചൂര്‍ണിക്കര, ചൊവ്വര, എടത്തല, എളങ്കുന്നപ്പുഴ, ഏലൂര്‍, കടമക്കുടി, കൊടുങ്ങല്ലൂര്‍, കാക്കനാട്, കാലടി, കളമശ്ശേരി, കണയന്നൂര്‍, കുമാരനല്ലൂര്‍, കെടാമംഗലം (ഭാഗികം), കിഴക്കുംഭാഗം, കൊച്ചി, കൂവപ്പടി, കോട്ടുവള്ളി, കുമ്പളം, കുമ്പളങ്ങി, കുന്നത്തുനാട്, കുരീക്കാട്, മനകുന്നം, മരട്, മാരംപിള്ളി, മാത്തൂര്‍, മൂത്തുകുന്നം, മുളന്തുരുത്തി, മുളവുകാട്, നെടുമ്പാശ്ശേരി, ഞാറയ്ക്കല്‍, പറവൂര്‍, പെരുമ്പാവൂര്‍, പുത്തന്‍കുരിശ്, പുത്തന്‍വേലിക്കര, പുതുവൈപ്പ്, തെക്കുംഭാഗം, തിരുവാങ്കുളം, തൃപ്പൂണിത്തുറ, വടക്കേക്കര, വടക്കുംഭാഗം, വാഴക്കാല, വാഴക്കുഴം, വെങ്ങോല.
ആരോഗ്യരംഗം. 1802-ല്‍ വസൂരിക്കെതിരായ വാക്സിനേഷന്‍ നല്‍കിക്കൊണ്ടാണ് കൊച്ചിയിലെ പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. ആറ് വാക്സിനേറ്റര്‍മാര്‍ അടങ്ങുന്ന സംഘത്തെ 1812-ല്‍ സര്‍ക്കാര്‍ നിയോഗിച്ചെങ്കിലും നൂറ്റാണ്ടിന്റെ പകുതി വരെ പ്രതിരോധ കുത്തിവയ്പിനോട് ജനങ്ങള്‍ക്ക് ഭയമായിരുന്നു. യൂറോപ്യന്‍ ചികിത്സ കൊച്ചിയിലെത്തുന്നത് 1818-ല്‍ ആണ്. മിഷനറിയായിരുന്ന റവ. ജെ. ഡേവിസണ്‍ മട്ടാഞ്ചേരിയിലൊരു ഡിസ്പെന്‍സറി തുറന്നതോടെയാണിത്. എന്നാല്‍ ജനങ്ങളുടെ ഭയംമാറ്റാന്‍ ഇതിനും കഴിഞ്ഞില്ല. സര്‍ക്കാര്‍ ഗ്രാന്‍ഡ് ലഭിച്ചിരുന്നെങ്കിലും രണ്ടു മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ അത് അടച്ചുപൂട്ടേണ്ടിവന്നു. 1823-ല്‍ കൊച്ചിയിലെ ദര്‍ബാര്‍ ഫിസിഷ്യനായിത്തീര്‍ന്ന ഒരു ബ്രിട്ടീഷ് സിവില്‍ സര്‍ജനും എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളിലെ ജയിലുകളില്‍ ഉപചികിത്സയ്ക്ക് പ്രചാരമുണ്ടാക്കിക്കൊടുത്തു. ആധുനിക ചികിത്സയുടെ ഗുണവശങ്ങള്‍ ജനങ്ങള്‍ വേഗം തിരിച്ചറിഞ്ഞു.
ഇക്കാലത്താണ് കൊച്ചിയിലെ ആദ്യത്തെ സര്‍ക്കാര്‍ ആശുപത്രിയായ എറണാകുളം ചാരിറ്റി ഹോസ്പിറ്റല്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. രോഗികളെ കിടത്തി ചികിത്സിക്കുവാനുള്ള സൗകര്യവും ഓപ്പറേഷന്‍ തിയേറ്ററും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള പ്രത്യേക വാര്‍ഡുകളും ഔട്ട്പേഷ്യന്റ് ഡിസ്പെന്‍സറിയുമായി 1848-ല്‍ സ്ഥാപിച്ച ആശുപത്രി പിന്നീട് എറണാകുളം ജനറല്‍ ഹോസ്പിറ്റല്‍ ആയിത്തീര്‍ന്നു. തുടര്‍ന്ന് നിരവധി ആതുരാലയങ്ങള്‍ ഒന്നൊന്നായി കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. 1911-ഓടുകൂടി 9 ആശുപത്രികളും 8 ഡിസ്പെന്‍സറികളും സെന്‍ട്രല്‍ ജയിലിനോടു ചേര്‍ന്ന് ഒരാശുപത്രിയും ഉള്‍പ്പടെ 17 മെഡിക്കല്‍ സ്ഥാപനങ്ങള്‍ കൊച്ചിയില്‍ സേവനമാരംഭിച്ചു. ഇതില്‍ മട്ടാഞ്ചേരി ആശുപത്രി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി മാത്രമുള്ള ഒന്നായിരുന്നു.
സംസ്ഥാനരൂപീകരണത്തോടെയും 1957 മുതല്‍ അധികാരത്തിലെത്തിയ വിവിധ സര്‍ക്കാരുകള്‍ സ്വീകരിച്ചുപോന്ന ആരോഗ്യനയത്തിന്റെയും ഭാഗമായി ഇന്ന് (2013) രാജ്യത്തെ ഇതര വന്‍നഗരങ്ങളില്‍ ലഭ്യമാകുന്ന ചികിത്സാ സൗകര്യങ്ങള്‍ കൊച്ചിയിലും ലഭ്യമാണ്. മെഡിക്കല്‍ ട്രസ്റ്റ്, അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സ്, പി.വി.എസ്. മെമ്മോറിയല്‍ ഹോസ്പിറ്റല്‍, ലേക്ഷോര്‍ സ്പെഷലിസ്റ്റ് ഹോസ്പിറ്റല്‍, സണ്‍റയ്സ് മെഡിക്കല്‍ സെന്റര്‍, കൊച്ചി മെഡിക്കല്‍ കോളജ് തുടങ്ങിയ നിരവധി സ്വകാര്യ ആശുപത്രികളുടെ സേവനം നഗരത്തിന്റെ ആരോഗ്യമേഖലയില്‍ നിര്‍ണായകമായ പങ്കുവഹിച്ചുപോരുന്നു.
ഗതാഗത സംവിധാനം. 1902 ജൂണ്‍ 2-നാണ് കൊച്ചിയില്‍ തീവണ്ടി ഓടിത്തുടങ്ങിയത്. എറണാകുളം ഷൊര്‍ണൂര്‍ റെയില്‍ പ്പാതയിലാണ് ആദ്യവണ്ടിയുടെ യാത്ര. 1899 മദ്രാസ് റെയില്‍വേ കമ്പനി പാതയുടെ പണി തുടങ്ങിയെങ്കിലും പ്രധാന പാലങ്ങളുടെ പണിയിലുണ്ടായ കാലതാമസം കാരണം മൂന്നു വര്‍ഷമെടുത്തു പൂര്‍ത്തിയാവാന്‍. അതേ വര്‍ഷം ജൂല. 16-നാണ് യാത്രാസൗകര്യം ഒരുങ്ങിയത്. പാതയുടെ നീളം 65 മൈല്‍ ആയിരുന്നു. എറണാകുളം-ഷൊര്‍ണൂര്‍ മീറ്റര്‍ഗേജ് 1935-ലാണ് ബ്രോഡ്ഗേജായത്. പിന്നീട് കൊച്ചിന്‍ ഹാര്‍ബര്‍ വരെ പാത നീട്ടി. തുറമുഖ അധികൃതര്‍ ആധുനിക രീതിയില്‍ പണികഴിപ്പിച്ചതാണ് ഇന്നത്തെ കൊച്ചിന്‍ ഹാര്‍ബര്‍ സ്റ്റേഷന്‍. എറണാകുളം ജങ്ഷന്‍, എറണാകുളം ടൌണ്‍ എന്നിവയാണ് കൊച്ചി നഗരത്തിലെ പ്രധാന റെയില്‍വെ സ്റ്റേഷനുകള്‍. രാജ്യത്തെ എല്ലാ പ്രമുഖ നഗരങ്ങളിലേക്കും ഇവിടെനിന്നും സര്‍വീസുകളുണ്ട്.
നഗരം നേരിടുന്ന ഗതാഗതക്കുരുക്ക് നേരിടുന്നതിനായി വിഭാവനം ചെയ്യപ്പെട്ടതാണ് മെട്രോറെയില്‍വേ. 2012 ജൂല. 3-ന് കേന്ദ്രമന്ത്രിസഭയുടെ അനുമതി ലഭിച്ച പദ്ധതിക്ക് 2012 സെപ്. 13-ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തറക്കല്ലിട്ടു.
നഗരഹൃദയത്തില്‍ നിന്നും 25 കി.മീ. അകലെയുള്ള നെടുമ്പാശ്ശേരിയിലാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്നത്. കേന്ദ്ര ഗവണ്‍മെന്റിന്റെ ധനസഹായത്തോടെ രാജ്യത്ത് നിലവില്‍ വന്ന ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം എന്ന പ്രത്യേകതയും ഇതിനുണ്ട്. 840,000 ച.കി.മീ. വിസ്തൃതിയുള്ള വിമാനത്താവളത്തിന് ഒരേസമയം 1800 യാത്രികരെ ഉള്‍ക്കൊള്ളാനാകും.
റോഡ് ഗതാഗതത്തില്‍ ദേശീയപാതാ സംവിധാനത്തിലെ വടക്ക്-തെക്ക് ഇടനാഴിയാണ് കൊച്ചി. ദേശീയ പാതകളായ എന്‍.എച്ച്. 47, 17, 85, 966 എ, 996 ബി എന്നിവ കൊച്ചിയിലൂടെ കടന്നുപോകുന്നു. സ്വകാര്യവാഹനസര്‍വീസുകളാണ് നഗരത്തിന്റെ ആഭ്യന്തര പൊതുഗതാഗതസംവിധാനത്തിന്റെ അടിത്തറ. എറണാകുളം ടൌണ്‍, എറണാകുളം ജെട്ടി എന്നിവിടങ്ങളിലായി കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്റും കലൂരില്‍ സ്വകാര്യ ബസ് സ്റ്റാന്റും സ്ഥിതി ചെയ്യുന്നു. ദിനംപ്രതി വാഹനങ്ങളുടെ എണ്ണത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വര്‍ധനവ് നഗരത്തെ ഗതാഗതക്കുരുക്കില്‍ മുക്കിയിട്ടുണ്ട്.
കൊച്ചി പ്രത്യേക സാമ്പത്തികമേഖല
സംസ്ഥാനത്തു നിന്നുള്ള കയറ്റുമതി വര്‍ധിപ്പിക്കുന്നതിന് ഒരു മള്‍ട്ടി പ്രോഡക്റ്റ് എക്സ്പോര്‍ട്ട് പ്രോസസിങ് സോണ്‍ ആയി കേന്ദ്രസര്‍ക്കാര്‍ കണ്ടെത്തിയ ഏഴ് പ്രത്യേക സാമ്പത്തിക മേഖലകളില്‍ ഒന്നാണ് കൊച്ചി പ്രത്യേക സാമ്പത്തിക മേഖല. 2000 നവംബറിലാണ് കൊച്ചിന്‍ എക്സ്പോര്‍ട്ട് പ്രോസസിങ് സോണിനെ ഒരു പ്രത്യേക സാമ്പത്തിക മേഖലയാക്കി മാറ്റിയത്. കാക്കനാട്ടെ 103 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്നതും നഗരത്തില്‍ നിന്നും അഞ്ച് കി.മീ. അകലെ കൊച്ചിന്‍ സീപോര്‍ട്ട് ആന്‍ഡ് എയര്‍പ്പോര്‍ട്ട് ഹൈവേയില്‍ സ്ഥിതിചെയ്യുന്നതുമായ ഈ മേഖലയെ നാഷണല്‍ ഹൈവേ നെറ്റ് വര്‍ക്കുമായി ബന്ധിപ്പിച്ചിരിക്കുന്നു.
ഇലക്ട്രോണിക് ഹാര്‍ഡ് വെയര്‍, സോഫ്റ്റ് വെയര്‍, എന്‍ജിനീയറിങ്, റെഡിമെയ്ഡ് ഗാര്‍മെന്റ്, ഭക്ഷ്യസംസ്കരണം, പ്ലാസ്റ്റിക്, റബ്ബര്‍ ഉത്പന്നങ്ങള്‍, ജെം ആന്‍ഡ് ജൂവലറി ഉത്പന്ന നിര്‍മാണം എന്നീ വിവിധ മേഖലകള്‍ കൊച്ചി പ്രത്യേക സാമ്പത്തിക മേഖലയില്‍ ഉള്‍പ്പെടുന്നു. 11,200-ലധികം പേര്‍ക്ക് തൊഴില്‍ നല്‍കിക്കൊണ്ട് സംസ്ഥാനത്തെ കൂടുതല്‍ തൊഴില്‍ നല്‍കുന്ന ഒരു കേന്ദ്രമായി ഇവിടം പ്രവര്‍ത്തിക്കുന്നു. മള്‍ട്ടിനാഷണല്‍ കോര്‍പ്പറേറ്റുകളും ആഭ്യന്തര സംരംഭകരും ഇവിടെ യൂണിറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 2007-08 ല്‍ ഈ മേഖലയുടെ കയറ്റുമതി 4,651.40 കോടി രൂപയും 2008-09 ല്‍ 11,549.04 കോടി രൂപയും ആയിരുന്നത് 45 ശതമാനം വര്‍ധനവോടെ 2009-10 ല്‍ 17,003.53 കോടി രൂപയായി വര്‍ധിച്ചു. 93 ശതമാനം വളര്‍ച്ചയോടെ ആഭരണ കയറ്റുമതി മൊത്തം കയറ്റുമതിയില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്നു. 2010-11 കാലയളവിലെ മൊത്തം കയറ്റുമതി 30.09.2010 വരെ 7,711.24 കോടി രൂപയാണ്.
ആഗോളതലത്തില്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി അന്താരാഷ്ട്ര നിലവാരത്തോടുകൂടിയ അടിസ്ഥാനസൌകര്യങ്ങള്‍ ഉള്ള കൊച്ചി പ്രത്യേക സാമ്പത്തികമേഖല ഇന്ത്യയിലെ പ്രത്യേക സാമ്പത്തിക മേഖലകളില്‍ മികച്ചുനില്‍ക്കുന്നു. 25 എം.വി.എ. 110/11 കെ.വി. സബ്സ്റ്റേഷന്‍, ആര്‍.എം.യു. ബേയ്സ്ഡ് പവര്‍ ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം, 1.8 എം.എന്‍.ഡി. വാട്ടര്‍ സപ്ളൈയോടുകൂടിയ ഇന്റഗ്രേറ്റഡ് വാട്ടര്‍ മാനേജ്മെന്റ് സിസ്റ്റം, 1.2 എം.എല്‍.സി. കോമണ്‍ എഫ്ളുവെന്റ് ട്രീറ്റ്മെന്റ് പ്ളാന്റ്, 24,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള താത്കാലിക സ്റ്റോറേജ് തുടങ്ങിയ സൌകര്യങ്ങള്‍ ഇവിടെയുണ്ട്. മികച്ച രീതിയിലുള്ള ഡ്രെയിനേജ് സംവിധാനവും ഖരമാലിന്യ നിര്‍മാര്‍ജനത്തിനായി ഇന്‍സിനേറ്ററും സ്ഥാപിച്ചിട്ടുണ്ട്.
വിനോദസഞ്ചാരം
ഇന്ത്യയുടെ വിനോദസഞ്ചാരമേഖലയില്‍ നിര്‍ണായക പങ്കുവഹിച്ചുവരുന്ന കേരളത്തിന്റെ ടൂറിസ്റ്റ് ഭൂപടത്തില്‍ കൊച്ചിയുടെ ദൃശ്യഭംഗിയും സവിശേഷതകളും പ്രധാനപങ്കുവഹിക്കുന്നു.
ചീനവല. 1314-ലെ പ്രളയത്തില്‍ കൊച്ചി തുറമുഖം രൂപംകൊണ്ടതോടെ അതുവരെയും പ്രമുഖ തുറമുഖമായിരുന്ന കൊടുങ്ങല്ലൂര്‍ വിട്ട് വണിക്കുകള്‍ കൊച്ചിയിലേക്ക് തങ്ങളുടെ കച്ചവടം മാറ്റി. ഇതോടെ കൊടുങ്ങല്ലൂരില്‍ നിന്നും കൊച്ചിയിലേക്ക് വന്ന ചീനന്മാര്‍ ചീനവലയും കൊണ്ടുവന്നു. 1350-1450 നുമിടയിലാണ് കൊച്ചി കടപ്പുറത്ത് ചീനവലകള്‍ നിരന്നത്. പിന്നീട് അറബികള്‍ രംഗപ്രവേശം ചെയ്തുമടങ്ങിയപ്പോള്‍ കൂടെ ചീനവലയും കൊണ്ടുപോയി. തുടര്‍ന്നെത്തിയ പോര്‍ച്ചുഗീസുകാര്‍ ചീനയിലെ 'മാക്കോ'യില്‍ നിന്ന് ചീനവല കൊണ്ടുവന്ന് കൊച്ചിയില്‍ സ്ഥാപിച്ചു. ഇന്നും കൊച്ചി തുറമുഖത്തിന്റെ മുഖമുദ്രയായി ചീനവലകള്‍ നിലകൊള്ളുന്നു.
മറൈന്‍ഡ്രൈവ്. അറബിക്കടലിന്റെ തീരത്തായി കൊച്ചി നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ സ്ഥലം കടല്‍ക്കാറ്റുകൊണ്ടും തണല്‍ മരങ്ങള്‍കൊണ്ടും സൂര്യാസ്തമയ കാഴ്ചകള്‍കൊണ്ടും സമ്പന്നമാണ്. ചീനവലകളും മഴവില്‍ പാലവും ബോട്ടിംഗുമെല്ലാം ഇവിടത്തെ സവിശേഷതയാണ്. ധാരാളം കച്ചവട സ്ഥാപനങ്ങളും ഭക്ഷണശാലകളും ഇവിടെ സ്ഥിതിചെയ്യുന്നു. കായലിന്റെ തീരത്ത് കേരള ഹൈക്കോടതിയുടെ മുന്‍പില്‍ തുടങ്ങി രാജേന്ദ്രമൈതാനം വരെ നീളുന്നതാണ് മറൈന്‍ ഡ്രൈവിലെ കാല്‍നടപ്പാത.
ഫോര്‍ട്ട് കൊച്ചി. കൊച്ചി നഗരത്തില്‍ നിന്നും 12 കി.മീ. അകലെയാണ് വിനോദസഞ്ചാര കേന്ദ്രമായ ഫോര്‍ട്ട് കൊച്ചി. ജലമാര്‍ഗം സഞ്ചരിച്ചാല്‍ കേവലം ഒന്നര കി.മീ. മാത്രമാണ് ഇവിടത്തേക്കുള്ള ദൂരം. വാസ്കോ ദ ഗാമയെ ആദ്യം അടക്കം ചെയ്ത സെന്റ് ഫ്രാന്‍സിസ് പള്ളി, ഡച്ച് സെമിനാരി, മട്ടാഞ്ചേരി കൊട്ടാരം, ജൂതത്തെരുവ് തുടങ്ങിയവയെല്ലാം ഫോര്‍ട്ട് കൊച്ചിയുടെ സമീപത്താണ് സ്ഥിതിചെയ്യുന്നത്. ഫോര്‍ട്ട് കൊച്ചിയുടെ പൗരാണികത നിലനിര്‍ത്താന്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. വര്‍ഷന്തോറുമുള്ള ഫോര്‍ട്ട് കൊച്ചി കാര്‍ണിവെലും ഏറെ പ്രശസ്തമാണ്.
ഹില്‍ പാലസ്. കൊച്ചി രാജാക്കന്മാരുടെ ഭരണസിരാകേന്ദ്രമായിരുന്ന ഹില്‍പാലസ്, 1865-ലാണ് തൃപ്പൂണിത്തുറയില്‍ പണികഴിപ്പിക്കപ്പെട്ടത്. 54 ഏക്കര്‍ പ്രദേശത്ത് തദ്ദേശീയ ശൈലിയിലുള്ള 49 കെട്ടിടങ്ങള്‍ അടങ്ങുന്ന ഈ കൊട്ടാരത്തില്‍ ഹില്‍ പാലസ്, പുരാവസ്തു മ്യൂസിയം, ഹെറിറ്റേജ് മ്യൂസിയം, ഡിയര്‍ പാര്‍ക്ക്, ചരിത്രാതീത പാര്‍ക്ക്, കുട്ടികളുടെ പാര്‍ക്ക് എന്നിവ ഉള്‍ക്കൊള്ളുന്നു. കൊച്ചിയില്‍ നിന്നും 14 കി.മീ. അകലെയാണ് ഹില്‍പാലസ്.
ബോള്‍ഗാട്ടി പാലസ്. ബോള്‍ഗാട്ടി ദ്വീപില്‍ 1744-ല്‍ ഒരു ഡച്ച് വ്യാപാരി നിര്‍മിച്ച കൊട്ടാരമാണ് ബോള്‍ഗാട്ടി പാലസ്. കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷനു കീഴില്‍ ഈ പൈതൃക ഹോട്ടലായി ഇന്ന് ഇവിടം സംരക്ഷിക്കപ്പെട്ടുപോരുന്നു. ഡച്ച് ഗവര്‍ണരുടെ ഔദ്യോഗിക വസതിയായി ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇവിടം 1909-ല്‍ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കുവേണ്ടി കൊച്ചി രാജാവ് പാട്ടത്തിനു വാങ്ങുകയുണ്ടായി. ബ്രിട്ടീഷ് ഭരണകാലത്ത് ബ്രിട്ടീഷ് ഗവര്‍ണര്‍മാരുടെ വസതിയായും ബോള്‍ഗാട്ടി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. സ്വാതന്ത്യ്രാനന്തരം ഇവിടം പാലസ് ഇന്ത്യന്‍ ഭരണകൂടത്തിന്റെ സ്വത്തായി മാറി.
വെല്ലിങ്ടണ്‍ ഐലന്റ്. കൊച്ചി തുറമുഖത്തേക്ക് വലിയ കപ്പലുകള്‍ക്ക് കടന്നുവരാനായി നിര്‍മിക്കപ്പെട്ട മനുഷ്യനിര്‍മിതമായ ഒരു ദ്വീപാണ് വെല്ലിങ്ടണ്‍ ഐലന്റ്. കായലില്‍ നിന്നും ഡ്രജ് ചെയ്തെടുത്ത മണ്ണും ചെളിയും നിക്ഷേപിച്ചാണ് ഈ ദ്വീപ് ഉണ്ടാക്കിയിരിക്കുന്നത്. ഇന്ത്യയിലെ ബ്രിട്ടീഷ് വൈസ്രോയിയായിരുന്ന വെല്ലിങ്ടണ്‍ പ്രഭുവിന്റെ പേരാണ് ഈ ദ്വീപിന് നല്‍കിയിട്ടുള്ളത്. വാണിജ്യഗതാഗതത്തെ ലക്ഷ്യമാക്കി നിര്‍മിച്ച ഹാര്‍ബ് ടെര്‍മിനസ് റെയില്‍വേ സ്റ്റേഷന്‍, സ്വകാര്യ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ എന്നിവ ഇവിടെ നിലകൊള്ളുന്നു. തുറമുഖനഗരമായി വികസിച്ച കൊച്ചിയുടെ വളര്‍ച്ചയിലെ ഒരു കാലഘട്ടത്തെ കൂടിയാണ് വെല്ലിങ്ടണ്‍ ഐലന്റ് പ്രതിനിധാനം ചെയ്യുന്നത്.
സെന്റ് ഫ്രാന്‍സിസ് പള്ളി. ഇന്ത്യയിലെ ആദ്യത്തെ ക്രിസ്തീയ മതസ്ഥാപനമായ സെന്റ് ഫ്രാന്‍സിസ് പള്ളി ഫോര്‍ട്ടുകൊച്ചിയിലാണ്. പോര്‍ച്ചുഗീസ് അധിനിവേശത്തിന്റെ ബാക്കി പത്രം കൂടിയാണ് ഈ പള്ളി. 1500-ല്‍ ആണ് ഇത് നിര്‍മിച്ചതെന്ന് കരുതപ്പെടുന്നു. ഇന്ത്യയില്‍ കാലുകുത്തിയ ആദ്യത്തെ യൂറോപ്യന്‍ നാവിക മേധാവി വാസ്കോ ദ ഗാമയെ 1524-ല്‍ ഈ പള്ളിയില്‍ അടക്കം ചെയ്തു. 1538-ല്‍ ഭൗതികാവശിഷ്ടങ്ങള്‍ പോര്‍ച്ചുഗലിലേക്ക് കൊണ്ടുപോയെങ്കിലും സ്മാരകശില ഇന്നും പള്ളിക്കുള്ളില്‍ ഉണ്ട്. ആരംഭത്തില്‍ പള്ളി മരം കൊണ്ടായിരുന്നെങ്കിലും പതിനാറ് വര്‍ഷത്തിനു ശേഷം കല്ലുകൊണ്ട് പണിത് പരിശുദ്ധ അന്തോണിയുടെ പേരില്‍ ദേവാര്‍ച്ചന ചെയ്തു. 1663 വരെ ഫ്രാന്‍സിസ്കന്‍ സഭയുടെ കീഴിലായിരുന്നു പള്ളി. കൊച്ചിയെ കീഴടക്കിയ ഡച്ചുകാര്‍ പള്ളിയെ പ്രൊട്ടസ്റ്റന്റ് ദേവാലയമാക്കി മാറ്റി. 1779-ല്‍ അവര്‍ പള്ളി പുതുക്കിപ്പണിതു എന്ന് ശിലാഫലകം തെളിവുനല്‍കുന്നു. 1795-ല്‍ കൊച്ചി ബ്രിട്ടന്റെ കീഴിലായെങ്കിലും 9 വര്‍ഷം കൂടി പള്ളി ഡച്ചുകാരുടെ കീഴില്‍ തന്നെയായിരുന്നു. 19-ാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തില്‍ പള്ളി വീണ്ടും രക്ഷക പുണ്യവാളന്റെ നാമധേയത്തിലായി തീര്‍ന്നു. ഇന്നത് ദക്ഷിണേന്ത്യന്‍ സഭയുടെ കീഴിലാണ്.
പള്ളിപ്പുറം കോട്ട. 1503-ല്‍ പോര്‍ച്ചുഗീസുകാര്‍ പണിതീര്‍ത്ത ഒരു കാവല്‍നിലയം. അയിക്കോട്ട എന്ന പേരിലും ഇത് അറിയപ്പെട്ടിരുന്നു. 1663-ല്‍ ഡച്ചുകാര്‍ ഇവിടം പിടിച്ചടക്കുകയും 1789-ല്‍ തിരുവിതാംകൂര്‍ രാജ്യത്തിനു വില്‍ക്കുകയും ചെയ്തു. വൈപ്പിന്‍ ദ്വീപിന്റെ വടക്കേ അറ്റത്തായി പള്ളിപ്പുറത്താണ് ഈ കോട്ട സ്ഥിതിചെയ്യുന്നത്. കോട്ടപ്പുറം, കൊടുങ്ങല്ലൂര്‍ കോട്ടകള്‍ ഇതിനടുത്താണ് സ്ഥിതി ചെയ്യുന്നത്. പള്ളിപ്പുറം കോട്ടയില്‍ നിന്നും കടലിലൂടെ കൊടുങ്ങല്ലൂര്‍ കോട്ടയിലേക്ക് ഒരു തുരങ്കം ഉണ്ടെന്ന് കരുതപ്പെടുന്നു. നിലവില്‍ (2013) കോട്ടയുടെ നിയന്ത്രണം കേരള പുരാവസ്തു വകുപ്പിനാണ്.
കൊച്ചി-മുസ്സിരിസ് ബിനാലെ. സമകാലിക കലയുടെ അന്താരാഷ്ട്ര പ്രദര്‍ശനമായ കൊച്ചി-മുസ്സിരിസ് ബിനാലെയുടെ ആദ്യവേദിയായത് കൊച്ചിയാണ്. 2012 ഡി. 12 മുതല്‍ 2013 മാ. 17 വരെ സംഘടിപ്പിക്കപ്പെട്ട ഈ ദ്വൈവാര്‍ഷിക കലാപ്രദര്‍ശനത്തില്‍ ഇന്ത്യന്‍ കലാകാരന്മാര്‍ക്കൊപ്പം നിരവധി രാജ്യാന്തര കലാകാരന്മാരും പങ്കെടുക്കുകയുണ്ടായി. 12 വേദികളിലായി നടന്ന ഏതാണ്ട് ഒന്നരലക്ഷംപേര്‍ ബിനാലെ സന്ദര്‍ശിച്ചുവെന്നാണ് ഔദ്യോഗിക കണക്ക് വ്യക്തമാക്കുന്നത്.
കൂടാതെ ഫോര്‍ട്ട് കൊച്ചിയിലെ ഡച്ച് സെമിത്തേരി, പോര്‍ച്ചുഗീസുകാര്‍ പണികഴിപ്പിച്ച വൈപ്പിനിലെ ന്യൂ ഓറഞ്ച് കോട്ട അഥവാ വൈപ്പിക്കോട്ട, പൗരസ്ത്യ മാതൃകയില്‍ പോര്‍ച്ചുഗീസുകാര്‍ ഇന്ത്യയില്‍ നിര്‍മിച്ച ഏറ്റവും പഴക്കമുള്ള സൗധമായ മട്ടാഞ്ചേരി കോവിലകം, നഗരത്തിന്റെ വാണിജ്യ-വ്യാപാര ബന്ധത്തിന്റെ സിരാകേന്ദ്രമായ എറണാകുളം ബ്രോഡ്വേ, ഫോര്‍ട്ടുകൊച്ചിയിലെ കാര്‍ണിവെല്‍ ആഘോഷങ്ങള്‍, രാജ്യാന്തര നിലവാരത്തിലുള്ള കലാകേന്ദ്രമായ ഡര്‍ബാര്‍ ഹാള്‍, ഇടപ്പള്ളിയിലെ കേരള ചരിത്രമ്യൂസിയം, നഗരമധ്യത്തിലെ പ്രിയദര്‍ശിനി, സുഭാഷ് പാര്‍ക്കുകള്‍, ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ ലൈറ്റ് ഹൗസായ പുതുവൈപ്പ് ലൈറ്റ് ഹൗസ് തുടങ്ങി സവിശേഷതയാര്‍ന്ന നിരവധി കേന്ദ്രങ്ങള്‍ കൊച്ചിയുടെ വിനോദസഞ്ചാര മേഖലയെ ആകര്‍ഷകമാക്കുന്നു.
(പ്രൊഫ. പി.എസ്. വേലായുധന്‍)