This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരളം-4

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ===സാമൂഹികം=== ====സാമൂഹിക ഘടനയും രൂപാന്തരണവും==== '''പ്രാചീനഗോത്രസമ...)
അടുത്ത വ്യത്യാസം →

17:45, 22 ഏപ്രില്‍ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഉള്ളടക്കം

സാമൂഹികം

സാമൂഹിക ഘടനയും രൂപാന്തരണവും

പ്രാചീനഗോത്രസമൂഹം. പ്രാചീനശിലായുഗത്തിന്റെ അവസാന കാലഘട്ടം മുതല്‍ പടിഞ്ഞാറ് അറബിക്കടലിനും കിഴക്ക് പശ്ചിമഘട്ടത്തിനും മധ്യേസ്ഥിതിചെയ്യുന്ന മനുഷ്യാധിവാസത്തിന് വിധേയമായിട്ടുള്ള ഭൂപ്രദേശമാണ് കേരളം. ഊഷ്മളമായ കാലാവസ്ഥയും ഫലഭൂയിഷ്ഠമായ മണ്ണും ഇതര പ്രകൃതിവിഭവങ്ങളുടെ ലഭ്യതയുമായിരിക്കാം ആദിമമനുഷ്യനെ ഇവിടേക്ക് ആകര്‍ഷിച്ചത്. പ്രാചീന ശിലായുഗമനുഷ്യന്‍ കേരളത്തില്‍ അധിവസിച്ചിരുന്നില്ല എന്നൊരു വിശ്വാസം മുമ്പുണ്ടായിരുന്നു. എന്നാല്‍ 1863-ല്‍ ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നും പ്രാചീന ശിലായുഗത്തിലെയും നവീനശിലായുഗത്തിലെയും ചരിത്രാവശിഷ്ടങ്ങള്‍ പ്രത്യേകിച്ചും ശിലായുധങ്ങളും ശവപ്പറമ്പുകളും കണ്ടെത്തിയതോടെ ദക്ഷിണേന്ത്യയും പ്രാചീനശിലായുഗത്തിന്റെ കണ്ണിയാണെന്ന് സ്ഥിരീകരിക്കപ്പെട്ടു. ഈ കാലഘട്ടങ്ങളില്‍ മനുഷ്യന്‍ വേട്ടയാടുന്നതിനും മറ്റും ഉപയോഗിച്ചിരുന്ന മിനുസപ്പെടുത്താത്തതും അല്ലാത്തതുമായ ആയുധങ്ങള്‍ കേരളത്തില്‍നിന്നും കണ്ടെടുത്തിട്ടുണ്ട്. കേരളത്തിലെ കാടുകളില്‍ ഇപ്പോഴും നിവസിക്കുന്ന ഗോത്രവര്‍ഗക്കാരുടെ മുന്‍ഗാമികളാണ് കേരളത്തില്‍ പ്രാചീനശിലായുഗസംസ്കാരത്തിന് തുടക്കം കുറിച്ചതെന്നു കരുതുന്നു. ഏഷ്യയും ആഫ്രിക്കയും ആസ്റ്റ്രേലിയയും ഒരുമിച്ചുകൂടി ചേര്‍ന്നുകിടന്നിരുന്ന ഭൂവിജ്ഞാനീയ കാലഘട്ടത്തിലായിരിക്കാം നെഗ്രിറ്റോയ്ഡ്, പ്രോട്ടോ ആസ്റ്റ്രലോയ്ഡ് വിഭാഗങ്ങളില്‍പ്പെട്ട ആദിമ ഗോത്രവംശജര്‍ ഇവിടെയെത്തിയത്. വനാന്തരങ്ങളില്‍ അലഞ്ഞുതിരിഞ്ഞിരുന്ന ഇക്കൂട്ടര്‍ പരുക്കന്‍ ശിലകളും മൃഗങ്ങളുടെ അസ്ഥികളും ആയുധമാക്കി വേട്ടയാടിയും ഫലമൂലാദികള്‍ ഭക്ഷിച്ചും ശിലാഗുഹകളിലും മറ്റും അന്തിയുറങ്ങിയുമായിരുന്നു അതിജീവനം സാധ്യമാക്കിയിരുന്നത്.

ആദ്യമെത്തിയത് നെഗ്രിറ്റോയ്ഡ് വംശജരാണെന്ന് കരുതുന്നു. തെക്കേ ഇന്ത്യയില്‍ സഹ്യപര്‍വതനിരകളുടെ പൂര്‍വഭാഗത്ത് ആരംഭിച്ച മനുഷ്യവാസം പിന്നീട് മാത്രമാണ് പശ്ചിമഘട്ടത്തിന് പടിഞ്ഞാറ് ഭാഗത്തേക്ക് വ്യാപിച്ചത്. ഇവര്‍ക്ക് പിന്നാലെ എത്തിയ പ്രോട്ടോ ആസ്റ്റ്രലോയ്ഡ് വംശജര്‍ നെഗ്രിറ്റോയ്ഡ് വംശജരുമായി കൂടിക്കലര്‍ന്നും അല്ലാതെയും ശിലായുഗസംസ്കാരത്തെ വികസിപ്പിച്ചു. മിനുസപ്പെടുത്തിയ ശിലായുധങ്ങളും സൂക്ഷ്മശിലായുധങ്ങളും ഈ കാലഘട്ടത്തിന്റെ സംഭാവനയാണെന്ന് കരുതുന്നു. കറുത്തനിറം, പൊക്കംകുറഞ്ഞ ശരീരപ്രകൃതി, പതിഞ്ഞ മൂക്ക്, ചുരുണ്ട മുടി തുടങ്ങിയവ നെഗ്രിറ്റോയ്ഡ് വംശജരുടെ പ്രത്യേകതകളാണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിലെ കാടുകളില്‍ നായാടികളായി ജീവിതം നയിക്കുന്ന കാടര്‍, തോടര്‍, കാട്ടുനായ്ക്കര്‍ തുടങ്ങിയ ആദിവാസി ഗോത്രവിഭാഗങ്ങള്‍ നെഗ്രിറ്റോയ്ഡ് വംശജരുടെ ശാരീരിക സവിശേഷതകള്‍ പ്രദര്‍ശിപ്പിക്കുന്നവരാണെന്ന് നരവംശശാസ്ത്രജ്ഞര്‍ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക പരിവര്‍ത്തനപ്രക്രിയയില്‍ നിന്നും പിന്തള്ളപ്പെട്ടുപോയവരാണ് ഇക്കൂട്ടര്‍. നെഗ്രിറ്റോയ്ഡ് വംശജരുമായി കൂടിക്കലര്‍ന്നും വേറിട്ടുനിന്നും ജീവിതം നയിച്ച പ്രോട്ടോ ആസ്റ്റ്രലോയ്ഡ് വംശജര്‍ നവീന ശിലായുഗത്തിന്റെ കാലഘട്ടത്തോടെ ആഹാരംതേടി നടക്കുന്നവരുടെ നിലയില്‍നിന്നും സ്ഥിരതാമസത്തിലേക്ക് മാറിയതായി കരുതുന്നു. സൂക്ഷ്മശിലായുധങ്ങളും അമ്പും വില്ലും ഈ കാലഘട്ടത്തിന്റെ സംഭാവനയാണ്. ലഘുശിലായുധങ്ങളായിരുന്നു അമ്പിന്റെ കൂര്‍ത്തമുനയായി ഉപയോഗിച്ചിരുന്നത്. ഇത് നായാട്ട് അനായാസമാക്കിത്തീര്‍ത്തു. കൊച്ചിക്കടുത്ത് നിന്ന് ലഘുശിലായുധങ്ങളുടെ ഒരു നിര്‍മാണശാലയും കോഴിക്കോടിനടുത്ത് നിന്നും ഏതാനും ലഘുശിലായുധങ്ങളും പുരാതത്വഗവേഷകര്‍ കണ്ടെടുത്തിട്ടുണ്ട്. മധ്യശിലായുഗത്തിന്റെ അന്ത്യത്തിലാണ് ലഘുശിലായുധങ്ങള്‍ പ്രചാരത്തില്‍ വന്നത്. ഇന്ത്യയില്‍ ഇപ്പോള്‍ അധിവസിക്കുന്ന ഗോത്രവര്‍ഗക്കാരില്‍ ഭൂരിഭാഗവും മധ്യശിലായുഗത്തിന്റെ അന്ത്യഘട്ടത്തെ പ്രതിനിധാനം ചെയ്യുന്നവരാണ്. ഇവര്‍ നവീനശിലായുഗത്തിന്റെയും താമ്രശിലായുഗത്തിന്റെയും കാലഘട്ടത്തില്‍ ജീവിക്കുന്നവരുമായി ബന്ധം പുലര്‍ത്തിയിരുന്നു. ഇന്ത്യയിലെയും സിലോണിലെയും ഭൂരിഭാഗം ഗോത്രവര്‍ഗക്കാരും ഇപ്പോഴും അമ്പും വില്ലും ഉപയോഗിക്കുന്നുണ്ട്. കേരളത്തിലെ ആദിവാസികള്‍ ഇപ്പോഴും അമ്പും വില്ലും ഉപയോഗിക്കുന്നതിനാലും ഭക്ഷ്യസംഭരണവും വേട്ടയാടലും മുഖ്യതൊഴിലായി സ്വീകരിക്കുന്നവരായതിനാലും ഇവര്‍ മധ്യശിലായുഗത്തിന്റെ അവസാനത്തെ കണ്ണിയെ പ്രതിനിധാനം ചെയ്യുന്നവരാണെന്ന് അനുമാനിക്കപ്പെടുന്നു.

മധ്യശിലായുഗത്തില്‍ കേരളത്തിലെ ആദിമനിവാസികള്‍ ഗോത്രങ്ങളായാണ് താമസിച്ചിരുന്നത്. ഗോത്രങ്ങള്‍ ചേര്‍ന്ന് ഗണങ്ങള്‍ക്കും ജന്മം നല്‍കിയിരുന്നു. ഓരോ ഗണവും പ്രത്യേകം ഗണചിഹ്നവും സ്വീകരിച്ചിരുന്നു. വൃക്ഷങ്ങളോ മൃഗങ്ങളോ ഒക്കെയായിരുന്നു ഗണചിഹ്നങ്ങള്‍. ഇവര്‍ക്കുപിന്നാലെ വന്ന ദ്രാവിഡരും ഗണപാരമ്പര്യവും ഗണചിഹ്നങ്ങളും അനുവര്‍ത്തിച്ചിരുന്നു. ഗോത്രത്തലവന്മാര്‍ ഗണങ്ങളുടെ പ്രത്യേകതയായിരുന്നു. കേരളത്തിലെ ആദിവാസികള്‍ ഇപ്പോഴും ഈ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നുണ്ട്. വിവിധതരം ഗണചിഹ്നങ്ങള്‍ സ്വീകരിച്ചിരുന്ന ഗോത്രങ്ങള്‍ ദക്ഷിണേന്ത്യയില്‍ ഉണ്ടായിരുന്നതായി സംഘംകൃതികള്‍ സൂചന നല്‍കുന്നു. സമ്പത്ത് (മിക്കപ്പോഴും വിഭവങ്ങള്‍) പൊതുസ്വത്തായി കണക്കാക്കപ്പെട്ടിരുന്നു. എന്നാല്‍ ആയുധങ്ങള്‍, പാത്രങ്ങള്‍, ആഭരണങ്ങള്‍, വസ്ത്രങ്ങള്‍ മുതലായവ സ്വകാര്യസ്വത്തിന്റെ ഭാഗമായാണ് കണക്കാക്കിയിരുന്നത്. പാരമ്പര്യത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍ണയിച്ചിരുന്ന രക്തബന്ധമായിരുന്നു ഗോത്രങ്ങളിലെ അംഗങ്ങള്‍ തമ്മിലുള്ള അവകാശങ്ങളും ഉത്തരവാദിത്തങ്ങളും നിര്‍ണയിച്ചിരുന്നത്. അമ്മവഴി ഗോത്രബന്ധം നിര്‍ണയിക്കുന്ന സമ്പ്രദായം കേരളത്തിലെ ഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ ഇപ്പോഴും നിലനില്ക്കുന്നുണ്ട്. ദ്രാവിഡര്‍ക്ക് മുമ്പുണ്ടായിരുന്ന ആദിമനിവാസികളുടെ ആചാരങ്ങള്‍ക്ക് കേരളത്തിന്റെ മാതൃപാരമ്പര്യ വളര്‍ച്ചയില്‍ ഭാഗികമായി പങ്കുണ്ടെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിലെ വിവിധ സമുദായങ്ങള്‍ക്കിടയില്‍ പ്രത്യേകിച്ചും ഈഴവര്‍, നായര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്കിടയില്‍ അടുത്തകാലംവരെ ഈ പാരമ്പര്യം നിലനിന്നിരുന്നു. ചുരുക്കത്തില്‍ കേരളത്തിലെ ആദിമനിവാസികളുടെ പ്രാക്തന സംസ്കാരത്തില്‍ നിന്നും കേരളീയര്‍ ആര്‍ജിച്ച ഒന്നാണ് മാതൃപാരമ്പര്യസമ്പ്രദായം. ബാഹ്യഗോത്രവിവാഹം, മുറപ്പെണ്ണിനെ വിവാഹം കഴിക്കല്‍, പെണ്‍കുട്ടി പ്രായമാവുമ്പോള്‍ പുല ആചരിക്കല്‍, ശവം മറവുചെയ്യുകയും പരേതാത്മാക്കളെയും പ്രകൃതിയെയും പ്രകൃതിശക്തികളെയും ആരാധിക്കല്‍, ജ്യേഷ്ഠന്‍ മരിച്ചാല്‍ അനുജന്‍ ജ്യേഷ്ഠന്റെ ഭാര്യയെ വിവാഹം ചെയ്യല്‍, ശവം മറവുചെയ്യുമ്പോള്‍ പരേതന്‍ ഉപയോഗിച്ചിരുന്ന സാധനങ്ങള്‍ ശവശരീരത്തോടൊപ്പം അടക്കം ചെയ്യല്‍, ശവപ്പറമ്പില്‍ സ്മാരകശിലകള്‍ (വീരക്കല്ല്, പുലച്ചിക്കല്ല്) നാട്ടല്‍ തുടങ്ങിയ ആചാരങ്ങള്‍ ചിരപുരാതനംകാലം മുതല്‍ ഇവിടെ നിവസിച്ചുപോരുന്ന ആദിമനിവാസികളില്‍ നിന്നാണ് കേരളീയര്‍ സ്വായത്തമാക്കിയത് എന്നു കരുതുന്നു.

ദ്രാവിഡരുടെ ആഗമനം. സിന്ധുനദീതടസംസ്കാരത്തിന്റെ സൃഷ്ടാക്കളും മെഡിറ്ററേനിയന്‍ വംശജരുമായ ദ്രാവിഡര്‍ സിന്ധുനദീതടസംസ്കാരത്തിന്റെ പതനത്തോടെയാണ് ഇന്ത്യയിലുടനീളം വ്യാപിക്കുന്നത്. എന്നാല്‍ ദക്ഷിണേന്ത്യയില്‍ സിന്ധുനദീതട സംസ്കാരത്തിന്റെ കാലഘട്ടത്തില്‍ത്തന്നെ വ്യതിരിക്തമായൊരു സംസ്കാരം (ദ്രാവിഡസംസ്കാരം) വികസിപ്പിച്ചെടുക്കാന്‍ ദ്രാവിഡര്‍ക്കു കഴിഞ്ഞിരുന്നു. മാത്രമല്ല ഉത്തരേന്ത്യയിലെ ജനവിഭാഗങ്ങളുമായി, പ്രത്യേകിച്ചും സിന്ധുനദീതടപ്രദേശത്തെ പരിഷ്കൃത ജനതയുമായി സാംസ്കാരിക വാണിജ്യബന്ധങ്ങള്‍ നിലനിര്‍ത്താനും ഇവര്‍ക്ക് കഴിഞ്ഞിരുന്നു. ആധുനിക നരവംശശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍ മെഡിറ്ററേനിയന്‍ വംശജരുടെയും ആസ്റ്റ്രലോയ്ഡ് വംശജരുടെയും മിശ്രിതവംശമാണ് ദ്രാവിഡര്‍. ബി.സി. 4-ാം സഹസ്രാബ്ദത്തോടെ ബലൂചിസ്താന്‍വഴി ഇന്ത്യയില്‍ എത്തിയ മെഡിറ്ററേനിയന്‍ വംശജര്‍ ഇവിടെ നേരത്തേ ഉണ്ടായിരുന്ന ആസ്റ്റ്രലോയ്ഡ് വംശജരുമായി കൂടിക്കലരുകയും തത്ഫലമായി മധ്യശിലായുഗത്തിന്റെ അവസാനഘട്ടത്തില്‍ ഒരു സ്വതന്ത്രനരവംശം-ദ്രാവിഡര്‍ ഇവിടെ രൂപംകൊള്ളുകയും ചെയ്തു. ദ്രാവിഡരെ പിന്തുടര്‍ന്നെത്തിയ ആര്യന്മാരുടെ സംസ്കാരം തെക്കേ ഇന്ത്യയില്‍ വികസിക്കുന്നതിനും ആധിപത്യം നേടുന്നതിനും വളരെ മുമ്പുതന്നെ ദ്രാവിഡര്‍ പ്രാകൃതത്വമുപേക്ഷിച്ച് പുരോഗതിയുടെ പാതയില്‍ ബഹുദൂരം മുന്നേറുകയും കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യയില്‍ വ്യതിരിക്തമായൊരു സംസ്കാരം വികസിപ്പിച്ചെടുക്കുകയും ചെയ്തു. സമാധാനത്തിലും സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങളിലും അധിഷ്ഠിതമായിരുന്നു ദ്രാവിഡ സംസ്കാരം. ഇവര്‍ ഗോത്രങ്ങളായി ജീവിക്കുകയും ഊര്‍ക്കൂട്ടങ്ങള്‍ നിലനിര്‍ത്തുകയും അതിലൂടെ അവരുടെ ഭാഷയെയും സംസ്കാരത്തെയും പരിപോഷിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്തുപോന്നു.

സിന്ധുനദീതടപ്രദേശങ്ങളില്‍ ദ്രാവിഡര്‍ക്ക് ഒരു നാഗരികപരിഷ്കൃതി വികസിപ്പിക്കാനും പരിപോഷിപ്പിക്കാനും കഴിഞ്ഞിരുന്നെങ്കിലും ഭൂമിശാസ്ത്രപരമായ കാരണങ്ങളാല്‍ തെക്കേയിന്ത്യയില്‍ അത്തരമൊരു നാഗരിക പരിഷ്കൃതി വളര്‍ത്തിയെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ ഇവിടെ അവര്‍ കന്നുകാലി വളര്‍ത്തലിനാണ് കൂടുതല്‍ പ്രാമുഖ്യം നല്കിയത്. എന്നാല്‍ കുറേക്കഴിഞ്ഞപ്പോള്‍ അവര്‍ കൃഷിക്ക് പ്രാമുഖ്യം നല്കിയതായി സൂചനയുണ്ട്. സംഘകാലമായപ്പോഴേക്കും ദ്രാവിഡര്‍ ഒരു കാര്‍ഷിക സമൂഹമായി വികസിച്ചിരുന്നെന്ന് ആ കാലഘട്ടത്തില്‍ എഴുതപ്പെട്ട സാഹിത്യകൃതികള്‍ സൂചന നല്‍കുന്നുണ്ട്.

ഒരിനം നാടോടിക്കൃഷിയാണ് ദ്രാവിഡര്‍ ആദ്യം പരിപാലിച്ചിരുന്നത്. നെല്ലും കരിമ്പും ചോളവുമായിരുന്നു പ്രധാനമായും കൃഷി ചെയ്തിരുന്നത്. വേട്ടയാടലും കന്നുകാലിമേയ്ക്കലും പുരുഷന്മാരുടെ തൊഴിലായിരുന്നു; ഭക്ഷ്യശേഖരണം, കൃഷി എന്നിവ സ്ത്രീകളുടെ തൊഴിലും. എന്നാല്‍ കലപ്പ ഉപയോഗിച്ചുള്ള കൃഷിയാരംഭിച്ചതോടെ കൃഷിയില്‍ പുരുഷന്മാര്‍ ആധിപത്യം നേടി. 'കുഴിവടി' എന്നയിനം ആയുധമാണ് ആദ്യം മണ്ണ് തുളയ്ക്കാന്‍ ഉപയോഗിച്ചിരുന്നത്. പിന്നെയാണ് കലപ്പ പ്രചാരത്തില്‍ വന്നത്. കന്നുകാലികളെ ഉപയോഗിച്ച് സ്ഥിരമായി കൃഷി ചെയ്യുന്ന സമ്പ്രദായം നിലവില്‍ വന്നതോടെ നിലമൊരുക്കല്‍, വിതയ്ക്കല്‍, കൊയ്ത്ത്, മെതി, ധാന്യസംഭരണം എന്നീ രംഗത്തും പുരോഗതിയുണ്ടായി. ഇതിന്റെയെല്ലാം പരിണതഫലമായി സ്ഥിരമായി താമസിക്കുന്ന സമ്പ്രദായം നിലവില്‍ വരികയും ചെയ്തു. ഇത് കെട്ടിടനിര്‍മാണത്തിലേക്കും ചക്രങ്ങള്‍ ഘടിപ്പിച്ച വണ്ടികള്‍ നിര്‍മിക്കുന്നതിലേക്കും ദ്രാവിഡരെ നയിച്ചു. കാലാവസ്ഥാ പ്രവചനം നടത്താനും ആയതിന്റെ അടിസ്ഥാനത്തില്‍ കൃഷിയിറക്കാനും ഈ കാലഘട്ടത്തില്‍ ദ്രാവിഡര്‍ പരിജ്ഞാനം നേടിയിരുന്നു. ദ്രാവിഡഭാഷയായ തമിഴിനും തമിഴ് സാഹിത്യത്തിനും (സംഘസാഹിത്യം) അഭൂതപൂര്‍വമായ വളര്‍ച്ചയുണ്ടാകുന്നതും ഈ കാലഘട്ടത്തില്‍ത്തന്നെ.മൃഗരോമവും സസ്യനാരുകളും ഉപയോഗിച്ച് വസ്ത്രങ്ങള്‍ നിര്‍മിക്കുന്ന സാങ്കേതികവിദ്യ വികസിപ്പിക്കുന്നതും ഈ കാലഘട്ടത്തില്‍ത്തന്നെ.

കാര്‍ഷികവൃത്തിയിലേക്ക് പ്രവേശിച്ച കുടുംബങ്ങള്‍ മന്റംങ്ങള്‍ ഉപേക്ഷിച്ച് കുടികളില്‍ താമസമാക്കി. ഉഴവര്‍ എന്ന കര്‍ഷക വിഭാഗമാണ് പുതിയ രീതിയിലുള്ള കൃഷിയില്‍ ഏര്‍പ്പെട്ടത്. ഉഴവര്‍ സമൂഹത്തിലെ ഒരു സമ്പന്ന വിഭാഗമായി മാറി. 'കുലമഹിമയും സ്ഥാനവലുപ്പവും ഗണിക്കാതെ' വിത്തും കലപ്പകളും എടുപ്പിച്ച് ഉഴവര്‍ കാളകളോടുകൂടി വയലില്‍ ഇറങ്ങി പണിയെടുത്തിരുന്നു (പതിറ്റുപ്പത്ത് VIII. 6). ഉഴവര്‍ക്ക് കുലമഹിമയും സ്ഥാനവലുപ്പവും കല്പിച്ചിരുന്നുവെന്ന് ഇതില്‍ നിന്നു മനസ്സിലാക്കാം. പൊന്‍വളകളും ആടയാഭരണങ്ങളുമണിഞ്ഞ ഉഴവയുവതികള്‍ കള്ളുകുടിച്ച് കൂട്ടുകൂടി പാട്ടുപാടി വയലുകളില്‍ പറവകളെ ആട്ടിയോടിക്കുന്ന ദൃശ്യങ്ങളും സംഘം കൃതികള്‍ വരച്ചുകാട്ടുന്നു (പതിറ്റുപ്പത്ത് 111. 7). ഉഴവരുടെ കുടികള്‍ താരതമ്യേന നല്ല വീടുകളായിരുന്നു. 'ഭംഗികെട്ട തറയും പല കാവുകളുമുള്ള മന്റത്തില്‍' താമസിക്കുന്നവര്‍ കലപ്പകൊണ്ട് ഉഴുതു ജീവിക്കുന്നവരുടെ വലിയ കുടികളില്‍' ചെന്ന് ആഹാരം യാചിക്കുന്നതായി ഒരു കവി പ്രസ്താവിക്കുന്നു (പുറനാനൂറ്, 375). മാന്‍മാംസം നിറച്ച കുടവുമായി ആയര്‍ സ്ത്രീകളും ഉഴവരുടെ 'വലിയ ഭവന'ത്തില്‍ ചെന്ന് നെല്ലു വാങ്ങുന്നത് സാധാരണ സംഭവമായിരുന്നു (പുറ. 33). ഇത്തരം ഉത്പന്നക്കൈമാറ്റം പ്രവൃത്തിവിഭജനത്തിന് തെളിവാണ്. പ്രവൃത്തി വിഭജനം വര്‍ഗവിഭജനത്തിനു വഴി തെളിക്കുന്നു. കൂടുതല്‍ മെച്ചപ്പെട്ട ഉത്പാദനോപകരണങ്ങളും ഉത്പാദനരീതിയും ഉഴവരുടെ അധീനത്തിലായിരുന്നതുകൊണ്ട് കൂടുതല്‍ ധനം സമ്പാദിക്കുവാനും മെച്ചപ്പെട്ട ജീവിതം നയിക്കുവാനും അവര്‍ക്കു കഴിഞ്ഞു. കരിമ്പും നെല്ലുമാണ് പ്രധാനമായും കൃഷി ചെയ്തിരുന്നത്. കാര്‍ഷികവൃത്തിയില്‍ത്തന്നെ പ്രവൃത്തിവിഭജനമുണ്ടായിരുന്നു. ഉഴവുമൃഗങ്ങളും (കാളകളും പോത്തുകളും) കലപ്പ തുടങ്ങിയ പണിയായുധങ്ങളും ചില സമ്പന്ന കുടുംബങ്ങളുടെ അധീനതയിലായിരുന്നു. നിലത്തിന്റെ കൈവശാവകാശവും ഈ കുടുംബങ്ങള്‍ക്കായിരുന്നു. ഇവര്‍ സ്വയം കൃഷിപ്പണിയില്‍ ഏര്‍പ്പെടുകയും ഉത്പന്നത്തിന്റെ ഒരോഹരി പ്രതിഫലമായി നല്‍കി വേലക്കാരെക്കൊണ്ട് ജോലി ചെയ്യിക്കുകയും ചെയ്തിരുന്നു. ഞാറുനടുക, കൊയ്യുകയും മെതിക്കുകയും ഉണക്കുകയും ചെയ്യുക ആദിയായ പ്രവൃത്തികളെല്ലാം വേലക്കാരാണ് ചെയ്തിരുന്നത്. ഇവരെക്കൂടാതെ വയലിന്റെ സംരക്ഷകന്മാരായ മറ്റൊരു വിഭാഗവും ഉണ്ടായിരുന്നു. അവര്‍ പറകൊട്ടി പറവകളെയും കാട്ടുമൃഗങ്ങളെയും ഓടിക്കുകയും കന്നു പൂട്ടുന്നവര്‍ക്കും ഞാറുനടുന്നവര്‍ക്കും കൃഷിപ്പണി അനായാസമാക്കുവാന്‍ താളത്തോടുകൂടി കൊട്ടിക്കൊടുക്കുകയും ചെയ്തിരുന്നു. കൃഷിക്കാരില്‍ത്തന്നെ ഒരു വിഭാഗം പനചെത്തുന്നതില്‍ ഏര്‍പ്പെട്ടു.

ദ്രാവിഡര്‍ പൊതുവെ പിതൃപാരമ്പര്യമാണ് പിന്തുടര്‍ന്നിരുന്നത്. സമ്പദ്വ്യവസ്ഥ ആരുടെ തൊഴിലിന്റെ അടിസ്ഥാനത്തിലാണോ അവര്‍ക്കായിരുന്നു മേധാവിത്വം. അപ്രകാരം നായാട്ടും കാലിമേയ്ക്കലും പ്രധാനതൊഴിലാക്കിയവര്‍ പിതൃപാരമ്പര്യക്കാരും കൃഷി തൊഴിലാക്കിയവര്‍ മാതൃപാരമ്പര്യക്കാരുമായി. പ്രകൃതിയെ അമ്മയായി കരുതി ആരാധിച്ചിരുന്ന സാംസ്കാരിക പാരമ്പര്യത്തില്‍ നിന്നായിരിക്കാം മാതൃപാരമ്പര്യം വികസിച്ചതെന്നു കരുതുന്നു. അമ്മയെ(പ്രകൃതിയെ)യാണ് ദ്രാവിഡര്‍ പ്രധാനമായും ആരാധിച്ചിരുന്നത്. കൊറ്റവൈ ദ്രാവിഡരുടെ കുലദേവതയായിരുന്നു. സംഘകാലമായപ്പോഴേക്കും മായോനും ചേയോനും ദ്രാവിഡരുടെ ആരാധനാമൂര്‍ത്തികളായിത്തീര്‍ന്നു.

ദ്രാവിഡരുടെ ഏറ്റവും പ്രധാനപ്പെട്ട സംഭാവന അവരുടെ ഭാഷയാണ്. പതിമൂന്നോളം ഭാഷകള്‍ ദ്രാവിഡ ഗോത്രത്തില്‍ ഉള്‍പ്പെടുന്നുണ്ടെങ്കിലും പ്രത്യേക ലിപിയും സാഹിത്യവും കൊണ്ട് പ്രാധാന്യം നേടിയിട്ടുള്ളത് തെലുഗു, കന്നഡ, മലയാളം, തുളു, തമിഴ് എന്നിങ്ങനെ അഞ്ചു ഭാഷകളാണ്. ആദിദ്രാവിഡഭാഷയില്‍ നിന്നും ആദ്യം സ്വതന്ത്രമായത് തെലുഗുവും പിന്നീട് കന്നഡയുമാണ്. ഏറ്റവും അവസാനമാണ് തമിഴ്-മലയാളങ്ങള്‍ സ്വതന്ത്രമായത്. ദ്രാവിഡഭാഷയ്ക്ക് മെഡിറ്ററേനിയന്‍ ഭാഷയുമായും സൈന്ധവ ലിപിയുമായുള്ള ബന്ധം ഇതിനകം തന്നെ തെളിയിക്കപ്പെട്ടിട്ടുണ്ട്.

വിദേശവ്യാപാര ബന്ധങ്ങള്‍. ദ്രാവിഡര്‍ക്ക് സിന്ധുനദീതട സംസ്കാരത്തിന്റെ കാലം മുതല്‍ വിദേശരാജ്യങ്ങളുമായി വ്യാപാരബന്ധമുണ്ടായിരുന്നു. ദക്ഷിണേന്ത്യയില്‍ കുടിയേറിയ ദ്രാവിഡരും ആ പാരമ്പര്യം നിലനിര്‍ത്തി. ലോകത്തിലെ പരിഷ്കാരകേന്ദ്രങ്ങളായിരുന്ന ഈജിപ്ത്, ഗ്രീസ്, റോം, ചൈന എന്നീ രാജ്യങ്ങളുമായാണ് കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യയിലെ ദ്രാവിഡര്‍ വ്യാപാരബന്ധം സ്ഥാപിച്ചിരുന്നത്. കേരളത്തില്‍ അക്കാലത്ത് സുലഭമായിരുന്ന സുഗന്ധവ്യഞ്ജനങ്ങളായിരുന്നു വിദേശികളെ ഇങ്ങോട്ട് ആകര്‍ഷിച്ചത്.

സംഘകാലമായപ്പോഴേക്കും കടല്‍വഴിയുള്ള വിദേശവ്യാപാരം ശക്തിപ്പെട്ടു. ചേരരാജാക്കന്മാര്‍ ഈ വ്യാപാരത്തെ അഭിവൃദ്ധിപ്പെടുത്തി. വിദേശവ്യാപാരം പ്രധാനമായും രാജാക്കന്മാരുടെ നിയന്ത്രണത്തിലായിരുന്നെങ്കിലും ഒരു വിഭാഗം ആളുകള്‍ രാജാവിനെ സഹായിച്ചുകൊണ്ടുതന്നെ ഈ തൊഴിലില്‍ ഏര്‍പ്പെട്ടിരുന്നു. ചരക്കുകയറ്റിപ്പോകുന്ന കപ്പലുകളില്‍ 'കടല്‍വണിക്കുകള്‍' യാത്രചെയ്തിരുന്നതായി സംഘംകൃതികള്‍ പ്രസ്താവിക്കുന്നുണ്ട്. ധാന്യക്കച്ചവടക്കാരെ പൊതുവെ 'കൂലവണികള്‍' എന്നു വിളിച്ചിരുന്നു. ഫൊണീഷ്യരും ജൂതന്മാരുമായി കേരളത്തിലുണ്ടായിരുന്ന വ്യാപാരബന്ധത്തിന് ഭാഷാശാസ്ത്രപരമായ തെളിവുകള്‍ തന്നെയുണ്ട്. കുരുമുളകിനു പുറമേ ഏലം, ചുക്ക്, കറുവപ്പട്ട എന്നീ സുഗന്ധവ്യഞ്ജനങ്ങളും തേക്ക്, വീട്ടി, ചന്ദനം, കരുന്താളി തുടങ്ങിയ മേല്‍ത്തരം തടികളുമാണ് ഇവിടെനിന്നും കയറ്റി അയച്ചിരുന്നത്. അഞ്ജനം, സിന്ദൂരം തുടങ്ങിയ സൗന്ദര്യസംവര്‍ധകസാമഗ്രികള്‍, പിത്തള, ഈയം തുടങ്ങിയ അപൂര്‍വലോഹങ്ങള്‍, സ്ഫടികസാധനങ്ങള്‍, മദ്യം തുടങ്ങിയവയായിരുന്നു പ്രധാനമായും ഇറക്കുമതി ചെയ്തിരുന്നത്. മുസിരിസ്, കണ്ണൂര്‍, തിണ്ടിസ് എന്നിവ കേരളതീരത്തെ അക്കാലത്തെ പ്രധാന തുറമുഖങ്ങളായിരുന്നു. നൂറ്റാണ്ടുകളോളം നീണ്ടുനിന്നിരുന്ന ഈ വിദേശവ്യാപാരബന്ധം കേരളത്തിന്റെ അക്കാലത്തെ സാമ്പത്തികവ്യവസ്ഥയെ പരിപോഷിപ്പിച്ചതോടൊപ്പം സാംസ്കാരികവിനിമയത്തിനും സമന്വയത്തിനും നിര്‍ണായകമായ പങ്കുവഹിച്ചു. നമ്മുടെ ഭാഷയിലും സാഹിത്യത്തിലും ജീവിതശൈലിയിലും ആചാരാനുഷ്ഠാനങ്ങളിലും വിശ്വാസത്തിലും ഈ സ്വാധീനം ഇപ്പോഴും പ്രതിഫലിച്ചു കാണുന്നുണ്ട്.

മറ്റൊരു സമ്പന്നവിഭാഗം കച്ചവടക്കാരായിരുന്നു. വിദേശവ്യാപാരം പ്രധാനമായും രാജാക്കന്മാരുടെ നിയന്ത്രണത്തിലായിരുന്നെങ്കിലും ഒരു വിഭാഗം ആളുകള്‍ രാജാവിനെ സഹായിച്ചുകൊണ്ടുതന്നെ ഈ തൊഴിലില്‍ ഏര്‍പ്പെട്ടിരുന്നു. ചരക്കുകയറ്റിപ്പോയിരുന്ന കപ്പലുകളില്‍ 'കടല്‍വണിക്കുകള്‍' യാത്ര ചെയ്തിരുന്നതായി സംഘം കൃതികള്‍ പ്രസ്താവിക്കുന്നു (പതിറ്റുപ്പത്ത് VIII. 6). ആഭ്യന്തര വ്യാപാരത്തിലെ ഒരു പ്രധാന ഇനം ഉപ്പുകച്ചവടമായിരുന്നു. ഉപ്പുകച്ചവടം നടത്തുന്ന 'ഉമണരെ' പ്പറ്റിയും അവരുടെ മാളികകളെപ്പറ്റിയും പ്രതിപാദിക്കുന്നുണ്ട്. മറ്റൊരു വിഭാഗം കച്ചവടക്കാര്‍ 'എണ്‍വകധാന്യങ്ങ' ളുടെ വ്യാപാരത്തില്‍ ഏര്‍പ്പെട്ടവരാണ്. ധാന്യക്കച്ചവടക്കാരെ പൊതുവില്‍ 'കൂലവണികര്‍' എന്നു വിളിച്ചിരുന്നു. വണികര്‍ക്ക് സമൂഹത്തിലുണ്ടായിരുന്ന ഉയര്‍ന്ന സ്ഥാനത്തെപ്പറ്റി തൊല്ക്കാപ്പിയത്തില്‍ പല സ്ഥലത്തും പരാമര്‍ശങ്ങളുണ്ട്. 'ഏനോര്‍' (ഉയര്‍ന്നവര്‍) എന്ന വിഭാഗത്തിലാണ് വണികര്‍ ഉള്‍പ്പെട്ടിരുന്നത്. അവര്‍ക്ക് തലയിലും കഴുത്തിലും മാല ധരിക്കുവാന്‍ അര്‍ഹതയുണ്ടായിരുന്നു (തൊല്ക്കാപ്പിയം, പൊരുള്‍ 624). നല്ല കൃഷിയും സജ്ജനങ്ങളും അതിരറ്റ ധനപുഷ്ടിയോടുകൂടിയ വണികരും താമസിക്കുന്ന നാടാണ് ഒരു മാതൃകാപരമായ നാടെന്ന് തിരുവള്ളുവര്‍ പ്രസ്താവിച്ചിട്ടുണ്ട് (തിരുക്കുറള്‍, 731).

ക്രിസ്തുവര്‍ഷം ആദ്യശതകങ്ങളില്‍ എഴുതപ്പെട്ടതോ സമാഹരിക്കപ്പെട്ടതോ ആയ സംഘംകൃതികളില്‍ നിന്നും അക്കാലത്ത് കേരളത്തില്‍ നിലനിന്നിരുന്ന സാമൂഹിക-രാഷ്ട്രീയ വ്യവസ്ഥയെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും മനസ്സിലാക്കാവുന്നതാണ്. സംഘംകൃതികളില്‍ പലതും കേരളീയരെക്കുറിച്ചെഴുതിയതോ കേരളീയരായ കവികള്‍ എഴുതിയിട്ടുള്ളതോ ആകുന്നു. സംഘകാലഘട്ടത്തില്‍ ദക്ഷിണേന്ത്യയിലെ ദ്രാവിഡര്‍ പ്രബല രാഷ്ട്രീയ ശക്തിയായി വികസിച്ചതായി സംഘംകൃതികള്‍ സൂചന നല്കുന്നു. അക്കാലത്ത് തമിഴകം-തൊണ്ടൈനാട്, ചോളനാട്, പാണ്ടിനാട്, ചേരനാട് എന്നിങ്ങനെ നാല് പ്രധാന സാമ്രാജ്യങ്ങളും നിരവധി ചെറുരാജ്യങ്ങളുമായി വിഭജിക്കപ്പെട്ടിരുന്നു. ഇതില്‍ ചേരനാട് (ചേരളം) ആയിരുന്നു ഇന്നത്തെ കേരളത്തിന്റെ ഭൂവിസ്തൃതിയുടെ സിംഹഭാഗത്തെയും പ്രതിനിധീകരിച്ചിരുന്നത്. സംഘകാലഘട്ടത്തില്‍ മൂന്നു രാഷ്ട്രീയശക്തികളാണ് കേരളത്തില്‍ നിലനിന്നിരുന്നത്. തെക്ക് ആയ് രാജ്യം, അതിന് വടക്ക് ചേരരാജ്യം, വടക്കേയറ്റത്ത് ഏഴിമലരാജ്യം. പമ്പാനദിമുതല്‍ കന്യാകുമാരി വരെ വ്യാപിച്ചിരുന്ന ആയ്രാജ്യത്തിന്റെ കിഴക്കേ അതിര് സഹ്യപര്‍വതവും പടിഞ്ഞാറേ അതിര് അറബിക്കടലുമായിരുന്നു. ആയ് രാജ്യത്തിന് വടക്ക് കുട്ടനാടു മുതല്‍ വടക്കേയറ്റത്ത് ഏഴിമല (കണ്ണൂര്‍) വരെയായിരുന്നു ചേരസാമ്രാജ്യം വ്യാപിച്ചിരുന്നത്. പുറം വിഭാഗത്തിലെ പ്രധാനകൃതിയായ പതിറ്റുപ്പത്ത് പത്ത് ചേരരാജാക്കന്മാരുടെ വരാപദാനങ്ങളുടെ പ്രതിപാദനമാണ്. ചേരരാജാക്കന്മാര്‍ ദ്രാവിഡരായിരുന്നു. ചേരസാമ്രാജ്യത്തിനും വടക്ക് സ്ഥിതിചെയ്തിരുന്ന ഏഴിമലയുടെ വ്യാപ്തി കര്‍ണാടകം വരെ എത്തിയിരുന്നു. ഒന്നാം ചേരസാമ്രാജ്യത്തിന്റെ പതനകാലം വരെ (എ.ഡി. 8-ാം ശ.) ചേരന്മാരുടെ നാട് എന്ന അര്‍ഥത്തില്‍ ചേരളം എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈ ഭൂപ്രദേശം-ആര്യവത്കരണത്തിന്റെ പരിണതഫലമായാണ് കേരളം, പരശുരാമക്ഷേത്രം എന്നീ പേരുകളില്‍ അറിയപ്പെട്ടു തുടങ്ങുന്നത്. 64 ഗ്രാമങ്ങളില്‍ ബ്രാഹ്മണരെ കുടിയിരുത്തി പെരുമാക്കന്മാരുടെ ഭരണം നടപ്പിലാക്കി എന്ന് ഉദ്ഘോഷിക്കുന്ന പരശുരാമകഥയും അനുബന്ധ ഐതിഹ്യങ്ങളും മറ്റും സംഘകാലഘട്ടത്തിന്റെ ആരംഭത്തില്‍ കേരളത്തിലുണ്ടായ ആര്യന്മാരുടെ കുടിയേറ്റത്തെയാണ് സൂചിപ്പിക്കുന്നത്.

സംഘകാലഘട്ടത്തില്‍ ദ്രാവിഡര്‍ക്കിടയില്‍ ക്രമീകൃതവും സ്ഥിരവാസത്തോടുകൂടിയതുമായ കുടുംബജീവിതം ആരംഭിച്ചിരുന്നു. കൃത്യമായ ജാതിവ്യവസ്ഥയോ സാമൂഹികമായ വേര്‍തിരിവുകളോ സംഘകാലത്ത് നിലനിന്നിരുന്നില്ല. എങ്കിലും സമ്പന്നരും ദരിദ്രരുമായ ജനങ്ങള്‍ സാമൂഹികസമത്വത്തിലും സ്വാതന്ത്ര്യത്തിലും കഴിഞ്ഞുകൂടി. ദ്രാവിഡസംസ്കാരത്തിന്റെ ജീവന്‍ തന്നെ ജാതിയില്ലായ്മയായിരുന്നു. തൊഴിലിന്റെയും വാസസ്ഥലത്തിന്റെയും അടിസ്ഥാനത്തിലുള്ള വിഭജനം മാത്രമേ അക്കാലത്ത് നിലനിന്നിരുന്നുള്ളു. കുറിഞ്ഞി (കുന്നും മലയും നിറഞ്ഞ പ്രദേശം) നിലത്തുള്ളവന്‍ കുറവന്‍, മുല്ലൈ(മേച്ചില്‍സ്ഥലങ്ങളും കുറ്റിക്കാടുകളും നിറഞ്ഞ ഇടനാടന്‍പ്രദേശം) നിലത്തുള്ളവന്‍ ഇടയന്‍, മരുത (പുഴകളും വയലേലകളും നിറഞ്ഞ പ്രദേശം) നിലത്തുള്ളവന്‍ ഉഴവന്‍, നെയ്തല്‍ (തീരപ്രദേശം) നിലത്തുള്ളവന്‍ വലയന്‍. ഐന്തിണവാസികള്‍ ഓരോ തിണയിലും ഗോത്രത്തലന്മാരുടെ (വെപ്പന്‍ അഥവാ വടല) കീഴില്‍ ഗോത്രങ്ങളായാണ് ജീവിച്ചിരുന്നത്. ഗോത്രത്തലവന്മാരാല്‍ നിയന്ത്രിതമായ ഇത്തരം ഭരണസംവിധാനത്തിന്റെ വികസിതരൂപമായിട്ടായിരിക്കാം പില്ക്കാല ഗോത്രരാജവംശങ്ങളും ഗോത്രസാമ്രാജ്യങ്ങളും രൂപംകൊള്ളുന്നത്. അധ്വാനത്തിന്റെ മഹത്ത്വം എവിടെയും അംഗീകരിക്കപ്പെട്ടിരുന്നു. കുറവര്‍, വേടര്‍, മറവര്‍, പാണര്‍ മുതലായവര്‍ അക്കാലത്തെ സാംസ്കാരിക നായകന്മാരായിരുന്നു. അവര്‍ രാജസദസ്സുകളില്‍പ്പോലും ആദരിക്കപ്പെട്ടിരുന്നു. രാജ്യത്തിന്റെ ഐശ്വര്യത്തിന് കാരണക്കാരായ കൃഷിക്കാര്‍ പരക്കെ ബഹുമാനിക്കപ്പെട്ടിരുന്നു. സ്ത്രീ-പുരുഷസമത്വം നിലനിന്നിരുന്നു. എല്ലാ വിഭാഗങ്ങള്‍ക്കും വിദ്യാഭ്യാസം അനുവദിക്കപ്പെട്ടിരുന്ന ജാതിവ്യവസ്ഥയുടെ കാലഘട്ടത്തില്‍ താഴ്ത്തപ്പെട്ട ജനവിഭാഗങ്ങളായ പാണര്‍, പറയര്‍, കുറവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ അക്കാലത്തെ പണ്ഡിതന്മാരും കവികളുമായിരുന്നു. പരണര്‍, കപിലര്‍ തുടങ്ങിയ കവികള്‍ പാണന്മാരായിരുന്നു. സ്ത്രീകള്‍ക്ക് സമൂഹത്തില്‍ ഉന്നത പദവി നല്കിയിരുന്നു. വിദ്യാഭ്യാസമുള്‍പ്പെടെ എല്ലാ സാമൂഹികസ്വാതന്ത്ര്യവും സ്ത്രീകള്‍ അനുഭവിച്ചിരുന്നു. ഔവ്വയാറെപ്പോലുള്ള നിരവധി കവയത്രികളും അക്കാലത്ത് ഉണ്ടായിരുന്നു. സംഘംകൃതികളിലെ പാട്ടുകാരില്‍ നല്ലൊരു ശതമാനം സ്ത്രീകളായിരുന്നു എന്നത് അക്കാലത്ത് സ്ത്രീകള്‍ക്ക് സമൂഹത്തിലുണ്ടായിരുന്ന ഔന്നത്യത്തിന്റെ നിദര്‍ശനമാണ്. വിവാഹത്തിന് പെണ്‍പണം കൊടുക്കുന്ന പതിവ് അന്ന് നിലനിന്നിരുന്നു. വധുവിന്റെ മാതാപിതാക്കള്‍ക്ക് വരന്‍ പണമോ ധാന്യമോ മറ്റു പാരിതോഷികങ്ങളോ നല്കുകയായിരുന്നു പതിവ്. വിവാഹത്തിന് വരന്‍ വധുവിനെ താലി അണിയിക്കുന്ന പതിവും ഉണ്ടായിരുന്നു. പൊതുവേ സ്ത്രീകളുടെ സന്മാര്‍ഗനിഷ്ഠ ഉയര്‍ന്നതായിരുന്നു. അവര്‍ ഇഷ്ടപ്പെട്ട തൊഴില്‍ ചെയ്തിരുന്നു. കൃഷിപ്പണിയിലും തുന്നല്‍പ്പണിയിലും വ്യാപാരത്തിലും ഏര്‍പ്പെടുന്നവര്‍ ധാരാളമായിരുന്നു. സ്ത്രീകള്‍ പലതരത്തിലുള്ള ആഭരണങ്ങള്‍ പ്രത്യേകിച്ചും ഓല, തഴ തുടങ്ങിയ കര്‍ണാഭരണങ്ങള്‍ അണിഞ്ഞിരുന്നു. ആദിദ്രാവിഡരെപ്പോലെ ദ്രാവിഡരും ശവം മറവു ചെയ്യുകയായിരുന്നു പതിവ്. ശവം കുഴിച്ചിടുന്നതിനുപുറമേ കല്ലറ കൊണ്ട് അറയുണ്ടാക്കി അടക്കം ചെയ്യുക, താഴികുഴിച്ച് ശവം അതിനുള്ളിലാക്കി മൂടുക എന്നിങ്ങനെയുള്ള ശവസംസ്കാരരീതികളും പ്രചാരത്തിലുണ്ടായിരുന്നു. ശവം കല്ലറകളില്‍ അടക്കം ചെയ്യുന്ന രീതി വ്യാപകമായിരുന്നു.

ആഹാരസാധനങ്ങളെക്കുറിച്ചും വീട്ടുപകരണങ്ങളെക്കുറിച്ചും സംഘംകൃതികളില്‍ പരാമര്‍ശമുണ്ട്. ചോറായിരുന്നു പ്രധാന ആഹാരം. മത്സ്യവും മാംസവും ധാരാളമായി ഉപയോഗിച്ചിരുന്നു. നാടന്‍ മദ്യവും പാശ്ചാത്യനാടുകളില്‍ നിന്നും ഇറക്കുമതി ചെയ്തിരുന്ന മദ്യവും ഉപയോഗിച്ചിരുന്നെങ്കിലും സാധാരണക്കാര്‍ പനങ്കള്ളു മുതലായ നാടന്‍മദ്യമാണ് ഉപയോഗിച്ചിരുന്നത്. സ്ത്രീകളും നാടന്‍ മദ്യം ഉപയോഗിച്ചിരുന്നു. സാധാരണക്കാര്‍ മണ്‍പാത്രങ്ങള്‍ ഉപയോഗിച്ചപ്പോള്‍ സമ്പന്നര്‍ വെള്ളിപ്പാത്രങ്ങളും സ്വര്‍ണപ്പാത്രങ്ങളും ഉപയോഗിച്ചിരുന്നു. ഇരുമ്പായുധങ്ങള്‍ ഈ കാലഘട്ടത്തില്‍ വ്യാപകമായി പ്രചാരം നേടിയിരുന്നു.

സമ്പന്ന വിഭാഗത്തിന്റെ ജീവിതം സുഖസമ്പൂര്‍ണമായിരുന്നു; ഇറച്ചി ചേര്‍ത്തു പാകപ്പെടുത്തിയ 'ഊന്‍ചോറും' നെയ്മണമുള്ള കറികളും മത്സ്യക്കറികളും കള്ളും സുഭിക്ഷമായി കഴിച്ച് കൂത്തും പാട്ടുമായി അവര്‍ ജീവിച്ചു. 'ധനപുഷ്ടിയുള്ള കുടികളില്‍ പിറന്നവര്‍ മിഴാവിന്റെ വടിവുള്ള ചക്കച്ചുളകള്‍ തിന്നും മുളംകുഴലുകളില്‍ അടച്ചുവച്ചു മത്തു പിടിപ്പിച്ച കള്ള് വേണ്ടുവോളം കുടിച്ചും ആനന്ദലഹരിയില്‍ ലയിച്ച് ആരാവാരത്തോടെ വാഴുന്ന'തായി പതിറ്റുപ്പത്തില്‍ പറഞ്ഞിരിക്കുന്നു (IX.1). ഇങ്ങനെ ഒരു വിഭാഗം ജനങ്ങള്‍ ഐശ്വര്യപൂര്‍ണമായ ജീവിതം നയിച്ചപ്പോള്‍, മറ്റൊരു വിഭാഗം ദാരിദ്ര്യത്തിലും കഷ്ടപ്പാടിലുമാണ് കഴിഞ്ഞിരുന്നത്. കീറിപ്പറിഞ്ഞ വസ്ത്രവുമായി ഒരു നേരത്തെ ആഹാരത്തിനുവേണ്ടി ഗൃഹസ്ഥരുടെ ഭവനങ്ങളില്‍ അവര്‍ യാചകരായി നടന്നിരുന്നു (പുറ. 385). 'ധനമില്ലാത്തവര്‍ക്കു വേണ്ടിയുള്ളതല്ല ഈ ലോകം' എന്ന് തിരുവള്ളുവരെക്കൊണ്ട് പറയിപ്പിക്കത്തക്കവിധം ദയനീയമായിരുന്നു നിസ്വരുടെ നില. അങ്ങനെ, സ്ഥിതിസമത്വത്തില്‍ കഴിഞ്ഞിരുന്ന ഗോത്രസമൂഹത്തിന്റെ സ്ഥാനത്ത് ധനികരും ദരിദ്രരുമുള്ള വര്‍ഗസമുദായമായി സമൂഹം രൂപാന്തരപ്പെട്ടു.

'കീഴോര്‍' എന്നിങ്ങനെയുള്ള വര്‍ഗവിഭജനത്തെപ്പറ്റി സംഘം കൃതികള്‍ പരാമര്‍ശിക്കുന്നു. 'ഏനോര്‍' 'ഉയര്‍ന്തോര്‍' എന്നീ മേലോര്‍ വിഭാഗത്തെക്കുറിച്ചും 'അടിയോര്‍', 'വിനൈഞര്‍' എന്നീ അധഃസ്ഥിതവിഭാഗത്തെക്കുറിച്ചും തൊല്‍കാപ്പിയത്തില്‍ വിവരിക്കുന്നുണ്ട്. സ്വകാര്യസ്വത്തിന്റെ ഉടമകള്‍ക്കും പണ്ഡിതന്മാര്‍ക്കും സമൂഹത്തില്‍ ഉയര്‍ന്ന സ്ഥാനമാണ് ഉണ്ടായിരുന്നത്; സ്വത്തൊന്നുമില്ലാതെ തങ്ങളുടെ അദ്ധ്വാനശക്തി മറ്റുള്ളവര്‍ക്ക് വില്‍പ്പന നടത്തി ജീവിച്ചവര്‍ക്ക് സമൂഹത്തില്‍ താഴ്ന്ന സ്ഥാനവും. 'വിനൈഞര്‍' എന്നു വിളിക്കപ്പെട്ടിരുന്ന വേലക്കാര്‍ വിശാലമായ നിലങ്ങളില്‍ കന്നുമേയ്ക്കുകയും വിളഞ്ഞു നില്‍ക്കുന്ന കതിര്‍മണികള്‍ കൊയ്യുകയും മറ്റും ചെയ്തിരുന്നവരാണ്. 'അടിയോര്‍' അവരേക്കാള്‍ താഴ്ന്നവരായിരുന്നു. ആഹാരവും വസ്ത്രവും മാത്രം പ്രതിഫലം പറ്റി അടിമവേല ചെയ്യുന്നവരായിരുന്നു അവര്‍. മൃഗങ്ങളെപ്പോലെയും ഉത്പന്നങ്ങളെപ്പോലെയും അവരെ കൈമാറ്റം ചെയ്യപ്പെട്ടിരുന്നു. ചെല്‍വകടുങ്കോവഴിയാതന്‍ എന്ന ചേരരാജാവ് അദ്ദേഹത്തെ സ്തുതിച്ചു പാടിയ കവിക്കു ദാനം ചെയ്ത വസ്തുക്കളുടെ കൂട്ടത്തില്‍ അടിമകളായ വേലക്കാരും ഉള്‍പ്പെട്ടിരുന്നു (പുറ. 387). അടിമകളെ അന്യനാടുകളില്‍ നിന്ന് ഇറക്കുമതി ചെയ്യുകയും ചെയ്തിരുന്നു.

മിച്ചോത്പാദനവും വാണിജ്യപരമായ അഭിവൃദ്ധിയുമായിരുന്നു ഈ കാലഘട്ടത്തിലെ സാമ്പത്തികസ്ഥിതിയുടെ രണ്ടു പ്രത്യേകതകള്‍. വിനൈഞര്‍, അടിയോര്‍ തുടങ്ങിയവരെക്കൊണ്ട് വേല ചെയ്യിക്കുവാന്‍ കാര്‍ഷികോപകരണങ്ങളുടെ ഉടമസ്ഥന്മാരെ പ്രാപ്തരാക്കിയത് മിച്ചോത്പാദനമാണ്. കുടുംബത്തിന്റെ ഭക്ഷ്യാവശ്യം കഴിഞ്ഞ് മിച്ചം ഉത്പാദിപ്പിക്കുവാന്‍ കന്നുകളെ പൂട്ടിയുള്ള പുതിയതരം കൃഷിസമ്പ്രദായം കൊണ്ട് സാധ്യമായിത്തീര്‍ന്നു. ഉത്പാദനശക്തികളുടെ വളര്‍ച്ച പുതിയതരം ഉത്പാദന ബന്ധത്തിന് വഴിതെളിക്കുകയും ചെയ്തു. ഇതേ കാലയളവില്‍ തന്നെയാണ് അഭൂതപൂര്‍വമായ തോതില്‍ വിദേശവ്യാപാരം അഭിവൃദ്ധിപ്പെട്ടത്. 45-ല്‍ ഹിപ്പാലസ് എന്ന ഗ്രീക്ക്നാവികന്‍ കാലവര്‍ഷക്കാറ്റുകളുടെ സഹായത്തോടെ അറബിക്കടല്‍ മുറിച്ചുകടന്ന് മുസിരിസ്സിലേക്ക് (കൊടുങ്ങല്ലൂര്‍) നേരിട്ട് കപ്പലുകള്‍ ഓടിക്കുവാനുള്ള മാര്‍ഗം കണ്ടുപിടിച്ചു. ഇത് കേരളവും (പൊതുവേ ദക്ഷിണേന്ത്യയും) പശ്ചിമേഷ്യയുമായുള്ള വ്യാപാരത്തെ എളുപ്പമാക്കിത്തീര്‍ത്തു. കേരളത്തിലെ മുഖ്യ കാര്‍ഷികോത്പന്നമായിരുന്ന കുരുമുളകിന് പാശ്ചാത്യനാടുകളില്‍ വമ്പിച്ച പ്രിയമായിരുന്നു. കുരുമുളകു വ്യാപാരത്തിനായി ഗ്രീക്കുകാരും റോമാക്കാരും മുസിരിസ്സിലും മറ്റു ദക്ഷിണേന്ത്യന്‍ തുറമുഖങ്ങളിലും ധാരാളമായി എത്തിച്ചേര്‍ന്നു. ഒന്നാം നൂറ്റാണ്ടില്‍ പ്ലിനിയും പെരിപ്ലസ് എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവും രണ്ടാം നൂറ്റാണ്ടില്‍ ടോളമിയും ഈ വര്‍ധിച്ചുവരുന്ന വ്യാപാരത്തെപ്പറ്റി പ്രതിപാദിക്കുന്നു. സംഘസാഹിത്യത്തിലും ഇതു സംബന്ധമായി ധാരാളം പരാമര്‍ശങ്ങളുണ്ട്. കച്ചവടത്തിന്റെ അഭിവൃദ്ധിയും കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയില്‍ വമ്പിച്ച മാറ്റം വരുത്തി. മേല്‍പ്പറഞ്ഞ രണ്ടു ഘടകങ്ങളും- വര്‍ഗവിഭജനവും സാമ്പത്തികാഭിവൃദ്ധിയും-ശക്തമായ രാജവാഴ്ചയ്ക്ക് കളമൊരുക്കി. ഗണമുഖ്യരുടെ (tribal chieftains) ആധിപത്യത്തിന്റെ സ്ഥാനത്ത് രാജവാഴ്ച പ്രതിഷ്ഠാപിതമായി. ഒരു സ്ഥിരസൈന്യത്തെ നിര്‍ത്തുവാനുള്ള തീരുമാനം രാജാക്കന്മാര്‍ക്ക് വിദേശവാണിജ്യത്തില്‍ നിന്നു ലഭ്യമായി. വിദേശവാണിജ്യം രാജാക്കന്മാരുടെ കുത്തകയായിരുന്നു. കാട്ടുവള്ളികളില്‍ ധാരാളമായി ഉണ്ടായിരുന്ന കുരുമുളകിന്റെ സംഭരണവും വിനിമയവും ക്രമീകരിക്കല്‍ രാജാവിന്റെ ചുമതലയായി. കുരുമുളകു വള്ളികള്‍ ധാരാളമായി വളരുന്ന പ്രദേശങ്ങള്‍ തന്റെ രാജ്യപരിധിയില്‍ ഒതുക്കിനിര്‍ത്തുകയും കുരുമുളക് ശേഖരിക്കുന്നവരെയും ധനാഢ്യരെയും സംരക്ഷിക്കുകയും ചെയ്യുക എന്നതായിരുന്നു രാജാവിന്റെ മുഖ്യകടമ. ചേരരാജാക്കന്മാരുടെ നേട്ടങ്ങളായി രണ്ടു കാര്യങ്ങളാണ് സംഘകവി കപിലര്‍ എടുത്തുപറഞ്ഞിരിക്കുന്നത്: 'ഒന്നാമതായി നാട്ടിലെ നിലങ്ങളില്‍ വിളവു വര്‍ധിപ്പിച്ചു; മറ്റൊന്ന് നാലു ദിക്കുകളിലായി വേര്‍പെട്ടുനിന്നിരുന്ന ദേശങ്ങളെ ഒന്നിച്ചു ചേര്‍ത്ത് ഒരു സാമ്രാജ്യം സൃഷ്ടിച്ചു' (പതിറ്റു. VII. 1). 'എണ്‍വക ധാന്യങ്ങളെ വിക്രയം ചെയ്യുന്ന വാണികര്‍ക്കും അടിയാരെ കാക്കുന്ന മേലാളര്‍ക്കും അങ്ങ് സഹായമരുളി' എന്നാണ് നെടുംചേരലാതനെ പ്രകീര്‍ത്തിച്ചുകൊണ്ട് കുമട്ടൂര്‍ കണ്ണനാര്‍ പാടിയത്. 'ചാന്റോര്‍ മെയ്മറൈ' (മദ്യഹാരകന്മാരുടെ-മാന്യന്മാരുടെ എന്നും അര്‍ഥമുണ്ട്-സംരക്ഷക) എന്നും 'വില്ലോര്‍ മെയ്മറൈ' (മറവര്‍, മഴവര്‍ തുടങ്ങിയ വില്ലോര്‍മാരുടെ സംരക്ഷക) എന്നുമാണ് സംഘകാല കവികള്‍ ചേരരാജാക്കന്മാരെ പലപ്പോഴും അഭിസംബോധന ചെയ്തിരുന്നത്. 'ചാന്റോര്‍ പെരുമകന്‍' എന്നുപോലും ഒരു ചേരരാജാവിനെ കപിലര്‍ സംബോധന ചെയ്യുന്നുണ്ട് (പതിറ്റു. VII.6). 'ഉഴവ' എന്നു സംബോധന ചെയ്തിട്ടുള്ള സന്ദര്‍ഭങ്ങളുമുണ്ട് (പതിറ്റു. III.4). ചാന്റോര്‍, വില്ലോര്‍, വാണികര്‍, ഉഴവര്‍ എന്നിവരുടെ സംരക്ഷകന്മാരായിരുന്നു ചേരരാജാക്കന്മാര്‍. വര്‍ഗസമുദായത്തില്‍ ഉയര്‍ന്ന ശ്രേണിയിലെത്തുന്നതിനുവേണ്ടിയാണ് രാജാധികാരം ഉപയോഗപ്പെടുത്തുക. ചേരരാജാക്കന്മാരുടെ വര്‍ഗസ്വഭാവം സംഘംകൃതികളില്‍ കലവറയില്ലാതെ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു.

സംഘകാലത്തെ രാജവാഴ്ചയുടെ മറ്റൊരു പ്രത്യേകത ഇളംകൂര്‍ രാജാക്കന്മാരെ രാജപ്രതിനിധികളായി പല കേന്ദ്രങ്ങളിലും വാഴിച്ചിരുന്നു എന്നുള്ളതാണ്. തൊണ്ടി (കൊയിലാണ്ടി), മാന്തൈ (മംഗലാപുരം), കരുവൂര്‍ എന്നിവിടങ്ങളിലെല്ലാം ഇങ്ങനെ ചേരരാജാക്കന്മാരുടെ ഇളംമുറക്കാര്‍ വന്നിട്ടുണ്ട്. കരുവൂര്‍ ശാഖ പ്രധാന ചേരവംശത്തെപ്പോലെ തന്നെ സ്വതന്ത്രരാജവംശത്തിന്റെ പദവി ആര്‍ജിക്കുകയുണ്ടായി. കരുവൂരും വഞ്ചിയും (ചേരവംശത്തിന്റെ തലസ്ഥാനം) ഒന്നുതന്നെയാണെന്ന തെറ്റിദ്ധാരണയ്ക്ക്, പില്‍ക്കാലത്ത് ഇത് ഇടനല്‍കി. കരുവൂര്‍ എന്ന സ്ഥലനാമം തന്നെ (കരുവൂര്‍ എന്നാല്‍ പുതിയ പട്ടണം എന്നര്‍ഥം) അത് വഞ്ചിമൂതൂര്‍ (പഴയ പട്ടണമായ വഞ്ചി) അല്ലെന്ന് വിളിച്ചറിയിക്കുന്നുണ്ട്. ചേരരാജാക്കന്മാര്‍ മക്കത്തായികളായിരുന്നുവെന്നും സംഘം കൃതികളില്‍ നിന്നു മനസ്സിലാക്കാം.

ബുദ്ധ-ജൈനമതങ്ങളുടെ സ്വാധീനം. സംഘകാലത്ത് ജനങ്ങളില്‍ ഭൂരിപക്ഷത്തിനും പ്രത്യേക മതമൊന്നുമുണ്ടായിരുന്നില്ല. ദ്രാവിഡാചാരങ്ങളായിരുന്നു പൊതുവേ പ്രചാരത്തിലുണ്ടായിരുന്നത്. പ്രധാനമായും പ്രകൃതിയെയും പ്രകൃതിശക്തികളെയും പൂര്‍വികരെയും വൃക്ഷങ്ങളെയും ആരാധിച്ചിരുന്നു. കൊറ്റവൈ ദ്രാവിഡരുടെ സമരദേവതയായിരുന്നു. മദ്യവും മാംസവും കൊണ്ടായിരുന്നു കൊറ്റവൈയെ പ്രീതിപ്പെടുത്തിയിരുന്നത്. സംഘകാലഘട്ടത്തിനു മുമ്പ് തമിഴകത്തില്‍ പ്രചാരം നേടിക്കൊണ്ടിരുന്ന ബുദ്ധ-ജൈനമതങ്ങളും ജനങ്ങളെ ആഴത്തില്‍ സ്വാധീനിച്ചുകൊണ്ടിരുന്നു. ചേരരാജാക്കന്മാരില്‍ ചിലര്‍ ബുദ്ധമതം സ്വീകരിക്കുകയോ ബുദ്ധമതത്തിന്റെ പ്രചാരകരായി മാറുകയോ ചെയ്തതോടെ ബുദ്ധമതത്തിന് ദക്ഷിണേന്ത്യയില്‍ അഭൂതപൂര്‍വമായ വളര്‍ച്ചയുണ്ടായി.

പില്ക്കാലത്ത് ദ്രാവിഡരുടെ സാമൂഹികവ്യവസ്ഥയെയും സാംസ്കാരിക അവബോധത്തെയും ദാര്‍ശനികമണ്ഡലത്തെയും വികസിപ്പിക്കുന്നതിലും പരിപോഷിപ്പിക്കുന്നതിലും നിര്‍ണായകമായ സ്വാധീനം ചെലുത്തിയ രണ്ടു മതങ്ങളായിരുന്നു ദക്ഷിണേന്ത്യയില്‍ പ്രചാരത്തില്‍ വന്ന ബുദ്ധ-ജൈന മതങ്ങള്‍. ഈ മതങ്ങള്‍ വിഭാവനം ചെയ്ത ജാതിരഹിത-വര്‍ണരഹിത സാമൂഹിക സങ്കല്പങ്ങളോട് പൊരുത്തപ്പെടാന്‍ കഴിയുന്ന ഒരു സാമൂഹിക വ്യവസ്ഥയാണ് ദ്രാവിഡര്‍ക്കിടയില്‍ നിലനിന്നിരുന്നതിനാല്‍, വളരെപ്പെട്ടെന്ന് തന്നെ ഈ മതങ്ങള്‍ക്ക് കേരളം ഉള്‍പ്പെടെയുള്ള തമിഴകത്ത് വളര്‍ന്നു പന്തലിക്കാന്‍ കഴിഞ്ഞു. അശോകചക്രവര്‍ത്തിയുടെ കാലഘട്ടത്തിനു മുമ്പുതന്നെ ബുദ്ധമതാശയങ്ങള്‍ കേരളം ഉള്‍പ്പെടുന്ന തമിഴകത്തില്‍ പ്രചരിച്ചിരുന്നതായി സിംഹളഭാഷയില്‍ എഴുതിയ മഹാവംശം എന്ന ബുദ്ധമതചരിത്രഗ്രന്ഥം വ്യക്തമാക്കുന്നുണ്ട്. ഇതു ശരിയാണെങ്കില്‍ ശ്രീബുദ്ധന്റെ കാലഘട്ടത്തില്‍ത്തന്നെ ബുദ്ധമതാശയങ്ങള്‍ ദക്ഷിണേന്ത്യയില്‍ പ്രചരിച്ചിരിക്കണം. അശോകചക്രവര്‍ത്തിയുടെ കാലഘട്ടമായപ്പോഴേക്കും ചേര, ചോള, പാണ്ഡ്യദേശങ്ങളില്‍ ബുദ്ധമതം ശക്തമായി പ്രചരിച്ചിരുന്നതായും അവിടങ്ങളിലെ ജനങ്ങള്‍ ബുദ്ധമതാശയങ്ങള്‍ക്കനുസൃതമായി തങ്ങളുടെ സാമൂഹികജീവിതം വികസിപ്പിച്ചിരുന്നതായും അശോകശാസനങ്ങള്‍ (ഗിര്‍ണാര്‍ ശാസനങ്ങള്‍) തന്നെ സൂചന നല്കുന്നുണ്ട്. ദ്രാവിഡര്‍ക്കിടയില്‍ നിലനിന്നിരുന്ന സമഭാവനയും വിശാലകാഴ്ചപ്പാടും സര്‍വോപരി ഉയര്‍ന്ന സാമൂഹിക-സാംസ്കാരിക അവബോധവുമായിരുന്നു അവരെ ബുദ്ധമതാശയങ്ങളോട് അടുപ്പിച്ചത്. ശ്രീബുദ്ധന്റെ സ്നേഹം, കരുണ, മൈത്രി, അഹിംസ തുടങ്ങിയ ആശയങ്ങളില്‍ ആകൃഷ്ടരായ ദ്രാവിഡര്‍ ബുദ്ധമതാശയങ്ങള്‍ സ്വീകരിക്കുകയും തങ്ങളുടെ സാംസ്കാരിക ജീവിതത്തിന്റെ ഭാഗമായി വിളക്കിച്ചേര്‍ക്കുകയും ചെയ്തു. ദക്ഷിണേന്ത്യയില്‍ കാര്‍ഷികവൃത്തിയുടെ വികസനത്തിന് ബുദ്ധമതം നല്കിയ സംഭാവനയും നിര്‍ണായകമായിരുന്നു. കലപ്പയുടെ ഉപയോഗം കേരളത്തില്‍ പ്രചരിപ്പിച്ചത് ബുദ്ധഭിക്ഷുക്കളാണെന്ന് കരുതുന്നു. കേരളത്തില്‍ സാക്ഷരതയും വിദ്യാഭ്യാസവും സാര്‍വത്രികമാക്കുന്നതിലും ദാര്‍ശനികതയെ വികസിപ്പിക്കുന്നതിലും, ആയുര്‍വേദചികിത്സാ സമ്പ്രദായത്തെ വ്യാപകമാക്കുന്നതിലും ബുദ്ധമതം നിര്‍ണായക സംഭാവന നല്കി. ബുദ്ധവിഹാരങ്ങളോടനുബന്ധിച്ച് വിദ്യാലയങ്ങളും (പള്ളികള്‍) ആതുരശാലകളും ആരംഭിക്കുന്ന സംസ്കാരത്തിന് കേരളത്തില്‍ തുടക്കംകുറിച്ചത് ബുദ്ധഭിക്ഷുക്കളായിരുന്നു. ഈ സമ്പ്രദായം വിദ്യാഭ്യാസത്തെ സാര്‍വത്രികമാക്കി. ഹിന്ദുക്ഷേത്രങ്ങളോടനുബന്ധിച്ച് നടത്തപ്പെടുന്ന കെട്ടുകാഴ്ചകളും രഥോത്സവങ്ങളും ആനയെഴുന്നള്ളത്തും ബുദ്ധമതത്തിന്റെ സംഭാവനയാണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. നിയതാര്‍ഥത്തില്‍ ജാതീയമായ ഉച്ചനീചത്വങ്ങള്‍ക്കതീതമായി നിലനിന്നിരുന്ന ദ്രാവിഡസംസ്കാരത്തിന്റെ പരിപോഷണവും വികാസവും ബുദ്ധ-ജൈനമതങ്ങളുടെ കടന്നുവരവോടെ കരുത്താര്‍ജിക്കുകയാണുണ്ടായത്. ബുദ്ധമതത്തിനു മുമ്പ് കേരളത്തില്‍ എത്തിയ ജൈനമതത്തിന് പക്ഷേ ബുദ്ധമതത്തോളം സ്വാധീനം ചെലുത്താന്‍ കഴിഞ്ഞില്ല.

സംഘകാലത്തേതില്‍ നിന്ന് വളരെയൊന്നും വ്യത്യസ്തമായിരുന്നില്ല ഇക്കാലത്തെ സാമൂഹിക ബന്ധങ്ങളെന്ന് വ്യക്തമാണ്. മണിമേഖല, ചിലപ്പതികാരം എന്നീ കൃതികളില്‍ പ്രതിഫലിക്കുന്ന ജീവിതം അതാണ് സൂചിപ്പിക്കുന്നത്. വണികരും കൃഷിക്കാരും സുഖസമൃദ്ധിയില്‍ ജീവിച്ചിരുന്നു. നൃത്തവിദഗ്ധകളായ വേശ്യകള്‍ക്ക് സ്ത്രീകള്‍ക്ക് സമൂഹത്തില്‍ ആദരണീയമായ സ്ഥാനം ഉണ്ടായിരുന്നു. ഗൃഹസ്ഥന്മാരായ ധനികന്മാര്‍ വേശ്യാസ്ത്രീകളെ പ്രാപിക്കുന്ന സമ്പ്രദായവും ഉണ്ടായിരുന്നു. സ്ത്രീകളുടെ ചാരിത്ര്യം വിലമതിക്കപ്പെട്ടിരുന്നു. പക്ഷേ, സ്ത്രീകള്‍ക്കു സംഘകാലത്തെക്കാള്‍ ആദ്യത്തെ മൂന്നു നൂറ്റാണ്ടുകള്‍ സ്വാതന്ത്ര്യം കുറവായിരുന്നു എന്നു വേണം കരുതാന്‍. സംഘകാലത്ത് പ്രേമവിവാഹത്തിനുണ്ടായിരുന്ന പ്രാധാന്യം ഈ കാലഘട്ടത്തില്‍ കാണുന്നില്ല. ജീവിതത്തിന്റെ പല രംഗങ്ങളിലും സ്ത്രീപുരുഷന്മാര്‍ തുല്യനിലയില്‍ പെരുമാറിയിരുന്ന അന്തരീക്ഷവും ഇക്കാലത്തുണ്ടായിരുന്നില്ല. മണിമേഖല മതതത്ത്വങ്ങള്‍ പഠിക്കുവാന്‍ പുരുഷവേഷം ധരിച്ച് വഞ്ചി നഗരത്തിലെ മതപണ്ഡിതന്മാരെ സമീപിക്കുവാന്‍ അരവണ അടികള്‍ അവളെ ഉപദേശിക്കുന്നുണ്ട്. സ്ത്രീകളെ മതപഠനത്തില്‍ നിന്നു ഒഴിച്ചുനിര്‍ത്തുവാന്‍ തുടങ്ങിയിരുന്നു എന്ന് ഇതില്‍ നിന്ന് ഊഹിക്കാം. 'അടിയാ'രുടെ സാമൂഹിക പദവിയും അധഃപതിച്ചതായി കരുതാം. സംഘകാലത്ത് ഭൂമി കൈമാറ്റം ചെയ്യുന്നതോടൊപ്പം അടിയാരെയും കൈമാറ്റം ചെയ്തിരുന്നു. എന്നാല്‍ അടിമക്കച്ചവടം (വിദേശീയരായ അടിമകളെ ഒഴികെ) ഉണ്ടായിരുന്നില്ല. നാലും അഞ്ചും നൂറ്റാണ്ടുകളില്‍ അടിമക്കച്ചവടം നിലവില്‍ വന്നുവെന്ന് കരുതാന്‍ ന്യായമുണ്ട്. അതുകൊണ്ടാകണമല്ലോ മണിമേഖലയ്ക്ക് അഷ്ടാംഗമാര്‍ഗം ഉപദേശിക്കുമ്പോള്‍, പഞ്ചശീലങ്ങളുടെ കൂട്ടത്തില്‍ 'അടിമക്കച്ചവടം അരുത്' എന്നുകൂടി പറയുന്നത്.

ബ്രാഹ്മണരുടെ കുടിയേറ്റവും ജാതിവ്യവസ്ഥയും. ബ്രാഹ്മണരുടെ കുടിയേറ്റത്തോടെയാണ് കേരളത്തില്‍ ജാതിവ്യവസ്ഥയും ജന്മിത്വവും രൂപംകൊള്ളുന്നത്. സംഘകാലഘട്ടത്തില്‍ കേരളത്തില്‍ ജാതിവ്യവസ്ഥ രൂപപ്പെട്ടിരുന്നില്ല. അധിവാസകേന്ദ്രങ്ങളുടെയും തൊഴിലിന്റെയും അടിസ്ഥാനത്തില്‍ ജനങ്ങള്‍ വിവിധ പേരുകളില്‍ അറിയപ്പെട്ടിരുന്നെങ്കിലും സവര്‍ണര്‍ എന്നോ അവര്‍ണരെന്നോ ഉള്ള വിഭജനം സമൂഹത്തില്‍ നിലനിന്നിരുന്നില്ല. ബ്രാഹ്മണന്‍ എന്ന പദംപോലും സംഘകൃതികളില്‍ കാണുന്നില്ല. എന്നാല്‍ പില്ക്കാലത്ത് വടക്കേയിന്ത്യയില്‍ നിന്നും ബ്രാഹ്മണര്‍ കേരളത്തില്‍ കുടിയേറാന്‍ ആരംഭിച്ചതോടെയാണ് ഇവിടെ ജാതികേന്ദ്രീകൃതമായൊരു സമൂഹം രൂപം കൊള്ളുന്നത്. സംഘകാലഘട്ടത്തിന്റെ ആരംഭത്തില്‍ത്തന്നെ കേരളത്തില്‍ ബ്രാഹ്മണരുടെ കുടിയേറ്റം ആരംഭിച്ചിരുന്നതായി സംഘംകൃതികള്‍ സൂചന നല്കുന്നുണ്ട്. വൈദികപാരമ്പര്യത്തില്‍ അഭിരമിച്ചിരുന്ന ബ്രാഹ്മണര്‍ രാജാക്കന്മാരുടെയും ധനികരുടെയും ഐശ്വര്യത്തിനു വേണ്ടി യാഗാദികര്‍മങ്ങള്‍ നടത്തിക്കൊണ്ടായിരുന്നു സമൂഹത്തില്‍ അവരുടെ ആധിപത്യം സ്ഥാപിച്ചെടുത്തത്. ആര്യന്മാരുടെ തെക്കോട്ടുള്ള വരവ് ആദ്യം വളരെ പരിമിതമായ തോതിലായിരുന്നു. ചെറിയ സംഘങ്ങളായി ഇന്ത്യയുടെ കിഴക്കേതീരം വഴി തെക്കോട്ടുള്ള ആ കുടിയേറ്റം നാല് തലമുറകളിലൂടെയാണ് സംഭവിച്ചത്.

ക്രിസ്തുവര്‍ഷത്തിന് മൂന്നോ നാലോ നൂറ്റാണ്ടുകള്‍ക്കു മുമ്പ് ചെറിയതോതില്‍ കുടിയേറ്റം ആരംഭിച്ച ബ്രാഹ്മണര്‍ ക്രിസ്തുവര്‍ഷം എട്ടുമുതല്‍ പന്ത്രണ്ടുവരെ നൂറ്റാണ്ടുകളില്‍ ജാതിവ്യവസ്ഥയ്ക്കു വിത്തുപാകി കേരളീയ സമൂഹത്തില്‍ ആധിപത്യം സ്ഥാപിച്ചതിന്റേതാണ് കേരളത്തിന്റെ പില്ക്കാലചരിത്രം. 8-ാം നൂറ്റാണ്ടില്‍ ഒന്നാം ചേരസാമ്രാജ്യത്തിനുണ്ടായ പതനവും ബ്രാഹ്മണരുടെ പ്രതിനിധികളായ പെരുമാക്കന്മാര്‍ ഭരണാധികാരികളായിത്തീര്‍ന്നതും സമൂഹത്തില്‍ ബ്രാഹ്മണരുടെ ശക്തി വര്‍ധിപ്പിക്കുന്നതിനും, തദ്ദേശീയരായ ദ്രാവിഡ-ഗോത്രവിഭാഗങ്ങളെക്കൂടി സംയോജിപ്പിച്ചുകൊണ്ടുള്ള ചാതുര്‍വര്‍ണ്യ കേന്ദ്രീകൃതമായൊരു സാമൂഹിക വ്യവസ്ഥ ഇവിടെ നടപ്പിലാക്കുന്നതിനും ബ്രാഹ്മണരെ സഹായിച്ചു. വൈദികപാരമ്പര്യത്തിന്റെ വക്താക്കളായ ബ്രാഹ്മണര്‍ക്ക് ഈ സാമൂഹിക വ്യവസ്ഥയുടെ ഏറ്റവും മുകള്‍ത്തട്ടില്‍ സ്ഥാനം ലഭിച്ചതോടെ അവര്‍ക്ക് വളരെപ്പെട്ടെന്ന് ഒരു സാമ്പത്തിക ശക്തിയായി വികസിക്കാനും ഭരണാധികാരികള്‍ക്കുമേല്‍ സ്വാധീനം ചെലുത്താനും നിയമവ്യവസ്ഥയെ പുനര്‍നിര്‍വചിക്കാനും വ്യാഖ്യാനിക്കാനും അവസരം ലഭിച്ചു. ബ്രാഹ്മണമതം അനുവദിച്ചു നല്കിയിരുന്ന പൗരോഹിത്യ മേല്ക്കോയ്മയും ക്ഷേത്രഭരണത്തിലെ ആധിപത്യവുമായിരുന്നു ഇതിന് പിന്നിലെ ചാലകശക്തിയായി വര്‍ത്തിച്ചത്. ദേവസ്വം, ബ്രഹ്മസ്വം, ചേരിക്കല്‍ എന്നിങ്ങനെ ഭൂമി മൂന്നായി വിഭജിക്കപ്പെടുകയും ദേവസ്വം, ബ്രഹ്മസ്വം ഭൂമിയുടെ അവകാശം ബ്രാഹ്മണരില്‍ നിക്ഷിപ്തമാകുകയും കൂടി ചെയ്തതോടെ ബ്രാഹ്മണര്‍ സാമ്പത്തികഘടനയിലും ആധിപത്യം നേടി. ഇത് കേരളത്തില്‍ ജന്മിത്തത്തിന് വിത്തുപാകി. 8-ാം നൂറ്റാണ്ടില്‍ കേരളത്തിലുടനീളം ക്ഷേത്രങ്ങള്‍ നിലവില്‍ വന്നതും, ഭരണാധികാരികള്‍ ക്ഷേത്രങ്ങളിലേക്ക് വ്യാപകമായി ഭൂമിയുള്‍പ്പെടെയുള്ള സമ്പത്ത് ദാനം ചെയ്യാന്‍ തുടങ്ങിയതും ക്ഷേത്രങ്ങളെ സമാന്തരഭരണകേന്ദ്രങ്ങള്‍ ആക്കാനും ബ്രാഹ്മണാധിപത്യത്തെയും ജന്മിത്തത്തെയും പതിന്മടങ്ങ് ശക്തിപ്പെടുത്താനും വഴിതെളിച്ചു.

ബ്രാഹ്മണര്‍ കേരളത്തില്‍ സ്ഥാപിച്ച ജാതിവ്യവസ്ഥയില്‍ ജാതികളും ഉപജാതികളുമായി 64 എണ്ണം ഉണ്ടായിരുന്നു. ബ്രാഹ്മണര്‍-8, ന്യൂനവര്‍ഗം-2, ആന്തരാള ജാതി-12, ശൂദ്രന്‍-18, ശില്പി-6, പതിതന്‍-1, താണജാതി-8 എന്നിങ്ങനെയാണ് ആ തരംതിരിവ്. മറ്റൊരു കണക്കനുസരിച്ച് ജാതികളും ഉപജാതികളും കൂടി 420-ഓളം വരും. കേരളത്തില്‍ രൂപംകൊണ്ട ജാതിവ്യവസ്ഥ ആചാരക്രമമനുസരിച്ചും സ്വജാതിയില്‍ വിവാഹം, തീണ്ടല്‍, തൊടീല്‍, ആഹാരക്രമം എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു. അയിത്താചാരമായിരുന്നു കേരളത്തില്‍ നിലനിന്നിരുന്ന ജാതിവ്യവസ്ഥയുടെ മറ്റൊരു പ്രത്യേകത. തദ്ദേശീയരായ ദ്രാവിഡ-ഗോത്ര വിഭാഗങ്ങളില്‍ നിന്നും ബുദ്ധ-ജൈന മതങ്ങളില്‍ നിന്നും ജാതിവ്യവസ്ഥയുടെ അടിത്തട്ടില്‍ കണ്ണിചേര്‍ക്കപ്പെട്ടവരെയായിരുന്നു അയിത്തജാതിക്കാരായി കണക്കാക്കിയിരുന്നത്. ജാതിവ്യവസ്ഥ അതിന്റെ മുകള്‍ത്തട്ടില്‍പ്പെട്ട സവര്‍ണവിഭാഗങ്ങള്‍ക്ക് അധികാരവും സമ്പത്തും പദവിയും ചൂഷണം ചെയ്യാന്‍ അവസരം സൃഷ്ടിച്ചപ്പോള്‍ അടിത്തട്ടുകാര്‍ക്ക് അടിസ്ഥാന പൗരാവകാശങ്ങള്‍പോലും നിഷേധിക്കപ്പെട്ടുകൊണ്ടാണ് നിലനിന്നത്. അടിത്തട്ടുകാരുടെ സാമീപ്യം പോലും അശുദ്ധിയുണ്ടാക്കുമെന്ന് വിശ്വസിക്കപ്പെട്ടിരുന്നതിനാല്‍, സഞ്ചാരസ്വാതന്ത്ര്യം പോലും ഇവര്‍ക്ക് നിഷേധിക്കപ്പെട്ടിരുന്നു.

കേരളത്തില്‍ ബ്രാഹ്മണര്‍ സ്ഥാപിച്ച ജാതിവ്യവസ്ഥയില്‍ ക്ഷത്രിയരും വൈശ്യരും ഉണ്ടായിരുന്നില്ല. ബ്രാഹ്മണരുടെ കുടിയേറ്റ കാലത്ത് അവരുടെ പൗരോഹിത്യവും ഉപദേശവും സ്വീകരിക്കാനും അവരുടെ വൈദിക പാരമ്പര്യം അംഗീകരിക്കാനും തയ്യാറായ ഭരണാധികാരികളെ പില്ക്കാലത്ത് ബ്രാഹ്മണന്‍ ക്ഷത്രിയപദവി നല്കി അധികാരത്തില്‍ പുനഃപ്രതിഷ്ഠിക്കുകയായിരുന്നെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

രാജവാഴ്ചയുടെയും ജന്മിത്തത്തിന്റെയും നാടുവാഴിത്തത്തിന്റെയും ആധിപത്യകാലഘട്ടത്തില്‍ ജാതിവ്യവസ്ഥ കൂടുതല്‍ ശക്തിപ്പെടുകയും രാജാക്കന്മാരും ദേശവാഴികളും നാടുവാഴികളും അവരുടെ സാമന്തന്മാരും ഉള്‍പ്പെട്ട ഭരണവര്‍ഗവും സവര്‍ണരുംജാതിവ്യവസ്ഥയുടെ പരിപാലകരും സംരക്ഷകരുമായി വര്‍ത്തിക്കുകയും ചെയ്തു. ജാതിനിയമങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നതില്‍ ഇവര്‍ ബദ്ധശ്രദ്ധരായിരുന്നു. ജാതിനിയമങ്ങള്‍ സമൂഹത്തെ ലംബദിശയില്‍ സവര്‍ണരെന്നും അവര്‍ണരെന്നും രണ്ടായി വിഭജിക്കുക മാത്രമല്ല അധികാരം, സമ്പത്ത്, പദവി എന്നിവ സവര്‍ണര്‍ക്ക് ചൂഷണം ചെയ്യാന്‍ അവസരമൊരുക്കുകയും അവര്‍ണരെ നീചജാതികളായി ചിത്രീകരിച്ച് അവരുടെ പൗരാവകാശങ്ങള്‍പോലും നിഷേധിക്കുകയും ചെയ്തുപോന്നു. ബ്രാഹ്മണ-ക്ഷത്രിയ, ശൂദ്ര വിഭാഗങ്ങളായിരുന്നു സവര്‍ണരെ പ്രതിനിധീകരിച്ചിരുന്നതെങ്കില്‍ ഈഴവര്‍, നാടാര്‍, പറയര്‍, കുറവര്‍, പുലയര്‍, കമ്മാളര്‍ തുടങ്ങിയ അടിസ്ഥാന വിഭാഗങ്ങളായിരുന്നു അവര്‍ണരായി ചിത്രീകരിക്കപ്പെട്ടിരുന്നത്. വൈശ്യര്‍ കേരളത്തില്‍ ഉണ്ടായിരുന്നതേയില്ല. അക്കാലത്ത് കേരളത്തില്‍ വ്യാപാരത്തിലും കൃഷിയിലും വ്യാപൃതരായിരുന്ന ക്രിസ്ത്യാനികളും മുസ്ലിങ്ങളുമായിരുന്നു വൈശ്യരുടെ സ്ഥാനം അലങ്കരിച്ചിരുന്നത്. കൊച്ചിയില്‍ ക്രിസ്ത്യാനികള്‍ക്കും മലബാറില്‍ മുസ്ലിങ്ങള്‍ക്കും ഈ കാലഘട്ടത്തില്‍ ഉന്നതപദവി ലഭിച്ചിരുന്നു. കൊച്ചിയില്‍ ആക്കദിയാക്കോന്‍ ആയിരുന്നു സ്ഥാനാരോഹണചടങ്ങില്‍ കിരീടം യുവരാജാവിന് കൈമാറിയിരുന്നത്. വൈദേശിക ക്രിസ്ത്യാനികള്‍ക്ക് രാജാവിനോടുള്ള അടുപ്പവും സാമ്പത്തികശേഷിയും, ഉയര്‍ന്ന ജാതിയില്‍ നിന്നുമാത്രം മതംമാറ്റം അനുവദിച്ചിരുന്ന അവസ്ഥയും, ജാതിയവ്യവസ്ഥയില്‍ അവരുടെ സ്ഥാനം ഉയര്‍ന്ന തലങ്ങളില്‍ നിര്‍ണയിക്കാന്‍ സഹായകമായി.

നായന്മാരായിരുന്നു ശൂദ്രരെ പ്രതിനിധാനം ചെയ്തിരുന്നത്. വൈശ്യരുടെ അഭാവത്തില്‍ ഒരു പടികൂടി ഉയര്‍ത്തിയുള്ള അവരുടെ സ്ഥാനനിര്‍ണയം അവര്‍ക്ക് ഭരണസംവിധാനത്തിലും സാമ്പത്തികവ്യവഹാരത്തിലും ഉന്നതപദവി നല്കി. അവര്‍ ക്ഷത്രിയരുടെ സഹായികളായി രാജ്യസേവനം ചെയ്തു. കൃഷികാര്യങ്ങളില്‍ നമ്പൂതിരിമാരെയും ക്ഷേത്രങ്ങളെയും സഹായിച്ചുപോന്ന ഇവര്‍ ബ്രഹ്മസ്വം, ദേവസ്വം, ചേരിക്കല്‍ ഭൂമികള്‍ പാട്ടത്തിനെടുത്ത് വെറും പാട്ടക്കാരെ നിയമിച്ച് കൃഷി ചെയ്തു. നായരും-നമ്പൂതിരിയും തമ്മില്‍ അന്യോന്യം ഉപകാരപ്രദമായ ഒരു ബന്ധം (സംബന്ധം) അക്കാലത്ത് നിലനിന്നിരുന്നു. നമ്പൂതിരി ഇല്ലങ്ങളിലെ ഇളംതലമുറക്കാരായിരുന്നു നായര്‍ സ്ത്രീകളുമായി സംബന്ധത്തിലേര്‍പ്പെട്ടിരുന്നത്. ഈ ബന്ധം പക്ഷേ കാലക്രമേണ മരുമക്കത്തായ സമ്പ്രദായത്തിന്റെ പ്രചാരത്തോടെ അവസാനിച്ചു. ഭൂവുടമസ്ഥാവകാശം ഇല്ലാത്ത നായന്മാര്‍ ഈ ബന്ധത്തിലൂടെ നമ്പൂതിരിമാരില്‍ നിന്നും കൃഷിഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുക പതിവായിരുന്നു. ഫ്യൂഡലിസത്തിന്റെ കാലഘട്ടത്തില്‍ നായന്മാര്‍ കായികായോധന കലയില്‍ (കളരി) പ്രാവീണ്യം നേടുകയും, പ്രാദേശികതലത്തില്‍ പ്രത്യേക സായുധ കൂട്ടങ്ങളെ സംഘടിപ്പിക്കുകയും ചെയ്തുപോന്നു. രാജാക്കന്മാര്‍ക്കും ദേശവാഴികള്‍ക്കുംവേണ്ടി സൈനികസേവനം നടത്തിയിരുന്നതും നായന്മാരായിരുന്നു. നമ്പൂതിരി സ്ത്രീകള്‍ അപഥസഞ്ചാരത്തില്‍ വീണുപോയാല്‍ സ്മാര്‍ത്തവിചാരം നടത്തി പിണ്ഡം വയ്ക്കുന്ന ഒരു സമ്പ്രദായവും അക്കാലത്ത് കേരളത്തില്‍ നിലനിന്നിരുന്നു. ബ്രാഹ്മണര്‍ക്കിടയിലെ ജാതിബോധത്തെ നിലനിര്‍ത്തുന്നതിനുവേണ്ടിയായിരുന്നു ഇങ്ങനെ ചെയ്തിരുന്നത്.

നായര്‍പടയാളികള്‍-ചിത്രീകരണം

ഭൂവുടമക്കാര്യത്തില്‍ നായന്മാര്‍ക്കുള്ള സ്ഥാനം ബ്രാഹ്മണര്‍ക്കും നാടുവാഴികള്‍ക്കും തൊട്ടുതാഴെയായിരുന്നു. ജന്മിസമ്പ്രദായം വളര്‍ച്ച പ്രാപിച്ചപ്പോള്‍ കേരളത്തിലെ മുഴുവന്‍ ഭൂമിയില്‍ നിന്നുമുള്ള ഉത്പാദനത്തിന് അവകാശികള്‍ ക്ഷേത്രങ്ങളും ബ്രാഹ്മണരും നാടുവാഴികളുമായി തീര്‍ന്നു. നായന്മാര്‍ കാണക്കുടിയാന്മാരായി അവരോധിക്കപ്പെട്ടു. കാണക്കുടിയാന്മാര്‍ ഭൂമിയില്‍ നേരിട്ട് അധ്വാനിക്കുന്നവരായിരുന്നില്ല. കൃഷിക്കാര്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നത്തിന്റെ ഒരു ഓഹരിക്ക് കാണക്കുടിയാന്മാര്‍ക്കും അവകാശം സിദ്ധിച്ചു. അങ്ങനെ കായികാധ്വാനം കൂടാതെ ഉത്പാദനഫലത്തില്‍ പങ്കു പറ്റിയിരുന്നവരാണ് ബ്രാഹ്മണര്‍, നാടുവാഴികള്‍, നായന്മാര്‍ എന്നിവരെല്ലാം.

നായന്മാര്‍ക്ക് കേരള ബ്രാഹ്മണന്മാരോടുള്ള ബന്ധം കൂടുതല്‍ ദൃഢമായിത്തീര്‍ന്നത് 'സംബന്ധ' വിവാഹത്തില്‍ കൂടിയാണ്. കേരള ബ്രാഹ്മണ ഇല്ലങ്ങളിലെ മൂത്ത പുത്രന്‍ മാത്രമേ സജാതീയ വിവാഹം ചെയ്തിരുന്നുള്ളൂ. ഇളമുറക്കാരെല്ലാം നായര്‍സ്ത്രീകളെയോ ക്ഷത്രിയസ്ത്രീകളെയോ 'സംബന്ധം' ചെയ്യുക എന്ന പതിവാണ് ഉണ്ടായിരുന്നത്. സംബന്ധ വിവാഹത്തിലൂടെ ഭാര്യയായിത്തീരുന്ന സ്ത്രീയെയോ മക്കളെയോ പുലര്‍ത്തുവാനുള്ള യാതൊരു ബാധ്യതയും ഭര്‍ത്താവിന് ഉണ്ടായിരുന്നില്ല. ഇതിന് സഹായകമായ മറ്റൊരു ആചാരവും നിലവിലുണ്ടായിരുന്നു. 'താലികെട്ടുകല്യാണം' എന്നാണ് ഈ ആചാരത്തെ പറയുന്നത്. നായര്‍ തറവാടുകളില്‍ പന്ത്രണ്ടുവയസ്സില്‍ താഴെ പ്രായമായ പെണ്‍കുട്ടികളെ ഒന്നിച്ചിരുത്തി ഒരു ബ്രാഹ്മണയുവാവിനെക്കൊണ്ട് താലികെട്ടിക്കുക എന്ന സാമൂഹികമായ ആചാരമുണ്ടായിരുന്നു. ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്ന ഒരു ചടങ്ങായിരുന്നു അത്. താലികെട്ടു നടന്നുകഴിഞ്ഞാല്‍ ഈ പെണ്‍കുട്ടികള്‍ക്ക് വിവാഹിതരായ സ്ത്രീകളുടെ പദവി ലഭിക്കുന്നു. പക്ഷേ, ഈ പെണ്‍കുട്ടികള്‍ക്കും താലികെട്ടുന്ന ബ്രാഹ്മണ യുവാവിനും തമ്മില്‍ ഭാവിയില്‍ ഭാര്യാഭര്‍ത്തൃബന്ധം ഉണ്ടാകണമെന്നില്ല. 'വിവാഹിതരായ' പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമുള്ളവരുമായി ലൈംഗികവേഴ്ച നടത്തുവാന്‍ സ്വാതന്ത്ര്യം ലഭിക്കുന്നു. താലികെട്ടു കല്യാണം ബ്രാഹ്മണരുമായി യാതൊരു വേഴ്ചയുമില്ലാത്ത പല ജാതിക്കാര്‍ക്കിടയിലും ഉണ്ടായിരുന്നു (ഉദാ. ഈഴവര്‍). അതിനാല്‍ താലികെട്ടു കല്യാണം കേരളബ്രാഹ്മണര്‍ ഉണ്ടാക്കിയതാണെന്ന് കരുതാന്‍ ന്യായമില്ല. ചില ഗോത്രങ്ങള്‍ക്കിടയില്‍ നിലവിലുണ്ടായിരുന്ന ഈ ആചാരത്തെ കേരള ബ്രാഹ്മണര്‍ ഉപയോഗപ്പെടുത്തുക മാത്രമാണ് ചെയ്തതെന്ന് അനുമാനിക്കാം. താലികെട്ടു നടന്നുകഴിഞ്ഞ നായര്‍യുവതികളെ 'സംബന്ധ' വിവാഹത്തിനായി ബ്രാഹ്മണര്‍ സമീപിക്കുന്നു. നായന്മാരായ പുരുഷന്മാരുമായും നായര്‍ സ്ത്രീകള്‍ 'സംബന്ധ' വിവാഹമാണ് നടത്തിയിരുന്നത്. 'സംബന്ധ' വിവാഹത്തില്‍ ഏര്‍പ്പെടുന്ന പുരുഷനും സ്ത്രീക്കും അനേകം പേരുമായി 'സംബന്ധ' വിവാഹം നടത്താന്‍ തടസ്സമുണ്ടായിരുന്നില്ല. അങ്ങനെ പുരുഷന്മാര്‍ക്കിടയില്‍ ബഹുഭാര്യാത്വവും (polygamy) സ്ത്രീകള്‍ക്കിടയില്‍ ബഹുഭര്‍ത്തൃത്വവും (polygandry) സര്‍വസാധാരണമായിരുന്നു. ഈ സമ്പ്രദായത്തിന്റെ ഫലമായി കേരള ബ്രാഹ്മണരും നായര്‍ സമുദായവും തമ്മില്‍ രക്തബന്ധം വളര്‍ന്നുവരികയും, ബ്രാഹ്മണ-നായര്‍ സമുദായങ്ങള്‍ തമ്മില്‍ അഭേദ്യമായ അടുപ്പം ഉണ്ടാവുകയും ചെയ്തു. ജാതിവ്യത്യാസംകൊണ്ട് സാമൂഹികമായി അകല്‍ച്ചയും ശൈഥില്യവും സംഭവിക്കേണ്ട സ്ഥാനത്ത്, സാമൂഹിക സംവിധാനത്തിന് കെട്ടുറപ്പും പവിത്രതയും നല്‍കുവാന്‍ ബ്രാഹ്മണ-നായര്‍ സമുദായങ്ങള്‍ തമ്മിലുള്ള ഈ പ്രത്യേകതരം വേഴ്ച ഉപകരിച്ചു.

കേരളത്തില്‍ നിലനിന്നിരുന്ന ജാതിവ്യവസ്ഥയിലെ മറ്റൊരു വിഭാഗമാണ് അന്തരാളര്‍ അഥവാ അമ്പലവാസികള്‍. അവരുടെ സ്ഥാനം ക്ഷത്രിയര്‍ക്ക് താഴെ നായന്മാര്‍ക്ക് മുകളിലാണ്. ചാക്യാര്‍, നമ്പ്യാര്‍, പിഷാരടി, വാര്യര്‍, മാരാര്‍ തുടങ്ങിയ വിഭാഗങ്ങളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട ജോലികളാണ് ഇവരുടേത്. ക്ഷേത്രങ്ങളില്‍ പൂജാദികര്‍മങ്ങള്‍ക്കാവശ്യമായ പരികര്‍മങ്ങള്‍ അനുഷ്ഠിക്കുന്നത് ഇവരാണ്. നായന്മാര്‍ക്കും ഉയര്‍ന്ന ജാതിക്കാര്‍ക്കുമിടയില്‍ രണ്ടു കൂട്ടരുമായി തീണ്ടലും തൊടീലിലും ഉള്‍പ്പെടാത്തവരായിരുന്നു ഇവര്‍.

കേരളീയ സമൂഹത്തില്‍ പരമ്പരാഗതമായി കള്ളുചെത്തും വൈദ്യവും കുലത്തൊഴിലായി സ്വീകരിച്ചിരുന്നവരാണ് ഈഴവര്‍ (മലബാര്‍-തീയ്യര്‍, കൊച്ചി-ചോവന്‍). ബി. സി. 3-ാം നൂറ്റാണ്ടില്‍ തന്നെ ഈഴവര്‍ എന്ന പദം ഇവിടെ പ്രയോഗിച്ചിരുന്നതായി ടി. കെ. രവീന്ദ്രന്‍ ചൂണ്ടിക്കാണിക്കുന്നു. അരിട്ടപ്പട്ടി ലിഖിതത്തിലാണ് ഈ പദം ആദ്യമായി കാണുന്നതെന്നും അദ്ദേഹം പറയുന്നു. അക്കാലത്ത് അതൊരു ജാതിനാമമായിരുന്നില്ല. ഈഴത്ത് നിന്ന് (ശ്രീലങ്കയില്‍ നിന്ന്) വന്നവര്‍ എന്ന അര്‍ഥത്തിലാണ് അത് ആദ്യം പ്രയോഗിച്ചിരുന്നത്. ബുദ്ധമതാനുയായികളെയാണ് ഈഴവര്‍ എന്നു പറഞ്ഞിരുന്നത്. ബുദ്ധമതം കാര്‍ഷികമായ അഭിവൃദ്ധിക്ക് എത്രമാത്രം പ്രാധാന്യം കൊടുത്തിരുന്നുവെന്ന് മുകളില്‍ പ്രസ്താവിച്ചിട്ടുണ്ട്. സ്വാഭാവികമായും ബുദ്ധമതാനുയായികള്‍ കാര്‍ഷികവൃത്തിയിലേക്ക് തിരിഞ്ഞു. ഈഴവര്‍ എന്നു ചേര്‍ത്താല്‍ മാത്രമേ ബ്രാഹ്മണ ജന്മിയും നായര്‍ ജന്മിയും ഭൂമി കൃഷിചെയ്യാന്‍ കൊടുത്തിരുന്നുള്ളുവെന്ന് എഡ്ഗാര്‍ തഴ്സ്റ്റണ്‍ പ്രസ്താവിക്കുന്നു. തരിസാപ്പള്ളി ശാസനത്തില്‍ നിന്നും ഈഴവര്‍ കൃഷിക്കാരായിരുന്നുവെന്ന് കാണാം. അവരുടെ നെല്ല് വണ്ടികളിലാക്കി അങ്ങാടിയില്‍ കൊണ്ടുപോകാനുള്ള അവകാശത്തെപ്പറ്റിയും തെങ്ങുകയറ്റത്തിന് ഏണി ഉപയോഗിക്കുവാനുള്ള അവകാശത്തെപ്പറ്റിയും അതില്‍ സൂചനകളുണ്ട്. ലോഗന്‍ ഇവരെപ്പറ്റി ഇങ്ങനെ പ്രസ്താവിക്കുന്നു: "ജില്ലയിലെ ഹിന്ദുക്കളില്‍ ഏറ്റവും വലിയ ജനവിഭാഗമായ തീയര്‍ (planters) അഥവാ ഈഴവര്‍ (Islangers), രാഷ്ട്രശരീരത്തില്‍ വ്യക്തമായ ചുമതലയോടു കൂടിയ ഒരു സംഘടിത ജാതി ആയിരുന്നുവെന്ന് സിറിയന്‍ രേഖയില്‍ നിന്നു മനസ്സിലാക്കാം. മലബാറിലേക്ക് ജാതി എന്ന രാഷ്ട്രീയ സമ്പ്രദായത്തെ കൊണ്ടുവന്ന ബ്രാഹ്മണര്‍, ആദിവാസികളില്‍പ്പെട്ട ഭരണവര്‍ഗത്തെപ്പോലും ആര്യന്മാരുടെ ക്ഷത്രിയ വര്‍ഗത്തിന്റെ പദവിയിലേക്ക് ഉയര്‍ത്തുവാന്‍ ഇഷ്ടപ്പെട്ടില്ലെന്നതാണ് വസ്തുതയെന്ന് തോന്നുന്നു... (മലബാര്‍ മാന്വല്‍) അതേ സമയത്തുതന്നെ ഭരണകൂടത്തിന് സംരക്ഷകന്മാരെ അതായത് ക്ഷത്രിയരെ ആവശ്യമായിരുന്നു. ഈ പ്രശ്നത്തിന് അവര്‍ പരിഹാരം കണ്ടത്, സംരക്ഷകന്മാരായി ഒരു പുതിയ ജാതിയെ-നായന്മാരെ - സൃഷ്ടിച്ചുകൊണ്ടാണ്. എങ്കിലും അവര്‍ക്ക് ശൂദ്രരുടെ (സേവകജാതിയുടെ) പദവിമാത്രം അനുവദിക്കുകയും ചെയ്തു. ഇപ്രകാരം, യഥാര്‍ഥ കൃഷിക്കാരില്‍ വെള്ളാളര്‍ (ഇവരില്‍ നിന്നാണ് നായന്മാരെ സൃഷ്ടിച്ചതെന്ന് തോന്നുന്നു) ഒഴികെയുള്ള മറ്റെല്ലാവരെയും അവര്‍ണരായി ഗണിക്കുകയും ചെയ്തു'. ആദിമനിവാസികളില്‍പ്പെട്ട ഭരണവര്‍ഗമായിരുന്നു കൃഷിക്കാരെന്നും ബ്രാഹ്മണര്‍ ജാതിസമ്പ്രദായം ഏര്‍പ്പെടുത്തിയപ്പോള്‍ ഈ കര്‍ഷകവിഭാഗത്തെ അവര്‍ണരായി പുറംതള്ളുകയാണ് ചെയ്തതെന്നും ഉള്ള ലോഗന്റെ അഭിപ്രായം ആധുനിക സാമൂഹ്യ ശാസ്ത്രജ്ഞന്മാര്‍ കൂടുതല്‍ കൂടുതലായി അംഗീകരിച്ചു വരുന്നുണ്ട്. ബ്രാഹ്മണമേധാവിത്വവും ജാതിവ്യവസ്ഥയുമാണ് കര്‍ഷകവിഭാഗങ്ങളെ തരംതാഴ്ത്തിയതെന്ന കാര്യത്തില്‍ സംശയമില്ല. കൃഷിയോടൊപ്പംതന്നെ തെങ്ങുചെത്തും ഈഴവരുടെ തൊഴിലായിരുന്നു.

സാമൂഹിക പദവിയില്‍ താണവരായിട്ടാണ് കണക്കാക്കിയിരുന്നതെങ്കിലും ഈഴവര്‍ക്കിടയില്‍ വൈദ്യന്മാരും ജ്യോത്സ്യന്മാരുംസംസ്കൃതപണ്ഡിതന്മാരും ധാരാളമായി ഉണ്ടായിരുന്നു. ഈഴവരുടെ ബൗദ്ധപാരമ്പര്യമാണ് ഇതിനു കാരണമെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ബൗദ്ധപണ്ഡിതന്മാരില്‍ പലരെയും പിണക്കാതെ ഇണക്കി എടുക്കുവാന്‍ ബ്രാഹ്മണര്‍ ശ്രദ്ധിച്ചു. ബ്രാഹ്മണരുടെ ഈ തന്ത്രത്തിന് വിധേയരാകാതെ നിന്നവര്‍ ഈഴവരായി തുടര്‍ന്നു. ബ്രാഹ്മണരുമായി ഇണങ്ങിയവരെ ജാതിശ്രേഷ്ഠരായി അംഗീകരിച്ചു.

ബൗദ്ധനായ വാഗ്ഭടന്റെ അഷ്ടാംഗഹൃദയവും ബൗദ്ധനായ അമരസിംഹന്റെ അമരകോശവും ജൈനനായ വരാഹമിഹിരന്റെ ജ്യോതിഷഗ്രന്ഥവും ബ്രാഹ്മണര്‍ തങ്ങളുടെയും ശാസ്ത്ര ഗ്രന്ഥങ്ങളായി അംഗീകരിച്ചു. എന്നിരുന്നാലും ശിഷ്ടരായ പല വൈദ്യശിരോമണികളും മറ്റു ശാസ്ത്രപാരംഗതന്മാരും ബ്രാഹ്മണാജ്ഞയ്ക്ക് വഴങ്ങാതെ ബൗദ്ധരായി തുടരുകയാണുണ്ടായത്. അവരില്‍ നിന്നാണ് പ്രശസ്തരായ ഈഴവവൈദ്യന്മാരുടെയും സംസ്കൃതപണ്ഡിതന്മാരുടെയും കണ്ണികള്‍ തുടര്‍ന്നുപോന്നത്.

ജാതിവ്യവസ്ഥയുടെ ഏറ്റവും അടിത്തട്ടിലുള്ളവരെ അടിമജാതികള്‍ അഥവാ അടിയാളര്‍ എന്നാണ് കണക്കാക്കിയിരുന്നത്. പുലയര്‍, ചെറുമര്‍, പറയര്‍, വേട്ടുവര്‍ തുടങ്ങിയവരെ അടിമജാതികള്‍ എന്നു പറഞ്ഞിരുന്നു. പാടങ്ങളിലെ ഭാരിച്ച കാര്‍ഷികവൃത്തികളെല്ലാം ഈ അടിമജാതികളെക്കൊണ്ടാണു ചെയ്യിച്ചിരുന്നത്. ബാര്‍ത്തലോമ്യാ, ബുക്കാനന്‍ തുടങ്ങിയ സഞ്ചാരികള്‍ അടിമജാതികളുടെ ദുരന്തപൂര്‍ണമായ ജീവിതത്തെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്. മലബാറിലെ പുലയര്‍ അടിമജാതികളാണെന്നും അവരുടെ സേവനം വളരെ വിലപ്പെട്ടതാണെന്നും ബാര്‍ത്തലോമ്യാ പ്രസ്താവിക്കുന്നു: "അവര്‍ ഭൂമിയിലെ വിളവുകള്‍ സംരക്ഷിക്കുകയും പോത്തുകളെക്കൊണ്ട് നിലം ഉഴുകയും കൊയ്യുകയും മെതിച്ച് നെന്മണികള്‍ വേര്‍പ്പെടുത്തുകയും മറ്റു ഭാരിച്ച കൃഷിപ്പണികള്‍ നിര്‍വഹിക്കുകയും ചെയ്യുന്നു. ഈ ഹതഭാഗ്യരെപ്പറ്റി ബുക്കാനന്‍ ഇപ്രകാരം രേഖപ്പെടുത്തുന്നു. "പാടത്തെ ഏറിയ പങ്കും ജോലികള്‍ ചെയ്തുതീര്‍ക്കുന്നത് അടിമകള്‍ അഥവാ ചെറുമര്‍ ആകുന്നു. അവരുടെമേല്‍ യജമാനന് പൂര്‍ണമായ ഉടമാവകാശമുണ്ട്. അവരെക്കൊണ്ട് യജമാനന് ഇഷ്ടമുള്ള തൊഴില്‍ ചെയ്യിക്കാം. അവര്‍ മണ്ണിനോടു ബന്ധപ്പെട്ട അടിമകളാണ്. അവരെ ഇഷ്ടമുള്ള രീതിയില്‍ വില്ക്കുകയോ കൈമാറ്റംചെയ്യുകയോ ആവാം. ഭര്‍ത്താവിനെയും ഭാര്യയെയും വേറെ വേറെ വില്ക്കുവാന്‍ പാടില്ലെന്നു മാത്രം. എന്നാല്‍ കുട്ടികളെ രക്ഷിതാക്കളില്‍ നിന്നു വേര്‍പെടുത്താം. സഹോദരീ സഹോദരന്മാരെയും വേര്‍പെടുത്താം. പറയന്‍, വള്ളുവന്‍, കണക്കന്‍, ഊരാളി തുടങ്ങിയ പേരിലുള്ള അടിമജാതികളുണ്ട്. ഈ ഓരോ ജാതിയിലെയും വിവാഹസമ്പ്രദായത്തിന്റെ പ്രത്യേകത അനുസരിച്ച് അടിമകളിലുണ്ടാകുന്ന കുട്ടികളുടെ മേല്‍ യജമാനുള്ള അവകാശത്തില്‍ ഗണ്യമായ വ്യത്യാസങ്ങളുണ്ട്. തൊഴില്‍ ചെയ്യാന്‍ ആരോഗ്യമുള്ള കാലത്ത് അടിമകളായ പുരുഷനും സ്ത്രീക്കും അലവന്‍സ് നല്‍കാന്‍ യജമാനന്‍ ബാധ്യസ്ഥനാണ്. ഇത് ആഴ്ചയില്‍ രണ്ടിടങ്ങഴി നെല്ലാണ്. ഏതു പ്രായത്തിലുള്ള മനുഷ്യനും ന്യായമായി നല്കേണ്ടതിന്റെ ഏഴില്‍ രണ്ടു ഓഹരി മാത്രമാണ് ഇതെന്ന് ഞാന്‍ കരുതുന്നു. കുട്ടികള്‍ക്കും തൊഴില്‍ ചെയ്യാന്‍ കഴിയാത്ത വൃദ്ധന്‍മാര്‍ക്കും ഇതിന്റെ പകുതി മാത്രം നല്കുന്നു. ശിശുക്കള്‍ക്ക് ഒന്നും കൊടുക്കുകയില്ല. ജീവിക്കാന്‍ ഇത് ഒട്ടും പര്യാപ്തമല്ല. എന്നാല്‍ കൃഷിയില്‍ ശ്രദ്ധിക്കുന്നതിനുവേണ്ടി വിളവിന്റെ ഇരുപത്തിയൊന്നില്‍ ഒരു ഭാഗം അടിമകള്‍ക്കായി നല്‍കുന്നു. പുരുഷനായ അടിമയ്ക്ക് ഒരു വര്‍ഷത്തില്‍ 7 മുഴം തുണി ലഭിക്കും; സ്ത്രീക്ക് 14 മുഴവും. വലിയ കുട്ടയെക്കാള്‍ വലുതല്ലാത്ത കുടിലുകളിലാണ് അവര്‍ താമസിക്കുന്നത്. കൊയ്ത്തുകഴിയുന്നതുവരെ പാടത്തിന്റെ വരമ്പിലായിരിക്കും അവരുടെ സ്ഥാനം. മെതിക്കുന്ന കാലത്ത് ഈ കുടിലുകള്‍ കളത്തിന്റെ അരികിലേക്കു മാറ്റി വയ്ക്കപ്പെടും.

കേരളത്തില്‍ ഈ കാര്‍ഷിക അടിമസമ്പ്രദായം എന്ന് ആരംഭിച്ചുവെന്നു വ്യക്തമായി പറയാന്‍ സാധ്യമല്ല. സംഘകാലത്തും സംഘാനന്തരകാലത്തും അടിമത്തവ്യവസ്ഥ ഉണ്ടായിരുന്നില്ല. അന്ന് ദാസ്യവൃത്തി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ജാതിസമ്പ്രദായം സാമൂഹികനീതിയായിത്തീരുകയും സാമ്പത്തികമായും രാഷ്ട്രീയമായും മാത്രമല്ല, മതത്തിന്റെ പിന്തുണയോടെ മാനസികമായും മനുഷ്യനെ അടിമപ്പെടുത്തുവാന്‍ കഴിഞ്ഞ കാലയളവിലാണ് ഇത്തരത്തിലുള്ള അടിമത്തം ശക്തിപ്രാപിച്ചതെന്ന് കരുതേണ്ടിയിരിക്കുന്നു. പതിമൂന്നാം നൂറ്റാണ്ടിലെ വീരരാഘവപട്ടയത്തില്‍, 'ഐങ്കന്മാളരെയും അടിമ കുടുത്തോം' എന്ന് വ്യക്തമായിത്തന്നെ പറഞ്ഞിരിക്കുന്നു. അധ്വാനിക്കുന്ന ജനവിഭാഗങ്ങളെ അടിമകളായി കൊടുക്കുന്ന സമ്പ്രദായം അക്കാലമായപ്പോഴേക്കും വ്യാപകമായിത്തീര്‍ന്നിട്ടുണ്ടാകണം. അടിമകളുടെ എണ്ണം പല വിധത്തില്‍ പെരുകിക്കൊണ്ടിരുന്നു. പണമോ ധാന്യമോ കടം വാങ്ങിയതു തിരിച്ചുകൊടുക്കാന്‍ കഴിയാതെ വരുമ്പോള്‍ അവര്‍ ഉത്തമര്‍ണന്റെ അടിമകളായിത്തീര്‍ന്നിരുന്നു. ക്ഷാമകാലങ്ങളിലും പ്രകൃതികോപങ്ങള്‍മൂലം നാശനഷ്ടങ്ങള്‍ സംഭവിക്കുമ്പോഴും ഉപജീവനത്തിനു നിവൃത്തിയില്ലാതെ ഭൂവുടമസ്ഥരില്‍ നിന്ന് പണവും ധാന്യവും കടം വാങ്ങി അടിമകളായി തീരുന്നവരുടെ എണ്ണവും ധാരാളമായിരുന്നു. പുലയര്‍, പറയര്‍, വേട്ടുവര്‍, ഉള്ളാടര്‍ തുടങ്ങിയ ജനവിഭാഗങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ അടിമകള്‍ ഉണ്ടായിത്തീര്‍ന്നത്. ഈഴവര്‍, മുക്കുവര്‍, മുസ്ലിങ്ങള്‍ തുടങ്ങിയവരില്‍ നിന്നും അടിമകള്‍ ഉണ്ടായിരുന്നു.

അടിമകളില്‍ ഭൂരിഭാഗത്തെയും കാര്‍ഷികവൃത്തിക്കുവേണ്ടിയാണ് ഉപയോഗിച്ചിരുന്നത്. പാടങ്ങളിലും പറമ്പുകളിലും പണിയെടുക്കാന്‍ ധനാഢ്യര്‍ അടിമകളെ വാങ്ങി നിലനിര്‍ത്തിയിരുന്നു. സര്‍ക്കാരിന്റെ വകയായും ധാരാളം അടിമകളുണ്ടായിരുന്നുവെന്നും സര്‍ക്കാര്‍ ഭൂമികളില്‍ ജോലിചെയ്യുന്നതിനുവേണ്ടിയാണ് അവരെ പ്രധാനമായും നിയോഗിച്ചിരുന്നതെന്നും വാര്‍ഡും കോണറും പ്രസ്താവിക്കുന്നു. സ്വകാര്യവ്യക്തികള്‍ക്ക് ഈ അടിമകളെ പാട്ടത്തിനു കൊടുക്കുന്ന സമ്പ്രദായവും ഉണ്ടായിരുന്നുവത്രേ. അനന്തരാവകാശികളില്ലാതെ മരിക്കുന്ന പ്രഭുക്കന്മാരില്‍ നിന്നാണ് പലപ്പോഴും സര്‍ക്കാരിലേക്ക് അടിമകളെ കിട്ടിയിരുന്നത്. സര്‍ക്കാരില്‍ നിന്നു അടിമയെ പാട്ടത്തിനു കൊടുക്കുമ്പോള്‍ സാധാരണയായി ഒരു കൊല്ലത്തേക്ക് 10 പറ നെല്ലായിരുന്നു പാട്ടം (അതായത് 2 രൂപയില്‍ താഴെ). സ്ത്രീകള്‍ക്കു പാട്ടം ഇതിനെക്കാള്‍ കുറവും.

അടിമകളുടെ സ്ഥിതിയെപ്പറ്റി വാര്‍ഡും കോണറും ഇങ്ങനെ പ്രസ്താവിക്കുന്നു: കാര്‍ഷികാടിസ്ഥാനത്തില്‍ കഴിയുന്നതുവരെ പൊതുവേ ചെറുമക്കള്‍ എന്നാണു പറയുന്നത്; വെറുപ്പോടും അറപ്പോടും കൂടിയാണ് അവരുടെ പേര് പറയാറുള്ളത്; ഉയര്‍ന്ന ജാതിക്കാര്‍ അവരുടെ സാന്നിധ്യത്തെ ഭയത്തോടും വെറുപ്പോടും കൂടിയാണ് വീക്ഷിച്ചിരുന്നത്. പട്ടണങ്ങളും അങ്ങാടികളും അവരുടെ സാമീപ്യത്തില്‍ അശുദ്ധമായിത്തീരുമെന്നു കരുതപ്പെട്ടിരുന്നു. ഭൂമിയോട് ബന്ധിക്കപ്പെട്ടവരാണ് ചെറുമക്കള്‍. കന്നുകാലികളും ചെറുമക്കളും ഒരേ ബന്ധനത്താല്‍ ഏകോപിക്കപ്പെട്ടവരാണ്. എന്നാല്‍ ചെറുമക്കള്‍ക്കു കന്നുകാലിയോളം വിലയില്ല. കന്നുകാലികളെക്കാള്‍ വളരെ നിന്ദ്യമായ നിലയാണ് അവര്‍ക്കുണ്ടായിരുന്നത്. അനുകമ്പാര്‍ഹമായ അടിമത്തത്തിലാണ് അവര്‍ കഴിഞ്ഞിരുന്നതെങ്കിലും ഏറ്റവും ക്രൂരമായ അടിമത്തമല്ല അവര്‍ അനുഭവിച്ചിരുന്നത്. ഒരുതരം അവഗണനയെന്നോ കാര്‍ക്കശ്യമെന്നോ പറയാവുന്ന തരത്തിലുള്ളതാണ് അവരോടുള്ള സമീപനം. നായന്മാരുടെ പക്ഷപാതമനോഭാവമാണ് ഇതിനു മുഖ്യ കാരണം. ക്രിസ്ത്യാനികള്‍ക്കും ഇതേ പക്ഷപാതമനോഭാവം തന്നെയാണുള്ളത്. അവരെ സംബന്ധിച്ചിടത്തോളം ജാതിയുടെ പേരിലുള്ള ന്യായീകരണത്തിന് ന്യായം കാണുന്നില്ലെങ്കിലും മുന്‍കാലങ്ങളില്‍ അടിമകളെ കൊല്ലുന്നത് കുറ്റകരമായി കരുതിയിരുന്നില്ല. അടിമയെ വില്‍ക്കുന്ന പട്ടയത്തില്‍ ഇങ്ങനെ പറയാറുണ്ടായിരുന്നു. 'അവനെ അല്ലെങ്കില്‍ അവളെ നിങ്ങള്‍ക്ക് വില്‍ക്കുകയോ കൊല്ലുകയോ ചെയ്യാം'. ഇതില്‍ അവസാനം പറഞ്ഞ അവകാശം പിന്നീട് ഇല്ലാതായി. ചെറുമക്കളെ കൃഷിപ്പണിക്ക് വേണ്ടി മാത്രമാണ് ഉപയോഗിച്ചിരുന്നത്... അവര്‍ക്ക് പ്രതിഫലം നല്‍കുന്നത് ധാന്യമായിട്ടാണ്. ഒരു പുരുഷന് മൂന്ന് അളവു നെല്ലും സ്ത്രീക്ക് രണ്ടും കുട്ടിക്ക് ഒന്നുമാണ് കൊടുക്കുക. ഇതു കൃത്യമായി കൊടുക്കാറുണ്ടായിരുന്നു. ജോലിയില്ലാത്ത ദിവസം ഇതിന്റെ പകുതി വീതവും നല്‍കിയിരുന്നു. എന്തെങ്കിലും അനുസരണക്കേട് അനുഭവപ്പെട്ടാല്‍ ഇതു കൊടുക്കാതിരിക്കുകയും ചെയ്യും. കൊയ്ത്തുകാലം താരതമ്യേന അവര്‍ക്കു സുഭിക്ഷതയുടെ കാലമാണ്. അവരുടെ അവശവും മലീമസവുമായ രൂപം അവരുടെ ഭക്ഷണക്കുറവിനെയും കടുത്ത ക്ലേശങ്ങളെയും പ്രതിഫലിപ്പിക്കുന്നു. അവരുടെ തൊഴിലൊഴികെ മറ്റൊന്നിനെക്കുറിച്ചും അവര്‍ക്കു നിശ്ചയമില്ല. യജമാനന്മാരോട് അവര്‍ ഒരിക്കലും അക്രമം പ്രവര്‍ത്തിച്ചിട്ടില്ല. മാത്രമല്ല, അവര്‍ അനുസരണശീലരാണെന്നും പറയപ്പെടുന്നു. നിശ്ശബ്ദമായി എന്തും സഹിക്കുക എന്ന സ്വഭാവം നിമിത്തം സ്വന്തം ജീവിതസാഹചര്യങ്ങളുടെ ശോചനീയാവസ്ഥയെപ്പറ്റി അവര്‍ ചിന്തിക്കാറേയില്ല.

കാര്‍ഷികാടിമകളുടെ എണ്ണം കാലം ചെല്ലുന്തോറും വര്‍ധിച്ചുകൊണ്ടേ ഇരുന്നു. മലബാറില്‍ മാത്രം 1835-ലെ സെന്‍സസ് പ്രകാരം 1,44,000 അടിമകള്‍ ഉണ്ടായിരുന്നു. 1842-ല്‍ ഇത് 1,59,000 ആയി വര്‍ധിച്ചു എന്ന് ലോഗണ്‍ കണക്കാക്കുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദിയില്‍ തിരുവിതാംകൂറിലെ ജനസംഖ്യ 9,06,587 ആയിരുന്നപ്പോള്‍ കാര്‍ഷിക അടിമകളുടെ എണ്ണം 98,974 ആയിരുന്നു. കൊച്ചിയിലാകട്ടെ ജനസംഖ്യയുടെ 15 ശതമാനം കാര്‍ഷികാടിമകളായിരുന്നു. എന്നിരുന്നാലും അന്നത്തെ സമ്പദ്വ്യവസ്ഥയെ അടിമസമ്പ്രദായം എന്നു വിളിക്കാന്‍ നിര്‍വാഹമില്ല. ഫ്യൂഡല്‍ ബന്ധങ്ങളായിരുന്നു സമ്പദ്വ്യവസ്ഥയിലെ നിര്‍ണായക ഘടകം. ഭൂമിയില്‍ അധികവും നമ്പൂതിരിമാരുടെ ജന്മമായി മാറിയിരുന്നു; ഗണ്യമായ വിഭാഗം ക്ഷേത്രങ്ങളുടെ ഉടമയിലും. ധനികരും ഇടത്തരക്കാരുമായ കൃഷിക്കാര്‍ അടിമകളെ വച്ചു നിലം കൃഷിചെയ്തുണ്ടാക്കിയാല്‍ വിളവിന്റെ നല്ലൊരു ഭാഗം ജന്മിക്കു പാട്ടവും വാരവുമായി കൊടുക്കേണ്ടിയിരുന്നു. ചെറുകിട കൃഷിക്കാരായിരുന്നു അധികവും. കൃഷിപ്പിഴവു സംഭവിച്ചാലും മറ്റു വിധത്തില്‍ വിളവു മോശമാവുകയോ നശിക്കുകയോ ചെയ്താലും കുടിയാന്‍ ജന്മിക്കു കൊടുക്കേണ്ട പാട്ടം അളക്കണം. ഉത്പാദന മിച്ചം പാട്ടമായിട്ടാണ് ജന്മികളുടെ കരങ്ങളില്‍ എത്തിയിരുന്നത്. അങ്ങനെ അടിമസമ്പ്രദായം തിയോക്രാറ്റിക് ഫ്യൂഡലിസത്തിന്റെ ഭാഗം മാത്രമായിരുന്നു.

കൃഷിക്കാര്‍-കൈത്തൊഴിലുകാര്‍. കേരളത്തിലെ ജാതി-ജന്മിനാടുവാഴി വ്യവസ്ഥയിലെ ഉപരിവിഭാഗങ്ങളില്‍നിന്നും വ്യത്യസ്തമായി, കായികമായി അധ്വാനിക്കുകയും ഫ്യൂഡല്‍ മര്‍ദനങ്ങളും ജാതിമര്‍ദനങ്ങളും അനുഭവിക്കുകയും ചെയ്തുവന്നിരുന്ന പല ജനവിഭാഗങ്ങളും കേരളത്തില്‍ ഉണ്ടായിരുന്നു. നാടുവാഴികളും മറ്റു ജന്മിമാരും കാണക്കുടിയാന്മാരായ നായന്മാരും ഭൂമിയില്‍ അധ്വാനിച്ചിരുന്നില്ല. ക്ഷേത്രോപജീവികളായിരുന്ന അമ്പലവാസികളെയും ഈ ഗണത്തില്‍ പെടുത്താം. അവരെല്ലാവരും സവര്‍ണരും ജാതി സോപാനത്തിന്റെ മുകള്‍ത്തട്ടിലുള്ളവരും ആയിരുന്നുവെന്ന കാര്യവും പരിഗണിക്കേണ്ടതാണ്. ഉത്പാദനം നടത്തിയിരുന്നതു ഭൂമി കൈവശക്കാരായ കൃഷിക്കാരായിരുന്നു. ഇവര്‍ പാട്ടക്കുടിയാന്മാരും ചെറുകിട കൃഷിക്കാരുമായിരുന്നു. ഈഴവര്‍, തീയര്‍, വെള്ളാളര്‍ തുടങ്ങിയ വിഭാഗങ്ങളാണ് കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നത്. ആദ്യകാലങ്ങളില്‍ അവര്‍ ഭൂമി കൈവശക്കാരെന്ന നിലയില്‍ ഭൂവുടമകളായിരുന്നു. പിന്നീട് രാജാക്കന്മാരും നാടുവാഴികളും കൃഷിക്കാര്‍ തന്നെയും നടത്തിയ ഭൂദാനങ്ങളിലൂടെ അവരുടെ ഭൂമിയുടെ ജന്മാവകാശം ബ്രാഹ്മണാദികള്‍ക്ക് ലഭിക്കുകയാണ് ഉണ്ടായത്. ജന്മാവകാശം പാട്ടം പിരിക്കുവാനുള്ള അവകാശമായിരുന്നു. രാജാവിന് അവകാശപ്പെട്ട രാജഭോഗത്തിന് തുല്യമായ ഓഹരി മാത്രമായിരുന്നു പാട്ടം. തൃശൂര്‍ ജില്ലയിലെ തലപ്പിള്ളി താലൂക്കിലുള്ള തളിക്ഷേത്രത്തിലേക്ക് ഏതാനും ഭൂമികളുടെ ജന്മാവകാശം ദാനം ചെയ്തുകൊണ്ട് കോതൈ ഇരവിയും (917-947) ഇന്തുക്കോതൈയും (947-962) കൊത്തിവച്ചിട്ടുള്ള രേഖകളില്‍ നിന്ന് ഈ വസ്തുത വെളിപ്പെടുന്നതാണ്. ആദ്യകാലത്ത് പാട്ടം വിളവിന്റെ ആറിലൊന്നായിരുന്നു. ഇതായിരുന്നു രാജഭോഗത്തിന്റെ വിഹിതവും. പിന്നീട് 'കോപ്പതിവാരം' 'പതിപ്പതവാരം' തുടങ്ങിയ പേരുകളില്‍ അഞ്ചിലൊന്നു 'മേലൊടി' ഈടാക്കുവാന്‍ തുടങ്ങി. പിന്നീടത് നാലിലൊന്നും മൂന്നിലൊന്നുമായി മാറി. ഇങ്ങനെ നിശ്ചയിച്ച പാട്ടം കൊടുക്കുന്നതില്‍ മുടക്കം വരുത്തിയാല്‍ കാരാളനെ തടഞ്ഞുവച്ചു നിര്‍ബന്ധമായി പണം വസൂലാക്കുന്നതാണെന്ന വ്യവസ്ഥകള്‍ ബ്രാഹ്മണര്‍ ഉള്‍ക്കൊള്ളിച്ചു. കൊ. വ. 359 ധനുവില്‍ (1183) തിരുവമ്പാടി ക്ഷേത്രത്തിലേക്ക് നല്‍കിയ ഒരു ഭൂദാനരേഖയില്‍ ഒരു തവണ പാട്ടനെല്ല് മുടങ്ങിപ്പോയാല്‍ ആ നിലവും കാരാളന്റെ മറ്റു പുരയിടങ്ങളും കൃഷിചെയ്യാന്‍ അനുവദിക്കാതെ തടഞ്ഞുവച്ച്, വിലക്കൂരായ്മയും കെട്ടി (അറസ്റ്റ് ചെയ്ത്) പണം വസൂലാക്കുന്നതാണെന്ന് പറഞ്ഞിരിക്കുന്നു. പിന്നീട് നിലം ഒഴിഞ്ഞുകൊടുക്കുവാന്‍ കാരാളനെ നിര്‍ബന്ധിക്കുന്ന വ്യവസ്ഥകളും ഉണ്ടായി. ഇങ്ങനെ പഴയ കാരാളനെ മാറ്റി പുതിയ കാരാളനെ നിശ്ചയിക്കുമ്പോള്‍ പലപ്പോഴും പാട്ടം വര്‍ധിപ്പിക്കുകയും പതിവായിരുന്നു. ഇതിനൊരു ക്രമീകരണം വരുത്തുവാന്‍ വേണ്ടിയാണ് 12 വര്‍ഷം കൂടുമ്പോഴുള്ള പൊളിച്ചെഴുത്തു സമ്പ്രദായം ഏര്‍പ്പെടുത്തിയത്. കുടിയാനില്‍ നിന്ന് ഒരു സംഖ്യ ജന്മി മുന്‍കൂറായി വാങ്ങുകയും കുടിയാന്‍ കൊടുക്കേണ്ട പാട്ടത്തിന് ആ സംഖ്യ ജാമ്യമായി നിര്‍ത്തുകയും ചെയ്യുന്നു. കുടിയാന്‍ ക്രമമായി പാട്ടം കൊടുത്തുകൊണ്ടിരുന്നാല്‍ പൊളിച്ചെഴുത്തെന്നത് കേവലം ഒരു ചടങ്ങു മാത്രമായിരിക്കും. പാട്ടം കൊടുക്കുന്നതില്‍ മുടക്കം വരുത്തുകയോ സമയനിഷ്ഠ പാലിക്കാതിരിക്കുകയോ ചെയ്താല്‍ പൊളിച്ചെഴുത്തു വേളയില്‍ ജന്മിക്കു കൂടുതല്‍ കര്‍ശനമായ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിയും.

മധ്യകാല കേരളത്തിലെ മറ്റു രണ്ടു സമുദായങ്ങള്‍/മതവിഭാഗങ്ങള്‍ ക്രിസ്ത്യാനികളും മുസ്ലിങ്ങളുമായിരുന്നു. എ.ഡി. ഒന്നാം നൂറ്റാണ്ടോടുകൂടി ക്രിസ്തുമതം കേരളത്തില്‍ പ്രചാരം നേടിയിരുന്നു. എ.ഡി. 52-ല്‍ തോമസ് പുണ്യവാളന്‍ ഏതാനും അനുചരന്മാരോടൊപ്പം കൊടുങ്ങല്ലൂരില്‍ എത്തിച്ചേര്‍ന്നു എന്നും കൊടുങ്ങല്ലൂര്‍, പറവൂര്‍, പാലയൂര്‍, കൊക്കമംഗലം, നിരണം, കൊല്ലം, നിലയ്ക്കല്‍ എന്നിവിടങ്ങളിലായി ഏഴുപള്ളികള്‍ സ്ഥാപിച്ചു എന്നും പരക്കെ വിശ്വസിക്കപ്പെടുന്നു. എ.ഡി. 68-ല്‍ കൊടുങ്ങല്ലൂരില്‍ വന്നിറങ്ങിയ ജൂതന്മാര്‍ സൂക്ഷിച്ചിട്ടുള്ള വിവരണങ്ങളില്‍ അക്കാലത്ത് കൊടുങ്ങല്ലൂരില്‍ ഉണ്ടായിരുന്ന ക്രൈസ്തവസമുദായത്തെപ്പറ്റി പരാമര്‍ശമുണ്ട്. 345-ല്‍ കാനായി തൊമ്മന്റെ നേതൃത്വത്തില്‍ ബാഗ്ദാദ്, ജെറൂസലേം എന്നിവിടങ്ങളില്‍ നിന്നായി 72 കുടുംബങ്ങളില്‍പ്പെട്ട നൂറോളം ക്രിസ്ത്യാനികള്‍ കേരളത്തില്‍ എത്തിയതായും ഇവരുടെ സന്തതിപരമ്പരകളിലൂടെ കേരളത്തിലെ ക്രിസ്ത്യാനികളുടെ എണ്ണം വര്‍ധിച്ചതായും കരുതപ്പെടുന്നുണ്ട്. എ.ഡി. 325-ല്‍ സ്ഥാപിതമായ കുറവിലങ്ങാടുപള്ളിയും 375-ല്‍ സ്ഥാപിതമായ ഇടപ്പള്ളിയും 450-ല്‍ സ്ഥാപിതമായ അങ്കമാലി പഴയ പള്ളിയും അക്കാലത്ത് കേരളത്തില്‍ ക്രിസ്തുമതത്തിനുണ്ടായ വളര്‍ച്ചയുടെ സാക്ഷ്യപത്രമായി ഇന്നും അവശേഷിക്കുന്നു.

ഇപ്രകാരം കേരളത്തില്‍ പ്രചരിച്ച ക്രിസ്തുമതം കേരളീയരുടെ സാംസ്കാരിക പാരമ്പര്യത്തെ മാറ്റിമറിക്കാതെ ഇവിടത്തെ ജീവിതശൈലിയും സാമൂഹിക കീഴ്വഴക്കങ്ങളുമായി സമരസപ്പെട്ടുകൊണ്ടാണ് വളര്‍ന്നത്. ചുരുക്കത്തില്‍ മതവിശ്വാസത്തിന്റെ കാര്യത്തില്‍ ഭിന്നരായിരുന്നെങ്കിലും അവരും കേരളീയ സമൂഹത്തിന്റെ ഭാഗമായാണ് നിലനിന്നിരുന്നത്. 16-ാം ശതകത്തിന്റെ ആരംഭംവരെ, പോര്‍ച്ചുഗീസുകാരുടെ ആഗമനകാലംവരെ ഇതായിരുന്നു അവസ്ഥ. 1599-ല്‍ നടന്ന ഉദയംപേരൂര്‍ സുന്നഹദോസ് മുതല്ക്കാണ് ഇതിന് മാറ്റം വരുന്നത്. തുടര്‍ന്ന് പല സഭകളിലൂടെ ക്രൈസ്തവ സമൂഹം കേരളത്തില്‍ വളര്‍ന്നുപന്തലിച്ചു.

ആദ്യകാലങ്ങളില്‍ സവര്‍ണവിഭാഗത്തില്‍പ്പെട്ട ഹിന്ദുക്കളായിരുന്നു ക്രിസ്തുമതത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടത്. കൃഷിയിലും വ്യവസായത്തിലും വാണിജ്യത്തിലും ശ്രദ്ധകേന്ദ്രീകരിച്ച ഇവര്‍ വളരെവേഗം ജാതിശ്രേണിയിലെ ഉയര്‍ന്ന വിഭാഗക്കാരുടേതിന് സമാനമായൊരു പദവി കേരളീയസമൂഹത്തില്‍ നേടിയെടുത്തു. സവര്‍ണഹിന്ദുക്കളോടുതുല്യമായ രീതിയിലാണ് അക്കാലത്ത് ഭരണാധികാരികള്‍ ക്രിസ്ത്യാനികളോട് പെരുമാറിയത്. രാജാക്കന്മാരില്‍ നിന്നും ദേശവാസികളില്‍നിന്നും പലവിധത്തിലുള്ള അവകാശങ്ങളും അധികാരങ്ങളും അവര്‍ക്കു ലഭിച്ചിരുന്നു.

19-ാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ് ഹിന്ദുമതത്തിലെ കീഴാളവിഭാഗക്കാര്‍ ക്രിസ്തുമതത്തില്‍ ആകൃഷ്ടരാവുന്നത്. ജാതിജടിലമായ ഹിന്ദുമതത്തിലെ വിവേചനങ്ങളെയും അടിച്ചമര്‍ത്തലുകളെയും പ്രതിരോധിക്കാനും സാമൂഹികപരിവര്‍ത്തനത്തിന്റെ ഉപാധിയുമായാണ് അധഃസ്ഥിതവിഭാഗങ്ങള്‍ ക്രിസ്തുമതം ആശ്ലേഷിക്കുന്നത്. ഇപ്രകാരം ക്രിസ്തുമതം സ്വീകരിച്ച അധഃസ്ഥിതവിഭാഗങ്ങള്‍ക്ക് സമൂഹത്തില്‍ അവരുടെ സ്വത്വം പുനഃപ്രതിഷ്ഠിക്കാന്‍ കഴിഞ്ഞെങ്കിലും ജാതീയമായ വേര്‍തിരിവുകള്‍മൂലം സവര്‍ണ ക്രിസ്ത്യാനികള്‍ ആര്‍ജിച്ച സാമൂഹിക പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞില്ല.

കേരളത്തിന്റെ സാമൂഹിക പുരോഗതിക്കും സാമ്പത്തിക വളര്‍ച്ചയ്ക്കും കേരളത്തിലെ ക്രിസ്തീയസമൂഹം നല്‍കിയ സംഭാവനകള്‍ നിസ്തുലമാണ്. കാര്‍ഷിക, വ്യവസായ, വാണിജ്യരംഗങ്ങളില്‍ ക്രൈസ്തവ സമൂഹം ആര്‍ജിച്ച നേട്ടം ശ്രദ്ധേയമാണ്. വിദ്യാഭ്യാസരംഗത്തുള്ള പ്രവര്‍ത്തനങ്ങള്‍ പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നതാണ്. എല്‍.എം.എസ്., സി.എം.എസ്., ബാസല്‍മിഷന്‍ ഇവയുടെ പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ ആധുനിക വിദ്യാഭ്യാസത്തിന് തുടക്കമിട്ടത്. കൂടാതെ അച്ചടിവിദ്യയ്ക്കും പത്രമാസികാ പ്രവര്‍ത്തനങ്ങള്‍ക്കും അവര്‍ കേരളത്തില്‍ തുടക്കംകുറിച്ചു. കേരളീയസംസ്കാരവുമായി ഇഴുകിച്ചേര്‍ന്നു വളര്‍ന്ന കേരളത്തിലെ ക്രിസ്ത്യാനികള്‍ വര്‍ത്തമാനകാലഘട്ടത്തില്‍ സാമൂഹികക്ഷേമം, രാഷ്ട്രീയം, കല തുടങ്ങിയ ജനജീവിതത്തിന്റെ എല്ലാ മേഖലകളിലും വ്യാപൃതരാണ്.

കേരളീയസമൂഹവുമായി ഇഴുകിച്ചേര്‍ന്നുകൊണ്ടു കേരളീയ സംസ്കാരത്തിന്റെ വളര്‍ച്ചയ്ക്കും സാമൂഹിക പുരോഗതിക്കും നിര്‍ണായകസംഭാവനകള്‍ നല്‍കിയ മറ്റൊരു മതവിഭാഗമാണ്/സമുദായമാണ് മുസ്ലിങ്ങള്‍. പ്രവാചകനായ മുഹമ്മദ് നബിയുടെ കാലത്തുതന്നെ ഹിജ്റ ആദ്യവര്‍ഷങ്ങളില്‍ത്തന്നെ (എ.ഡി. 611-634) ഇസ്ലാംമതം കേരളത്തില്‍ എത്തിയെന്നു കരുതുന്നു. വ്യത്യസ്തമായ അഭിപ്രായങ്ങളും നിലവിലുണ്ട്. മധ്യകാലഘട്ടത്തില്‍ കേരളം സന്ദര്‍ശിച്ച വിദേശസഞ്ചാരികളില്‍ പലരും അക്കാലത്ത് ഇവിടെ ഉണ്ടായിരുന്ന ജനവിഭാഗങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന കൂട്ടത്തില്‍ മുസ്ലിങ്ങളെപ്പറ്റിയും പ്രതിപാദിക്കുന്നുണ്ട്. ക്രിസ്തുമതത്തെപ്പോലെ കേരളത്തില്‍ ഇസ്ലാംമതം പ്രചരിക്കുന്നതിന് പല അനുകൂലഘടകങ്ങളും അക്കാലത്ത് ഉണ്ടായിരുന്നു. അക്കാലത്ത് ഇവിടെ നിലനിന്നിരുന്ന സാമൂഹികവ്യവസ്ഥിതിയുടെ സമ്മര്‍ദവും ക്രൈസ്തവ- ഇസ്ലാംമതങ്ങള്‍ ഉദ്ഘോഷിക്കുന്ന വര്‍ഗവ്യത്യാസത്തിന്റെ അഭാവവും ആ മതങ്ങള്‍ക്ക് ഇവിടെ പ്രചാരം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് ചരിത്രകാരന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. പ്രവാചകന്റെ കാലഘട്ടത്തില്‍ കേരളത്തില്‍ എത്തിയ അറബി വ്യാപാരികളായിരിക്കാം ഇവിടെ ആദ്യം പ്രവാചകന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ചതെന്ന് കരുതുന്നു. ഭരണകര്‍ത്താക്കളുടെ പ്രോത്സാഹനവും നിര്‍ണായകമായിരുന്നു. കോഴിക്കോട് സാമൂതിരിമാര്‍ മുസ്ലിം സമുദായവുമായി മൈത്രിയിലായിരുന്നു. നാവികസൈന്യത്തിന്റെ അംഗബലം വര്‍ധിപ്പിക്കുന്നതിനുവേണ്ടി ഇസ്ലാംമതം സ്വീകരിക്കാന്‍ അവര്‍ താഴ്ന്ന ജാതിക്കാരെ പ്രേരിപ്പിച്ചു. സാമൂതിരിയെ ഒരു പ്രബല ശക്തിയായി ഉയര്‍ത്തുകയും പോര്‍ച്ചുഗീസുകാരും കൊച്ചിയുമായുള്ള ഏറ്റുമുട്ടലില്‍ ഫലപ്രദമായി ചെറുത്തുനില്‍ക്കാന്‍ സമൂതിരിയെ പ്രാപ്തമാക്കുകയും ചെയ്തത് കുഞ്ഞാലിമരയ്ക്കാരുടെ നേതൃത്വത്തിലുള്ള നാവികസൈന്യമായിരുന്നു. ടിപ്പു സുല്‍ത്താന്റെ ഭരണകാലത്ത് മലബാറില്‍, താഴ്ന്ന ജാതിക്കാരില്‍നിന്നും നല്ലൊരു ശതമാനംപേര്‍ ഇസ്ലാംമതം സ്വീകരിക്കുകയുണ്ടായി. ഇത് അവിടത്തെ കീഴാളവിഭാഗങ്ങള്‍ക്ക് പുതിയൊരു സാമൂഹികജീവിതം വിഭാവനം ചെയ്യുകയുണ്ടായി.

എന്നാല്‍ 16-ാം ശതകത്തിന്റെ ആരംഭത്തില്‍ പാശ്ചാത്യശക്തികളുടെ വരവോടെ കേരളത്തിലെ മുസ്ലിങ്ങള്‍ക്ക് പലതരത്തിലുള്ള പ്രതിബന്ധങ്ങളെ നേരിടേണ്ടിവന്നു. പോര്‍ച്ചുഗീസുകാരുമായുള്ള ഏറ്റുമുട്ടലിനെത്തുടര്‍ന്ന് സമുദ്രവാണിജ്യത്തില്‍ അറബികള്‍ക്കുണ്ടായിരുന്ന ആധിപത്യം തകര്‍ന്നതായിരുന്നു പ്രധാനകാരണം. ഹൈദരാലിയുടെയും ടിപ്പുവിന്റെയും കാലത്ത് മുസ്ലിങ്ങളുടെ ദുരിതത്തിന് കുറച്ചൊരു ശമനമുണ്ടായി. 20-ാം ശതകത്തിന്റെ ആദ്യപാദം മലബാറിലെ മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളംദുരിതപൂര്‍ണമായിരുന്നു. മതത്തിന്റെ പരിവേഷം ആരോപിക്കപ്പെട്ട മലബാര്‍ കലാപമായിരുന്നു കാരണം. മലബാര്‍ കലാപവും ബ്രിട്ടീഷ് ഭരണകൂടം അതിനെ നേരിട്ട രീതിയും മുസ്ലിങ്ങളുടെ പുരോഗതി മന്ദഗതിയിലാക്കി. തുടര്‍ന്ന് 1930-40 കാലഘട്ടങ്ങളിലാണ് മുസ്ലിം സമുദായത്തെ സംഘടിപ്പിച്ച് ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ ഉണ്ടാകുന്നത്. സമുദായത്തിന്റെ സാമൂഹിക രാഷ്ട്രീയ പുരോഗതി ലക്ഷ്യമാക്കിയിട്ടുള്ള നിരവധി പ്രസ്ഥാനങ്ങള്‍ ഈ കാലഘട്ടത്തില്‍ രൂപംകൊണ്ടതോടെ മുസ്ലിങ്ങളും ഇതരസമുദായങ്ങള്‍ക്കൊപ്പം സാമൂഹിക പുരോഗതിയിലേക്കും രാഷ്ട്രീയവത്കരണത്തിലേക്കും കുതിച്ചുചാട്ടം നടത്തി.

നികുതികള്‍. കൃഷിക്കാര്‍, കൈത്തൊഴിലുകാര്‍, മറ്റ് അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ എന്നിവരെല്ലാം ഫ്യൂഡല്‍ സംവിധാനത്തില്‍ കഠിനമായ ചൂഷണത്തിനു വിധേയരായിരുന്നു. ബ്രാഹ്മണരെയും ക്ഷത്രിയരെയും ഭൂനികുതിയില്‍ നിന്നു പൂര്‍ണമായും ഒഴിവാക്കിയിരുന്നു. അതേ സമയം തന്നെ സാധാരണക്കാര്‍ ഏര്‍പ്പെട്ടിരുന്ന എല്ലാ തൊഴിലുകള്‍ക്കും പലവിധ നികുതികള്‍ ഏര്‍പ്പെടുത്തി. കുലശേഖരന്മാരുടെ കാലം മുതല്‍ തന്നെ'ഏണിക്കാണം', 'തളക്കാണം, 'മേനിപ്പൊന്ന്', 'പൊലിപ്പൊന്ന്', 'മുലൈവില', 'തലൈവില' തുടങ്ങിയ നികുതികള്‍ ചുമത്തിയിരുന്നതായി കാണാം. തെങ്ങ്, പന ഇവയില്‍ കയറി മദ്യമുണ്ടാക്കുന്നതിനു കൊടുത്തിരുന്ന നികുതികളാണ് ഏണിക്കാണവും തളക്കാണവും. പൊന്നാഭരണം അണിയുന്നതിന് കൊടുത്തിരുന്ന കരമാണു മേനിപ്പൊന്ന്. വിവാഹത്തിനുള്ള അടിയറയായിരുന്നു പൊലിപ്പൊന്ന്. തൊഴിലാളി സ്ത്രീകള്‍ക്കു ചുമത്തിയിരുന്ന കരമാണു മുലൈവില. താണജാതിക്കാരില്‍ നിന്ന് ആളെണ്ണി പിരിവു നടത്തിയിരുന്നതിനെ തലൈവില എന്നും പറഞ്ഞുവരുന്നു. ഇവയെക്കൂടാതെ പില്ക്കാലത്തു മറ്റു പല നികുതികളും ഏര്‍പ്പെടുത്തി. രണ്ടു കക്ഷികള്‍ തമ്മില്‍ തര്‍ക്കം തീര്‍ക്കുന്നതിന് അങ്കം വെട്ടാനായി രാജാവിന് 'അങ്കക്കിഴി' നല്കേണ്ടതുണ്ടായിരുന്നു. ചരക്കുഗതാഗതത്തിന് 'ചുങ്കം' എന്ന നികുതി ചുമത്തിയിരുന്നു. മത്സ്യം പിടിക്കുന്നവരില്‍ നിന്ന് 'വലപ്പണ' വും, തുറമുഖത്ത് വള്ളങ്ങളില്‍ നിന്ന് 'തുറ' യും പിരിച്ചിരുന്നു. മണ്‍പാത്രം ഉണ്ടാക്കുന്നവര്‍ 'ചെക്കിറ' യും തുണിനെയ്ത്തുകാര്‍ 'തറിക്കടമ' യും അലക്കുകാര്‍ 'വണ്ണാരപ്പറ' യും സ്വര്‍ണപ്പണിക്കാര്‍ 'തട്ടാരപ്പാട്ട' വും കൊടുക്കേണ്ടിയിരുന്നു. മീന്‍പിടിക്കാനുള്ള കുത്തകാവകാശത്തിന് ചുമത്തിയിരുന്ന നികുതിയാണു 'മീന്‍പാട്ടം' . കൃഷിക്കാരില്‍ നിന്ന് അവകാശപ്പെട്ട ഓഹരിയാണ് 'രക്ഷാഭോഗം' . വീടു മേയുവാനും പടിപ്പുര കെട്ടുവാനും കല്യാണത്തിനു പന്തലിടുവാനും വാദ്യഘോഷങ്ങള്‍ ഏര്‍പ്പെടുത്തുവാനും രാജസന്നിധിയില്‍ ഏല്പിക്കേണ്ട ദ്രവ്യത്തിന് 'രാജഭോഗം' എന്നും പറയും. ഇവയെക്കൂടാതെ 'തുലാക്കൂലി' (തുലാസ് ഉപയോഗിച്ച് കച്ചവടം നടത്താനുള്ള കരം), 'നിറക്കൂലി' (അളവുപാത്രങ്ങള്‍ ഉപയോഗിച്ചു കച്ചവടം നടത്താനുള്ള കരം), 'കുടത്തിനു നാഴി' (എണ്ണയ്ക്കുള്ള വില്പന നികുതി), 'കലത്തിന് ഉഴക്ക്' (ഉപ്പിനുള്ള വില്പന നികുതി) ഇങ്ങനെ വേറെയും നികുതികള്‍ ഉണ്ടായിരുന്നു. ഇവയ്ക്കെല്ലാം പുറമേ, അടിയന്തരഘട്ടങ്ങളില്‍ താണജാതിക്കാരില്‍ നിന്നു കൂടുതല്‍ നികുതികള്‍ ഈടാക്കിയിരുന്നു. യുദ്ധച്ചെലവുകള്‍ക്കായി 1754-ല്‍ ചാന്നാന്മാരില്‍ നിന്നും 1787-ല്‍ സിറിയന്‍ ക്രിസ്ത്യാനികളില്‍ നിന്നും തലയെണ്ണി നികുതി പിരിച്ചതായി റവ. സാമുവല്‍ മാറ്റിയര്‍ രേഖപ്പെടുത്തുന്നു. ഈ നികുതി പിരിവുകളെ സംബന്ധിച്ച് റവ. മാറ്റിയരുടെ പരാമര്‍ശം ശ്രദ്ധേയമാണ്: "കൗതുകപൂര്‍വമായ ഈ പട്ടിക പരിശോധിച്ചാല്‍ രാജ്യത്തിന്റെ മുന്‍കാലത്തെ സ്ഥിതിയെക്കുറിച്ചും വ്യാപാരം, വ്യവസായം, സാമൂഹികസ്വാതന്ത്ര്യം, കുടുംബക്ഷേമം എന്നിവയില്‍ എന്തുമാത്രം ദയനീയമായി ഇടപെട്ടിരുന്നു എന്നതിനെക്കുറിച്ചും ശരിയായ സൂചന ലഭിക്കും: നികുതി പിരിക്കാവുന്ന എല്ലാറ്റിലും മേലും നികുതി ചുമത്തിയിരുന്നു; ഓരോ വിശേഷാവസരവും അധ്വാനിക്കുന്ന വിഭാഗങ്ങളില്‍ നിന്ന് അവര്‍ ക്ലേശിച്ചുണ്ടാക്കിയ ആദായം പിഴിഞ്ഞെടുക്കാനുള്ള സന്ദര്‍ഭമായി ഉപയോഗിക്കുകയും ചെയ്തു; തലയെണ്ണിയുള്ള നികുതി, തൊഴിലുപകരണങ്ങളിന്മേലുള്ള നികുതി എന്നീ രൂപത്തില്‍ കടുത്ത വിദ്രോഹനികുതികള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് ചെറിയ വരുമാനം ഉണ്ടാക്കുവാന്‍ മാത്രമേ ഈ നയം ഉപകരിച്ചുള്ളൂ; ഈ നികുതികളില്‍ നിന്നുള്ള വരുമാനമാകട്ടെ ബ്രാഹ്മണര്‍ക്കുവേണ്ടിയും ക്ഷേത്രങ്ങള്‍ക്കുവേണ്ടിയും ആഘോഷങ്ങള്‍ക്കുവേണ്ടിയും പൊടിപൂരമായി ദുര്‍വിനിയോഗം ചെയ്യുകയും ചെയ്തു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ (1865) തിരുവിതാംകൂറില്‍ ഇത്തരം 110 നികുതികള്‍ നിര്‍ത്തലാക്കികൊണ്ട് വിളംബരമുണ്ടായി.

ജന്മിസമ്പ്രദായത്തിന്റെ വളര്‍ച്ച. രാജാക്കന്മാര്‍ തങ്ങളെ സ്തുതിച്ചു പാടുന്നവര്‍ക്കും ദേവാലയങ്ങള്‍ക്കും പുരോഹിതന്മാര്‍ക്കും കൃഷിഭൂമി ദാനം ചെയ്യുന്ന പതിവ് പുരാതനകാലം മുതല്‍ക്കേ ഉണ്ടായിരുന്നു. ഉത്പാദന ശക്തികള്‍ (കൃഷിഭൂമിയും കാര്‍ഷികോപകരണങ്ങളും) വര്‍ധിച്ചതോടെ ഉത്പാദനമിച്ചവും വര്‍ധിച്ചു. ഈ മിച്ചോത്പാദനം സമൂഹത്തിലെ പ്രബലശക്തികള്‍ (പുരോഹിതന്മാരും മതസ്ഥാപനങ്ങളും ഭരണാധികാരികളും ഉദ്യോഗസ്ഥന്മാരും) പങ്കുവയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് കൃഷിഭൂമി ദാനം ചെയ്യുക എന്ന സമ്പ്രദായം വര്‍ധിച്ചുവന്നത്. 'ബ്രാഹ്മദേയ' മായി ഭൂമിദാനം ചെയ്യുന്ന പ്രക്രിയ കൌടല്യന്റെ കാലത്തു (ബി.സി. നാലാം നൂറ്റാണ്ട്) തന്നെ ആരംഭിച്ചതാണ്. രാജാവിന് വേണ്ടി നികുതി പിരിക്കുവാന്‍ ഒന്നോ പത്തോ ഇരുപതോ നൂറോ ആയിരമോ ഗ്രാമങ്ങളുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥന്മാര്‍ക്ക് പ്രതിഫലമായി ഭൂമി ദാനം ചെയ്യേണ്ടതാണെന്ന് മനുസ്മൃതിയില്‍ നിഷ്കര്‍ഷിക്കുന്നുണ്ട്. ഏഴാം നൂറ്റാണ്ടില്‍ ഇന്ത്യ സന്ദര്‍ശിച്ച ഹുയാന്‍സാങ് രേഖപ്പെടുത്തിയിരിക്കുന്നത് ഭരണച്ചുമതല വഹിച്ചിരുന്ന ഗവര്‍ണര്‍മാര്‍, മന്ത്രിമാര്‍, മജിസ്റ്റ്രേട്ടന്മാര്‍, മറ്റ് ഉദ്യോഗസ്ഥന്മാര്‍ എന്നിവര്‍ക്കെല്ലാം ജീവിതച്ചെലവിനുവേണ്ടി ഭൂമി ദാനം ചെയ്തിരുന്നു എന്നാണ്. നാളന്ദയിലെ ബൗദ്ധാശ്രമത്തിന് 200 ഗ്രാമങ്ങള്‍ ദാനമായി നല്‍കിയിരുന്നു. ഒരു സൈനിക നടപടിക്കു പുറപ്പെടുമ്പോള്‍ ഹര്‍ഷന്‍ 100 ഗ്രാമങ്ങളില്‍ 1,000 ഹലം (1,000 കലപ്പ കൊണ്ട് ഉഴുവാന്‍ കഴിയുന്നത്ര, അതായത് 10,000 ഏക്കറോളം) ഭൂമി ബ്രാഹ്മണര്‍ക്കു ദാനം ചെയ്തതായി ഹര്‍ഷചരിതത്തില്‍ പറയുന്നു. ഇങ്ങനെ ദാനം ചെയ്യപ്പെടുന്ന ഭൂമി കൃഷിഭൂമി ആയിരുന്നില്ലെന്നും, ദാനം കിട്ടിയവര്‍ അതിനെ കൃഷിയോഗ്യമാക്കി മാറ്റുകയാണ് ചെയ്തിരുന്നതെന്നും ചില ചരിത്രകാരന്മാര്‍ അഭിപ്രായപ്പെട്ടുകാണുന്നുണ്ട്. ആദ്യകാലങ്ങളില്‍ ബ്രാഹ്മണരെ കൊണ്ടുവന്നു കുടിയിരുത്തിയത് ഈ ഉദ്ദേശ്യത്തോടെയാണെന്നും അവര്‍ വാദിക്കുന്നു. 'ദാനം' ലഭിച്ചവര്‍ക്ക് ഇളവു ചെയ്തു കൊടുത്ത നികുതികളുടെയും ബാധ്യതകളുടെയും നീണ്ട പട്ടിക ഇതെല്ലാം കന്നിനിലങ്ങളായിരുന്നുവെന്ന് അനുമാനിക്കാന്‍ വക നല്‍കുന്നില്ല എന്നാണ് ചില ചരിത്രകാരന്മാര്‍ പറയുന്നത്. രാജാവിന് അവകാശപ്പെട്ട വരുമാനത്തിന്റെ ദാനമാണ് യഥാര്‍ഥത്തില്‍ രാജാക്കന്മാരുടെ ഭൂദാനത്തിന്റെ അര്‍ഥമെന്നും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. കര്‍ഷകര്‍ കൈവശംവച്ചു കൃഷി ചെയ്യുന്ന ഭൂമിയില്‍ നിന്നുള്ള രാജഭോഗം ഉപേക്ഷിക്കാന്‍ രാജാവ് സന്നദ്ധനാവുകയും അത്രയും ആദായം കൈപ്പറ്റാന്‍ ദാനം സ്വീകരിച്ച വ്യക്തിയെയോ സ്ഥാപനത്തെയോ അധികാരപ്പെടുത്തുകയും ചെയ്തു. ഇങ്ങനെ 'ഭൂമിദാനം' വര്‍ധിച്ചുവരികയും, മിച്ചോത്പാദനത്തിന്റെ ഉപഭോക്താക്കള്‍ മുഖ്യമായും ബ്രാഹ്മണരും മതസ്ഥാപനങ്ങളും ആയിത്തീരുകയും ചെയ്തു. ഭൂപ്രഭുക്കന്മാരുടെ വര്‍ഗത്തെ സൃഷ്ടിക്കുക എന്ന പ്രക്രിയ രാജ്യമെങ്ങും അസന്തുലിതമായ നിലയിലാണ് വളര്‍ച്ച പ്രാപിച്ചത്. മഹാരാഷ്ട്രയില്‍ ക്രിസ്തു വര്‍ഷാരംഭത്തോടുകൂടി തന്നെ ഇത് ആദ്യമായി അനുഭവപ്പെട്ടു. നാലും അഞ്ചും നൂറ്റാണ്ടില്‍ ഇന്നത്തെ മധ്യപ്രദേശില്‍ വലിയൊരു ഭാഗം ഭൂമി ഇങ്ങനെ ദാനം ചെയ്യപ്പെട്ടിരുന്നു. പശ്ചിമബംഗാളിലും ബംഗ്ലാദേശിലും അഞ്ചും ആറും നൂറ്റാണ്ടില്‍ ഇതു പ്രാബല്യത്തില്‍ വന്നിരുന്നു. ആറും ഏഴും നൂറ്റാണ്ടില്‍ ഒഡിഷയിലും ഏഴാം നൂറ്റാണ്ടില്‍ അസമിലും എട്ടാം നൂറ്റാണ്ടില്‍ തമിഴ്നാട്ടിലും ഒമ്പതും പത്തും നൂറ്റാണ്ടില്‍ കേരളത്തിലും ഇത് സാര്‍വത്രികമായിരുന്നതായി പഠനങ്ങള്‍ വെളിവാക്കുന്നു.

ഇന്ത്യന്‍ ഫ്യൂഡലിസത്തെക്കുറിച്ച് നടത്തിയ പഠനങ്ങള്‍ കേരളത്തിലെ ജന്മിത്തത്തെക്കുറിച്ച് മനസ്സിലാക്കുവാനും സഹായകമാണ്. അതേ പ്രക്രിയ തന്നെയാണ് കേരളത്തിലും സംഭവിച്ചത്. കേരളത്തില്‍ ജന്മിസമ്പ്രദായത്തിന്റെ വളര്‍ച്ചയില്‍ മുഖ്യ പങ്കു വഹിച്ചത് ക്ഷേത്രങ്ങളാണ്. കൊല്ലവര്‍ഷം ആദ്യശതകങ്ങളില്‍ കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക ജീവിതത്തിന്റെ സിരാകേന്ദ്രങ്ങളായിത്തീര്‍ന്ന ക്ഷേത്രങ്ങള്‍ കേവലം ആരാധനാകേന്ദ്രങ്ങള്‍ മാത്രമായിരുന്നില്ല. വിദ്യയും കലയും മതബോധവും വളര്‍ത്തുന്നതില്‍ ക്ഷേത്രങ്ങള്‍ കാര്യമായ പങ്കുവഹിച്ചു. തിരുമരുതൂര്‍ (തിരുനെല്ലിക്കടുത്ത്), മൂഴിക്കളം, തിരുവല്ല, കാന്തളൂര്‍, പാര്‍ഥിവപുരം, കന്യാകുമാരി തുടങ്ങിയ പ്രധാന ക്ഷേത്രങ്ങളോടനുബന്ധിച്ച് ആതുരശാലകളും കലാശാലകളും നിലനിന്നിരുന്നു. ക്ഷേത്രങ്ങളില്ലാതെ മറ്റു സ്ഥലങ്ങളില്‍ നൃത്തവും നാട്യവും മറ്റും നടത്താന്‍ പാടില്ലെന്ന സ്ഥിതിയും വന്നുചേര്‍ന്നു. ഈ സാഹചര്യത്തില്‍ ക്ഷേത്രങ്ങളുടെ നടത്തിപ്പിന് ആവശ്യമായ സമ്പത്തു ലഭ്യമാക്കുവാനായി രാജാക്കന്മാരും നാടുവാഴികളും ക്ഷേത്രങ്ങള്‍ക്കു ഭൂമി ദാനം ചെയ്യുവാന്‍ തുടങ്ങി. ഒമ്പതാം നൂറ്റാണ്ടു മുതല്‍ ഇങ്ങനെ ഭൂമി ദാനം ചെയ്തിട്ടുള്ളതിന്റെ വളരെയധികം രേഖകള്‍ ലഭിച്ചിട്ടുണ്ട്. കരുനന്തടക്കന്‍ എന്ന ആയ് രാജാവ് 866-ല്‍ ഉഴക്കുടിവിളൈ എന്ന സ്ഥലത്ത് പാര്‍ഥവപുരം ക്ഷേത്രം പണികഴിപ്പിക്കുകയും ക്ഷേത്രത്തിലെ നിത്യദാനച്ചെലവുകള്‍ക്കും ഉത്സവാഘോഷങ്ങള്‍ക്കും 95 ബ്രാഹ്മണവിദ്യാര്‍ഥികള്‍ക്ക് താമസിച്ചു പഠിക്കുന്നതിനും മറ്റുമുള്ള ചെലവുകള്‍ക്കായി അനേകായിരം 'കലംപാട്' നിലം ദാനമായി നല്കിയിരുന്നു. ഇതിനെക്കാള്‍ വലിയ ദാനമാണ് തിരുവല്ലാ ക്ഷേത്രത്തിലേക്ക് ബ്രാഹ്മണഭോജനത്തിനും നന്താവിളക്കിനും നിവേദ്യത്തിനും മറ്റുമായി നല്കപ്പെട്ടത്. അനേകലക്ഷപ്പറ നിലവും അനേകായിരം ഏക്കര്‍ തോട്ടവും തിരുവല്ലാക്ഷേത്രത്തിനും തിരുവല്ലാശാലയ്ക്കുമായി നല്കപ്പെട്ടു. രാജാക്കന്മാരും നാടുവാഴികളും നല്കിയിരുന്ന ഭൂദാനങ്ങള്‍ക്കു പുറമേ, കൃഷിക്കാര്‍ തന്നെ ക്ഷേത്രങ്ങള്‍ക്കും (ദേവസ്വം) ബ്രാഹ്മണര്‍ക്കും (ബ്രഹ്മസ്വം) ഭൂമി ദാനം ചെയ്തതായ രേഖകളും കണ്ടുകിട്ടിയിട്ടുണ്ട്. ഇങ്ങനെ ദാനം ചെയ്യപ്പെട്ട ഭൂമിയില്‍ നിന്ന് ദാനം സ്വീകരിച്ചവര്‍ക്ക് കൃഷിക്കാര്‍ നല്കിവന്ന പ്രതിഫലത്തിന് 'പാട്ടം' എന്നാണ് പറഞ്ഞിരുന്നത്. 'പാട്ടം' എന്ന പദത്തിന് പതിയുടെ (ഭരണാധികാരിയുടെ) വാരം (ഉത്പാദനത്തിന്റെ ഓഹരി) എന്നാണ് അര്‍ഥമെന്ന് ലോഗന്‍ നല്കിയ വ്യാഖ്യാനം ശരിയാണെന്ന് വസ്തുതകള്‍ പരിശോധിച്ചാല്‍ മനസ്സിലാക്കാം. അങ്ങനെ ക്ഷേത്രങ്ങളും നാടുവാഴികളും ബ്രാഹ്മണരും ചേര്‍ന്ന്, ഭരണാധികാരിക്കു ലഭിക്കേണ്ടതായ ഓഹരിയുടെ (ഭൂനികുതിയുടെ) അവകാശികളായിത്തീര്‍ന്നു. കേരളത്തില്‍ ഭൂനികുതി ഉണ്ടായിരുന്നില്ല എന്ന് വിദേശസഞ്ചാരികള്‍ രേഖപ്പെടുത്തിയിരിക്കുന്നതിന്റെ അര്‍ഥം ഇതാണ്.

ക്ഷേത്രങ്ങളുടെ ഭരണം ഊരാളന്മാരുടെ നിയന്ത്രണത്തിലായിരുന്നു. ഊരാളസമിതിയിലെ അംഗങ്ങള്‍ മിക്കവാറും ബ്രാഹ്മണരായിരുന്നു. ഊരാളരുടെ കൈയേറ്റങ്ങളെ നിയന്ത്രിക്കുന്നതിനാണു മൂഴിക്കളംകച്ചം ഏര്‍പ്പെടുത്തിയതെന്ന് ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. എന്നിട്ടും ക്ഷേത്രം വക സ്വത്ത് കാലക്രമത്തില്‍ അപഹരിക്കപ്പെട്ടു. അങ്ങനെ ദേവസ്വം ഭൂമികള്‍ വളരെയധികം ബ്രഹ്മസ്വം ഭൂമികളായി മാറി. കേരളത്തിലെ ജന്മികളില്‍ വലിയൊരു പങ്ക് ബ്രാഹ്മണരായിത്തീര്‍ന്നതിന്റെ അടിസ്ഥാനം ഇതാണ്. പാഴ്ഭൂമി കൃഷിചെയ്യുന്നതില്‍ ബ്രാഹ്മണര്‍ നേതൃത്വപരമായ പങ്കു വഹിച്ചതുകൊണ്ടാണ് ബ്രാഹ്മണര്‍ ജന്മികളായി തീര്‍ന്നതെന്നും അവരുടെ ജന്മാവകാശം 'സ്വയംഭൂവാ' യി ഉണ്ടായതെന്നും ചരിത്രകാരന്മാര്‍ പറയുന്നു. ഏതായാലും മധ്യകാലങ്ങളില്‍ ജന്മിസമ്പ്രദായം കേരളത്തില്‍ വേരൂന്നി.

ആര്യന്മാരുടെ കുടിയേറ്റത്തോടെ കേരളത്തില്‍ രൂപംകൊണ്ട ജാതികേന്ദ്രീകൃത സാമൂഹികവ്യവസ്ഥയും പ്രസ്തുത സാമൂഹികവ്യവസ്ഥയുടെ സൃഷ്ടിയായ ജന്മിത്തവും സാമൂഹിക സാമ്പത്തിക അസമത്വങ്ങളും വിവേചനങ്ങളും 19-ാം ശ.-ത്തിന്റെ അവസാനംവരെ കേരളത്തില്‍ ശക്തമായിത്തന്നെ നിലനിന്നു. ബ്രിട്ടീഷ് ഭരണത്തിന്റെ സ്വാധീനത്തില്‍ മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ പ്രദേശങ്ങളില്‍ ഉണ്ടായ വിദ്യാഭ്യാസപുരോഗതിയും സാമൂഹികരംഗത്ത് ക്രിസ്ത്യന്‍ മിഷണറിമാര്‍ നടത്തിയ ഇടപെടലുകളും സാമൂഹിക നവോത്ഥാന പ്രസ്ഥാനങ്ങളുടെ ആവിര്‍ഭാവവും എല്ലാമായിരുന്നു 19-ാം നൂറ്റാണ്ടിന്റെ രണ്ടാംപകുതി വരെ ജാത്യാധിഷ്ഠിതമായിരുന്ന കേരളീയസമൂഹത്തില്‍ പരിവര്‍ത്തനത്തിന്റെ വിത്തുപാകിയത്. ഈ കാലഘട്ടത്തില്‍ സാമ്പത്തികരംഗത്തും തൊഴില്‍രംഗത്തുമുണ്ടായ മാറ്റവും റോഡ് നിര്‍മാണത്തിന്റെ വ്യാപനവും സാമൂഹികമുന്നേറ്റങ്ങളുടെ സമ്മര്‍ദത്തില്‍ നിയമനിര്‍മാണരംഗത്തുണ്ടായ പരിഷ്കാരങ്ങളും ഈ പരിവര്‍ത്തനത്തെ ത്വരിതപ്പെടുത്തി. അച്ചടിമാധ്യമങ്ങളുടെ പ്രചാരവും പാശ്ചാത്യവിദ്യാഭ്യാസത്തിന്റെ വ്യാപനവുമായിരുന്നു ഈ പരിവര്‍ത്തനത്തെ സ്വാധീനിച്ച ഇതരഘടകങ്ങള്‍. ഈ പരിവര്‍ത്തന ശക്തികള്‍ കേരളത്തില്‍ നിലനിന്നിരുന്ന ജാതിമേധാവിത്വത്തിനും ബ്രാഹ്മണിസത്തിനും സര്‍വോപരി ജന്മിത്തത്തിനും രാജവാഴ്ചയ്ക്കുമെതിരെ കലഹിച്ചുകൊണ്ട് ജനാധിപത്യമൂല്യങ്ങളില്‍ കേന്ദ്രീകൃതമായൊരു സമൂഹസൃഷ്ടിയിലേക്ക് കേരളീയരെ നയിച്ചു.

18-ാം നൂറ്റാണ്ടിന്റെ അവസാനംവരെ കേരളത്തില്‍ വിദ്യാഭ്യാസം സവര്‍ണരുടെ (ഉയര്‍ന്ന ജാതിക്കാര്‍) കുത്തകയായിരുന്നു അവര്‍ണര്‍ക്ക് (അധഃസ്ഥിതര്‍) ഇവിടെ നിലനിന്നിരുന്ന പരമ്പരാഗത വിദ്യാഭ്യാസം അപ്രാപ്യമായിരുന്നു അഥവാ അവരെ ഈ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ നിന്നും പുറത്താക്കിയിരുന്നു. ഇതിനൊരു മാറ്റം വരുത്തിയത് പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യന്‍ മിഷണറിമാരുടെ പ്രവര്‍ത്തനങ്ങളായിരുന്നു. മിഷണറിമാരുടെ പ്രവര്‍ത്തനങ്ങള്‍ അധഃസ്ഥിതവിഭാഗങ്ങളുടെയും സര്‍ക്കാരിന്റെയും ശ്രദ്ധയാകര്‍ഷിക്കാന്‍ ഒരുപോലെ പര്യാപ്തമായിരുന്നു. 1806 മുതല്‍ത്തന്നെ ക്രിസ്ത്യന്‍ മിഷണറിമാര്‍ കേരളത്തില്‍ സാമൂഹികപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയുണ്ടായി. നൂറ്റാണ്ടുകളായി, ആടുമാടുകളെപ്പോലെ അടിമകളായി അജ്ഞതയില്‍ കഴിഞ്ഞിരുന്ന അധഃസ്ഥിത ജനവിഭാഗങ്ങള്‍ക്ക് വിജ്ഞാനത്തിന്റെ വെളിച്ചം തെളിച്ചുകൊടുത്തത് പാശ്ചാത്യക്രിസ്ത്യന്‍ മിഷണറിമാരായിരുന്നു. കേരളത്തിന് ലോകസംസ്കാരത്തിലേക്കുള്ള വഴിതുറന്നുകൊടുത്തതും മറ്റാരുമായിരുന്നില്ല.

1806-ല്‍ തിരുവിതാംകൂറില്‍ പ്രവര്‍ത്തനം നടത്തിവന്ന റവ. റിംഗില്‍ ടാബ് എന്ന മിഷണറി ആദ്യമായും ഇംഗ്ലീഷ് പഠിപ്പിക്കുന്നതിന് ആറു സ്കൂളുകള്‍ സ്ഥാപിച്ചു. കേരളത്തില്‍ ആദ്യത്തെ ഇംഗ്ലീഷ് സ്കൂള്‍ സ്ഥാപകനും ഇദ്ദേഹമായിരുന്നു. 1816-ല്‍ ചര്‍ച്ചു മിഷന്‍കാര്‍ കോട്ടയത്ത് ഒരു കോളജ് ആരംഭിച്ചു- ഇന്നത്തെ സി.എം.എസ്. കോളജിന്റെ ആദ്യരൂപം. ഇന്ത്യയിലെ പ്രഥമ ഇംഗ്ലീഷ് സ്കൂളും ഇതുതന്നെയാണ്. ലണ്ടന്‍ മിഷന്‍സൊസൈറ്റി പ്രവര്‍ത്തകനായ റവ. മീഡ് 1918-ല്‍ നാഗര്‍കോവില്‍ ഒരു സിമനാരി ആരംഭിച്ചു. തിരുവിതാംകൂറില്‍ സ്ത്രീവിദ്യാഭ്യാസം നടപ്പാക്കിയതും തൊഴില്‍ സ്കൂളുകള്‍ ആരംഭിച്ചതും ഇദ്ദേഹമാണ്. 1836 ഡി. 13-ന് റവ. റോബര്‍ട്ട്സ് ആരംഭിച്ച ഇംഗ്ലീഷ് സ്കൂള്‍ ആണ് പില്‍ക്കാലത്ത് തിരുവനന്തപുരത്തെ രാജാസ് ഫ്രീ സ്കൂള്‍ ആയതും അനന്തരം മഹാരാജാസ് കോളജായി തീര്‍ന്നതും. 1817-ല്‍ കൊച്ചിയിലും 1848-ല്‍ ബാസല്‍മിഷന്‍കാര്‍ മലബാറിലും ഇംഗ്ലീഷ് സ്കൂളുകള്‍ ആരംഭിച്ചു. ഇവയുടെ പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ ആധുനിക വിദ്യാഭ്യാസത്തിന് തുടക്കംകുറിച്ചതും അന്നോളം സാധാരണജനങ്ങള്‍ക്ക് പ്രത്യേകിച്ചും അധഃസ്ഥിത വിഭാഗങ്ങള്‍ക്ക് വിലക്കപ്പെട്ടിരുന്ന വിജ്ഞാനം പ്രദാനം ചെയ്തതും. 1817-ലെ രാജവിളംബരത്തിലൂടെ വിദ്യാഭ്യാസത്തിനുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് നിഷ്കര്‍ഷിക്കപ്പെട്ടു. അന്നത്തെ റസിഡന്റായ സര്‍ തോമസ് മണ്‍റോയുടെ പിന്‍ബലവും ഈ വിളംബരത്തിനുണ്ടായിരുന്നു. ഈ വിളംബരമാണ് തിരുവിതാംകൂറില്‍ പില്ക്കാലത്ത് മോഡല്‍ സ്കൂളുകള്‍ക്ക് ബീജാവാപം നല്കിയത്. കേരളത്തില്‍ മിഷണറിമാരുടെ പ്രവേശനവും വിദ്യാഭ്യാസരംഗത്ത് വിപ്ലവം സൃഷ്ടിച്ചു. പ്രൊട്ടസ്റ്റന്റ് മിഷണറിമാര്‍ ആരംഭംകുറിച്ച വിദ്യാഭ്യാസം അധഃസ്ഥിതര്‍ക്കിടയിലേക്കും വ്യാപിച്ചു. മുന്‍കാലങ്ങളില്‍ ക്രിസ്തുമതപരിവര്‍ത്തനം ഉയര്‍ന്ന ജാതിയില്‍ നിന്നും അനുവദനീയമായ ഒന്നായിരുന്നു. എന്നാല്‍ പ്രൊട്ടസ്റ്റന്റ് മിഷണറിമാരുടെ ആഗമനത്തോടെ കീഴാളവിഭാഗങ്ങളും വ്യാപകമായി ക്രിസ്തുമതം സ്വീകരിച്ചുതുടങ്ങി. ക്രിസ്തുമതം സ്വീകരിച്ച കീഴാളവിഭാഗക്കാര്‍ വിദ്യാഭ്യാസത്തിലേക്ക് കൂടുതല്‍ ആകര്‍ഷിക്കപ്പെടുകയും തദ്വാരാ അവര്‍ തങ്ങളുടെ പൗരാവകാശങ്ങളെപ്പറ്റി കൂടുതല്‍ കൂടുതല്‍ ബോധവാന്മാരാവുകയും ചെയ്തുകൊണ്ടിരുന്നു. വിദ്യാഭ്യാസരംഗത്ത് ക്രിസ്ത്യന്‍ മിഷണറിമാര്‍ നടത്തിയ ഇടപെടലുകള്‍ അധഃസ്ഥിതവിഭാഗങ്ങളെ തട്ടിയുണര്‍ത്തുകയും തങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടാന്‍ അവരെ കര്‍മോത്സുകരാക്കുകയും ചെയ്തു. തമിഴ് ഭാഷാമാധ്യമങ്ങള്‍ക്കുപകരം മലയാളം പ്രധാന അധ്യയനഭാഷയായി മാറി. പദ്യഭാഷയില്‍ നിന്നും ഗദ്യത്തിലേക്കുള്ള പ്രയാണം ഈ ദിശയ്ക്കായിരുന്നു. മുദ്രണസമ്പ്രദായം, പത്രപ്രവര്‍ത്തനം എന്നിവയുടെ വികാസവും വ്യാപനവും മലയാളഭാഷയുടെ വളര്‍ച്ചയ്ക്ക് വഴിതുറന്നിട്ടു. ചെറിയതോതിലെങ്കിലും സ്ത്രീകള്‍ വിദ്യാഭ്യാസരംഗത്തേക്ക് കടന്നുവന്നു. ഉയര്‍ന്ന ജാതികളോട് സമാനത കല്പിച്ച് ഉന്നതശ്രേണിയില്‍ കഴിഞ്ഞിരുന്ന സുറിയാനി ക്രിസ്ത്യാനികള്‍ മിഷണറിമാരുടെ കടന്നുവരവോടെ ആധുനികവിദ്യാഭ്യാസത്തിലേക്ക് പ്രവേശിച്ചു. പതിയെപ്പതിയെ അധഃസ്ഥിതര്‍ ഒഴികെയുള്ള ഇതരസമുദായങ്ങളും വിദ്യാഭ്യാസരംഗത്തേക്ക് കടന്നുവന്നു. കമ്യൂണിസ്റ്റ് ഗവണ്‍മെന്റ് 1957-ല്‍ പാസ്സാക്കിയ വിദ്യാഭ്യാസ ബില്‍ ആധുനികകേരളത്തിന്റെ വിദ്യാഭ്യാസരംഗത്തിന്റെ മുഖഛായതന്നെ മാറ്റി. വിദ്യാഭ്യാസരംഗത്ത് കേരളം അനുവര്‍ത്തിച്ച ഈ പാരമ്പര്യം വര്‍ത്തമാനകാലഘട്ടത്തില്‍, പൊതുവിദ്യാഭ്യാസ രംഗത്തും പ്രൊഫഷണല്‍ വിദ്യാഭ്യാസരംഗത്തും സാങ്കേതികവിദ്യാഭ്യാസരംഗത്തും കേരളത്തെ ഇതരസംസ്ഥാനങ്ങളുടെ മുന്നില്‍ എത്തിച്ചിരിക്കുന്നു.

1811-ല്‍ മലയാളക്കരയ്ക്ക് ആദ്യമായി ഒരു മുദ്രണാലയം നല്‍കിയത്, ആദ്യത്തെ മലയാള നിഘണ്ഡുവിന്റെ കര്‍ത്താവായ റവ. ബഞ്ചമിന്‍ ബെയ്ലിയാണ്. ഇങ്ങനെ കേരളക്കരയിലെ സാധാരണക്കാരുടെ-അധഃസ്ഥിതരുടെ- ഇടയില്‍ എഴുത്തും, വായനയും പ്രചരിപ്പിച്ചതോടൊപ്പം 'ജനനന്മയ്ക്കുവേണ്ടി' വര്‍ത്തമാനപ്പത്രങ്ങളും മിഷണറിമാരാണ് ആരംഭിച്ചത്. 1847 ജൂണില്‍ രാജ്യസമാചാരം, 1847 ഒക്ടോബറില്‍ പശ്ചിമതാരക, 1848-ല്‍ ജ്ഞാനനിക്ഷേപം എന്നീ പത്രങ്ങള്‍ എല്ലാം മിഷണറിമാരാണ് തുടങ്ങിയത്. അധ്യാത്മബോധം-ക്രിസ്തീയ ബോധം സാധാരണക്കാരുടെ ഇടയില്‍ പ്രചരിപ്പിക്കുക എന്നതായിരുന്നു രാജ്യസമാചാരത്തിന്റെ പ്രഖ്യാപിത ലക്ഷ്യം. 'പശ്ചിമോദയത്തിന്റെ ഉദ്ദേശം', 'നവീന ശാസ്ത്രം മലയാളികളെ മനസ്സിലാക്കുക', 'കാലദേശാവസ്ഥകളുടെ സൂക്ഷ്മജ്ഞാനം നിദാനിച്ചറിഞ്ഞു' മലയാളികളെ പഠിപ്പിക്കുക എന്നതായിരുന്നു. ജ്ഞാനനിക്ഷേപം അതേസമയം 'സ്വദേശവര്‍ത്തമാനങ്ങളും പരദേശവര്‍ത്തമാനങ്ങളും അതാതു ദിക്കുകളില്‍ ഉണ്ടാകുന്ന വസ്തുക്കളുടെ വിവരവും, അവിടങ്ങളിലെ കുടിയന്മാരുടെ വിധങ്ങളും മര്യാദകളും' കേരളീയരെ പഠിപ്പിക്കുക എന്നതായിരുന്നു; അതായത് കേരളീയരില്‍ ഒരു സാര്‍വദേശീയ വീക്ഷണം വികസിപ്പിക്കുക എന്നതായിരുന്നു.

ഈ കാലത്തുതന്നെ, അതായത് 1840-കളില്‍ സര്‍ക്കാരിനോടുള്ള വെല്ലുവിളിയും നേര്‍ത്ത സ്വരത്തിലാണെങ്കിലും ആരംഭിക്കുകയുണ്ടായി. അത്, ഒരു ഡസനിലേറെ ഇംഗ്ലീഷ് മിഷണറിമാരുടെ സംഘടന സ്ഥാപിതമാകുകയും, താഴ്ന്ന ജാതിക്കാര്‍ക്ക് പുതിയ മാര്‍ഗങ്ങള്‍ തുറന്നുകിട്ടുകയും ചെയ്തതോടെയാണ് ആരംഭിച്ചത്. അടിമത്തം അവസാനിപ്പിക്കുന്നതിനുവേണ്ടിയുള്ള സമരമായിരുന്നു ആദ്യത്തേത്. അവര്‍ണരുടെ അവകാശവാദങ്ങളെ അടിച്ചമര്‍ത്താനും പൂര്‍വസ്ഥിതി നിലനിര്‍ത്താനുമായിരുന്നു സവര്‍ണ സര്‍ക്കാരും സില്‍ബന്തികളും പ്രവര്‍ത്തിച്ചിരുന്നത്. 1847 മാ. 19-ന് നാലു സി.എം.എസ്സുകാരും എട്ട് എല്‍.എം.എസ്സുകാരും ഉള്‍പ്പെടെ 12 മിഷണറിമാര്‍ ഒപ്പിട്ട് എല്ലാത്തരം അടിമത്തവും അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു ഹര്‍ജി ഗവര്‍മെണ്ടിനു സമര്‍പ്പിച്ചു-ജനകീയാവശ്യത്തിനുവേണ്ടി ഗവര്‍മെണ്ടിനു സമര്‍പ്പിക്കുന്ന ആദ്യത്തെ മെമ്മോറിയല്‍. 1848-ല്‍ മിഷണറിമാര്‍ വീണ്ടും ബ്രിട്ടീഷ് ഇന്ത്യയില്‍ അടിമത്തം അവസാനിപ്പിച്ചുകൊണ്ട് 1843-ലെ അഞ്ചാം ആക്റ്റനുസരിച്ചുള്ള ഒരു മാര്‍ഗം തിരുവിതാംകൂര്‍ ഗവര്‍മെണ്ടും സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരു ഹര്‍ജി സമര്‍പ്പിച്ചു. ഈ മിഷണറിമാരുടെ അവിരാമമായ പ്രവര്‍ത്തനങ്ങളുടെ, പ്രക്ഷോഭങ്ങളുടെ ഫലമായി 1854 ഒക്ടോബറില്‍ 'തിരുവിതാംകൂറിലെ എല്ലാ അടിമകളെയും സ്വതന്ത്രരാക്കുന്നതിന് മദ്രാസ് ഗവര്‍മെണ്ട്, തിരുവിതാംകൂര്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു'. ഇതിന്റെ ഫലമായി 1855 ഏപ്രിലില്‍ കൊച്ചിയിലും തുടര്‍ന്ന് തിരുവിതാംകൂറിലും അടിമത്തം അവസാനിപ്പിച്ചുകൊണ്ടുള്ള വിളംബരങ്ങള്‍ പുറപ്പെടുവിച്ചു.

വിദ്യാഭ്യാസരംഗത്തുണ്ടായ ഈ പുത്തന്‍ ഉണര്‍വിന്റെ സ്വാധീനം സമൂഹത്തില്‍ പ്രതിഫലിക്കപ്പെട്ടത് സാമൂഹിക നവോത്ഥാനപ്രസ്ഥാനങ്ങളുടെ രൂപത്തിലായിരുന്നു. നൂറ്റാണ്ടുകളോളം ജാതിവ്യവസ്ഥയുടെ കീഴ്ത്തട്ടില്‍ അയിത്തജാതിക്കാരും കീഴാളരുമായി കണക്കാക്കപ്പെട്ടിരുന്ന നാടാര്‍, ഈഴവര്‍, ദലിതര്‍, അരയര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്കിടയില്‍ രൂപംകൊണ്ട സാമുദായിക പരിഷ്കരണപ്രസ്ഥാനങ്ങളും മുന്നേറ്റങ്ങളും സാമൂഹികസമത്വത്തിനും പൗരാവകാശങ്ങള്‍ക്കും വേണ്ടി ശബ്ദമുയര്‍ത്താന്‍ ആരംഭിച്ചതോടെ ക്രൈസ്തവ, മുസ്ലിം വിഭാഗങ്ങളും നവോത്ഥാനത്തിലേക്ക് നീങ്ങുകയും അങ്ങനെ കേരളീയസമൂഹത്തില്‍ ഒന്നാകെ സമഗ്രമായൊരു പരിവര്‍ത്തനത്തിന്റെ അലയൊലികള്‍ ദൃശ്യമാവുകയും ചെയ്തു.

ഹിന്ദുമതത്തിലെ അധഃസ്ഥിതവിഭാഗങ്ങള്‍ക്കിടയിലുണ്ടായ നവോത്ഥാനം, ആ മതത്തിലെ സവര്‍ണരെയും ക്രിസ്ത്യാനികളെയും മുസ്ലിങ്ങളെയും ഒരുപോലെ സ്വാധീനിക്കുകയുണ്ടായെന്നു സൂചിപ്പിച്ചുവല്ലോ. തത്ഫലമായി ഈ വിഭാഗങ്ങളും സാമൂഹികപരിഷ്കരണത്തിലേക്കും അവകാശപോരാട്ടങ്ങളിലേക്കും നീങ്ങി. 1829-ല്‍ തെക്കന്‍തിരുവിതാംകൂറിലെ ചാന്നാന്മാര്‍ (നാടാര്‍) നടത്തിയ മേല്‍ശീല കലാപമായിരുന്നു തുടക്കം. ക്രിസ്തുമതം സ്വീകരിച്ച നാടാര്‍ സ്ത്രീകള്‍ക്ക് മേല്‍വസ്ത്രം ധരിക്കാനുള്ള അവകാശത്തിനുവേണ്ടി ക്രിസ്ത്യന്‍ മിഷണറിമാരുടെ പിന്തുണയോടെ നടത്തിയ കലാപം ഒടുവില്‍ വിജയംകണ്ടു. ബ്രാഹ്മണാധിപത്യത്തെ വെല്ലുവിളിച്ചുകൊണ്ട് 1888-ല്‍ നാരായണഗുരു അരുവിപ്പുറത്ത് നടത്തിയ ശിവലിംഗപ്രതിഷ്ഠ ആ മേധാവിത്വത്തെ ചോദ്യം ചെയ്യുന്നതായിരുന്നു. തുടര്‍ന്ന് 1893-ല്‍ മഹാത്മാ അയ്യന്‍കാളി നടത്തിയ സഞ്ചാരസ്വാതന്ത്ര്യസമരവും വിജയിച്ചു. ഇതോടെ തിരുവിതാംകൂറിലെ അധഃസ്ഥിതവിഭാഗങ്ങള്‍ ഒന്നാകെ തങ്ങളുടെ പൗരാവകാശങ്ങള്‍ക്കുവേണ്ടി സമരസജ്ജരാവുകയും സാമുദായിക പ്രസ്ഥാനങ്ങള്‍ക്ക് രൂപംനല്‍കുകയും ചെയ്തു. തിരുവിതാംകൂര്‍ സര്‍ക്കാര്‍ സര്‍വീസിലെ ബ്രാഹ്മണാധിപത്യത്തെ ചോദ്യം ചെയ്തുകൊണ്ട് ബ്രാഹ്മണേതര സമുദായങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ അര്‍ഹമായ പ്രാതിനിധ്യം ആവശ്യപ്പെട്ടുകൊണ്ട് 1891-ലും 96-ലും യഥാക്രമം സമര്‍പ്പിക്കപ്പെട്ട മലയാളി, ഈഴവ മെമ്മോറിയലുകള്‍ ബ്രാഹ്മണര്‍ ഒഴികെയുള്ള ജനവിഭാഗങ്ങളുടെ അധികാരപങ്കാളിത്തം സജീവചര്‍ച്ചാവിഷയമാക്കി മാറ്റുകയും നിരവധി ഭരണപരിഷ്കാരങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു. അടുത്ത ജനമുന്നേറ്റം നിവര്‍ത്തനപ്രക്ഷോഭമായിരുന്നു. ശ്രീചിത്തിരതിരുനാളിന്റെ കാലത്ത് നിയമസഭ ശ്രീമൂലം അസംബ്ലിയും ശ്രീചിത്രകൗണ്‍സിലുമായി വിഭജിച്ചപ്പോള്‍ അതിലെ ഉപരിമണ്ഡലത്തിലേക്ക് ഈഴവ, ക്രിസ്ത്യന്‍, മുസ്ലിം വിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യം നിഷേധിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച ഈ സമുദായങ്ങള്‍ 'സാമൂഹ്യ രാഷ്ട്രീയ സമിതി' എന്ന സംഘടനയ്ക്ക് രൂപം നല്കിക്കൊണ്ട് ആരംഭിച്ചതാണ് നിവര്‍ത്തനപ്രക്ഷോഭം. ഈ ജനകീയമുന്നേറ്റത്തിന്റെ പരിണതഫലമായി എല്ലാവിഭാഗങ്ങള്‍ക്കും നിയമസഭയില്‍ പ്രാതിനിധ്യം അനുവദിച്ചു. ഈ സമിതി പിന്നീട് സാമൂഹ്യ രാഷ്ട്രീയ കോണ്‍ഗ്രസ് എന്ന പേരില്‍ വിപുലീകരിക്കപ്പെടുകയും എല്ലാ സമുദായങ്ങള്‍ക്കും ആനുപാതികമായി നിയമസഭ, പബ്ലിക് സര്‍വീസ് കമ്മിഷന്‍ എന്നിവയില്‍ പ്രാതിനിധ്യം, പ്രായപൂര്‍ത്തി വോട്ടവകാശം തുടങ്ങിയവ നേടിയെടുക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഇത് തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ ആവിര്‍ഭാവത്തിന് വഴിതെളിച്ചു. ഈ പ്രസ്ഥാനം പിന്നീട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഭാഗമായി കേരളത്തിലെ രാഷ്ട്രീയനവോത്ഥാനത്തിന് ശക്തി പകര്‍ന്നു. ഉപജാതി ബോധങ്ങള്‍ക്കതീതമായി ഈഴവ-നായര്‍ വിഭാഗങ്ങള്‍ സാമുദായിക ഏകീകരണത്തിലേക്ക് നീങ്ങിയതും ദേശീയപ്രസ്ഥാനത്തിലേക്ക് ആകൃഷ്ടരായതും കേരളത്തിലെ പ്രബല ഹിന്ദുസമുദായങ്ങള്‍ക്കൊപ്പം ക്രിസ്ത്യന്‍, മുസ്ലിം വിഭാഗങ്ങള്‍ ശക്തമായ രാഷ്ട്രീയവത്കരണത്തിന് വിധേയമാവുന്നതും ഈ കാലഘട്ടത്തില്‍ത്തന്നെ. ദേശീയപ്രസ്ഥാനത്തിന്റെ വളര്‍ച്ചയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രൂപീകരണവും ഈ രാഷ്ട്രീയവത്കരണപ്രക്രിയയെ ശക്തിപ്പെടുത്തുന്നതിനും രാഷ്ട്രീയപ്രസ്ഥാനങ്ങളെ സാധാരണക്കാരുമായി അടുപ്പിക്കുന്നതിനും ജനങ്ങളുടെ രാഷ്ട്രീയബോധത്തെ വികസിപ്പിക്കുന്നതിനും വഴിതെളിച്ചു. ഈ മുന്നേറ്റം രാജവാഴ്ചയുടെയും നാടുവാഴിത്തത്തിന്റെയും ശക്തി ക്ഷയിപ്പിക്കുകയും കേരളീയസമൂഹത്തിന്റെ ജനാധിപത്യവ്യവസ്ഥയിലേക്കുള്ള പ്രയാണത്തെ ശക്തിപ്പെടുത്തുകയും ചെയ്തു. അതുവരെയും രാഷ്ട്രീയതീരുമാനങ്ങള്‍ ഉന്നതജാതിക്കാരുടെ അവകാശമായിരുന്നു. എന്നാല്‍ കേരളത്തിലെ സാമൂഹിക നവോത്ഥാന പ്രസ്ഥാനങ്ങള്‍ സന്നിവേശിപ്പിച്ച ജനാധിപത്യ ആശയങ്ങള്‍ എല്ലാ ജാതിമതസ്ഥര്‍ക്കും തുല്യപരിഗണന വാഗ്ദാനം ചെയ്യുന്ന ഒരു സാമൂഹികവ്യവസ്ഥ വിഭാവനം ചെയ്തു. നേതൃത്വം തുടര്‍ന്നും ഉന്നതജാതിക്കാര്‍ കൈയടക്കിയെങ്കിലും അധികാരം കൈയാളാന്‍ താഴെത്തട്ടിലുള്ളവരുടെയും സഹകരണം ആവശ്യമായിരുന്നു. കേരളത്തിലെ എല്ലാ മേഖലകളും രാഷ്ട്രീയവത്കരണത്തിന് വിധേയമായതോടെ അധികാരം, ഉന്നതസമുദായങ്ങളില്‍ മാത്രം നിക്ഷിപ്തമായിരുന്ന അവസ്ഥയ്ക്ക് മാറ്റം വന്നു. രാഷ്ട്രീയപ്പാര്‍ട്ടികളും സമുദായസംഘടനകളും കൈകോര്‍ത്തുപിടിച്ച് ജനാധിപത്യം നടപ്പാക്കുന്ന അവസ്ഥയിലേക്കുനീങ്ങി. നവോത്ഥാനപ്രസ്ഥാനങ്ങളുടെ തുടര്‍ച്ചയായി നായര്‍, ക്രിസ്ത്യന്‍, ഈഴവ സമുദായങ്ങള്‍ക്കിടയില്‍ നടന്ന രാഷ്ട്രീയവത്കരണം അധികാരശ്രേണിയിലെ ബ്രാഹ്മണ-ക്ഷത്രിയ ആധിപത്യത്തെ മറികടക്കാനും പുതിയ വ്യവസ്ഥയില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനും ഈ സമുദായങ്ങളെ പര്യാപ്തമാക്കി. എന്നാല്‍ അധഃസ്ഥിതവിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള താഴെത്തട്ടിലുള്ള ജനവിഭാഗങ്ങളുടെ രാഷ്ട്രീയവത്കരണം ഇനിയും പൂര്‍ത്തീകരിക്കപ്പെട്ടില്ല.

ഇപ്രകാരം വിവിധ സമുദായങ്ങള്‍ സംഘടിതമുന്നേറ്റങ്ങള്‍ക്കും ആഭ്യന്തരപരിഷ്കരണങ്ങള്‍ക്കും തയ്യാറായതോടെ ജാതിവ്യവസ്ഥയുടെ അധികാരഘടനയ്ക്കും മാറ്റം സംഭവിച്ചു. അധഃസ്ഥിതവിഭാഗങ്ങള്‍ക്കിടയിലുണ്ടായ നവോത്ഥാനത്തിന്റെ ഫലമായി തൊട്ടുകൂടാത്തവര്‍ എന്ന നിലയില്‍ നിന്നും പട്ടികജാതി, പട്ടികഗോത്രം, പിന്നോക്കസമുദായം തുടങ്ങിയ പേരുകളില്‍ ഔദ്യോഗികമായി ഇവരുടെ സ്വത്വം പുനര്‍നിര്‍വചിക്കപ്പെട്ടു. നിഷേധാത്മകമായ സ്ഥാനത്തുനിന്നും അവര്‍ ഉയര്‍ന്ന് സാമൂഹികജീവിതത്തിന്റെ എല്ലാ തുറകളിലും രാഷ്ട്രീയ തുല്യാവകാശം നേടിയെടുത്തു. നീണ്ടകാലത്തെ പ്രക്ഷോഭണങ്ങള്‍ക്കുശേഷം ക്ഷേത്രപ്രവേശനം, സഞ്ചാരസ്വാതന്ത്ര്യം, വിദ്യാഭ്യാസസ്വാതന്ത്ര്യം എന്നിവയും സര്‍ക്കാര്‍ സര്‍വീസില്‍ ജനസംഖ്യാനുപാതിക പ്രാതിനിധ്യവും അധഃസ്ഥിതവിഭാഗങ്ങള്‍ നേടിയെടുത്തു. വസ്ത്രധാരണരീതി, ആഭരണങ്ങളുടെ ഉപയോഗം, ജീവിതശൈലി എന്നിവയില്‍ ജാതിവ്യവസ്ഥ അടിച്ചേല്പിച്ചിരുന്ന വിലക്കുകളില്‍ നിന്നും വിമുക്തരായി മറ്റു സാധാരണ പൗരന്മാരെപ്പോലെ അംഗീകാരം സമൂഹത്തില്‍ അവര്‍ക്കും ലഭിച്ചു.

ജന്മിസമ്പ്രദായത്തിന്റെ ശൈഥില്യം കൂട്ടുകുടുംബസമ്പ്രദായത്തിലും ഭൂവുടമാസമ്പ്രദായത്തിലും മാറ്റങ്ങള്‍ വരുത്തി. ക്ഷേത്രങ്ങളും നമ്പൂതിരി ഇല്ലങ്ങളുമായിരുന്നു ജന്മിത്തത്തിന്റെ കാലഘട്ടത്തില്‍ ഭൂമിയുടെ ഉടമസ്ഥാവകാശക്കാര്‍. മറ്റുള്ളവര്‍ എല്ലാം തന്നെ നേരിട്ടോ പരോക്ഷമായോ ഇവരില്‍ നിന്നും അവകാശം ദാനമായി സമ്പാദിച്ച് കൈവശം വച്ചുപോന്നു. ഭൂമി ഉള്‍പ്പെടെയുള്ള സമ്പത്ത് നഷ്ടപ്പെട്ടുപോകാതിരിക്കാന്‍ നമ്പൂതിരി സമുദായത്തിലെ മൂത്തപുത്രന്‍ മാത്രമേ വിവാഹം കഴിച്ചിരുന്നുള്ളൂ; താഴെയുള്ളവര്‍ നായര്‍ കുടുംബവുമായി സംബന്ധത്തില്‍ ഏര്‍പ്പെടുകയായികുന്നു പതിവ്. നായര്‍ കുടുംബങ്ങള്‍ മരുമക്കത്തായ കുടുംബങ്ങളായിരുന്നു. ജന്മിത്തവ്യവസ്ഥയില്‍ നമ്പൂതിരിയുടെ മക്കത്തായക്രമവും നായന്മാര്‍ക്കിടയിലെ മരുമക്കാത്തായ ക്രമവും അന്യോന്യം സമരസപ്പെട്ടാണ് നിലനിന്നിരുന്നത്. നമ്പൂതിരിയുടെ ഭൂമി നായര്‍ തറവാടുകള്‍ക്ക് പാട്ടത്തിന് നല്‍കിയിരുന്നു. നമ്പൂതിരിയുമായുള്ള ബന്ധത്തിലൂടെ നായര്‍ കുടുംബങ്ങള്‍ക്ക് സാമ്പത്തികനേട്ടം ലഭിച്ചു. കൂട്ടുകുടുംബങ്ങളുടെ തകര്‍ച്ചയോടെയാണ് ഈ ഭൂവുടമാസമ്പ്രദായത്തിന് മാറ്റം സംഭവിക്കുന്നത്. വിദ്യാഭ്യാസവും അതിലൂടെയുള്ള ജോലിസാധ്യതകളും, സ്വന്തം നാട്ടിനു പുറത്ത് ജോലി ചെയ്യേണ്ട സാഹചര്യവും ഭൂമിയോടുള്ള കെട്ടുപാടുകള്‍ ശിഥിലമാക്കി. പുതിയ സാഹചര്യത്തില്‍ വ്യക്തിസ്വാതന്ത്ര്യത്തിന് കൈവന്ന മാന്യത സ്വന്തമായി ഭൂമി കൈവശം വയ്ക്കാന്‍ ജനങ്ങളെ പ്രേരിപ്പിച്ചു. കൂട്ടുകുടുംബങ്ങള്‍ ശിഥിലമായപ്പോള്‍ ഉന്നതജാതികള്‍ ഭൂമി വില്ക്കാനും തയ്യാറായി. അതുവരെ ഭൂമി കൈവശം വയ്ക്കാന്‍ അവകാശം നിഷേധിക്കപ്പെട്ട ക്രിസ്ത്യന്‍, ഈഴവ, മുസ്ലിം വിഭാഗങ്ങള്‍ ഈ അവസരം പ്രയോജനപ്പെടുത്തി ഭൂമി വാങ്ങിക്കൂട്ടി. മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ എന്നിവിടങ്ങളിലെ നാട്ടുരാജാക്കന്മാര്‍ കൂട്ടുകുടുംബത്തെ സംബന്ധിച്ചും പുതിയ ഭൂമി ഉടമസ്ഥാവകാശത്തെ സംബന്ധിച്ചും നിയമങ്ങള്‍ പാസ്സാക്കി.

ഈ കാലഘട്ടത്തില്‍ പ്രാബല്യത്തില്‍വന്ന 1912-ലെ ഒന്നാം തിരുവിതാംകൂര്‍ ആക്റ്റ് പ്രായപൂര്‍ത്തിയായ ഒരു പുരുഷന്‍ സമ്പാദിച്ച വസ്തുവകകളുടെ പകുതി തങ്ങളുടെ ആണ്‍മക്കള്‍ക്കും പകുതി തങ്ങളുടെ സഹോദരീപുത്രിമാര്‍ക്കുമായി വീതിക്കണമെന്നും നിര്‍ദേശിച്ചു. 1925-ലെ രണ്ടാം നായര്‍ ആക്റ്റ് തലയെണ്ണി ഭാഗം വയ്ക്കണമെന്ന് നിര്‍ദേശിച്ചു. 1925-ലെ തന്നെ ഈഴവ ആക്റ്റ് പ്രകാരം ബഹുഭൂരിപക്ഷം ഈഴവരും മക്കത്തായികളായി മാറി. 1929-ലെ നാഞ്ചിനാട് വെള്ളാള ആക്റ്റ്, വെള്ളാള വിഭാഗക്കാരെയും മരുമക്കത്തായ ക്രമത്തില്‍ നിന്നും മക്കത്തായക്രമത്തിലേക്ക് മാറ്റി. കൊച്ചി നായര്‍ ആക്റ്റ് (1920) നായര്‍ വിവാഹത്തിന് നിയമസാധുത്വം നല്കി. ഇത് ഭാര്യയെയും മക്കളെയും സംരക്ഷിക്കേണ്ട ചുമതല പുരുഷനില്‍ നിക്ഷിപ്തമാക്കി. തുടര്‍ന്നുവന്ന നായര്‍ ആക്റ്റ്(1937-38) കാരണവരുടെ ഭരണത്തില്‍ നിന്നും കൂട്ടുകുടുംബങ്ങള്‍ക്ക് മോചനം നല്കി. മലബാറില്‍ മദ്രാസ് മാര്യേജ് ആക്റ്റ് (1896), മദ്രാസ് മരുമക്കത്തായ ആക്റ്റ് (1933) എന്നീ ആക്ടുകള്‍ മലബാറിലെ സവര്‍ണരുടെ കുടുംബഘടനയില്‍ മാറ്റങ്ങള്‍ സൃഷ്ടിച്ചു. ഇത് കൂട്ടുകുടുംബങ്ങള്‍ ശിഥിലമാവുന്നതിനും അണുകുടുംബങ്ങള്‍ ആവിര്‍ഭവിക്കുന്നതിനും വഴിതുറക്കുന്നതിനു മാത്രമല്ല സംബന്ധത്തിലൂടെ ഭൂസ്വത്ത് പരമ്പരാഗതമായി കൈമാറുന്ന സമ്പ്രദായത്തിനും ബഹുഭര്‍ത്തൃത്വ സമ്പ്രദായത്തിനും വിരാമംകുറിച്ചു.

ഈ കാലഘട്ടത്തില്‍ തിരുവിതാംകൂറിലും കൊച്ചിയിലും ഭരണതലത്തില്‍ ശ്രദ്ധേയമായ നിരവധി പരിഷ്കാരങ്ങളും ഉണ്ടായി. സമൂഹത്തിലെ താഴെത്തട്ടുകാരുടെ അടിസ്ഥാന പൗരാവകാശങ്ങള്‍ പരിമിതമായെങ്കിലും അംഗീകരിക്കാന്‍ തയ്യാറായ ഭരണകൂടങ്ങള്‍ ഈ വിഭാഗങ്ങളുടെ പ്രതിനിധികള്‍ക്ക് തിരുവിതാംകൂറിലെയും കൊച്ചിയിലെയും നിയമനിര്‍മാണസഭകളിലേക്ക് ഇദംപ്രദമായി പ്രവേശനം അനുവദിക്കുകയും ചെയ്തു. 20-ാം നൂറ്റാണ്ടിന്റെ ആദ്യദശാബ്ദങ്ങളില്‍ തിരുവിതാംകൂറിലെയും കൊച്ചിയിലെയും ഭരണകൂടങ്ങള്‍ സമൂഹത്തിലെ താഴെത്തട്ടിലുള്ളവരോട് കൂടുതല്‍ ഉദാരമായ സമീപനം സ്വീകരിച്ചതിന്റെ ഫലമായി സര്‍ക്കാര്‍ അധീനതയിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഈ വിഭാഗങ്ങള്‍ക്ക് പ്രവേശനം അനുവദിക്കപ്പെടുകയും ചെയ്തത് സാമൂഹിക പരിവര്‍ത്തനപ്രക്രിയയെ ശക്തിപ്പെടുത്താന്‍ പര്യാപ്തമായിരുന്നു. ഈഴവര്‍ ഉള്‍പ്പെടെയുള്ള അധഃസ്ഥിതവിഭാഗങ്ങള്‍ ഹിന്ദുമതത്തിലുള്ളില്‍ നിലനിന്നിരുന്ന ജാതീയമായ വിവേചനങ്ങളില്‍ പ്രതിഷേധിച്ച് ഹിന്ദുമതം ഉപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു മുന്നേറ്റം സംഘടിപ്പിക്കുന്നതിനെപ്പറ്റി ആലോചനകള്‍ നടത്തിക്കൊണ്ടിരുന്ന കാലഘട്ടം കൂടിയായിരുന്നു അത്. ഇതിന് മുമ്പുതന്നെ സാമൂഹികപുരോഗതിയും അവസരസമത്വവും ലക്ഷ്യമാക്കി അധഃസ്ഥിതവിഭാഗങ്ങളായ പുലയര്‍, കുറവര്‍, അയ്യനവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തുകൊണ്ടിരുന്നു. ഈയൊരു സാഹചര്യത്തില്‍ ഹിന്ദുമതത്തിലെ അയിത്താചാരം ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെ തിരുവിതാംകൂര്‍ ഭരണകൂടം 1936 ന. 12-ന് നടത്തിയ ക്ഷേത്രപ്രവേശവിളംബരം ഹിന്ദുമതത്തിലെ എല്ലാവിഭാഗങ്ങള്‍ക്കും ജാതിഭേദമെന്യേ ക്ഷേത്രപ്രവേശനസ്വാതന്ത്ര്യം യാഥാര്‍ഥ്യമാക്കി. തിരുവിതാംകൂറിനുപിന്നാലെ കൊച്ചിയിലും എല്ലാഹിന്ദുക്കള്‍ക്കും ക്ഷേത്രപ്രവേശനം അനുവദിക്കപ്പെട്ടു. സാമൂഹികപരിഷ്കരണപ്രസ്ഥാനങ്ങള്‍ സന്നിവേശിപ്പിച്ച നവോത്ഥാനത്തിന്റെ ആശയധാരകളുമായി സമരസപ്പെട്ടുകൊണ്ട് ദേശീയ പ്രസ്ഥാനവും പിന്നാലെ കമ്യൂണിസ്റ്റ് പ്രസ്ഥാനവും കേരളത്തില്‍ ശക്തിപ്പെട്ടതോടെ സാമൂഹികപരിഷ്കരണത്തോടൊപ്പം രാഷ്ട്രീയനവോത്ഥാനത്തിലേക്കും കേരളീയസമൂഹം നീങ്ങി. ഒടുവില്‍ സ്വാതന്ത്ര്യാനന്തരം 1956 ന. 1-ല്‍ കേരളസംസ്ഥാനം നിലവില്‍ വന്നതോടെ ഈ രാഷ്ട്രീയനവോത്ഥാനം ലക്ഷ്യപ്രാപ്തിയിലെത്തുന്നത്.

നവോത്ഥാനപ്രസ്ഥാനങ്ങളുടെ കാലഘട്ടത്തോടെ കേരളത്തില്‍ ആരംഭിക്കുന്ന സാമൂഹികപരിഷ്കരണ-പരിവര്‍ത്തനസംരംഭങ്ങള്‍ സ്വാതന്ത്ര്യലബ്ധിക്കുശേഷം 1950 ന. 26-ന് പുതിയ ഭരണഘടന നിലവില്‍വന്നതോടെയാണ് കേരളത്തില്‍ കൂടുതല്‍ കരുത്താര്‍ജിക്കുന്നത്. ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന ജാതിരഹിത-വര്‍ഗരഹിത-മതേതര-ജനാധിപത്യ-ആദര്‍ശ സമൂഹത്തിന്റെ സൃഷ്ടിയില്‍ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങള്‍ക്ക് ഒന്നാകെ അനുകരിക്കാവുന്ന നിരവധി മാതൃകകളുടെ ഭൂമികയായി സ്വാതന്ത്ര്യാനന്തര കേരളസമൂഹം മാറി. വര്‍ത്തമാനകേരളസമൂഹം അനുവര്‍ത്തിക്കുന്ന മതേതര-ജനാധിപത്യ കാഴ്ചപ്പാട് ഉത്തമോദാഹരണമാകുന്നു. സൂക്ഷ്മവും സ്ഥൂലവുമായി സാമ്പത്തിക അസമത്വങ്ങളും സാമൂഹിക വിവേചനങ്ങളും നിലനില്‍ക്കുന്നുണ്ടെങ്കിലും വര്‍ത്തമാനകേരളീയസമൂഹത്തിലെ വിവിധ സമുദായങ്ങള്‍ പരസ്പര സൗഹൃദത്തോടും സഹവര്‍ത്തമനോഭാവങ്ങളോടും കൂടിയാണ് ഇവിടെ നിലകൊള്ളുന്നത്.

സാര്‍വത്രികവിദ്യാഭ്യാസത്തിനുപുറമേ 1957-ല്‍ കാര്‍ഷികമേഖലയില്‍ നടപ്പിലാക്കിയ പരിഷ്കാരങ്ങള്‍, വിദ്യാഭ്യാസരംഗത്തുണ്ടായ അഭൂതപൂര്‍വമായ പുരോഗതി, വാര്‍ത്താവിനിമയ-ഗതാഗതസൗകര്യങ്ങളുടെ വളര്‍ച്ച, പുതിയ തൊഴില്‍മേഖലകളുടെ വളര്‍ച്ച, നിര്‍മാണരംഗത്തും വ്യവസായരംഗത്തും ഉണ്ടായ പുരോഗതി; ചെറുകിട വ്യവസായങ്ങള്‍, തോട്ടക്കൃഷി എന്നീ മേഖലകളുടെ വളര്‍ച്ച, പൊതുവിതരണസമ്പ്രദായത്തിന്റെ ശാക്തീകരണം, പൗരാവകാശങ്ങള്‍ക്കും സാമൂഹിക നീതിക്കുംവേണ്ടിയുള്ള നവസാമൂഹിക മുന്നേറ്റങ്ങളുടെ ആവിര്‍ഭാവം തുടങ്ങിയ ഘടകങ്ങളും 1956-നുശേഷമുള്ള കേരളത്തിന്റെ സാമൂഹിക പരിവര്‍ത്തനത്തില്‍ നിര്‍ണായകമാംവിധം സ്വാധീനം ചെലുത്തിയിട്ടുള്ള ഘടകങ്ങളാണ്.

സ്വാതന്ത്ര്യലബ്ധിക്കുശേഷം കേരളത്തിന്റെ സാമൂഹികമാറ്റത്തിന് ആക്കംകൂട്ടിയ പ്രധാനഘടകങ്ങളില്‍ ഒന്നായിരുന്നു 1970-ല്‍ ഇവിടെ നടപ്പിലാക്കിയ ഭൂപരിഷ്കരണം. നിരവധി ന്യൂനതകളുണ്ടെങ്കിലും ഭൂപരിഷ്കരണത്തിലൂടെ ജന്മി-കുടിയാന്‍ വ്യവസ്ഥയെ പൂര്‍ണമായി അവസാനിപ്പിക്കാനും കൃഷിഭൂമി ഇടത്തരം കര്‍ഷകര്‍ക്ക് ലഭ്യമാക്കാനും കഴിഞ്ഞു. എന്നാല്‍ നൂറ്റാണ്ടുകളായി കൃഷിഭൂമിയില്‍ കൃഷിപ്പണി ചെയ്യുന്ന കര്‍ഷകതൊഴിലാളികള്‍ക്ക് കൃഷിഭൂമി പ്രദാനം ചെയ്യുന്നതില്‍ കേരളത്തില്‍ നടപ്പിലാക്കിയ ഭൂപരിഷ്കരണം പരാജയപ്പെട്ടതിനാല്‍ അവര്‍ വീണ്ടും ചെറു ഭൂവുടമകളുടെ കീഴില്‍ കൂലിക്ക് പണിയെടുക്കുന്ന തൊഴിലാളികളായിത്തന്നെ തുടരേണ്ടിവന്നത് അവരുടെ സാമൂഹിക പുരോഗതിയെ തടസ്സപ്പെടുത്തി. കര്‍ഷകത്തൊഴിലാളികള്‍ക്ക് കൃഷിഭൂമി എന്ന മുദ്രാവാക്യം ഇപ്പോഴും ഒരു സങ്കല്പമായിത്തന്നെ നിലനില്‍ക്കുന്നു. ഭൂരഹിതരായ കര്‍ഷകത്തൊഴിലാളികളുടെയും ആദിവാസികളുടെയും എണ്ണം ഇപ്പോഴും വളരെ കൂടുതലാണ്.

കേരളത്തിലെ ജനസംഖ്യയില്‍ ഇന്നും നിര്‍ണായകഘടകം കര്‍ഷകര്‍ തന്നെയാണ്. ഇത്രയേറെ സ്വതന്ത്രകര്‍ഷകരുള്ള സംസ്ഥാനം ഇന്ത്യയില്‍ വേറെയില്ല. കര്‍ഷകര്‍ രണ്ടുതരം സംസ്കാരത്തിന്റെ പ്രതിനിധികളാണ്. ഒരുവശത്ത് അവര്‍ പഴയ ജാതിസംസ്കാരത്തെ വച്ചുപുലര്‍ത്തുന്നു. മറുവശത്ത് മുതലാളിത്ത വിപണിയുടെ കറക്കത്തില്‍പ്പെട്ടു ധനാര്‍ജനസംസ്കാരത്തെ പുണരുകയും ചെയ്യുന്നു. കേരളം ഒരു സങ്കീര്‍ണമായ സാമൂഹികവ്യവസ്ഥയുടെ സ്വഭാവം ഉള്‍ക്കൊള്ളുന്നത് കര്‍ഷകരുടെ ഈ പ്രത്യേകതമൂലമാണ്.

സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരെങ്കിലും നിര്‍ണായകപ്രാധാന്യമുള്ള വിഭാഗമാണ് തൊഴിലാളികളും കര്‍ഷകത്തൊഴിലാളികളും. അവര്‍ ഉത്പാദനവുമായി നേരിട്ടു ബന്ധപ്പെട്ടവരാണ്. വ്യവസായത്തൊഴിലാളികള്‍ സംഘടിതവിഭാഗമായിത്തീര്‍ന്നിട്ടുണ്ട്. ട്രേഡ് യൂണിയനുകള്‍ കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക ജീവിതത്തില്‍ മുഖ്യമായ പങ്കുവഹിക്കുന്നു. തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുക, തൊഴില്‍സ്ഥിരത ഉറപ്പുവരുത്തുക, വേതനവര്‍ധനയും ബോണസ്സും മറ്റ് അവകാശങ്ങളും നേടിയെടുക്കുക എന്നിങ്ങനെ സ്വന്തം വര്‍ഗത്തിന്റെ അവകാശസംരക്ഷണത്തിനു പുറമേ, രാഷ്ട്രത്തിന്റെ ജനാധിപത്യം കാത്തുസൂക്ഷിക്കുക തുടങ്ങിയ ദേശീയ ലക്ഷ്യങ്ങള്‍ കൈവരിക്കാനും അവര്‍ ധീരവും സജീവവുമായ പങ്കുവഹിക്കുന്നുണ്ട്. കര്‍ഷകത്തൊഴിലാളികളും ഇന്ന് സംഘടിതരാണ്.

പൊതുജീവിതത്തിന്റെ നട്ടെല്ലായി വര്‍ത്തിക്കുന്നത് ഇടത്തരക്കാരാണ്. ചെറുകിടകച്ചവടക്കാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, ആധുനിക വ്യവസായങ്ങളിലെ ഉയര്‍ന്ന വരുമാനക്കാരായ ജീവനക്കാര്‍ എന്നിവരെല്ലാം ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.

വ്യാവസായികരംഗത്തെ പിന്നോക്കാവസ്ഥയും സാമൂഹികപുരോഗതിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. വ്യാവസായിക വികസനത്തില്‍ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങള്‍ക്കു പിന്നിലാണ് കേരളത്തിന്റെ സ്ഥാനം. 1960-61 മുതല്‍ 1965-66 വരെ 4.37 ശതമാനമായിരുന്നു വ്യാവസായിക ഉത്പാദന വളര്‍ച്ചാനിരക്ക്. തുടര്‍ന്നുള്ള ആറ് വര്‍ഷം ഇത് 9.37 ശതമാനമായി വര്‍ധിച്ചു. എന്നാല്‍ 1973-74 മുതല്‍ 1986-87 വരെയുള്ള വര്‍ഷങ്ങളില്‍ ഗതി കൂടുതല്‍ മെച്ചപ്പെട്ടിട്ടുണ്ട്. 2004-05, 2008-09 വര്‍ഷങ്ങളില്‍ വ്യാവസായിക മേഖല 8.11 ശതമാനം വീതമാണ് വളര്‍ച്ച രേഖപ്പെടുത്തിയത്. പക്ഷേ സേവനമേഖലയെക്കാള്‍ താഴ്ന്ന വളര്‍ച്ചയാണ് വ്യവസായമേഖലയിലുള്ളത്. 1961-62 വരെയും സംസ്ഥാനത്തിന്റെ മൊത്തം സാമ്പത്തിക വരുമാനത്തില്‍ നേര്‍പകുതിയിലധികം കാര്‍ഷികമേഖലയില്‍ നിന്നും മാത്രമായിരുന്നു. അടുത്തവര്‍ഷം മുതല്‍ കൃഷിയ്ക്കുള്ള മേധാവിത്വം ഇടിയുകയും സേവനമേഖലകളില്‍ നിന്നുള്ള വരുമാനം വര്‍ധിക്കുകയും ചെയ്തു. 2004-05, 2008-09 കാലയളവില്‍ സേവനമേഖലയില്‍ പ്രതിവര്‍ഷം 12.6 ശതമാനം വീതം വളര്‍ച്ച രേഖപ്പെടുത്തുകയുണ്ടായി. മാത്രവുമല്ല, ദേശീയവരുമാനത്തില്‍ വ്യവസായ ഉത്പാദനത്തിന്റെ വിഹിതം 16.1 ശതമാനം വരുമ്പോള്‍ കേരളത്തിലേക്ക് 7.8 ശതമാനമേ വരുന്നുള്ളൂ. കേരളത്തിലെ ആഭ്യന്തര വരുമാനം ദേശീയവരുമാനത്തിന്റെ 4.18 ശതമാനം വരുമ്പോള്‍ ദേശീയ വ്യവസായോത്പാദനത്തില്‍ കേരളത്തിന്റെ വിഹിതം 2.02 ശതമാനം മാത്രമേ രേഖപ്പെടുത്തുന്നുള്ളൂ.

തൊഴിലില്ലായ്മയാണ് വ്യാവസായിക പിന്നോക്കാവസ്ഥക്കൊപ്പം വര്‍ത്തമാന കേരളസമൂഹം നേരിടുന്ന മറ്റൊരു പ്രതിസന്ധി. കേരളത്തില്‍ തൊഴിലില്ലായ്മ പ്രശ്നം നേരിടുന്നത് പൊതുവിഭാഗത്തിലെ വിദ്യാസമ്പന്നര്‍ മാത്രമല്ല, മറിച്ച് വിദഗ്ധ പ്രൊഫഷണലുകള്‍, അര്‍ധവിദഗ്ധരും അവിദഗ്ധരുമായ തൊഴിലാളികള്‍ എന്നിവരും ഈ പ്രശ്നം നേരിടുന്നുണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തോഴിലില്ലായ്മ അനുഭവപ്പെടുന്ന സംസ്ഥാനം കേരളമാണ്. പരമ്പരാഗത മേഖലയിലെ തൊഴിലാളികളുടെ തൊഴിലില്ലായ്മയും തൊഴിലിന്റെ കുറവും ആശങ്കാജനകമാണ്. ഇക്കൂട്ടരില്‍ ഒരു പ്രബല വിഭാഗം പരമ്പരാഗത കര്‍ഷക തൊഴിലാളികളാണ്. ഒപ്പം ഏതാണ്ട് 2008-09 കാലം മുതല്‍ക്ക് ബംഗാള്‍, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ കേരളത്തിന്റെ നിര്‍മാണമേഖലയില്‍ വ്യാപിച്ചതോടെ പഴയ കൃഷിയിടങ്ങളും പുതിയ നിര്‍മാണ മേഖലയും ഒരേപോലെ അവര്‍ക്ക് അന്യമായിത്തീര്‍ന്നു. സ്വാതന്ത്ര്യ‌ത്തിനുമുമ്പ് കാര്‍ഷിക അടിമകളായിരുന്ന ഇക്കൂട്ടര്‍ സ്വാതന്ത്ര്യാനന്തരം ആശ്രിതജനതയായി ശേഷിക്കുന്നു.

2004-05-ലെ സര്‍വേ പ്രകാരം പുരുഷന്മാരുടെ തൊഴിലില്ലായ്മാ നിരക്ക് ഗ്രാമപ്രദേശങ്ങളില്‍ 21.1 ശതമാനമായിരുന്നത് 2009-10 കാലയളവില്‍ 12.9 ശതമാനമായി കുറഞ്ഞതായി സംസ്ഥാനസര്‍ക്കാരിന്റെ ആസൂത്രണബോര്‍ഡ് പ്രസിദ്ധീകരിച്ച സാമ്പത്തിക അവലോകന റിപ്പോര്‍ട്ടി(2012)ല്‍ രേഖപ്പെടുത്തിയിരുന്നു. നഗരപ്രദേശങ്ങളില്‍ പുരുഷന്മാരിലെ തൊഴിലില്ലായ്മാ നിരക്ക് 17.4 ശതമാനത്തില്‍ നിന്നും 5 വര്‍ഷം കൊണ്ട് 12.1 ശതമാനമായി കുറഞ്ഞു. സ്ത്രീകളുടെ കാര്യത്തില്‍ തൊഴിലില്ലായ്മാനിരക്ക് ഗ്രാമപ്രദേശങ്ങളില്‍ 34.6 ശതമാനത്തില്‍ നിന്ന് 27.4 ശതമാനമായും നഗരപ്രദേശങ്ങളില്‍ 42.3 ശതമാനത്തില്‍ നിന്ന് 21.3 ശതമാനമായും കുറയുകയുണ്ടായി. തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീപ്രസ്ഥാനം തുടങ്ങിയവയുടെ ശക്തമായ പ്രവര്‍ത്തനത്തിന്റെ ഫലം കൂടിയാണിത്.

2000 ഡിസംബറിലെ കണക്കുപ്രകാരം കേരളത്തില്‍ പൊതുമേഖലയില്‍ തൊഴില്‍ ചെയ്യുന്നവരുടെ ആകെ എണ്ണം 6.51 ലക്ഷമായിരുന്നു. 2005-ല്‍ ഇത് 6.09 ലക്ഷമായി കുറയുകയും തുടര്‍ന്ന് 2009-ല്‍ 6.15 ലക്ഷമായി വര്‍ധിക്കുകയും ചെയ്തു. എന്നാല്‍ 2010 ഡിസംബറില്‍ ഇത് വീണ്ടും 6.08 ലക്ഷമായി കുറയുകയുണ്ടായി. ഇതില്‍ 60,000 പേര്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരും 2.64 ലക്ഷംപേര്‍ കേരള സര്‍ക്കാര്‍ ജീവനക്കാരും 2.58 ലക്ഷം പേര്‍ അര്‍ധസര്‍ക്കാര്‍ ജീവനക്കാരും 26,000 പേര്‍ പ്രാദേശിക സര്‍ക്കാര്‍ ജീവനക്കാരുമാണ്.

ചിത്രം:Pg_521.png


ചിത്രം:Pg 521tabl.png

സംസ്ഥാന സര്‍ക്കാരില്‍ ജോലി നോക്കുന്ന സ്ത്രീകളുടെ എണ്ണം പുരുഷന്മാരുടേതിനെക്കാള്‍ കുറവാണ്. 2011 മാ. 31-ലെ കണക്കനുസരിച്ച് സംസ്ഥാന സര്‍ക്കാരില്‍ ജോലി നോക്കുന്നവരില്‍ 36.57 ശതമാനം മാത്രമേ സ്ത്രീകളുള്ളൂ. അതുപോലെ 2010 ഡി. 31-ലെ കണക്കനുസരിച്ച് സംഘടിതമേഖലയില്‍ പണിയെടുക്കുന്ന ആകെ 11 ലക്ഷം പേരില്‍ 39.91 ശതമാനം പേര്‍ സ്ത്രീകളാണ്. പൊതുമേഖലയില്‍ സ്ത്രീകളുടെ പങ്കാളിത്തം ഏകദേശം 31.3 ശതമാനമുണ്ട്. അതേസമയം സ്വകാര്യമേഖലയില്‍ ഇത് 50.6 ശതമാനമാണ്.

വ്യാവസായിക പിന്നോക്കാവസ്ഥ, കാര്‍ഷികമേഖലയുടെ തകര്‍ച്ച, പരമ്പരാഗത തൊഴിലിടങ്ങളുടെ തിരോധാനം, തോട്ടം മേഖലകളുടെ നിശ്ചലാവസ്ഥ തുടങ്ങിയ ഘടകങ്ങള്‍ എല്ലാത്തരത്തിലുമുള്ള ജനസമൂഹങ്ങള്‍ക്കിടയിലും മാറ്റങ്ങള്‍ സംജാതമാക്കി. ഇത് മെച്ചപ്പെട്ട തൊഴിലും ജീവിതസാഹചര്യവും കണ്ടെത്താന്‍ എല്ലാ വിഭാഗം മലയാളികളെയും നിര്‍ബന്ധിതരാക്കി. ഈ സാമൂഹിക പശ്ചാത്തലമാണ് 70-കളിലെ മലയാളികളുടെ ഗള്‍ഫ് കുടിയേറ്റത്തിന് വഴിയൊരുക്കിയത്.

കേരളത്തില്‍ നിന്ന് മറ്റു രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം ഇന്ത്യ സ്വാതന്ത്ര്യം കൈവരിക്കുന്നതിനു വളരെ മുമ്പുതന്നെ ആരംഭിച്ചിരുന്നു. ശ്രീലങ്ക, മലേഷ്യ, ഫിജി, ആഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് തുടങ്ങിയ സ്ഥലങ്ങളിലെ തോട്ടങ്ങളില്‍ ജോലി ചെയ്യുന്നതിന് ബ്രിട്ടീഷ് കൊളോണിയല്‍ ഭരണകൂടം കൊണ്ടുപോയവരാണ് ഇവരില്‍ അധികംപേരും. സ്വാതന്ത്ര്യത്തിനു ശേഷം അന്താരാഷ്ട്ര കുടിയേറ്റങ്ങളുടെ രണ്ടു ധാരകള്‍ വളര്‍ന്നുവന്നു. ഒന്ന് ബ്രിട്ടന്‍, അമേരിക്കന്‍ ഐക്യനാടുകള്‍, കാനഡ തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങളിലേക്കാണ്; രണ്ട് ആഫ്രിക്കയിലേക്കും പശ്ചിമേഷ്യയിലേക്കുമുള്ള കുടിയേറ്റമാണ്. ഇവരില്‍ ആദ്യത്തെ വിഭാഗം ഉന്നത വിദ്യാഭ്യാസമുള്ളവരും വിദഗ്ധ പരിശീലനം നേടിയവരുമാണ്. അവര്‍ പിന്നീട് തൊഴില്‍ ചെയ്യുന്ന രാജ്യങ്ങളില്‍ തന്നെ താമസമാക്കി. രണ്ടാമത്തെ വിഭാഗം താത്കാലിക തൊഴിലാളികളായിരുന്നു. അവര്‍ ഏതാനും വര്‍ഷങ്ങള്‍ പുറം നാടുകളില്‍ ജോലി ചെയ്തശേഷം സ്വന്തം നാടുകളിലേക്ക് തിരിച്ചുവന്നു. ഇതില്‍ ആദ്യത്തെ രൂപത്തിലുള്ള കുടിയേറ്റം ഇന്നും തുടരുന്നു. വിദൂര പൂര്‍വരാജ്യങ്ങളില്‍നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇപ്പോള്‍ കുടിയേറ്റം നടക്കുന്നുണ്ട്. എങ്കിലും മൊത്തം കുടിയേറ്റത്തിന്റെ ഒരു ചെറിയ ശതമാനം മാത്രമേ ഇതു പ്രതിനിധാനം ചെയ്യുന്നുള്ളൂ.

1970-കളില്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്ക് തൊഴിലന്വേഷകരുടെ കുത്തിയൊഴുക്ക് സംജാതമായി. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളില്‍ പകുതിയും മലയാളികളായിരുന്നു. ഇന്ത്യയില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്ക് കുടിയേറിയവരുടെ എണ്ണം 1976-ല്‍ കേവലം 5,000 ആയിരുന്നത് 1993-ല്‍ 4.38 ലക്ഷമായും 2000-ല്‍ 30 ലക്ഷമായും വര്‍ധിക്കുകയുണ്ടായി. 2011-ല്‍ കുടിയേറ്റക്കാരില്‍ 90 ശതമാനവും (22.8 ലക്ഷത്തിന്റെ 90 ശതമാനം) ഗള്‍ഫ് രാജ്യങ്ങളിലാണ് താമസിച്ചുവരുന്നത്. ഇതില്‍ 40 ശതമാനം യു.എ.യിലും 25 ശതമാനം സൗദി അറേബ്യയിലുമാണ്. സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ 2011-ല്‍ നടത്തിയ കേരളാ മൈഗ്രേഷന്‍ സര്‍വേ പ്രകാരം 2011-ല്‍ 22.8 ലക്ഷം മലയാളികള്‍ വിദേശത്തു താമസിക്കുന്നതായി കണ്ടെത്തി. 2008-ലെ പഠനത്തില്‍ ഇത് 21.90 ലക്ഷവും 2003-ല്‍ 18.4 ലക്ഷവും 1998-ല്‍ 7.4 ലക്ഷവുമായിരുന്നു. കേരളത്തിനു പുറത്തു താമസമാക്കിയിട്ടുള്ള മലയാളികളുടെ ആകെ എണ്ണം 2011-ല്‍ 34.3 ലക്ഷമാണ്. 2008-ല്‍ ഇത് 33.5 ലക്ഷവും 2003-ല്‍ 27.3 ലക്ഷവും 1998-ല്‍ 21.0 ലക്ഷവുമായിരുന്നു.

അതേസമയം കേരളത്തില്‍ നിന്നും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലേക്ക് കുടിയേറിയിട്ടുള്ളവരുടെ എണ്ണത്തില്‍ കാലാകാലങ്ങളില്‍ ഏറ്റക്കുറച്ചിലുകള്‍ കണ്ടെത്തിയിട്ടുണ്ട്. 1998-ല്‍ 6.91 ലക്ഷമായിരുന്നത് 2003-ല്‍ 11.15 ലക്ഷമായി വര്‍ധിക്കുകയും 2008-ല്‍ 9.14 ലക്ഷമായി കുറയുകയും 2011-ല്‍ വീണ്ടും 9.31 ലക്ഷമായി വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളിലേക്കുള്ള കുടിയേറ്റത്തിനു പകരം വിദേശ കുടിയേറ്റത്തിനാണ് മലയാളികള്‍ കൂടുതല്‍ താത്പര്യം കാണിച്ചുവരുന്നത്.

സാമ്പത്തിക താത്പര്യമാണ് കേരളത്തില്‍ നിന്നുള്ള കുടിയേറ്റത്തിന്റെ പ്രേരണ. ഉയര്‍ന്ന വരുമാനവും മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങളും പ്രതീക്ഷിച്ചാണ് മലയാളികള്‍ ഗള്‍ഫ് രാജ്യങ്ങളിലെത്തിയത്. പ്രവാസി മലയാളികള്‍ 2008-ല്‍ 43,288 കോടി രൂപ കേരളത്തിലേക്ക് അയച്ചപ്പോള്‍ 2011-ല്‍ ഇത് ഏതാണ്ട് 50,000 കോടി രൂപയായി വര്‍ധിച്ചു. കേരളത്തില്‍ 14 ജില്ലകളില്‍ മലപ്പുറം ജില്ലയിലേക്കാണ് ഏറ്റവും കൂടുതല്‍ വിദേശ സമ്പാദ്യം എത്തിയിട്ടുള്ളത്; 9040 കോടി രൂപ. അതേസമയം ആഗോളസാമ്പത്തിക പ്രതിസന്ധിയും അതു സൃഷ്ടിച്ച തൊഴില്‍മാന്ദ്യവും വിദേശമലയാളികളെ തൊഴില്‍ നഷ്ടത്തിന്റെ രൂപത്തിലും വരുമാന നഷ്ടത്തിന്റെ രൂപത്തിലും ബാധിക്കുകയുണ്ടായി. ഇതിന്റെ ഫലമായി പ്രതിവര്‍ഷം ഒരുലക്ഷം പേരെങ്കിലും തിരിച്ചുവരുന്ന സ്ഥിതിയുണ്ടായി. കുടിയേറ്റ നിയമം കര്‍ശനമാക്കുന്നതിന്റെയും തദ്ദേശീയരായ തൊഴിലാളികള്‍ക്ക് തൊഴില്‍ നല്കുന്നതിനുള്ള വ്യവസ്ഥകള്‍ കര്‍ക്കശമാക്കുന്നതിന്റെയും ഫലമായി ഈ പ്രതിസന്ധി കൂടുതല്‍ മൂര്‍ച്ഛിച്ചിരിക്കുകയാണ്.

രാഷ്ട്രീയാവബോധം, പ്രാഥമിക വിദ്യാഭ്യാസം, ആരോഗ്യം, സാക്ഷരത എന്നീ രംഗങ്ങളില്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുന്‍പന്തിയില്‍ നില്ക്കുന്ന സംസ്ഥാനമായിട്ടും പരിവര്‍ത്തനോന്മുഖമായ ലോക സാഹചര്യങ്ങള്‍ക്കനുസൃതമായ സാമൂഹിക-ഭൗതിക അന്തരീക്ഷം ഇന്നും കേരളത്തില്‍ സംജാതമായിട്ടില്ല. ജാത്യാധിഷ്ഠിതമായ അയിത്തവും വിവേചനങ്ങളും പ്രത്യക്ഷമായി ഇന്ന് നിലവിലില്ലെങ്കിലും ജാതി-മത ശക്തികള്‍ പ്രത്യക്ഷമായും പരോക്ഷമായും സമൂഹത്തിലെ ഓരോ ചലനത്തെയും; നയപരിപാടികളെയും സ്വാധീനിച്ചുകൊണ്ടിരിക്കുന്നു. ഈ വിഭാഗീയാത്മവത്ത പഴയ സാമൂഹികഘടനയുടെ തുടര്‍ച്ചയാണ്. പരമ്പരാഗത വ്യവസായങ്ങള്‍ക്ക് അവയുടെ പരമ്പരാഗത രീതിയില്‍ ഇനി അധികകാലം തുടരാനാവില്ലെന്നത് ഒരു യാഥാര്‍ഥ്യമാണ്. കേരളത്തില്‍ ശക്തിപ്പെട്ടുവരുന്ന പാരിസ്ഥിതിക അവബോധം അനിവാര്യമാക്കുന്ന കര്‍ശനമായ മലിനീകരണ നിയന്ത്രണങ്ങളും സംസ്ഥാനത്തെ ഊര്‍ജ പ്രതിസന്ധിയും വ്യാവസായിക വളര്‍ച്ചാരംഗത്തെ മുരടിപ്പും വളരെയേറെ പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുന്നു. ഇതാകട്ടെ ഭാവിതലമുറയുടെ തൊഴില്‍ സുരക്ഷിതത്വം പ്രതിസന്ധിയിലാക്കുകയും സാമൂഹികപുരോഗതിയെ പ്രതിരോധിക്കുകയും ചെയ്യുന്നു.

പൊതുവില്‍ വര്‍ത്തമാന കേരളത്തിന്റെ സാമൂഹിക ജീവിതനിലവാരം മെച്ചമാണെങ്കിലും ദാരിദ്ര്യത്തിന്റെയും അസമത്വത്തിന്റെയും തുരുത്തുകള്‍ ഇന്നും അവശേഷിക്കുന്നുണ്ട്. ദലിതര്‍, ആദിവാസികള്‍, മത്സ്യത്തൊഴിലാളികള്‍, പരമ്പരാഗത മേഖലയിലെ തൊഴിലാളികള്‍, അന്യസംസ്ഥാന തൊഴിലാളികള്‍ തുടങ്ങിയ വിഭാഗങ്ങള്‍ ഇന്നും മുഖ്യധാരയില്‍ നിന്നും അകലെയാണ്. എങ്കിലും പരിമിതമായ വ്യാവസായിക വളര്‍ച്ചയിലും, ആളോഹരിവരുമാനം കുറവായിട്ടും വിദ്യാഭ്യാസ ആരോഗ്യരംഗങ്ങളിലും സാമൂഹിക സുരക്ഷിതത്വത്തിന്റെ കാര്യത്തിലും നിര്‍ണായകനേട്ടങ്ങള്‍ കൈവരിക്കാനും തദ്വാര ഉയര്‍ന്ന ജീവിതനിലവാരം ആര്‍ജിക്കാനും കേരളസമൂഹത്തിന് കഴിഞ്ഞിട്ടുണ്ട്.

മതങ്ങള്‍

ഹിന്ദുമതം

ആവിര്‍ഭാവം

ആര്യ, പ്രാഗ് ദ്രാവിഡാചാരവിശ്വാസങ്ങളുടെ സമാഹാരമാണ് കേരളത്തിലെ ഹിന്ദുമതം. ആര്യന്മാര്‍ കേരളമുള്‍പ്പെടെയുള്ള തമിഴകത്തു കുടിയേറുന്നതിനു മുമ്പുതന്നെ പ്രാഗ്ദ്രാവിഡരും ദ്രാവിഡരുമായ പൂര്‍വനിവാസികളുടെ ആചാരവിശ്വാസങ്ങള്‍ ഇവിടെ നിലവിലിരുന്നു; മലദൈവങ്ങളും ശിവനും മുരുകനും കാളിയും മറ്റും അവരുടെ ആരാധനാമൂര്‍ത്തികളായിരുന്നു; ക്ഷേത്രാരാധനയും അന്നുണ്ടായിരിക്കാം. അങ്ങനെ ഹിന്ദുമതത്തിന്റെ പുരാതനരൂപം ചരിത്രാതീതകാലത്തുതന്നെ കേരളത്തിലും നിലവില്‍ ഇരുന്നിരിക്കാന്‍ ഇടയുണ്ട്. പിന്നീട് ആര്യന്മാരുടെ ആഗമനത്തോടെ സനാതനധര്‍മമെന്ന് അറിയപ്പെട്ടിരുന്ന ഹൈന്ദവധര്‍മം കേരളത്തില്‍ പ്രതിഷ്ഠ നേടിയിരിക്കണം.

ആര്യന്മാര്‍ കേരളത്തില്‍ പലപ്പോഴായിട്ടായിരിക്കണം കുടിയേറിപ്പാര്‍ത്തത്. പല സ്ഥലങ്ങളില്‍ പലപ്പോഴായി അധിവാസം നടത്തിയ ആര്യബ്രാഹ്മണരുടെ കുലനാമങ്ങളും പല ലിഖിതങ്ങളിലെ പ്രസ്താവനകളും ഈ അഭിപ്രായത്തിന് ഉപോദ്ബലകമാണ്.

ക്രിസ്ത്വബ്ദം നാലാം നൂറ്റാണ്ടില്‍ ദക്ഷിണഭാരതത്തിലുണ്ടായ ചില സംഭവവികാസങ്ങള്‍ ബ്രാഹ്മണരുടെ ആഗമനത്തെ സൂചിപ്പിക്കുന്നവയാണ്. കദംബരാജാവായ മയൂരവര്‍മന്‍ ബ്രാഹ്മണരെ അഹിച്ഛത്രത്തില്‍ നിന്നും കൊണ്ടുവന്നതായി ഒരു ലിഖിതത്തില്‍ കാണുന്നു. ഈ അഹിച്ഛിത്രത്തിനു ഭൃഗുകച്ഛമെന്നും പേരുണ്ട്. ഭൃഗുകച്ഛം മുതല്‍ കന്യാകുമാരി വരെയുള്ള പശ്ചിമതീരം പരശുരാമന്റെ സാഹസികകഥയുമായി ബന്ധപ്പെട്ടതാണെന്ന് രാധാകമല്‍ മുഖര്‍ജി അഭിപ്രായപ്പെടുന്നു. നാലാം നൂറ്റാണ്ടോടുകൂടി കേരളത്തില്‍ ബ്രാഹ്മണരുടെ കുടിയേറ്റം ആരംഭിച്ചുകഴിഞ്ഞതായാണ് മയൂരവര്‍മലിഖിതം സൂചിപ്പിക്കുന്നത്. ഇത്തരം കുടിയേറ്റക്കാരുടെ നേതാക്കന്മാരില്‍ ഒരാളായിരുന്നുവത്രെ മേഴത്തോള്‍ അഗ്നിഹോത്രി. ഇദ്ദേഹത്തിന്റെ കാലത്തെ സൂചിപ്പിക്കുന്ന കലിദിനസംഖ്യയെക്കുറിക്കുന്ന വാക്യം 'യജ്ഞസ്ഥാനം സംരക്ഷ്യം' എന്നതാണെന്നും അത് നാലാം ശതകത്തിലെ ഒരു വര്‍ഷത്തെയാണ് സൂചിപ്പിക്കുന്നതെന്നും പ്രൊഫ. കെ.ആര്‍. പിഷാരൊടി അഭിപ്രായപ്പെടുന്നു.

കുടിയേറ്റക്കാരുടെ നേതൃത്വം ബ്രാഹ്മണര്‍ക്കായിരുന്നുവെങ്കിലും അനുയായികളായി ക്ഷത്രിയന്മാരും മറ്റും ആ സംഘങ്ങളില്‍ ഉള്‍പ്പെട്ടിരിക്കാന്‍ ഇടയുണ്ട്. ആര്യന്മാര്‍ ഭാരതത്തില്‍ കുടിയേറിപ്പാര്‍പ്പു തുടങ്ങിയ പൂര്‍വവൈദികകാലത്തുതന്നെ തദ്ദേശീയരായ ദ്രാവിഡരെയും മറ്റും ദാസന്മാരാക്കി പണിയെടുപ്പിച്ചിരുന്നു. ആ ദാസന്മാര്‍ ദസ്യുക്കളായും പിന്നീടു ശൂദ്രരായും ഗണിക്കപ്പെട്ടിരിക്കാമെന്നാണ് ചരിത്രകാരന്മാര്‍ അനുമാനിക്കുന്നത്. കേരളത്തില്‍ കുടിയേറിയ സംഘങ്ങളില്‍ ആര്യന്മാരോടൊപ്പം ശൂദ്രരും വന്നിരിക്കണം. എന്നാല്‍ കച്ചവടം മുതലായ തൊഴിലില്‍ ഏര്‍പ്പെട്ടിരുന്ന വൈശ്യന്മാര്‍ക്ക് കേരളത്തില്‍ സ്ഥിരപ്രതിഷ്ഠ ലഭിച്ചില്ല. ഇവിടത്തെ കച്ചവടം മിക്കവാറും വിദേശീയരുടെ കുത്തകയായിരുന്നതാകാം ഇതിനു കാരണം. അതിനാല്‍ ബ്രാഹ്മണരും ക്ഷത്രിയരും ശൂദ്രരും ഉള്‍പ്പെട്ട സംഘങ്ങള്‍ പലപ്പോഴായി കേരളത്തിലും മറ്റും വന്നു താമസമുറപ്പിച്ചുവെന്ന് വിശ്വസിക്കാവുന്നതാണ്. കുടിയേറ്റക്കാരായ ബ്രാഹ്മണര്‍ മനുസ്മൃതിയിലെ വ്യവസ്ഥകളെ പാലിച്ചിരുന്നുവെന്നും കാണുന്നു.

ഫ്യൂഡലിസത്തിന്റെ ഉദയത്തോടുകൂടി കേരളത്തിലും ജാതിവ്യവസ്ഥ ഉടലെടുത്തു. പരിഷ്കൃതജീവിതത്തിന്റെ ആരംഭഘട്ടത്തില്‍ പ്രവൃത്തിവിഭജനത്തിന്റെ അടിസ്ഥാനത്തിലാണ് ലോകത്തു പലയിടത്തും തൊഴില്‍വിഭജനം ഉദയംകൊണ്ടത്. ഈജിപ്തിലും പ്രാചീന ഗ്രീസിലും തൊഴില്‍ വിഭജനത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിവുകള്‍ ഉദ്ഭവിച്ചിരുന്നു. എന്നാല്‍ ഇന്ത്യയില്‍ മാത്രമാണ് ഈ വിഭജനം ജാതിവ്യവസ്ഥയിലൂടെ വേരുറച്ചത്. ഋഗ്വേദത്തിലെ പുരുഷസൂക്തത്തില്‍ ചാതുര്‍വര്‍ണ്യത്തിന്റെ പരാമര്‍ശം കാണുന്നു. മൂവായിരത്തിലധികം വര്‍ഷങ്ങളുടെ പഴക്കം ഭാരതത്തിലെ ഈ ചാതുര്‍വര്‍ണ്യവ്യവസ്ഥയ്ക്കുണ്ടെന്നു ഇതില്‍ നിന്നു മനസ്സിലാക്കാം. ഭാരതത്തില്‍ കടന്നുവന്ന ആര്യന്മാരും പൂര്‍വനിവാസികളും ഒന്നിച്ചുചേര്‍ന്നുള്ള ജീവിതം ആരംഭിച്ചതോടുകൂടിയാണ് വര്‍ണവ്യത്യാസം ആരംഭിച്ചതെന്ന മാക്സ്വേബര്‍ എന്ന ജര്‍മന്‍ സാമൂഹിക ശാസ്ത്രജ്ഞന്റെ അഭിപ്രായമാണ് ഇന്ന് പ്രായേണ അംഗീകരിക്കപ്പെടുന്നത്. പൂര്‍വനിവാസികള്‍ ദാസന്മാരും ദസ്യുക്കളും ശൂദ്രരുമായി മാറിയെന്നും ആര്യന്മാരുടെയും പൂര്‍വനിവാസികളുടെയും നിറവ്യത്യാസത്തെ അടിസ്ഥാനമാക്കി വര്‍ണവ്യത്യാസം രൂപമെടുത്തുവെന്നും പ്രൊഫ. കൊസാംബിയും മറ്റും അഭിപ്രായപ്പെടുന്നു. ആര്യന്മാരും ദ്രാവിഡരുമായി വംശസങ്കരവും ഇതിനിടയില്‍ സംഭവിച്ചിരിക്കണം. അങ്ങനെ 'ഇന്തോ-ആര്യന്‍' വംശവും രൂപമെടുത്തു. അതോടെ പുരോഹിതവര്‍ഗമായ ബ്രാഹ്മണരും ഗണസംരക്ഷണത്തിനായി ആയുധമെടുത്ത പോരാളികളായ ക്ഷത്രിയരും കൃഷിവാണിജ്യാദികളില്‍ ഏര്‍പ്പെട്ടിരുന്ന വൈശ്യരും ചേര്‍ന്ന ത്രൈവര്‍ണികവര്‍ഗം സംജാതമായി. ദാസവൃത്തി സ്വീകരിച്ച ദസ്യുക്കള്‍ ശൂദ്രരുമായതോടെ ചാതുര്‍വര്‍ണ്യവും ഉടലെടുത്തു. ഇന്ത്യയിലെ ഗ്രാമസമുദായ വ്യവസ്ഥ, വൈദികമതം കൈക്കൊണ്ട തത്ത്വചിന്താസരണി, ബ്രാഹ്മണാധിപത്യം എന്നിവ ഒരു ജാതിയില്‍ ജനിച്ചവന്റെ മറ്റൊരു ജാതിയിലേക്കുള്ള പരിവര്‍ത്തനം അസാധ്യമാക്കി; ചാതുര്‍വര്‍ണ്യം ജാതിയായി പരിണമിച്ചു.

മേല്‍പ്പറഞ്ഞ ചരിത്രപശ്ചാത്തലത്തിലാണ് കേരളത്തിലെ ജാതിവ്യവസ്ഥയെപ്പറ്റി ചിന്തിക്കേണ്ടത്. ബൗദ്ധപ്രഭാവകാലത്തിന്റെ അവസാനത്തോടുകൂടിയാണ് കേരളത്തിലെ ചാതുര്‍വര്‍ണ്യ വ്യവസ്ഥ ജാതിവ്യവസ്ഥയായി മാറിയത്. അതിന് മുമ്പ് പാണന്‍, പറയന്‍, പരതന്‍, ആയന്‍ എന്നും മറ്റും അറിയപ്പെട്ടിരുന്നത് തൊഴിലിന്റെ അടിസ്ഥാനത്തിലുള്ള ജനവിഭാഗങ്ങളാണ്. കുടിയേറിപ്പാര്‍ത്ത് പ്രത്യേക സമൂഹമായി ജീവിച്ചിരുന്ന ബ്രാഹ്മണരും മേല്‍പ്പറഞ്ഞ ജനവിഭാഗങ്ങളും തമ്മില്‍ അയിത്തമോ ഉച്ചനീചത്വമോ ഉണ്ടായിരുന്നില്ല. രാജസഭയില്‍ വിദ്വാനായ ബ്രാഹ്മണനോടൊപ്പം വിദ്വാനായ പാണനും ആദരിക്കപ്പെട്ടിരുന്നു. 'പറയിപെറ്റ പന്തിരുകുല'ത്തെ സംബന്ധിച്ച ഐതിഹ്യവും ഈ വസ്തുതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഏഴും എട്ടും നൂറ്റാണ്ടുകാലത്തെ ശൈവ വൈഷ്ണവ ഭക്തി പ്രസ്ഥാനങ്ങളുടെ കാലത്തും ജാതി രൂഢമൂലമായിരുന്നില്ല. ശൈവ-വൈഷ്ണവന്മാരില്‍ പലരും ജാതിമേന്മ നടിച്ചിരുന്നില്ല. ഉച്ച-നീചഭാവന കൂടാതെ ശിവഭക്തന്മാര്‍ ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചിരുന്നു. വേടനായിരുന്ന കണ്ണപ്പനും പുലയനായിരുന്ന നന്ദനും ഉയര്‍ന്ന ബ്രാഹ്മണ നായനാര്‍മാരെന്നപോലെ ആദരിക്കപ്പെട്ടിരുന്നു. നഹനന്ദിയും തിരുജ്ഞാനസംബന്ധരും മറ്റും ജാതിമേന്മ നടിച്ചിരുന്നുവെന്നും അവര്‍ക്കുണ്ടായ ചില അദ്ഭുതാനുഭവങ്ങളുടെ ഫലമായി ജാതിഭേദത്തിന്റെ അര്‍ഥശൂന്യത അവര്‍ക്ക് ബോധ്യമായെന്നും കാണിക്കുന്ന ചില കഥകളില്‍ നിന്നും ചിലര്‍ അക്കാലത്തും ജാതിമേന്മ നടിച്ചിരുന്നുവെന്നു മനസ്സിലാക്കാം.

കേരളത്തിലെത്തിയ ബ്രാഹ്മണര്‍ സംഘടിതരായിരുന്നുവെന്നും തന്നിമിത്തം ഇവിടെ ജാതിഭേദം വളരെ വേഗം രൂഢമൂലമായിയെന്നും ഒമ്പതാം ശതകത്തിന്റെ ആരംഭത്തോടെ ബ്രാഹ്മണര്‍ രാഷ്ട്രീയത്തില്‍പ്പോലും സ്വാധീനത ചെലുത്തിത്തുടങ്ങിയെന്നും അതോടെ ജാതി വ്യവസ്ഥയും സമാരബ്ധമായി എന്നും ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. 32 ഗ്രാമങ്ങളിലായി താമസിച്ചിരുന്ന മലയാള ബ്രാഹ്മണര്‍ നാലു കഴകങ്ങളായി തിരിയുകയും തളിയാതിരിമാരുടെ കീഴില്‍ സംഘടിച്ച് 12 വര്‍ഷത്തിലൊരിക്കല്‍ ഒന്നിച്ചുകൂടി സമുദായകാര്യങ്ങളും രാഷ്ട്രീയകാര്യങ്ങളും ചര്‍ച്ചചെയ്തു തീരുമാനങ്ങള്‍ കൈകൊള്ളുകയും ചെയ്തിരുന്നു. മലയാള ബ്രാഹ്മണരില്‍ നല്ലൊരു വിഭാഗം തദ്ദേശീയരായിരുന്നു. ക്രമേണ ഇവര്‍ കേരളത്തിന് അനുയോജ്യമായൊരു ജീവിതശൈലി വികസിപ്പിച്ചെടുക്കുകയും ചെയ്തു. ഇക്കാലത്ത് വടക്കേ ഇന്ത്യയില്‍ നിന്നും വന്ന ബ്രാഹ്മണരുമായി ചേര്‍ന്നു പുതിയ ബ്രാഹ്മണവിഭാഗമായിത്തീര്‍ന്നു; ഭട്ടതിരി, പോറ്റി, നമ്പൂതിരി എന്നും മറ്റും പില്ക്കാലത്ത് അവര്‍ അറിയപ്പെടാന്‍ ഇടയായി. ഇവര്‍ കേരളാചാരങ്ങള്‍-മുന്‍കുടുമാ അനുലോമ വിവാഹബന്ധം, നാഗാരാധന മുതലായവ സ്വീകരിച്ചു തനി കേരളീയരായി മാറി; നാടിന്റെ ജീവിതധാരയുമായി ഇഴുകിച്ചേര്‍ന്ന് കൂടുതല്‍ ജനസ്വാധീനതയും നേടി.

അദ്വൈത വേദാന്ത ദര്‍ശനത്തിന്റെ വ്യഖ്യാനവും വ്യവസ്ഥാപകനുമായ ശ്രീശങ്കരന്‍ ഇന്ത്യയൊട്ടാകെ വൈദികമതത്തിന്റെ പുനരുത്ഥാനത്തിന് വഴിതെളിച്ചു. ആയിരത്തിലധികം വര്‍ഷം ഭാരതത്തില്‍ പ്രമുഖ മതമായി പ്രചരിച്ചിരുന്ന ബുദ്ധമതവും ക്രമേണ നിഷ്കാസിതമായി; ജൈനമതം നഷ്ടപ്രായമാവുകയും ഹിന്ദുമതത്തിന്റെ ഒരു ശാഖയെന്നോണം രൂപാന്തരപ്പെടുകയും ചെയ്തു. ശൈവ വൈഷ്ണവാദി മതങ്ങളും വേദാന്തദര്‍ശനത്തിന്റെ മേധാവിത്വത്തിന് വിധേയമായി. ഭാരതത്തിലുടനീളമുണ്ടായ ഈ പരിവര്‍ത്തനം കേരളത്തിലും പ്രകടമായി. വേദാന്തദര്‍ശനം കൈവരിച്ച വിജയം കേരളത്തില്‍ ബ്രാഹ്മണവിജയമായി മാറി. വേദോപനിഷത്തുകള്‍ പഠിക്കുവാനുള്ള അധികാരം ബ്രാഹ്മണര്‍ക്കായിരുന്നുവല്ലോ. ക്ഷത്രിയരും വൈശ്യരും കേരളത്തില്‍ ഗണനീയ സമുദായമായിരുന്നില്ല. ബ്രാഹ്മണരും നായരായി ഗണിക്കപ്പെടുന്ന ശൂദ്രരും ആയിരുന്നു ഇവിടത്തെ പ്രബലവിഭാഗം. അങ്ങനെ വേദാന്തദര്‍ശനത്തിന്റെയും വേദാന്തധര്‍മത്തിന്റെയും അധികാരിയെന്നനിലയില്‍ ബ്രാഹ്മണവര്‍ഗം മേധാവിത്വം പുലര്‍ത്തുവാനിടയായി.

ശങ്കരാചാര്യര്‍

ബ്രാഹ്മണരും അവരോടൊത്തവരും ഒരു ചേരിയായി; ബ്രാഹ്മണമതത്തെ എതിര്‍ത്തവര്‍ മറ്റോരു ചേരിയിലും. അങ്ങനെ കേരളീയജനത രണ്ടായി വിഭജിക്കപ്പെട്ടു. ശൈവ വൈഷ്ണവ ഭക്തിപ്രസ്ഥാനക്കാര്‍ ബ്രാഹ്മണരോടൊത്തുകൂടി. ജൈന ബൗദ്ധമതാനുയായികള്‍ ബ്രാഹ്മണമതത്തെ എതിര്‍ത്തവരില്‍ പ്രമുഖരായിരുന്നു. ബ്രാഹ്മണമതാനുയായികള്‍ ഹിന്ദുക്കളായും മറ്റേക്കൂട്ടര്‍ ഹിന്ദുമത ബാഹ്യരുമായി ഗണിക്കപ്പെട്ടു. ഹിന്ദുമതാനുയായികളെ വര്‍ണങ്ങളായി തിരിച്ചു. വൈശ്യവിഭാഗം ഇവിടെ വേരോടിയില്ല. ബ്രാഹ്മണക്ഷത്രിയശൂദ്രന്മാര്‍ സവര്‍ണരായി. ബുദ്ധമതം ക്ഷയിച്ചതോടെ ശേഷിച്ച ബൌദ്ധന്മാരും ഹിന്ദുമതം സ്വീകരിച്ചു. ഹിന്ദുമതം സ്വീകരിച്ച ആ ബൗദ്ധരെ തീണ്ടല്‍ജാതിക്കാരായി മാറ്റിനിര്‍ത്തി.

ജാതിശ്രേഷ്ഠന്‍ വൃത്തിനോക്കി സ്വയം കീഴ്

ജാതിക്കാരായ് ബൗദ്ധരെച്ചേര്‍ത്തതുവേറെ

പാതിത്യക്കാര്‍ മട്ടു തീണ്ടിക്കുളിക്കും

ചേതിക്കാക്കി നീചവൃത്തിവ്രജത്തെ

(കേരളം, 5-ാം സ. ശ്ലോ. 144) എന്ന് കുഞ്ഞുക്കുട്ടന്‍ തമ്പുരാന്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നു. ബൗദ്ധരില്‍ വിദ്വാന്മാരെ ബ്രാഹ്മണരായി സ്വീകരിച്ചുവെന്നും തമ്പുരാന്‍ തുടര്‍ന്ന് പറയുന്നു. ജാതിവ്യവസ്ഥയും അയിത്താചാരവും ചിട്ടപ്പെടുത്തുന്ന തീരുമാനം മാമാങ്ക സദസ്സില്‍ കൈക്കൊണ്ടിരുന്നുവെന്ന് ഗവേഷകന്മാര്‍ അനുമാനിക്കുന്നു. തൊഴിലിനെ ആസ്പദമാക്കിയും മറ്റും രൂപംകൊണ്ടിരുന്ന ജാതികള്‍ക്ക് ഉച്ചനീചത്വവും അയിത്തവും മറ്റും കല്പിച്ചു നടപ്പാക്കിയത് ഈ മാമാങ്ക സഭയാണത്രേ.

ഇന്നു കേരളത്തിലെ പ്രബല സമുദായങ്ങളായ നായര്‍, ഈഴവര്‍ എന്നിവരെക്കുറിച്ചുള്ള പരാമര്‍ശം 8-ാം ശതകത്തിന് മുമ്പുള്ള സാഹിത്യങ്ങളിലും മറ്റും കാണുന്നില്ല. ആ കാലഘട്ടത്തോടടുപ്പിച്ച് ഇവര്‍ കേരളത്തില്‍ കുടിയേറിപ്പാര്‍ത്തതായും കാണുന്നില്ല. ഇതില്‍ നിന്ന് ഉരുത്തിരിഞ്ഞുവന്നവരായിരിക്കാം ഈ രണ്ടു വിഭാഗക്കാരുംഎന്നാണ് ചരിത്രകാരന്മാരുടെ നിഗമനം. 9-ാം ശതകത്തിന്റെ ഉത്തരാര്‍ധത്തില്‍ വിജയരാഗദേവന്റെ തിരുക്കടിസ്ഥാനം ലിഖിതത്തിലാണ് 'നായര്‍' എന്ന പരാമര്‍ശം കാണുന്നത്. സ്ഥാണുരവിയുടെ അഞ്ചാം ഭരണവര്‍ഷത്തിലെ തരിസാപ്പള്ളി ശാസനത്തില്‍ ഈഴവരെക്കുറിച്ചും പരാമര്‍ശിച്ചു കാണുന്നു. 'ഈഴവര്‍' എന്നത് തൊഴിലുമായി ബന്ധപ്പെട്ട ജാതിപ്പേരായി രാജരാജചോളന്റെ തഞ്ചാവൂര്‍ ശാസനത്തിലും നിര്‍ദേശിച്ചു കാണുന്നുണ്ട്. സംഘകാലം മുതല്‍ ബുദ്ധമതം സ്വീകരിച്ചിരുന്ന ഗണങ്ങളാണ് ഈഴവരായി രൂപാന്തരപ്പെട്ടതെന്ന അഭിപ്രായവും ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിക്കാണുന്നു. ചാന്റോര്‍ എന്നറിയപ്പെട്ടിരുന്ന ചാന്നാന്മാരും ഈഴവരില്‍ ലയിച്ച ജനവിഭാഗമാണ്. ചാന്റോര്‍ സംഘകാലത്ത് ഉന്നതപദവിയില്‍ ആയിരുന്നുവെന്നും അവര്‍ മദ്യഹാരകന്മാരായിരുന്നുവെന്നും പറയപ്പെടുന്നു. ചേകോനും ചോവനും സേവകനില്‍ നിന്ന് നിഷ്പന്നമായ രൂപമാകാം. ചേകോന്മാര്‍ അങ്കം വെട്ടുന്നതില്‍ വിരുതന്മാരായിരുന്നു. അവര്‍ ഈഴവരില്‍ ലയിച്ചുചേര്‍ന്ന വില്ലോര്‍മാരുടെ അനന്തരഗാമികളാകാമെന്നാണ് ഊഹം.

ഗോത്രത്തിന്റെയും തൊഴിലിന്റെയും അടിസ്ഥാനത്തില്‍ സംഘകാലത്തുണ്ടായിരുന്ന വിഭജനത്തില്‍ നിന്നും പുലയന്‍, പറയന്‍, വേട്ടുവന്‍, അരയന്‍, വാലന്‍, ആശാരി, കൊല്ലന്‍ മുതലായ ജാതികള്‍ ഉദ്ഭവിച്ചു. പുലങ്ങളില്‍ (വിശാലമായ നിലങ്ങളില്‍) ജോലി ചെയ്തിരുന്നവര്‍ പുലയരും കുന്നിന്‍മേടുകളില്‍ താമസിച്ചിരുന്നവന്‍ (പൊറൈയന്‍) പറയനുമായിത്തീര്‍ന്നുവത്രേ. ദരിദ്രരായിരുന്ന ഇവര്‍ സമൂഹത്തിലെ ഏറ്റവും താഴ്ന്ന ജാതിക്കാരായി ഗണിക്കപ്പെട്ടു. ഇങ്ങനെ കേരളത്തില്‍ രൂപംകൊണ്ട ജാതിവ്യവസ്ഥ സമ്പൂര്‍ ണവും കര്‍ക്കശവുമായിത്തീര്‍ന്നു. ഹിന്ദുക്കളുടെ കര്‍മസിദ്ധാന്തത്തെ ആധാരമാക്കി മതത്തിന്റെ അധികാര ശക്തിയുടെ പിന്‍ബലത്തോടെ ഹിന്ദുമതത്തിന്റെ ചട്ടക്കൂട്ടിനുള്ളില്‍ നിന്നുകൊണ്ടാണ് ഈ ജാതിവ്യവസ്ഥ നടപ്പിലാക്കിയത്. 'ദുര്‍ജനത്തിന്‍ കരബലകല്പിതമായ ജാതിഭേദം കേരളത്തില്‍' തിയോക്രാറ്റിക് ഫ്യൂഡലിസത്തിന്റെ സന്തതിയാണെന്ന് പറയാം. 'ജാതിപരമായ അകറ്റി നിര്‍ത്തല്‍' ഹിന്ദുസമൂഹത്തിന്റെ അനൈക്യത്തിനും ശിഥിലീകരണത്തിനും വഴിയൊരുക്കുകയാണുണ്ടായത്. ഈ ജാതിവ്യവസ്ഥയുടെ പേരിലുള്ള അവശത പതിനാറാം നൂറ്റാണ്ടിന് വളരെ മുമ്പുതന്നെ പൂര്‍ണരൂപത്തില്‍ നിലവില്‍ വന്നുകഴിഞ്ഞിരുന്നു. ഭാരതത്തിലും കേരളത്തിലും സാമൂഹിക പരിഷ്കര്‍ത്താക്കളായ ആചാര്യന്മാരുടേയും പ്രവര്‍ത്തനങ്ങളുടെ ഫലമായി ഇരുപതാം നൂറ്റാണ്ടിന്റെ ഉദയത്തോടുകൂടി ജാതിയുടെ പേരിലുള്ള ചൂഷണം ഒരു പരിധിവരെ ക്ഷയോന്മുഖമായിത്തീര്‍ന്നു.


ആചാരങ്ങളും വിശ്വാസങ്ങളും

കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യയുടെ പശ്ചിമതീരത്ത് പ്രാഗ്ദ്രാവിഡം, ദ്രാവിഡം, ആര്യദ്രാവിഡം എന്നിങ്ങനെ മൂന്നു വ്യത്യസ്ത മതവിശ്വാസങ്ങളും ആചാരങ്ങളും ദൃശ്യമാണ്. ഇവയില്‍ ഒന്നാമത്തേത് പ്രാഗ്ദ്രാവിഡരായ ആദിവാസികളുടെ മതാനുഷ്ഠാനങ്ങളാണ്. വൃക്ഷങ്ങള്‍, സര്‍പ്പങ്ങള്‍, ചാവുകള്‍, ദുര്‍ദേവതകള്‍ മുതലായവയാണ് ഇവരുടെ ആരാധനാമൂര്‍ത്തികള്‍. പ്രകൃതിയും പരേതാത്മാക്കളും ഇവയില്‍ ഉള്‍പ്പെടുന്നു. തുടര്‍ന്നുള്ള ദ്രാവിഡ കാലഘട്ടത്തില്‍ വീരശിലകളും സ്മാരകശിലകളും പ്രതിഷ്ഠിക്കുന്ന സമ്പ്രദായം ആരംഭിച്ചു.

ദ്രാവിഡവിഭാഗത്തിന്റെ പ്രതിനിധികളായ തമിഴര്‍ കേരളത്തില്‍ എത്തിയതോടെയാണ് പ്രേതങ്ങളിലും മരണാനന്തര ജീവിതത്തിലുമുള്ള വിശ്വാസം കേരളീയരില്‍ വര്‍ധിച്ചത്. തമിഴര്‍ മുമ്പ് ഇവിടെ അധിവസിച്ചിരുന്ന പ്രാഗ് ദ്രാവിഡരുടെ ചില ദേവതകളെയും സ്വീകരിച്ചു. കുടിയേറിയ ആര്യന്മാരും കാലക്രമേണ ഈ ദേവതകളെ അംഗീകരിക്കുകയും തങ്ങളുടെ മതവിശ്വാസത്തില്‍ അവയ്ക്കു സ്ഥാനം കല്പിക്കുകയും ചെയ്തു. പ്രാഗ് ദ്രാവിഡര്‍ക്കിടയില്‍ ഉടലെടുത്ത പ്രകൃത്യാരാധന (Naturalism), ആത്മവാദം (Animism), ടോട്ടമിസം എന്നിവ ദ്രാവിഡരും ക്രമേണ ആര്യന്മാരും സ്വീകരിക്കുകയുണ്ടായി.

ഹിന്ദുദൈവങ്ങളുടെ കൂട്ടത്തില്‍ പ്രമുഖസ്ഥാനം അലങ്കരിക്കുന്ന ശിവനും മുരുകനും വ്യക്തമായും ദ്രാവിഡ സങ്കല്പങ്ങളാണ് . ലിംഗാരാധന സംഘകാലത്തുതന്നെ ഉണ്ടായിരുന്നു. നെറ്റിയില്‍ മൂന്നാംകണ്ണും തിരുമുടിയുടെ ഒരുവശത്ത് ചന്ദ്രക്കലയും നീലകണ്ഠവും ഉള്ള ശിവനെക്കുറിച്ചുള്ള പ്രസ്താവം സംഘം കൃതികളില്‍ കാണുന്നു. ആര്യന്മാരുടെ ആഗമനത്തോടുകൂടി സംഘകാലത്തുതന്നെ മറ്റു പല പുതിയ ദൈവങ്ങളും പ്രത്യക്ഷപ്പെട്ടുതുടങ്ങി. തമിഴരുടെ ഇടയില്‍ 'മായോന്‍' എന്ന ദേവനായിരുന്നു ഇവയില്‍ ഏറ്റവും പ്രധാനം. കേരളത്തില്‍ വിഷ്ണ്വാരാധനയ്ക്ക് പ്രത്യേകിച്ചും വിഷ്ണുവിന്റെ അവതാരമായ കൃഷ്ണന്റെ ആരാധനയ്ക്ക് ഏറെ പ്രചാരം സിദ്ധിച്ചിരുന്നു. സംഘകാലം മുതല്‍ ആരാധിക്കപ്പെടുന്ന മറ്റു ദൈവങ്ങളുടെ കൂട്ടത്തില്‍ ഇന്ദ്രന്‍, ബലരാമന്‍ എന്നിവര്‍ പ്രമുഖന്മാരാണ്. മഴയുടെയും കൃഷിയുടെയും ദേവനായി ഇന്ദ്രനെ 'ഇന്ദ്രവിഴാ' ആഘോഷിച്ച് അന്ന് ആരാധിച്ചിരുന്നു. ലക്ഷ്മിയും സരസ്വതിയും ഇതിഹാസകാലം മുതലേ ആരാധ്യദേവതകളായിത്തീര്‍ന്നിട്ടുണ്ട്. ഗണപതിയെക്കുറിച്ചുള്ള പ്രസ്താവം സംഘം കൃതികളില്‍ കാണുന്നില്ല. ശ്രീരാമനും കൃഷ്ണനും അക്കാലത്ത് ദേവന്മാരായിത്തീര്‍ന്നിരുന്നില്ല.

സംഘകാലത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ ആരാധനാമൂര്‍ത്തികളെ പ്രതിഷ്ഠിച്ച ക്ഷേത്രങ്ങള്‍ കേരളത്തില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു. 'കോട്ടം' അഥവാ 'കോയില്‍' എന്ന പേരിലാണ് അവ അറിയപ്പെട്ടിരുന്നത്. ചിലപ്പതികാരത്തിന്റെ കാലത്തോടുകൂടി ഇത്തരം ക്ഷേത്രങ്ങളുടെ എണ്ണം വര്‍ധിച്ചു. മതപരമായ ചടങ്ങുകളില്‍ അക്കാലത്ത് നടപ്പുണ്ടായിരുന്ന 'പൂപ്പലി' അഥവാ പുഷ്പാര്‍ച്ചന ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. സംഘകാലത്തും ബ്രാഹ്മണര്‍ വേദവിധി പ്രകാരമുള്ള ബലികള്‍ അല്ലെങ്കില്‍ യാഗങ്ങള്‍ നടത്തിയിരുന്നു. യാഗം ജനങ്ങളുടെ ക്ഷേമാഭിവൃദ്ധിക്കും ദൈവപ്രീതിക്കും വേണ്ടിയാണ് അവര്‍ നടത്തിയിരുന്നത്. രാജാക്കന്മാരും യാഗങ്ങള്‍ നടത്തിവന്നിരുന്നതായി ചരിത്രരേഖകളില്‍ കാണുന്നു. പല്‍യാനൈ ചെല്‍കെഴുകുട്ടുവന്‍ (രണ്ടാം ശ.) എന്ന ചേരരാജാവ് മഹര്‍ഷി ഗൗതമനാരുടെ നേതൃത്വത്തില്‍ പത്തു യാഗങ്ങള്‍ നടത്തിയതായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിക്കാണുന്നു.

പലപ്പോഴായി കേരളത്തില്‍ ആധിപത്യമുറപ്പിച്ച ബ്രാഹ്മണര്‍ അനാര്യദേവന്മാരെയും ദേവിമാരെയും ഓരോ വൈദികദേവതയോടും ഋക്കിനോടും സംയോജിപ്പിച്ച് ബ്രാഹ്മണമതത്തില്‍ ലയിപ്പിച്ചു. ശിവനെ രുദ്രനോടും ത്യ്രംബക ഋക്കിനോടും (ഋഗ്വേദം V, V, 30), കാളിയെ എല്ലാം ഭസ്മമാക്കുന്ന അഗ്നിയോടും ജാതവേദസ് എന്ന ഋക്കിനോടും (ഋ. I, VII,7), മായോനെ മഹാവിഷ്ണുവിനോടും 'സഹസ്രശീര്‍ഷാ പുരുഷഃ' എന്ന പുരുഷ സൂക്തത്തോടും (ഋ, VIII, IV, 17), ഗണപതിയെ ബ്രഹ്മണസ്പതിയോടും 'ഗണാനാം ത്വാ ഗണപതിം ഹവാമഹേ' എന്ന ഋക്കിനോടും (ഋ, II, VI, 29) സംയോജിപ്പിച്ച് ഇവരെയെല്ലാം വൈദികദേവതകളായി ആരാധിച്ചു തുടങ്ങി. എന്നാല്‍ പുതുതായി സ്വീകരിച്ച ദേവന്മാരെ യാഗശാലയില്‍ ആവാഹിച്ചു പൂജിക്കുന്നതിന് അവര്‍ തയ്യാറായില്ല. ഈ ദേവതകള്‍ക്കായി പ്രത്യേകം ക്ഷേത്രങ്ങള്‍ നിര്‍മിച്ചു. ഇവരുടെ വിഗ്രഹങ്ങള്‍ മന്ത്രപുരസ്സരം പ്രതിഷ്ഠിച്ച് ആരാധന നടത്തുവാന്‍ തുടങ്ങി. ചേരമാന്‍ ഇമയവരമ്പന്റെ കാലത്ത് കാടുകള്‍ വെട്ടി ദേവാലയങ്ങള്‍ നിര്‍മിച്ചുവെന്നും ഈ ദേവാലയങ്ങള്‍ക്കു നിലങ്ങളും മറ്റു വസ്തുക്കളും നീക്കിവച്ചുവെന്നും സംഘസാഹിത്യത്തില്‍ പരാമര്‍ശിച്ചുകാണുന്നുണ്ട്.

അനാര്യദേവന്മാരെ വൈദികദേവതകള്‍ക്ക് സമാനമാക്കി ക്ഷേത്രങ്ങളില്‍ ആരാധിക്കുവാന്‍ ആര്യബ്രാഹ്മണരില്‍ ചിലര്‍ തയ്യാറായില്ല. ഇവര്‍ ഋഗ്വേദത്തിലെ 33 പ്രധാന ദേവതകളെ മാത്രം യാഗാദികര്‍മങ്ങളിലൂടെ ആരാധിച്ചുവന്നു. പൂര്‍വമീമാംസാകാരനായ ജെമിനി മഹര്‍ഷിയുടെ സൂത്രങ്ങളെ ആയിരുന്നു ഇവര്‍ പ്രമാണമായി സ്വീകരിച്ചത്. മൂന്നാം നൂറ്റാണ്ടില്‍ കേരളീയനായ ഭവദാസന്‍ എന്ന ആചാര്യന്‍ ഈ സൂത്രങ്ങളെ വ്യാഖ്യാനിച്ചിട്ടുണ്ട്. പില്‍ക്കാലത്ത് ക്ഷേത്രാരാധന പ്രാബല്യത്തില്‍ വന്നതോടെ ഇവര്‍ക്ക് വേദവാദികള്‍, യാഗവാദികള്‍, കര്‍മഠര്‍, മീമാംസകന്മാര്‍ എന്നെല്ലാം പേര് കൈവരികയും ചെയ്തു.

മേഴത്തോള്‍ അഗ്നിഹോത്രിയും കൂത്തുള്ളി പ്രഭാകരനുമായിരുന്നു കേരളത്തിലെ യാഗവാദികളില്‍ പ്രമുഖന്മാര്‍ എന്നു കരുതിപ്പോരുന്നു. യാഗങ്ങള്‍ നടത്താന്‍ വളരെയേറെ അധ്വാനവും ധനവും വേണ്ടിയിരുന്നതിനാലും മറ്റു പല സാമൂഹിക പ്രശ്നങ്ങളാലും ക്രമേണ യാഗങ്ങള്‍ കുറഞ്ഞുവന്നു. ആദിശങ്കരന്റെ ദിഗ്വിജയംമൂലം വേദത്തിലെ കര്‍മവാദത്തിന് മങ്ങലേറ്റുവെങ്കിലും കേരളത്തില്‍ പറയത്തക്ക മാറ്റമൊന്നും സംഭവിച്ചിട്ടില്ല. അത് 'മീമാംസ' എന്ന പേരില്‍ ഒരു പഠനവിഷയമായി തുടരുകയും ചെയ്തു. 1789-ല്‍ പോലും തിരുവിതാംകൂര്‍ രാമവര്‍മ രാജാവ് തന്റെയും രാജ്യത്തിന്റെയും അഭിവൃദ്ധിക്കായി ആലുവയില്‍ ഒരു വലിയ യാഗം നടത്തിയിരുന്നു. 20-ാം നൂറ്റാണ്ടിന്റെ അന്തിമപാദത്തിലും പാഞ്ഞാളിലും തിരുവനന്തപുരത്തും യാഗം നടത്തപ്പെടുകയുണ്ടായി.

കേരളത്തില്‍ ഇന്നും സര്‍വസാധാരണമായിട്ടുള്ള ശാസ്താവിന്റെയും അയ്യപ്പന്റെയും ക്ഷേത്രങ്ങള്‍ തുടക്കത്തില്‍ ബുദ്ധമതവിഹാരങ്ങളായിരുന്നു എന്നതിന് തെളിവുകള്‍ ഏറെയാണ്. ശാസ്താവിന്റെ അമ്പലങ്ങളില്‍ ഏറ്റവും പ്രശസ്തമായിട്ടുള്ളത് ശബരിമല, അച്ചന്‍കോവില്‍, ആര്യന്‍കാവ് എന്നിവിടങ്ങളിലുള്ളവയാണ്. ശാസ്താവ് എന്നത് ബുദ്ധന്റെ ഹൈന്ദവീകൃതമായ പേരാണെന്ന് തീര്‍ത്തുപറയാന്‍ സാധ്യമല്ലെങ്കിലും ശാസ്താരാധനയുടെ വികാസത്തില്‍ ബുദ്ധമതത്തിന്റെ സ്വാധീനത ഏറെയുണ്ട്. പില്ക്കാലത്ത് ശാസ്താവിനെ ഹിന്ദുദൈവങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തി ഹരിഹരപുത്രനായി ആരാധിക്കുവാന്‍ തുടങ്ങി. ശാസ്താവിനോടൊപ്പം ആരാധിക്കപ്പെടുന്ന വാവര് 'ബാവരി' എന്ന ബൌദ്ധാചാര്യനായിരുന്നുവെന്നും പറയപ്പെടുന്നു. വിഷ്ണുവിന്റെ പല അവതാരങ്ങളില്‍ ഒന്നായി ബുദ്ധനെ വൈഷ്ണവര്‍ ആരാധിച്ചുവരുന്നുമുണ്ട്. ഹിന്ദുക്കളുടെ ഇന്നത്തെ ആചാരാനുഷ്ഠാനങ്ങളില്‍ ബൗദ്ധ-ജൈനമതങ്ങളുടെ സ്വാധീനത ദൃശ്യമാണ്. മാംസാഹാരങ്ങളുടെ വര്‍ജനം ബൗദ്ധന്മാരുടെ അഹിംസാവ്രതത്തിന്റെ പ്രഭാവത്തെയാണ് സൂചിപ്പിക്കുന്നത്.

കേരളത്തിലെ കാലടിയില്‍ ജനിച്ച ശങ്കരാചാര്യന്‍ വൈദികമതോദ്ധാരണത്തിന് നല്‍കിയ സംഭാവന വലുതായിരുന്നു. ബൗദ്ധ-ജൈനമതപണ്ഡിതന്മാരെയും ആചാര്യന്മാരെയും വാദപ്രതിവാദങ്ങളില്‍ തോല്പിച്ചുകൊണ്ടും വൈദികധര്‍മവിശ്വാസങ്ങളുടെ ഔന്നത്യത്തെ സ്ഥാപിച്ചുകൊണ്ടും ഔപനിഷദമായ അദ്വൈതസിദ്ധാന്തത്തെ ഉയര്‍ത്തിക്കാട്ടിക്കൊണ്ടും ശങ്കരാചാര്യര്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തി. അങ്ങനെ ശ്രീശങ്കരന്‍ പ്രചരിപ്പിച്ച അദ്വൈതവാദം ഭാരതത്തില്‍ ബൌദ്ധ-ജൈനമതങ്ങളെ ക്ഷയോന്മുഖമാക്കിത്തീര്‍ത്തു. ഒരു നമ്പൂതിരിയായി ജനിച്ച് പാണ്ഡിത്യത്തിന്റെ പരമോന്നത പദവിയായ സര്‍വജ്ഞപീഠം കയറിയ ശങ്കരാചാര്യരെ ആദ്യകാലത്ത് നമ്പൂതിരി സമുദായം തന്നെ ആദരിച്ചിരുന്നില്ല. നോ. ശങ്കരാചാര്യന്‍

ക്ഷേത്രങ്ങള്‍

ആര്യന്മാരുടെ ആഗമനത്തെ തുടര്‍ന്ന് ഹിന്ദുമതാചാരങ്ങളിലും അനുഷ്ഠാനങ്ങളിലും രാജാക്കന്മാര്‍ക്കും ജനങ്ങള്‍ക്കും വിശ്വാസം വര്‍ധിച്ചു തുടങ്ങിയതോടെ ഈശ്വരാരാധനയുടെ വൈപുല്യവും ആഢംബരവും വര്‍ദ്ധിച്ചുവന്നു. 300-600 കാലഘട്ടത്തില്‍ ഉത്തമം, മധ്യമം, അധമം എന്നിങ്ങനെ ആരാധനാസമ്പ്രദായം മൂന്നു ശാഖകളായി പിന്തിരിഞ്ഞിരുന്നു. ഉത്തമത്തില്‍ നിത്യപൂജ, ഉത്സവം തുടങ്ങിയ എല്ലാ കര്‍മങ്ങളും ബ്രാഹ്മണര്‍ നിര്‍വഹിച്ചിരുന്നു. പൂജ മന്ത്രപുരസ്സരമാകയാല്‍ അതിനായി സംസ്കൃതഭാഷ ഉപയോഗിച്ചിരുന്നു. സാത്ത്വികമായ അന്നപായസഫലാദികള്‍ മാത്രമാണ് നിവേദിച്ചിരുന്നത്. മധ്യമത്തില്‍ നിത്യപൂജയും മറ്റും നടത്തിയിരുന്നത് അമ്പലവാസികളായ മൂത്തതും മറ്റുമാണ്. ബ്രാഹ്മണരുടെ ചുമതലയില്‍ ഉത്സവം ആഘോഷിച്ചിരുന്നു. പൂജയ്ക്കും മറ്റും പ്രാദേശിക ഭാഷയും നിവേദ്യത്തിന് സാത്ത്വികത്തോടൊപ്പം ചിലപ്പോള്‍ മദ്യവും ഉപയോഗിച്ചിരുന്നു. അധമത്തില്‍ എല്ലാം പ്രാകൃതരൂപത്തിലാണ്. പൂജ അതതു ജാതിക്കാര്‍ പ്രാദേശിക ഭാഷ ഉപയോഗിച്ചു നടത്തുകയും ഓരോര്‍ത്തര്‍ക്കും പഥ്യമായ മത്സ്യമാംസാദികളും മദ്യവും നിവേദിക്കുകയും ചെയ്തിരുന്നു. ഈ രീതികള്‍ ഇന്നും തുടര്‍ന്നുവരുന്നുണ്ട്.

ഭക്തിമാര്‍ഗം

ശങ്കരാചാര്യര്‍ കര്‍മഭക്തി ജ്ഞാനങ്ങളില്‍ ജ്ഞാനത്തിനാണ് കൂടുതല്‍ പ്രാധാന്യം കല്പിച്ചതെങ്കിലും ഭക്തിയുടെ മഹത്ത്വത്തെ നിഷേധിച്ചിട്ടില്ല. മാത്രവുമല്ല, ജ്ഞാനം സാധാരണജനങ്ങള്‍ക്ക് അത്യന്തം ദുര്‍ലഭമാകയാല്‍ അവര്‍ ഭക്തിയെയാണ് ശ്രേയസ്സാധനമായി സ്വീകരിക്കേണ്ടതെന്ന അഭിപ്രായംകൂടി ആചാര്യനുണ്ടെന്നു തോന്നുന്നു. ശങ്കരാചാര്യര്‍ക്ക് മുമ്പുതന്നെ കേരളത്തില്‍ ഭക്തശിരോമണിയായ കുലശേഖരന്‍ മുകുന്ദമാലയിലൂടെയും ചെറുശ്ശേരിയും കണ്ണശ്ശന്മാരും മറ്റും 'കൃഷ്ണഗാഥ' കണ്ണശ്ശരാമായണാദി കൃതികളില്‍ക്കൂടിയും ഭക്തിമാര്‍ഗത്തെ ജനങ്ങള്‍ക്കിടയില്‍ എത്തിച്ചിരുന്നു. സാധാരണക്കാരെയും ഈശ്വരാഭിമുഖരാക്കി ഭക്തിപ്രവണരാക്കുവാനുള്ള ഉദ്ദേശത്തോടെയാണ് ശങ്കരന്‍ നിരവധി സ്തോത്രങ്ങള്‍ രചിച്ചത്. ആ സ്തോത്രങ്ങള്‍ ഇന്നും ഭക്തന്മാര്‍ക്ക് നിര്‍വൃതിദായകങ്ങളായി നിലകൊള്ളുന്നു. അങ്ങനെ ശങ്കരാചാര്യര്‍തന്നെ ഭക്തിപ്രസ്ഥാനത്തിനും ഭാരതത്തില്‍ ബീജാവാപം ചെയ്തുവെന്നു പറയാം. തുടര്‍ന്നു വന്ന രാമാനുജാചാര്യര്‍, മധ്വാചാര്യര്‍ മുതലായവരാകട്ടെ ഭക്തിക്കു പരമപ്രാധാന്യം കല്പിക്കുകയും ചെയ്തു. 13-14 ശതകങ്ങളില്‍ ഭാരതത്തില്‍ ഒട്ടാകെ വ്യാപിച്ചു ജനഹൃദയങ്ങളില്‍ വേരൂന്നിയ ഭക്തിമാര്‍ഗം കേരളത്തിലും സ്വാഭാവികമായിത്തന്നെ പ്രചാരം നേടി. 16-ാം ശതകത്തില്‍ ജീവിച്ചിരുന്ന തുഞ്ചത്താചാര്യരുടെ ഭക്തിഗാനാമൃതമായ അധ്യാത്മരാമായണാദി കൃതികളുടെ ആവിര്‍ഭാവത്തോടെ ആ പ്രസ്ഥാനം പരിപുഷ്ടമായി. വില്വമംഗലം സ്വാമിയാര്‍, പൂന്താനം, മേല്‍പ്പത്തൂര്‍ നാരായണഭട്ടതിരി മുതലായ ഭക്താഗ്രഗണ്യര്‍ സ്വകൃതികളിലൂടെ ജനഹൃദയങ്ങളില്‍ ഭക്തിക്കു സ്ഥിരപ്രതിഷ്ഠയും നേടിക്കൊടുത്തു. ഇതിന്റെ ഫലമായി കേരളത്തില്‍ ക്ഷേത്രങ്ങള്‍ കൂടുതലായി ഉദയം ചെയ്തു. ബൗദ്ധ-ജൈനാരാധനാലയങ്ങളും ഹിന്ദുമതാരാധനാലയങ്ങളായി മാറി. ഓരോ ക്ഷേത്രത്തിന്റെയും നടത്തിപ്പിനായി സ്വത്തുക്കളും സമര്‍പ്പിക്കപ്പെട്ടു. അങ്ങനെ കേരളത്തില്‍ ക്ഷേത്രാരാധന സാമാന്യജനതയുടെ ജീവിതത്തിന്റെ ഭാഗമായിത്തീര്‍ന്നു.

കാലക്രമേണ ഹിന്ദുമതവിശ്വാസങ്ങളിലും ആചാരങ്ങളിലും പല മാറ്റങ്ങളും സംഭവിച്ചിട്ടുണ്ട്; ഇനിയും കാലാനുസൃതമായി പല മാറ്റങ്ങളും വരുത്തേണ്ടതായുണ്ട്. ഹിന്ദുമതത്തില്‍ നിലനിന്നുവരുന്ന ജാതിസമ്പ്രദായവും അതിന്റെ ഉച്ചനീചഭാവനയും പീഡനങ്ങളും കേരളത്തിലും നിലനിന്നിരുന്നു. അതിനാല്‍ ജാതിയുടെ പേരിലുള്ള വിവേചനത്തിനെതിരായി വൈക്കം സത്യാഗ്രഹം പോലെയുള്ള രൂക്ഷമായ സമരം ഇവിടെ നടന്നിട്ടുണ്ട്. കേരളത്തിന്റെ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളില്‍ പ്രവര്‍ത്തിച്ച പല വ്യക്തികളും ചിന്തകന്മാരും ആധ്യാത്മിക ഗുരുക്കന്മാരും ഹിന്ദുമതത്തിലെ ജാതിവ്യവസ്ഥയ്ക്കും അനാചാരങ്ങള്‍ക്കുമെതിരായി ശബ്ദമുയര്‍ത്തി. അവരുടെ ശ്രമഫലമായി നിരവധി അനാചാരങ്ങളെ ദൂരീകരിക്കുവാനും കഴിഞ്ഞിട്ടുണ്ട്. ചട്ടമ്പിസ്വാമികളും നാരായണഗുരുദേവനും സ്വാമി ആഗമാനന്ദനും ജാതീയമായ മതില്‍ക്കെട്ടു നശിപ്പിച്ച് സംശുദ്ധവും സമത്വപൂര്‍ണവുമായ ഒരു ഹിന്ദു സമുദായത്തെ കെട്ടിപ്പടുക്കുവാന്‍ നിരന്തരം പ്രയത്നിച്ച മതാചാര്യന്മാരാണ്. 1936-ല്‍ തിരുവിതാംകൂര്‍ രാജാവ് പുറപ്പെടുവിച്ച 'ക്ഷേത്രപ്രവേശന വിളംബരം' ഈ മഹാത്മാക്കളുടെ പരിശ്രമത്തിന്റെ പരിണതഫലമാണെന്നു പറയാം.

ബുദ്ധമതം

കേരളത്തിലെ ആദിമ നിവാസികള്‍ പ്രകൃതിയെ ആശ്രയിച്ചു ജീവിച്ചിരുന്നവരും പ്രകൃതിയെയും പിതൃക്കളെയും ആരാധിച്ചിരുന്നവരും ആയിരുന്നു. ബ്രാഹ്മണമതത്തിന്റെ വരവില്‍ വളരെ മുമ്പുതന്നെ ജൈന-ബൗദ്ധമതങ്ങള്‍ ഇവിടെ പ്രചരിക്കാനിടയായി. ബി. സി. 480-ല്‍ നിര്‍വാണമടഞ്ഞ ബുദ്ധന്‍ തന്റെ മതപ്രചാരണയാത്രയില്‍ കേരളത്തിലും വന്നതായി ഐതിഹ്യമുണ്ട്. കേരളത്തില്‍ പിടക (ഹീനയാന) ബുദ്ധമതവും മഹായാനബുദ്ധമതത്തിന്റെ ചില ശാഖകളും പ്രചരിച്ചിരുന്നതായി ചരിത്രരേഖകള്‍ തെളിയിക്കുന്നു.

അശോകശാസനങ്ങള്‍

അശോകന്റെ ശിലാശാസനങ്ങളില്‍ നിന്നാണ് കേരളത്തിലെ ബുദ്ധമതപ്രവര്‍ത്തനത്തെക്കുറിച്ചുള്ള വിശ്വാസയോഗ്യമായ വിവരങ്ങള്‍ ലഭ്യമാകുന്നത്. ഈ ശിലാശാസനകാലമെന്ന് കരുതപ്പെടുന്ന ബി. സി. 256-നു മുമ്പുതന്നെ കേരളത്തില്‍ ബുദ്ധമതപ്രചാരണം ആരംഭിച്ചിരിക്കാം. അന്നുമുതല്‍ എ. ഡി. ആറാം നൂറ്റാണ്ടുവരെയുള്ള കാലഘട്ടത്തിലേതെന്നു കരുതാവുന്ന യാതൊരു ബുദ്ധവിഗ്രഹവും കേരളത്തില്‍ നിന്നു കിട്ടിയിട്ടില്ല. അതിനാല്‍ ഈ കാലഘട്ടത്തില്‍ വിഗ്രഹാരാധന സ്വീകരിക്കാത്ത പിടകബുദ്ധമതമാണ് കേരളത്തില്‍ പ്രചരിച്ചിരുന്നതെന്ന് അനുമാനിക്കപ്പെടുന്നു.

അശോകന്റെ കാലത്തിനുശേഷം ഏതാണ്ട് ഒന്നര നൂറ്റാണ്ടു കഴിഞ്ഞപ്പോഴേക്കും സിലോണില്‍ നിന്നും ധാരാളം ബുദ്ധഭിക്ഷുക്കള്‍ ബുദ്ധമതപ്രചാരണാര്‍ഥം കേരളത്തില്‍ വന്നുതുടങ്ങി. നാലാം നൂറ്റാണ്ടില്‍ ഒരു സംഘം മഹായാന ബുദ്ധഭിക്ഷുക്കള്‍ സിലോണില്‍ നിന്നും കേരളത്തില്‍ വന്നതായി മഹാവംശത്തില്‍ പറഞ്ഞിരിക്കുന്നു. ഇക്കാലത്ത് സിലോണില്‍ ബുദ്ധമതത്തില്‍ പിളര്‍പ്പുണ്ടായതിനെത്തുടര്‍ന്ന് ഗോദകാഭയന്‍ (302-315) എന്ന രാജാവ് ഇവരെ ഇങ്ങോട്ട് നാടുകടത്തിയതാണെന്നും അഭിപ്രായമുണ്ട്.

വിഹാരങ്ങള്‍

ഇമയവരമ്പന്‍ നെടുംചേരലാതന്‍ എന്ന ചേരചക്രവര്‍ത്തിയുടെ കാലത്ത് കൊടുങ്ങല്ലൂരില്‍ വന്ന ധര്‍മശാസനന്‍ എന്ന ബുദ്ധഭിക്ഷുവിനെയും ശിഷ്യന്മാരെയും രാജാവ് ഉചിതമായി സ്വീകരിച്ച് സത്കരിച്ചു. ബുദ്ധമതത്തില്‍ ആകൃഷ്ടനായ ചേരചക്രവര്‍ത്തിയുടെ ആശിസ്സോടുകൂടി തൃക്കണ്ണാമതിലകത്തു പണിത ബുദ്ധവിഹാരം വളരെ നൂറ്റാണ്ടുകളോളം നിലനിന്നിരുന്നു. കൊടുങ്ങല്ലൂരിലെ ഈ ബുദ്ധവിഹാരം കേരളത്തിലെ ബുദ്ധമതവളര്‍ച്ചയ്ക്ക് കനത്ത സംഭാവനയാണ് നല്‍കിയിരുന്നത്. ഈ ബുദ്ധവിഹാരത്തിന്റെ തറയിലാണ് ഇപ്പോള്‍ കൊടുങ്ങല്ലൂരിലെ മുസ്ളിംപള്ളി സ്ഥിതിചെയ്യുന്നതെന്ന് 'കേരളം' കാവ്യത്തിലെ ഒരു ശ്ലോകത്തില്‍ കാണുന്നു. ആദ്യകാലത്തെ ബുദ്ധവിഹാരങ്ങളുടെയും ബുദ്ധമതാചാരാനുഷ്ഠാനങ്ങളുടെയും അവശിഷ്ടങ്ങള്‍ കേരളത്തിന്റെ പല ഭാഗത്തും കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരത്തിനു സമീപത്തിലുള്ള മധുവൂര്‍പുര(മടവൂര്‍)മായിരുന്നു അവരുടെ പ്രധാന ശക്തികേന്ദ്രം. ധാരാളം ബുദ്ധമതാവശിഷ്ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന തിരുവിതാംകൂറിലെ മറ്റൊരു കേന്ദ്രം തൃക്കുന്നപ്പുഴയിലെ തിരുമൂലപാദം എന്നറിയപ്പെടുന്ന ശ്രീമൂലവാസമായിരുന്നു. കേരളത്തിലെ ഏറ്റവും പ്രാചീനമായ ബുദ്ധവിഗ്രഹം കരുനാഗപ്പള്ളിക്കടുത്തുള്ള മരുതൂര്‍കുളങ്ങരയില്‍ കണ്ടെത്തിയതാണ്. ഇതിന്റെ നിര്‍മാണകാലം ഏഴാം നൂറ്റാണ്ടാണെന്നു കരുതപ്പെടുന്നു.

ബി. സി. നാലും അഞ്ചും ശതകങ്ങളില്‍ കേരളത്തില്‍ നിലനിന്നിരുന്ന സാമൂഹിക സാമുദായിക പരിതഃസ്ഥിതികള്‍ ബുദ്ധമത വളര്‍ച്ചയ്ക്ക് അനുകൂലമായിരുന്നു. ഈ കാലഘട്ടത്തില്‍ കേരളത്തിലെ ജനങ്ങള്‍ കൃഷിയും കച്ചവടവും നടത്തി ഏറെക്കുറെ സമ്പത്സമൃദ്ധമായ ഒരു ജീവിതമാണ് നയിച്ചിരുന്നത്. മനുഷ്യരോടും മൃഗങ്ങളോടും അളവറ്റ കരുണയും ആതുരശുശ്രൂഷയില്‍ താത്പര്യവും കാണിച്ച ബുദ്ധഭിക്ഷുക്കളെ ജനങ്ങള്‍ സഹര്‍ഷം സ്വീകരിച്ചു. ബുദ്ധമതം ജന്തുബലിക്ക് എതിരായിരുന്നതിനാല്‍ സാധാരണ കൃഷീവലന്മാര്‍ കൂടുതലായി അതിലേക്ക് ആകര്‍ഷിക്കപ്പെട്ടു. പൊതുവില്‍ ബുദ്ധമതത്തിനു കേരളത്തില്‍ തഴച്ചുവളരാന്‍ അവസരം സിദ്ധിച്ചു. സാമൂഹികമായ ഈവക കാരണങ്ങളാണ് ബുദ്ധമതത്തിന്റെ വളര്‍ച്ചയ്ക്ക് കനത്ത സംഭാവനകള്‍ നല്‍കിയത്. ബുദ്ധമതസംഘടനയുടെ ചട്ടക്കൂട്ടില്‍ ഒതുങ്ങി നിന്നുകൊണ്ട് ബുദ്ധന്റെ കാലടികള്‍ പിന്തുടര്‍ന്നു പ്രവര്‍ത്തിച്ച ബുദ്ധഭിക്ഷുക്കളാണ് ഭാരതത്തില്‍ ആദ്യമായി സാധാരണക്കാരന്റെ ഭാഷയില്‍ സംസാരിക്കുകയും അവന്റെ ജീവിതപ്രശ്നങ്ങളില്‍ ഇടപെടുകയും ചെയ്തത്. ഇവിടത്തെ സാമൂഹികവും സാമ്പത്തികവുമായ പരിതഃസ്ഥിതികളോടിണങ്ങിച്ചേര്‍ന്ന് വളരാന്‍ തുടങ്ങിയ ബുദ്ധമതം ചുരുങ്ങിയ കാലംകൊണ്ട് കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ വ്യാപിച്ചു എന്ന് അതതു സ്ഥലങ്ങളില്‍ ഇന്നും അവശേഷിക്കുന്ന ബുദ്ധമതവിഗ്രഹങ്ങളില്‍ നിന്നും വിഹാരങ്ങളുടെ അവശിഷ്ടങ്ങളില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്.

ചേരസാമ്രാജ്യകാലം
കരുമാടിക്കുട്ടന്‍-തകഴി

ബി. സി. മൂന്നാം ശതകത്തിനു മുമ്പ് മുതല്‍ കേരളത്തില്‍ ആരംഭിച്ച ബുദ്ധമതപ്രചാരണം 2-ാം ശതകത്തിന്റെ ആരംഭകാലത്തു ജീവിച്ചിരുന്ന കനിഷ്കന്റെ കാലത്തോടുകൂടി കൂടുതല്‍ ശക്തമായി. ദക്ഷിണഭാരതത്തിലെ ബുദ്ധമത ദാര്‍ശനികന്മാരില്‍ അഗ്രഗണ്യനായ നാഗാര്‍ജുനന്‍ പാലക്കാട്ടുകാരനാണെന്ന ഒരഭിപ്രായവുമുണ്ട്. നാഗാര്‍ജുനനും ശിഷ്യന്മാരും കേരളത്തില്‍ വളരെ സംഘടിതമായിത്തന്നെ ബുദ്ധമതം പ്രചരിപ്പിച്ചു എന്നു പറയപ്പെടുന്നു. ചേരരാജാക്കന്മാരുടെ സഹായത്തോടെ തിരുവഞ്ചിക്കുളത്തുനിന്നും ഏതാനും നാഴിക വടക്ക് തൃക്കണ്ണാമതിലകത്തു സ്ഥാപിതമായ ബുദ്ധസര്‍വകലാശാല ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വിദ്യാപീഠങ്ങളില്‍ ഒന്നായിരുന്നു. ചേര ചക്രവര്‍ത്തിയായ ചെങ്കുട്ടുവന്റെ കനിഷ്ഠ സഹോദരനും ചിലപ്പതികാരം എന്ന തമിഴ് കാവ്യത്തിന്റെ രചയിതാവുമായ ഇളങ്കോഅടികള്‍ ബുദ്ധമതം സ്വീകരിച്ച് ഇവിടെ താമസിച്ചിരുന്നുവത്രേ. ഇളങ്കോഅടികള്‍ ജൈനമതക്കാരനായിരുന്നു എന്നും തൃക്കണ്ണാമതിലകം ജൈനസങ്കേതമായിരുന്നു എന്നും അഭിപ്രായമുണ്ട്. കേരളത്തില്‍ ബുദ്ധമതം ഉച്ചകോടിയെ പ്രാപിച്ചിരുന്ന കാലത്തുണ്ടായ രണ്ടു മഹാകാവ്യങ്ങളാണ് ചിലപ്പതികാരവും മണിമേഖലയും. ഈ ഗ്രന്ഥങ്ങളില്‍ നിന്നും പിടകബുദ്ധമതം ക്രിസ്തുവര്‍ഷം നാലു മുതല്‍ ഏഴുവരെയുള്ള നൂറ്റാണ്ടുകളില്‍ കേരളമുള്‍പ്പെട്ട തമിഴകത്ത് ജനസമ്മതി ആര്‍ജിച്ചിരുന്നുവെന്നു വ്യക്തമാകുന്നുണ്ട്.

ബുദ്ധവിഗ്രഹങ്ങള്‍
ബുദ്ധപ്രതിമ-പള്ളിക്കല്‍

കേരളത്തില്‍ മഹായാനബുദ്ധമതം പ്രാബല്യത്തില്‍ വന്നപ്പോള്‍ മന്ത്രതന്ത്രങ്ങള്‍കൊണ്ട് ഉപാസിച്ചുവന്നിരുന്നതും ബുദ്ധമതത്തിന്റെ തിരോധാനത്തോടുകൂടി അനാഥമായിപ്പോയതുമായ അനേകം ബുദ്ധവിഗ്രഹങ്ങള്‍ ദക്ഷിണകേരളത്തിലെ കൊല്ലം, കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി, മാവേലിക്കര, കുന്നത്തൂര്‍ എന്നീ താലൂക്കുകളിലുള്ള മരുതൂര്‍കുളങ്ങര, കരുമാടി, മാവേലിക്കര, ഭരണിക്കാവ്, കുന്നത്തൂര്‍, പള്ളിക്കല്‍ എന്നീ സ്ഥലങ്ങളില്‍ നിന്ന് കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. എല്ലാ വിഗ്രഹങ്ങളും ശിലയില്‍ പണിതിട്ടുള്ളവയും യോഗാസനസ്ഥിതങ്ങളുമാണ്. പീഠം മുതല്‍ ഉഷ്ണീഷം (തലപ്പാവ്) വരെ അവയ്ക്ക് 6 1 സെ.മീ. മുതല്‍ 91 സെ. മീ. വരെയുള്ള പൊക്കം വരും. ബുദ്ധ വിഗ്രഹങ്ങളെ തിരിച്ചറിയിക്കുന്ന പദ്മാസനം, ധ്യാനഭാവം, ഉഷ്ണീഷം, ഉത്തരീയം, മടിയില്‍ ഒന്നിന്മേല്‍ ഒന്നായി നിവര്‍ത്തുവെച്ചിട്ടുള്ള ഹസ്തതലം, ജ്ഞാനമുദ്ര എന്നീ ലക്ഷണങ്ങള്‍ എല്ലാ വിഗ്രഹങ്ങളിലും ഒന്നുപോലെ കാണാം.

ഇന്ത്യന്‍ ശില്പകലയുടെയും വൈദ്യശാസ്ത്രത്തിന്റെയും പരിഷ്കര്‍ത്താക്കളെന്ന നിലയില്‍ ബുദ്ധഭിക്ഷുക്കള്‍ കേരളത്തിനു നല്‍കിയ സംഭാവന വിസ്മരിക്കാവുന്നതല്ല. ഈ ബുദ്ധഭിക്ഷുക്കളുടെ പ്രവര്‍ത്തനത്തോടുകൂടിയാണ് കേരളീയ സംസ്കാരം വളര്‍ച്ചയും പുഷ്ടിയും പ്രാപിച്ചുതുടങ്ങിയത്. കേരളീയരുടെ സാക്ഷരത്വവും വിദ്യാസമ്പന്നതയും വര്‍ധിപ്പിക്കുന്നതില്‍ ബുദ്ധമതം വഹിച്ച പങ്ക് നിസ്തുലമാണ്. സംഖ്യാശാസ്ത്രം, ജ്യോതിശ്ശാസ്ത്രം എന്നിവയുടെ വളര്‍ച്ചയിലും ബുദ്ധഭിക്ഷുക്കളുടെ സ്വാധീനത പ്രകടമാണ്. ഹിന്ദുക്ഷേത്രങ്ങളിലെ അരങ്ങ്, കെട്ടുകാഴ്ച മുതലായ ആഘോഷങ്ങള്‍ക്ക് കേരളം ബൗദ്ധരോട് കടപ്പെട്ടിരിക്കുന്നു.

അപചയം

ഏഴാം ശതകത്തിന്റെ ആരംഭത്തോടെ ബുദ്ധമതത്തിന്റെ അധഃപതനം ആരംഭിച്ചു. ബുദ്ധമതം കേരളത്തില്‍ വളരെക്കാലം സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്നുവെങ്കിലും അതിനു വൈദിക മതത്തിന്റെ ശക്തിയെ ക്ഷയിപ്പിക്കാനോ വൈദിക മതാനുയായികളുടെ സംഖ്യാബലത്തെ കുറയ്ക്കാനോ കഴിഞ്ഞിരുന്നില്ല. ബുദ്ധമതം കേരളത്തില്‍നിന്ന് നിഷ്കാസനം ചെയ്യപ്പെട്ടതല്ല; അത് തന്നത്താന്‍ ക്ഷയിക്കുകയാണുണ്ടായത്. ആ ക്ഷയത്തിന്റെ ആക്കം വര്‍ധിപ്പിക്കാന്‍ പല കാരണങ്ങള്‍ ഒത്തുചേര്‍ന്നിരുന്നു. ഒന്നാമതായി ഗൗതമബുദ്ധന്‍ ഉപദേശിച്ച മാതൃകാപരമായ ജീവിതമാര്‍ഗങ്ങളില്‍നിന്നും വളരെ വ്യതിചലിച്ചാണ് കേരളത്തിലെ ബുദ്ധമതാനുയായികള്‍ സഞ്ചരിച്ചിരുന്നത്. അമിതമായ സമ്പത്ത് ബുദ്ധവിഹാരങ്ങളിലെ ഭിക്ഷുക്കളുടെ ജീവിതം അലസവും ഭോഗപൂര്‍ണവുമാക്കിത്തീര്‍ത്തു. ബുദ്ധദര്‍ശനങ്ങളെ ആദരിക്കാതിരുന്ന ബൗദ്ധ സന്യാസിമാര്‍ സാധാരണക്കാരുടെമേല്‍ ആധിപത്യം സ്ഥാപിക്കാനാണ് കിണഞ്ഞു പരിശ്രമിച്ചിരുന്നത്. ഇതിനായി ബുദ്ധന്‍ എന്നും എതിര്‍ത്തിരുന്നതും ബ്രാഹ്മണമേധാവികള്‍ സാധാരണക്കാരനെ ചൂഷണം ചെയ്യാന്‍ ഉപയോഗിച്ചിരുന്നതുമായ അന്ധവിശ്വാസങ്ങളെ ഇവര്‍ ബുദ്ധമതത്തിലേക്ക് സംക്രമിപ്പിക്കാന്‍ തുടങ്ങി. ഇത് സാധാരണക്കാര്‍ ബുദ്ധമതത്തെ വെറുക്കുന്നതിന് കാരണമായി. ഈ അവസരം വേണ്ടവണ്ണം ഉപയോഗിക്കാന്‍ അന്നേക്കും ശരിക്ക് ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്ന ഹൈന്ദവ ധര്‍മാചാര്യന്മാര്‍ക്ക് കഴിഞ്ഞു. ബുദ്ധമതം അന്നേവരെ ആര്‍ജിച്ചിരുന്ന എല്ലാ നല്ല വശങ്ങളേയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് ശങ്കരാചാര്യരുടെയും കുമാരിലഭട്ടന്റെയും മറ്റും നേതൃത്വത്തില്‍ നടന്ന ഹൈന്ദവ പുനരുത്ഥാനത്തെ അതിജീവിച്ചു പിടിച്ചുനില്‍ക്കാനും നേതൃത്വം നല്‍കാനും കഴിവുള്ള ബുദ്ധമതാചാര്യന്മാരും ഇല്ലാതെപോയി. ക്രമത്തില്‍ ബുദ്ധമതം ക്ഷയിച്ചു. 12-ാം നൂറ്റാണ്ടോടുകൂടി ബുദ്ധമതം കേരളത്തില്‍ നിന്ന് തിരോധാനം ചെയ്തു.

ജൈനമതം

അശോകചക്രവര്‍ത്തിയുടെ കാലത്തുതന്നെ ജൈനമിഷണറിമാര്‍ മലബാര്‍ തീരത്തു പ്രവര്‍ത്തിച്ചിരുന്നതായി വില്യംലോഗന്‍ പ്രസ്താവിച്ചുകാണുന്നു. ദക്ഷിണ ഭാരതത്തിലേക്കും കേരളത്തിലേക്കും ആദ്യം കുടിയേറിയത് ജൈനന്മാരായിരുന്നുവെന്നാണ് ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നത്. ബൗദ്ധന്മാര്‍ ജൈനന്മാരെ പിന്തുടര്‍ന്നു വന്നവരായിരുന്നു. ആദ്യമെത്തിയ ജൈനന്മാര്‍ക്ക് ബൗദ്ധന്മാരെപ്പോലെ പ്രതിഷ്ഠ നേടാന്‍ കഴിഞ്ഞില്ല. ജൈനമതസ്ഥരും ജൈനസംസ്കാരാവശിഷ്ടങ്ങളും കേരളത്തിന്റെ പല ഭാഗത്തും ഇന്നും ഉണ്ട്. കേരളത്തിന്റെ ഭാഗമായിരുന്നതും ഇപ്പോള്‍ തമിഴ്നാടിന്റെ ഭാഗമായിത്തീര്‍ന്നിട്ടുള്ളതുമായ കന്യാകുമാരി ജില്ലയിലായിരുന്നു രണ്ടു സുപ്രധാന ജൈന ക്ഷേത്രങ്ങളുണ്ടായിരുന്നത്; ചിതറാലും നാഗര്‍കോവിലും. കന്യാകുമാരിജില്ലയില്‍ കുഴിത്തുറയ്ക്ക് 6 കി. മീ. കിഴക്കുമാറി സ്ഥിതിചെയ്യുന്ന ചിതറാല്‍ വില്ലേജിന്റെ ഹൃദയഭാഗത്തുള്ള തിരുച്ചാരണത്തു മലയുടെ മുകളിലാണ് ചിതറാല്‍ ക്ഷേത്രം. ഒരു വലിയ പാറയിലെ തുരപ്പിനെ ഗര്‍ഭഗൃഹമാക്കി പണിതിരിക്കുന്ന ഈ ക്ഷേത്രത്തില്‍ പദ്മാവതീദേവി, മഹാവീരതീര്‍ഥങ്കരന്‍, പാര്‍ശ്വനാഥ തീര്‍ഥങ്കരന്‍ എന്നിവരുടെ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചിരിക്കുന്നു. 14-ാം ശതകത്തോടുകൂടിയാണ് ഇത് ഭഗവതീ ക്ഷേത്രമായി മാറിയതെന്ന് ഇവിടെയുള്ള ശിലാരേഖകള്‍ വ്യക്തമാക്കുന്നു. നാഗര്‍കോവിലിലെ ജൈനകേന്ദ്രമായിരുന്ന നാഗരാജക്ഷേത്രത്തിന്റെ ശ്രീകോവിലിലും മണ്ഡപത്തിലും മഹാവീരതീര്‍ഥങ്കരന്റെയും പാര്‍ശ്വനാഥ തീര്‍ഥങ്കരന്റെയും പദ്മാവതിയുടെയും വിഗ്രഹങ്ങള്‍ ഉണ്ട്. വേണാടുവാണിരുന്ന ഭൂതലവീര ഉദയമാര്‍ത്താണ്ഡവര്‍മ്മ കൊ. വ. 679 (1504)-ല്‍ ഇവിടത്തേക്ക് പള്ളിച്ചന്തമായി ചില ദാനങ്ങള്‍ ചെയ്തതായി രേഖകളില്‍ കാണുന്നു. 1521-ലും ഇത് ഒരു ജൈനക്ഷേത്രമായി തുടര്‍ന്നിരുന്നു എന്നതിനു തെളിവുകള്‍ ഉണ്ട്. ഇപ്പോള്‍ ഇതും ഒരു ഹിന്ദുക്ഷേത്രമായിത്തീര്‍ന്നിരിക്കുന്നു.

ചിതറാല്‍,ജൈനക്ഷേത്രം
കല്ലിങ്കല്‍ ക്ഷേത്രം

ആലുവപ്പുഴയ്ക്ക് തെക്ക്, പെരുമ്പാവൂരിനു 13 കി. മീ. കിഴക്കുമാറി, കല്ലില്‍ എന്ന സ്ഥലത്ത് ഒരു ജൈനക്ഷേത്രമുണ്ട്. ഇവിടെ ഒരു വലിയ പാറയുടെ തുരപ്പില്‍ തീര്‍ഥങ്കരന്മാരുടെയും പാര്‍ശ്വനാഥന്മാരുടെയും പദ്മാവതീദേവിയുടെയും വിഗ്രഹങ്ങള്‍ 'അര്‍ധ റിലീഫി' ല്‍ കൊത്തിച്ചേര്‍ത്തിരിക്കുന്നു. ഒരു പിഷാരൊടിയുടെ ഉടമസ്ഥാവകാശത്തിലുള്ള ഈ ക്ഷേത്രവും ഒരു ഭഗവതീക്ഷേത്രമായി മാറിയിട്ടുണ്ട്. ഇവിടെ പൂജാദികര്‍മങ്ങള്‍ നമ്പൂതിരിമാര്‍ നടത്തിവരുന്നു. കൊച്ചിയിലെ ബനിയ വ്യാപാരികളും ഹിന്ദുക്കളും ആണ് ഇവിടെ ആരാധനയ്ക്ക് എത്തിച്ചേരുന്നത്.

പാലക്കാട്ടു ജില്ലയില്‍ മൂന്നു ജൈനാരാധനാലയങ്ങളുടെ അവശിഷ്ടങ്ങള്‍ കാണ്‍മാനുണ്ട്; മാണിക്കപ്പട്ടണം ചന്ദ്രനാഥക്ഷേത്രം, മുണ്ടൂര്‍ തെന്നിലാപുരം ക്ഷേത്രം, പരുവാശ്ശേരി ജൈനക്ഷേത്രം. പരുവാശ്ശേരി ഉള്‍പ്പെട്ട പ്രദേശങ്ങള്‍ ഒരുകാലത്ത് ജൈനന്മാരുടെ കേന്ദ്രമായിരുന്നുവെന്ന് കരുതപ്പെടുന്നു. 500-ലധികം സംവത്സരങ്ങള്‍ക്ക് മുമ്പ് മൈസൂര്‍ രാജാവിന്റെ വിരോധം നിമിത്തം അഭയാര്‍ഥികളായി കേരളത്തില്‍ വന്നു താമസമുറപ്പിച്ചവരാണ് മാണിക്കപ്പട്ടണത്തിലെ ജൈനര്‍ എന്നു പറയപ്പെടുന്നു. ഇപ്പോഴും ചില ജൈനകുടുംബങ്ങള്‍ ഇവിടെ താമസിക്കുന്നുണ്ട്.

ഉത്തരമലബാറില്‍ വയനാട്ടിലെ മാനന്തവാടി, സുല്‍ത്താന്‍ബത്തേരി, എടയ്ക്കല്‍ എന്നീ പ്രദേശങ്ങളില്‍ ജൈനന്മാരുടെ അധിവാസ കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നതായി ലോഗന്‍ മലബാര്‍ മാനുവലില്‍ പ്രസ്താവിച്ചുകാണുന്നു. വയനാട്ടിലെ ജൈനന്മാരും മൈസൂരില്‍ നിന്നും മുന്‍കാലത്ത് അഭയാര്‍ഥികളായി വന്നവരാണെന്നാണ് കരുതപ്പെടുന്നത്. കേരളത്തില്‍ അവശേഷിച്ചിട്ടുള്ള ജൈനകുടുംബങ്ങളില്‍ ഏറിയപങ്കും വയനാട്ടിലെ കല്പറ്റയിലും കൊച്ചിയിലും പാലക്കാട്ടുമായിട്ടാണ് ഇപ്പോള്‍ പാര്‍ത്തുവരുന്നത്.

അഹിംസാധര്‍മത്തെ അക്ഷരംപ്രതി പാലിക്കുന്നവരാണ് ജൈനര്‍. ദക്ഷിണേന്ത്യയിലെ ജൈനര്‍ പൊതുവേ പണ്ടുകാലത്ത് മതപ്രചാരണത്തേക്കാള്‍ ഗ്രന്ഥനിര്‍മാണവൃത്തിയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. നാലാലിയാര്‍, ജീവകചിന്താമണി, ചൂഡാമണി നിഘണ്ടു മുതലായ വിലയേറിയ തമിഴ് ഗ്രന്ഥങ്ങള്‍ ജൈനപണ്ഡിതന്മാര്‍ കേരളമുള്‍പ്പെട്ട തമിഴകത്തിനു നല്‍കിയിട്ടുള്ള വിലപ്പെട്ട സംഭാവനകളത്രേ.

ജൈന-ബൗദ്ധമതങ്ങളുടെ പ്രചാരത്തോടുകൂടിയാണ് കേരളത്തില്‍ ആയുര്‍വേദ ചികിത്സ പുഷ്ടിപ്പെട്ടു തുടങ്ങിയത്. കേരള ബ്രാഹ്മണര്‍ മതപരമായി ബൗദ്ധ-ജൈനന്മാരെ എതിര്‍ത്തിരുന്നുവെങ്കിലും വിദ്യാസ്വീകാര വിഷയത്തില്‍ വിശേഷിച്ചും വൈദ്യശാസ്ത്രം, ജ്യോതിശ്ശാസ്ത്രം, ജ്യോതിര്‍ഗണിതം, അമരകോശം മുതലായവയുടെ കാര്യത്തില്‍ അവരെ ഗുരുക്കന്മാരായി സ്വീകരിച്ചിരുന്നുവെന്ന് കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ അഭിപ്രായപ്പെടുന്നു.

ക്രിസ്തുമതം

പ്രാചീനത

കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന് ക്രിസ്തുമതത്തോളം തന്നെ പഴക്കമുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. യേശുക്രിസ്തുവിന്റെ പന്ത്രണ്ടു ശിഷ്യന്മാരിലൊരാളായ വിശുദ്ധ തോമസ് 52-ല്‍ കേരളത്തില്‍ വരികയും സുവിശേഷം അറിയിക്കുകയും ക്രൈസ്തവസമൂഹത്തിന് രൂപം നല്‍കുകയും ചെയ്തു എന്നാണ് പാരമ്പര്യവിശ്വാസം. ഇദ്ദേഹം കേരളത്തില്‍ ഏഴര പള്ളികളും സ്ഥാപിച്ചു എന്നു കരുതപ്പെടുന്നു. ഈ പാരമ്പര്യവിശ്വാസത്തെ സാധൂകരിക്കുന്ന പല സാഹചര്യത്തെളിവുകളും കണ്ടെത്താനാവുമെന്നതുകൊണ്ട് 'ചരിത്രത്തേക്കാള്‍ ദൃഢമായ പാരമ്പര്യം' എന്ന് ഇതിനെ വിശേഷിപ്പിക്കുന്നവരുണ്ട്. അതേ സമയം വ്യക്തമായ ചരിത്രരേഖകളുടെ അഭാവത്തില്‍ ഈ പാരമ്പര്യ വിശ്വാസത്തെ അംഗീകരിക്കാത്തവരുമുണ്ട്. എന്നാല്‍ വിശുദ്ധ തോമസ് കേരളത്തില്‍ വന്നു എന്ന അഭിപ്രായത്തിനാണ് കൂടുതല്‍ സ്വീകാരം സിദ്ധിച്ചിട്ടുള്ളത്.

തുടര്‍ന്നുണ്ടായ ക്രിസ്ത്യാനികളുടെ കുടിയേറ്റങ്ങള്‍ കേരളത്തിലെ ക്രിസ്തീയ സമൂഹത്തിന് ശക്തിപകര്‍ന്നു. ലഭ്യമായിട്ടുള്ള ചരിത്രസൂചനകളുടേയും രേഖകളുടേയും അടിസ്ഥാനത്തില്‍ രണ്ടു കുടിയേറ്റങ്ങള്‍ പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. 345-ല്‍ ക്നായിത്തൊമ്മന്‍ (കാനായിലെ തോമസ്) എന്ന കച്ചവടക്കാരന്റെ നേതൃത്വത്തില്‍ ഒരു സംഘം ക്രിസ്ത്യാനികള്‍ കേരളത്തിലെത്തി. അവര്‍ കൊടുങ്ങല്ലൂരില്‍ പാര്‍പ്പുറപ്പിച്ചു. അന്നത്തെ ഭരണാധിപനായിരുന്ന പെരുമാളില്‍ നിന്നും അവര്‍ക്കു പല പ്രത്യേക അവകാശങ്ങളും ലഭിച്ചു. ക്രൈസ്തവരുടെ സംഖ്യയും സ്വാധീനതയും വര്‍ധിച്ചതോടൊപ്പം അവരുടെ ഇടയില്‍ സാമൂഹികമായ വിഭാഗീയതയും ഉണ്ടായി. ഇവിടത്തെ നാട്ടുകാരുമായി വൈവാഹികബന്ധത്തില്‍ ഏര്‍പ്പെട്ടവര്‍ വടക്കുംഭാഗക്കാരെന്നും ക്നായിത്തൊമ്മന്റെ പിന്തുടര്‍ച്ചക്കാര്‍ തെക്കുംഭാഗക്കാരെന്നും അറിയപ്പെടുന്നു എന്നാണ് വിശ്വാസം. കൊടുങ്ങല്ലൂരില്‍ പുഴയുടെ തെക്കും വടക്കും താമസമുറപ്പിച്ചവരെയാണ് ഇതു സൂചിപ്പിക്കുന്നത്. 825-ല്‍ മാര്‍വാന്‍ സബ്റീശോ (സാപ്പോര്‍ ഈശോ) യുടെ നേതൃത്വത്തില്‍ മറ്റൊരു കുടിയേറ്റവും നടന്നിട്ടുണ്ട്. അവര്‍ കൊല്ലത്തും പരിസരത്തുമാണ് വാസമുറപ്പിച്ചത്. നാലാം നൂറ്റാണ്ടു മുതല്‍ക്കെങ്കിലും കേരളത്തിലെ ക്രൈസ്തവസമൂഹത്തിനു തുടര്‍ച്ചയായ ചരിത്രമുണ്ടെന്ന വസ്തുത അനിഷേധ്യമാണ്.

വിവിധ വിഭാഗങ്ങള്‍

ഭാരതത്തിലെ ജനസംഖ്യയില്‍ രണ്ടു ശ. മാ. മാത്രമാണ് ക്രൈസ്തവര്‍. 2001-ലെ സെന്‍സസ് പ്രകാരം കേരളീയരില്‍ 19 ശതമാനത്തോളം ക്രിസ്ത്യാനികളാണ്. പോര്‍ച്ചുഗീസുകാരുടെ ആഗമനം വരെ അവിഭക്തസമൂഹമായി കഴിഞ്ഞിരുന്ന കേരള ക്രൈസ്തവര്‍ ഇന്നു വിവിധ സഭാവിഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. റോമന്‍ കത്തോലിക്കാസഭ, യാക്കോബായസഭ, ഓര്‍ത്തഡോക്സ് സഭ, കല്‍ദായ (നെസ്റ്റോറിയന്‍) സഭ, മാര്‍ത്തോമ്മാ സുറിയാനിസഭ, സെയിന്റ്തോമസ് ഇവാന്‍ജലിക്കല്‍സഭ, തൊഴിയൂര്‍സഭ, വിവിധ പ്രൊട്ടസ്റ്റന്റു സഭകള്‍ (ദക്ഷിണേന്ത്യാസഭ, രക്ഷാസൈന്യം, ലൂഥറന്‍, പെന്തെക്കോസ്തുസഭകള്‍, സപ്തമദിന പുനരാഗമനസഭ മുതലായവ) എന്നിവയാണ് കേരളത്തിലെ പ്രധാനപ്പെട്ട ക്രൈസ്തവസഭാ വിഭാഗങ്ങള്‍. ചരിത്രം, പാരമ്പര്യം, ദൈവശാസ്ത്രം, ആരാധനക്രമം, ആധ്യാത്മികത തുടങ്ങിയവയെ അടിസ്ഥാനമാക്കി ലോകമെങ്ങുമുള്ള ക്രൈസ്തവസഭകളെ പാശ്ചാത്യം, പൗരസ്ത്യം എന്നു രണ്ടായി വിഭജിച്ചിട്ടുണ്ട്. ഏഷ്യയില്‍ ജന്മമെടുത്ത സഭ യൂറോപ്പിലെത്തിയശേഷം ചക്രവര്‍ത്തിമാരുടെ പരിരക്ഷണത്തിലും റോമിലെ സഭാധ്യക്ഷന്റെ നേതൃത്വത്തിലും വളര്‍ച്ച പ്രാപിച്ചതാണ് പാശ്ചാത്യസഭ. റോമാസാമ്രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളിലും പേര്‍ഷ്യ, അര്‍മേനിയ എന്നീ പ്രദേശങ്ങളിലും വളര്‍ന്നുവന്ന സഭകളെയാണ് പൗരസ്ത്യസഭകള്‍ എന്നു പറയുന്നത്. വിവിധ കാരണങ്ങളാല്‍ ഈ സഭകള്‍ താരതമ്യേന ദുര്‍ബലങ്ങളായിത്തീരുകയുണ്ടായി. ഇതില്‍ പല സഭകളേയും പാശ്ചാത്യവത്കരിക്കുവാനുള്ള ശ്രമങ്ങള്‍ പാശ്ചാത്യമിഷണറിമാര്‍ നടത്തിയിട്ടുണ്ട്. കേരളത്തിലെ പുരാതനസഭയ്ക്ക് പൌരസ്ത്യസഭാ പാരമ്പര്യമാണ് ഉള്ളത്.

പോര്‍ച്ചുഗീസുകാരുടെ ആഗമനം ഭാരതത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെന്നപോലെ കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ ചരിത്രത്തിലും ഒരു പുതിയ ഘട്ടത്തിന്റെ ആരംഭം കുറിച്ചു. പോര്‍ച്ചുഗീസുകാര്‍ക്ക് വാണിജ്യത്തിലും സാമ്രാജ്യത്വത്തിലുമുണ്ടായിരുന്ന താത്പര്യം മിഷനറിപ്രവര്‍ത്തനത്തിലും ഉണ്ടായിരുന്നു. തന്മൂലം 1530-കളില്‍ ദക്ഷിണേന്ത്യയിലെ പല തീരപ്രദേശങ്ങളിലും സമൂഹമതപരിവര്‍ത്തനം ഉണ്ടായി. 1542-ല്‍ വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ ഇന്ത്യയിലെത്തിയതോടെ ജസ്യൂട്ട്മിഷനറിമാരുടെ പ്രവര്‍ത്തനം ദക്ഷിണേന്ത്യയിലെ വിവിധ സ്ഥലങ്ങളിലും പ്രത്യേകിച്ച് കേരളത്തിലും ആരംഭിച്ചു. തത്ഫലമായി കേരളത്തില്‍ അവര്‍ണസമുദായങ്ങളില്‍ നിന്നും നിരവധിയാളുകള്‍ ക്രിസ്ത്യാനികളായി. ഈ കാലഘട്ടത്തില്‍ കേരളത്തിലെ തീരദേശവാസികളായിരുന്നു ക്രിസ്തുമാര്‍ഗം സ്വീകരിച്ചവരില്‍ ഏറിയ പങ്കും. എന്നാല്‍ കേരളത്തിലെ പുരാതന ക്രിസ്ത്യാനികളും അവര്‍ണ സമുദായത്തില്‍ നിന്നും ക്രിസ്തുമതം സ്വീകരിച്ചവരും സാമൂഹികമായി രണ്ടു വിഭാഗങ്ങളായി നിലനിന്നു. അവര്‍ണവിഭാഗങ്ങളില്‍ നിന്നും ഈ കാലഘട്ടത്തില്‍ ക്രിസ്തുമാര്‍ഗം സ്വീകരിച്ചവരില്‍ അധികവും 'ലത്തീന്‍ കത്തോലിക്ക' വിഭാഗത്തിലാണുള്‍പ്പെട്ടിരിക്കുന്നത്.

പോര്‍ച്ചുഗീസുകാരും കേരളത്തിലെ പുരാതന ക്രിസ്ത്യാനികളും തമ്മില്‍ സുഹൃദ്ബന്ധമാണ് കൊളോണിയലിസത്തിന്റെ ആദ്യദശകങ്ങളില്‍ നിലവിലിരുന്നത്. എന്നാല്‍ ഏറെത്താമസിയാതെ കേരളത്തിലെ സഭകളെ പാശ്ചാത്യവത്കരിക്കുവാനുള്ള ശ്രമങ്ങള്‍ പോര്‍ച്ചുഗീസുകാര്‍ ആരംഭിച്ചു. ജസ്യൂട്ട്മിഷണറിമാരുടെ ആഗമനം ഈ ശ്രമങ്ങളുടെ ആക്കം കൂട്ടി. 1599-ല്‍ ഉദയംപേരൂര്‍ എന്ന സ്ഥലത്തു നടന്ന സുനഹദോസിലൂടെ പാശ്ചാത്യമേധാവിത്വം കേരളത്തിലെ സഭയില്‍ സ്ഥാപിക്കാന്‍ പോര്‍ച്ചുഗീസുകാര്‍ക്ക് കഴിഞ്ഞു. എന്നാല്‍ പാശ്ചാത്യ മേല്‍ക്കോയ്മയില്‍ അസംതൃപ്തരായ ഒരു വിഭാഗം ക്രിസ്ത്യാനികള്‍ 1653-ല്‍ 'കൂനന്‍കുരിശുസത്യം' എന്ന കലാപത്തിലൂടെ സ്വതന്ത്രരാവുകയും അന്ത്യോഖ്യാ പാത്രിയാര്‍ക്കീസുമായി ബന്ധം സ്ഥാപിച്ച് പൗരസ്ത്യ പാരമ്പര്യത്തിലേക്ക് മടങ്ങിപ്പോവുകയും ചെയ്തു. ഈ സഭയാണ് 'യാക്കോബായ സുറിയാനിസഭ' എന്ന പേരില്‍ പില്ക്കാലത്ത് അറിയപ്പെട്ടത്. റോമന്‍ കത്തോലിക്കാ പാരമ്പര്യത്തില്‍ത്തുടര്‍ന്ന, പുരാതന പാരമ്പര്യത്തില്‍പ്പെട്ട ക്രിസ്ത്യാനികള്‍ 'സുറിയാനിക്കത്തോലിക്കര്‍' എന്ന പേരിലും അറിയപ്പെട്ടു.

സുറിയാനിക്കത്തോലിക്കരില്‍ ഒരു ന്യൂനപക്ഷം ലത്തീന്‍ കത്തോലിക്കാസമൂഹത്തില്‍ ലയിച്ചിട്ടുണ്ട്. ആരാധനയ്ക്ക് ഉപയോഗിച്ചിരുന്ന ഭാഷകളുടെ അടിസ്ഥാനത്തിലാണ് സുറിയാനികള്‍ എന്നും ലത്തീന്‍കാര്‍ എന്നും ഉള്ള പേരുകള്‍ ഉണ്ടായത്. ക്രിസ്ത്യാനികളുടെ കുടിയേറ്റങ്ങളിലൂടെയും വിദേശീയരായ മെത്രാന്മാരിലൂടെയും സുറിയാനിഭാഷയ്ക്ക് പുരാതന കേരള ക്രൈസ്തവരുടെയിടയില്‍ ആരാധനാഭാഷയായി പ്രതിഷ്ഠ ലഭിച്ചു.അവര്‍ സുറിയാനി ക്രിസ്ത്യാനികള്‍ എന്നറിയപ്പെട്ടു. മതപരിവര്‍ത്തനത്തിലൂടെ കത്തോലിക്കരായവര്‍ ഉള്‍പ്പെട്ട സഭകളില്‍ ലത്തീന്‍ ആരാധനാ ഭാഷയായിരുന്നതുകൊണ്ട് അവര്‍ ലത്തീന്‍കാര്‍ എന്ന് അറിയപ്പെട്ടു.

കൂനന്‍കുരിശു സത്യത്തെത്തുടര്‍ന്ന് പാശ്ചാത്യാധിപത്യത്തില്‍ നിന്നും സ്വതന്ത്രരായ ക്രിസ്ത്യാനികളെ വീണ്ടും കത്തോലിക്കാ സഭയിലേക്ക് മടക്കിക്കൊണ്ടു വരുവാന്‍ ഇറ്റലിക്കാരായ കര്‍മ്മലീത്താ മിഷനറിമാര്‍ പരിശ്രമിച്ചു. അവരുടെ ശ്രമങ്ങള്‍ ഭാഗികമായി വിജയിക്കുകയും ചെയ്തു. അതോടെ സുറിയാനിക്കത്തോലിക്കര്‍ 'പഴയ കൂറ്റുകാര്‍' എന്നും, യാക്കോബായ സുറിയാനി വിഭാഗം 'പുത്തന്‍ കൂറ്റുകാര്‍' എന്നും അറിയപ്പെട്ടു. 1663-ല്‍ കൊച്ചിയില്‍ ലന്തക്കാര്‍ ആധിപത്യം ഉറപ്പിച്ചതോടെ പോര്‍ച്ചുഗീസുകാരുടെ സ്വാധീനത മലബാര്‍ തീരത്തു ഗണ്യമായി കുറഞ്ഞു. തുടര്‍ന്ന് ലന്തക്കാരുടെ നിര്‍ദേശപ്രകാരം പാശ്ചാത്യരായ കത്തോലിക്കാ മിഷനറിമാര്‍ക്ക് കേരളം വിട്ടുപോകേണ്ടിവന്നു. ഈ സമയത്ത് പറമ്പില്‍ ചാണ്ടിക്കത്തനാര്‍ എന്ന കേരളീയന്‍ പഴയ കൂറ്റുകാരുടെ മെത്രാനായി വാഴിക്കപ്പെട്ടു. എന്നാല്‍ അതിനെത്തുടര്‍ന്ന് വീണ്ടും പാശ്ചാത്യരായ മെത്രാന്മാര്‍തന്നെ നിയമിതരായി. 19-ാം ശതകത്തിന്റെ അന്ത്യം വരെ ഈ പതിവ് തുടരുകയും ചെയ്തു.

പതിനെട്ടാം ശതകത്തില്‍ പഴയ കൂറ്റുകാരെയും പുത്തന്‍ കൂറ്റുകാരെയും രഞ്ജിപ്പിക്കാന്‍ പല ശ്രമങ്ങളും നടന്നു. എന്നാല്‍ പറമ്പില്‍ ചാണ്ടി മെത്രാനുശേഷം കേരളീയരായ മെത്രാന്മാര്‍ നിയമിക്കപ്പെടാത്തത് ഈ ശ്രമങ്ങളെ ദുര്‍ബലമാക്കി. പഴയ കൂറ്റുകാര്‍ റോമന്‍ ബന്ധത്തിലും പുത്തന്‍ കൂറ്റുകാര്‍ അന്ത്യോഖ്യാ പാത്രിയാര്‍ക്കീസുമായുള്ള ബന്ധത്തിലും തുടര്‍ന്നു. അവര്‍ തമ്മില്‍ വിവാഹബന്ധം തുടങ്ങിയ സാമൂഹിക സമ്പര്‍ക്ക സാധ്യതകള്‍ നിരോധിക്കപ്പെട്ടു. എങ്കിലും കാലക്രമത്തില്‍ കൂദാശകള്‍ പരസ്പരം സ്വീകരിക്കാവുന്ന സഹോദരസഭകളെപ്പോലെ വര്‍ത്തിക്കുന്നു. ഇന്ന് പുത്തന്‍ കൂറ്റുകാരെയും പഴയ കൂറ്റുകാരെയും അവരുടെ പേരുകള്‍, ബന്ധസൂചക പദങ്ങള്‍ എന്നിവ കൊണ്ടുപോലും പലപ്പോഴും തിരിച്ചറിയാന്‍ സാധിക്കും.

പൗരസ്ത്യസഭയെന്ന ഔദ്യോഗിക നാമധേയത്തില്‍ അറിയപ്പെടുന്ന ഒരു സഭയാണ് കല്‍ദായ സുറിയാനിസഭ. പോര്‍ച്ചുഗീസുകാരുടെ ആഗമനകാലത്ത് കേരളത്തിലെ ക്രിസ്ത്യാനികള്‍ നെസ്റ്റോറിയന്‍ പാരമ്പര്യത്തിലായിരുന്നു എന്നു കരുതുന്ന സഭയാണ് തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കല്‍ദായ സുറിയാനിസഭ. തൊഴിയൂര്‍സഭ എന്ന പേരില്‍ അറിയപ്പെടുന്ന ഒരു സ്വതന്ത്രസഭയും പ്രവര്‍ത്തിച്ചു വരുന്നുണ്ട്. 1772-ല്‍ മാര്‍ഗ്രിഗോറിയോസ് മെത്രാനില്‍ നിന്നും 'മാര്‍ കൂറിലോസ്' എന്ന പേരില്‍ മെത്രാന്‍ സ്ഥാനം സ്വീകരിച്ച കട്ടുമങ്ങാട്ടു ഗീവര്‍ഗീസ് റമ്പാനു രാജാക്കന്മാരുടെ വിലക്കുകള്‍ നിമിത്തം തിരുവിതാംകൂര്‍-കൊച്ചി സംസ്ഥാനങ്ങള്‍ വിടേണ്ടിവന്നു. അദ്ദേഹം മലബാറിലെ തൊഴിയൂര്‍ എന്ന സ്ഥലത്ത് പാര്‍പ്പുറപ്പിക്കുകയും ചെയ്തു. മലബാര്‍ സ്വതന്ത്ര സുറിയാനിസഭ എന്ന പേരില്‍ ഈ സഭ അറിയപ്പെട്ടു. മാര്‍ കൂറിലോസ് തന്റെ മരണത്തിനു മുമ്പുതന്നെ തന്റെ പിന്‍ഗാമിയെ തെരഞ്ഞെടുത്തു വാഴിച്ചു. ഈ പതിവ് ഇന്നും തുടര്‍ന്നുവരുന്നു. കേരളത്തില്‍ വൈദിക വൃത്തിക്കായി എത്തിയ (1701) ജര്‍മന്‍വംശജനായ അര്‍ണോസുപാതിരി (1681-1732) മലയാളഭാഷയ്ക്കും സാഹിത്യത്തിനും അമൂല്യമായ സേവനം അനുഷ്ഠിച്ച പാശ്ചാത്യമിഷണറിമാരില്‍ പ്രഥമഗണനീയനാണ്. നോ. അര്‍ണോസു പാതിരി

പതിനെട്ടാം ശതകത്തിന്റെ അവസാനദശകത്തിലും പത്തൊമ്പതാം ശതകത്തിന്റെ ആദ്യദശകങ്ങളിലും യൂറോപ്പിലെ പ്രൊട്ടസ്റ്റന്റുകാരുടെ ഇടയില്‍ നിരവധി മിഷനറി സമൂഹങ്ങള്‍ രൂപം കൊണ്ടു. ഈ മിഷനറി സമൂഹങ്ങള്‍ കേരളത്തിലേക്കയച്ച മിഷനറിമാരുടെ പ്രവര്‍ത്തനംമൂലമാണ് യൂറോപ്പിലുണ്ടായ നവോത്ഥാനത്തിന്റെ ഫലമായി രൂപംകൊണ്ട പ്രൊട്ടസ്റ്റന്റുസഭകള്‍ക്ക് ഇവിടെ വളര്‍ച്ചയുണ്ടായത്. 19-ാം ശതകത്തിന്റെ ആദ്യദശകത്തില്‍ത്തന്നെ കേരളം ബ്രിട്ടിഷ് മേല്‍ക്കോയ്മ അംഗീകരിക്കുകയും ചെയ്തിരുന്നു. ഇതു പ്രൊട്ടസ്റ്റന്റ് മിഷനറിമാരുടെ പ്രവര്‍ത്തനത്തിന് അനുകൂലമായ സാഹചര്യം നല്‍കി.

1806-ല്‍ വില്യം തോബിയാസ്റിങ്കിള്‍ ടൂബെ എന്ന ജര്‍മന്‍ മിഷനറി കേരളത്തിലെത്തി. ലണ്ടന്‍ മിഷനറി സമൂഹത്തിലെ മിഷനറിയായിരുന്ന റിങ്കിള്‍ ടൂബെയാണ് കേരളത്തിലെ പ്രഥമ പ്രൊട്ടസ്റ്റന്റ് മിഷനറി. 1809 മുതല്‍ അന്നത്തെ തിരുവിതാംകൂറിന്റെ തെക്കുകിഴക്കു ഭാഗത്തുള്ള മൈലാടി എന്ന ഗ്രാമത്തില്‍ താമസിച്ചു പ്രവര്‍ത്തിക്കുകയും പള്ളികളും വിദ്യാലയങ്ങളും സ്ഥാപിക്കുകയും ചെയ്തു. കേരളത്തില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് അടിത്തറപാകിയത് ഇദ്ദേഹമായിരുന്നു. അനാരോഗ്യം നിമിത്തം 1816-ല്‍ റിങ്കിള്‍ ടൂബെ കേരളത്തില്‍ നിന്നും മടങ്ങി. 1817-ല്‍ ചാള്‍സ്മീഡ് എന്ന മിഷനറി കേരളത്തിലെത്തുകയും 1818 മുതല്‍ നാഗര്‍കോവില്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പത്നിയായിരുന്ന യോഹന്നാ സെലസ്റ്റീന 1819-ല്‍ പെണ്‍കുട്ടികള്‍ക്കുവേണ്ടി ഒരു വിദ്യാലയം സ്ഥാപിച്ചു. 1821-ല്‍ സ്മിത്ത് എന്ന എല്‍. എം.എസ് മിഷണറി കൊല്ലത്ത് പള്ളികളും സ്കൂളുകളും സ്ഥാപിച്ചു. കന്യാകുമാരി മുതല്‍ കൊല്ലം വരെയുള്ള സ്ഥലങ്ങളില്‍ തുടര്‍ന്നും എല്‍.എം.എസ്സിന്റെ മിഷനറിമാര്‍ പ്രവര്‍ത്തിച്ചിരുന്നു. തത്ഫലമായി അവര്‍ണ സമുദായത്തില്‍ നിന്നും ക്രിസ്തുമാര്‍ഗത്തിലേക്ക് സമൂഹപരിവര്‍ത്തനമുണ്ടായി.

1811 മുതല്‍ തിരുവിതാംകൂറിന്റെയും കൊച്ചിയുടെയും റസിഡന്റായിരുന്ന കേണല്‍ മണ്‍റോ മിഷനറി പ്രവര്‍ത്തനത്തില്‍ അതീവ തത്പരനായിരുന്നു. കേരളത്തിലെ യാക്കോബായ സഭയെ 'നവീകരിക്കുവാന്‍' പല പരിഷ്കാരങ്ങളും അദ്ദേഹം നിര്‍ദേശിച്ചിരുന്നു. അതോടൊപ്പം അവരെ സഹായിക്കാന്‍ ചര്‍ച്ച് മിഷനറി സമൂഹത്തിലെ (സി. എം. എസ്) മിഷനറിമാരെ കേരളത്തിലേക്ക് അയയ്ക്കണമെന്നും അഭ്യര്‍ഥിച്ചു. അതനുസരിച്ച് 1816-ല്‍ കേരളത്തിലെ പ്രഥമ സി. എം. എസ്. മിഷനറിയായി തോമസ് നോര്‍ട്ടന്‍ ആലപ്പുഴയെത്തി. 1816-ല്‍ തന്നെ ബെഞ്ചമിന്‍ ബെയ്ലി എന്ന മിഷനറിയും 1818-ല്‍ ജോസഫ് ഫെന്‍, 1819-ല്‍ ഹെന്റിബേക്കര്‍ എന്നീ മിഷനറിമാരും കോട്ടയം കേന്ദ്രമാക്കി പ്രവര്‍ത്തനമാരംഭിച്ചു. ചാള്‍സ്മീഡ് നാഗര്‍കോവിലില്‍ സ്ഥാപിച്ച അച്ചടിശാലയും അതിനുശേഷം ബെയ്ലി കോട്ടയത്തു സ്ഥാപിച്ച അച്ചടിശാലയും പ്രസിദ്ധമാണ്. കോട്ടയത്തു പ്രവര്‍ത്തിച്ചിരുന്ന മിഷനറിമാരും ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും അവരുടെ പ്രവര്‍ത്തനങ്ങളില്‍ പ്രത്യേകം പ്രാധാന്യം നല്‍കിയിരുന്നു. എന്നാല്‍ യാക്കോബായ സഭയും മിഷനറിമാരും തമ്മിലുള്ള സുഹൃദ്ബന്ധം അധികകാലം നീണ്ടുനിന്നില്ല. 1825 മുതല്‍ അവര്‍ തമ്മില്‍ പ്രകടമായ അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. 1836-ല്‍ മാവേലിക്കരവച്ചു കൂടിയ യാക്കോബായ സഭയുടെ സുനഹദോസിന്റെ തീരുമാനപ്രകാരം അവര്‍ തമ്മിലുള്ള ബന്ധം അവസാനിക്കുകയും ചെയ്തു. മിഷനറിമാരോട് പ്രതിപത്തിയുണ്ടായിരുന്ന ചെറിയ ഒരു വിഭാഗം യാക്കോബായ ക്രിസ്ത്യാനികള്‍ അവരോടു ചേര്‍ന്നു. തുടര്‍ന്ന് സി. എം.എസ് മിഷണറിമാര്‍ ക്രൈസ്തവേതരുടെ ഇടയില്‍ പ്രവര്‍ത്തിക്കുകയും അവര്‍ണ വിഭാഗങ്ങളിലും ഗോത്രവര്‍ഗക്കാരിലും നിന്ന് വളരെപ്പേരെ സി. എം. എസ്. സഭയില്‍ ചേര്‍ക്കുകയും ചെയ്തു.


1834-ല്‍ ബാസല്‍ ഇവാന്‍ജലിക്കല്‍ മിഷന്‍ മംഗലാപുരം കേന്ദ്രമാക്കി പ്രവര്‍ത്തനം ആരംഭിച്ചു. 1839-ല്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് എന്ന ജര്‍മന്‍ മിഷനറി നെട്ടൂരിലെ ഇല്ലിക്കുന്നില്‍ താമസിച്ചുകൊണ്ട് മലബാറില്‍ മിഷനറി പ്രവര്‍ത്തനത്തിന് ആരംഭം കുറിച്ചു. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളോടൊപ്പം വ്യവസായ പ്രവര്‍ത്തനങ്ങളിലും ബാസല്‍മിഷന്‍ ഏര്‍പ്പെട്ടിരുന്നു. ഓടുനിര്‍മാണം, നെയ്ത്ത്, കുട, വിളക്കുകള്‍ തുടങ്ങി വിവിധ നിത്യോപയോഗസാധനങ്ങളുടെ നിര്‍മാണം തുടങ്ങിയവ അവരുടെ പ്രവര്‍ത്തനത്തിലുള്‍പ്പെട്ടിരുന്നു.

കേരളത്തില്‍ പ്രൊട്ടസ്റ്റന്റ് മിഷനറിമാരുടെ പ്രവര്‍ത്തനത്തിന്റെ ഫലമായി ക്രിസ്തുമാര്‍ഗത്തില്‍ ചേര്‍ന്നവരില്‍ ഏറിയ പങ്കും അവര്‍ണവിഭാഗങ്ങളില്‍പ്പെട്ടവരായിരുന്നു. മിഷനറി പ്രവര്‍ത്തനം അവരുടെ സാമൂഹികമായ ഉന്നതിക്കു കാരണമായിട്ടുണ്ട്. മിഷനറിമാരുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലൂടെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനും വനിതാ വിദ്യാഭ്യാസത്തിനും കേരളത്തില്‍ പ്രചാരം സിദ്ധിച്ചു. ഹെര്‍മന്‍ ഗുണ്ടര്‍ട്ട്, ബെഞ്ചമിന്‍ ബെയ്ലി തുടങ്ങിയവര്‍ മലയാളഭാഷയ്ക്ക് നല്‍കിയ സംഭാവനകള്‍ അമൂല്യമാണ്. സാമൂഹികരംഗത്തും അവര്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കി. കേരളത്തില്‍ നിലവിലിരുന്ന അടിമത്തത്തിനെതിരായി അവര്‍ ശക്തമായി ശബ്ദമുയര്‍ത്തി. അവര്‍ണര്‍ക്ക് പൊതുനിരത്തുകളില്‍ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പുവരുത്തിയ നിയമനിര്‍മാണം അവരുടെയും ശ്രമത്തിന്റെ ഫലമാണ്. മര്‍ദിതരായിരുന്ന ജനവിഭാഗങ്ങളുടെ ഇടയില്‍ തങ്ങളുടെ അവകാശങ്ങളെക്കുറിച്ചുള്ള ബോധം ഉടലെടുത്തതും മിഷനറിമാരുടെ പ്രവര്‍ത്തനത്തിന്റെ ഫലമായാണ്. 1854-ലെ തൊഴില്‍ സമരവും ദക്ഷിണകേരളത്തിലെ മേല്‍മുണ്ടു പ്രക്ഷോഭണങ്ങളും ഇതിനുദാഹരണങ്ങളാണ്. ആതുരശുശ്രൂഷാരംഗത്തും മിഷനറിമാരുടെ സംഭാവനകള്‍ വളരെയായിരുന്നു. കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിനു വഴിയൊരുക്കിയ വിവിധ കാരണങ്ങളില്‍ ഒട്ടും അപ്രധാനമല്ലാത്തതായിരുന്നു മിഷനറിമാരുടെ പ്രവര്‍ത്തനം. മിഷനറിമാരുടെ പ്രവര്‍ത്തനത്തിന്റെ ഫലമായി കേരളത്തില്‍ സ്ഥാപിതമായ എല്‍.എം.എസ്., സി.എം.എസ്., ബാസല്‍മിഷന്‍ സഭകള്‍ 1947-ല്‍ രൂപവത്കരിക്കപ്പെട്ട ദക്ഷിണേന്ത്യാസഭയില്‍ (സി.എസ്.ഐ) സംയോജിക്കപ്പെട്ടു. ദക്ഷിണേന്ത്യാസഭയിലെ സി. എം.എസ് പാരമ്പര്യത്തില്‍പ്പെട്ട സഭയില്‍ നിന്ന് 1965-ല്‍ റവ. വി. ജെ. സ്റ്റീഫന്‍ എന്ന പട്ടക്കാരന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം വേര്‍പിരിഞ്ഞു. ഈ വിഭാഗത്തെ അമേരിക്കയിലെ ആംഗ്ലിക്കന്‍ ഓര്‍ത്തഡോക്സ് സഭ ഒരു സ്വതന്ത്രസഭയായി അംഗീകരിക്കുകയും 1966-ല്‍ റവ. വി.ജെ. സ്റ്റീഫനെ ബിഷപ്പായി വാഴിക്കുകയും ചെയ്തു. ഇങ്ങനെ രൂപം കൊണ്ട സഭയാണ് തിരു-കൊച്ചി സി. എം.എസ് ആംഗ്ലിക്കന്‍ മഹായിടവക.

മിഷനറിമാരുടെയും ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെയും സ്വാധീനതയുടെ ഫലമായി 1836-ല്‍ യാക്കോബായ സഭയില്‍ മറ്റൊരു നവീകരണശ്രമമുണ്ടായി. അതിനു നേതൃത്വം നല്‍കിയത് അബ്രഹാം മല്പാന്‍ ആയിരുന്നു. ആരാധനകള്‍ മലയാളത്തിലാക്കുകയും അര്‍ഥശൂന്യങ്ങളായി കരുതിയ ചില ആചാരങ്ങള്‍ നിര്‍ത്തലാക്കുകയും ചെയ്തുകൊണ്ട് ആരംഭിച്ച ഈ നവീകരണം നിരവധി വര്‍ഷം നീണ്ടുനിന്ന തര്‍ക്കങ്ങളിലേക്ക് വഴിതെളിച്ചെങ്കിലും ഒരു പുതിയ സഭയ്ക്ക് ജന്മം നല്‍കി. ഇപ്രകാരം രൂപംകൊണ്ട സഭയാണ് കേരളത്തിലെ മാര്‍ത്തോമ്മാ സുറിയാനി സഭ.

1889 മുതല്‍ സാല്‍വേഷന്‍ ആര്‍മി എന്ന സഭ തിരുവിതാംകൂറിന്റെ തെക്കുഭാഗത്തു പ്രവര്‍ത്തനം ആരംഭിച്ചു. 1892-ല്‍ തോവാള, അഗസ്തീശ്വരം എന്നീ താലൂക്കുകളിലായി രണ്ടായിരത്തോളം പേര്‍ ഈ സഭയില്‍ ചേര്‍ന്നതോടെ സാല്‍വേഷന്‍ ആര്‍മി ശക്തിയാര്‍ജിക്കുകയും കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ വളരുവാന്‍ തുടങ്ങുകയും ചെയ്തു.

ദക്ഷിണേന്ത്യയിലെ ആമ്പൂര്‍ (തമിഴ്നാട്) കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന ലൂഥറന്‍ മിഷനറിമാര്‍ (അമേരിക്കയിലെ ലൂഥറന്‍ സഭയുമായി ബന്ധപ്പെട്ടവര്‍) 1907 മുതല്‍ തിരുവിതാംകൂറില്‍ പ്രവര്‍ത്തനം നടത്തിവന്നു. അതിന്റെ ഫലമായി ലൂഥറന്‍സഭ കേരളത്തില്‍ സ്ഥാപിതമായി. ദക്ഷിണകേരളവും മലബാറുമാണ് ലൂഥറന്‍ മിഷനറിമാര്‍ പ്രവര്‍ത്തിച്ചിരുന്ന കേരളത്തിലെ പ്രധാന മേഖലകള്‍. 1958 മുതല്‍ ഈ സഭ 'ഇവാന്‍ജലിക്കല്‍ ലൂഥറന്‍ ചര്‍ച്ച്' എന്ന പേരിലാണ് അറിയപ്പെടുന്നത്.

1896-ല്‍ കേരളത്തില്‍ വന്ന ഗ്രഗ്സണ്‍ എന്ന ബാപ്റ്റിസ്റ്റു മിഷണറിയാണ് 'ബ്രദറണ്‍' പ്രസ്ഥാനത്തിന്റെ ആശയങ്ങള്‍ ഇവിടെ ആദ്യമായി പ്രചരിപ്പിച്ചത്. അദ്ദേഹവും ഡേവിഡ് എന്ന ഒരു സുവിശേഷപ്രസംഗകനും ചേര്‍ന്നു നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായി കവി കെ.വി. സൈമണ്‍ തുടങ്ങിയ നിരവധി പേര്‍ ഈ പ്രസ്ഥാനത്തില്‍ ചേര്‍ന്നു. ഏതാണ്ട് ഇതേ കാലഘട്ടത്തില്‍ ബാസല്‍മിഷന്‍ മിഷനറിയായി കേരളത്തില്‍ വരികയും പിന്നീട് ഒരു സ്വതന്ത്രമിഷണറിയായി കുന്നംകുളത്തു പ്രവര്‍ത്തിക്കുകയും ചെയ്ത വി. നാഗല്‍, ബ്രദറണ്‍ മിഷനറിയായിരുന്ന എച്ച്. ബേരഡുമായി ബന്ധപ്പെടുകയും ചെയ്തു.

ഇരുപതാം ശതകത്തിന്റെ ആദ്യദശകത്തിലാണ് പെന്തെക്കോസ്തു സഭകളുടെ രൂപവത്കരണം കേരളത്തില്‍ ആരംഭിച്ചത്. തോമസ്ബാരറ്റ് എന്ന നോര്‍വേക്കാരനായ ഒരു മിഷനറി കൂനൂരില്‍ പെന്തെക്കോസ്തുപദേശം നല്‍കിവന്നു. ഇദ്ദേഹത്തില്‍ നിന്നും ബ്രദറണ്‍ മിഷനറിമാരായിരുന്ന മിസ് ബൗണ്‍സില്‍, മിസ് ആള്‍ഡിവിങ്കിള്‍ എന്നീ രണ്ടു വനിതകള്‍ ഈ ഉപദേശം സ്വീകരിച്ച് കേരളത്തിലെത്തി പെന്തെക്കോസ്തു ഉപദേശം പ്രചരിപ്പിക്കാന്‍ തുടങ്ങി. കേരളത്തിലെ ആദ്യത്തെ പെന്തെക്കോസ്തു സമൂഹം ദക്ഷിണകേരളത്തിലാണ് രൂപംകൊണ്ടത്. ഏതാണ്ട് ഇതേ സമയത്തു തന്നെ അമേരിക്കയില്‍ നിന്നും വന്ന ജോര്‍ജ്ബര്‍ഗ് എന്ന മിഷനറിയും കേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍ പെന്തെക്കോസ്തു സമൂഹങ്ങള്‍ സ്ഥാപിച്ചു. നിരവധി ഉപവിഭാഗങ്ങളുള്ളതുകൊണ്ട് പെന്തെക്കോസ്തുസഭകള്‍ എന്നാണ് പറഞ്ഞുവരുന്നത്.

1844-ല്‍ ഒരു മതപ്രസ്ഥാനമായി (ആഗമന പ്രസ്ഥാനം) അമേരിക്കയില്‍ ആരംഭിക്കുകയും 1860-ല്‍ ഒരു സഭാവിഭാഗമായി രൂപം പ്രാപിക്കുകയും ചെയ്തതാണ് 'സപ്തമദിനപുനരാഗമനസഭ' അഥവാ ശാബത്മിഷന്‍ (ടല്ലിവേ ഉമ്യ അറ്ലിശേ). 1914-ല്‍ സുവിശേഷമുത്തു എന്ന ഒരു സുവിശേഷപ്രവര്‍ത്തകന്‍ ഈ സഭ ദക്ഷിണകേരളത്തിലെ നെയ്യാറ്റിന്‍കരയ്ക്കു സമീപം സ്ഥാപിച്ചു. തുടര്‍ന്ന് പല മിഷനറിമാരും കേരളത്തിലെത്തി പ്രവര്‍ത്തിക്കുകയും കേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ഈ സഭ വളരുകയും ചെയ്തു.

പത്തൊമ്പതാം ശതകത്തിന്റെ ഉത്തരാര്‍ധത്തില്‍ മധ്യകേരളത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സി. എം. എസ്. മിഷനില്‍ ബ്രാഹ്മണസമുദായത്തില്‍ നിന്നും മതപരിവര്‍ത്തനം ചെയ്ത യുസ്തുസ് ജോസഫ് എന്നൊരാള്‍ വൈദികനായി പ്രവര്‍ത്തിച്ചുവന്നു. നിരവധി ഗാനങ്ങളുടെ രചയിതാവായിരുന്ന യുസ്തുസ് ജോസഫിന്റെ പ്രവര്‍ത്തനം മധ്യകേരളത്തില്‍ പൊതുവായ ആധ്യാത്മികമായ ഉണര്‍വിനു കാരണമായി. യേശുക്രിസ്തുവിന്റെ പുനരാഗമനം 7-ാം വര്‍ഷത്തില്‍ സംഭവിക്കുമെന്ന് ഇദ്ദേഹം 1875-ല്‍ പ്രവചിച്ചു. ഈ പ്രവചനവും തുടര്‍ന്നുള്ള ഉപദേശങ്ങളും കൊണ്ട്, സി. എം. എസ്സുമായി ഇദ്ദേഹത്തിനുണ്ടായിരുന്ന ബന്ധം ഇല്ലാതാവുകയും ഇദ്ദേഹത്തിന്റെ പ്രസ്ഥാനം ഒരു സ്വതന്ത്രസഭയായിത്തീരുകയും ചെയ്തു. ഇത് 'യൂയോമയംസഭ' എന്ന പേരിലാണ് അറിയപ്പെടുന്നത്. 'യൂസ്തുസ് യോസഫ്മയം' എന്നതിന്റെ സംക്ഷിപ്തരൂപമാണ് 'യൂയോമയം' .

കേരളത്തിലെ യാക്കോബായ സഭയില്‍ വീണ്ടും വിഭജനങ്ങളുണ്ടായി. സഭയില്‍ ഭിന്നിപ്പു നിലനിന്നിരുന്നതിനാല്‍ കത്തോലിക്കാ കക്ഷി റോമന്‍കത്തോലിക്കാസഭയുമായി യോജിക്കുവാനുള്ള സാധ്യതകള്‍ ആരായുവാന്‍ മാര്‍ ഈവാനിയോസ് മെത്രെപ്പൊലീത്തയെ നിയോഗിച്ചിരുന്നു. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഗണ്യമായ ഒരു വിഭാഗം യാക്കോബായക്കാര്‍ റോമന്‍ കത്തോലിക്കാസഭയില്‍ ചേര്‍ന്നു. 'മലങ്കര സുറിയാനിക്കത്തോലിക്കര്‍' എന്ന പേരില്‍ വ്യതിരിക്തവ്യക്തിത്വത്തോടെ ഇവര്‍ കത്തോലിക്കാസഭയുടെ ഭാഗമായിക്കഴിയുന്നു. യാക്കോബായ സഭയില്‍ മറ്റൊരു വിഭജനവും കൂടിയുണ്ടായി. അന്ത്യോഖ്യാപാത്രിയാര്‍ക്കീസിന്റെ ആധ്യാത്മിക നേതൃത്വം അംഗീകരിക്കുന്നവര്‍ യാക്കോബായക്കാര്‍ എന്ന പേരിലും കേരളസഭയുടെ പരിപൂര്‍ണമായ സ്വാതന്ത്ര്യത്തില്‍ വിശ്വസിക്കുന്നവര്‍ ഓര്‍ത്തഡോക്സുകാര്‍ എന്ന പേരിലുമാണ് രണ്ടു സഭകളായി വിഭജിക്കപ്പെട്ടത്. മാര്‍ത്തോമ്മാ സുറിയാനിസഭയിലും 1960-ല്‍ ഒരു വിഭജനമുണ്ടായി. അതിന്റെ ഫലമായി ഒരു വിഭാഗം മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ 'സെയിന്റ് തോമസ് ഇവാന്‍ജലിക്കല്‍സഭ'യ്ക്കു രൂപം നല്‍കി.

സി.റ്റി. റസ്സല്‍ എന്ന അമേരിക്കക്കാരനായ ഒരു പ്രൊട്ടസ്റ്റന്റ് വൈദികന്‍ സ്ഥാപിച്ച മതവിഭാഗമാണ് യഹോവാസാക്ഷികള്‍ (മതം എന്ന പേര് അവര്‍ അംഗീകരിക്കുന്നില്ല). 1872-ല്‍ പ്രവര്‍ത്തനമാരംഭിച്ച റസ്സല്‍ 1900-ല്‍ ഈ വിഭാഗം സ്ഥാപിച്ചു. അന്താരാഷ്ട്ര ബൈബിള്‍ വിദ്യാര്‍ഥിസംഘമാണ് ഈ വിഭാഗമായി വികസിച്ചത്. തന്റെ പിന്‍ഗാമികള്‍ യഹോവ തെഞ്ഞെടുക്കപ്പെട്ടവരും മിശിഹായുടെ രാജ്യത്തിന്റെ കുത്തകക്കാരുമാണെന്ന് റസ്സല്‍ പഠിപ്പിച്ചു. റസ്സലിന്റെ ഉപദേശങ്ങളെ അദ്ദേഹത്തിന്റെ പിന്‍ഗാമിയായിരുന്ന ജെ. എഫ്. റതര്‍ഫോര്‍ഡ് പ്രചരിപ്പിക്കുകയുണ്ടായി. 1912-ല്‍ റസ്സല്‍ കേരളം സന്ദര്‍ശിക്കുകയും ഇവിടെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. തുടര്‍ന്ന് ഈ വിഭാഗത്തില്‍പ്പെട്ട പല മിഷനറിമാരും ഇവിടെ എത്തി. 1925 ആയപ്പോഴേക്കും കേരളത്തില്‍ അവരുടെ പ്രവര്‍ത്തനം ശക്തിയാര്‍ജിച്ചു. ഇന്ന് അവരുടെ പല കേന്ദ്രങ്ങളും കേരളത്തിലുണ്ട്.

വൈദിക സെമിനാരികള്‍

ക്രിസ്തീയസഭയിലെ ശുശ്രൂഷകര്‍ക്ക് വൈദിക വിദ്യാഭ്യാസവും പരിശീലനവും നല്‍കുന്ന സ്ഥാപനങ്ങളാണ് വൈദികസെമിനാരികള്‍. കേരളത്തില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ വളര്‍ച്ചയുടെ ആദ്യഘട്ടങ്ങളില്‍ പല സെമിനാരികളും ഉന്നതവിദ്യാഭ്യാസകേന്ദ്രങ്ങളായി വര്‍ത്തിച്ചിരുന്നുവെങ്കിലും ഇന്ന് മുഖ്യമായും സഭയിലെ ശുശ്രൂഷകരെ അഭ്യസിപ്പിക്കുന്ന സ്ഥാപനങ്ങളാണിവ.

പുരാതനകാലത്ത് മല്പാന്മാരാണ് സഭയിലെ പട്ടത്വശുശ്രൂഷയ്ക്കു തയ്യാറുള്ളവര്‍ക്ക് പരിശീലനം നല്‍കി വന്നിരുന്നത്. ഗുരുകുലവിദ്യാഭ്യാസസമ്പ്രദായത്തോട് ഇതിന് വളരെയേറെ സാമ്യമുണ്ടായിരുന്നു. പാശ്ചാത്യരുടെ ആഗമനത്തോടെ നിലവിലിരുന്ന സമ്പ്രദായം അവസാനിക്കുകയും സെമിനാരികള്‍ സ്ഥാപിക്കപ്പെടുകയും ചെയ്തു. ഇന്ന് കേരളത്തില്‍ മിക്കവാറും എല്ലാ സഭാവിഭാഗങ്ങള്‍ക്കും സെമിനാരികളോ പരിശീലന കേന്ദ്രങ്ങളോ ഉണ്ട്. ചെറുതും വലുതുമായ സെമിനാരികള്‍ കേരളത്തില്‍ നിരവധിയാണ്. റോമന്‍ കത്തോലിക്കാസഭയുടെ ഏറ്റവും പ്രധാനപ്പെട്ട സെമിനാരികള്‍ ആലുവയിലുള്ള സെയിന്റ് ജോസഫ്സ് പൊന്തിഫിക്കല്‍ സെമിനാരിയും കോട്ടയത്തുള്ള സെയിന്റ് തോമസ് അപ്പോസ്തോലിക് സെമിനാരിയുമാണ്. തിരുവനന്തപുരത്തെ കാര്‍മല്‍ ഹില്‍ ഫിലോസഫി കോളജ്, മലങ്കര വൈദിക സെമിനാരി തുടങ്ങി പ്രസിദ്ധങ്ങളായ മറ്റു സെമിനാരികളുമുണ്ട്. ഇവ കൂടതെ പല ഭദ്രാസനങ്ങളോടും ചേര്‍ന്ന് മൈനര്‍ സെമിനാരികളും പ്രവര്‍ത്തിച്ചുവരുന്നു.

കേരളത്തിലെ ഓര്‍ത്തഡോക്സ് സഭയുടെ സെമിനാരിയാണ് കോട്ടയത്തുള്ള ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരി. ഇത് പഴയ സെമിനാരി എന്ന പേരിലും അറിയപ്പെടുന്നു. യാക്കോബായ സഭയുടെ സെമിനാരി എറണാകുളം ജില്ലയിലെ വെട്ടിക്കല്‍ ഉദയഗിരിയാണ്. കോട്ടയത്ത് പ്രവര്‍ത്തിക്കുന്ന മാര്‍ത്തോമ്മാ തിയോളജിക്കല്‍ സെമിനാരി മാര്‍ത്തോമ്മാസഭയുടേതാണ്. ദക്ഷിണേന്ത്യാസഭയുടെ (സി. എസ്. ഐ.) കേരളത്തിലെ മഹായിടവകകള്‍ സംയുക്തമായി നടത്തുന്ന സെമിനാരിയാണ് തിരുവനന്തപുരത്തുള്ള കേരളാ യുണൈറ്റഡ് തിയോളജിക്കള്‍ സെമിനാരി. ഇവ കൂടാതെ പെന്തെക്കോസ്ത്, ബ്രദറണ്‍ തുടങ്ങിയ സഭാവിഭാഗങ്ങളുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന നിരവധി ബൈബിള്‍ സ്കൂളുകളും ഇന്ന് പ്രവര്‍ത്തിച്ചുവരുന്നു.

കേരളത്തില്‍ അനേകം സെമിനാരികളുണ്ടെങ്കിലും വിഭാഗവ്യത്യാസം കൂടാതെ പല തലങ്ങളിലും അവ തമ്മില്‍ സഹകരിച്ചാണ് പ്രവര്‍ത്തിച്ചുവരുന്നത്.

കേരളീയവ്യക്തിത്വം

കേരളത്തിലെ ക്രിസ്ത്യാനികള്‍ക്ക് തികച്ചും കേരളീയം എന്ന് വിശേഷിപ്പിക്കാവുന്ന സാംസ്കാരികപൈതൃകമുണ്ട്. വിവിധ സഭാപാര്യമ്പര്യങ്ങളുടെ സ്വാധീനതയുടെ ഫലമായി പല ആചാരങ്ങളിലും വ്യതിയാനങ്ങള്‍ ഉണ്ടായെങ്കിലും കേരളക്രൈസ്തവരില്‍ കേരളീയമായ വ്യക്തിത്വം പ്രകടമാണ്. കേരളത്തിലെ സഭാഭരണസംവിധാനം തന്നെ അതിനൊരുദാഹരണമാണ്. സഭാഭരണസംവിധാനത്തില്‍ പള്ളിയോഗങ്ങള്‍ക്ക് വളരെയധികം പ്രാധാന്യമുണ്ടായിരുന്നു. സമുദായത്തെ മൊത്തത്തില്‍ ബാധിക്കുന്ന എല്ലാ കാര്യങ്ങളും പള്ളി പ്രതിനിധികളുടെ യോഗം ചേര്‍ന്നാണ് തീരുമാനിച്ചിരുന്നത്. ഇന്നും പല ക്രൈസ്തവസഭകളിലും ഈ സംവിധാനം നിലനില്ക്കുന്നു; സഭയുടെ അഗ്രാസനാധിപത്യം മെത്രാന്മാര്‍ക്ക് നല്‍കിയിട്ടുള്ള എപ്പിസ്കോപ്പല്‍ സഭകള്‍ കേരളത്തിലെ ഭൂരിഭാഗം ക്രൈസ്തവരേയും ഉള്‍ക്കൊ ള്ളുന്നു. കത്തോലിക്ക, യാക്കോബായ, ഓര്‍ത്തഡോക്സ്, കല്‍ദായ, മാര്‍ത്തോമ്മ, സി.എസ്.ഐ എന്നിവ എപ്പിസ്കോപ്പല്‍ സഭകളാണ്. ഉത്സവങ്ങള്‍, സാമൂഹികാചാരങ്ങള്‍, വേഷം, ഭക്ഷണക്രമം എന്നിവയിലെല്ലാം കേരളീയമായ പാരമ്പര്യം പുലര്‍ത്തിവരുന്നവരാണ് കേരളത്തിലെ ക്രിസ്ത്യാനികള്‍. പാശ്ചാത്യസഭയും പൗരസ്ത്യസഭകളും ദൈവശാസ്ത്രപരവും താത്ത്വികവുമായ വിവാദങ്ങളില്‍ പെട്ട് കീറിമുറിക്കപ്പെട്ട അവസരങ്ങളിലും, ഇത്തരം വിവാദങ്ങളില്‍ നിന്നകന്ന് കേരളത്തിന്റെ പൈതൃകത്തില്‍ സമാധാനപരമായി ജീവിച്ചിരുന്ന പാരമ്പര്യമാണ് ഇവിടത്തെ ക്രൈസ്തവര്‍ക്കുള്ളത്.

സന്ന്യാസിസമൂഹങ്ങള്‍

അനേകം സന്ന്യാസിസമൂഹങ്ങള്‍ ഇന്ന് കേരളത്തിലുണ്ട്. പാശ്ചാത്യരാജ്യങ്ങളില്‍ ആരംഭിച്ച സമൂഹങ്ങളും ഇന്ത്യയുടെ ഇതര സ്ഥലങ്ങളില്‍ ആരംഭിച്ച സമൂഹങ്ങളും ചേര്‍ന്നതാണ് കേരളത്തിലെ സന്ന്യാസിസമൂഹങ്ങള്‍. പശ്ചാത്യസന്ന്യാസിസമൂഹങ്ങളുമായുള്ള സമ്പര്‍ക്കം 14-ാം ശ. മുതല്‍ ഉണ്ടായിരുന്നു എന്നാണ് കരുതപ്പെടുന്നത്. 1325-ല്‍ ഒരു ഡൊമിനിക്കന്‍ സന്ന്യാസിസമൂഹാംഗം കൊല്ലത്തുവന്നെത്തിയിരുന്നു. റോമന്‍ കത്തോലിക്കാസഭ കേരളത്തില്‍ വളര്‍ന്നതോടെയാണ് സന്ന്യാസിസമൂഹങ്ങള്‍ക്ക് അഭൂതപൂര്‍വമായ വളര്‍ച്ചയുണ്ടായത്.

ജസ്യൂട്ട് സമൂഹം (ഈശോസഭ), ഫ്രാന്‍സിസ്കന്‍ സമൂഹങ്ങള്‍, കര്‍മലീത്തക്കാര്‍, ഡൊമിനിക്കന്‍ സമൂഹം, ഒബ്ലേറ്റസ് ഒഫ് സെയിന്റ് ജോസഫ് തുടങ്ങി അനേകം പാശ്ചാത്യസമൂഹങ്ങള്‍ക്ക് കേരളത്തില്‍ ഗണ്യമായ വളര്‍ച്ചയുണ്ടായി. അതോടൊപ്പം കേരളത്തില്‍ തദ്ദേശീയമായ നിരവധി സമൂഹങ്ങള്‍ സ്ഥാപിക്കപ്പെടുകയും ചെയ്തു. കാര്‍മലൈറ്റസ് ഒഫ് മേരി ഇമാക്കുലേറ്റ്, ഇമിറ്റേഷന്‍ ഒഫ് ക്രൈസ്റ്റ്, ക്രിസ്തീയ സന്ന്യാസി സമാജം, ഒബ്ലേറ്റസ് ഒഫ് സേക്രഡ് ഹാര്‍ട്ട്, വിന്‍സെന്‍ഷ്യന്‍ കോണ്‍ഗ്രിഗേഷന്‍ തുടങ്ങിയവ കേരളത്തില്‍ രൂപം കൊണ്ട സന്ന്യാസിസമൂഹങ്ങളില്‍ പ്പെടുന്നു. ഇതില്‍ കാര്‍മലൈറ്റ്സ് ഒഫ് മേരി ഇമാക്കുലേറ്റ് എന്ന സമൂഹം വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസ് 1831-ല്‍ രൂപം നല്കിയതാണ്. കേരളത്തിലാരംഭിച്ച് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും വളര്‍ന്ന് പന്തലിച്ചിരിക്കുന്ന ഒരു സമൂഹമാണിത് (1986 ഫെബ്രുവരിയില്‍ ഫാ. ചാവറ കുര്യാക്കോസ് ഏലിയാസും സിസ്റ്റര്‍ അല്‍ഫോണ്‍സയും വാഴ്ത്തപ്പെട്ടവരായി മാര്‍പ്പാപ്പ കേരളത്തില്‍ വച്ചു പ്രഖ്യാപിച്ചു. ഇന്ത്യയില്‍ ആദ്യമായി വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെടുന്നത് ഇവരാണ്. 2008-ല്‍ സിസ്റ്റര്‍ അല്‍ഫോന്‍സായെയും 2014-ല്‍ ചാവറ കുര്യക്കോസ് ഏലിയാസ്, ഏവുപ്രാസ്യമ്മ എന്നിവരെയും വിശുദ്ധരാക്കി മാര്‍പാപ്പ പ്രഖ്യാപിക്കുകയുണ്ടായി). ഇമിറ്റേഷന്‍ ഒഫ് ക്രൈസ്റ്റ് എന്ന സമൂഹം 1919-ല്‍ മാര്‍ ഇവാനിയോസ് മെത്രാപ്പൊലീത്ത (പി.റ്റി. ഗീവര്‍ഗീസ് അച്ചന്‍) ബഥനി അശ്രമങ്ങളിലൂടെ ആരംഭിച്ചതാണ്.

പത്തൊമ്പതാം ശതകത്തിന്റെ ഉത്തരാര്‍ധം മുതല്‍ സന്ന്യാസിനീസമൂഹങ്ങളും കേരളത്തില്‍ വളരെ വേഗം വളരാന്‍ തുടങ്ങി. സന്ന്യാസിസമൂഹങ്ങളെന്ന പോലെ പാശ്ചാത്യരാജ്യങ്ങളില്‍ ആരംഭിക്കപ്പെട്ടവയും ഇന്ത്യയുടെ ഇതര സ്ഥലങ്ങളില്‍ ആരംഭിക്കപ്പെട്ടവയും കേരളത്തില്‍ത്തന്നെ ആരംഭിക്കപ്പെടുന്നവയുമാണ് ഈ സന്ന്യാസിനീസമൂഹങ്ങളും. കര്‍മലീത്താസഭയോടു ബന്ധപ്പെട്ട സന്ന്യാസിനീസമൂഹശാഖകള്‍, ഹോളിക്രോസ് സിസ്റ്റേഴ്സ്, കോണ്‍ഗ്രഗേഷന്‍ ഒഫ് ഡോട്ടേഴ്സ് ഒഫ് മേരി, മിഷണറീസ് ഒഫ് ചാരിറ്റി, അസംപ്ഷന്‍ സിസ്റ്റേഴ്സ്, ഫ്രാന്‍സിസ്കന്‍ സമൂഹങ്ങള്‍ തുടങ്ങിയവ കേരളത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന സന്ന്യാസിനീ സഭകളില്‍ ചിലതാണ്. ഇന്ന് കേരളത്തിലുള്ള 45 സന്ന്യാസിനീ സഭകളില്‍ 16 സഭകള്‍ കേരളത്തില്‍ത്തന്നെ രൂപം കൊണ്ടവയാണ്. സിസ്റ്റേഴ്സ് ഒഫ് ആഡൊറേഷന്‍, അസ്സീസി സിസ്റ്റേഴ്സ്, ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്‍ 1866-ല്‍ സ്ഥാപിച്ച കര്‍മ്മലീത്ത സമൂഹം, ഡോട്ടേഴ്സ് ഒഫ് സെയിന്റ് തോമസ്, ഫ്രാന്‍സിസ്കന്‍ ക്ലെയറിസ്റ്റ് കോണ്‍ഗ്രിഗേഷന്‍, മാര്‍ ഇവാനിയോസ് മെത്രാപ്പൊലീത്ത 1930-ല്‍ സ്ഥാപിച്ച സിസ്റ്റേഴ്സ് ഒഫ് ഇമിറ്റേഷന്‍ ഒഫ് ക്രൈസ്റ്റ്, സിസ്റ്റേഴ്സ് ഒഫ് സെയിന്റ് ജോസഫ്സ് കോണ്‍ഗ്രിഗേഷന്‍, മെഡിക്കല്‍ സിസ്റ്റേഴ്സ്, സിസ്റ്റേഴ്സ് ഒഫ് മാര്‍ത്ത തുടങ്ങിയവ ഇക്കൂട്ടത്തില്‍പ്പെടുന്നു.

ഇവ കൂടാതെ ബഥനി താബോര്‍ ദയാറ, ഹോളി ട്രിനിറ്റി, കമ്യൂണിറ്റി ഒഫ് ദി മിഷന്‍ പ്രീസിറ്റ് ഒഫ് സെയിന്റ് തോമസ് തുടങ്ങി മറ്റു ചില സന്ന്യാസീസമൂഹങ്ങളും ഇന്ന് കേരളത്തിലുണ്ട്. കേരളത്തിലെ പല പ്രൊട്ടസ്റ്റന്റ് സഭാവിഭാഗങ്ങള്‍ക്കും സന്ന്യാസിനീ സമൂഹങ്ങളുണ്ട്. ദക്ഷിണേന്ത്യാസഭയുടെ 'സിസ്റ്റര്‍ ഹുഡ്' ഇതിനൊരുദാഹരണമാണ്. സാഹിത്യം, വിദ്യാഭ്യാസം, ആതുരശുശ്രൂഷ, സാമൂഹികവികസനം തുടങ്ങിയ മേഖലകളില്‍ സന്ന്യാസിസമൂഹങ്ങളും സന്ന്യാസിനീസമൂഹങ്ങളും നല്‍കിവരുന്ന സേവനം വളരെ വിലപ്പെട്ടതാണ്.

പ്രധാന പള്ളികളും തീര്‍ഥാടനകേന്ദ്രങ്ങളും
സെയിന്റ് മേരീസ് ഫൊറാന പള്ളി-അതിരമ്പുഴ
മലയാറ്റൂര്‍ പള്ളി

വിശുദ്ധ തോമസ് അപ്പോസ്തലന്‍ സ്ഥാപിച്ച ഏഴരപ്പള്ളികളില്‍ പൂര്‍ണമായ ദേവാലയങ്ങള്‍ ഏഴെണ്ണമായിരുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. കൊടുങ്ങല്ലൂര്‍, കൊല്ലം, നിരണം, നിലയ്ക്കല്‍ (ചായല്‍), കോതമംഗലം, പറവൂര്‍ (കോട്ടക്കാവ്), പാലയൂര്‍ എന്നീ സ്ഥലങ്ങളിലായിരുന്നു തോമസ് അപ്പോസ്തലന്‍ സ്ഥാപിച്ച പള്ളികള്‍. കേരളത്തില്‍ ഇന്ന് നിരവധി പള്ളികള്‍ ഉള്ളതില്‍ പാരമ്പര്യം കൊണ്ടും പൗരാണികത്വം കൊണ്ടും ചരിത്രപരമായ പ്രാധാന്യം കൊണ്ടും പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്ന ചില പള്ളികള്‍ ചുവടെ പറയുന്നവയാണ്. ആലങ്ങാട് സെയിന്റ് മേരീസ് പള്ളി, ഉഴവൂര്‍ സെയിന്റ് സ്റ്റീഫന്‍സ് ഫൊറാന പള്ളി, കുറവിലങ്ങാട് സെയിന്റ് മേരീസ് പള്ളി, പാലായിലെ സെയിന്റ് തോമസ് കത്തീഡ്രല്‍, കടുത്തുരുത്തിയിലെ മാര്‍ത്താമറിയം ഫൊറാന പള്ളി, വല്ലാര്‍പാടം പള്ളി, അതിരമ്പുഴ സെയിന്റ് മേരീസ് ഫൊറാന പള്ളി, കടമറ്റം സെന്റ് ജോര്‍ജ് പള്ളി, തിരുവനന്തപുരത്തെ സെയിന്റ് ജോസഫ്സ് കത്തീഡ്രല്‍, ആര്‍ത്താട്ടുപള്ളി, തൃശൂരിലെ മാര്‍ത്താമറിയം പള്ളി, കോട്ടയം വലിയ പള്ളി, കോട്ടയം പഴയ സെമിനാരി ചാപ്പല്‍, ചെങ്ങന്നൂര്‍ പഴയ പള്ളി, മണര്‍ക്കാട് സെയിന്റ് മേരീസ് കത്തീഡ്രല്‍, പുത്തന്‍കാവ് സെയിന്റ് മേരീസ് പള്ളി, കടമ്പനാട് സെയിന്റ് തോമസ് പള്ളി, കൊല്ലം കാദിശാ പള്ളി, തിരുവിതാംകോടു പള്ളി, മാവേലിക്കര പുതിയകാവ് സെയിന്റ് മേരീസ് പള്ളി, ചേപ്പാട് സെയിന്റ് ജോര്‍ജ് പള്ളി, മാരാമണ്‍-അയിരൂര്‍-കോഴഞ്ചേരി മാര്‍ത്തോമ്മാ പള്ളികള്‍, മട്ടാഞ്ചേരി പള്ളി, വടക്കന്‍പറവൂര്‍ പള്ളി, മുളന്തുരുത്തി പള്ളി, കോതമംഗലം മാര്‍ത്തോമാ ചെറിയ പള്ളി, കൊച്ചിയിലെ സെയിന്റ് ഫ്രാന്‍സീസ് പള്ളി, കൊല്ലത്തെ ക്രൈസ്റ്റ് ചര്‍ച്ച് തുടങ്ങിയവ ഇക്കൂട്ടത്തില്‍പ്പെടുന്നു. എപ്പിസ്കോപ്പല്‍ പാരമ്പര്യത്തില്‍പ്പെടുന്ന സഭകളില്‍ ബിഷപ്പുമാരുടെ പ്രധാന ആസ്ഥാനത്തോടോ അതിരൂപതകളുടെ ആസ്ഥാനത്തോടോ ചേര്‍ന്ന് ഭദ്രാസനദേവാലയങ്ങളുണ്ട്. ഭദ്രാസനദേവാലയങ്ങളെല്ലാം തന്നെ പ്രധാനപ്പെട്ട പള്ളികളാണ്.

കേരളത്തില്‍ പല ക്രൈസ്തവ തീര്‍ഥാടനകേന്ദ്രങ്ങളുമുണ്ട്. ഇവയില്‍വച്ച് ഏറ്റവും പ്രധാനപ്പെട്ടത് മലയാറ്റൂര്‍, എടത്വാ, പരുമല, മണര്‍കാട് എന്നീ കേന്ദ്രങ്ങളാണ്. തോമസ് അപ്പോസ്തലന്‍ കേരളത്തില്‍ നിന്നും തമിഴ് നാട്ടിലേക്കുള്ള യാത്രാമധ്യേ മലയാറ്റൂര്‍ മലയിലെ ഒരു പാറയുടെ മുകളില്‍ കുരിശുവരച്ചു പ്രാര്‍ഥിച്ചുവെന്നും ആ കുരിശ് പിന്നീട് സ്വര്‍ണമയമായി കാണപ്പെട്ടു എന്നും ഒരു ഐതിഹ്യമുണ്ട്. മലയാറ്റൂര്‍ പില്ക്കാലത്ത് ഒരു തീര്‍ഥാടനകേന്ദ്രമായി മാറി.

എടത്വാപ്പള്ളിയും ക്രിസ്ത്യാനികളുടെ ഒരു പ്രധാന തീര്‍ഥാടനകേന്ദ്രമാണ്. സെയിന്റ് ജോര്‍ജിന്റെ നാമത്തിലാണ് ഇവിടത്തെ പള്ളി സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. ഓരോ വര്‍ഷവും മേടം 24-ന് ഇവിടെ ആഘോഷിക്കപ്പെടുന്ന പെരുനാള്‍ പ്രസിദ്ധമാണ്. ഇവിടെ സെയിന്റ് ജോര്‍ജിന്റെ ഒരു പ്രതിമയുണ്ട്. പേര്‍ഷ്യന്‍ ശില്പകലയുടെ സ്വാധീനത കാണാവുന്ന ഈ പ്രതിമയ്ക്ക് വളരെ പഴക്കമുണ്ട്.

ഓര്‍ത്തഡോക്സ് സഭ വിശുദ്ധനായി പ്രഖ്യാപിച്ചിട്ടുള്ള മാര്‍ ഗ്രിഗോറിയോസിന്റെ കബറിടം സ്ഥിതി ചെയ്യുന്ന പരുമല മറ്റൊരു തീര്‍ഥാടനകേന്ദ്രമാണ്. നവംബര്‍ ഒന്നും രണ്ടും തീയതികളിലാണ് പരുമയിലെ ഓര്‍മപ്പെരുന്നാള്‍ നടന്നു വരുന്നത്. മാര്‍ ഗ്രിഗോറിയോസ് എന്ന വിശുദ്ധന്‍ പരുമല തിരുമേനി എന്ന പേരിലും അറിയപ്പെടുന്നു. ഓര്‍മപ്പെരുനാള്‍ സമയത്തുമാത്രമല്ല വര്‍ഷത്തിലെല്ലാ സമയത്തും തീര്‍ഥാടകര്‍ ഇവിടം സന്ദര്‍ശിക്കാറുണ്ട്. ആഗോള മരിയന്‍ തീര്‍ഥാടനകേന്ദ്രമായ മണര്‍കാട് സെന്റ് മേരീസ് പള്ളിയും ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയും കോതമംഗലം മാര്‍ത്തോമാ ചെറിയ പള്ളിയുമാണ് ശ്രദ്ധേയമായ ഇതര തീര്‍ഥാടനകേന്ദ്രങ്ങള്‍.

ഒരു തീര്‍ഥാടനകേന്ദ്രമെന്ന് പറയാന്‍ സാധിക്കുകയില്ലെങ്കിലും കേരളത്തിലെ ക്രൈസ്തവരുടെ പൊതുശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നതാണ് മാര്‍ത്തോമ്മാസഭയുടെ ആഭിമുഖ്യത്തില്‍ വര്‍ഷന്തോറും നടത്തപ്പെടുന്ന മാരാമണ്‍ കണ്‍വെന്‍ഷന്‍. 19-ാം ശതകത്തിന്റെ അവസാനദശകം മുതല്ക്കാണ് മാരാമണ്‍ കണ്‍വെന്‍ഷന്‍ നടത്തിവരുന്നത്.

ദേവാലയശില്പം

ക്രൈസ്തവരുടെ ആരാധനാലയങ്ങളായ പള്ളികളുടെ ശില്പകല ശ്രദ്ധയര്‍ഹിക്കുന്നതാണ്. ഭാരതീയം, പേര്‍ഷ്യന്‍, പാശ്ചാത്യം എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്ന ശില്പശൈലികള്‍ പള്ളികളില്‍ കാണാവുന്നതാണ്. പള്ളികളിലെ ചിത്രങ്ങളിലും ശില്പങ്ങളിലും ഈ സവിശേഷതകള്‍ കണ്ടെത്താനാവും. പല പള്ളികളുടേയും നിര്‍മിതിയില്‍ ക്രിസ്തീയേതരരായ രാജാക്കന്മാരും പ്രഭുക്കന്മാരും ഉദാരമായ സഹായസഹകരണങ്ങള്‍ നല്‍കിയിട്ടുണ്ട്. ക്നായിത്തൊമ്മന്റെ ചെപ്പേട്, തരിസാപ്പള്ളി ചെപ്പേട്, വീരരാഘവപ്പട്ടയം തുടങ്ങിയ രേഖകളെല്ലാം ഈ വസ്തുത വെളിവാക്കുന്നു. കേരളത്തില്‍ നിലനിന്നിരുന്ന മതസൗഹാര്‍ദത്തിന്റെയും സാമുദായിക മൈത്രിയുടെയും തെളിവുകള്‍ കൂടിയാണിവ. നോ. ഉദയംപേരൂര്‍ സൂനഹദോസ്, കൂനന്‍ കുരിശുസത്യം, ക്രിസ്തുമതം, ക്രൈസ്തവസഭകള്‍

(ജെ. ഡബ്ലിയു. ഗ്ലാഡ്സ്റ്റന്‍; സ്കറിയ സക്കറിയ)

ഇസ്ലാം

ഇസ്ലാമിന്റെ വരവ്

വളരെ പുരാതനകാലം മുതല്ക്കുതന്നെ പശ്ചിമേഷ്യയ്ക്ക് പശ്ചിമേന്ത്യയു(പ്രത്യേകിച്ച് കേരളം)മായി അടുത്ത വ്യാപാര ബന്ധമുണ്ടായിരുന്നു. ബൈബിളിലെ 'പഴയനിയമ'ത്തില്‍ സോളമന്റെ കാലത്ത് കേരളത്തിലെ 'ഓഫിറി'ല്‍ നിന്ന് സ്വര്‍ണം, വെള്ളി, ആനക്കൊമ്പ്, കുരങ്ങ്, മയില്‍ എന്നിവ ഇറക്കുമതി ചെയ്തതായി കാണുന്നു. ഈ വ്യാപാരം അറബികള്‍ മുഖാന്തിരമായിരുന്നു നടന്നിരുന്നത്. റോമന്‍ സാമ്രാജ്യകാലത്ത് അറബികള്‍ പശ്ചിമേന്ത്യന്‍ തുറമുഖങ്ങളുമായി വ്യാപാരം നടത്തിയിരുന്നതായി പെരിപ്ലസില്‍ പ്രസ്താവിക്കുന്നുണ്ട്. അതിനാല്‍ അറബികള്‍ക്ക് കേരളവുമായി ഇസ്ലാംമതത്തിന്റെ ഉദയത്തിനു മുമ്പുതന്നെ വ്യാപാരബന്ധം ഉണ്ടായിരുന്നുവെന്നതു നിസ്തര്‍ക്കമാണ്. ഇന്ത്യന്‍സാധനങ്ങള്‍ പേര്‍ഷ്യന്‍ ഉള്‍ക്കടലിലൂടെയും, ടൈഗ്രീസ് നദിവഴിയും അറേബ്യന്‍ ഉപദ്വീപുവഴിയും സിറിയന്‍ തുറമുഖങ്ങളിലേക്ക് അറബികള്‍ എത്തിച്ചിരുന്നു. മുഹമ്മദുനബിയുടെ കാലത്ത് അറബികള്‍ ഈ വ്യാപാരത്തില്‍ വന്‍തോതില്‍ ഏര്‍പ്പെട്ടിരുന്നു. ഇതു കാരണം ഉദ്ഭവകാലത്തുതന്നെ ഇസ്ലാംമതം പശ്ചിമേന്ത്യന്‍ തുറമുഖങ്ങളില്‍ പ്രചരിച്ചിരിക്കാന്‍ സാധ്യതയുണ്ട്. കച്ചവടക്കാരെന്ന നിലയില്‍ വര്‍ഷത്തില്‍ ആറു മാസത്തോളം ഇന്ത്യന്‍ തുറമുഖങ്ങളില്‍ താമസിക്കേണ്ടിയിരുന്ന അറബി വ്യാപാരികള്‍ ഇസ്ലാംമതം പ്രചരിപ്പിക്കാന്‍ ശ്രമിച്ചിരിക്കണം. കേരളത്തില്‍ ഇസ്ലാമിന്റെ ആവിര്‍ഭാവത്തെപ്പറ്റിയുള്ള പ്രാദേശികകഥ കേരളോത്പത്തിയിലാണുളളത്. കേരളത്തിലെ അവസാനത്തെ പെരുമാളായ ചേരമാന്‍ പെരുമാള്‍ ഇസ്ലാംമതത്തില്‍ വിശ്വസിക്കുകയും അദ്ദേഹത്തിന്റെ രാജ്യം ബന്ധുക്കള്‍ക്കും സാമന്തന്മാര്‍ക്കുമായി ഭാഗിച്ചുകൊടുത്തശേഷം അറേബ്യയിലേക്കു പോയി ഇസ്ലാംമതം സ്വീകരിക്കുകയും ചെയ്തു എന്ന് കേരളോത്പത്തിയില്‍ കാണുന്നു. തിരിച്ചുവരുന്നവഴി അറേബ്യന്‍ തീരത്തുവച്ച് അദ്ദേഹം മരിച്ചു. അദ്ദേഹത്തിന്റെ അനുയായികള്‍ കേരളത്തിലേക്ക് വരികയും ഇസ്ലാംമതം പ്രചരിപ്പിക്കുകയും പള്ളികള്‍ പണിയുകയും ചെയ്തു. ഇതിന്റെ സ്മരണയ്ക്കായിട്ടാണ് കൊല്ലവര്‍ഷം ആരംഭിച്ചതെന്നും ഒരു കഥയുണ്ട്. ഈ സംഭവങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ത്തന്നെ അവ നടന്നത് എന്നാണെന്നുള്ളതിനെപ്പറ്റി പണ്ഡിതന്മാരുടെ ഇടയില്‍ വ്യത്യസ്താഭിപ്രായമാണുള്ളത്.

മുഹമ്മദ് നബിയുടെ ജീവിതകാലത്തു തന്നെയാണ് ചേരമാന്‍ പെരുമാള്‍ അറേബ്യയിലേക്ക് പോയതെന്നതിന് വേണ്ടത്ര തെളിവില്ല. അറബികളുടെയിടയില്‍ വളരെ അറിയപ്പെടുന്ന ഒരു കേരള രാജാവ് നബിയെ സന്ദര്‍ശിച്ചിരുന്നുവെങ്കില്‍ അതു തീര്‍ച്ചയായും ഹദീസ് പരമ്പരകളില്‍ ഉദ്ധരിക്കപ്പെടുമായിരുന്നു. ഏഴാം നൂറ്റാണ്ടില്‍ കേരളത്തില്‍ ചേരമാന്‍ പെരുമാള്‍ എന്ന പേരില്‍ ഒരു രാജാവുണ്ടായിരുന്നുവെന്നതിനും തെളിവില്ല.

രാജ്യം ഭാഗിച്ചുകൊടുത്തതിന്റെ സ്മരണയ്ക്കായാണ് കൊല്ലവര്‍ഷം ആരംഭിച്ചതെന്ന കഥയും ശരിയാവാന്‍ വഴിയില്ല. കാരണം, കൊല്ലവര്‍ഷം ആരംഭിച്ച 824-825 വര്‍ഷങ്ങളില്‍ കേരളത്തില്‍ സുശക്തമായ ഒരു ഗവണ്‍മെന്റ് നിലവിലിരുന്നു. എന്നാല്‍ രാജ്യം ഭാഗിച്ചുകൊടുത്തതിനുശേഷമാണ് പെരുമാള്‍ രാജ്യം വിട്ടുപോയതെന്ന കഥ ശരിയാണെങ്കില്‍ അത് 12-ാം നൂറ്റാണ്ടില്‍ ഭരിച്ചിരുന്ന രാമവര്‍മ്മകുലശേഖരനുശേഷമായിരിക്കണം. രാമവര്‍മകുലശേഖരന്‍ 1122-ല്‍ ദുരൂഹമായ സാഹചര്യങ്ങളില്‍ അപ്രത്യക്ഷനായി എന്നത് ഈ പാരമ്പര്യവിശ്വാസത്തിനു ബലം നല്‍കുന്നു. ഇതിനെല്ലാം പുറമേ ഇസ്ലാംമതത്തിന്റെ ഉദയത്തോടുകൂടിത്തന്നെ ഈ മതം കേരളത്തില്‍ പ്രചരിക്കാനിടയുണ്ടെന്നുള്ള വസ്തുതയും മുമ്പു സൂചിപ്പിച്ചിട്ടുണ്ട്.

പതിനാറാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ കേരളത്തില്‍ കുറേക്കാലം താമസിച്ചിരുന്ന പോര്‍ച്ചുഗീസുകാരനായ ദുവാര്‍ത്തെ ബാര്‍ബോസയും ആദ്യകാല പോര്‍ച്ചുഗീസ് ചരിത്രകാരനായ ബറോസും 1583-ല്‍ എഴുതിയ തുഹ്ഫത്തൂല്‍ മുജാഹിദീന്‍ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവായ ഷൈഖ്സൈനുദ്ദീനുമാണ് ചേരമാന്‍ പെരുമാളുടെ മതംമാറ്റക്കഥ ആദ്യമായി രേഖപ്പെടുത്തിയിട്ടുള്ളത്. ഷൈഖ് സൈനുദ്ദീന്റെ അഭിപ്രായത്തില്‍ ഹിജ്റ രണ്ടാം നൂറ്റാണ്ടില്‍ (ക്രി. ഒമ്പതാം നൂറ്റാണ്ട്) ആയിരിക്കണം ഇസ്ലാംമതം കേരളത്തില്‍ പ്രചരിച്ചത്. എന്നാല്‍ എട്ടാം നൂറ്റാണ്ടിനു മുമ്പു തന്നെ മുസ്ലിങ്ങള്‍ കേരളത്തില്‍ താമസമാക്കിയിരിക്കണം എന്ന വാദത്തിന് അനുകൂലമായ പല സാഹചര്യത്തെളിവുകളും ഉണ്ട്. അക്കാലത്ത് സിലോണില്‍ ഒരു മുസ്ലിം കോളനിയുണ്ടായിരുന്നുവെന്ന് ബലാദുരി അദ്ദേഹത്തിന്റെ ഫുതൂഹൂല്‍ ബുല്‍ദാന്‍ എന്ന ഗ്രന്ഥത്തില്‍ പ്രസ്താവിക്കുന്നു. അവിടത്തെ കുറേ വിധവകളെയും അവരുടെ കുട്ടികളെയും സിലോണിലെ രാജാവ് കൂഫായിലേക്ക് മടക്കി അയച്ചു. ഇവരെ സിന്ധിയിലെ കടല്‍ക്കൊള്ളക്കാര്‍ കൊള്ളചെയ്തതു കാരണമാണ് മുഹമ്മദിബ്നുകാസിം സിന്ധ് ആക്രമിച്ചത് (711-12). സിലോണില്‍ ഒരു മുസ്ലിംകോളനി ഉണ്ടായിരുന്നെങ്കില്‍, അറബികള്‍ക്ക് പ്രിയങ്കരങ്ങളായ സാധനങ്ങള്‍ നല്‍കിയിരുന്ന കേരളത്തില്‍ പല കോളനികള്‍ ഉണ്ടായിരുന്നിരിക്കാനാണ് സാധ്യത. എട്ടാം ശതകത്തില്‍ കാനറ തീരത്ത് താമസമാക്കിയ 'നവായത്തു'കളുടെ ഗോത്രക്കാര്‍ കേരളത്തിലും താമസമാക്കിയിരിക്കാന്‍ സാധ്യതയുണ്ട്. കൊല്ലം തരിസാപ്പള്ളി ചെപ്പേടില്‍ (ക്രി. വ. 849) സാക്ഷ്യം വഹിച്ചവരുടെ കൂട്ടത്തില്‍ മുസ്ലിങ്ങളുടെ പേരുകളും കാണുന്നു. അക്കാലത്തെ തദ്ദേശീയ രാഷ്ട്രീയത്തില്‍ സ്വാധീനത നേടത്തക്കവണ്ണം മുസ്ലിങ്ങള്‍ അവിടെ കുറേക്കാലമായി താമസിച്ചിരുന്നുവെന്നു വിശ്വസിക്കാവുന്നതാണ്. ഇക്കാരണങ്ങളാല്‍ എട്ടാം ശതകത്തില്‍ തന്നെ കേരളത്തിലെ പല തുറമുഖങ്ങളിലും മുസ്ലിങ്ങള്‍ കോളനികളായി താമസിച്ചിരുന്നതായി കരുതാം.

ഇസ്ലാംമതത്തിന്റെ പ്രചാരണം

കേരളോത്പത്തി പ്രകാരം പെരുമാള്‍, തന്റെ മരണത്തിന് മുമ്പുതന്നെ തന്റെ അനുയായികളോട് കേരളത്തിലേക്ക് പോകുവാനും ഇസ്ലാംമതം പ്രചരിപ്പിക്കുവാനും ആവശ്യപ്പെട്ടിരുന്നു. അവര്‍ക്കു വേണ്ട സൗകര്യങ്ങള്‍ നല്‍കണമെന്ന് കേരളത്തിലെ ഭരണാധികാരികള്‍ക്ക് കത്തുകളും നല്‍കിയിരുന്നു. അപ്രകാരം അദ്ദേഹത്തിന്റെ അനുയായികളായിരുന്ന മാലിക് ഇബ്നുദീനാറും സംഘവും കൊടുങ്ങല്ലൂരില്‍ കപ്പലിറങ്ങുകയും കേരളത്തിന്റെ പല ഭാഗങ്ങളിലായി പത്ത് മുസ്ലിം കേന്ദ്രങ്ങളില്‍ (ബര്‍ക്കൂര്‍, മംഗലാപുരം, കാസര്‍കോട്, മാടായി, കണ്ണൂര്‍, ധര്‍മടം, പന്തലായിനി, ചാലിയം, കൊടുങ്ങല്ലൂര്‍, കൊല്ലം) പള്ളികള്‍ സ്ഥാപിക്കുകയും ചെയ്തു. കേരളത്തിലെ മതപ്രചാരണത്തെപ്പറ്റി ഷൈഖ് സൈനുദ്ദീന്‍ രേഖപ്പെടുത്തിയിട്ടുള്ളത് ഇപ്രകാരമാണ്-'അല്ലാഹു ജനങ്ങള്‍ പാര്‍ക്കുന്ന നാടുകളിലെല്ലാം ഇസ്ലാംമതം പ്രചരിപ്പിക്കാന്‍ ഇടയാക്കി; പല രാജ്യങ്ങളിലും യുദ്ധം ചെയ്യേണ്ടതായും നിര്‍ബന്ധം ചെലുത്തേണ്ടതായിട്ടും വന്നിട്ടുണ്ട്; മറ്റു പല സ്ഥലങ്ങളിലും പ്രബോധനം കൊണ്ടുമാത്രം പ്രചരിച്ചിട്ടുണ്ട്; ഇന്ത്യയിലെ മലബാറിലാകട്ടെ ഇസ്ലാംമതം യാതൊരുവിധ നിര്‍ബന്ധവും കൂടാതെ സ്വന്തം ഇഷ്ടപ്രകാരം പ്രചരിക്കാന്‍ ദൈവം കനിഞ്ഞു; ഇസ്ലാം (മലബാറില്‍) വേരുപിടിക്കുകയും അതിന്റെ അനുയായികള്‍ എണ്ണത്തില്‍ വര്‍ധിക്കുകയും ചെയ്തു.'

ചേരമാന്‍ ജുമാ മസ്ജിത്-കൊടുങ്ങല്ലൂര്‍

കാലക്രമത്തില്‍ കേരളത്തിലെ മുസ്ലിങ്ങളുടെ എണ്ണം കുടിയേറ്റം കൊണ്ടും മിശ്രവിവാഹം കൊണ്ടും മതപരിവര്‍ത്തനം കൊണ്ടും വളരെ വേഗം വര്‍ധിച്ചു. കേരളത്തിലെ തുറമുഖ നഗരങ്ങളിലേക്ക് പല നാടുകളില്‍ നിന്നും വ്യാപാരികള്‍ ധാരാളമായി എത്തിച്ചേര്‍ന്നു. വ്യാപാരാവശ്യത്തിനായി മുസ്ലിങ്ങള്‍ താമസിച്ചിരുന്ന ഏഴിമല, പഴയങ്ങാടി, എടക്കാട്, ചെമ്മലോട്, ബാലിയപട്ടം, നാദാപുരം, തിക്കോടി, കാപ്പാട്, കോഴിക്കോട്, താനൂര്‍, പരപ്പനങ്ങാടി, തിരൂരങ്ങാടി, പൊന്നാനി, പറവണ്ണ, വെളിയങ്കോട്, കൊച്ചി, വൈപ്പിന്‍, പള്ളിപ്പുറം തുടങ്ങിയ തീരപ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും ഉള്ള പല സ്ഥലങ്ങളും അഭിവൃദ്ധിപ്പെട്ടു. രാജാക്കന്മാരും അവരുടെ പട്ടാളക്കാരും 'അവിശ്വാസി'കളായിരുന്നുവെങ്കിലും മുസ്ലിങ്ങളോട് അവര്‍ കാണിച്ച മമത മൂലം മുസ്ലിങ്ങളും അവരുടെ വ്യാപാരവും നാള്‍ക്കുനാള്‍ വളര്‍ന്നു വികസിച്ചു. മുസ്ലിങ്ങളെ സഹായിച്ചതുകാരണം അവരുടെ രാജ്യത്തെ വ്യാപാരം അഭിവൃദ്ധിപ്പെടുകയും അതുമൂലം രാജ്യം സമ്പത്സമൃദ്ധമായിത്തീരുകയും ചെയ്തു. അതിനെപ്പറ്റി സൈനുദ്ദീന്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്- 'മലബാറിലെ മുസ്ലിങ്ങളുടെ മേല്‍ ആധിപത്യം ചുമത്തുവാന്‍ ഒരു മുസ്ലിം ഭരണാധികാരിയും ഇല്ല. അവരുടെ ഭരണാധികാരികള്‍ എല്ലാവരും അവിശ്വാസികളാണ്. അവര്‍ മുസ്ലിങ്ങളുടെ കാര്യങ്ങള്‍ നോക്കി നടത്തുകയും ന്യായവിചാരം നടത്തുകയും ചെയ്യുന്നു (മലബാര്‍). രാജാക്കന്മാര്‍ക്ക് അവരോടു മമതയും ആദരവും ഉണ്ട്; കാരണം, നാട്ടിലെ വ്യാപാരകേന്ദ്രങ്ങളുടെ വര്‍ധനവ് അവരെക്കൊണ്ടായിരുന്നു. അതിനാല്‍ രാജാക്കന്മാര്‍ മുസ്ലിങ്ങളെ അവരുടെ ജുംഅ (വെള്ളിയാഴ്ച പ്രാര്‍ഥന)യില്‍ പങ്കെടുക്കാനും ഈദ് (പെരുനാള്‍) ആഘോഷിക്കാനും സഹായിക്കുന്നു. അവര്‍ ഖാസിമാരുടെയും ബാങ്ക് വിളിക്കാരുടെയും ശമ്പളം നിശ്ചയിക്കുകയും (അവരുടെ ശമ്പളം കൊടുക്കുകയും) 'ശരീഅത്ത്' (മുസ്ലിംനിയമം) അനുസരിച്ച് കാര്യങ്ങള്‍ നടത്താന്‍ അവരെ ചുമതലപ്പെടുത്തുകയും ചെയ്യുന്നു. ജും ആ പ്രാര്‍ഥന ഒഴിവാക്കാന്‍ (മുസ്ലിങ്ങളെ) ആരെയും അനുവദിച്ചിരുന്നില്ല; മലബാറിന്റെ മിക്ക ഭാഗങ്ങളിലും അത് ഒഴിവാക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കുകയും ചെയ്തിരുന്നു. മുസ്ലിങ്ങളില്‍ ആരെങ്കിലും വധശിക്ഷ നല്‍കത്തക്ക ഏതെങ്കിലും കുറ്റം ചെയ്യുകയാണെങ്കില്‍ മുസ്ലിം പ്രമാണികളുടെ സമ്മതത്തോടുകൂടി അയാളെ വധിക്കുകയും ശവശരീരം സംസ്കരിക്കുന്നതിനായി അവരെ ഏല്പിക്കുകയും ചെയ്യും. ഒരു അവിശ്വാസിയാണ് വധശിക്ഷ നല്‍കത്തക്ക ഏതെങ്കിലും കുറ്റം ചെയ്യുന്നതെങ്കില്‍ അയാളെ തൂക്കിക്കൊല്ലുകയും ശവശരീരം ഒരു കുറ്റിയില്‍ നാട്ടുകയും അത് നായും കുറുക്കനും തിന്നാനായി വിടുകയും ചെയ്യുന്നു.'

മലബാറിന്റെ പല ഭാഗങ്ങളില്‍ വ്യാപാരകേന്ദ്രങ്ങള്‍ ഉണ്ടായതിനു കാരണം മിഷനറി പ്രവര്‍ത്തനമാണെന്നു വ്യക്തമാണ്. ഉത്തരകേരളത്തിലും മധ്യകേരളത്തിലും ഉണ്ടായിരുന്ന സമ്പത് സമൃദ്ധമായ വ്യാപാരകേന്ദ്രങ്ങളെപ്പറ്റി 1345-47 വരെ കേരളത്തില്‍ പര്യടനം നടത്തിയ ഇബ്നുബത്തൂത്ത പറയുന്നുണ്ട്. കച്ചവടക്കാരെ ആവശ്യമുള്ളതു കാരണം, ഈ കേന്ദ്രങ്ങളെ അവിടവിടത്തെ ഹിന്ദു രാജാക്കന്മാര്‍ പ്രോത്സാഹിപ്പിച്ചിരുന്നു. ' അവരുടെ കൂടെ ആഹാരം കഴിക്കുകയോ അവരുടെ ഗൃഹങ്ങളില്‍ പ്രവേശിപ്പിക്കുകയോ ചെയ്തിരുന്നുവെങ്കിലും മുസ്ലിങ്ങള്‍ ഹിന്ദുക്കളുടെ ഇടയില്‍ വളരെയേറെ ബഹുമാനിക്കപ്പെടുന്നു. പേര്‍ഷ്യന്‍ ചക്രവര്‍ത്തിയായ ഷാറുഖിന്റെ പ്രതിനിധിയായി 1443-ല്‍ കോഴിക്കോട്ടേക്കു വന്ന അബ്ദുള്‍ റസ്സാഖ് ഷാബി വിഭാഗത്തില്‍പ്പെട്ട സമ്പത്സമൃദ്ധമായ ഒരു മുസ്ലിം സമൂഹത്തെയാണ് അവിടെ കണ്ടത്. മുസ്ലീങ്ങള്‍ 'എല്ലാത്തരത്തിലുമുള്ള ആഡംബരജീവിതം നയിച്ചിരുന്നതായിട്ടാണ് അദ്ദേഹം വിവരിക്കുന്നത്.

നാദാപുരം മുസ്ലീം പള്ളി

മുസ്ലിങ്ങളുടെ രാഷ്ട്രീയ പ്രാധാന്യം മലബാറില്‍ വര്‍ധിച്ചതു പ്രധാനമായും കോഴിക്കോട്ടെ സാമൂതിരിമാരുടെ കാലത്താണ്. സാമൂതിരിമാര്‍ മുസ്ലിങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്നത് പ്രധാനമായും രണ്ടു കാരണങ്ങള്‍ കൊണ്ടായിരുന്നു. ഒന്ന്, അവരുടെ വ്യാപാരപ്രവര്‍ത്തനങ്ങള്‍ കൊണ്ട് രാജ്യത്തിനു കൈവന്ന സമ്പത്സമൃദ്ധി; രണ്ട്, രാജാവിന്റെ രാഷ്ട്രീയമോഹങ്ങള്‍ സഫലീകരിക്കുന്നതിന് ആളാലും അര്‍ഥത്താലും അവര്‍ നല്കിയ സഹായം. കേരളോത്പത്തിയനുസരിച്ച് വള്ളുവനാട് പിടിച്ചെടുക്കാനും അങ്ങനെ തിരുനാവായയില്‍ പന്ത്രണ്ടു കൊല്ലത്തൊരിക്കല്‍ നടക്കുന്ന മാമാങ്കത്തിലെ അധ്യക്ഷപദവി കൈക്കലാക്കാനും സാമൂതിരിയെ പ്രേരിപ്പിച്ചത് കോഴിക്കോടു കോയ ആയിരുന്നു. മുസ്ലിങ്ങള്‍ നല്കിയ പണവും ആള്‍ബലവും ഉപയോഗിച്ചാണ് സാമൂതിരി വള്ളുവനാട് പിടിച്ചടക്കിയത്. ആ സഹായത്തിനു പ്രത്യുപകാരമെന്ന നിലയില്‍, മാമാങ്കം ആഘോഷത്തിന്റെ അവസാനദിവസം വാകയൂര്‍ വേദിയില്‍ സാമൂതിരിയുടെ ഇടതുവശത്തുനില്ക്കാനുള്ള അവകാശം കോഴിക്കോടു കോയയ്ക്ക് അനുവദിച്ചിരുന്നു.

ഉത്തരകേരളത്തില്‍ മുസ്ലിം സമുദായത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിച്ച മറ്റൊരു സംഭവം കണ്ണൂരിലെ അറയ്ക്കല്‍ സ്വരൂപത്തിന്റെ ഉദയമായിരുന്നു. അറയ്ക്കല്‍സ്വരൂപം എന്നാണു രൂപം കൊണ്ടതെന്ന് അറിയാന്‍ കഴിഞ്ഞിട്ടില്ല. 12-ാം ശതകത്തോടുകൂടി കണ്ണൂരിലെ ആലിരാജാക്കന്മാരുടെ രാഷ്ട്രീയ പ്രാധാന്യം വളരെയേറെ വര്‍ധിച്ചു. കോലത്തിരിമാര്‍ ആലിരാജാക്കന്മാരുടെ സഹായം സ്വീകരിക്കുകയും അതിനു പ്രതിഫലമായി ലക്ഷദ്വീപുകള്‍ അവര്‍ക്കു വിട്ടുകൊടുക്കുകയും ചെയ്തു. അവരുടെ പ്രാധാന്യവും പ്രശസ്തിയും വളരെയേറെ വര്‍ധിച്ചു. പോര്‍ച്ചുഗീസുകാര്‍ കണ്ണൂര്‍ പിടിച്ചെടുത്തില്ലായിരുന്നുവെങ്കില്‍, മലബാര്‍ കണ്ണൂര്‍ രാജാവിന്റെ ആധിപത്യത്തില്‍ ആകുമായിരുന്നുവെന്ന് പോര്‍ച്ചുഗീസ് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

കേരള രാജാക്കന്മാരുടെ ഔദാര്യം മൂലം ഇസ്ലാംമതത്തിലേക്കു വിപുലമായ മതപരിവര്‍ത്തനം നടന്നു. ഹിന്ദു മതത്തില്‍ നിലനിന്നിരുന്ന ജാതിവ്യത്യാസം കാരണം അധഃസ്ഥിതര്‍ ധാരാളമായി പുതിയ മതത്തിലേക്കു പരിവര്‍ത്തനം ചെയ്യപ്പെട്ടു. വാസ്കോ ദ ഗാമയുടെ നാവികയാത്രയെപ്പറ്റി എഴുതിയ ഗാസ്പര്‍ കൊറിയ രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്; 'നായന്മാരില്‍ ആരും തന്നെ മുസ്ലീം ആയിരുന്നില്ല. മുസ്ലിം ആവുന്നതോടുകൂടി അവര്‍ക്കിഷ്ടമുള്ളിടത്തേക്കു പോകാനും ഇഷ്ടമുള്ളത് തിന്നാനും കഴിഞ്ഞു. അവര്‍ മുസ്ലിങ്ങളായപ്പോള്‍, മറ്റു മുസ്ലിങ്ങള്‍ അവര്‍ക്ക് വസ്ത്രങ്ങളും മറ്റും നല്കി'. ഇസ്ലാമിലേക്ക് ഹിന്ദു അധഃസ്ഥിതര്‍ പരിവര്‍ത്തനം ചെയ്തത് അതുമൂലം ലഭിക്കാനിടയുള്ള സാമൂഹികമായ ഉന്നതിയെ മാത്രം കണക്കാക്കിയിരുന്നില്ല; അതു കാരണം ഉണ്ടാകാവുന്ന മെച്ചപ്പെട്ട സാമ്പത്തികനേട്ടം കൂടി കണ്ടുകൊണ്ടായിരുന്നു.

പോര്‍ച്ചുഗീസുകാര്‍ കേരളത്തില്‍ വന്നപ്പോള്‍ അവര്‍ കണ്ടത് സ്വദേശ-വിദേശവ്യാപാരം മുഴുവന്‍ മുസ്ലിങ്ങള്‍ കൈയടക്കിയിരിക്കുന്നതാണ്. കേരളത്തിന്റെ വിദേശവ്യാപാരം കുത്തകയാക്കുന്നതിന് മുസ്ലിങ്ങളുടെ മത്സരം ഒഴിവാക്കാതെ സാധിക്കുകയില്ലെന്നും അവര്‍ക്കു ബോധ്യമായി. അതിനായി അവര്‍ മുസ്ലിങ്ങളുടെയും മുസ്ലിംകേന്ദ്രങ്ങളുടെയും നേരെ ക്രൂരമായ ആക്രമണം അഴിച്ചുവിട്ടു. ഈ നീതിരഹിതമായ ആക്രമണങ്ങളെ എതിര്‍ത്ത സാമൂതിരിയുടെ രാജ്യം അവര്‍ ആക്രമിക്കുകയും മുസ്ളിങ്ങള്‍ അധിവസിച്ചിരുന്ന തീരദേശകേന്ദ്രങ്ങള്‍ കൊള്ളചെയ്യുകയും തീവച്ചു നശിപ്പിക്കുകയും ചെയ്തു. മുസ്ലിങ്ങളുടെ നിര്‍ലോഭമായ സഹകരണത്തോടുകൂടി സാമൂതിരി പോര്‍ച്ചുഗീസ് അതിക്രമങ്ങള്‍ക്ക് എതിരായി നടത്തിയ യുദ്ധം ഒരു നൂറ്റാണ്ടോളം നീണ്ടുനിന്നു. ഈ യുദ്ധത്തിലാണ് സാമൂതിരിയുടെ നാവികസേനാധിപന്മാരായ കോട്ടയ്ക്കല്‍ കുഞ്ഞാലിമരയ്ക്കാര്‍മാര്‍ പേരും പ്രശസ്തിയും നേടിയത്. അവര്‍ നാവികഗെറില്ലാ യുദ്ധം സംഘടിപ്പിക്കുകയും പോര്‍ച്ചുഗീസുകാരെ ഈ ആക്രമണങ്ങള്‍ പ്രതിരോധിക്കുന്നതില്‍ ശ്രദ്ധിക്കേണ്ട നിലയിലെത്തുകയും ചെയ്തു. ഈ അക്രമണങ്ങള്‍ മൂലം ഗതിമുട്ടിയ പോര്‍ച്ചുഗീസുകാര്‍ക്ക് സാമൂതിരിയുമായി സഖ്യം ചെയ്യുകയല്ലാതെ നിവൃത്തിയില്ലെന്നായി. അപവാദങ്ങള്‍പരത്തി സാമൂതിരിയെ കുഞ്ഞാലിക്കെതിരാക്കിത്തീര്‍ത്തു. അങ്ങനെ 1599-ലും 1600-ലും കുഞ്ഞാലിയുടെ കേന്ദ്രമായ കോട്ടയ്ക്കല്‍ പോര്‍ച്ചുഗീസുകാരും സാമൂതിരിയും ഒത്തുചേര്‍ന്നു ആക്രമിച്ചു. 1599-ലെ ആക്രമണം പരാജയപ്പെട്ടതിനെത്തുടര്‍ന്ന് 1600-ല്‍ വീണ്ടു ആക്രമണം നടത്തി. മറ്റു പോംവഴിയൊന്നുമില്ലാതെ കുഞ്ഞാലി സാമൂതിരിക്കു കീഴടങ്ങി. എന്നാല്‍ സാമൂതിരി കുഞ്ഞാലിയെയും കൂട്ടുകാരെയും പോര്‍ച്ചുഗീസുകാര്‍ക്ക് വിട്ടുകൊടുക്കുകയാണുണ്ടായത്. പോര്‍ച്ചുഗീസുകാര്‍ അവരെ ഗോവയിലേക്കു കൊണ്ടുപോയി തൂക്കിക്കൊന്നു. ഈ ആക്രമണത്തിനെതിരായി മലബാര്‍ നാവികര്‍ പിടിച്ചെടുക്കുന്ന എല്ലാ യൂറോപ്യന്മാരെയും വധിക്കുന്ന പതിവ് നടപ്പില്‍ വന്നു. സാമൂതിരി പോര്‍ച്ചുഗീസുകാരുമായി ഒത്തുചേര്‍ന്നത് രാജ്യത്തിന് ഒരു പ്രയോജനവും ചെയ്തില്ല. പോര്‍ച്ചുഗീസുകാര്‍ സ്വന്തംതാത്പര്യത്തിനനുസരിച്ചു പ്രവര്‍ത്തിച്ചു; അവരുടെ ആക്രമണങ്ങളെ തടുക്കാന്‍ കഴിവുള്ള നാവികസേനാനായകന്മാരും അദ്ദേഹത്തിനു നഷ്ടപ്പെട്ടു.

കേരളവ്യാപാരം പോര്‍ച്ചുഗീസുകാര്‍ കുത്തകയാക്കിയതോടുകൂടി മുസ്ലിങ്ങളുടെ സാമ്പത്തിക സ്ഥിതി തകര്‍ന്നു. പോര്‍ച്ചുഗീസുകാരുടെ ക്രൂരപ്രവര്‍ത്തനങ്ങള്‍ നേരിടാനാവാതെ അറബിവ്യാപാരികള്‍ നേരത്തെതന്നെ സ്ഥലം വിട്ടിരുന്നു. തദ്ദേശമുസ്ലിം വ്യാപാരികളാകട്ടെ, ആകെ തകര്‍ന്നുപോയി. ചില്ലറ വ്യാപാരം മാത്രമേ അവര്‍ക്കു സാധ്യമായിരുന്നുള്ളു. പോര്‍ച്ചുഗീസ് ആധിപത്യം അവസാനിച്ചപ്പോള്‍ അവരുടെ സ്ഥാനം ഏറ്റെടുത്ത ഡച്ചുകാരും ബ്രിട്ടിഷുകാരും അത്രത്തോളം ക്രൂരത കാണിച്ചിരുന്നില്ലെങ്കിലും വ്യാപാരകുത്തക തുടര്‍ന്നുകൊണ്ടുപോകുന്നതില്‍ പിന്നിലായിരുന്നില്ല. ഇംഗ്ലീഷ് കമ്പനിക്കാര്‍ക്ക് സാധനങ്ങള്‍ എത്തിച്ചുകൊടുത്തിരുന്ന തലശ്ശേരിയിലെ ചൊവ്വക്കാരന്‍ മൂസാ, പൂവാറിലെ പോക്കുമൂസാ എന്നിങ്ങനെ ചിലര്‍ മാത്രമേ പിടിച്ചുനിന്നുള്ളു.

മാലിക് ദീനാര്‍ പള്ളി-കാസര്‍കോട്

ഇക്കാലത്ത് ഇസ്ലാംമതം കേരളത്തിന്റെ മറ്റു ഭാഗങ്ങളിലും പുരോഗമിച്ചിരുന്നു. മാലിക്ക് ഇബ്നുദീനാറും കൂട്ടരും പണികഴിപ്പിച്ചിരുന്ന പള്ളികളിലൊന്ന് കൊല്ലത്തായിരുന്നു. കൊല്ലത്തെ മുസ്ലിംസമൂഹം അവിടത്തെ രാഷ്ട്രീയരംഗത്തു വേണ്ടത്ര സ്വാധീനത ചെലുത്തിയിരുന്നുവെന്നതാണ് 849-ലെ തരിസാപ്പള്ളി ചെപ്പേട് ചൂണ്ടിക്കാണിക്കുന്നത്. ആ ചേപ്പേടില്‍ സാക്ഷ്യം വഹിച്ചവരുടെ കൂട്ടത്തില്‍ ചില മുസ്ലീങ്ങളുടെ പേരുകളും കാണുന്നുണ്ട്. മുസ്ലിം സമൂഹത്തിന്റെ പ്രധാന്യം കുറെക്കൂടി കൂടിയത് രാജാവിന്റെ കുതിരപ്പട കൈകാര്യം ചെയ്തിരുന്നത് മുസ്ലിങ്ങളായിരുന്നുവെന്നതിനാലാണ്. ഉമയമ്മറാണിയുടെ കാലത്ത് (1676-84) മുകിലന്‍ തെക്കന്‍ തിരുവിതാംകൂര്‍ ആക്രമിക്കുകയും തിരുവനന്തപുരത്തെത്തി പദ്മനാഭസ്വാമിക്ഷേത്രം കൊള്ളചെയ്യാന്‍ പുറപ്പെടുകയും ചെയ്തപ്പോള്‍ മുകിലനുമായി സംസാരിച്ച് ക്ഷേത്രംകൊള്ള ഒഴിവാക്കിയത് തിരുവിതാംകൂര്‍ പട്ടാളത്തിലുണ്ടായിരുന്ന മുസ്ലിങ്ങളായിരുന്നു.

മുസ്ലിംകച്ചവടക്കാര്‍ക്ക് നാട്ടിലുണ്ടായിരുന്ന സ്വാധീനത തെളിയിക്കുന്ന മറ്റൊരു സംഭവം 1721 ഏപ്രിലില്‍ നടന്ന ആറ്റിങ്ങല്‍ കലാപമായിരുന്നു. അഞ്ചുതെങ്ങിലെ ഇംഗ്ലീഷ് പണ്ടകശാലയുടെ ക്യാപ്റ്റനും അനുയായികളും ആറ്റിങ്ങല്‍ റാണിക്ക് പാരിതോഷികങ്ങളുമായി ആറ്റിങ്ങലിലേക്കു പോകുന്ന വഴി നാട്ടുകാര്‍ അവരെ ആക്രമിച്ചു പാരിതോഷികങ്ങള്‍ പിടിച്ചെടുക്കുകയും അവരെ കൊലചെയ്യുകയും ചെയ്തു. ഈ കലാപത്തിനു കാരണം ക്യാപ്റ്റന്‍ നല്കിയ ഒരു വിരുന്നില്‍ ഒരു മുസ്ലിം കച്ചവടക്കാരനോട് കാണിച്ച അധിക്ഷേപമായിരുന്നു. കലാപത്തില്‍ ഒരു കൂട്ടമാളുകള്‍ അഞ്ചുതെങ്ങ് പണ്ടകശാല ഉപരോധിക്കുകയും തലശ്ശേരിയില്‍ നിന്ന് കൂടുതല്‍ പട്ടാളങ്ങളും വിഭവങ്ങളും കിട്ടുന്നതുവരെ കോട്ടയ്ക്കുള്ളിലുണ്ടായിരുന്നവരെ വിഷമിപ്പിക്കുകയും ചെയ്തു.

പോര്‍ച്ചുഗീസ് ഇടപെടല്‍ മൂലം തകര്‍ന്നുപോയ വ്യാപാരം കാരണം മുസ്ലിങ്ങളുടെ സാമ്പത്തികനില അധഃപതിച്ചു. പോര്‍ച്ചുഗീസ് സഖ്യം മൂലം തങ്ങളോട് സാമൂതിരി അവസരവാദനയം അനുവര്‍ത്തിച്ചുവെന്നു കരുതിയ മുസ്ലിങ്ങളും നാട്ടിലെ രാജാക്കന്മാരും പ്രഭുക്കന്മാരുമായി വളരെക്കാലമായി നിന്നിരുന്ന സൗഹൃദം നഷ്ടപ്പട്ടു. സമുദ്രവ്യാപാരം നഷ്ടപ്പെട്ട മുസ്ലിങ്ങള്‍ ഉള്‍നാടിലേക്കു പിന്‍വലിയുകയും അവിടെ ചില്ലറ വ്യാപാരത്തിലും കൃഷിപ്പണിയിലും ഏര്‍പ്പെടുകയും ചെയ്തു. എന്നാല്‍ ഹിന്ദുക്കളും മുസ്ലിങ്ങളുമായി കാലാകാലമായി നിലവിലിരുന്ന സൗഹൃദം നഷ്ടപ്പെട്ടതുകൊണ്ട് സമുദായങ്ങള്‍ തമ്മില്‍ ഉരസലുകള്‍ ഉണ്ടാവുകയും അതു പലപ്പോഴും അക്രമത്തില്‍ കലാശിക്കുകയും ചെയ്തു. 1740-41 ല്‍ മലപ്പുറത്തെ നായര്‍ പ്രഭുവായ പാറനമ്പി തന്റെ മുസ്ലിം കൃഷിക്കാരെ നാട്ടില്‍ നിന്ന് ഓടിക്കുകയും മലപ്പുറം പള്ളിയുടെ ഒരു ഭാഗം പൊളിച്ചുകളയുകയും ചെയ്തു. പിന്നീട് നമ്പി ഇക്കാര്യത്തില്‍ പശ്ചാത്തപിക്കുകയും കൃഷിക്കാരെ അവരുടെ കൃഷിയിടങ്ങളില്‍ പുനഃസ്ഥാപിക്കുകയും ഭാഗികമായി നശിപ്പിക്കപ്പെട്ട പള്ളി പുതുക്കിപ്പണിയിക്കുകയും ചെയ്തു. ഇത്തരത്തിലുള്ള അസ്വസ്ഥതകള്‍ 18-ാം ശതകത്തിന്റെ മധ്യം വരെ നിലനിന്നു. ഉത്തരകേരളത്തില്‍ കോലത്തിരിയും ആലിരാജാവും തമ്മിലുള്ള തര്‍ക്കങ്ങള്‍ യുദ്ധത്തില്‍ കലാശിച്ചു. ആലിരാജാവിനെതിരായി ബിദ്നൂരിലെ സോമശേഖരനായ്ക്കിന്റെ സഹായം കോലത്തിരി തേടി. 1728-ല്‍ ആരംഭിച്ച ഈ സംഘര്‍ഷം ഹൈദരാലിയുടെ മലബാര്‍ ആക്രമണം വരെ നീണ്ടുനിന്നു. മലബാറില്‍ മുസ്ലിങ്ങളും ഹിന്ദുക്കളും തമ്മില്‍ ഉണ്ടായിരുന്ന ഈ അസ്വസ്ഥതകള്‍ കാരണമായി ആയിടെ മൈസൂരില്‍ അധികാരത്തില്‍ വന്ന ഹൈദരാലിയുടെ സഹായം മുസ്ലിങ്ങള്‍ തേടുകയുണ്ടായി. ഹൈദര്‍ കേരളം ആക്രമിച്ചപ്പോള്‍ ഹിന്ദുക്കളുമായി തെറ്റിയിരുന്ന മുസ്ലിങ്ങള്‍ അക്രമണകാരികളുമായി സഹകരിച്ചു. മൈസൂര്‍ സുല്‍ത്താന്മാരില്‍ നിന്നും മലബാര്‍ പിടിച്ചടുത്ത ബ്രിട്ടിഷുകാര്‍ക്കെതിരായി മുസ്ലിങ്ങള്‍ പ്രവര്‍ത്തിക്കാനിടയായത് അവര്‍ ഹിന്ദുരാജാക്കന്മാരെയും പ്രഭുക്കന്മാരെയും മുസ്ലിങ്ങള്‍ക്കെതിരായി സഹായിച്ചതുകൊണ്ടായിരുന്നു. ഈ സംഘര്‍ഷമാണ് 19-ാം ശതകത്തില്‍ ഹിന്ദുജന്മിമാര്‍ക്കും അവരെ സഹായിച്ചിരുന്ന ബ്രിട്ടിഷ് ഗവണ്മെന്റിനും എതിരായി ഏറനാട്-വള്ളുവനാട്ടിലെ മുസ്ലിംകര്‍ഷകര്‍ നടത്തിയ ലഹളകള്‍ക്ക് ആധാരം. കര്‍ഷകരുടെ ഈ കഷ്ടപ്പാടുകള്‍ക്ക് കുറെയൊക്കെ അറുതിവരുത്തിയത് കര്‍ഷകരെ കുടിയൊഴിപ്പിക്കുമ്പോള്‍ അവരുടെ ദേഹണ്ഡങ്ങള്‍ക്ക് ന്യായമായ പ്രതിഫലം കൊടുക്കുന്നതിനുള്ള നിയമവും എളുപ്പത്തില്‍ കുടിയൊഴുപ്പിക്കുന്നതിനെതിരെ കോടതികള്‍ എടുത്ത നടപടികളും ആയിരുന്നു. ഈ നടപടികള്‍ ലഹളകള്‍ വീണ്ടും പൊട്ടിപ്പുറപ്പെടുന്നതിനെ തടഞ്ഞു. സ്വാതന്ത്ര്യസമരം ഊര്‍ജിതമായപ്പോള്‍ മുസ്ലിങ്ങള്‍ ഹിന്ദുക്കളോടൊപ്പം പ്രവര്‍ത്തിക്കാന്‍ തുടങ്ങി. സ്വാതന്ത്ര്യസമ്പാദനത്തിനു ശേഷം ഹിന്ദു-മുസ്ലിം സംഘട്ടനങ്ങള്‍ ഒരു മറന്ന സംഭവമായി മാറി.

കേരളത്തിലെ മുസ്ലിം കേന്ദ്രങ്ങള്‍

പാരമ്പര്യവിശ്വാസമനുസരിച്ച് മാലിക്ക് ഇബ്നുദീനാറും അനുയായികളും അക്കാലത്തുതന്നെ മുസ്ലിങ്ങള്‍ ധാരാളമായി താമസിച്ചിരുന്ന പത്തു സ്ഥലങ്ങളില്‍ പള്ളികള്‍ സ്ഥാപിക്കുകയും അവ കേന്ദ്രങ്ങളാക്കി മത പ്രചാരണം ആരംഭിക്കുകയും ചെയ്തു. അവയില്‍ ബര്‍ക്കൂറും മംഗലാപുരവും ഇപ്പോള്‍ കര്‍ണാടകത്തിലാണ് സ്ഥിതി ചെയ്യുന്നത്; ശേഷിച്ച പ്രധാന കേന്ദ്രങ്ങള്‍ കേരളത്തിലും.

കാസര്‍കോട്'. മാലിക്ക് ഇബ്നുദീനാറിന്റെ സഹചാരിയായ മാലിക്ക് ഇബ്നുഹബീബാണ് ചരിത്രപ്രസിദ്ധമായ ദീനാര്‍ പളളി പണിയിച്ചതെന്നാണു വിശ്വസിക്കപ്പെടുന്നത്. കാസര്‍കോട്ടുള്ള മറ്റൊരു പള്ളിയായ തെരുവത്ത് പള്ളി വളരെയകലെയല്ലാതെ സ്ഥിതി ചെയ്യുന്നു. വേറൊരു പ്രധാന പള്ളിയാണ് കിസ്ര്‍ജുംആമസ്ജിദ്. ഈ പള്ളികളെല്ലാം വളരെ സൂക്ഷ്മതയോടുകൂടി പരിരക്ഷിച്ചുപോരുന്നു.

മാടായി. തളിപ്പറമ്പില്‍ നിന്നും കിഴക്കോട്ട് 15 കി. മീ. മാറി സ്ഥിതി ചെയ്യുന്ന ഒരു ചെറിയ പട്ടണമാണ് മാടായി. മാലിക്ക് ഇബ്നുദീനാറാണ് ഇവിടത്തെ പള്ളി പണികഴിപ്പിച്ചിട്ടുള്ളത്. ഇദ്ദേഹം മക്കയില്‍ നിന്നും കൊണ്ടുവന്ന ഒരു മാര്‍ബിള്‍ ഫലകം ഈ പള്ളിയില്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ പള്ളി 1124-ലാണ് പണിയിക്കപ്പെട്ടിട്ടുള്ളതെന്ന് ഈ പള്ളിയില്‍ ഉള്ള ഒരു ശിലാലേഖനത്തില്‍ കാണുന്നു. ഈ സ്ഥലത്തെപ്പറ്റി പ്രസിദ്ധ സഞ്ചാരിയായ ഇബ്നുബത്തൂത്തയും പരാമര്‍ശിക്കുന്നുണ്ട്. നാഴിക്കര ഇല്ലം, മാടത്ത് ഇല്ലം എന്നീ പേരുകളില്‍ അറിയപ്പെടുന്ന മുസ്ലിം കുടുംബങ്ങള്‍ ഇവിടെയുണ്ട്. ഇവിടെ മൂന്ന് ജൂംആ മസ്ജിദുകള്‍ ഉണ്ട്.

ഏഴിമല. പുരാതനകേരളത്തിലെ മൂഷകരാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ഏഴിമല. വളരെ ദൂരത്തുനിന്നും വരുന്ന കപ്പലുകള്‍ ആദ്യമായിക്കാണുന്ന മലബാറിലെ ഭൂവിഭാഗം ഏഴിമലയായിരുന്നു. മുന്‍കാലങ്ങളില്‍ കൊല്ലത്തിനും കോഴിക്കോടിനും പുറമേ ചീനകപ്പലുകള്‍ അടുത്തിരുന്ന ഒരു തുറമുഖമായിരുന്നു ഇത്. ഇവിടെ യഹൂദര്‍ സംഘമായി താമസിച്ചിരുന്നു. 'ഇവിടത്തെ പ്രസിദ്ധമായ പള്ളി കാരണം മുസ്ലിങ്ങളും വിശ്വാസികളും ഈ സ്ഥലത്തെ പ്രത്യേകമായി ബഹുമാനിക്കുന്നു. നാവികര്‍ ഈ പള്ളിയിലേക്കു വളരെയധികം നേര്‍ച്ചകള്‍ നേരുന്നതുകൊണ്ട് ഈ പള്ളിക്ക് വമ്പിച്ച സ്വത്തുണ്ട്' എന്ന് ഇബ്നുബത്തൂത്ത രേഖപ്പെടുത്തിയിട്ടുണ്ട്.

കണ്ണൂര്‍. 'ജുര്‍ഫത്തന്‍' എന്ന പേരില്‍ കണ്ണൂര്‍ മധ്യകാല മുസ്ലിംസഞ്ചാരികളുടെ ഇടയില്‍ പ്രസിദ്ധമായിരുന്നു. 12-ാം ശതകത്തില്‍ ആലിരാജാവ് ഈ പ്രദേശം കോലത്തിരിയില്‍ നിന്നും പിടിച്ചെടുത്തു. ലക്ഷദ്വീപുകള്‍കൂടി സ്വന്തമായതോടുകൂടി ആലിരാജാവിന്റെ സമ്പത്തും പ്രശസ്തിയും വളരെയധികം വര്‍ധിച്ചു. 1770-ല്‍ ഡച്ചുകാരില്‍ നിന്നും കണ്ണൂര്‍ക്കോട്ട വാങ്ങിയപ്പോള്‍ കണ്ണൂരിന്റെ വ്യാപാരപ്രാധാന്യം ഉയര്‍ന്നു. ആലിരാജാവിന്റെ ആസ്ഥാനമെന്ന നിലയില്‍ 18-ാം ശ. മുതല്‍ കണ്ണൂര്‍ വളരെ പ്രശസ്തി ആര്‍ജിച്ചു. ആലിരാജാവ് മലബാറിലെ മുസ്ലിങ്ങളുടെ നേതാവായി കരുതപ്പെട്ടിരുന്നു.

വളര്‍പട്ടണം. കണ്ണൂരിന് ഏകദേശം 8 കി. മീ. ദൂരത്തായി സ്ഥിതി ചെയ്യുന്നു. മുസ്ലിം വ്യാപാരികള്‍ക്കിടയില്‍ ബദ്ഫത്തന്‍ എന്നറിയപ്പെട്ടിരുന്ന നഗരം ഇതായിരുന്നു. മാലിക്ക് ഇബ്നുദീനാര്‍ പണിതീര്‍ത്ത പള്ളികളിലൊന്ന് ഇവിടെയായിരുന്നുവെന്നാണു വിശ്വസിക്കപ്പെടുന്നത്. ഇബ്നുബത്തൂത്ത ഈ പട്ടണം സന്ദര്‍ശിച്ചിരുന്നു. 'ബദ്ഫത്തന്‍ ഒരു വലിയ പട്ടണമാണ്. അത് നദീമുഖത്തു സ്ഥിതിചെയ്യുന്നു. നഗരത്തിനു പുറത്ത് സമുദ്രതീരത്തായി ഒരു പള്ളി സ്ഥിതി ചെയ്യുന്നു. തുറമുഖം വളരെ ഭംഗിയുള്ളതും വെള്ളം വളരെ രുചിയുള്ളതുമാണ്. ഇവിടെ ധാരാളമായി വിളയുന്ന അടയ്ക്കാ പൂര്‍വേന്ത്യാ ദ്വീപുകളിലേക്കും ചൈനയിലേക്കും കയറ്റി അയയ്ക്കുന്നു. വളര്‍പട്ടണം കേന്ദ്രമാക്കി മതപ്രചാരണം നടത്തിയിരുന്ന ഒരു മഹാനായിരുന്നു സയ്യിദ് അബൂബക്കര്‍. ഹിജ്റ 800-നടുപ്പിച്ച് മതപ്രചാരണം നടത്തിയിരുന്ന മറ്റൊരു മഹാനായിരുന്നു ജലാലുദ്ദീന്‍ ബുഖാരി.

രാമന്തളി ജുമാ മസ്ജിദ്-ഏഴിമല

ധര്‍മടം. മാലിക്ക് ഇബ്നുദീനാറിന്റെ പള്ളികളില്‍ ഒന്ന് ഇവിടെയാണു സ്ഥിതിചെയ്യുന്നത്. അറബിസഞ്ചാരികളുടെ ഇടയില്‍ ധര്‍മടം 'ദഹ്ഫത്തന്‍' എന്ന പേരിലറിയപ്പെട്ടിരുന്നു. കോലത്തിരിയുടെ തുറമുഖം ധര്‍മടമായിരുന്നു. അദ്ദേഹത്തിന്റെ കപ്പലുകള്‍ ഉമ്മാന്‍, പേര്‍ഷ്യ, യെമന്‍ എന്നീ രാജ്യങ്ങളുമായി വ്യാപാരം നടത്തുന്നു. ഇവിടെ ധാരാളമായി തെങ്ങ്, കുരുമുളക്, വെറ്റില, അടയ്ക്ക എന്നിവ കണ്ടുവരുന്നു. ധര്‍മടത്ത് ഭംഗിയുള്ള ഒരു പള്ളിയും പ്രാര്‍ഥനക്കായി ദേഹശുദ്ധിവരുത്തുന്നതിന് തൊട്ടുതന്നെ ഒരു കുളവും ഉണ്ട്' എന്നാണ് ഇബ്നുബത്തൂത്ത രേഖപ്പെടുത്തിയിരിക്കുന്നത്. ധര്‍മടത്തു നിന്നാണ് ചേരമാന്‍ പെരുമാള്‍ മക്കത്തേക്കു പോയതെന്നാണ് ഐതിഹ്യം.

പന്തലായിനി. അറബി സഞ്ചാരികളുടെയിടയില്‍ ഫന്‍ദരിനാ എന്നറിയപ്പെടുന്ന നഗരവും തുറമുഖവുമാണുള്ളത്. മാലിക്ക് ഇബ്നുദീനാറിന്റെ പള്ളികളില്‍ ഒന്ന് സ്ഥാപിക്കപ്പെട്ടിട്ടുള്ളത് ഇവിടെയാണെന്നു വിശ്വസിക്കപ്പെടുന്നു. കാറും കോളും നിറഞ്ഞ മഴക്കാലത്ത് വിദേശക്കപ്പലുകള്‍ പന്തലായനിയിലാണു സുരക്ഷിതത്വം കണ്ടിരുന്നത്. ശവസംസ്കാരം നടത്തുന്ന 'മയ്യിത്തുകുന്നി'ല്‍ ധാരാളം ഖബറുകള്‍ കാണാം. അവയില്‍ ഒന്നില്‍ കാണുന്ന ലിഖിതത്തില്‍ ഹിജ്റ 166-ല്‍ അലിയിബ്നുഅബ്ദുള്‍റഹ്മാന്‍ എന്നു കാണുന്നുണ്ടെന്ന് ലോഗന്‍ രേഖപ്പെടുത്തിയിരിക്കുന്നു. പോര്‍ച്ചുഗീസ് കാലഘട്ടത്തില്‍ മുസ്ലിം കേന്ദ്രമായിരുന്ന പന്തലായിനി പല പ്രാവശ്യം ആക്രമണവിധേയമായിട്ടുണ്ട്. ഇബ്നുബതൂത്ത രേഖപ്പെടുത്തിയിരിക്കുന്നത് നഗരത്തില്‍ നാലില്‍ മൂന്നു ഭാഗവും മുസ്ലിങ്ങളുടെ താമസസ്ഥലമാണ് എന്നാണ്.

ചാലിയം. കോഴിക്കോടിനു തെക്കുവശത്തുള്ള നഗരവും തുറമുഖവുമാണു ചാലിയം. അറബികള്‍ ഈ നഗരത്തെ ഷാലിയാത് എന്നു വിളിച്ചിരുന്നു. മാലിക്ക് ഇബ്നുദീനാറിന്റെ പള്ളികളില്‍ ഒന്ന് ഇവിടെയാണ്. ഇവിടെ പോര്‍ച്ചുഗീസുകാര്‍ ഒരു കോട്ടകെട്ടിയിരുന്നുവെങ്കിലും 1571-ല്‍ സാമൂതിരി ആ കോട്ട ആക്രമിച്ച് നശിപ്പിച്ചു. ഇബ്നുബത്തൂത്ത 'ഏറ്റവും ഭംഗിയുള്ള ഒരു നഗരം; അവിടെ ഷാലിയാത് എന്ന പേരിലുള്ള തുണിത്തരങ്ങള്‍ നിര്‍മിക്കപ്പെടുന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

കോഴിക്കോട്. സാമൂതിരിയുടെ തലസ്ഥാനവും തുറമുഖമെന്ന നിലയില്‍ മധ്യകാലങ്ങളില്‍ കോഴിക്കോട് സുപ്രസിദ്ധമായിരുന്നു. കോഴിക്കോട് മലബാറിലെ പ്രധാന തുറമുഖങ്ങളില്‍ ഒന്നാണ്. ചൈന, ജാവ, സിലോണ്‍, മാലിദ്വീപ്, യെമന്‍, പേര്‍ഷ്യ എന്നീ സ്ഥലങ്ങളില്‍ നിന്നും ആളുകള്‍ (കച്ചവടത്തിനായി) ഇവിടെ എത്തുന്നു. 'ലോകത്തിലെ ഏറ്റവും വലിയ തുറമുഖങ്ങളില്‍ ഒന്നാണിത്' എന്ന് ഇബ്നുബത്തൂത്ത രേഖപ്പെടുത്തിയിരിക്കുന്നു. അക്കാലത്തെ ഒരു പ്രധാന വ്യാപാരിയായിരുന്നു നാഖുദാമിസ്കാല്‍. മിസ്കാല്‍പ്പള്ളി ഇദ്ദേഹം പണിയിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്നു.

1442-ല്‍ സാമൂതിരിയുടെ അടുത്തേക്ക് ഷാറുഖ് ചക്രവര്‍ത്തി അയച്ച പ്രതിനിധി അബ്ദുല്‍റസ്സാഖ് ഇങ്ങനെ അഭിപ്രായപ്പെടുന്നു-'കോഴിക്കോട് ലോകത്തില്‍വച്ച് ഏറ്റവും സുരക്ഷിതമായ തുറമുഖമാണ്; കപ്പല്‍ വ്യാപാരികള്‍ അവരുടെ ചരക്കുകള്‍ ഭയലേശമെന്യേ മാര്‍ക്കറ്റിലേക്കയയ്ക്കുന്നു; ഉദ്യോഗസ്ഥന്മാര്‍ ആ ചരക്കുകളെ സുരക്ഷിതമായി സൂക്ഷിക്കുന്നു; ചരക്കുകള്‍ വിറ്റുകഴിഞ്ഞാല്‍ നാല്പതില്‍ ഒന്നു ചുങ്കമായി നല്കുന്നു; വില്ക്കുന്നില്ലെങ്കില്‍ യാതൊന്നും കൊടുക്കേണ്ടതില്ല.

കോഴിക്കോടു നഗരത്തില്‍ നാല്പതില്‍പ്പരം പള്ളികളുണ്ട്. അവയില്‍ പ്രധാനം മിസ്കാല്‍പ്പള്ളി, ഷൈഖിന്റെ പള്ളി, മുച്ചുന്തി (മുച്ചാണ്ടി)പ്പള്ളി എന്നിവയാണ്. മുച്ചുന്തിപ്പള്ളിയില്‍ നിന്നും കണ്ടെടുത്തിട്ടുള്ള 13-ാം ശതകത്തിലെ ഒരു ശിലാശാസനത്തില്‍ സാമൂതിരി പള്ളിക്ക് അനുവദിച്ച ആനുകൂല്യങ്ങള്‍ വിവരിച്ചിട്ടുണ്ട്.

കൊടുങ്ങല്ലൂര്‍. പ്രാചീനകാലം മുതല്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളുമായി വാണിജ്യബന്ധം പുലര്‍ത്തിയിരുന്ന ഒരു തുറമുഖമായിരുന്നു മുസിരിസ് എന്നറിയപ്പെട്ടിരുന്ന കൊടുങ്ങല്ലൂര്‍. ടോളമിയുടെയും പെരിപ്ളസ്സിന്റെയും ഗ്രന്ഥങ്ങളില്‍ അറേബ്യയില്‍ നിന്നും ഗ്രീസില്‍ നിന്നുമുള്ള കപ്പലുകള്‍ മുസിരിസ്സില്‍ എത്തിയിരുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു. ചെപ്പേടുകളില്‍ മഹോദയപുരം എന്ന പേരിലും മുസിരിസ് അറിയപ്പെടുന്നു. ഇസ്ലാംമത പ്രചരണാര്‍ഥം മാലിക്ക് ഇബ്നുദീനാറും അനുചരന്മാരും കൊടുങ്ങല്ലൂരിലാണു കപ്പലിറങ്ങിയത്. മാലിക്ക് ഇബ്നുദീനാര്‍ പണിയിച്ച പള്ളികളില്‍ ആദ്യത്തേത് കൊടുങ്ങല്ലൂരില്‍ ആയിരുന്നു.

ജുമാ മസ്ജിദ്-വടകര

കൊല്ലം. തിരുവടി ദേശത്തിലെ (തിരുവിതാംകൂര്‍) പ്രധാന തുറമുഖവും നഗരവും കൊല്ലമായിരുന്നു. മാലിക്ക് ഇബ്നുദീനാര്‍ ഇവിടെയും ഒരു പള്ളി സ്ഥാപിച്ചിരുന്നു. 1345-ല്‍ കൊല്ലം സന്ദര്‍ശിച്ച ഇബ്നുബത്തൂത്ത ഇപ്രകാരം രേഖപ്പെടുത്തി- 'മലബാറില്‍ ഏറ്റവും ഭംഗിയുള്ള നഗരം ഇതാണ്; അവിടത്തെ മാര്‍ക്കറ്റ് പകിട്ടേറിയതാണ്; ഇവിടത്തെ കച്ചവടക്കാരെ ചോളികള്‍ എന്നു വിളിക്കുന്നു; അവര്‍ വളരെ ധനവാന്മാരാണ്; ഒരു കപ്പലിലെ സാധനങ്ങള്‍ മുഴുവന്‍ വിലയ്ക്കെടുക്കാനും അവയ്ക്കുവേണ്ട സാധനങ്ങള്‍ സ്വന്തം പണ്ടകശാലയില്‍ നിന്ന് കൊടുക്കാനും അവര്‍ക്കു കഴിവുണ്ട്; അവിടെ ധാരാളം മുസ്ലിം വ്യാപാരികളുണ്ട്; ഷാബന്ദര്‍ മുഹമ്മദ് ആണ് അവരുടെ നേതാവ്; അവിടത്തെ പള്ളി ഏറ്റവും ഭംഗിയുള്ളതാണ്; അത് ഒരു വ്യാപാരിയായ ഖ്വാജാ മുഹദബ് ആണ് പണിയിച്ചിട്ടുള്ളത്; ചൈനയോട് ഏറ്റവും അടുത്ത മലബാറിലെ പട്ടണമാണ് കൊല്ലം; ധാരാളം ചീനവ്യാപാരികള്‍ ഇവിടെ എത്തുന്നു. കൊല്ലത്തെ ഭരണാധികാരി ഒരു വിഗ്രഹാരാധനക്കാരനാണ്; തിരുവടിയെന്നാണ് പേര്; അദ്ദേഹം മുസ്ലിങ്ങളെ ബഹുമാനിക്കുകയും കള്ളന്മാരെയും കുഴപ്പക്കാരെയും നിര്‍ദയമായി ശിക്ഷിക്കുകയും ചെയ്യുന്നു. പോര്‍ച്ചുഗീസുകാര്‍ പ്രധാന മുസ്ളിംകേന്ദ്രങ്ങള്‍ ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്തിരുന്നു. അക്കാരണത്താല്‍ ധാരാളം മുസ്ലിങ്ങള്‍ ഉള്‍നാടുകളിലേക്കു മാറിതാമസിക്കുകയും കൃഷിപ്പണിയിലും ചില്ലറ കച്ചവടത്തിലും ഏര്‍പ്പെടുകയും ചെയ്തു. എന്നാലും തീരദേശനഗരത്തിലെ ജനസംഖ്യയില്‍ ഒരു നല്ല ശതമാനം മുസ്ലിങ്ങളാണ്.

കാലക്രമത്തില്‍ വിദേശത്തു നിന്നും ഇന്ത്യയുടെ പല ഭാഗങ്ങളില്‍ നിന്നും മുസ്ലിങ്ങള്‍ കേരളത്തില്‍ കുടിയേറിപ്പാര്‍ത്തു. അങ്ങനെ വന്നവരില്‍ അറബികളും പഠാണികളെന്നറിയപ്പെടുന്ന ഉത്തരേന്ത്യക്കാരും കര്‍ണാടകത്തില്‍ നിന്നു കുടിയേറിപ്പാര്‍ത്ത ഭട്കലികളും തമിഴ്നാട്ടില്‍ നിന്നും വന്ന ലബ്ബ, റാവുത്തര്‍ തുടങ്ങിയവരും ഉണ്ടായിരുന്നു. പഠാണികള്‍ പ്രധാനമായും രാജാക്കന്മാരുടെ അംഗരക്ഷകന്മാരായ കുതിരപ്പടയാളികളായിരുന്നു. കൊച്ചിരാജാവിന്റെ മുന്‍തലസ്ഥാനമായ തൃശൂരും തിരുവിതാംകൂര്‍ രാജാവിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തുമാണ് അവരെ അധികമായി കണ്ടുവരുന്നത്. ഭട്കലികള്‍ മുഖ്യമായും വ്യാപാരികളാണ്. അവര്‍ കണ്ണൂര്‍, തലശ്ശേരി, കോഴിക്കോട് എന്നീ നഗരങ്ങളില്‍ പ്രശസ്തമായ രീതിയില്‍ വ്യാപാരം നടത്തിവരുന്നു. ചെങ്കോട്ട വഴിയും പാലക്കാടു വഴിയും തമിഴ്നാട്ടില്‍ നിന്നു വന്ന കച്ചവടക്കാരാണ് ലബ്ബമാരും റാവുത്തര്‍മാരും. വ്യാപാരത്തിനായി കേരളത്തിലേക്ക് ധാരാളമായി വന്നുകൊണ്ടിരുന്ന അറബികള്‍ തുടര്‍ച്ചയായ പോര്‍ച്ചുഗീസ് അതിക്രമങ്ങള്‍ കാരണം കേരളം വിട്ടുപോവുകയാണുണ്ടായത്.

മുസ്ലിം വിദ്യാഭ്യാസ പ്രചാരണം

കേരളത്തില്‍ ഇസ്ലാംമതത്തിന്റെ ആരംഭത്തോടുകൂടിത്തന്നെ മതപഠനത്തിനായി മക്തബ് (ഓത്തുപള്ളി)കളും ഉപരിപഠനത്തിനായി മദ്രസകളും നിലവില്‍ വന്നതായി കരുതണം. ഓത്തുപള്ളികള്‍ നമസ്കാരപ്പള്ളികളോടു ചേര്‍ന്നാണു പ്രവര്‍ത്തിച്ചിരുന്നത്. മദ്രസകള്‍ പ്രധാന മുസ്ലിം കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു. മതപ്രവര്‍ത്തകര്‍ക്കുവേണ്ട പരിശീലനമാണു മദ്രസകളില്‍ നല്കിപ്പോന്നത്. വളരെ മുമ്പു മുതല്ക്കേ പൊന്നാനി മതപഠന കേന്ദ്രമായിരുന്നു. 15-ാം ശതകത്തില്‍ സീനിയര്‍ ഷൈഖ് സൈനുദ്ദീന്റെ കാലത്താണ് (1461) ഈ കേന്ദ്രം തുടങ്ങിയതെന്നു വിശ്വസിക്കപ്പെടുന്നു. പുതു ഇസ്ലാംമതവിശ്വാസികള്‍ക്കു വേണ്ട പ്രാഥമികപരിശീലനം നല്കിയിരുന്നത് ഇവിടെ ആയിരുന്നു. ഈ ആവശ്യത്തിലേക്കായി പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം പള്ളിക്കൂടങ്ങള്‍ ഇവിടെ പ്രവര്‍ത്തിച്ചിരുന്നു.

ചരിത്രപരമായ പല കാരണങ്ങളാലും ആധുനികവിദ്യാഭ്യാസം തിരസ്കരിച്ചിരുന്ന മുസ്ലിങ്ങള്‍ വിദ്യാഭ്യാസാവശ്യത്തിനായി അറബി മലയാളം എന്നൊരു ദേശ്യഭാഷ വികസിപ്പിച്ചെടുത്തിരുന്നു. മലയാളം അറബി ലിപിയില്‍ എഴുതുന്നതിനാണ് അറബിമലയാളം എന്നു പറഞ്ഞിരുന്നത്. ഈ ആവശ്യത്തിനുവേണ്ടി അറബി ലിപിയില്‍ ചെറിയ വ്യത്യാസങ്ങള്‍ വരുത്തിയാണ് അറബിയില്‍ ഇല്ലാത്ത ലിപികള്‍ രൂപപ്പെടുത്തിയിരുന്നത്. ഈ ദേശ്യഭാഷ പ്രധാനമായും മതസാഹിത്യം കൈകാര്യം ചെയ്യുന്നതിനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും കാലക്രമത്തില്‍ നിഘണ്ടുക്കള്‍ മുതല്‍ പ്രേമകാവ്യങ്ങള്‍ വരെ ഇതിന്റെ പരിധിയില്‍ വന്നു. മലയാളഭാഷയെ പരിപോഷിച്ച മാപ്പിളപ്പാട്ടുവിഭാഗം അറബിമലയാളത്തിന്റെ ഒരു പ്രധാനസംഭാവനയാണ്.

പത്തൊമ്പതാം ശതകത്തില്‍ മുസ്ലിങ്ങള്‍ ആധുനികവിദ്യാഭ്യാസത്തില്‍ ആകൃഷ്ടരായപ്പോള്‍ മദ്രസാവിദ്യാഭ്യാസവും ആധുനീകരിക്കപ്പെട്ടു. മദ്രസാ ക്ലാസുകളായി വിഭജിക്കപ്പെടുകയും ക്ലാസ്സുകള്‍ക്ക് പ്രത്യേകം പാഠപുസ്തകങ്ങള്‍, മറ്റു പഠനോപകരണങ്ങള്‍ തുടങ്ങിയവ ഉപയോഗിക്കാന്‍ തുടങ്ങുകയും ചെയ്തു. ഈ വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍ തുടങ്ങിവച്ചത് മലബാറില്‍ വാഴക്കാട് മദ്രസായിലെ പ്രധാനാധ്യാപകനായിരുന്ന ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരുമായിരുന്നു. മലബാറില്‍ വെളിയങ്കോടു ഉമ്മര്‍ഖാസി, കെ.എം. മോലവി തുടങ്ങിയവര്‍ മുസ്ലിം വിദ്യാഭ്യാസകാര്യത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചവരാണ്. കൊച്ചിയില്‍ ഷൈഖ് ഹമദാനി തങ്ങള്‍, സനാ വുള്ളാമക് തിത്തങ്ങള്‍, തിരുവിതാംകൂറില്‍ വക്കം അബ്ദുല്‍ഖാദര്‍ മൗലവി എന്നിവര്‍ മുസ്ലിങ്ങളുടെ വിദ്യാഭ്യാസകാര്യത്തില്‍ സവിശേഷ ശ്രദ്ധ ചെലുത്തി.

ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ചതിനുശേഷം മുസ്ലിങ്ങള്‍ വിദ്യാഭ്യാസവിഷയത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചതിന്റെ ഫലമായി പല ഉന്നതവിദ്യാഭ്യാസകേന്ദ്രങ്ങളും ഉയര്‍ന്നുവന്നു. അവയില്‍ പ്രധാനം ഫറോക്കിലെ ഫറൂഖ് കോളജ് (1948), തളിപ്പറമ്പിലെ സര്‍ സയ്യിദ് കോളജ്, തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ്, ഇടത്തല അല്‍-അമീന്‍ കോളജ്, കായംകുളം എം.എസ്.എം കോളജ്, കൊല്ലം ടി.കെ.എം എന്‍ജിനീയറിങ്ങും ആര്‍ട്സ് ആന്‍ഡ് സയന്‍സും കോളജുകള്‍, പെരിങ്ങമ്മല ഇഖ്ബാല്‍ കോളജ്, കൊണ്ടോട്ടി കോളജ്, മുക്കം ഓര്‍ഫനേജ് കോളജ്, മുസ്ലിം എഡ്യുക്കേഷണല്‍ സൊസൈറ്റിയുടെ കീഴില്‍ മണ്ണാര്‍ക്കാട്ടും മമ്പാട്ടും പൊന്നാനിയിലും അഴീക്കോട്ടും വളാഞ്ചേരിയിലും പ്രവര്‍ത്തിക്കുന്ന കോളേജുകള്‍ ഈ മേഖലയില്‍ ആദ്യകാലത്തുണ്ടായ സ്ഥാപനങ്ങളാണ്. കേരളത്തിന്റെ പല ഭാഗങ്ങളിലായി പല ഹൈസ്കൂളുകളും യു.പി., പ്രൈമറി സ്കൂളുകളും പ്രവര്‍ത്തിക്കുന്നുണ്ട്. സ്വാശ്രയമേഖലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദനീയമായതോടെ അതിന്റെ സൌകര്യം പരമാവധി പ്രയോജനപ്പെടുത്താനും ഈ മേഖലയിലുണ്ടായിരുന്ന പിന്നാക്കാവസ്ഥയില്‍ നിന്ന് കരകയറി കരുത്തുനേടാനും സമുദായങ്ങള്‍ക്ക് കഴിയുന്നുണ്ട്.

മതവിദ്യാഭ്യാസം പ്രചരിക്കുന്നതിനായി ഇടക്കാലത്ത് ധാരാളം മദ്രസകളും മക്തബ് (ഓത്തുപള്ളി) കളും ഉപരിപഠനം നല്കുന്നതിനുവേണ്ടി അടുത്തകാലത്തു പല അറബിക് കോളജുകളും സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ഇവയില്‍ ഏറ്റവും പഴക്കമുള്ളത് വാഴക്കാട്ടെ ദാറുല്‍ ഉലൂം മദ്രസയാണ്. അതിനുശേഷം സ്ഥാപിക്കപ്പെട്ടിട്ടുള്ളവയാണ് ഫറോക്കിലെ റൗസത്തുല്‍ ഉലൂം (1942), പുളിക്കലിലെ മദീനത്തുല്‍ ഉലൂം (1947), അരീക്കോട്ടെ സുല്ലമുസ്സലാം (1954) എന്നീ അറബി കോളജുകള്‍. ഇവയ്ക്കെല്ലാം പുറമേ എടവണ്ണയില്‍ മതപഠനത്തിനുള്ള ഒരു ഉപരിപഠനകേന്ദ്രവും പ്രവര്‍ത്തിച്ചുവരുന്നു.

സാമൂഹിക-സാംസ്കാരിക കാര്യങ്ങളില്‍ സമുദായത്തിന്റെ ഉന്നമനത്തിനുവേണ്ടി പല സംഘടനകളും ഉടലെടുത്തിട്ടുള്ളതായി കാണാം. അവയില്‍ ആദ്യത്തേത് 1923-ല്‍ കൊടുങ്ങല്ലൂരില്‍ രൂപംകൊണ്ട മുസ്ലിം ഐക്യസംഘമാണ്. ഈ സംഘം വിദ്യാഭ്യാസപ്രചാരണത്തിന് പ്രാമുഖ്യ നല്കുകയും സമുദായത്തില്‍ കടന്നുകൂടിയിട്ടുള്ള അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും തുടച്ചുനീക്കുന്നതിനു പ്രവര്‍ത്തിക്കുകയും ചെയ്തു. ഐക്യസംഘം 12 കൊല്ലക്കാലം സ്തുത്യര്‍ഹമായി പ്രവര്‍ത്തിച്ചശേഷം കേരള മുസ്ലിം മജ്ലിസില്‍ ലയിക്കുകയാണുണ്ടായി. ഇന്ന് കേരളത്തില്‍ ആധുനിക വിദ്യാഭ്യാസരംഗത്തെ ഏറ്റവും വലിയ മുസ്ലിം സംഘടനയാണ് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുസ്ലിം എഡ്യുക്കേഷണല്‍ സൊസൈറ്റി. ഈ സൊസൈറ്റിയുടെ കീഴില്‍ അഞ്ച് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളും നിരവധി ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് സ്ഥാപനങ്ങളും ഹോസ്റ്റലുകളും പ്രവര്‍ത്തിച്ചുവരുന്നു. ദരിദ്രരായ വിദ്യാര്‍ഥികള്‍ക്കു ഉപരിപഠനം നടത്തുന്നതിനായി സ്കോളര്‍ഷിപ്പുകളും നല്കുന്നുണ്ട്. 1956-ല്‍ നിലവില്‍ വന്ന കേരള മുസ്ലിം എഡ്യുക്കേഷണല്‍ അസോസിയേഷന്‍ (ഏറണാകുളം) തിരൂരില്‍ ഒരു പോളിടെക്നിക്ക് നടത്തുന്നുണ്ട്. കൊല്ലത്തെ ടി.കെ.എം. എന്‍ജിനീയറിങ് കോളജിന്റെയും ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിന്റെയും സ്ഥാപകന്‍ കൊല്ലത്തെ ഒരു വ്യവസായ പ്രമുഖനായിരുന്ന തങ്ങള്‍കുഞ്ഞ് മുസലിയാര്‍ ആയിരുന്നു.

കേരള മുസ്ലിങ്ങള്‍ അറബിയില്‍ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. പൊന്നാനിയിലെ മഖ്ദൂം കുടുംബത്തില്‍പ്പെട്ട സൈനുദ്ദീന്‍ സീനിയറും ജൂനിയറും അറബിയില്‍ രചിച്ചിട്ടുള്ള മതഗ്രന്ഥങ്ങള്‍ പ്രശസ്തങ്ങളാണ്. അവ മലബാറില്‍ മാത്രമല്ല, അറേബ്യ, ഈജിപ്ത്, പൂര്‍വേഷ്യാ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. സൈനുദ്ദീന്‍ ജൂനിയര്‍ എഴുതിയ തുഹ്ഫത്തുല്‍ മുജാഹിദീന്‍ കേരള ചരിത്രത്തെ സംബന്ധിച്ച ഒരു പ്രാമാണിക ഗ്രന്ഥമാണ്. കേരള-പോര്‍ച്ചുഗീസ് ബന്ധങ്ങളെക്കുറിച്ചുള്ള സത്യസന്ധമായ വിവരണം ഇതിലുണ്ട്. സൈനുദ്ദീന്‍ ജൂനിയറുടെ സമകാലികനായ ഖാസി അബ്ദുല്‍ അസീസ് ഇതേ വിഷയത്തെപ്പറ്റി ഫത്ഹുല്‍ മുബീന്‍ എന്ന പേരില്‍ അറബിയില്‍ ഒരു കാവ്യവും രചിച്ചിട്ടുണ്ട്. മമ്പുറം സയ്യിദ് അലവി തങ്ങള്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ മുസ്ലിങ്ങളെ ആഹ്വാനം ചെയ്തുകൊണ്ട് അസൈഫുല്‍ ബത്താര്‍ എന്നൊരു അറബി ഗ്രന്ഥവും രചിക്കുകയുണ്ടായി. കൊണ്ടോട്ടി തങ്ങന്മാരുടെ ശിഷ്യര്‍ പിന്തുടരുന്ന തെറ്റായ നടപടികളെ വിമര്‍ശിച്ചുകൊണ്ട് സയ്യിദ് ജിഫ്രി തങ്ങള്‍ കന്‍സൂല്‍ ബറാഹീന്‍ എന്നൊരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. കേരളത്തിലെ അറബി ഗ്രന്ഥകാരന്മാരുടെ കൃതികള്‍ അധികവും മതപരമായതുകൊണ്ട് അവ പൊതുവേ അറിയപ്പെടുന്നില്ല.

ആധുനിക കാലഘട്ടത്തില്‍ അറബിമലയാളത്തിലും സാഹിത്യസേവനം നടത്തുന്ന ധാരാളം മുസ്ലിം ഗ്രന്ഥകാരന്മാര്‍ ഉണ്ട്. അറബിമലയാളത്തില്‍ മോയിന്‍കുട്ടി വൈദ്യര്‍, ചേറ്റുവായ് പരീക്കുട്ടി, ചാക്കീരി മൊയ്തീന്‍കുട്ടി, പുലിക്കോട്ടില്‍ ഹൈദര്‍, ഒ. അബു, ടി. ഉബൈദ് എന്നിവര്‍ പ്രശസ്ത സേവനം അര്‍പ്പിച്ചിട്ടുള്ളവരാണ്. മലയാളത്തില്‍ മുസ്ലിം സാഹിത്യകാരന്മാരായ വൈക്കം മുഹമ്മദ് ബഷീര്‍, കെ.ടി. മുഹമ്മദ്, എന്‍.പി. മുഹമ്മദ്, കെ.എ. കൊടുങ്ങല്ലൂര്‍, സി.എന്‍. അഹമ്മദ് മൗലവി തുടങ്ങിയവരുടെ സംഭാവനകള്‍ പ്രസ്താവ്യങ്ങളാണ്.

സാമുദായികമായ അനാചാരങ്ങള്‍ പലതും ഇന്നും നിലനില്ക്കുന്നുണ്ടെങ്കിലും അവയെ തുടച്ചുമാറ്റുന്നതിനും ഇസ്ലാമിന്റെ പ്രാരംഭപരിശുദ്ധി നിലനിര്‍ത്തുന്നതിനുമുള്ള പരിശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. സ്വാതന്ത്ര്യസമ്പാദനത്തിനുശേഷം മുസ്ലിം സമുദായം ശക്തിപ്രാപിക്കുകയും കേരളത്തിലെ ഒരു പ്രധാന ന്യൂനപക്ഷമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. സമുദായത്തിന്റെ പിന്നോക്കാവസ്ഥ ഒഴിവാക്കാന്‍ വേണ്ടി നാട്ടിന്റെ നാനാഭാഗത്തും പല സാമുദായികസംഘടനകളും ഉടലെടുക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. സഹോദരസമുദായങ്ങളുമായി ഒത്തുചേര്‍ന്ന് നാട്ടിന്റെ പൊതുവായ ഉന്നമനത്തിനുവേണ്ടിയും മുസ്ലിങ്ങള്‍ പ്രവര്‍ത്തിക്കുന്നു. അവര്‍ പ്രദര്‍ശിപ്പിക്കുന്ന മതസഹിഷ്ണുത ഇന്ത്യയൊട്ടാകെ മാതൃകാപരമാണ്.

(ഡോ.പി.ഏ. ഇബ്രാഹിംകുഞ്ഞ്; ഡോ. എം. എ.കരീം)

ജൂതമതം

കുടിയേറ്റത്തിന്റെ ആരംഭം

കേരളത്തില്‍ ആദ്യമായി കുടിയേറിപ്പാര്‍ത്ത വിദേശികള്‍ ജൂതന്മാരാണെന്നു കരുതപ്പെടുന്നു. 1-ാം നൂറ്റാണ്ടില്‍ തന്നെ ജൂതന്മാര്‍ കേരളത്തില്‍ എത്തിക്കഴിഞ്ഞിരുന്നു. അവരില്‍ ഭൂരിഭാഗവും കൊടുങ്ങല്ലൂരിലാണു താമസിച്ചിരുന്നത്. ജൂതന്മാരുടെ കുടിയേറിപ്പാര്‍ക്കലിനെ സംബന്ധിച്ച് ചരിത്രകാരന്മാരുടെ ഇടയില്‍ ഭിന്നാഭിപ്രായമാണുള്ളത്. 68-ല്‍ ജറുസലേമിലെ പള്ളി നശിപ്പിക്കപ്പെട്ടതിനെത്തുടര്‍ന്നു വ്യാപാരബന്ധത്തിലൂടെ കേരളത്തെപ്പറ്റി കേട്ടറിഞ്ഞിരുന്ന ജൂതന്മാര്‍ ഒരു സംഘത്തെ കേരളത്തിലേക്ക് അയച്ചു എന്ന് ഒരു കൂട്ടര്‍ കരുതുന്നു. സോളമന്‍ രാജാവിന്റെ കാലത്ത് മലബാറും പാശ്ചാത്യരാജ്യങ്ങളും പരസ്പരം വ്യാപാരം നടത്തിയിരുന്നുവെന്നും അങ്ങനെ വ്യാപാരാവശ്യത്തിനായി മലബാറില്‍ വന്നവരാണ് ജൂതന്മാരെന്നും ബെസ്നയിജി അഭിപ്രായപ്പെടുന്നു. 5-ാം നൂറ്റാണ്ടില്‍ പേര്‍ഷ്യയില്‍ നിന്നു പുറത്താക്കപ്പെട്ടപ്പോള്‍ അഭയം തേടി മലബാറില്‍ എത്തിയവരാണു ജൂതന്മാരെന്നു ട്യുനീഷ്യന്‍ ചരിത്രകാരന്മാര്‍ വാദിക്കുന്നു. സ്പാനിഷ് ചരിത്രകാരന്മാരുടെ ദൃഷ്ടിയില്‍ നെബുഷാദ്നെസര്‍ ബാബിലോണിയയിലേക്കു കൊണ്ടുപോയ ജൂതന്മാരുടെ സന്തതികളാണു കേരളത്തിലെ ജൂതന്മാര്‍. 4-ാം നൂറ്റാണ്ടില്‍ മയോര്‍ക്കായില്‍ നിന്ന് മലബാറില്‍ ജൂതന്മാര്‍ കുടിയേറിപ്പാര്‍ത്തു എന്നതാണ് 1680-ല്‍ കൊച്ചി സന്ദര്‍ശിച്ച മോസസ് ഡി പൈവാ അഭിപ്രായപ്പെടുന്നത്. ഒരു ജൂതനേതാവും കേരളീയനുമായ എസ്. കോഡര്‍ ഇങ്ങനെ എഴുതുന്നു-'മോസസ് ഡി പൈവയുടെ റിപ്പോര്‍ട്ടില്‍ 70,000-നും 80,000-നും ഇടയ്ക്ക് ജൂതന്മാര്‍ 369-ല്‍ മയോര്‍ക്കയില്‍ നിന്നും കൊടുങ്ങല്ലൂരില്‍ വന്നതായി പറഞ്ഞിരിക്കുന്നു. 490-ല്‍ വീണ്ടും കുറേപ്പേര്‍ വരികയുണ്ടായി. 486-ല്‍ മെസോപ്പൊട്ടേമിയായില്‍നിന്ന് ഫിറുസിന്റെ നേതൃത്വത്തില്‍ കിഴക്കോട്ട് ഓടിപ്പോയ അഭയാര്‍ഥികളാണ് മലബാര്‍ തീരത്തെ ജൂതന്മാര്‍ എന്നാണ് സിസില്‍റോത്ത് അഭിപ്രായപ്പെടുന്നതത്. സിംഗ്ലി (ശൃംഗപുരം, കൊടുങ്ങല്ലൂര്‍), ഫ്ളന്താറിന (പന്തലായിനി, കൊയിലാണ്ടി), മറവേല്‍ (മാടായി, ഏഴിമലയുടെ സമീപത്തുള്ള ഒരു പ്രദേശം) എന്നിവയായിരുന്നു ജൂതന്മാരുടെ ആദ്യകാലത്തെ അധിവാസകേന്ദ്രങ്ങളെന്നു മധ്യകാലസഞ്ചാരികളുടെ കുറിപ്പുകളില്‍ നിന്നു മനസ്സിലാക്കാം. മുസ്ലിങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും മുമ്പു കേരളത്തില്‍ കുടിയേറിപ്പാര്‍ത്ത വിദേശികള്‍ ജൂതന്മാരാണെന്നു ചരിത്രരേഖകള്‍ സൂചിപ്പിക്കുന്നു.

വ്യാപാരികളും യോദ്ധാക്കളും
കൊച്ചിന്‍ സിനഗോഗ്

ജൂതന്മാര്‍ വ്യാപാരികളും യോദ്ധാക്കളുമായി ഇവിടെ ജീവിതം നയിച്ചുപോന്നു. ഇവിടത്തെ ഭരണാധികാരികള്‍ ഇവര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ചെയ്തുകൊടുക്കുകയും കേരളരാജാക്കന്മാരോട് ഇവര്‍ തികഞ്ഞ കൂറുപുലര്‍ത്തുകയും ചെയ്തിരുന്നു. ചോളന്മാരുടെ ആക്രമണം ആരംഭിച്ചപ്പോള്‍ കേരളരാജാവായിരുന്ന ഭാസ്കരരവിവര്‍മന്‍ യഹൂദരുടെ നേതാവായിരുന്ന ജോസഫ് റബ്ബാന്ന് അപൂര്‍വ ബഹുമതികളും അവകാശങ്ങളും അനുവദിച്ചുകൊണ്ട് ചെപ്പേടെഴുതി കൊടുത്തത് ഇപ്പോഴും മട്ടാഞ്ചേരി ജൂതദേവാലയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. ഈ ചെപ്പേടില്‍ നിന്നും ജോസഫ് റബ്ബാന്ന് 'അഞ്ചുവര്‍ണ' സ്ഥാനവും പകല്‍വിളക്ക്, പാവാട, മേനാവ്, പെരുമ്പറ, തോരണം, തോരണവിതാനം, ആയുധം മുതലായ 72 സ്ഥാനമാനങ്ങളും അനുവദിച്ചിരുന്നതായി മനസ്സിലാകുന്നു. കേരളത്തിന്റെ വൈദേശികവും ആഭ്യന്തരവുമായ വ്യാപാരത്തില്‍ ജൂതന്മാര്‍ക്കും വളരെ ഉന്നതമായ സ്ഥാനമാണ് ഉണ്ടായിരുന്നതെന്ന് ഈ പദവിദാനം വ്യക്തമാക്കുന്നു.

കേരളത്തിലെ ജൂതന്മാരുടെ പ്രമുഖകേന്ദ്രം കൊടുങ്ങല്ലൂരായിരുന്നു. 5-ാംശ. മുതല്‍ 15-ാം ശ. വരെയും കൊടുങ്ങല്ലൂരിലെ ഒരു സുശക്തജനവിഭാഗമായി ജൂതന്മാര്‍ നിലനിന്നു. കൊടുങ്ങല്ലൂരില്‍ ജൂതന്മാരുടെ പാരമ്പര്യത്തിന്റെ നഷ്ടാവശിഷ്ടമെന്ന നിലയ്ക്ക് 'ജൂതക്കുന്നും ജൂതക്കുളവും' അടുത്ത കാലം വരെ നിലനിന്നിരുന്നു. പില്ക്കാലത്തു വിദേശക്രിസ്ത്യാനികള്‍ ജൂതന്മാരില്‍ പലരേയും മതപരിവര്‍ത്തനം ചെയ്യിച്ചു. തമ്മില്‍ കലഹിച്ച കൊടുങ്ങല്ലൂരിലെ ജൂതന്മാരില്‍ ഒരു വിഭാഗം മലബാറിലേക്കു പാലായനം ചെയ്തു. ഇവര്‍ പഴയങ്ങാടിക്കടുത്ത ഏഴിമലയിലും ശ്രീകണ്ഠാപുരത്തുമാണ് താമസമാക്കിയത്. ഏഴിമലയില്‍ ജൂതന്മാരുടെ പ്രാര്‍ഥനാലയം ഉണ്ടായിരുന്നതായി സമീപവാസികള്‍ വിശ്വസിക്കുന്നു. ശ്രീകണ്ഠാപുരത്തു ജൂതശ്മശാനസ്ഥലമായിരുന്ന 'ജൂതര്‍മന്ന' ഇന്നും കാണാം. പോര്‍ച്ചുഗീസുകാരുടെ ആക്രമണം മലബാറില്‍ ജൂതന്മാരെ നാമാവശേഷമാക്കി.

കൊച്ചിയിലെ ഒരു ജൂതകുടുംബം (1900)

കൊച്ചിയിലെത്തിയ ജൂതന്മാരെ കൊച്ചി രാജാവ് എല്ലാ സൗകര്യങ്ങളും നല്കി സഹായിച്ചിരുന്നു. രാജാവിന്റെ കോവിലകത്തിനടുത്ത് ഒരു ജൂതദേവാലയം പണിയുന്നതിനും ഒരു ചെറിയ കോളനി സ്ഥാപിക്കുന്നതിനും രാജാവ് അവര്‍ക്കു അനുമതി നല്കിയതിനെത്തുടര്‍ന്നു സ്ഥാപിക്കപ്പെട്ടതാണ് ഇന്നു മട്ടാഞ്ചേരിയില്‍ കാണുന്ന ജൂതപ്പള്ളിയും ജൂതത്തെരുവും. 1567-ല്‍ ഈ ദേവാലയം മോടിപിടിപ്പിക്കുകയും ജൂതത്തെരുവ് കൂടുതല്‍ പരിഷ്കരിക്കുകയും ചെയ്തു. പോര്‍ച്ചുഗീസുകാരുടെ ആക്രമണം കൊച്ചിയിലും ജൂതന്മാര്‍ക്കു വമ്പിച്ച നാശനഷ്ടങ്ങള്‍ ഉണ്ടാക്കി. 1661-ല്‍ ഡച്ചുകാര്‍ കൊച്ചിയില്‍ വന്നപ്പോള്‍ ജൂതന്മാര്‍ ഡച്ചുകാരെ സഹായിച്ചു. എന്നാല്‍ ഡച്ചുകാര്‍ക്കുണ്ടായ പരാജയം ജൂതന്മാരെ വീണ്ടും കഷ്ടത്തിലാക്കി. 1663-ല്‍ ഡച്ചുകാര്‍ വീണ്ടും കൊച്ചിയില്‍ വന്നപ്പോള്‍ ജൂതന്മാര്‍ക്കിടയില്‍ ഒരു നവോത്ഥാനം തന്നെ ഉണ്ടായി; നഷ്ടപ്പെട്ട പഴയ പ്രതാപം ഏറക്കുറെ അവര്‍ വീണ്ടെടുത്തു.

നൂറ്റാണ്ടുകളായി കേരളത്തില്‍ ജീവിച്ചിരുന്ന ജൂതസമുദായത്തില്‍ വര്‍ണവ്യത്യാസം നിലവിലുണ്ട്. എണ്ണത്തില്‍ കൂടുതലുള്ള കറുത്ത ജൂതന്മാരുമായി വെളുത്ത ജൂതന്മാര്‍ക്കു വിവാഹബന്ധമോ ആചാരബന്ധമോ അനുവദനീയമല്ല. കറുത്ത വര്‍ഗക്കാര്‍ മതപരിവര്‍ത്തനം ചെയ്യപ്പെട്ടവരുടെ പിന്‍തലമുറക്കാരാണെന്നു കരുതപ്പെടുന്നു. കേരളത്തിലെ ജൂതന്മാരില്‍ ഏറിയഭാഗവും അവരുടെ മാതൃരാജ്യമായ ഇസ്രായേലിലേക്കു മടങ്ങിക്കഴിഞ്ഞിരിക്കുന്നു. മുസ്ലിങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും മുമ്പുതന്നെ കേരളത്തില്‍ കുടിയേറിപ്പാര്‍ത്ത ജൂതസമുദായത്തിന് ഇവിടെ ജനസമുദായത്തിന്റെ ഒരവിഭാജ്യാംശമായി മാറാന്‍ കഴിഞ്ഞില്ല എന്നതാണ് ചരിത്രസത്യം.

സാംസ്കാരികം

കേരളത്തിലെ സാംസ്കാരിക ജീവിതത്തെ പ്രാചീനകാലംമുതല്‍ പോഷിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്തിട്ടുള്ളതും ഇന്നും ആ രംഗത്ത് സജീവമായി പ്രവര്‍ത്തനം തുടരുന്നതുമായ പ്രധാന മേഖലകളെക്കുറിച്ച് പ്രതിപാദിക്കുന്ന ഈ ഭാഗം താഴെപ്പറയുന്ന ശീര്‍ഷകോപശീര്‍ഷകങ്ങളില്‍ സംവിധാനം ചെയ്തിരിക്കുന്നു.

ചരിത്രാവശിഷ്ടങ്ങള്‍

ആരാധനാലയങ്ങള്‍

ആദിമനിവാസികളായ കുറുമ്പര്‍, കുറിച്യര്‍, മലയര്‍, കാടര്‍ മുതലായവര്‍ ഭയനിവൃത്തിക്കുവേണ്ടി അതിന് കാരണക്കാരായ ഭൂതങ്ങളെയും മറ്റും പ്രീതിപ്പെടുത്താന്‍ പ്രാര്‍ഥന, ആരാധന, ബലി മുതലായവ ചെയ്തുപോന്നു. മറ്റുള്ളവര്‍ ഭദ്രകാളിവട്ടമോ അയ്യപ്പന്‍കാവോ സ്ഥാപിച്ച് പൂജ നടത്തി. ബ്രാഹ്മണരുടെ ആഗമനത്തോടുകൂടി അവര്‍ ഇവിടത്തെ ജനങ്ങളെ സ്വാധീനപ്പെടുത്തി സ്വന്തം ആഭിജാത്യം അവരെക്കൊണ്ടു സമ്മതിപ്പിച്ചു. അവര്‍ ആദ്യം നാഗപ്രതിഷ്ഠ നടത്തി. പിന്നീട് കളരിപരദേവതമാരെയും കല്പിച്ചു. ആയുധപാണികള്‍ക്കുവേണ്ടി നൂറ്റിയെട്ട് നാല്പത്തീരടി സ്ഥാനമുണ്ടാക്കി അവിടെ വിളക്കും പൂജയും ഏര്‍പ്പെടുത്തി. അറുപത്തിനാലു ഗ്രാമങ്ങള്‍ ഉണ്ടാക്കി അവരുടെ ആധിപത്യം ഉറപ്പിച്ചു. സമുദ്രതീരത്ത് ദുര്‍ഗാദേവിയെയും മലയരികില്‍ ശാസ്താവിനെയും പ്രതിഷ്ഠിച്ചു.

കേരളത്തില്‍ ഇന്നു കാണുന്ന പ്രധാന ക്ഷേത്രങ്ങളെല്ലാം പരശുരാമന്‍ സ്ഥാപിച്ചതാണെന്നാണ് കേരളമാഹാത്മ്യത്തില്‍ പ്രതിപാദിച്ചുകാണുന്നത്. ഏതായാലും ഇവിടത്തെ ക്ഷേത്രങ്ങള്‍ മുഴുവന്‍ ബ്രാഹ്മണരുടെ വകയായിരുന്നു. അവ യോഗക്ഷേത്രങ്ങളോ ഊരായ്മ ക്ഷേത്രങ്ങളോ ആയിരിക്കണമെന്നാണ് കെ.പി. പദ്മനാഭമേനോന്‍ പറയുന്നത്. രാജാക്കന്മാര്‍ കൈയേറിയവയൊഴിച്ച ശേഷമുള്ള ക്ഷേത്രങ്ങള്‍ ബ്രാഹ്മണരുടെ ആധിപത്യത്തിന് വിധേയമായിരുന്നു. ക്ഷേത്രങ്ങളെ ഭരിക്കാനും അവിടത്തെ അടിയന്തിരങ്ങള്‍ നടത്താനും അധികാരികളെ നിശ്ചയിച്ചിരുന്നു. അവരെ കോവിലധികാരികള്‍ എന്നാണ് വിളിച്ചിരുന്നത്.

കൊല്ലവര്‍ഷത്തിന്റെ ആദിമശതകങ്ങളില്‍ ജൈന-ബൗദ്ധമതങ്ങള്‍ ക്ഷയിച്ചു; ശൈവ-വൈഷ്ണവ മതങ്ങള്‍ വളരുകയും ചെയ്തു. ഇവിടത്തെ പ്രധാനക്ഷേത്രങ്ങളെല്ലാം ആവിര്‍ഭവിച്ചത് അക്കാലത്താണ്. അന്നത്തെ പ്രധാന നഗരങ്ങളെല്ലാം ക്ഷേത്രങ്ങള്‍ക്കു ചുറ്റുമാണ് വളര്‍ന്നത്. അന്നത്തെ സാമൂഹികജീവിതത്തിന്റെ കേന്ദ്രം ക്ഷേത്രമായിരുന്നു. മേല്‍ക്കോയ്മ, അകക്കോയ്മ, പുറക്കോയ്മ, സമുദായം എന്നിങ്ങനെ ക്ഷേത്രങ്ങളില്‍ സ്ഥാനങ്ങള്‍ ഉണ്ടായിരുന്നു. കൊച്ചിരാജാവിന് തിരുവിതാംകൂറിലും തിരുവിതാംകൂര്‍ രാജാവിന് കൊച്ചിയിലും കോഴിക്കോടു സാമൂതിരിക്ക് രണ്ടിടത്തും ക്ഷേത്രസംബന്ധമായി ചില അധികാരങ്ങളുണ്ടായിരുന്നു. കൊച്ചിരാജാവിന്റെ അധീനതയിലുള്ള എളങ്കുന്നപ്പുഴ, അന്നമനട, പെരുവനം എന്നീ ക്ഷേത്രങ്ങളില്‍ തിരുവിതാംകൂര്‍ രാജാവിന് ചില സ്ഥാനങ്ങള്‍ ഉണ്ടായിരുന്നു. ഇരിങ്ങാലക്കുട കൂടല്‍മാണിക്കം ക്ഷേത്രത്തിലെ കാര്യാന്വേഷണത്തിന് തച്ചുടയ്ക്കൈമള്‍ സ്ഥാനത്തേക്ക് ആള്‍ നിശ്ചയിക്കുന്നതിനുള്ള അവകാശം തിരുവിതാംകൂര്‍ രാജാവിനായിരുന്നു. സാമൂതിരിക്ക് തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് അകക്കോയ്മ സ്ഥാനം ഉണ്ടായിരുന്നുവെന്നും തൃശൂര്‍ ഗ്രാമക്കാര്‍ ഇളമുറ സാമൂതിരിമാരില്‍ ഒരാളെ എളങ്കൂര്‍ എന്ന സ്ഥാനം കൊടുത്ത് അദ്ദേഹത്തിന്റെ പ്രതിനിധിയാക്കി നടത്തിച്ചിരുന്നുവെന്നും കാണുന്നു. തിരുവില്വാമല ക്ഷേത്രത്തില്‍ ഏകാദശിക്ക് തിരുവിതാംകൂര്‍, കൊച്ചി, കോഴിക്കോട് എന്നീ രാജാക്കന്മാരുടെ വകയായി ക്ഷേത്രത്തിന്റെ ഓരോ ഭാഗത്ത് പന്തലും മറ്റും കെട്ടി ആഘോഷിക്കുന്നത് ഒരു കാലത്ത് ഈ രാജാക്കന്മാര്‍ക്ക് അവിടെയുണ്ടായിരുന്ന അവകാശത്തെ സൂചിപ്പിക്കുന്നു.

ശുചീന്ദ്രം ക്ഷേത്രം

കൊല്ലവര്‍ഷം 32-ാമാണ്ടു മുതല്‍ 60 വരെ (857-855) വിഴിഞ്ഞം തലസ്ഥാനമാക്കി തെക്കന്‍ തിരുവിതാംകൂര്‍ വാണിരുന്ന കരുനന്തടക്കന്‍ എന്ന ആയ് രാജാവ് കൊ.വ. 41-ാമാണ്ട് (866) പണികഴിപ്പിച്ച പാര്‍ഥിവപുരം ക്ഷേത്രം ഇന്നും പ്രസിദ്ധമാണ്. പാര്‍ഥിവശേഖരപുരം എന്ന് ആ രാജാവ് കൊടുത്ത പേരാണ് കാലാന്തരത്തില്‍ പാര്‍ഥിവപുരമായിത്തീര്‍ന്നത്. മുഞ്ചിറക്ഷേത്രം വക ഒരു വയലായിരുന്നു ആ സ്ഥലം. പകരത്തിനു പകരം നിലം കൊടുത്താണ് അവിടെ ക്ഷേത്രം പണിയിച്ചത്. കൊ.വ. 41 കര്‍ക്കടകം 14-ന് (866 ജൂലായ്) പ്രതിഷ്ഠ നടന്നപ്പോള്‍ അതിനു പലവിധം ചെലവുകള്‍ക്കായി ഒട്ടേറെ വസ്തുവകകള്‍ വാങ്ങിക്കൊടുത്തിരുന്നു. അതിന്റെ വിവരങ്ങള്‍ ചെപ്പേടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ദേവന് തിരുവമൃതിന് എട്ടു കലമ്പാട്ടു നിലവും കുറേ പുരയിടങ്ങളും നല്കി. ഏഴുദിവസം ഉത്സവം നടത്തി പൈങ്കുനി മാസത്തെ വിശാഖംനാളില്‍ ആറാടുന്നതിന് ആറു കലമ്പാട്ടുനിലം കൊടുത്തു. ക്ഷേത്രജീവനക്കാര്‍ക്ക് വിരുത്തിയായി 62 കലമ്പാട്ടു നിലവും ഒട്ടേറെ പുരയിടവും ദാനം ചെയ്തു. മേല്‍ശാന്തി വിരുത്തി അഞ്ചുകലം പന്ത്രണ്ടു കാണിപ്പാട്ടു നിലം നല്കി. നാലു കീഴ്ശാന്തിക്കാര്‍ക്ക് എട്ടുകലം പാട്ടുനിലവും കുറേ പുരയിടങ്ങളും കൊടുത്തു. പഞ്ചഗവ്യം തയ്യാറാക്കുന്നയാളിന് രണ്ടു കലമ്പാട്ടുനിലം കൊടുത്തു. പൂവുകൊണ്ടുവരുന്നവന് രണ്ട് കലമ്പാട്ടുനിലമാണ് നല്കിയത്. താഴി, മത്തളി, കരടിക, കാഹളം, താളം എന്നീ വാദ്യവിശേഷങ്ങള്‍ പ്രയോഗിക്കുന്നവര്‍ക്ക് പതിനാറ് കലമ്പാട്ടുനിലം ഉള്‍പ്പെടെ 110 കലത്തോളം നിലം വാങ്ങിക്കൊടുത്തു. ഇവയ്ക്കു പുറമേ 95 നമ്പൂതിരി വിദ്യാര്‍ഥികള്‍ക്കു പഠിച്ചു താമസിക്കുന്നതിനുവേണ്ട വസ്തുവകകളും നല്കുകയുണ്ടായി. ആകെക്കൂടി പതിനയ്യായിരം പറയില്‍ കൂടുതല്‍ നിലം പ്രതിഷ്ഠ നടന്ന ദിവസം കരുനന്തടക്കന്‍ ദാനം ചെയ്തതായി കാണുന്നു.

തിരുമാന്ധാംകുന്നു ക്ഷേത്രം

ഇതുപോലെ എല്ലാ ക്ഷേത്രങ്ങള്‍ക്കും ധാരാളം സ്വത്തു നല്കിയിട്ടുള്ളതായി രേഖകള്‍ പറയുന്നു. വസ്തുവകകള്‍ കൂടാതെ സ്വര്‍ണവും വെള്ളിയും ധാരാളം നല്കിയിരുന്നു. തിരുവിതാംകൂര്‍ രാജാക്കന്മാര്‍ ശുചീന്ദ്രം ക്ഷേത്രത്തില്‍ എഴുന്നള്ളുമ്പോഴെല്ലാം ഓരോ ശരപ്പൊളിമാല നടയ്ക്കുവയ്ക്കുക പതിവായിരുന്നു. കൊ.വ. 981-ാമാണ്ടു (1806) വേലുത്തമ്പിദളവ നാനൂറു രൂപ തൂക്കമുള്ള ഒരു സ്വര്‍ണക്കുടവും ഒരു സ്വര്‍ണ കര്‍പ്പൂരദീപത്തട്ടവും ശുചീന്ദ്രം ക്ഷേത്രത്തിലേക്കു സംഭാവന ചെയ്തു. കേരളത്തില്‍ ക്ഷേത്രങ്ങള്‍ അനവധിയുണ്ട്. പഴയ തിരുവിതാംകൂറില്‍ കന്യാകുമാരി, ശുചീന്ദ്രം, നാഗര്‍കോവില്‍, തിരുപ്പതിസാരം, മണ്ടയ്ക്കാട്ട്, കുമാരകോവില്‍, നീലകണ്ഠസ്വാമി, രാമസ്വാമി (രണ്ടും പദ്മനാഭപുരത്ത്), തിരുവട്ടാര്‍, തൃപ്പരപ്പ്, തിരുവിതാംകോട്, മുഞ്ചിറ, നെയ്യാറ്റിന്‍കര, മലയിന്‍കീഴ്, ശ്രീപദ്മനാഭസ്വാമി ക്ഷേത്രം, തിരുവല്ലം, ഉള്ളൂര്‍, തൃപ്പാപ്പൂര്‍, ആറ്റിങ്ങല്‍, വര്‍ക്കല, നാവായിക്കുളം, ആനന്ദവല്ലീശ്വരം, ആര്യങ്കാവ്, അച്ചന്‍കോവില്‍, ശബരിമല, ചെങ്ങന്നൂര്‍, പുലിയൂര്‍, അരിപ്പാട്, മാവേലിക്കര, ചെട്ടിക്കുളങ്ങര, തൃക്കുന്നപ്പുഴ, കണ്ടിയൂര്‍, ആറന്മുള, തിരുവല്ല, തൃക്കൊടിത്താനം, പെരുന്ന, അമ്പലപ്പുഴ, തകഴി, മുല്ലയ്ക്കല്‍, തിരുവിഴ, ചേര്‍ത്തല, തുറവൂര്‍, പറവൂര്‍, തിരുവാര്‍പ്പ്, തിരുനക്കര, വാസുദേവപുരം, ആര്‍പ്പൂക്കര, കുമാരനല്ലൂര്‍, കിടങ്ങൂര്‍, ഏറ്റുമാനൂര്‍, തിരുവഞ്ചിയൂര്‍, വൈക്കം, ഉദയനാപുരം, കടുത്തുരുത്തി, ആയാംകുടി, പാലൂര്‍, രാമമംഗലം, മൂവാറ്റുപുഴ, കല്ലില്‍, ആദിത്യപുരം, ഉദയംപേരൂര്‍, തിരുവാലൂര്‍, തിരുമൂഴിക്കുളം, തൃക്കാക്കര, തൃക്കാരിയൂര്‍, ആലുവ, ഇടപ്പള്ളി മുതലായ ക്ഷേത്രങ്ങള്‍ പ്രാധാന്യം അര്‍ഹിക്കുന്നു.

മുന്‍കൊച്ചിയിലെ തൃപ്പൂണിത്തുറ, ചോറ്റാനിക്കര, എറണാകുളം, പഴയന്നൂര്‍, ചിറ്റൂര്‍, ചേരാനല്ലൂര്‍, ഇളംകുന്നപ്പുഴ, തിരുവഞ്ചിക്കുളം, കൊടുങ്ങല്ലൂര്‍, അന്നമനട, തിരുവൈരാണിക്കുളം, പെരുവനം, ഊരകം, ഇരിങ്ങാലക്കുട, മുളങ്കുന്നത്തുകാവ്, നെല്ലുവായ്, തൃശൂര്‍, തൃപ്രയാര്‍, തിരുവില്വാമല, കടവല്ലൂര്‍, ചേന്നമംഗലം, തൃക്കൂര്‍, വേങ്ങനല്ലൂര്‍, കുമ്പളം, നെടുമ്പുറത്തളി എന്നിവ പ്രത്യേകം പരിഗണന അര്‍ഹിക്കുന്നു.

തിരുനാവായ ക്ഷേത്രം

മുന്‍ മലബാറില്‍ ഗുരുവായൂര്‍, മുക്കോല, വേദാരണ്യം, തിരുനാവായ, തൃപ്പങ്ങോട്, ചമ്രവട്ടം, ആലത്തൂര്‍, തൃക്കണ്ടിയൂര്‍, കാടാമ്പുഴ, തൃച്ചെറുമണം (കൊട്ടിയൂര്‍) തിരുമാന്ധാംകുന്ന്, തിരുനെല്ലി, തളിപ്പറമ്പ്, തൃച്ചൊമകുന്നം, കോഴിക്കോട്, തലശ്ശേരി, തളികാച്ചാംകുറിച്ചി, കല്ലേക്കുളങ്ങര, കോങ്ങാട്, കിള്ളിക്കുറിശ്ശിമംഗലം, തൃത്താല, തിരുവേഗപ്പുറ, തൃക്കഴിക്കാട്, കൊടിക്കുന്ന്, പന്നിയൂര്‍, കരിമ്പുഴ, ഇന്ത്യാനൂര്, പന്തലൂര്‍, വെണ്‍കോട്ട, പൊന്മൊതു, തൃക്കളവൂര്‍, മണ്ണൂര്‍, നല്ലൂര്‍, കേരളേശപുരം, വെട്ടത്തുവിഷ്ണു, നറുങ്കൈതക്കോട്ട, വള്ളൂര്‍ക്കാവ്, തൃക്കങ്ങോട്, നീലേശ്വരം എന്നിവയാണ് മലബാര്‍ പ്രദേശത്തെ മുഖ്യക്ഷേത്രങ്ങള്‍.

ദക്ഷിണേന്ത്യയിലെ മഹാക്ഷേത്രങ്ങളുടെ മാതൃകയിലുള്ള വമ്പിച്ച സ്ഥാപനങ്ങള്‍ കേരളത്തില്‍ അപൂര്‍വമാണ്. വൈഷ്ണവസിദ്ധന്മാരുടെ 'പാടല്‍പെറ്റ' മഹാക്ഷേത്രങ്ങള്‍ കേരളത്തിലുണ്ട്. തിരുപ്പതിസാരം, തിരുവട്ടാര്‍, തിരുവനന്തപുരം, തിരുപ്പുലിയൂര്‍, തിരുചെങ്ങന്നൂര്‍, തിരുവാറന്മുള, തിരുവല്ല, തിരുമൂഴിക്കുളം, തൃക്കാക്കര, തിരുമിറ്റക്കോട്, തിരുനാവായ മുതലായവ അക്കൂട്ടത്തില്‍പ്പെടും. ശൈവസിദ്ധന്മാരുടെ 'പാടല്‍ പെറ്റ'ക്ഷേത്രം കേരളത്തില്‍ തിരുവഞ്ചിക്കുളം മാത്രമാണ്.

ക്ഷേത്രങ്ങളെ സംബന്ധിച്ച ഗ്രന്ഥങ്ങള്‍ കേരള സാഹിത്യത്തില്‍ വിലയേറിയ ഒരു വിഭാഗമാകുന്നു. ശുചീന്ദ്രത്തെ സത്യപരീക്ഷ, ചെങ്ങന്നൂരെ സര്‍പ്പപരീക്ഷ മുതലായവ ചരിത്രപ്രസിദ്ധമാണ്. അന്നദാനവും വിദ്യാദാനവും ഇവ നിര്‍വഹിച്ചിരുന്നു. കലകളുടെയും സംഗീതോപകരണങ്ങളുടെയും അഭയസ്ഥാനം ക്ഷേത്രങ്ങളായിരുന്നു. ചെല്ലൂരനാഥോദയം, തെങ്കൈലനാഥോദയം, നാരായണീയം പ്രബന്ധം മുതലായവ ക്ഷേത്രസാഹിത്യത്തില്‍പ്പെടുന്നു. ഓരോ ക്ഷേത്രവും ഓരോ വിപുലമായ ഗ്രന്ഥത്തിന് വിഷയമാണ്.

പഴയ കോട്ടകളും കൊട്ടാരങ്ങളും

കോട്ടകള്‍ പണ്ട് ഭരണവ്യവസ്ഥയിലെ പ്രധാനപ്പെട്ട ഒരു അംശമായിരുന്നു. എല്ലാ രാജാക്കന്മാരും നാടുവാഴികളും പ്രഭുക്കന്മാരും അവരവരുടെ ആസ്ഥാനങ്ങള്‍ക്കും കൊട്ടാരങ്ങള്‍ക്കും ചുറ്റും ഉയര്‍ന്ന കോട്ടയും കൊത്തളങ്ങളും ഉണ്ടാക്കുക പതിവായിരുന്നു.

ആദിമശതകങ്ങളില്‍ തിരുവഞ്ചിക്കുളത്ത് ബലമേറിയ കോട്ടയും അതിനുചുറ്റും കിടങ്ങും ഉണ്ടായിരുന്നുവെന്ന് മണിമേഖല പ്രസ്താവിക്കുന്നു. ലക്ഷ്മീദാസന്റെ ശുകസന്ദേശത്തില്‍ ചേര രാജധാനിയുടെ കോട്ടയെപ്പറ്റിയുള്ള പ്രസ്താവമുണ്ട്. വിഴിഞ്ഞത്തുണ്ടായിരുന്ന കരക്കോട്ട, മാറന്‍ ചടയന്‍ എന്ന രാജാവ് ആക്രമിച്ചപ്പോള്‍ രണകീര്‍ത്തിയും അമര്‍ക്കഴിയും വീരചരമം പ്രാപിച്ച വിവരം ഒരു ശിലാശാസനത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ആരുവാമൊഴി, അലവാക്കര, വട്ടക്കോട്ടകള്‍. ഇപ്പോള്‍ തമിഴ്നാടിന്റെ ഒരു ഭാഗമായിത്തീര്‍ന്നിട്ടുള്ള കന്യാകുമാരി ജില്ലയില്‍ ആരുവാമൊഴി കോട്ടയുടെയും അലവാക്കരക്കോട്ടയുടെയും അവശിഷ്ടങ്ങള്‍ കാണ്മാനുണ്ട്. കന്യാകുമാരിക്കു സമീപം കടലിനോടു തൊട്ടുകിടക്കുന്ന വട്ടക്കോട്ട ഇന്നും സുരക്ഷിതമായി നിലനില്ക്കുന്നു. മുഴുവന്‍ കരിങ്കല്ലുകൊണ്ടാണ് കെട്ടിയിരിക്കുന്നത്.

പദ്മനാഭപുരം കൊട്ടാരം

പദ്മനാഭപുരം. പതിനെട്ടാം ശതകത്തിന്റെ മധ്യംവരെ തിരുവിതാംകൂറി(വേണാടി)ന്റെ രാജധാനിയായിരുന്ന കല്‍ക്കുളത്തിന് അനിഴംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ (1729-58) മുമ്പുണ്ടായിരുന്ന കോട്ടയെയും കൊട്ടാരത്തെയും നവീകരിച്ച് പദ്മനാഭപുരമെന്ന് പേരിട്ടത്. അദ്ദേഹം രാജ്യത്തെ വിപുലമാക്കി കുറേക്കൂടി കേന്ദ്രസ്ഥിതമായ തിരുവനന്തപുരം രാജധാനിയാക്കി. എങ്കിലും വേലുത്തമ്പിദളവയുടെ കാലംവരെ ഈ കോട്ടയുടെ പ്രാധാന്യത്തിന് കുറവൊന്നുമുണ്ടായിരുന്നില്ല. തിരുവനന്തപുരം-കന്യാകുമാരി റോഡില്‍ 55 കി.മീ. സഞ്ചരിച്ചശേഷം തക്കല-കുലശേഖരം റോഡില്‍ കഷ്ടിച്ച് 1.5 കി.മീ. വടക്കോട്ടുപോയാല്‍, പശ്ചിമാഭിമുഖമായി സ്ഥിതിചെയ്യുന്ന പദ്മനാഭപുരം കോട്ടയിലെത്താം. നൂറ്റിയെണ്‍പത്തിയാറിലധികം ഏക്കര്‍ സ്ഥലം ഉള്‍ക്കൊള്ളുന്നതാണിത്. ആറര ഏക്കര്‍ വിസ്തീര്‍ണത്തില്‍ വമ്പിച്ച കൊട്ടാരങ്ങളും രണ്ടു ക്ഷേത്രങ്ങളും ഇതിനകത്ത് സ്ഥിതിചെയ്യുന്നു. ഒരു മീ. വീതിയുള്ളതാണ് കോട്ടമതില്‍. ഏതാണ്ട് 2.5 മീ. വരെ കരിങ്കല്ലും പിന്നെ വെട്ടുകല്ലുംകൊണ്ട് നിര്‍മിച്ചതാണ് ഭിത്തി. കോട്ടയുടെ കോണുകളില്‍ വലിയ കൊത്തളങ്ങളുണ്ട്. അവയിലൊന്ന് ഒരു കുന്നിനോട് ചേര്‍ന്നിരിക്കുന്നു. ഭിത്തിയുടെ പൊക്കം എല്ലായിടത്തും ഒരുപോലെയല്ല. കൂടിയ പൊക്കം 7.5 മീറ്ററും കുറഞ്ഞപൊക്കം 4.5 മീറ്ററുമാണ്. ഈ കോട്ടയും ഉദയഗിരിക്കോട്ടയും ശ്രീവീരരവി ഇരവിവര്‍മ കുലശേഖര രാജാവ് (1592-1609) പണിയിച്ചതാണ്. മാര്‍ത്താണ്ഡവര്‍മ അവയെ നവീകരിക്കുകയാണ് ചെയ്തത്. മാര്‍ത്താണ്ഡവര്‍മയും കാര്‍ത്തികതിരുനാള്‍ രാമവര്‍മയും അധികകാലവും പദ്മനാഭപുരത്താണ് പാര്‍ത്തിരുന്നത്. പ്രസിദ്ധനായ പൌലിനോസ് പാതിരി കാര്‍ത്തികതിരുനാളിനെ സന്ദര്‍ശിച്ചതും പോപ്പിന്റെ ആശംസാസന്ദേശം സമര്‍പ്പിച്ചതും ഇവിടെവച്ചായിരുന്നു. കൊല്ലവര്‍ഷം പത്താം ശതകത്തിന്റെ ഉത്തരാര്‍ധത്തില്‍ തിരുമാന്ധാം കുന്നിനടുത്തു പാര്‍ത്തിരുന്ന ഒരു മലയാള ബ്രാഹ്മണന്‍, ടിപ്പുവിന്റെ പടയോട്ടക്കാലത്ത് സര്‍വസ്വവും നഷ്ടപ്പെട്ട് ആശ്രിതവത്സലനായ ധര്‍മരാജാവിനോട് ഒരു വേഴാമ്പലിനെ ദൂതനാക്കി ധനാഭ്യര്‍ഥന ചെയ്തതിനെ ആസ്പദമാക്കി രചിച്ച ചാതകസന്ദേശത്തില്‍ പദ്മനാഭപുരത്തെപ്പറ്റി മനോഹരമായ ഒരു വര്‍ണനയുണ്ട്. വേലുത്തമ്പിദളവയുടെ സ്വാതന്ത്ര്യസമരം വരെ ഈ കോട്ടയുടെ പ്രാബല്യം നിലനിന്നിരുന്നു. തമ്പിയുടെ പരാജയത്തെത്തുടര്‍ന്നുണ്ടായ വെള്ളക്കാരുടെ തള്ളിക്കയറ്റം മറ്റു പലതിനുമെന്നപോലെ ഇതിനും ഹാനിയുളവാക്കി. അന്ന് ഇംഗ്ലീഷ് സേനയെ നയിച്ചിരുന്ന കര്‍ണല്‍ വെല്‍ഷ് അന്നത്തെ പദ്മനാഭപുരത്തെയും ഉദയഗിരിയെയും അദ്ദേഹത്തിന്റെ സൈനികസ്മരണകളില്‍ ചിത്രീകരിച്ചിട്ടുണ്ട്.

ചരിത്രപ്രസിദ്ധമായ പദ്മനാഭപുരം കൊട്ടാരം, കോട്ടയുടെ നടുവില്‍ സ്ഥിതിചെയ്യുന്നു. ഈ രാജകീയ സൗധത്തിന് നാലഞ്ചു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇരവി ഇരവിവര്‍മ കുലശേഖരന്‍ (1611-63) കല്‍ക്കുളത്തുനിന്ന് 795 മിഥുനം 8-ന് (1620 ജൂണില്‍) രാമേശ്വരത്തേക്ക് എഴുന്നള്ളിയതായും ഉദ്യോഗസ്ഥന്മാരില്‍ ചിലര്‍ കല്‍ക്കുളത്തുള്ള തെക്കേത്തെരുവില്‍ കന്നിമൂലയില്‍ 'കുലശേഖരപ്പെരുമാള്‍ പിള്ളയാരെ' അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്താന്‍ പ്രതിഷ്ഠിച്ചതായും കാണുന്നു. അദ്ദേഹത്തിന്റെ മന്ത്രി ഇരവിക്കുട്ടിപ്പിള്ളയും മധുരയിലെ തിരുമലനായ്ക്കരും തമ്മിലുണ്ടായ സമരവും വഞ്ചിരാജ്യസേനാനിയുടെ വീരചരമവും ചരിത്രപ്രസിദ്ധമാണ്. അദ്ദേഹത്തിന്റെ പിന്‍ഗാമിയായ രാമവര്‍മയുടെ കാലത്ത് ഡച്ച് ക്യാപ്റ്റന്‍ ജാണ്‍ ന്യൂഹോഫ് കല്‍ക്കുളം സന്ദര്‍ശിക്കുകയും അന്ന് അവിടമായിരുന്നു രാജധാനിയെന്ന് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പതിനായിരം ഭടന്മാര്‍ ഉള്‍പ്പെട്ട ഒരു വമ്പിച്ച സൈന്യം അന്ന് അവിടെ ഉണ്ടായിരുന്നുവത്രേ. കല്‍ക്കുളം കൊട്ടാരത്തിന്റെ ഒരു ഭാഗമായ നീരാഴി മേക്കേക്കെട്ടില്‍ വച്ച് 1674-ല്‍ അദ്ദേഹം അന്തരിച്ചു. അടുത്ത വേണാട്ടധിപന്‍ ആദിത്യവര്‍മ, കല്‍ക്കുളം തെക്കുള്ള അരക്കോയിക്കല്‍ വച്ച് 852 കുംഭത്തില്‍ (1677) അന്തരിച്ചു. ആ രാജാവിനെ തിരുവനന്തപുരത്ത് പുത്തന്‍കോട്ട കൊട്ടാരത്തില്‍വച്ച് യോഗക്കാരും എട്ടുവീട്ടില്‍ പിള്ളമാരുംകൂടി വിഷം കൊടുത്തുകൊന്നുവെന്ന ഒരൈതിഹ്യം നിലവിലുണ്ട്.

1739-ല്‍ സിംഹാസനസ്ഥനായ മാര്‍ത്താണ്ഡവര്‍മ വലിയ നീരാഴിക്കര കൊട്ടാരത്തിലാണ് വസിച്ചത്. അക്കാലത്ത് വലിയകോയിക്കലിന്റെ ജീര്‍ണോദ്ധാരണം നടത്തിക്കയും നവരാത്രിമണ്ഡപത്തെ ശിലാമണ്ഡപമാക്കുകയും കോട്ടയ്ക്കകത്ത് പടിഞ്ഞാറേമൂലയില്‍ രാമസ്വാമിക്കോവില്‍ നിര്‍മിക്കുകയും ചെയ്തു. ഈ പണികളെല്ലാം തീര്‍ന്നശേഷം 919 മകരം 10-ന് (1744 ജനു.) വലിയകോയിക്കല്‍ കൊട്ടാരത്തിനെ ശ്രീപദ്മനാഭനു സമര്‍പ്പിക്കുകയും അതിന് ശ്രീ പദ്മനാഭപ്പെരുമാള്‍ കൊട്ടാരമെന്ന് നാമകരണം ചെയ്യുകയും ചെയ്തു.

ഉദയഗിരി കോട്ട

ഉദയഗിരി. തിരുവനന്തപുരം-കന്യാകുമാരി റോഡില്‍ തിരുവനന്തപുരത്തുനിന്ന് 55 കി.മീ. അകലെ സ്ഥിതിചെയ്യുന്നു. കോട്ടയുടെ പ്രവേശനകവാടം പശ്ചിമഭാഗത്താണ്. ഈ കോട്ട ഒരു വലിയ കുന്നിനെച്ചുറ്റി നിര്‍മിക്കപ്പെട്ടിരിക്കുന്നു. പദ്മനാഭപുരം കൊട്ടാരം, മരുന്നു കോട്ട, തെക്കു പടിഞ്ഞാറുഭാഗത്ത് കുളച്ചല്‍ തുറമുഖം, മുട്ടം, മണവാളക്കുറിച്ചി, മണ്ടയ്ക്കാട്ട് തുടങ്ങിയവയെല്ലാം ഈ കോട്ടയില്‍ നിന്ന് നോക്കിയാല്‍ കാണാം. കുന്നിന്‍മുകളില്‍ നടുവില്‍ അത്യുന്നതമായ ഒരു ദീപസ്തംഭമുണ്ട്. ഇഷ്ടികയും കുമ്മായവും കൊണ്ട് നിര്‍മിക്കപ്പെട്ട ഇതിന്റെ വേദിയുടെ നടുവില്‍ കൊടിമരം നാട്ടിയിരുന്ന കുഴി ഇന്നും കാണാം. അതിന്റെ വലുപ്പത്തില്‍ നിന്ന് കൊടിമരം അസാധാരണ ദൈര്‍ഘ്യമുള്ളതായിരുന്നുവെന്നുമനുമാനിക്കാം. അവിടെ പീരങ്കി സ്ഥാപിച്ചിട്ടുണ്ട്. ഇന്നു കാണുന്ന ഉദയഗിരിക്കോട്ട 916-ാമാണ്ട് ആടിമാസം 23-ന് (1741 ആഗ.) തൈക്കാട്ട് നമ്പൂതിരിയുടെ പ്രമാണത്തിന്‍പടി പരിഷ്കരിച്ചു പണിതുടങ്ങി 919 തൈമാസം 10-ന് (1744 ജനു) പൂര്‍ത്തിയാക്കിയതാണ്.

916-ാമാണ്ട് കുംഭത്തില്‍ (1741) കുളച്ചല്‍ യുദ്ധത്തില്‍ തടവുകാരായി പിടിക്കപ്പെട്ട ഇരുപത്തിനാലു ഡച്ചുകാരില്‍ ഒരാളും പില്ക്കാലത്ത് വലിയ കപ്പിത്താന്‍ എന്ന ബഹുമതി നേടിയ വ്യക്തിയുമായ ഡിലനായി ഈ കോട്ടയില്‍ വളരെക്കാലം താവളമടിച്ചിരുന്നു. മുപ്പത്തിയേഴു വര്‍ഷം തിരുവിതാംകൂറില്‍ 'വലിയകപ്പിത്താനാ'യി സേവനമനുഷ്ഠിച്ച ഡിലനായിയുടെയും ബന്ധുക്കളുടെയും ശവകുടീരങ്ങള്‍, രാജാവ് കത്തോലിക്കര്‍ക്കു വേണ്ടി ഇതിനകത്തു പണിയിച്ചിട്ടുള്ള പള്ളിയില്‍ ഇന്നും കാണ്മാനുണ്ട്.

തൊണ്ണൂറിലധികം ഏക്കര്‍ വിസ്തൃതിയുള്ള കോട്ടയുടെ നടുവിലുള്ള കുന്നിന് 80 മീറ്ററിലധികം പൊക്കമുണ്ട്. അഞ്ച് മീറ്ററോളം വണ്ണവും ആറു മീ. പൊക്കവുമുള്ള കോട്ടമതിലുകള്‍ കരിങ്കല്ലുകൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. പത്തു കൊത്തളങ്ങളാണുണ്ടായിരുന്നത്. ഈ കോട്ട വളരെ മുമ്പുതന്നെ വിഖ്യാതമായിക്കഴിഞ്ഞിരുന്നു എന്നുള്ളതിന് ജാണ്‍ ന്യൂഹാഫിന്റെ വിവരണം സാക്ഷ്യം വഹിക്കുന്നു. തിരുവിതാംകൂറിലെ പ്രധാന സൈനികസങ്കേതം ഇതായിരുന്നു. ഡിലനായിയുടെ മേല്‍നോട്ടത്തില്‍ ഒരു വമ്പിച്ച ആയുധനിര്‍മാണശാല ഇവിടെ സ്ഥാപിക്കപ്പെട്ടിരുന്നു. കര്‍ണല്‍ വെല്‍ഷിന്റെ സൈനികസ്മരണകളില്‍ ഇവിടെ ഉണ്ടാക്കിയ അഞ്ചു മീ. നീളമുള്ള ഒരു പിച്ചള പീരങ്കിയെ 1,200 ആളുകള്‍ പതിനാറ് ആനകളുടെ സഹായത്തോടുകൂടി ശ്രമിച്ചിട്ട് അല്പംപോലും മാറ്റാന്‍ സാധിച്ചില്ലെന്നു രേഖപ്പെടുത്തിയിട്ടുണ്ട്. ടിപ്പുസുല്‍ത്താനുമായുള്ള യുദ്ധത്തില്‍ തടവുകാരായി പിടിക്കപ്പെട്ട ഏതാനും യൂറോപ്യന്മാരെയും കുറ്റവാളികളായ മറ്റു പലരെയും ഇതിനകത്തുണ്ടായിരുന്ന കാരാഗൃഹത്തില്‍ പാര്‍പ്പിച്ചിരുന്നതായി കാണുന്നു. ചെമ്പകവല്ലി എന്ന ബ്രാഹ്മണസ്ത്രീ തന്റെ ഭര്‍ത്താവിന്റെ അകാലചരമത്തെത്തുടര്‍ന്ന് ഇവിടെവച്ച് സതീകര്‍മമനുഷ്ഠിച്ചതായി ഉള്ളൂര്‍ പരമേശ്വരയ്യര്‍ സാഹിത്യപരിഷത് ത്രൈമാസികയില്‍ എഴുതിയിട്ടുണ്ട്. സെന്റ് ലേഗരുടെ സൈന്യം ഇതിനുള്ളില്‍ പ്രവേശിച്ച് ഇവിടെയുണ്ടായിരുന്ന ആയുധങ്ങള്‍ മുഴുവന്‍ കരസ്ഥമാക്കി. കേണല്‍ മണ്‍ട്രോ നാഞ്ചിനാട്ടെ നാട്ടാര്‍കൂട്ടത്തിന് അന്ത്യശാസനം നല്കിയത് ഇവിടെ വച്ചായിരുന്നു.

വെട്ടിമുറിച്ച കോട്ട-തിരുവനന്തപുരം

തിരുവനന്തപുരം. വേണാടിനെ തിരുവിതാംകൂറാക്കി വിപുലപ്പെടുത്തിയ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയാണ് ഈ കോട്ട പണികഴിപ്പിച്ചത് (1747). ഇതിന് തെക്കു വടക്ക് 216 ദണ്ഡു വീതിയും കിഴക്കു പടിഞ്ഞാറ് 216മ്മ ദണ്ഡു നീളവുമുണ്ട്. ആകെ ഇരുപത് കൊത്തളങ്ങളുള്ള കോട്ടയ്ക്ക് പുറത്ത് കോട്ടക്കുഴിയും വെട്ടിച്ച് മുളയും ഈഞ്ചയും ചൂരലും നടുവിച്ചതായി രേഖകളില്‍ കാണുന്നു. കോട്ടയുടെ വടക്കുഭാഗത്തും ഇരയിമ്മന്‍തമ്പിയുടെ ഭവനത്തിനു സമീപം ഏതാനും മീ. ദൂരം മണ്‍കോട്ടയായിരുന്നത് അടുത്തകാലത്ത് ഇടിഞ്ഞുപോയി. അതോടെ വിറകുപുരക്കോട്ടയും നാമാവശേഷമായി. കരിങ്കല്ലുകൊണ്ടു നിര്‍മിക്കപ്പെട്ട മറ്റു ഭാഗങ്ങളായ കിഴക്കേക്കോട്ട, പഴവങ്ങാടിക്കോട്ട (ഇതിന്റെ വടക്കുഭാഗം പൊളിഞ്ഞു), വെട്ടിമുറിച്ച കോട്ട, തെക്കേക്കോട്ട, പടിഞ്ഞാറേക്കോട്ട, നെല്‍പ്പുരക്കോട്ട എന്നിവ കേടുകൂടാതെ നില്ക്കുന്നു.

പദ്മനാഭസ്വാമി ക്ഷേത്രത്തെ കേന്ദ്രമാക്കിയാണ് കോട്ട നിര്‍മിച്ചിട്ടുള്ളത്. ക്ഷേത്രത്തിന്റെ തൊട്ടു തെക്കുഭാഗത്താണ് വലിയ കൊട്ടാരം. ശ്രീമൂലംതിരുനാള്‍ രാമവര്‍മ രാജാവാണ് അവസാനമായി ഇവിടെ താമസിച്ചിരുന്നത്. കൊട്ടാരവളപ്പിനകത്ത് ശ്രീകൃഷ്ണ വിലാസം, രംഗവിലാസം, ഭജനപ്പുര എന്നിങ്ങനെ അനേകം വിഭാഗങ്ങളുണ്ട്. പദ്മതീര്‍ഥക്കരയില്‍ കാണുന്ന നീണ്ട മാളികയും 'മേത്തന്‍മണി'യും പഴയനിലയില്‍ത്തന്നെ കാണപ്പെടുന്നു. കൊട്ടാരത്തില്‍ പല ഭാഗങ്ങളും ആഫീസുകള്‍ക്കായി വിട്ടുകൊടുത്തിട്ടുണ്ട്. അടുത്തകാലത്ത് കിഴക്കുഭാഗം പലരും വിലയ്ക്കു വാങ്ങി വ്യാപാരശാലകളും കല്യാണമണ്ഡപങ്ങളും മറ്റുമുണ്ടാക്കിയിരിക്കുന്നു. രംഗവിലാസം കൊട്ടാരം മുന്‍ രാജാക്കന്മാരുടെ വലിയ ചിത്രങ്ങളും വേഷച്ചമയങ്ങളും കലാമാതൃകകളും സൂക്ഷിക്കുന്ന ഒരു ഗാലറിയാക്കിയിരിക്കുന്നു. പദ്മനാഭസ്വാമിക്ഷേത്രത്തിന് വടക്കുഭാഗത്ത് വടക്കേക്കൊട്ടാരം സ്ഥിതി ചെയ്യുന്നു. അതായിരുന്നു യുവരാജാവിന്റെ ആസ്ഥാനം. അതിന്റെ ഒരു ഭാഗമാണ് വടക്കേക്കൊട്ടാരം ഹൈസ്കൂള്‍ സ്ഥിതിചെയ്യുന്ന സ്ഥലം. വടക്കേക്കൊട്ടാരം ഇന്ന് ഒരു സര്‍ക്കാര്‍ ആഫീസാണ്. സുന്ദരവിലാസം, ശ്രീപാദം കൊട്ടാരം, തേവാരത്തു കോയിക്കല്‍ മുതലായവ ഇന്ന് ഓരോരോ ആഫീസുകളുടെ ആവശ്യത്തിന് വിട്ടുകൊടുത്തിരിക്കുന്നു. ക്ഷേത്രസന്നിധിയിലുള്ള പദ്മതീര്‍ഥക്കുളം പൂര്‍വസ്ഥിതിയില്‍ത്തന്നെ നിലനില്ക്കുന്നു. പാത്രക്കുളം നികത്തിയെടുത്ത സ്ഥലത്താണ് തീര്‍ഥപാദമണ്ഡപം സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിന്റെ മുന്‍ നന്ദാവനത്തിലാണ് അഭേദാശ്രമവും ഹോമിയോപ്പതി ആശുപത്രിയും പണിതിരിക്കുന്നത്. കാര്‍ത്തികതിരുനാള്‍ തിയെറ്റര്‍ മുതലായ സ്ഥാപനങ്ങള്‍ കിഴക്കേക്കോട്ടയ്ക്കകത്താണ്. വെട്ടിമുറിച്ച കോട്ടയ്ക്കകത്തുള്ള രാജാകേശവദാസന്റെ ആഫീസ് ഇന്ന് ഇന്‍കംടാക്സ് ആഫീസാണ്. തെക്കേത്തെരുവില്‍ സ്വാതിതിരുനാള്‍ സ്ഥാപിച്ച ഇരുമ്പുബംഗ്ളാവിന്റെ സ്ഥാനത്ത് ചിത്തിരതിരുനാള്‍ രാജാവിന്റെ പ്രതിമ സ്ഥാപിച്ചിട്ടുള്ള പൂന്തോട്ടം സ്ഥിതിചെയ്യുന്നു. ആര്‍ക്കൈവ്സ് ആഫീസും കോട്ടയ്ക്കകം ആശുപത്രിയും കോട്ടയുടെ വടക്കു പടിഞ്ഞാറേ മൂലയില്‍ സ്ഥിതി ചെയ്യുന്നു. കോട്ടയ്ക്കകത്തെ വീഥികളെല്ലാം വേലുത്തമ്പിദളവ സ്ഥാപിച്ചതാണ്. പടിഞ്ഞാറേക്കോട്ടയ്ക്ക് പടിഞ്ഞാറുഭാഗത്ത് അമ്മവീടുകള്‍, ഭക്തിവിലാസം സ്ഥാപിക്കുന്നതിനുമുമ്പ് ദിവാന്മാര്‍ താമസിച്ചിരുന്ന പദ്മവിലാസം തുടങ്ങിയവ ഇന്ന് പല ആഫീസുകളുടെയും ആവശ്യത്തിനുപയോഗിക്കുന്നു. കോട്ടയ്ക്കകത്താണ് ട്രാന്‍സ്പോര്‍ട്ട് കാര്യാലയം. അത് മുമ്പൊരു ബാലികാപാഠശാലയായിരുന്നു. കോട്ടയ്ക്കകത്തിന്റെ ആകൃതിയും പ്രകൃതിയും നിശ്ശേഷം മാറിയിരിക്കുന്നു; ദിവസംപ്രതി മാറിക്കൊണ്ടുമിരിക്കുന്നു.

അഞ്ചുതെങ്ങ് കോട്ട

അഞ്ചുതെങ്ങ്. തിരുവനന്തപുരത്തു നിന്നും 30 കി.മീ. വടക്കുള്ള ഈ സ്ഥലം 17-ാം ശതകത്തില്‍ പാശ്ചാത്യരുടെ പ്രത്യേക ശ്രദ്ധ ആകര്‍ഷിച്ചു. അക്കാലത്ത് അത് ആറ്റിങ്ങല്‍ റാണിയുടെ അധികാരസീമയില്‍പ്പെട്ടതായിരുന്നു. പോര്‍ച്ചുഗീസുകാരും ഡച്ചുകാരും പലപ്പോഴും അവിടെവന്നു വലിയ തോതില്‍ കുരുമുളക് വാങ്ങിയിരുന്നു. 1684-ല്‍ ആറ്റിങ്ങല്‍ റാണിയുടെ അനുമതിയോടുകൂടി ഇംഗ്ലീഷ് ഈസ്റ്റിന്ത്യാക്കമ്പനിക്കാര്‍ അവിടെ ഒരു വ്യാപാരശാല സ്ഥാപിച്ചു. പരിസരപ്രദേശങ്ങളിലെ കുരുമുളകിന്റെ സമൃദ്ധിയാണ് അവരെ അതിന് പ്രേരിപ്പിച്ചത്. ഇംഗ്ലീഷുകാര്‍ അഞ്ചുതെങ്ങില്‍ അവരുടെ ആധിപത്യത്തിന്റെ അസ്ഥിവാരമിടാനാണ് ശ്രമിക്കുന്നതെന്നു മനസ്സിലാക്കിയ നാട്ടുകാര്‍ അവരെ എതിര്‍ത്തുവെങ്കിലും തന്ത്രശാലിയായ ജോണ്‍ ബ്രാബോണ്‍ എന്ന കമ്പനി ഉദ്യോഗസ്ഥന്‍ അവിടെ ഒരു കോട്ടകെട്ടാനും കുത്തകാവകാശത്തോടുകൂടി കുരുമുളകു കച്ചവടം ചെയ്യാനും റാണിയില്‍നിന്ന് അനുവാദം നേടി. 1690-ല്‍ ഇംഗ്ലീഷുകാര്‍ കോട്ടയുടെ നിര്‍മാണമാരംഭിച്ചു. ജനങ്ങള്‍ ഇതിനെതിരായതോടെ കോട്ടയുടെ പണി തുടരാന്‍ പാടില്ലെന്ന് റാണി ആജ്ഞാപിച്ചു; എന്നാല്‍ പീരങ്കിയുടെ സഹായത്തോടെ ജനങ്ങളുടെ പ്രതിഷേധം അമര്‍ച്ച ചെയ്യാന്‍ ഇംഗ്ളീഷുകാര്‍ക്കു കഴിഞ്ഞു. പിന്നീട് റാണിയും ഇംഗ്ലീഷുകാരും തമ്മില്‍ സഖ്യമാവുകയും 1695-ല്‍ കോട്ടയുടെ പണി പൂര്‍ത്തിയാക്കുകയും ചെയ്തു. റാണി ചെയ്ത ആനുകൂല്യങ്ങള്‍ക്കു പ്രതിഫലമായി വര്‍ഷന്തോറും സ്ഥലവാടകയും പാരിതോഷികങ്ങളും കൊടുക്കാമെന്ന് ഇംഗ്ലീഷുകാര്‍ ഏറ്റു.

അഞ്ചുതെങ്ങ് കോട്ട ചതുരാകൃതിയിലാണ് നിര്‍മിച്ചിരിക്കുന്നത്. കോട്ടയുടെ ഓരോ വശത്തും 60 മീറ്ററോളം നീളവും ആറു മീ. ഉയരവുമുണ്ട്. മതിലുകള്‍ക്ക് ഇപ്പോഴും കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. കോട്ടയുടെ കിഴക്കുഭാഗത്ത് കായലും പടിഞ്ഞാറുഭാഗത്ത് അറേബ്യന്‍കടലും സ്ഥിതി ചെയ്യുന്നു. കോട്ടയില്‍നിന്നും കടലിലേക്കും കായലിലേക്കും പറയത്തക്ക ദൂരമില്ല. മതിലുകള്‍ക്കുള്ളില്‍ ഒരു കോട്ടമന്ദിരവും മറ്റു ചില കെട്ടിടങ്ങളുമുണ്ടായിരുന്നു. കമ്പനിയുടെ വ്യാപാരസാധനങ്ങളും ഉദ്യോഗസ്ഥന്മാരുടെ വസതികളും സമീപത്താണ് സ്ഥിതി ചെയ്തിരുന്നത്. കോട്ടയുടെയും വ്യാപാരശാലയുടെയും സംരക്ഷണത്തിന് ഒരു ചെറിയ സേനയും അവിടെ താമസമാക്കിയിരുന്നു. കോട്ടമതിലുകളില്‍ ഉറപ്പിച്ചിരുന്ന തോക്കുകള്‍ കടല്‍മാര്‍ഗമായും കായല്‍വഴിയായും വരാനിടയുള്ള ശത്രുക്കളെ ഭയപ്പെടുത്താന്‍ പറ്റിയവയായിരുന്നു. റാണിയും ഇംഗ്ലീഷുകാരും തമ്മിലുള്ള ഈ സഖ്യം എട്ടുവീട്ടില്‍ പിള്ളമാരിലും മാടമ്പിമാരിലും വെറുപ്പുളവാക്കി. ഇംഗ്ലീഷുകാരുടെ സഹായത്തോടുകൂടി റാണി നാട്ടുകാരെ ശക്തിഹീനരാക്കുമെന്ന് അവര്‍ ഭയപ്പെട്ടു. 1697-ല്‍ നാട്ടുകാര്‍ കോട്ടയെ ആക്രമിച്ചെങ്കിലും പറയത്തക്ക പ്രയോജനമൊന്നുമുണ്ടായില്ല.

കുരുമുളക് ധാരാളം ലഭിച്ചിരുന്നതുകൊണ്ട് അവിടത്തെ വ്യാപാരം വേഗം അഭിവൃദ്ധി പ്രാപിച്ചു. ചില ഇംഗ്ളീഷുകാര്‍ കമ്പനിയുടെ പുരോഗതിയെ അവഗണിച്ച് സ്വന്തം കീശ വീര്‍പ്പിക്കാന്‍വേണ്ടി ശ്രമം നടത്തി. ഇംഗ്ലീഷുകാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്കിയ റാണി 17-ാം ശതകത്തിന്റെ അന്ത്യഘട്ടത്തില്‍ നിര്യാതയായി. പിന്നീട് ഭരണമേറ്റവര്‍ ദുര്‍ബലരായിരുന്നു. നാലു പിള്ളമാരാണ് അധികാരം നടത്തിയിരുന്നവര്‍. ചില മുസ്ലിം വ്യാപാരികളെ കമ്പനിയുദ്യോഗസ്ഥന്മാര്‍ അപമാനിച്ചതു നാട്ടുകാരെ കുപിതരാക്കുകയും സംഘട്ടനങ്ങള്‍ക്ക് വഴിതെളിക്കുകയും ചെയ്തു. തന്നിമിത്തം അഞ്ചുതെങ്ങിലെ കച്ചവടം നിശ്ചലമായി. ആറ്റിങ്ങല്‍ റാണിക്ക് ഇംഗ്ലീഷുകാര്‍ കൊടുക്കാറുള്ള പാരിതോഷികവുമായി പുറപ്പെട്ട കമ്പനി ഉദ്യോഗസ്ഥനായ റിഫോര്‍ഡിനെയും കൂട്ടരെയും നാട്ടുകാര്‍ കൊന്നൊടുക്കി. ഒരു വലിയ ജനക്കൂട്ടം കോട്ടയിലെത്തിയെങ്കിലും അവിടെയുണ്ടായിരുന്ന സാമുവല്‍ ഇന്‍സിന്റെ സാമര്‍ഥ്യത്തില്‍ വലിയ അപകടം ഒഴിവാക്കുവാന്‍ സാധിച്ചു.

നാട്ടുകാര്‍ ചെയ്യുന്ന അക്രമപ്രവൃത്തികളില്‍ റാണി ഖേദം പ്രകടിപ്പിച്ചു. തുടര്‍ന്ന് ബോംബെയില്‍ നിന്ന് എത്തിയ സൈന്യം അഞ്ചുതെങ്ങില്‍ വന്ന് കോട്ടയുടെ ആധിപത്യം ഏറ്റെടുക്കുകയും നാട്ടുകാരെ അങ്ങേയറ്റം ദ്രോഹിക്കുകയും ചെയ്തു. കുരുമുളക് വ്യാപാരം അയാളുടെ കുത്തകയായിത്തീര്‍ന്നു. അയാളുടെ പിന്‍ഗാമി പ്രസിദ്ധ ചരിത്രകാരനായ റോബര്‍ട്ട് ഓര്‍മിയുടെ പിതാവായ അലക്സാണ്ടര്‍ ഓര്‍മിയായിരുന്നു. അയാളുടെ നിര്‍ദേശാനുസരണം റാണിയും ഇംഗ്ലീഷുകാരും തിരുവിതാംകൂര്‍ രാജാവും തമ്മില്‍ ഒരുടമ്പടിയുണ്ടാക്കി. ഇംഗ്ലീഷുകാരെ ആക്രമിച്ച നാട്ടുപ്രമാണികളെ ശിക്ഷിക്കാനും നഷ്ടപരിഹാരം നല്കാനും അതില്‍ വ്യവസ്ഥ ചെയ്തിരുന്നു. ആറ്റിങ്ങല്‍ വേണാട്ടില്‍ ലയിക്കുകയും ഇംഗ്ളീഷുകാരുടെ അധികാരസീമ വിപുലമായിത്തീരുകയും ചെയ്തതോടുകൂടി അഞ്ചുതെങ്ങിന്റെ പ്രാധാന്യം നഷ്ടമാവാന്‍ തുടങ്ങി. കര്‍ണാട്ടിക് യുദ്ധകാലത്ത് യുദ്ധസാമഗ്രികള്‍ ശേഖരിക്കാനും സൂക്ഷിക്കാനും ഈ കോട്ട പ്രയോജനപ്പെട്ടു. 1776-ല്‍ അഞ്ചുതെങ്ങിലെ വ്യാപാരകേന്ദ്രം ഒരു സാധാരണ സെറ്റില്‍മെന്റായി മാറി. ക്രമേണ കോട്ടയിലുണ്ടായിരുന്ന കെട്ടിടങ്ങള്‍ ഇടിഞ്ഞുപൊളിഞ്ഞുപോയി. അവിടെ അനേകം ആംഗ്ലോ-ഇന്ത്യക്കാര്‍ താമസമുറപ്പിക്കുകയും അവിടത്തെ ഭരണം ഇംഗ്ലീഷുകാര്‍ തന്നെ നടത്തിവരികയും ചെയ്തു. തിരുവിതാംകൂറും ഇംഗ്ലീഷുകാരും തമ്മില്‍ 1805-ല്‍ നടത്തിയ ഉടമ്പടി ഇവിടെവച്ചാണ് കൈമാറിയത്. 1906-ല്‍ അഞ്ചുതെങ്ങിനെയും തങ്കശ്ശേരിയെയും മലബാര്‍ ജില്ലയില്‍നിന്ന് വേര്‍പെടുത്തി ഒരു പ്രത്യേക ജില്ലയായി പ്രഖ്യാപിച്ചു. തിരുവിതാംകൂര്‍-കൊച്ചി റസിഡന്റായിരുന്നു ഇതിന്റെ കളക്ടറും ഡിസ്ട്രിക്റ്റ് മജിസ്റ്റ്രേട്ടും. സ്വാതന്ത്ര്യലബ്ധിക്കുശേഷം മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായി പരിഗണിക്കപ്പെട്ടിരുന്നു. 1950 ജനുവരിയില്‍ ഇതിനെ തിരുവിതാംകൂറിനോട് യോജിപ്പിക്കുവാന്‍ തീരുമാനിക്കുകയും 1953 മുതല്‍ അഞ്ചുതെങ്ങ് കടയ്ക്കാവൂര്‍ പഞ്ചായത്തിന്റെ ഒരു ഭാഗമായിത്തീരുകയും ചെയ്തു.

ഇപ്പോള്‍ 311 ഏക്കര്‍ മാത്രം വിസ്തീര്‍ണമുള്ള അഞ്ചുതെങ്ങിന്റെ 1951-ലെ ജനസംഖ്യ 7,161 ആയിരുന്നു. അതില്‍ നല്ലൊരു ഭാഗം മീന്‍പിടിത്തക്കാരായ റോമന്‍ കത്തോലിക്കര്‍ ആണ്. കോട്ടയുടെ ബലവത്തായ നാലുഭിത്തികള്‍ മാത്രമേ ഇപ്പോള്‍ അവശേഷിച്ചിട്ടുള്ളു. ഇംഗ്ലീഷുകാര്‍ ഉപയോഗിച്ചിരുന്ന ശ്മശാനവും അവിടത്തെ ശവകുടീരങ്ങളും അവഗണിക്കപ്പെട്ടു കിടക്കുന്നു. രണ്ട് റോമന്‍കത്തോലിക്കാപ്പള്ളികള്‍ അവിടെയുണ്ട്.

ഇംഗ്ലീഷ് നോവലിസ്റ്റായ സ്റ്റേണിന്റെയും (1713-68) ആബിറെയ്നലിന്റെയും കവിതകളിലൂടെ അനശ്വരയായിത്തീര്‍ന്ന 'എലിസാ'യുടെ ജന്മദേശമായ അഞ്ചുതെങ്ങിന് സാഹിത്യചരിത്രത്തിലും സ്ഥാനമുണ്ട്. ചരിത്രകാരനായ റോബര്‍ട്ട് ഓര്‍മി ജനിച്ചതും അഞ്ചുതെങ്ങിലായിരുന്നു. ഇത് ഒരു കയര്‍ വ്യവസായകേന്ദ്രവുമാണ്.

കൃഷ്ണപുരം കോട്ടയും കൊട്ടാരവും. അയ്യപ്പന്‍ മാര്‍ത്താണ്ഡപ്പിള്ള ദളവ (1756-63) പ്രതിരോധ പ്രവര്‍ത്തനത്തിനു പറ്റിയ സ്ഥലമെന്നു കണ്ട് കായംകുളത്തിനു സമീപം പണിയിച്ച കോട്ടയും കൊട്ടാരവും പ്രാധാന്യമര്‍ഹിക്കുന്നു. മണ്‍കോട്ടയായിരുന്നതുകൊണ്ട് അതിന്റെ നഷ്ടശിഷ്ടങ്ങളെ ഇപ്പോള്‍ കാണാനുള്ളൂ. പഴയ രീതിയില്‍ പണിയിച്ച കൊട്ടാരം കേടുപാടുകള്‍ കൂടാതെ നിലനില്ക്കുന്നു. പുരാവസ്തു ഗവേഷണവകുപ്പ് ഇതിനെ ഒരു മ്യൂസിയമാക്കി സംരക്ഷിച്ചുവരുന്നു. ഇവിടത്തെ ഭിത്തിയില്‍ കാണപ്പെടുന്ന ഗജേന്ദ്രമോക്ഷം എന്ന വലിയ ചുവര്‍ചിത്രം അത്യാകര്‍ഷകമാണ്. ചരിത്രപ്രാധാന്യമര്‍ഹിക്കുന്ന ഏതാനും ശിലാശാസനങ്ങളും ഇവിടെ സൂക്ഷിക്കപ്പെട്ടിരിക്കുന്നു നോ. കൃഷ്ണപുരം

പള്ളിപ്പുറം. രണ്ടു ച.കി.മീറ്ററിലധികം വിസ്താരമില്ലാത്ത പള്ളിപ്പുറത്തിന്റെ തെക്കുഭാഗത്ത് ഒരു തോടും പടിഞ്ഞാറ് അറേബ്യന്‍ കടലും വടക്ക് പെരിയാറും സമുദ്രവും തമ്മില്‍ യോജിക്കുന്ന അഴിമുഖവും കിഴക്ക് കായലുമായതുകൊണ്ട് ഈ സ്ഥലത്തിന് മുനമ്പം എന്നൊരു പേരുമുണ്ട്. പോര്‍ച്ചുഗീസുകാര്‍ ഇന്ത്യയില്‍ വന്നപ്പോള്‍ അത് കൊച്ചിരാജ്യത്തില്‍ ചേര്‍ന്ന ഒരു തസ്കര സങ്കേതമായിരുന്നു. അവരും കടല്‍ക്കള്ളന്മാരും തമ്മിലുണ്ടായ സംഘട്ടനത്തിന്റെ ഫലമായി കടല്‍ക്കള്ളന്മാര്‍ ഇവിടം വിട്ടുപോയി. 1507-ല്‍ കൊച്ചിരാജ്യാധിപന്റെ അനുമതിയോടുകൂടി പോര്‍ച്ചുഗീസുകാര്‍ ഇവിടെ ഒരുകോട്ട പണിയിച്ചു. അഷ്ടകോണാകൃതിയില്‍ ഉണ്ടാക്കിയ ഈ കോട്ടയ്ക്ക് 16 മീറ്ററോളം ഉയരവും മതിലുകള്‍ക്ക് 2.5 മീ. കനവുമുണ്ട്. 1662-ല്‍ വാന്‍ഗോവന്‍സ് എന്ന ഡച്ചു സേനാനായകന്‍ പോര്‍ച്ചുഗീസുകാരെ തോല്പിച്ച് ഈ കോട്ട കൈവശപ്പെടുത്തി. 1789-ല്‍ ഡച്ചുകാര്‍ ഈ കോട്ട തിരുവിതാംകൂറിന് വിറ്റു. ടിപ്പുസുല്‍ത്താന്റെ സൈന്യത്തിന് തിരുവിതാംകൂറില്‍ കടക്കുന്നതിന് ഈ കോട്ട പ്രതിബദ്ധമായിരുന്നു. അതുകൊണ്ട് സുല്‍ത്താന്‍ ഇത് വിലയ്ക്കുവാങ്ങാന്‍ ആലോചിച്ചു. അപ്പോഴേക്കും രാജാകേശവദാസന്‍ ഇത് തിരുവിതാംകൂറിനുവേണ്ടി വാങ്ങി. 1809-ല്‍ ടെയ്റ്റ് എന്ന ബ്രിട്ടീഷ് വ്യാപാരി പള്ളിപ്പുറത്തെ ഒരു വാണിജ്യകേന്ദ്രമാക്കാന്‍ ശ്രമം നടത്തി. അയാള്‍ നിര്‍മിച്ച ഭവനം ഇപ്പോഴും ഇവിടെക്കാണാം.

നെടുങ്കോട്ട. സര്‍വസൈന്യാധിപനായിരുന്ന ഡിലനായിയും അയ്യപ്പന്‍ മാര്‍ത്താണ്ഡപിള്ളയും കൂടി സംസ്ഥാനത്തിന്റെ വടക്കേ അതിര്‍ത്തി ഉറപ്പിക്കാന്‍വേണ്ടി കെട്ടിച്ച മണ്‍കോട്ടയാണിത്. പടിഞ്ഞാറ് കടല്‍ തൊട്ട് കിഴക്കുമല വരെ കെട്ടിയിരുന്ന ഈ കോട്ടയെ രക്ഷിക്കാന്‍ വടക്കുവശത്ത് നീളത്തില്‍ കിടങ്ങും കുഴിപ്പിച്ചിരുന്നു. കിടങ്ങിന് വടക്കുവശം മുളങ്കാട് വളര്‍ത്തിയിരുന്നു. കോട്ടയില്‍ ഈഞ്ചയും കഴഞ്ചിയും മുളയും നട്ടുറപ്പിക്കുന്നതിന് ചെലവ് ചെയ്ത പണത്തെപ്പററി കൊ.വ. 932-ലെ (1757) രേഖകളില്‍ക്കാണുന്നു. ടിപ്പുസുല്‍ത്താന്‍ 14,000-ത്തോളം വരുന്ന സൈന്യവുമായി നെടുങ്കോട്ടയെ ആക്രമിച്ചു. ആദ്യഘട്ടത്തില്‍ മൈസൂര്‍ സൈന്യത്തിന് പരാജയം നേരിടുകയും സുല്‍ത്താന്‍ കിടങ്ങില്‍ വീഴുകയും മൈസൂര്‍ സൈന്യം പിന്‍വാങ്ങുകയും ചെയ്തു. സുല്‍ത്താന്‍ കൂടുതല്‍ സൈന്യം ശേഖരിച്ചുകൊണ്ട് വീണ്ടും നെടുങ്കോട്ടയിലെത്തി. ഇതിനിടയ്ക്ക് സുല്‍ത്താന്‍ മദ്രാസ് ഗവര്‍ണര്‍ ഹാളണ്ടിനു കൈക്കൂലി കൊടുത്ത് അയാളെ വശപ്പെടുത്തി. തന്നിമിത്തം തിരുവിതാംകൂര്‍ ചെലവില്‍ താമസിച്ചിരുന്ന ഇംഗ്ലീഷുകാരുടെ സൈന്യം മദ്രാസ് ഗവണ്‍മെന്റിന്റെ ഉത്തരവു കിട്ടിയില്ലെന്നു പറഞ്ഞ മൈസൂര്‍ ആക്രമണവേളയില്‍ മൗനമവലംബിക്കുകയാണ് ചെയ്തത്. ആ യുദ്ധം നെടുങ്കോട്ടയെ തകര്‍ത്തു. നെടുങ്കോട്ടയുടെ അവശിഷ്ടങ്ങള്‍ അവിടവിടെ ഇന്നും കാണാനുണ്ട്.

കൊച്ചിക്കോട്ട. ഇന്ത്യന്‍ മണ്ണില്‍ ഉയര്‍ന്നുവന്ന പാശ്ചാത്യരുടെ കോട്ടകളില്‍ ആദ്യത്തേത് കൊച്ചിയിലെ കോട്ടയാണ്. ആല്‍ബുക്കര്‍ക്കായിരുന്നു അക്കാലത്തെ പോര്‍ച്ചുഗീസ് നായകന്‍. ജനങ്ങളെ ഭീഷണിപ്പെടുത്തി അനുസരിപ്പിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. തന്നിമിത്തം നാട്ടുകാര്‍ അവരെ നിശ്ശേഷം വെറുത്തു. അതുകൊണ്ട് ഡച്ചുകാര്‍ പോര്‍ച്ചുഗീസുകാരില്‍നിന്നും കൊച്ചി ക്കോട്ടയെ നിഷ്പ്രയാസം പിടിച്ചെടുത്തു. പിന്നീട് ഇംഗ്ലീഷുകാര്‍ അതിനെ തകര്‍ത്തുകളഞ്ഞു. അങ്ങുമിങ്ങും ചില അവശിഷ്ടങ്ങള്‍ ഇന്നു കാണ്മാനുണ്ട്.

തൃപ്പൂണിത്തുറ കുന്നിന്മേല്‍ കോവിലകം. ഈ കൊട്ടാരം പുരാവസ്തു വകുപ്പിന്റെ മേല്‍നോട്ടത്തില്‍ നല്ലൊരു മ്യൂസിയമായി സന്ദര്‍ശകരെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു.

പാലക്കാട് കോട്ട

പാലക്കാട്. 'ഹൈദരാലിയുടെ സ്നേഹിതനായ പാലക്കാട്ട് രാജവംശത്തിലെ ഇട്ടിക്കോമ്പി അച്ചന്‍ മുഖേന ഹൈദര്‍ മണലൂര്‍ സ്വദേശിയായ കല്ലേക്കുളങ്ങര രാഘവപ്പിഷാരൊടിയെക്കൊണ്ട് പാലക്കാട്ട് കോട്ട കെട്ടാന്‍ അസ്ഥിവാരമിടാന്‍ നല്ല ദിവസം പ്രശ്നം വയ്പിച്ച് നിശ്ചയിച്ചപ്രകാരം കോട്ട കെട്ടിച്ചു' എന്ന് ഉള്ളൂര്‍ പരമേശ്വരയ്യര്‍ കേരളസാഹിത്യ ചരിത്രത്തില്‍ പ്രസ്താവിച്ചിരിക്കുന്നു. മലബാറും തമിഴ്നാടും തമ്മില്‍ ബന്ധിപ്പിക്കാന്‍ 1767-ല്‍ പാലക്കാട്ട് ഒരു കോട്ടവേണമെന്ന് ഹൈദര്‍ വിചാരിച്ചതിനാലാണ് ആ കോട്ട കെട്ടിയതെന്ന് ലോഗന്‍ മലബാര്‍ മാന്വലില്‍ പറഞ്ഞിരിക്കുന്നു. കോട്ട കെട്ടാന്‍വേണ്ടി ബാംഗ്ലൂരില്‍ നിന്നും മറ്റും വന്ന ഫ്രഞ്ചുകാര്‍ ദലിത് ക്രൈസ്തവരെക്കൊണ്ടാണ് പണിചെയ്യിച്ചത്. അതുവരെ പാലക്കാട്ട് ക്രിസ്ത്യാനികളില്ലായിരുന്നു. 11 മീറ്ററോളം ഉയരമുള്ള ഇത് ചതുരാകൃതിയിലുള്ളതാണ്. നാലു മൂലകളിലും അവയുടെ നടുവിലും ഉയര്‍ന്ന കൊത്തളങ്ങളും ചുറ്റും അഗാധമായ കിടങ്ങും അതില്‍ ഒരു പാലവും ഉണ്ട്. കോട്ടയ്ക്ക് നല്ല ബലമുള്ളതുകൊണ്ട് അത്രവേഗം ആര്‍ക്കും അതിനെ കീഴടക്കുക സാധ്യമല്ലായിരുന്നു. കുറേക്കാലം അവിടെ ടിപ്പുവിന്റെ ഭടന്മാരുടെ അഴിഞ്ഞാട്ടവും മതപരിവര്‍ത്തനവും നടന്നു. 1790-ല്‍ ജനറല്‍ മെഡോസ് പാലക്കാട്ടുകോട്ട മൈസൂര്‍ക്കാരില്‍നിന്നും പിടിച്ചെടുത്തു. അപ്പോള്‍ അവിടെ ടിപ്പുവിന്റെ 60 വലിയ തോക്കുകളും 'നയം കൊണ്ടോ അല്ലാഞ്ഞാല്‍ ചതി, വഞ്ചന, ഭീഷണി ഇവ ഉപയോഗിച്ചോ ഹിന്ദുക്കളെ മുഴുവന്‍ ഇസ്ലാം മതം സമ്മാനിച്ചു രക്ഷിക്കണമെന്നും സ്തനം മറയ്ക്കാത്ത ഹിന്ദുവനിതകളെ ഇസ്ലാം മതത്തില്‍ ചേര്‍ത്ത് ബഹുമാനിക്കണമെന്നും' സൈന്യാധിപന്മാരെ അറിയിച്ചുകൊണ്ടുള്ള ഒരു കല്പനയുടെ പകര്‍പ്പും കിടന്നിരുന്നു. ഹൈദരാലിയുടെ സൈന്യത്തില്‍ ഉണ്ടായിരുന്ന ശ്രീനിവാസറാവു, മാരണ്ണാ മുതലായ ഹിന്ദു ഉദ്യോഗസ്ഥന്മാര്‍ കോട്ടയില്‍ ഒരു ഹനുമത് പ്രതിഷ്ഠ നടത്തി.

കോട്ടകെട്ടാന്‍ ഹൈദരുടെ ഭടന്മാര്‍ ജൈനമേട്, തുവാലത്തൂര്‍, തേനാരി കളപ്പട്ടിയിലെ മൂകാംബിക എന്നീ ക്ഷേത്രങ്ങളുടെ മതിലുകള്‍ പൊളിച്ചുകൊണ്ടുപോയത്രെ. കോട്ടയില്‍ ഇപ്പോള്‍ പല ഗവണ്‍മെന്റ് ആഫീസുകള്‍ പ്രവര്‍ത്തിച്ചുവരുന്നു.

തലശ്ശേരി കോട്ട

തലശ്ശേരി. മലബാറില്‍ ഇംഗ്ലീഷ് വിജയങ്ങളുടെ ആദ്യത്തെ നിദര്‍ശനമാണ് തലശ്ശേരിക്കോട്ട. 1683-ലാണ് ഇംഗ്ലീഷുകാര്‍ അവിടെ എത്തിയത്. മലബാറിലെ കുരുമുളക് വിപണിയുടെ കുത്തക കൈവശമാക്കാനായി അവര്‍ വളരെ പ്രയത്നിച്ചു. ആദ്യം അവര്‍ ഒരു പണ്ടകശാല അവിടെ സ്ഥാപിച്ചു. ഡച്ചുകാരുടെ നിരന്തരമായ ശല്യം നിമിത്തം ഇംഗ്ലീഷുകാര്‍ക്ക് അവരുടെ വാണിജ്യതലസ്ഥാനം കോഴിക്കോട്ടുനിന്നും തലശ്ശേരിക്കു മാറ്റേണ്ടിവന്നു. ആഡംസ്, ഫ്രാന്‍സിയാ എന്നീ ഇംഗ്ളീഷ് മേധാവികള്‍ വളരെ ബുദ്ധിമുട്ടിയാണ് 1708-ല്‍ കോട്ടയ്ക്ക് വലിയ ഭിത്തികളും കൊത്തളങ്ങളും കെട്ടിച്ചത്. ഭീമാകാരമായതും തോക്കുകള്‍ വയ്ക്കാനുള്ള വിടവുകളോടുകൂടിയതുമായ മതിലുള്ള കോട്ടയ്ക്കകത്ത് ചതുരാകൃതിയില്‍ രണ്ടേക്കറോളം സ്ഥലമുണ്ട്. തെക്കുകിഴക്കുള്ള ഭാഗം കുതിരപ്പടയാളികള്‍ക്കുള്ള കൊത്തളമാകുന്നു. പില്ക്കാലത്ത് കളക്ടര്‍ താമസിച്ചിരുന്ന ബംഗ്ളാവിന്റെ വടക്കുള്ള ഭാഗത്തിലെ വലിയ കൊത്തളം നിരീക്ഷണത്തിനായി ഉപയോഗിച്ചിരുന്നു. എട്ടാളുകള്‍ കോട്ടവാതിലുകള്‍ സൂക്ഷിക്കാനും പതിമൂന്നുപേര്‍ ഖജനാവു സൂക്ഷിക്കാനും ഒമ്പതുപേര്‍ വലിയ കൊത്തളങ്ങള്‍ നിരീക്ഷിക്കാനും അഞ്ചുപേര്‍ ആശുപത്രിക്കാവലിനും അക്കാലത്ത് നിയോഗിക്കപ്പെട്ടിരുന്നു. ഇംഗ്ലീഷുകാരുടെ വാണിജ്യശത്രുക്കളായ ഫ്രഞ്ചുകാര്‍ 1724-ല്‍ മയ്യഴിയില്‍ ഒരു കോട്ടസ്ഥാപിച്ചത് ഇംഗ്ലീഷുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി.

മലബാര്‍ മുഴുവന്‍ ബ്രിട്ടീഷ് അധീനതയില്‍ വന്നതോടുകൂടി കോഴിക്കോട് അവരുടെ കേന്ദ്രസ്ഥാനമായിത്തീര്‍ന്നു. അതുവരെ തലശ്ശേരിയായിരുന്നു അവരുടെ പ്രധാനകേന്ദ്രം. ഹൈദരുടെയും ടിപ്പുവിന്റെയും ആക്രമണകാലത്ത് തലശ്ശേരി ഒരു അഭയാര്‍ഥികേന്ദ്രമായി മാറി. ടിപ്പുവിന്റെ ആക്രമണകാലത്ത് (1789) അഭയാര്‍ഥികളായ രാജാക്കന്മാരില്‍ പലരും തിരുവിതാംകൂറിലേക്ക് കപ്പല്‍ കയറിയത് തലശ്ശേരിയില്‍ വന്നിട്ടാണ്.

ശ്രീരംഗപട്ടണം ഉടമ്പടിപ്രകാരം മലബാര്‍പ്രദേശം മുഴുവന്‍ ഇംഗ്ലീഷുകാരുടെ കൈവശമായതോടെ തലശ്ശേരിയുടെ പ്രാധാന്യം കുറഞ്ഞു. കോഴിക്കോട്ടെ സൂപ്പര്‍വൈസറുടെ കീഴില്‍ മലബാര്‍ തെക്കും വടക്കും ഡിവിഷനായി വിഭജിച്ചപ്പോള്‍ തലശ്ശേരി വടക്കന്‍ ഡിവിഷന്‍ സൂപ്രണ്ടിന്റെ ആസ്ഥാനമായിത്തീര്‍ന്നു.

കണ്ണൂര്‍. പോര്‍ച്ചുഗീസുകാര്‍ ഇവിടെ പണിയിച്ച സെന്റ് ആഞ്ചലോസ് കോട്ട പില്ക്കാലത്ത് ബ്രിട്ടീഷുകാര്‍ പിടിച്ചെടുത്തു. അത് കേണല്‍ വെല്‍ഷിന്റെ സന്ദര്‍ശനാവസരത്തില്‍ ഒരായുധശാലയായിരുന്നു. കടലിനടുത്ത് സ്ഥാപിതമായിരുന്ന ഈ കോട്ടയുടെ സമീപത്തായി ഒരു ദീപസ്തംഭവുമുണ്ട്.

ബേക്കല്‍ കോട്ട

ബേക്കല്‍. കണ്ണൂര്‍ ജില്ലയില്‍ പള്ളിക്കര റെയില്‍വേസ്റ്റേഷനു വടക്കുപടിഞ്ഞാറായിട്ടാണ് ബേക്കല്‍കോട്ട സ്ഥിതിചെയ്യുന്നത്. ഏകദേശം നൂറേക്കറോളം സ്ഥലം ഉള്‍ക്കൊള്ളുന്ന കോട്ടയുടെ ചുറ്റും സമുദ്രം 'റ' പോലെ കാണപ്പെടുന്നു. തിരമാലകളുടെ മര്‍ദനം നിരന്തരം ഏറ്റിട്ടും മതില്‍ക്കെട്ടുകള്‍ക്ക് യാതൊരു കേടും വന്നിട്ടില്ല. കോട്ടയ്ക്കുള്ളില്‍ പ്രവേശിച്ചാല്‍ വഴികള്‍ വളഞ്ഞും തിരിഞ്ഞുംപോകുന്നു. ഒരു കാറിന് പോകാന്‍ തക്കവീതി മാത്രമാണ് അതിനുള്ളത്. കോട്ടയ്ക്കകത്ത് ഹനുമാനെ പ്രതിഷ്ഠിച്ചിട്ടുള്ള ഒരമ്പലമുണ്ട്. അഞ്ചാറ് അടുക്കുകളായി കെട്ടിയിട്ടുള്ള ഭിത്തികളും കഴിഞ്ഞ് അകത്തുകടന്നാല്‍ അറുപതോളം പടികളുള്ള ഒരു കുളം അവഗണിക്കപ്പെട്ട നിലയില്‍ സ്ഥിതിചെയ്യുന്നതുകാണാം. കോട്ടയുടെ മധ്യഭാഗത്ത് പടിഞ്ഞാറുമാറി ഒരു കൊത്തളവും ഏറ്റവും ഉയര്‍ന്നഭാഗത്ത് പതാകധ്വജം നാട്ടിയിരുന്ന ഒരു തറയും ഉണ്ട്. ഈ തറയില്‍നിന്നു നോക്കിയാല്‍ കോട്ടിക്കുളം, കാസര്‍കോട്, പള്ളിക്കര, കാഞ്ഞങ്ങാട് മുതലായവ ദൃശ്യമാകും. ഇവിടെ വെടിമരുന്നും മറ്റും സൂക്ഷിച്ചിരുന്ന ഒരു വലിയ അറയുമുണ്ട്. എട്ട് മീ. നീളവും മൂന്ന് മീ. വീതിയും 2.5 മീ. ഉയരവുമുള്ള ഈ അറയുടെ മതില്‍ സിമന്റിട്ട് ഉറപ്പിച്ചിരിക്കയാണ്. വാതില്‍ പൂട്ടിയിരിക്കുന്നു. ഒന്നിടവിട്ട് ഇരുമ്പുകമ്പി ഉറപ്പിച്ചിട്ടുള്ള ഈ അറയ്ക്കുള്ളില്‍ പ്രത്യേകതരത്തിലുള്ള ഇരിപ്പിടങ്ങളുണ്ട്. കോട്ടയ്ക്കകത്ത് അനേകം കെട്ടിടങ്ങളുടെ നഷ്ടശിഷ്ടങ്ങളും കാണാം. അവ സൈന്യങ്ങളുടെ വസതികളായിരുന്നിരിക്കണം. ഉള്ളില്‍ പാറ തുളച്ചുണ്ടാക്കിയതും അഗാധവും ആയ വലിയൊരു കിണറുമുണ്ട്. ഇവിടെയുള്ള ഏഴു കിണറുകളില്‍ ഒന്നിലെ വെള്ളം രക്തവര്‍ണമാണ്. കോട്ടയുടെ ഉയര്‍ന്ന സ്ഥാനത്ത് സന്ദര്‍ശകരുടെ താമസത്തിനായി നല്ലൊരു കെട്ടിടം പണിതിട്ടുണ്ട്. കോട്ടയുടെ പടിഞ്ഞാറുഭാഗത്ത് കടലിന്നഭിമുഖമായി അനേകം കൊത്തളങ്ങള്‍ സ്ഥിതിചെയ്യുന്നു. ഈ ഭാഗത്ത് കാണപ്പെടുന്ന അന്ധകാരപൂര്‍ണമായ ഗുഹ ഈ കോട്ടയെ ചന്ദ്രഗിരിക്കോട്ട, കാസര്‍കോട് എന്നിവയുമായി അന്തര്‍മാര്‍ഗം യോജിപ്പിച്ചിരുന്നുവെന്നു വിശ്വസിക്കപ്പെടുന്നു. ഈ പഴയ സൈനികകേന്ദ്രം 1625-ല്‍ ബിദനൂരിലെ ശിവപ്പനായ്ക്കന്‍ നിര്‍മിച്ചുവെന്നാണ് പറയപ്പെടുന്നത്. ഇപ്പോള്‍ ഇത് കേന്ദ്രഗവണ്‍മെന്റിന്റെ നേരിട്ടുള്ള ഭരണത്തിന്‍കീഴിലാണ്.

ശവസംസ്കാരം

മനുഷ്യന്‍ നായാടി നടന്ന ശിലായുഗങ്ങളുടെ കാലമാണ് ചരിത്രാതീതകാലം. ചരിത്രാതീതകാല ചിന്തകന്റെ പര്യാലോചനയ്ക്കു വിഷയമാകുന്ന കാലത്തിന്റെ വ്യാപ്തി അതിവിസ്തൃതമാണ്. ഈ കാലപരിധിക്കുള്ളില്‍ മനുഷ്യന്റെ പരിസരങ്ങള്‍ക്കും സംസ്കാരത്തിനും വന്നിട്ടുള്ള പരിവര്‍ത്തനം കുറച്ചൊന്നുമല്ല. നരവംശശാസ്ത്രവിജ്ഞാനികളുടെയും പുരാതത്ത്വഗവേഷകന്മാരുടെയും ഗാഢമായ ശ്രദ്ധയെ കവര്‍ന്നിട്ടുള്ളവയാണ് മഹാശിലാകാല സ്മാരകങ്ങള്‍. കേരളത്തിലെ പര്‍വതപ്രദേശങ്ങളില്‍ ഇപ്പോഴും മഹാശിലാകാല സ്മാരകങ്ങള്‍ പലതും ശേഷിച്ചിട്ടുണ്ട്. ശവം സംസ്കരിക്കാനോ പരേതരുടെ ഓര്‍മ നിലനിര്‍ത്താനോ വേണ്ടി കൂറ്റന്‍ കല്ലുകള്‍ പടുത്തുണ്ടാക്കിയ അറകള്‍, സ്തംഭങ്ങള്‍ എന്നിവയാണവ. ശവം ദഹിപ്പിക്കുകയോ സ്വയം ജീര്‍ണിക്കാനിടുകയോ ചെയ്തശേഷം അസ്ഥികള്‍ ശേഖരിച്ച് സംസ്കരിക്കുകയായിരുന്നു അന്നത്തെ പതിവ്. അസ്ഥികള്‍ കലശങ്ങളിലോ താഴികളിലോ ആക്കി കുഴിച്ചിടുക, കുഴികളിലോ കല്ലറകളിലോ അടയ്ക്കുക ഇങ്ങനെ പലവിധത്തിലായിരുന്നു ഈ സംസ്കാരം. ആയുധങ്ങള്‍, ആഭരണങ്ങള്‍, ഉപകരണങ്ങള്‍, പാത്രങ്ങള്‍, നാണയങ്ങള്‍ മുതലായവയും അസ്ഥികളോടൊന്നിച്ച് നിക്ഷേപിച്ചിരുന്നു. ഇത്തരം നിക്ഷേപസ്ഥലങ്ങള്‍ തട്ടുകല്ല്, പാണ്ടുകുഴി, പഞ്ചപാണ്ഡവര്‍ മഠം, നന്നങ്ങാടി, മുതുമക്കത്താഴി, കൊടക്കല്ല്, തൊപ്പിക്കല്ല്, കുരങ്കു പട്ടടൈ എന്നിങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്നു. മറയൂര്‍, ഉടുമ്പന്‍ചോല, കോടനാട്, പോര്‍ക്കളം, തിരുവില്വാമല, അതിയന്നൂര്‍, തൃശൂര്‍, മഞ്ചേരി, നിലമ്പൂര്‍, എയ്വല്‍, കാട്ടകമ്പാല്‍, ചാത്തമ്പറമ്പ്, എടകല്‍ മുതലായ സ്ഥലങ്ങളില്‍ ഇവ കാണപ്പെടുന്നു. പണ്ട് യുദ്ധത്തില്‍ മരിക്കുന്നത് അഭിമാനകരമായ കാര്യമായി കരുതിയിരുന്നു. മറ്റുതരത്തില്‍ മരിച്ചാല്‍ മൃതശരീരത്തെ ഖണ്ഡങ്ങളാക്കി സംസ്കരിക്കും. കരികാലചോഴനുമായുള്ള യുദ്ധത്തില്‍ മുറിവേറ്റ പെരുഞ്ചേരലാതന്‍ 'വടക്കിരുത്തല്‍' (ഉത്തരഗമനം) നടത്തി ജീവത്യാഗം ചെയ്തു. അതിനെ സല്ലേഖനമെന്നും പറഞ്ഞിരുന്നു. നമ്പൂതിരിമാരുടെ ശവസംസ്കാരത്തെപ്പറ്റി സ്റ്റേറ്റ് മാന്വല്‍ കര്‍ത്താവായ വി. നാഗമയ്യാ പറഞ്ഞിട്ടുള്ളതും ശങ്കരാചാര്യര്‍ മാതൃശരീരത്തെ സംസ്കരിച്ചവിധവും ഇവിടെ സ്മരിക്കാം

കാഴ്ചബംഗ്ലാവുകള്‍

പഠനത്തിനും അറിവിനും വിനോദത്തിനുംവേണ്ടി ശാസ്ത്രപരവും ചരിത്രപരവും സാംസ്കാരികവുമായി പ്രാധാന്യമുള്ള വിഭവങ്ങളെ സംഭരിച്ചു സൂക്ഷിക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളാണ് കാഴ്ചബംഗ്ലാവുകള്‍ അഥവാ മ്യൂസിയങ്ങള്‍. യുണെസ്കോയുടെ നിര്‍വചനപ്രകാരം ചരിത്രരേഖകളും പ്രാചീനഗ്രന്ഥങ്ങളും പ്രദര്‍ശിപ്പിക്കുന്ന ഗ്രന്ഥശാലകള്‍; ചരിത്രവസ്തുക്കള്‍, പുരാവസ്തു ഗവേഷണ ഫലങ്ങള്‍ എന്നിവ സൂക്ഷിക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍; ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍; മൃഗശാല, മത്സ്യശാല തുടങ്ങിയ ജീവിപ്രദര്‍ശനശാലകള്‍; പ്രകൃതി സംരക്ഷണകേന്ദ്രങ്ങള്‍ ഇവയൊക്കെ മ്യൂസിയത്തിന്റെ പരിധിയില്‍പ്പെടുന്നു.

തിരുവനന്തപുരം

കേരളത്തിലെ കാഴ്ചബംഗ്ലാവുകളുടെ കൂട്ടത്തില്‍ പ്രമുഖസ്ഥാനം തിരുവനന്തപുരത്തെ സ്ഥാപനത്തിനാണ്. 1857-ല്‍ ഈ കാഴ്ചബംഗ്ലാവ് ആരംഭിക്കുമ്പോള്‍ അന്നത്തെ ബ്രിട്ടീഷിന്ത്യയില്‍ ഇത്തരം വേറെ മൂന്നു സ്ഥാപനങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ; കൊല്‍ക്കത്തയിലെ ഇന്ത്യന്‍ മ്യൂസിയം, കറാച്ചിയിലെ വിക്ടോറിയ മ്യൂസിയം, മദിരാശിയിലെ ഗവണ്‍മെന്റ് മ്യൂസിയം. തിരുവിതാംകൂറിലെ രാജഭരണവും ബ്രിട്ടീഷ് മേല്‍ക്കോയ്മയും നിലനിന്നിരുന്ന ഒരു കാലഘട്ടത്തില്‍ ഉദയംകൊണ്ട സ്ഥാപനമെന്ന നിലയില്‍ തിരുവനന്തപുരം കാഴ്ചബംഗ്ലാവിന് ചരിത്രപരമായ പ്രാധാന്യമുണ്ട്.

തിരുവനന്തപുരം നേപ്പിയര്‍ മ്യൂസിയം

തിരുവനന്തപുരത്തെ വാനനിരീക്ഷണകേന്ദ്രം ഡയറക്ടറായിരുന്ന അല്ലന്‍ ബ്രൗണ്‍ എഫ്.ആര്‍.എസ് 1852-ല്‍ അന്നത്തെ ബ്രിട്ടീഷ് റസിഡന്റായിരുന്ന ജനറല്‍ കല്ലന് ഇവിടെ ഒരു കാഴ്ചബംഗ്ലാവ് സ്ഥാപിക്കണമെന്ന് കാണിച്ചുകൊണ്ടുള്ള ഒരു കത്തു സമര്‍പ്പിച്ചു. 1855-ഓടുകൂടി ആ കത്തിലെ നിര്‍ദേശത്തിന് ഔദ്യോഗികമായ അംഗീകാരം ലഭിക്കുകയും രണ്ടുവര്‍ഷത്തെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം 1857-ല്‍ കാഴ്ചബംഗ്ലാവ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുകയും ചെയ്തു. അന്നത്തെ തിരുവിതാംകൂര്‍ രാജാവായിരുന്ന ഉത്രം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയായിരുന്നു കാഴ്ചബംഗ്ലാവിന്റെ രക്ഷാധികാരി. ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നും ശേഖരിച്ച ലോഹങ്ങളും ധാതുക്കളും ഏതാനും പുസ്തകങ്ങളുമായിരുന്നു തുടക്കത്തില്‍ കാഴ്ചബംഗ്ലാവിലെ പ്രധാന പ്രദര്‍ശനവസ്തുക്കള്‍. അന്ന് ബഹുജനങ്ങളെ ആകര്‍ഷിക്കാന്‍ ഈ സ്ഥാപനത്തിന് കഴിഞ്ഞില്ല. സന്ദര്‍ശകര്‍ വളരെ കുറവായിരുന്നു. ജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിയുന്നത് ജീവനുള്ള മൃഗങ്ങള്‍ക്കും ഭംഗിയുള്ള ഉദ്യാനത്തിനുമാണെന്നു മനസ്സിലാക്കിയ അധികൃതര്‍ വിപുലമായ ഒരു പൂന്തോട്ടവും മൃഗശാലയും കാഴ്ചബംഗ്ലാവിനോടനുബന്ധിച്ച് നിര്‍മിക്കാന്‍ തീരുമാനിക്കുകയും ക്രമേണ അത് നടപ്പിലാക്കുകയും ചെയ്തു. തിരുവനന്തപുരം കാഴ്ചബംഗ്ലാവ് യഥാര്‍ഥത്തില്‍ മ്യൂസിയങ്ങളുടെ ഒരു ശൃംഖലയാണ്. ഇവിടെ ശില്പകലാമ്യൂസിയവും ചിത്രശാലയും മൃഗശാലയും ബൊട്ടാണിക്കല്‍ ഗാര്‍ഡനും കാണാം.

വിഷ്ണുുവിഗ്രഹം-വെങ്കലം(തിരുവനന്തപുരം മ്യൂസിയം

ദക്ഷിണഭാരത ശില്പകലയുടെ ഉദാത്തമാതൃകകള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ആര്‍ട്ട് മ്യൂസിയം ഇതര ഭാരതീയ ശില്പകലയുടെ ഭിന്നമുഖങ്ങളും കാഴ്ചവയ്ക്കുന്നു. ഇതര പ്രാചീന ഭാരതീയ ശില്പങ്ങളിലെന്നപോലെ കലയില്‍ കടന്നുകൂടിയ മതത്തിന്റെ സ്വാധീനം ദക്ഷിണേന്ത്യന്‍ ശില്പകലയിലും ദൃശ്യമാണ്. ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുള്ള ലോഹ-ദാരു ശിലാവിഗ്രഹങ്ങളില്‍ ഭൂരിഭാഗത്തിന്റെയും പ്രമേയം ദൈവംതന്നെ. സംഹാരമൂര്‍ത്തിയായ ശിവന്‍ ലോകശക്തി മുഴുവന്‍ സമാഹരിച്ചുകൊണ്ട് താണ്ഡവമാടുന്നതായി സങ്കല്പിച്ചിട്ടുള്ള 'നടരാജനൃത്തം' ഇവിടത്തെ ലോഹവിഗ്രഹങ്ങളില്‍ പ്രധാനപ്പെട്ടതാണ്. അതുപോലെ 17-ാംശതകത്തില്‍ നിര്‍മിച്ച ശാസ്താവിന്റെ ലോഹവിഗ്രഹവും തനി കേരളീയമായ ഒരു ശില്പമാണ്. തിരുവനന്തപുരം കാഴ്ചബംഗ്ലാവിലെ ഏറ്റവും പഴക്കംചെന്ന ലോഹവിഗ്രഹങ്ങളിലൊന്നാണ് പല്ലവകാലഘട്ടത്തില്‍ (8-9 ശതകം) നിര്‍മിച്ച വെങ്കല വിഷ്ണുവിഗ്രഹം. സ്ത്രീ-പുരുഷ ബന്ധത്തിന്റെ ആത്മീയൈക്യം പ്രകാശിപ്പിക്കുന്ന അര്‍ധനാരീശ്വരന്‍, ശിവനും സതിയും, ശിവന്റെ വിഭിന്നമുഖങ്ങളായ ഭിക്ഷാടനമൂര്‍ത്തി, സോമസ്കന്ദമൂര്‍ത്തി എന്നിവയാണ് മറ്റുചില പ്രദര്‍ശിതശില്പങ്ങള്‍. തിരുനന്തിക്കര ക്ഷേത്രത്തില്‍ നിന്നു ലഭിച്ച മണ്ഡപം, പദ്മനാഭപുരത്തുനിന്നും കൊണ്ടുവന്ന രഥം എന്നിവ കേരളീയ ദാരുശില്പകലയ്ക്ക് അന്തര്‍ദേശീയ കലാരംഗത്ത് അഭിമാനാര്‍ഹമായ സ്ഥാനം നേടിക്കൊടുത്തിട്ടുള്ളവയാണ്. പുഷ്പകവിമാനം, ബ്രഹ്മാവ്, വിഷ്ണു, നരസിംഹം, ദ്വാരപാലകന്‍, ദക്ഷിണാമൂര്‍ത്തി എന്നിവയാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ള മറ്റുചില ദാരുശില്പങ്ങള്‍. ശിലാവിഗ്രഹങ്ങളുടെ കൂട്ടത്തില്‍ അഗസ്ത്യമുനിയുടെയും ബുദ്ധന്റെയും വിഗ്രഹങ്ങള്‍ എടുത്തുപറയേണ്ടതാണ്. ത്രിവിക്രമമംഗലം ക്ഷേത്രത്തിലും ശുചീന്ദ്രത്തും നിര്‍മിച്ച പ്രാചീന ശിലാവിഗ്രഹങ്ങളുടെ പ്ലാസ്റ്റര്‍ കാസ്റ്റുകള്‍, അനവധി ഇനം വിളക്കുകള്‍, ആഭരണങ്ങള്‍, സംഗീതോപകരണങ്ങള്‍, ഇന്തോനേഷ്യന്‍ കലാരൂപങ്ങള്‍, നാണയങ്ങള്‍ എന്നിവയും ആര്‍ട്ട്മ്യൂസിയത്തിലെ പ്രദര്‍ശനവസ്തുക്കളില്‍ ഉള്‍പ്പെടുന്നു.

ഏഷ്യന്‍ ചിത്രകലാശേഖരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ശ്രീചിത്രാലയം 1935 സെപ്. 25-ന് തിരുവിതാംകൂര്‍ രാജാവ് ചിത്തിരതിരുനാള്‍ ബാലരാമവര്‍മയാണ് ഉദ്ഘാടനം ചെയ്തത്. രവിവര്‍മ ചിത്രങ്ങള്‍ ഉള്‍പ്പെടുന്ന ഇന്തോ-യൂറോപ്യന്‍, രജപുത്ര-മുഗള്‍, പേര്‍ഷ്യന്‍, ജാപ്പനീസ്, ഹെലി, സിലോണ്‍, തിബത്തന്‍ എന്നീ ചിത്രകലകളുടെ മാതൃകകളാണ് ഇവിടെയുള്ളത്. പ്രസിദ്ധ റഷ്യന്‍ ചിത്രകാരനായ നിക്കൊളാസ് റോറിക്കിന്റെയും സ്വെറ്റസ്ലാവ് റോറിക്കിന്റെയും ഏതാനും ചിത്രങ്ങളും ഈ ചിത്രാലയത്തിലുണ്ട്. കെ.സി.എസ്. പണിക്കരുടെ ചിത്രശേഖരം പ്രദര്‍ശിപ്പിച്ചിട്ടുള്ള ഒരു പ്രത്യേക 'പണിക്കര്‍ ഗാലറി'യും പ്രസ്താവ്യമാണ്.

പ്രകൃതിസമ്പത്തിന്റെ ഭിന്നമുഖങ്ങള്‍ കാണാനും മനസ്സിലാക്കാനും പഠിക്കാനും വേണ്ടിയുള്ള കാഴ്ചബംഗ്ലാവാണ് നാച്വറല്‍ ഹിസ്റ്ററി മ്യൂസിയം. തിരുവനന്തപുരത്തെ നാച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ ജന്തുശാസ്ത്രത്തിന് മുന്‍തൂക്കം കൊടുത്തിട്ടുണ്ടെങ്കിലും നരവംശശാസ്ത്രം, സസ്യശാസ്ത്രം, ഭൂവിജ്ഞാനീയം എന്നീ വിഭാഗങ്ങള്‍ക്കുകൂടി ഇവിടെ സ്ഥാനം നല്കിയിരിക്കുന്നു. പക്ഷികളുടെ ഗാലറി, സസ്തനങ്ങളുടെ ഡയോറമകള്‍, കണ്ണാടിമാതൃകകള്‍, ഗോത്രവര്‍ഗക്കാരുടെ മോഡലുകള്‍ തുടങ്ങി അത്യാകര്‍ഷകമായ ഒട്ടനവധി പ്രദര്‍ശനവസ്തുക്കള്‍ ഈ പ്രകൃതിശാസ്ത്രദൃശ്യശാലയിലുണ്ട്.

സ്നേക്ക് പാര്‍ക്ക്-തിരുവനന്തപുപരം

കുന്നുകളും താഴ്വരകളും തടാകങ്ങളും അരികിലൂടെ വളഞ്ഞുപോകുന്ന പാതകളും ചേര്‍ന്ന് അതിമനോഹരമായി സംവിധാനം ചെയ്യപ്പെട്ട ഒരു മൃഗശാലയാണ് തിരുവനന്തപുരത്തുള്ളത്. നൂറോളം ഇനങ്ങളിലായി നാനൂറോളം ജീവികളെ സൂക്ഷിച്ചിട്ടുള്ള ഈ മൃഗശാലയില്‍ ആയിരക്കണക്കിന് സന്ദര്‍ശകര്‍ ദിവസേന വന്നുപോകാറുണ്ട്. വിവിധയിനം പാമ്പുകള്‍, പറവകള്‍, വാനരന്മാരുള്‍പ്പെടെയുള്ള സസ്തനങ്ങള്‍ എന്നിവയൊക്കെയാണ് മൃഗശാലയില്‍ ഉള്ളത്.

തിരുവനന്തപുരത്തെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ പ്രധാനഭാഗം മൃഗശാലയ്ക്കുള്ളിലാണ്. കേരളത്തിലെ വനങ്ങളില്‍ നിന്നും ശേഖരിച്ച വിവിധയിനം മരങ്ങളാണ് ഇവിടെ പ്രധാനമായും നട്ടുപിടിപ്പിച്ചിട്ടുള്ളത്. കാലാകാലങ്ങളില്‍ അന്യദേശങ്ങളില്‍നിന്നും വരുത്തി നട്ട് ഇവിടെ പുഷ്പിക്കുകയും കായ്ക്കുകയും അനന്തരതലമുറയ്ക്ക് ജന്മംകൊടുക്കുകയും ചെയ്ത വിദേശസസ്യങ്ങളും ഇവിടെ കുറവല്ല. അയ്യായിരം വര്‍ഷം നിലനില്ക്കുന്ന ബപ്ബംബ്മരം; ശിംശപാ വൃക്ഷം, മനോഹര പുഷ്പങ്ങള്‍ ഉതിര്‍ക്കുന്ന അലങ്കാരവൃക്ഷങ്ങളായ സ്പാതോടിയ, ജാക്കറാന്ത, ക്യാഷിയ, പൂമരുത് തുടങ്ങിയവ; അനവധി അലങ്കാര ഇലച്ചെടികള്‍; ഓര്‍ക്കിഡുകള്‍ എന്നിവയൊക്കെ ഈ ഉദ്യാനത്തെ അലങ്കരിക്കുന്നുണ്ട്.

കോഴിക്കോട് ആര്‍ട്ട് ഗ്യാലറിയും കൃഷ്ണമേനോന്‍ മ്യൂസിയവും
തൃശൂര്‍

പഴയകൊച്ചി സംസ്ഥാനത്ത് 1885-ല്‍ സ്ഥാപിക്കപ്പെട്ട തൃശൂര്‍ മൃഗശാലയും കാഴ്ചബംഗ്ലാവും കേരളഗവണ്‍മെന്റ് മ്യൂസിയം-മൃഗശാലാവകുപ്പിന്റെ ഒരു പ്രാദേശികസ്ഥാപനമാണ്. ഇതിന് ഒരു കലാശേഖരവും ഒരു വിവിധോദ്ദേശ്യ മ്യൂസിയവും മൃഗശാലയും ബൊട്ടാണിക്കല്‍ ഗാര്‍ഡനുമുണ്ട്.

കോഴിക്കോട്

കോഴിക്കോട് ആര്‍ട്ടുഗാലറിയും വി.കെ. കൃഷ്ണമേനോന്‍ മ്യൂസിയവും സമീപകാലത്ത് മ്യൂസിയം-മൃഗശാലാവകുപ്പ് സംഘടിപ്പിച്ച സ്ഥാപനമാണ്. കോഴിക്കോട് ഈസ്റ്റ്ഹില്ലില്‍ പഴയ കളക്ടറുടെ ബംഗ്ലാവിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഏതാനും ചിത്രങ്ങളും വി.കെ. കൃഷ്ണമേനോനെ സംബന്ധിക്കുന്ന ചില പ്രദര്‍ശനവസ്തുക്കളുമാണ് ഇവിടെയുള്ളത്.

മറ്റുള്ളവ

കേരളസര്‍ക്കാരിന്റെ ആര്‍ക്കിയോളജി വകുപ്പിനും ഏതാനും കാഴ്ചബംഗ്ലാവുകള്‍ ഉണ്ട്. തൃശൂര്‍ പുരാവസ്തു മ്യൂസിയം, കോഴിക്കോട് പുരാവസ്തു മ്യൂസിയം, കായംകുളത്തെ കൃഷ്ണപുരം കൊട്ടാരം, തൃപ്പൂണിത്തുറ കൊട്ടാരം തുടങ്ങിയവ പുരാവസ്തു വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കാഴ്ചബംഗ്ലാവുകളില്‍ ഉള്‍പ്പെടുന്നു. പുരാവസ്തുക്കള്‍, പ്രാചീനശില്പങ്ങള്‍, പഴയ ലിഖിതങ്ങള്‍, ക്ഷേത്രമാതൃകകള്‍ തുടങ്ങിയവയാണ് ഈ കാഴ്ചബംഗ്ലാവിലെ പ്രധാന പ്രദര്‍ശനവസ്തുക്കള്‍.

(കെ. രാജേന്ദ്ര ബാബു)

ആടയാഭരണങ്ങള്‍

വസ്ത്രധാരണത്തിലെ വൈവിധ്യം

ആഹാരവും വസ്ത്രവുമാണ് മനുഷ്യന് ഒഴിച്ചുകൂടാന്‍ പാടില്ലാത്ത ആവശ്യങ്ങള്‍. വസ്ത്രധാരണം സദാചാരത്തിന്റെ ചിഹ്നമാണ്. വിഭിന്ന സമുദായങ്ങളുടെ സദാചാരപദ്ധതി വിഭിന്നരീതിയിലാണ്. ചില സമുദായങ്ങളിലെ സ്ത്രീകള്‍ മുഖം മറയ്ക്കുന്നു. മറ്റു ചില സമുദായത്തിലെ സ്ത്രീകള്‍ ശിരസ്സുകൂടി മറച്ചുകൊണ്ടാണ് വസ്ത്രധാരണം നിര്‍വഹിക്കുന്നത്. കേരളീയര്‍ വസ്ത്രധാരണത്തില്‍ മിതത്വം കൈവരിച്ചിട്ടുള്ളവരാകുന്നു. ഹിന്ദുക്കള്‍ ക്ഷേത്രദര്‍ശനവേളയില്‍ കുപ്പായം ധരിക്കാറില്ല. ക്ഷേത്രദര്‍ശനവേളയില്‍ സ്ത്രീകള്‍ മാറുമറയ്ക്കുന്നത് കൊച്ചിയില്‍ നിരോധിച്ചിരുന്നു. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ആ നടപടിയെ ശക്തിയായി പ്രതിഷേധിച്ച് ലേഖനങ്ങളെഴുതി. തിരുവനന്തപുരത്തെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിന് സ്ത്രീകള്‍ മാറുമറയ്ക്കാതെ എഴുന്നള്ളിപ്പിന് വിളക്കെടുത്ത് അകമ്പടി സേവിച്ചിരുന്ന പതിവിനെയും സമുദായനേതാക്കന്മാര്‍ ശക്തിയായി എതിര്‍ത്തു. തന്നിമിത്തം ആ പതിവുനിര്‍ത്തല്‍ ചെയ്തു. ഒരു കുറിയതും ഒരു നെടിയതും ഉണ്ടെങ്കില്‍ മാന്യന്മാര്‍ക്കുപോലും അടുത്തകാലംവരെ മതിയായിരുന്നു. സ്ത്രീകള്‍ക്ക് ഒന്നര (ആറുമുഴം നീളം)യും മേല്‍മുണ്ടും മാന്യവേഷമായിരുന്നു. വിശേഷാവസരങ്ങളില്‍ ചിലേടത്ത് മതപരമായ ചടങ്ങായി പുരുഷന്മാര്‍ ശിരോവസ്ത്രം (തലക്കെട്ട്) ധരിച്ചിരുന്നു. മുന്‍ തെക്കന്‍ തിരുവിതാംകൂറില്‍നിന്നും സംക്രമിച്ചതാവാം ഈ രീതി. പുരാതന കേരളീയര്‍ അരയും തലയും മുറുക്കിയിട്ടാണ് പുറത്തിറങ്ങിയിരുന്നത്. തലമുടി കെട്ടുന്നതിന് പച്ചപ്പാലാവുപയോഗിച്ചിരുന്നു. വേലകളിക്കാര്‍ പച്ചയ്ക്കു പകരം ചുവന്ന തുണിയാണ് തലയില്‍ കെട്ടിയിരുന്നത്. കാവല്‍ പടയാളിയുടെ ഔദ്യോഗിക വേഷം അര മുതല്‍ പാദം വരെ ഇറുകിക്കിടക്കുന്ന ഒരു വക കാല്‍ച്ചട്ട (ശരായി) ആയിരുന്നു. ശരായിയുടെ നീളം അല്പം കുറഞ്ഞാല്‍ ചല്ലടമായി. അത് യോദ്ധാക്കളാണുപയോഗിച്ചിരുന്നത്. തമിഴരില്‍ നിന്ന് മലയാളികള്‍ പകര്‍ത്തിയെടുത്ത മേല്‍മുണ്ടാണ് തുപ്പട്ടാവ് അഥവാ മേല്‍വേഷ്ടി. രാജാക്കന്മാര്‍ വിദ്വാന്മാര്‍ക്ക് സമ്മാനിച്ചിരുന്നതാണ് കാശ്മീര്‍സാല്‍വ. പുരുഷന്മാര്‍ അരയില്‍ ചുറ്റുന്നത് കട്ടി (ഉടുവസ്ത്രം). നേരിയ ഇഴയിലുള്ള ഒരു തരം വസ്ത്രമാണ് കവിണി. രാജസമക്ഷം പ്രവേശിക്കുമ്പോള്‍ ഒറ്റവസ്ത്രവുമായി പോകാന്‍ പാടില്ല എന്നായിരുന്നു നിയമം. അപ്പോള്‍ കട്ടിയുടുത്ത് അതിനുമീതേ കവിണിചുറ്റും. കോട്ടാറന്‍കവിണി പ്രസിദ്ധമാണ്. മഹാരാജാക്കന്മാരുടെ മൃതശരീരം കുളിപ്പിച്ചശേഷം ഉടുപ്പിക്കുന്നതിന് വീരാളിപ്പട്ട് ഉപയോഗിച്ചിരുന്നു. കടുംചുവപ്പുനിറത്തിലുള്ള ഒരു വക പരുക്കന്‍ തുണിയാണ് കട്ടിയാവ്. പട്ടുപോലെ അശുദ്ധി തട്ടാതിരിക്കാന്‍വേണ്ടി ഇതുപയോഗിക്കുന്നു. സന്ന്യാസിമാര്‍ ഉപയോഗിക്കുന്നതും കാവിമണ്ണ് കലക്കിയ വെള്ളത്തില്‍ മുക്കിയതുമാണ് കാവിമുണ്ട്. പകിട്ടുള്ളതും കുപ്പായങ്ങള്‍ക്കുമുപയോഗിച്ചിരുന്നതുമായ വിലയേറിയ ഒരുതരം തുണിയാണ് വില്ലീസ്. പരുപരുത്തതും ഭംഗികുറഞ്ഞതും ഈടുള്ളതുമായ വസ്ത്രമാണ് കച്ച. പുളിയിലക്കരയന്‍, ആനക്കണ്ണന്‍, തത്തവാലന്‍, വരിച്ചുട്ടി, ബാലാമണി, സന്നക്കമ്പി എന്നിവ ഓരോ ജാതി നേരിയതുകളാണ്.

മറക്കുടയേന്തിയ അന്തര്‍ജനം
വടക്കന്‍ മലബാറിലെ ഒരു മുസ്ലീം കുടുംബം (1914)

ഇഴ തീരെ കുറവായതും മുറജപക്കാലത്ത് ദാനം ചെയ്തിരുന്നതുമായ വലപോലുള്ള ഒരു വകവസ്ത്രമാണ് സഹസ്രനാമക്കവിണി. ശരീരം തുടയ്ക്കുവാന്‍ ഉപയോഗിച്ചിരുന്നതാണ് തോര്‍ത്ത്. ഈരെഴ, ആറ്റിങ്ങല്‍, ബ്രഹ്മദേശം എന്നിങ്ങനെ പലതരം തോര്‍ത്തുകളുണ്ട്. ഇരട്ടമുണ്ട് മതപരമായ കര്‍മങ്ങള്‍ ചെയ്യുമ്പോള്‍ തറ്റുടുക്കുവാന്‍ ഉപയോഗിക്കുന്നു. സ്ത്രീകള്‍ ഉടുക്കുന്ന ഇരട്ടമുണ്ടിനെ മുറി അഥവാ പുടവ എന്നുപറയുന്നു. വിവാഹാവസരത്തില്‍ വരന്‍ വധുവിന് നല്കുന്ന വസ്ത്രത്തിനും പുടവ എന്നു തന്നെ പേര്‍. വിവാഹവേളയില്‍ വധു ധരിക്കുന്ന കോടിവസ്ത്രമാണ് മന്ത്രകോടി. മരണാനന്തരം ഭര്‍ത്താവിന്റെ ശവശരീരത്തെ ആവരണം ചെയ്യുന്നതിന് ആ മന്ത്രകോടി ഉപയോഗിക്കാറുണ്ട് (കൊള്ളിപ്പുടവ).

ക്രിസ്ത്യാനി സ്ത്രീകള്‍ ദേഹം മറയ്ക്കാനുപയോഗിക്കുന്ന കുപ്പായമാണ് ചട്ട. അടുത്തകാലംവരെ മലയാളിസ്ത്രീകള്‍ ഉപയോഗിച്ചിരുന്ന ഉടുപ്പാണ് റൗക്ക. റൗക്ക ധരിക്കാത്ത കുലീനകളായ സ്ത്രീകള്‍ മുലക്കച്ച ധരിച്ചിരുന്നു; തമ്പുരാട്ടിമാര്‍ റൗക്കയ്ക്കു മീതെ മുലക്കച്ചയും. വീതികൂടിയ ഉടുവസ്ത്രം റൗക്കയ്ക്ക് മീതെ ഇവര്‍ ധരിക്കാറുണ്ടായിരുന്നു. തിരുവിതാംകൂര്‍ മഹാറാണിമാരുടെ വേഷം ചരിത്രഗ്രന്ഥങ്ങളില്‍ കാണുന്നത് ഇത്തരത്തിലാണ്. ശരീരം മുഴുവന്‍ ആവരണം ചെയ്യുന്ന ഒരു നേരിയ വസ്ത്രവും പുതച്ചിരിക്കും. അന്തര്‍ജനങ്ങള്‍ (മലയാള ബ്രാഹ്മണസ്ത്രീകള്‍) ഇണപ്പുടവ ഞൊറിഞ്ഞുടുക്കും. അവര്‍ ഇല്ലങ്ങളില്‍ നിന്നു പുറത്തുവരുമ്പോള്‍ ദേഹം മുഴുവന്‍ ഒരു വലിയ മുണ്ടുകൊണ്ട് പുതച്ച് ഓലക്കുട മറച്ചുപിടിക്കുക പതിവായിരുന്നു. ആ വലിയ മുണ്ടിന് പുത എന്നു പറയുന്നു. മുസ്ലിം സ്ത്രീകളുടെ തലവഴിയിടുന്ന വസ്ത്രവിശേഷമാണ് തട്ടം. ഉടുക്കുന്നത് കാച്ചി. ചില മുസ്ലിം സ്ത്രീകള്‍ കുപ്പായവും ധരിച്ചിരുന്നു. കസവുവസ്ത്രങ്ങള്‍ മലയാളിസ്ത്രീകള്‍ ഇഷ്ടപ്പെടുന്നു.

പഴയകാലത്ത് പടയാളികളും പ്രഭുക്കന്മാരും മാത്രമേ കുപ്പായം ധരിച്ചിരുന്നുള്ളൂ. ഇപ്പോള്‍ അത് സാര്‍വത്രികമാണ്; അതിന്റെ വൈവിധ്യത്തിനും കണക്കില്ല. ഷര്‍ട്ട്, കോട്ട്, ട്രൗസര്‍, സ്റ്റോക്കിങ്സ് മുതലായവ ഇന്ന് സാധാരണമാണ്. ജുബ്ബയ്ക്കും പ്രചാരം സിദ്ധിച്ചിട്ടുണ്ട്.

പിന്നില്‍ പണിചെയ്ത കസവുവസ്ത്രമാണ് കിന്നരി. നാട, പുരുഷന്മാര്‍ അരഞ്ഞാണത്തിന്റെ സ്ഥാനത്ത് കെട്ടുന്ന ചരടാണ്. കൗപീനവും പണ്ട് സര്‍വസാധാരണമായിരുന്നു. ക്രിസ്തീയ പുരോഹിതന്മാര്‍ ധരിക്കാറുള്ള പദവിയുടുപ്പാണ് പാലിയം.

പുരുഷന്മാരുടെയും സ്ത്രീകളുടെയും വസ്ത്രധാരണത്തില്‍ വന്നിട്ടുള്ള മാറ്റത്തിനു കണക്കില്ല. ദേശീയ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും മഹാത്മാഗാന്ധിയുടെ ആഹ്വാനങ്ങളും കേരളീയരുടെ വേഷവിധാനത്തെ ലളിതമാക്കി. പക്ഷേ, അടുത്തകാലത്ത് അതിനും മാറ്റം സംഭവിച്ചിട്ടുണ്ട്. മിക്കവാറും എല്ലാ ജാതിക്കാരും സമുദായക്കാരും ഒരേ വസ്ത്രധാരണരീതി കൈക്കൊണ്ടിരിക്കുന്നു. സ്ത്രീകള്‍ പൊതുവേ സാരി ധരിക്കുന്നു. തമിഴ് ബ്രാഹ്മണരും തുളു ബ്രാഹ്മണരും ചേല (18 മുഴമുള്ള പുടവ) ധരിക്കുന്ന രീതിയില്‍ വ്യത്യാസമുണ്ട്. ഉത്തരേന്ത്യന്‍, പാശ്ചാത്യവസ്ത്രധാരണരീതികള്‍ ഇന്ന് കേരളീയരെ വലിയ രീതിയില്‍ കേരളീയരെ സ്വീധീനിച്ചിട്ടുണ്ട്.

ആഭരണങ്ങള്‍

മനുഷ്യന്റെ അലങ്കാരതൃഷ്ണയ്ക്ക് ചരിത്രാതീതകാലത്തോളം തന്നെ പഴക്കമുണ്ട്. അതിപുരാതനമായ വേദകാലത്തുപോലും സ്ത്രീ-പുരുഷന്മാര്‍ ധാരാളം ആഭരണങ്ങള്‍ അണിഞ്ഞിരുന്നതായി കാണുന്നു. മൊഹെന്‍ജൊദരോവിലും ഹാരപ്പായിലും നടത്തപ്പെട്ട വ്യാപകമായ ഉത്ഖനനങ്ങളുടെ ഫലമായി വൈവിധ്യവും വൈചിത്ര്യവും തികഞ്ഞ അനേകം ആഭരണങ്ങള്‍ ലഭിച്ചിട്ടുണ്ട്. അന്നു പ്രചാരത്തിലിരുന്ന ആഭരണങ്ങളില്‍ പലതിന്റെയും മാതൃകകള്‍ അന്നത്തെ പ്രതിമകളിലും ചിത്രീകൃതമായിരിക്കുന്നു. അവയുടെ ശിരസ്സിലും കര്‍ണങ്ങളിലും കണ്ഠത്തിലും കൈകളിലും വിരലുകളിലും പാദങ്ങളിലും ഭൂഷണങ്ങള്‍ കാണുന്നു. മൊഹന്‍ജൊദരോവില്‍ ആരംഭിച്ച ഭൂഷണശില്പത്തിന്റെ പരിപൂര്‍ണവികാസം തക്ഷശിലയില്‍ കാണാം. ഇന്ന് ഉപയോഗിച്ചുവരുന്ന പല ആഭരണങ്ങളുടെയും ഉത്തമമാതൃകകള്‍ തക്ഷശിലയില്‍ ഖനനം ചെയ്തപ്പോള്‍ കിട്ടിയിട്ടുണ്ട്. ജീവതത്തോത് അക്കാലത്ത് എത്രത്തോളം ഉയര്‍ന്നിരുന്നുവെന്ന് അവ കാണിച്ചുതരുന്നു. ഹാരം, കങ്കണം, പതക്കം, കര്‍ണഭൂഷ, അംഗുലീയകം, കേശസൂചി മുതലായ അവിടനിന്നു കിട്ടിയിട്ടുള്ള ആഭരണങ്ങള്‍ കലാകുശലതയുടെ സമ്പൂര്‍ത്തിയാണു കാണിച്ചുതരുന്നത്.

ചട്ടയും മുണ്ടും-കേരളീയ ക്രൈസ്തവരരുടെ പരമ്പരാഗതവേഷം

ജനസമുദായത്തിന്റെ കലാരസികതയ്ക്കും സൗന്ദര്യബോധത്തിനും സാക്ഷ്യം വഹിക്കുന്നവയാണ് ആഭരണങ്ങള്‍. ലാവണ്യസംവര്‍ധനവിനുവേണ്ടി സ്ത്രീ-പുരുഷന്മാര്‍ ആഭരണങ്ങളണിയുന്നുവെന്നു പറയുന്നത് വാസ്തവമെങ്കിലും എന്നാല്‍ അതിന് സാംസ്കാരികവും സാമ്പത്തികവും ആധ്യാത്മികവും ആരോഗ്യപരവുമായ ചില ലക്ഷ്യങ്ങള്‍ കൂടിയുണ്ടെന്നത് സ്മരിക്കേണ്ടതുണ്ട്. സ്വര്‍ണം, രത്നം, വൈരം മുതലായവയുടെ നിത്യസ്പര്‍ശനവും സാമീപ്യവും സൗഭാഗ്യപ്രദമാണെന്ന വിശ്വാസം പണ്ടുമുതല്ക്കേ ഭാരതീയരുടെ ഇടയില്‍ ഉണ്ട്. ശുനകരൂപം ചെമ്പിലുണ്ടാക്കി ധരിച്ചാല്‍ കുഞ്ഞുങ്ങളുടെ ചുമ മാറുമെന്ന് ഇന്നും, പലരും വിശ്വസിക്കുന്നു. ഇരുമ്പുവളയിടുന്നതുകൊണ്ട് ദുര്‍ദേവതകളെ അകറ്റാമെന്നു വിശ്വസിക്കുന്നവരും അപൂര്‍വമല്ല. മന്ത്രമെഴുതി ഏലസ്സിലടച്ച തകിടു ധരിച്ചാല്‍ ഗ്രഹപ്പിഴകളില്‍ നിന്നു രക്ഷനേടാമെന്നുള്ള വിശ്വാസവും നിലവിലിരിക്കുന്നുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ ആഭരണങ്ങളുടെ പുരോഗതിക്കും പ്രചാരത്തിനും സഹായകമായിത്തീര്‍ന്നിട്ടുണ്ട്.

വേഷഭൂഷാദികളില്‍ കേരളീയര്‍, ഭാരതത്തിലെ മറ്റു നാട്ടുകാരെ അപേക്ഷിച്ച് നിരാഡംബരരാണ്. എങ്കിലും അവരുടെ കലാസ്വാദനക്ഷമതയും സൗന്ദര്യബോധവും ദീര്‍ഘാവലോകന പ്രാവീണ്യവും വസ്ത്രാഭരണാദികളില്‍ പ്രതിബിംബിച്ചുകാണുന്നുണ്ട്. ധനസ്ഥിതിയെ സംബന്ധിച്ച ഉച്ചനീചത്വം അവരുടെ കലാപ്രണയത്തെ തീരെ ബാധിച്ചിട്ടില്ലെന്നുവേണം പറയാന്‍. പ്രാചീനകൃതികളും പ്രതിമാശില്പങ്ങളും ചുവര്‍ച്ചിത്രങ്ങളും നാണയങ്ങളും സശ്രദ്ധം പരിശോധിച്ചാല്‍ ആഭരണങ്ങള്‍ നിര്‍മിക്കുന്ന കാര്യത്തിലും അവയെ യഥായോഗ്യം അണിഞ്ഞു ശരീരലാവണ്യത്തിന് മാറ്റുകൂട്ടുന്ന കാര്യത്തിലും കേരളീയര്‍ മറ്റ് ഏതു നാട്ടുകാരുടെയും പിന്നിലല്ലെന്ന് കാണാന്‍ കഴിയും.

ഹൈന്ദവര്‍. കേരളത്തില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും വൃദ്ധന്മാര്‍ക്കും വൃദ്ധകള്‍ക്കും പ്രത്യേകം പ്രത്യേകം തരത്തിലുള്ള ആഭരണങ്ങള്‍ ഉണ്ടായിരുന്നു. കേശം, ലലാടം, കര്‍ണങ്ങള്‍, നാസിക, കണ്ഠം, തോള്‍, കൈ, വിരല്‍, മാറിടം, അര, പാദം എന്നിങ്ങനെ ശരീരത്തിന്റെ എല്ലാ പ്രധാനഭാഗങ്ങളിലും കേരളീയര്‍ ആഭരണങ്ങള്‍ ധരിച്ചിരുന്നതായി കാണുന്നു. കുഞ്ഞുപിറന്ന് ഇരുപത്തിയെട്ടു ദിവസമാകുന്നതോടുകൂടി അതിനെ ആഭരണമണിയിക്കാന്‍ തുടങ്ങുന്നു. എങ്കിലും അന്നപ്രാശനവേളയാണ് അതിനുള്ള പ്രധാനസന്ദര്‍ഭം. അപ്പോള്‍ ആണ്‍കുട്ടികള്‍ക്ക് പുലിനഖമോതിരവും പെണ്‍കുട്ടികള്‍ക്ക് പാലക്കാമോതിരവും അണിയിക്കാറുണ്ട്. ഇവിടെ മോതിരമെന്നു പറയുന്നത് വിരലിലണിയുന്ന അംഗുലീയമല്ല. പുലിനഖത്തിന്റെ രൂപത്തില്‍ ഇരുപത്തിയൊന്നെണ്ണവും അത്രയും മണികളും ഇടയ്ക്കിടയ്ക്ക് കോര്‍ത്തുണ്ടാക്കുന്ന ഒരുതരം സ്വര്‍ണമാലയാണ് പുലിനഖമോതിരം. പാലക്കാമോതിരവും ഏതാണ്ട് ഇതുപോലെ ഉള്ള ഒരാഭരണമാകുന്നു. ഇതില്‍ പുലിനഖത്തിനു പകരം പാലവൃക്ഷത്തിന്റെ കായാണ് മാതൃകയാക്കിയിരിക്കുന്നത്. ഭഗവതിക്കു പ്രിയങ്കരമായ പാലമരത്തിന്റെ കായയുടെ രീതി കൈക്കൊണ്ടത് ദേവിയുടെ പ്രീതിയെ ഉദ്ദേശിച്ചായിരിക്കണം, കുഴലും മോതിരവും എന്നൊരു കണ്ഠാഭരണവും പെണ്‍കിടാങ്ങള്‍ അണിഞ്ഞിരുന്നു. ബ്രാഹ്മണബാലികമാര്‍ പ്രായമാകുന്നതുവരെ ധരിച്ചിരുന്ന കണ്ഠാഭരണങ്ങളാണ് ചിലക്കാമോതിരവും തണ്ടിമോതിരവും. തണ്ടിമോതിരത്തിന്റെ കണ്ണികള്‍ക്ക് പാമ്പിന്‍പടത്തോടു സാദൃശ്യമുണ്ട്.

ജിമിക്കി

കുഞ്ഞുങ്ങളുടെ അരയിലണിയുന്ന ആഭരണമാണ് കിങ്ങിണി. ദുര്‍ദേവതകളില്‍ നിന്നുണ്ടാകുന്ന പീഡകളൊഴിക്കാന്‍ ഇതിന്റെ മണികള്‍ പ്രയോജനപ്പെടുമെന്നു സാമാന്യജനങ്ങള്‍ വിശ്വസിക്കുന്നു. പെണ്‍കുട്ടികള്‍ക്കുള്ള കിങ്ങിണിയുടെ നടുവില്‍ ഒരാലിലയും ആണ്‍കുട്ടികളുടേതിന്റെ നടുവില്‍ ഒരു മണിയും നായകമായി വയ്ക്കുകയാണ് പതിവ്. മന്ത്രമെഴുതിയ തകിട് അടക്കംചെയ്ത ഏലസ് ദുര്‍ദേവതാ ശല്യമൊഴിവാക്കാന്‍ കുഞ്ഞുങ്ങളുടെ അരയില്‍ കെട്ടാറുണ്ട്. കര്‍ണവേധം ഹിന്ദുക്കളുടെ ഒരു പ്രധാനാചാരമാകയാല്‍ കടുക്കനും തോടയും അപരിത്യാജ്യമായിത്തീര്‍ന്നു. കാതുകുത്തി ദ്വാരം വളരെ വലുതാക്കി അതില്‍ ഭംഗിയേറിയ ആഭരണങ്ങള്‍ അണിഞ്ഞിരുന്നു. കമ്മലിന്റെ ആഗമനത്തോടുകൂടി കാതില്‍ വലിയ ദ്വാരമുണ്ടാക്കുന്ന രീതി മാറി. കുഞ്ഞുങ്ങളിടുന്നത് കുടക്കടുക്കനായിരുന്നു. പുരുഷന്മാര്‍ പലമാതിരി കടുക്കന്‍ ഉപയോഗിച്ചിരുന്നു. കാലില്‍ വെള്ളിത്തള ആണ്‍കുട്ടികളും പെണ്‍കുട്ടികളും ധരിച്ചിരുന്നു.

പ്രാചീനകേരളസ്ത്രീകള്‍ ഉപയോഗിച്ചിരുന്ന തിരുക്കുപൂവ് എന്ന കേശാഭരണവും നെറ്റിപ്പട്ടമെന്ന ലലാടഭൂഷയും ഇന്ന് തീരെ വിസ്മൃതമായിത്തീര്‍ന്നിട്ടുണ്ട്. തക്ക, കാതില, തോട എന്നിവയുടെ സ്ഥാനം ഇന്ന് കമ്മലും സ്റ്റഡും കരസ്ഥമാക്കി. കാതില, അമ്പലവാസിസ്ത്രീകള്‍ ഉപയോഗിച്ചിരുന്നു. അന്തര്‍ജനങ്ങളും മറ്റും കാതില്‍ ധരിച്ചിരുന്നതാണ് ചിറ്റ്. ഏതാണ്ട് 2.5 സെ.മീ. നീളവും അതില്‍ പകുതി വ്യാസമുള്ള ഒരു വളയമത്രേ ഇത്. വിവാഹത്തിനുമുമ്പ് നമ്പൂതിരിസ്ത്രീകള്‍ മരത്തോടയും വിവാഹാനന്തരം ചിറ്റും ഉപയോഗിച്ചിരുന്നു. മൂക്കുത്തിയും പല്ലാക്കും സ്ത്രീകള്‍ ധരിച്ചിരുന്നു.

മാലയാണ് ആഭരണങ്ങളുടെ കൂട്ടത്തില്‍ പ്രാധാന്യം വഹിക്കുന്നത്. അതിന്റെ വൈവിധ്യത്തിന് കണക്കില്ല. കാശുമാല, മഹാലക്ഷ്മിമാല, നാഗപടത്താലി, കരിമണിമാല, കുഴിമിന്നുമാല, ഗോതമ്പുമാല, അടിപ്പൂമാല, സ്വസ്തികമാല, കുമിളമാല, മൂന്നിഴമണിമാല, കല്ലുവച്ചമാല, മാങ്ങാപ്പിഞ്ചു, പവന്മാല, മുല്ലമൊട്ടുമാല, കണ്ഠശരം, ശരപ്പൊളിമാല, ഇലഞ്ഞിപ്പൂമാല, നാലുപന്തി, പത്താക്ക്, പൂത്താലി, പാവയ്ക്കാക്കുരുമാല എന്നിങ്ങനെ പോകുന്നു അവയുടെ പേരുകള്‍. നെക്ലേസും അഡ്യലും പതക്കവും ഞാലിയും താലിയും ഇതിനു പുറമേയാണ്.

കര്‍ണാഭരണങ്ങളില്‍ വൈരക്കല്ലുകളോ ചുവപ്പുകല്ലുകളോ പതിച്ച കമ്മലുകളും ജിമിക്കിയും വളയവും സര്‍വസാധാരണമാണ്. അടുത്തകാലത്ത് അവയ്ക്കുണ്ടായിവരുന്ന പരിവര്‍ത്തനം വിസ്മയാവഹമാകുന്നു. നെറ്റിപ്പൂവും നെറ്റിച്ചുട്ടിയും വധുവിന്റെ ആഭരണശ്രേണിയില്‍പ്പെടുന്നു.

പണ്ടത്തെ മാതൃകയിലുള്ള കാപ്പ് ഇന്ന് പ്രചാലത്തിലില്ല. അതിന്റെ സ്ഥാനത്ത് പലതരം വളകള്‍ വന്നുചേര്‍ന്നിട്ടുണ്ട്. മുടുക്, മുത്തുവള, മുറുക്കുവള, അടുക്കുവള, ദശാവതാരവള, ഝാന്‍സിറാണിവള, തരിവള, കടകവള, കരിമൊട്ട് എന്നിങ്ങനെ പല തരത്തിലുണ്ട്. കൈമുട്ടുവരെ വളയണിയുന്ന സ്ത്രീകള്‍ അപൂര്‍വമല്ല. ഒരു കൈയില്‍ വളകളും മറ്റേ കൈയില്‍ വാച്ചും ധരിക്കുന്ന രീതിയാണ് സര്‍വസാധാരണം. ഒഡ്യാണവും അരഞ്ഞാണവും ഇവിടെ സ്മരിക്കേണ്ടതാണ്.

മുസ്ലിങ്ങള്‍. മുസ്ലിങ്ങളും ക്രിസ്ത്യാനികളും പലതരം ആഭരണങ്ങള്‍ ധരിക്കുന്നു. ചക്കരമാല, ഗോതമ്പത്തരമാല, മുല്ലപ്പൂമാല, അഷ്ടിക, ചപിടി, കാറ, ചങ്കേലസ്, മൂന്നു പതപ്പോന്‍, നെറ്റിപ്പട്ടം, ചിറ്റ്, പറച്ചിറ്റ്, അലിക്കുത്ത്, കുമ്മത്ത്, മിന്നി, മണിക്കാതില്ല, അരഞ്ഞാണം, വള, കുറിവള, അഞ്ചോ ആറോ നേരിയ വളകള്‍ ഘടിപ്പിച്ച വീതിയേറിയ ഒറ്റവള, മോതിരം, മക്കത്തെ മാല മുതലായവ മലബാര്‍ മുസ്ലിങ്ങള്‍ ഇഷ്ടപ്പെട്ടിരുന്നു. പെണ്‍കുട്ടികള്‍ കാലില്‍ പാദസരങ്ങളോ തണ്ടകളോ അണിഞ്ഞുപോന്നു.

തെക്കന്‍ മുസ്ലിങ്ങളുടെ ആഭരണങ്ങള്‍ ഇതില്‍നിന്നു ഭിന്നമാണ്. കുറുക്കത്തിങ്ങട്ട്, നേലം വച്ച ഉക്കെട്ട്, ഏലമിറക്കിയ നാലടുക്ക്, വലിയകോര്‍മ്പല്, ഏഴു ചിറകുവച്ച ചക്കരമാല മുതലായവ അമ്പതുകൊല്ലം മുമ്പുവരെ മണവാട്ടിമാരണിഞ്ഞിരുന്നു. കാശുമാല, മുല്ലപ്പൂമാല, അവില്‍മാല, എരിക്കിലമാല തുടങ്ങിയവയും അന്ന് നടപ്പിലിരുന്നു. കരളേലസ്, പതക്കമാല, പത്താക്ക് എന്നിങ്ങനെ മറ്റനേകം മാലകളും അന്നുണ്ടായിരുന്നു. മുസ്ലിം സ്ത്രീകള്‍ കഴുത്തിലും അരയിലും ഒരുപോലെ അണിഞ്ഞുപോന്നിരുന്ന ഒരാഭരണമാണ് ഉറുക്കും മണിയും. കാതിന്റെ കീഴറ്റം മുതല്‍ മേലറ്റത്തോളം പത്തുമുതല്‍ പതിനാലുവരെ തുളകളിട്ടു ആഭരണങ്ങളണിഞ്ഞിരുന്നു. അലിക്കത്തും അരിശലയും പഴമയുടെയും വാര്‍ധക്യത്തിന്റെയും പ്രതീകങ്ങളായിത്തീര്‍ന്നിട്ടുണ്ട്. കുമ്മത്ത് എന്ന വലിയതരം ജിമിക്കികള്‍ പ്രായമായ മുസ്ലിം സ്ത്രീകള്‍ ധരിക്കുന്നു. 'കൊമ്പന്‍ താങ്ങി'യും 'വായ്മുറുക്കി'യും ഇന്നു പ്രചാരത്തിലില്ല.

മറ്റു കര്‍ണാഭരണങ്ങള്‍ പലതും ക്രമേണ മറഞ്ഞുവരുന്നു. കൈത്തണ്ടയില്‍ മുടുക്, കടകന്‍, പിരിവള, ഒറ്റവള, പോഞ്ചിങ്ങാത്ത്, അരിങ്ങാത്ത്, മുള്ളന്‍വള ഇവയെല്ലാം പുതിയ വളകള്‍ക്ക് സ്ഥാനമൊഴിഞ്ഞുകൊടുത്തിരിക്കുന്നു. പലതരം അരഞ്ഞാണങ്ങള്‍ നടപ്പിലിരുന്നു. പാദസരങ്ങളും വൈവിധ്യമുള്ളവയാണ്. നെറ്റിച്ചുട്ടിയും മുടിപ്പൂവും ഇന്നും മണവാട്ടിമാര്‍ ധരിക്കുന്നു. മൂക്കുത്തി നിഷിദ്ധമാണ്. പുരുഷന്മാര്‍ മിശ്രലോഹനിര്‍മിതമായ മോതിരം മാത്രം അണിഞ്ഞിരുന്നു.

മേയ്ക്കാമോതിരം

ക്രൈസ്തവര്‍. ക്രിസ്ത്യാനികള്‍ക്ക് ഏറ്റവും പവിത്രവും പ്രധാനവുമായ കണ്ഠാഭരണം കൊന്തയാണ്. കല്യാണപ്പെണ്ണിന് ചാര്‍ത്തുന്നതിനാണ് കൊന്ത ഉപയോഗിക്കുന്നത്. സുറിയാനിക്രിസ്ത്യാനികള്‍ കൊന്തയുടെ അറ്റത്ത് യേശുക്രിസ്തുവിന്റെയോ കന്യാമറിയത്തിന്റെയോ രൂപങ്ങള്‍ കൊത്തിയ കുരിശുകളാണ് ഞാത്തുക. യാക്കോബായക്കാര്‍ രൂപങ്ങളൊന്നും കൊത്താത്ത സാധാരണ കുരിശുകള്‍ ഉപയോഗിക്കുന്നു. മൂന്നുനാലു ചുറ്റല്‍ പുളിങ്ങയുടെ ആകൃതിയില്‍ നിര്‍മിച്ച പുളിങ്ങാമാലകള്‍ ഒരു കാലത്ത് ക്രിസ്ത്യന്‍ മണവാട്ടിക്ക് അപരിത്യാജ്യമായിരുന്നു. കാശുമാല, കാശുകോര്‍മ്പല്, രാശിക്കൂട്ടം, പത്താക്കുകോര്‍മ്പല്, പടികെട്ടിയമാല മുതലായവ പ്രചാരലുപ്തമായി. അഡ്യല്‍, പത്തുമുത്തുകള്‍ കോര്‍ത്ത കൊന്ത, അടയാളമാല, മുല്ലമൊട്ടുമാല, കുരിശുകൊത്തിയ താലി, ഒറ്റമൂലി, ഉപ്പത്തങ്ങ, കുരിശുമാല (വധൂവരന്മാര്‍ക്ക്), മേയ്ക്കാമോതിരം അഥവാ കുണുക്ക് മുതലായവ ക്രിസ്ത്യാനികളുടെ ആഭരണങ്ങളാണ്. മൊരശും തൊടലും യാക്കോബായക്കാരുടെ പ്രത്യേക കര്‍ണാഭരണമാകുന്നു. കട്ടിക്കാപ്പ്, തരിവള, ചെത്തുവള, പാമ്പുരൂപം കൊത്തിയവള ഇതെല്ലാം ഇന്നു കാണ്മാനില്ല. വെള്ളി അരഞ്ഞാണം ക്രിസ്ത്യാനി സ്ത്രീകള്‍ മുമ്പുപയോഗിച്ചിരുന്നതായി കാണുന്നു.

രീതിവൈചിത്ര്യങ്ങള്‍

അന്തര്‍ജനങ്ങളുടെ ചെറുതാലി മനോഹരമായ ഒരു ഭൂഷണമാണ്. ഓരോ സമുദായവും ഓരോ തരം താലിയാണുപയോഗിച്ചിരുന്നത്. വാരിയസ്ത്രീകളുടെ താലിയെ മാത്രയെന്നു പറഞ്ഞിരുന്നു. കല്ലുപതിച്ചതും വീതിയും നീളവുമുള്ള ഒരുതരം താലിയായിരുന്നു നായര്‍ സ്ത്രീകള്‍ ഉപയോഗിച്ചിരുന്നത്. പൂവിന്റെ രൂപത്തിലുള്ള പൂത്താലിക്ക് വളരെ പഴക്കം കാണുന്നു. കാശാലി, മണിഹാരം, പൂത്താലി, കുഴല്‍ഹാരം എന്നിവ വിവാഹിതരായ അന്തര്‍ജനങ്ങള്‍ ധരിക്കുന്നു. അവരുടെ വിവാഹത്തിന് മോതിരം മാറല്‍ ഇല്ല. ഉരുളന്‍ മോതിരവും കെട്ടുള്ള മോതിരവും അവര്‍ ധരിക്കാറുണ്ട്. വിധവകള്‍ ആഭരണങ്ങളേ ധരിക്കാറില്ല.

ഭാരതത്തില്‍ത്തന്നെ ആഭരണങ്ങളുടെ കൂട്ടത്തില്‍ മോതിരത്തിന് അമിതമായ പ്രാധാന്യമുണ്ട്. വാല്മീകിയും കാളിദാസനും മോതിരത്തിന് നല്ലൊരുസ്ഥാനം നല്കിയിരിക്കുന്നു. രാജാധികാര മുദ്രയും പ്രേമമുദ്രയും ഇതുതന്നെ. തഞ്ചാവിരി, പവിത്രം, ഒഴുക്കന്‍, മുതിരപ്പുറം, ഈര്‍ക്കിലൊടിയന്‍, രൂപംകൊത്തിയത്, കല്ലുവച്ചത്, പേരുകൊത്തിയത് എന്നിങ്ങനെ കേരളത്തില്‍ മോതിരം പലതരത്തിലുണ്ട്. ഇതില്‍ ഇപ്പോള്‍ കടന്നുകൂടിയിട്ടുള്ള നവീനതകള്‍ക്കും കണക്കില്ല.

അരയില്‍ക്കെട്ടുന്ന ചരട് എന്നര്‍ഥത്തില്‍ വന്ന അരൈഞ്ഞാണ്‍, അരഞ്ഞാണമായിത്തീര്‍ന്നു. അല്പം പരന്ന പടിയരഞ്ഞാണമോ കച്ചപ്പുറമോ സ്ത്രീകള്‍ ധരിച്ചിരുന്നു. പില്ക്കാലത്ത് അതിന്റെ സ്ഥാനത്താണ് ഒഡ്യാണം വന്നുചേര്‍ന്നത്. എങ്കിലും അരഞ്ഞാണത്തിന്റെ പ്രചാരത്തിന് കുറവുവന്നിട്ടില്ല. പ്രഭുക്കന്മാര്‍ അവരുടെ പ്രാഭവചിഹ്നമായി സ്വര്‍ണ-അരഞ്ഞാണവും ഏലസ്സും ഉപയോഗിച്ചിരുന്നു. പുരുഷന്മാര്‍ താരതമ്യേന വളരെക്കുറച്ച് ആഭരണങ്ങളേ ധരിച്ചിരുന്നുള്ളൂ. ആരോമല്‍ച്ചേകവര്‍ യുദ്ധത്തിനു പോകുമ്പോള്‍ ഭൂഷണങ്ങളണിഞ്ഞിരുന്നുവെന്ന് വടക്കന്‍പാട്ടുകളും ഇരവിക്കുട്ടിപ്പിള്ള തിരുമല നായ്ക്കരുമായി പോരാടാന്‍ പോയത് ആഭരണഭൂഷിതനായിട്ടായിരുന്നെന്നും കണിയാങ്കുളംപോരും പറയുന്നു. കടുക്കന്‍, വീരശൃംഖല, കടകം, തോള്‍വള, അരഞ്ഞാണം, മോതിരം എന്നിവയാണ് പുരുഷന്മാരുടെ ആഭരണങ്ങള്‍. തോട്ടിക്കടുക്കന്‍, രുദ്രാക്ഷക്കടുക്കന്‍ എന്നിങ്ങനെ പലതരം കര്‍ണാഭരണങ്ങളുണ്ടായിരുന്നു. രാജസമ്മാനമായി ലഭിച്ചിരുന്ന അട്ടത്തോടന്‍ വീരശൃംഖല അമൂല്യമായി കരുതപ്പെട്ടുപോന്നു. ദേവന്മാരുടെയും ദേവിമാരുടെയും രൂപംകൊത്തിയ മോതിരം ഒരുകാലത്ത് പുരുഷന്മാര്‍ വളരെ ഇഷ്ടപ്പെട്ടിരുന്നു. കണികാണാനും മുഖപ്രക്ഷാളനാവസരത്തില്‍ സ്വര്‍ണസ്പര്‍ശമുണ്ടാകാനും അത്തരം അംഗുലീയങ്ങള്‍ പ്രയോജകീഭവിച്ചിരുന്നു. പ്രായമേറിയ സ്ത്രീകളും പുരുഷന്മാരും മണികെട്ടിയ തുളസിമാലയോ രുദ്രാക്ഷമാലയോ ആണ് ധരിച്ചിരുന്നത്.

ചില പാരമ്പര്യങ്ങള്‍

സാധാരണ കടുക്കനും തോട്ടിക്കടുക്കനും ഇടുക, സ്ഥാനികളും അവരുടെ ഭാര്യമാരും മറ്റു സ്ത്രീകളും ഒരു കൈക്കോ രണ്ടു കൈക്കോ വിരുതും വീരചങ്ങലയും ധരിക്കുക, സ്ത്രീകള്‍ കാലില്‍ തളയിടുക, അരയില്‍ പൊന്നേലസ്സു കെട്ടുക എന്നിവ തീട്ടൂരപ്രകാരം ലഭിച്ചുവന്ന അവകാശങ്ങളായിരുന്നുവെന്ന് കെ.പി. പദ്മനാഭമേനോന്‍ എഴുതിയിരിക്കുന്നു. ഏതത്സംബന്ധമായ തീട്ടൂരം താഴെ ചേര്‍ക്കുന്നു:

'അരുളിച്ചെയ്ക നമ്മുടെ കുന്നത്തുള്ളി ഈഴുവന്‍ കൃഷ്ണന് എന്നാല്‍ ഏനാമാക്കന്‍ പ്രവൃത്തിയില്‍ മങ്ങാട്ടുകരൈ തെക്കേമുറിയില്‍ ഉള്ള ഈഴുവന്‍ തണ്ടാനായിട്ടും ആ മുറിയിലും വടക്കേമുറി, കാരമുക്ക്, പൊണല്ലൂര്, ചെറയം ഈ ദേശങ്ങളിലുള്ള ഈഴുവരുടെ ആജായ്മസ്ഥാനത്തിനും നിന്നെ കല്പിച്ചാക്കിയിരിക്കകൊണ്ട് തെക്കേ മുറി ദേശത്തുള്ള ഈഴുവരുടെ മേല്‍ വാഴ്ചക്കടുത്ത് കീഴ്വാഴിച്ച സ്ഥാനങ്ങളും മേലെഴുതിയ ദേശങ്ങളിലുള്ള ആജായ്മ സ്ഥാനവും പണിക്കസ്ഥാനവും കീഴുനാളില്‍ നിന്റെ കുടിയില്‍നിന്നും നടത്തി അനുഭവിച്ചുവന്നിരുന്ന പ്രകാരം ഒക്കെയും നടത്തി തണ്ടായ്മ സ്ഥാനത്തിനടുത്ത ആജായ്മ സ്ഥാനത്തിനും ഉള്ള അവകാശങ്ങളും പറ്റി അനുഭവിച്ചുകൊള്ളത്തക്കവണ്ണവും നിയ്യ് രണ്ടു കൈയ്ക്കു വീരചങ്ങലയും വിരുതും തോട്ടിക്കടുക്കനും പൊന്നിന്‍കാവു വാളും പൊന്നെഴുത്താണിയും പീച്ചാങ്കത്തിയും പൊന്നുകെട്ടിയ വടിയും പുലിത്തോല്‍ പരിചയും നെടിയ കുടയും ചങ്ങലവെട്ടയും കുത്തുവിളക്കും ദീവട്ടിപ്പന്തക്കുഴയും ആലവട്ടവും പട്ടുകുടയും കൊണ്ടുനടക്കയും തടയും കുരവയും കൊടിയും വെടിയും വാദ്യവും വീണ്ടുവാദ്യവും പകല്‍വിളക്കും പാവാടയും ആയിക്കൊള്ളുകയും പടിപ്പുരയും കുളപ്പുരയും വയ്ക്കയും നിന്റെ പുരയ്ക്കലുള്ള ഈഴുവത്തികളും മക്കളും വളയും തളയും പൊന്നേലസ്സും ഇടുകയും വീരവാളിപ്പട്ടുടുക്കുകയും വെയില്‍ക്കൊട പിടിക്കുകയും കല്യാണങ്ങള്‍ക്കു കുറ്റിത്തട്ടിട്ട് ആദിത്യനെ തൊഴുകയും മേല്‍പ്രകാരമുള്ള വെടിവാദ്യങ്ങളോടുകൂടി കഴിക്കയും നിന്റെ പുരയ്ക്കലും കുടികളിലും ബോധിച്ച ഈഴുവത്തിയെയും മണ്ണാനെയും വച്ചു നടത്തിക്കലും പുലകുളിക്കു വെടിവാദ്യങ്ങളോടുകൂടി പോയി കണ്ടശ്ശാംകടവില്‍ പിണ്ണമിട്ടു മുഴുകുകയും ആലുക്കല്‍ പറമ്പില്‍ കുടകുത്തുകയും നിന്റെ കളരിക്കല്‍ കീഴുനാളില്‍ നടന്നുവന്നിരുന്നതിന്‍വണ്ണം അടിയന്തിരങ്ങള്‍ നടത്തുകയും എടത്ത്രക്കാവില്‍ വേലയ്ക്കും താലപ്പൊലിക്കും മേല്‍പ്രകാരമുള്ള പദവികളോടുകൂടി പോയി കീഴ്മര്യാദപ്രകാരം നടത്തുകയും ചെയ്തുകൊള്ളത്തക്കവണ്ണവും ഇതിന് ആണ്ടുകാഴ്ച കല്പിച്ചു പുത്തന്‍ 64 ആണ്ടുതോറും ഏനാമാക്കന്‍ പ്രവൃത്തിയില്‍ ഒടുക്കി നടന്നുകൊള്ളുമാറും കല്പിച്ചു നാം തീട്ടൂര തന്നു.'

തിരുവിതാംകൂര്‍ മഹാറാണി ലക്ഷ്മീഭായി (1810-14)യുടെ ഒരു നീട്ടു നോക്കുക:

'കൊടുത്തുട്ട സാധനവും വായിച്ചുകേട്ടവസ്ഥയും അറിഞ്ഞു. ശൂദ്രജാതിയിലും ഈഴവരു ചാന്നാന്‍ മരയ്ക്കാന്മാര്‍ ഉള്‍പ്പെട്ട ജാതിയിലും ഒള്ള പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പൊന്നുകൊണ്ടും വെള്ളികൊണ്ടും ഓരോ ആഭരണങ്ങള്‍ ഉണ്ടാക്കി ഇടേണമെന്നു മനസ്സു ഒണ്ടായാല്‍ മുടുകു, വീരചങ്ങല, പൊന്നുതക്ക, ഈഴവരു മുതലായ പേര്‍ക്കു കടുക്കന്‍ മുതലായിട്ടു പലവകയ്ക്കു....ജാതി മര്യാദപോലെ അടിയറവും തീര്‍പ്പിച്ചുകൊടുത്തു വന്നിരിക്കുന്നതിന് ഇപ്പോള്‍ അടിയറ കൂടാതെയും പണ്ടാരവകയില്‍ ബോധിപ്പിക്കാതെയും അവരവരിടെ മനസ്സില്‍ പ്രകാരം ഒണ്ടാക്കി...യിട്ടുകൊള്ളത്തക്കവണ്ണം നിദാനം വരുത്തേണ്ടതിനു നാം പറഞ്ഞിതിന് മണ്ണം മണ്ടപത്തും വാതിലുകളിലും ഢാണാവുകോട്ട ഉള്‍പ്പെട്ട സ്ഥലങ്ങളിലും...എഴുതിക്കെട്ടിച്ചു വിളംബരം എണ്‍പതും കൊടുത്തയച്ചിരിക്കുന്ന അവസ്ഥകൊണ്ടും എല്ലൊ എഴുതിവന്നതിലാകുന്നു അതിന് മണ്ണം തന്നെ വിളംബരം എണ്‍പതിനും എഴുത്തിട്ടു ഇതിനെ...കൊണ്ടു എല്ലാ സ്ഥലങ്ങളിലും കൊടുത്തയച്ചു പ്രസിദ്ധപ്പെടുത്തി അപ്രകാരം നടക്കാന്‍ തക്കവണ്ണം നിദാനം വരുത്തിക്കൊള്ളുകയും വേണം...ഇക്കാര്യം ചൊല്ലി 993-ാമാണ്ടു മേടമാസം 19-ന് ദിവാന്‍ ജനാര്‍ദനരായര്‍ വെങ്കിടരായര്‍ക്കു നീട്ടു, എഴുതിവിട്ടു എന്നു തിരുവുള്ളമായ നീട്ടു'.

മേല്‍ക്കാണിച്ച ആഭരണങ്ങളില്‍ പലതും ഇന്ന് പ്രചാരലുപ്തമായിരിക്കയാണ്. ചിലവ രൂപം മാറിവന്നിട്ടുമുണ്ട്. കാലഗതിയില്‍ വരുന്ന പരിവര്‍ത്തനം ആഭരണങ്ങളെയും ബാധിക്കാതെ തരമില്ല. പാരമ്പര്യസിദ്ധമായ ചില വാസനകളെ പുലിയന്‍ മോതിരം മുതലായവയും ഈശ്വരപരമായ മനോഭാവത്തെ രൂപംകൊത്തിയ വള മുതലായവയും വൃക്ഷലതാദികളോടുള്ള ആദരാതിശയം പാലക്കാമോതിരം മുതലായവയും മന്ത്രശാസ്ത്രങ്ങളിലും മറ്റുമുള്ള പ്രതിപത്തി ഏലസ്സു മുതലായവയും പുരാണങ്ങളോടുള്ള താത്പര്യം ദശാവതാരമാല ആദിയായവയും ദ്യോതിപ്പിക്കുന്നു.

ഉത്സവങ്ങളും ആഘോഷങ്ങളും

ദക്ഷിണഭാരതത്തിലെ ആരാധനാലയങ്ങളുടെ കൂട്ടത്തില്‍ പഴക്കവും പ്രാധാന്യവും കൂടുതലുള്ളത് ക്ഷേത്രങ്ങള്‍ക്കാണ്. ഓരോ ഗ്രാമത്തിലും ഓരോ ക്ഷേത്രം വീതമുണ്ടായിരുന്നു. അതായിരുന്നു അവിടത്തെ ജനങ്ങളുടെ സംസ്കാരകേന്ദ്രവും. ഈ സ്ഥാപനങ്ങളുടെ ആദിമരൂപം നിശ്ശേഷം മാറിപ്പോയിരിക്കുന്നു. കാലാന്തരത്തില്‍ ഉപദേവാലയങ്ങളും ഗോപുരങ്ങളും മറ്റുംകൊണ്ട് അവയുടെ ആകൃതിക്കും പ്രകൃതിക്കും വമ്പിച്ച മാറ്റം വന്നിട്ടുണ്ട്. രാജേന്ദ്രചോഴന്‍ ഒന്നാമന്റെ (1010-45) ഒരു ശാസനത്തില്‍ ഒരു ക്ഷേത്രത്തിലെ ചടങ്ങുകളെയും ജീവനക്കാരെയും പറ്റി വിശദമായി പ്രസ്താവിച്ചിട്ടുണ്ട്. മാതൃകാപരമായ ചിട്ടയും അന്തസ്സും കേരളക്ഷേത്രങ്ങള്‍ ഏതാനും നൂറ്റാണ്ടുമുമ്പുവരെ നിലനിര്‍ത്തിയിരുന്നു.

ആര്യന്മാരുടെ വരവ്

കേരളത്തില്‍ പ്രസിദ്ധക്ഷേത്രങ്ങള്‍ പലതും ഒമ്പതാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ടവയാണെന്നു കാണുന്നു. ഏഴും എട്ടും നൂറ്റാണ്ടുകളില്‍ ഇവിടെ കുടിയേറിയ ആര്യന്മാര്‍ ഇവിടത്തെ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനത നവീനരീതിയിലുള്ള ക്ഷേത്രങ്ങളുടെ ആവിര്‍ഭാവത്തിന് കാരണമായിത്തീര്‍ന്നു. അതേവരെ ഇവിടെയുണ്ടായിരുന്ന കാവുകളും മറ്റും ക്രമേണ ക്ഷേത്രങ്ങളായി മാറി. മൂന്നുനാലു ശതവര്‍ഷക്കാലം കേരളത്തില്‍ പ്രബലമായിരുന്ന ബൌദ്ധ-ജൈനമതങ്ങള്‍ അപ്പോഴേക്കും ശക്തിഹീനങ്ങളായിത്തീര്‍ന്നു. സംഘാരാമങ്ങളും ജൈനദേവാലയങ്ങളും ഹൈന്ദവക്ഷേത്രങ്ങളായി പരിവര്‍ത്തനം ചെയ്യപ്പെട്ടു. ബുദ്ധമതത്തിലെ പ്രജ്ഞാപാരമിതയും ജൈനധര്‍മത്തിലെ പദ്മാവതീദേവിയും നമ്മുടെ ഭഗവതികളായി പരിണമിച്ചു. ഇന്നും വിദേശത്തിലെ ബൌദ്ധ സ്ഥാപനങ്ങളില്‍ നടന്നുപോരുന്ന അന്നംകെട്ട്, കുതിരകെട്ട് മുതലായവ അങ്ങനെ ദേവീക്ഷേത്രങ്ങളില്‍ നടപ്പായി. മാവേലിക്കര ചെട്ടിക്കുളങ്ങരയിലെ കുതിരകെട്ട് ബൌദ്ധമതാചാരത്തിന്റെ അവശിഷ്ടമാണ്. ശങ്കരാചാര്യരുടെ കാലത്തോടെ ആവിര്‍ഭവിച്ചതാണ് ആധുനികരീതിയിലുള്ള കേരളക്ഷേത്രങ്ങള്‍.

സാമൂഹിക ജീവിതകേന്ദ്രങ്ങള്‍

ക്ഷേത്രങ്ങള്‍ സാമൂഹികജീവിതത്തിന്റെ സങ്കേതമായിത്തീര്‍ന്നതോടൊപ്പം സാമ്പത്തിക സംവിധാനത്തിന്റെ സിരാകേന്ദ്രവും ആയി. ഗ്രാമങ്ങളും നഗരങ്ങളും സംസ്ഥാനങ്ങളും അവയെ കേന്ദ്രമാക്കി അഭിവൃദ്ധി നേടി. അനിഴംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ രാജാവിന്റെ തൃപ്പടിദാനംമൂലം മുന്‍ തിരുവിതാംകൂര്‍ അധിപന്മാര്‍ തന്നെ ശ്രീപദ്മനാഭ ദാസന്മാരായിത്തീര്‍ന്നു. ശുചീന്ദ്രം, തിരുവട്ടാര്‍, പാര്‍ഥിവശേഖരപുരം, കാന്തളൂര്‍, തിരുവനന്തപുരം, കൊല്ലം, കണ്ടിയൂര്‍, തിരുവന്‍വണ്ടൂര്‍, തിരുവല്ല, പെരുന്ന, തൃക്കൊടിത്താനം, തൃക്കാക്കര, മൂഴിക്കളം, തൃശ്ശിവപേരൂര്‍, ഇരിങ്ങാലക്കുട, ശുകപുരം, തിരുനെല്ലി, തളിപ്പറമ്പ് എന്നീ സ്ഥലങ്ങളുടെ പ്രശസ്തിക്കും പുരോഗതിക്കും നിദാനം അവിടത്തെ ക്ഷേത്രങ്ങളാണ്. ക്ഷേത്രങ്ങളുടെ ഭരണം കാര്യക്ഷമമാക്കുന്നതിനുവേണ്ടി രാജാക്കന്മാര്‍ മുതല്‍ സാധാരണക്കാര്‍ വരെയുള്ളവര്‍ മുക്തഹസ്തം ദാനങ്ങള്‍ ചെയ്യാന്‍ മടിച്ചിരുന്നില്ല.

ക്ഷേത്രങ്ങളുടെ പ്രാബല്യവും ആകര്‍ഷകത്വവും വര്‍ധിപ്പിക്കുന്നതിനുവേണ്ടി അവയുടെ ചടങ്ങുകളില്‍ പല പുതുമകളും നടപ്പിലാക്കി. അന്നത്തെ ക്ഷേത്രാധികാരികള്‍ നിത്യനിദാനം, മാസവിശേഷം, വാര്‍ഷികോത്സവം എന്നിവയെല്ലാം ജനഹൃദയങ്ങളെ കവരുന്ന മട്ടില്‍ സംവിധാനം ചെയ്തു. അവയ്ക്ക് അടിസ്ഥാനമെന്നു തോന്നത്തക്കവിധത്തില്‍ സ്ഥലപുരാണങ്ങളും, ഐതിഹ്യങ്ങളും രൂപപ്പെടുത്തി. ഇവയില്‍ പലതിനും പഴക്കം കുറവാണ്. ഏതിനെയും ഈശ്വരനോടു ഘടിപ്പിക്കുമ്പോള്‍ സാമാന്യജനങ്ങള്‍ക്ക് വിശ്വാസം പെരുകും. സമുദായത്തിന്റെ വീരാരാധനാപ്രവണതയും ഗുരുജനാദരവും അവരെ ക്ഷേത്രങ്ങളുമായി കൂടുതല്‍ അടുപ്പിക്കാന്‍ ഇടവരുത്തി.

കേരളീയക്ഷേത്രങ്ങളെല്ലാംതന്നെ അതതുപ്രദേശത്തെ പ്രധാനികളുടെ മേല്‍നോട്ടത്തിലാണ് നിലനിന്നുവന്നത്. അവയുടെ ചെലവിനു വേണ്ടതെല്ലാം പൊതുജനങ്ങള്‍ നിര്‍ലോഭം ദാനം ചെയ്ത വസ്തുത ഇന്നും അവിടവിടെ ശേഷിച്ചിട്ടുള്ള പുരാതനരേഖകള്‍ വ്യക്തമാക്കുന്നു. നാട്ടുപ്രമാണികളായ ഊരാണ്മക്കാരും അവരുടെ ആജ്ഞയ്ക്കു വിധേയരാകുന്ന കാരാണ്മക്കാരും കൂടി ക്ഷേത്രകാര്യങ്ങള്‍ നടത്തിപോന്നു. ഊരാണ്മക്കാര്‍ക്ക്-ക്ഷേത്രയോഗക്കാര്‍ക്ക്-ക്ഷേത്രം വക സ്വത്തുക്കളില്‍ പരിപൂര്‍ണാധികാരമുണ്ടായിരുന്നു. മേല്‍ക്കോയ്മയായ രാജാവിനെപ്പോലും കുറ്റം കണ്ടാല്‍ ശിക്ഷിക്കാന്‍ അവര്‍ മടിച്ചിരുന്നില്ല. വിദ്യാവിതരണത്തിനും കലാപോഷണത്തിനും ക്ഷേത്രാധികൃതര്‍ വേണ്ട വ്യവസ്ഥ ചെയ്തിരുന്നു. പ്രധാനക്ഷേത്രങ്ങളോടനുബന്ധിച്ച് ശാലകള്‍ സ്ഥാപിച്ചിട്ട് സൌജന്യമായി വിദ്യാഭ്യാസം നല്കിവന്നിരുന്നതായി രേഖകള്‍ തെളിയിക്കുന്നു. തിരുവല്ല, കന്യാകുമാരി, കാന്തളൂര്‍ മുതലായ ക്ഷേത്രങ്ങളില്‍ അനേകശതം ഛാത്രന്മാര്‍ക്ക് വിദ്യാദാനവും അന്നദാനവും നല്കിവന്നിരുന്നു. കാന്തളൂര്‍ മാതൃകയില്‍ ആയ് രാജാവായ കോക്കരുനന്തടക്കന്‍ കൊല്ലവര്‍ഷാരംഭത്തില്‍ പാര്‍ഥിവശേഖരപുരത്ത് ഒരു വലിയ 'ശാല' സ്ഥാപിച്ച വിവരം ഹജൂര്‍ ചെപ്പേടുകള്‍ പ്രസ്താവിക്കുന്നു.

ഉത്സവങ്ങള്‍
അത്തപ്പൂക്കളം
തൃശൂര്‍ പൂരം

ക്ഷേത്രസംബന്ധിയും അല്ലാത്തവയുമായ അനവധി ഉത്സവങ്ങളും വിശേഷദിവസങ്ങളും ഇവിടെയുണ്ട്. വിനായകചതുര്‍ഥി, തിരുവോണം, അഷ്ടമിരോഹിണി, നവരാത്രി, ദീപാവലി, അഷ്ടമി, തൃക്കാര്‍ത്തിക, തിരുവാതിര, മണ്ഡലപൂജ, മകരവിളക്ക്, തൈപ്പൂയം, ശിവരാത്രി, കുംഭഭരണി, മീനഭരണി, ശ്രീരാമനവമി, പത്താമുദയം, പൂരക്കളി, ഓച്ചിറക്കളി, സഹസ്രകലശം, താലപ്പൊലി, സര്‍പ്പപ്പാട്ട്, കളമെഴുത്തും പാട്ടും, തിറ, തൃക്കലശാട്ടം, കൊങ്ങന്‍പട എന്നിങ്ങനെ കേരളീയര്‍ ആഘോഷിച്ചുവരുന്ന ഉത്സവങ്ങളും വിശേഷങ്ങളും അനവധിയാണ്. ഉത്സവച്ചടങ്ങുകള്‍ക്കോ അതിനോടനുബന്ധിച്ചു നടത്താറുള്ള സാംസ്കാരിക പരിപാടികള്‍ക്കോ ഐകരൂപ്യമൊന്നും കാണാറില്ല. പൂജാവിധികള്‍ക്കും ക്ഷേത്രനിര്‍മാണരീതികള്‍ക്കും തെക്കും വടക്കും തമ്മില്‍ വളരെ വ്യത്യാസവും കാണ്മാനുണ്ട്. ഇന്ന് കന്യാകുമാരി ജില്ലയായി തമിഴ്നാട്ടില്‍ ലയിച്ചിരിക്കുന്ന തെക്കന്‍ താലൂക്കുകളിലെ ക്ഷേത്രങ്ങളെ സംബന്ധിച്ചിടത്തോളം പല കാര്യങ്ങളിലും ഈ വ്യത്യാസം സ്പഷ്ടമാണ്. വൃശ്ചികം മുതല്‍ മേടം വരെയുള്ള ആറുമാസക്കാലമാണ് തന്ത്രസമുച്ചയപ്രകാരം ഉത്സവത്തിനുത്തമം. ഉത്സവച്ചടങ്ങുകളില്‍ ചിലവ നമ്മുടെ സമരപാരമ്പര്യത്തിന്റെ ദ്യോതകമാണ്. ഓച്ചിറക്കളിയും വേലകളിയും കൊങ്ങന്‍പടയും ഇതുതന്നെയാണ് സൂചിപ്പിക്കുന്നത്. ക്ഷേത്രോത്സവങ്ങളില്‍ സര്‍വപ്രധാനമായിട്ടുള്ള എഴുന്നള്ളിപ്പ് അത്യന്തം ആകര്‍ഷകമാണ്. കൊടിയേറ്റും പള്ളിവേട്ടയും ആറാട്ടും ഉത്സവദിവസങ്ങളില്‍ മുഖ്യമാണ്. ചില ക്ഷേത്രങ്ങളില്‍ വര്‍ഷന്തോറും രണ്ടും മൂന്നും ഉത്സവം പതിവുണ്ട്. തിരുവനന്തപുരത്തും തിരുവട്ടാറ്റും തുലാമാസത്തിലും മീനമാസത്തിലും ഉത്സവമുണ്ട്; ഹരിപ്പാട്ട് ചിങ്ങം-ധനു-മേടമാസങ്ങളിലും. വടക്കന്‍ കേരളത്തില്‍ മകരം മുതല്‍ മേടം വരെ തെയ്യം ഉള്‍പ്പെടെയുള്ള അനുഷ്ഠാനകലകളോടെ ക്ഷോത്രോത്സവങ്ങള്‍ ആഘോഷിക്കപ്പെടുന്നു.

തിരുവനന്തപുരത്തെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ മുന്‍പറഞ്ഞ രണ്ട് ഉത്സവത്തിനു പുറമേ ധനുമാസത്തിലും മിഥുനമാസത്തിലും ഭദ്രദീപവും തുടര്‍ന്ന് മകരശീവേലിയും കര്‍ക്കടകശീവേലിയും നടത്തിവരുന്നുണ്ട്. ആറു വര്‍ഷത്തിലൊരിക്കല്‍ വൃശ്ചികം-ധനു മാസങ്ങളിലായി മുറജപവും നടത്തുന്നു. ലക്ഷദീപമഹോത്സവത്തോടെയാണ് മുറജപം അവസാനിക്കുന്നത്.

തൃശൂര്‍പ്പൂരം കേരളത്തിലെ ഉത്സവങ്ങളുടെ കൂട്ടത്തില്‍ പ്രമുഖസ്ഥാനം വഹിക്കുന്നു. തൃശൂര്‍പ്പൂരത്തിന് പ്രധാന പങ്കുവഹിക്കുന്നത് പാറമേക്കാവ്-തിരുവാമ്പാടി ക്ഷേത്രങ്ങള്‍ ആകുന്നു. കണിമംഗലം, ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂര്‍ക്കാവ്, ചൂരക്കോട്ടുകാവ്, അയ്യന്തോള്‍, നൈതിലിക്കാവ് എന്നിവയും ഇതില്‍ പങ്കുകൊള്ളുന്നു. എല്ലാ ചെറുപൂരങ്ങളും അതതു ക്ഷേത്രങ്ങളില്‍ നിന്നു തുടങ്ങി വടക്കുന്നാഥക്ഷേത്രത്തിലെത്തി മേളം കൊട്ടി അവസാനിക്കുന്നു.

തൃശൂര്‍പ്പൂരം പോലെ തന്നെ ശ്രദ്ധേയമാണ് പെരുമനത്തുപൂരവും ആറാട്ടുപുഴപ്പൂരവും. ചേര്‍ത്തലപ്പൂരത്തിലെ 'തെറിപ്പാട്ടുപാടല്‍' നിരോധിക്കപ്പെട്ടുവെങ്കിലും ആ ഉത്സവം കാലോചിതമായ മാറ്റങ്ങളോടുകൂടി ഇന്നും ആഘോഷിക്കപ്പെടുന്നുണ്ട്.

വടക്കുന്തറയിലെ 'വേല' പാലക്കാട്ടും പരിസരങ്ങളിലുമുള്ള ജനങ്ങളുടെ ഒരു പ്രധാന ഉത്സവമാണ്. കൊടുങ്ങല്ലൂര്‍ ഭരണിയും താലപ്പൊലിയും ചരിത്രപ്രസിദ്ധമാണ്. ചെങ്ങന്നൂര്‍ ദേവിയുടെ തൃപ്പൂത്താറാട്ടും അനേകലക്ഷം സ്ത്രീകളുടെ ആരാധനയ്ക്കു പാത്രമായ ആറ്റുകാല്‍ പൊങ്കാലയും മാര്‍കഴിത്തിരുവാതിരയും സ്ത്രീകള്‍ പങ്കെടുക്കുന്ന ഉത്സവങ്ങളാണ്.

ചെട്ടിക്കുളങ്ങര ഭരണി, വടയാറിലെ ആറ്റുവേല മഹോത്സവം, ഹരിപ്പാട്ടെ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെയും തൃശൂര്‍ കൂര്‍ക്കഞ്ചേരി ശ്രീ മഹേശ്വര ക്ഷേത്രത്തിലെയും തൈപ്പൂയമഹോത്സവം, പാലക്കാട് ശ്രീ വിശ്വനാഥസ്വാമി ക്ഷേത്രത്തിലെ കാല്‍പ്പാത്തി രഥോത്സവം, തൃശൂര്‍ വടക്കാഞ്ചേരിയിലെ മച്ചാട്ട് തിരുവാണിക്കാവ് ക്ഷേത്രത്തിലെ മച്ചാട്ട് മാമാങ്കം, കൊല്ലം പൊരുവഴി മലനാട് ക്ഷേത്രത്തിലെ കെട്ടുകാഴ്ച, നെന്മാറ നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ നെമാറ വെള്ളാങ്കിവേല, കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ആറാട്ട്, വൈക്കം മഹാദേവ ക്ഷേത്രത്തിലെ വൈക്കത്തഷ്ടമി, ഏറ്റുമാനൂര്‍ ശിവക്ഷേത്രത്തിലെ ഏഴരപ്പൊന്നാന എഴുന്നള്ളിപ്പും ആറാട്ടും, അമ്പലപ്പുഴ ആറാട്ട്, മലയാറ്റൂര്‍ പള്ളി പെരുന്നാള്‍, ആറന്മുള ആറാട്ട്, ചോറ്റാനിക്കര മകംതൊഴല്‍, മണ്ണാറശ്ശാല ആയില്യം തൊഴല്‍, തൃപ്പയാര്‍ ഏകാദശി, അമ്പലപ്പുഴ മൂലക്കാഴ്ച, ആലപ്പുഴ സെന്റ് ആന്‍ഡ്രൂസ് ഫോറന്‍സ് ദേവാലയത്തിലെ അര്‍ത്തുങ്കല്‍ പെരുന്നാള്‍, എടത്വ സെന്റ് ജോര്‍ജ് പള്ളിയിലെ പെരുന്നാള്‍ (എടത്വാപെരുനാള്‍), ചാലക്കുടി സെന്റ് മേരീസ് പള്ളിയിലെ കൊരട്ടിമുത്തിയുടെ ഊട്ടുതിരുനാള്‍, മലയാറ്റൂര്‍ സെന്റ് തോമസ് പള്ളിയിലെ മലയാറ്റൂര്‍ പെരുന്നാള്‍, കോട്ടയം മണര്‍കാട് സെന്റ് മേരീസ് ദേവാലയത്തിലെ പെരുന്നാള്‍, പത്തനംതിട്ട പെരുമല പള്ളിയിലെ പെരുന്നാള്‍, തിരുവനന്തപരത്തെ വെട്ടുകാട് പള്ളി പെരുന്നാള്‍, ഏറണാകുളം ജില്ലയിലെ കാഞ്ഞിരമറ്റം മുസ്ലിം പള്ളിയിലെ കൊടകുത്ത്, പട്ടാമ്പി മുസ്ലിം പള്ളിയിലെ ചന്ദനക്കുടഉത്സവം (പട്ടാമ്പി നേര്‍ച്ച), തലശ്ശേരി തിരുവങ്ങാട്ട് ശ്രീരാമക്ഷേത്രത്തിലെ ഉത്സവം, പയ്യന്നൂര്‍ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഉത്സവം, കൊട്ടിയൂര്‍ ക്ഷേത്രോത്സവം, പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങള്‍ തുടങ്ങി കേരളത്തിലങ്ങോളമിങ്ങോളമുള്ള വിവിധ മതസ്ഥരുടേതായ ആരാധനാലയങ്ങളില്‍ വലിയ ജനാവലിയെ ആകര്‍ഷിക്കുന്ന നിരവധി ഉത്സവങ്ങള്‍ ആഘോഷിക്കപ്പെട്ടുവരുന്നു.

തീര്‍ഥാടനകേന്ദ്രങ്ങള്‍
കുരുശുമല തീര്‍ഥാടനം -മലയാറ്റൂര്‍ പള്ളി
പട്ടാമ്പി നേര്‍ച്ച

ജനകോടികളുടെ തീര്‍ഥാടനകേന്ദ്രമായ ശബരിമലയും കൊട്ടിയൂരും തിരുനെല്ലിയും ഭാരതത്തിന്റെ നാനാഭാഗങ്ങളില്‍നിന്നും ഭക്തന്മാരെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു. നാരായണ ഗുരുദേവന്‍ പ്രതിഷ്ഠിച്ച തലശ്ശേരി ജഗന്നാഥക്ഷേത്രത്തിലെ ഇളനീര്‍ അഭിഷേകച്ചടങ്ങില്‍ ഉത്തരകേരളത്തിലെ ജനങ്ങള്‍ ഭക്തിപൂര്‍വം പങ്കെടുക്കുന്നു. പാലക്കാട്ടെ കല്‍പ്പാത്തിയും കൊടുവായൂരും കേരളത്തില്‍ നിന്നു വിട്ടുപോയെങ്കിലും ശുചീന്ദ്രവും രഥോത്സവംകൊണ്ട് അനുഗൃഹീതമാണ്. തിരുവല്ലം പരശുരാമക്ഷേത്രം, വര്‍ക്കല ജനാര്‍ദനസ്വാമിക്ഷേത്രം, ചോറ്റാനിക്കര ഭഗവതീക്ഷേത്രം, ഗുരുവായൂര്‍ കൃഷ്ണക്ഷേത്രം, കാടാമ്പുഴക്ഷേത്രം മുതലായ നിരവധി ക്ഷേത്രങ്ങള്‍ ഹൈന്ദവതീര്‍ഥാടകരെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു. നാരായണ ഗുരുവിന്റെ സമാധിസ്ഥാനമായ ശിവഗിരിയും ഒരു പ്രസിദ്ധ തീര്‍ഥാടനസ്ഥാനമാണ്.

ശബരിമല ക്ഷേത്രം

കേരളീയര്‍ നാഗാരാധനയില്‍ പണ്ടുപണ്ടേ ശ്രദ്ധാലുക്കളാണ്. മിക്ക പുരാതനഭവനങ്ങളിലും സര്‍പ്പക്കാവുകള്‍ കാണാം. പാലും നൂറും കൊടുക്കല്‍ സര്‍പ്പാരാധനയിലെ ഒരു ചടങ്ങാണ്. പാമ്പുമ്മേക്കാട്, മണ്ണാറശ്ശാല, വെട്ടിക്കോട്ട് എന്നീ നാഗാരാധനാസങ്കേതങ്ങള്‍ അനേകായിരം ഭക്തജനങ്ങളുടെ ആരാധനാകേന്ദ്രങ്ങളാണ്. സമരപ്രിയരായ കേരളീയര്‍ രണോത്സവമാഘോഷിക്കാന്‍ മറന്നിട്ടില്ല. ചിറ്റൂരിലെ കൊങ്ങന്‍പട ഒരു കാലത്ത് ചിറ്റൂര്‍ നിവാസികള്‍ കൊങ്ങന്മാരോട് പോരാടി വിജയം നേടിയതിനെ അനുസ്മരിപ്പിക്കുന്നു. സാക്ഷാല്‍ ഭഗവതി തന്നെ വേഷപ്രച്ഛന്നയായി യുദ്ധരംഗത്തുവന്ന് ശത്രുക്കളെ പരാജയപ്പെടുത്തി എന്നാണ് വിശ്വസിക്കപ്പെടുന്നത്. മിഥുനം 1-ഉം 2-ഉം തീയതികളില്‍ നടത്തിവരുന്ന ഓച്ചിറക്കളി പൂര്‍വികരായ കേരളീയരുടെ സമരോത്സുകതയുടെ ഒരു നിദര്‍ശനമാണ്.

പന്ത്രണ്ട് ആഴ്വാര്‍മാരില്‍ പ്രശസ്തനായ നമ്മാഴ്വാര്‍ ആറന്മുള ക്ഷേത്രത്തിലെത്തി ഭഗവാനെ വാഴ്ത്തിയതായി നാലായിരദിവ്യപ്രബന്ധം എന്ന തമിഴ് വൈഷ്ണവകൃതിയില്‍ പരാമര്‍ശിച്ചുകാണുന്നു. ആറന്മുളയിലെ ശ്രാവണ-ഉത്തൃട്ടാതി വള്ളംകഴി ഭാരതത്തിലെങ്ങും പ്രസിദ്ധമാണ്. ഈ ജലോത്സവം കാണുവാന്‍ ലക്ഷക്കണക്കിന് ആളുകള്‍ തടിച്ചുകൂടുന്നു. മതസൗഹാര്‍ദത്തിന്റെ പ്രതീകം കൂടിയാണ് ഈ വള്ളംകളി. മുപ്പതുമുതല്‍ നാല്പതു വരെ ചുണ്ടന്‍വള്ളങ്ങള്‍ ഇതില്‍ പങ്കെടുക്കാറുണ്ട്.

ബീമാപള്ളി

പെരളശ്ശേരി മാവിലക്കാവിലെ ആടിയുത്സവം, ചെറുകുന്നിലെ വിഷുവിളക്ക്, തൃച്ചംബരത്തെ ഉത്സവം, കൊല്ലങ്കോട്ടു തൂക്കം, കുമാരനല്ലൂര്‍ കാര്‍ത്തിക, ആലുവ ശിവരാത്രി, വരയ്ക്കല്‍ വാവ് മുതലായവ അതതു സ്ഥലങ്ങളില്‍ ജനശ്രദ്ധയെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്ന ഉത്സവങ്ങളാണ്.

ശബ്ബത്ത്, പെസഹ, പെന്തക്കോസ്ത്, ടാബെര്‍ നാക്കിര്‍സ്, ന്യൂ ഇയര്‍ (സെപ്തംബര്‍-ഒക്ടോബര്‍), ഡേ ഒഫ് അറ്റോണ്‍മെന്റ് എന്നിവയാണ് കേരളത്തിലെ ജൂതന്മാരുടെ പ്രധാന വിശേഷദിനങ്ങള്‍.

ബക്രീദ്, റംസാന്‍, മിലാദെശെരീഫ്, മുഹറം മുതലായവ മുസ്ലിം സമുദായത്തിന്റെ വിശേഷദിവസങ്ങളാണ്. തിരുവനന്തപുരം ബീമാപള്ളിയിലെ ചന്ദനക്കുടം അസംഖ്യം ജനങ്ങളെ ആകര്‍ഷിച്ചുവരുന്നു. പത്താംദിവസം ലക്ഷത്തിലധികം ജനങ്ങള്‍ ജാതി-മതഭേദം കൂടാതെ അവിടെ സമ്മേളിക്കുക പതിവാണ്. മലപ്പുറം നേര്‍ച്ചയും ശ്രദ്ധേയമാണ്.

ക്രിസ്മസ്, ന്യൂ ഇയര്‍ ഡേ, ഈസ്റ്റര്‍ മുതലായവ ക്രിസ്ത്യാനികളുടെ പ്രധാന ആഘോഷാവസരങ്ങളാണ്. പാളയം സിറിയന്‍ പള്ളി, പാളയം കത്തോലിക്കാപ്പള്ളി, അര്‍ത്തുങ്കല്‍ പള്ളി, എടത്വാപ്പള്ളി, നിരണം പള്ളി, പുതുപ്പള്ളി, കുറവിലങ്ങാട്, ഭരണങ്ങാനം, അതിരമ്പുഴ, കുടമാളൂര്‍, മണര്‍ക്കാട്, മലയാറ്റൂര്‍, കടമറ്റം, ഉദയംപേരൂര്‍, പാലയൂര്‍, താഴക്കാട് എന്നിവിടങ്ങളിലെ ക്രിസ്തീയദേവാലയങ്ങള്‍ എന്നിവ പ്രത്യേകം പ്രത്യേകം ഉത്സവമാഘോഷിച്ചുവരുന്നു.

പെരുമ്പാവൂരിലെ കല്ലില്‍ക്ഷേത്രവും പാലക്കാട്ടെ ചന്ദ്രനാഗക്ഷേത്രവും കേരളത്തിലെ ജൈനസ്ഥാപനങ്ങളുടെ കൂട്ടത്തില്‍ പ്രത്യേകം പരിഗണനയര്‍ഹിക്കുന്നു. ജൈനമതാനുയായികളും ഹിന്ദുക്കളും അവിടെ ഉത്സവം നടത്തിവരുന്നു.

(വി.ആര്‍. പരമേശ്വരന്‍ പിള്ള)

വാദ്യമേളങ്ങള്‍

കലകളുടെ കലവറയാണ് കേരളം എന്ന ചൊല്ല് അന്വര്‍ഥമാകത്തക്കവിധത്തില്‍ വൈവിധ്യവും വൈചിത്ര്യവും നിറഞ്ഞതാണ് ഇവിടത്തെ കലാപാരമ്പര്യം. ദേവതാപ്രീണനപരങ്ങളായിട്ടാണ് കേരളീയ കലകള്‍ മിക്കതും രൂപംപൂണ്ടത്. വിവിധമതങ്ങളുടെ ആധ്യാത്മികവും അനുഷ്ഠാനപരവും ആരാധനാപരവുമായ അന്തരീക്ഷത്തില്‍ അവ പിന്നീട് വളര്‍ന്നു വികസിച്ചതായി കാണാം. ആ വളര്‍ച്ചയും പ്രചാരവും കേരളത്തിലെ താളവാദ്യങ്ങളിലും വാദ്യമേളങ്ങളിലും അഭൂതപൂര്‍വമായ പരിവര്‍ത്തനമുണ്ടാക്കി.

ഭരണങ്ങാനം പള്ളി

വാദ്യം വാദനം ചെയ്യപ്പെടുന്ന ഉപകരണമാണ് (വാദയിതും യോഗ്യം). ഇത് നാലുതരത്തിലുണ്ട്; തതം, വിതതം, ഘനം, സുഷിരം. ചര്‍മം കൊണ്ടുള്ള വളയം പൊള്ളയായ കുറ്റിയിലിണക്കി തോല്‍വാറുകൊണ്ടോ ചരടുകൊണ്ടോ മുറുക്കി ഉപയോഗിക്കുന്ന വാദ്യമാണ് വിതതം. ഇതിന് അവനദ്ധവാദ്യം, ചര്‍മവാദ്യം, തോര്‍വാദ്യം എന്നിങ്ങനെയും പേരുകളുണ്ട്. എണ്ണം തിട്ടപ്പെടുത്താന്‍ കഴിയാത്തവിധത്തില്‍ അത്രയധികമുണ്ട് ഇവ. ഓരോ മതത്തിലും മതവര്‍ഗങ്ങളിലും ഇവയ്ക്കോരോന്നിനും വിവിധരൂപങ്ങളും പ്രാദേശികവും പ്രയോഗപരവുമായുള്ള വ്യത്യാസങ്ങളും കണ്ടുവരുന്നു. ഏകദേശം മുപ്പതോളം തരത്തിലുള്ള തോല്‍വാദ്യങ്ങള്‍ കേരളത്തില്‍ പ്രയോഗത്തിലുണ്ട്. ഇവയില്‍ പ്രശസ്തങ്ങളും സര്‍വസാധാരണങ്ങളുമാണ് ചെണ്ടയും മദ്ദളവും തിമിലയും ഇടയ്ക്കയും.

കേരളത്തില്‍ സാര്‍വത്രികമായി കണ്ടുവരുന്ന വാദ്യമേളങ്ങളാണ് ചെണ്ടമേളവും പഞ്ചവാദ്യവും. മറ്റു തരത്തിലുള്ള വിവിധ വാദ്യങ്ങള്‍ ചേര്‍ന്ന മേളങ്ങള്‍ നിലവിലുണ്ടെങ്കിലും അവയൊന്നും ദീര്‍ഘനേരം നീണ്ടുനില്ക്കത്തക്കവിധം പ്രയോഗിക്കുന്നവയും വളരെ അധികം താണകാലത്തില്‍ തുടങ്ങി, പരന്ന് പതുക്കെപ്പതുക്കെ കൂര്‍ത്ത് ഒഴുകുന്ന മേളസമ്പ്രദായത്തിന്റെ സവിശേഷത അധികം പ്രകടിപ്പിക്കുന്നവയുമല്ല. കേളി (ചെണ്ട, മദ്ദളം, ഇലത്താളം, ചേങ്ങില), മദ്ദളകേളി (മദ്ദളവും ഇലത്താളവും), കുഴല്‍പ്പറ്റ് (കുറുംകുഴല്‍, ഇലത്താളം, ചെണ്ട), തായമ്പക (ചെണ്ടയും ഇലത്താളവും), സന്ധ്യാല (ചെണ്ട, മദ്ദളം, ഇലത്താളം, കുറുംകുഴല്‍), ഇടയ്ക്ക പ്രദക്ഷിണം (ഇടയ്ക്കയും നാദസ്വരം മുതലായവും) തുടങ്ങിയവയും വാദ്യമേളങ്ങളാണെങ്കിലും പ്രാമുഖ്യം മുന്‍പറഞ്ഞവയ്ക്കുതന്നെ.

ചെണ്ട

'പതിനെട്ടുവാദ്യങ്ങളും ചെണ്ടയ്ക്കു കീഴെ' എന്നാണ് പഴഞ്ചൊല്ല്. അതില്‍നിന്നുതന്നെ ചെണ്ടയുടെ ഉച്ചണ്ഡധ്വനിവിശേഷം വ്യഞ്ജിക്കപ്പെടുന്നു. ക്ഷേത്രങ്ങളിലെ പൂജാവിധികള്‍ മുതല്‍ ഉദ്ഘാടനച്ചടങ്ങുകള്‍ പോലെ പലവിധ കാര്യങ്ങള്‍ക്കു ചെണ്ട ഉപയോഗിക്കപ്പെടുന്നു. ഇതിന് കേരളീയതാളവാദ്യങ്ങളില്‍ അദ്വിതീയസ്ഥാനമുണ്ട്; ഇത്രയധികം സര്‍വസാധാരണമായ ഒരു വാദ്യം കേരളത്തില്‍ വേറെയില്ലെന്നും പറയാം. വിശ്വവിശ്രുതമായ കഥകളിയുടെ വാദ്യചതുഷ്ടയത്തില്‍ ഒന്നു ചെണ്ടയാണ്.

കഥകളി, തായമ്പക, ചെണ്ടമേളം, കേളി, കുഴല്‍പ്പറ്റ് തുടങ്ങിയവയിലെല്ലാം തന്നെ ചെണ്ട ഒരു പ്രധാന അംഗമാണ്. ക്ഷേത്രാഘോഷങ്ങളെ സംബന്ധിച്ചിടത്തോളം മേളപ്രധാനമായ എല്ലാ ചടങ്ങുകളും ചെണ്ട കൊണ്ടാണ് നിര്‍വഹിക്കപ്പെടുന്നത്.

ചെണ്ട

പതിനഞ്ചു മുതല്‍ പതിനേഴുവരെ വിരല്‍നീളമുള്ളതും 993/4 വിരല്‍ വ്യാസമുള്ളതുമായ പ്ലാവിന്‍ കുറ്റിയാണ് സാധാരണയായി ചെണ്ടയ്ക്ക് ഉപയോഗിക്കുന്നത്. കരിമ്പന, കൊന്ന, തെങ്ങ് മുതലായ മരങ്ങളുടെ കുറ്റികളും പ്രചാരത്തിലുണ്ട്. ഇടന്തല എന്നും (കേളിയുള്ള പുറം) വലന്തല എന്നും പേരുള്ള മുളവലയത്തില്‍ തോല്‍ വലിച്ചു പൊതിഞ്ഞു ശരിപ്പെടുത്തി, ഓരോ വട്ടം കുറ്റിയുടെ ഇരുഭാഗത്തും ഘടിപ്പിച്ച് ചണക്കയറുകൊണ്ട് വലിച്ചുമുറുക്കിയിട്ടാണ് ചെണ്ടയ്ക്കു ശബ്ദമുണ്ടാക്കുന്നത്. ശ്രുതി ശരിപ്പെടുത്തുവാന്‍ 'കൂത്തുവാര്‍' എന്ന പതിനൊന്നു തോല്‍വാര്‍ വളയങ്ങള്‍ ഈ കയറില്‍ ഘടിപ്പിച്ചിരിക്കും.

ചെണ്ട എന്ന വാദ്യവിശേഷത്തില്‍ ദേവാംശവും അസുരാംശവും അടങ്ങിയിട്ടുണ്ടെന്നാണ് സങ്കല്പം. ചെണ്ടയുടെ വലന്തല (കേളികുറഞ്ഞ ഭാഗം) ദേവവാദ്യവും ഇടന്തല അസുരവാദ്യവുമാണത്രേ. വലന്തലവട്ടത്തിന് ഏഴുതോല് ഉണ്ട്; ഇടന്തലയ്ക്കു ഒന്നും. കഥകളിയില്‍ ദേവന്മാരുടെ പ്രത്യക്ഷപ്പെടലിനും മറ്റു മംഗളകര്‍മങ്ങള്‍ക്കും ക്ഷേത്രങ്ങളിലെ പൂജാദി - അടിയന്തിരങ്ങള്‍ക്കും ഇങ്ങനെ വലന്തലകൊട്ടുന്നത് ഈ സങ്കല്പത്തിലാണ്.

വലത്തേ കൈയില്‍ കോലും (ചെണ്ടക്കമ്പ്) ഇടംകൈയും ഉപയോഗിച്ചും രണ്ടു കൈയിലും കോലെടുത്തും ചെണ്ട വായിക്കാറുണ്ട്. തായമ്പക, മേളപ്പദം, പഞ്ചാരിമേളം തുടങ്ങി പലതും വലംകൈയില്‍ കോലും ഇടംകൈയുമായിട്ടാണ് പ്രയോഗിക്കാറുള്ളത്.

പഞ്ചാരി, പാണ്ടി തുടങ്ങിയ മേളങ്ങള്‍ക്ക് മേളംകൊട്ടാന്‍ ഇടന്തലയും വട്ടം പിടിക്കാന്‍ വലന്തലയുമാണ് ഉപയോഗിക്കുന്നത്. തായമ്പക തുടങ്ങിയ വാദ്യകലാരൂപങ്ങള്‍ക്കുപയോഗിക്കുന്ന ചെണ്ടയ്ക്കും തമ്മില്‍ വലുപ്പത്തില്‍ വ്യത്യാസം കണ്ടുവരുന്നു. കഥകളിമേളം മിക്കവാറും ഇരുകൈയിലും കോലെടുത്തു പ്രയോഗിക്കുന്നതാകകൊണ്ട് നടുശബ്ദത്തിനും പ്രാധാന്യം കിട്ടത്തക്കവിധത്തില്‍ ചെണ്ടയ്ക്കു വലുപ്പം കൂടും. തായമ്പകയ്ക്കു കൈയുടെ ശബ്ദത്തിനാണ് പ്രാധാന്യം. വീച്ചില്‍ കുറഞ്ഞവയ്ക്കാണ് വക്കിനു ഗുണം കൂടുക.

ചെണ്ടകള്‍ മാത്രം ഉള്‍ക്കൊള്ളുന്ന വാദ്യമേളങ്ങളാണ് പഞ്ചാരി, പാണ്ടി, നടത്തുപാണ്ടി, അടന്ത, അഞ്ചടന്ത, ധ്രുവം തുടങ്ങിയവ. കാലഗണനയുടെ അടിസ്ഥാനത്തില്‍ എത്ര മണിക്കൂര്‍ വേണമെങ്കിലും പഞ്ചാരിയും പാണ്ടിയും കൊട്ടിനില്ക്കാവുന്നതാണ്. അതിനനുസരിച്ച് കാലമിടുകയും ഓരോ കാലത്തിലും ആവര്‍ത്തിക്കേണ്ടവയുടെ എണ്ണം കണക്കാക്കുകയും ചെയ്യുകയേ വേണ്ടൂ, ഇതില്‍ പഞ്ചാരിക്ക് കൂടുതല്‍ ആഢ്യത്വവും ആഭിജാത്യവും കല്പിച്ചിരിക്കുന്നു. ക്ഷേത്രത്തിന്റെ മതില്‍ക്കെട്ടുകള്‍ക്കുള്ളില്‍ പഞ്ചാരിയും മറ്റു മേളങ്ങളുമേ കൊട്ടാവൂ; പാണ്ടി നിഷിദ്ധമാണ്. മതില്‍ക്കെട്ടിനു പുറത്തേക്ക് എഴുന്നള്ളിക്കുമ്പോള്‍ മാത്രമേ പാണ്ടി കൊട്ടാറുള്ളൂ. അതുപുറത്തുവച്ചുതന്നെ അവസാനിപ്പിക്കുകയും പഞ്ചാരികൊട്ടി ദേവനെ അകത്തു പ്രവേശിപ്പിക്കുകയും ചെയ്യുന്നു. വൈവിധ്യത്തിനുവേണ്ടി മറ്റു മേളങ്ങളും ക്ഷേത്രത്തിനുള്ളില്‍ കൊട്ടാറുണ്ടെങ്കിലും പഞ്ചാരിക്കാണ് പ്രാമുഖ്യം.


തായമ്പക

പഞ്ചാരി, പാണ്ടി തുടങ്ങിയ മേളങ്ങള്‍ കുറേപ്പേരുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ പ്രയോഗവിശേഷമാണ്. എന്നാല്‍ തായമ്പകയാകട്ടെ ഒരു ചെണ്ട വിദഗ്ധന്റെ വ്യക്തിപരമായ കഴിവുകളുടെ പ്രകടനമാണ്. വിവിധ താളങ്ങളുടെയും വ്യത്യസ്തനടകളുടെയും ക്രമികമായ കാലമാറ്റങ്ങളുടെയും ചാലിലൂടെ മന്ദമായൊഴുകി ഒടുവില്‍ ശബ്ദഘോഷത്തോടെ നാമസമുദ്രത്തിലേക്കു കുതിച്ചെത്തുന്ന തായമ്പകയെ അലകടലിലേക്കു അലറിയെത്തുന്ന നദിയോടുപമിക്കാം.

തായമ്പക

ചെണ്ടയും ഇലത്താളവും മാത്രമാണ് തായമ്പകയ്ക്കുള്ള വാദ്യോപകരണങ്ങള്‍. ഇതിനു ചുരുങ്ങിയത് അഞ്ചു ചെണ്ടയും രണ്ട് ഇലത്താളവും വേണം. രണ്ടുപേര്‍ മുന്നില്‍ ഇടന്തലയിലും രണ്ടുപേര്‍ പിന്നില്‍ വലന്തലയും വട്ടം പിടിക്കുകയും പിന്നില്‍ ഇടവിട്ട് ഇലത്താളക്കാര്‍ താളമിടുകയും നടുക്കു ചെണ്ടവിദഗ്ധന്‍ തന്റെ വാദനസാമര്‍ഥ്യം പ്രകടിപ്പിക്കുകയും ചെയ്യുന്ന വിധത്തിലാണ് ഇതിന്റെ അവതരണം. താണകാലം തുടങ്ങി നാലാംകാലം, കൂറുകള്‍, ഇടകാലം, ദ്രുതകാലം എന്നീ പതനത്തിലൂടെ താളാനുസൃതമായി പല വിധത്തിലുള്ള എണ്ണങ്ങളും കൊട്ടിക്കൂര്‍പ്പിക്കുകയാണ് തായമ്പകയില്‍ ചെയ്യുന്നത്. പഞ്ചാരി, അടന്ത, ചെമ്പ എന്നീ കൂറുകള്‍ ഇതില്‍ പ്രയോഗിക്കാറുണ്ട്.

താളത്തില്‍ വക കൊട്ടുക എന്ന അര്‍ഥത്തിലുള്ള 'താളം വക'യില്‍ നിന്നായിരിക്കാം 'തായമ്പക'യുടെ നിഷ്പത്തി. സംഗീതത്തെപോലെയും ഹൃദ്യമായ തനിയാവര്‍ത്തനത്തെപ്പോലെയും മേളക്കമ്പക്കാരെ ഹരം പിടിപ്പിക്കുന്ന തായമ്പക കേരളീയ വാദ്യമേളങ്ങളില്‍ സവിശേഷ പ്രാധാന്യമര്‍ഹിക്കുന്നു.

മദ്ദളം

ചെണ്ടയെപ്പോലെത്തന്നെ പല മേളപ്രയോഗങ്ങളിലും സവിശേഷമായ സ്ഥാനമലങ്കരിക്കുന്ന ഒരു വാദ്യമാണ് മദ്ദളം. മൃദംഗത്തിന്റെ വലിയ രൂപമായ മദ്ദളത്തിന് സംഗീതാത്മകത്വം കൂടപ്പിറപ്പാണ്. കേളി, മദ്ദളകേളി, പഞ്ചവാദ്യം, കഥകളി, കൃഷ്ണനാട്ടം തുടങ്ങിയ പല കലാരൂപങ്ങള്‍ക്കും മദ്ദളത്തിന്റെ ഭാഗഭാഗിത്വം അനുപേക്ഷണീയമാണ്.

മദ്ദളത്തിനുമുണ്ട് ഇടന്തലയും വലന്തലയും. വലന്തലയ്ക്കല്‍ 'ചോറ്' ഇട്ടിട്ടുമുണ്ടാകും. കരിയും ഉണക്കച്ചോറുംകൂടി തേച്ചുപിടിപ്പിക്കുന്നതാണ് ചോറിടല്‍. മദ്ദളത്തിന്റെ ശ്രുതി ശരിപ്പെടുത്തലാണിതിന്റെ ലക്ഷ്യം. വലന്തലയ്ക്കല്‍ കാളത്തോലും ഇടന്തലയ്ക്കല്‍ പോത്തിന്‍തോലും ഉപയോഗിക്കുന്നു. മദ്ദളത്തിന്റെ നടുഭാഗം നല്ലവണ്ണം പൊന്തിനില്ക്കുന്നതായിക്കാണാം. ഉളിയപ്പുറം എന്നാണിതിന്റെ പേര്. പരന്ന തോല്‍വാറുകള്‍ ഉപയോഗിച്ചാണ് മദ്ദളം വലിച്ചുമുറുക്കുന്നത്. പ്ളാവിന്‍ കുറ്റിക്കാണ് പ്രചാരം. അരയിലിട്ട് കച്ചയെ അതിലുള്ള കൊളുത്തിനാല്‍ പാകപ്പെടുത്തി രണ്ടു കൈയും ഉപയോഗിച്ചാണ് മദ്ദളം വായിക്കുന്നത്. ഇടന്തലയ്ക്കല്‍ വലത്തുകൈയും വലന്തലയ്ക്കല്‍ ഇടതുകൈയും എന്ന വിരോധാഭാസത്തിലാണ് പ്രയോഗം. ഈ വൈരുധ്യം മദ്ദളത്തിന്റെ മേളപ്രയോഗത്തിലും കാണാം. മറ്റു വാദ്യങ്ങളുടെ പ്രയോഗത്തിനും താളത്തിലും ഇടഞ്ഞുകൊണ്ടാണ് മദ്ദളം കൊട്ടുക. ഇടന്തല കൊട്ടുന്നത് വലംകൈവിരലുകളില്‍ ചുറ്റുകള്‍ ഇട്ടുകൊണ്ടാണ്. കേരളീയ വാദ്യങ്ങളില്‍ മദ്ദളത്തിനു മാത്രമേ ഇങ്ങനെ വിരലുകളില്‍ ചുറ്റുകള്‍ ഉറപ്പിക്കുന്ന പതിവുള്ളൂ.

മദ്ദളത്തിന്റെ തനതായ വാദ്യമേളമാണ് മദ്ദളകേളി എന്നു പറയാം. മദ്ദളവും ഇലത്താളവും മാത്രമേ ഈ മേളത്തില്‍ ഉള്‍ക്കൊള്ളുന്നുള്ളൂ. ഇവ എത്രവേണമെങ്കിലുമാകാം. തായമ്പകയെപ്പോലെത്തന്നെ താണനിലയും കൂറുകളും ഇടകാലവും ദ്രുതകാലവുമൊക്കെ ഇതിനുമുണ്ട്.

തൊപ്പിമദ്ദളം. മദ്ദളത്തിന്റെ തന്നെ ഒരു വിഭാഗമാണിത്. ശ്രുതിയുള്ള, ചോറിട്ടിട്ടുള്ള മദ്ദളമാണ് ശുദ്ധമദ്ദളം. ചോറിടാത്ത ഇടന്തല-വലന്തലകളുടെ ശബ്ദം ഒരുപോലെ ഇരിക്കുന്ന മദ്ദളമാണ് തൊപ്പിമദ്ദളം. കൃഷ്ണനാട്ടത്തില്‍ മാത്രമേ ഇന്ന് ഇതിനു പ്രചാരമുള്ളൂ. പണ്ട് രാമനാട്ടത്തിനും കൂടിയാട്ടത്തിനും തൊപ്പിമദ്ദളം ഉപയോഗിച്ചിരുന്നു. മേളക്കൊഴുപ്പുണ്ടാക്കാന്‍ ഈ വാദ്യത്തിനുള്ള കഴിവ് ഒന്നു വേറെതന്നെയാണ്.

തിമില
തിമില

പഞ്ചവാദ്യമെന്ന സുപ്രസിദ്ധ മേളരൂപത്തിലെ പ്രധാന അംഗമാണ് തിമില. ദേവവാദ്യമായതുകൊണ്ടാണോ എന്തോ കുറച്ചൊരു ആഭിജാത്യമുണ്ട് തിമിലയ്ക്ക്, പഞ്ചവാദ്യമൊഴിച്ച് മറ്റധികം മേളപ്രയോഗങ്ങളില്‍ തിമില പ്രയോഗിക്കാറില്ല.

മധ്യഭാഗത്തു വണ്ണംകുറഞ്ഞ് നീളത്തിലാണ് തിമിലയുടെ കുറ്റി. പ്ലാവിന്‍കുറ്റിക്കു തന്നെയാണ് പ്രചാരം. കാളത്തോലു കൊണ്ടുണ്ടാക്കിയ വട്ടങ്ങള്‍ വാറിട്ടുമുറുക്കിയാണ് ഇതിനു നാദമുണ്ടാക്കുന്നത്. തിമിലയുടെ ഒരു ഭാഗത്ത് രണ്ടു കൈകളും ഉപയോഗിച്ചാണ് കൊട്ടുക. തോം, ത എന്ന രണ്ടു ശബ്ദങ്ങളേ ഇതില്‍ പുറപ്പെടുവിക്കാനാവൂ. ദ്രുതഗതിയിലുള്ള വാദനം കൊണ്ടാണ് മറ്റെല്ലാ മനോധര്‍മങ്ങളും ഇതില്‍ പ്രകടമാക്കുന്നത്. പരിഷവാദ്യത്തില്‍ തിമില ഒരു പ്രധാനാംഗമാണ്.

ഇടയ്ക്ക
ഇടയ്ക്ക

'ഢക്കാ' എന്ന ഉത്തരേന്ത്യന്‍ സംഗീതോപകരണത്തിന്റെ മലയാളനാമമാണ് ഇടയ്ക്ക. എടയ്ക്കയെന്നും പറയാറുണ്ട്. സംഗീതം ഇറ്റിറ്റുവീഴുന്ന നാദസമുച്ചയങ്ങളുടെ ഉടമയാണ് ഇടയ്ക്ക. സംഗീതത്തിനോട് ഇത്രയധികം ഇഴുകിച്ചേര്‍ന്ന മറ്റൊരു മേളവാദ്യം കേരളത്തില്‍ വേറെയില്ല. പഞ്ചവാദ്യം, ഇടയ്ക്കപ്രദക്ഷിണം, അഷ്ടപദി, കൊട്ടിപ്പാടിസേവ എന്നീ ക്ഷേത്രച്ചടങ്ങുകളിലെല്ലാം ഇടയ്ക്ക ഒരു പ്രധാന വാദ്യമാണ്. സാക്ഷാല്‍ നടരാജന്‍ നേരിട്ട് പാരിടത്തിലേക്കു പറഞ്ഞയച്ചതാണ് ഇടയ്ക്ക എന്നൊരു ഐതിഹ്യവും ഇതിനെ സംബന്ധിച്ചുണ്ട്.

പഞ്ചവാദ്യം(വാദ്യമേളം)
ഉടുക്ക്

പഞ്ചവാദ്യം എന്നുകേള്‍ക്കുമ്പോള്‍ അഞ്ചുവാദ്യങ്ങളേ ഇതില്‍ ഉള്ളൂവെന്നു തോന്നും. എന്നാല്‍ ശംഖ് അടക്കം ആറുവാദ്യങ്ങളുണ്ടെന്നുപറയാം. തിമില, മദ്ദളം, കൊമ്പ്, ഇലത്താളം, ഇടയ്ക്ക, ശംഖ് എന്നിവയാണാവാദ്യങ്ങള്‍. ആദ്യകാലത്ത് ശുദ്ധമദ്ദളത്തിനുപകരം തൊപ്പിമദ്ദളവും കൊമ്പിനുപകരം കുറംകുഴലും ഇലത്താളത്തിനുപകരം ചേങ്ങിലയുമാണ് ഉപയോഗിച്ചിരുന്നത്.

പഞ്ചവാദ്യത്തിന് ഇന്നുകാണുന്ന ശാസ്ത്രീയവും ശ്രവണസുഭഗവുമായ രൂപവും ഭാവവും കൈവന്നിട്ട് അര നൂറ്റാണ്ടിലധികം കാലമായിട്ടില്ല. സുപ്രസിദ്ധ മദ്ദളവിദഗ്ധനായിരുന്ന വെങ്കിച്ചന്‍ സ്വാമിയും തിമിലവിദഗ്ധനായ അന്നമനട അച്യുതമാരാരുമായിരുന്നു ഈ പുത്തന്‍ സമ്പ്രദായത്തിന്റെ ഉപജ്ഞാതാക്കള്‍.

മൂന്നു പ്രാവശ്യം ഓംകാരമായ ശംഖുനാദം മുഴക്കി അവസാനിക്കുന്നതോടെയാണ് പഞ്ചവാദ്യം തുടങ്ങുന്നത്. അടന്തതാളത്തിന്റെ എത്രയോ പതിഞ്ഞകാലത്തില്‍ തുടങ്ങി, രണ്ടാംകാലം, മൂന്നാംകാലം, നാലാംകാലം, മധ്യകാലം, ഇടകാലം, തൃപുട, അതിന്റെ രണ്ടും മൂന്നും നാലും കാലങ്ങള്‍ എന്നിവയിലൂടെ കൊട്ടിക്കൂര്‍പ്പിച്ച് ഏകതാളത്തില്‍ അവസാനിക്കുകയാണ് ഇതിന്റെ മേളസമ്പ്രദായം. പതിഞ്ഞകാലം ചെമ്പടതാളവട്ടങ്ങളായി ഭാഗിച്ചുകൊടുക്കുകയാണ് ഇതില്‍ ചെയ്യുന്നത്. പഞ്ചാരി, പാണ്ടി എന്നീ മേളങ്ങളെക്കാള്‍ ഇതിനുള്ള ഒരു പ്രത്യേകത പങ്കെടുക്കുന്നവര്‍ക്കു തങ്ങളുടെ കഴിവുകള്‍ കാണിക്കാന്‍ കൂടി ഇതില്‍ സാധിക്കുന്നു എന്നുള്ളതാണ്. ഒരു സംഘപ്രകടനമായി ചിട്ടപ്പെടുത്തിയിട്ടുണ്ടെങ്കിലും വ്യക്തിപരമായി കഴിവുകളും മനോധര്‍മങ്ങളും പ്രകടിപ്പിക്കാന്‍ കലാകാരന്മാര്‍ക്കിതില്‍ വേണ്ടുവോളം സന്ദര്‍ഭങ്ങളുണ്ട്. തിമില, മദ്ദളം, ഇടയ്ക്ക, കൊമ്പ്, ഇലത്താളം, ശംഖ് എന്നിവയുടെ വിവിധ നാദതരംഗങ്ങളില്‍ നിന്നുണ്ടാകുന്ന ശ്രുതിമധുരമായ തുമുലഥ്വനി പഞ്ചവാദ്യത്തെ മറ്റു മേളങ്ങളില്‍ നിന്നു വേര്‍തിരിച്ചു നിര്‍ത്തുന്നു.

പാണികൊട്ട്

ക്ഷേത്രാടിയന്തിരങ്ങളെ സംബന്ധിച്ചിടത്തോളം പാണിയെപ്പോലെ ഇത്രയധികം പഠിച്ചും മനസ്സിരുത്തിയും പ്രയോഗിക്കേണ്ട മറ്റൊരു വാദ്യം വേറെയില്ല. തന്ത്രിയുടെ ഹസ്തമുദ്രകള്‍ക്കും പാണിയുമായി അഭേദ്യബന്ധമുണ്ട്. പാണികൊട്ടുന്നതു പിഴയ്ക്കുകയോ കൊട്ടുന്നതില്‍ പിഴകാണിക്കുകയോ ചെയ്യുന്നത് ജീവനാശഹേതു കൂടിയാണെന്ന് കരുതപ്പെടുന്നു. 'പാണിയില്‍ പിഴച്ചാല്‍ കോണിയില്‍' എന്നാണ് പഴമൊഴി. ഓരോ ദേവനുമുള്ള ശ്രീഭൂതബലിക്കും പാണികൊട്ടലിനും വ്യത്യാസമുണ്ട്.

മരമെന്നുകൂടി പേരുള്ള ഈ പാണിവാദ്യത്തിന്റെ കുറ്റിമൃദംഗരൂപത്തിലാണ്. കര്‍ണമധുരമായ ശബ്ദമൊന്നും ഇതില്‍ നിന്നു പുറപ്പെടാറില്ല. ഇടന്തലയും വലന്തലയും വ്യത്യാസമില്ലാതെ വാറിട്ടുമുറുക്കുന്ന വാദ്യമാണിത്. അധികവും കൊട്ടുന്ന ഭാവത്തില്‍ കൈകള്‍ അതിന്മേല്‍ വയ്ക്കുകയാണ് ചെയ്യുന്നത്.

സംഹാരപാണി, തത്ത്വോം പാണി എന്ന രണ്ടു തരം പാണി വാദനമുണ്ട്. പല ക്ഷേത്രങ്ങളിലും പല മട്ടിലാണ് പാണിവാദനത്തിന്റെ ചടങ്ങുകള്‍. ചിലേടത്തു ശംഖ്, ചേങ്ങില, തിമില ഇവ മൂന്നും വേണം പാണിക്ക്; ചിലേടത്തു ചേങ്ങില മാത്രം. മറ്റു ചിലേടത്ത് ശംഖും തിമിലയും സഹായത്തിനു മറ്റൊരു മരവും വേണം. തൃശൂര്‍ പ്രദേശങ്ങളില്‍ പാണി തുടങ്ങുന്നതിനു മുമ്പ് കൊട്ടിയിറക്കുക എന്നൊരു ഏര്‍പ്പാടുകൂടിയുണ്ട്. നിത്യശ്ശീവേലി, ശ്രീഭൂതബലി, ഉത്സവബലി, ജയബലി, കൌമാരബലി, കലശം തുടങ്ങിയ ചടങ്ങുകള്‍ക്ക് പ്രത്യേകം പ്രത്യേകം പാണികള്‍ വിധിക്കപ്പെട്ടിട്ടുണ്ട്.

ചില പ്രാചീനവാദ്യങ്ങള്‍

കേരളത്തിന്റേതായി മറ്റു ചില വാദ്യോപകരണങ്ങളുമുണ്ട്. പൂതന്‍, തിറ, കൂത്ത്, കൂടിയാട്ടം മുതലായ നൃത്തവിശേഷങ്ങള്‍ക്കും തോറ്റംപാട്ട് കളമെഴുത്തുപാട്ട് മുതലായ പാട്ടുകള്‍ക്കും മറ്റും പശ്ചാത്തലമൊരുക്കുന്നവയും സ്വതന്ത്രമായി മേളങ്ങള്‍ക്കുപയോഗിക്കുന്നവയും ആയ വിവിധ വാദ്യവിശേഷങ്ങള്‍ കേരളീയരുടെ സംസ്കാരത്തിന്റെയും ആചാരമര്യാദകളുടെയും പ്രതിനിധികള്‍ കൂടിയാണ്. തുടി, കടുന്തുടി, നെടുന്തുടി, നന്തുണി, മിഴാവ്, കൊമ്പ്, കുഴല്‍ മുതലായ നിരവധി വാദ്യോപകരണങ്ങള്‍ ഈ വിഭാഗത്തില്‍പ്പെടുന്നു.

നന്തുണി
കൊമ്പ്,കുഴല്‍

തുടി ഉടുക്കിന്റെ ആകൃതിയിലുള്ളതും അതിനെക്കാള്‍ വലുപ്പം കൂടിയതുമായ ഒരു വാദ്യമാണ്. മധ്യം ഇടുങ്ങി വിസ്താരം കൂടിയ ഇരുമുഖങ്ങളുമുള്ള ഈ വാദ്യത്തിന്റെ ഓരോ മുഖത്തിലും ദ്വാരങ്ങളുള്ള വളയമുറപ്പിച്ച് അതില്‍ തുകല്‍ ഇട്ടിരിക്കും. വളയത്തിലെ ദ്വാരങ്ങളില്‍ കയര്‍ കോര്‍ത്തു വലിച്ചുമുറുക്കുന്നു. ഇടയ്ക്കപോലെ ഇടംചുമലില്‍ തൂക്കിയിടുകയും കോലുകൊണ്ട് കൊട്ടുകയും ചെയ്യുന്നു. ഇരുവശത്തുമുള്ള വട്ടങ്ങളെ കോര്‍ത്തുകെട്ടിയ ചരടില്‍ ഇടുങ്ങിയ മധ്യഭാഗത്ത് അമര്‍ത്തുമ്പോള്‍ കോലുമുട്ടുമ്പോഴുണ്ടാകുന്ന ശബ്ദത്തിനു വൈചിത്യ്രം ഉണ്ടാകുന്നു. പൂതന്‍, തിറ മുതലായ നൃത്തവിശേഷങ്ങള്‍ക്കുള്ള വാദ്യമായ ഈ തുടി പൂതത്തിന്റെ ചുവടുവയ്പിന്നനുസരിച്ച് പല രീതിയില്‍ കൊട്ടാറുണ്ട്. കുറുന്തുടി, നെടുന്തുടി, കടുന്തുടി എന്നിവ അല്പാല്പം മാത്രം വ്യാസമുള്ള തുടിവിശേഷങ്ങള്‍ തന്നെയാണ്. 'പടഹം തുടി പറ കൊമ്പും കുഴലും' 'തുളി താളമെടയ്ക്കയും മുഴക്കി' എന്നും മറ്റും സാഹിത്യകൃതികളില്‍ ഇതിന്റെ പരാമര്‍ശം കാണുന്നുണ്ട്.

മറ്റൊരു കേരളീയ വാദ്യമായ നന്തുണി വീണപോലെയുള്ള ഒരു സംഗീതോപകരണമാണ്. ഈരച്ചുള്ളിയെന്ന വള്ളിയുടെ നാരു പിരിച്ചുണ്ടാക്കിയ ചരട് ഇതില്‍ തന്തിയായി ഉപയോഗിക്കുന്നു. മരച്ചീളുകൊണ്ട് നിര്‍മിച്ച കോലുകൊണ്ടാണ് നന്തുണി മീട്ടുന്നത്. വീണാനിര്‍മാണത്തിലുള്ള മൌലികതത്ത്വം ഈ വാദ്യം ഉണ്ടാക്കുന്നതിലും ദൃശ്യമാണ്. കേരളത്തിലെ ദേവീക്ഷേത്രങ്ങളിലും മറ്റും നടത്തിപ്പോരുന്ന കളമെഴുത്തു പാട്ടിനു ശ്രുതി മീട്ടുവാനാണ് ഈ വാദ്യം ഉപയോഗിക്കുന്നത്. പരമശിവന്‍ താണ്ഡവമാടിയപ്പോള്‍ നാരദമഹര്‍ഷി ശിവനെ സ്തുതിച്ചുവെന്നും അതിനു ശ്രുതി മീട്ടുവാന്‍ ഉപയോഗിച്ച ഉപകരണം നംധ്വനിയാണെന്നും ആ ധ്വനിയുടെ തദ്ഭവരൂപമാണ് നന്തുണി (നന്ദുണി) യെന്നും ഈ വാദ്യം മീട്ടിക്കൊണ്ട് പാടുന്ന കുറുപ്പന്മാര്‍ നാരദന്റെ പരമ്പരയില്‍പ്പെട്ടവരാണെന്നും വിശ്വസിച്ചുപോരുന്നു. നന്തുണി ഉപയോഗിച്ചു പാടുന്ന തോറ്റംപാട്ട് നന്തുണിപ്പാട്ടെന്നപേരിലും അറിയപ്പെടുന്നു. 'സാരംഗം നന്തുണി, നിറമെഴുന്തണ്ണി വീണാ പിനാകം' (തണ്ണി=ജലതരംഗം) എന്നും മറ്റും ഇതിന്റെ പരാമര്‍ശങ്ങള്‍ കാണാം.

മിഴാവ്

കൂത്തിനും കൂടിയാട്ടത്തിനും പശ്ചാത്തലവാദ്യമായി ഉപയോഗിക്കുന്ന ഒരു കേരളീയവാദ്യമാണ് മിഴാവ്. ചെമ്പുകൊണ്ട് കുടത്തിന്റെ ആകൃതിയിലുണ്ടാക്കി കാളത്തോല്‍ കൊണ്ട് മുഖംപൊതിഞ്ഞ് കഴുത്തില്‍ മുറുക്കിക്കെട്ടിയ വാദ്യമാണ് ഇത്. നാദം ശരിയായി പുറപ്പെടുവിക്കുന്നതിന് കുടത്തിന്റെ വയറില്‍ വിരല്‍ വണ്ണത്തില്‍ ദ്വാരം ഉണ്ടാക്കിയിരിക്കും. ഒരു ചെമ്പുകുടത്തിന്റെ മുന്നോ നാലോ ഇരട്ടി വലുപ്പമുള്ള ഇതിന്റെ അടിഭാഗം കോഴിമുട്ടപോലെ കൂര്‍ത്തവസാനിക്കുന്നതാണ്. നരിപിടിച്ചുകൊന്ന കാളക്കിടാവിന്റെ തോല് ഇതിന്റെ മുഖം പൊതിയുവാന്‍ അത്യുത്തമമാണെന്ന് പറയപ്പെടുന്നു. കൂത്തോ കൂടിയാട്ടമോ ആരംഭിക്കുന്നതിനു അല്പംമുമ്പ് മാത്രമാണ് ഇതിന്റെ മുഖം തോലുകൊണ്ട് മൂടിക്കെട്ടുന്നത്. ഉപയോഗം കഴിഞ്ഞാല്‍ മിക്കവാറും വായുടെ കെട്ടഴിച്ചു വയ്ക്കുകയാണ് പതിവ്. നമ്പ്യാന്മാരാണ് മിഴാവു കൊട്ടുന്നത്. കൂടിയാട്ടത്തില്‍ നായകവേഷം രംഗത്തുവരുന്നതിനു മുമ്പും കൈലാസോദ്ധാരണം മുതലായ ചില രംഗങ്ങളിലും മിഴാവില്‍ തായമ്പക നടത്താറുണ്ട്.

മൃദംഗമെന്നതിന്റെ തദ്ഭവ രൂപമാണ് മിഴാവെന്നും മൃത്തു (മണ്ണ്) കൊണ്ടുണ്ടാക്കി വന്നിരുന്നതുകൊണ്ടാണ് അതിനു മൃദംഗം എന്നു പേരുണ്ടായതെന്നും പറയപ്പെടുന്നു. അപൂര്‍വമായി മണ്ണു കൊണ്ടുണ്ടാക്കിയ മിഴാവുകളും കാണുന്നുണ്ട്. പാഞ്ഞാളില്‍ ഏകാശിതെക്കേടമെന്ന നമ്പൂതിരിഗൃഹത്തില്‍ മണ്‍മിഴാവുണ്ട്; അതിന്റെ നാദശുദ്ധി അസാധാരണവുമാണ്.


കേരളീയ വാദ്യോപകരണമായ കൊമ്പ് വെങ്കലത്തില്‍ നിര്‍മിച്ച വൃത്താകൃതിയിലുള്ള ഒരു സുഷിരവാദ്യമാണ്. ഇതിന് വായില്‍ ചേര്‍ത്തുപിടിക്കുന്ന ചെറുവിരല്‍വണ്ണത്തിലുള്ള താഴത്തെ ഭാഗം, ദ്വാരത്തിനു വിസ്താരവും വണ്ണവുമുള്ള മധ്യഭാഗം, ക്രമേണ ദ്വാരവിസ്താരവും വണ്ണവും വര്‍ധിച്ചുവരുന്ന മുകള്‍ഭാഗം എന്നിങ്ങനെ മൂന്നു ഭാഗങ്ങളുണ്ട്. ഊതേണ്ടതായി വരുമ്പോള്‍ ഈ മൂന്നു ഭാഗങ്ങളെ പിരിയിട്ടു ഘടിപ്പിക്കുന്നു. പഞ്ചവാദ്യത്തില്‍ കൊമ്പിനു പ്രധാന പങ്കുണ്ട്. കൊമ്പൂതാന്‍ ശ്വാസനിയന്ത്രണവും അഭ്യാസവും ആവശ്യമാണ്.

മറ്റൊരു കേരളീയ വാദ്യോപകരണമായ കുഴലും സുഷിരവാദ്യമാണ്. കുറുംകുഴല്‍, നെടുംകുഴല്‍, പുല്ലാങ്കുഴല്‍ എന്നീ വിഭാഗങ്ങളും ഇതിനുണ്ട്. ഇവ മൂന്നും സംഗീതോപകരണങ്ങളാണ്. കുറുംകുഴലും നെടുംകുഴലുമാണ് ക്ഷേത്രാഘോഷങ്ങളിലും മറ്റും സ്ഥാനം പിടിച്ചിട്ടുള്ളത്. തികച്ചും കേരളീയമെന്നു പറയാവുന്ന കുറുംകുഴലിനു ഒരു മുഴം നീളമുണ്ടായിരിക്കും. മുരടില്‍ ഒരുതരം പുല്ലാണ് ഊതാന്‍ ഉപയോഗിക്കുന്നത്.

(കലാമണ്ഡലം കേശവന്‍; സ.പ.)

കലാസാഹിത്യപോഷണ സംഘങ്ങള്‍

വിദ്വത്സദസ്സുകള്‍

വ്യാകരണം, മീമാംസ, തര്‍ക്കം, സാഹിത്യം, ജ്യോതിഷം, വേദാന്തം തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറിച്ച് സൂക്ഷ്മമായ പഠനങ്ങളും നിരീക്ഷണങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടിരുന്ന വേദികളായിരുന്നു കേരളത്തിലെ വിദ്വത്സദസ്സുകള്‍. ഈ വിഷയങ്ങളില്‍ വൈദുഷ്യം നേടിയ പണ്ഡിതന്മാര്‍ വാദം, ജല്പം, വിതണ്ഡ എന്നീ രീതികളെ ആശ്രയിച്ച് ഇവയില്‍ പങ്കെടുത്തിരുന്നു. ശാസ്ത്രസത്യങ്ങളും വാക്യാര്‍ഥങ്ങളും അവതരിപ്പിച്ചു ചര്‍ച്ച ചെയ്യുകയെന്നതായിരുന്നു ഇവയുടെ പൊതുസ്വഭാവം. കോഴിക്കോടു സാമൂതിരി മാനവിക്രമന്റെ വിദ്വത്സദസ്സിലെ 'പതിനെട്ടരക്കവികളും' (നോ. പതിനെട്ടരക്കവികള്‍) സാമൂതിരി രാജകുടുംബത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയിരുന്ന 'തളിയില്‍ താനം' അഥവാ 'രേവതി പട്ടത്താന'വും (നോ. രേവതി പട്ടത്താനം) സാഹിത്യ ശാസ്ത്രാദി മണ്ഡലങ്ങളില്‍ ചിരസ്മരണീയങ്ങളായ സംഭാവനകള്‍ നല്കിയിട്ടുണ്ട്. തിരുവിതാംകൂര്‍ രാജാക്കന്മാരും കൊടുങ്ങല്ലൂര്‍ രാജാക്കന്മാരും കൊച്ചി രാജാക്കന്മാരും വിദ്വത്സദസ്സുകളുടെ നടത്തിപ്പിലും വിദ്വാന്മാരുടെ പ്രോത്സാഹനപുരസ്കാരങ്ങളിലും ബദ്ധശ്രദ്ധരായിരുന്നു.

തിരുവിതാംകൂറില്‍ വിശാഖം തിരുനാള്‍ രാജാവിന്റെ കാലത്താണ് നവരാത്രി വിദ്വത്സദസ് രൂപംകൊണ്ടത്. നവരാത്രി കാലത്ത് ഒമ്പതു ദിവസവും വിവിധ വിഷയങ്ങളെ അധികരിച്ചുള്ള വാദം നടന്നുവന്നു. ഇതില്‍ പങ്കെടുക്കുന്ന പണ്ഡിതന്മാര്‍ക്ക് പണക്കിഴിയും പാരിതോഷികങ്ങളും നല്കിയിരുന്നു. പ്രസിദ്ധപണ്ഡിതന്മാരായിരുന്ന റ്റി. ഗണപതി ശാസ്ത്രി, ഉള്ളൂര്‍ പരമേശ്വരയ്യര്‍, കെ. സാംബശിവശാസ്ത്രി, രാമസ്വാമി ശാസ്ത്രി എന്നിവര്‍ ഈ സദസ്സിന്റെ അധ്യക്ഷന്മാരായിരുന്നു. തിരുവിതാംകൂറിനു പുറമേ നിന്നുള്ള പണ്ഡിതന്മാരും ഇതില്‍ പങ്കെടുത്തിരുന്നു. പ്രതിവര്‍ഷം നാലു ബാഹ്യ പണ്ഡിതന്മാരെയും നാലു തദ്ദേശീയ പണ്ഡിതന്മാരെയും സ്വര്‍ണമെഡലുകള്‍ നല്കി ബഹുമാനിച്ചാദരിക്കുകയും ചെയ്തിരുന്നു. പാണിനീയത്തിലെ 'വൃദ്ധിരാദൈച്' സൂത്രാര്‍ഥ വിചാരത്തോടുകൂടി വാദം ആരംഭിച്ച് വേദാന്തത്തിലെ ആനന്ദമയാധികരണ ചര്‍ച്ചയോടുകൂടി സമാപിക്കുകയായിരുന്നു പതിവ്. 1949-ല്‍ തിരുക്കൊച്ചി സംയോജനത്തോടുകൂടി ഈ വിദ്വത്സദസ് അവസാനിച്ചു. പിന്നീട് 1958-ല്‍ ഡോ. പി.കെ. നാരായണപിള്ളയുടെ നേതൃത്വത്തില്‍ യൂണിവേഴ്സിറ്റിയും ദേവസ്വംബോര്‍ഡും സഹകരിച്ച് നവരാത്രികാലത്ത് തിരുവനന്തപുരം സംസ്കൃത കോളജില്‍ വച്ച് നാലുദിവസത്തെ വിദ്വത്സദസ് നടത്തിപ്പോന്നു. 1964-നുശേഷം ഇതും നടക്കാതെയായി.

തൃപ്പൂണിത്തുറയിലും വിദ്വത്സദസ് നടന്നുവന്നു. പരീക്ഷിത്തുതമ്പുരാന്‍ എന്നറിയപ്പെടുന്ന രാമവര്‍മ രാജാവ് (1948-64) വിദ്വത്സദസ് വിളിച്ചുകൂട്ടുന്നതിനും ചര്‍ച്ചകളില്‍ സ്വയം പങ്കെടുക്കുന്നതിനും ഉത്സാഹിച്ചിരുന്നു. ഇദ്ദേഹം ഇതിലേക്കായി ഒരു ലക്ഷം രൂപയുടെ എന്‍ഡോവ്മെന്റ് ഏര്‍പ്പെടുത്തി. ഇപ്പോഴും തൃപ്പൂണിത്തുറ സംസ്കൃത കോളജ് കേന്ദ്രമാക്കി രണ്ടു ദിവസത്തെ സദസ് ചില കൊല്ലങ്ങളില്‍ നടത്താറുണ്ട്. ഈ സദസ്സില്‍വച്ച് സാഹിത്യനിപുണ, പണ്ഡിതരാജ ബഹുമതി ബിരുദങ്ങളും വേദാന്തമെഡലും നല്കിയിരുന്നു.

പട്ടാമ്പിയില്‍ പുന്നശ്ശേരി നമ്പി ശ്രീ നീലകണ്ഠശര്‍മയുടെ സ്മാരകമായി എല്ലാ വര്‍ഷവും വിദ്വത് സദസ്സു കൂടുവാന്‍ പദ്ധതിയിട്ടെങ്കിലും നാലുവര്‍ഷം മാത്രമേ നടന്നുള്ളൂ. ഈ സദസ്സില്‍ വേദരത്നം, ശാസ്ത്രരത്നം, സാഹിത്യരത്നം എന്നീ ബഹുമതി ബിരുദങ്ങളും മെഡലുകളും നല്കിവന്നിരുന്നു.

പട്ടത്താനം

കോഴിക്കോട്ടുള്ള തളിക്ഷേത്രത്തില്‍ വച്ച് സാമൂതിരി കോവിലകത്തു നിന്ന് ചെലവുചെയ്തു നടത്തിവന്ന ഒരടിയന്തിരമാണിത്. വിദ്വാന്മാരായ നമ്പൂതിരിമാരുടെ ഏഴു ദിവസത്തെ ഒരു സദസ് നടത്തുകയും അവസാനദിവസം അവര്‍ക്കെല്ലാം അവസ്ഥാനുസരണം ഒരു ക്ളിപ്തസംഖ്യ സംഭാവന ചെയ്യുകയും ആണ് ഇതിന്റെ പ്രധാന സ്വഭാവം. ഭട്ടന്മാര്‍ക്കുള്ള ദാനം എന്നര്‍ഥത്തില്‍ സംസ്കൃതത്തിലുള്ള ഒരു സമസ്തപദമായ 'ഭട്ടദാനം' എന്നതിന്റെ തദ്ഭവമാകുന്നു പട്ടത്താനം. തര്‍ക്കം, വ്യാകരണം, മീമാംസ എന്നീ ശാസ്ത്രങ്ങളേതെങ്കിലും പന്ത്രണ്ടുകൊല്ലത്തില്‍ കുറയാതെ അഭ്യസിച്ചിട്ടുള്ള ബ്രാഹ്മണര്‍ക്കാണ് ആദികാലങ്ങളില്‍ ഭട്ടന്മാര്‍ എന്ന ബിരുദം ലഭിച്ചിരുന്നത്. അക്കാലത്തു ശാസ്ത്രപഠനം നടത്തുന്നതിനായി കേരളത്തില്‍ ഓരോ സ്ഥലത്തും 'സഭാമഠം' എന്ന പേരില്‍ വിദ്യാലയങ്ങളുണ്ടായിരുന്നു. അവയ്ക്കുവേണ്ടി അതതു ദിക്കുകളിലെ രാജാക്കന്മാരും പ്രഭുക്കന്മാരും ധാരാളം സ്വത്ത് ദാനവും ചെയ്തിരുന്നു. കേരളത്തിലൊട്ടാകെ പതിനെട്ടു സഭാമഠങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്.

വിദ്വാത്സദസ്സിനെ ഓര്‍മപ്പെടുത്തിക്കൊണ്ട് വാതില്‍മാടത്തില്‍ നടക്കുന്ന പണക്കിഴി സമ്മാനിക്കല്‍

മുന്‍കാലങ്ങളില്‍ ഉണ്ണിനമ്പൂതിരിമാര്‍ സമാവര്‍ത്തനത്തിനുശേഷം ശാസ്ത്രാഭ്യാസം ചെയ്തു ഭട്ടസ്ഥാനം സമ്പാദിച്ചിരുന്നു. അങ്ങനെ അഭ്യസ്തവിദ്യരായ നമ്പൂതിരിമാര്‍ കൊല്ലന്തോറും തുലാമാസത്തിലെ തിരുവാതിരയ്ക്ക് ഏഴുദിവസംമുമ്പേ തുടങ്ങുന്ന തളിയിലെ വിദ്വത്സദസ്സില്‍ സന്നിഹിതരാവുകയും അവിടെ ഒരു പരീക്ഷകൂടി കഴിച്ച് വിദ്വാന്മാരായി ചാര്‍ത്തപ്പെടുകയുമായിരുന്നു പഴയ നടപടി. കാലാന്തരത്തില്‍ പന്ത്രണ്ടുകൊല്ലം കൂടുമ്പോള്‍ മാത്രമേ വിദ്വാന്മാരെ ചാര്‍ത്തുക പതിവുള്ളൂ എന്നായി. ഇത് രേവതിനാളില്‍ ആരംഭിക്കുന്നതുകൊണ്ട് ഇതിന് രേവതിപട്ടത്താനം എന്നും പേരുവന്നു.

പൂര്‍വകാലങ്ങളില്‍ കൊല്ലന്തോറും വിദ്വത്സദസ്സുകൂടി വാക്യാര്‍ഥപ്രവചനത്തില്‍ പരീക്ഷ നടത്തി വിജയികളായവര്‍ക്കു പാരിതോഷികമായി പണക്കിഴികള്‍ സമ്മാനിച്ചുവന്നിരുന്നു. ഓരോ കിഴിയില്‍ 51 പുത്തന്‍ പണം (പതിനാലു രൂപ 57 പൈസ) ഉണ്ടായിരിക്കും. പ്രാഭാകരമീമാംസയ്ക്കും ഭാട്ടമീമാംസയ്ക്കും പന്ത്രണ്ടു വീതവും വ്യാകരണത്തിനു ഒമ്പതും വേദാന്തത്തിനു പതിമൂന്നും അങ്ങനെ 46 ആയിരുന്നു കിഴികളുടെ സംഖ്യ. കൊ.വ. 854 (1679)-ല്‍ 43 കിഴികള്‍ സമ്മാനിച്ചതായി രേഖയുണ്ട്. തളിയിലമ്പലത്തിന്റെ തെക്കേവാതില്‍മാടത്തിന്റെ തെക്കേ അറ്റത്ത് പ്രാഭാകരമീമാംസയിലും വടക്കേ വാതില്‍മാടത്തിന്റെ തെക്കേ അറ്റത്ത് വ്യാകരണത്തിലും പരീക്ഷകള്‍ നടന്നിരുന്നു. ടിപ്പുവിന്റെ ആക്രമണത്തോടുകൂടി നാമാവശേഷമായിത്തീര്‍ന്ന ഈ ഏര്‍പ്പാട് കൊ.വ. 1031-ല്‍ (1856) അന്തരിച്ച കുഞ്ഞുണ്ണിത്തമ്പുരാന്റെ വാഴ്ചക്കാലത്ത് പുനരുദ്ധൃതമായി. ഇദ്ദേഹം വിദുഷിയായ മനോരമത്തമ്പുരാട്ടിയുടെ പുത്രനായിരുന്നു. അന്നുമുതല്‍ 1034-മാണ്ടുവരെ പട്ടത്താനം ഒരടിയന്തിരമെന്ന നിലയില്‍ അനുഷ്ഠിച്ചു വന്നിരുന്നു. എങ്കിലും പന്ത്രണ്ടുവര്‍ഷത്തിലൊരിക്കല്‍ മാത്രമേ വിദ്വത്പരീക്ഷ നടത്തിയിരുന്നുള്ളൂ. പണ്ഡിതസദസ്സില്‍ പരമ്പരയാ ആധ്യക്ഷ്യം വഹിച്ചിരുന്നത് പയ്യൂര്‍ പട്ടേരിമാര്‍ ആയിരുന്നു. പതിനൊന്നാം ശതകത്തിലെ പരിഷ്കാരത്തില്‍ ആ മാന്യസ്ഥാനം നാമറരി (കൂടല്ലൂര്‍) മനയ്ക്കു സിദ്ധിച്ചു. 1934-നുശേഷം നടക്കാതിരുന്ന ഈ പട്ടത്താനം 1980-ല്‍ സാമൂതിരിയുടെ ആഭിമുഖ്യത്തില്‍ത്തന്നെ പുനരാരംഭിച്ചു. 1983-ലും 1985-ലും 1986-ലും ഇതു തുടര്‍ന്നു നടന്നു.

പ്രാചീനകാലത്ത് തെക്കന്‍ കേരളത്തിലുണ്ടായിരുന്ന ശാലകളെപ്പോലെ ഉത്തര-മധ്യകേരളത്തില്‍ സഭാമഠങ്ങള്‍ വിദ്യാകേന്ദ്രങ്ങളായിരുന്നു. ഈ വിദ്യാകേന്ദ്രങ്ങളോടനുബന്ധിച്ചും വിദ്വത്സദസ്സുകളും കൂടിയിരുന്നു. അന്നും നിലവിലിരുന്ന വേദപരീക്ഷ, സൂക്ഷ്മമായ പഠനത്തിന്റെ മാറ്റുരച്ചുനോക്കുന്നതിനുള്ള സന്ദര്‍ഭം കൂടിയായിരുന്നു. വാരമിരിക്കുക, രഥചൊല്ലുക, ജടചൊല്ലുക എന്നിവയായിരുന്നു മത്സരപരീക്ഷകള്‍. ഇവയില്‍ കടവല്ലൂരില്‍ നടന്നിരുന്ന വേദപരീക്ഷയായിരുന്നു ഏറെ പ്രസിദ്ധം. ഇത് കടവല്ലൂര്‍ അന്യോന്യം എന്നറിയപ്പെട്ടിരുന്നു.

ബഹുമതികള്‍

രാജാക്കന്മാരും പ്രഭുക്കന്മാരും വിദ്വാന്മാര്‍ക്കും സാഹിത്യകാരന്മാര്‍ക്കും കലാകാരന്മാര്‍ക്കും മറ്റും ബഹുമതികള്‍ നല്കുന്ന പതിവ് പണ്ടുമുതലുള്ളതാണ്. ആസ്വാദകവൃന്ദം ദീപശിഖാ കാളിദാസന്‍, ഇന്ദുമുരാരി, ആതപത്രഭാരവി, ഘണ്ടാമാഘന്‍, താലരത്നാകരന്‍, യമുനാത്രിവിക്രമന്‍, നിശാനാരായണന്‍, തുരഗബാണന്‍, ഭുവനഭൂതി ശക്തിഭദ്രന്‍, രത്നഖേടന്‍, വേണീകൃപാണന്‍ എന്നിങ്ങനെ സംസ്കൃതകവികളെ അനേക ബിരുദങ്ങള്‍ നല്കി ബഹുമാനിച്ചാദരിച്ചിട്ടുണ്ട്. അതുപോലെ കേരളത്തിലെ രാജാക്കന്മാരും വിദ്വത്സദസ്സുകളും കവികളെയും പണ്ഡിതന്മാരെയും ബിരുദങ്ങള്‍ നല്കിയും വീരശൃംഖലകള്‍ നല്കിയും ബഹുമാനിച്ചിരുന്നു. കൊച്ചി വലിയതമ്പുരാക്കന്മാര്‍ കവിസാര്‍വഭൗമന്‍, കവിതിലകന്‍, സാഹിത്യകുശലന്‍ മുതലായ ബിരുദങ്ങള്‍ നല്കി വള്ളത്തോള്‍, ഉള്ളൂര്‍, വടക്കുംകൂര്‍ രാജരാജവര്‍മ, കൊട്ടാരത്തില്‍ ശങ്കുണ്ണി, പന്തളം കേരളവര്‍മ, സി.വി. രാമന്‍പിള്ള, പുത്തേഴത്തു രാമന്‍മേനോന്‍, ടി.കെ. കൃഷ്ണമേനോന്‍ മുതലായവരെ ആദരിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറ പണ്ഡിതസദസ്സില്‍ നിന്ന് പി.എസ്. അനന്തനാരായണശാസ്ത്രിക്ക് പണ്ഡിതരാജ ബിരുദം നല്കി. വി. ഉണ്ണിക്കൃഷ്ണന്‍ നായര്‍, വെണ്ണിക്കുളം ഗോപാലക്കുറുപ്പ്, കൈപ്പള്ളി വാസുദേവന്‍ മൂസ്സത്, അച്യുതപ്പിഷാരൊടി മുതലായവരെയും തൃപ്പൂണിത്തുറ വിദ്വത്സദസ് ഇതേമാതിരി ബഹുമാനിക്കുകയുണ്ടായി.

ചിത്തിരതിരുനാള്‍ രാജാവ് ഉള്ളൂരിന് മഹാകവിസ്ഥാനവും മുന്‍ ദിവാന്‍ വി.എസ്. സുബ്രഹ്മണ്യയ്യര്‍ക്ക് രാജ്യഭാരധുരന്ധര ബഹുമതിയും നല്കി. 'രാജ്യസേവാനിരത' ബിരുദം അന്നത്തെ പ്രധാന ഉദ്യോഗസ്ഥന്മാരില്‍ പലര്‍ക്കും പൗരപ്രമുഖന്മാര്‍ക്കും സമ്മാനിച്ചിരുന്നു. ദിവാന്‍ ഹബീബുള്ളയെ 'നവാബ്' ബിരുദവും സി.പി. രാമസ്വാമി അയ്യരെ 'സചിവോത്തമ' ബിരുദവും നല്കി ബഹുമാനിച്ചു.

ബ്രിട്ടീഷ് വാഴ്ചക്കാലത്ത് സംസ്കൃതപണ്ഡിതന്മാര്‍ക്ക് മഹാമഹോപാധ്യായ ബിരുദം നല്കിവന്നിരുന്നു. കേരളത്തില്‍ കൊടുങ്ങല്ലൂര്‍ ഭട്ടന്‍ തമ്പുരാനും കിള്ളിമംഗലം നാരായണന്‍ നമ്പൂതിരിപ്പാടും തിരുവനന്തപുരം ഹസ്തലിഖിത ഗ്രന്ഥശാലയുടെ ആദ്യകാലത്തെ ക്യൂറേറ്റര്‍ ആയിരുന്ന ടി. ഗണപതിശാസ്ത്രികളും ആ ബിരുദം നേടിയവരാണ്.

മാനവിക്രമ ഏട്ടന്‍ തമ്പുരാന്‍ ആര്‍.വി. കൃഷ്ണമാചാര്യരെ 'അഭിനവഭട്ടബാണണ്‍' എന്ന ബിരുദം നല്കി ആദരിച്ചിട്ടുണ്ട്. രാജാക്കന്മാര്‍ പൗരപ്രമാണികള്‍ക്കും മറ്റും പണിക്കര്‍, തണ്ടാര്‍ മുതലായ പല സ്ഥാനപ്പേരുകളും നല്കിയിരുന്നതായി ചരിത്രരേഖകളില്‍ കാണുന്നു.

(വി.ആര്‍. പരമേശ്വരന്‍ പിള്ള)

അവാര്‍ഡുകള്‍/പുരസ്കാരങ്ങള്‍

കേരളസാഹിത്യഅക്കാദമി അവാര്‍ഡ്. കേരളസംസ്ഥാനം നിലവില്‍വന്നതിനുശേഷം മലയാളഭാഷയെയും സംസ്കാരത്തെയും ഇതര കലകളെയും പ്രോത്സാഹിപ്പിക്കുന്നതിന്റെയും സംരക്ഷിക്കുന്നതിന്റെയും ഭാഗമായി ഗവണ്‍മെന്റ് വിവിധ അക്കാദമികള്‍ക്കും സ്ഥാപനങ്ങള്‍ക്കും രൂപം നല്‍കുകയുണ്ടായി. ഇത്തരത്തില്‍ നിലവില്‍ വന്ന കേരളസാഹിത്യഅക്കാദമി, 1958 മുതല്‍ നോവലിനും, നാടകരചനയ്ക്കും 1959 മുതല്‍ കവിതയ്ക്കും 1966 മുതല്‍ ചെറുകഥ, നിരൂപണം, പഠനം എന്നിവയ്ക്കും 1989 മുതല്‍ വൈജ്ഞാനിക സാഹിത്യത്തിനും, 1992 മുതല്‍ ജീവചരിത്രം/ആത്മകഥ, ഹാസ്യസാഹിത്യം, വിവര്‍ത്തനം, സമഗ്രസംഭാവന എന്നിവയ്ക്കും 1995 മുതല്‍ യാത്രാവിവരണത്തിനും അവാര്‍ഡ് (കേരളസാഹിത്യഅക്കാദമി അവാര്‍ഡ്) നല്‍കിവരുന്നു. കൂടാതെ 1959 മുതല്‍ ബാലസാഹിത്യത്തിന് ശ്രീപദ്മനാഭസ്വാമി എന്‍ഡോവ്മെന്റും, വ്യാകരണം-ഭാഷാശാസ്ത്രം എന്നിവയ്ക്ക് 1976 മുതല്‍ ഐ.സി. ചാക്കോ എന്‍ഡോവ്മെന്റും ഉപന്യാസത്തിന് 1976 മുതല്‍ സി.ബി. കുമാര്‍ എന്‍ഡേവ്മെന്റും വൈദികസാഹിത്യത്തിന് 1977 മുതല്‍ കെ.ആര്‍ നമ്പൂതിരി എന്‍ഡോവ്മെന്റും, നിരൂപണത്തിന് കുറ്റിപ്പുഴ എന്‍ഡോവ്മെന്റും, വൈജ്ഞാനിക സാഹിത്യത്തിന് 1996 മുതല്‍ ജി.എന്‍. പിള്ള സ്മാരക അവാര്‍ഡും, നാടകത്തിന് 1989 മുതല്‍ നാടകവേദി (ബോംബെ) അവാര്‍ഡും, കവിതയ്ക്ക് 1990 മുതല്‍ കനകശ്രീ അവാര്‍ഡും. ചെറുകഥയ്ക്ക് 2003 മുതല്‍ ഗീതാഹിരണ്യന്‍ അവാര്‍ഡും നോവല്‍ പഠനത്തിന് 2000 മുതല്‍ വിലാസിനി അവാര്‍ഡും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

എഴുത്തച്ഛന്‍ പുരസ്കാരം

മലയാളഭാഷയ്ക്കും സാഹിത്യത്തിനും മികച്ച സംഭാവനകള്‍ നല്‍കിയ ഗുരുസ്ഥാനീയരായ എഴുത്തുകാരെ ആദരിക്കാന്‍ കേരളസര്‍ക്കാര്‍ 1993 മുതല്‍ ഏര്‍പ്പെടുത്തിയ ബഹുമതിയാണ് എഴുത്തച്ഛന്‍ പുരസ്കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങിയതാണ് ഈ പുരസ്കാരം.

ചിത്രം:561 Scree.png‎

വള്ളത്തോള്‍ പുരസ്കാരം

വള്ളത്തോള്‍ നാരായണമേനോന്റെ സ്മരണാര്‍ഥം വള്ളത്തോള്‍ സാഹിത്യസമിതി 1991 മുതല്‍ നല്കിവരുന്ന ബഹുമതിയാണ് വള്ളത്തോള്‍ പുരസ്കാരം. 1,11,111 രൂപയാണ് അവാര്‍ഡ് തുക. പാലാനാരായണന്‍ നായര്‍ക്കാണ് ആദ്യമായി ഈ അവാര്‍ഡ് ലഭിച്ചത്.

വയലാര്‍ അവാര്‍ഡ്

മലയാള സാഹിത്യരംഗത്തെ ഏറ്റവും ശ്രദ്ധേയമായ ബഹുമതിയാണ് 1977 മുതല്‍ നിലവില്‍ വന്ന വയലാര്‍ അവാര്‍ഡ്. വയലാര്‍ രാമവര്‍മയുടെ സ്മരണാര്‍ഥം വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയിട്ടുള്ള ഈ അവാര്‍ഡ് എല്ലാവര്‍ഷവും ഒക്ടോബര്‍ 27-നാണ് (വയലാര്‍ അന്തരിച്ച ദിവസം) നല്കിവരുന്നത്. ആദ്യ വയലാര്‍ അവാര്‍ഡ് (1977) ലളിതാംബിക അന്തര്‍ജനത്തിന്റെ അഗ്നിസാക്ഷിക്കായിരുന്നു.

ഓടക്കുഴല്‍ അവാര്‍ഡ്

മഹാകവി ജി. ശങ്കരക്കുറുപ്പിന് ലഭിച്ച ജ്ഞാനപീഠം അവാര്‍ഡിന്റെ തുകയില്‍ നിന്ന് ഒരു നിശ്ചിത സംഖ്യ സ്ഥിരമായി നിക്ഷേപിച്ചുകൊണ്ട് ജി. ശങ്കരക്കുറുപ്പ് ഏര്‍പ്പെടുത്തിയ ഈ അവാര്‍ഡ് എല്ലാവര്‍ഷവും മലയാളത്തിലെ മികച്ച കൃതിക്ക് നല്‍കിവരുന്നു. 1969 മുതല്‍ക്കാണ് ഇത് നിലവില്‍ വന്നത്. വെണ്ണിക്കുളം ഗോപാലക്കുറുപ്പായിരുന്നു ആദ്യ ഓടക്കുഴല്‍ അവാര്‍ഡ് (1969) ജേതാവ്.

ആശാന്‍ പ്രൈസ്

ചെന്നൈയിലെ ആശാന്‍ മെമ്മോറിയല്‍ അസോസിയേഷന്‍ മലയാളത്തിലെ മികച്ച കവികള്‍ക്ക് നല്കിവരുന്ന പുരസ്കാരം. 1989-ല്‍ നിലവില്‍ വന്നു. എന്‍.എന്‍ കക്കാട് ആയിരുന്നു ആദ്യ ആശാന്‍ പ്രൈസ് ജേതാവ്.


ഇവകൂടാതെ പി. കുഞ്ഞിരാമന്‍നായര്‍ സ്മാരകട്രസ്റ്റ് 1996 മുതല്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പി. കുഞ്ഞിരാമന്‍ നായര്‍ കവിതാപുരസ്കാരം, പൊന്നാനി ഇടശ്ശേരി സ്മാരക സമിതി 1982 മുതല്‍ നല്‍കിവരുന്ന ഇടശ്ശേരി അവാര്‍ഡ്, സമസ്തകേരള സാഹിത്യപരിഷത്ത് 1988 മുതല്‍ നല്‍കിവരുന്ന അവാര്‍ഡ് (2004 മുതല്‍ സമഗ്രസംഭാവനയ്ക്കാണ് അവാര്‍ഡ് നല്‍കുന്നത്), ലളിതാംബിക അന്തര്‍ജനം സ്മാരക സമിതി 1992 മുതല്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ലളിതാംബിക സാഹിത്യ പുരസ്കാരം, പെരിന്തല്‍മണ്ണയിലെ ചെറുകാട് സ്മാരകട്രസ്റ്റ് 1978 മുതല്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ചെറുകാട് അവാര്‍ഡ്, മുട്ടത്തുവര്‍ക്കി ഫൗണ്ടേഷന്‍ 1992 മുതല്‍ നല്‍കിവരുന്ന മുട്ടത്തുവര്‍ക്കി അവാര്‍ഡ്, വടകര വി.ടി. കുമാരന്‍ സ്മാരക ട്രസ്റ്റ് മികച്ച കവിതയ്ക്ക് 1987 മുതല്‍ ഏര്‍പ്പെടുത്തിയിട്ടുള്ള വി.ടി. കുമാരന്‍ മാസ്റ്റര്‍ പുരസ്കാരം, സാംസ്കാരിക സാഹിതി 2006 മുതല്‍ നല്‍കിവരുന്ന പനമ്പിള്ളി പ്രതിഭാപുരസ്കാരം, തിരുവനന്തപുരം പത്മരാജന്‍ സ്മാരകട്രസ്റ്റ് ചെറുകഥയ്ക്ക് 1992 മുതല്‍ ഏര്‍പ്പെടുത്തിയ പത്മരാജന്‍ പുരസ്കാരം, അബുദാബി ശക്തി അവാര്‍ഡ് കമ്മിറ്റി സാഹിത്യനിരൂപണത്തിന് 1989 മുതല്‍ ഏര്‍പ്പെടുത്തിയിട്ടുള്ള തായാട്ട് അവാര്‍ഡ്, സര്‍ഗാത്മക സാഹിത്യരംഗത്ത് പ്രാഗല്ഭ്യം തെളിയിച്ചവരെ ആദരിക്കുന്നതിനായി 2000 മുതല്‍ മാതൃഭൂമി നല്‍കി വരുന്ന മാതൃഭൂമി സാഹിത്യ പുരസ്കാരം, മുന്‍മന്ത്രിയും സാഹിത്യ-സാംസ്കാരിക പ്രവര്‍ത്തകനുമായ ടി.കെ. രാമകൃഷ്ണന്റെ സ്മരണാര്‍ഥം അബുദാബി ശക്തി അവാര്‍ഡ് കമ്മിറ്റി 2007-ല്‍ ഏര്‍പ്പെടുത്തിയ ടി.കെ. രാമകൃഷ്ണന്‍ പുരസ്കാരം, പത്മപ്രഭ സ്മാരകട്രസ്റ്റ് 1996 മുതല്‍ നല്‍കിവരുന്ന പത്മപ്രഭ പുരസ്കാരം, കലാസാംസ്കാരിക സാമൂഹികരംഗത്തെ സമര്‍പ്പിത വ്യക്തിത്വങ്ങളെയും പ്രസ്ഥാനങ്ങളെയും ആദരിക്കുന്നതിനായി 1997-ല്‍ നിലവില്‍ വന്ന ദലപുരസ്കാരം തുടങ്ങിവയും മലയാള സാഹിത്യരംഗത്തെ പ്രമുഖ ബഹുമതികളാണ്.

മലയാള സിനിമയില്‍ ഓരോ വര്‍ഷവും വിവിധ മേഖലയിലുള്ള മികവിന് കേരള ചലച്ചിത്ര അക്കാദമി നല്‍കിവരുന്ന കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്, സമഗ്ര സംഭാവനയ്ക്കായുള്ള ജെ.സി. ഡാനിയല്‍ അവാര്‍ഡ് എന്നിവ ശ്രദ്ധേയമാണ്. നാടകരംഗത്തെ മികവിനും വിവിധ അഭിനയ അവതരണരചനാരംഗത്തെ മികവിനും ഓരോ വര്‍ഷവും കേരള സംഗീത നാടകഅക്കാദമി അവാര്‍ഡുകള്‍, ഫെലോഷിപ്പുകള്‍, ഗുരുപൂജാ പുരസ്കാരങ്ങള്‍ എന്നിവ നല്‍കുന്നു. ചിത്ര-ശില്പകലാരംഗത്തെ മികവിന് കേരള ലളിതകലാ അക്കാദമി നല്‍കിവരുന്ന അവാര്‍ഡുകള്‍, എന്‍ഡോവ്മെന്റുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവ, നാടന്‍കലാരംഗത്തെ മികവിന് കേരള ഫോക്ലോര്‍ അക്കാദമി നല്‍കി വരുന്ന കേരള ഫോക്ലോര്‍ അക്കാദമി അവാര്‍ഡ്, വിവിധ വൈജ്ഞാനിക മേഖലകളിലെ മികച്ച രചന, രൂപകല്പന എന്നിവയ്ക്ക് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടും കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടും നല്‍കിവരുന്ന അവാര്‍ഡുകള്‍, മികച്ച പത്രപ്രവര്‍ത്തനത്തിന് കേരള പ്രസ് അക്കാദമി നല്കിവരുന്ന അവാര്‍ഡ് തുടങ്ങിയവയാണ് ശ്രദ്ധേയമായ ഇതര അവാര്‍ഡുകള്‍.

സംഘടനകള്‍, സ്മാരകങ്ങള്‍

ഭാഷാപോഷിണിസഭ

മലയാള മനോരമ ദിനപത്രം തുടങ്ങി (1890 മാ. 22) രണ്ടുകൊല്ലം കഴിഞ്ഞപ്പോള്‍ അതിന്റെ കവിതാപംക്തിയില്‍ എഴുതുന്ന കവികള്‍ക്ക് ഒരുമിച്ചുകൂടാന്‍ ഒരു വേദി വേണമെന്നു കുമാരമംഗലത്തു നീലകണ്ഠന്‍ നമ്പൂതിരിപ്പാട് ഒരു ലേഖനത്തില്‍ക്കൂടി അഭിപ്രായപ്പെടുകയും കേരളവര്‍മ വലിയകോയിത്തമ്പുരാന്‍, കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ മുതലായവര്‍ അതിനെ പിന്താങ്ങുകയും ചെയ്തതിന്റെ ഫലമായി ഭാഷാകവിസമാജം എന്നൊരു സംഘടന രൂപം പ്രാപിച്ചു. കൊല്ലം 1067 (1891) വൃശ്ചികം 11, 12, 13 തീയതികളില്‍ ആയിരുന്നു കവിസമാജത്തിന്റെ ആദ്യസമ്മേളനം. കോട്ടയത്തു മനോരമ ആഫീസിന്റെ മുന്‍വശത്ത് സജ്ജീകരിച്ച പന്തലില്‍ ഏ.ആര്‍. രാജരാജവര്‍മയുടെ അധ്യക്ഷതയില്‍ നടന്ന ആദ്യസമ്മേളനത്തില്‍ത്തന്നെ സംഘടനയുടെ പേര് 'ഭാഷാപോഷിണി' എന്നാക്കണമെന്ന് പുന്നശ്ശേരി നമ്പി നീലകണ്ഠശര്‍മ നിര്‍ദേശിച്ചു. മൂന്നു ദിവസത്തെ സമ്മേളനങ്ങള്‍ക്കിടയില്‍ വിശദമായ ചര്‍ച്ചകള്‍ക്കുശേഷം പുതിയ പേര് അംഗീകരിക്കപ്പെട്ടു. ഇങ്ങനെയാണ് ഭാഷാപോഷിണിയുടെ ഉദ്ഭവം. സമ്മേളനം വിളിച്ചുകൂട്ടിയ മനോരമ പത്രാധിപര്‍ കണ്ടത്തില്‍ വറുഗീസ് മാപ്പിളയായിരുന്നു ഭാഷാപോഷിണിയുടെ പ്രഥമ കാര്യദര്‍ശി; കേരള വര്‍മ വലിയകോയിത്തമ്പുരാന്‍ അധ്യക്ഷനുമായി. സമ്മേളനത്തോടനുബന്ധിച്ച് കവിതാരചന, നാടകരചന മുതലായവയില്‍ മത്സരപ്പരീക്ഷകളും നടന്നു. കെ.സി. കേശവപിള്ള കവിതയില്‍ (ഘടികാവിശംതി) പ്രഥമസ്ഥാനം നേടി. കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ നാടകരചനയിലും (തമ്പുരാന്റെ ഗംഗാവതരണം നാടകം ഭാഷാപോഷിണി ഒന്നാം സമ്മേളനത്തിന്റെ വിശ്രമവേളകളില്‍ എഴുതിത്തീര്‍ത്തു മത്സരത്തിന് സമര്‍പ്പിച്ചതാണ്) കൊട്ടാരത്തില്‍ ശങ്കുണ്ണി കവിതാചാതുര്യപരീക്ഷയിലും. സമ്മേളനം പിരിഞ്ഞതിനുശേഷവും അതിനെ ആസ്പദമാക്കി കെ.സി. കേശവപിള്ള കവിസമാജയാത്രാശതകം എന്നൊരു ഖണ്ഡകാവ്യവും ചങ്ങനാശ്ശേരി രവിവര്‍മ കോയിത്തമ്പുരാന്‍ കവിസഭാരഞ്ജനം എന്നൊരു നാടകവും എഴുതി പ്രസിദ്ധപ്പെടുത്തുകയുണ്ടായി.

ഭാഷാപോഷിണിയുടെ രണ്ടാം സമ്മേളനം അക്കൊല്ലം മേടമാസത്തില്‍ (22,23,24 തിയതികളില്‍) സി.പി. അച്യുതമേനോന്റെ മേല്‍നോട്ടത്തില്‍ തൃശൂരില്‍ വച്ചുനടന്നു. ആ യോഗത്തില്‍ വച്ചാണ് സഭയ്ക്കു ഒരു മുഖപത്രം വേണമെന്ന ആശയമുദിച്ചതും നാലു മാസത്തിലൊരിക്കല്‍ ഭാഷാപോഷിണി പ്രസിദ്ധീകരിക്കുവാന്‍ തീരുമാനിച്ചതും. സഭയുടെ മൂന്നാം സമ്മേളനം കൊ.വ. 1069 (1893) തുലാമാസത്തില്‍ (25,26,27) മാനവിക്രമ ഏട്ടന്‍ തമ്പുരാന്റെ മേല്‍നോട്ടത്തില്‍ കോഴിക്കോട്ടു നടന്നു. മനോരമയുടെയും ഭാഷാപോഷിണിയുടെയും വളര്‍ച്ചയില്‍ അസൂയാലുക്കളായ ചിലരുടെ വിമര്‍ശനം അസഹ്യമായി കരുതിയ കണ്ടത്തില്‍ വറുഗീസ് മാപ്പിള കാര്യദര്‍ശി സ്ഥാനം രാജിവയ്ക്കുകയും തത്സ്ഥാനത്തേക്ക് വിദ്യാവിനോദിനി പത്രാധിപരായ സി.പി. അച്യുതമേനോന്‍ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അന്നുമുതല്‍ വിദ്യാവിനോദിനി മാസിക ഭാഷാപോഷിണിസഭ വക എന്ന മേലെഴുത്തോടുകൂടി പ്രസിദ്ധീകരിക്കുവാന്‍ തുടങ്ങി. എന്നാല്‍ വിദ്യാവിനോദിനിയുടെ വളര്‍ച്ചയ്ക്കല്ലാതെ ഭാഷാപോഷിണിയുടെ വളര്‍ച്ചയ്ക്കു ഈ സംരംഭം ഉപകരിക്കുന്നില്ലെന്നു താമസിയാതെ എല്ലാവര്‍ക്കും ബോധ്യമായി. ഒരുകൊല്ലം കഴിഞ്ഞ് മാസികയുടെ മേലെഴുത്തും അപ്രത്യക്ഷമായി. തുടര്‍ന്നു നാലാം സമ്മേളനത്തില്‍ വച്ച് വലിയകോയിത്തമ്പുരാന്‍ മുതലായവരുടെ നിര്‍ബന്ധത്തിനു വഴങ്ങിയ വറുഗീസ് മാപ്പിള വീണ്ടും ഭാഷാപോഷിണിയുടെ കാര്യദര്‍ശിസ്ഥാനം ഏറ്റെടുത്തു. ഇതിനെത്തുടര്‍ന്ന് ഇടയ്ക്കു നിന്നുപോയ ഭാഷാപോഷിണി മാസികയായി പ്രസിദ്ധീകരിക്കുവാനുമാരംഭിച്ചു. ഇങ്ങനെ 1072 (1896) കന്നിമാസത്തില്‍ ഭാഷാപോഷിണി മാസികാരൂപത്തില്‍ വീണ്ടും പുറത്തുവന്നു.

സഭയുടെ അഞ്ചാം സമ്മേളനം വറുഗീസ് മാപ്പിളയുടെ പരിശ്രമത്തില്‍ 1073-ല്‍ (1898) കോട്ടയത്തുചേര്‍ന്നു. കേരള വര്‍മ വലിയകോയിത്തമ്പുരാനായിരുന്നു പൊതുസമ്മേളനാധ്യക്ഷന്‍. സഭയുടെ ഊര്‍ജസ്വലമായ പ്രവര്‍ത്തനത്തിനുവേണ്ടി അമ്പതോളം സാഹിത്യകാരന്മാരടങ്ങുന്ന ഒരു പ്രവര്‍ത്തകസമിതിയെയും അവിടെ വച്ചു തെരഞ്ഞെടുത്തു. 1075-ല്‍ (1900) തിരുവനന്തപുരത്തുവച്ച് ആറാം സമ്മേളനവും 1079-ല്‍ (1903) ചിങ്ങത്തില്‍ തലശ്ശേരിയില്‍ വച്ച് ഏഴാം സമ്മേളനവും നടന്നു. അക്കൊല്ലം മിഥുനമാസത്തില്‍ കണ്ടത്തില്‍ വറുഗീസ് മാപ്പിള നിര്യാതനായി. അതോടെ ഭാഷാപോഷിണിയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ആളില്ലെന്നായി. 1081-ല്‍ (1906) തിരുവനന്തപുരത്തു വച്ച് നാമമാത്രമായി എട്ടാം സമ്മേളനം നടന്നു. 1082(1907)-ല്‍ ആരംഭിച്ച വൈക്കം സന്മാര്‍ഗപോഷിണിസഭ ഭാഷാപോഷിണിയുടെ ഒമ്പതാം സമ്മേളനം ഏതാനും കൊല്ലങ്ങള്‍ക്കുശേഷം 1086(1911)-ല്‍ വൈക്കത്തുവച്ചു നടത്തുവാന്‍ തയ്യാറായി മുന്നോട്ടുവന്നു. സാഹിത്യകുശലന്‍ ടി.കെ. കൃഷ്ണമേനവനും സാഹിത്യസഖി ടി.സി. കല്യാണിയമ്മയും പങ്കെടുത്തു. ഒമ്പതാം സമ്മേളനത്തില്‍ വലിയ കോയിത്തമ്പുരാന്‍ ആ ദമ്പതികളെ ആശീര്‍വദിച്ചുകൊണ്ടു ചൊല്ലിയ സംസ്കൃതശ്ലോകം പ്രസിദ്ധമാണ് (പരേസ്പരതപസ്സമ്പത്ഫലായിതപരസ്പരൗ, വിദധാ തേ മമാനന്ദം കല്യാണീകൃഷ്ണമേനവൗ). ഒമ്പതാം സമ്മേളനത്തോടുകൂടി സഭയുടെ പ്രവര്‍ത്തനം നിലച്ചു. എങ്കിലും ഭാഷാപോഷിണി മാസികയുടെ പ്രസിദ്ധീകരണം കുറേക്കാലം കൂടി തുടര്‍ന്നു. പിന്നീട് അതും ഇല്ലാതായി. തലമുറകളുടെ ഇടവേളയ്ക്കുശേഷം വറുഗീസ് മാപ്പിളയുടെ പ്രപൗത്രനായ കെ.എം. മാത്യുവിന്റെ ഉത്സാഹത്തില്‍ ഭാഷാപോഷിണി മാസികയായി ഇപ്പോള്‍ പുനഃപ്രസിദ്ധീകരിക്കുന്നുണ്ട്.

സമസ്തകേരളസാഹിത്യപരിഷത്ത്

ഇരുപതു വര്‍ഷത്തെ പ്രവര്‍ത്തനവും ഒമ്പതു മഹാസമ്മേളനവും കൊണ്ട് സാഹിത്യചരിത്രത്തില്‍ ഉജ്വലമായ ഒരധ്യായം രചിച്ച ഭാഷാപോഷിണിയുടെ തിരോധാനത്തിനുശേഷം 16 സംവത്സരം കഴിഞ്ഞാണ് സമസ്ത കേരളീയമായ ഒരു സാഹിത്യസംഘടന ആവിര്‍ഭവിച്ചത്. ഭരണപരമായി കേരളം മൂന്നു ഖണ്ഡങ്ങളായി പിരിഞ്ഞിരുന്ന കാലത്ത് സമസ്തകേരള സാഹിത്യപരിഷത്തിന്റെ ആവിര്‍ഭാവം കേരളീയരുടെ ഐക്യവാഞ്ഛയുടെ ഒരു പ്രതീകമായിരുന്നു. 1926-ല്‍ മേലങ്ങത്ത് അച്യുതമേനോന്‍ മുതലായവര്‍ ആരംഭിച്ച ഇടപ്പള്ളി സാഹിത്യസമാജത്തിന്റെ കാര്യദര്‍ശി ഇടപ്പള്ളി കൃഷ്ണരാജാവിന്റെ പുത്രന്‍ പി. കരുണാകരമേനോനായിരുന്നു. പ്രസ്തുത സമാജത്തിന്റെ 12-ാം മഹാസമ്മേളനം കേരളത്തിന്റെ നാനാഭാഗത്തു നിന്നും പ്രമുഖ സാഹിത്യകാരന്മാരെ ക്ഷണിച്ചുവരുത്തി ഒരു വാര്‍ഷിക മഹാമഹമായി ആഘോഷിക്കാന്‍ തീരുമാനിച്ചു. അങ്ങനെ 1927 ഏ. 27-ന് ആരംഭിച്ച സമ്മേളനം മൂന്നു ദിവസം നീണ്ടുനിന്നു. 29-നു ഉച്ച കഴിഞ്ഞു നടന്ന സമാപനസമ്മേളനത്തിലാണ് സംഘടനയെ വികസിപ്പിച്ച് സമസ്തകേരളസാഹിത്യപരിഷത്ത് എന്നു നാമകരണം ചെയ്യാന്‍ തീരുമാനിച്ചത്. എം. രാമവര്‍മ തമ്പാനായിരുന്നു യോഗാധ്യക്ഷന്‍. സാഹിത്യപരിഷത്തിന്റെ ഒന്നാം സമ്മേളനമായി ഗണിക്കപ്പെടുന്നത് ഇടപ്പള്ളി സാഹിത്യസമാജത്തിന്റെ വാര്‍ഷികമാണ്.

1927 ഡിസംബറില്‍ തൃശൂരില്‍ വച്ചും 1928-ല്‍ കോട്ടയ്ക്കല്‍ വച്ചും 1929-ല്‍ തിരുവനന്തപുരത്തുവച്ചും 1930-ല്‍ കൊല്ലത്തുവച്ചും നടന്ന വാര്‍ഷികസമ്മേളനങ്ങള്‍ ചരിത്രപ്രധാനങ്ങളാണ്. മൂര്‍ക്കോത്തു കുമാരന്‍, സി.പി. അച്യുതമേനോന്‍, മള്ളൂര്‍ ഗോവിന്ദപ്പിള്ള, കെ.സി. മാമ്മന്‍മാപ്പിള, ബി. കല്യാണിയമ്മ, സി.എസ്. സുബ്രഹ്മണ്യന്‍ പോറ്റി, ഐ.സി. ചാക്കോ, ഉള്ളൂര്‍ പരമേശ്വരയ്യര്‍, വള്ളത്തോള്‍ നാരായണമേനോന്‍ മുതലായ പ്രഗദ്ഭമതികളായിരുന്നു വിവിധ സമ്മേളനങ്ങളില്‍ ആധ്യക്ഷ്യം വഹിച്ചത്.

ഉള്ളൂര്‍ സ്ഥിരാധ്യക്ഷനും എ.ഡി. ഹരിശര്‍മ കാര്യദര്‍ശിയുമായിരുന്ന കാലത്താണ് (1931 ഡി. 28, 29, 30 തീയതികളില്‍) ഏറണാകുളം മഹാരാജാസ് കോളജില്‍ വച്ച് ആറാം വാര്‍ഷികസമ്മേളനം നടന്നത്. സംഘടന രജിസ്റ്റര്‍ ചെയ്യുന്നതിനും കൊച്ചിയില്‍ ഒരു സ്ഥിരം കേന്ദ്രകാര്യാലയം സ്ഥാപിക്കുന്നതിനും പരിഷത്ത് ത്രൈമാസികം പ്രസിദ്ധീകരിക്കുന്നതിനും തീരുമാനിച്ചത് ഈ സമ്മേളനത്തില്‍ വച്ചാണ്. ആദ്യത്തെ നിയമാവലിയും യോഗത്തില്‍ അവതരിപ്പിച്ചു. പരിഷത്തിന്റെ പില്ക്കാല പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം അടിത്തറയിട്ടത് ഇവിടെ വച്ചാണെന്നു പറയാം.

സാഹിത്യപരിഷത്ത് രജിസ്റ്റര്‍ ചെയ്തശേഷം ആദ്യം നടന്ന വാര്‍ഷികസമ്മേളനം കോഴിക്കോട്ടുവച്ചായിരുന്നു. 1933-ല്‍ നടന്ന ഈ ഏഴാം വാര്‍ഷികത്തില്‍ അപ്പന്‍ തമ്പുരാനായിരുന്നു പൊതു അധ്യക്ഷന്‍. തുടര്‍ന്നു പല സ്ഥലങ്ങളിലായി വാര്‍ഷികസമ്മേളനങ്ങള്‍ നടത്തുകയുണ്ടായി. 1957-ല്‍ മറുനാടന്‍ മലയാളികളുടെ ക്ഷണമനുസരിച്ച് മദിരാശിയില്‍ വച്ച് നടന്നതാണ് കേരളത്തിനു പുറത്തുചേര്‍ന്ന ഏക സമ്മേളനം. ഒന്നിലധികം വര്‍ഷങ്ങളില്‍ അഖിലേന്ത്യാ സാഹിത്യസമ്മേളനങ്ങള്‍ നടക്കുകയും ലോകപ്രശസ്തരായ പല ഭാരതീയ സാഹിത്യകാരന്മാരും അവയില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. പരിഷത്തിന്റെ മുഖപത്രമായ പരിഷത്ത് ത്രൈമാസികം കുറേക്കാലം മാസികാരൂപത്തിലിറങ്ങിയെങ്കിലും ഇടക്കാലമുടക്കത്തിനുശേഷം പിന്നീട് ദ്വൈമാസികയായി പ്രസിദ്ധപ്പെടുത്തിവരുന്നു.

ഉള്ളൂര്‍, വള്ളത്തോള്‍, ജി. ശങ്കരക്കുറുപ്പ്, ശൂരനാട്ട് കുഞ്ഞന്‍പിള്ള, എന്‍. ഗോപാലപിള്ള, പി.കെ. നാരായണപിള്ള, ജോസഫ് മുണ്ടശ്ശേരി, സുകുമാര്‍ അഴിക്കോട്, എന്‍.വി. കൃഷ്ണവാര്യര്‍, സി.പി. ശ്രീധരന്‍ എന്നിവര്‍ പരിഷത്തിന്റെ സ്ഥിരാധ്യക്ഷസ്ഥാനം വഹിച്ചിട്ടുള്ളവരാണ്. പി. ശങ്കരന്‍ നമ്പ്യാര്‍, എ.ഡി. ഹരിശര്‍മ, എം.ഒ. ജോസഫ് നെടുങ്കണ്ടം, പി. കുഞ്ഞുകൃഷ്ണമേനോന്‍, ആനിജോസഫ്, സുകുമാരന്‍ പൊറ്റെക്കാട്ട്, മാത്യു ഉലകന്തറ, ടി.കെ.സി. വടുതല, കെ.ടി. തര്യന്‍, പി.എ. സെയ്തുമുഹമ്മദ്, ടാറ്റാപുരം സുകുമാരന്‍ മുതലായവര്‍ കാര്യദര്‍ശിയുടെ ഗണത്തില്‍പ്പെടുന്നു.

പരിഷത്തിന്റെ നിര്‍വാഹകസമിതിയംഗം, പത്രാധിപര്‍, വൈസ് പ്രസിഡന്റ് മുതലായ നിലകളില്‍ ദീര്‍ഘകാലമായി സേവനം നടത്തുന്ന സാഹിത്യചരിത്രകാരനായ ടി.എം. ചുമ്മാര്‍ പരിഷത്തിന്റെ വളര്‍ച്ചയ്ക്കു ഗണ്യമായ സംഭാവനകള്‍ നല്കിയിട്ടുണ്ട്. കേരളീയശില്പകലയുടെ മാതൃകയായി ഏറണാകുളം നഗരമധ്യത്തില്‍ സ്ഥിതിചെയ്യുന്ന പരിഷത്ത് കാര്യാലയത്തിന്റെ നിര്‍മിതിക്ക് പ്രോത്സാഹനം നല്കിയത് സി. അച്യുതമേനോന്റെ മന്ത്രിസഭയാണ്. സാഹിത്യ അക്കാദമിയുടെയും മറ്റും ആവിര്‍ഭാവവും ജനജീവിതത്തിന്റെയും ജനാധിപത്യത്തിന്റെയും പ്രസിദ്ധീകരണവര്‍ധനവിന്റെയും മറ്റും മറ്റും സങ്കീര്‍ണപ്രശ്നങ്ങളും സാഹിത്യപരിഷത്തിന്റെ ശബ്ദത്തിനു ക്ഷീണം വരുത്തിയിട്ടുണ്ടെങ്കിലും ഇത്ര നീണ്ട ചരിത്രത്തിന്റെ ഉടമയായി ജീവിക്കുന്ന മറ്റൊരു സാഹിത്യസംഘടനയും ഇല്ല. ജാതി-മത-രാഷ്ട്രീയ പ്രസ്ഥാനഭേദങ്ങളില്ലാതെ എല്ലാ സാഹിത്യകാരന്മാരുടെയും പൊതു തറവാടായി ജനകീയസ്വഭാവമുള്ള ഈ സംഘടന ഇന്നും പ്രവര്‍ത്തിച്ചുവരുന്നു.

(പ്രൊഫ. മാത്യു ഉലകന്തറ)


സാഹിത്യപ്രവര്‍ത്തക സഹകരണസംഘം

പുസ്തക പ്രസാധനരംഗത്തെ അതുല്യ പ്രതിഭാസമെന്നു വിശേഷിപ്പിക്കാവുന്ന ഒരു സംഘമാണ് എസ്.പി.സി.എസ്. കോട്ടയം നഗരമാണ് ഈ സഹകരണസംഘത്തിന്റെ ആസ്ഥാനം. കാരൂര്‍ നീലകണ്ഠപ്പിള്ളയുടെയും എം.പി. പോളിന്റെയും നേതൃത്വത്തില്‍ പന്ത്രണ്ടു സാഹിത്യകാരന്മാര്‍കൂടി നൂറ്റിയമ്പതുരൂപ മൂലധനത്തോടുകൂടി 1945 ഏ. 30-ന് ഇതിന്റെ പ്രവര്‍ത്തനമാരംഭിച്ചു.

സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം ആസ്ഥാനം-കോട്ടയം

സാഹിത്യകാരന്മാര്‍ക്കു ഇതിന്റെ സാമ്പത്തികവും സാംസ്കാരികവുമായ സുസ്ഥിതി കൈവരുത്തുക; സാഹിത്യം, സാമ്പത്തികശാസ്ത്രം, സാമൂഹികശാസ്ത്രം, പ്രയോജനപ്രദമായ മറ്റു വിഷയങ്ങള്‍ എന്നിവയില്‍ അംഗങ്ങള്‍ രചിക്കുന്ന കൃതികള്‍ പ്രസിദ്ധീകരിക്കുക; പുസ്തകവ്യാപാരശാലകള്‍ നടത്തുക; സാഹിത്യസൃഷ്ടികള്‍ക്കു മെച്ചമായ പ്രതിഫലം ഉറപ്പുവരുത്തുക; സാംസ്കാരിക സമ്മേളനങ്ങള്‍ സംഘടിപ്പിക്കുക; ഉന്നതനിലവാരമുള്ള സാഹിത്യസൃഷ്ടികള്‍ക്ക് പുരസ്കാരം നല്കുക; അവശസാഹിത്യകാരന്മാര്‍ക്കും കഥാവശേഷരായിക്കഴിഞ്ഞ സാഹിത്യനായകന്മാരുടെ ആശ്രിതര്‍ക്കും സഹായമെത്തിക്കുക മുതലായവയാണ് സംഘത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ പ്രധാനമായവ.

സംഘത്തിന്റെ വില്പനവിഭാഗമാണ് എന്‍.ബി.എസ്. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന നാഷണല്‍ ബുക്ക് സ്റ്റാള്‍. പുതുതായി രൂപംകൊണ്ട മലപ്പുറം, പത്തനംതിട്ട, കാസര്‍കോട് എന്നിവയൊഴികെയുള്ള കേരളത്തിലെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും എന്‍.ബി.എസ്. ശാഖകളും ശാഖകളില്ലാത്ത പ്രമുഖ പട്ടണങ്ങളില്‍ എന്‍.ബി.എസ്. ഏജന്‍സികളും പ്രവര്‍ത്തിക്കുന്നു. കോഴിക്കോടു ശാഖയും കോട്ടയത്തെ രണ്ടു വില്പനകേന്ദ്രങ്ങളിലൊന്നും പ്രവര്‍ത്തിക്കുന്നത് സ്വന്തം കെട്ടിടങ്ങളിലാണ്.

കോട്ടയത്തിനടുത്തുള്ള നാട്ടകം എന്ന സ്ഥലത്താണ് ഏതാണ്ട് അഞ്ചേക്കറോളം വരുന്ന സ്വന്തം സ്ഥലത്ത് സംഘത്തിന്റെ മുദ്രണാലയമായ ഇന്ത്യാ പ്രസ് പ്രവര്‍ത്തിക്കുന്നത്. സംഘം വക പ്രസിദ്ധീകരണങ്ങള്‍ ഇവിടെ അച്ചടിച്ചു തയ്യാറാക്കുന്നു. കോട്ടയം പട്ടണമധ്യത്തില്‍ സ്വന്തം സ്ഥലത്തു നിര്‍മിച്ച ഇരുനിലക്കെട്ടിടത്തിലാണ് സംഘം ആഫീസും ഒരു പുസ്തകശാലയും പുസ്തകസംഭരണകേന്ദ്രവും സംഘത്തിന്റെ വിവിധ വകുപ്പുകളും പ്രവര്‍ത്തിക്കുന്നത്.

സംഘം സ്വന്തം മുതല്‍മുടക്കി പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങള്‍, സംഘാംഗങ്ങളും അല്ലാത്തവരുമായ സാഹിത്യകാരന്മാര്‍ ഉത്പാദനച്ചെലവു വഹിച്ചു വിതരണത്തിനേല്പിക്കുന്ന പുസ്തകങ്ങള്‍, വില്പനക്കായി മാത്രം ഇതരപ്രസാധകരും വ്യക്തികളും ഏല്പിക്കുന്ന പുസ്തകങ്ങള്‍ ഇവയെല്ലാം എന്‍.ബി.എസ്. വഴി വില്ക്കപ്പെടുന്നു. പ്രതിവര്‍ഷം ഒരു കോടിയില്‍പ്പരം രൂപ മുഖവിലവരുന്ന പുസ്തകങ്ങളാണ് നാഷണല്‍ ബുക്ക് സ്റ്റാള്‍ വില്ക്കുന്നത്. ഓരോ വര്‍ഷവും ഇരുനൂറോളം പുസ്തകങ്ങള്‍ വിതരണവ്യവസ്ഥയിലും സംഘം വിപണിയിലെത്തിക്കുന്നു. 1985 മാ. 31 വരെ സംഘം 4750 പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും 4250 പുസ്തകങ്ങള്‍ നാഷണല്‍ ബുക്ക് സ്റ്റാള്‍ വിതരണത്തിന് ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.

ഗ്രന്ഥകാരന്മാര്‍ക്ക് ലോകത്തില്‍ ഏറ്റവും കൂടുതല്‍ റോയല്‍റ്റി നിരക്കു നല്കുന്നത് സാഹിത്യപ്രവര്‍ത്തകസഹകരണസംഘമാണ്. ശബ്ദതാരാവലി, അമരം പരമേശ്വരി, ഇംഗ്ളീഷ്-മലയാളം നിഘണ്ടു, മലയാളം-ഇംഗ്ലീഷ് നിഘണ്ടു, ഹിന്ദി-മലയാളം നിഘണ്ടു, ഭാഷാഭാരതം, 10 വാല്യങ്ങളിലായി പ്രസിദ്ധീകരിച്ച വിശ്വവിജ്ഞാനകോശം മുതലായ പ്രസിദ്ധീകരണങ്ങള്‍ മലയാള ഭാഷയ്ക്കും സാഹിത്യത്തിനും സംഘം നല്കിയ അനര്‍ഘസംഭാവനകളാണ്. വിശ്വസാഹിത്യത്തിലെ പ്രമുഖ കൃതികള്‍ പലതിന്റെയും പരിഭാഷ സംഘം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓരോ വര്‍ഷവും വിവിധ പുരസ്കാരങ്ങള്‍ക്കര്‍ഹമാകുന്ന കൃതികളില്‍ ബഹുഭൂരിപക്ഷവും സംഘം പ്രസിദ്ധീകരണങ്ങളാണ്. ജ്ഞാനപീഠപുരസ്കാരം ലഭിച്ച രണ്ടു മലയാള കൃതികളും (ജി. ശങ്കരക്കുറുപ്പിന്റെ ഓടക്കുഴല്‍, എസ്.കെ. പൊറ്റെക്കാട്ടിന്റെ ഒരു ദേശത്തിന്റെ കഥ) സംഘംപ്രസിദ്ധീകരണങ്ങളാണ്. യയാതി, പ്രഥമപ്രതിശ്രുതി എന്നിങ്ങനെ ഇതരഭാഷകളിലെ ജ്ഞാനപീഠപുരസ്കാരം ലഭിച്ച കൃതികളുടെ പരിഭാഷകളും സംഘം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എം.പി. പോള്‍, പി. ശ്രീധരന്‍പിള്ള (സീതാരാമന്‍), പണ്ഡിറ്റ് നാരായണദേവ്, കാരൂര്‍ നീലകണ്ഠപ്പിള്ള, ഡി.സി. കിഴക്കേമുറി, ഡോ. എ.ജി. നായര്‍, പി. ദാമോദരന്‍നായര്‍, കെ.പി. ശിവശങ്കരന്‍നായര്‍, പി. കേശവദേവ്, നാലാങ്കല്‍ കൃഷ്ണപ്പിള്ള, എല്‍.സി. ഐസക്ക്, അഡ്വ. എം.എന്‍. ഗോവിന്ദന്‍നായര്‍ എന്നിവരായിരുന്നു സ്ഥാപകാംഗങ്ങള്‍.

1945 മാ. 15-ന് 2458-ാം നമ്പറായി സംഘം രജിസ്റ്റര്‍ ചെയ്യപ്പെട്ടു. 1949 ജൂണ്‍ 15-ന് നാഷണല്‍ ബുക്ക് സ്റ്റാളും 1950 ജനു. 1-ന് സ്വന്തമായി ഒരു പ്രസ്സും വാങ്ങി. ആദ്യമായി പ്രസിദ്ധീകരിച്ച പുസ്തകം തകഴിയുടെ കഥകള്‍ (1945) ആണ്. എന്‍.ബി.എസ്. ബുള്ളറ്റിന്‍ എന്നൊരു പ്രതിമാസപത്രിക സംഘം 1950 ജൂണ്‍ മുതല്‍ പ്രസിദ്ധീകരിച്ചുവരുന്നു. പുസ്തകപ്രസിദ്ധീകരണം, സാംസ്കാരിക രംഗത്തെ സംഭവങ്ങള്‍, സംഘവും സാഹിത്യകാരന്മാരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, ആനുകാലിക പ്രാധാന്യമുള്ള സംഭവങ്ങള്‍ എന്നിവ സംബന്ധിച്ചുള്ള വാര്‍ത്തകള്‍; കുറിപ്പുകള്‍; പുസ്തകപ്രസാധനം സംബന്ധിച്ച ചെറുലേഖനങ്ങള്‍ മുതലായവയാണ് ഇതിലെ ഉള്ളടക്കം. സംഘത്തിന്റെ ആദ്യത്തെ പ്രസിഡന്റ് എം.പി. പോളും ആദ്യത്തെ സെക്രട്ടറി കാരൂര്‍ നീലകണ്ഠപിള്ളയുമായിരുന്നു.

(ശ്രീമന്ദിരം കെ.പി.)

ആശാന്‍ സ്മാരകം

മഹാകവി കുമാരനാശാന് കേരളത്തിനകത്തും പുറത്തുമായി ഒന്നിലധികം സ്മാരകങ്ങള്‍ നിലവിലുണ്ട്.

ആശാന്‍ സ്മാരകം-കുമാരകോടി

കുമാരകോടി. മഹാകവിയുടെ സ്മരണ നിലനിര്‍ത്തുന്നതിനുള്ള സമുദ്യമങ്ങള്‍ ആദ്യം ആരംഭിച്ചത് അദ്ദേഹത്തിന്റെ ജീവിതാന്ത്യത്തിനു സാക്ഷ്യം വഹിച്ച പല്ലനയിലാണ്. കുപ്രസിദ്ധമായ റഡീമര്‍ ബോട്ടപകടത്തില്‍പ്പെട്ടു മൃതിയടഞ്ഞ ആശാന് ഇവിടെ ഒരു സ്മാരകം ഉണ്ടാക്കി. ഇവിടെ ഇപ്പോള്‍ ഒരു യു.പി. സ്കൂള്‍ നടത്തിവരുന്നു. ഇവിടെ ആണ്ടുതോറും പ്രശസ്തസാഹിത്യകാരന്മാര്‍ പങ്കെടുക്കുന്ന സിമ്പോസിയങ്ങളും സമ്മേളനങ്ങളും സംഘടിപ്പിച്ചു ആശാന്റെ ചരമദിനം ആചരിച്ചുംപോരുന്നു. കേരളത്തിലെ സാംസ്കാരികജീവിതത്തില്‍ അതിപ്രധാനമയ ഒരു വാര്‍ഷികപരിപാടിയായി ഇതു മാറിയിട്ടുണ്ട്.


കായിക്കര. ആശാന്റെ ജന്മസ്ഥലമായ കായിക്കര ഒരു സ്മാരകമന്ദിരം നിര്‍മിക്കേണ്ടതാണെന്ന് ആലോചനയുണ്ടായത് 1956 ഫെ. 24-ന് ആര്‍. പ്രകാശത്തിന്റെ നേതൃത്വത്തില്‍ വീണപൂവിന്റെ വാര്‍ഷികാഘോഷാവസരത്തില്‍ അവിടെ കൂടിയ യോഗത്തില്‍ വച്ചാണ്. അതിനുവേണ്ടി ആര്‍. ശങ്കര്‍ പ്രസിഡന്റായി ഒരു പ്രവര്‍ത്തകസമിതി തെരഞ്ഞെടുക്കപ്പെട്ടു. 1957 ഏ. 14-ന് സ്മാരകമന്ദിരത്തിന്റെ ശിലാസ്ഥാപനകര്‍മം അന്നത്തെ കേരള ഗവര്‍ണര്‍ ബി. രാമകൃഷ്ണറാവു നിര്‍വഹിച്ചു. 1957 ഡി. 20-ന് 'ആശാന്‍ മെമ്മോറിയല്‍ അസോസിയേഷന്‍' രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ഇതിന്റെ ഭരണസമിതിയുടെ ആദ്യത്തെ പ്രസിഡന്റ് ആര്‍. ശങ്കര്‍ ആയിരുന്നു. 1961-ല്‍ ശങ്കര്‍ കേരള മന്ത്രിസഭാംഗമായതോടെ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുകയും പുതിയ ഭരണസമിതി രൂപംകൊള്ളുകയും ചെയ്തു. ഈ സമിതി സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നും ഉള്ള സംഭാവനകള്‍ വഴി ധനം ശേഖരിക്കുകയും പുതിയ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കി 1968 ഡി. 8-ന് സ്മാരകമന്ദിരത്തിന്റെ പണി ആരംഭിക്കുകയും ചെയ്തു. മൂന്നുകൊല്ലം കൊണ്ട് പണി പൂര്‍ത്തിയായി. അന്നത്തെ കേരള മുഖ്യമന്ത്രി സി. അച്യുതമേനോനാണ് 1971 മെയ് 8-ന് മന്ദിരം ഉദ്ഘാടനം ചെയ്തത്. കുമാരകോടിയും തോന്നയ്ക്കലും പോലെ കായിക്കരയും ഒരു തീര്‍ഥാനടകേന്ദ്രവും സാംസ്കാരികകേന്ദ്രവുമായി മാറിയിരിക്കയാണ്. ആര്‍. പ്രകാശത്തിന്റെ ഉത്സാഹത്തില്‍ കായിക്കര ഏര്‍പ്പെടുത്തിയിരിക്കുന്ന 'ആശാന്‍ വേള്‍ഡ്പ്രൈസ്' ഈ ആശാന്‍ സ്മാരകത്തിന്റെ പ്രശസ്തി ലോകവ്യാപകമായി വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നു.

ആശാന്‍ സ്മാരകം-തോന്നയ്ക്കല്‍

കുമാരനാശാന്‍ ദേശീയ സാംസ്കാരിക ഇന്‍സ്റ്റിറ്റ്യൂട്ട്, തോന്നയ്ക്കല്‍. ആശാന്‍ കാവ്യരചന നടത്തിയ തോന്നയ്ക്കലിന്റെ പ്രാധാന്യം ആദ്യമായി കണ്ടതും മറ്റുള്ളവരെ കാണിച്ചുകൊടുത്തതും പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയാണ്. 1957-ല്‍ അദ്ദേഹം വിദ്യാഭ്യാസമന്ത്രിയായിരിക്കുമ്പോള്‍ തോന്നയ്ക്കല്‍ ആശാന്‍ താമസിച്ചിരുന്ന ഭവനം അതിന്റെ അവകാശികള്‍ വിട്ടുകൊടുക്കുകയാണെങ്കില്‍ ഏറ്റെടുത്ത് ഒരു ദേശീയസ്മാരകമായി സംരക്ഷിക്കുന്നതിനും അവിടെ ഒരു സ്മാരകമന്ദിരം പണിയിക്കുന്നതിനും ഗവണ്‍മെന്റ് സന്നദ്ധമാണെന്നു പ്രഖ്യാപിച്ചു. 1958 ജനു. 26-ന് ആശാന്റെ ഭവനം ഗവണ്‍മെന്റ് ഏറ്റെടുക്കുകയും ആശാന്റെ കുടുംബാംഗങ്ങള്‍ സൗജന്യമായി വിട്ടുകൊടുത്ത ഒന്നേകാല്‍ ഏക്കര്‍ സ്ഥലത്തു ഒരു സ്മാരക മന്ദിരം നിര്‍മിക്കുകയും ചെയ്തു. 1966 ജൂലൈ 26-ന് സ്മാരക കമ്മിറ്റി പ്രസിഡന്റായിരുന്ന ആര്‍. ശങ്കര്‍ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തു.

ആശാന്‍ സ്മാരക ഗ്രന്ഥശാല

കുമാരനാശാന്‍ ഉയര്‍ത്തിപ്പിടിച്ച മാനുഷിക മൂല്യങ്ങളും ജീവിതശൈലിയും കര്‍മസിദ്ധാന്തങ്ങളും പ്രചരിപ്പിക്കുക, ആശാന്‍ സാഹിത്യത്തെ സമഗ്രപഠനത്തിനും മൂല്യനിര്‍ണയത്തിനും വിധേയമാക്കി പുതിയ തലമുറയ്ക്കു പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്യുക, ആശാന്‍ കൃതികള്‍ അന്യഭാഷയിലേക്കു തര്‍ജുമ ചെയ്തു പ്രചരിപ്പിക്കുക, കുമാരനാശാന്റെ രചനകള്‍ സിനിമ, നാടകം തുടങ്ങിയ ദൃശ്യമാധ്യമങ്ങള്‍ വഴി ജനങ്ങളിലെത്തിക്കുക, ആശാന്റെ ആധികാരിക ജീവിതരേഖകള്‍ സമാഹരിച്ചു പ്രസാധനം ചെയ്യുക, വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തുക, മഹാകവിയുടെ ജന്മദിനം, ചരമദിനം ഇവ യഥോചിതം ആചരിക്കുക തുടങ്ങിയവയായിരുന്നു പ്രാരംഭഘട്ടത്തില്‍ ആശാന്‍ സ്മാരകത്തിന്റെ ലക്ഷ്യങ്ങള്‍. ദേശീയ സാംസ്കാരിക ഇന്‍സ്റ്റിറ്റ്യൂട്ടായി ഉയര്‍ന്നതോടെ മേല്‍പ്പറഞ്ഞ ലക്ഷ്യങ്ങള്‍ ദേശീയ-അന്തര്‍ദേശീയതലത്തില്‍ എത്തിക്കുക എന്നതിനോടൊപ്പം രാജ്യത്തിന്റെ സാംസ്കാരിക പൈതൃകത്തെ സംരക്ഷിക്കുകയും ലോകത്തെമ്പാടും പ്രചരിപ്പിക്കുകയും ചെയ്യുക, മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സാംസ്കാരിക സംഘടനകളെ സഹായിക്കുക തുടങ്ങിയ ഉദ്ദേശ്യലക്ഷ്യങ്ങള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തന പരിധിയില്‍ ഉള്‍പ്പെടുത്തുകയുണ്ടായി. തീര്‍ഥാടനകേന്ദ്രം, ആശാന്‍ താമസിച്ചിരുന്ന രണ്ടു പുരകള്‍, ആശാന്‍ മ്യൂസിയം, ഗവേഷണകേന്ദ്രം, ചുമര്‍ച്ചിത്രകലാ മ്യൂസിയം, പ്രസിദ്ധീകരണ വിഭാഗം തുടങ്ങിയവയാണ് തോന്നയ്ക്കല്‍ ആശാന്‍ കേന്ദ്രത്തില്‍ ഉള്ളത്. 2012 ജനുവരിയില്‍ ഇവിടെ വച്ച് ലോക കവി സമ്മേളനം സംഘടിപ്പിക്കപ്പെടുകയുണ്ടായി.

മദ്രാസ്. ബാംഗ്ലൂരിലെ വിദ്യാഭ്യാസം മുടങ്ങിയപ്പോള്‍ ആശാന്‍ ഡോ. പല്പുവിന്റെ സുഹൃത്തായ നഞ്ചുണ്ട റാവുവിന്റെ കൂടെ താമസിച്ചു സംസ്കൃതപഠനം തുടരുകയും 1922-ല്‍ വെയില്‍സ് രാജകുമാരന്റെ കൈയില്‍നിന്നു പട്ടും വളയും വാങ്ങുകയും ചെയ്ത മദ്രാസില്‍ 1965-ല്‍ ആശാന്‍ മെമ്മോറിയല്‍ അസോസിയേഷന്‍ എന്ന പേരില്‍ ഒരു സംഘം സൊസൈറ്റീസ് ആക്റ്റ് അനുസരിച്ച് രജിസ്റ്റര്‍ ചെയ്യപ്പെട്ടു. അവിടെ എല്‍.കെ.ജി. മുതല്‍ 12-ാം സ്റ്റാന്‍ഡേര്‍ഡുവരെ ക്ലാസുകളുള്ള ഒരു മാതൃകാ ഹയര്‍സെക്കന്‍ഡറി സ്കൂളും നടന്നുവരുന്നു.

ആശാന്‍ പ്രതിമ. ജോസഫ് മുണ്ടശ്ശേരിയുടെ അധ്യക്ഷതയില്‍ രൂപംകൊണ്ട സ്മാരകക്കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കേരള യൂണിവേഴ്സിറ്റി സെനറ്റുഹാളിന്റെ മുന്‍വശത്തുള്ള മുക്കവലയില്‍ സ്ഥാപിച്ചിരിക്കുന്ന ആശാന്‍ പ്രതിമയും ശ്രദ്ധാര്‍ഹമായ ഒരു സ്മാരകമാണ്. 1973 ഏ. 12-ന് അന്നത്തെ രാഷ്ട്രപതി വി.വി. ഗിരിയാണ് പ്രതിമയുടെ അനാച്ഛാദനം നിര്‍വഹിച്ചത്. പ്രതിമയ്ക്കു ചുറ്റുമായി നഗരസഭ ഒരു 'കുമാരനാശാന്‍ പാര്‍ക്കും' നിര്‍മിച്ചിട്ടുണ്ട്.

ഉള്ളൂര്‍ സ്മാരകം

തിരുവനന്തപുരത്തു പ്രശസ്തമായ നിലയില്‍ പ്രവര്‍ത്തിച്ചുപോരുന്ന ഉള്ളൂര്‍ മെമ്മോറിയല്‍ ലൈബ്രറി ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് മഹാകവി ഉള്ളൂര്‍ പരമേശ്വരയ്യരുടെ സ്മാരകങ്ങളില്‍ പ്രധാനം. 1956 മേയ് 8-ന് ജഗതിയില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ആഫീസിനു സമീപം പി.കെ. നാരായണപിള്ള ഉദ്ഘാടനം ചെയ്ത 'ഉള്ളൂര്‍ ലൈബ്രറി ആന്‍ഡ് റീഡിങ് റൂം' ആയിട്ടാണ് ഇതിന്റെ തുടക്കം. പ്രസ്തുത സ്ഥാപനത്തിന്റെ നടത്തിപ്പിനു രൂപവത്കരിച്ച പ്രവര്‍ത്തകസമിതിയുടെ ശ്രമത്തിന്റെ ഫലമായി നിര്‍മിക്കപ്പെട്ട രണ്ടുനിലക്കെട്ടിടം 1966 ജൂല. 26-ന് അന്നത്തെ രാഷ്ട്രപതിയായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഇവിടെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കു സാഹിത്യവിഷയങ്ങളില്‍ ശിക്ഷണം നല്കുന്നതിനു ഒരു ബാലഭവനും 1969 ആഗ. 17-ന് ആരംഭിച്ചു. ഉള്ളൂരിന്റെ പിന്‍ഗാമികള്‍ സംഭാവനകള്‍ ചെയ്ത ഉള്ളൂര്‍ ഗ്രന്ഥശേഖരവും പി.കെ. നാരായണപിള്ള സംഭാവനചെയ്ത ഗ്രന്ഥസമുച്ചയവും മറ്റും കൂട്ടിച്ചേര്‍ത്ത് ഗ്രന്ഥശാല ഗവേഷണവിദ്യാര്‍ഥികള്‍ക്ക് ഉപയുക്തമാംവണ്ണം വികസിപ്പിച്ചു. 1977 സെപ്. 24-ന് അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയെക്കൊണ്ട് ഒരു ഗവേഷണകേന്ദ്രവും ഉദ്ഘാടനം ചെയ്യിച്ചു. അതേവര്‍ഷം ഒരു 'ഓപ്പണ്‍ യൂണിവേഴ്സിറ്റി'യും ഇവിടെ സ്ഥാപിതമായി. അന്നത്തെ യൂണിയന്‍ വിദ്യാഭ്യാസമന്ത്രി ഡോ. പ്രതാപ്ചന്ദ്രചുന്ദര്‍ ആണ് ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. മലയാളഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തരപഠന കോഴ്സ് ഓപ്പണ്‍ യൂണിവേഴ്സിറ്റി സെന്ററില്‍ 1978-79 മുതല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉള്ളൂരിന്റെ ശതാബ്ദി പ്രമാണിച്ച് ഒരു സ്മാരകഗ്രന്ഥം ഇവിടെനിന്നു പ്രസിദ്ധീകരിക്കുകയുണ്ടായി. മഹാകവിയുടെ സ്മരണ നിലനിര്‍ത്താന്‍ 'ഉള്ളൂര്‍ ട്രോഫി'യും 'ഉള്ളൂര്‍ സ്കോളര്‍ഷിപ്പും' ഏര്‍പ്പെടുത്തിയിട്ടുണ്ട്. സാഹിത്യസാംസ്കാരിക കാര്യങ്ങളുടെ പുരോഗതിക്കായി സെമിനാറുകളും സിമ്പോസിയങ്ങളും ചര്‍ച്ചായോഗങ്ങളും പബ്ലിക്മീറ്റിങ്ങുകളും നടത്തിവരുന്നു.

മറ്റൊരു പ്രധാനപ്പെട്ട ഉള്ളൂര്‍ സ്മാരകമാണ് 1981 മേയ് 15-ന് തിരുവനന്തപുരത്തു പബ്ളിക് ലൈബ്രറിയുടെ മുന്നില്‍ അന്നത്തെ രാഷ്ട്രപതി നീലം സഞ്ജീവറെഡ്ഡി അനാച്ഛാദനം ചെയ്ത ഉള്ളൂര്‍ പ്രതിമ. മഹാകവിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് ആദ്യം പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയുടെയും പിന്നീട് മുഖ്യമന്ത്രി സി. അച്യുതമേനോന്റെയും അധ്യക്ഷതയില്‍ പ്രവര്‍ത്തിച്ച ഒരു കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പ്രതിമ സ്ഥാപിക്കപ്പെട്ടത്. ഇതിലേക്കു കേരള ഗവണ്‍മെന്റ് ഒരു ലക്ഷം രൂപ ഗ്രാന്‍ഡ് നല്കി സഹായിച്ചിട്ടുണ്ട്.

അച്യുതമേനോന്റെയും പ്രതിമാക്കമ്മിറ്റി ജനറല്‍ സെക്രട്ടറി പ്രൊഫ. എന്‍.കെ. ശേഷന്റെയും ശ്രമത്തിന്റെ ഫലമായി 1980-ല്‍ കേന്ദ്രഗവണ്‍മെന്റ് പുറത്തിറക്കിയ ഉള്ളൂര്‍ സ്മാരക സ്റ്റാമ്പും ഉള്ളൂര്‍ സ്മാരകങ്ങളുടെ കൂട്ടത്തില്‍ ശ്രദ്ധേയമാണ്.

തുഞ്ചന്‍ സ്മാരകട്രസ്റ്റും ഗവേഷണകേന്ദ്രവും
തുഞ്ചന്‍പറമ്പ്-പ്രവേശനകവാടം

മലയാളഭാഷയുടെ പിതാവായ തുഞ്ചത്തെഴുത്തച്ഛന്റെ സ്മരണ നിലനിര്‍ത്തുന്നതിനും ജീവിതവീക്ഷണം പ്രചരിപ്പിക്കുന്നതിനുംവേണ്ടി 1964-ല്‍ മലപ്പുറം ജില്ലയിലെ തിരൂരില്‍ സ്ഥാപിതമായ സാംസ്കാരികകേന്ദ്രമാണ് തുഞ്ചന്‍ സ്മാരകം. കെ.പി. കേശവമേനോനാണ് ഇതിന്റെ സ്ഥാപക ചെയര്‍മാന്‍. എഴുത്തച്ഛന്റെ കൃതികളില്‍ ഗവേഷണം നടത്തുകയും ഭാഷാഗവേഷണ ഗ്രന്ഥശാല സ്ഥാപിക്കുകയും ചെയ്യുക എന്നത് സ്മാരകത്തിന്റെ സ്ഥാപക ലക്ഷ്യമായിരുന്നു. കെ.പി. കേശവമേനോനെ തുടര്‍ന്ന് ടി.എന്‍ ജയചന്ദ്രന്‍, എം.എസ് മേനോന്‍ തുടങ്ങിയവര്‍ ചെയര്‍മാന്മാരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1993 മുതല്‍ എം.ടി. വാസുദേവന്‍ നായരാണ് ഇതിന്റെ ചെയര്‍മാന്‍. വിപുലമായ ഗവേഷണ ഗ്രന്ഥശാല, മലയാളസാഹിത്യ മ്യൂസിയം, താളിയോലഗ്രന്ഥപ്പുര, സമ്മേളനങ്ങള്‍ക്കാവശ്യമായ ഓഡിറ്റോറിയം, ഓപ്പണ്‍ എയര്‍ സ്റ്റേജ്, അതിഥി മന്ദിരങ്ങള്‍, വിശ്രമമന്ദിരം, സ്മാരക മണ്ഡപം, സരസ്വതീമണ്ഡപം, കുട്ടികളുടെ ഗ്രന്ഥാലയം തുടങ്ങിയവ തുഞ്ചന്‍ സ്മാരക ഗവേഷണകേന്ദ്രത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. സവിശേഷതകള്‍. എല്ലാവര്‍ഷവും ഫെബ്രുവരി ഒന്നാം വാരത്തിലെ അഞ്ചു ദിവസങ്ങളിലായി തുഞ്ചന്‍ ഉത്സവം നടന്നുവരുന്നു. ദേശീയ സെമിനാറുകള്‍, ദക്ഷിണേന്ത്യന്‍ കലോത്സവം, വിവിധഭാഷകളിലെ എഴുത്തുകാരുടെ സൌഹൃദസംഗമം, പുസ്തകോത്സവം, തുടങ്ങിയവ ഇതോടനുബന്ധിച്ച് നടന്നുവരുന്നു. വിജയദശമി ദിനത്തില്‍ കുട്ടികള്‍ക്ക് ആദ്യക്ഷരം കുറിക്കുവാനും തുഞ്ചന്‍ പറമ്പില്‍ പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കുഞ്ചന്‍നമ്പ്യാര്‍ സ്മാരകം, കിള്ളിക്കുറിശ്ശിമംഗലം
കുഞ്ചന്‍നമ്പ്യാര്‍ സ്മാരകം, കിള്ളിക്കുറിശ്ശിമംഗലം

പാലക്കാട് ജില്ലയിലെ കിള്ളിക്കുറിശ്ശിമംഗലത്ത് കുഞ്ചന്‍ നമ്പ്യാര്‍ ജനിച്ച കലക്കത്തുഭവനമാണ് കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകമായി മാറിയത്. 1978 മേയ് 4-ന് കേരളസര്‍ക്കാര്‍ സ്മാരകമുണ്ടാക്കി. എല്ലാ വര്‍ഷവും മേയ് 5-ന് കുഞ്ചന്‍ദിനം ആഘോഷിച്ചുവരുന്നു. ഓട്ടന്‍ തുള്ളല്‍, മൃദംഗം, കര്‍ണാടകസംഗീതം, മോഹിനിയാട്ടം എന്നിവ ഇവിടെ പഠിപ്പിക്കുന്നു. കേരളത്തിലെ മികച്ച തുള്ളല്‍ കലാകാരനെ തെരഞ്ഞെടുത്ത് ഓരോ വര്‍ഷവും (1986 മുതല്‍) കുഞ്ചന്‍ അവാര്‍ഡ് നല്‍കിവരുന്നു. കുഞ്ചന്‍ ദിനാഘോഷത്തോടനുബന്ധിച്ച് കലാശാലാവിദ്യാര്‍ഥികള്‍ക്കുവേണ്ടി സാഹിത്യകലാമത്സരങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. വിജയദശമി ദിനത്തില്‍ ഇവിടെ കുട്ടികളെ എഴുത്തിനിരുത്തുന്നു. മാസന്തോറും സാഹിത്യസമ്മേളനങ്ങളും നടന്നുവരുന്നു. സ്മാരകത്തിന് സ്വന്തമായി ഒരു ഓട്ടന്‍തുള്ളല്‍ ഗ്രൂപ്പ് ഉണ്ട്.

അമ്പലപ്പുഴ. അമ്പലപ്പുഴയിലെ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം 1967 സെപ്. 5-ന് സ്ഥാപിതമായി. നമ്പ്യാര്‍ താമസിച്ചിരുന്ന കുഞ്ചന്‍പറമ്പിന്റെ സമീപത്തുതന്നെയാണ് സ്മാരകം നിലകൊള്ളുന്നത്. തുള്ളലിന്റെ സമഗ്രപുരോഗതിക്കുവേണ്ടി പ്രവര്‍ത്തിക്കുക, തുള്ളലുകള്‍ അവതരിപ്പിക്കുക, നമ്പ്യാര്‍ കവിതകള്‍ പ്രചരിപ്പിക്കുക, നമ്പ്യാര്‍ കവിതകളെക്കുറിച്ച് ഗവേഷണപ്രവര്‍ത്തനങ്ങള്‍ നടത്തുക, തുള്ളല്‍ ക്ലാസ്സുകള്‍ നടത്തുക, സ്കൂളുകളില്‍ തുള്ളലിന്റെ അവതരണം, വേലകളി, ചെണ്ട തുടങ്ങിയവയുടെ പരിശീലനം എന്നിവ സ്മാരകസമിതിയുടെ പ്രവര്‍ത്തനങ്ങളില്‍പ്പെടുന്നു. തുള്ളല്‍ കൃതികളെക്കുറിച്ചു പ്രബന്ധമത്സരം നടത്തി സമ്മാനങ്ങള്‍ നല്‍കിവരുന്നു. വിജയദശമി ദിനത്തില്‍ ഇവിടെ കുട്ടികളെ എഴുത്തിനിരുത്താറുണ്ട്. സ്മാരകത്തോടനുബന്ധിച്ച് ഒരു ഗ്രന്ഥാലയവും സ്മൃതിമണ്ഡപവും പ്രവര്‍ത്തിക്കുന്നു.

തകഴി സ്മാരകവും മ്യൂസിയവും
തകഴി സ്മാരകം

ജ്ഞാനപീഠം ജേതാവ് തകഴി ശിവശങ്കരപിള്ള താമസിച്ച ശങ്കരമംഗലം വീട് അടങ്ങുന്ന 30 സെന്റ് സ്ഥലമാണ് 2001 ഫെ. 8-ന് തകഴി മ്യൂസിയമായി നിലവില്‍ വന്നത്. പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള ഈ മ്യൂസിയം തിങ്കളാഴ്ച ഒഴികെ ആഴ്ചയിലെ എല്ലാദിവസവും രാവിലെ 9.30 മുതല്‍ 4.30 വരെ സന്ദര്‍ശകര്‍ക്കായി തുറന്നുപ്രവര്‍ത്തിക്കുന്നു. തകഴിയുടെ പുരാവസ്തു ശേഖരവും ജ്ഞാനപീഠവും പദ്മഭൂഷണും അടങ്ങുന്ന എല്ലാ പുരസ്കാരങ്ങളും എഴുത്തുപകരണങ്ങളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. തകഴി സ്മൃതി മണ്ഡപവും ഇവിടെ നിലകൊള്ളുന്നു.

മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകം
മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകം

മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ക്ക് ജന്മദേശമായ കൊണ്ടോട്ടിയില്‍ നിര്‍മിച്ച സ്മാരകം. 1994 ഡി. 24-ന് അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന്‍ സ്മാരകത്തിന് ശിലയിട്ടു. കൊരമ്പയില്‍ അഹമ്മദ്ഹാജി ചെയര്‍മാനായി ഒരു കമ്മിറ്റി പ്രവര്‍ത്തനത്തിനായി രൂപീകരിച്ചു. 1999-ല്‍ അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാര്‍ സ്മാരകമന്ദിരം ഉദ്ഘാടനം ചെയ്തു. ബദര്‍ പടപ്പാട്ടിന്റെ ടിപ്പണി, പഠനം, വ്യാഖ്യാനം എന്നിവ സഹിതമുള്ള മലയാള ലിപിയിലുള്ള കൃതി പ്രസിദ്ധീകരിക്കുന്നു. മാപ്പിളപ്പാട്ടിലും, മാപ്പിള കലയിലും സര്‍ട്ടിഫിക്കറ്റ് കോഴ്സ്, വൈദ്യര്‍ മഹോത്സവം എന്നീ പരിപാടികളും ആവിഷ്കരിച്ചിട്ടുണ്ട്. പുതിയ പ്രവര്‍ത്തനങ്ങള്‍: മാപ്പിള കലാപഠന ഗവേഷണകേന്ദ്രം, അറബി മലയാളം ഗവേഷണഗ്രന്ഥാലയം, മലബാര്‍ കലാപം, ഫോട്ടോഗ്രാഫി എന്നിവ.

സഹോദരന്‍ അയ്യപ്പന്‍ സ്മാരകം

സഹോദരന്‍ അയ്യപ്പന്റെ ചെറായിയിലുള്ള ജന്മഗൃഹം 1985 സെപ്. 29-ാം തീയതി ഗവണ്‍മെന്റ് ഏറ്റെടുത്ത് സ്മാരകമാക്കി, സഹോദരന്‍ അയ്യപ്പനെക്കുറിച്ചും പഠനഗവേഷണങ്ങള്‍ നടത്തുകയാണ് മുഖ്യോദ്യേശ്യം. വിപുലമായ ഒരു ഗ്രന്ഥാലയവും സമ്മേളനഹാളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. മൂന്നുനിലയുള്ള കെട്ടിടത്തില്‍ ലൈബ്രറി പ്രവര്‍ത്തിക്കുന്നു. മികച്ച പഠനഗ്രന്ഥത്തിന് സഹോദരന്‍ പുരസ്കാരവും പത്താംതരത്തില്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങുന്ന വിദ്യാര്‍ഥിക്ക് ക്യാഷ് അവാര്‍ഡും നല്കിവരുന്നു. മുസ്രീസ് പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കമ്യൂണിറ്റിഹാള്‍, വായനശാല സമുച്ചയം എന്നിവ പുതിയ പ്രവര്‍ത്തനങ്ങള്‍.


ഇടശ്ശേരി സ്മാരക സമിതി

1978 ഡി. 24-ന് തൃശ്ശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ വി.ടി. ഭട്ടതിരിപ്പാടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മഹാകവി ഇടശ്ശേരി അനുസ്മരണ യോഗമാണ് ഇടശ്ശേരി സ്മാരകസമിതിക്ക് രൂപം കൊടുത്തത്. പൊന്നാനിയിലുള്ള 'ഇടശ്ശേരി സാഹിത്യമന്ദിര'ത്തില്‍ ഇടശ്ശേരി സ്ഥാപിച്ചുവളര്‍ത്തിയ കൃഷ്ണപ്പണിക്കര്‍ വായനശാലയും പ്രവര്‍ത്തനം നടത്തുന്നു. വര്‍ഷന്തോറും ഇടശ്ശേരി സ്മാരക പ്രഭാഷണം സംഘടിപ്പിക്കുക, ഇടശ്ശേരിയുടെ കൃതികളെപ്പറ്റി പ്രത്യേകിച്ചും മലയാളസാഹിത്യത്തെപ്പറ്റി മൊത്തമായും പഠിക്കാനുദ്ദേശിക്കുന്നവര്‍ക്ക് വേണ്ട കാര്യങ്ങള്‍ ചെയ്തുകൊടുക്കുക, മലയാളഭാഷയിലുണ്ടാകുന്ന മൌലികകൃതിക്ക് ഓരോ വര്‍ഷവും ഇടശ്ശേരി അവാര്‍ഡ് നല്‍കുക മുതലായവയാണ് സമിതിയുടെ ഉദ്ദേശ്യങ്ങള്‍.

പി. സ്മാരകം. മഹാകവി പി

കുഞ്ഞിരാമന്‍നായരുടെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ ജന്മദേശമായ കാഞ്ഞങ്ങാട് (കാസര്‍ഗോഡ് ജില്ല) നിര്‍മിച്ചതാണ് ഈ സ്മാരകം. 1989 ഒ. 4-ന് സ്മാരകത്തിന്റെ ശിലാസ്ഥാപനം നടന്നു. ചിത്രകാരനും ശില്പിയുമായ എം.വി. ദേവനാണ് സ്മാരകത്തിന് രൂപകല്പന നിര്‍വഹിച്ചത്. സാഹിത്യകാരന്മാര്‍ക്ക് രചന നടത്തുന്നതിനുള്ള സൗകര്യവും ലൈബ്രറി, ഓഡിറ്റോറിയം തുടങ്ങിയ സംവിധാനവും ഇവിടെയുണ്ട്. പുസ്തക പ്രസിദ്ധീകരണം, പുസ്തകചര്‍ച്ച, സെമിനാറുകള്‍, കവിതക്കളരിക്കുപുറമേനൃത്ത-സംഗീത-ചിത്ര പരിശീലന ക്ലാസുകള്‍, സാംസ്കാരിക മ്യൂസിയം, പഠനഗവേഷണ കേന്ദ്രം എന്നിവയും ഇതോടനുബന്ധിച്ച് പ്രവര്‍ത്തിച്ചുവരുന്നു.

ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയം
ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയം

ഉണ്ണായിവാര്യരുടെ സ്മരണ നിലനിര്‍ത്താന്‍ 1955 ഡി. 7-ന് ഇരിങ്ങാലക്കുടയിലാണ് കലാനിലയം ആരംഭിച്ചത്. കഥകളിയുടെ പ്രചാരണവും പ്രോത്സാഹനവുമാണ് സ്മാരകത്തിന്റെ പ്രധാന ഉദ്ദേശ്യം. ഓഡിറ്റോറിയം, അതിഥിമന്ദിരം, വിദ്യാര്‍ഥികള്‍ക്കു ഹോസ്റ്റല്‍ എന്നിവയും ഈ സ്ഥാപനത്തോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്നു. കഥകളിയുടെ എല്ലാ വിഭാഗങ്ങളിലും ഇവിടെ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്കുന്നുണ്ട്. കഥകളിമുദ്രകളെ സംബന്ധിച്ച് ജനകീയാവബോധം സൃഷ്ടിക്കുന്നതിന് ആട്ടപ്രകാരത്തോടൊപ്പം ആസ്വാദന സഹായികള്‍ തയ്യാറാക്കുകയും കഥകളികലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനു വര്‍ഷന്തോറും ഉണ്ണായിവാര്യര്‍ സമ്മാനം നല്കിവരുന്നു. ഉണ്ണായിവാര്യര്‍ സ്മാരകഗ്രന്ഥാലയ നവീകരണം, പുതിയ ആട്ടക്കഥകളുടെ രംഗാവിഷ്കരണം, ആസ്വാദക പങ്കാളിത്തം വേണ്ടത്ര ഉറപ്പുവരുത്തികൊണ്ട് രംഗകല എന്ന നിലയില്‍ കഥകളിക്ക് കൂടുതല്‍ പൊതുജനാഭിമുഖ്യം വളര്‍ത്തിയെടുക്കുക തുടങ്ങിയവയാണ് ഉണ്ണായി വാര്യര്‍ സ്മാരക കലാനിലയത്തിന്റെ പുതിയ പ്രവര്‍ത്തനങ്ങള്‍.

മുണ്ടശ്ശേരി സ്മാരകം

സാഹിത്യകാരനും വിദ്യാഭ്യാസ വിചക്ഷണനുമായ ജോസഫ് മുണ്ടശ്ശേരിയുടെ സ്മാരകം 1983 സെപ്. 24-ന് തൃശൂരില്‍ സ്ഥാപിതമായി. സാഹിത്യം സാംസ്കാരിക വിഷയങ്ങളില്‍ മുണ്ടശ്ശേരിയുടെ ചിന്താഗതികളെ പ്രചരിപ്പിക്കുക, ചര്‍ച്ചകള്‍, സിംബോസിയങ്ങള്‍, പ്രഭാഷണങ്ങള്‍ എന്നിവ നടത്തുക, പൊതുപ്രാധാന്യവും സാംസ്കാരിക മൂല്യവുമുള്ള ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കുക, ഗവേഷണപഠനങ്ങളെ സഹായിക്കുക മുതലായവയാണ് സ്മാരക സമിതിയുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍. സംസ്കൃതത്തിലും മലയാളത്തിലും സ്കൂള്‍ തലത്തില്‍ എസ്.എസ്.എല്‍.സി.ക്കു ഒന്നാം സ്ഥാനം നേടുന്ന ഓരോ ജില്ലയിലെയും വിദ്യാര്‍ഥികള്‍ക്ക് സമ്മാനം നല്‍കിവരുന്നു. ദേശീയതലത്തില്‍ വിദ്യാഭ്യാസ സെമിനാറും സംഘടിപ്പിക്കുന്നു.

കണ്ണശ്ശ സ്മാരകം

കണ്ണശ്ശ മഹാകവി (നിരണംകവികള്‍)കളുടെ സ്മരണാര്‍ഥം പത്തനംതിട്ടജില്ലയില്‍ തിരുവല്ലായ്ക്കടുത്ത് നിരണം ദേശത്ത് കണ്ണശ്ശകവികള്‍ ജീവിച്ചിരുന്ന കണ്ണശ്ശന്‍പറമ്പിലാണ് സ്മാരകം സ്ഥാപിതമായിട്ടുള്ളത്. 1981 ആഗ. 30-ന് സ്മാരകം ഉദ്ഘാടനം ചെയ്യപ്പെട്ടു. എല്ലാ വര്‍ഷവും ആഗ. 30 കണ്ണശ്ശദിനമായി ആചരിക്കുന്നു. കണ്ണശ്ശകൃതികളുടെ പ്രസിദ്ധീകരണം, സാംസ്കാരിക പഠനക്കളരി, കഥാകവിതാക്യാമ്പുകള്‍, വിദ്യാര്‍ഥികള്‍ക്കുവേണ്ടി വിവിധ മത്സരങ്ങള്‍ തുടങ്ങിയവ നടത്തിവരുന്നു. കണ്ണശ്ശപഠനഗവേഷണ ഗ്രന്ഥശാല മന്ദിരത്തോടനുബന്ധിച്ച് പ്രവര്‍ത്തിച്ചുവരുന്നു. 2003 മുതല്‍ കണ്ണശ്ശപുരസ്കാരം നല്‍കിവരുന്നു. കണ്ണശ്ശകൃതികള്‍ മുഴുവനും പുനഃപ്രസിദ്ധീകരിക്കുക, പഠനക്ലാസുകളിലെ മൂല്യവത്തായ പ്രബന്ധങ്ങള്‍ സമാഹരിച്ച് പ്രസിദ്ധീകരിക്കുക, വിദ്യാര്‍ഥികളുടെ സാഹിത്യകലാഭിരുചി കണ്ടെത്തി പ്രോത്സാഹിപ്പിക്കാന്‍ കഥ-കവിത പഠനക്ലാസ്സുകള്‍, ചിത്രരചനാമത്സരം സംഘടിപ്പിക്കല്‍ തുടങ്ങിയവ സ്മാരകത്തിന്റെ പ്രവര്‍ത്തനങ്ങളാണ്.

ചങ്ങമ്പുഴ സാംസ്കാരികകേന്ദ്രം

മഹാകവി ചങ്ങമ്പുഴയുടെ സ്മരണയ്ക്കായി ഇടപ്പള്ളിയില്‍ സ്ഥാപിച്ചു. ചങ്ങമ്പുഴ ജന്മശതാബ്ദിയാഘോഷങ്ങള്‍, സംഗീത നാടക-നൃത്തോത്സവങ്ങള്‍ എന്നിവ സംഘടിപ്പിച്ചുവരുന്നു.

സാംസ്കാരികവകുപ്പും ഇതര സ്ഥാപനങ്ങളും

കേരളസാഹിത്യ അക്കാദമി, സംഗീതനാടകഅക്കാദമി, ലളിതകലാഅക്കാദമി, ഫോക്ലോര്‍ അക്കാദമി, ചലച്ചിത്ര അക്കാദമി, കേരള കലാമണ്ഡലം കല്പിത സര്‍വകലാശാല, ചലച്ചിത്രവികസന കോര്‍പ്പറേഷന്‍, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, സര്‍വവിജ്ഞാനകോശ ഇന്‍സ്റ്റിറ്റ്യൂട്ട്, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, ബുക്ക്മാര്‍ക്കറ്റിങ് സൊസൈറ്റി, ഗുരുഗോപിനാഥ് നടനഗ്രാമം, വൈലോപ്പിള്ളി സംസ്കൃതിഭവന്‍, ഭാരത്ഭവന്‍, വാസ്തുവിദ്യാഗുരുകുലം, പ്രൊഫ. എന്‍. കൃഷ്ണപിള്ള ഫൌണ്ടേഷന്‍, ചെറുകാട് മെമ്മോറിയല്‍ ട്രസ്റ്റ്, കണ്ണശ്ശ മെമ്മോറിയല്‍ ട്രസ്റ്റ്, രംഗപ്രഭാത് ചില്‍ഡ്രന്‍സ് തിയെറ്റര്‍, ജവഹര്‍ബാലഭവന്‍, മാര്‍ഗി, സദനം കഥകളി അക്കാദമി, ഷഡ്കാലഗോവിന്ദമാരാര്‍ സ്മാരക കലാസമിതി, സംസ്ഥാന ആര്‍ക്കൈവ്സ്, പുരാവസ്തു വകുപ്പ്, മ്യൂസിയം സൂ വകുപ്പ് എന്നിവയും കലാഭരതി ഗുരുചെങ്ങന്നൂര്‍ കഥകളി അക്കാദമി, വയലാര്‍ രാമവര്‍മ ട്രസ്റ്റ്, ചെമ്പൈ സ്മാരകട്രസ്റ്റ്, കൊട്ടാരത്തില്‍ ശങ്കുണ്ണി സ്മാരക ട്രസ്റ്റ്, എന്നീ സാംസ്കാരിക സ്ഥാപനങ്ങള്‍ കേരള സര്‍ക്കാരിന്റെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്നവയാണ്. കൂടാതെ കടമനിട്ട കാവ്യശില്പ പാര്‍ക്ക്, ഏ.വി. കാലക്കാട് ട്രസ്റ്റ്, എം.ബി.എസ് യൂത്ത് ക്വയര്‍, നൂപുര ഇന്‍സ്റ്റിറ്റ്യൂട്ട്ഒഫ് മോഹിനിയാട്ടം, ആലുവ സംഗീതസഭ, സ്വാതിതിരുനാള്‍ സംഗീതസഭ, അങ്കമാലി കള്‍ച്ചറല്‍ സൊസൈറ്റി, തൃപ്പൂണിത്തുറ കഥകളികേന്ദ്രം, മാങ്ങാട് കലാകേന്ദ്രം, കേരള കലാഗ്രാമം, ചെമ്പഴന്തി ശ്രീനാരായണ അന്തര്‍ദേശീയ പഠനകേന്ദ്രം എന്നീ സാംസ്കാരിക സ്ഥാപനങ്ങള്‍ക്കും കേരളസര്‍ക്കാരിന്റെ പിന്തുണ ലഭിച്ചുപോരുന്നുണ്ട്. നോ. കലാമണ്ഡലം

മാധ്യമങ്ങള്‍

അച്ചടിമാധ്യമങ്ങള്‍

ആമുഖം. വാര്‍ത്താവിനിമയ രംഗത്തെ സാര്‍വത്രികവും അതിശക്തവുമായ മാധ്യമമാണ് വര്‍ത്തമാനപ്പത്രങ്ങള്‍. കേരളത്തിലെ പത്രപ്രവര്‍ത്തനത്തിന്റെ ചരിത്രത്തിന് ഏതാണ്ട് ഒന്നര ശതാബ്ദത്തോളമേ പഴക്കമുള്ളൂ. കേരളത്തിലെ ആദ്യത്തെ പത്രം (രാജ്യസമാചാരം-ഇല്ലിക്കുന്ന്, തലശ്ശേരി-1847) പ്രസിദ്ധീകൃതമാകുന്നത് ഭാരതത്തിലെ ആദ്യത്തെ വര്‍ത്തമാനപത്രം (ബംഗാള്‍ ഗസറ്റ്, കല്‍ക്കട്ട) പ്രസിദ്ധപ്പെടുത്തി 67 സംവത്സരങ്ങള്‍ കഴിഞ്ഞതിനുശേഷമാണ്. എന്നാല്‍ ഇന്ന് (2014) ഇന്ത്യയില്‍ ഏറ്റവുമധികം പ്രചാരമുള്ള-പ്രതികള്‍ വിറ്റഴിയുന്ന-ദിനപത്രം (മലയാളമനോരമ-22.9 ലക്ഷം, ഡിസംബര്‍ 2013) കേരളത്തിലാണ് പ്രസിദ്ധീകരിക്കുന്നത്.

കാലികപ്രാധാന്യമുള്ള വാര്‍ത്തകള്‍ കാലതാമസംകൂടാതെ പകര്‍ന്നു നല്കുന്ന ദിനപത്രങ്ങളെയാണ് പത്രങ്ങളെന്നു സാമാന്യമായി വിവക്ഷിക്കുന്നത്. ആശയവിനിമയത്തിനുള്ള മാധ്യമങ്ങളെന്ന നിലയില്‍ ഇവയെ പ്രസിദ്ധീകരണകാലയളവുകളെ ആസ്പദമാക്കി ദിനപത്രം (പ്രഭാതപ്പതിപ്പും സായാഹ്നപ്പതിപ്പും), വാരിക (ആഴ്ചപ്പതിപ്പ്), ദ്വൈവാരിക (Fortnightly), മാസിക (Monthly), ത്രൈമാസിക (Quarterly) എന്നിങ്ങനെ തരംതിരിക്കാം. ഉള്ളടക്കം, വായനക്കാര്‍ എന്നീ ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തി പത്രത്തിന് സാഹിത്യമാസിക, ഹാസ്യമാസിക, സിനിമാമാസിക, ശാസ്ത്രമാസിക, രാഷ്ട്രീയമാസിക, വനിതാമാസിക, ആരോഗ്യമാസിക, ബാലമാസിക എന്നും മറ്റുമുള്ള വിഭജനവും നിലവിലുണ്ട്. കേരളത്തിന്റെ പത്രപ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടത്തില്‍ ഇത്തരത്തിലുള്ള ഭേദകല്പനകള്‍ക്കു പ്രസക്തിയുണ്ടായിരുന്നില്ല.

ചരിത്രം. മലയാളത്തിലെ പത്രപ്രവര്‍ത്തനം ആരംഭിക്കുന്നത് ക്രൈസ്തവമിഷനറിമാരുടെ നേതൃത്വത്തിലുണ്ടായ മൂന്ന് ആനുകാലിക പ്രസിദ്ധീകരണങ്ങളായ രാജ്യസമാചാരം (1847 ജൂണ്‍), പശ്ചിമോദയം (1847 ഒക്ടോബര്‍), ജ്ഞാനനിക്ഷേപം (1848 വൃശ്ചികം-ഇംഗ്ലീഷ് വര്‍ഷവും മലയാളമാസവും കലര്‍ത്തി എഴുതുന്ന സമ്പ്രദായം അന്നു തിരുവിതാംകൂറില്‍ പതിവുള്ളതായി പഴയ പ്രസിദ്ധീകരണങ്ങളില്‍ കാണുന്നു.) എന്നിവയുടെ പ്രസിദ്ധീകരണത്തോടുകൂടിയാണ്.

രാജ്യസമാചാരം പത്രത്തിന്റെ ആദ്യക്ഷരം

രാജ്യസമാചാരം (1847). 1847 ജൂണില്‍ എഫ്. മുള്ളറിന്റെ പത്രാധിപത്യത്തില്‍ തലശ്ശേരിയില്‍ നിന്നും പ്രസിദ്ധീകരണം ആരംഭിച്ചു. ബാസല്‍മിഷനായിരുന്നു രാജ്യസമാചാരത്തിന്റെ പ്രസാധകര്‍. പശ്ചിമോദയം ആണ് ഇവര്‍ പ്രസിദ്ധീകരിച്ച മറ്റൊരു ദിനപത്രം.

ഗുണ്ടര്‍ട്ടിനെ മിഷനറിപ്രവര്‍ത്തനത്തില്‍ സഹായിക്കുവാന്‍ തലശ്ശേരി ഇല്ലിക്കുന്നില്‍ 1842-ല്‍ വന്ന മുള്ളര്‍ മലയാളം പഠിച്ചത് ഗുണ്ടര്‍ട്ടില്‍ നിന്നായിരുന്നു. യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്ക് അദ്ഭുതകരമായി സൗഭാഗ്യങ്ങള്‍ വന്നുചേരുന്നതും ചിലരുടെ ദുഃഖങ്ങള്‍ ദൈവകാരുണ്യത്താല്‍ അകലുന്നതും പല വിശ്വാസികള്‍ക്കും വിപത്തിലും മറ്റും മനഃശാന്തി ലഭിച്ചതുമായ വിവരങ്ങളായിരുന്നു പത്രത്തിലെ ഉള്ളടക്കം. പാശ്ചാത്യശാസ്ത്രത്തിന്റെ ഒരു പൊതുരൂപം ജനങ്ങള്‍ക്ക് നല്കാനായാണ് 1847 ഒക്ടോബറില്‍ പശ്ചിമോദയം ആരംഭിച്ചത്.

ജ്യോതിഷവിദ്യ, ഭൂമിശാസ്ത്രം, കേരളപ്പഴമ ഈ മൂന്നു വിഷയങ്ങളാണ് പശ്ചിമോദയത്തില്‍ തുടര്‍ച്ചയായി പ്രതിപാദിച്ചിരുന്നത്.

ജ്ഞാനനിക്ഷേപം (1848). കല്ലച്ചിലല്ലാതെ അച്ചടിയില്‍ത്തന്നെ ഒന്നാമതായി പ്രസിദ്ധീകരിച്ച പത്രം ഇതാണ്. ചില ആധികാരിക ഗ്രന്ഥങ്ങളില്‍പ്പോലും ഈ പത്രത്തിന്റെ പേര് വിജ്ഞാന നിക്ഷേപം എന്നു കൊടുത്തിരിക്കുന്നതു ശരിയല്ല. ജ്ഞാനനിക്ഷേപം എന്നാണ് ശരിയായ പേര്. ഈ പത്രത്തിന്റെ ആരംഭത്തെക്കുറിച്ചും അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ട്. പക്ഷേ, '1848 വൃശ്ചികം ഒന്ന്' എന്നാണ് പ്രഥമ ലക്കത്തില്‍ ത്തന്നെ കാണുന്നത്. മുഖവുര-വര്‍ത്തമാനങ്ങള്‍-മനുഷ്യന്‍-ഭാഷ-എഴുത്ത്-ഭൂമിയുടെ രൂപം ഗ്രഹാദികള്‍-ആഴ്ചവട്ടങ്ങള്‍-റഗുലേഷന്‍ ചേര്‍പ്പുകള്‍ എന്നിവയായിരുന്നു ഉള്ളടക്കം. കോട്ടയത്ത് അച്ചുകൂടത്തില്‍ അച്ചടിച്ച് ആര്‍ച്ച് ഡീക്കന്‍ കോശിയുടെയും റവറന്റ് മാത്തന്റെയും മേല്‍നോട്ടത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന ഈ പത്രം ഉന്നതനിലവാരം പുലര്‍ത്തിയിരുന്നു. വിഷയവിവരങ്ങള്‍ ആദ്യമായി നല്കിയ പത്രവും ഇതുതന്നെ. ഓരോമാസത്തെയും കലണ്ടര്‍ നല്കിയതും പഞ്ചാംഗം പ്രസിദ്ധം ചെയ്യാതിരുന്ന അക്കാലത്ത് വളരെ പ്രയോജനകരമായിരുന്നിരിക്കണം. 1852 മീനമാസം ഒന്നാംതീയതി വരെ പത്രം നടന്നിരുന്നു.

വിദ്യാസംഗ്രഹം (1864). മലയാളത്തിലെ ഒന്നാമത്തെ വിദ്യാലയ മാസികയാണിത്. Kottayam College Quarterly Magazine എന്ന് ഇംഗ്ലീഷിലും വിദ്യാസംഗ്രഹം എന്ന് മലയാളത്തിലും പേരു നല്കിയിട്ടുള്ള ഈ പ്രസിദ്ധീകരണത്തില്‍ രണ്ടു ഭാഷയിലും എഴുതിയ ലേഖനങ്ങളുണ്ടായിരുന്നു. ക്രിസ്തുമത വിഷയങ്ങളും ഹൈന്ദവസിദ്ധാന്ത വിമര്‍ശനങ്ങളും മറ്റു ഗ്രന്ഥവിമര്‍ശനങ്ങളും ഇതില്‍ പ്രസിദ്ധീകരിച്ചിരുന്നു. മലയാളപത്രങ്ങളില്‍ നിരൂപണങ്ങള്‍ ചേര്‍ക്കുന്ന രീതിയുടെ തുടക്കം ഈ പത്രത്തിലായിരുന്നു. നോവലും ചെറുകഥയും നീണ്ടകഥയും പ്രസിദ്ധീകരിച്ചിരുന്നില്ല. എന്നാല്‍ ചരിത്രവും ജീവചരിത്രവും ഇതില്‍ സ്ഥാനം പിടിച്ചിരുന്നു. പത്രത്തില്‍ ചതുരംഗം ഉള്‍ക്കൊള്ളിച്ചിരുന്നതിനാല്‍ വിനോദകാര്യങ്ങള്‍ക്കും അന്നത്തെ പത്രങ്ങളില്‍ സ്ഥാനം നല്കിയിരുന്നുവെന്ന് പറയാം. ആധുനിക മാസികകളുടെ ഒരു ഏകദേശരൂപം ഈ മിഷനറി പ്രസിദ്ധീകരണത്തില്‍ ദര്‍ശിക്കാവുന്നതാണ്.

പശ്ചിമതാരക (1864). ഈ പത്രത്തിന്റെ ചരിത്രത്തെപ്പറ്റിയും ഭിന്നാഭിപ്രായങ്ങളാണ് നിലവിലുള്ളത്. പൊതുവേ വിശ്വസനീയവും അംഗീകൃതവുമായ അഭിപ്രായങ്ങളെ ആധാരമാക്കിക്കൊണ്ടുള്ള പശ്ചിമതാരകയുടെ ചരിത്രം താഴെ കൊടുക്കുന്നു.

1860-നടുത്തായി പോള്‍ മെല്‍വിന്‍ മാക്കര്‍ എന്നൊരു സായിപ്പും ചില മലയാളികളും ചേര്‍ന്ന് വെസ്റ്റേണ്‍ സ്റ്റാര്‍(Western Star) എന്നൊരു ഇംഗ്ലീഷ് പത്രം ബ്രിട്ടീഷുകൊച്ചിയില്‍ ആരംഭിച്ചു. അതിന്റെ ഭാഷാനുവാദമായി പശ്ചിമതാരക എന്ന മലയാളപത്രം ആരംഭിക്കുകയും പിന്നീട് അതില്‍ മറ്റിനങ്ങള്‍ സ്വതന്ത്രമായി കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ആദ്യകാലത്തെ പത്രാധിപന്മാരില്‍ പ്രധാനി കല്ലൂര്‍ ഉമ്മന്‍ ഫിലിപ്പോസ് ആയിരുന്നു. മലയാളപത്രങ്ങളിലെ ഒന്നാമത്തെ മലയാള പത്രാധിപരും ഇദ്ദേഹം തന്നെ. ഉദ്യോഗസ്ഥന്മാരുടെ ക്രമക്കേടുകളെ വിമര്‍ശിക്കുക, ഗ്രന്ഥവിമര്‍ശനത്തിന് കൂടുതല്‍ പ്രാധാന്യം നല്കുക ഇവയായിരുന്നു ഈ പത്രത്തിന്റെ പുതുമകള്‍.

സന്ദിഷ്ടവാദി (1867). ഡബ്ല്യു.എച്ച്. മൂര്‍ (W.H.Moore) നടത്തിയ Travancore Herald എന്നൊരു ഇംഗ്ലീഷുപത്രത്തിന്റെ അനുബന്ധമായി 1867-ല്‍ ആരംഭിച്ച പത്രമാണ് സന്ദിഷ്ടവാദി. ഈ പത്രം രാജവാഴ്ചയെ കൂടുതല്‍ ശക്തിയായി വിമര്‍ശിച്ചു. ദിവാന്‍ മാധവരായരുടെ ഭരണത്തെ നിശിതമായി വിമര്‍ശിച്ചപ്പോള്‍ സന്ദിഷ്ടവാദിയുടെ പ്രസിദ്ധീകരണം ഗവണ്‍മെന്റ് തടഞ്ഞു. അങ്ങനെ ഒന്നാമതായി സര്‍ക്കാരിനാല്‍ നിരോധിക്കപ്പെട്ട പത്രം എന്ന ബഹുമതിയും സന്ദിഷ്ടവാദിക്കുണ്ട്.

സത്യനാദകാഹളം (1876). ഇത് പാതിരിമാര്‍ ചേര്‍ന്ന് നടത്തിയ പത്രമാണെങ്കിലും മറ്റു ക്രിസ്ത്യാനികളും കൂട്ടത്തില്‍ ഒരു ഹിന്ദുവും ഇതിന്റെ പത്രാധിപസ്ഥാനം വഹിച്ചിരുന്നു. അങ്ങനെ ഇത് പൊതു വൃത്താന്ത പത്രപ്രവര്‍ത്തനത്തിന്റെ മാര്‍ഗം കൂടുതല്‍ സുഗമമാക്കിത്തീര്‍ത്തു. പത്രത്തിന്റെ ഡയറക്ടര്‍ ഫാദര്‍ ക്ളോഡിയസ് (Fr.Claudius) എന്ന വിദേശിയനും മറ്റു പത്രാധിപന്മാര്‍ ടി.ജെ. പൈലി, ഫാദര്‍ ലൂയിസ് എന്നിവരും ആയിരുന്നു. പിന്നീട് കെ.എ. പീറ്ററും തൊണ്ടന്‍കുളങ്ങര കൃഷ്ണവാരിയരും പത്രാധിപര്‍ സ്ഥാനം വഹിച്ചു.

കേരളമിത്രം (1881). മലയാളപത്രങ്ങള്‍ക്കു പൊതുവൃത്താന്തപത്രത്തിന്റെ സ്വഭാവവും സരളമായ ശൈലിയും വിശാലവീക്ഷണവും പ്രായോഗികമായ തത്ത്വദീക്ഷയും സമ്പാദിച്ചുകൊടുത്ത പത്രമായ കേരളമിത്രത്തോടുകൂടിയാണ് ഇവിടെ യഥാര്‍ഥ പത്രപ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇതുവരെ പ്രസ്താവിച്ച പത്രങ്ങള്‍ ക്രമേണ ഈ വിശേഷതകള്‍ കൈവരിച്ചുകൊണ്ട് മുന്നോട്ടു നീങ്ങിയവയായിരുന്നു. "വിശേഷ വര്‍ത്തമാനങ്ങളും മറ്റും ഗ്രഹിക്കുന്നതിന് കേരളമിത്രത്തിന് ശരിയായി വേറൊന്നുമില്ല എന്നാണ് പി. ഗോവിന്ദപ്പിള്ള മലയാളഭാഷാചരിത്രത്തില്‍ പറഞ്ഞിട്ടുള്ളത്. കൊച്ചിയില്‍ ദേവ്ജി ഭീംജി എന്ന ഗുജറാത്തി ആരംഭിച്ച ഈ പത്രത്തിന്റെ ഒന്നാമത്തെ പത്രാധിപര്‍ കണ്ടത്തില്‍ വറുഗീസ് മാപ്പിളയായിരുന്നു. അങ്ങനെ, മലയാള മനോരമപത്രം സ്ഥാപിച്ച വറുഗീസ് മാപ്പിള ആദ്യമായി പത്രാധിപരായി പ്രവര്‍ത്തനം ആരംഭിച്ച പത്രം എന്ന നിലയ്ക്കും കേരളമിത്രം പ്രാധാന്യമര്‍ഹിക്കുന്നു.

കണ്ടത്തില്‍ വറുഗീസ് മാപ്പിള

വിദ്യാവിലാസിനി (1881). തിരുവനന്തപുരത്തു ഈശ്വരപ്പിള്ള വിചാരിപ്പുകാര്‍ ആരംഭിച്ച (1853) അച്ചുകൂടത്തില്‍ നിന്ന് 1881-ല്‍ വിദ്യാവിലാസിനി പുറപ്പെട്ടു. വിശാഖം തിരുനാള്‍ രാജാവ് ആ മാസികയില്‍ പാശ്ചാത്യരായ മഹാന്മാരുടെ ജീവചരിത്രസംഗ്രഹങ്ങള്‍ പ്രസിദ്ധം ചെയ്തിരുന്നു. പി. ഗോവിന്ദപ്പിള്ളയുടെ മലയാളഭാഷാചരിത്രവും വലിയകോയിത്തമ്പുരാന്റെ കേരളീയ ഭാഷാശാകുന്തളവും മറ്റുമായിരുന്നു മാസന്തോറും വിലാസിനിയില്‍ ഖണ്ഡശഃ പ്രസിദ്ധപ്പെടുത്തിയിരുന്നത്. ഭാഷാചരിത്രം, ജീവചരിത്രം, സംസ്കൃതകൃതികളുടെ വിവര്‍ത്തനങ്ങള്‍ എന്നീ സാഹിത്യവിഭാഗങ്ങളില്‍ മലയാളഭാഷയ്ക്ക് മാസികകള്‍ നല്കിയ സംഭാവനകള്‍ക്ക് തുടക്കമിട്ടത് ഈ മാസികയാണ്.

വെസ്റ്റ് കോസ്റ്റ് സ്പെക്ടേറ്റര്‍ (1879). ഇതൊരു ഇംഗ്ലീഷ് വാരികയായിരുന്നുവെങ്കിലും മലബാറില്‍ പൊതുപത്രങ്ങളുടെ ആരംഭം കുറിക്കുകയും പലതിലും അവയ്ക്ക് മാര്‍ഗദര്‍ശിത്വം നല്കുകയും ചെയ്തതുകൊണ്ട് ഇതിന് ഇവിടെ ഗണ്യമായ സ്ഥാനമുണ്ട്. മലബാര്‍ സ്പെക്ടേറ്റര്‍ എന്നായിരുന്നു ആദ്യത്തെ പേര്. പിന്നീടത് വെസ്റ്റ് കോസ്റ്റ് സ്പെക്ടേറ്റര്‍ എന്നായി.

മലബാറിലെ പൂവ്വാടന്‍ രാമന്‍ എന്ന ഒരു വക്കീലാണ് 1874-ല്‍ സ്പെക്ടേറ്റര്‍ പ്രസ് ആരംഭിക്കുകയും 1879-ല്‍ ഈ പത്രം അച്ചടിച്ചിറക്കുകയും ചെയ്തത്. ഇംഗ്ലീഷില്‍ ശക്തിയേറിയ ലേഖനങ്ങളെഴുതിയിരുന്ന മി. കീസ് (Keiss) എന്ന യൂറോപ്യനെ തിരുവിതാംകൂര്‍ രാജാവ് നാടുകടത്തിയപ്പോള്‍, പൂവ്വാടന്‍ രാമന്‍ അദ്ദേഹത്തെ സ്പെക്ടേറ്റര്‍ പത്രത്തിന്റെ ഒന്നാമത്തെ പത്രാധിപരായി നിയമിച്ചു. ആധുനികശാസ്ത്രം, സംസ്കാരം, രാജ്യഭരണം, സാഹിത്യം, സാമുദായികവിശേഷങ്ങള്‍, ആചാരപരിഷ്കരണം, ഗ്രന്ഥവിമര്‍ശനം എന്നിവയായിരുന്നു സ്പെക്ടേറ്ററിലെ പ്രതിപാദ്യങ്ങള്‍. ചില നിരൂപണസമരങ്ങളും ഇതില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇങ്ങനെ മലയാളപത്രത്തിലെ ഒരു പ്രത്യേകതയായ 'വാക്സമരം' മലബാറില്‍ (ഇംഗ്ലീഷില്‍) ആരംഭിച്ചു.

കേരളപത്രിക (1884). മലബാറില്‍ ഒന്നാമതായി ഇറങ്ങിയ മലയാളവൃത്താന്തപത്രമാണ് കേരളപത്രിക എന്ന വാരിക. പത്രികയില്‍ പലരുടെയും പ്രൗഢഗംഭീരങ്ങളായ ലേഖനങ്ങള്‍ സരളവും ആകര്‍ഷകവുമായ ശൈലിയില്‍ പ്രസിദ്ധം ചെയ്തിരുന്നു. ഈ ലേഖകരുടെ കൂട്ടത്തില്‍ ഏറ്റവും പ്രഗല്ഭന്‍ കേസരി എന്ന തൂലികാനാമത്തില്‍ എഴുതിയിരുന്ന വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍ ആണ്. രാഷ്ട്രീയവും സാമുദായികവും സാഹിത്യപരവുമായ കാര്യങ്ങളെപ്പറ്റി വിവരങ്ങള്‍ നല്കിയും നാട്ടുവാര്‍ത്തകളെ വ്യാഖ്യാനിച്ചും ജനങ്ങളെ ഉദ്ബുദ്ധരാക്കി രാജ്യത്തിന്റെ അഭിവൃദ്ധിമാര്‍ഗങ്ങള്‍ നിര്‍ണയിക്കാന്‍ കെല്പുള്ള പൊതുജനാഭിപ്രായം വളര്‍ത്തിയെടുക്കുകയാണ് കേരളപത്രിക ചെയ്തത്.

അന്നുവരെ പ്രമാണികളുടെ അഭിപ്രായങ്ങളായിരുന്നു പൊതുജനാഭിപ്രായം. വാര്‍ത്തകളും ലേഖനങ്ങളും എഴുതുവാന്‍ കെല്പുള്ള ആളുകളെ കിട്ടാന്‍ പ്രയാസമായിരുന്നു. വികലവും ശിഥിലവുമായ 'കോടതിഭാഷ'യെ അനുസ്മരിപ്പിക്കുന്നതായിരുന്നു അന്നത്തെ ഗദ്യശൈലി. ഇത്തരം പ്രയാസങ്ങളൊക്കെ ആരംഭം മുതല്‍ തരണം ചെയ്തത് ചെങ്കളത്തു കുഞ്ഞിരാമമേനോന്റെ നേതൃത്വത്തില്‍ കേരളപത്രികയിലൂടെയായിരുന്നു.

മലയാളി (1886). മലയാളപത്രങ്ങളുടെ ചരിത്രത്തില്‍ ഒരു നാഴികക്കല്ലാണ് മലയാളിപത്രത്തിന്റെ ആവിര്‍ഭാവം. സമുദായ സേവനോത്സുകരായിരുന്ന സി. കൃഷ്ണപിള്ളയും പി. താണുപിള്ളയും മറ്റും ചേര്‍ന്ന് നടത്തിയിരുന്ന മലയാളിസഭയുടെ മുഖപത്രമായി തിരുവനന്തപുരത്തുനിന്നും 1886-ല്‍ കൃഷ്ണപിള്ളയുടെ പത്രാധിപത്യത്തില്‍ മലയാളി മാസികയായി ആരംഭിച്ചു.

സാമൂഹിക-സാംസ്കാരിക വിഷയങ്ങള്‍ കൈകാര്യം ചെയ്ത മലയാളി ജനങ്ങളെ ഉദ്ബുദ്ധരാക്കി. ഈ അവസരത്തിലാണ് മലയാളിയുടെ സാരഥ്യം സി.വി. രാമന്‍പിള്ള ഏറ്റെടുത്തത്. അതോടുകൂടി പത്രത്തിന്റെ സാമുദായിക-സാഹിത്യ-സാംസ്കാരിക സേവനദക്ഷത വളരെയധികം വര്‍ധിച്ചു. കേരളസമുദായ ചരിത്രത്തില്‍ സുപ്രധാനമായ വഴിത്തിരിവു സൃഷ്ടിച്ച മലയാളി മെമ്മോറിയലിന് അടിസ്ഥാനമിട്ടത് മലയാളി ആയിരുന്നു. തുടര്‍ന്ന് ആ മെമ്മോറിയലിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചതും അതിനു പൊതുജനങ്ങളുടെ പിന്‍ബലം സമ്പാദിച്ചുകൊടുത്തതും മലയാളി തന്നെ.

പില്ക്കാലത്ത് ഇത് വാരികയായി കൊല്ലം തങ്കശ്ശേരിയില്‍ നിന്നും പ്രസിദ്ധീകരിച്ചുവന്നു. ഈ ഘട്ടത്തില്‍ അല്പകാലം സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയും കെ.ജി. ശങ്കറും ഇതിന്റെ പത്രാധിപന്മാരായിരുന്നു. 1911-ല്‍ ദിനപത്രമായി പ്രസിദ്ധീകരണം ആരംഭിച്ച ഇത് അല്പകാലത്തിനുശേഷം വീണ്ടും വാരികയും ത്രൈവാരികയും ആയി മാറി തിരുവനന്തപുരത്തെത്തി. തിരുവിതാംകൂര്‍ ഉത്തരവാദഭരണ പ്രക്ഷോഭണകാലത്ത് എം.ആര്‍. മാധവവാരിയരുടെ പത്രാധിപത്യത്തില്‍ ദിനപത്രമായി പ്രസിദ്ധീകരിച്ചു തുടങ്ങിയ മലയാളി ജനായത്തഭരണത്തിനുവേണ്ടി തീവ്രമായി വാദിച്ചതിന്റെ പേരില്‍ നിരോധിക്കപ്പെട്ടു. സ്വാതന്ത്ര്യലബ്ധിക്കുശേഷം നായര്‍ സര്‍വീസ് സൊസൈറ്റി ഉടമാവകാശം ഏറ്റെടുത്ത ഇതിന്റെ പുനഃപ്രസിദ്ധീകരണം ചങ്ങനാശ്ശേരിയില്‍ നിന്നും ആരംഭിച്ചു. 1965-ഓടുകൂടി ഇതിന്റെ പ്രസിദ്ധീകരണം നിന്നുപോയി.

കേരളസഞ്ചാരി (1886). വെസ്റ്റ്കോസ്റ്റ് സ്പെക്ടേറ്റര്‍ എന്ന ഇംഗ്ലീഷ് പത്രം ആരംഭിച്ച പൂവ്വാടന്‍ രാമന്‍ തന്നെ 1886-ല്‍ കേരളസഞ്ചാരിയും സ്ഥാപിച്ചു. കേരളപത്രികയില്‍ക്കൂടി ഏറ്റവും ജനപ്രീതി സമ്പാദിച്ചിരുന്ന വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍ (കേസരി) ആയിരുന്നു കേരള സഞ്ചാരിയുടെ പത്രാധിപര്‍. മലയാളികള്‍ക്ക് ബ്രിട്ടീഷ് ഭരണത്തിന്‍കീഴില്‍ അധികാരബലമുള്ള ഉയര്‍ന്ന ഉദ്യോഗങ്ങള്‍ കിട്ടിത്തുടങ്ങിയത് ഇക്കാലത്തായിരുന്നു. ഇങ്ങനെ അധികാരത്തില്‍ കടന്നുകൂടിയവരില്‍ ചിലര്‍ അഴിമതിയും അക്രമങ്ങളും നടത്തി അധികാരപ്രവണത പ്രകടിപ്പിച്ചുകൊണ്ട് ജനങ്ങളെ ദ്രോഹിച്ചു. കേസരി ഈ ദുഷിച്ച പ്രവണതകള്‍ക്കെതിരെ തന്റെ തൂലിക നിര്‍ഭയം ചലിപ്പിച്ചു. ഇതിനുമുപരിയായി ജനങ്ങളെ രസിപ്പിച്ചുകൊണ്ട് വിജ്ഞരാക്കുന്ന പല ലേഖനങ്ങളും (സല്ലാപസാഹിത്യം) സഞ്ചാരിയില്‍ പ്രസിദ്ധീകരിച്ചിരുന്നു.

ആറുമാസമേ കേസരി പത്രാധിപരായിരുന്നുളളൂ. പിന്നീട് സി. കൃഷ്ണന്‍, മൂര്‍ക്കോത്തു കുമാരന്‍, സി.പി. ഗോവിന്ദന്‍നായര്‍ എന്നിവരാണ് പത്രം നടത്തിയത്. 1938 വരെ പത്രം നടന്നിരുന്നു. പിന്നീട് ഇത് മിതവാദിയില്‍ ലയിച്ചു.

നസ്രാണിദീപിക (1887). മലയാളി ആരംഭകാലത്തുതന്നെ 'മാര്‍ത്തോമ്മാ നസ്രാണികളുടെ വിദ്യാഭ്യാസം, നാഗരികത, സര്‍ക്കാരുദ്യോഗത്തില്‍ അവര്‍ക്കുള്ള സ്ഥാനം' മുതലായവയിലൂടെ സാമൂഹികമായ ഉയര്‍ച്ചയെ ഉദ്ദേശിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്നവര്‍, 'നസ്രാണിജാത്യൈകസംഘം' എന്നൊരു സംഘടന സ്ഥാപിക്കുകയും ആ സംഘം വകയായി നസ്രാണിദീപിക എന്നൊരു പത്രം 1887 ഏ. 15-ന് കോട്ടയത്തിനടുത്തുള്ള മാന്നാനത്തുനിന്നും ആരംഭിക്കുകയും ചെയ്തു. അഭിവന്ദ്യ മാര്‍ലീനോസ് മെത്രാന്‍ അനുവാദപത്രം നല്കി പത്രത്തിന്റെ പ്രധാന നടത്തിപ്പുകാരനായി നിധീരിക്കല്‍ മാണിക്കത്തനാരെ നിയമിച്ചു.

ആദ്യത്തെ മുഖപ്രസംഗത്തില്‍ പലതും പറയുന്ന കൂട്ടത്തില്‍ 'രാജമന്ദിരങ്ങളിലും മന്ത്രിസത്തമന്മാരുടെ സഭകളിലും ന്യായകര്‍ത്താക്കന്മാരുടെ സന്നിധാനത്തിലും നാട്ടില്‍ നടക്കുന്ന അക്രമം, അനീതി, പരപീഡ, സാധുക്കളുടെ ആവശ്യങ്ങള്‍ എന്നിവയെക്കുറിച്ച് നിവൃത്തിമാര്‍ഗം വരുത്താന്‍ (നസ്രാണി ദീപിക) ശ്രമിക്കുന്നതാണ്' എന്നും പ്രസ്താവിച്ചിരിക്കുന്നു. 'എല്ലാ കേരളീയരുടെയും ഭാരതീയരുടെയും അഖിലലോകമാസികകളുടെയും ഉപകാരത്തിനായി പ്രവര്‍ത്തിക്കും' എന്നും അടുത്ത ഒരു മുഖപ്രസംഗത്തില്‍ പറഞ്ഞിട്ടുണ്ട്. ആതുരസംരക്ഷണം, പൗരാവകാശസമത്വം, സാമൂഹ്യനീതി മുതലായവയായിരുന്നു ആരംഭകാലത്തുതന്നെ മുഖപ്രസംഗങ്ങളുടെ വിഷയങ്ങള്‍. കുടുംബസ്നേഹം സമുദായസ്നേഹമായും രാജ്യസ്നേഹമായും മനുഷ്യസ്നേഹമായും വളരുകയെന്ന അഭിലഷണീയ പ്രക്രിയയാണ് ഇവയില്‍ കാണുന്നത്. മലയാളഗദ്യത്തിന്റെ പുരോഗതിയിലും ദീപിക പ്രത്യേകം ശ്രദ്ധ പതിപ്പിച്ചിരുന്നു. ക്രിസ്ത്യാനികളുടെ ഒരു വിഭാഗമായ മാര്‍ത്തോമ്മാക്കാരുടെ ഈ പത്രത്തില്‍ കേരളവര്‍മ വലിയ കോയിത്തമ്പുരാന്‍, ഏ.ആര്‍. രാജരാജവര്‍മ, മുലൂര്‍ എസ്. പദ്മനാഭപ്പണിക്കര്‍, കെ.സി. കേശവപിള്ള, മൂര്‍ക്കോത്തു കുമാരന്‍ എന്നിവര്‍ എഴുതിയിരുന്നുവെന്നത് പ്രത്യേകം പ്രസ്താവ്യമാണ്.

1887-ല്‍ ദ്വൈവാരികയായി ആരംഭിച്ച പത്രം 1938 മുതല്‍ ദീപിക എന്ന പേരില്‍ ദിനപത്രമായി തുടര്‍ന്നുവരുന്നു. കൂടാതെ ദീപിക ആഴ്ചപ്പതിപ്പും രാഷ്ട്രദീപിക സായാഹ്നപത്രവും പ്രസിദ്ധീകരിച്ചുവരുന്നു.

വിദ്യാവിനോദിനി (1889). തൃശൂരില്‍ വിദ്യാവിനോദിനി അച്ചുകൂടത്തില്‍ അച്ചടിച്ച് സി.പി. അച്യുതമേനോന്റെയും വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരുടെയും പത്രാധിപത്യത്തില്‍ 1889-ല്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയ പത്രമാണ് വിദ്യാവിനോദിനി. മലയാളത്തില്‍ സാധാരണക്കാരന് ആവശ്യമായ വിജ്ഞാനവും ആരോഗ്യപരമായ വിനോദവും ഗ്രന്ഥങ്ങളുടെ ദുര്‍ലഭതയില്‍ സമ്പാദിച്ചുകൊടുത്തത് പത്ര-മാസികകളാണ്. അതിനു മകുടോദാഹരണമാണ് വിദ്യാവിനോദിനി. സുപ്രസിദ്ധ സാഹിത്യനിപുണന്മാരും രസികന്മാരും വിദ്യാവിനോദിനിയില്‍ എഴുതിയിരുന്നവരാണ്. വാസനയുള്ള ചെറുപ്പക്കാരെയും ആ മാസിക പ്രോത്സാഹിപ്പിച്ചിരുന്നു.

ഗ്രന്ഥങ്ങള്‍ പ്രസിദ്ധം ചെയ്തു വിറ്റഴിക്കാന്‍ പ്രയാസമായിരുന്ന അക്കാലത്ത് പത്രമാസികകളിലൂടെയായിരുന്നു ആയിരമായിരം വായനക്കാര്‍ വിശിഷ്ടകൃതികള്‍ മാസന്തോറും വായിച്ച് ആസ്വദിച്ചുവളര്‍ന്നത്. മഹച്ചരിതസംഗ്രഹം, മലയാള ഭാഷാശാകുന്തളം മുതലായ വിവര്‍ത്തനങ്ങള്‍, ഖണ്ഡശഃ പ്രസിദ്ധം ചെയ്ത നോവലുകള്‍, ചെറിയ കഥകള്‍, ഖണ്ഡകാവ്യങ്ങള്‍ എന്നിവയുടെ ഉത്തമമാതൃകകള്‍ വിദ്യാവിനോദിനിയിലൂടെ പ്രസിദ്ധീകൃതമായി.

പത്തൊമ്പതാം ശതകത്തിന്റെ ഉത്തരാര്‍ധത്തോടുകൂടി ആവിര്‍ഭവിച്ച പൊതുസ്ഥാപനങ്ങള്‍, പുതിയ സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവ തൊഴിലാളികളും സര്‍ക്കാരുദ്യോഗസ്ഥന്മാരും അധ്യാപകരും മറ്റും ഉള്‍ക്കൊള്ളുന്ന ജാതിമതവാദികള്‍ക്കതീതമായ ഒരു സമൂഹത്തിന് രൂപം നല്കി. ഇതിന്റെ ഫലമായുണ്ടായ പരിവര്‍ത്തനം പൊതുജനം എന്ന ജനക്കൂട്ടത്തിനു പൊതുവായി അറിയാന്‍ ആഗ്രഹവും രസവും ഉത്കണ്ഠയും ഉണ്ടാവുന്ന വാര്‍ത്തകള്‍ക്കു പ്രാധാന്യം നല്കുന്നതിനു പ്രേരകമായി. ഇത്തരം വാര്‍ത്തകള്‍ ഉള്‍ക്കൊള്ളിച്ച പൊതുവൃത്താന്തങ്ങളായിരുന്നു കേരളമിത്രം, കേരളപത്രിക, കേരള സഞ്ചാരി, മലയാളമനോരമ എന്നിവ

കെ.സി.രാമന്‍പിള്ള

മലയാള മനോരമ (1890). 1890 മാ. 22-ന് കണ്ടത്തില്‍ വര്‍ഗീസ് മാപ്പിളയുടെ പത്രാധിപത്യത്തില്‍ മലയാള മനോരമയുടെ ഒന്നാം ലക്കം പ്രസിദ്ധീകരിക്കപ്പെട്ടു. ആരംഭത്തില്‍ ആഴ്ചയില്‍ ഒന്നും 1901 മുതല്‍ ആഴ്ചയില്‍ രണ്ടും 1918 മുതല്‍ ആഴ്ചയില്‍ മൂന്നും ദിവസങ്ങളിലായി പ്രസിദ്ധീകരിച്ചിരുന്ന ഈ പത്രം 1928-ല്‍ ഒരു പ്രതിദിനപത്രമായിത്തീര്‍ന്നു. 1937 മുതല്‍ ദിനപത്രത്തിനു പുറമേ മലയാള മനോരമ ആഴ്ചപ്പതിപ്പും പ്രസിദ്ധീകരിച്ചു തുടങ്ങി.

ആരംഭം മുതല്‍ ഭാഷയെയും സാഹിത്യത്തെയും പോഷിപ്പിക്കുന്നതില്‍ മഹനീയമായ സംഭാവനകള്‍ ചെയ്ത മനോരമ ഒരു പുതിയ തലമുറയെ സാഹിത്യരംഗത്തു വാര്‍ത്തെടുത്ത് അവര്‍ക്ക് വീറും കരുത്തും നല്കി.

സാമൂഹികരംഗത്തു ദുര്‍ബല വിഭാഗങ്ങളുടെ പുരോഗതിക്കു പാതയൊരുക്കിക്കൊടുത്ത ഈ പത്രം 'മലയാളി മെമ്മോറിയല്‍', 'ഈഴവമെമ്മോറിയല്‍' എന്നീ നിവേദനങ്ങളെ പിന്താങ്ങി; കാലാനുസൃതം 'പൗരസമത്വവാദം', 'നിവര്‍ത്തന പ്രക്ഷോഭം' എന്നിവയുടെ പ്രവര്‍ത്തനങ്ങളെയും പ്രോത്സാഹിപ്പിച്ചു. ഒടുവില്‍ ഉത്തരവാദത്തഭരണത്തിനു വേണ്ടിയുള്ള സമരത്തില്‍ ഗണ്യമായ പിന്തുണ നല്കിയെന്ന കുറ്റം ചുമത്തി തിരുവിതാംകൂര്‍ സര്‍ക്കാര്‍ 1938 സെപ്. 9-ന് രാത്രി 12 മണിക്ക് മനോരമയുടെ ഓഫീസ് പൂട്ടി മുദ്രവയ്ക്കുകയും പത്രം നിര്‍ത്തുവാന്‍ ഉത്തരവ് നല്കുകയും ചെയ്തു. മുഖ്യ പത്രാധിപരായിരുന്ന മാമ്മന്‍ മാപ്പിളയെ ഒരു ബാങ്കു കേസിന്റെ പേരില്‍ രണ്ടുവര്‍ഷം തടവിലുമാക്കി. ഇന്ത്യ സ്വതന്ത്രയായതിനുശേഷം 1947 ന. 20-ന് മാത്രമാണ് പത്രം വീണ്ടും പ്രസിദ്ധീകരിച്ചുതുടങ്ങിയത്. 1956-ല്‍ ആഴ്ചപ്പതിപ്പും പുനരാരം ഭിച്ചു.

1947 ന. 29-ന് പുനഃപ്രകാശനം ചെയ്യപ്പെട്ടതിനുശേഷം ഈ പത്രം രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവും സാഹിത്യപരവുമായ എല്ലാവിധ ആധുനിക ചലനങ്ങളെയും ഉള്‍ക്കൊണ്ടുകൊണ്ട് സജീവമായി പ്രവര്‍ത്തിച്ചുവരുന്നു.

1953 ഡി. 31-ന് അന്തരിക്കുന്നതുവരെ കെ.സി. മാമ്മന്‍മാപ്പിളയായിരുന്നു മുഖ്യപത്രാധിപര്‍. 1954 മുതല്‍ 1973 വരെ കെ.എം. ചെറിയാന്‍ മുഖ്യപത്രാധിപരായിരുന്നു. 1973 മുതല്‍ 2010 വരെ കെ.എം. മാത്യുവായിരുന്നു ചീഫ് എഡിറ്റര്‍. 2010 ആഗ. 1-ന് കെ.എം. മാത്യു നിര്യാതനായതിനെത്തുടര്‍ന്ന് മാമ്മന്‍ മാത്യു ചീഫ് എഡിറ്ററായി. 1997 നവംബറില്‍ പത്രം പൂര്‍ണമായും കമ്പ്യൂട്ടര്‍വത്കരിച്ചു. നിലവില്‍ കോട്ടയം, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, പാലക്കാട്, കണ്ണൂര്‍, കൊല്ലം, തൃശൂര്‍, മലപ്പുറം, പത്തനംതിട്ട, ആലപ്പുഴ, മുംബൈ, ചെന്നൈ, ബാംഗ്ളൂര്‍, ഡല്‍ഹി, മംഗലാപുരം, ബഹ്റൈന്‍, ദുബായ് എന്നീ എഡിഷനുകള്‍ ഉണ്ട്.

ദിനപത്രം കൂടാതെ ഭാഷാപോഷിണി, മലയാളമനോരമ ആഴ്ചപ്പതിപ്പ്, കര്‍ഷകശ്രീ, സമ്പാദ്യം, ഫാസ്റ്റ്ട്രാക്ക്, ഇയര്‍ബുക്ക്, ബാലരമ, കളിക്കുടുക്ക, മാജിക്പോട്ട്, ദ് വീക്ക്, ദ് മാന്‍, തൊഴില്‍വീഥി, വനിത, ആരോഗ്യം, വീട് തുടങ്ങി നാല്‍പ്പതിലധികം പ്രസിദ്ധീകരണങ്ങള്‍ മലയാളമനോരമയ്ക്കുണ്ട്. ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ളതും കോപ്പി വിറ്റഴിയുന്നതുമായ ദിനപത്രം മലയാള മനോരമയാണ്.

വിവേകോദയം (1904). ശ്രീനാരായണ ധര്‍മപരിപാലന യോഗത്തിന്റെ മുഖപത്രമായ വിവേകോദയം മാസിക മഹാകവി കുമാരനാശാന്റെയും എം. ഗോവിന്ദന്റെയും സംയുക്ത പത്രാധിപത്യത്തില്‍ കീഴില്‍ സമൂഹത്തില്‍ പിന്നോക്കം നില്ക്കുന്നവരുടെ ഉത്കര്‍ഷേച്ഛയ്ക്കും ആധ്യാത്മികോന്നതിക്കും പ്രോത്സാഹനം നല്കി പ്രസിദ്ധീകൃതമായി. ആശാന്റെ ആദ്യകാല കൃതികളില്‍ പലതും ഇതിലാണ് പ്രകാശിതമായത്. ആശാന്‍ എഴുതിയ മുഖപ്രസംഗങ്ങള്‍ അവശസമുദായങ്ങളുടെ ആവശ്യങ്ങളെപ്പറ്റി ഗവണ്‍മെന്റിനെ ഉദ്ബോധിപ്പിക്കുന്നവയായിരുന്നു. ശ്രീനാരായണഗുരുവിന്റെ സവ്യാഖ്യാനമായ ആത്മോപദേശശതകവും വിവേകാനന്ദന്റെ രാജയോഗ വിവര്‍ത്തനവും വിവേകോദയത്തിലാണ് ആദ്യം പ്രസിദ്ധപ്പെടുത്തിയത്. ഇതില്‍ ഗ്രന്ഥനിരൂപണത്തിനും പ്രമുഖമായ സ്ഥാനം നല്കിയിരുന്നു. ഇടയ്ക്ക് കുറച്ചുനാള്‍ മുടങ്ങിക്കിടന്നിരുന്ന ഈ മാസിക കുറേക്കാലം സി.ആര്‍. കേശവന്‍ വൈദ്യന്റെ മേല്‍നോട്ടത്തില്‍ ഇരിഞ്ഞാലക്കുട നിന്നു പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു.

‌സുജനാനന്ദിനി (1891). പരവൂര്‍ കേശവനാശാന്റെ ഉടമസ്ഥതയിലും പത്രാധിപത്യത്തിലും ആരംഭിച്ച ഈ പത്രം 'തിരുവിതാംകൂറിലെ ജനങ്ങള്‍ക്കു പൊതുവായും ഈഴവ സമുദായത്തിനു പ്രത്യേകമായും പല കാര്യങ്ങളിലും പ്രയോജകീഭവിച്ചിട്ടുണ്ട്' എന്ന് (ഉള്ളൂര്‍, കേരള സാഹിത്യചരിത്രം) രേഖപ്പെടുത്തിയിട്ടുണ്ട്. പരവൂരില്‍ ഉണ്ടായ നായര്‍-ഈഴവ കലഹത്തിനിടയില്‍ പ്രസ്സും ഓഫീസും തീവച്ചു നശിപ്പിക്കപ്പെട്ടു. അതിനുശേഷം കുറച്ചുകാലം കൂടി പത്രം തുടര്‍ന്നുവെങ്കിലും പിന്നീട് മുടങ്ങിപ്പോയി.

മിതവാദി (1907). തലശ്ശേരിയില്‍ നിന്നു 1907 സെപ്തംബറില്‍ മൂര്‍ക്കോത്തു കുമാരന്റെ പത്രാധിപത്യത്തില്‍ ആരംഭിച്ച പ്രതിവാരപത്രമാണിത്. നാട്ടുവര്‍ത്തമാനങ്ങളും അന്യരാജ്യങ്ങളിലെ വിശേഷങ്ങളും ഉള്‍ക്കൊണ്ടിരുന്ന ഈ പത്രം ആധുനികശാസ്ത്രത്തിന്റെ നേട്ടങ്ങളും പ്രവര്‍ത്തനങ്ങളും വായനക്കാര്‍ക്ക് സരളമായി വിവരിച്ചുകൊടുത്തു. പാശ്ചാത്യകവിതയിലെ നൂതന പ്രവണതകള്‍ ഉള്‍ക്കൊണ്ട് വീണപൂവ് മുതലായ ഖണ്ഡകാവ്യങ്ങളും മലയാളഭാഷയില്‍ വളര്‍ന്നുവന്നിരുന്ന ചെറുകഥകളും പ്രസിദ്ധീകരിച്ചു. ഫലിതക്കുറിപ്പുകളും സാഹിത്യവിഷയവാദപ്രതിവാദങ്ങളും മിതവാദിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അവശസമുദായങ്ങളുടെ അവകാശവാദങ്ങളെ ശക്തമായി പ്രതിനിധീകരിച്ചുവെങ്കിലും രാഷ്ട്രീയത്തില്‍ ഗോപാലകൃഷ്ണ ഗോഖലെ മുതലായ മിതവാദികളുടെ നയമായിരുന്നു മൂര്‍ക്കോത്തു കുമാരന്‍ സ്വീകരിച്ചത്. പത്രം 1909 വരെ മാത്രമേ നടന്നുള്ളൂ. 1913-ല്‍ സി.കൃഷ്ണന്‍ അതിന്റെ അവകാശം വാങ്ങി മിതവാദിയെ മാസികയാക്കി കോഴിക്കോട്ടുനിന്നും പ്രസിദ്ധീകരിച്ചു തുടങ്ങി. ലോകത്തെമ്പാടുമുള്ള അധഃസ്ഥിത സമുദായങ്ങളുടെ അഭ്യുത്ഥാനത്തിനു വേണ്ടി മിതവാദി അതിശക്തിയായി വാദിച്ചു. മറ്റുള്ള പത്രങ്ങള്‍ ശ്രദ്ധിക്കാതെ പോയ പല സാമൂഹിക പ്രശ്നങ്ങളും മിതവാദി ശ്രദ്ധിച്ചു. ഗാന്ധിജിയെപ്പറ്റിയും റഷ്യന്‍ വിപ്ലവത്തെപ്പറ്റിയും മിതവാദി സ്വതന്ത്രാഭിപ്രായം രേഖപ്പെടുത്തി. മഹാത്മാഗാന്ധിയെ ശിക്ഷിച്ച ബ്രിട്ടീഷുകാര്‍ക്കെതിരായി പരുഷമായ ഭാഷയില്‍ത്തന്നെ ശബ്ദിക്കുവാന്‍ മിതവാദിക്കു ഭയമുണ്ടായില്ല. നമ്പൂതിരി യോഗക്ഷേമ സഭയെ അഭിനന്ദിച്ചുകൊണ്ടും നായര്‍ സമാജത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ടും പല ലേഖനങ്ങളും മിതവാദി പ്രസിദ്ധപ്പെടുത്തി.

'സ്വതന്ത്രരാകാന്‍ വിദ്യ അഭ്യസിക്കുക, ശക്തരാകാന്‍ സംഘടിക്കുക'-ഇതായിരുന്നു ഈ പത്രത്തിന്റെ മുദ്രാവാക്യം.

വാര്‍ത്താവിതരണത്തില്‍ മികച്ച നിലവാരം പുലര്‍ത്തിപ്പോന്ന ഈ പത്രം ഒന്നാം ലോകയുദ്ധകാലത്ത് യുദ്ധവാര്‍ത്തകള്‍ മാത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ട് അരയണ (3 പൈസ) വിലയുള്ള ഒരു ഷീറ്റു പത്രം പ്രതിദിനം പ്രസിദ്ധീകരിച്ചിരുന്നു. 1921 ജനുവരി മുതല്‍ മിതവാദി വീണ്ടും പ്രതിവാരപത്രമായിത്തീര്‍ന്നു. 1931 ജനുവരി മുതല്‍ നാലുമാസക്കാലം ദിനപത്രമായി പ്രസിദ്ധീകൃതമായി. വീണ്ടും വാരികയായിത്തീര്‍ന്ന ഇതിന്റെ പ്രസിദ്ധീകരണം 1938 ഒക്ടോബറില്‍ നിലച്ചു. സി. കൃഷ്ണന്റെ ജാമാതാവായ കെ.ആര്‍. അച്യുതന്‍ കുറേക്കാലം കഴിഞ്ഞ് ഇതിന്റെ പ്രസിദ്ധീകരണം പുനരാരംഭിച്ചുവെങ്കിലും ഏറെക്കാലം അദ്ദേഹത്തിനു തുടര്‍ന്നുകൊണ്ടു പോകുവാന്‍ സാധിച്ചില്ല.

കേരളകൗമുദി (1911). സി.വി. കുഞ്ഞിരാമന്റെ പത്രാധിപത്യത്തില്‍ 1086 മകരം 19-ന് (1911) മയ്യനാട്ടു നിന്ന് വാരികയായി ആരംഭിച്ച കേരളകൗമുദി ഇന്ന് കേരളത്തിലെ പ്രമുഖ ദിനപത്രങ്ങളിലൊന്നാണ്. കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക-സാമ്പത്തിക പ്രശ്നങ്ങളുടെ പരിഹാരത്തിനുവേണ്ടി കേരളകൌമുദി നിര്‍വഹിച്ചിട്ടുള്ള സേവനങ്ങള്‍ വിലയുറ്റതാണ്. സി.വി. കുഞ്ഞിരാമനു ശേഷം അദ്ദേഹത്തിന്റെ പുത്രന്‍ കെ. സുകുമാരന്‍ പത്രാധിപരായി. അതിശക്തമായ ഒരു തൂലികയുടെ ഉടമയായ കെ. സുകുമാരന്‍ ദക്ഷിണേന്ത്യന്‍ പത്രപ്രവര്‍ത്തനരംഗത്ത് അതികായനായി വര്‍ത്തിച്ചിരുന്നു. അദ്ദേഹത്തിന്റെ മരണാനന്തരം സഹധര്‍മിണിയായ മാധവിസുകുമാരനാണ് ചെയര്‍മാനായി പ്രവര്‍ത്തിച്ചുവരുന്നത്. ഇതിന് കോഴിക്കോട്ടു പതിപ്പുമുണ്ട്. നോ. കേരളകൗമുദി

ദേശാഭിമാനി (1915). കൊല്ലത്തുനിന്ന് ടി.കെ. മാധവന്‍ പത്രാധിപരായി പ്രസിദ്ധീകരണം ആരംഭിച്ച വാരികയാണിത്. ഈഴവര്‍ മാത്രമല്ല അവര്‍ണര്‍ മുഴുവനും അനുഭവിക്കുന്ന അവശതയ്ക്കെതിരായി പോരാടിയ ഈ പത്രം പൗരസമത്വപ്രക്ഷോഭം, ക്ഷേത്രപ്രവേശന പ്രക്ഷോഭം, മദ്യവര്‍ജനം, നിസ്സഹകരണ പ്രസ്ഥാനം മുതലായവയ്ക്ക് പിന്തുണയും പ്രചോദനവും നല്കി. ക്ഷേത്രപ്രവേശന സമരത്തിന് ഗാന്ധിജിയുടെ ശക്തമായ പിന്‍ബലവും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ സഹകരണവും ലഭിച്ചു. രണ്ടും അഖിലേന്ത്യാ പ്രശസ്തിയാര്‍ജിച്ച സാമൂഹിക സംഭവങ്ങളായിത്തീര്‍ന്നു. 1930-ല്‍ ഈ ദേശാഭിമാനി നിന്നുപോയി.

സഹോദരന്‍ (1917). പ്രശസ്തനായ സമുദായപരിഷ്കര്‍ത്താവും ശ്രദ്ധേയനായ സ്വതന്ത്രചിന്തകനും ആയിരുന്ന കെ. അയ്യപ്പന്‍ 1917 ജൂണ്‍ മാസത്തില്‍ ഒരു മാസികയായി ആരംഭിച്ച സഹോദരന്‍ കേരളീയര്‍ക്കു സമത്വത്തിനുവേണ്ടിയുള്ള പല സമരങ്ങള്‍ക്കും നേതൃത്വം നല്കി.

ജാതിവ്യത്യാസമോ മതഭേദമോ ഇല്ലാതെ സഹോദരപ്രസ്ഥാനത്തിന്റെ മുഖപത്രമന്ന നിലയില്‍ തുടങ്ങിയ ഈ മാസിക ഒരു വര്‍ഷത്തിനുശേഷം ദ്വൈവാരികയായിത്തീര്‍ന്നു. ആദ്യം തിരുവനന്തപുരത്തുനിന്നു പ്രസിദ്ധീകരിച്ചുതുടങ്ങിയ ഇത് പിന്നീട് തൃശൂരില്‍ അച്ചടിച്ച് എറണാകുളത്തുനിന്നും പുറപ്പെട്ടുതുടങ്ങി. കുറച്ചുനാളത്തെ മുടക്കത്തിനുശേഷം 1925 മേയില്‍ വാരികയായി പുനരാരംഭിച്ച ഇതിന്റെ പ്രസിദ്ധീകരണം 1956 ജൂണ്‍ വരെ തുടര്‍ന്നു. ആധുനിക കേരളത്തിന്റെ നവോത്ഥാനത്തിനു അമൂല്യ സംഭാവനയാണ് സഹോദരന്‍ നല്കിയത്.

യോഗക്ഷേമം. അധഃസ്ഥിത സമുദായങ്ങളുടെ പുരോഗമന പരിശ്രമങ്ങള്‍ക്കു സമാന്തരമായി ചില സവര്‍ണസമുദായങ്ങളും സാമൂഹികപരിഷ്കരണോദ്ദ്യേശ്യത്തോടുകൂടി സംഘടിക്കുകയും സംഘടനകളുടെ ജിഹ്വകളായി പത്രങ്ങള്‍ നടത്താന്‍ മുമ്പോട്ടു വരികയും ചെയ്തു. നമ്പൂതിരിമാര്‍ യോഗക്ഷേമസഭയും അതിന്റെ പത്രമായി യോഗക്ഷേമം എന്നൊരു വാരികയും ആരംഭിച്ചത് ഈ സാഹചര്യത്തിലാണ്. ആ പത്രത്തിന്റെയും സംഘടനയുടെയും ജീവനാഡിയായി പ്രവര്‍ത്തിച്ചത് വി.ടി. ഭട്ടതിരിപ്പാടായിരുന്നു. യോഗക്ഷേമത്തിനു മുന്നോടിയായി പ്രസിദ്ധീകരണമാരംഭിച്ചതും നമ്പൂതിരി യുവാക്കള്‍ നടത്തിയതുമായ ഉണ്ണിനമ്പൂതിരിയും ഇത്തരുണത്തില്‍ പ്രത്യേകം എടുത്തുപറയേണ്ടുന്ന ഒരു മാസികയാണ്.

നായര്‍ (മാസിക 1902). നായര്‍ സമുദായത്തിന്റെ അഭിവൃദ്ധി മാര്‍ഗങ്ങളും നായര്‍സമുദായത്തെ സംബന്ധിച്ച നിയമാവലികളെക്കുറിച്ചുള്ള ചര്‍ച്ചകളും മറ്റു വിജ്ഞാനപ്രദങ്ങളായ വിവരങ്ങളും അടങ്ങിയ പത്രമായിരുന്നു മള്ളൂര്‍ ഗോവിന്ദപ്പിള്ളയുടെ നേതൃത്വത്തില്‍ നടത്തിവന്ന നായര്‍ മാസിക. നായന്മാരുടെ ഇടയിലുള്ള എല്ലാ അവാന്തര വിഭാഗങ്ങളുടെയും പുരോഗതിയും ഐക്യവും ലക്ഷ്യമാക്കിയായിരുന്നു ഈ പത്രം പ്രവര്‍ത്തിച്ചിരുന്നത്.

സര്‍വീസ് (1920). നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിലും കെ. കണ്ണന്‍നായരുടെ പത്രാധിപത്യത്തിലും 1920-ല്‍ കറുകച്ചാലില്‍നിന്നും മാസികയായി ആരംഭിച്ച സര്‍വീസ് 1927-ല്‍ തിരുവനന്തപുരത്തുനിന്നും ത്രൈവാരികയായി പ്രസിദ്ധീകരിച്ചുവന്നു. ഒരു സാധാരണ ദിനപത്രത്തേക്കാളും പ്രചാരവും സ്വാധീനതയും നേടിയിരുന്ന ഈ പത്രം ദേശീയബോധം വളര്‍ത്തുന്നതിലും ദേശീയപ്രസ്ഥാനത്തിനു പിന്തുണ നല്കുന്നതിലും ബദ്ധശ്രദ്ധമായിരുന്നു. ഇതിനുംപുറമേ നായര്‍ റഗുലേഷന് അനുകൂലമായ അന്തരീക്ഷം ഉളവാക്കുന്നതിനും വിഭിന്ന വിഭാഗങ്ങളായി നിന്നിരുന്ന നായന്മാരെ ഒരുമിപ്പിക്കുന്നതിനും പ്രേരകമായി വര്‍ത്തിച്ചു. സാമ്പത്തിക കാരണങ്ങളാല്‍ 1934-ല്‍ ഇതിന്റെ പ്രസിദ്ധീകരണം നിര്‍ത്തിവയ്ക്കേണ്ടിവന്നു. 1935 മുതല്‍ 40 വരെ ചങ്ങനാശ്ശേരിയില്‍ നിന്നു വാരികയായും 1944 മുതല്‍ 47 വരെ മാസികയായും ഇത് പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു.

കേരളദര്‍പ്പണവും മറ്റും. 1899-ല്‍ കെ. രാമകൃഷ്ണപിള്ള കേരളദര്‍പ്പണത്തിന്റെ ഒന്നാമത്തെ പത്രാധിപരായി നിയമിതനായപ്പോള്‍ അദ്ദേഹം ബി.എ. വിദ്യാര്‍ഥിയായിരുന്നു. അദ്ദേഹം ആ പത്രത്തിലൂടെ വൃത്താന്തപത്രങ്ങള്‍ക്കു ശക്തമായ രാഷ്ട്രീയസ്വഭാവം നല്കുകയുണ്ടായി. കേരളദര്‍പ്പണം ഏറെനാള്‍ നിലനിന്നില്ല. തുടര്‍ന്ന് രാമകൃഷ്ണപിള്ളയുടെ തന്നെ പത്രാധിപത്യത്തില്‍ 'കേരളപഞ്ചിക' എന്ന പേരില്‍ മറ്റൊരു പത്രിക പുറപ്പെടുവിച്ചു (1901). തിരുവിതാംകൂറില്‍ ഒരു യഥാര്‍ഥ ജനപ്രതിനിധിസഭയും ഭരണവും വേണമെന്നുള്ള രാമകൃഷ്ണപിള്ളയുടെ വാദം പത്രത്തിന്റെ ഉടമസ്ഥര്‍ക്കു സ്വീകാര്യമായിരുന്നില്ല. തന്മൂലം അധികം വൈകാതെ അദ്ദേഹം പത്രാധിപസ്ഥാനം രാജിവച്ചു. മലയാളിയില്‍ 'കേരളന്‍' എന്ന പേരില്‍ അദ്ദേഹം രാഷ്ട്രീയവാദവും ഭരണകര്‍ത്താക്കള്‍ പ്രകടമാക്കിയ അനീതിയെയും അക്രമത്തെയും അവരുടെ അഴിഞ്ഞാട്ടത്തെയും കഠിനമായി വിമര്‍ശിച്ചിരുന്നു. ഗവണ്‍മെന്റിന്റെ സമ്മര്‍ദംകൊണ്ടു മലയാളിയുടെ ഉടമസ്ഥര്‍ രാമകൃഷ്ണപിള്ളയോട് വിമര്‍ശനം മയപ്പെടുത്തുവാന്‍ ആവശ്യപ്പെട്ടു. അതോടെ അദ്ദേഹം ലേഖനമെഴുത്തു നിര്‍ത്തി. 'കേരളന്‍' എന്ന പേരുതന്നെ വച്ചുകൊണ്ട് ഒരു പത്രം തുടങ്ങി. 1906-ല്‍ സ്വദേശാഭിമാനി പത്രം തന്റെ കൈയില്‍ വന്നപ്പോഴും തന്റെ വിമര്‍ശനങ്ങളും പൗരാവകാശവാദവും അതിനിശിതമായിത്തന്നെ തുടര്‍ന്നു. ഗത്യന്തരമില്ലാതെ ഗവണ്‍മെന്റ് രാമകൃഷ്ണപിള്ളയെ 1910-ല്‍ നാടുകടത്തി. അദ്ദേഹം മലയാളപത്രപ്രവര്‍ത്തന ചരിത്രത്തില്‍ സ്വദേശാഭിമാനി എന്ന പേരില്‍ സ്ഥാനം പിടിച്ചു.

അക്കാലത്തുതന്നെയാണ് കേരളമിത്രവും മറ്റും കൊച്ചിയിലെ ഭരണകൂടത്തിന്റെ സ്വേച്ഛാധിപത്യത്തിനെതിരായും എല്ലാ പ്രജകള്‍ക്കും തുല്യാവകാശം ലഭിക്കുവാന്‍ വേണ്ടിയും വാദിച്ചത്.

മാതൃഭൂമി (1923). ബ്രിട്ടീഷുഭരണത്തില്‍നിന്നു സ്വാതന്ത്ര്യം നേടുവാന്‍ വേണ്ടി സത്യാഗ്രഹസമരം നടത്തണമെന്നുള്ള മഹാത്മാഗാന്ധിയുടെ ആഹ്വാനം ഇന്ത്യയിലെ ജനങ്ങളെയാകമാനം ഇളക്കിമറിച്ചു കര്‍മോത്സുകരാക്കി. ആ വിപ്ലവകരമായ നീക്കത്തിന്റെ പത്രമായി ദേശീയപ്രസ്ഥാനത്തിന്റെ സന്ദേശം പ്രചരിപ്പിക്കുകയെന്ന പ്രഖ്യാപിതലക്ഷ്യത്തോടെ കെ.പി. കേശവമേനോന്റെ പത്രാധിപത്യത്തില്‍ 1923 മാ. 18-ന് കോഴിക്കോട്ടുനിന്നും ഒരു ത്രൈവാരികയായി മാതൃഭൂമിയുടെ പ്രസിദ്ധീകരണം ആരംഭിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരം ഒരു നിര്‍ണായകഘട്ടത്തില്‍ എത്തിയ അവസരത്തില്‍ കേരളീയരുടെ ദേശീയബോധത്തില്‍നിന്നു രൂപമെടുത്ത ഈ പത്രം, ദേശീയബോധത്തിനൊപ്പം വളരുകയും ജനങ്ങളില്‍ ദേശീയബോധത്തിന്റെ വളര്‍ച്ചയ്ക്ക് ആരോഗ്യകരമായ പ്രചോദനം നല്കുകയും ചെയ്തു. ദേശീയനേതൃത്വം മലബാറില്‍ വഹിച്ചവര്‍ തന്നെയായിരുന്നു പത്രത്തിന്റെ പുരസ്കര്‍ത്താക്കളും.

രാഷ്ട്രീയസ്വാതന്ത്ര്യം മാത്രമല്ല ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ പ്രധാനലക്ഷ്യം, അധഃസ്ഥിതരുടെ ഉന്നമനം കൂടിയാണ് എന്ന് മാതൃഭൂമി നാട്ടുകാരെ അടിക്കടി ഓര്‍മപ്പെടുത്തിക്കൊണ്ടേയിരുന്നു. അധഃസ്ഥിതോന്നമനപരിപാടികളായിരുന്ന വൈക്കം സത്യഗ്രഹത്തിനും ഗുരുവായൂര്‍ സത്യഗ്രഹത്തിനും മറ്റും മാതൃഭൂമി ശക്തമായ പിന്‍ബലം നല്കിയത് പ്രത്യേകം പ്രസ്താവ്യമാണ്.

സ്വാതന്ത്ര്യലബ്ധിക്കുശേഷം സമത്വസുന്ദരമായ ഒരു ഭാരതം കെട്ടിയുയര്‍ത്തുക എന്ന മഹനീയലക്ഷ്യത്തിന്റെ സാഫല്യത്തിലേക്കുളള പ്രയാണത്തില്‍ മാര്‍ഗദര്‍ശനം നല്കുന്ന പത്രമായിട്ടാണ് മാതൃഭൂമി പ്രവര്‍ത്തിച്ചുതുടങ്ങിയത്. അതിന് ആവശ്യമായ ശക്തിയാര്‍ജിച്ചുകൊണ്ട് കേരളത്തിലെ ഏറ്റവും പ്രചാരമുള്ള പത്രങ്ങളില്‍ ഒന്നായി മാതൃഭൂമി വളരുകയുണ്ടായി.

1940-ല്‍ മാതൃഭൂമിയുടെ മേല്‍നോട്ടത്തിലും സഞ്ജയന്റെ പത്രാധിപത്യത്തിലും വിശ്വരൂപം എന്നൊരു ഹാസ്യമാസികയും പ്രസിദ്ധീകരിച്ചിരുന്നു. യുഗപ്രഭാത് എന്ന ഹിന്ദി പാക്ഷികവും എന്‍.വി. കൃഷ്ണവാരിയരുടെ പത്രാധിപത്യത്തില്‍ ഏറെക്കാലം പുറത്തുവന്നിരുന്നു.

നിലവില്‍ കൊച്ചി, തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, കണ്ണൂര്‍, മലപ്പുറം, പാലക്കാട്, ചെന്നൈ, മുംബൈ, ബാംഗ്ളൂര്‍, ഡല്‍ഹി എന്നീ എഡിഷനുകളും പത്രത്തിനുണ്ട്.

1932 ജനുവരി മുതല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ചുവരുന്നു. ഗൃഹലക്ഷ്മി, ചിത്രഭൂമി, ബാലഭൂമി, തൊഴില്‍ വാര്‍ത്ത, സ്പോര്‍ട്സ് മാസിക, ആരോഗ്യമാസിക, യാത്ര, കാര്‍ട്ടൂണ്‍പ്ളസ്, മിന്നാമിന്നി, ഇയര്‍ബുക്ക് തുടങ്ങിയവയാണ് മാതൃഭൂമിയുടെ പ്രസിദ്ധീകരണങ്ങള്‍. ഇപ്പോള്‍ പുസ്തകപ്രസിദ്ധീകരണരംഗത്തേക്കും മാതൃഭൂമി പ്രവേശിച്ചിട്ടുണ്ട്.

അല്‍ അമീന്‍ (1924). പ്രമുഖ ദേശീയ നേതാവായിരുന്ന മുഹമ്മദ് അബ്ദുല്‍ റഹിമാന്‍ ദേശീയപ്രസ്ഥാനത്തെ ശക്തിപ്പെടുത്തുക, മുസ്ലിങ്ങള്‍ക്കിടയില്‍ ദേശീയബോധം വളര്‍ത്തുക, സാമുദായികമായി പരിഷ്കാരങ്ങള്‍ നടപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ കോഴിക്കോട്ടുനിന്നും 1924 ഒക്ടോബറില്‍ ആരംഭിച്ച പത്രമായിരുന്നു ഇത്. ഗവണ്‍മെന്റിനെ വിമര്‍ശിച്ചതിന്റെ പേരില്‍ അല്‍ അമീനിന്റെ പ്രസിദ്ധീകരണം നിരോധിക്കപ്പെട്ടു. അബ്ദുള്‍ റഹിമാന്റെ അനുയായികളില്‍ ചിലര്‍ അല്‍ അമീന്‍ എന്ന പേരില്‍ത്തന്നെ ഒരു സായാഹ്നപത്രം കോഴിക്കോട്ടുനിന്നും ഏറെക്കാലം പ്രസിദ്ധീകരിച്ചിരുന്നുവെങ്കിലും പില്ക്കാലത്ത് അത് നിലച്ചുപോയി.

മലയാളരാജ്യം (1929). കോണ്‍ഗ്രസ് ആദര്‍ശങ്ങളുടെ പ്രചാരണത്തിനായി കെ.ജി. ശങ്കര്‍ സഹോദരനായ കെ.ജി. പരമേശ്വരന്‍ പിള്ളയുടെ സഹായത്തോടെ 1929-ല്‍ കൊല്ലത്തുനിന്നും വാരികയായി പ്രസിദ്ധീകരിച്ചു തുടങ്ങിയ മലയാളരാജ്യം അക്കാലത്തെ പ്രധാനപത്രങ്ങളില്‍ ഒന്നായിരുന്നു. എ.പി.ഐ, റോയിട്ടര്‍ മുതലായ ന്യൂസ് ഏജന്‍സികളുടെ വാര്‍ത്തകളോടും വാര്‍ത്താചിത്രങ്ങളോടും കൂടി 1930-ല്‍ ഈ പത്രം ദിനപത്രമായി പ്രസിദ്ധീകരിക്കപ്പെട്ടു തുടങ്ങി. ആദ്യമായി റോട്ടറി പ്രസ് സ്ഥാപിച്ചതും മലയാളരാജ്യമായിരുന്നു. ആകര്‍ഷകമായ നിലയില്‍ മലയാളരാജ്യം ചിത്രവാരികയും ദിനപത്രത്തോടൊപ്പം പ്രസിദ്ധീകരിച്ചുപോന്നു. സാഹിത്യപഞ്ചാനനന്‍ പി.കെ. നാരായണപിള്ള, ഇ.വി. കൃഷ്ണപിള്ള മുതലായ സാഹിത്യനായകന്മാര്‍ ഈ പത്രത്തിലെ ആദ്യകാല ലേഖകന്മാരായിരുന്നു. സി.വി. കുഞ്ഞുരാമന്‍, സി.എസ്. സുബ്രഹ്മണ്യന്‍ പോറ്റി, കൈനിക്കര പദ്മനാഭപിള്ള മുതലായ പ്രഗല്ഭന്മാര്‍ ഇതിന്റെ പത്രാധിപന്മാരായി പ്രവര്‍ത്തിച്ചിരുന്നു. നാലു ദശാബ്ദക്കാലത്തിനു ശേഷം ഇതിന്റെ പ്രസിദ്ധീകരണം നിലച്ചുപോയി.

ഗോമതി (1930). തൃശൂരിലെ വിദ്യാവിനോദിനി പ്രസ്സില്‍ നിന്നും 1930-ല്‍ പ്രസിദ്ധീകരിച്ചുതുടങ്ങിയ ഗോമതി ആരംഭത്തില്‍ ഒരു സായാഹ്നപത്രമായിരുന്നു. ഗോശ്രീ (കൊച്ചി), മലബാര്‍, തിരുവിതാംകൂര്‍ എന്നീ പേരുകളുടെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്താണ് 'ഗോമതി' എന്ന പേര് പത്രത്തിനു നല്കിയത്. ഇതിന്റെ പ്രഥമ പത്രാധിപര്‍ കുന്നത്ത് ജനാര്‍ദനമേനോന്‍ ആയിരുന്നു. പിന്നീട് അവസാനംവരെയും കെ.വി. രാഘവന്‍ നായര്‍ പത്രാധിപരായി പ്രവര്‍ത്തിച്ചു. മൂന്നു ദശകങ്ങള്‍ക്കുശേഷം ഇതിന്റെ പ്രസിദ്ധീകരണം നിലച്ചു.

കേസരി (1930). മലയാള പത്രപ്രവര്‍ത്തകരില്‍ പ്രമുഖനായിരുന്ന എ. ബാലകൃഷ്ണപിള്ള തന്റെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന 'പ്രബോധകന്‍' നിരോധിക്കപ്പെട്ടതോടെ തുടങ്ങിയ വാരികയായിരുന്നു കേസരി. പത്രത്തിലെ ഭരണകൂടത്തിനെതിരായ വിമര്‍ശനങ്ങള്‍ അധികാരിവര്‍ഗത്തെ പൊറുതിമുട്ടിച്ചു. തത്ഫലമായി ദിവാന്‍ 1926-ല്‍ പുതിയ പത്ര റെഗുലേഷന്‍ നടപ്പിലാക്കി. 1935 വരെ കേസരിയുടെ പ്രസിദ്ധീകരണം തുടര്‍ന്നു. നോ. കേസരി

ദീപം (1931). തോമസ് പോളും സഹോദരന്മാരും ചേര്‍ന്ന് എറണാകുളത്തുനിന്ന് 1931-ല്‍ ആരംഭിച്ച ദീപം ചിത്രവാരികയായിട്ടാണ് പുറപ്പെട്ടത്. പിന്നീട് സായാഹ്നപത്രമായി മാറി. മൂര്‍ക്കോത്തു കുമാരനായിരുന്നു ഇതിന്റെ പ്രഥമപത്രാധിപര്‍. പുരോഗമനാശയം പുലര്‍ത്തിയിരുന്ന ഈ പത്രം ദേശീയപ്രസ്ഥാനത്തിനു പിന്തുണനല്കിയിരുന്നു. ഉത്തരവാദഭരണപ്രക്ഷോഭണകാലത്ത് ഇത് തിരുവിതാംകൂറില്‍ നിരോധിക്കപ്പെട്ടു. എ.ഡി. ഹരിശര്‍മ ഇതിന്റെ പത്രാധിപസമിതിയില്‍ ഒരംഗമായിരുന്നിട്ടുണ്ട്.

ചന്ദ്രിക (1934). മുസ്ലിം ലീഗിന്റെ ജിഹ്വയായി 1934-ല്‍ ആരംഭിച്ച ചന്ദ്രിക വാരികയായി തലശ്ശേരിയില്‍ നിന്നും പ്രസിദ്ധീകരിച്ചുവന്നു. 1939-ല്‍ കെ.കെ. മുഹമ്മദ് ഷാഫിയുടെ പത്രാധിപത്യത്തില്‍ ദിനപത്രമായിത്തീര്‍ന്ന ഇത് രണ്ടാംലോകയുദ്ധ കാലത്ത് ത്രൈവാരികയായി മാറി. യുദ്ധാനന്തരം ദിനപത്രമായിത്തീര്‍ന്ന ഇതിന്റെ പ്രസിദ്ധീകരണം കോഴിക്കോട്ടു നിന്നാരംഭിച്ചു. സി.എച്ച്. മുഹമ്മദ് കോയ ദീര്‍ഘകാലം ഇതിന്റെ ചീഫ് എഡിറ്ററായി പ്രവര്‍ത്തിച്ചിരുന്നു. ചന്ദ്രിക ആഴ്ചപ്പതിപ്പും പ്രസിദ്ധീകരിച്ചു വരുന്നു.

മലബാര്‍മെയില്‍(1936). 1936-ല്‍ ആരംഭിച്ച ഈ പത്രം എറണാകുളം ആര്‍ച്ച് ബിഷപ്പിന്റെ നിയന്ത്രണത്തിലായിരുന്നു. എല്‍.സി. ഐസക്, ജേക്കബ് കീത്ത് മുതലായവര്‍ ആദ്യകാലത്ത് ഇതിന്റെ പത്രാധിപത്യം വഹിച്ചിരുന്നു. പില്‍ക്കാലത്ത് ഇത് സായാഹ്ന ദിനപത്രമായി പ്രസിദ്ധീകരിച്ചിരുന്നു. ഇതും തിരുവിതാംകൂറില്‍ ഉത്തരവാദഭരണ പ്രക്ഷോഭണകാലത്ത് നിരോധിക്കപ്പെട്ടിരുന്നു.

പൗരപ്രഭ (1938). 1938-ല്‍ കോട്ടയത്തുനിന്നു പ്രസിദ്ധീകരിച്ചിരുന്ന പൌരപ്രഭ പഴയ തിരുവിതാംകൂറിലെ ഒരു പ്രമുഖ ദിനപത്രമായിരുന്നു. പില്ക്കാലത്ത് സി.എം. സ്റ്റീഫന്‍ ഇതിന്റെ നിയന്ത്രണവും പത്രാധിപത്യവും ഏറ്റെടുത്തു. ഇതിന്റെ പ്രസിദ്ധീകരണം മാവേലിക്കരയിലേക്കും പിന്നീട് കൊല്ലത്തേക്കും മാറ്റി. ഒരു വ്യാഴവട്ടക്കാലം മാത്രമേ ഇതിന് ആയുസ്സുണ്ടായിരുന്നുള്ളൂ.

പൗരധ്വനി (1939). 1939-ല്‍ കെ.എം. ചാക്കോ ആരംഭിച്ച പൌരധ്വനി കൂടുതല്‍ പ്രചരിച്ചിരുന്ന ഒരു ദിനപത്രമായിരുന്നു. ദേശീയപ്രസ്ഥാനത്തിനു പിന്തുണ നല്കിയിരുന്ന ഇത് 1955-ല്‍ നിന്നുപോയി. ഇന്ന് ഇതേ പേരില്‍ മറ്റൊരു പത്രം കോട്ടയത്തുനിന്നു പ്രസിദ്ധീകരിച്ചുവരുന്നു. പൗരകാഹളം എന്ന ദിനപത്രവും കെ.എം. ചാക്കോ തിരുവനന്തപുരത്തു പ്രസിദ്ധീകരിച്ചിരുന്നു. അതും വളരെക്കാലം നിലനിന്നില്ല.

ദീനബന്ധു (1941). വി.ആര്‍. കൃഷ്ണനെഴുത്തച്ഛന്റെ പത്രാധിപത്യത്തില്‍ തൃശൂരില്‍ നിന്നും 1941 ജനു. 26-ന് ദീനബന്ധു വാരികയുടെ പ്രസിദ്ധീകരണം ആരംഭിച്ചു. ഇത് ദേശീയ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് ഗണനീയമായ സംഭാവന നല്കിയിട്ടുണ്ട്. 1942 ആഗസ്റ്റിലെ 'ക്വിറ്റിന്ത്യാ' സമരമാരംഭിച്ചപ്പോള്‍ പത്രാധിപര്‍ അറസ്റ്റിലായി. ആഗ. 15-ന് തൃശൂരില്‍ നടന്ന ലാത്തിച്ചാര്‍ജിനെ 'നരനായാട്ട്' എന്ന് ചിത്രീകരിച്ചെഴുതിയ സ്നേഹിതന്‍ എന്ന പത്രത്തിന്റെ മുഖപ്രസംഗം ഉദ്ധരിച്ചുവെന്ന കാരണത്താല്‍ ദീനബന്ധു നിരോധിക്കപ്പെട്ടു. 1944-ല്‍ പുനഃപ്രസിദ്ധീകരിച്ചു തുടങ്ങിയ ഇത് 1946 ജനു. 16-ന് ദിനപത്രമായി മാറി. സാമ്പത്തിക പരാധീനതനിമിത്തം രണ്ടു ദശകങ്ങള്‍ക്കു ശേഷം ഇതിന്റെ പ്രസിദ്ധീകരണം നിലച്ചു.

ദേശാഭിമാനി (1942). കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായി 1942-ല്‍ എം.എസ്. ദേവദാസിന്റെ പത്രാധിപത്യത്തില്‍ കോഴിക്കോട്ടു നിന്നാരംഭിച്ച ദേശാഭിമാനി 1946-ല്‍ ദിനപത്രമായിത്തീര്‍ന്നു. പല പ്രാവശ്യം നിരോധിക്കപ്പെട്ട ഈ പത്രം 1951 മുതല്‍ വീണ്ടും പ്രസിദ്ധീകരിച്ചുതുടങ്ങി. 1968-ല്‍ ഇതിന്റെ കൊച്ചി പതിപ്പും ആരംഭിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടായിത്തീര്‍ന്നപ്പോള്‍ ഈ പത്രം കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടേതായിത്തീര്‍ന്നു. ദേശാഭിമാനി ആഴ്ചപ്പതിപ്പും ചിന്തയെന്ന ഒരു രാഷ്ട്രീയവാരികയും പ്രസിദ്ധീകരിക്കുന്നുണ്ട്.

എക്സ് പ്രസ് (1944). 1944-ല്‍ കെ. കൃഷ്ണന്‍ തൃശൂരില്‍ നിന്നും പ്രസിദ്ധീകരിച്ചു തുടങ്ങിയ ദിനപത്രമാണിത്. കെ. കരുണാകരന്‍ നമ്പ്യാര്‍ മുതലായ പ്രഗല്ഭ ലേഖകന്മാര്‍ ഇതിന്റെ സാരഥ്യം വഹിച്ചിരുന്നു. ഇതിന്റെ വരാന്ത്യപ്പതിപ്പ് ഗ്രന്ഥനിരൂപണങ്ങളും സാഹിത്യരചനകളും ഉള്‍ക്കൊള്ളുന്നു. മധ്യകേരളത്തില്‍ നല്ല പ്രചാരമുള്ള ഈ പത്രം ദേശീയപ്രസ്ഥാനത്തിനു നല്കിയ സേവനം പ്രസ്താവ്യമാണ്. അത്യാധുനിക സജ്ജീകരണങ്ങളോടുകൂടിയ ഇത് പത്രപ്രവര്‍ത്തനരംഗത്ത് അതിന്റേതായ വ്യക്തിത്വം പുലര്‍ത്തിപ്പോരുന്നു. കേരളക്രോണിക്കിള്‍ എന്ന ഒരു ഇംഗ്ളീഷ് ദിനപത്രവും എക്സ് പ്രസ് പ്രസാധകരുടെ ചുമതലയില്‍ കുറച്ചുനാള്‍ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു.

പ്രഭാതം (1944). കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമെന്ന നിലയില്‍ ഷൊര്‍ണൂരില്‍ നിന്നും പ്രഭാതം എന്ന പേരില്‍ ഒരു പത്രം പ്രസിദ്ധീകരിച്ചിരുന്നു. ഇ.എം.എസ്. നമ്പൂതിരിപ്പാടായിരുന്നു ഇതിന്റെ പത്രാധിപര്‍. ഭഗത്സിങ്ങിനെക്കുറിച്ച് ചൊവ്വര പരമേശ്വരന്‍ എഴുതിയ കവിത പ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്ന് ഈ പത്രത്തിന്റെ ലൈസന്‍സ് മദ്രാസ് ഗവണ്‍മെന്റ് റദ്ദു ചെയ്തു. 1948-ല്‍ കോഴിക്കോട്ടുനിന്നും ഇതിന്റെ പ്രസിദ്ധീകരണം പുനരാരംഭിച്ചുവെങ്കിലും അധികനാള്‍ തുടര്‍ന്നില്ല. കൊല്ലത്തുനിന്നും എ. തങ്ങള്‍കുഞ്ഞു മുസലിയാര്‍ ആരംഭിച്ച വാരികയുടെ പേരും പ്രഭാതം എന്നായിരുന്നു. ഏറെത്താമസിയാതെ ഇതൊരു ദിനപത്രമായിത്തീര്‍ന്നു. ദേശീയ ചിന്താഗതി പുലര്‍ത്തിയിരുന്ന ഈ പത്രം രണ്ടു ദശകങ്ങളോളം നിലനിന്നു. പി.കെ. ശിവശങ്കരപ്പിള്ളയായിരുന്നു ഇതിന്റെ പത്രാധിപര്‍.

നവജീവന്‍ (1954). ജോസഫ് മുണ്ടശ്ശേരിയുടെ പത്രാധിപത്യത്തില്‍ തൃശൂരില്‍നിന്നും പ്രസിദ്ധീകരിക്കപ്പെട്ട ദിനപത്രമാണ് നവജീവന്‍. 'അഭിപ്രായസ്വാതന്ത്ര്യം നമ്മുടെ ജന്മാവകാശമാണ്' എന്ന മുദ്രാവാക്യത്തോടെ ആരംഭിച്ച ഈ പത്രത്തിന്റെ പ്രസിദ്ധീകരണം കോഴിക്കോട്ടുനിന്നും തുടര്‍ന്നുവെങ്കിലും അല്പകാലത്തിനുള്ളില്‍ മുടങ്ങിപ്പോയി.

പൊതുജനം (1957). കെ. കാര്‍ത്തികേയന്റെ പത്രാധിപത്യത്തില്‍ തിരുവനന്തപുരത്തുനിന്നും പ്രസിദ്ധീകരിച്ചിരുന്ന ദിനപ്പത്രം. 1957 ജനു. 1-ന് ഇതിന്റെ പ്രസിദ്ധീകരണം ആരംഭിച്ചു. സാമ്പത്തിക ക്ലേശംനിമിത്തം ഒരു ദശകത്തിനുശേഷം ഇതിന്റെ പ്രവര്‍ത്തനം നിലച്ചുപോയി. പൊതുജനം സായാഹ്നപത്രമായാണ് പ്രസിദ്ധീകരിച്ചിരുന്നത്.

കെ.കെ. ചെല്ലപ്പന്‍ പിള്ളയുടെ പത്രാധിപത്യത്തില്‍ പുറപ്പെട്ടിരുന്ന യുവകേരളം, ശങ്കുണ്ണിപ്പിള്ളയുടെ മേല്‍നോട്ടത്തില്‍ കോട്ടയത്തുനിന്നു പ്രസിദ്ധീകരിച്ചിരുന്ന ദേശബന്ധു, പി.എസ്.പി. യുടെ മുഖപത്രമായി പട്ടം താണുപിള്ളയുടെ പത്രാധിപത്യത്തില്‍ പുറപ്പെട്ടിരുന്ന കേരളജനത, ആര്‍. ശങ്കറിന്റ പത്രാധിപത്യത്തിലുണ്ടായിരുന്ന ദിനമണി, കലാനിലയം കൃഷ്ണന്‍നായര്‍ പത്രാധിപരായി പ്രസിദ്ധീകരിച്ചിരുന്ന തനിനിറം മുതലായ ദിനപത്രങ്ങള്‍ക്ക് പത്രലോകത്തില്‍ വളരെക്കാലം നിലനില്ക്കാന്‍ കഴിഞ്ഞില്ല.

ജനയുഗം(1953). സി.പി.ഐ.യുടെ മുഖപത്രമാണ് ജനയുഗം. 1953-ല്‍ എം.എന്‍. ഗോവിന്ദന്‍നായരാണ് ഇതിന് നേതൃത്വം നല്കിയത്. ഇടക്കാലത്ത് നിന്നുപോയെങ്കിലും 2005-ല്‍ വീണ്ടും പ്രസിദ്ധീകരിച്ചു തുടങ്ങി. തിരുവനന്തപുരത്ത് വഴുതക്കാടാണ് പത്രത്തിന്റെ ആസ്ഥാനം.

മംഗളം (1969). എം.സി. വര്‍ഗീസിന്റെ പത്രാധിപത്യത്തില്‍ കോട്ടയത്തുനിന്നും ആരംഭിച്ച ദിനപത്രമാണ് മംഗളം. ആരംഭകാലത്ത് 15 ലക്ഷം വായനക്കാര്‍ പത്രത്തിനുണ്ടായിരുന്നു. കോട്ടയത്തിനു പുറമേ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, ഇടുക്കി, കണ്ണൂര്‍, തൃശൂര്‍ എഡിഷനുകള്‍ പത്രത്തിനുണ്ട്. മംഗളം വാരിക, കന്യക, ആരോഗ്യമംഗളം, ബാലമംഗളം, ചിത്രകഥ, കളിച്ചെപ്പ് തുടങ്ങിയവയാണ് മംഗളം ഗ്രൂപ്പിന്റെ ഇതരപ്രസിദ്ധീകരണങ്ങള്‍.

ജന്മഭൂമി (1977). അടിയന്തരാവസ്ഥ കാലത്ത് പത്രമാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തപ്പെട്ടപ്പോള്‍ അതിനെ പ്രതിരോധിച്ചും ചോദ്യം ചെയ്തു നിലയുറപ്പിച്ച പത്രമാണ് ജന്മഭൂമി. ഡോ. കെ.എന്‍. രാജ്, ലീലാമേനോന്‍, തുറവൂര്‍ വിശ്വംഭരന്‍, പി. നാരായണന്‍, പ്രൊഫ. എം.പി. മന്മഥന്‍, പി.വി.കെ. നെടുങ്ങാടി, പി. ബാലകൃഷ്ണന്‍ തുടങ്ങിയ പ്രമുഖര്‍ ഇതിന്റെ ആദ്യകാല എഡിറ്റര്‍മാരായിരുന്നു. നിലവില്‍ ആര്‍.എസ്.എസ്സിന്റെ മുഖപത്രമാണ് ജന്മഭൂമി.

വീക്ഷണം (1976, 2003). കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഔദ്യോഗിക മുഖപത്രം. 1976-ല്‍ ഇന്ദിരാഗാന്ധിയാണ് ഇതിന്റെ ഉദ്ഘാടനം നിറവേറ്റിയത്. എന്നാല്‍ ആദ്യ ദശകത്തിനുശേഷം പത്രം നിലച്ചുപോയി. പിന്നീട് 2003-ല്‍ അച്ചടിരംഗത്തെ നൂതനസാങ്കേതിക സംവിധാനങ്ങള്‍ സ്വന്തമാക്കുകയും 2005-ല്‍ പുനഃപ്രസിദ്ധീകരണം ആരംഭിക്കുകയും ചെയ്തു. നിലവില്‍, കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളില്‍ എഡിഷനുകളുണ്ട്.

മാധ്യമം (1987). രാജ്യാന്തരതലത്തിലുള്ള എഡിഷനോടെ (ഗള്‍ഫ് മാധ്യമം) ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ ദിനപത്രം. കോഴിക്കോടാണ് പത്രത്തിന്റെ ആസ്ഥാനം. നിലവില്‍ കൊച്ചി, തിരുവനന്തപുരം, കണ്ണൂര്‍, മലപ്പുറം, കോട്ടയം, തൃശൂര്‍, ബാംഗ്ളൂര്‍, മംഗലാപുരം, മുംബൈ, ബഹറിന്‍, ദുബായ്, ഖത്തര്‍, കുവൈത്ത്, ജിദ്ദ, റിയാദ്, തൃശൂര്‍, ആബ, ഒമാന്‍ എന്നിവിടങ്ങളില്‍ മാധ്യമം ദിനപത്രത്തിന് എഡിഷനുകളുണ്ട്. മാധ്യമം ആഴ്ചപ്പതിപ്പ് മറ്റൊരു പ്രസിദ്ധീകരണമാണ്.

സിറാജ് (1984). വി.പി.എം. ഫൈസി വട്ടോപ്പിള്ളിയുടെ പത്രാധിപത്യത്തില്‍ 1984-ല്‍ കോഴിക്കോടു നിന്നും പ്രസിദ്ധീകരണം ആരംഭിച്ചു. നിലവില്‍ തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങളിലും എഡിഷനുകളുണ്ട്. ഒമാനില്‍ പത്രത്തിന്റെ ഒരു ശാഖ പ്രവര്‍ത്തിച്ചുവരുന്നു. തൗഫീഖ് പബ്ലിക്കേഷന്‍സാണ് പത്രത്തിന്റെ ഉടമസ്ഥര്‍.

വര്‍ത്തമാനം (2003). ഡോ. സുകുമാര്‍ അഴീക്കോടിന്റെ പത്രാധിപത്യത്തില്‍ 2003-ല്‍ കോഴിക്കോട്ടു നിന്നും പ്രസിദ്ധീകരണം ആരംഭിച്ചു. അതേ വര്‍ഷംതന്നെ ദോഹയില്‍ വിദേശപ്രസിദ്ധീകരണം തുടങ്ങി. നിലവില്‍ കൊച്ചിയിലും എഡിഷനുണ്ട്. ആരംഭകാലത്തെ പ്രതാപം പത്രത്തിനു പിന്നീട് നിലനിര്‍ത്താനായില്ല.

തേജസ് (2006). ഇന്റര്‍ മീഡിയ പബ്ലിക്കേഷന്‍സിന്റെ ആഭിമുഖ്യത്തില്‍ 2006 ജനുവരിയില്‍ കോഴിക്കോട് നിന്നും പ്രസിദ്ധീകരണം ആരംഭിച്ചു. നിലവില്‍ തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍, കോട്ടയം എന്നിവിടങ്ങളില്‍ എഡിഷനുകളുണ്ട്. തേജസ് ദിനപത്രത്തിന്റെ ഗള്‍ഫ് പതിപ്പ് 2011-ല്‍ തുടക്കം കുറിച്ചു. ഇതിന് ജിദ്ദ, റിയാദ് എന്നിവിടങ്ങളില്‍ എഡിഷനുകളുണ്ട്. കൂടാതെ 2012-ല്‍ ഖത്തറിലും പുതിയ എഡിഷന്‍ ആരംഭിച്ചു.

മെട്രോ വാര്‍ത്ത (2008). വാര്‍ത്താ റിയാലിറ്റി മീഡിയ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ആഭിമുഖ്യത്തില്‍ 2008-ല്‍ കൊച്ചിയില്‍ നിന്നും പ്രസിദ്ധീകരണം ആരംഭിച്ചു. നിലവില്‍ തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലും എഡിഷനുകളുണ്ട്. മാറിയ കാലത്തോടും മെട്രോ-നഗര സംസ്കാരത്തോടും സംവദിക്കുന്ന തരത്തിലാണ് പത്രത്തിന്റെ രൂപകല്പന.

പത്രമാസികകളും സാഹിത്യവും. ആംഗലേയസാഹിത്യം ഫലഭൂയിഷ്ഠമായതില്‍പ്പിന്നെയാണ് ഇംഗ്ലീഷില്‍ പത്രമാസികകള്‍ ആവിര്‍ഭവിച്ചത്. മലയാളത്തിലാവട്ടെ ആധുനികസാഹിത്യത്തിന്റെ ഈറ്റില്ലം തന്നെ പത്രമാസികാസൗധമായിരുന്നു.

രാജ്യസമാചാരം (1847), കേരളപ്പഴമ പ്രസിദ്ധംചെയ്ത് ചരിത്രം സൃഷ്ടിച്ചു. പശ്ചിമോദയം (1847) ഒരു ശാസ്ത്രസാഹിത്യ മാസികയായിരുന്നു. ജ്ഞാനനിക്ഷേപത്തില്‍ (1848) മറ്റെല്ലാറ്റിനും പുറമേ പുല്ലേലിക്കുഞ്ചു എന്ന മലയാളത്തിലെ ആദ്യത്തെ നോവല്‍ പുറത്തുവന്നു. ഈ പാരമ്പര്യം തുടര്‍ന്നുകൊണ്ട് ആധുനികസാഹിത്യത്തിലെ ചെറുകഥ, ജീവചരിത്രം, ഖണ്ഡകാവ്യങ്ങള്‍, വിമര്‍ശനം, പഠനം, പ്രബന്ധം, ലഘൂപന്യാസങ്ങള്‍ എന്നിങ്ങനെയുള്ള സാഹിത്യശാഖകളെല്ലാം തന്നെ പത്രമാസികകളിലൂടെയാണ് രംഗപ്രവേശം ചെയ്തത്.

വിദ്യാവിലാസിനി (1881)യോടുകൂടി ആദ്യാവസാനം സാഹിത്യകൃതികള്‍ അടങ്ങിയ മാസികയുടെ പ്രസിദ്ധീകരണത്തിന്റെ അടുത്ത അധ്യായം കുറിക്കുകയുണ്ടായി. വിദ്യാവിനോദിനി (1889) അതിനപ്പുറം കടന്നു ഉത്കൃഷ്ടമായ സാഹിത്യമാസികയായി. നിരവധി വര്‍ഷങ്ങളായി മികച്ച സാഹിത്യസേവനം നടത്തിവരുന്ന മാസികയാണ് ഭാഷാപോഷിണി. രസികരഞ്ജിനി, മംഗളോദയം മുതലായി 20-ാം ശതകത്തില്‍ മലയാളത്തില്‍ ഇറങ്ങിയവയും മലയാളസാഹിത്യത്തിന് മഹനീയമായ പാരമ്പര്യം സൃഷ്ടിച്ചവയും ആയ ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ക്ക് കണക്കില്ല. ഒരു കൊല്ലമോ അല്പം മാസങ്ങളോ മാത്രം നടന്നിരുന്ന മാസികകളില്‍പ്പോലും സാഹിത്യത്തിന് അമൂല്യമായ സംഭാവനകള്‍ കാണുവാന്‍ കഴിയും. ഉള്ളടക്കം ആദ്യാവസാനം കവിതയാവുകയും മാനേജരുടെ വിജ്ഞാപനങ്ങളും പരസ്യങ്ങളും പോലും ശ്ലോകരൂപമെടുക്കുകയും ചെയ്ത കവനകൌമുദി ഇവിടെ പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നു. വള്ളത്തോളിന്റെ സാഹിത്യമഞ്ജരിയിലെയും ജി.യുടെ സാഹിത്യകൗതുകത്തിലെയും നിരവധി കവിതകള്‍ കവനകൗമുദിയിലൂടെയായിരന്നു ആദ്യം വെളിച്ചം കണ്ടത്.

1950-കളില്‍ യുവസാഹിത്യകാരന്മാരെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ആര്‍. നാരായണപ്പണിക്കരുടെ പത്രാധിപത്യത്തില്‍ തിരുവനന്തപുരം റഡ്യാര്‍ പ്രസ് ഉടമ പ്രസിദ്ധീകരിച്ചിരുന്ന കലാനിധി പൂര്‍ണമായും ഒരു സാഹിത്യമാസികയായിരുന്നു. ഈ മാസിക നല്കിയ നിര്‍ലോഭമായ പ്രോത്സാഹനവും പ്രചോദനവും ഉള്‍ക്കൊണ്ട നിരവധി യുവസാഹിത്യകാരന്മാര്‍ സാഹിത്യരംഗത്തില്‍ കടന്നുവന്നു. അവരില്‍ പലരും പില്ക്കാലത്ത് പേരെടുത്ത എഴുത്തുകാരായിത്തീര്‍ന്നിട്ടുണ്ട്. ഏതാണ്ട് ഇതേ കാലഘട്ടത്തില്‍ കെ. ബാലകൃഷ്ണന്റെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന കൗമുദി വാരികയും പുരോഗമനാശയം ഉള്‍ക്കൊണ്ട യുവസാഹിത്യകാരന്മാരുടെ സമ്മേളനരംഗമായിരുന്നു. ഈ രണ്ട് ആനുകാലികങ്ങളും മലയാളസാഹിത്യത്തിനു നല്കിയ സംഭാവന വിലയുറ്റതാണ്. പ്രതികൂല സാഹചര്യങ്ങള്‍ നിമിത്തം ഈ രണ്ട് സാഹിത്യപത്രികകളുടെയും പ്രസിദ്ധീകരണം നിന്നുപോയി.

ആഴ്ചപ്പതിപ്പുകളില്‍ ഭാഷാപോഷിണി, മാതൃഭൂമി, മാധ്യമം, സമകാലിക മലയാളം വാരിക, കലാകൌമുദി, കുങ്കുമം, ദീപിക, ജനയുഗം, ദേശാഭിമാനി, പൗരധ്വനി, കേരളശബ്ദം, മംഗളം, കേസരി, പ്രഗതി, ചിന്ത മുതലായവയും ശാസ്ത്രപ്രചാരണം ലക്ഷ്യമാക്കിയുള്ള ശാസ്ത്രഗതി, ശാസ്ത്രകേരളം, യൂറീക്ക, വിജ്ഞാനകൈരളി, വിദ്യാരംഗം മുതലായവയും കേരളസാംസ്കാരിക രംഗത്തില്‍ നിസ്തുലമായ സേവനം കാഴ്ചവയ്ക്കുന്നുണ്ട്. ഫലിതസാഹിത്യരംഗത്തില്‍ ബോബനും മോളിയും, സരസന്‍, പാക്കനാര്‍, വികടന്‍, നാരദന്‍, നര്‍മദ, വിദൂഷകന്‍, അസാധു മുതലായ ആനുകാലികങ്ങള്‍ പ്രസ്താവയോഗ്യങ്ങളാണ്. കൃഷി, വ്യവസായം, വൈദ്യവൃത്തി, അധ്യാപകവൃത്തി, വ്യാപാരവാണിജ്യം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ ഏറെയുണ്ട്. മതപരവും സാമുദായികവുമായ വിഷയങ്ങളെ ഉള്‍ക്കൊള്ളുന്ന വാരികകളും നിരവധിയുണ്ട്.

കുട്ടികളുടെ കലാസാംസ്കാരികാഭിരുചികളെ സംസ്കരിച്ചു പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന അനേകം ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ നിലവിലുണ്ട്. ബാലരമ, അമ്പിളി അമ്മാവന്‍, തളിര്, തത്തമ്മ, ബാലമംഗളം, മുത്തശ്ശി, യുറീക്ക, മുതലായവ ഈ രംഗത്തില്‍ കനത്ത സംഭാവനകള്‍ നല്കിക്കൊണ്ടിരിക്കുന്നു. അതുപോലെ സ്ത്രീകളുടെ സര്‍വതോന്മുഖമായ സാഹിത്യാഭിരുചികളുടെ വികാസത്തെ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഗൃഹലക്ഷ്മി, വനിത, മഹിളാരത്നം, കന്യക മുതലായ ആനുകാലികങ്ങളും ചലച്ചിത്രരംഗത്തിലെ വാര്‍ത്തകള്‍ക്കു പ്രാധാന്യം നല്കി വിജ്ഞാനവിനോദങ്ങള്‍ പകരുന്ന സിനിമാമാസിക, ഫിലിം മാഗസിന്‍, ചിത്രഭൂമി, ചലച്ചിത്രം, നാന, ചിത്രബന്ധു, നായിക മുതലായ ചലച്ചിത്ര പ്രസിദ്ധീകരണങ്ങളും കേരളത്തിലെ വാര്‍ത്താ മാധ്യമങ്ങള്‍ക്കിടയില്‍ ശ്രദ്ധേയമായ പങ്കുവഹിക്കുന്നു.

പി.ആര്‍.ഡി. പ്രസിദ്ധീകരണങ്ങള്‍. കേരള കോളിങ് (ഇംഗ്ലീഷ്), ജനപഥം, വികസന സമന്വയം, ന്യൂസ് ലെറ്റര്‍, കേരള ഇന്റര്‍ഫേസ് എന്നിവ സംസ്ഥാന ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് പുറത്തിറക്കുന്ന പ്രസിദ്ധീകരണങ്ങളാണ്.

ഓണ്‍ലൈന്‍ സംരംഭങ്ങള്‍. മലയാളത്തിലെ പ്രമുഖ പത്രങ്ങളായ മലയാള മനോരമ, മാതൃഭൂമി, ദേശാഭിമാനി, കേരള കൗമുദി, മാധ്യമം, ദീപിക, മംഗളം, വീക്ഷണം, ജനപഥം, മെട്രോ വാര്‍ത്ത, വര്‍ത്തമാനം, തേജസ്, സിറാജ് തുടങ്ങിയവയ്ക്കും ആഴ്ചപ്പതിപ്പുകള്‍ക്കും വെബ് എഡിഷനുകളുണ്ട്. കൂടാതെ വൈഗാ ന്യൂസ് തുടങ്ങിയ ഒട്ടനവധി സ്വകാര്യ വാര്‍ത്താ സംരംഭങ്ങളും ഈ രംഗത്ത് സജീവമാണ്. ഒപ്പം സാഹിത്യസൃഷ്ടികളുടെയും വാര്‍ത്തകളുടെയും ഓണ്‍ലൈന്‍ കൂട്ടായ്മകളും ബ്ലോഗുകളും മറ്റും ഇന്റര്‍നെറ്റില്‍ സജീവമാണ്. മലയാളിയുടെ പുതിയ തലമുറ വാര്‍ത്തകള്‍ക്കായി പത്രങ്ങളെക്കാള്‍ കൂടുതല്‍ സമയം ഇന്റര്‍നെറ്റ് തിരയുന്നു എന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

ദൃശ്യമാധ്യമങ്ങള്‍

1982-ലെ ഏഷ്യാഡ് മത്സരങ്ങള്‍ക്കു തൊട്ടുമുമ്പായിട്ടാണ് കേരളത്തില്‍ ടെലിവിഷന്‍ സൗകര്യങ്ങള്‍ ലഭ്യമായിത്തുടങ്ങിയത്. 1985 മാര്‍ച്ചില്‍ തിരുവനന്തപുരത്തുനിന്ന് മലയാള ടെലിവിഷന്‍ പ്രക്ഷേപണം തുടങ്ങി (നോ. ദൂരദര്‍ശന്‍). കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ദൂരദര്‍ശനുപുറമേ ധാരാളം സ്വകാര്യചാനലുകളും ഇന്ന് ടെലിവിഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. 1993-ല്‍ തിരുവനന്തപുരത്ത് നിന്ന് പ്രക്ഷേപണം ആരംഭിച്ച ഏഷ്യാനെറ്റ് ആണ് ആദ്യം പ്രക്ഷേപണമാരംഭിച്ച സ്വകാര്യ മലയാളം ചാനല്‍. 1998-ല്‍ സൂര്യ ടി.വിയും 2000-ല്‍ കൈരളി ടി.വിയും പ്രവര്‍ത്തനം തുടങ്ങി. ഇവയ്ക്കുപുറമേ ഇപ്പോള്‍ അമൃത ടി.വി., ജീവന്‍ ടി.വി., ജയ്ഹിന്ദ് ടി.വി., മീഡിയാവണ്‍, ഏഷ്യനെറ്റ് പ്ലസ്, കിരണ്‍ ടി.വി., കൈരളി, വീ എന്നീ ജനറല്‍ എന്റര്‍ടെയ്ന്‍മെന്റ് ചാനലുകളും വിക്ടേഴ്സ് എന്ന വിദ്യാഭ്യാസാധിഷ്ഠിത ചാനലും ഇന്ത്യാവിഷന്‍, ഏഷ്യാനെറ്റ് ന്യൂസ്, കൈരളി-പീപ്പിള്‍, മനോരമ ന്യൂസ്, റിപ്പോര്‍ട്ടര്‍, മാതൃഭൂമി ന്യൂസ് എന്നീ ന്യൂസ്ചാനലുകളും ഷാലോം, പവര്‍വിഷന്‍, ആത്മീയയാത്ര തുടങ്ങിയ ചാനലുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ 2003-ല്‍ ആരംഭിച്ച ഇന്ത്യാവിഷനാണ് മലയാളത്തിലെ ആദ്യത്തെ മുഴുവന്‍സമയ വാര്‍ത്താചാനല്‍. ഇപ്പോള്‍ റിപ്പോര്‍ട്ടര്‍ ചാനലും ഈ രംഗത്തേക്ക് കടന്നുവന്നിരിക്കുന്നു.

(മൂര്‍ക്കോത്തു കുഞ്ഞപ്പ; സ.പ.)

ചലച്ചിത്രരംഗം

1896 ജൂല. 9-ന് ഇന്ത്യയില്‍ ആദ്യമായി സിനിമാപ്രദര്‍ശനം നടന്നു. അന്ന് ബോംബെയിലെ വാട്സണ്‍ ഹോട്ടലില്‍ ലൂമിയര്‍ സഹോദരന്മാര്‍ ആറ് നിശ്ശബ്ദ- ഹ്രസ്വചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. പിന്നീട് ഒരു ദശാബ്ദത്തിനുശേഷം സിനിമ മലയാളത്തില്‍ എത്തി. 1906-ല്‍ കോഴിക്കോടുവച്ച് സ്വാമികണ്ണ് വിന്‍സന്റ് എന്ന വ്യക്തി തന്റെ ബയോസ്കോപ്പിലൂടെ ആദ്യത്തെ സിനിമാപ്രദര്‍ശനം നടത്തി. തുടര്‍ന്ന് ഉത്സവങ്ങളിലും ഗ്രാമോത്സവങ്ങളിലും മറ്റും സിനിമാപ്രദര്‍ശനം ഒരു അവിഭാജ്യഘടകമായി മാറി. ലോകത്തിന്റെ ഇതരഭാഗങ്ങളില്‍ നിന്നെത്തിയ സിനിമകളാണ് ഇക്കാലത്ത് കേരളത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. 1928 ന. 7-ന് തിരുവനന്തപുരത്തെ കാപ്പിറ്റോള്‍ തിയെറ്ററില്‍ പ്രദര്‍ശിപ്പിച്ച 'വിഗതകുമാരന്‍' ആണ് മലയാളത്തിലെ ആദ്യസിനിമ. ഈ നിശ്ശബ്ദ ചിത്രത്തിന്റെ തിരക്കഥയും നിര്‍മാണവും സംവിധാനവും നിര്‍വഹിച്ചത് ഡോ. ജെ.സി. ഡാനിയേല്‍ ആയിരുന്നു. ഈ ചിത്രത്തിന്റെ ചിത്രീകരണത്തിനായി തിരുവനന്തപുരത്തെ പട്ടത്ത് സ്ഥാപിച്ച ട്രാവന്‍കൂര്‍ നാഷണല്‍ പിക്ചേഴ്സ് സ്റ്റുഡിയോവില്‍ വച്ചായിരുന്നു 'വിഗതകുമാരന്റെ' നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നത്. ജാതിശ്രേണിയില്‍ ഉയര്‍ന്ന സമുദായങ്ങളില്‍നിന്നുള്ള സ്ത്രീകള്‍ അഭിനയത്തെ മ്ലേച്ഛമായികണ്ടിരുന്ന അക്കാലഘട്ടത്തില്‍ പി.കെ. റോസി എന്ന അധഃസ്ഥിതവിഭാഗത്തില്‍പ്പെട്ട യുവതിയാണ് 'വിഗതകുമാരനി'ലെ നായികയെ അവതരിപ്പിച്ചത്. പ്രദര്‍ശനവേളയില്‍ത്തന്നെ സിനിമയ്ക്കുനേരെ ഉണ്ടായ ആക്രമണത്തെത്തുടര്‍ന്ന് പ്രദര്‍ശനം മുടങ്ങി. ജാതിമത ശക്തികളാണ് ഈ അക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് എന്നുപറയപ്പെടുന്നു. തുടര്‍ന്ന് വലിയ സാമ്പത്തിക ബാധ്യതയിലകപ്പെട്ട ഡാനിയേലിന് അതില്‍നിന്നും രക്ഷപ്പെടാന്‍ സിനിമാ നിര്‍മാണത്തിനുവേണ്ടി വാങ്ങിയ സാങ്കേതിക ഉപകരണങ്ങള്‍പോലും വില്‍ക്കേണ്ടിവന്നു. പില്‍ക്കാലത്ത് ഡോ. ജെ.സി. ഡാനിയേല്‍ മലയാള സിനിമയുടെ പിതാവായി അറിയപ്പെട്ടു. പിന്നീട് 1933-ല്‍ സുന്ദര്‍രാജ് നിര്‍മിച്ച് വൈ. വി. റാവു സംവിധാനം ചെയ്ത 'മാര്‍ത്താണ്ഡവര്‍മ' എന്ന നിശ്ശബ്ദ ചിത്രം രൂപംകൊണ്ടെങ്കിലും അതും ജനമധ്യത്തില്‍ പ്രദര്‍ശനത്തിന് എത്തിയില്ല. ജയദേവ്, എ.പി.പി. മേനോന്‍, ദേവകി, പദ്മിനി തുടങ്ങിയവരായിരുന്നു ഇതിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇന്ത്യന്‍ സിനിമയുടെ തുടക്കത്തില്‍ മറ്റു ഭാഷകളില്‍ പുരാണകഥകളാണ് പ്രമേയമായിരുന്നതെങ്കില്‍ നിശ്ശബ്ദകാലഘട്ടത്തില്‍പ്പോലും സാമൂഹ്യ-മതനിരപേക്ഷ ചരിത്രപ്രമേയങ്ങള്‍ തെരഞ്ഞെടുത്തുകൊണ്ടാണ് മലയാള സിനിമ വളര്‍ന്നത്.

ജെ.സി.ഡാനിയല്‍

ടി.ആര്‍. സുന്ദരം നിര്‍മിച്ച്, എസ്. നൊട്ടാണി സംവിധാനം ചെയ്ത 'ബാലന്‍' ആണ് മലയാളത്തിന്റെ ആദ്യശബ്ദസിനിമ (1938). 'ബാലന്റെ' തിരക്കഥ രചിച്ച മുതുകുളം രാഘവന്‍പിള്ളയാണ് മലയാളസിനിമയിലെ ആദ്യതിരക്കഥാകൃത്ത്. കെ.കെ. അറൂര്‍, എം.കെ. കമലം എന്നിവരായിരുന്നു ഇതിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 1940-ല്‍ 'ജ്ഞാനാംബിക'യും 1941-ല്‍ 'പ്രഹ്ളാദനും' പുറത്തിറങ്ങിയശേഷം ഏഴുവര്‍ഷത്തേക്ക് മലയാളത്തില്‍ ചിത്രങ്ങളൊന്നും നിര്‍മിക്കപ്പെട്ടില്ല. 1948-ല്‍ ആര്‍ട്ടിസ്റ്റ് പി.ജെ. ചെറിയാന്‍ നിര്‍മിച്ച് പുത്തേഴത്ത് രാമന്‍ മേനോന്‍ സംഭാഷണവും ജി. ശങ്കരക്കുറുപ്പ് ഗാനങ്ങളും എഴുതിയ 'നിര്‍മല'യിലൂടെയാണ് മലയാളത്തില്‍ ചലച്ചിത്രഗാനശാഖ പിറവി കൊള്ളുന്നത്. നിര്‍മലയ്ക്കായി പി.സി. ദിവാകര്‍ സംഗീതസംവിധാനം നിര്‍വഹിച്ച ഗാനങ്ങള്‍ ആലപിച്ചത് പി. ലീല, ടി.കെ. ഗോവിന്ദ റാവു, വാസുദേവക്കുറുപ്പ്, സി.കെ. രാഘവന്‍, സരോജിനിമേനോന്‍, വിമല എന്നിവരായിരുന്നു. 'നിര്‍മല'യിലൂടെ ഗോവിന്ദറാവു മലയാളസിനിമയിലെ ആദ്യത്തെ പിന്നണി ഗായകനായി. കുഞ്ചാക്കോയുടെ എക്സല്‍ പ്രൊഡക്ഷനും ആലപ്പുഴയിലെ ഉദയാ ഫിലിം സ്റ്റുഡിയോയും (1947) ആരംഭിച്ചതോടെ പൂര്‍ണമായും കേരളീയത അവകാശപ്പെടാവുന്ന മലയാള ചിത്രങ്ങള്‍ തിയെറ്ററുകളില്‍ വന്നുതുടങ്ങി. കമ്പനി നാടകങ്ങളുടെ രൂപവും സ്വഭാവവുമായിരുന്നു അതുവരെ മലയാള സിനിമയില്‍ അന്തര്‍ലീനമായിരുന്നത്. മലയാള സിനിമയിലെ മലയാളിയായ ആദ്യവിതരണക്കാരന്‍ കെ. വി. കോശിയായിരുന്നു. 1949-ല്‍ ഉദയാ സ്റ്റുഡിയോയില്‍ നിന്നും 'വെള്ളിനക്ഷത്രം' എന്ന ചിത്രം പുറത്തുവന്നു. തുടര്‍ന്ന് 'നല്ലതങ്ക', 'സ്ത്രീ', 'ശശിധരന്‍', 'ചേച്ചി', 'പ്രസന്ന', 'ചന്ദ്രിക', 'രക്തബന്ധം' എന്നീ ചിത്രങ്ങളും പ്രദര്‍ശനത്തിനെത്തി. തിക്കുറിശ്ശി സുകുമാരന്‍ നായര്‍, ആറന്മുള പൊന്നമ്മ, കൊട്ടാരക്കര ശ്രീധരന്‍ നായര്‍, പദ്മിനി, രാഗിണി തുടങ്ങിയവരായിരുന്നു 1940-കളിലെ മലയാളസിനിമയിലെ പ്രമുഖ നടീനടന്മാര്‍.‌

ഒരു സാമൂഹിക ഭൂമിക എന്ന നിലയില്‍ മലയാളസിനിമ ഏറ്റവും വൈവിധ്യപൂര്‍ണമാകുന്നത് 1950-കളിലും 60-കളിലുമാണ്. ആഖ്യാനപരവും പ്രമേയപരവുമായ തലങ്ങളില്‍ അക്കാലത്തെ സിനിമയ്ക്കു സാഹിത്യവുമായി അഭേദ്യബന്ധമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ സാഹിത്യത്തില്‍ സംഭവിച്ചുകൊണ്ടിരുന്ന ഭാവുകത്വപരിണാമങ്ങളുടെ അനുരണങ്ങള്‍ സിനിമയിലും പ്രതിഫലിച്ചു. സാമൂഹ്യവ്യവസ്ഥയുടെ ഭാഗമായി പാരമ്പര്യത്തിന്റെ സ്വാധീനത്തില്‍ അതുവരെ സാഹിത്യത്തിനു പുറത്തുനിന്നിരുന്ന അസ്പൃശ്യരും അദൃശ്യരുമായിരുന്ന ഒട്ടേറെ മനുഷ്യസമൂഹങ്ങളെയും വിഭാഗങ്ങളെയും ജീവിതയാഥാര്‍ഥ്യങ്ങളെ സാഹിത്യത്തിലെന്നപോലെ സിനിമയിലും പ്രതിഫലിപ്പിച്ചു. കര്‍ഷകത്തൊഴിലാളികളും അരയരും പുലയരുമെല്ലാം വെള്ളിത്തിരയില്‍ ബഹുജനസമക്ഷം പ്രത്യക്ഷപ്പെട്ടു. ടി.കെ. പരീക്കുട്ടി നിര്‍മിച്ച് പി. ഭാസ്കരനും രാമു കാര്യാട്ടും ചേര്‍ന്ന് സംവിധാനം ചെയ്ത് 1954-ല്‍ പുറത്തിറങ്ങിയ 'നീലക്കുയില്‍', 'രാരിച്ചന്‍ എന്ന പൗരന്‍' തുടങ്ങിയ ചിത്രങ്ങളില്‍ ഇക്കാലഘട്ടത്തില്‍ സാഹിത്യത്തിലും നാടകരംഗത്തും മറ്റുമുണ്ടായിരുന്ന ചലനങ്ങളുടെ പ്രമേയപരവും ദൃശ്യപരവുമായ തുടര്‍ച്ചകള്‍ കാണാം. 1951-ല്‍ കെ. വെമ്പു സംവിധാനം ചെയ്തു പുറത്തിറക്കിയ 'ജീവിതനൌക'യാണ് മലയാളത്തിലെ ആദ്യത്തെ ബോക്സോഫീസ് ഹിറ്റ്. മികച്ച മലയാള ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ വെള്ളിമെഡല്‍ നേടിയ ആദ്യ ചിത്രമാണ് 'നീലക്കുയില്‍' (1954). മലയാള സിനിമയിലെ ആദ്യത്തെ റിയലിസ്റ്റിക് ചിത്രം എന്നു വിശേഷിപ്പിക്കാവുന്ന 'ന്യൂസ് പേപ്പര്‍ബോയ്' (1955) ഒരു കൂട്ടം യുവാക്കളുടെ പുതുസംരംഭമായിരുന്നു. 'സ്ത്രീ' എന്ന ചിത്രത്തിലൂടെ തിക്കുറിശ്ശി സുകുമാരന്‍നായരും, 'ആത്മസഖി'യിലൂടെ സത്യന്‍, 'മരുമകനി'ലൂടെ പ്രേംനസീറും സിനിമാഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചതും 1950-കളിലാണ്. 'സ്നേഹസീമ', 'നായര് പിടിച്ച പുലിവാല്', 'രണ്ടിടങ്ങഴി', 'ഉമ്മാച്ചു', 'ഭാര്‍ഗവീനിലയം', 'ചതുരംഗം' തുടങ്ങിയ സിനിമകള്‍ 50-കളില്‍ ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടവയാണ്. വൈക്കം മുഹമ്മദ് ബഷീര്‍, പൊന്‍കുന്നം വര്‍ക്കി, ഉറൂബ്, എം.ടി. വാസുദേവന്‍നായര്‍ തുടങ്ങിയ പ്രമുഖ സാഹിത്യകാരന്മാരും അന്ന് സിനിമാരംഗത്ത് സജീവമായിരുന്നു. തിരുവനന്തപുരത്ത് നേമത്തിനടുത്ത് പി. സുബ്രഹ്മണ്യത്തിന്റെ ഉടമസ്ഥതയില്‍ 1952-ല്‍ സ്ഥാപിതമായ മെരിലാന്‍ഡ് ഫിലിം സ്റ്റുഡിയോയും മലയാള ചലച്ചിത്രനിര്‍മാണത്തിനു മുതല്‍ക്കൂട്ടാവുകയുണ്ടായി.

ഹിന്ദി, തമിഴ് സിനിമാഗാനങ്ങളുടെ ഈണങ്ങളുടെ പകര്‍പ്പായിരുന്ന മലയാള സിനിമാഗാനങ്ങള്‍ക്ക് സ്വന്തമായ അസ്തിത്വം ലഭിച്ചതും 1950-കളിലാണ്. വി. ദക്ഷിണാമൂര്‍ത്തി, കെ. രാഘവന്‍ മാസ്റ്റര്‍, ജി. ദേവരാജന്‍, എം.എസ്. ബാബുരാജ് തുടങ്ങിയ സംഗീതസംവിധായകര്‍ ഒരുക്കിയ ഈണവും പി. ഭാസ്കരന്‍, ഒ.എന്‍.വി. കുറുപ്പ്, വയലാര്‍ രാമവര്‍മ എന്നിവരുടെ വരികളും മലയാളസിനിമാഗാനങ്ങള്‍ക്ക് പുത്തന്‍ ഭാവുകത്വം സമ്മാനിച്ചു. ഇക്കാലഘട്ടം മലയാള സിനിമാഗാനങ്ങളുടെ സുവര്‍ണയുഗം എന്ന് വിശേഷിപ്പിക്കപ്പെടുന്നു. കമുകറ പുരുഷോത്തമന്‍, കെ.പി. ഉദയഭാനു, എ.എം. രാജ, ജിക്കി, പി. ലീല, ശാന്താ പി. നായര്‍, പി. സുശീല, എസ്. ജാനകി തുടങ്ങിയവരായിരുന്നു ഇക്കാലഘട്ടത്തിലെ പ്രമുഖഗായകര്‍.

ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലഘട്ടത്തില്‍ നിന്നു മലയാളസിനിമ നിറങ്ങളുടെ ലോകത്തിലേക്ക് കടക്കുന്നത് 1960-കളോടെയാണ്, ഒപ്പം പുതിയ പന്ഥാവുകളിലേക്കും. ടി.ആര്‍. സുന്ദരം സംവിധാനം ചെയ്ത് 1961-ല്‍ പുറത്തിറങ്ങിയ 'കണ്ടം ബെച്ച കോട്ട്' ആണ് മലയാളത്തിലെ ആദ്യത്തെ കളര്‍ സിനിമ. തകഴിയുടെ നോവലിനെ ആധാരമാക്കി രാമുകാര്യാട്ട് സംവിധാനം ചെയ്ത് 1961-ല്‍ പുറത്തിറങ്ങിയ 'ചെമ്മീന്‍' മലയാള സിനിമയുടെ വളര്‍ച്ചയില്‍ ഒരു വഴിത്തിരിവായി. ഏറ്റവും നല്ല സിനിമയ്ക്കുള്ള രാഷ്ട്രപതിയുടെ സ്വര്‍ണമെഡല്‍ നേടിയ ആദ്യ ദക്ഷിണേന്ത്യന്‍ ചിത്രമെന്ന ഖ്യാതിയും 'ചെമ്മീനി'നു ലഭിച്ചു. ബാബു ഇസ്മയിലായിരുന്നു 'ചെമ്മീനി'ന്റെ നിര്‍മാതാവ്. 'മുടിയനായ പുത്രന്‍' (1961), 'ഭാര്‍ഗവീനിലയം' (1964), 'ഓടയില്‍ നിന്ന്' (1963), 'ഇരുട്ടിന്റെ ആത്മാവ്' (1966), 'മുറപ്പെണ്ണ്' (1965), 'അശ്വമേധം' (1968), 'അന്വേഷിച്ചുകണ്ടെത്തിയില്ല', 'നഗരമേ നന്ദി', 'അസുരവിത്ത്' (1968), 'തുലാഭാരം', 'യക്ഷി' (1968), 'കടല്‍പ്പാലം' (1969) തുടങ്ങിയ ചിത്രങ്ങളും സാഹിത്യകാരന്മാരുടെയും സംവിധായകരുടെയും സംയുക്തസംരംഭങ്ങളായി 60-കളില്‍ പുറത്തുവന്നവയാണ്. കെ.എസ്. സേതുമാധവന്‍, രാമു കാര്യാട്ട്, കുഞ്ചാക്കോ, എ. വിന്‍സെന്റ്, ജോണ്‍ ശങ്കരമംഗലം, പി. സുബ്രഹ്മണ്യം തുടങ്ങിയവരായിരുന്നു ഇക്കാലത്തെ പ്രമുഖ സംവിധായകര്‍. സംഗീതത്തിനും ഈ കാലഘട്ടത്തില്‍ ചിത്രങ്ങളില്‍ വലിയ പ്രാധാന്യം ലഭിച്ചു. കെ.ജെ. യേശുദാസ് ചലച്ചിത്രഗാനരംഗത്തേക്കു കടന്നുവരുന്നതും ഈ കാലഘട്ടത്തില്‍ (1961) തന്നെ. യേശുദാസും തുടര്‍ന്നു വന്ന ജയച്ചന്ദ്രനും ബ്രഹ്മാനന്ദനും ചേര്‍ന്ന് 60-കളില്‍ മലയാളചലച്ചിത്രരംഗത്ത് ഒരു പുതിയ സംഗീതലോകം സൃഷ്ടിച്ചു.

ഷീലയും മധുവും-ചെമ്മീന്‍

കേരളത്തില്‍ സിനിമയുടെ ആദ്യകാലങ്ങളില്‍ ഓലമേഞ്ഞ കൊട്ടകകളിലാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. കാളവണ്ടിയില്‍ അനൗണ്‍സ് ചെയ്തും അച്ചുകൂടത്തില്‍ പ്രിന്റുചെയ്ത പരസ്യനോട്ടീസ് ഉപയോഗിച്ചും കാഴ്ചക്കാരെ കൊട്ടകകളിലേക്ക് ക്ഷണിച്ചു. കൊട്ടകകളില്‍ വൈദ്യുതിബന്ധം തടസ്സപ്പെട്ടിരുന്ന സന്ദര്‍ഭങ്ങളില്‍ പൊതുവേ മൂന്നു മണിക്കൂറോളം ദൈര്‍ഘ്യമേറിയ സിനിമകള്‍ മൂന്നും നാലും തവണകളായാണ് പ്രേക്ഷകര്‍ കണ്ടുതീര്‍ത്തിരുന്നത്. 60-കളില്‍ 12 സ്റ്റേഷനുകളിലെ കൊട്ടകകളില്‍ മാത്രമായിരുന്നു റിലീസ്. മരംകൊണ്ടു നിര്‍മിച്ച കസേരകളിലും മരത്തടിയിലും തറകളിലുമായാണ് ഇരിപ്പിടം സജ്ജീകരിച്ചിരുന്നത്. സിനിമ ആരംഭിക്കുന്നതിനുമുമ്പേ അതിനു സൂചകമായി ഉച്ചഭാഷിണിയില്‍ പാട്ട് പ്രക്ഷേപണം ചെയ്യുമായിരുന്നു.

സാമൂഹികമായി പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ കൂടി ജീവിതസംഘര്‍ഷങ്ങളെ പ്രമേയമാക്കിയിരുന്ന 50-കളിലെയും 60-കളിലെയും ചലച്ചിത്ര ആവിഷ്കരണരീതി 1970-കളോടെ പ്രകടമായ മാറ്റത്തിന് വിധേയമായി. സാഹിത്യത്തില്‍ ആധുനികതയുടെയും സിനിമയില്‍ നവതരംഗത്തിന്റെയും സ്വാധീനം അതുവരെ നിലനിന്നിരുന്ന പ്രമേയങ്ങളെയും ആവിഷ്കാരരീതികളെയും അരികുകളിലേക്കു തള്ളി. പുതിയ ആഖ്യാനലോകത്തിന്റെ കേന്ദ്രത്തില്‍ നിലയുറപ്പിച്ചത് ഭൂപരിഷ്കരണത്തിന്റെയും കൂട്ടുകുടുംബവ്യവസ്ഥയുടെ തകര്‍ച്ചയുടെയും പശ്ചാത്തലത്തില്‍ ഉദയം കൊണ്ട മധ്യവര്‍ഗസമൂഹമായിരുന്നു. തട്ടുപൊളിപ്പന്‍ ഡയലോഗുകളെ പിന്നിലേയ്ക്ക് തള്ളി സിനിമയില്‍ ദൃശ്യാത്മകതയ്ക്ക് ഊന്നല്‍ ലഭിച്ചത് ഈ കാലത്താണ്. അതേസമയം ചലച്ചിത്രപ്രവര്‍ത്തനം, സാങ്കേതികമായി അഭ്യസിച്ചവരുടെ കടന്നുവരവ് 1970-കളില്‍ മലയാളസിനിമയെ അക്കാദമികമായി ഇന്ത്യയിലെ മികച്ച വിഭാഗമാക്കി മാറ്റി. സ്റ്റുഡിയോകളില്‍ മാത്രം സിനിമകള്‍ ചിത്രീകരിച്ചിരുന്ന രീതിക്കും 70-കളോടെ മാറ്റം വന്നു. എഴുപതുകളോടെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ക്ക് തുടക്കം കുറിക്കപ്പെട്ടത്. മലയാള സിനിമയുടെ വളര്‍ച്ചയ്ക്ക് പ്രോത്സാഹനമായിത്തീര്‍ന്നു.

പി.ജെ.ആന്റണി-നിര്‍മാല്യം

പി.എന്‍. മേനോന്റെ സംവിധാനത്തില്‍ 1970-ല്‍ പുറത്തിറങ്ങിയ 'ഓളവും തീരവും' മലയാള സിനിമയ്ക്ക് നവീനമായൊരു ചലച്ചിത്രഭാഷ സമ്മാനിച്ചു. ഷോട്ടുകള്‍ കമ്പോസ് ചെയ്തതിലെ പുതുമ, പശ്ചാത്തല സംഗീതത്തിലെ യുക്തി, നിയന്ത്രണവിധേയമായ സംഭാഷണം എന്നിവ ഈ സിനിമയെ വ്യത്യസ്തമാക്കി. ഫിലിം സൊസൈറ്റി പ്രസ്ഥാനം, നവതരംഗത്തിന്റെ കടന്നുവരവ്, രാഷ്ട്രീയ പരിപ്രേക്ഷ്യം, ആധുനികതയുടെ പ്രക്ഷുബ്ധത എന്നിവ 70-കളിലെ മലയാള സിനിമയിലും പ്രതിഫലിച്ചു. കേരളത്തില്‍ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിനു തുടക്കം കുറിച്ച അടൂര്‍ ഗോപാലകൃഷ്ണന്‍ 1972-ല്‍ പുറത്തിറക്കിയ 'സ്വയംവരം' എന്ന തന്റെ പ്രഥമ ചലച്ചിത്രത്തിലൂടെ മലയാള സിനിമയില്‍ ഒരു പുതിയ ചലച്ചിത്രസംസ്കാരത്തിനു തുടക്കം കുറിച്ചു. സാങ്കേതികമായി ഉന്നതനിലവാരം പുലര്‍ത്തിയ 'സ്വയംവര'ത്തിലൂടെയാണ് യഥാര്‍ഥ പശ്ചാത്തലത്തിന്റെ ശബ്ദം നേരിട്ടു സിനിമയിലേക്കു പകര്‍ത്തുന്ന സംവിധാനം വികസിച്ചത്. ചലച്ചിത്രം എന്നത് വിവിധ കലാപ്രവര്‍ത്തനങ്ങളുടെ കൂട്ടായ ഫലമാണെങ്കിലും ഇതര കലകളില്‍ നിന്ന് ഭിന്നമായ വ്യക്തിത്വവും ശൈലിയും ആവിഷ്കരണ രീതിയും ഈ മാധ്യമത്തിനുണ്ടെന്ന അവബോധം ഇതോടെ പ്രചാരം നേടി. ദേശീയ തലത്തില്‍ മികച്ച സിനിമയ്ക്കുള്ള അവാര്‍ഡ് നേടിയ ആദ്യ മലയാള സിനിമയും 'സ്വയംവര'മാണ്. 1973-ല്‍ പുറത്തിറങ്ങിയ 'നിര്‍മാല്യ'ത്തിലൂടെ എം.ടി. വാസുദേവന്‍ നായര്‍, സാഹിത്യത്തെയും സിനിമയെയും കോര്‍ത്തിണക്കി. സാമൂഹിക യാഥാര്‍ഥ്യങ്ങളുടേതായ സ്ഫോടനാത്മകമായ രചനയായിരുന്നു 'നിര്‍മാല്യം'. ഇതിലെ വെളിച്ചപ്പാടിനെ ആത്മനിഷ്ഠയോടെയും ഭാവതീവ്രതയോടെയും അവതരിപ്പിച്ച പി.ജെ. ആന്റണിയിലൂടെ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് ആദ്യമായി മലയാള സിനിമയ്ക്കു ലഭിച്ചു. 1973-ലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും 'നിര്‍മാല്യ'ത്തിനു ലഭിച്ചു.


ചിത്രം:Page 583 chart3.png

ഇന്ത്യന്‍ സമാന്തര ചലച്ചിത്രമേഖലയ്ക്ക് അമൂല്യമായ സംഭാവനകള്‍ നല്‍കിയ ജി. അരവിന്ദന്റെ കടന്നുവരവും 70-കളിലായിരുന്നു. 'ഉത്തരായനം' (1974), 'കാഞ്ചനസീത' (1977), 'തമ്പ്' (1978), 'കുമ്മാട്ടി' (1979), 'എസ്തപ്പാന്‍' (1979) എന്നിവയിലൂടെ 70-കളിലുടനീളം അരവിന്ദനിലൂടെ മലയാള സിനിമയും ദേശീയ-അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധ നേടി. 1975-ല്‍ പുറത്തിറങ്ങിയ 'സ്വപ്നാടന'ത്തിലൂടെ കെ.ജി. ജോര്‍ജ് ചലച്ചിത്രാഖ്യാനത്തില്‍ ഒരു പുതുവഴി സൃഷ്ടിച്ചു. കെ. മോഹനന്‍ സംവിധാനം ചെയ്ത 'രണ്ടു പെണ്‍കുട്ടികള്‍' ആണ് ലെസ്ബിയനിസം പ്രമേയമാക്കിയ ആദ്യ മലയാളചിത്രം. കെ.പി. കുമാരന്‍ ('അതിഥി'), പി.എ. ബക്കര്‍ ('കബനീ നദി ചുവന്നപ്പോള്‍'), ജി.എസ്. പണിക്കര്‍ ('ഏകാകിനി'), രാജീവ് നാഥ് ('തണല്‍'), പവിത്രന്‍ ('ആരോ ഒരാള്‍'), കെ.ആര്‍. മോഹനന്‍ ('അശ്വത്ഥാമാവ്') തുടങ്ങിയ സംവിധായകരും വ്യത്യസ്തങ്ങളായ ചിത്രങ്ങളുമായി ഈ കാലഘട്ടത്തില്‍ കടന്നുവന്നു. 'അഗ്രഹാരത്തില്‍ കഴുതതൈ' എന്ന തമിഴ് ചിത്രത്തിലൂടെ തന്റെ ചലച്ചിത്രസപര്യയ്ക്കു തുടക്കം കുറിച്ച ജോണ്‍ എബ്രഹാം 'വിദ്യാര്‍ഥികളേ ഇതിലേ', 'ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍' (1979), 'അമ്മ അറിയാന്‍' എന്നീ ചിത്രങ്ങളിലൂടെ മനുഷ്യത്വത്തെ ആഴത്തില്‍ സ്പര്‍ശിക്കുന്ന ചിത്രങ്ങള്‍ സാക്ഷാത്കരിച്ചു. പ്രേക്ഷകരില്‍ നിന്നുള്ള ചെറിയ സംഭാവനകള്‍ സ്വീകരിച്ച് ഒഡേസ മൂവീസിന്റെ ബാനറില്‍ ചിത്രീകരിച്ച 'അമ്മ അറിയാനി'ലൂടെ സിനിമയെ ഒരു ജനകീയപ്രസ്ഥാനമാക്കുവാന്‍ ജോണ്‍ എബ്രഹാം നടത്തിയ ഉദ്യമം ശ്രദ്ധേയമായി. അതേസമയം മികച്ച സിനിമകള്‍ക്കായി ലാഭേച്ഛയില്ലാതെ മുതല്‍മുടക്കാന്‍ തയ്യാറായ നിര്‍മാതാക്കളാണ് മലയാളത്തില്‍ പുതുസിനിമയുടെ പിറവിക്ക് അന്തരീക്ഷമൊരുക്കിയത്. 'എസ്തപ്പാന്‍', 'തമ്പ്', 'എലിപ്പത്തായം', 'മുഖാമുഖം' തുടങ്ങിയ അനേകം ചിത്രങ്ങളുടെ നിര്‍മാതാവായ കെ. രവീന്ദ്രന്‍നാഥന്‍നായര്‍, 'ഉത്തരായന'ത്തിന്റെ നിര്‍മാതാവായ പട്ടത്തുവിള കരുണാകരന്‍, ടി. മുഹമ്മദ് ബാപ്പു ('സ്വപ്നാടനം'), ടി. രവീന്ദ്രന്‍ ('വാസ്തുഹാര', 'പൊന്തന്‍മാട'), വി.കെ. പവിത്രന്‍ ('കബനീ നദീ ചുവന്നപ്പോള്‍'), എസ്. ജയചന്ദ്രന്‍നായര്‍ ('പിറവി', 'സ്വം'), പി. സുകുമാരന്‍ ('ഇരകള്‍'), പ്രേംപ്രകാശ് ('പെരുവഴിയമ്പലം') തുടങ്ങി ഒട്ടനേകം നിര്‍മാതാക്കളുടെ പേരുകള്‍ മലയാളചലച്ചിത്രത്തിന്റെ ചരിത്രവുമായി ചേര്‍ത്തുവായിക്കേണ്ടവയാണ്. മലയാള മധ്യവര്‍ത്തി സിനിമയുടെ മുഖമായി മാറിയ ഭരതനും പദ്മരാജനും മോഹനനും തങ്ങളുടെ ചലച്ചിത്ര സപര്യയ്ക്ക് തുടക്കം കുറിച്ചത് 70-കളുടെ മധ്യത്തോടെയാണ്. കെ.എസ്. സേതുമാധവന്‍, ഐ.വി. ശശി, ഹരിഹരന്‍, ജേസി, ജോഷി, ബാലചന്ദ്രമേനോന്‍, എ.ബി. രാജ തുടങ്ങിയ സംവിധായകരായിരുന്നു 70-കളിലെ ജനപ്രിയ സിനിമയുടെ വക്താക്കള്‍. ആയിരങ്ങള്‍ തൊഴിലെടുക്കുന്ന വ്യവസായ മേഖല എന്ന നിലയില്‍ ജനങ്ങളെ സിനിമയിലേക്കും തിയെറ്ററുകളിലേക്കും അടുപ്പിച്ചു നിര്‍ത്തിയത് ഇത്തരം സംവിധായകര്‍ അണിയിച്ചൊരുക്കിയ ജനപ്രിയസിനിമകളായിരുന്നു.

1978-ല്‍ പുറത്തിറങ്ങിയ 'തച്ചോളി അമ്പു'ആണ് മലയാളത്തിലെ ആദ്യത്തെ സിനിമാസ്കോപ്പ് ചിത്രം. നവോദയ അപ്പച്ചനാണ് ഇതിന്റെ സംവിധാനം നിര്‍വഹിച്ചത്. പ്രേംനസീര്‍, സത്യന്‍, മധു, കൊട്ടാരക്കര ശ്രീധരന്‍ നായര്‍, തിക്കുറിശ്ശി സുകുമാരന്‍നായര്‍, സുകുമാരന്‍, ജയന്‍, സുധീര്‍, വിന്‍സെന്റ്, പി.ജെ. ആന്റണി, അടൂര്‍ഭാസി, എം.ജി. സോമന്‍, ശങ്കരാടി, നെല്ലിക്കോട് ഭാസ്കരന്‍, ബഹദൂര്‍, ബാലന്‍ കെ. നായര്‍, എസ്.പി. പിള്ള, ഷീല, ശാരദ, സീമ, ശ്രീവിദ്യ, അംബിക, ജയഭാരതി, കെ.പി.എ.സി ലളിത, സുകുമാരി, ലക്ഷ്മി, റാണി ചന്ദ്ര, ശാന്തകുമാരി, ശോഭ, അടൂര്‍ ഭവാനി, ഫിലോമിന, കവിയൂര്‍ പൊന്നമ്മ, കുട്ട്യേടത്തി വിലാസിനി, രാജം കെ. നായര്‍ തുടങ്ങിയവരാണ് 70-കളിലെ മലയാള സിനിമയില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിനേതാക്കള്‍. നൗഷാദ് അലി, ഉഷാഖന്ന, എം.ബി. ശ്രീനിവാസന്‍, ബോംബെ രവി, ശ്യാം, ബാപ്പിലാഹിരി, സലില്‍ചൗധരി തുടങ്ങിയവരായിരുന്നു 70-കളിലെ ശ്രദ്ധേയരായ ചലച്ചിത്ര സംഗീതസംവിധായകര്‍. മാധുരി, വാണിജയറാം, ഉഷാരവി തുടങ്ങിയവരായിരുന്നു ഈ കാലഘട്ടത്തിലെ ശ്രദ്ധേയരായ ഗായികമാര്‍.

ചിത്രം:Producer.png

എല്ലാ വിഭാഗം ജനങ്ങളുടെയും സ്വീകാര്യത ഏറി വന്നതോടെ 70-കളില്‍ സിനിമാകൊട്ടകകള്‍ ടാക്കീസുകളായും തിയെറ്ററുകളായും പരിവര്‍ത്തനം പ്രാപിച്ചു. ഒപ്പം തിയെറ്ററുകളുടെ എണ്ണം വര്‍ധിക്കുകയും റിലീസ് കേന്ദ്രങ്ങളുടെ എണ്ണം 20 ആയി ഉയരുകയും ചെയ്തു. കാളവണ്ടിക്കുപകരം ഓട്ടോറിക്ഷയും കാറുമെല്ലാം പ്രചാരണരംഗത്തെത്തി. കളര്‍ സിനിമയുടെ വരവോടെ കളര്‍ പോസ്റ്ററുകളും വ്യാപകമായി. വിളംബരത്തോടൊപ്പം സിനിമയുടെ സാരാംശവും നോട്ടീസിനൊപ്പം വിതരണം ചെയ്യപ്പെട്ടു. കൂടാതെ പത്രം, വാരിക-മാസിക, റേഡിയോ തുടങ്ങിയ മാധ്യമങ്ങളും സിനിമയുടെ പ്രചാരത്തില്‍ മുഖ്യപങ്കുവഹിച്ചു. വന്‍ വിജയം നേടുന്ന സിനിമകള്‍ ഏതാണ്ട് ഒരു വര്‍ഷം കഴിഞ്ഞാണ് ഗ്രാമപ്രദേശങ്ങളിലെ സി ക്ലാസ് തിയെറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയിരുന്നത്. എന്നിട്ടുപോലും ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രേക്ഷകര്‍ അക്കാലത്തുണ്ടായിരുന്നു. പ്രേംനസീര്‍, സത്യന്‍, മധു, ഷീല, ശാരദ തുടങ്ങിയ അഭിനേതാക്കള്‍ക്കു ലഭിച്ച താരാരാധന മലയാള സിനിമാവ്യവസായത്തിന്റെ വളര്‍ച്ചയില്‍ മുഖ്യപങ്കുവഹിച്ചു.

പ്രേംജി-പിറവി

എണ്‍പതുകളുടെ തുടക്കത്തോടെ കലാമേന്മയും ജനപ്രീതിയും ഒരുപോലെ സമന്വയിപ്പിച്ച മധ്യവര്‍ത്തി സിനിമകള്‍ മലയാളത്തില്‍ രംഗപ്രവേശം ചെയ്തു. സമാന്തരസിനിമയ്ക്കും ജനപ്രിയ സിനിമയ്ക്കുമിടയില്‍ നില്‍ക്കുന്ന മധ്യവര്‍ത്തി സിനിമകളെ വളരെപ്പെട്ടെന്ന് പ്രേക്ഷകര്‍ സ്വീകരിച്ചു. എഴുപതുകളില്‍ സിനിമയുടെ പ്രശ്നങ്ങളും പ്രകാശനങ്ങളും സാമൂഹികമായിരുന്നുവെങ്കില്‍ 70-കള്‍ക്കു ശേഷമുള്ള ചിത്രങ്ങളില്‍ വ്യക്തിപരമായ വിഹ്വലതകള്‍ക്കും ആത്മസംഘര്‍ഷങ്ങള്‍ക്കുമാണ് മുന്‍തൂക്കം ലഭിച്ചത്. അടൂര്‍ ഗോപാലകൃഷ്ണന്റെ 'എലിപ്പത്തായം', 'മുഖാമുഖം', 'അനന്തരം', അരവിന്ദന്റെ 'എസ്തപ്പാന്‍', 'പോക്കുവെയില്‍', 'ചിദംബരം', 'ഒരിടത്ത്', പവിത്രന്റെ 'ഉപ്പ്', പി.എ. ബക്കറിന്റെ 'ചാപ്പ', ഷാജിയുടെ 'പിറവി' തുടങ്ങിയ സിനിമകള്‍ ദേശീയ-അന്തര്‍ദേശീയതലത്തില്‍ ഏറെ ശ്രദ്ധ നേടി. കാന്‍ ചലച്ചിത്രോത്സവത്തില്‍ ഗോള്‍ഡന്‍ ക്യാമറ പുരസ്കാരം നേടിയ 'പിറവി' ഇതേ വര്‍ഷത്തെ ഹവായ് അന്താരാഷ്ട്ര ചലച്ചിത്രമേള, ചിക്കാഗോ അന്താരാഷ്ട്ര ചലച്ചിത്രോത്സവം എന്നിവയിലും അംഗീകാരം നേടി. 1989-ലെ ദേശീയ-സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളില്‍ മികച്ച ചിത്രം, സംവിധായകന്‍, നടന്‍ (പ്രേംജി), ശബ്ദലേഖനം (ടി. കൃഷ്ണനുണ്ണി) എന്നീ അവാര്‍ഡുകളും 'പിറവി' കരസ്ഥമാക്കി.

ഭരതന്റെ 'ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം', 'വൈശാലി'; പദ്മരാജന്റെ 'ഒരിടത്തൊരു ഫയല്‍വാന്‍', 'കൂടെവിടെ', 'തിങ്കളാഴ്ച നല്ല ദിവസം', 'നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍', 'തൂവാനത്തുമ്പികള്‍', 'മൂന്നാംപക്കം'; കെ.ജി. ജോര്‍ജിന്റെ 'യവനിക', മോഹനന്റെ 'രണ്ടു പെണ്‍കുട്ടികള്‍', ബാലുമഹേന്ദ്രയുടെ 'യാത്ര', പി.എന്‍. മേനോന്റെ 'മലമുകളിലെ ദൈവം', കെ.പി. കുമാരന്റെ 'രുക്മിണി', കെ.ആര്‍. മോഹനന്റെ 'പുരുഷാര്‍ഥം', ചിന്തരവിയുടെ 'ഒരേ തൂവല്‍പ്പക്ഷികള്‍', ശ്രീനിവാസന്റെ 'വടക്കുനോക്കിയന്ത്രം', ഹരിഹരന്റെ 'നഖക്ഷതങ്ങള്‍', 'ഒരു വടക്കന്‍ വീരഗാഥ', ഐ.വി. ശശിയുടെ '1921', ഫാസിലിന്റെ 'എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്', പ്രിയദര്‍ശന്റെ 'വെള്ളാനകളുടെ നാട്', സുരേഷ് ഉണ്ണിത്താന്റെ 'ജാതകം', രഘുനാഥ് പാലേരിയുടെ 'ഒന്നുമുതല്‍ പൂജ്യം വരെ', അലി അക്ബറുടെ 'മാമലകള്‍ക്കപ്പുറത്ത്' തുടങ്ങിയവയും 80-കളില്‍ ശ്രദ്ധേനേടിയ മലയാള ചലച്ചിത്രങ്ങളാണ്. എം.ടി. വാസുദേവന്‍ നായര്‍, കെ.ജി. ജോര്‍ജ്, എസ്.എല്‍. പുരം സദാനന്ദന്‍, കള്ളിക്കാട് രാമചന്ദ്രന്‍, പദ്മരാജന്‍ തുടങ്ങിയവരുടെ തിരക്കഥകള്‍ 80-കളില്‍ മലയാള ചലച്ചിത്രമേഖലയെ സര്‍ഗസമ്പന്നമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. 80-കളില്‍ പ്രതിവര്‍ഷം ശരാശരി 120-ഓളം സിനിമകളാണ് മലയാളത്തില്‍ റിലീസ് ചെയ്യപ്പെട്ടിരുന്നത്. ദക്ഷിണേന്ത്യയിലെ ആദ്യത്തെ 70 എം.എം. സിനിമയായ 'പടയോട്ട'വും (1982) ഇന്ത്യയിലെ ആദ്യത്തെ ത്രിമാന ചലച്ചിത്രമായ 'മൈ ഡിയര്‍ കുട്ടിച്ചാത്തനും (1984) മലയാളത്തിന്റെ സംഭാവനകളാണ്. നവോദയ അപ്പച്ചനാണ് ഈ രണ്ടു സംരംഭങ്ങള്‍ക്കും നേതൃത്വം നല്‍കിയത്. 1980-ല്‍ തിരുവനന്തപുരത്തെ തിരുവല്ലത്ത് കേരള സര്‍ക്കാര്‍ സംരംഭമായ ചിത്രാഞ്ജലി സ്റ്റുഡിയോ പ്രവര്‍ത്തനമാരംഭിച്ചതോടെ സിനിമാ നിര്‍മാണം കൂടുതല്‍ ലാഭകരവും ലളിതവുമായി.

സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക വിഷയങ്ങള്‍ക്ക് കലാപരവും ജനപ്രിയകരവുമായ ചലച്ചിത്രഭാഷ്യങ്ങളുണ്ടായി എന്നതാണ് 80-കളിലെ മലയാള സിനിമയുടെ പ്രധാന സവിശേഷത. അടൂര്‍, അരവിന്ദന്‍, ബക്കര്‍, പവിത്രന്‍, ജോണ്‍ എബ്രഹാം തുടങ്ങിയവര്‍ വിഷയങ്ങളെ ബൗദ്ധികതലത്തില്‍ സമീപിച്ചപ്പോള്‍, ഐ.വി. ശശി-ടി. ദാമോദരന്‍ കൂട്ടുകെട്ട് സമകാലിക രാഷ്ട്രീയ സംഭവങ്ങളെ പ്രമേയമാക്കിക്കൊണ്ട് സാധാരണക്കാര്‍ക്കുവേണ്ടി സിനിമകള്‍ നിര്‍മിച്ചു. അതേസമയം ശ്രീനിവാസന്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് സമകാലീന പ്രശ്നങ്ങളെ ഹാസ്യാത്മാകമായി അവതരിപ്പിക്കുന്നതില്‍ ഒരു പുതുവഴി തേടി. എണ്‍പതുകളുടെ അവസാനം പുറത്തിറങ്ങിയ 'റാംജീറാവു സ്പീക്കിങ്ങ്' ഹാസ്യാത്മകതയുടെ വേറിട്ട ഭാഷ്യത്തിന് വഴിയൊരുക്കി.

'മേള'യിലൂടെ മമ്മൂട്ടിയും 'മഞ്ഞില്‍ വിരിഞ്ഞ പൂക്കളി'ലൂടെ മോഹന്‍ലാലും ചലച്ചിത്രരംഗത്തെത്തിയത് എണ്‍പതുകളുടെ തുടക്കത്തിലാണ്. 'യാത്ര', 'നിറക്കൂട്ട്', 'ന്യൂഡെല്‍ഹി', 'ഒരു വടക്കന്‍ വീരഗാഥ' തുടങ്ങിയ ചിത്രങ്ങളിലൂടെ മമ്മൂട്ടിയും 'രാജാവിന്റെ മകന്‍', 'തൂവാനത്തുമ്പികള്‍', 'സ്ഫടികം', 'കിരീടം' തുടങ്ങിയ ചിത്രങ്ങളിലൂടെ മോഹന്‍ലാലും ഇതേ കാലയളവില്‍ സൂപ്പര്‍താരപദവിയിലേക്ക് ഉയരുകയുണ്ടായി. നാടകവേദിയില്‍ നിന്നും സിനിമയിലെത്തിയ പ്രതിഭാധനരായ തിലകന്‍, മുരളി തുടങ്ങിയവരുടെ കടന്നുവരവും 80-കളിലായിരുന്നു. നസീര്‍, ജയന്‍, വേണുനാഗവള്ളി എന്നീ നായകനടന്മാര്‍ക്കുപുറമേ ഭരത്ഗോപി, പ്രേംജി, നെടുമുടി വേണു, റഹ്മാന്‍, അച്ചന്‍കുഞ്ഞ്, ബാലചന്ദ്രമേനോന്‍, ജഗതി ശ്രീകുമാര്‍, മാള അരവിന്ദന്‍, കുതിരവട്ടം പപ്പു, ശ്രീനിവാസന്‍, വി.കെ. ശ്രീരാമന്‍, ജയറാം, ശ്രീനാഥ്, സത്താര്‍, വിനീത്, അശോകന്‍, പൂര്‍ണിമാജയറാം, ജലജ, മാധവി, ശാരി, സുഹാസിനി, അഞ്ജു, ഉര്‍വശി, കെ.ആര്‍. വിജയ, കുക്കു പരമേശ്വരന്‍, ഗീത, മോനിഷ തുടങ്ങിയവരായിരുന്നു 80-കളിലെ ശ്രദ്ധേയരായ സിനിമാ അഭിനേതാക്കള്‍. 70 എം.എം. ചിത്രങ്ങളുടെ വരവോടെ തിരശ്ശീലയിലും മാറ്റങ്ങള്‍ പ്രകടമായി. 80-കളുടെ അവസാനത്തോടെ കേരളത്തിലെ റിലീസ് തിയെറ്ററുകളുടെ എണ്ണം 75-ലേറെയായി ഉയര്‍ന്നു. ഇതേ കാലഘട്ടത്തില്‍ത്തന്നെയാണ് മമ്മൂട്ടി, മോഹന്‍ലാല്‍ എന്നീ 'സൂപ്പര്‍ താരങ്ങളെ' കേന്ദ്രീകരിച്ച് ഫാന്‍സ് അസോസിയേഷനുകള്‍ രൂപംകൊള്ളുന്നത്.

എം.കെ. അര്‍ജുനന്‍, ജോണ്‍സണ്‍, എം.ജി. രാധാകൃഷ്ണന്‍, രവീന്ദ്രന്‍, മോഹന്‍ സിത്താര, ഇളയരാജ തുടങ്ങിയ സംഗീതസംവിധായകരും ശ്രീകുമാരന്‍ തമ്പി, യൂസഫലി കേച്ചേരി, ബിച്ചുതിരുമല, പൂവച്ചല്‍ ഖാദര്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, രമേശന്‍ നായര്‍, ഭരണിക്കാവ് ശിവകുമാര്‍, പി.കെ. ഗോപി, കെ. ജയകുമാര്‍, എം.ഡി. രാജേന്ദ്രന്‍, ഗിരീഷ് പുത്തഞ്ചേരി, ഇഞ്ചക്കാട് ബാലചന്ദ്രന്‍ തുടങ്ങിയ ഗാനരചയിതാക്കളും കെ.എസ്. ചിത്ര, ജി. വേണുഗോപാല്‍, എം.ജി. ശ്രീകുമാര്‍, സുജാതാമോഹന്‍, ഉണ്ണിമേനോന്‍ തുടങ്ങിയ ഗായകരും രംഗപ്രവേശം ചെയ്തതും 80-കളിലാണ്. ടെലിവിഷന്റെ കടന്നുവരവ് 90-കളുടെ തുടക്കത്തില്‍ മലയാളിയുടെ വിനോദസമയത്തെയും സങ്കല്പങ്ങളെയും മാറ്റിമറിച്ചു. സീരിയലുകള്‍, സിനിമ അതുവരെ കൈകാര്യം ചെയ്തിരുന്ന പ്രമേയങ്ങളെ സ്വന്തമാക്കുകയും കുറഞ്ഞ ചെലവില്‍ വീട്ടിലെത്തിക്കുകയും ചെയ്തു. മധ്യവര്‍ഗത്തിന്റെ വിനോദസാധ്യതകളില്‍ വന്ന ഈ മാറ്റം തിയെറ്ററുകളില്‍ പോയി സിനിമ കാണുന്നവരുടെ എണ്ണത്തെയും പ്രതികൂലമായി ബാധിച്ചു. അതേസമയം പ്രതിഭാധനരായ സംവിധായകരുടെ മികച്ച സൃഷ്ടികളും ഇക്കാലത്ത് പുറത്തിറങ്ങുകയുണ്ടായി.

സക്കറിയയുടെ നോവലിന് അടൂര്‍ ഗോപാലകൃഷ്ണന്‍ ചലച്ചിത്രാഖ്യാനം നല്കിയ 'വിധേയന്‍', ജി. അരവിന്ദന്‍ സംവിധാനം നിര്‍വഹിച്ച 'വാസ്തുഹാര', എം.ടി. വാസുദേവന്‍നായര്‍ സംവിധാനം ചെയ്ത 'കടവ്', കെ.ആര്‍. മോഹനന്റെ 'സ്വരൂപം', ഹരികുമാറിന്റെ 'സുകൃതം', ശ്യാമപ്രസാദിന്റെ 'അഗ്നിസാക്ഷി', ഹരിഹരന്റെ 'സര്‍ഗം', 'എന്ന് സ്വന്തം ജാനകിക്കുട്ടി', അജയന്റെ 'പെരുന്തച്ചന്‍', ഫാസിലിന്റെ 'മണിച്ചിത്രത്താഴ്', പ്രിയദര്‍ശന്റെ 'കിലുക്കം', 'തേന്മാവിന്‍ കൊമ്പത്ത്', 'കാലാപാനി', രാജീവ് അഞ്ചലിന്റെ 'ഗുരു', സിബി മലയിലിന്റെ 'സദയം', ലോഹിതദാസിന്റെ 'ഭൂതക്കണ്ണാടി', ഭരതന്റെ 'അമരം', ലെനിന്‍ രാജേന്ദ്രന്റെ 'മീനമാസത്തിലെ സൂര്യന്‍', 'ദൈവത്തിന്റെ വികൃതികള്‍'; ഹരിഹരന്റെ 'പരിണയം'; ബാലചന്ദ്രമേനോന്റെ 'സമാന്തരങ്ങള്‍'; ഭരത് ഗോപിയുടെ 'യമനം', ശശിശങ്കറിന്റെ 'നാരായം', എം.പി. സുകുമാരന്‍ നായരുടെ 'കഴകം', പി.ടി. കുഞ്ഞുമുഹമ്മദിന്റെ 'മഗ്രിബ്', 'ഗര്‍ഷോം', ജോര്‍ജ് കിത്തുവിന്റെ 'ആധാരം', കമലിന്റെ 'ഉള്ളടക്കം', 'മഴയെത്തുംമുന്‍പേ', വേണുവിന്റെ 'ദയ', ടി.കെ. രാജീവ് കുമാറിന്റെ 'ജലമര്‍മരം', സത്യന്‍ അന്തിക്കാടിന്റെ 'വീണ്ടും ചില വീട്ടുകാര്യങ്ങള്‍', ശ്രീനിവാസന്റെ 'ചിന്താവിഷ്ടയായ ശ്യാമള' തുടങ്ങിയവയാണ് 90-കളിലെ ശ്രദ്ധേയങ്ങളായ മലയാള സിനിമകള്‍. അടൂര്‍ ഗോപാലകൃഷ്ണന്റെ 'കഥാപുരുഷന്' 1995-ലും ഷാജി എന്‍. കരുണിന്റെ 'വാനപ്രസ്ഥ'ത്തിന് 1999-ലും മികച്ച സിനിമയ്ക്കുള്ള ദേശീയ അവാര്‍ഡു ലഭിച്ചു. 'പൊന്തന്‍മാട'യിലൂടെ 1993-ല്‍ ടി.വി. ചന്ദ്രനും 'കളിയാട്ട'ത്തിലൂടെ 1997-ല്‍ ജയരാജും 'ജനനി'യിലൂടെ 1998-ല്‍ രാജീവ് നാഥും 90-കളില്‍ മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരങ്ങള്‍ നേടി. 'മരണസിംഹാസനം' എന്ന ചിത്രത്തിലൂടെ മുരളീനായര്‍ക്ക് 1999-ലെ കാന്‍ ചലച്ചിത്രമേളയില്‍ ക്യാമറ ദി ഓര്‍ അവാര്‍ഡ് ലഭിക്കുകയുണ്ടായി. ഫാസിലിന്റെ സംവിധാനത്തില്‍ 1993-ല്‍ പുറത്തിറങ്ങിയ 'മണിച്ചിത്രത്താഴ്', കെട്ടുറപ്പുള്ള തിരക്കഥയും ആഖ്യാനത്തിലെ വ്യത്യസ്തതയുംകൊണ്ട് ഏറെ ജനപ്രീതിനേടി.

'ഭരതം', 'വാനപ്രസ്ഥം' എന്നീ ചിത്രങ്ങളിലെ അഭിനയ മികവിന് 1991, 1999 വര്‍ഷങ്ങളില്‍ മോഹന്‍ലാലിനും 'പൊന്തന്‍മാട', 'വിധേയന്‍', 'ഡോ. ബാബാസാഹേബ് അംബേദ്കര്‍' എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് 1993, 1998 വര്‍ഷങ്ങളില്‍ മമ്മൂട്ടിയും 'കളിയാട്ട'ത്തിലൂടെ സുരേഷ്ഗോപിയും 'സമാന്തരങ്ങളി'ലൂടെ ബാലചന്ദ്രമേനോനും 1997-ലും ദേശീയതലത്തില്‍ മികച്ച നടനുള്ള അവാര്‍ഡ് കരസ്ഥമാക്കി. 'മണിച്ചിത്രത്താഴി'ലെ അഭിനയമികവിന് ശോഭനയ്ക്കു 1993-ല്‍ മികച്ച നടിക്കുള്ള അവാര്‍ഡ് ലഭിച്ചു. 1991-ല്‍ എം.ജി. ശ്രീകുമാറും 1992-ല്‍ കെ.ജെ. യേശുദാസും 1994, 95 വര്‍ഷങ്ങളില്‍ ജോണ്‍സനും 95-ല്‍ ബോംബെ രവിയും സിനിമാ സംഗീതത്തിന് ദേശീയതലത്തില്‍ അംഗീകാരം നേടി.

തിലകന്‍, കലാഭവന്‍ മണി, രജത്കപൂര്‍, മനോജ് കെ. ജയന്‍, നരേന്ദ്രപ്രസാദ്, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, ബിജുമേനോന്‍, എം.ആര്‍. ഗോപകുമാര്‍, ശാന്തികൃഷ്ണ, മഞ്ജുവാര്യര്‍, ജോമോള്‍, സംഗീത, സംയുക്തവര്‍മ, മിനി നായര്‍, ശ്രീലക്ഷ്മി, പ്രവീണ, ലക്ഷ്മി ഗോപാലസ്വാമി, വാണി വിശ്വനാഥ് തുടങ്ങിയവരും 90-കളില്‍ അഭിനയത്തിലൂടെ അംഗീകാരങ്ങള്‍ നേടിയവരാണ്. കേരളത്തില്‍ ടെലിവിഷന്‍ രംഗത്ത് മലയാള സംപ്രേഷണം ആരംഭിച്ചതും പ്രത്യേകിച്ച് കുടുംബ സീരിയലുകള്‍ക്കു ജനപ്രീതി വര്‍ധിച്ചതും തൊണ്ണൂറുകളോടെ തിയെറ്റര്‍/സിനിമാ വ്യവസായത്തെ പ്രതികൂലമായി ബാധിച്ചു. 2000-ത്തിന്റെ തുടക്കത്തില്‍ ഡിജിറ്റല്‍ (ഡി.ടി.എസ്.) സംവിധാനം വന്നുചേര്‍ന്നതോടെ ഇത്തരം സാങ്കേതിക സംവിധാനങ്ങളില്ലാത്ത തിയെറ്ററുകളില്‍ പ്രേക്ഷകര്‍ ഇല്ലാതെയായി. ഒപ്പം പുതിയ സിനിമകളുടെപോലും വ്യാജ സി.ഡി. വ്യാപിച്ചതോടെ സി. ക്ലാസ് തിയെറ്ററുകള്‍ ഒന്നടങ്കം അടച്ചുപൂട്ടുവാന്‍ ആരംഭിച്ചു. കാല്‍നൂറ്റാണ്ടിനിടയില്‍ 800-ലധികം തിയെറ്ററുകളാണ് കേരളത്തില്‍ അടച്ചുപൂട്ടപ്പെട്ടത്.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ സാമൂഹിക-രാഷ്ട്രീയ പ്രശ്നങ്ങള്‍/സംഭവങ്ങള്‍ പ്രമേയമായ ചിത്രങ്ങളെക്കാള്‍ വരേണ്യവര്‍ഗമൂല്യങ്ങള്‍ ആധിപത്യംനേടിയ പ്രമേയങ്ങളാണ് മലയാള സിനിമാ വ്യവസായത്തില്‍ ഏറെക്കുറെ വിപണി കീഴടക്കിയത്. രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജികൈലാസ് സംവിധാനം ചെയ്ത 'ആറാം തമ്പുരാന്‍', 'നരസിംഹം' എന്നിവ ഉദാഹരണങ്ങളാകുന്നു. 'ആക്ഷന്‍-മസാല' ശ്രേണിയിലുള്ള ഇത്തരം സിനിമകള്‍ മലയാള സിനിമയുടെ ഗതിതന്നെ മാറ്റിയേക്കുമെന്ന ആശങ്കപോലും ഇക്കാലത്ത് സജീവ ചര്‍ച്ചാവിഷയമായിരുന്നു. ഇക്കാലഘട്ടത്തില്‍ മലയാള സിനിമ മൃദുരതിയിലേക്കും മുഴുനീള ഹാസ്യത്തിലേക്കും തെന്നിമാറുകയുണ്ടായി. ഈ ദുസ്ഥിതിയില്‍ മനംമടുത്ത് തിയെറ്ററുകളോട് വിടപറഞ്ഞ കുടുംബപ്രേക്ഷകരെ തിരികെയെത്തിച്ചത് ലാല്‍ജോസിന്റെ 'മീശമാധവന്‍' (2002) എന്ന സിനിമയായിരുന്നു. ഒപ്പം, സാമ്പ്രദായിക കഥപറച്ചില്‍ രീതികളെ തിരുത്തിക്കൊണ്ട് അനവധി കഥകള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ടുള്ള ആഖ്യാനങ്ങളും ഇക്കാലയളവില്‍ ഉണ്ടായി. അടൂര്‍ ഗോപാലകൃഷ്ണന്റെ 'നാലു പെണ്ണുങ്ങള്‍', 'ഒരു പെണ്ണും രണ്ടാണും', രഞ്ജിത്തിന്റെ 'കേരള കഫേ' തുടങ്ങിയവയും ടി.വി. ചന്ദ്രന്റെ 'ഭൂമിമലയാളം', വിജയകൃഷ്ണന്റെ 'ദലമര്‍മരം' തുടങ്ങിയവയും സാമ്പ്രദായിക കഥനരീതികളെ അതിജീവിക്കാന്‍ ശ്രമിച്ചവയാണ്.

അടൂര്‍ ഗോപാലകൃഷ്ണന്റെ 'നിഴല്‍ക്കുത്ത്', 'ഒരു പെണ്ണും രണ്ടാണും', റ്റി.വി. ചന്ദ്രന്റെ 'പാഠം ഒന്ന് ഒരു വിലാപം', 'വിലാപങ്ങള്‍ക്കപ്പുറം', 'കഥാവശേഷന്‍', സുകുമാരന്‍ നായരുടെ 'ദൃഷ്ടാന്തം', ആര്‍. ശരത്തിന്റെ 'സായാഹ്നം', പ്രിയനന്ദന്റെ 'നെയ്ത്തുകാരന്‍', 'പുലിജന്മം', ജയരാജിന്റെ 'ശാന്തം', സതീഷ് മേനോന്റെ 'ഭവം', രാജീവ് വിജയരാഘവന്റെ 'മാര്‍ഗം', എം.ജി. ശശിയുടെ 'അടയാളങ്ങള്‍', ശ്യാമപ്രസാദിന്റെ 'അകലെ', 'ഒരേ കടല്‍', മധുപാലിന്റെ 'തലപ്പാവ്', ബാബു തിരുവല്ലയുടെ 'തനിയെ', അവിരാ റബേക്കയുടെ 'തകരച്ചെണ്ട', സുബ്രഹ്മണ്യം ശാന്തകുമാറിന്റെ 'മണ്‍കോലങ്ങള്‍', രഞ്ജിത്തിന്റെ 'പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ', ലെനിന്‍ രാജേന്ദ്രന്റെ 'മഴ', ബ്ലെസ്സിയുടെ 'കാഴ്ച', ലാല്‍ ജോസിന്റെ 'ക്ലാസ്മേറ്റ്സ്', റോഷന്‍ ആന്‍ഡ്രൂസിന്റെ 'ഉദയനാണ് താരം', ഡോ. ബിജുവിന്റെ 'സൈറ', 'വീട്ടിലേക്കുള്ള വഴി', മധു കൈതപ്രത്തിന്റെ 'ഏകാന്തം', രൂപേഷ് പോളിന്റെ 'ലാപ്ടോപ്', കെ.എം. മധുസൂദനന്റെ 'ബയോസ്കോപ്' തുടങ്ങിയ സിനിമകളാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ ജനശ്രദ്ധയാകര്‍ഷിച്ച ചലച്ചിത്രങ്ങള്‍. 'കുഞ്ഞിക്കൂനന്‍', 'തിളക്കം', 'മീശമാധവന്‍', 'സി.ഐ.ഡി. മൂസ' തുടങ്ങിയ ഹാസ്യ-കുടുംബചിത്രങ്ങളിലൂടെ ദിലീപും നായകപരിവേഷമാര്‍ന്ന കഥാപാത്രങ്ങളിലൂടെ പൃഥ്വിരാജും കാമ്പസ് പ്രണയകഥകളിലൂടെ കുഞ്ചാക്കോ ബോബനും മികച്ച കഥാപാത്രങ്ങളിലൂടെ ബിജു മേനോന്‍, മനോജ് കെ. ജയന്‍ എന്നിവര്‍ ഇക്കാലയളവില്‍ മലയാളസിനിമയില്‍ ശ്രദ്ധേയരായി. എം. ജയചന്ദ്രന്‍, അല്‍ഫോണ്‍സ്, ബിജിപാല്‍, ദീപക് ദേവ്, ജാസി ഗിഫ്റ്റ്, രാഹുല്‍ രാജ്, ഗോപീസുന്ദര്‍ തുടങ്ങിയ സംഗീതസംവിധായകരും വിജയ് യേശുദാസ്, ശ്വേതാമോഹന്‍, മധു ബാലകൃഷ്ണന്‍, വിധുപ്രതാപ്, അഫ്സല്‍, മഞ്ജരി, ഗായത്രി, രാജലക്ഷ്മി, റിമിടോമി, വിനീത് ശ്രീനിവാസന്‍ തുടങ്ങിയ ഗായകരും സിനിമാ രംഗത്ത് കടന്നുവന്നതും ഈ കാലഘട്ടത്തില്‍ത്തന്നെ. മലയാള സിനിമാ വിപണിയുടെ പരിമിതികളെ മറികടന്ന് മലയാളസിനിമയ്ക്ക് ഒരു ദേശീയ-ആഗോള വിപണി സൃഷ്ടിക്കാനുള്ള ശ്രമമായിരുന്നു 'പഴശ്ശിരാജാ', 'ഉറുമി' തുടങ്ങിയ വന്‍മുതല്‍മുടക്കുള്ള ചിത്രങ്ങള്‍. വി.കെ. പ്രകാശ് സംവിധാനം ചെയ്ത് 2006-ല്‍ പുറത്തിറങ്ങിയ 'മൂന്നാമതൊരാള്‍' ആണ് ഡിജിറ്റല്‍ രൂപത്തില്‍ ചിത്രീകരിക്കുകയും വിതരണം ചെയ്യപ്പെടുകയും ചെയ്ത ആദ്യ ഇന്ത്യന്‍ സിനിമ.

പ്രിയനന്ദന്റെ 'നെയ്ത്തുകാരനി'ലൂടെ മുരളി 2001-ല്‍ മികച്ച നടനുള്ള ദേശീയ അവാര്‍ഡിനര്‍ഹനായി. ടി.വി. ചന്ദ്രന്റെ 'പാഠം ഒന്ന് ഒരു വിലാപ'ത്തിലെ പ്രകടനത്തിന് മീരാ ജാസ്മിന് 2003-ല്‍ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. 2006-ല്‍ മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് പ്രിയനന്ദന്റെ 'പുലിജന്മ'ത്തിനു ലഭിച്ചു. 'നാലു പെണ്ണുങ്ങള്‍' സംവിധാനം ചെയ്ത അടൂര്‍ ഗോപാലകൃഷ്ണനായിരുന്നു 2007-ലെ മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചത്. 2009-ല്‍ പുറത്തിറങ്ങിയ 'സ്ളംഡോഗ് മില്യനയര്‍' എന്ന ബ്രിട്ടീഷ് ചിത്രത്തിലൂടെ മികച്ച ശബ്ദമിശ്രണത്തിനുള്ള ഓസ്കാര്‍ പുരസ്കാരം നേടി റസൂല്‍ പൂക്കുട്ടി ലോകശ്രദ്ധ നേടി.

ഒരു കൂട്ടം യുവസംവിധായകരുടെ ഉദയത്തിന് 2010-ന്റെ തുടക്കം സാക്ഷ്യം വഹിച്ചു. പുത്തന്‍ സാങ്കേതികവിദ്യയുടെ സാധ്യതകളും വേറിട്ട ആഖ്യാനശൈലിയുംകൊണ്ട് മലയാള സിനിമാരംഗത്ത് തങ്ങളുടേതായ ഭാവുകത്വം പകരാന്‍ ഇക്കൂട്ടര്‍ ഉദ്യമിക്കുന്നു. ദേശീയ-ആഗോളതരംഗത്തില്‍ അധിഷ്ഠിതമായ ആഖ്യാനരൂപങ്ങള്‍ പിന്തുടരുമ്പോള്‍ത്തന്നെ മലയാളിയുടെ ജീവിതത്തിലും ചിന്താമണ്ഡലത്തിലും വേരുകള്‍ പതിപ്പിക്കുന്നു എന്ന സവിശേഷത ഇത്തരം ചലച്ചിത്രസൃഷ്ടികളില്‍/സ്രഷ്ടാക്കളില്‍ കാണാം. 'ചിത്രസൂത്രം' (വിപിന്‍വിജയ്), 'സ്റ്റാന്റേര്‍ഡ് തക ബി' (മോഹന്‍ രാഘവന്‍), 'അകം' (ശാലിനി നായര്‍), 'ചാപ്പാക്കുരിശ്'; (സമീര്‍താഹിര്‍), 'ഉസ്താദ് ഹോട്ടല്‍' (അന്‍വര്‍ റഷീദ്), 'സാള്‍ട്ട് ആന്‍ഡ് പെപ്പര്‍' (ആഷിക് അബു), 'ആദിമധ്യാന്തം' (ഷെറി), 'ട്രാഫിക്' (രാജേഷ് പിള്ള), 'ആദാമിന്റെ മകന്‍ അബു' (സലിം അഹമ്മദ്), 'ഒഴിമുറി' (മധുപാല്‍), 'മേല്‍വിലാസം' (മാധവ് രാംദാസ്), 'അന്നയും റസൂലും' (രാജീവ് രവി), 'ഷട്ടര്‍' (ജോയ് മാത്യു), 'നൂറ്റൊന്നു ചോദ്യങ്ങള്‍' (സിദ്ധാര്‍ഥ ശിവ), 'ഫ്രൈഡേ' (ലിജിന്‍ ജോസ്), 'ആമേന്‍' (ലിജോ ജോസ് പാലിശ്ശേരി), 'പാപ്പിലിയോ ബുദ്ധ' (ജയന്‍ ചെറിയാന്‍), 'ആഗസ്റ്റ് ക്ലബ്' (കെ.ബി. വേണു), 'സി.ആര്‍. നമ്പര്‍ 39' (സുദേവന്‍), 'സക്കറിയയുടെ ഗര്‍ഭിണികള്‍' (അനീഷ് അന്‍വര്‍), 'മഞ്ചാടിക്കുരു', 'ബാംഗ്ളൂര്‍ ഡേയ്സ്' (അഞ്ജലി മേനോന്‍) തുടങ്ങിയ നവാഗതരുടെ സൃഷ്ടികള്‍ മലയാള ചലച്ചിത്രവേദിയില്‍ നവീനമായ ഒരു ആഖ്യാനതരംഗം സൃഷ്ടിച്ചിട്ടുണ്ട്. ഫഹദ് ഫാസില്‍, മുരളി ഗോപി, ആസിഫ് അലി, നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍, റിമാ കല്ലിങ്കല്‍, റോമ, ആന്‍ അഗസ്റ്റിന്‍, രമ്യാനമ്പീശന്‍, മൈഥിലി, ഹണീറോസ് തുടങ്ങിയ പ്രതിഭാശാലികളായ യുവ നടീനടന്മാരുടെ രംഗപ്രവേശം ദശാബ്ദങ്ങളായി മലയാള സിനിമാവ്യവസായരംഗത്ത് ആധിപത്യമുറപ്പിച്ചിരുന്ന സൂപ്പര്‍താര സങ്കല്പത്തെ അപനിര്‍മിച്ചിട്ടുണ്ട്. ഹാസ്യനടന്മാരായി രംഗപ്രവേശം ചെയ്ത സലിംകുമാര്‍, 'ആദാമിന്റെ മകനി'ലൂടെയും സുരാജ് വെഞ്ഞാറമൂട് 'പേരറിയാത്തവരി'ലൂടെയും മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിയതും സമീപകാലത്ത് മലയാള സിനിമയ്ക്കു ലഭിച്ച അംഗീകാരമാണ്. ആളൊഴിഞ്ഞുപോയ തിയെറ്ററുകള്‍ ജനനിബിഡമാക്കുന്നതില്‍ നവാഗതരുടെ കടന്നുവരവ് നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.

21-ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ കേരളത്തില്‍ മുഖ്യധാര സ്വകാര്യ ടെലിവിഷന്‍ ചാനലുകളുടെ എണ്ണം വര്‍ധിച്ചതിനുപുറമേ സിനിമാ-സിനിമാധിഷ്ഠിത പരിപാടികളെ മുന്‍നിര്‍ത്തിയുള്ള പ്രാദേശിക ചാനലുകളുടെ കടന്നുകയറ്റവും മലയാള സിനിമാവ്യവസായത്തെ പ്രതിസന്ധിയിലാക്കി. വിതരണ രംഗത്ത് സാറ്റലൈറ്റ് സംവിധാനം നിലവില്‍ വന്നതോടെ സിനിമകള്‍ക്ക് പ്രിന്റ് വേണ്ടാതെയായി. കഴിവതും ആദ്യം കാണുക എന്ന പ്രവണതയ്ക്കൊപ്പം ഇന്റര്‍നെറ്റിലൂടെയുള്ള സിനിമാ ലഭ്യത കൂടിയായപ്പോള്‍ ബി ക്ലാസ് തിയെറ്ററുകളും അടഞ്ഞുതുടങ്ങി. അതേസമയം ടെലിവിഷനും ഫേസ്ബുക്ക്, യൂ ട്യൂബ് തുടങ്ങിയ നവമാധ്യമങ്ങളും സിനിമാ വ്യവസായത്തെയും പ്രചാരണത്തെയും വലിയ തോതില്‍ സഹായിക്കുന്ന പ്രവണതയും നിലവിലുണ്ട്.

നവസിനിമയുടെ സ്വാധീനവും സമാന്തരസിനിമകളുടെ ആവിര്‍ഭാവവുമാണ് കേരളത്തില്‍ ഫിലിം സൊസൈറ്റികളുടെ വ്യാപനത്തിന് പശ്ചാത്തലമൊരുക്കിയത്. 1965-ല്‍ അടൂര്‍ ഗോപാലകൃഷ്ണന്റെയും കുളത്തൂര്‍ ഭാസ്കരന്‍നായരുടെയും നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ആരംഭിച്ച ചിത്രലേഖ ഫിലിം സൊസൈറ്റിയാണ് കേരളത്തില്‍ ആദ്യത്തേത്. തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നൂറുകണക്കിന് ഫിലിം സൊസൈറ്റികള്‍ രൂപംകൊണ്ടു. 70-കളിലായിരുന്നു കേരളത്തില്‍ ഫിലിം സൊസൈറ്റി പ്രസ്ഥാനം ഏറ്റവും സജീവമായിരുന്നത്.

1988 മുതല്‍ ആരംഭിച്ച കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവം (IFFK) മലയാളികളുടെ ചലച്ചിത്രാസ്വാദന/വിമര്‍ശനാവബോധത്തെയും ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. ആഗോളതലത്തില്‍ ഉരുത്തിരിയുന്ന പുത്തന്‍ ആഖ്യാനശൈലിയെയും പരീക്ഷണാത്മക സമീപനങ്ങളെയും ഉള്‍ക്കൊള്ളുവാന്‍ കഴിയുന്ന പ്രേക്ഷകരും കേരളത്തിലുണ്ട്. എന്നാല്‍ തീര്‍ത്തും പരിമിതമായ കേരളത്തിലെ ചലച്ചിത്ര വിപണി ഇത്തരം പരീക്ഷണങ്ങളില്‍നിന്നും നിര്‍മാതാവിനെ പിന്‍തിരിപ്പിച്ചുകൊണ്ടേയിരിക്കുന്നു.

രാജ്യാന്തരതലത്തില്‍ ശ്രദ്ധേയരായ സംവിധായകര്‍, ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കള്‍, തിരക്കഥാകൃത്തുകള്‍, ഗാനരചയിതാക്കള്‍, സംഗീതസംവിധായകര്‍, പിന്നണി ഗായകര്‍ എന്നിവര്‍ക്കുപുറമേ, സിനിമയുടെ സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ദേശീയതലത്തില്‍ ശ്രദ്ധേയരായ നിരവധി മലയാളികള്‍ ഉണ്ട്. മലയാളിയായ സന്തോഷ് ശിവന്‍, അന്തര്‍ദ്ദേശീയ തലത്തില്‍ അംഗീകാരങ്ങള്‍ നേടിയിട്ടുള്ള ഛായാഗ്രാഹകനാണ്. കൂടാതെ മങ്കട രവിവര്‍മ, വേണു, മധു അമ്പാട്ട്, ഷാജി എന്‍. കരുണ്‍, രാജീവ് രവി, പി.എസ്. നിവാസ്, ശിവന്‍, എസ്. കുമാര്‍, പി. സുകുമാര്‍, എം.ജി. രാധാകൃഷ്ണന്‍, രാമചന്ദ്രബാബു, ഹരിനായര്‍, സണ്ണി ജോസഫ്, കെ.ജി. ജയന്‍, മനോജ് പിള്ള, മധു നീലകണ്ഠന്‍ തുടങ്ങിയവര്‍ ദേശീയതലത്തില്‍ ശ്രദ്ധ നേടിയവരാണ്. ചിത്രസംയോജനരംഗത്ത്, എം.എസ്.മണി, പി. അജിത്കുമാര്‍, ബീനാപോള്‍, ബി. മുരളി, എല്‍. ഭൂമിനാഥന്‍, എന്‍. ഗോപാലകൃഷ്ണന്‍, വിനോദ് സുകുമാരന്‍, സോബിന്‍ കെ. സോമന്‍, കെ. നാരായണന്‍ തുടങ്ങിയവരും കലാസംവിധാനരംഗത്ത് കെ.എന്‍. വാസുദേവന്‍ നമ്പൂതിരി, പി. കൃഷ്ണമൂര്‍ത്തി, സാബു സിറിള്‍, രാജീവ് അഞ്ചല്‍, ബാവ, രാജശേഖരന്‍, സുനില്‍ ബാബു, രാജ ഉണ്ണിത്താന്‍ തുടങ്ങിയവരും ശബ്ദലേഖനരംഗത്ത് പി. ദേവദാസ്, ടി. കൃഷ്ണനുണ്ണി, ഹരികുമാര്‍, കെ. സമ്പത്ത്, റസൂല്‍ പൂക്കുട്ടി തുടങ്ങിയവരും ഡബ്ബിങ് രംഗത്ത് ഭാഗ്യലക്ഷ്മി, പ്രവീണ, വിമ്മി മറിയം ജോര്‍ജ്, ഷോബി തിലകന്‍ തുടങ്ങിയവരും ചമയരംഗത്ത് പട്ടണം റഷീദ്, പി.എന്‍. മണി, എം.ഒ. ദേവസ്യ, സലിം, രഞ്ജിത്ത് അമ്പാടി, പട്ടണം ഷാ തുടങ്ങിയവരും വസ്ത്രാലങ്കാരത്തില്‍ നടരാജന്‍, എസ്.ബി. സതീഷ്, ജയകുമാര്‍, കുക്കു പരമേശ്വരന്‍, സമീറാ സനീഷ്, സജിന്‍ രാഘവന്‍, കുമാര്‍ എടപ്പാള്‍ തുടങ്ങിയവരും ദേശീയതലത്തില്‍ മികവു പുലര്‍ത്തിയിട്ടുള്ളവരാണ്. ഒപ്പം, മികച്ച സിനിമകള്‍ക്കായി ലാഭേച്ഛ കൂടാതെ മുതല്‍മുടക്കിയ ചുരുക്കം നിര്‍മാതാക്കളും മലയാള സിനിമ ചരിത്രത്തിന്റെ പ്രധാന ഭാഗമാണ്.

ആയിരക്കണക്കിനു കലാകാരന്മാരും സാങ്കേതിക പ്രവര്‍ത്തകരും അനുബന്ധ തൊഴിലാളികളും വ്യാപരിക്കുന്നതും വന്‍ മുതല്‍മുടക്കുള്ളതുമായ സിനിമാ മേഖലയില്‍ നിലവില്‍ അസോസിയേഷന്‍ ഒഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ്സ് (അമ്മ), ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഒഫ് കേരള (ഫെഫ്ക), മലയാളം സിനി ടെക്നീഷ്യന്‍സ് അസോസിയേഷന്‍ (മാക്ട), കേരള ഫിലിം ചേംബര്‍ ഒഫ് കൊമേഴ്സ്, മലയാളം ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍, മലയാളം സിനി എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ തുടങ്ങിയ സംഘടനകളും സജീവമാണ്.

കായികരംഗം

ഇന്ത്യയുടെ കായികവിനോദരംഗത്ത് സുപ്രധാനമായ സ്ഥാനമാണ് കേരളത്തിനുള്ളത്. പുരാതനകാലം മുതല്‍ക്കേ കായികാഭ്യാസത്തിന് കേരളം പേരുകേട്ടിരുന്നു. ഇവിടെ കരകള്‍തോറും കളരികള്‍ സ്ഥാപിച്ച് ആയോധനമുറകളില്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവര്‍ക്ക് പരിശീലനം നല്കിയിരുന്നു. കേരളത്തിന്റെ തനത് ആയോധനകലയായ കളരിപ്പയറ്റ് നാടെങ്ങും പ്രചരിച്ചിരുന്നു. ഒതേനക്കുറുപ്പ്, ഉണ്ണിയാര്‍ച്ച, പാലാട്ടു കോമന്‍ തുടങ്ങിയവര്‍ കേരളത്തിന്റെ പേരും പെരുമയും വര്‍ധിപ്പിച്ച കളരിപ്പയറ്റ് അഭ്യാസികളാണ്. എന്നാല്‍ ആധുനിക കായികവിനോദങ്ങള്‍ക്കുള്ളതുപോലെ ഒരു മത്സരവേദിയോ കേരളമൊട്ടാകെ ഒരുപോലെ പ്രചാരമുള്ള കായികവിനോദങ്ങളോ അന്നുണ്ടായിരുന്നില്ല. മാമാങ്കം മുതലായ ഉത്സവവേളകളില്‍ മത്സരങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും ഇവ ആത്യന്തികമായി നാടുവാഴികളുടെ കിടമത്സരങ്ങളള്‍ക്കുള്ള വേദിയായിരുന്നു.

ഗോലികളി, തലപ്പന്തുകളി, കുഴിപ്പന്തുകളി, കുട്ടിയും കോലും കളി, കിളിത്തട്ടുകളി, മരച്ചുട്ടുകളി, പിടിച്ചിട്ടുപ്പുകളി തുടങ്ങിയ അനേകം നാടന്‍കളികള്‍ ഇവിടെ നിലവിലുണ്ടായിരുന്നു. പല പ്രദേശത്തും പല പേരുകളില്‍ അറിയപ്പെട്ടിരുന്ന ഇത്തരം നാടന്‍കളികള്‍ക്കാകട്ടെ സംഘടിത മത്സരവേദിയോ ആധികാരികമായ നിയമാവലികളോ ഉണ്ടായിരുന്നില്ല. ലോകത്തിലെ കായികവിനോദമത്സരവേദിയിലെ ഏറ്റവും പ്രധാന ഇനത്തില്‍പ്പെട്ട നീന്തലിനുപോലും കേരളത്തിന് സംഘടിതമത്സരവേദി മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്നില്ല.

പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെ ആവിര്‍ഭാവത്തോടു കൂടിയാണ് കേരളത്തില്‍ കായികവിനോദരംഗത്ത് ശാസ്ത്രീയമായ സമീപനം സന്നിവേശിപ്പിക്കപ്പെടുന്നത്. ആധുനിക കായികവിനോദങ്ങളായ ഫുട്ബാള്‍, വോളിബോള്‍, ബാസ്കറ്റ്ബോള്‍, ബാഡ്മിന്റണ്‍, അത് ലറ്റിക്സ്, ക്രിക്കറ്റ് തുടങ്ങിയവ ഇവിടത്തെ ഇംഗ്ലീഷ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കളിച്ചു തുടങ്ങുകയും ക്രമേണ കേരളം മുഴുവന്‍ വിപുലമായ രീതിയില്‍ പ്രചരിക്കുകയും ചെയ്തു. കണ്ണൂര്‍, തലശ്ശേരി, വടകര, കോഴിക്കോട്, തൃശൂര്‍, കൊച്ചി, തൃപ്പൂണിത്തുറ, കോട്ടയം, ഇടുക്കി, തിരുവല്ല, ആലപ്പുഴ, ചെങ്ങന്നൂര്‍, കൊല്ലം, തിരുവനന്തപുരം എന്നീ സ്ഥലങ്ങള്‍ ആധുനിക കായികവിനോദമത്സരരംഗത്ത് ആരംഭകാലം മുതല്‍ തന്നെ മുന്നില്‍ നില്ക്കുന്ന പ്രദേശങ്ങളാണ്. പ്രഗല്ഭരായ നിരവധി കായികതാരങ്ങള്‍ ഈ കേന്ദ്രങ്ങളില്‍ നിന്നും വളര്‍ന്നുവന്നിട്ടുണ്ട്. നിത്യേനയുള്ള പരിശീലനക്കളികളും ടൂര്‍ണമെന്റുകളും സൗഹൃദമത്സരങ്ങളും സമര്‍ഥമായി സംഘടിപ്പിച്ച് നടപ്പിലാക്കിയിരുന്ന ഈ കേന്ദ്രങ്ങളില്‍ വാര്‍ഷിക കായികവിനോദമത്സരങ്ങളും സര്‍വസാധാരണമായി. ഇക്കാലത്ത് ഹൈസ്കൂളുകളിലും കോളജുകളിലും കായികവിനോദമത്സരങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. ഈ പരിപാടികള്‍ക്കപ്പുറം ജില്ലാ-സംസ്ഥാനതലങ്ങളില്‍ കോളജുകള്‍ക്കും സ്കൂളുകള്‍ക്കും കായിക വിനോദമത്സരവേദികളുമുണ്ടായി.

ഈ സമയത്തുതന്നെ പ്രാദേശികമായി തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും വിവിധ കായികവിനോദങ്ങള്‍ക്കുവേണ്ടി അനേകം സംഘടനകള്‍ രൂപംകൊള്ളുകയുണ്ടായി. നൂറുവര്‍ഷങ്ങള്‍ക്കപ്പുറം തിരുവനന്തപുരത്ത് മഹാരാജാസ് കോളജ് അധ്യാപകരുടെ നേതൃത്വത്തില്‍ സുശക്തമായ ഒരു ഫുട്ബോള്‍ ടീം ഉണ്ടായിരുന്നു. പില്ക്കാലത്ത് 'ഡ്യൂക്ക് ഒഫ് വെല്ലിങ്ടണ്‍' എന്ന പേരില്‍ പ്രസിദ്ധനായ ആര്‍തര്‍ വെല്ലസ്ലി തലശ്ശേരിയില്‍ താമസിച്ചിരുന്ന കാലത്ത് നാട്ടുകാരെ സംഘടിപ്പിച്ച് ക്രിക്കറ്റ് കളിപ്പിച്ചിരുന്നു. തൃപ്പൂണിത്തുറയില്‍ കൊച്ചി രാജകുമാരന്മാരുടെ നേതൃത്വത്തിലും ക്രിക്കറ്റ് കളിയുണ്ടായിരുന്നു.

1956-ല്‍ കേരളം രൂപീകൃതമായപ്പോള്‍ ഇവിടെ പ്രവര്‍ത്തിച്ചിരുന്ന കായികവിനോദസംഘടനകള്‍ ദേശീയതലത്തില്‍ സംഘടിപ്പിച്ചിട്ടുള്ള വിവിധ കായികവിനോദ ഫെഡറേഷനുകളുടെ സംസ്ഥാന യൂണിറ്റുകളായിത്തീരുകയും സംസ്ഥാനതലത്തില്‍ ഓരോ കളിയുടെയും വികസനത്തിന് ചുക്കാന്‍ പിടിക്കുന്ന നിയന്ത്രണാധികാരികളായി മാറുകയും ചെയ്തു. പതിനാറു സംസ്ഥാന അസോസിയേഷനുകളാണ് അന്നുണ്ടായിരുന്നത്. ഫുട്ബോള്‍, വോളിബോള്‍, അത് ലറ്റിക്സ്, ബാസ്കറ്റ്ബോള്‍, ബാഡ്മിന്റണ്‍, ടെന്നീസ് എന്നീ കളികളില്‍ ഇന്ത്യന്‍ നിലവാരത്തിലുള്ള ടീമുകളും കളിക്കാരും കേരളത്തിലുണ്ടായി. ഡിക്രൂസ്, അബ്ദുല്‍ റഹ്മാന്‍, മീരാന്‍, തിരുവല്ലാ പാപ്പന്‍ (ടി.എം. വര്‍ഗീസ്), വര്‍ക്കി, സാലി, കാട്ടില്‍ സഹോദരന്മാര്‍, പാപ്പച്ചന്‍ (ഫുട്ബോള്‍), രാമകൃഷ്ണന്‍, ദാസ്സഹോദരന്മാര്‍, ജോണ്‍സണ്‍ (ബോള്‍ ബാഡ്മിന്റണ്‍), കുഞ്ഞിക്കേളന്‍, മല്ലപ്പള്ളി വര്‍ക്കി, പപ്പന്‍, കോയ (വോളിബോള്‍), ലക്ഷ്മണന്‍, ആദിനാരായണന്‍ തമ്പി, കരുണാകരന്‍ നായര്‍, ദാമോദരന്‍, ചാമ്പ്യന്‍ ഭാസ്കരന്‍, രാഘവന്‍ നായര്‍, വി.പി. നായര്‍, മാധവന്‍ നായര്‍, ഡാനിയല്‍, ഐവാന്‍ ജേക്കബ് (അത്ലറ്റിക്സ്), സാം ജോസഫ്, വിശ്വംഭരന്‍, ദത്തന്‍ (ബാസ്കറ്റ്ബോള്‍) തുടങ്ങിയ കായികതാരങ്ങള്‍ കേരളപ്പിറവിക്ക് മുമ്പുള്ള കാലഘട്ടത്തില്‍ ചരിത്രം സൃഷ്ടിച്ച പ്രഗല്ഭന്മാരാണ്.

കേരളീയ വനിതാ കായികരംഗത്തെ ശ്രദ്ധേയമായ വ്യക്തിത്വമാണ് കെ.പി. ശാരദ. ക്രിക്കറ്റ്, ഹോക്കി, കബഡി, ഫുട്ബോള്‍ തുടങ്ങിയ മേഖലകളിലെല്ലാം വനിതകള്‍ക്ക് വേണ്ട പരിശീലനം നല്‍കാന്‍ കായികാധ്യാപികയായ കെ.പി. ശാരദയാണ് മുന്‍കൈയെടുത്തത്. ലൂസിപോള്‍, വിജയലക്ഷ്മി നായര്‍, ശോശാമ്മ തോമസ്, ജാനിസ് സ്പിങ്ക്, സിസിലിയാമ്മ, ഫിലോമിന, എം. ശ്രീകുമാരിയമ്മ (അത്ലറ്റിക്സ്), നാമക്കുഴി സഹോദരിമാര്‍ എന്നറിയപ്പെടുന്ന കെ.സി. ഏലമ്മ, പി.സി. ഏലിയാമ്മ, പി.കെ. ഏലിയാമ്മ, സാലിജോസഫ് (വോളിബോള്‍), ചന്ദ്രിക തങ്കച്ചി, പി.എസ്റ്റെല്ല (ഹോക്കി), സുധാഷാ, സൂസന്‍ ഇട്ടിച്ചെറിയ, പ്രഭാ ആലീസ് വര്‍ക്കി (ക്രിക്കറ്റ്), രാജലക്ഷ്മി, രമാദേവി പിഷാരസ്യാര്‍, ആര്‍. സരിത (നീന്തല്‍) എന്നിവര്‍ കേരളത്തിലെ ആദ്യകാല വനിതാ കായികതാരങ്ങളില്‍ ചില പ്രമുഖരാണ്.

കേണല്‍ ഗോദവര്‍മരാജ

1954-ല്‍ തിരു-കൊച്ചി സ്പോര്‍ട്സ് കൗണ്‍സില്‍ എന്ന പേരില്‍ ഇന്ത്യയിലെ തന്നെ ആദ്യത്തെ സ്പോര്‍ട്സ് കൗണ്‍സില്‍ രൂപംകൊണ്ടു. കേരളപ്പിറവിയോടുകൂടി അത് കേരള സ്പോര്‍ട്സ് കൗണ്‍സിലായി. കേരള സ്പോര്‍ട്സ് കൗണ്‍സിലിന്റെ ആവിര്‍ഭാവത്തോടെയാണ് കേരളത്തിലെ കായികരംഗത്ത് ഒരു നവയുഗം പിറവികൊള്ളുന്നത്. ഈ നവോത്ഥാനത്തിന് നേതൃത്വം നല്കിയത് കേണല്‍ ഗോദവര്‍മരാജയാണ്. അനേകം സംസ്ഥാനതല സ്പോര്‍ട്സ് സംഘടനകള്‍ക്കു രൂപം നല്കിയതും കേരള സ്പോര്‍ട്സ് കൗണ്‍സില്‍ രൂപീകരിക്കുന്നതിന് മുന്‍കൈയെടുത്തു പ്രവര്‍ത്തിച്ചതും ഇദ്ദേഹമാണ്. പൂഞ്ഞാര്‍ രാജവംശത്തിലെ അംഗമായിരുന്ന കേണല്‍ രാജാ ദേശീയതലത്തിലുള്ള ടെന്നിസ്, ക്രിക്കറ്റ്, ഫ്ളൈയിങ്, സൈക്കിള്‍ പോളോ എന്നീ സംഘടനകളിലെ ഔദ്യോഗിക ഭാരവാഹിയായിരുന്നു. അഖിലേന്ത്യാ സ്പോര്‍ട്സ് കൗണ്‍സിലിലും ഇദ്ദേഹം അംഗമായിരുന്നിട്ടുണ്ട്. സ്വതന്ത്രഭാരതത്തിലെ ആദ്യത്തെ കായികപരിശീലനപദ്ധതിയായ 'രാജകുമാരി അമൃത്കൗര്‍ സ്പോര്‍ട്സ് കോച്ചിങ്' പദ്ധതിയുടെ ആദ്യത്തെ ചെയര്‍മാനും ഗോദവര്‍മയായിരുന്നു.

ഇതര സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലുകള്‍ക്ക് മാതൃകയായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ് കേരള സ്പോര്‍ട്സ് കൗണ്‍സില്‍. ഗവണ്‍മെന്റ് നിര്‍ദേശിക്കുന്ന ഒരു പ്രസിഡന്റും എഴുപതോളം അംഗങ്ങളും ഉള്‍പ്പെടുന്ന സമിതിയാണ് ഇത്. തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഈ കൗണ്‍സിലിന്റെ ദൈനംദിന ഭരണകാര്യങ്ങളുടെ ചുമതല പ്രസിഡന്റ് ഉള്‍പ്പെട്ട ഒരു പതിനൊന്നംഗ കമ്മിറ്റിയില്‍ നിക്ഷിപ്തമാണ്.

കായികമത്സരരംഗത്ത് കേരള ഗവണ്‍മെന്റിന് ആവശ്യമായ ഉപദേശങ്ങളും മാര്‍ഗനിര്‍ദേശങ്ങളും നല്കുക, കേരളത്തിലെ സ്പോര്‍ട്സിന്റെ വളര്‍ച്ചയ്ക്ക് വിവിധ പരിപാടികള്‍ തയ്യാറാക്കി നടപ്പാക്കുക, അംഗീകൃത സംസ്ഥാന സ്പോര്‍ട്സ് അസോസിയേഷനുകള്‍ക്കുവേണ്ട സാമ്പത്തിക-സാങ്കേതിക സഹായങ്ങള്‍ നല്കുക, പ്രൊഫഷണല്‍ വിദ്യാഭ്യാസസ്ഥാപനങ്ങളിലേക്ക് സ്പോര്‍ട്സ് ക്വാട്ടയ്ക്ക് അര്‍ഹരായ വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുക, കായികതാരങ്ങളുടെ തൊഴില്‍പരമായ കാര്യങ്ങളിലും അവരുടെ ജീവിതസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുവേണ്ടിയുള്ള കാര്യങ്ങളിലും മുന്‍കൈയെടുത്ത് പ്രവര്‍ത്തിക്കുക, അവശകായികതാരങ്ങള്‍ക്ക് പെന്‍ഷന്‍ നല്കുക തുടങ്ങിയ കാര്യങ്ങള്‍ നിര്‍വഹിക്കുന്നത് കൗണ്‍സിലാണ്.

നാമക്കുഴി സഹോദരിമാര്‍

കേരള ഒളിംപിക്സ് അസോസിയേഷനും സ്പോര്‍ട്സ് ഇനങ്ങളുമായി ബന്ധപ്പെട്ട 35 സംഘടനകള്‍ക്കുമാണ് നിലവില്‍ (2014) കേരള സ്പോര്‍ട്സ് കൗണ്‍സില്‍ അംഗീകാരമുള്ളത്. അത്ലറ്റിക്സ്, അക്വാട്ടിക്സ്, ആര്‍ച്ചറി, ബോള്‍ബാഡ്മിന്റണ്‍, ബ്രിജ്, ബാസ്ക്കറ്റ്ബോള്‍, ബോക്സിങ്, ക്രിക്കറ്റ്, സൈക്കിള്‍പോളോ, സൈക്കിളിങ്, ഫുട്ബോള്‍, ഹാന്‍ഡ്ബോള്‍, ഹോക്കി, വനിതാഹോക്കി, ഖോ-ഖോ, ടെന്നീസ്, ഷട്ടില്‍ ബാഡ്മിന്റണ്‍, വോളിബോള്‍, റൈഫിള്‍ (ഷൂട്ടിങ്), വെയ്റ്റ്ലിഫ്റ്റിങ്, പവര്‍ലിഫ്റ്റിങ്, ജൂഡോ, തായ്ക്വാന്‍ഡോ, കളരിപ്പയറ്റ്, സോഫ്റ്റ്ബോള്‍, കബഡി, മൗണ്ടനീറിങ്, കനൂയിങ്, കയാക്കിങ്, ജിംനാസ്റ്റിക്സ്, ചെസ്, വള്ളംകളിയും റോവിങ്ങും, ബോഡിബില്‍ഡിങ്, ഫെന്‍സിങ്, ടെന്നിക്കോയ്, ഇന്ത്യന്‍സ്റ്റൈല്‍ ഗുസ്തി എന്നിവയുമായി ബന്ധപ്പെട്ട സംഘടനകളാണിവ. ഇതില്‍ അത്ലററിക്സ്, ക്രിക്കറ്റ്, വോളിബോള്‍, ഫുട്ബോള്‍, ബാസ്കറ്റ് ബോള്‍, നീന്തല്‍, ബാഡ്മിന്റന്‍, ഷട്ടില്‍ എന്നീ കളികളുടെ അസോസിയേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വിപുലമായ ബഹുജനപിന്തുണ ലഭിച്ചിട്ടുണ്ട്. ഈ കളികളിലെ പല ടീമുകള്‍ക്കും കളിക്കാര്‍ക്കും ദേശീയനിലവാരത്തിനൊപ്പമോ ഉയര്‍ന്നതോ ആയ നിലവാരമാണുള്ളത്. കേരളത്തിലെ ഏറ്റവും കൂടുതല്‍ കായികതാരങ്ങളെ ആകര്‍ഷിക്കുന്നത് അത്ലററിക്സാണ്.

പി.ടി.ഉഷ

അത് ലറ്റിക്സ്. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ കേരളത്തില്‍ അത് ലറ്റിക്സ് പ്രചരിച്ചിരുന്നു. ബ്രിട്ടീഷുകാര്‍ ആരംഭിച്ച ഗ്രിഗ് മെഡല്‍ ആയിരുന്നു കേരളത്തിലെ ആദ്യ അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പ്. വടക്കന്‍ കേരളത്തില്‍ നിന്നുള്ള എ.ഡി. മൊയ്തു, സി.ഐ. ഗണപതി, മമ്പള്ളി അനന്തന്‍, ഫ്രാങ്ക് കല്ലാട്ട്, പറമ്പത്തു കബി, അബൂബക്കര്‍, ഇ.കെ. വരദന്‍, കൊടുവായൂര്‍ മീരാന്‍, രായന്‍ ഫെര്‍ണാണ്ടസ്, സേതുമാധവന്‍, വി.കെ. വത്സരാജ്, പി. മാഞ്ഞു, കണ്ണൂര്‍ പവിത്രന്‍, തലശ്ശേരി കിട്ടു, എന്‍. അബൂബക്കര്‍, കെ. രാമചന്ദ്രന്‍ തുടങ്ങിയവരായിരുന്നു കേരളത്തിലെ ആദ്യകാല അത് ലറ്റുകള്‍. 1924-ലെ പാരീസ് ഒളിംപിക്സില്‍ 110 മീ. ഹര്‍ഡില്‍സില്‍ പങ്കെടുത്ത സി.കെ. ലക്ഷ്മണന്‍ ആണ് ഒളിംപിക്സില്‍ പങ്കെടുത്ത ആദ്യമലയാളി. പി.ടി. ഉഷയാണ് (മോസ്കോ, 1980) ഒളിംപിക്സില്‍ പങ്കെടുത്ത ആദ്യമലയാളി വനിത. 1984-ലെ ലോസ് ആഞ്ചലോസ് ഒളിംപിക്സില്‍ പി.ടി. ഉഷയ്ക്കുപുറമേ ഷൈനി എബ്രഹാം, എം.ഡി. വത്സമ്മ എന്നിവരും പങ്കെടുക്കുകയുണ്ടായി. ലോസ് ആഞ്ചലസിലൂടെ ഒളിംപിക്സിന്റെ ഫൈനലില്‍ എത്തിയ ആദ്യ ഇന്ത്യന്‍ വനിത എന്ന നേട്ടത്തിന് പി.ടി. ഉഷ അര്‍ഹയായി. 400 മീ. ഹര്‍ഡില്‍സില്‍ തലനാരിഴയ്ക്കാണ് ഉഷയ്ക്കു വെങ്കലമെഡല്‍ നഷ്ടമായത്. ഇതേ ഒളിംപിക്സില്‍ ഷൈനി എബ്രഹാമും സെമിയിലെത്തിയിരുന്നു.

തുടര്‍ന്നുള്ള ഒളിംപിക്സുകളിലെ അത്ലറ്റിക്സ് ഇനങ്ങളില്‍ മലയാളികളായ പി.ടി. ഉഷ, ഷൈനി എബ്രഹാം, എം.ഡി. വത്സമ്മ, മേഴ്സിക്കുട്ടന്‍, കെ.എം. ബീനാമോള്‍, കെ.സി. റോസക്കുട്ടി, ജിന്‍സി ഫിലിപ്പ്, രാമചന്ദ്രന്‍, ലിജോ ഡേവിഡ് തോട്ടാന്‍, അനില്‍കുമാര്‍, അഞ്ജു ബോബി ജോര്‍ജ്, കെ.എം. ബിനു, ചിത്ര കെ. സോമന്‍, ബോബി അലോഷ്യസ്, പ്രീജ ശ്രീധരന്‍, രഞ്ജിത്ത് മഹേശ്വരി, മയൂഖാ ജോണി, ടിന്റു ലൂക്ക, കെ.റ്റി. ഇര്‍ഫാന്‍ എന്നിവര്‍ ഇന്ത്യയെ പ്രതിനിധീകരിച്ചുവെങ്കിലും മെഡല്‍ നേട്ടങ്ങളിലേയ്ക്കെത്തുവാന്‍ സാധിച്ചിട്ടില്ല.

അതേസമയം ഏഷ്യന്‍ ഗെയിംസിലെ അത്ലറ്റിക് രംഗത്ത് കേരളത്തില്‍ നിന്നുള്ള കായികതാരങ്ങളുടെ സംഭാവനകള്‍ വിലപ്പെട്ടതാണ്. 1951-ലെ ആദ്യ ഏഷ്യന്‍ ഗെയിംസില്‍ 400 മീ. ഹര്‍ഡില്‍സില്‍ മലയാളിയായ ഏറോള്‍ ഡിക്ലസ് പങ്കെടുത്തിരുന്നു. 1954-ലെ മനില ഏഷ്യാഡില്‍ പങ്കെടുത്ത ഐവാന്‍ ജേക്കബ് 400 മീറ്ററില്‍ വെങ്കലം നേടി, ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടുന്ന ആദ്യ മലയാളിയായി. 1974-ലെ ടെഹ്റാന്‍ ഏഷ്യന്‍ ഗെയിംസില്‍ ടി.സി. യോഹന്നാന്‍ ലോങ്ജംപില്‍ റെക്കോര്‍ഡ് സ്ഥാപിച്ചുകൊണ്ട് സ്വര്‍ണമെഡല്‍ നേടി. 1978-ല്‍ ബാങ്കോക്കില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുത്ത സുരേഷ് ബാബു ലോങ്ജംപില്‍ സ്വര്‍ണമെഡലും മുരളിക്കുട്ടന്‍ 400 മീ. ഓട്ടത്തില്‍ വെങ്കലവും എയ്ഞ്ചല്‍മേരി ലോങ്ജംപിലും പെന്റാത്തലണിലും വെങ്കലമെഡലുകളും നേടി. ഏഷ്യന്‍ ഗെയിംസില്‍ ആദ്യമെഡല്‍ നേടുന്ന മലയാളി വനിതാതാരം എന്ന ഖ്യാതി ഏയ്ഞ്ചല്‍മേരിക്കുണ്ട്. 1982-ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ മലയാളികളായ സുഭാഷ് ജോര്‍ജ്, പ്രേമചന്ദ്രന്‍, സുനില്‍ എബ്രഹാം, പി.ടി. ഉഷ, എം.ഡി. വത്സമ്മ, ഷൈനി എബ്രഹാം, എയ്ഞ്ചല്‍ മേരി, മേഴ്സിക്കുട്ടന്‍, പദ്മിനിതോമസ്, അല്‍ഫോന്‍സാ കുര്യന്‍ എന്നിവര്‍ പങ്കെടുത്തിരുന്നു. ഹര്‍ഡില്‍സില്‍ എം.ഡി. വത്സമ്മ സ്വര്‍ണമെഡല്‍ നേടുകയും ചെയ്തു. 100 മീറ്ററിലും 400 മീറ്ററിലും പി.ടി. ഉഷയും 400 മീറ്ററില്‍ പ്രേമചന്ദ്രനും ലോങ്ജംപില്‍ മേഴ്സിക്കുട്ടനും വെള്ളിമെഡലുകള്‍ക്ക് അര്‍ഹരായി. 400 മീറ്ററില്‍ പദ്മിനിതോമസിന് വെങ്കലം കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. 1986-ലെ സോള്‍ ഏഷ്യാഡില്‍ നാലു സ്വര്‍ണമെഡലുകള്‍ നേടിയ പി.ടി. ഉഷ കായിക കേരളത്തിന്റെ അഭിമാനമായി മാറി. 4 x 400 റിലേയില്‍ സ്വര്‍ണമെഡല്‍ നേടിയ ഇന്ത്യന്‍ ടീമില്‍ പി.ടി. ഉഷ, എം.ഡി. വത്സമ്മ, ഷൈനി എബ്രഹാം എന്നിവര്‍ ഉള്‍പ്പെട്ടിരുന്നു.

1982, 86, 90, 94 വര്‍ഷങ്ങളിലെ ഏഷ്യന്‍ ഗെയിംസുകളില്‍ നിന്നായി നാലു സ്വര്‍ണവും ഏഴ് വെള്ളിയും സ്വന്തമാക്കിയിട്ടുള്ള പി.ടി. ഉഷയാണ് ഏഷ്യന്‍ ഗെയിംസിലെ കേരളത്തിന്റെ ഏറ്റവും മികച്ച സംഭാവന. നിരവധി ദേശീയ റെക്കോഡുകള്‍ക്കു പുറമേ 1982-ല്‍ സോളില്‍ നടന്ന ലോക ജൂനിയര്‍ മീറ്റ്, 1983-ലെ കുവൈത്ത് ഏഷ്യന്‍ മീറ്റ്, 1984-ലെ പ്രീ ഒളിംപിക്സ് മീറ്റ്, 1985-ലെ ജക്കാര്‍ത്താ ഏഷ്യന്‍ മീറ്റ്, ലണ്ടന്‍ ഗ്രാന്റ് പ്രീ മീറ്റ്, കാന്‍ബറാ ലോകകപ്പ്, 1986-ലെ ബുഡാപെസറ്റ് ലോക ഗ്രാന്‍പ്രീ മീറ്റ്, 1987-ലെ സിംഗപ്പൂര്‍ ഏഷ്യന്‍മീറ്റ്, ലോക ചാംപ്യന്‍ഷിപ്പ്, 1989-ലെ ഏഷ്യന്‍ മീറ്റ്, മലേഷ്യന്‍ ഓപ്പണ്‍ മീറ്റ്, സിംഗപ്പൂര്‍ ഓപ്പണ്‍ മീറ്റ്, 1995-ലെ ചെന്നൈ സാഫ് ഗെയിംസ്, 1998-ലെ ഫുക്കുവോക്ക ഏഷ്യന്‍ അത് ലറ്റിക്സ് ചാംപ്യന്‍ഷിപ്പ്, 1999-ലെ കാഠ്മണ്ഡു സാഫ് ഗെയിംസ് തുടങ്ങിയ രാജ്യാന്തര മത്സരങ്ങളില്‍ നിന്നായി 100-ലേറെ മെഡല്‍ സ്വന്തമാക്കിയിട്ടുള്ള പി.ടി. ഉഷയാണ് കേരളം ഇതുവരെ കണ്ട (2014) ഏറ്റവും മികച്ച കായികതാരം.


1982-ല്‍ ജൂനിയര്‍ ഏഷ്യന്‍ അത് ലറ്റിക് മീറ്റിലൂടെ രാജ്യാന്തര മത്സരരംഗത്തെത്തിയ ഷൈനി വില്‍സനാണ് കേരളം രാജ്യത്തിനു സംഭാവന ചെയ്ത മറ്റൊരു മികച്ച കായികതാരം. സോള്‍ ഏഷ്യാഡില്‍ 4 x 400 മീറ്ററില്‍ സ്വര്‍ണവും 400 മീറ്ററില്‍ വെള്ളിയും 94-ലെ ഹിരോഷിമ മീറ്റില്‍ വെള്ളിയും വെങ്കലവും ചെന്നൈ സാഫ് ഗെയിംസില്‍ 800 മീറ്ററില്‍ റെക്കോഡോടെയുള്ള സ്വര്‍ണവും ഉള്‍പ്പെടെ 75 രാജ്യാന്തര മത്സരങ്ങളില്‍ നിന്നായി 67 മെഡലുകള്‍ ഷൈനി നേടിയിട്ടുണ്ട്.

1982-ലെ ഡെല്‍ഹി ഏഷ്യാഡില്‍ 400 മീ. ഹര്‍ഡില്‍സില്‍ സ്വര്‍ണം നേടിയ എം.ഡി. വത്സമ്മയാണ് ഏഷ്യാഡില്‍ സ്വര്‍ണം നേടിയ ആദ്യമലയാളി വനിത. 1984-ല്‍ ലോസ് ആഞ്ചലസ് ഒളിംപിക്സില്‍ ഫൈനലില്‍ കടന്ന ഇന്ത്യയുടെ 4 x 400 മീ. റിലേ ടീമിലും 1985-ല്‍ ജക്കാര്‍ത്ത ഏഷ്യന്‍ മീറ്റില്‍ 4 x 400 മീറ്ററില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമിലും എം.ഡി. വത്സമ്മ അംഗമായിരുന്നു. ജക്കാര്‍ത്തയില്‍ 4 x 400 മീ. ഹര്‍ഡില്‍സില്‍ വെള്ളി മെഡല്‍ ലഭിച്ചു. 1986-ല്‍ സോള്‍ ഏഷ്യന്‍ ഗെയിംസില്‍ 4 x 400 മീ. റിലേയില്‍ സ്വര്‍ണം നേടിയ വല്‍സമ്മ നൂറോളം ദേശീയ മെഡലുകളും പത്ത് രാജ്യാന്തര മെഡലുകളും നേടിയിട്ടുണ്ട്.

1990-ലെ ബീജിങ് ഏഷ്യന്‍ ഗെയിംസില്‍ 4 x 100 മീ. ഓട്ടത്തില്‍ കെ. സരസമ്മയും 10000 മീ. ഓട്ടത്തില്‍ പി. ലീലാമ്മയും വെള്ളിമെഡല്‍ സ്വന്തമാക്കി. പിന്നീട് 1998-ല്‍ ബാങ്കോക്ക് ഏഷ്യന്‍ ഗെയിംസില്‍ 4 x 400 മീ. ഓട്ടത്തില്‍ പി. രാമചന്ദ്രന്‍ വെള്ളി മെഡല്‍ നേടുകയുണ്ടായി. വനിതകളുടെ 4 x 100 മീറ്ററില്‍ പി.ടി. ഉഷ സ്വര്‍ണവും 4 x 400-ല്‍ വെള്ളിയും 200 മീറ്ററില്‍ വെങ്കലവും നേടിയപ്പോള്‍ ഏഷ്യാഡില്‍ ആദ്യമായി പങ്കെടുത്ത കെ.എം. ബീനാമോള്‍ 4 x 400-ല്‍ വെള്ളിമെഡല്‍ സ്വന്തമാക്കി. 2002-ലെ ബുസ്സാന്‍ ഏഷ്യന്‍ ഗെയിംസില്‍ ലോങ്ജംപില്‍ അഞ്ജു ബോബിജോര്‍ജും 800 മീറ്ററില്‍ കെ.എം. ബീനാമോളും 4 x 400-ല്‍ ജിന്‍സി ഫിലിപ്പ്, മഞ്ജിമ കുര്യാക്കോസ് എന്നിവരും സ്വര്‍ണമെഡല്‍ നേട്ടമുണ്ടാക്കി. ഹൈജംപില്‍ ബോബി അലോഷ്യസിനും 400 മീ. ഓട്ടത്തില്‍ കെ.എം. ബീനാമോള്‍ക്കും വെള്ളിമെഡല്‍ ലഭിച്ചു. പുരുഷന്മാരുടെ 4 x 400 മീ. ഓട്ടത്തില്‍ മനോജ്ലാല്‍ കെ.ജെ., പി. രാമചന്ദ്രന്‍ എന്നിവരും 800 മീ. ഓട്ടത്തില്‍ കെ.എം. ബിനുവും വെള്ളിമെഡല്‍ നേടുകയുണ്ടായി. 2006-ലെ ദോഹ ഏഷ്യന്‍ ഗെയിംസില്‍ 4 x 400-ല്‍ ചിത്രാ കെ. സോമന്‍ സ്വര്‍ണവും ലോങ്ജംപില്‍ അഞ്ജു ബോബി ജോര്‍ജ് വെള്ളിയും 1500 മീ. ഓട്ടത്തില്‍ സിനിമോള്‍ പൗലോസ് വെങ്കലവും നേടി. 2010-ല്‍ ഗ്വാങ്സൂവില്‍ വച്ച് നടന്ന ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ 4ഃ400 മീ. ഓട്ടത്തില്‍ സിനിജോസും ചിത്ര കെ. സോമനും സ്വര്‍ണമെഡല്‍ നേടി. ദീര്‍ഘദൂര ഓട്ടത്തില്‍ പ്രീജ ശ്രീധരന് സ്വര്‍ണവും വെള്ളിയും ലഭിച്ചു.

ഏഷ്യന്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ്, കോമണ്‍വെല്‍ത്ത് ഗെയിംസ്, ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ്, സാഫ് ഗെയിംസ് തുടങ്ങി രാജ്യാന്തര മത്സരങ്ങളില്‍ അത്ലറ്റിക് രംഗത്ത് ഇന്ത്യയുടെ നേട്ടത്തിനുപിന്നില്‍ മലയാളികളായ താരങ്ങള്‍ എക്കാലവും പ്രധാനപങ്കുവഹിച്ചിട്ടുണ്ട്. 1978-ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ലോങ്ജംപില്‍ വെങ്കലം നേടിയ സുരേഷ് ബാബുവാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് ചരിത്രത്തിലെ ആദ്യ മലയാളിമെഡല്‍ ജേതാവ്. 1982-ല്‍ ബ്രിസ്ബേന്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുത്തുകൊണ്ട് മേഴ്സിമാത്യു കുട്ടന്‍, കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുത്ത ആദ്യ ഇന്ത്യന്‍ വനിത എന്ന ബഹുമതിക്ക് അര്‍ഹയായി. 2002-ല്‍ മാഞ്ചസ്റ്റര്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതകളുടെ ലോങ്ജംപില്‍ വെങ്കലം നേടിയ അഞ്ജുബോബി ജോര്‍ജ് മെഡല്‍ ജേതാവായ ആദ്യ ഇന്ത്യന്‍ വനിതയായി. ലോകചാമ്പ്യന്‍ഷിപ്പില്‍ ആദ്യമായി മെഡല്‍ നേടുന്ന മലയാളി താരം അഞ്ജുവാണ്. 2003-ല്‍ പാരിസ് ചാമ്പ്യന്‍ഷിപ്പില്‍ ലോങ്ജംപില്‍ വെങ്കലം നേടിയാണ് അഞ്ജു ഈ നേട്ടത്തിനുടമയായത്. 2005-ല്‍ നടന്ന ഐ.എ.എ.എഫ്. ലോക അത്ലറ്റിക്സില്‍ അഞ്ജു വെള്ളി മെഡല്‍ കൈവരിച്ചു. സ്വര്‍ണം നേടിയ റഷ്യന്‍ താരം ഉത്തേജകമരുന്ന് കഴിച്ചത് തെളിഞ്ഞതിനാല്‍ 2014-ല്‍ അഞ്ജുവിന്റെ നേട്ടം സ്വര്‍ണമെഡലായി ഉയര്‍ത്തപ്പെടുകയുണ്ടായി.


ഫുട്ബോള്‍. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ തന്നെ കേരളത്തില്‍ ഫുട്ബോളിനു തുടക്കമിട്ടിരുന്നു. 1913-ല്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച ശ്രീമൂലം കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ തിരുവനന്തപുരത്തിനു പുറമേ കോട്ടയത്തുനിന്നും നാഗര്‍കോവില്‍നിന്നും ടീമുകള്‍ പങ്കെടുത്തിരുന്നു. 1930-കളില്‍ കേരളത്തിന്റെ ഏതാണ്ട് എല്ലാ പ്രദേശങ്ങളിലും ഫുട്ബോള്‍ പ്രചാരം നേടി. മലബാര്‍, തിരുവിതാംകൂര്‍, കൊച്ചി എന്നിവിടങ്ങളില്‍ സംഘടിപ്പിക്കപ്പെട്ട ടൂര്‍ണമെന്റുകളില്‍ ബ്രിട്ടീഷ് സൈനിക ടീമുകള്‍ക്കു പുറമേ കറാച്ചി, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ടീമുകളും പങ്കെടുത്തിരുന്നു.

ഫുട്ബോള്‍. 1935-ല്‍ ദിവാന്‍ സി.ജി. ഹെര്‍ബര്‍ട്ട് 16 ഏക്കര്‍ തെങ്ങിന്‍തോപ്പും കുറെ ചതുപ്പുനിലവും നിരത്തി കൊച്ചിയില്‍ മഹാരാജാസ് മൈതാനം നിര്‍മിച്ചു. തുടര്‍ന്ന് നിരവധി ഫുട്ബോള്‍ ടൂര്‍ണമെന്റുകള്‍ ഇവിടെ അരങ്ങേറി. എന്നിരുന്നാലും കെട്ടുറപ്പുള്ള ടീമുകള്‍ രൂപംകൊണ്ടത് അന്‍പതുകളോടെയാണ്. കേണല്‍ ഗോദവര്‍മരാജയാണ് കൊച്ചിയിലും തിരുവിതാംകൂറിലും ഫുട്ബോളിന്റെ വളര്‍ച്ചയ്ക്ക് നിര്‍ണായക പങ്കുവഹിച്ച പ്രമുഖ വ്യക്തി. തിരു-കൊച്ചിയിലെ ഹിന്ദു-മുസ്ലിം-ക്രിസ്ത്യന്‍ ക്ലബ്, തിരുവനന്തപുരം ജാതിമന്ത്രം, കാട്ടില്‍ ബ്രദേഴ്സ്, മലബാര്‍ മേഖലയിലെ വെസ്റ്റ്ഹില്‍, കണ്ണൂരിലെ യങ് ചാലഞ്ചേഴ്, യങ് മെന്‍സ്, കണ്ണൂര്‍ സ്പോര്‍ട്സ് ക്ളബ്, ജിംഖാന, മലപ്പുറം ജില്ലയിലെ എം.എസ്.പി., സെവന്‍സ് ഫുട്ബോള്‍ രംഗത്ത് ഹണ്ടേഴ്സ് കൂത്തുപറമ്പ്, ബ്ലാക്ക് ആന്‍ഡ് വൈറ്റ് കോഴിക്കോട്, സെവന്‍ ബ്രദേഴ്സ് അരീക്കോട്, സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറം, ആലുവ ലക്കി സ്റ്റാര്‍, തൃശൂര്‍ ജിംഖാന ഫ്രണ്ട് മമ്പാട്, ടൗണ്‍ ടീം അരീക്കോട് തുടങ്ങിയവയാണ് കേരളത്തിലെ ആദ്യകാല ഫുട്ബോള്‍ ടീമുകള്‍.


കോട്ടയം സാലി, ജെയിംസ് ഫെന്‍, തിരുവല്ല പാപ്പന്‍, തൃശൂര്‍ ആന്റണി, പപ്പു, ലെയ്ബന്‍, ഡിക്രൂസ്, ഒളിംപ്യന്‍ ടി. എ. റഹ്മാന്‍, ഒ. ചന്ദ്രശേഖരന്‍, ചിദാനന്ദന്‍, ആര്‍ ബാലകൃഷ്ണന്‍, പേട്ട രവി, മൊയ്തീന്‍ കുട്ടി, മുസ്തഫ, ഡോ. രാജഗോപാല്‍, തിരുവല്ല തോമസ്, ടി.കെ. ചാത്തുണ്ണി, സത്യന്‍, ജയറാം, ബാലകൃഷ്ണന്‍, ഇന്ദ്രബാലന്‍, മലപ്പുറം അസീസ്, രാമകൃഷ്ണന്‍ തുടങ്ങിയ മികവുറ്റ കളിക്കാരെ കേരളത്തിനു സംഭാവന ചെയ്തത് മേല്‍ പറഞ്ഞ ടീമുകളാണ്. 19 വയസ്സുതികയും മുമ്പ് ഇന്ത്യന്‍ ടീമില്‍ ഇടംനേടിയ പ്രതിഭാശാലിയാണ് കോഴിക്കോട് സ്വദേശി ടി. അബ്ദുല്‍ റഹ്മാന്‍. ഇന്ത്യ ഒരിക്കല്‍ മാത്രം സെമിഫൈനലിലെത്തിയ, 1956-ലെ മെല്‍ബണ്‍ ഒളിംപിക്സില്‍ ടി.എ. റഹ്മാന്‍ അംഗമായിരുന്നിട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ പ്രൊഫഷണല്‍ ഫുട്ബോള്‍ ക്ളബ്ബായ എഫ്.സി. കൊച്ചിനും വിവ കേരളയ്ക്കും പിന്നാലെ പ്രീമിയര്‍ ടയേഴ്സ് കളമശ്ശേരി, അലിന്‍ഡ് കുണ്ടറ, കെ.എസ്.ആര്‍.ടി.സി., ഏജീസ് ഓഫീസ്, യങ് ചാലഞ്ചേഴ്സ്, ടൈറ്റാനിയം, കേരള പൊലീസ് തുടങ്ങിയ ടീമുകളും കേരളത്തില്‍ ഫുട്ബോളിന്റെ ഹരം പ്രചരിപ്പിക്കുന്നതിലും കഴിവുറ്റ ഫുട്ബോള്‍ താരങ്ങളെ വാര്‍ത്തെടുക്കുന്നതിലും പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

നാഗ്ജി ട്രോഫി, മാമ്മന്‍ മാപ്പിള ട്രോഫി, ശ്രീനാരായണ ട്രോഫി, ജി.വി. രാജ ട്രോഫി, സംസ്ഥാന ക്ലബ് ഫുട്ബോള്‍, നായനാര്‍ സ്വര്‍ണക്കപ്പ്, സന്തോഷ് ട്രോഫി, ഡോ. ബി.സി. റോയ് ട്രോഫി, വി.പി. സത്യന്‍ സ്മാരക മെമ്മോറിയല്‍ ടൂര്‍ണമെന്റ്, തിരുവനന്തപുരം ജില്ലാ സൂപ്പര്‍ ഡിവിഷന്‍ ലീഗ്, നാഷണല്‍ ഗെയിംസ്, മിന്‍ ഇഖ്ബാല്‍ ഹസ്സന്‍ ട്രോഫി, കൊല്ലം മുന്‍സിപ്പല്‍ ഗോള്‍ഡന്‍ ജൂബിലി മെമ്മോറിയല്‍ ടൂര്‍ണമെന്റ്, കേളി ഫുട്ബോള്‍ ടൂര്‍ണമെന്റ്, ഫെഡറേഷന്‍ കപ്പ്, എടവണ്ണ ഓള്‍ ഇന്ത്യ, ഡൂറണ്ട് കപ്പ്, ദ്രോണാചാര്യ ട്രോഫി, കൊച്ചിന്‍ പ്രീമിയന്‍ ലീഗ്, ഭഗത് കപ്പ് തുടങ്ങിയവയാണ് കേരള ടീമോ മലയാളികളായ ഫുട്ബോള്‍ താരങ്ങളോ സ്ഥിരമായി പങ്കെടുത്തുവരുന്ന പ്രധാന ഫുട്ബോള്‍ മത്സരങ്ങള്‍. ബാസ്കോ മലപ്പുറം, സെന്‍ട്രല്‍ എക്സൈസ്, ചാന്ദിനി എഫ്.സി., കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്, കോസ്മോസ് എഫ്.സി., ഈഗിള്‍സ് എഫ്.സി., ഗോള്‍ഡന്‍ ത്രെഡ്സ്, ജിംഖാന തൃശൂര്‍, ജോസ്കോ എഫ്.സി., കേരള പൊലീസ്, കോവളം ഫുട്ബോള്‍ ക്ലബ്, കെ.എസ്.ഇ.ബി., മലബാര്‍ യുണൈറ്റഡ് എഫ്.സി., എം.ഇ.എസ്. മാമ്പാട്, പി.എസ്.എഫ്.സി. പാലക്കാട്, സാസ്ക് വയനാട്, സീസാ കൊല്ലം, എസ്.ബി.ടി., ടി.എഫ്.സി. പത്തനംതിട്ട, ട്രാവന്‍കൂര്‍ ടൈറ്റാനിയം, യൂണിവേഴ്സല്‍ സോക്കര്‍ സ്കൂള്‍, വിവാ കേരള എഫ്.സി., സൈകേ എഫ്.സി. തുടങ്ങിയവയാണ് നിലവില്‍ സംസ്ഥാനത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന പ്രൊഫഷണല്‍ ഫുട്ബോള്‍ ടീമുകള്‍.



കേരള പൊലീസാണ് പ്രശസ്തമായ ഫെഡറേഷന്‍ കപ്പ് സ്വന്തമാക്കിയ (1990) ആദ്യത്തെ കേരളാടീം. 1991-ല്‍ എഫ്.സി. കൊച്ചിന്‍ ഡൂറണ്ട് കപ്പ് നേടി. അലിന്‍ഡ് കുണ്ടറ, ഫാക്ട്, പ്രീമിയര്‍ ടയേഴ്സ് തുടങ്ങിയ ടീമുകളും നിരവധി ദേശീയ ടൂര്‍ണമെന്റുകളില്‍ വിജയികളായിട്ടുണ്ട്.

1957-ല്‍ കേരള ടീം ആദ്യമായി സന്തോഷ് ട്രോഫിയില്‍ പങ്കെടുത്തു. രണ്ടു തവണ ചാമ്പ്യന്‍മാരായിട്ടുള്ള മൈസൂറിനെ തോല്‍പിച്ചുകൊണ്ടായിരുന്നു കേരളത്തിന്റെ അരങ്ങേറ്റം. പേട്ട രവിയായിരുന്നു കേരള ടീമിന്റെ ക്യാപ്റ്റന്‍. 1973-ല്‍ മണിയുടെ നേതൃത്വത്തില്‍ റെയില്‍വേസിനെ തോല്പിച്ചുകൊണ്ട് കേരളം ആദ്യമായി സന്തോഷ് ട്രോഫി ചാമ്പ്യന്മാരായി. തുടര്‍ന്ന് വി.പി. സത്യന്‍ ക്യാപ്റ്റനായി 1992-ലും കുരികേശ് മാത്യു ക്യാപ്റ്റനായി 1993-ലും ശിവകാര്‍ ക്യാപ്റ്റനായി 2001-ലും ഇഗ്നേഷ്യസ് ക്യാപ്റ്റനായി 2004-ലും കേരളം സന്തോഷ് ട്രോഫി ചാമ്പ്യന്മാരായി. 1988, 89, 90, 91, 92, 2000, 2002 വര്‍ഷങ്ങളില്‍ കേരളം റണ്ണേഴ്സായിരുന്നു. എം.വി. വിന്‍സന്റ് (1955), എന്‍.ജെ. ജോസ് (1972), ടി.കെ. സുബ്രഹ്മണി (1973), പി.കെ. ബാലചന്ദ്രന്‍ (1978), സി.വി. പാപ്പച്ചന്‍ (1984), അബ്ദുല്‍ ഹക്കിം (2001) എന്നിവരാണ് സന്തോഷ് ട്രോഫിയില്‍ കേരളത്തിനായി ഹാട്രിക് ഗോള്‍ നേടിയ താരങ്ങള്‍. എം.എം. ജേക്കബ്, വിക്ടര്‍ മാഞ്ഞില, സേതുമാധവന്‍, സേവ്യര്‍ പയസ്, നജീബ്, സത്യന്‍, ഷറഫ് അലി, പാപ്പച്ചന്‍, ഐ.എം. വിജയന്‍, ജോപോള്‍ അഞ്ചേരി, മുഹമ്മദ് റാഫി, പ്രദീപ്, ജാബിര്‍, മുഹമ്മദ് ഹാരിസ്, ബിനീഷ് ബാലന്‍, ജസ്റ്റിന്‍ സ്റ്റീഫന്‍, കെ.പി. സുബൈര്‍, കെ.എന്‍. അജയന്‍, നവാസ്, എം.പി. സക്കീര്‍, പി.സി. റിജു തുടങ്ങിയവരാണ് സമീപകാലത്ത് ഫുട്ബോള്‍ രംഗത്ത് തിളങ്ങിയ മലയാളികള്‍.

ഐ.എം.വിജയന്‍ രാഷ്ട്രപതിയില്‍ നിന്നും അര്‍ജുന അവാര്‍ഡ് ഏറ്റുവാങ്ങുന്നു

ഇന്ത്യന്‍ ഫുട്ബോളിന് കേരളം സംഭാവന ചെയ്ത പ്രമുഖ കളിക്കാരനാണ് ഐ.എം. വിജയന്‍. 1999-ലെ സാഫ് ഗെയിംസില്‍ ഭൂട്ടാനെതിരെ പന്ത്രണ്ടാം സെക്കന്റില്‍ ഗോള്‍ നേടിയ ഇദ്ദേഹം, ഏറ്റവും വേഗത്തില്‍ ഗോള്‍ നേടുന്നയാള്‍ എന്ന രാജ്യാന്തര റെക്കോര്‍ഡിനു ഉടമയായി. 1992-ല്‍ ഇന്ത്യന്‍ ദേശീയ ടീമിലെത്തിയ വിജയന്‍ 79 രാജ്യാന്തര മത്സരങ്ങളില്‍നിന്നായി 39 ഗോളുകള്‍ നേടി. നാലു ഗോളുകള്‍ നേടിയ 2003-ലെ ആഫ്രോ-ഏഷ്യന്‍ ഗെയിംസിലേതാണ് ഇദ്ദേഹത്തിന്റെ മികച്ച പ്രകടനം.

ഷട്ടില്‍ ബാഡ്മിന്റണ്‍. തിരുവനന്തപുരം ശ്രീമൂലം ക്ലബ്ബിലൂടെയും ആലുവ ടൌണ്‍ഷിപ്പിലെ ഉദ്യോഗമണ്ഡല്‍ ക്ലബ്ബിലൂടെയുമാണ് കേരളത്തില്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ വികാസം പ്രാപിച്ചത്. കേരള ബാഡ്മിന്റണ്‍ (ഷട്ടില്‍) അസോസിയേഷനാണ് സംസ്ഥാനത്തെ ഷട്ടില്‍ ബാഡ്മിന്റണ്‍ സംഘാടനത്തിന്റെ പ്രധാന ചുമതല. ആദ്യത്തെ ഇന്ത്യന്‍ ജൂനിയര്‍ നാഷണല്‍ താരം ജെസ്സി ഫിലിപ്പ് അഖിലേന്ത്യാതലത്തില്‍ കേരളത്തിന്റെ പ്രശസ്തി ഉയര്‍ത്തുകയുണ്ടായി. ലതാ കൈലാസ്, നൊറീന്‍ പാദുവ, യു.വിമല്‍കുമാര്‍, എസ്. കൃഷ്ണകുമാര്‍, ജോര്‍ജ് തോമസ്, ജസീല്‍ പി. ഇസ്മയില്‍, മാര്‍ക്കോസ് ബ്രിസ്റ്റോ, ശ്രുതി സാറ കുര്യന്‍, അപര്‍ണാബാലന്‍, കെ.ടി. രൂപേഷ് കുമാര്‍, സനേഷ്തോമസ്, വി. ദിജു, ഫാത്തിമ നസ്തീന്‍ മുഹമ്മദ്, പി.സി. തുളസി തുടങ്ങിയവരാണ് ഈ രംഗത്തെ കേരളത്തിന്റെ അഭിമാനതാരങ്ങള്‍.

ബോള്‍ബാഡ്മിന്റണ്‍. 1930-കള്‍ മുതല്‍ കേരളത്തിന്റെ പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ച് സജീവമായ ബോള്‍ ബാഡ്മിന്റണില്‍ ഉന്നതനിലവാരം പുലര്‍ത്തുന്ന ധാരാളം കായികതാരങ്ങള്‍ സംസ്ഥാനത്തുണ്ട്. 1964-ലും 82-ലും തിരുവനന്തപുരത്തും 1977-ല്‍ കണ്ണൂരിലും 90 കൊല്ലത്തും ദേശീയ ബോള്‍ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് വേദിയായി. കണ്ണൂരില്‍ ചരിത്രത്തില്‍ ആദ്യമായി കേരളം കിരീടം ചൂടി. ബോള്‍ ബാഡ്മിന്റണില്‍ കേരളത്തിന്റെ ഏക അര്‍ജുന അവാര്‍ഡ് ജേതാവാണ് സാം ക്രിസ്തുദാസ്. 1960 മുതല്‍ 78 വരെ സംസ്ഥാന ടീമംഗമായിരുന്ന ഇദ്ദേഹം 1972-ലും 76-ലും സ്റ്റാര്‍ ഒഫ് ഇന്ത്യ ബഹുമതി നേടിയിട്ടുണ്ട്. സാം ക്രിസ്തുദാസിന്റെ നായകത്വത്തിലാണ് 1977-ല്‍ കേരളം ദേശീയ ചാമ്പ്യന്മാരായത്. 60-കളില്‍ ബോള്‍ബാഡ്മിന്റണ്‍ രംഗത്ത് സജീവമായിരുന്ന ടി.ജെ. ജോസഫ്, ജോണ്‍ വെഞ്ചസ്ലാവോസ്, രാജന്‍, ജയപാലന്‍, എം.എ. സത്താര്‍, പി. എം. പദ്മജം തുടങ്ങി അനേകം മികവുറ്റ താരങ്ങളും കേരളത്തില്‍ നിന്നുണ്ടായിട്ടുണ്ട്.



വോളിബോള്‍. 1915-20 കാലഘട്ടത്തിലാണ് കേരളത്തില്‍ വോളിബോളിനു തുടക്കമായത്. മധ്യതിരുവിതാംകൂറായിരുന്നു വോളിബോളിന്റെ പ്രഭവകേന്ദ്രം. വൈ.എം.സി.എ.യിലൂടെയാണ് സംഘടിത വോളിബോളിന് സാഹചര്യമൊരുങ്ങിയത്. തിരുവിതാംകൂര്‍-തിരുകൊച്ചി പൊലീസ് ടീമുകളില്‍ അംഗമായിരുന്ന ആലപ്പുഴ രാജേന്ദ്രന്‍ 1940-കളില്‍ വോളിബോള്‍ രംഗത്ത് നിറഞ്ഞുനിന്ന താരമായിരുന്നു. അറുപതുകളില്‍ പൊലീസ് ടീമും കോഴഞ്ചേരി ടീമും സജീവമായി. സുലൈമാന്‍, നോയര്‍ രാജു, ആനമുടി ബേബി, പെയിന്റര്‍ ബേബി, കരുണാകരക്കുറുപ്പ്, എ.പി. കോയ, ശ്രീധരന്‍പിള്ള തുടങ്ങിയവരായിരുന്നു ഇക്കാലത്ത് തെക്കന്‍ കേരളത്തിലെ പ്രമുഖരായ വോളിബോള്‍ താരങ്ങള്‍. മലബാറില്‍ വോളിബോളിനെ ജനപ്രിയമാക്കിമാറ്റിയത് ജിംഖാന ക്ലബ്ബാണ്. അബ്ദുറഹ്മാന്‍ (ഒളിംപ്യന്‍ റഹ്മാന്‍), നാരായണന്‍ നായര്‍, പാലോറ നാണു, കളത്തില്‍ മുകുന്ദന്‍, തിക്കോടി രാഘവന്‍ വൈദ്യര്‍, പാച്ചുക്കുട്ടി തുടങ്ങിയവരായിരുന്നു വടക്കന്‍ കേരളത്തിലെ ആദ്യകാല വോളിബോള്‍ താരങ്ങള്‍. 1958-ല്‍ കട്ടക്ക് നാഷണല്‍സില്‍ റഹ്മാന്റെ നേതൃത്വത്തിലാണ് കേരളം കളിച്ചത്. 1958-ലെ ടോക്കിയോ ഏഷ്യാഡിലും റഹ്മാന്‍ പങ്കെടുത്തു.

വോളിബോള്‍-ജിമ്മി ജോര്‍ജിന്റെ ഒരു സ്മാഷ്

മലയാളിയായ ജിമ്മിജോര്‍ജ്, ഇന്ത്യ കണ്ട ഏറ്റവും മികച്ച വോളിബോള്‍ താരമാണ്. കേരളത്തിലെ പ്രമുഖ വോളിബോള്‍ ടൂര്‍ണമെന്റുകളിലും ഇന്ത്യയിലെ സുപ്രധാന മത്സരങ്ങളിലും മിന്നുന്ന പ്രകടനം കാഴ്ചവച്ച ജിമ്മി, 19-ാം വയസ്സില്‍ ടെഹ്റാന്‍ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. തുടര്‍ന്ന് ബാങ്കോക്ക്, സോള്‍ ഏഷ്യാഡുകളിലും കളിക്കുകയുണ്ടായി. സോളില്‍ ജിമ്മിയുടെ മികച്ച പ്രകടനം ഇന്ത്യയ്ക്കു വെങ്കലമെഡല്‍ നേടിക്കൊടുത്തു. 1985-ല്‍ ഇന്ത്യന്‍ വോളിബോള്‍ ടീമിന്റെ ക്യാപ്റ്റനായ ഇദ്ദേഹത്തെ 1977-ല്‍ അര്‍ജുന അവാര്‍ഡ് നല്‍കി രാഷ്ട്രം ആദരിക്കുകയുണ്ടായി. 1979-82 കാലയളവില്‍ യു.എ.ഇ.യില്‍ കളിച്ച ജിമ്മി, അവിടെയും മികച്ച കളിക്കാരനായി അംഗീകാരം നേടി. 1984-ല്‍ ഇറ്റലിയിലെ മിലാനിലെ മോണ്ടിക്കേരി ക്ലബില്‍ അംഗമായി കളിച്ചുവരികെ 1987 ന. 30-ന് ഒരു കാറപകടത്തില്‍ മരണമടഞ്ഞു.

കെ.സി. ഏലമ്മ, സാലി ജോസഫ്, പി.എസ്. അബ്ദുള്‍ റസാക്ക്, കെ. ഉദയകുമാര്‍, സിറിള്‍ സി. വെള്ളൂര്‍, ജോര്‍ജി എ.എം., റോസമ്മ കുര്യന്‍, ജെയ്സമ്മ മുത്തേടന്‍, എന്‍.സി. ചാക്കോ, ബീനാ വര്‍ഗീസ്, മൊയ്തീന്‍ നസ്റീ, ജോലിഷ് ടി.സി., എസ്.എ. മധു, ബീനാ ആന്റണി, ഷീബാ മാത്യു, ജാസ്മിന്‍ ജോര്‍ജ്, ബിജു വി. തോമസ്, റോബി അഗസ്റ്റിന്‍, കെ.എം. അബൂബക്കര്‍, കെ.ജെ. കപില്‍ദേവ്, റോയ് ജോസഫ്, ടോം ജോസഫ്, സുനില്‍കുമാര്‍, അന്‍വര്‍ ഹുസൈന്‍, ബി. അനില്‍, ആര്‍. രാജീവ്, ടി.കെ. ശ്രീഷ്, കെ.ജി. ഗോപന്‍, ലിസിക്കുട്ടി എബ്രഹാം, സലോമി രാമു, സുന്‍ജേക്കബ്, അനുജേക്കബ്, രശ്മി പോള്‍, മിനി എലിസബത്ത്, ജിഷാ തോമസ്, അശ്വനി എസ്. കുമാര്‍, വിന്‍സി ജോര്‍ജ് തുടങ്ങിയവരാണ് കേരളത്തിലെ വോളിബോള്‍ രംഗത്തെ മറ്റു പ്രമുഖ താരങ്ങള്‍.

ബാസ്ക്കറ്റ്ബോള്‍. 1926-ല്‍ കോട്ടയം കേന്ദ്രീകരിച്ചാണ് കേരളത്തില്‍ ബാസ്ക്കറ്റ് ബോളിനു തുടക്കമിട്ടത്. മുപ്പതുകളോടെ ഓപ്പണ്‍ ടൂര്‍ണമെന്റുകള്‍ക്കു തുടക്കമായി. 1951-ല്‍ രൂപീകൃതമായ ബാസ്ക്കറ്റ്ബോള്‍ ഫെഡറേഷന്‍ ഒഫ് ഇന്ത്യയുടെ പ്രഥമ പ്രസിഡണ്ട് മലയാളിയായ സി.സി. എബ്രഹാമായിരുന്നു. എം. മാത്യൂസ് വേങ്കടത്ത്, കെ.സി. തോമസ് കരോട്ട്, എം.പി. എബ്രഹാം, പി.എം. തോമസ്, കെ.ജി. അലക്സ്, ജോസഫ് സാം, സി.ഐ. വര്‍ഗീസ്, മുഹമ്മദ് ഇക്ബാല്‍, മോഹന്‍രാജ്, കെ.പി. അലക്സാണ്ടര്‍, പ്രതാപന്‍ നായര്‍, പോള്‍ ജോസഫ് തുടങ്ങിയവരാണ് കേരളത്തിലെ ആദ്യകാല വോളിബോള്‍ താരങ്ങള്‍.

1974-ല്‍ ചെറിയാന്‍ ഉമ്മന്റെ നേതൃത്വത്തില്‍ തമിഴ്നാടിനെ തോല്പിച്ച് കേരളം ആദ്യമായി ദക്ഷിണ മേഖലാ ചാംപ്യന്മാരായി. പിന്നീട് 2006-ല്‍ കേരളത്തിന്റെ പുരുഷ-വനിതാ ടീമുകളും ദക്ഷിണ മേഖലാ കിരീടം നേടുകയുണ്ടായി. അന്‍വിന്‍ ജെ. ആന്റണിയാണ് ഇന്ത്യന്‍ ബാസ്ക്കറ്റ് ബോള്‍ ടീമിന്റെ നായകപദവിയിലെത്തിയ ആദ്യമലയാളി (1989). 1989-ലെ ബെയ്ജിങ് ഏഷ്യന്‍ ചാംപ്യന്‍ഷിപ്പിലാണ് അന്‍വിന്‍ ഇന്ത്യന്‍ ബാസ്ക്കറ്റ്ബോള്‍ ടീമിനെ നയിച്ചത്. പി.ജെ. സണ്ണി, ജോസഫ് സാം, മേജര്‍ എം. രാജന്‍ (പരിശീലകന്‍), വി.എന്‍. കുട്ടി, പി.സി. തോമസ്. പി.എസ്. വിശ്വപ്പന്‍, തോമസ് വറുഗീസ്, ജയശങ്കര്‍ മോഹന്‍, മുരളീകൃഷ്ണ തുടങ്ങിയവരാണ് ബാസ്ക്കറ്റ് ബോള്‍ രംഗത്ത് ദേശീയതലത്തില്‍ ശ്രദ്ധേയരായ മറ്റു മലയാളിതാരങ്ങള്‍.

പ്രസന്നകുമാരി, ഡാന്റി അഗസ്റ്റിന്‍, ഗീതു അന്ന ജോസഫ്, മോളി അഗസ്റ്റിന്‍, സാലി തോമസ്, ഇന്ദുലേഖ, ഷീബമ്മ അഗസ്റ്റ്യന്‍, റെന്നി എം. വിന്‍സെന്റ്, യു.പി. ലെജി, ജോഷിയാമ്മ ജോര്‍ജ്, എമിലി കെ. മാത്യു, ബെറ്റി ചാക്കോ, ബിനു ചെറിയാന്‍, ജി. രേശ്മ, പി.എസ്. നീനുമോള്‍, എസ്.എസ്. അഞ്ജന, റോളിന്‍ സാറാ കുരുവിള, ജീന, ജിജി, ജിയോ മേഴ്സി ഇഗ്നേഷ്യസ് പാലോട്ട്, സിനി തളിയത്ത് തുടങ്ങിയവരാണ് ഇന്ത്യയുടെ വനിതാ ബാസ്ക്കറ്റ് ബോള്‍ രംഗത്ത് മികവു പുലര്‍ത്തിയിട്ടുള്ള മലയാളി താരങ്ങള്‍.

അക്വാട്ടിക് കായികമത്സരങ്ങള്‍. കേണല്‍ ഗോദവര്‍മരാജയും എന്‍. പരമേശ്വരന്‍ നായരുമാണ് കേരളത്തില്‍ അംഗീകൃതമാതൃകയിലുള്ള അക്വാട്ടിക് കായികമത്സരങ്ങള്‍ക്ക് തുടക്കംകുറിച്ചത്. 1953-ല്‍ തിരു-കൊച്ചി അക്വാട്ടിക് അസോസിയേഷന്‍ നിലവില്‍ വന്നു. 1962 ന. 15-ന് തിരുവനന്തപുരത്ത് കേരളത്തിലെ ആദ്യത്തെ നീന്തല്‍ക്കുളം സ്ഥാപിതമായി. തുടര്‍ന്ന് 1987-ല്‍ തൃശൂരിലും 1997-ല്‍ ആലപ്പുഴയിലും നീന്തല്‍ക്കുളങ്ങളൊരുങ്ങി. 1962, 67, 75, 83, 97, 2002, 2005, 2009 വര്‍ഷങ്ങളില്‍ ദേശീയ നീന്തല്‍ ചാംപ്യന്‍ഷിപ്പ് മത്സരങ്ങള്‍ക്ക് കേരളം ആതിഥേയത്വം വഹിച്ചു. കേരളത്തിനായി ദേശീയ നീന്തലില്‍ ആദ്യമെഡല്‍ നേടിയത് കേശവന്‍ നായരാണ്. ജി.എസ്. നായര്‍, ആര്‍. ജയകുമാര്‍, ഗംഗാധരന്‍ ബാബു, പി. പ്രസന്നകുമാരി, സന്തോഷ് ചെറിയാന്‍, ടി.ജി. ജേക്കബ്. തോമസ് ചൊവ്വര, പി. മാധവദാസ്, മാത്യു ജോസഫ്, എസ്. ലൈല, ബി. അമ്മിണി, എ. ലളിത തുടങ്ങിയവരും 1970 മുതല്‍ 90 വരെ നീന്തലില്‍ കേരളത്തിന്റെ അഭിമാനമായിരുന്നവരാണ്.

1980 മുതല്‍ 91 വരെ ദേശീയ ചാംപ്യനായിരുന്ന വില്‍സണ്‍ ചെറിയാന്‍ 100മീ. ബാക്ക് സ്ട്രോക്കില്‍ ദേശീയ റെക്കോഡിനു ഉടമയായി. നാല് സാഫ് ഗെയിംസുകളിലുമായി 11 സ്വര്‍ണവും ലോക റെയില്‍വേ മീറ്റില്‍ നിരവധി തവണ സ്വര്‍ണവും മികച്ച കായികതാരവുമായി. 1996-ലെ അത്ലാന്റാ ഒളിംപിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച സെബാസ്റ്റ്യന്‍ സേവ്യറാണ് നീന്തലില്‍ ഒളിംപിക്സില്‍ പങ്കെടുത്ത ആദ്യമലയാളിതാരം. 1998-ലെ ബാങ്കോക്ക് ഏഷ്യാഡിലും ഇദ്ദേഹം പങ്കെടുക്കുകയുണ്ടായി.

പി. സനല്‍കുമാര്‍, എസ്. പ്രദീപ്കുമാര്‍, പി. വേണുഗോപാലന്‍പിള്ള, സുരേഷ്കുമാര്‍, സിജി സെബാസ്റ്റ്യന്‍, മനോജ് സെബാസ്റ്റ്യന്‍, കെ. രാജീവ്, സുജിത്ത്, ടി.കെ. സെന്തില്‍കുമാര്‍, എബി ജോസ്, പോള്‍ ചെറിയാന്‍, എം. മിനി, എം. ഉഷ, ഉഷാകുമാരി തുടങ്ങിയവരാണ് കേരളത്തില്‍ അക്വാട്ടിക് കായിക ഇനങ്ങളില്‍ മികവു പുലര്‍ത്തിയിട്ടുള്ള മറ്റു താരങ്ങള്‍.


ഭാരോദ്വഹനം. വെയ്റ്റ്ലിഫ്റ്റിങ്ങിന്റെ തുടര്‍ച്ചയായിട്ടായിരുന്നു പവര്‍ലിഫ്റ്റിങ്ങിലേക്കുള്ള പരിണാമം. 1977-ല്‍ ഇന്ത്യന്‍ പവര്‍ലിഫ്റ്റിങ്ങ് അസോസിയേഷന്‍ നിലവില്‍ വന്നു. 1978-ല്‍ അസോസിയേഷന് കേരള സ്പോര്‍ട്സ് കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചു. ലോക പവര്‍ലിഫ്റ്റിങ്ങില്‍ മെഡല്‍ നേടിയ (1982) ആദ്യ ഇന്ത്യാക്കാരന്‍ മലയാളിയായ പി.ജെ. ജോസഫാണ്. എം.കെ. ജോസ്, അശോക് കുമാര്‍, എസ്. രാധാകൃഷ്ണന്‍, എ.ജി. രാജു, ബി.പി. റെനി, ബി. സന്ദീപ്, ബീനാ അഗസ്റ്റിന്‍, മോളി ടി, പുഷ്പമ്മ ജോസഫ്, ജെന്‍ട്രി ഫ്രാന്‍സിസ്, ത്രേസിക്കാ വര്‍ഗീസ്, മിനികുമാരി ബി., പി. ഷെറി, ജിജി പി., വി.എന്‍. കൃഷ്ണന്‍, സിജു കെ., വി.കെ. ലത്തീഫ്, പി.കെ. ജാഫര്‍, ഐ. സെബാസ്റ്റ്യന്‍, ഇ. സജീവന്‍ ഭാസ്കരന്‍, പി.കെ. യശോധരന്‍, കെ.എന്‍. സജീവ്കുമാര്‍, എം. ഷാനവാസ്, കെ.വി. ലതീഷ്, വി.ജി. വര്‍ഗീസ്, പി. സുരേഷ്, ടി.കെ. വികാസ്, മിഥുന്‍ ജോസഫ്, അജിത്ത് എല്‍. ഡെന്നിസന്‍, ബ്ളഡി ജോബ്, റൂബി തോമസ്, അഷിത റസ്ലി, ടിന്റുതോമസ്, സിനി ജോസ് തുടങ്ങിയവരാണ് പവര്‍ ലിഫ്റ്റിങ് രംഗത്ത് മികവു തെളിയിച്ച മലയാളി താരങ്ങള്‍. മലയാളി ബോഡിബില്‍ഡറായ ടി.വി. പോളിക്ക് 1999-ല്‍ അര്‍ജുന അവാര്‍ഡ് ലഭിക്കുകയുണ്ടായി.


ഹോക്കി. ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യദശകത്തിലാണ് കേരളത്തില്‍ ഹോക്കി ആരംഭം കുറിക്കുന്നത്. 1929-30 ല്‍ കണ്ണൂര്‍ കേന്ദ്രീകരിച്ച് ചില ടൂര്‍ണമെന്റുകള്‍ അരങ്ങേറി. കോഴിക്കോട്ടുകാരായ തമ്പുരാന്‍കണ്ടി അനന്തന്‍, അബ്ദുള്‍ ഗഫൂര്‍ എന്നിവരായിരുന്നു കേരളത്തിലെ ആദ്യകാല ഹോക്കിതാരങ്ങള്‍. തിരുവനന്തപുരത്തെ സെന്റ് തോമസ് റസിഡന്‍ഷ്യന്‍ സ്കൂള്‍, കൊച്ചി ജിംഖാന, പെന്‍ഗ്വിന്‍ ക്ളബ്, തൃശൂര്‍ ഹോക്കിട്രസ്റ്റ് തുടങ്ങിയ സ്ഥാപനങ്ങളും സംഘടനകളും കേരളത്തില്‍ ഹോക്കിയുടെ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

മലയാളിയായ മാനുവേല്‍ ഫെഡറിക്സ് മ്യൂണിക് ഒളിംപിക്സില്‍ (1972) ഇന്ത്യയുടെ ഹോക്കി ടീമിലെ ഗോളിയായിരുന്നു. മ്യൂണിക് ഒളിംപിക്സില്‍ ഇന്ത്യയ്ക്കു വെങ്കലമെഡല്‍ ലഭിച്ചതോടെ ഹോക്കിയില്‍ ഒളിംപിക്സ് മെഡല്‍ നേടിയ ആദ്യ മലയാളി എന്ന ഖ്യാതി മാനുവേല്‍ ഫെഡറിക്സിനു ലഭിച്ചു. ഹിരോഷിമ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റനായിരുന്ന ജൂഡ് ഫെലിക്സ്, ജോര്‍ജ് നൈനാന്‍, സാബു വര്‍ക്കി, അനില്‍ ആള്‍ഡ്രിന്‍, ദിനേശ് നായിക്, ബിപിന്‍ ഫെര്‍ണാണ്ടസ്, ജെ. ജയകുമാര്‍, ഡോ. സുധ, പി.വി. തോമസ്, ദിനേശ് നായര്‍, ജി.എന്‍. പ്രവീണ്‍കുമാര്‍, പി.കെ. ബാലചന്ദ്രന്‍, എസ്. ഓമനകുമാരി, പി.എ. സ്റ്റെല്ല, ഏലിയാമ്മ മാത്യു, ഹെലന്‍ മേരി ഇന്നസെന്റ് തുടങ്ങിയവരാണ് ദേശീയതലത്തില്‍ ശ്രദ്ധേയരായ മലയാളി ഹോക്കി താരങ്ങള്‍.

2010-ലെ ലോകകപ്പ് ഹോക്കി, കോമണ്‍വെല്‍ത്ത് ഗെയിംസ്, 2011-ലെ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി, 2012-ലെ ലണ്ടന്‍ ഒളിംപിക്സ്, തുടങ്ങിയവയില്‍ ഗോള്‍വലയം കാത്ത് മികച്ച പ്രടനം കാഴ്ചവച്ച മലയാളിയായ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ പി.ആര്‍. ശ്രീജേഷ് സമകാലിക ഇന്ത്യന്‍ ഹോക്കിയിലെ മികച്ച പ്രതിഭയാണ്.

രൂപാ ഉണ്ണികൃഷ്ണന്‍

ഷൂട്ടിങ്. ജി.വി. രാജയുടെ നേതൃത്വത്തില്‍ 1954-ല്‍ രൂപീകൃതമായ കേരള റൈഫിള്‍ അസോസിയേഷനാണ് സംസ്ഥാനത്ത് ഷൂട്ടിങ്ങിന്റെ വളര്‍ച്ചയ്ക്ക് അടിത്തറയൊരുക്കിയത്. പ്രൊഫ. സണ്ണി തോമസാണ് കേരളത്തില്‍ നിന്നുള്ള ആദ്യ ദേശീയ ഷൂട്ടിങ് ചാംപ്യന്‍ (1976). രാജ്യാന്തര മത്സരങ്ങളില്‍ 32 തവണ ഇന്ത്യയുടെ പ്രതിനിധിയായിട്ടുള്ള ഇദ്ദേഹം 1992 മുതല്‍ എല്ലാ ഒളിംപിക്സിലും 1994 മുതല്‍ എല്ലാ ഏഷ്യാഡിലും ഇന്ത്യന്‍ ടീമിന്റെ പരിശീലകനായിരുന്നു. സോള്‍ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്ത എഫ്. തോമസ്, കേണല്‍ വി.ആര്‍. നാഥന്‍, അജി ജെയിംസ്, എം. ഗോവിന്ദ്, പി.എന്‍. മേനോന്‍, സനില്‍സണ്ണി, രവീന്ദ്രനാഥ്, ഫെലിക്സ് തോമസ് തുടങ്ങിയവരും ദേശീയതലത്തില്‍ വിജയം നേടിയവരാണ്. സി.സി. വാസുദേവന്‍, ഡാരിസ് മാര്‍ഷല്‍, പി.ടി. രഘുനാഥന്‍, യു.സിബി, ഡോ. എ. ജയതിലക്, വി. പ്രബുന്ധ്, അന്‍സന്‍ അലോഷ്യസ്, രൂപാ ഉണ്ണിക്കൃഷ്ണന്‍, ബീനാ രാമചന്ദ്രന്‍, ദേവയാനി, യു. സിന്ധു, മേധാരൂപം, എം.വി. ഡിംപിള്‍ തുടങ്ങിയവരാണ് വിവിധ ചാംപ്യന്‍ഷിപ്പുകളില്‍ മികവു പുലര്‍ത്തിയ മറ്റു പ്രമുഖ മലയാളി ഷൂട്ടര്‍മാര്‍.

ദേശീയ ഷൂട്ടിങ് ചാംപ്യന്‍ഷിപ്പിന് ഏതാനും തവണ കേരളം ആതിഥ്യമരുളിയിട്ടുണ്ട്. 1983-ല്‍ പാലക്കാട്ടും 2008 തൊടുപുഴയിലും ദേശീയ ചാംപ്യന്‍ഷിപ്പ് നടന്നു. ഇന്ത്യന്‍ ഷൂട്ടിങ് ടീം കോച്ചായ പ്രൊഫ. സണ്ണി തോമസിനെ ഇന്ത്യാ ഗവണ്‍മെന്റ് 2001-ല്‍ ദ്രോണാചാര്യ പുരസ്കാരം നല്‍കി ആദരിക്കുകയുണ്ടായി.

ചെസ്. 1957-ല്‍ അഖില കേരള ചെസ് അസോസിയേഷന്‍ രൂപീകൃതമായതുമുതല്‍ക്കാണ് സംസ്ഥാനത്ത് സംഘടിതമായ രൂപത്തില്‍ ചെസ് ടൂര്‍ണമെന്റുകള്‍ ആരംഭിക്കുന്നത്. പഴയ കാലഘട്ടത്തില്‍ നിലവിലുണ്ടായിരുന്ന ചതുരംഗമാണ് ചെസ്സിന്റെയും തുടക്കം. 1961-ല്‍ സ്വിസ് സമ്പ്രദായത്തില്‍ പ്രഥമ ടൂര്‍ണമെന്റ് കോഴിക്കോട് അരങ്ങേറി. അതേവര്‍ഷം പ്രഥമ സംസ്ഥാന ചാംപ്യന്‍ഷിപ്പും കോഴിക്കോട്ടു നടന്നു. എന്‍.എ. കൃഷ്ണന്‍നായര്‍, ജോസഫ് നിധിരി, തോമസ് മാത്യു, ടി.എന്‍. ആദിത്യവര്‍മ, കെ.സി. സെബാസ്റ്റ്യന്‍, ആന്റണി ഇമ്മാനുവേല്‍ തുടങ്ങിയവരായിരുന്ന 1950-കളിലെ ചെസ് ജേതാക്കളില്‍ പ്രധാനികള്‍.

ഇംഗ്ലണ്ടില്‍ 1984-ല്‍ നടന്ന അന്താരാഷ്ട്ര ചെസ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചവരുടെ കൂട്ടത്തില്‍ കേരള താരമായ വസന്താ ഉണ്ണിയും ഉണ്ടായിരുന്നു. അടുത്തവര്‍ഷം ദുബായില്‍ വച്ചുനടന്ന വേള്‍ഡ് ഇന്റര്‍സോണല്‍ ചെസ് ടൂര്‍ണമെന്റില്‍ വസന്താഉണ്ണി രണ്ടാം സ്ഥാനം നേടുകയുണ്ടായി.

പ്രൊഫ. എന്‍.ആര്‍. അനില്‍കുമാര്‍, വര്‍ഗീസ് കോശി, എ. ശശിധരന്‍, കെ. രത്നാകരന്‍, ജി.എന്‍. ഗോപാല്‍, അംബികാ കെ. കുട്ടി, ബിന്ദു കെ. സരിത, നീതു എ. ജോര്‍ജ്, സി.എച്ച്. മേഘ്ന തുടങ്ങിയവരാണ് കേരളത്തിലെ പ്രമുഖ ചെസ് താരങ്ങള്‍.

ക്രിക്കറ്റ്. ഒരു വിദേശ കായിക വിനോദം എന്നനിലയില്‍ കേരളത്തില്‍ ആദ്യമെത്തിയത് ക്രിക്കറ്റാണ്. 1850-ല്‍ സ്ഥാപിച്ച തലശ്ശേരി ടൗണ്‍ ക്രിക്കറ്റ് ക്ലബ്ബാണ് കേരളത്തിലെ ക്രിക്കറ്റ് ക്ലബ്ബുകള്‍ക്ക് തുടക്കം കുറിച്ചത്. പിന്നീട് 1890-ല്‍ കണ്ണൂരിലും 1935-ല്‍ കൊച്ചിയിലും തൃപ്പുണിത്തുറയിലും പാലക്കാട്ടും ക്രിക്കറ്റ് ക്ലബ്ബുകള്‍ നിലവില്‍ വന്നു.

കൊച്ചി രാജകുടുംബത്തിലെ ചെറുപ്പക്കാര്‍ ചേര്‍ന്ന് നാല്‍പതുകളില്‍ പ്രിന്‍സ് എന്ന പേരില്‍ ഒരു ടീമായി കളിക്കുവാന്‍ തുടങ്ങി. മലബാറില്‍ അക്കാലത്ത് ടൂര്‍ണമെന്റുകളൊന്നും പ്രധാനമായി ഉണ്ടായിരുന്നില്ല. ഏറണാകുളത്തെ കേരള ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മലബാര്‍ ടീമുകളും പങ്കെടുക്കാന്‍ എത്തിയിരുന്നു. യുണൈറ്റഡ് ക്ലബ്, മഹാരാജാസ് ടീം, കമ്മത്തുമാരുടെ ടീം എന്നിവ അക്കാലത്തെ പ്രമുഖ ടീമുകളായിരുന്നു. 1950-ല്‍ കേണല്‍ ഗോദവര്‍മരാജ തിരു-കൊച്ചി ക്രിക്കറ്റ് അസോസിയേഷനു രൂപം നല്‍കി. തിരു-കൊച്ചി അസോസിയേഷനാണ് പില്ക്കാലത്ത് കേരള ക്രിക്കറ്റ് അസോസിയേഷനായി (കെ.സി.എ.) രൂപാന്തരം പ്രാപിച്ചത്. 1950 മുതല്‍ 1963 വരെ കേണല്‍ ഗോദവര്‍മരാജയായിരുന്നു അസോസിയേഷന്റെ പ്രസിഡണ്ട്. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ സംഘാടകസമിതിയായ ബി.സി.സി.ഐ.യില്‍ അഫിലിയേഷന്‍ നേടിയത്. പിന്നീട് കേണല്‍ ജി.വി. രാജ ബി.സി.സി.ഐ.യുടെ വൈസ് പ്രസിഡണ്ടായും തിരഞ്ഞെടുക്കപ്പെട്ടു. ജി. വി. രാജയ്ക്കുശേഷം 1993-2005 കാലഘട്ടത്തില്‍ ബി.സി.സി.ഐ.യില്‍ സേവനമനുഷ്ഠിച്ച എസ്. കരുണാകരന്‍നായരും (എസ്.കെ. നായര്‍) കേരളത്തില്‍ ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്ക് ശ്രദ്ധേയമായ സംഭാവന നല്‍കുകയുണ്ടായി. തിരു-കൊച്ചി സംയോജനത്തോടെ സോണല്‍ മാച്ചുകള്‍ ആരംഭിച്ചു. 1951-ല്‍ രഞ്ജി ട്രോഫിയില്‍ തിരു-കൊച്ചി ചേര്‍ന്നു. മൈസൂറിനെതിരെ ബംഗളൂരുവില്‍ വച്ചായിരുന്നു കേരളത്തിന്റെ ആദ്യത്തെ മത്സരം. തലശ്ശേരിക്കാരനായ മാമ്പള്ളി രാഘവന്റെ നേതൃത്വത്തിലുള്ള ടീം അന്ന് പരാജയപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ സഹോദരന്‍ അനന്തന്റെ നേതൃത്വത്തിലുള്ള ടീം തിരുവനന്തപുരത്ത് വച്ച് 1953-ല്‍ കേരളത്തിന് ആദ്യവിജയം സമ്മാനിച്ചു.

പിന്നീട് കേരളപ്പിറവിക്കുശേഷം 1960-ല്‍ ബാലന്‍ പണ്ഡിറ്റിന്റെ നേതൃത്വത്തിലുള്ള ടീം ആന്ധ്രയെ ഒരു ഇന്നിങ്സിനും അഞ്ചു റണ്‍സിനും തോല്പിച്ച് ഐക്യകേരളത്തിന് ആദ്യത്തെ വിജയം സമ്മാനിച്ചു. 1965-ല്‍ അഹമ്മദാബാദില്‍ ശ്രീലങ്കയ്ക്ക് എതിരെ കളിച്ച ഇന്ത്യന്‍ ടീമിലെ ഫാസ്റ്റ് ബൌളര്‍ മലയാളിയായ ഡോ. സി.കെ. ഭാസ്കരന്‍ ആയിരുന്നു. രവിയച്ചനാണ് രഞ്ജി ട്രോഫിയില്‍ 1000 റണ്‍സും 100 വിക്കറ്റും നേടിയ ആദ്യ കേരളീയന്‍. എണ്‍പതുകള്‍ എത്തിയതോടെ കൂടുതല്‍ മത്സരങ്ങള്‍ വിജയിക്കുകയും തോല്‍വികള്‍ കുറച്ച് സമനിലയ്ക്കു വഴങ്ങുകയും ചെയ്യുന്ന അവസ്ഥയെത്തി.

പി.എം. രാഘവന്‍, ഡി.കെ. മുഖര്‍ജി, ജോര്‍ജ് എബ്രഹാം, പി. രവിയച്ചന്‍, പി. ബാലന്‍ പണ്ഡിറ്റ്, ബാബു അച്ചാരത്ത്, സി.കെ. ഭാസ്കരന്‍, കെ. മദന്‍മോഹന്‍, എസ്.പി. മുല്ലിക്, അശോക് ശേഖര്‍, ജെ.കെ. മഹേന്ദ്ര, എ. സത്യേന്ദ്രന്‍, ടി. ശിവദാസ്, ഒ.കെ. രാംദാസ്, കെ. ജയറാം, എസ്. രമേശ്, എസ്. രാജേഷ്, കെ. തോമസ് മാത്യു, പി.ടി. സുബ്രഹ്മണ്യം, അനന്തപദ്മനാഭന്‍, ഫിറോസ് വി. റഷീദ്, സുനില്‍ ഒയാസീസ്, ശ്രീകുമാര്‍ നായര്‍, സോണി ചെറുവത്തൂര്‍ തുടങ്ങിയവരാണ് കേരള ടീമിന്റെ നാളിതുവരെയുള്ള (2014) ക്യാപ്റ്റന്മാര്‍.

1955-ല്‍ ന്യൂസിലണ്ടിനെതിരെ ഹൈദ്രബാദില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ പങ്കാളിയായ പി.എന്‍. സ്വാമിയാണ് ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ ആദ്യ മലയാളി ക്രിക്കറ്റര്‍. പിന്നീട് ദശാബ്ദങ്ങള്‍ക്കുശേഷം 1997-ല്‍ വലതുകൈയന്‍ ഫാസ്റ്റ് ബൗളറായി അബി കുരുവിള ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഇടംനേടി. വിന്‍ഡീസിനെതിരെയായിരുന്നു അബി കുരുവിളയുടെ അരങ്ങേറ്റം. 10 ടെസ്റ്റുകളില്‍ നിന്നായി 25-ഉം 25 ഏകദിനങ്ങളില്‍ നിന്നായി 25 വിക്കറ്റും ഇദ്ദേഹം നേടിയിട്ടുണ്ട്. 43-ന് നാല് എന്നതാണ് അബി കുരുവിളയുടെ മികച്ച പ്രകടനം. കേരളത്തില്‍ കളിച്ചുവളര്‍ന്ന് ടെസ്റ്റ് ക്യാപ് അണിഞ്ഞ ആദ്യ മലയാളി താരമാണ് 2001-ല്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റമത്സരം കുറിച്ച ടിനു യോഹന്നാന്‍. മൊഹാലിയില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു ടിനുവിന്റെ ആദ്യമത്സരം. വലതുകൈയന്‍ മീഡിയം ഫാസ്റ്റ് ബൗളറും വലതുകൈയന്‍ ബാറ്റ്സ്മാനുമായ ടിനു മൂന്നു ടെസ്റ്റില്‍ നിന്നായി അഞ്ച് വിക്കറ്റും മൂന്നു ഏകദിനങ്ങളില്‍ നിന്നായി അഞ്ചു വിക്കറ്റും നേടിയിട്ടുണ്ട്.

ശ്രീശാന്ത്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ദീര്‍ഘകാലം സ്ഥാനം നിലനിര്‍ത്തിയ ആദ്യമലയാളി താരമാണ് വലംകൈയന്‍ ഫാസ്റ്റ് ബൗളറായ എസ്. ശ്രീശാന്ത്. 2006-ല്‍ നാഗ്പൂരില്‍ ഇംഗ്ലണ്ടിനെതിരെ അരങ്ങേറ്റം കുറിച്ച് ശ്രീശാന്ത് 2007-ല്‍ ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ ചരിത്രവിജയം നേടിയപ്പോള്‍ മാന്‍ ഒഫ് ദ് മാച്ച് ആയി മികവുപുലര്‍ത്തി. ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ കളിച്ച ആദ്യമലയാളി താരമായ ശ്രീശാന്ത്, 2011-ല്‍ ഇന്ത്യ ലോകകപ്പ് ഏകദിനവും 2007-ല്‍ ആദ്യ ട്വന്റി-ട്വന്റി ലോകകപ്പും നേടിയ മത്സരങ്ങളില്‍ പങ്കാളിയായിരുന്നു. രാജ്യാന്തര ക്രിക്കറ്റില്‍ 27 ടെസ്റ്റുകളില്‍ നിന്നായി 87-ഉം 53 ഏകദിനങ്ങളില്‍ നിന്നായി 75 വിക്കറ്റും ഇദ്ദേഹം നേടിയിട്ടുണ്ട്. ടെസ്റ്റില്‍ 40 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റും ഏകദിനത്തില്‍ 55 റണ്‍സ് വഴങ്ങി ആറ് വിക്കറ്റുമാണ് ശ്രീശാന്തിന്റെ മികച്ച പ്രകടനം.

2011-ല്‍ ആരംഭിച്ച വിപണിയധിഷ്ഠിത മത്സരമായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇതിനകം നിരവധി മലയാളി താരങ്ങള്‍ ഇടംനേടിയിട്ടുണ്ട്. ഇന്ത്യയുടെ ദേശീയ ജൂനിയര്‍ ടീമിലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും ആഭ്യന്തര മത്സരങ്ങളിലും മികവുപുലര്‍ത്തിവരുന്ന യുവക്രിക്കറ്റ് താരമായ സഞ്ജു വി. സാംസനാണ് ഇന്ത്യന്‍ ടീമിലേക്ക് പ്രതീക്ഷയര്‍പ്പിക്കുന്ന മറ്റൊരു മലയാളിതാരം.

കേരള ക്രിക്കറ്റ് അസോസിയേഷനാണ് കേരളത്തിലെ ക്രിക്കറ്റിന്റെ സംഘാടകസമിതി. എല്ലാ ജില്ലകളിലും അസോസിയേഷന് യൂണിറ്റുകളുണ്ട്. അണ്ടര്‍ 14, 16, 19, 22, 25 വിഭാഗങ്ങളിലായി സംസ്ഥാനതലത്തിലും മേഖലാടിസ്ഥാനത്തിലും മത്സരങ്ങള്‍ സംഘടിപ്പിച്ചുവരുന്ന അസോസിയേഷന്‍ ഓരോ വര്‍ഷവും 500 സ്കൂള്‍ കുട്ടികള്‍ക്ക് പ്രത്യേകപരിശീലനവും നല്‍കിവരുന്നുണ്ട്.

ടെന്നീസ്, കബഡി, ഖോഖോ, സൈക്ളിങ്, പര്‍വതാരോഹണം, ബോക്സിങ്, ബില്ലിയാര്‍ഡ്, ബോഡി ബില്‍ഡിങ്, സൈക്കിള്‍ പോളോ, ജിംനാസ്റ്റിക്, ഗുസ്തി, ഹാന്‍ഡ്ബോള്‍, ബാസ്ക്കറ്റ് ബോള്‍, പഞ്ചഗുസ്തി, കനൂയിങ്, കയാക്കിങ്, യോട്ടിങ്, ഗോള്‍ഫ്, ആര്‍ച്ചറി, ഫെന്‍സിങ്, ബ്രിജ്, സ്നൂക്കര്‍ തുടങ്ങിയ കായിക ഇനങ്ങളിലും കേരളത്തില്‍ വേരോട്ടമുണ്ട്.

കോച്ച് കെ.പി.തോമസ് രാഷ്ട്രപതിയില്‍ നിന്നും ദ്രോണാചാര്യ പുരസ്കാരം ഏറ്റുവാങ്ങുന്നു

പര്‍വതാരോഹണത്തില്‍ മികവു തെളിയിച്ച സി. ബാലകൃഷ്ണനാണ് (1965) അര്‍ജുന അവാര്‍ഡ് നേടിയ ആദ്യമലയാളി. ബോഡി ബില്‍ഡിങ്ങില്‍ ചരിത്രം കുറിച്ച ടി.വി. പോളി (1999)യും അര്‍ജുന അവാര്‍ഡ് നേടിയ മറ്റൊരു മലയാളി കായിക താരമാണ്. യോട്ടിങ്ങില്‍ ആര്‍. മഹേഷിനും (2001), റോവിങ്ങില്‍ ജെനില്‍ കൃഷ്ണനും (2004), ബോക്സിങ്ങില്‍ ജോണ്‍സണ്‍ വര്‍ഗീസിനും (2007) അര്‍ജുന ബഹുമതി ലഭിച്ചിട്ടുണ്ട്. സൈക്ളിങ്ങില്‍ എ. ഗിരീഷ്കുമാര്‍, എസ്. ശാരംഗപാണി, അനിതാ ആന്‍ഡ്രൂസ്, വി. രജനി, ഷൈനി ശൈലാസ്, മഹിത, ആര്‍. സന്ധ്യ തുടങ്ങിയവരുടെയും സൈക്കിള്‍ പോളോയില്‍ ടി. കുമാര്‍, പി. ശിവകുമാര്‍, അസ്ഹറുദ്ദീന്‍ ഷാ, എസ്. ഗോപകുമാര്‍, പി. പ്രവീണ്‍കുമാര്‍, ഐ.എം. ഷക്കീര്‍, ആര്‍.സി. പ്രശാന്ത്, എം. സജാദ് എന്നിവരുടെയും ടേബിള്‍ ടെന്നീസില്‍ എ. രാധിക, ആഷാ നായര്‍, അഞ്ജു കെ. തോമസ്, റോഷന്‍ കൃഷ്ണന്‍, വി. ശ്രീനിവാസന്‍, രാമചന്ദ്രന്‍, ബോണാ തോമസ് തുടങ്ങിയവരുടെയും പ്രകടനങ്ങള്‍ എടുത്തുപറയേണ്ടവയാണ്. ബോക്സിങ്ങില്‍ ദാമോദരന്‍ ചന്ദ്രലാല്‍, കേണല്‍ പി.കെ. മുരളീധരന്‍ രാജ, ജോണ്‍സണ്‍ വര്‍ഗീസ്, വി. ഗോപകുമാര്‍, കെ.ജെ. സെബാസ്റ്റ്യന്‍, അജിത് കുട്ടി, എം. റോയി, കെ.സി. ലേഖ, സി.വി. അശ്വതിമോള്‍, അശ്വതിപ്രഭ, എം. സിജിമോള്‍, അല്‍ഫോല്‍ മരിയ തോമസ്, ബിജിമോള്‍ തോമസ്, കനൂയിങ്ങില്‍ സിജുകുമാര്‍, ജെസ്സിമോള്‍, ബീനാ എസ്., എം.പി. മനോജ്, കെ.എസ്. റെജി, കെ. മിനിമോള്‍, കെ.എന്‍. ബിന്ദു, ബീനാ സുബൈര്‍, റോവിങ്ങില്‍ പി.ടി. പൗലോസ്, ജെനില്‍ കൃഷ്ണന്‍, സി.ബി. രതീഷ്, ബിനോയ് ലൂക്കോസ്, പ്രശാന്ത് പി. നായര്‍, മുജീബ് റഹ്മാന്‍, എം.ടി. ബിനു, സജി തോമസ്, ആര്‍. ശോഭിനി, എന്‍. മിനി, ശാലിനി, താരാ കുര്യന്‍ എന്നിവരും വാട്ടര്‍ പോളോയില്‍ പ്രഭാകരന്‍നായര്‍, വി.സി. ജോണ്‍, കേശവന്‍ നായര്‍, ജി.എസ്. നായര്‍, സി.പി. കുഞ്ചു എന്നിവരും ശ്രദ്ധേയമായ പ്രകടനങ്ങള്‍ കാഴ്ചവച്ചിട്ടുള്ളവരാണ്.

ചിത്രം:Pg599scree.png

സ്ക്വാഷ് മത്സരത്തില്‍ അണ്ടര്‍ 15 വിഭാഗത്തില്‍ ലോക ഒന്നാം നമ്പറായ ദീപിക പള്ളിക്കല്‍ മറ്റൊരു ശ്രദ്ധേയതാരമാണ്. 2009-ല്‍ മലേഷ്യയില്‍ നടന്ന കരാട്ടേ ലോകകപ്പില്‍ ഇന്ത്യന്‍ ടീം നായകനായിരുന്ന ഷിബു സുദേവന്‍, ബ്ലാക്ക് ബെല്‍റ്റ് ഓപ്പണില്‍ വെങ്കലം നേടിയതോടെ ലോകനിലവാരത്തിലെ ഒരു കരാട്ടേ ടൂര്‍ണമെന്റില്‍ മെഡല്‍ നേടിയ ആദ്യമലയാളിയായി മാറി. 2003-ല്‍ അയര്‍ലന്‍ഡില്‍ നടന്ന സ്പെഷ്യല്‍ ഒളിംപിക്സില്‍ സൈക്ലിങ്ങില്‍ വെള്ളിമെഡല്‍ നേടിയ കെ.വി. സരിത, 2007 സ്പെഷ്യല്‍ ഒളിംപിക്സില്‍ 200 മീറ്ററില്‍ സ്വര്‍ണം നേടിയ ആഷ്ലി വിജയന്‍, ദേശീയ വികലാംഗ നീന്തലില്‍ ചാമ്പ്യനായിരുന്ന ബിനുരാജ് എന്നിവരുടെ നേട്ടം ഏറെ പ്രശംസനീയമാണ്.

ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം-കൊച്ചി

നിലവില്‍ ഇടുക്കി, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, കോട്ടയം എന്നീ ജില്ലകളിലെ ചില പ്രദേശങ്ങളാണ് കേരളത്തിന് അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ സമ്മാനിച്ചിട്ടുള്ള കായികതാരങ്ങളെ വാര്‍ത്തെടുക്കുന്നതില്‍ മുന്നില്‍. പ്രത്യേകിച്ച് അത്ലറ്റിക്സ് രംഗത്ത്. ഇവിടങ്ങളില്‍ നിന്നും കായികരംഗത്ത് എത്തിയവരില്‍ ഭൂരിഭാഗംപേരും സാധാരണ കുടുംബങ്ങളില്‍ നിന്നുള്ളവരാണെന്ന പ്രത്യേകതയുമുണ്ട്.

കായികതാരങ്ങളെ വാര്‍ത്തെടുക്കുന്നതില്‍ കേരള സര്‍വകലാശാല, എം.ജി. സര്‍വകലാശാല, കാലിക്കറ്റ് സര്‍വകലാശാലകള്‍ക്കൊപ്പം ഏതാനും കോളജുകളും സ്കൂളുകളും സുപ്രധാന പങ്കുവഹിച്ചുപോരുന്നുണ്ട്. പാലക്കാട് മേഴ്സി കോളജ്, പാലാ സെന്റ് തോമസ്, ചേര്‍ത്തല എസ്.എന്‍., തിരുവനന്തപുരം മാര്‍ ഇവാനിയോസ്, കരമന എന്‍.എസ്.എസ്., ചെമ്പഴന്തി എസ്.എന്‍., കൊല്ലം സെന്റ് സ്റ്റീഫന്‍, തിരുവല്ല മാര്‍ത്തോമ, ചങ്ങനാശ്ശേരി അസംപ്ഷന്‍, ചങ്ങനാശ്ശേരി എസ്.ബി., അരുവിത്തറ സെന്റ് ജോര്‍ജ്, ആലുവാ സെന്റ് സേവ്യേഴ്സ്, തൃശൂര്‍ വിമലാ, ഗുരുവായൂര്‍ ശ്രീകൃഷ്ണ, തൃശൂര്‍ കേരള വര്‍മ, ഇരിങ്ങാലക്കുട ക്രൈസ്റ്റ്, മാമ്പാട് എം.ഇ.എസ്., പയ്യന്നൂര്‍ കോളജ്, മട്ടന്നൂര്‍ പി.ആര്‍.എന്‍.എസ്.എസ്., കോഴിക്കോട് പ്രൊവിഡന്‍സ്, കണ്ണൂര്‍ എസ്.എന്‍., കൊണ്ടോട്ടി ഇ.എം.ഇ.എ. തുടങ്ങിയവ സംസ്ഥാനത്ത് കായിക മേഖലയ്ക്കു കൂടുതല്‍ ഊന്നല്‍ നല്‍കിവരുന്ന കോളജുകളാണ്.

കോതമംഗലം സെന്റ് ജോര്‍ജ് സ്കൂള്‍, കോരുത്തോട് സി.കെ.എം.എച്ച്.എസ്.എസ്., കോതമംഗലം മാര്‍ബേസില്‍, പാലക്കാട് പറളി ഹൈസ്കൂള്‍, ഉഷ സ്കൂള്‍ ഒഫ് അത് ലറ്റിക്സ്, മേഴ്സിക്കുട്ടന്‍ അത് ലറ്റിക് അക്കാദമി എന്നീ സ്കൂളുകള്‍ കായിക പ്രതിഭകളെ സംഭാവന നല്‍കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നവയാണ്. ഇറ്റാവയില്‍ നടന്ന 59-ാമത് ദേശീയ സ്കൂള്‍ ഗെയിംസില്‍ 55 സ്വര്‍ണമുള്‍പ്പെടെ 135 മെഡലുമായി കേരളം അഞ്ചാം സ്ഥാനം കരസ്ഥമാക്കിയത് കായികമേഖല കൈവരിച്ചുവരുന്ന വളര്‍ച്ചയുടെ നിദര്‍ശനമായി വിലയിരുത്തപ്പെട്ടിട്ടുണ്ട്.

അന്തര്‍സര്‍വകലാശാല സ്പോര്‍ട്സ് മീറ്റുകള്‍ക്കൊപ്പം പുത്തന്‍ കായികതാരങ്ങളെ വാര്‍ത്തെടുക്കുന്നതില്‍ സംസ്ഥാന സ്കൂള്‍ കായികമേളയ്ക്കും ഗണ്യമായ പങ്കുണ്ട്. 2002-ലാണ് സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് ഒരു ഏകീകൃത രൂപം കൈവരുന്നത്. 34 വിദ്യാഭ്യാസ ജില്ലകള്‍ക്കുപകരം 14 റവന്യുജില്ലകള്‍ മത്സരിക്കുന്ന രീതി നിലവില്‍ വന്നു. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, ഹൈസ്കൂള്‍ വിഭാഗങ്ങളിലായി ജില്ലാ, സംസ്ഥാനതലങ്ങളില്‍ വെവ്വേറെ നടത്തിയിരുന്ന കായികമേളകള്‍ ഏകീകരിച്ചു. 2013-ല്‍ നടന്ന 57-ാമത് സംസ്ഥാന സ്കൂള്‍ കായികമേളയില്‍ എറണാകുളം ജില്ല ഓവറോള്‍ ചാംമ്പ്യന്‍ഷിപ്പ് നേടി.

1958-ല്‍ ഒഡിഷയില്‍ നടന്ന ദേശീയ ഗെയിംസിലാണ് കേരളം ആദ്യമായി പങ്കെടുക്കുന്നത്. പിന്നീട് ഇന്നത്തെ നിലവാരത്തിലുള്ള ദേശീയ ഗെയിംസ് 1985-ല്‍ ന്യൂഡെല്‍ഹിയില്‍ നടന്നപ്പോള്‍ 12 സ്വര്‍ണമുള്‍പ്പെടെ 34 മെഡലുകള്‍ നേടി കേരളം എട്ടാം സ്ഥാനത്തെത്തി. 1987-ല്‍ ദേശീയ ഗെയിംസിന് ആതിഥേയത്വം വഹിച്ച കേരളം 29 സ്വര്‍ണം, 21 വെള്ളി, 19 വെങ്കലം എന്നീ നേട്ടങ്ങളോടെ ഓവറോള്‍ ചാമ്പ്യന്‍മാരായി.

അമ്മു ദേശീയ ഗെയിംസ് ഭാഗ്യമുദ്ര

റാഞ്ചിയില്‍ നടന്ന (2011) 34-ാം ദേശീയ ഗെയിംസില്‍ 30 സ്വര്‍ണമുള്‍പ്പെടെ 87 മെഡലുകള്‍ നേടിയ കേരളം ഏഴാം സ്ഥാനത്തായിരുന്നു. 35-ാം ദേശീയ ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന കേരളത്തില്‍ അതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ് (2014).

കളരിപ്പയറ്റ് കേരള സ്പോര്‍ട്സ് കൗണ്‍സില്‍ അംഗീകരിച്ചിട്ടുള്ള ഏക തദ്ദേശീയ കായികവിനോദമാണ്. കേരളത്തിന്റെ തനതായ ഈ ആയോധനമുറയില്‍ അഭ്യാസം നല്കുകയും മത്സരങ്ങള്‍ സംഘടിപ്പിക്കുകയയും ചെയ്യുന്നത് കേരള കളരിപ്പയറ്റ് അസോസിയേഷനാണ്.

കേരള സ്പോര്‍ട്സ് കൗണ്‍സിലും സ്പോര്‍ട്സ് ഡയറക്ടറേറ്റും ചേര്‍ന്നാണ് കേരളത്തിലെ കായികമേഖലയുടെ വളര്‍ച്ചയ്ക്ക് അനിവാര്യമായ സൌകര്യങ്ങള്‍ ഒരുക്കുന്നത്. കേരളത്തിലെ മികച്ച കായികതാരങ്ങള്‍ക്ക് ഓരോ വര്‍ഷവും ജി.വി. രാജാ സ്പോര്‍ട്സ് അവാര്‍ഡ് നല്‍കിവരുന്നു. സ്പോര്‍ട്സ് കൗണ്‍സിലിനു കീഴില്‍ 13 കേന്ദ്രീകൃത ഹോസ്റ്റലും 30 കോളജുകളും 15 സ്കൂളുകളും സ്പോര്‍ട്സ് ഹോസ്റ്റലുകളും പ്രവര്‍ത്തിക്കുന്നുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%82-4" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍