This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ജോഷി, എസ്.എം. (1904 - 89)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ജോഷി, എസ്.എം. (1904 - 89)== ഇന്ത്യയിലെ രാഷ്ട്രീയ നേതാവും സോഷ്യലിസ്റ്...)
അടുത്ത വ്യത്യാസം →
14:19, 21 ഫെബ്രുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം
ജോഷി, എസ്.എം. (1904 - 89)
ഇന്ത്യയിലെ രാഷ്ട്രീയ നേതാവും സോഷ്യലിസ്റ്റും. പൂണെ ജില്ലയിലെ ജൂനാറില്‍ മഹാദേവ ജനാര്‍ദനന്‍ ജോഷിയുടെ മകനായി 1904 ന. 12-നു ശ്രീധര്‍ മഹാദേവ് ജോഷി ജനിച്ചു. പൂണെയിലെ ന്യൂ ഇംഗ്ലീഷ് സ്കൂള്‍, ഫെര്‍ഗുസണ്‍ കോളജ്, ലോ കോളജ്, ബോംബെ സര്‍വകലാശാല എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ബി.എ., എല്‍.എല്‍.ബി. ബിരുദങ്ങള്‍ എടുത്തിട്ടുണ്ട്. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ ജോഷി രാഷ്ട്രീയപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരുന്നു. സ്വാതന്ത്യ്രസമരത്തില്‍ സജീവമായി പ്രവര്‍ത്തിച്ചു തുടങ്ങിയതോടെ ജോഷി 1930-ലും 1932-ലും അറസ്റ്റു ചെയ്യപ്പെട്ടു. 1932 വരെ ഇദ്ദേഹം ബോംബെ പ്രസിഡന്‍സി യൂത്ത് ലീഗുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്നു. ഒരു സോഷ്യലിസ്റ്റു ചിന്താഗതിക്കാരനായിരുന്ന ജോഷി കോണ്‍ഗ്രസ് സോഷ്യലിസ്റ്റു പാര്‍ട്ടി രൂപവത്കരിക്കുന്നതിനു നേതൃത്വം നല്കിയിട്ടുണ്ട്. 1934-ലും 1940-ലും ഇദ്ദേഹത്തെ വീണ്ടും അറസ്റ്റു ചെയ്തു. ക്വിറ്റ്-ഇന്ത്യാസമരകാലത്ത് ജോഷി ഒളിവില്‍ പ്രവര്‍ത്തിക്കുകയാണുണ്ടായത്. 1943-ല്‍ അറസ്റ്റു ചെയ്യപ്പെട്ട ഇദ്ദേഹം 1946 ഏപ്രില്‍ വരെ ജയില്‍ വാസം അനുഭവിച്ചു. 1948 വരെ ഇദ്ദേഹം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സുമായും കോണ്‍ഗ്രസ് സോഷ്യലിസ്റ്റു പാര്‍ട്ടിയുമായും ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്നു. 1952-ല്‍ ജോഷിയെ വീണ്ടും അറസ്റ്റു ചെയ്തു. 1952 മുതല്‍ 1962-വരെ ഇദ്ദേഹം ബോംബെ നിയമനിര്‍മാണസഭയില്‍ അംഗമായിരുന്നു. മഹാരാഷ്ട്ര സംസ്ഥാനം രൂപവത്കരിക്കുന്നതിനുവേണ്ടി സംഘടിപ്പിക്കപ്പെട്ട സംയുക്ത മഹാരാഷ്ട്രസമിതിയുടെ ജനറല്‍ സെക്രട്ടറിയായി 1956 മുതല്‍ 60 വരെ ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. 1963-64-ല്‍ പ്രജാ സോഷ്യലിസ്റ്റു പാര്‍ട്ടിയുടെ അധ്യക്ഷനായിരുന്ന ജോഷി പ്രജാ സോഷ്യലിസ്റ്റു പാര്‍ട്ടിയും സോഷ്യലിസ്റ്റു പാര്‍ട്ടിയും ലയിച്ചുണ്ടായ സംയുക്ത സോഷ്യലിസ്റ്റു പാര്‍ട്ടിയുടെയും അധ്യക്ഷനായി (1964). ഇദ്ദേഹം 1967-ല്‍ സംയുക്ത സോഷ്യലിസ്റ്റു പാര്‍ട്ടി സ്ഥാനാര്‍ഥിയായി പൂണെയില്‍ നിന്നും ലോക്സഭാംഗമായി. ജനതാപാര്‍ട്ടി രൂപവത്കരിക്കുന്നതില്‍ ഇദ്ദേഹം ജയപ്രകാശ്നാരായണനോടൊപ്പം നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട്. തൊഴിലാളി സംഘടനാ രംഗത്തും ജോഷി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇദ്ദേഹം ആള്‍ ഇന്ത്യാ ഡിഫന്‍സ് എംപ്ലോയിസ് ഫെഡറേഷന്റെ ജനറല്‍ സെക്രട്ടറിയും വൈസ് പ്രസിഡന്റും സ്റ്റേറ്റ് ബാങ്ക് എംപ്ലോയിസ് അസോസിയേഷന്റെ ബോംബെ സര്‍ക്കിളിന്റെ പ്രസിഡന്റും ആള്‍ ഇന്ത്യാ ഫെഡറേഷന്‍ ഒഫ് സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ പ്രസിഡന്റും ആയിരുന്നിട്ടുണ്ട്. മുംബെയില്‍ നിന്നുള്ള ലോകമിത്ര എന്ന മറാഠി ദിനപത്രത്തിന്റെ പത്രാധിപത്യവും ഇദ്ദേഹം വഹിച്ചിരുന്നു. സാമൂഹിക അനീതിക്കെതിരെയുള്ള ചില സമരങ്ങള്‍ക്ക് ഇദ്ദേഹം നേതൃത്വം നല്കിയിട്ടുണ്ട്. 1989 ഏ. 1-ന് അന്തരിച്ചു.